Sunday, 15 December 2013

നോവൽ. മരുഭൂമി.(6)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ...

തുടർന്നു വായിക്കുക....

തുറന്ന ഇരുട്ടറ...

പോലീസ് മുഹമ്മദിന്റെ അരയിൽ കൈ കൊടുത്തുള്ള നിൽ‌പ്പും ക്രൂദ്ധമായ മുഖവും കണ്ട ഞങ്ങൾ അവിടെത്തന്നെ കണ്ണും തള്ളി നിന്നുപോയി...!
ഇവനെങ്ങനെ അറിഞ്ഞു...?
ഒരു ഭയം ഞങ്ങളെ വലയം ചെയ്തു...!
ഞങ്ങൾ രണ്ടു പേരും തിരിഞ്ഞ് ഉസ്മാന്റെ മുഖത്തു നോക്കി. ഉസ്മാനും അതു കണ്ട് ഒന്നു വിരണ്ടതുപോലെ..!
ഉസ്മാൻ പറഞ്ഞു.
“നിങ്ങൾ ഇവിടെത്തന്നെ നിൽക്ക്... ഞാനിപ്പോ വരാം...”
അതും പറഞ്ഞ് ഉസ്മാൻ വാതിലിൽ മുട്ടിയിട്ട്  അകത്തേക്ക് പോയി. നിമിഷനേരം കഴിഞ്ഞതും ഉസ്മാന്റെ കൂടെ ഈജിപ്ഷ്യൻ നഴ്സും പുറത്തു വന്നു. ഈജിപ്ഷ്യൻ നഴ്സ് പർദ്ദയണിഞ്ഞ് മുഖം മാത്രം മറക്കാതെ ഞങ്ങളുടെ മുൻപിൽ നടന്നു. അകത്ത് വച്ച് ഞങ്ങളുടെ മുന്നിൽ വന്നപ്പോൾ പർദ്ദയില്ലായിരുന്നു.

ഈജിപ്ഷ്യൻ നഴ്സിനെ കണ്ടതും അരയിൽ കുത്തിയിരുന്ന പൊലീസ് മുഹമ്മദിന്റെ കൈകൾ താഴേക്ക് ഊർന്നു വീണു...!
ശ്വാസം പിടിച്ച് മസ്സിലും വീർപ്പിച്ചു നിന്ന പോലീസ് മുഹമ്മദിന്റെ വായു ഏതിലേ പോയെന്നറിയില്ല. ക്രൂദ്ധമായ മുഖത്ത് എത്ര പെട്ടെന്നാണ് പുഞ്ചിരി വിടർന്നത്...!
അടുത്തെത്തിയ നഴ്സ് മുഹമ്മദിനോട് അറബിയിൽ എന്തൊക്കെയോ പറഞ്ഞു. അതോടെ മുഹമ്മദിന്റെ മുഖഭാവം തന്നെ മാറി. ഏതാണ്ടൊരു പ്രേമ കാമുകന്റെ പ്രസാദാത്മക മുഖം. അതു കഴിഞ്ഞ് മുഹമ്മദ് ഞങ്ങളോട് പറഞ്ഞു.
“ഇവരുടെ ലൈറ്റൊക്കെ എപ്പൊ വിളിച്ചാലും പോയി ശരിയാക്കിക്കൊടുക്കണോട്ടോ...”
ഞങ്ങൾ തല കുലുക്കി സമ്മതിച്ചു.  വളരെ സന്തോഷമായി മുഹമ്മദ് വണ്ടിയെടുത്ത് യാത്രയായി. അതു കണ്ട നഴ്സും ഞങ്ങളും ചിരിച്ചു.

നഴ്സ് തിരിച്ചു നടന്നപ്പോൾ ഉസ്മാൻ പറഞ്ഞു.
“അവക്കടെ മുൻപിൽ ഇവനൊരു പാവക്കുട്ടിയാ... ഇപ്പോ കണ്ടില്ലെ...!”
അതു ശരിയായിരുന്നു. ആ കാഴ്ച കൺനിറയെ കണ്ടതല്ലേയുള്ളു.
“അതെന്താ... അവരു തമ്മിൽ വല്ല ലപ്പോ മറ്റോ...?”
അബ്ദുൾ ഖാദറിന്റെ ചോദ്യം കേട്ട് ഞങ്ങൾ ചിരിച്ചു.
“എവിടെ.... അവള് അടുപ്പിക്കത്തില്ല... അവനീ മണത്തു നടക്കലു മാത്രേയുള്ളു....!”
“അവളുടെ കല്യാണം കഴിഞ്ഞതാ....?”
എന്റെ ചോദ്യത്തിന് എല്ലാവരും കൂടി എന്റെ നേരെ സൂക്ഷിച്ചു നോക്കി.
“ങൂം.... എന്തിനാ...?”
അബ്ദുൾ ഖാദറിന്റെ ആ മറുചോദ്യത്തിന് ഒരു കൂട്ടച്ചിരിയായിരുന്നു മറുപടി.
“അവള് ഈ കഴിഞ്ഞ വെക്കേഷന് പോയപ്പോൾ കഴിച്ചതേയുള്ളു.. രണ്ടു മാസമായതേയുള്ളു തിരിച്ചു വന്നിട്ട്...”
“അവരുടെ മുഖം കണ്ടിട്ട് നല്ല പ്രായം തോന്നുന്നുണ്ടല്ലൊ...?”
“ഹേയ്.. അത്ര പ്രായോന്നുമില്ല. അതവരുടെ പൊക്കവും തടിയും കണ്ടിട്ട് തോന്നുന്നതാ...”
“നല്ല വെളുത്ത് ചുകന്നിരിക്കുന്നു...!”
“ഈജിപ്ഷ്യൻ പെണ്ണുങ്ങളൊക്കെ അങ്ങനാ...!”
“ക്ലിയോപാട്രമാരുടെ നാടല്ലെ..!

ഞങ്ങൾ മുറിയിൽ വന്നിരുന്ന്  പോലീസ് മുഹമ്മദിന്റെ വീര കഥകൾ ഉസ്മാനിൽ നിന്നും കേട്ട് ചിരിച്ചെങ്കിലും, അവൻ വലിയ കുഴപ്പക്കാരനാണെന്നുള്ള തിരിച്ചറിവുണ്ടായിരുന്നു. അതുകൊണ്ട് ഒരു തരം പേടിയുള്ള ബഹുമാനം ഞങ്ങൾ ഉള്ളിൽ സൂക്ഷിച്ചു പോന്നു.

ദിവസങ്ങൾ കഴിയവേ ഡീസൽ തീരാൻ പോകുന്ന വിവരം ഓഫീസിൽ വിളിച്ചു പറഞ്ഞു. പിറ്റേ ദിവസം ഡീസലുമായി വന്ന ടുണീഷ്യക്കാരൻ ‘ഫർഗീലി’ക്ക് ചോറുണ്ടാക്കി കൊടുത്തു. അതിനായി അവൻ കോഴിയും കുപ്പൂസും മറ്റും കൊണ്ടുവന്നിരുന്നു. ഞങ്ങൾ പാകപ്പെടുത്തി കൊടുത്താൽ മതിയായിരുന്നു. അതോടെ അവനുമായി ഞങ്ങൾ നല്ല ചങ്ങാത്തം സ്ഥാപിച്ചു.

ഒരുമാസം കഴിഞ്ഞിട്ടും നാട്ടിൽ നിന്നും ഒരു കത്തും ആർക്കും വന്നില്ല. എല്ലാ ആഴ്ചയിലും ഞങ്ങൾ ഓരോരുത്തർക്കും കത്തുകളയക്കുമായിരുന്നു. ഒരു കത്തിനും മറുപടി വരികയുണ്ടായില്ല. നാട്ടിലെ വിശേഷങ്ങൾ അറിയാൻ ഒരു നിവർത്തിയുമില്ലായിരുന്നു. പേപ്പറോ ടീവിയോ ഒന്നും ലഭ്യമല്ല. ഉസ്മാനോട് മക്കയിൽ നിന്നും പഴയതോ പുതിയതോ ആയ പേപ്പറുകൾ സംഘടിപ്പിക്കണമെന്ന് പറഞ്ഞയച്ചിരുന്നെങ്കിലും കിട്ടുകയുണ്ടായില്ല. പത്രമൊക്കെ ആഴ്ചയിലൊരിക്കൽ മാത്രമേ വരികയുള്ളുവത്രെ.  പകരം രണ്ടു പഴയ ‘നാന സിനിമാ മാസിക’ കൊണ്ടുത്തന്നു. അതിനകത്താണെങ്കിലൊ ഒരു ചിത്രവും നേരെ ചൊവ്വെ കാണാനോ വായിക്കാനൊ കഴിയുമായിരുന്നില്ല.

ചിത്രങ്ങളുടെ മുകളിലൊക്കെ കരിവാരി തേച്ചിരിക്കുന്നു. അതുകാരണം മറുപുറത്തെ അക്ഷരങ്ങളും കറുത്ത മഷിയിൽ മുങ്ങിപ്പോയിരുന്നു. സൌദിയിലെ സെൻസറിങ്ങ് കഴിഞ്ഞിട്ടാണത്രെ ഇതൊക്കെ പുറത്തു വിടുന്നത്. ഈ രീതിയിലാണത്രെ സെൻസറിങ്...!
പലപ്പോഴും കരിവാരിത്തേച്ചാലും വായനക്കാർ തുടച്ചു കളഞ്ഞ് കണ്ടാലൊയെന്നു സംശയിച്ചിട്ടാവും ആ പേജുകൾ അപ്പാടെ കീറിയെടുത്ത് നശിപ്പിച്ചതിനു ശേഷമാവും ബാക്കിയുള്ളത് പുറത്തു വിടുകയത്രെ..!
ഒരെണ്ണത്തിൽ ചെമ്മീനിലെ ഷീലയുടെ ഒരു മുഴുവൻ പേജ് ചിത്രമുണ്ടായിരുന്നു.
‘കറുത്തമ്മ’ യുടെ മൂക്കിൻ‌ത്തുമ്പു മുതൽ ലുങ്കിയുടെ കുത്തിനു താഴെവരെ കരിമഷിയിൽ കുളിപ്പിച്ചിരുന്നു. പിന്നെ അതിനകത്ത് എന്തു കാണാനാ...?
ഒരെണ്ണത്തിൽ ഒരു ക്രിസ്ത്യൻ പള്ളിയുടെ മുൻഭാഗത്തിന്റെ പടമായിരുന്നു. ഉയർന്നു നിൽക്കുന്ന ഒരു കുരിശും, പിന്നെ യേശുവിന്റേയും കന്യാമറിയത്തിന്റേയും മറ്റും പ്രതിമകളും. ഒന്നും കാണിച്ചില്ല. അതപ്പാടെ കരിമഷിയിൽ കുളിപ്പിച്ചിരുന്നു. ഞങ്ങൾ വെള്ളത്തിലിട്ട് കഴുകി ഉണക്കിയൊക്കെ നോക്കി. അപ്പോഴാണ് നേരിയ കാഴ്ച കിട്ടിയത്.

ഇതൊക്കെ കണ്ടാൽ ഇവിടുള്ളവർക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ല. അവരുടെ നാട്ടിലെ സാംസ്ക്കരിക നിലപാടിനോട് പ്രതിഷേധിക്കാൻ നമ്മൾക്ക് അവകാശമില്ല.
‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണമെ’ന്ന നിലപാടാണല്ലൊ നാം മലയാളികൾ സ്വീകരിച്ചു പോരുന്നത്. അതുകൊണ്ടാണല്ലൊ ലോകം മുഴുവൻ നമ്മൾ വ്യാപിക്കാനും, വിവിധ സാംസ്കാരിക നിലപാടുകളനുസരിച്ച്  ജീവിക്കുന്നവർക്കൊക്കെ സ്വീകാര്യരാവാനും കാരണമായത്.

മാസം രണ്ടു കഴിഞ്ഞിട്ടും ശമ്പളം വന്നില്ല. ഡീസലിനു വേണ്ടി വിളിച്ചപ്പോൾ ശമ്പളത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ഉടനെ എത്തുമെന്നും പറഞ്ഞിരുന്നു. ഡീസലുമായി ട്യുണീഷ്യക്കാരൻ  ‘ഫർഗീലി’ വന്നപ്പോഴാണ് കൂടുതൽ വിവരങ്ങളറിഞ്ഞത്. അയാൾക്ക് ശമ്പളം കിട്ടിയിട്ട് നാലുമാസമായത്രെ. ഇന്നും കാലത്ത് മാനേജർ അഷ്‌റഫുമായി ശമ്പളത്തിനായി വഴക്കുണ്ടാക്കിയിട്ടാണ് പോന്നതത്രെ.

ഞങ്ങളുടെ കയ്യിൽ അഡ്വാൻസ് തന്ന പണം മുഴുവനും തീർന്നിരിക്കുന്നു. ഇനിയെന്ത് എന്ന് ഞങ്ങൾ ഞങ്ങളോട് തന്നെ പലവട്ടം ചോദിച്ചു. അപ്പോഴാണ് ഫിലിപ്പൈനിയുടെ വരവ്. രണ്ടു വീപ്പ ഓയിലുമായി വന്നതാണ്. ഓയിൽ ഇല്ലാതിരുന്നതു കൊണ്ട് ജനറേറ്ററിന്റെ ഓയിൽ എങ്ങനെയാണ് മാറ്റി ഒഴിക്കേണ്ടതെന്ന് കാണിച്ചു തന്നിരുന്നില്ല.

അന്ന് പണി കഴിഞ്ഞ് പോയപ്പോൾ സുരേന്ദ്രനും കൂടെ പോയി. സ്ഥലം മാറ്റം വേണമെന്ന സുരേന്ദ്രന്റെ ആവശ്യത്തിന് ഫിലിപ്പൈനി എതിരു നിന്നില്ല. ഒരു സൈറ്റിൽ ഒരാൾ മാത്രമേ ഉള്ളുവെന്നും, ഒരാൾ കൂടി വേണ്ടതുണ്ടെന്നും കേട്ടതു കൊണ്ടാണ് പോയത്. മാത്രമല്ല അത് ഏതോ ഒരു ചെറിയ പട്ടണത്തോട് ചേർന്നാണ് ആശുപത്രി. അവിടെ സർക്കാരിന്റെ വക കറണ്ട് ഉണ്ട്. അതു പോകുമ്പോൾ മാത്രം ഓടിക്കാനാണ് ജോലിക്കാരെ വക്കുന്നത്. ചുരുക്കത്തിൽ അവിടെ പണിയൊന്നും ഇല്ല. ചുമ്മാ ഉണ്ടും ഉറങ്ങിയും കഴിയാം. പട്ടണമായതു കൊണ്ട് ഫോൺ ചെയ്യാനും കത്തയക്കാനും മറ്റും സൌകര്യങ്ങളും കാണും. നല്ല വിഷമമുണ്ടായെങ്കിലും അയാളെങ്കിലും രക്ഷപ്പെടട്ടേയെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. കാരണം, മിക്കവാറും രാത്രികളിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതും ചിലപ്പോഴൊക്കെ പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഒറ്റക്കാക്കി പോന്നതിന് സ്വയം ശപിക്കുകയും സഹിക്കാൻ കഴിയാതെ കരയുകയും മറ്റും ചെയ്യുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. ഒരു ആശ്വാസവാക്ക് പറയാൻ പോലും ഞങ്ങൾ അശക്തരായിരുന്നു.

പകരം ഒരാളെ ഉടനെ കൊണ്ടുത്തരാമെന്നും പറഞ്ഞാണ് ഫിലിപ്പൈനി പോയത്. പിന്നെ ഞങ്ങൾ രണ്ടാളും മാത്രമായി. ഈ ആശുപത്രിക്ക് പുറത്തുള്ള ലോകത്ത് എന്തു നടക്കുന്നുവെന്നറിയാൻ ഒരു നിവർത്തിയുമില്ലായിരുന്നു.

ദിവസവും നാട്ടിലെ വാസുനായരുടെ ചായക്കടയിൽ വന്നിരുന്ന് മാതൃഭൂമി പത്രം അരിച്ചു പെറുക്കും. (അന്നൊക്കെ ചായക്കടയും ബാർബർ ഷാപ്പും മറ്റും ഗാമീണ വായനശാലകൾ കൂടി ആയിരുന്നു. പത്രം കാശു കൊടുത്ത് വാങ്ങാൻ കഴിവുള്ളവരായിരുന്നില്ല സാധാരണ ഗ്രാമീണർ.) അതുകഴിയുമ്പോഴേക്കും മനോരമ എത്തും. അപ്പോഴേക്കും ഒരു ചായ കുടിക്കാനുള്ള മൂടാവും. കേരള കൌമുദിയും അവസാനം ദേശാഭിമാനിയും കൂടി കഴിഞ്ഞിട്ടാവും അവിടന്നെഴുന്നേൽക്കുക.
ഇവിടെ ഈ ഓണംകേറാമൂലയിൽ വന്നിട്ട് ഒന്നിനും കഴിയാതെ...
ലോകവാർത്തകളറിയാതെ...
നാട്ടു വിശേഷങ്ങളറിയാതെ....
പുറത്തോട്ടൊന്നിറങ്ങാൻ പോലും കഴിയാതെ....
എത്ര സമയം മുറിക്കകത്ത് ഇങ്ങനെ ഇരുന്നും കിടന്നും കഴിയാൻ ഒരു ശരാശരി മലയാളിക്ക് കഴിയും......!
ഞങ്ങൾക്ക് പുറത്തുള്ള ലോകം ഇപ്പോഴുമവിടെത്തന്നെ ഉണ്ടോന്നു പോലും അറിയാതെ... ചെറുപ്പത്തിൽ കേട്ടുമറന്ന ഭീകര രൂപികളായ കഥാപാത്രങ്ങളെ തേടി വന്ന ഇവിടത്തെ കുട്ടികളുടെ ആകാംക്ഷ എത്ര വലുതായിരുന്നെന്ന് ആലോചിക്കുകയായിരുന്നു.
അപ്പോൾ ലോകം എന്തെന്ന് കുറച്ചെങ്കിലും മനസ്സിലാക്കിയ ഞങ്ങൾ ശരിക്കും ഇവിടെ ഒരു ഇരുട്ടറയിൽ അടക്കപ്പെട്ടതുപോലെ ആയി...!
അതെ, ഒരു തുറന്ന ഇരുട്ടറ..!!
പുറത്തെന്തു നടക്കുന്നുവെന്ന് അറിയാൻ കഴിയാത്ത ഞങ്ങളുടെ മാനസ്സികാവസ്ഥ എങ്ങനെ പറഞ്ഞു മനസ്സിലാക്കും....?!
അതിനേക്കാൾ ഞങ്ങളെ വലച്ചത് മറ്റൊന്നായിരുന്നു.
ഭക്ഷണം..!

കയ്യിലെ കാശെല്ലാം തീർന്നിരിക്കുന്നു. ശമ്പളം വരുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല. ചോദിക്കാൻ ഒരു അയല്പക്കം പോലുമില്ല. രാത്രിയിൽ പൊറോട്ട ഉണ്ടാക്കുന്ന മൈദപ്പൊടി  ഉസ്മാൻ വാങ്ങി വച്ചതായിരുന്നു. ഇനി അടുത്ത ചാക്ക് മൈദപ്പൊടി ഞങ്ങൾ വാങ്ങണം.
ഒന്നിനും കാശില്ലാതെ, ആലോചിക്കുന്തോറും ഒരു തളർച്ച ഞങ്ങളെ ബാധിക്കുന്നു.

ഞങ്ങളുടെ പ്രശ്നങ്ങൾ അറിയാവുന്ന ഉസ്മാനും മൊയ്തുവും കൂടി അതിനൊരു താൽക്കാലിക  പരിഹാരം നിർദ്ദേശിച്ചു. ഭക്ഷണത്തുനുള്ള വക കണ്ടെത്താനായി മാത്രമുള്ള ആ നിർദ്ദേശം, കുറഞ്ഞ ശമ്പളക്കാരായ അവരുടെ വരുമാനത്തിൽ നിന്നും കുറച്ചു നഷ്ടം വരുത്തിക്കൊണ്ടുള്ളതായിരുന്നു...!
അതിന് നിറകണ്ണുകളോടെ ഞങ്ങൾ നന്ദി പറഞ്ഞു.

ബാക്കി അടുത്ത ജനുവരി-1ന് പുതുപ്പുലരിയിൽ....

Sunday, 1 December 2013

നോവൽ. മരുഭൂമി.-5


കഥ ഇതുവരെ...
ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർ മാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടെ സൈറ്റിൽ എത്തിച്ചേർന്നു. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലും എല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു രാത്രി സമ്മാനിച്ചു. നേരം വെളുത്തതും ഇടിയിലും കല്ലേറിലും ഒരു സുപ്രഭാതം. കാഫറുകളെ കാണാനെത്തിയ കുട്ടികളായിരുന്നു കല്ലെറിഞ്ഞത്. അവർ മനസ്സിൽ കണ്ട രൂപങ്ങളായിരുന്നില്ല ഞങ്ങളുടേത്. ആശുപത്രി മാനേജർ ഉമ്മറും അസ്സർബായിയും ചേർന്ന് ഞങ്ങളെ സമാധാനിപ്പിച്ചു.

തുടർന്നു വായിക്കുക....

ഒരു ഫോൺകാൾ.....

മുറിയിൽ കയറി വെറുതെ കിടക്കുകയായിരുന്ന കൂട്ടുകാരോട് പോലീസ് വണ്ടി വരുന്ന  വിവരം പറഞ്ഞു.
അവരും ഞെട്ടിയെഴുന്നേറ്റു. അബ്ദുൾഖാദർ പറഞ്ഞു.
“പണ്ടാറടങ്ങാനായിട്ട്... കാലത്തൊരെണ്ണം കഴിഞ്ഞതേയുള്ളു...!”
പറഞ്ഞു തീരുന്നതിനു മുൻപേ വാതിലിൽ  മുട്ടു കേട്ടു..
എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞങ്ങൾ നിന്നു..
പോലീസ്സായതോണ്ടും അധികനേരം മുട്ടിക്കുന്നത് ശരിയല്ലെന്നറിയാവുന്നതു  കൊണ്ടും വേഗം വാതിൽ തുറന്നു.
വാതിൽക്കൽ ഉസ്മാനാണ്.
തൊട്ടു പിറകിൽ ഒരു അറബിയും.
അവർ അകത്തു കടന്നതും വാതിൽ ഞാൻ ചേർത്തടച്ചു.
ഇല്ലെങ്കിൽ ആരു പറയുന്നതും കേൾക്കാനാകില്ല. വന്ന ഉടനെ തന്നെ ഞങ്ങൾ നമസ്ക്കാരം പറഞ്ഞു. ഉടനെ ഉസ്മാൻ അറബിയെ പരിചയപ്പെടുത്തി.
“പുള്ളിക്കാരൻ അമാറയിലെ പോലീസ് ചീഫ് ആണ്....!”
കേട്ടതും ഒന്നു കിടുങ്ങിപ്പോയ ഞങ്ങൾ ഒരു നിമിഷം അദ്ദേഹത്തിന്റെ മുഖത്തു നോക്കി. അറിയാതൊരു വിറയൽ കാല്പാദം മുതൽ പെട്ടെന്നിരച്ചു കയറി.
“നിങ്ങളെ പരിചയപ്പെടാനായി വന്നതാ...”
ഉസ്മാന്റെ അടുത്ത വാചകം കുറച്ചൊരു ആശ്വാസമായി. ഞങ്ങളൊന്നു ദീർഘശ്വാസം വിട്ടു. പിന്നെ ഞങ്ങളെ ഉസ്മാൻ പരിചയപ്പെടുത്തി.

അതുകഴിഞ്ഞ് അദ്ദേഹം അറബിയിൽ ചെറിയ പ്രസംഗം നടത്തി. ആദ്യമായാണ് അത്രയും നീളത്തിൽ അറബി കേൾക്കുന്നത്. വല്ലാത്ത ഒരു ശ്വാസം മുട്ടൽ. അദ്ദേഹവും വളരെ ശ്വാസം മുട്ടിയാണ് പറയുന്നതെന്ന് തോന്നി. പ്രസംഗം കഴിഞ്ഞതും വളരെ പെട്ടെന്ന് തന്നെ മുറിയിൽ നിന്നിറങ്ങി ജീപ്പിൽ കയറി യാത്രയായി. പറഞ്ഞതൊക്കെ ഞങ്ങൾക്ക് മനസ്സിലായൊ എന്നൊന്നും മൂപ്പിലാൻ ശ്രദ്ധിച്ചില്ല.

പുള്ളിക്കാരൻ പോയതോടെ അവൻ പറഞ്ഞതെന്തന്നറിയാനായി ഉസ്മാന്റെ മുഖത്തു നോക്കി. രക്തമയമില്ലാത്ത ഞങ്ങളുടെ മുഖം കണ്ടിട്ടാകും ഉസ്മാൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞത്.
“ങ്ങ്ള് പേടിക്കേണ്ടതില്ല....!”
ഞങ്ങളുടെ ശ്വാസം മുട്ടലിന് ആശ്വാസം തന്നു. എങ്കിലും അടുത്ത വാചകം വീണ്ടും ടെൻഷനുണ്ടാക്കി.
“എങ്കിലും ഓനെ പേടിക്കണം...!?
ഞങ്ങൾ പരസ്പ്പരം നോക്കി. ഉസ്മാൻ തുടർന്നു.
“അവൻ പറഞ്ഞത്, നിങ്ങൾ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇവിടത്തെ നിയമങ്ങൾ നിങ്ങൾ പാലിക്കണം. പിന്നെ നഴ്സുമാരുടെ ഭാഗത്തേക്ക് ഒരു കാരണവശാലും പോകാൻ പാടില്ല. അവരോട് സംസാരിക്കാനോ, അവരിൽ നിന്നും എന്തെങ്കിലും കൊടുക്കൽ വാങ്ങലുകളും പാടില്ല. അനാവശ്യമായി അലഞ്ഞു തിരിഞ്ഞു നടക്കാനോ ഇക്കാമയില്ലാതെ പുറത്തിറങ്ങാനോ പാടില്ല...”

ഇത്രയേ ഉള്ളോ...
ഞങ്ങൾ ശരിക്കും പേടിച്ചിരുന്നു. കാലത്ത് നടന്നതിന്റെ ബാക്കി ആയിരിക്കുമെന്നാണ് കരുതിയത്. ഉസ്മനെ കട്ടിലിൽ ഇരുത്തിയിട്ട് ഞങ്ങൾ ചുറ്റും കൂടി.
ഉസ്മാൻ ബാക്കി കൂടി പറയാൻ തുടങ്ങി.
“അവൻ വെറുമൊരു പോലീസ്സുകാരനല്ല. ഇവിടത്തെ അമീർ എന്നു വച്ചാൽ കളക്ടറുടെ അധികാരമുള്ളയാൾ, പുള്ളിക്കാരന്റെ ചേട്ടനാണ് ഈ പോലീസ് മുഹമ്മദ്. അതായത് ഇവനാണ് പോലീസ് ചീഫ്. ഇവനിൽ താഴെയാണ് ബാക്കിയുള്ളവരൊക്കെ. അതു കൊണ്ട് ഇവനെ പിണക്കാതിരിക്കുക എന്നത് ആദ്യത്തെ തിരിച്ചറിവ്. ആള് കുഴപ്പക്കാരനൊന്ന്വല്ലാട്ടൊ... നല്ലവനാ.. എങ്കിലും കുഴപ്പക്കാരനാ...!”
“നമ്മളൊന്നിനുമില്ലേ... അടങ്ങിയൊതുങ്ങി നമ്മടെ കാര്യം നോക്കി ജീവിച്ചാൽ പോരേ...”
ഞാൻ പറഞ്ഞു.
അതിനിടക്ക് ഉസ്മാൻ ചോദിച്ചു.
“അതൊക്കെ പോട്ടെ.. നിങ്ങൾ നാട്ടിൽ നിന്നും വന്നിട്ട് കത്തയച്ചോ...?”
“എങ്ങനെ അയക്കാനാ... ഇവിടെയെത്തിയിട്ട് രണ്ടാഴ്ച ആയെങ്കിലും പുറം ലോകം കാണുന്നത് ഇന്നലെയാ...!”
സുരേന്ദ്രൻ പറഞ്ഞു . എന്നിട്ട് തുടർന്നു.
“എന്റെ ഭാര്യക്ക് ഇത് ഒൻപതാം മാസാ... ഡെൽഹിയിലെ ഫ്ലാറ്റിൽ ഒറ്റക്കാ...  തൊട്ടടുത്ത ഫ്ലാറ്റിലെ ഒരു തമിഴ് ഫാമിലിയെ ഏൽ‌പ്പിച്ചിട്ടാ പോന്നത്. അവളുടെ വിവരം അറിയാഞ്ഞിട്ട്  എനിക്ക് ഇരിക്കപ്പൊറുതിയില്ല. ആശുപത്രിയിലെ ഫോണിൽ നിന്നും നമുക്ക് നാട്ടിലേക്ക് വിളിക്കാൻ പറ്റ്വോ.. ഉസ്മാൻ..?”
“പറ്റില്ല. അത് മക്കയും ജിദ്ദയും മാത്രമേ കിട്ടുള്ളു. പുറത്തേക്ക് പോകില്ല...”

അപ്പോഴാണ് കത്തയക്കുന്നത് എങ്ങിനെയെന്നതിനെക്കുറിച്ച് ഞങ്ങളും ആലോചിക്കുന്നത്.
“ഒരു വഴിയുമില്ലെ കത്തയക്കാൻ...?” ഞാൻ.
“ഒരു പോസ്റ്റുമാൻ വല്ലപ്പോഴും ഇവിടെ വരാറുണ്ട്. ആശുപത്രിയിലേക്ക് വല്ല കത്തും ഉണ്ടെങ്കിൽ മാത്രം. അതിന്  കൃത്യ സമയമൊന്നും പറയാൻ പറ്റില്ല. പലപ്പോഴും ഞങ്ങൾ കാണാറു പോലുമില്ല പോസ്റ്റുമാനെ.. അത് വല്ല മാസത്തിൽ ഒരിക്കലോ മറ്റോ ഉള്ളു..”
“ശരിക്കും പറഞ്ഞാൽ ഒരു ഓണം കേറാമൂലയിൽ തന്നെയാ വന്നു പെട്ടിരിക്കുന്നത് അല്ലെ..?”
“അല്ല ഉസ്മാനെ.. അപ്പൊ നിങ്ങളൊക്കെ എങ്ങനാ കത്തയക്കുന്നേ...?”
“ഞങ്ങള്, മക്കേല് ഞങ്ങ്ടെ നാട്ടുകാര് സുഹൃത്തുക്കളുടെ കടേണ്ട്. ആ കടേലെ അഡ്രസ്സില് കത്തു വരും. വരുമ്പോൾ അവര് വിളിച്ചു പറേം. അന്നേരം ഞങ്ങ പോയി വാങ്ങും..”
ഒരു വല്ലാത്ത നാട്ടിലാണല്ലൊ ഈശ്വരാ വന്നു പെട്ടിരിക്കുന്നത്...!
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.
ഉസ്മാൻ വീണ്ടും തുടർന്നു.
“അതിനു ഞങ്ങള് കത്ത് പോസ്റ്റ് ചെയ്യണ പരിപാടി ഇല്ലാട്ടൊ. നാട്ടിലേക്ക്  എപ്പഴും ആരെങ്കിലുമൊക്കെ പോകുന്നുണ്ടാകും. അവരുടെ കയ്യിൽ കൊടുത്തു വിടും. അവര് നാട്ടിൽ കൊണ്ടോയി പോസ്റ്റു  ചെയ്തോളും... ഒരു കാര്യം ചെയ്യ്. നിങ്ങള് കത്തുകൾ എഴുതിക്കോ... നാളെ ഞാൻ മക്കയിൽ പോകുന്നുണ്ട്. അവിടെ പോസ്റ്റു ചെയ്തോളാം. തിരിച്ചു വരുമ്പോൾ കുറച്ചു സ്റ്റാമ്പും വാങ്ങിക്കാം. അടുത്ത തവണ കത്തെഴുതുമ്പോൾ സ്റ്റാമ്പൊട്ടിച്ച് കൊടുത്തു വിട്ടാൽ പെട്ടിയിലിട്ടോളും...”
“ആരിടും..?”
“ഡോക്ടറൊക്കെ മക്കയിലല്ലെ താമസിക്കുന്നെ.. എന്നും പോകുന്നതു കൊണ്ട് കത്തയക്കാൻ ബുദ്ധിമുട്ടില്ല. മറുപടി കിട്ടാനാണ് ബുദ്ധിമുട്ട്...”

ഞങ്ങൾ കത്തെഴുതാനായി തെയ്യാറെടുക്കുമ്പോഴാണ് സുരേന്ദ്രൻ പറയുന്നത്.
“അടുത്ത തവണ ആ ഫിലിപ്പൈനി വരുമ്പോൾ, അവന്റെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും വേണ്ടില്ല ഞാനിവിടെന്ന് പോകും. ഏതെങ്കിലും കടയും ഫോണും ഒക്കെയുള്ള സ്ഥലത്തേക്ക്...”
അതു കേട്ട് കുറച്ചു വിഷമമായെങ്കിലും പൊയ്ക്കോളാൻ തന്നെയാണ് മനസ്സു പറഞ്ഞത്. പെണ്ണു കെട്ടാത്തവനാണെങ്കിലും എനിക്ക് അയാളുടെ മാനസ്സികാവസ്ഥ ഊഹിക്കാൻ കഴിയുമായിരുന്നു.
ഞാൻ ചോദിച്ചു.
“ഇങ്ങോട്ട് പോരാണെന്നറിഞ്ഞിട്ടും അവരെ ഈ അവസ്ഥയിൽ വീട്ടിലയക്കാതെ ഒറ്റക്ക് വിട്ടിട്ട് പോന്നത് എന്താ...?”
“ഞങ്ങള് ഡെൽഹിയിൽ വച്ച് പ്രേമിച്ച് കെട്ടിയതാ. രണ്ടു വീട്ടുകാരും സമ്മതിച്ചില്ല...”
ഉസ്മാൻ പോകാനായി എഴുന്നേറ്റപ്പോഴാണ് ചോദിച്ചത്.
“നിങ്ങൾ രാത്രി എന്താ ഭക്ഷണം കഴിക്കാ...?”
“ചോറ് വക്കാം... അല്ലാണ്ടെന്താ കിട്ട്വാ...?”
“ഇവിടെ ഒന്നും കിട്ടില്ല. എല്ലാം നമ്മളുണ്ടാക്കി കഴിക്കണം..”
“ ഇന്നലെ നിങ്ങൾ പൊറോട്ട തന്നല്ലൊ ഞങ്ങൾക്ക്.. അതെവിടെന്നാ...?”
“ഞങ്ങളുണ്ടാക്കുന്നതാ... എന്നാ ഇനി നമുക്ക് രാത്രിയിൽ എന്നും പൊറോട്ട ഒരുമിച്ച് ഉണ്ടാക്കാം. ഞങ്ങളിപ്പോൾ ഉണ്ടാക്കാൻ പോകാ. വരുന്നോ...?”
അതോടെ കത്തെഴുതാനുള്ള മൂഡ് പോയി. നാളെ സമാധാനമായിട്ട് എഴുതി മറ്റെന്നാൾ ഡോക്ടർ പോകുമ്പോൾ കൊടുത്തു വിടാം.  സുരേന്ദ്രൻ കത്തെഴുതാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാനും അബ്ദുൾ ഖാദറും ഉസ്മാനോടൊപ്പം ചെന്നു.

ആശുപത്രിക്ക് രണ്ടു ഗേറ്റ് ഉണ്ടായിരുന്നു. ഓരോ ഗേറ്റിലും ഓരോ കാവൽ മുറിയും ഉണ്ട്. ഞങ്ങളുടെ മുറിയുടെ തൊട്ടടുത്തുള്ള പടിഞ്ഞാറേ ഗേറ്റിലൂടെയാണ് അധികവും പോക്കും വരവും. അതുകൊണ്ട് കിഴക്കെ ഗേറ്റ് തുറക്കാറേയില്ല. അതിനു മുൻ‌വശം മണ്ണിടിഞ്ഞു വീണ് സഞ്ചാരയോഗ്യമല്ല. ആ കാവൽ നിലയമാണ് ഉസ്മാനും കൂട്ടരും അടുക്കളയായി ഉപയോഗിക്കുന്നത്. മറ്റേത് അവരുടെ കിടപ്പു മുറിയും.

ഞങ്ങൾ ചെല്ലുമ്പോൾ മൊയ്തു പൊറോട്ട ഉണ്ടാക്കാനുള്ള തെയ്യാറെടുപ്പിലാണ്. ഞങ്ങൾക്കു കൂടി കണക്കാക്കി മൈദയെടുത്ത് കുഴക്കാൻ തുടങ്ങി. ചപ്പാത്തി ഉണ്ടാക്കുന്നതു പോലെ അത്ര എളുപ്പമല്ല പൊറോട്ട ഉണ്ടാക്കുന്നത്. പണികൾക്കിടക്ക് ഉസ്മാൻ ചോദിച്ചു.
“നിങ്ങൾ ഈ ജനറേറ്റർ പണിക്ക് തന്നെയാണൊ വന്നത്...?”
“അതിന്റെ കാര്യം ഒന്നും പറയാണ്ടിരിക്ക്യാ ഭേദം. നാട്ടിൽ വച്ച് ഇതാണെന്നാ പറഞ്ഞിരുന്നത്. എന്റെ സർട്ടിഫിക്കറ്റൊക്കെ കൊടുത്ത് ഇന്റർവ്യൂവൊക്കെ കഴിഞ്ഞിട്ടാ സെലക്ഷൻ തന്നത്. അതും എവിടാ.. അങ്ങ് ഡെൽഹീല്...! എന്റെ കൂടെയുണ്ടായിരുന്നവരൊക്കെ തോറ്റു. അവർക്കാർക്കും ഈ ഫീൽഡുമായി ഒരു ബന്ധവുമില്ലായിരുന്നു. അതുകൊണ്ടാ തോറ്റു പോയത്. എന്നിട്ട് എല്ലാം കഴിഞ്ഞ്  ഇവിടെ വന്നിറങ്ങിയപ്പോഴോ... ഒരു മൂന്നാലു പേരൊഴിച്ച് വന്നിറങ്ങിയവരൊക്കെ ഓട്ടോറിക്ഷ ഓടിക്കുന്നവരും, ഹോട്ടലിൽ പൊറോട്ടാ അടിക്കുന്നവരും, കൂലിപ്പണിക്ക് പോണവരും, ഒരു പണിയുമില്ലാതെ തേരാപ്പാര നടന്നവരുമൊക്കെ. അതറിഞ്ഞതോടെ എന്റെ ചങ്ക് കത്തി. ശരിക്കും ഒരു ചതിയിൽ പെട്ടിരിക്കാണെന്നാ ഞാൻ കരുതിയേ... ഹോ..  ഇവിടെ വന്ന് ആ ജനറേറ്റർ ഓണാക്കി,  പ്രകാശം വീണപ്പൊഴാ എന്റെ ചങ്കിടിപ്പ് മാറിയേ...!”

അവരുടെ ഉച്ചക്കലത്തെ ചിക്കൻ കറി കുറച്ചെ ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ പരിപ്പു കറിയും കൂടി എടുത്ത് അവരുടെ അടുക്കളയിൽ ഞങ്ങൾ കൂടി. അന്നു മുതൽ എന്നും അതൊരു പതിവായി. ഉച്ചക്കുള്ള ഭക്ഷണം മാത്രം ഞങ്ങൾ വെവ്വേറെ വച്ചു കഴിച്ചു. അവിടന്നാണ് പൊറോട്ട സ്വന്തമായി ഉണ്ടാക്കാൻ ഞങ്ങളെല്ലാവരും പഠിച്ചത്.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഉസ്മാൻ ഞങ്ങളുടെ മുറിയിൽ ഒരു ഫോൺ കൊണ്ടു വന്നു വച്ചത്. ആശുപത്രി മതിൽക്കെട്ടിനകത്തു മാത്രം വിളിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളു. അതിൽ നിന്നും ആദ്യം വന്ന വിളി നഴ്സ്‌മാരുടെ താമസസ്ഥലത്തു നിന്നും. ഫിലിപ്പൈനി സിസ്റ്റർ ‘മെർലിൻ’ ആയിരുന്നു വിളിച്ചത്. ആദ്യമായി കറണ്ടു വന്നതു കൊണ്ട് പല ട്യൂബ് ലൈറ്റുകളും സ്വിച്ചുകളും ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. അതൊക്കെ ഒന്നു ശരിയാക്കാമോ എന്നറിയാനാണ് വിളിച്ചത്. ഞാൻ ഉടനെ ഉസ്മാനെ വിളിച്ച് ചോദിച്ചു.
“നഴ്സുമാരുടെ ക്വാർട്ടേഴ്സിൽ പോകരുതെന്നല്ലെ പോലീസ് മുഹമ്മദ് മുന്നറിയിപ്പ്  തന്നിരിക്കുന്നത്. ഇപ്പോൾ അവരു ലൈറ്റ് ശരിയാക്കാനായി വിളിക്കുന്നല്ലൊ..?”
“സാരമില്ല. അവരു വിളിച്ചിട്ടല്ലെ പോകുന്നത്. ഞാനും വരാം...”
“കുഴപ്പോന്നുല്ലാല്ലൊ അല്ലെ...?”
“ഇല്ലെന്ന്...”

ഞാനും അബ്ദുൾ ഖാദറും ഉസ്മാനും കൂടിയാണ് അവരുടെ ക്വാർട്ടേഴ്സിൽ പോകുന്നത്. പണികളെല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ഞങ്ങളുടെ മുറ്റത്ത് പോലീസ് മുഹമ്മദ് ജീപ്പുമായി കാത്തു കിടക്കുന്നു...!
അരയിൽ കൈ കൊടുത്ത് ഞങ്ങളുടെ നേരെ തന്നെയാണ് ക്രൂദ്ധമായ ആ നോട്ടം....!?

ബാക്കി അടുത്ത പോസ്റ്റിൽ. ഡിസംബർ 15-ന്.....

Friday, 15 November 2013

നോവൽ. മരുഭൂമി (4)


കഥ ഇതുവരെ.

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പല വഴി കറങ്ങി അവസാനം സന്ധ്യയായപ്പോൾ ഞങ്ങളുടെ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ആദ്യ രാത്രി ശരിക്കും കാളരാത്രിയാക്കി. നേരം വെളുത്തതോ വാതിലിൽ ഇടിയിലും കല്ലേറിലും ആരംഭിക്കുന്ന ആദ്യ സുപ്രഭാതവും....

തുടർന്നു വായിക്കുക...

(4)  കല്ലേറിന്റെ രഹസ്യം....

കല്ലേറിന്റേയും ഇടിയുടേയും ഭയപ്പാടിന്നിടയിൽ ഞങ്ങൾ സുരേന്ദ്രനെ വഴക്കു പറഞ്ഞു.
“ആ പിള്ളേരെ ആട്ടിയതു കൊണ്ടല്ലെ അതുങ്ങള് കല്ലെടുത്തത്...”
“അതിന് നമ്മടെ ഭാഷ അവർക്കറിയില്ലല്ലൊ..”
“എന്തിനാ ഭാഷ അറിയണെ, അതുങ്ങടെ നേരെ കൈ വീശിയാ പോരേ...!”
അപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നത്. പറ്റിയ മണ്ടത്തരത്തിന് ഇനി വഴക്കുണ്ടാക്കിയിട്ട് കാര്യമില്ലല്ലൊ...

പുറത്തെ കാഴ്ചകൾ കാണാൻ ഇനിയെന്താണ് ഒരു വഴി...?
ബാത്ത്‌റൂമിലെ ജനാല പാതി തുറന്നു വച്ചു നോക്കി. ഇതിലൂടെ നോക്കിയാൽ പുറത്തെ കാഴ്ചകൾ ശരിക്കും കാണാം. പുറത്ത് ഒരു അറബി വന്ന് കുട്ടികളെ വടിവീശി ഓടിക്കുന്നത് കണ്ടു. അധികം പേരും ഓടി ഗേറ്റിനു പുറത്തു കടന്നു. എന്നിട്ടും പോകാതെ നിന്നത് അറബി വസ്ത്രം ധരിച്ച കുറച്ച് മുതിർന്ന കുട്ടികളായിരുന്നു. അവർ ഗേറ്റിനു പുറത്തു കടക്കാതെ ഗേറ്റിന് അരികത്തു തന്നെ ആകാംക്ഷാപൂർവ്വം നിന്നതേയുള്ളു.

 അപ്പോഴേക്കും പാന്റ്സും ഷർട്ടുമിട്ട ഒരാളും ഉസ്മാനും മൊയ്തുവും കൂടി ആശുപത്രിയിൽ നിന്നും വേഗത്തിൽ ഞങ്ങളുടെ മുറിയുടെ നേർക്ക് നടന്നു വരുന്നത് കാണായി. അവരോടൊപ്പം കുട്ടികളെ ഓടിച്ച അറബിയും കൂടി. അവർ വാതിലിൽ മുട്ടിയപ്പോൾ ഞാൻ വേഗം വാതിൽ തുറന്നു. ഞങ്ങളുടെ മുഖത്ത് രക്തമയമില്ലാതെ വളറി നിൽക്കുകയായിരുന്നു. അതു കണ്ടിട്ടാവും ഉസ്മാൻ വേഗം പറഞ്ഞു.
“നിങ്ങള് പേടിക്കണ്ടാട്ടൊ... എന്താപ്പൊണ്ടായേ...?”
ഞങ്ങൾ ഉണ്ടായ കാര്യം പറഞ്ഞു. അതു കഴിഞ്ഞാണ് അറബിയെ ചൂണ്ടി ഉസ്മാൻ പറഞ്ഞത്.
“ഇത് നമ്മടെ ആശുപത്രീടെ മാനേജർ ഉമ്മർ.”
പേടികൊണ്ട ഞങ്ങളുടെ മുഖത്ത് വികാരങ്ങളൊന്നും വന്നില്ല. ഞങ്ങൾ നിശ്ശബ്ദം നിന്നതേയുള്ളു. അതു കണ്ട് ഉസ്മാൻ പറഞ്ഞു.
“ഓന് കൈ കൊടുത്തോളിൻ..”
അതു കേട്ടതും ഞങ്ങൾ അദ്ദേഹത്തെ ഷേൿഹാന്റ് ചെയ്തു. അതോടൊപ്പം നമ്മുടെ 'ഗഫൂർക്ക' പഠിപ്പിച്ചു തന്ന ‘അസ്സലാമു അലൈക്കും’ പറയാൻ മറന്നില്ല. അതു കഴിഞ്ഞാണ് പാന്റ്സിട്ടാളെ പരിചയപ്പെടുത്തിയത്.
“ഇദ്ദേഹം ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്. 'ഹസ്സൻ അൻസാരി'. പാക്കിസ്ഥാനിയാണ്. ഞങ്ങൾ ‘അസ്സർബായി’യെന്നു വിളിക്കും.”
അദ്ദേഹത്തിനും ഞങ്ങൾ കൈ കൊടുത്തു.
അതു കഴിഞ്ഞ് ഞങ്ങളെ പരിചയപ്പെടുത്തി.

മാനേജർ ഉമ്മർ പോകാൻ നേരം അറബിയും ഇംഗ്ലീഷും കൂട്ടിക്കലർത്തി, ഞങ്ങളോട് പേടിക്കേണ്ടന്നും കുട്ടികൾ പുതിയ ആളുകൾ വന്നിട്ടുണ്ടെന്നറിഞ്ഞിട്ട് കാണാൻ വന്നതാണെന്നും, എന്തു പ്രശ്നമുണ്ടായാലും എന്നോട് പറയണമെന്ന് സ്നേഹപൂർവ്വം പറഞ്ഞിട്ടാണ് പോയത്.
പിന്നെ ഞങ്ങൾ ചായ തിളപ്പിച്ച് അസ്സർബായിക്കും ഉസ്മാനും കൊടുത്തു.
സംസാരിച്ചിരിക്കെയാണ് അസ്സർബായി ചോദിച്ചത്.
“എന്തിനാ ആ കുട്ടികൾ കാലത്തെ വന്നതെന്നറിയോ...?”
ഞങ്ങൾ ഇല്ലെന്ന് തലയാട്ടി.

അസ്സർബായിക്ക് ഉറുദു നന്നായിട്ടറിയാം. ആള് പാക്കിസ്ഥാനിയാണെങ്കിലും  ഇന്ത്യാക്കാരോട് പ്രത്യേക സ്നേഹമുള്ള കൂട്ടത്തിലാണ്. വിഭജനക്കാലത്ത് പാക്കിസ്ഥാനിൽ അകപ്പെട്ടു പോയവരായിരുന്നു, കറാച്ചിയിൽ കച്ചവടക്കാരനായിരുന്ന അസ്സർബായിയുടെ ബാപ്പയും ഉമ്മയും. ഉള്ളതെല്ലാം വിറ്റു പെറുക്കി തുടങ്ങിയ കച്ചവടം ഉപേക്ഷിച്ചു പോകാൻ വയ്യാത്തതു കൊണ്ട് പാക്കിസ്ഥാനിയാകേണ്ടി വന്നു. മറ്റുള്ള ബന്ധുക്കൾ, ബാപ്പയുടേയും ഉമ്മയുടേയും എല്ലാം ഇന്നും ഇന്ത്യയിലെ ഭീലായിൽ ഉണ്ട്. അവരുമായി കത്തിടപാടുകളും ഫോൺ വിളികളും ഉണ്ടിപ്പോഴും.
അതു കേട്ടപ്പോൾ ഞങ്ങൾക്കും ഒരു പ്രത്യേക സ്നേഹം അദ്ദേഹവുമായി ഉടലെടുത്തു. ഞങ്ങളുടെ തൊട്ടടുത്ത ഒരിന്ത്യാക്കാരനായ സഹോദരനായി മനസ്സിൽ കോറിയിട്ടു.
അദ്ദേഹം  പറഞ്ഞു.
“ഇന്നലെ രാത്രിയിൽ തന്നെ നിങ്ങൾ ഇവിടെ എത്തിയ വിവരം ഗ്രാമത്തിൽ പരന്നിരുന്നു. ഞാനുമതറിഞ്ഞിരുന്നു. അതല്ലായിരുന്നു പ്രശ്നം. വന്നിരിക്കുന്നത് ‘കാഫറു’ങ്ങളാണെന്നതാണ് ആകാംക്ഷയുണ്ടാക്കിയത്. ഇവിടെ കുട്ടികളെ ചെറുപ്പം മുതലെ പേടിപ്പിക്കാനും മറ്റും  ഉപയോഗിക്കുന്നതാണ് ഈ ‘കാഫർ’ എന്ന വാക്ക്. നമ്മുടെ അമ്മമാരും ചില ഭീഭത്സകഥാപാത്രങ്ങളുടെ പേരുകൾ ഉപയോഗിച്ച് കുട്ടികളെ പേടിപ്പിച്ച് ചോറു കൊടുക്കാനും ഉറക്കാനും മറ്റും ഉപയോഗിക്കാറില്ലെ. അതു പോലെ തന്നെ ഇതും. പക്ഷെ, ജീവിതത്തിൽ ഒരിക്കലും അവരൊന്നും ജീവനോടെ കണ്ടിട്ടില്ല കാഫറുങ്ങളെ. കാഫറുടെ രൂപമാണെങ്കിലോ സൈത്താനു തുല്യം.  ഇവിടെ അവർ വന്നിട്ടുണ്ടെന്നറിഞ്ഞിട്ട് കാണാൻ വന്നതാ നിങ്ങളെ.”
അതു കേട്ടതോടെ ഞങ്ങളുടെ ശ്വാസം നേരെ വന്നു എന്നു പറയുന്നതായിരിക്കും ശരി. അസ്സർബായി വീണ്ടും തുടർന്നു.
“കുറച്ചു മുൻപ് കുട്ടികൾ  വന്ന് എന്നോട് പറഞ്ഞു. അവിടെ കാഫറുങ്ങളെ ഒന്നും കാണാനില്ലല്ലൊ. നമ്മളെപ്പോലെ തന്നെയാണല്ലൊ അവരും.. ഇനി കാഫറുങ്ങള് വേറെയാരെങ്കിലുമൊണ്ടൊ കൂട്ടത്തിൽ...?
അപ്പോഴാണ് ഉസ്മാൻ ഓടി വന്ന് പറയുന്നത്. അസ്സർബായി ഓടിവാ.. ആ പുതിയതായി ജനറേറ്റർ ഓടിക്കാൻ വന്നവരെ പിള്ളേർ കല്ലു വലിച്ചെറിയുന്നുവെന്ന്. ഞാൻ ജനൽ തുറന്നു നോക്കിയപ്പോൾ സംഭവം ശരിയാ.. അതാ ഞാൻ ഓടിയിറങ്ങി വന്നത്. അപ്പോഴേക്കും ഉമ്മർ വരുന്ന വഴി ഇത് കണ്ടിട്ട് ഇവിടെ ഇറങ്ങി അവരെ ഓടിച്ചിരുന്നു...”
ഉസ്മാൻ പറഞ്ഞു.
“ഞങ്ങൾ ഫ്ലോർ തുടച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫിലിപ്പൈനി സിസ്റ്റർ ഓടി വന്നു പറയുന്നത്. ദേ നിങ്ങടെ കൂട്ടുകാരെ പിള്ളേർ കല്ലു വലിച്ചെറിയുന്നെന്ന്. ഞാൻ പുറത്തു വന്നു നോക്കിയപ്പോൾ സംഭവം ശരിയായിരുന്നു. അതാ ഞാൻ ഓടി അസ്സർബായിയോട് പറഞ്ഞത്. ഉമ്മറിന്റെ മുറി തുറന്നിട്ടുമില്ല..”

എന്താണ് സംഭവിച്ചതെന്ന് അതോടെ വ്യക്തമായി.
‘കാഫറാ’യിരുന്നു പ്രശ്നം...!
ഞാനും സുരേന്ദ്രനും മുഖത്തോടു മുഖം നോക്കി.
ഞാൻ മനസ്സിൽ പറഞ്ഞു. ‘നമ്മളാ മോനേ പ്രശ്നം...!’
അതു കണ്ടിട്ടാണൊയെന്നറിയില്ല അസ്സർബായി തൊട്ടടുത്തിരുന്ന എന്റെ തോളിൽ പിടിച്ച് തിരിച്ചിട്ട് പറഞ്ഞു.
“ നിങ്ങൾ ഒട്ടും ഭയപ്പെടേണ്ട. ഇവിടെ മുസ്ലീം അല്ലാത്ത ഒരാളേയും ഈ ഗ്രാമവാസികൾ കണ്ടിട്ടില്ലിതുവരെ. അതു കൊണ്ട് നിങ്ങളെയൊന്നു നേരിൽ കാണാനുള്ള  വ്യഗ്രതയായിരുന്നു എല്ലാവർക്കും. പക്ഷെ, അവരുദ്ദേശിച്ച രൂപവും ഭാവവും ഒന്നും നിങ്ങളിൽ കാണാത്തതു കൊണ്ടാ അവർ എന്നോട് വന്ന് ചോദിച്ചത്...!”
അതു കേട്ടതോടെ ഞങ്ങൾക്ക് ചിരി വന്നു. അസ്സർബായി തുടർന്നു.
“ഒന്നാമത് വിദ്യാഭ്യാസം തീരെയില്ല. പിന്നെ ഇവർക്ക് തൊട്ടടുത്ത പട്ടണവുമായുള്ള ബന്ധം എന്നു പറയുന്നത് ‘മെക്ക’യാണ്. ഇവിടന്ന് അഞ്ചു കിലോമീറ്റർ പോയാൽ മക്കയാണ്..! അവിടെ മുസ്ലീങ്ങൾ മാത്രമേയുള്ളു താനും...”

അപ്പോഴാണ് ‘വിശുദ്ധ മെക്ക’യുടെ അഞ്ചു കിലോമീറ്റർ അടുത്താണ് ഞങ്ങൾ എത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. ജിദ്ദയിൽ വന്നിറങ്ങിയിട്ട് രാത്രിയിൽ കുറേ ദൂരം ഓടിയിട്ടാണ് ഏതോ ഒരു വീട്ടിൽ കൊണ്ടിട്ടത്. പിന്നെ ഇന്നലെയാണ് പുറം ലോകം കാണുന്നത്.
അസ്സർബായി ഞങ്ങളെ സമാധാനിപ്പിച്ച് പോകാനായി എഴുന്നേറ്റിട്ട് പറഞ്ഞു.
“രോഗികൾ മരുന്നിനായി കാത്തിരിക്കുന്നുണ്ടാകും. ഞാൻ ചെല്ലട്ടെ...”
അദ്ദേഹത്തോടൊപ്പം എഴുന്നേറ്റ എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“ഒന്നുകൊണ്ടും പേടിക്കേണ്ടട്ടോ... എല്ലാത്തിനും ഞങ്ങളുണ്ടാകും. ഇനി ഇങ്ങനെയൊന്ന് ഉണ്ടാകില്ല. ഞാൻ ഉറപ്പു തരുന്നു.. ധൈര്യമായിട്ടിരുന്നോ...”
അസ്സർബായി ഞങ്ങൾക്കെല്ലാം കൈ തന്ന് പുറത്തിറങ്ങി. ഞങ്ങളും പുറത്തിറങ്ങി അദ്ദേഹത്തെ യാത്രയാക്കി. ഉസ്മാനും അദ്ദേഹത്തോടൊപ്പം പോയി.
പുറത്ത് കുട്ടികളാരും ഉണ്ടായിരുന്നില്ല. അവരെല്ലാം പോയിക്കഴിഞ്ഞിരുന്നു.

വാതിലടച്ച്, തണുത്തുപോയ ഞങ്ങൾക്കുള്ള ചായ ഒന്നു കൂടി ചൂടാക്കി കുടിക്കുമ്പോഴും ഫിലിപ്പൈനി എഞ്ചിനീയർ മൂടിപ്പുതച്ച് നല്ല ഉറക്കത്തിലായിരുന്നു. ഈ ബഹളങ്ങളൊന്നും മൂപ്പിലാൻ അറിഞ്ഞതേയില്ല.

ഫിലിപ്പൈനി എഴുന്നേറ്റതോടെ ഞങ്ങളുടെ അന്നത്തെ ജോലികൾ ആരംഭിച്ചു. ആദ്യം തന്നെ പൊടിയും ഓയിലും മറ്റും പിടിച്ച് നിറം മങ്ങിയ ജനറേറ്ററുകൾ കഴുകി വൃത്തിയാക്കലായിരുന്നു. അതിനായി ഡീസലും വെള്ളവും തുല്യ അളവിൽ എടുത്ത്, വാഷിങ് പൌഡറായ ടൈഡും ചേർത്ത് ഒരു മിശ്രിതമുണ്ടാക്കി. അതിട്ടു തുടച്ചപ്പോൾ മെഷീന്റെ യഥാർത്ഥ നിറം പുറത്തു വന്നു. ഓടിക്കൊണ്ടിരുന്ന ജനറേറ്റർ നിറുത്തി രണ്ടാമത്തേത് ഓടിച്ചു. എല്ലാം ഓട്ടോമാറ്റിക്കായി ഓടിക്കാനുള്ള സംവിധാനമെല്ലാം ഫിലിപ്പൈനി കാണിച്ചു തന്നു. ഓടിക്കാത്ത ജനറേറ്ററുകൾ എപ്പോഴും റെഡിയാക്കി വക്കണമെന്നു മാത്രം. ഡീസലടിക്കാനുള്ള ടാങ്കും, അത് നിറക്കാനുള്ള മോട്ടോർ ഓടിക്കുന്നതും, അണ്ടർഗ്രൌണ്ടിലെ വലിയ ടാങ്കും എല്ലാം കാണിച്ചു തന്നു.

ഡീസലിന്റെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഞങ്ങളുടെ കണ്ണു തള്ളിയത്...!
‘ഒരു ദിവസം ഓടിക്കാൻ ആയിരം ലിറ്റർ ഡീസൽ വേണമത്രെ...!
അയ്യായിരം ലിറ്ററിന്റെ മുകളിലത്തെ ടാങ്ക്  എപ്പോഴും നിറച്ചു വക്കണം. താഴത്തെ ടാങ്ക് ഇരുപത്തയ്യായിരം ലിറ്റർ കൊള്ളുന്നതാണ്. അത് തീരുന്നതിന് പത്തു ദിവസം മുൻപെങ്കിലും ഓഫീസിലേക്ക് ഫോൺ ചെയ്യണം. ആശുപത്രിയിൽ നിന്നും അതിന് നിങ്ങൾക്ക് ഫ്രീയായി ഫോൺ ചെയ്യാം. അതു പോലെ ജനറേറ്ററിന് എന്തു കേടുണ്ടായാലും ഫോൺ ചെയ്യണം...’

എല്ലാം പറഞ്ഞേൽ‌പ്പിച്ച് വൈകുന്നേരമായപ്പോഴേക്കും ഫിലിപ്പൈനി പടിയിറങ്ങി.
ഓഫീസ്സിൽ ഭയന്ന് കഴിഞ്ഞു കൂടുന്ന കൂട്ടുകാർക്ക് കൊടുക്കാനായി എഴുതിയ ആ കത്ത് കൊടുത്തു വിടാൻ ഞങ്ങൾ മറന്നില്ല. ഇനിയുള്ള ദിവസങ്ങളെങ്കിലും ആ പാവങ്ങൾ മനഃസ്സമാധാനത്തോടെ കഴിയട്ടെ.

അന്നു വ്യാഴാഴ്ചയായിരുന്നതു കൊണ്ട് ആശുപത്രി ഉച്ച വരെ ഉണ്ടായിരുന്നുള്ളു. പിറ്റേ ദിവസം വെള്ളിയാഴ്ച അവധിയും.  ഉച്ച കഴിഞ്ഞ് ആശുപത്രി ഗേറ്റ് അടച്ചു പൂട്ടി. മൂന്നു നേഴ്സുമാരും ചേർന്ന് ഞങ്ങൾ എട്ടുപേർ മാത്രം ആ കാമ്പൌണ്ടിൽ അവശേഷിച്ചു.  അപ്പോഴാണ് ശരിക്കും ഞാൻ പരിസരം ശ്രദ്ധിക്കുന്നത്.

നാലു വശവും കറുത്തിരുണ്ട, ആകാശം മുട്ടെ പൊക്കമുള്ള മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. മലമുകളിൽ നിന്നും പണ്ടെപ്പോഴൊ വെള്ളം ഒഴുകിയിറങ്ങിയിരുന്ന ചാലുകൾ പോലെ പാറയിൽ ഒരു നിറവ്യത്യാസം കാണാം മലമടക്കുകളിൽ. ഞങ്ങളുടെ ഒരു നൂറുമീറ്റർ അകലത്തിലാണ് ‘തായിഫ്- മെക്ക-ജിദ്ദ’ ഹൈവേ കടന്നു പോകുന്നത്. ഇവിടെ വന്നിട്ടാണ് റോഡ് മെക്കയിലേക്കും ജിദ്ദയിലേക്കും തിരിയുന്നത്.

കിഴക്ക് വശത്ത് മറ്റൊരു മതിൽക്കെട്ടും ഉണ്ടായിരുന്നു. അത് ‘അൽ സെയ്മ’ എന്ന ഈ പ്രദേശത്തിന്റെ ‘അമീറി’ന്റെ കാര്യാലയമാണ്. നമ്മുടെ ജില്ലാ കളക്ടറുടെ പവറുണ്ടത്രെ അദ്ദേഹത്തിന്. മാത്രമല്ല അതിനകത്ത് ജയിലും പോലീസ്സിന്റെ പാറാവുമുണ്ട്.  അതിനപ്പുറത്ത് ഹൈവേയോട് ചേർന്ന് ഒരു പള്ളിയും ഉണ്ട്. അവിടെ നിസ്കരിക്കാൻ വരാൻ ഗ്രാമീണരൊന്നും ഇല്ല. പിന്നെ ഹൈവേയിൽ സഞ്ചരിക്കുന്നവർക്ക് ആർക്കെങ്കിലും ഉപകാരപ്പെടുമെന്നു മാത്രം. അതിനാൽ പള്ളിയിൽ ജീവനക്കാരാരുമില്ല. മറ്റു വീടുകളൊ മനുഷ്യരോ ഒന്നും ഈ പ്രദേശത്ത് ഇല്ല.

നമ്മുടെ നാട്ടിലേപ്പോലെ നല്ല മഴ കിട്ടിയിരുന്നെങ്കിൽ, ഒരു മൂന്നാറോ ഊട്ടിയോ ഒക്കെ ആയി മാറുമായിരുന്ന ഒരു ഭൂപ്രദേശമായിട്ടാണ് എന്റെ ഭാവനയിൽ വിരിഞ്ഞത്. കാർമേഘം കൂട്ടമായി സഞ്ചരിക്കുന്ന മലമുകളും, താഴേക്കിറങ്ങി വരുന്ന കോടമഞ്ഞും ഞങ്ങൾ നിൽക്കുന്ന താഴ്വാരം മുഴുവൻ വെള്ളം നിറഞ്ഞ്, പിറകിലെ മലകൾക്കിടയിലെ വിടവിൽ ഒരു ‘മുല്ലപ്പെരിയാറും’ ഒക്കെ എന്റെ ഭാവനയിൽ കാടു കയറിയപ്പോൾ സന്ധ്യ ഇരുളാൻ തുടങ്ങിയത് അറിഞ്ഞില്ലെങ്കിലും, ഒരു ഹോണടി കേട്ട് ഞെട്ടിയാണ് പരിസരബോധമുണ്ടാകുന്നത്.
ഗേറ്റിൽ ഒരു പോലീസ്സ് ജീപ്പ്...!?
എന്റെ ചങ്കിടിച്ചു....!
നിന്ന നിൽ‌പ്പിൽ അനങ്ങാതെ ഞാൻ നിരങ്ങി നിരങ്ങി മുറിയിൽ കയറി വാതിലടച്ചു.
ഓടി ബാത്ത്‌റൂമിൽ കയറി കനാല വഴി പുറത്തേക്ക് നോക്കി.
മൊയ്തു പോയി ഗേറ്റു തുറക്കുന്നതും ജീപ്പ് ഓടിക്കയറി ഞങ്ങളുടെ മുറിയുടെ നേരെ വന്ന് നിൽക്കുന്നതും  ഒരു ഞെട്ടലോടെ ഞാൻ കണ്ടു...!
ഞാൻ മുറിയിൽ കയറി കട്ടിലിൽ വെറുതെ കിടക്കുകയായിരുന്ന കൂട്ടുകാരോട് വിവരം പറയുമ്പോഴേക്കും വാതിലിൽ മുട്ടു കേട്ടു...
കേട്ടതും ചാടിയെഴുന്നേറ്റ കൂട്ടുകാരും പരിഭ്രാന്തരായി....!
അബ്ദുൾ ഖാദർ പറഞ്ഞു.
“ഇതെന്തു പണ്ടാറടങ്ങലാ... കാലത്തൊരെണ്ണം കഴിഞ്ഞതേയുള്ളു......!!?”

ബാക്കി  ഡിസംബർ 1-ന്.

Friday, 1 November 2013

നോവൽ. മരുഭൂമി. [3]

“എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ...”


നോവൽ ഇതുവരെ....

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർ മാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായി. പല വഴി കറങ്ങി ഞങ്ങൾക്ക് ജോലി ചെയ്യേണ്ട സ്ഥലത്ത് എത്തി. ജനറേറ്റർ ഓൺ ചെയ്തു.

തുടർന്നു വായിക്കുക...

[3]  കല്ലുകളോടെ ആദ്യ സുപ്രഭാതം....

വെളിച്ചം വന്നതോടെ വല്ലാത്തൊരു പ്രകാശം ഞങ്ങളുടെ മുഖങ്ങളിലും തെളിഞ്ഞു. കൂനാക്കൂന ഇരുട്ടിൽ പെട്ടെന്ന് സൂര്യനുദിച്ചതു പോലെ പ്രകാശം പരന്നപ്പോൾ ഞങ്ങൾ ചുറ്റുപാടും ഒന്നു കറങ്ങി നോക്കി. ഒരു കെട്ടിടത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ സിമന്റ് ചെയ്ത വഴിത്താരകൾ. വഴിയിൽ നിറയെ സ്ട്രീറ്റ് ലൈറ്റുകൾ. ആ ലൈറ്റുകളെല്ലാം പ്രഭ ചൊരിഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ നല്ല ചന്തം.

പ്രധാന കെട്ടിടത്തിന്റെ മറവിൽ നിന്നും ലുങ്കി ഉടുത്ത രണ്ടുപേർ ഓടി വരുന്നു.  പിറകിലെ കെട്ടിടത്തിന്റെ  ജനാലകളിൽ പ്രകാശം തെളിഞ്ഞു തെളിഞ്ഞു വരുന്നതു കണ്ടു. അപ്പോഴാണ് ഈ കെട്ടിടങ്ങളിലൊക്കെ മനുഷ്യവാസമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഓടി വന്ന രണ്ടുപേരും മലയാളികൾ തന്നെയായിരുന്നു...!
അവരുമായി പരിചയപ്പെട്ടു. അപ്പോഴേക്കും പിറകിലെ കെട്ടിടത്തിൽ നിന്നും പർദ്ദ ധരിച്ച രണ്ടുമൂന്നു സ്ത്രീകളും ഇറങ്ങി ഞങ്ങളുടെ അടുത്തു വന്നു. അവരുമായി പരിചയപ്പെട്ടപ്പോൾ ആദ്യം ചോദിച്ചത് ഇനിയെന്നും കറണ്ടുണ്ടാകുമോയെന്നാണ്. ഉണ്ടാകുമെന്ന് ഫിലിപ്പൈനി വാക്കു കൊടുത്തപ്പോൾ അവരുടെ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു...!

ഫിലിപ്പൈനി ഞങ്ങളുടെ മുറിയുടെ താക്കോൽ എവിടെയെന്ന് ഓടി വന്ന മലയാളികളോട് ചോദിച്ചു. അവരിൽ ഒരാൾ പോയി ഗേറ്റിലെ സെക്യൂരിറ്റി കാബിനിൽ നിന്നും  താക്കോൽ എടുത്ത് ജനറേറ്റർ മുറിയോട് ചേർന്നുള്ള ഒരു മുറി തുറന്നു. വണ്ടിയിൽ നിന്നും ഞങ്ങളുടെ ലഗ്ഗേജുകളൊക്കെ എടുക്കാൻ പുതിയ കൂട്ടുകാരും മുന്നിട്ടിറങ്ങി. അവർക്കും സന്തോഷം സഹിക്കാവുന്നതിനപ്പുറം. അതവരുടെ പെരുമാറ്റങ്ങളിൽ നിന്നും നമ്മൾക്ക് വായിച്ചെടുക്കാം. ഒന്നാമത് സ്ഥിരമായി കറണ്ട് ഉണ്ടാകുന്നത്. രണ്ടാമത് ഒന്നു ‘മിണ്ടാനും പറയാനും’ ഞങ്ങൾ കൂടി ഉണ്ടാകുമല്ലൊയെന്ന തിരിച്ചറിവ്...!

അപ്പോഴാണ് ഈ പ്രദേശത്ത് മനുഷ്യവാസം തീരെയില്ലെന്ന് തിരിച്ചറിഞ്ഞത്...!?
അത് വല്ലാത്തൊരു ഷോക്കായിരുന്നു ഞങ്ങൾക്ക്...!
രണ്ടു കിലോമീറ്റർ എങ്കിലും പോയാലെ മലകളുടെ അപ്പുറത്തെ താഴ്വാരത്തിൽ ജനങ്ങൾ വസിക്കുന്ന ഗ്രാമമുള്ളു. അവർക്ക് വേണ്ടിയുള്ള ‘ഡിസ്പ്പെൻസറി’ ആണത്രെ ഈ കെട്ടിടങ്ങൾ.... മൂന്നു കിലോമീറ്റർ എങ്കിലും നടന്നാലെ തൊട്ടടുത്ത കടയിൽ എത്താനാവൂ..!

മലയാളികൾ രണ്ടു പേരും ആശുപത്രിയിലെ ക്ലീനിങ് കമ്പനിയിലെ ജോലിക്കാരാണ്. പിന്നെ മൂന്നു നഴ്സുമാരും അവിടെ താമസിക്കുന്നുണ്ട്.  അന്നത്തെ ഭക്ഷണം ഞങ്ങളുടെ പുതിയ കൂട്ടുകാരായ ഉസ്മാന്റേയും മൊയ്തൂന്റേയും വകയായിരുന്നു...
പൊറോട്ടയും കോഴിക്കറിയും...!
മാത്രമോ പെപ്സിയും ആപ്പിൾ, മുന്തിരി പോലുള്ളവ നഴ്സുമാരുടെ വകയും...!

മുറി ശരിയാക്കലായിരുന്നു ആദ്യ പടി. ആരും താമസിക്കാതിരുന്നതു കൊണ്ട് ആകെ പൊടി പിടിച്ച് വൃത്തികേടായിരുന്നു. ആശുപത്രിക്കാരുടെ വക എയർക്കണ്ടീഷണർ മുറിയിലുണ്ടായിരുന്നതുകൊണ്ട് ചൂടിൽ നിന്നും രക്ഷയായി. കറണ്ടു വന്നതോടെ ഒരാൾ പോയി വെള്ളത്തിന്റെ മോട്ടോർ ഓണാക്കി. അതു കാരണം ബാത്ത്‌റൂമിൽ വെള്ളമെത്തി. മുറി ഒന്നു കഴുകിത്തുടച്ചു. ഒരു ചെറിയ മുറിയാണ്. ആകെ നാലു കട്ടിലിടാം. പിന്നെ നടുക്ക് ഒരിത്തിരി സ്ഥലമേ ബാക്കിയുള്ളു. വാതിലിനോട് ചേർന്നു തന്നെ ബാത്ത്‌റൂമും. തീർന്നു ഞങ്ങളുടെ പുതിയ സാമ്രാജ്യം. ഞങ്ങൾ മൂന്നു പേർ ഇനിയുള്ള കാലം ഇതിനകത്ത് ഒതുങ്ങിക്കൂടണം.

കട്ടിലുകൾ ശരിയാക്കി മൂന്നു സൈഡിൽ ആയി ഇട്ടു. ഒരു വശത്ത് സ്റ്റൌവും പാത്രങ്ങളും മറ്റും വക്കാനായി ഒരു ഡെസ്ക്ക് ആശുപത്രിയുടെ പുറത്ത് കാല് ഒടിഞ്ഞതിനാൽ മാറ്റിയിട്ടിരുന്നത്, ഉസ്മാനും മൊയ്തുവും കൂടി എടുത്ത് കൊണ്ടു വന്ന് മുറിയിൽ ഇട്ടു. അതിനു മുകളിൽ സ്റ്റൌ വച്ച് ഗ്യാസ് കണക്ടു ചെയ്തു...

പുതിയ നാട്ടിൽ ഒരു പുതിയ ജീവിതം തുടങ്ങുകയല്ലെ. പാലു കാച്ചിയിട്ട് തുടങ്ങാമെന്നായി പുതിയ കൂട്ടുകാർ. ഈ പാതിരാവിൽ തന്നെ വേണോയെന്ന എന്റെ ചോദ്യത്തിന് ആരും വില കൊടുത്തില്ല. എവിടെയെങ്കിലും ഒന്നു കിടന്നാൽ മതിയെന്നായിരുന്നു എനിക്ക്. അത്രക്കും ക്ഷീണമുണ്ടായിരുന്നു. ഞങ്ങളുടെ കൈവശം പാലും ഇല്ലായിരുന്നു....
അതിനും അവർ തന്നെ പരിഹാരം കണ്ടെത്തി. ആശുപത്രി തുറന്ന് ഫ്രിഡ്ജിൽ വച്ചിരുന്ന അവരുടെ പാൽ എടുത്തു കൊണ്ടു വന്നു തന്നു. അവിടെ മരുന്നുകൾ സൂക്ഷിക്കാനായി ഗ്യാസിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ് ഉണ്ടായിരുന്നു. അങ്ങനെ ഗ്യാസ്സിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ് ആദ്യമായാണ് കാണുന്നത്. എന്നാൽ പിന്നെ ഒന്നു കുളിച്ചിട്ടാകാമെന്ന് ഞങ്ങളും തീരുമാനിച്ചു.

ഞങ്ങൾ കുളി കഴിഞ്ഞു വന്നു പാൽ അടുപ്പത്തു വച്ച് തിളപ്പിച്ചു.
തിളച്ചു തൂവാൻ തുടങ്ങിയപ്പോൾ ചായപ്പൊടിയിട്ട് ചായയുണ്ടാക്കി എല്ലാവർക്കും വിളമ്പി. അതൊന്നും കുടിക്കാൻ ഞങ്ങളുടെ ഫിലിപ്പൈനി എഞ്ചിനീയർ ‘റോജർ റോത്ത’ നിന്നില്ല. അവൻ നടുക്കുള്ള സ്ഥലത്ത് ബെഡ്ഡിട്ട് ഉറക്കമാരംഭിച്ചിരുന്നു.  നാളെ കാലത്ത് ഡ്യൂട്ടിയുള്ളതാണെന്നും പറഞ്ഞ് കൂട്ടുകാർ പോയതോടെ ഞങ്ങളും ഉറങ്ങാനുള്ള വട്ടം കൂട്ടി.

കിടന്നിട്ടും, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും, നല്ല ക്ഷീണമുണ്ടായിട്ടും ഉറക്കം മാത്രം ഞങ്ങളെ കനിഞ്ഞില്ല... ജീവിതത്തിൽ ആദ്യമായാണ് ഒരു ഏസി മുറിയിൽ കിടക്കുന്നത്. ഏസിയുടെ സുഖമായ തണുപ്പിൽ മൂടിപ്പുതച്ചു കിടന്നിട്ടും ഉറക്കം മാത്രം കിട്ടിയില്ല...

സുരേന്ദ്രൻ എഴുന്നേറ്റിരുന്ന് ഒരു സിഗററ്റ് കത്തിച്ചു...
അതു കണ്ട് ഞാനും എഴുന്നേറ്റ് ഒരെണ്ണം കത്തിച്ചു...
അബ്ദുൾഖാദർ ഇതു കണ്ടിട്ടും കാണാത്തതു പോലെ കുറച്ചു നേരം കൂടി കിടന്നു നോക്കി. രക്ഷയില്ലെന്നു കണ്ടപ്പോൾ എഴുന്നേറ്റിരുന്ന് ഒരെണ്ണം കത്തിച്ച് ഒരു കവിൾ പുക ഇരുത്തി വലിച്ച് വിട്ടിട്ട് പറഞ്ഞു.
“പണ്ടാറടങ്ങാനായിട്ട് വന്നു പെട്ടു പോയില്ലെ...?!”
അപ്പോഴാണ് സുഖമായി മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ഫിലിപ്പൈനിയെ ശ്രദ്ധിച്ചത്.
“ഈ മൈ.. കിടപ്പ് നോക്ക്യേ...”
ഉറങ്ങാൻ കഴിയാത്ത ദ്വേഷ്യം മുഴുവൻ മേമ്പൊടിയായി ചേർത്ത് ഫിലിപ്പൈനിയെ ചൂണ്ടിപ്പറഞ്ഞത് ഞങ്ങളിൽ ചിരി ഉണർത്തി. ഫിലിപ്പൈനി ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിലായിരുന്നു. അവന്റെ ഉറക്കം അസൂയയും ദ്വേഷ്യവും ഒക്കെ ഞങ്ങളിൽ ഉണ്ടാക്കിയെങ്കിലും  അവനെങ്കിലും സുഖമായുറങ്ങട്ടെയെന്ന് ഒരു നിമിഷം മനസ്സിൽ ചിന്തിച്ചു.

സുരേന്ദ്രൻ ഒരു നിർദ്ദേശം വച്ചു.
“നമ്മൾക്ക് ജനറേറ്റർ തൽക്കാലം ഒന്നു നിറുത്തിയാലോ... നേരം വെളുക്കുന്നതിനു മുൻപേ ഓടിക്കാം....”
“എങ്കിൽ തീർന്നു. ഇവൻ ആ നഴ്സുമാർക്ക് വാക്ക് കൊടുത്തേക്കണതാ ജനറേറ്റർ നിറുത്തില്ലെന്ന്.” “തന്നേയുമല്ല, ഇതു നിറുത്തിയാൽ പിന്നെ കറണ്ടുണ്ടാകില്ല. ഏസിയില്ലാതെ നമ്മളെങ്ങനെ ഇതിനകത്ത് കിടന്നുറങ്ങും...?”
“ഇതു വല്യ പാമ്പായല്ലൊ ന്റെ റബ്ബേ...”
“കിടന്നുറങ്ങാൻ നോക്ക്. ഇതല്ലാതെ വേറെ ഒരു വഴിയുമില്ല...”
ഞങ്ങൾ വീണ്ടും കിടന്നു.

ഉറക്കം വരാതെ കിടക്കുമ്പോഴാണ് അങ്ങനെ ഒരു ചിന്ത തോന്നിയത്. പേടിച്ചു വിറച്ച് കഴിഞ്ഞു കൂടുന്ന ഓഫീസ്സിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് ഒരു കത്തെഴുതിയാലൊ...?
ഉടനെ എഴുന്നേറ്റ് അവർക്കായി ഞങ്ങൾ അനുഭവിച്ചതെല്ലാം വിവരിച്ച് കത്തെഴുതി. എന്നിട്ട് എല്ലാവരേയും വായിച്ചു കേൾപ്പിച്ചു. പിന്നെ മടക്കി തലയിണക്കീഴിൽ വച്ച് ഉറക്കം വരാനായി കിടന്നു....

ഒരു ചുമരിനു തൊട്ടപ്പുറത്തെ കൂറ്റൻ ജനറേറ്ററിന്റെ   ചെകിടടപ്പിക്കുന്ന ശബ്ദവും കറങ്ങുമ്പോഴുള്ള മുറിയുടെ പ്രകമ്പനവും, വിറകൊള്ളുന്ന കട്ടിലും കൂടിച്ചേർന്ന് ഞങ്ങളുടെ രാത്രിയെ നിദ്രാവിഹീനമാക്കി. കണ്ണടച്ച് ഉറങ്ങാതെ കിടന്നപ്പോഴാണ് ഞങ്ങൾ ഇതുവരെ സംസാരിച്ചത് സാധാരണ ശബ്ദത്തിലല്ലെന്ന് പെട്ടെന്നോർമ്മ വന്നത്. വളരെ ഉയർന്ന ശബ്ദത്തിലാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അല്ലെങ്കിൽ ജനറേറ്ററിന്റെ ശബ്ദം കാരണം ഞങ്ങൾക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല.

ചെവി പതമുള്ളവർ ഉറക്കെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഇവിടിങ്ങനെ സ്ഥിരമായാൽ  ഭാവിയിൽ ഞങ്ങളും അവരെപ്പോലെ ആകുമോയെന്നൊരു ഭയവും പിടി കൂടി. എങ്ങനേയോ ഒരു കണക്കിനാണ് നേരം വെളുപ്പിച്ചത്. സുരേന്ദ്രൻ എത്ര പാക്കറ്റ് സിഗററ്റാണ് പുകച്ചു തള്ളിയത്. ഞങ്ങളും മോശമല്ലായിരുന്നു...

വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ടിട്ടാണ് ഞാൻ വാതിൽ തുറന്നു നോക്കിയത്.
അപ്പോഴേക്കും നേരം നന്നേ വെളുത്തിരുന്നു. പുതിയ കൂട്ടുകാർ ആയിരിക്കുമെന്നായിരുന്നു കരുതിയത്. തുറന്നപ്പോൾ കുറേ കുട്ടികളായിരുന്നു...!
അറബി ഡ്രെസിൽ അൽ‌പ്പം മുതിർന്ന കുട്ടികളും ഉണ്ടായിരുന്നു കൂട്ടത്തിൽ...
ഞാൻ വാതിൽ തുറന്നതും അവർ പെട്ടെന്ന് ഓടിമാറി...!
അതു കണ്ട് ഞാൻ പകച്ച് അകത്തേക്ക് നോക്കിയതും കൂട്ടുകാരും ഓടി വന്നു...
ഇനി ജനറേറ്ററിന് എന്തെങ്കിലും കുഴപ്പം പറ്റിയോന്ന് സംശയിച്ചു.
ഉടനെ ഞങ്ങൾ പുറത്തിറങ്ങി നോക്കി...
അതിനൊന്നും ഒരു കുഴപ്പവുമില്ല.

അപ്പോഴേക്കും ചില കുട്ടികൾ കുറച്ച് ധൈര്യത്തോടെ അടുത്തു വന്ന് ഞങ്ങളെ തൊടാനും പിച്ചാനും മറ്റും തുടങ്ങിയത് വീണ്ടും പരിഭ്രാന്തിയിലാക്കി....!
ഞങ്ങളെ തൊട്ടു നോക്കിയ കുട്ടികൾ മറ്റുള്ള കുട്ടികളുമായി എന്തൊക്കെയോ രഹസ്യം പറയുന്നുമുണ്ട്...!
ചെറിയ ഭയത്തോടെയാണെങ്കിലും “പോടാ പിള്ളേരേ...” എന്നു പറഞ്ഞ് സുരേന്ദ്രൻ കൈ വീശി അവരെ ആട്ടിയോടിക്കാൻ ശ്രമിച്ചത് കൂടുതൽ കുഴപ്പത്തിലാക്കി...
ഞങ്ങളുടെ ഭാഷ മനസ്സിലായില്ലെങ്കിലും ആംഗ്യത്തിന്റെ അർത്ഥം ആർക്കും മനസ്സിലാകുമല്ലൊ.
‘ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളെ ആട്ടിപ്പായിക്കുന്നോടാ വരുത്തന്മാരെ’ എന്ന മനോഭാവത്തോടെയാവും, അവർ  മുറ്റത്തിനു പുറത്തെ തിട്ടയിൽ നിന്നും ചെറിയ കല്ലുകളെടുത്ത് കയ്യിൽ പിടിച്ചതോടെ ഞങ്ങൾ ഓടി അകത്തു കയറി വാതിലടച്ചു...!?
അതോടെ അവർ വാതിലിൽ ഇടിക്കാനും കല്ലുകൾ വലിച്ചെറിയാനും തുടങ്ങി....!
പരിഭ്രാന്തിയോടെ, ഒന്നും മനസ്സിലാകാതെ ഞങ്ങൾ പരസ്പ്പരം നോക്കി.....!

ബാക്കി നവംബർ 15-ന്......

Tuesday, 15 October 2013

നോവൽ- മരുഭൂമി [2]

നോവൽ  ഇതുവരെ..

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും മോചനം കിട്ടിയ ഞങ്ങൾ പുറത്തു കടന്നു.

തുടർന്നു വായിക്കുക....

2. പൂ പോലെ വെളിച്ചം...

ചെറിയ റോഡുകൾ പിന്നിട്ട് ഹൈവേയിലേക്ക് കടന്നു. സ്വൽ‌പ്പം ചെന്ന് ഒരു കടയുടെ മുന്നിൽ  വണ്ടി നിർത്തിയിട്ട് ഫിലിപ്പൈനി ഞങ്ങളെ നോക്കി പറഞ്ഞു.
"നിങ്ങൾക്ക് വേണ്ട സാധനങ്ങളൊക്കെ ഇവിടന്ന് വാങ്ങാം...”
ഞങ്ങൾ മൂന്നു പേരും ഒന്നും മനസ്സിലാകാത്തതു പോലെ പരസ്പ്പരം നോക്കി. ഫിലിപ്പൈനിയുടെ ഇംഗ്ലീഷ് ഇത്തിരി കട്ടിയായിരുന്നു. മുക്കും മൂലയും ഒന്നും പിടി കിട്ടിയില്ല. ഡെൽഹിയിൽ കുറേക്കാലം ജീവിച്ച പരിചയമുള്ളതു കൊണ്ട് സുരേന്ദ്രൻ ഏതാണ്ടൊക്കെ തപ്പിപ്പെറുക്കിയെടുക്കും. അതവൻ ഞങ്ങളോട് പറയും. അത് കേട്ട് അബ്ദുൾ ഖാദർ ചോദിച്ചു.
“എന്തു വാങ്ങണ കാര്യാ....?”
"നിങ്ങൾക്ക് അഡ്വാൻസ് തന്നിട്ടില്ലെ. അത് കൊടുത്ത് അരിയും സാധനങ്ങളും വാങ്ങി വക്കു. അവിടെച്ചെന്നാൽ കടയൊന്നും ഉണ്ടാകണമെന്നില്ല...!”

അത് കേട്ടതോടെ ഞങ്ങളുടെ മുഖങ്ങൾ വല്ലാതെ വികസിച്ചു.
ഏത് ഓണം കേറാ മൂലയിലായാലും വേണ്ടില്ല, എന്തായാലും അറക്കാനല്ല കൊണ്ടു പോകുന്നതെന്ന് ഉറപ്പായി...! പിന്നെ ഞങ്ങളെല്ലാം വണ്ടിയിൽ നിന്നിറങ്ങി. ഫിലിപ്പൈനിയോടൊപ്പം ആ കടയിലേക്ക് നടന്നു. ഫിലിപ്പൈനി അകത്തു ചെന്ന് അലമാര തുറക്കലും പെപ്സിയെടുക്കലും ബ്രെഡ് പാക്കറ്റ് എടുക്കലും ഒക്കെ ഞങ്ങൾ കാണുന്നുണ്ട്. എന്നിട്ടും ഞങ്ങൾക്ക് ധൈര്യമായിട്ട് അതു പോലെ ചെയ്യാൻ എന്തോ ഒരു മടി. ഇവിടെ ജോലിക്കാരെ ഒന്നിനേം കാണാനുമില്ല.

നാട്ടിലെ പലവ്യഞ്ജനക്കടയിലെ ഒരോർമ്മയിലാണ് ഞങ്ങൾ. അവിടെ എന്തും കടക്കാരനോട് പുറത്തു നിന്നും ചോദിച്ചാലെ എടുത്തു തരികയുള്ളു. നമ്മൾക്ക് പുറത്തു നിന്നും എടുക്കാവുന്നത് ഇറയത്ത് നനഞ്ഞു കുതിർന്ന ചാക്കിലിരിക്കുന്ന ഉപ്പു മാത്രം. നമ്മൾക്ക് അകത്തു കടക്കാൻ അനുവാദം തരില്ലല്ലൊ. ഞങ്ങളുടെ നിൽ‌പ്പ് കണ്ട്, ഒരു പ്ലാസ്റ്റിക് കൊട്ടയിൽ പെറുക്കിയിട്ട സാധനങ്ങളുമായി കൌണ്ടറിനടുത്തു വന്ന ഫിലിപ്പൈനി ചോദിച്ചു.
"നിങ്ങളെന്താ നോക്കി നിൽക്കണെ... വേഗം അകത്തു കയറി ആവശ്യമുള്ളതെടുക്ക്... ഇവിടെ എടുത്തു തരാൻ ആളൊന്നുമില്ല...”
അപ്പോഴാണ് ഞങ്ങൾക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായത്. പിന്നെ മടിച്ചില്ല. ഞങ്ങൾ ഓരോ പ്ലാസ്റ്റിക് കൊട്ട കയ്യിലെടുത്ത് നടക്കാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു സംശയം ബലപ്പെട്ടത്.  ഞങ്ങൾ മൂന്നു പേർക്കും പ്രത്യേകം പ്രത്യേകം വാങ്ങണൊ അതോ ഒന്നിച്ചു വാങ്ങണോ...? ഫിലിപ്പൈനിയുടെ അടുത്തു ചെന്ന് സുരേന്ദ്രൻ ചോദിച്ചു.
“ഞങ്ങൾക്ക് ഒരിടത്താണൊ ജോലി...?”
“അതേ... ഒരു മുറിയിൽ തന്നെ താമസവും..!”

അതോടെ അതുവരെയുള്ള ഞങ്ങളുടെ ആശങ്കകളെല്ലാം അകന്നു. പ്ലാസ്റ്റിക് കൊട്ട മാറ്റിയിട്ട് വലിയ ട്രോളി തന്നെ സുരേന്ദ്രൻ ഉരുട്ടിക്കൊണ്ടു വന്നു. അതിൽ ഞങ്ങൾ അത്യാവശ്യം വേണ്ടതൊക്കെ എടുത്ത് ഇട്ടു. കൂട്ടത്തിൽ കുറച്ച് ഉണക്കമീനും മൂന്നാലു തരം അച്ചാറു കുപ്പികളും. ഈ സൂപ്പർ മാർക്കറ്റ് രീതിയൊക്കെ അവിടന്നാണ് ആദ്യം പഠിച്ചു തുടങ്ങുന്നത്. ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു താനും.  നമ്മൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങളൊക്കെ ചോദിച്ചു വാങ്ങിയിരുന്ന കാലത്ത്, ത്രാസ്സിലിട്ട്  തൂക്കി കടലാസു കൊണ്ട് കുമ്പിളു കൂട്ടി പൊതിഞ്ഞ് ചാക്കു നൂലു കൊണ്ട് കെട്ടി തന്നിരുന്ന ആ ഗ്രാമീണ രീതിയിൽ നിന്നും  അകത്തു കയറി ആവശ്യാനുസരണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തരുന്നത് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

പിന്നേയും ഞങ്ങൾ യാത്ര തുടർന്നു. വണ്ടിയിൽ ഇരിക്കുമ്പോഴും കടയെക്കുറിച്ചായിരുന്നു ഞങ്ങളുടെ സംഭാഷണങ്ങൾ. അതിനിടക്ക് ഡ്രൈവർ ഫിലിപ്പൈനിയുമായി ഞങ്ങൾ കൂടുതൽ അടുത്തു. അവൻ വെറും  ഡ്രൈറൊന്നുമല്ല. ‘എൻ‌ജിനീയറാത്രെ...!’

'മുറിയിൽ നിന്നും പുറത്തിറങ്ങരുത്, ഒച്ചയിൽ സംസാരിക്കരുത്' എന്നൊക്കെ പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചതെന്തിനായിരുന്നു എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ പറഞ്ഞു.
“നമ്മുടെ ഓഫീസ്സ് ഇരിക്കുന്ന സ്ഥലം  റെസിഡൻഷ്യൽ ഏരിയ ആണ്. സൌദികൾ മാത്രമാണ് അവിടെ താമസം. പിന്നെ ‘ഇക്കാമ’ കയ്യിലില്ലാതെ പുറത്തിറങ്ങിയാൽ പോലീസ്സ് പിടിക്കും. പിടിച്ചാൽ പിന്നെ വലിയ പാടാണ് പുറത്തിറങ്ങാൻ... നിങ്ങളുടെ ഇക്കാമ ഇന്നാണ് കിട്ടിയത്. അതുകൊണ്ട് നിങ്ങളെ ഞാൻ എടുത്തു. മറ്റുള്ളവരുടെ കിട്ടിയിട്ടില്ല.”
അപ്പോഴാണ് ഞങ്ങൾ വെറുതെ അനാവശ്യമായാണ് ഭയവും കൊണ്ടു നടന്നിരുന്നതെന്ന് ബോദ്ധ്യമായത്.
“എന്നാപ്പിന്നെ ആ പണ്ടാറക്കാലന്മാർക്ക് അതൊന്നു തുറന്നു പറയരുതോ.. എത്ര ദിവസങ്ങളായി ടെൻഷനടിച്ച് കഴിച്ചു കൂട്ടുന്നു...!”
സുരേന്ദ്രൻ പല്ലും കടിച്ചു പിടിച്ച് പറഞ്ഞത് ഞങ്ങളിൽ അപ്പോൾ ചിരി ഉയർത്തിയെങ്കിലും, കഴിഞ്ഞ കുറേ ദിവസങ്ങളിൽ അനുഭവിച്ച മാനസ്സിക പീഠനം അതിനും മേലെയായിരുന്നു.

എവിടെയൊക്കെയോ കറങ്ങി. വഴി പല പ്രാവശ്യം തെറ്റിയെന്നാണ് ഞങ്ങൾ വിചാരിച്ചത്. ചില സ്ഥലങ്ങളിൽ ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഫിലിപ്പൈനി ഇറങ്ങിപ്പോകും. കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന് വണ്ടിയെടുക്കും. ഉച്ചക്ക് ബ്രെഡും ജാമും കൊക്കോകോളയും കഴിച്ച് വിശപ്പടക്കി. ഫിലിപ്പൈനിയും ആദ്യമായിട്ടാണ്  ഈ വഴിയൊക്കെ വരുന്നതെന്നു തോന്നുന്നു.

ഹൈവേയിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതും കുറേ പോലീസ്സുകാർ വണ്ടി തടഞ്ഞു. വണ്ടി നിറുത്തിയ ഫിലിപ്പൈനി ഞങ്ങളെ നോക്കി പറഞ്ഞു.
“എല്ലാവരും ഇക്കാമ എടുത്തു പിടിക്ക്.... ഡോർ ഗ്ലാസും താഴ്ത്തിക്കോ.. ”
അതു കേട്ട് ഞങ്ങൾ ഇക്കാമ എടുത്തു കയ്യിൽ പിടിച്ചു. ഡോർ ഗ്ലാസ്സും താഴ്ത്തി വച്ചു. ഒരു പോലീസ്സുകാരൻ അടുത്തു വന്നപ്പോൾ ഫിൽ‌പ്പൈനി ആദ്യം ഇക്കാമ കൊടുത്തു. പിന്നാലെ ഞങ്ങൾ ഓരോരുത്തരും. വാങ്ങുന്ന നേരം ഇക്കാമ തുറന്ന് അതിലെ ഫോട്ടൊയും ഞങ്ങളെയും നോക്കുന്നുമുണ്ട് പോലീസ്സുകാരൻ. എല്ലാം കഴിഞ്ഞിട്ട് ഒരെണ്ണം ആദ്യം പോലീസ്സുകാരൻ അതിന്റെ ഉടമസ്ഥന്റെ കയ്യിൽ കൊടുത്തു. ബാക്കിയുള്ളത് ഒന്നിച്ച് ഫിലിപ്പൈനിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് തിരിഞ്ഞു നടന്നു. വണ്ടിയെടുത്ത ഫിലിപ്പൈനി കാർപ്പിച്ച് തുപ്പുന്നതുപോലെ ഒരാംഗ്യം കാട്ടിയിട്ട് പറഞ്ഞു. “ഹറാമി..!”

ഏതോ തെറിവാക്കാണ് ഫിലിപ്പൈനി പറഞ്ഞതെന്ന് തോന്നി. പിന്നീടാണ് അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. അന്നേരമാണ് ഇക്കാമയിലെ വ്യത്യാസവും മനസ്സിലാക്കിയത്. മുസ്ലീങ്ങൾക്കും അല്ലാത്തവർക്കും പ്രത്യേകം കളറിലാണ് പുറം ചട്ടയുള്ളത്. ഞങ്ങളുടെ കൂടെയുള്ള സുഹൃത്ത് അബ്ദുൾ ഖാദറിന്റെ ഇക്കാമയാണ് കയ്യിൽ കൊടുത്തത്. വിവരം അറിഞ്ഞ അബ്ദുൾഖാദറിന്റെ മുഖം വിളറി വെളുത്തിരുന്നു. ഫിലിപ്പൈനി പറഞ്ഞു.
“വിദ്യാഭ്യാസവുമില്ല വിവരവുമില്ല. ആകെ ഈ ഫോട്ടൊ ഒത്തു നോക്കാൻ മാത്രേ അറിയുള്ളു ആ കഴുതകൾക്ക്...”

അവസാനം സന്ധ്യ ആയപ്പോഴാണ് ഞങ്ങളെ ഇറക്കേണ്ട സൈറ്റിൽ എത്തിയത്. നാലു വശവും പൊക്കമുള്ള മതിലുകളാൽ ചുറ്റപ്പെട്ടിരുന്ന അവിടെ ഇരുട്ട് കട്ട പിടിക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. മതിലുകൾക്ക് പുറത്ത് കറുത്തിരുണ്ട മലകളെപ്പോലെ എന്തോ ഞങ്ങളെ വലയം ചെയ്തിരിക്കുന്നതു പോലെ തോന്നി. ഏതോ വലിയ മലനിരകളുടെ അടിവാരത്തിലേ  അഗാഥമായ ഒരു കൊക്കയിലാണ് എത്തിപ്പെട്ടിരിക്കുന്നതെന്നു സംശയിച്ചു.  വഴിയിൽ ചിലയിടത്ത് കണ്ട അന്തമില്ലാത്ത മരുഭൂമിയൊന്നും ഇവിടെയെങ്ങുമില്ല. മൂന്നു നാലു കെട്ടിടങ്ങൾ ഞങ്ങൾക്കു ചുറ്റും ഉണ്ടായിരുന്നു. എല്ലാം ഇരുളടഞ്ഞു കിടന്നിരുന്നു. ഒരിടത്തും ഒരു തുള്ളി വെളിച്ചം കാണ്മാനുണ്ടായിരുന്നില്ല. ആകാശത്തിന്റെ കരുത്തിരുണ്ട നീലിമയിൽ ചുടുകാറ്റ് നന്നായി വീശുന്നുണ്ടായിരുന്നു.

ഫിലിപ്പൈനി ഇറങ്ങി ഞങ്ങളുടെ തൊട്ടടുത്ത കെട്ടിടത്തിന്റെ ഷട്ടർ പൊക്കാൻ ശ്രമിച്ചു. അത് അനങ്ങുന്ന മട്ടില്ല. പിന്നെ ഞങ്ങൾ മൂന്നു പേരും കൂടിച്ചേർന്ന് ഒരു കണക്കിനു പൊക്കി വച്ചു. വർഷങ്ങളായിട്ടുണ്ടാവും ഷട്ടർ പൊക്കിയിട്ടെന്നു തോന്നി. അതു പോലെ മറ്റു രണ്ടെണ്ണം കൂടി ഉണ്ടായിരുന്നു. അതും ഞങ്ങൾ പണിപ്പെട്ട് പൊക്കി വച്ചു. ഫിലിപ്പൈനി വണ്ടിയിൽ നിന്നും ടോർച്ച് എടുത്തു കൊണ്ടു വന്ന് അടിച്ചപ്പോഴാണ് അതിനകത്ത് കൂറ്റൻ 'ജനറേറ്ററുകളാ'ണെന്ന് മനസ്സിലായത്. എല്ലാം പൊടി പിടിച്ച്  കിടക്കുകയായിരുന്നു. ഫിലിപ്പൈനി തന്ന തുണി കൊണ്ട് ഒരെണ്ണത്തിന്റെ പൊടി മാത്രം തുടച്ചു കളഞ്ഞ് ചെറുതായിട്ടൊന്നു വൃത്തിയാക്കി.

അപ്പോഴേക്കും ഫിലിപ്പൈനിയും ഞാനും  കൂടി വണ്ടിയിൽ നിന്നും രണ്ടു പുതിയ ബാറ്ററി എടുത്ത് കണക്ട് ചെയ്തു.  ഫിലിപ്പൈനി പറഞ്ഞു.
“നിങ്ങൾ പുറത്തിറങ്ങി നിൽക്ക്. ഇത് ഒരെണ്ണം ഓടിക്കാൻ പറ്റുമോന്ന് നോക്കട്ടെ...”
ഞങ്ങൾ പുറത്തിറങ്ങി മാറി നിന്നു. ഫിലിപ്പൈനി അത് ഒറ്റയടിക്കു തന്നെ സ്റ്റാർട്ടാക്കി. ഇടി വെട്ടുന്നതു പോലെ, ചെവിക്കല്ലു പൊട്ടിപ്പോകുന്ന തരത്തിലാണ് ശബ്ദം. അറിയാതെ ചെവി പൊത്തിപ്പോയ ഞങ്ങൾ കുറച്ചു കൂടി ദൂരേക്ക് ഓടി മാറി.  നിമിഷങ്ങൾ കഴിഞ്ഞതും അവിടെമാകെ പൂ പോലെ വെളിച്ചം...!


ബാക്കി നവംബർ 1-ന്...

Tuesday, 1 October 2013

നോവൽ.. മരുഭൂമി....


{സുഹൃത്തുക്കളെ,
ഒരു പ്രവാസ കഥ കൂടി എഴുതുകയാണ്. കാൽ നൂറ്റാണ്ട് പഴക്കമുണ്ട് ഈ കഥക്ക്.  നിങ്ങളേവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം വീകെ.}

നോവൽ  മരുഭൂമി


1. അറവുമാടുകൾ...


                                         വിടെ വന്നിട്ട് രണ്ടാഴ്ചയായെങ്കിലും ഞങ്ങൾക്കെന്താണ് ജോലിയെന്നോ, ദിവസവും ഞങ്ങളിൽ ചിലരെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്നോ ഒരറിവും ഇല്ലായിരുന്നു.  ദിവസവും  ഞങ്ങളുടെ മുറിയുടെ മുകളിലുള്ള ഓഫീസിൽ നിന്നും ഒരു ഈജിപ്ഷ്യൻ ഇറങ്ങിവരും. അവന്റെ തടി കാരണം നടക്കാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. ഞങ്ങളുടെ മുറിയുടെ  വാതിൽ നേരെ കടക്കാൻ അവനാവില്ല. അതിനാൽ ഒരു വശം ചരിഞ്ഞാണ് മുറിയിൽ കടക്കുക. അന്നേരം അവന്റെ കയ്യിൽ ഒരു പേപ്പറും ഉണ്ടാകും. വന്ന വഴി അവൻ എല്ലാവരേയും ഒന്ന് എണ്ണി നോക്കും. എന്നിട്ട് പേപ്പറിൽ നോക്കി പേരു വിളിക്കും. മൂന്നേ മൂന്നു പേരു മാത്രമെ വിളിക്കുകയുള്ളു.  എന്നിട്ടവൻ ആഞ്ജാപിക്കും.
‘ഗെറ്റ് റെഡി..!’

അതോടെ എല്ലാവർക്കും ഒരു വിറയലാണ്. അവരെ ഒരുക്കേണ്ടത് തങ്ങളുടേയും കടമയാണെന്നൊരു തോന്നൽ. നാളെ ഈ വിളി തങ്ങളുടെ പേരായിരിക്കും. കഴിഞ്ഞ കുറച്ചു  ദിവസത്തെ  പരിചയം കാരണം മറ്റുള്ളവരും ചാടി എഴുന്നേൽക്കും. എല്ലാവരും ഒത്തു ചേർന്ന് പോകുന്നവരുടെ പെട്ടികളെല്ലാം അടുക്കിക്കെട്ടി വക്കും. ഏതാണ്ടൊരു യാത്ര അയപ്പിന്റെ, വേർപിരിയലിന്റെ ഒക്കെ ഒരു ഗദ്ഗദത്തിനപ്പുറം അറക്കാനായി തെരഞ്ഞെടുത്തയക്കുന്ന അറവമാടുകളുടെ മുഖമായിരിക്കും പോകുന്ന മൂന്നുപേർക്കും. മുറിയിൽ ബാക്കി അവശേഷിക്കുന്നവർക്കും മറ്റൊരു മുഖമല്ല. നാളെ തങ്ങളുടെ ഊഴമായിരിക്കുമെന്ന തിരിച്ചറിവ് ആ ഭയം കെട്ടി നിന്ന മുഖങ്ങളിൽ പ്രകടമാണ്. ആർക്കും അധികം സംസാരമൊന്നുമില്ല.
തമാശരൂപത്തിലാണെങ്കിലും ‘അറക്കാൻ കൊണ്ടു പോകുകയാണെന്നാ’ അതിന്  ചിലർ രഹസ്യമായി പറയുന്നത്.

നാട്ടിൽ പൊറോട്ട അടിക്കാൻ നിന്നവനും ചുമട്ടു തൊഴിലാളി ആയിരുന്നവനും ഒരു പണിയുമില്ലാതെ തേരാപ്പാരാ നടന്നവനും സെയിൽ‌സ് എക്സിക്ക്യൂട്ടായിരുന്നവനും പിന്നെ നാട്ടുകാർക്കും വീട്ടുകാർക്കും ശല്യമായിട്ട് അവിടന്ന് കേറ്റി വിട്ടവനും ഒക്കെയായ കുറെ ആളുകളെ ആടുകളെപ്പോലെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുന്നു. പുറത്തിറങ്ങാൻ പാടില്ല. ഒച്ചയിൽ സംസാരിക്കാൻ പാടില്ല. ഇത്യാദി നിർദ്ദേശങ്ങളും. ദിവസവും മുമ്മൂന്നു പേരെ മാത്രം ഒരു വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നു. പിന്നെ അവരെക്കുറിച്ച് ഒരു വിവരവുമില്ല. എവിടെ കൊണ്ടു പോകുന്നു, എന്തു ചെയ്യുന്നുവെന്ന് ആർക്കുമറിയില്ല.  കൊണ്ടു പോകുന്ന ഫിലിപ്പൈൻ‌കാരനെ പിറ്റെ ദിവസം അടുത്ത മൂന്നു പേരെ കൊണ്ടു പോകാൻ വരുമ്പോൾ മാത്രമെ വീണ്ടും കാണുകയുള്ളു. അവനോടെന്തെങ്കിലും ചോദിക്കാനുള്ള അവസരം ഒരിക്കലും ആർക്കും കിട്ടിയുമില്ല. ചില ദിവസങ്ങളിൽ അവൻ വരികയില്ല. അന്ന് ഞങ്ങളിലാരേയും അറക്കാനായി കൊണ്ടു പോകില്ല. അതുകാരണം ഞങ്ങൾ തന്നെ പടച്ചുണ്ടാക്കിയ ചില ഭീകരകെട്ടുകഥകളുടെ പിറകെ പോയി, വെറുതെ പേടിച്ചു വിറച്ച് കഴിച്ചു കൂട്ടും.

വാസ്തവത്തിൽ ഞങ്ങളെല്ലാം ഒരു തരം ജീവഛവങ്ങളേപ്പോലെയാണ് അവിടെ കഴിഞ്ഞിരുന്നത്. വന്ന അന്നു തന്നെ ഇതിലൊക്കെ എന്തോ പന്തികേടു തോന്നിയ സുനിലിന്റെ സമനില തന്നെ തെറ്റിയിരുന്നു. അവന്റെ കൂടെ ഡൽഹിയിൽ നിന്നും വന്ന ഒരു കൂട്ടുകാരൻ പറഞ്ഞത്, അവിടന്ന് പുറപ്പെടുമ്പോഴും സുനിൽ നോർമലായിരുന്നില്ലത്രെ. ഇവിടത്തെ ഈ രീതികളിൽ ഒന്നു കൂടി പതറിപ്പോയ  അവന്റെ സമനില പിന്നെ വീണ്ടെടുക്കാനായില്ല.  ചീത്ത പറഞ്ഞും പേടിപ്പിച്ചും പിന്നെ അടിച്ചും ഒക്കെ ആ തടിയൻ ഈജിപ്ഷ്യൻ സുനിലിനെ നേരെയാക്കാൻ നോക്കി.
പക്ഷെ, അവനേയും ഒരു ദിവസം ഒറ്റക്ക് കാറിൽ കയറ്റിക്കൊണ്ടു പോയി. പിന്നെ ഒരു വിവരവുമില്ല. അതോടെയാണ് ഞങ്ങളിൽ ആകെ ഒരു ഭയം പിടി കൂടിയത്. അന്നത്തെ തടിയൻ ഈജിപ്ഷ്യന്റെ സുനിലിനോടുള്ള പ്രകടനവും കൂടി കണ്ടതോടെ എന്തെങ്കിലും ഒന്നു ചോദിക്കാനുള്ള കെൽ‌പ്പും ആർക്കും ഇല്ലാതായി. ഞങ്ങൾ എല്ലാവരും ആദ്യമായി ഗൾഫ് കാണുന്നവരും.

അത് കഴിഞ്ഞാണ് ഞങ്ങളിൽ നിന്നും തിരഞ്ഞെടുത്തതു പോലെ മുമ്മൂന്നു പേരെ കൊണ്ടു പോകാൻ തുടങ്ങിയത്. ഇന്നത്തെ ഊഴം ഞങ്ങൾ മൂന്നു പേർക്കാണ് നറുക്ക് വീണത്.  പെട്ടിയെല്ലാം കെട്ടിക്കഴിയുമ്പോഴേക്കും തടിയൻ ഞങ്ങളെ മൂന്നു പേരേയും ഓഫീസ്സിലേക്ക് വിളിപ്പിച്ചു. അറബിയിൽ മാത്രം എഴുതിയ ഏതെല്ലാമൊ  പേപ്പറുകളിൽ ഒപ്പിടുവിച്ചിട്ട്  ഇരുന്നൂറു  സൌദി റിയാൽ ഓരോരുത്തർക്കും തന്നു. കൂടാതെ ‘ഇക്കാമ’ എന്ന ഒരു കുഞ്ഞു പുസ്തകവും കയ്യിൽ തന്നു.

അതിനു ശേഷം ഞങ്ങളെ കെട്ടിടത്തിന്റെ പിറകിലുള്ള ഒരു മുറിയിൽ കൊണ്ടു പോയി. അതിനു മുൻപിൽ ഞങ്ങളെ കൊണ്ടു പോകാനുള്ള പിക്കപ്പ് കിടന്നിരുന്നു. ഫിലിപ്പൈൻ‌കാരൻ ഡ്രൈവർ ഇറങ്ങി വന്ന് ആ മുറി തുറന്നപ്പോഴാണ്, അതൊരു സ്റ്റോർ മുറിയാണെന്ന് മനസ്സിലായത്. അതിനകത്തു നിന്നും മൂന്നു ഇരുമ്പിന്റെ കട്ടിൽ എടുത്ത് ഞങ്ങളെക്കൊണ്ട് വണ്ടിയിൽ വയ്പ്പിച്ചു. മൂന്നു ബെഡ്ഡും മൂന്നു തലയിണയും അതിനുള്ള ഓരോ ഷീറ്റും. പിന്നെ ചെറുതും വലുതുമായ മൂന്നു അലൂമിനിയം കലങ്ങൾ, ചപ്പാത്തി പരത്താനുള്ള ഒരു പലകയും ഒരു കോലും. പിന്നെ ചായ തിളപ്പിക്കാനുള്ള സ്വർണ്ണക്കളറടിച്ച ഒരു പാത്രം. മൂന്നു ഗ്ലാസ്സ്, മൂന്ന് സ്പൂൺ കൂടാതെ മൂന്നു വലിയ കൈലും. ചെറുതും വലുതുമായ മൂന്നു കത്തികൾ. കൂടാതെ ഒരു നിറ സിലിണ്ടറും രണ്ടു അടുപ്പിന്റെ ഒരു സ്റ്റൌവും. മാത്രമല്ല ഒരു പ്ലാസ്റ്റിക് ബക്കറ്റും ബ്രഷും. ചുരുക്കം പറഞ്ഞാൽ ഒരു മൂന്നു പേരുള്ള കുടുംബത്തിനു അത്യാവശ്യം  വേണ്ടതെല്ലാം ഉണ്ട്. എല്ലാം വണ്ടിയിൽ കയറ്റിക്കഴിഞ്ഞ് ഞങ്ങൾ മൂന്നു പേരും അകത്തു കയറി ഇരുന്നു. ഡ്രൈവറോടൊപ്പം മുന്നിലിരുന്ന ഞാൻ പിന്നിലേക്ക് തിരിഞ്ഞ് കൂട്ടുകാരോടായി പറഞ്ഞു.
“അപ്പോ.. കൊല്ലാനല്ലാ.. അല്ലെ...?”
പിന്നിലിരുന്നവർ അന്യോന്യം നോക്കിയതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല. വണ്ടി മുന്നോട്ട് നീങ്ങിയതോടെ സുരേന്ദ്രൻ ശബ്ദം കുറച്ച് പറഞ്ഞു.
“കുറച്ചു കഴിയട്ടെ. ഇവനോട് തന്നെ നമ്മക്ക് ചോദിക്കാം..”

അതെല്ലാം കയറ്റി ഞങ്ങളുടെ മുറിയുടെ മുന്നിലെത്തിയപ്പോൾ പെട്ടിയുമായി കൂട്ടുകാർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പെട്ടികളും കൂടി കേറ്റിയതോടെ വണ്ടി നിറഞ്ഞു. ഡ്രൈവർ അതെല്ലാം പ്ലാസ്റ്റിക് കയറുപയോഗിച്ച് വലിച്ചു കെട്ടി ഉറപ്പാക്കി. അപ്പോഴേക്കും പത്തു മണി കഴിഞ്ഞിരുന്നു. കൂട്ടുകാരുടെ മൌന വിടപറയലോടെ കണ്ണുകൾ നിറഞ്ഞു പോയ ഞങ്ങൾക്കും അധികമൊന്നും സംസാരിക്കാനായില്ല.

കൊല്ലാനാണൊ ജീവിപ്പിക്കാനാണൊ എന്നറിയാതെ ഞങ്ങളും ഞങ്ങളെ യാത്രയയച്ചവരും ഒരു പോലെ വിഷണ്ണരായിരുന്നു. ഫിലിപ്പൈൻ‌കാരൻ വണ്ടി മുന്നോട്ടെടുത്തു. ഒരു പക്ഷെ,  ഇനിയൊരിക്കലും തമ്മിൽ കാണാൻ കഴിഞ്ഞില്ലെങ്കിലോയെന്ന ചിന്ത ഞങ്ങളിൽ വലിയ നടുക്കമാണുണ്ടാക്കിയത്. കഴിഞ്ഞ രണ്ടാഴ്ച ഒന്നിച്ച് അരി വച്ച്, കറിയുണ്ടാക്കി ഒരുമയോടെ കഴിഞ്ഞവരാണ് എവിടെന്നൊക്കെയോ ഒരു ഫ്ലൈറ്റിൽ വന്ന് ഇവിടെ ഒത്തുചേർന്ന ഞങ്ങൾ എല്ലാവരും. മൂന്നു ഹിന്ദിക്കാരൊഴികെ എല്ലാവരും മലയാളികൾ. നിറഞ്ഞ കണ്ണുകളോടെ പുറം തിരിഞ്ഞ് നോക്കിയെങ്കിലും ഒരു വളവിൽ അവരെല്ലാം മറഞ്ഞു പോയിരുന്നു....

ബാക്കി പതിനഞ്ചാം തീയതി.

Sunday, 1 September 2013

കഥ.



കുളിർമഴ....


ഫോണിന്റെ ബെല്ലടി കേട്ടാണ് ചന്ദ്രൻ ഞെട്ടി  ഉണർന്നത്. അലാറം ആയിരിക്കുമെന്ന് കരുതിയാണ് എഴുന്നേറ്റത്. ഉടനെ ഒരു കട്ടൻ ചായ ഉണ്ടാക്കി ഹാളിൽ വന്നിരുന്നു. ടീവി ഓൺ ചെയ്തിട്ട് ചായ ഊതി ഊതി കുടിക്കുമ്പോഴാണ് അക്കാര്യം ഓർത്തത്.
‘ഇന്നെന്താ ആരും എഴുന്നേൽക്കാഞ്ഞത്... സാധാരണ താൻ എഴുന്നേറ്റു വരുമ്പോൾ തോമസ്സ് ഇവിടെ പേപ്പറും വായിച്ചിരിക്കാറുള്ളതാണല്ലൊ...’
അപ്പോഴാണ് ക്ലോക്കിലേക്ക് നോക്കിയത്. നേരം അഞ്ചുമണി ആകുന്നതേയുള്ളു. ആറരക്ക് വച്ചിരിക്കുന്ന അലാറം പിന്നെങ്ങനെ അഞ്ചിനു മുൻപായി അടിച്ചു...?
സംശയം തീരാനായി മുറിയിൽ ചെന്ന് കട്ടിലിന്റെ തലക്കലെ മോബൈലെടുത്ത് നോക്കി. അതൊരു മിസ്ക്കാളായിരുന്നു.
‘ഈ കൊച്ചു വെളുപ്പാൻ കാലത്ത് ആരായിരിക്കും’  അങ്ങനെ ചിന്തിച്ചതും ഉള്ളൊന്നു നടുങ്ങി.

സുഭദ്രക്ക് ഇത് പത്താം മാസമാണ്. ഇനിയും രണ്ടാഴ്ച കൂടിയുണ്ട് പ്രസവത്തിന്. വേഗം മിസ്ക്കാൾ ഏതെന്നു നോക്കിയപ്പോൾ സുഭദ്ര തന്നെയാണ്. കണ്ടതും വീണ്ടും ഒന്നു നടുങ്ങി. വായിലെ വെള്ളവും വറ്റി. വേഗം ഡയൽ ചെയ്ത് ചെവിയിൽ വച്ച് ഹാളിൽ വന്നിരുന്നു. റിങ് ശബ്ദം കേൾക്കുന്നുണ്ട്. ചായ ചൂടോടെ തന്നെ ഒന്നു രണ്ടു വലി അകത്താക്കിയപ്പോഴേക്കും സഭദ്രയുടെ ശബ്ദം ‘ഹലോ’രൂപത്തിൽ ചെവിയിൽ മുഴങ്ങി.

വെളുപ്പിന് വേദന തോന്നിയപ്പോൾ ഒരു കാറു വിളിച്ച് പോന്നതാണ്. പ്രസവം ഇന്നുണ്ടാകും. ഇനിയും രണ്ടാഴ്ചകൂടി ഉണ്ടല്ലൊയെന്ന ആശ്വാസത്തിലിരിക്കുകയായിരുന്നു ചന്ദ്രൻ. അപ്പോഴേക്കും ശമ്പളവും കിട്ടും. വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടന്നു പോകുമായിരുന്നു. അവളുടെ കയ്യിൽ ഒന്നുമില്ലെന്ന് അറിയാമായിരുന്നു.

രൂപയുടെ വില കുറയുന്ന വാർത്തയ്ക്കായിരുന്നു ചാനലിൽ മുൻ‌തൂക്കം. രൂപയുടെ വില ഇതു പോലെ കുറഞ്ഞാൽ നമ്മുടെ നാട് കുളം തോണ്ടിയതു തന്നെ. അന്നേരമാണ് ചന്ദ്രൻ ഭാര്യയുടെ പ്രസവത്തിന് പൈസ ഒപ്പിക്കേണ്ടതിനെക്കുറിച്ച് ബോധവാനാകുന്നത്.

നേരം വെളുത്തതോടെ ഓരോരുത്തർ എഴുന്നേറ്റ് വരാൻ തുടങ്ങി. ഫ്ലാറ്റിലെ ആരോടും ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. തന്നേപ്പോലെ തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണ് അവരും. ശമ്പളം കിട്ടിയാൽ വാടകയും ഭക്ഷണച്ചിലവും മാത്രം മാറ്റി വച്ചിട്ട് ബാക്കി അപ്പാടെ നാട്ടിലയക്കുന്നവരാണ്. പിന്നെ എന്തു അത്യാവശ്യം വന്നാലും അല്പസ്വല്പമൊക്കെ ആരോടെങ്കിലുമൊക്കെ കടം വാങ്ങി കാര്യം നടത്തും. അധികവും വേണ്ടിവരാറില്ല. ഭക്ഷണ സാധനങ്ങളുൾപ്പടെ എന്തും സാധാരണ കോൾഡ് സ്റ്റോറിൽ കിട്ടും. അവിടെയാണ് എല്ലാവരുടേയും അക്കൌണ്ട്. അതുകൊണ്ട് ശമ്പളം കിട്ടുന്നതു വരേക്കും കയ്യിൽ പൈസയുടെ ആവശ്യം വരുന്നില്ല.

പിന്നെ ചില പുത്തൻ കുറ്റുകാരുണ്ട്. അവർക്ക് സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നൊക്കെ കേട്ടാൽ ഹരമിളകുന്നവർ. അവർക്ക് സാമാന്യം ശമ്പളക്കൂടുതൽ ഉള്ളവരാകും. അവർ അഞ്ചു ദിനാർ തികച്ചു കയ്യിലുണ്ടെങ്കിൽ ഏതെങ്കിലും സൂപ്പർമാർക്കറ്റോ അല്ലെങ്കിൽ ഹൈപ്പർ മാർക്കറ്റോ തേടിപ്പോകും. അങ്ങനെ ഒരാൾ മുറിയിലുണ്ട്. ദിനേശ്.   അവന്റെ കയ്യിലെ കാശ് കാണുകയുള്ളു. അവൻ എഴുന്നേൽക്കണമെങ്കിൽ എട്ടു മണിയെങ്കിലും ആകും. അവന്റെ കയ്യിൽ കാശില്ലാതാകുമ്പോൾ കോൾഡ് സ്റ്റോറിൽ നിന്നും സാധനങ്ങൾ ചന്ദ്രന്റെ അക്കൌണ്ടിൽ കടം വാങ്ങിക്കൊടുക്കാറുള്ളതാണ്. അതുകൊണ്ട് ചോദിച്ചാൽ തരാതിരിക്കില്ല. ആ ഒരു ഉറച്ച വിശ്വാസത്തിലായിരുന്നു ചന്ദ്രൻ.

പ്രാഥമിക പരിപാടികളെല്ലാം കഴിഞ്ഞ് ദിനേശൻ ഉണരുന്നതും നോക്കി അക്ഷമയോടെ ചന്ദ്രൻ കാത്തിരിക്കുമ്പോഴും ഓർമ്മ വരുന്ന നമ്പറുകളിൽ വിളിച്ച് പണം സംഘടിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ആരും കൊടുക്കാൻ തെയ്യാറായില്ല. പലരും ഇല്ലാഞ്ഞിട്ടല്ല കൊടുക്കാതിരുന്നത്. ചന്ദ്രൻ മേടിച്ചാൽ കൊടുക്കാത്തവനുമല്ല. കയ്യിലുള്ളത് സ്വരുക്കൂട്ടി കാത്തു വച്ചിരിക്കുകയാണ് പലരും. ഡോളറുമായി രൂപയുടെ വില കുറയുന്നതും കാത്തിരിക്കുകയാണ്. ഡോളറിന് എഴുപതാകുമെന്ന് ഏതോ ഒരു യൂറോപ്യൻ പറഞ്ഞെന്നും പറഞ്ഞാ ടീവിയിലെ തത്സമയ വാർത്തയും നോക്കിയിരിപ്പ്. ഡോളറിന് അറുപതായപ്പോഴേ കിട്ടാവുന്നത്ര സംഘടിപ്പിച്ച് അയച്ചവരൊക്കെ പറ്റിയ മണ്ടത്തരത്തിന് ഇപ്പോൾ വ്യസനിക്കുകയാണ്.

ഇപ്പോൾ ഒരാളും കടമായി പണം കൊടുക്കില്ലെന്ന തിരിച്ചറിവ് മൂന്നാലു ഫോൺ വിളി കഴിഞ്ഞപ്പോഴേ ചന്ദ്രന് മനസ്സിലായി. ഇനി ആകെ ഒരു പ്രതീക്ഷ ദിനേശിലാണ്.  അവന് എന്തായാലും തന്നെ സഹായിക്കാതിരിക്കാനാവില്ല. പിന്നെ എഴുന്നേറ്റ് വന്നത് രാജേട്ടനാണ്. വിവരം പറഞ്ഞപ്പോൾ തന്നെ രാജേട്ടൻ പറഞ്ഞു.
“ഈ സമയത്ത് ഒരാളും കടം തരില്ല. പലിശക്കു പോലും കടം കൊടുക്കുന്നില്ല. ആരോടും ചോദിച്ചിട്ട് കാര്യമില്ല. താൻ കമ്പനിയിൽ നിന്നു തന്നെ ശമ്പളം അഡ്വാൻസ് വാങ്ങാൻ പറ്റുമോന്ന് നോക്ക്.”
കുറച്ച് കഴിഞ്ഞ് രാജൻ രഹസ്യമായി ചന്ദ്രന്റെ ചെവിയിൽ പറഞ്ഞു.
“ദിനേശന്റെ കയ്യിൽ കാശുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം അവൻ ഇതുവരെ അയച്ചിട്ടില്ല. ഞാനൊരുമിച്ചാ മിനിഞ്ഞാന്നു കാശയക്കാൻ പോയത്. അവിടെ ചെന്നപ്പോൾ അവന്റെ കൂട്ടുകാരൻ ഒരാൾ അതിനകത്തുണ്ടായിരുന്നു. അവൻ പറഞ്ഞു രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് അയച്ചാൽ മതിയെന്ന്. ഇനിയും റേറ്റ് കുറയാൻ സാദ്ധ്യതയുണ്ടെന്ന്. അതു കാരണം അവൻ അയച്ചില്ലെന്ന് മാത്രമല്ല, ഒരു മാസത്തെ ശമ്പളം കൂടി  അഡ്വാൻസും വാങ്ങി കയ്യിൽ വച്ചിട്ടുണ്ട്. ഞാൻ പറഞ്ഞെന്ന് പറയണ്ട...!”
അതു കൂടി കേട്ടതോടെ ചന്ദ്രൻ ആശ്വാസം കൊണ്ടു.

എട്ട് മണി കഴിഞ്ഞിരുന്നു ദിനേശ് എഴുന്നേറ്റ് വരുമ്പോൾ. വന്നപടി ബാത്ത് റൂമിലേക്ക് ചെന്നെങ്കിലും രാജേട്ടൻ അകത്തുണ്ടായിരുന്നതു കൊണ്ട് നേരെ അടുക്കളയിലേക്ക് ചായ തിളപ്പിക്കാനായി കയറി. തൊട്ടു പിറകെ ചന്ദ്രനും എത്തി. അടുക്കളയിൽ വച്ച് ചന്ദ്രൻ പറഞ്ഞു. “ദിനേശെ... ഞാനൊരുത്തിരി ടെൻഷനിലാ... രണ്ടാഴ്ച കഴിഞ്ഞിട്ടേ പ്രസവമുണ്ടാകുള്ളൂന്ന് പറഞ്ഞിട്ട് ഇന്ന് വെളുപ്പിന് ആശുപത്രിയിൽ അഡ്മിറ്റാക്കി. ഇന്നു തന്നെ പ്രസവമുണ്ടാകുമെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നേ... പെട്ടെന്ന് ആശുപത്രിയിൽ വല്ലതും കെട്ടി വക്കേണ്ടി വന്നാൽ അവളുടെ കയ്യിൽ അതിനുള്ള കാശുണ്ടാകാൻ വഴിയില്ല. ശബളം കിട്ടാൻ രണ്ടാഴ്ച കൂടിയില്ലെ. നീയെന്നെ ഒന്നു സഹായിക്കണം. ഒരു നൂറു ദിനാർ തരണം. ശമ്പളം കിട്ടിയാൽ ഉടൻ തരാം...” പ്രതീക്ഷാപൂർവ്വമുള്ള അവസാന കച്ചിത്തുരുമ്പായ ആ ശബ്ദത്തിന് ഏതു കഠിനഹൃദയന്റേയും കരളുരുക്കാനുള്ള ഹൃദയദ്രവീകരണ ടോൺ ആയിരുന്നു.
പക്ഷേ, ആ ഹൃദയമില്ലാത്തവന് കരളേയില്ലായിരുന്നു. കേട്ടതു പടി അവൻ പറഞ്ഞു.
“അയ്യോ... ചന്ദ്രേട്ടാ... ഞാൻ ഉണ്ടായിരുന്ന കാശു മുഴുവൻ ബാങ്കിലേക്കയച്ചു രണ്ടു ദിവസം മുൻപ്. ഡോളറിന് അറുപത് രൂപ  ആയില്ലെ അന്ന് തന്നെ....”

പിന്നീടവൻ മുഖം തിരിച്ച് ചായക്ക് വെള്ളം അടുപ്പത്ത് വക്കാൻ തുടങ്ങി. ചന്ദ്രനു നേരെ മുഖം കൊടുത്തില്ല. അതു മനസ്സിലായ ചന്ദ്രൻ തിരിഞ്ഞു നടന്നു. ആ കണ്ണുകൾ അവസാന കച്ചിത്തുരുമ്പും കൈ വിട്ടതോടെ നിറയാൻ തുടങ്ങി. ബാത്ത് റൂമിൽ നിന്നും ഇറങ്ങി വന്ന രാജന്  ചന്ദ്രന്റെ മുഖം കണ്ടതും ദിനേശനും കൈവിട്ടെന്ന് ബോദ്ധ്യമായി.

അകത്ത് ബെഡ്ഡിൽ പോയി കിടന്ന  ചന്ദ്രന്റടുത്തേക്ക് രാജനും ചെന്ന് കട്ടിലിലിരുന്നു.
രാജൻ പറഞ്ഞു.
“ഇന്നു തന്നെ അയക്കണ്ടെ. നാളത്തേക്കാണെങ്കിൽ എന്റെ കമ്പനിയിൽ നിന്നും അറബി സുഹൃത്തുക്കളോടാരോടെങ്കിലും കടം വാങ്ങിക്കാമായിരുന്നു. എനിക്കിന്നോഫാ... ”
 “പറഞ്ഞിട്ട് കാര്യമില്ല രാജേട്ടാ... രൂപക്ക് വില കുറയുമ്പോൾ  മനുഷ്യത്വം പോലും മരവിക്കുന്നു. ഇതുവരെ കാണിച്ച സ്നേഹം,ദയ, കാരുണ്യം ഒന്നിനും കണ്ണും കാതും ഇല്ലാതാകുന്നു.  ഇനി കമ്പനിയിൽ മാനേജരോട് ചോദിച്ചു നോക്കണം. അതും എനിക്ക് സംശയമാ.. കാരണം കമ്പനിയിലെ രണ്ടിന്റ്യൻസും ഇതിനകം ലോൺ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. അവർക്ക് അത്യാവശ്യമുണ്ടായിട്ടല്ല,  രൂപയുടെ മൂല്യം കുറഞ്ഞത് മുതലാക്കാനായിരുന്നെന്ന് മാനേജർക്ക് മനസ്സിലായി. അതു കൊണ്ടാ ചോദിച്ചാൽ കിട്ടുമോന്ന് എനിക്കും ഒരു സംശയം...”
“ഇനി കിട്ടിയാലും ഇന്നു തന്നെ എങ്ങനെ നാട്ടിലെത്തിക്കും...” രാജൻ
“അതും ഒരു പ്രശ്നമാ.. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് പണമെത്തിക്കാനുള്ള നേരായ സംവിധാനങ്ങളൊന്നും നിലവിലില്ലല്ലൊ..”
“പിന്നെ ‘ഉണ്ടി’യിൽ അയക്കേണ്ടി വരും. ആ കോൾഡ് സ്റ്റോറിലെ മജീദിന്റടുത്ത്  കൊടുത്താൽ മതി. ഫോൺ ചെയ്ത് അവൻ കാശ് ആശുപത്രിയിൽ എത്തിച്ചോളും അപ്പോൾ തന്നെ....”
ചന്ദ്രൻ തലകുലുക്കിയിട്ട് ഡ്രെസ്സ് ചെയ്യാനായി  എഴുന്നേറ്റതും രാജൻ ഓർമ്മിപ്പിച്ചു
"അഥവാ... കമ്പനിയിൽ നിന്നും കാശു കിട്ടിയില്ലെങ്കിൽ വിഷമിക്കണ്ട. എന്നെ വിളിച്ച് പറഞ്ഞാൽ മതി. മജീദിക്കാന്റെ അടുത്ത് കാശ് ഇന്നു തന്നെ ആശുപത്രിയിലെത്തിക്കാൻ ഏർപ്പാടാക്കാം. നാളെ ഞാൻ പൈസ ശരിയാക്കി കൊടുത്തോളാം....!”

നമ്മൾ സഹായിച്ചിട്ടുള്ളവരൊന്നും ഒരാവശ്യം വരുമ്പോൾ കൂടെ ഉണ്ടാവണമെന്നില്ല. പകരം നമ്മൾക്ക് ഒരു പരിചയവുമില്ലാത്തവരാകും പലപ്പോഴും ഓടിയെത്തുക. ഒരു കുളിർമഴ പെയ്ത  മനസ്സുമായി ചന്ദ്രൻ പുറത്തിറങ്ങി നടന്നു....

Thursday, 1 August 2013

കഥ.

ee katha printed/bhavantharangal/ CLS Books/published/

കുറ്റബോധം....


സാധാരണ വെള്ളിയാഴ്ചയാണ് വീടുമായി സ്കൈപ്പു വഴി കണ്ടു സംസാരിക്കുന്നത്.
അതും ഉച്ച കഴിഞ്ഞിട്ടാണ് വിളിക്കൽ പതിവ്. ഒരു കൃത്യ സമയം പതിവുള്ളതു കൊണ്ട് അതിനു മുൻപ് സ്കൈപ്പ് തുറക്കാറില്ല. പിന്നെ നേരത്തെ വരണമെന്നുണ്ടെങ്കിൽ ഒരു മിസ്ക്കാൾ വരും. ഒരേയൊരു മിസ്ക്കാൾ ആണെങ്കിൽ ‘നെറ്റ് തുറക്കൂ, സ്കൈപ്പിൽ വരൂ’ എന്നർത്ഥം. രണ്ടു മിസ്ക്കാൾ അടുപ്പിച്ച് വന്നാൽ ഉടനെ ഫോൺ വഴി തിരിച്ചു വിളിക്കണമെന്നാണ് ഒരു അലിഖിത നിയമം.

ഇന്ന് പതിവില്ലാതെ ഒരു മിസ്ക്കാൾ വന്നപ്പോഴാണ് സമയം നോക്കിയത്. സാധാരണ വിളിക്കാറുള്ള സമയം ആകുന്നതേയുള്ളു. പിന്നെ കുറേക്കഴിഞ്ഞ് വീണ്ടും ഒരെണ്ണം കൂടി വന്നു. ഞാൻ നെറ്റിൽ വരാനാണെന്ന് മനസ്സിലായതോണ്ട്  നേരത്തെ തന്നെ സ്കൈപ്പ് തുറന്നു. തുറക്കുമ്പോഴുണ്ട് എന്റെ മോൻ കണ്ണനാണ് സ്ക്രീനിൽ. ആറിലാണ് പഠിക്കുന്നത്.
“എന്തടാ കണ്ണാ.. കുട്ടനാ മിസ്ക്കാളടിച്ചേ..?”
അവൻ ചെവിക്കൊതുങ്ങാത്ത ഇയർഫോൺ ആ കുഞ്ഞിത്തലയിൽ പിടിപ്പിച്ച്, നിരയൊത്ത  പാൽ‌പ്പല്ലുകൾ ഇളിച്ചു കാട്ടി തലയാട്ടുന്നു.
“ആട്ടെ.. പറയ് എന്താ കാര്യം...?”
“ അതേ.. അഛാ... എനിക്കേയ്...  പിന്നെ.. ഒരു കത വേണം... ഈ കുറ്റബോധത്തിന്റെ കഥ..” “കുറ്റബോധത്തിന്റെ കഥയോ...? അതേത് കഥ..? പട്ടീടെ കഥ, പൂച്ചേടെ കഥ, സിംഹത്തിന്റെ കഥയെന്നൊക്കെ കേട്ടിട്ടുണ്ട്. അതേതു ജീവിയാടാ കണ്ണാ... ഈ കുറ്റബോധം...?”
അവൻ അത് കേട്ടിട്ട് അവിടെയിരുന്ന് തല കുനിച്ച് ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ടിരുന്നു.  ‘ ഈ അഛനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ..’ എന്നാണ് ആട്ടലിന്റെ അർത്ഥമെന്ന് മനസ്സിലായി. എനിക്ക് ചിരി വന്നു. അവൻ തല ഉയർത്തിയിട്ട് പറഞ്ഞു.
“അഛാ.. ഇത് ജീവിയൊന്നോല്ല.. ഈ കുറ്റബോധം കുറ്റബോധം ന്ന് പറഞ്ഞാലേ... ”
അവൻ തലയിൽ ചൊറിയാൻ തുടങ്ങിയെങ്കിലും തല കിട്ടിയില്ല. ഉള്ള തലയിൽ മുഴുവനായി ഇയർ ഫോൺ നിറഞ്ഞിരിക്കയാണ്. തൊടുന്നിടത്തൊക്കെ ഇയർ ഫോൺ. പിന്നെ ആ ഉദ്യമം വേണ്ടെന്നു വച്ചു. അവൻ ദൈന്യതയോടെ എന്നെ നോക്കി.
“എടാ കുട്ടാ... സ്കൂളിലെ മിസ്സ് എന്താ പറഞ്ഞെ...?”
“അതേ അഛാ.. കതേല് കുറ്റബോധംന്ന ഒരു വാക്ക് വേണം... അങ്ങനത്തെ കതയാ മിസ്സ് പറഞ്ഞത്. രണ്ടു പേജിൽ കൂടാൻ പാടില്ല...”
“ഓഹൊ അങ്ങനത്ത കഥയാ വേണ്ടത്... ശരി, അഛൻ ഒന്നാലോചിക്കട്ടേട്ടൊ....”
“ശരി..”
“ അല്ല കുട്ടാ... ഈ കുറ്റബോധംന്ന് പറഞ്ഞാ ന്താന്നാ  കണ്ണൻ മനസ്സിലാക്കിയിരിക്കണേ.... ഒന്നു പറഞ്ഞേ... ”
അവന്റെ മിസ്സിന്റെ പഠിപ്പിക്കലിന്റെ ക്വാളിറ്റി ഒന്നറിയാമല്ലോന്ന് കരുതിയാ അങ്ങനെ ചോദിച്ചത്. അവൻ ഒന്നാലോചിച്ചിട്ട് പറഞ്ഞു.
“അതില്ലേഛാ... ഈ .. ഇന്നാള് ന്റെ കയ്യീന്ന് ചായ ക്ലാസ്സ് വീണു പൊട്ടീല്ലേ... അപ്പോ കുറ്റബോധോണ്ടായീല്ലേ...?”
“അതെങ്ങ്നെയാ കണ്ണാ...  അതിന് അമ്മേടെ കയ്യീന്ന് രണ്ട് തല്ലല്ലേ കിട്ട്യേ... അല്ലാണ്ട് കുറ്റബോധാ കിട്ട്യേ...?”
“ങാ... അതല്ലഛാ... ഞാൻ ക്ലാസ് മുറുക്കിപ്പിടിക്കാഞ്ഞിട്ടല്ലെ താഴെ വീണത്.  മുറുക്കിപ്പിടിച്ചിരുന്നെങ്കിൽ താഴെ വീഴില്ലല്ലൊ. അപ്പൊ ഒരു കുറ്റബോധംണ്ടാവില്ലെ. ആ കുറ്റബോധം വരണ കതയാ വേണ്ടത്..”
അമ്പട കണ്ണാ... മോൻ നന്നായി മനസ്സിലാക്കിയിരിക്കുന്നു.
ഇനി അവനെ പരീക്ഷിക്കണ്ട.
“ശരീടാ കുട്ടാ... ഇപ്പോ അഛന്  മനസ്സിലായി.... ങൂം..എന്നാ എഴുതിക്കോ.. അഛൻ സാവധാനം പറഞ്ഞു തരാം. മോൻ തെറ്റാതെ എഴുതിയെടുത്തോണം...”

കണ്ണൻ നേരത്തെ തന്നെ റെഡിയാക്കി വച്ചിരുന്ന ബുക്ക് തുറന്ന് എഴുതാൻ തെയ്യാറായി. എന്നിട്ട് അഛനെ നോക്കി ചിരിച്ചു. ഞാൻ അവന്റെ ചിരിക്കുന്ന മുഖത്തു നോക്കി പറഞ്ഞു തുടങ്ങി.
“പണ്ട് പണ്ട് ഒരു രാജ്യത്ത്...”
എഴുതാൻ തുടങ്ങിയ കണ്ണൻ പെട്ടെന്ന് തല ഉയർത്തി എന്നെ നോക്കിയിട്ട് പറഞ്ഞു.
“ആ രാജാവിന്റേം രാജ്ഞീടേം കതയല്ലെ. ഈ അമ്മക്കും അതേ, ഒരു രാജാവിന്റേം രാജ്ഞീടേം കത മാത്രോള്ളു. അതെനിക്ക് വേണ്ട...!”
“പിന്നെ എങ്ങനത്തെ കഥയാ കുട്ടാ...?”
“എനിക്ക് ഇപ്പഴത്തെ കത മതി. ഇപ്പഴത്തെ നമ്മടെ കാലത്തെ കത. അല്ലെങ്കിൽ മിസ്സ് ചീത്ത പറയും...”

കുട്ടനെ അങ്ങനെയിങ്ങനെയൊന്നും പറ്റിക്കാൻ പറ്റില്ല.
“എന്നാ വേറൊരെണ്ണം പറയാം.... മോൻ എഴുതിക്കോ..”
“വേണ്ട.. അഛൻ ആദ്യം ഒന്നു പറഞ്ഞെ കത... എന്നിട്ടേ എഴുതണോള്ളു...”
കണ്ണൻ പേന ബുക്കിനകത്ത് വച്ച് കയ്യും കെട്ടി ഇരുന്നു.
“പറ അഛാ..”
“എടാ കുട്ടാ.. അഛൻ ഇപ്പോഴത്തെ കഥയാ പറയാൻ പോണെ.. മോൻ ഓരോന്നായി എഴുതിയെടുത്തോ...”
“വേണ്ട.. അഛൻ ആദ്യം കൊർച്ച് പറഞ്ഞെ...”
“കുട്ടന് അഛനെ വിശ്വാസോല്യേ... ആട്ടെ, കുട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആരാ...?”
“ദീപു...”
“ആ ദീപുവിന്റെ കഥയാ അഛൻ പറയാൻ പോണെ....”
അതു കേട്ടതോടെ കുട്ടൻ എഴുതാൻ റെഡിയായി പേനെയെടുത്ത് അഛന്റെ മുഖത്ത് നോക്കി. “ങൂം...”
“ മഴ പെയ്യുന്നത് കാണാൻ ദീപുവിന് വലിയ ഇഷ്ടമാണ്.  ബസ്സിറങ്ങിയിട്ട് സ്കൂളിലേക്ക് നടക്കുമ്പോൾ റോഡിലെ കുഴികളിലെ വെള്ളം മുഴുവൻ തട്ടിത്തെറിപ്പിച്ച് നടക്കുന്നത് അവന്റെ ഹോബിയാണ്..”
കുട്ടൻ എഴുതിത്തീരാനായി ഞാൻ ഒന്നു നിറുത്തി. എഴുതി തീർന്നതും കുട്ടൻ നാലുപാടും നോക്കിയിട്ട് രഹസ്യമായി എന്നോട് പറഞ്ഞു.
“ഞാനും അതേ... അഛാ.. അമ്മയോട് പറയല്ലേട്ടോ. നിക്കറും ഷൂവും ചീത്തയാക്കണേന് വഴക്കു പറയും...!”
“അമ്പടാ കള്ളാ.... ശരി അഛൻ പറയില്ല. അടുത്തത്  എഴുതിക്കോ... അന്നും പതിവുപോലെ വെള്ളവും തട്ടിത്തെറിപ്പിച്ച് നടക്കുന്നതിനിടയിലാണ് ദീപുവിന്റെ തൊട്ടു മുന്നിലായി ഒരു   തത്തക്കുഞ്ഞ് വീണു കിടന്നു പിടഞ്ഞത്...!

നല്ല പച്ചത്തത്ത.  ദീപുവിന് അത് കണ്ടപ്പോൾ കൌതുകത്തോടൊപ്പം വലിയ സങ്കടവുമായി. കൂടെയുള്ള കൂട്ടുകാരും അതിനെ പൊതിഞ്ഞു. തലക്കു മുകളിലായി ഒരു കാക്ക വട്ടത്തിൽ പറക്കുന്നുണ്ടായിരുന്നു. നടക്കാൻ വയ്യാതായ തത്തക്കുഞ്ഞ് എല്ലാവരേയും പേടിയോടെ നോക്കുന്നുണ്ട്. ദീപു പതുക്കെ തത്തയുടെ ചിറകിൽ പിടിച്ച് പൊക്കി. അപ്പോഴാണ് തത്തയുടെ ഒരു കാലിൽ നിന്നും ചോര വരുന്നത് കണ്ടത്. പരിക്കു പറ്റിയതുകൊണ്ടാണ് പറന്നു പോകാതെ ചരിഞ്ഞു കിടക്കുന്നതെന്ന് ദീപുവിന് മനസ്സിലായി. തലക്കു മുകളിൽ പറന്നു നടന്ന ഒരു കാക്കയെ കണ്ടതും ദീപുവിന് കാര്യം പിടികിട്ടി. അവൻ കാക്കയെ കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചു. കൂട്ടുകാർ കുറച്ചു നേരം കൂട്ടം കൂടി നിന്ന് ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞിട്ട് സ്ഥലം വിട്ടു. എല്ലാവരും പോയിട്ടും ദീപുവിന് പോകാൻ തോന്നിയില്ല. അവൻ ആ തത്തയെ എങ്ങനെയാ രക്ഷിക്കാൻ കഴിയുകയെന്ന് ആലോചിക്കുകയായിരുന്നു.

പിന്നേയും കാക്ക തലക്കു മുകളിൽ വട്ടമിട്ടപ്പോൾ ദീപു അതിനെ കല്ലേടുത്തെറിഞ്ഞ് ഓടിച്ചിട്ട് വീണ്ടും വന്നിരുന്നു. തത്തയുടെ തൂവലിൽ പതുക്കെ തലോടിക്കൊടുത്തു. ഇതിനെ സ്കൂൾ ബാഗിനകത്താക്കി കൊണ്ടു പോയാലോയെന്ന് ഒരു വേള ആലോചിച്ചെങ്കിലും മിസ്സിനെ പേടിച്ചിട്ട് അത് വേണ്ടെന്നു വച്ചു. അപ്പോഴാണ് പിന്നിൽ നിന്നും ഒരു കാറിന്റെ ഹോൺ കേട്ടത്. തൊട്ടടുത്തെന്നോണം ഹോൺ കേട്ട് ഞെട്ടിയ ദീപു പെട്ടെന്ന് റോഡിൽ നിന്നും ഓടി മാറി. ഇരമ്പിപ്പാഞ്ഞു വന്ന കാർ തത്തയുടെ ശരീരം ചതച്ചരച്ച് കടന്നു പോയി...!
ദീപു കണ്ണടച്ചു തുറക്കുന്നതിനു മുൻപേ എല്ലാം കഴിഞ്ഞിരുന്നു...!
ചതഞ്ഞരഞ്ഞ ശരീരം കണ്ട് ദീപു വാവിട്ടു കരഞ്ഞു...”

ഞാൻ നോക്കുമ്പോഴുണ്ട് കണ്ണൻ ഒന്നും എഴുതാതെ കുനിഞ്ഞിരുന്ന് കരയുകയാണ്.  അതു കണ്ട് ഞാനും വല്ലാതായി.
“എടാ കണ്ണാ... കുട്ടാ... എന്തു പറ്റി ... എന്തിനാ കരയണെ...?”
“അഛാ.. അതിനെ കൊല്ലണ്ടാ.... കൊല്ലണ്ടഛാ...!” കരഞ്ഞു കൊണ്ടാണ് പറയുന്നത്.
“ഓ.. അതാണൊ കാര്യം...”
അന്നേരം എനിക്ക് ചിരി വന്നു. എന്നാലും ഞാൻ പറഞ്ഞു.
“അയ്യൊടാ കുട്ടാ... അത് കാറ് കേറി ചത്തു പോയല്ലൊ...!”
“വേണ്ട.. കാറ് കേറണ്ട...”
“എടാ കുട്ടാ.. അപ്പൊ കുറ്റബോധം ണ്ടാവണ്ടെ..?”
“വേണ്ടാ.. പാവം ആ തത്തക്കുഞ്ഞിനെ കൊന്നിട്ട് കുറ്റബോധം വേണ്ട...!”

കണ്ണൻ എഴുത്ത് നിറുത്തി പേന താഴെ വച്ചിട്ടാണ് പാവം തത്തക്കു വേണ്ടി വാശി പിടിക്കുന്നത്. കഥയിലെ തത്ത പോലും വേദനിക്കുന്നത് കാണാൻ മനസ്സില്ലാത്ത എന്റെ മോനെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. എന്റെ കണ്ണുകളും ഈറനണിഞ്ഞു.
“കുട്ടാ ന്നാ  അഛൻ കഥ മാറ്റി പറയാം.... ”
“ങൂം...”
അപ്പോഴാണ് കണ്ണൻ തല ഉയർത്തിയത്. ഇടതു കൈപ്പുറം കൊണ്ട് കണ്ണുകൾ തുടച്ച് പേനയെടുത്ത് എന്നെ നോക്കി. ഞാൻ പറഞ്ഞു തുടങ്ങി.
“അപ്പോഴേക്കും സ്കൂളിൽ ബല്ലടിക്കുന്നതു കേട്ട് ദീപു പെട്ടെന്നെഴുന്നേറ്റു...”
“നിക്ക് നിക്ക്.. അഛാ.. ഈ കാറ് ഞാൻ ന്താ.. ചെയ്യാ...?”
“ങാ.. കാറ് പ്പൊന്താ ചെയ്യാ... ങാ... ഓക്കെ.. ഒരു കാര്യം ചെയ്യ്... കാറിന്റെ ഒച്ച കേട്ട് ദീപു ഞെട്ടി മാറുന്നില്ലെ... അവിടന്നങ്ങ്ട് വെട്ട്.  ന്ന് ട്ട് ഇനി അഛൻ പറയണത്  എഴുത്...”
“ങൂം വെട്ടി അഛാ...”
“കാറിന്റെ ഹോൺ കേട്ട് ഞെട്ടിയെഴുന്നേറ്റ്  ഓടി മാറിയ ദീപുവിന്റെ കയ്യിൽ തൂവലിൽ പിടിച്ച് തൂക്കിയെടുത്ത തത്തക്കുഞ്ഞും ഉണ്ടായിരുന്നു...!!”

എഴുതിക്കഴിഞ്ഞ് തല പൊക്കിയ കണ്ണന്റെ മുഖത്ത് നല്ല തെളിച്ചവും ഇടതു കയ്യിന്റെ തന്തവിരൽ ഉയർത്തി  “താങ്ക്സ്സഛാ...” ന്നു പറയാനും കുട്ടൻ മറന്നില്ല.
“ങൂം..”
ബാക്കി എഴുതാൻ കുട്ടൻ റെഡിയാണെന്ന് മൂളി.
“തത്തയെ ദീപു റോഡരികിലെ പുൽത്തകിടിയിൽ സാവധാനം കിടത്തി. അതിന്റെ പുറത്ത് തലോടിക്കൊടുത്തു. അപ്പോഴാണ് സ്കൂളിൽ ബല്ലടിക്കുന്നത് കേട്ടത്. ദീപുവിന് സ്ഥകാലബോധം വീണതും ചുറ്റും നോക്കി. തന്റെ  കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞിരുന്നു. റോഡ് വിജനമായിരുന്നു. പെട്ടെന്ന് തത്തയെ അവിടെയിട്ട് ഓടാൻ തുടങ്ങിയതും അതിന്റെ ദീനമായ രോദനം അവനെ  പിടിച്ചു നിറുത്തി. വീണ്ടു അവൻ തിരിച്ചു വന്ന് തത്തയെ തൂക്കിയെടുത്ത് തൊട്ടടുത്തുള്ള ഒരു മരത്തിന്റെ വേരിന്റെ പൊത്തിൽ ഒളിപ്പിച്ചു വച്ചു. പുറത്തു നിന്നും ആരും കാണാതിരിക്കാൻ ചെടികളുടെ ഇലകൾ പറിച്ച് അടച്ചു വച്ചു. വീണ്ടും വീണ്ടും നോക്കി, മുകളിൽ കാക്കയില്ലെന്നുറപ്പു വരുത്തിയിട്ട് സ്വൽ‌പ്പം കുനിഞ്ഞ് തത്തയോടായി പറഞ്ഞു.
“ഞാൻ സ്ക്കൂളിൽ  പോയിട്ട് വരാം. ഇവിടന്ന് പുറത്തിറങ്ങരുതെട്ടൊ... ഞാൻ വന്നിട്ട് നിന്നെ വീട്ടിലേക്ക് കൊണ്ടു പോകാം. എന്നിട്ട് നിന്റെ കാലിൽ മരുന്നു പുരട്ടിത്തരാട്ടൊ.. അതു വരെ അനങ്ങാതിരുന്നോണം...”
അവൻ തിരിഞ്ഞോടാൻ തുടങ്ങിയതും  പെട്ടെന്ന് നിന്നു.
‘അയ്യോ.. തത്തക്കുഞ്ഞിന് വിശന്നാലോ..?’
വേഗം പുറകിൽ നിന്നും ബാഗ് എടുത്ത് താഴെ വച്ചു. എന്നിട്ട്  ചോറുപാത്രമെടുത്ത് തുറന്ന് ഒരു പിടി ചോറെടുത്ത് തത്തയെ മൂടിയ രണ്ടിലകൾ മാറ്റി ഇട്ടു കൊടുത്തു. എന്നിട്ട് പറഞ്ഞു.
“നിനക്ക് വിശക്കുമ്പോൾ തിന്നോട്ടോ..”
അതും പറഞ്ഞ് ദീപു സ്കൂളിലേക്ക് പറന്നു.

ഓടി അണച്ച് ക്ലാസ്സിലെത്തിയിട്ടും ദീപുവിന്റെ   മനസ്സ് മുഴുവൻ ആ മരത്തിന്റെ പൊത്തിലായിരുന്നു. വൈകീട്ട് ബെല്ലടിച്ചതും ദീപു പുസ്തക സഞ്ചിയും തൂക്കി ആദ്യം പുറത്തു കടന്നു. ഓടി തത്തെയെ ഒളിപ്പിച്ചു വച്ച മരത്തിന്റെ പൊത്തിനടുത്തെത്തി.

അടുത്തെത്തിയതും ദീപു ഞെട്ടിത്തെറിച്ച് നിന്നു പോയി...!
അവിടെയാകെ പച്ചത്തൂവൽ ചിതറിക്കിടക്കുന്നു...!
പൊത്തിനകം കാലിയായിരുന്നു....!
താഴേയും മുകളിലുമായി മാറിമാറി നോക്കിയെങ്കിലും തത്തയുടെ പൊടിപോലുമില്ലായിരുന്നു കണ്ടു പിടിക്കാൻ. ചിതറിക്കിടന്ന തത്തയുടെ തൂവൽ പെറുക്കിയെടുക്കുമ്പോൾ ദീപു ഓർത്തു. ആ ദുഷ്ടത്തി കാക്ക എന്റെ തത്തയെ കൊണ്ട് പോയി തിന്നിട്ടുണ്ടാകും. അത്തരം ഒരു ചിന്ത മനസ്സിൽ നിറഞ്ഞതും ദീപുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
പെറുക്കിയെടുത്ത പച്ചത്തൂവലും നോക്കി, പാവം തത്തക്കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ‘കുറ്റബോധം’ കാരണം ദീപുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അവൻ ഏന്തിയേന്തി കരഞ്ഞു കൊണ്ട് ആ പച്ചത്തൂവലും കയ്യിൽ പിടിച്ച് ബസ്റ്റോപ്പിലേക്ക് നടന്നു.”

കണ്ണൻ എഴുതിത്തീർന്നതും എന്റെ മുഖത്തേക്ക് സുക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു.
“അഛനോട് ഞാൻ പറഞ്ഞതല്ലെ. തത്തക്കുഞ്ഞിനെ കൊല്ലണ്ടാന്ന്...!”
“അയ്യോടാ... കുട്ടാ.. അഛൻ കൊന്നതല്ല. കാലിനു പരിക്കേറ്റ് പറക്കാൻ കഴിയാത്ത  തത്തക്കുഞ്ഞിനെ നോക്കാൻ ആരെങ്കിലും ഉണ്ടായോ..?”
അതു കേട്ടതും കുട്ടൻ തല ഡെസ്ക്കിൽ മുട്ടിച്ച് കമിഴ്ന്നു കിടന്നു.
തത്ത ചത്തു പോയത് കുട്ടനു വലിയ സങ്കടായീന്ന് തോന്നണു.
എന്നാലും ഞാൻ പറഞ്ഞു കൊണ്ടിരുന്നു.
“ആ കാക്ക അതിനെ അന്വേഷിച്ച് കണ്ടെത്തിയതായിരിക്കും.  ജീവിക്കാൻ വേണ്ടി അത് പൊരുതി നോക്കിയിട്ടുണ്ടാകും. പിന്നെ അവിടെ പിടിവലിയൊക്കെ നടന്നിരിക്കും. അങ്ങനെയായിരിക്കും തത്തയുടെ തൂവലൊക്കെ പറഞ്ഞു പോയത്...”
അത്രയുമായപ്പോഴേക്കും കുട്ടൻ ഇയർഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് എന്നെ നോക്കി മുഖമൊന്നു വെട്ടിച്ച് എഴുന്നേറ്റ് പൊയ്ക്കളഞ്ഞു... !!
“കുട്ടാ.. കണ്ണാ... കുട്ടാ...”
ഞാൻ വിളിച്ചു നോക്കിയെങ്കിലും അങ്ങേത്തലക്കലെ ക്യാമറക്കു മുന്നിൽ കണ്ണൻ വരികയുണ്ടായില്ല.....

Monday, 1 July 2013

കഥ.


കരിനാക്ക്...

  വർ പതിവു പോലെ സെക്കന്റ്ഷൊ കാണുവനാണ് പുറത്തിറങ്ങിയത്. എല്ലാ വ്യാഴാഴ്ചയും അതൊരു പതിവാണ്. ആദ്യം വരുന്നവർ കവലയിൽ വന്ന് കലുങ്കിലിരിക്കും. നേരിയ നാട്ടുവെളിച്ചവും ആകാശത്തായിരം നക്ഷത്രങ്ങളും മാത്രം കൂട്ട്. കോറം തികഞ്ഞാൽ അതൊരു നാൽവർ സംഘമാകും. എന്നിട്ടാണ് ഏതു തീയറ്ററിലാണ് പോകേണ്ടതെന്ന് തീരുമാനിക്കുക. ചിലപ്പോൾ തർക്കം വന്നാൽ ടോസ് ഇടാറാണ് പതിവ്. പിന്നെ ആർക്കും എതിർപ്പുണ്ടാകില്ല.

നാലുപേരും സാമാന്യ വിദ്യാഭ്യാസം നേടി ഒരു ജോലി സ്വപ്നം കണ്ട് ദിവസങ്ങൾ തള്ളി നീക്കുന്നവരാണെങ്കിലും ഒരുത്തൻ മാത്രം ഒരു സ്വയം തൊഴിൽ കണ്ടെത്തിയിരുന്നു. അല്ലെങ്കിലും ജീവിക്കാൻ ഒരു വഴിയും കാണാതെ വരുമ്പോൾ മാത്രമല്ല, വീട്ടിലെ കാര്യങ്ങളിലെ സത്യാവസ്ഥയിൽ ബോധമുണ്ടാവുകയും ചെയ്താൽ ഏതു തൊഴിലും ചെയ്തു പോകുന്ന ഒരു അവസ്ഥ വരും. അത്തരം ഒരവസ്ഥയിലാണ് ഹരി മീൻ വിൽക്കാൻ തുടങ്ങിയത്.  ദിവസവും കടപ്പുറത്തു നിന്ന് ആ വഴിക്കുള്ള മറ്റു മീൻ കച്ചവടക്കാർ ചേർന്ന് ഒരു പെട്ടി ഓട്ടോറിക്ഷക്ക് ഒന്നിച്ച് മീൻ കൊണ്ടു വന്ന് അവരവരുടെ കവലയിൽ വച്ച് വിൽക്കും. ഈ സിനിമക്ക് പോക്കിന്റെയൊക്കെ ചിലവുകൾ മിക്കവാറും അവന്റെ വകയാണ്.  ആർക്കും സ്വന്തമായി ഒരു സൈക്കിൾ പോലുമില്ല.

രാത്രി എട്ടുമണിക്ക് അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞാൽ  പിന്നെ ആ ഗ്രാമത്തിൽ സഞ്ചരിക്കാൻ പട്ടണത്തിൽ നിന്നും ഒരു ഓട്ടോറിക്ഷ പോലും കടന്നു വരികയില്ല. സമയമായപ്പോൾ അവർ നടന്നു തുടങ്ങി. ചിരിച്ചു കളിച്ച് പല തമാശകളും പറഞ്ഞ് റോഡ് നിറഞ്ഞാണ് നാലു പേരുടേയും നടപ്പ്. ആകാശത്തമ്പിളിയുടെ ഒരു നാളികേരപ്പൂള് കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് അന്തരീക്ഷം ഒന്നു മങ്ങാൻ തുടങ്ങിയത്. കൂട്ടത്തിൽ ഒരു തണുത്ത കാറ്റും വീശാൻ തുടങ്ങി. നാലു പേരും ഒന്നു നിന്ന് ആകാശത്തേക്ക് നോക്കി.
മഴയുടെ  ലക്ഷണമുണ്ടോ..?
പിന്നേയും നടന്നു തുടങ്ങി. ആരുടെ കയ്യിലും കുടയില്ല. അഥവാ ആരെങ്കിലും കുടയെടുത്താലും അതൊരിക്കലും വീട്ടിൽ തിരിച്ചെത്താറുമില്ല. പിന്നേയും അവർ ഒന്നു നിന്നു. ആകാശത്തേക്ക് ഒരു വട്ടം കൂടി നോക്കിയിട്ട് വിജയൻ പറഞ്ഞു.
“വരാനുള്ളത് വഴിയിൽ തങ്ങില്ല. വാ നടക്ക്..”
അതുകേട്ട് ഹരിയും കൂട്ടരും അവന്റെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി. എന്നാലും ഒന്നും മിണ്ടിയില്ല.
അവർ വീണ്ടും  നടക്കാൻ തുടങ്ങി. തീരുമാനിച്ചിറങ്ങിയാൽ പിന്നെ ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണ്. അതാണവരുടെ സ്വഭാവം.
വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന വിജയന്റെ വാക്കുകൾ അറം  പറ്റുകയായിരുന്നൊ ആ പോക്കിൽ....?
ചിലപ്പോഴെങ്കിലും ചില ദുഃസൂചനകൾ നമ്മെ പിന്തിരിപ്പിക്കാറില്ലെ...?
അന്ധവിശ്വാസമെന്നു പറഞ്ഞ് തള്ളിക്കളയാതിരുന്നെങ്കിൽ എന്ന് പിന്നീട് ചിന്തിക്കേണ്ടി വരാറില്ലേ..?

തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും മങ്ങിയ നാട്ടുവെളിച്ചം ഒന്നു കൂടി പ്രകാശമാനമായി. അതിൽ സന്തുഷ്ടരായി ഒന്നു മടിച്ചു നിന്ന നാൽ‌വർ സംഘം മുന്നോട്ടു നടക്കുമ്പോൾ, ഒരു നീളമുള്ള കലുങ്കിന്റെ വലതു വശത്തുനിന്നും ആരുടേയോ ഒരു ഞെരുക്കം കേട്ടു.  അവർ ആ വശത്തു ചെന്ന് താഴേക്ക് നോക്കി. ഇരുട്ടിൽ ഒന്നും വ്യക്തമാവുന്നില്ല. തോട്ടിൽ അധികം വെള്ളമില്ലെങ്കിലും കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്നുണ്ട്. വിജയൻ പറഞ്ഞു.
“വാ നടക്ക്.. വല്ല കള്ളു കുടിയന്മാരായിരിക്കും...”
അതും പറഞ്ഞവർ നടക്കാനായി തിരിഞ്ഞതാണ്. അന്നേരമാണ് തോട്ടിന്റെ കരയിൽ നെൽച്ചെടികൾക്കിടയിൽ ഒരു സൈക്കിൾ കിടക്കുന്നതിന്റെ നേർക്ക്  ഹരി കൈ ചൂണ്ടിയത്.  അതിന്റെ  പുറകിലെ ചക്രത്തിലെ കമ്പികളിൽ മുട്ടത്തക്ക വിധത്തിൽ ഒരു ബലൂൺ കെട്ടിയിരുന്നത് ശ്രദ്ധയിൽ പെട്ടതും നാലുപേരും താഴേക്ക് ചാടി. ആ ബലൂണും അതിന്റെ ഉടമസ്തനേയും അവർക്ക് നിത്യപരിചയമാണ്. ആറാംക്ലാസ്സുവരെ അവരോടൊപ്പം പഠിച്ച ‘മണൽ’ എന്ന് നാട്ടുകാർ വിളിക്കുന്ന മണിയായിരുന്നു അത്.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവന്റെ അഛൻ മരിക്കുന്നത്. പിന്നെ ആകെയുള്ള അമ്മയെ സഹായിക്കാനായി  അവൻ മണൽ വാരുന്ന വഞ്ചിയിൽ പണിക്ക് പോയി. മുങ്ങി വാരുന്ന മണലിനൊപ്പം വരുന്ന വെള്ളം വറ്റിക്കലായിരുന്നു ആദ്യത്തെ പണി. പിന്നെ പടിപടിയായി ഉയർന്ന് മണൽ കോൺ‌ട്രാക്ടർ ആയി. ഇപ്പോൾ സ്വന്തമായി മണൽ കയറ്റാനായി ഒരു ടാറ്റ ബൻസും ഒരു ജീപ്പും ഉണ്ട്.  പക്ഷെ, സൈക്കിൾ മാത്രമേ അവിടങ്ങളിൽ സഞ്ചരിക്കാൻ മണി ഉപയോഗിക്കൂ. ആ മണിയാണ് വീണു കിടന്ന് ഞരുങ്ങുന്നത്. വീണിടത്തു നിന്നും ഇഴഞ്ഞിഴഞ്ഞ് കലുങ്കിന്റെ അടിയിലെത്തിയിരുന്നു മണി. ഇവർ നാലുപേരും കൂടി എടുത്തു പൊക്കി റോട്ടിലെത്തിച്ചു.

മണി തീർത്തും അബോധാവസ്ഥയിലാണ്. തലയുടെ  പിറകിൽ നിന്നും രക്തം ഒലിച്ചിറങ്ങിയ പാടുണ്ട്.  നേരിയ ശ്വാസോഛാസത്തോടൊപ്പം കുർകുർ ശബ്ദവും പുറത്തു വരുന്നുണ്ട്. നാലുപേരും വല്ലാത്തൊരു ഭയപ്പാടിലേക്ക് വഴുതി വീണു. എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ എന്താണ് വഴിയെന്നാലോചിക്കുകയായിരുന്നു നാലുപേരും. അതിനിടക്ക് വിജയൻ പാടത്തിറങ്ങി സൈക്കിൽ പൊക്കിയെടുത്ത് മുകളിലെത്തിച്ചു. മുൻചക്രം കുറച്ച് വളഞ്ഞ് ഹാൻഡിൽ തിരിഞ്ഞ് ഓടിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അതു റോട്ടിലിട്ട് നാലു പേരും കൂടി ചവിട്ടി ചക്രം നിവർത്തി. ഹാൻഡിലും ഒരു വിധം നേരെയാക്കി.

മണിയുടെ വീട് അടുത്തു തന്നെ ഉണ്ടെങ്കിലും അവന്റെ അമ്മ മാത്രമേ വീട്ടിലുള്ളു. അവരെ അറിയിച്ചാൽ അവരേയും നമ്മൾ തന്നെ ചുമക്കേണ്ടി വരുമെന്ന ഹരിയുടെ പറച്ചിലിൽ ആ ശ്രമം വേണ്ടെന്നു വച്ചു. മണിയുടെ വണ്ടികൾ അതിന്റെ ഡ്രൈവർമാർ കൊണ്ടു പോകുകയാണ് പതിവ്.  തൊട്ടടുത്തെങ്ങും ഒരു വണ്ടിയും കിട്ടാനില്ല. സൈക്കിൾ എങ്ങനെയെങ്കിലും ഉരുട്ടാമെന്നു വച്ചാലും ബോധമില്ലാതെ തളർന്നു കിടക്കുന്ന മണിയെ എങ്ങനെ കൊണ്ടു പോകും. പെട്ടെന്നാണ് ഹരിയുടെ മനസ്സിൽ ഒരാശയമുദിച്ചത്. അതുപ്രകാരം വിജയനേയും കൂട്ടിനു വിളിച്ച് ഹരി തിരിഞ്ഞോടി.

ഹരി മീൻ വിൽക്കുന്ന ഒരു പലക പെട്ടിക്കടയുടെ പുറകിൽ ചാരി വച്ചിട്ടുണ്ടായിരുന്നു. അതുമായി രണ്ടു പേരും വിയർത്തു കുളിച്ച് ഓടിയെത്തി. പലക ഹാൻഡിലിനും സീറ്റിനും മുകളിലായി വച്ച് മണിയെ എടുത്ത് പലകയുടെ മുകളിൽ കിടത്തി. നാലുപേരും രണ്ടുവശത്തുനിന്നും ഭദ്രമായി പിടിച്ച് ആശുപത്രിയിലേക്ക് വിട്ടു. അവർ വല്ലാത്ത  ഭയപ്പാടിലാണ്. മണിക്കെന്തെങ്കിലും സംഭവിച്ചാലുണ്ടാകാവുന്ന അപകടം ഓർക്കാതെയല്ല. എങ്കിലും ഉപേക്ഷിക്കാൻ വയ്യ.  ഇടക്കുള്ള മണിയുടെ കുറുകൽ ആണ് നാലു പേരുടേയും ആശ്വാസം. ഇടക്ക് കുറുകൽ കേൾക്കാതാവുമ്പോൾ സൈക്കിളിന്റെ വേഗത കുറയും. പിന്നെ ഒരു ഭയപ്പാടോടെ  പരസ്പ്പരം മുഖത്തോടു മുഖം നോക്കും. അപ്പോഴേക്കും കുറുകൽ കേൾക്കാൻ തുടങ്ങുമ്പോൾ വേഗം കൂട്ടും. മൂന്നു കിലോമീറ്ററോളം നടന്നാലെ  ആശുപത്രിയിലെത്തു. ഒരു കണക്കിനാണ് നാലുപേരും വിയർത്തു കുളിച്ച് മണിയേയും കൊണ്ട് ആശുപത്രിയിലെത്തിയത്.


അപ്പോഴേക്കും ഡോക്ടർ വീട്ടിലേക്ക് പോയിരുന്നു. രണ്ടു പേർ പോയി ഡോക്ടറെ വിളിച്ചു കൊണ്ടുവന്നു. ഇറയത്ത്  ചങ്കിടിപ്പോടെ നിന്ന നാലുപേർക്കും ശബ്ദമില്ലായിരുന്നു. ആശുപത്രിയിൽ കെട്ടിവക്കേണ്ട കാശ് ഹരി തന്നെ കെട്ടി. വീട്ടിൽ ഭദ്രമായി സൂക്ഷിക്കാൻ സൌകര്യമില്ലാത്തതു കൊണ്ട് എപ്പോഴും അടിവസ്ത്രത്തിന്റെ പോക്കറ്റിലാണ് സൂക്ഷിക്കാറ്. ഡോക്ടർ പുറത്തു വന്ന് ചോദിച്ചു.
“ഇതെങ്ങനെ പറ്റിയതാ...”
“അറിയില്ല ഡോക്ടർ... വരുന്ന വഴി കുഴിയിൽ കിടന്നതാ.. പരിചയമുള്ളതു കൊണ്ട് ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല..”
തുടർന്ന് ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു. ഡോക്ടർ ഒന്നിരുത്തി മൂളി. ഡോക്ടർ വീണ്ടും അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നിട്ട് പറഞ്ഞു.
“നിങ്ങൾ ആരും പോകരുത്. നേരം വെളുത്താലെ എന്തെങ്കിലും പറയാൻ പറ്റു. അയാൾ കുറച്ച് ക്രിട്ടിക്കലാ...”
നാൽ‌വർ സംഘം ഒരു ഭീതിയോടെയാണ് അത് ശ്രവിച്ചത്. ഇറയത്തിട്ടിരിക്കുന്ന ബഞ്ചിൽ കയറിയിരുന്നു. പിന്നെ കിടന്നു. ഡോക്ടർ പല പ്രാവശ്യം വന്നു. പരിശോധിച്ചു.

നേരം പാതിര കഴിഞ്ഞപ്പോഴാണ് ആ പൊലീസ് ജീപ്പ് ആശുപത്രിയുടെ മുറ്റത്ത് വന്ന് നിന്നത്. ഒന്നു മയങ്ങാൻ പോലും കഴിയാതെ കൊതുകുകടിയും മൂട്ടകടിയും ഏറ്റ് തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് അവരത് കണ്ടത്. ഇൻസ്പെക്ടർ വന്ന വഴി തന്നെ ചോദിച്ചു.
“നിങ്ങളാണൊ ആ നാലു പേർ...?”
പെട്ടെന്നു ഭയന്നു പോയ നാലുപേരും ചാടി എഴുന്നേറ്റു. കൂട്ടത്തിൽ വിജയനാണ് ശബ്ദിക്കാനായത്.
“എന്താ സാർ..”
അപ്പോഴേക്കും ഡോക്ടർ മുറിയിൽ നിന്നും ഇറങ്ങി വന്നു. ഡോക്ടർ നാൽ‌വർ സംഘത്തോടായി പറഞ്ഞു.
“നിങ്ങൾ പറഞ്ഞതു പോലെ സൈക്കിളിൽ നിന്നും വീണതൊന്നുമല്ല അയാൾ. മറ്റേതോ വണ്ടിയുമായി കൂട്ടിയിടിച്ചതോ, ആരുയോ ആക്രമണത്താലോ മറ്റോ പരിക്ക് പറ്റിയതായിരിക്കാനാണ് സാദ്ധ്യത...”
ഇതിനകം മണിയുടെ കാറ്റ് പോയിരിക്കുമെന്നും അതിനാണ് പോലീസ്സുകാർ വന്നിരിക്കുന്നതെന്നും  നാലു പേരും വിചാരിച്ചു. ഡോക്ടറോട് ഹരി ചോദിച്ചു.
“ഡോക്ടർ... മണിക്ക്..?”
“ഇതുവരെ ബോധം വീണിട്ടില്ല...”
പോലീസ്സും സംഘവും അവരേയും കൂട്ടി അകത്തു പോയി മണലിനെ കണ്ടു. തലയാകെ കെട്ടിപ്പൊതിഞ്ഞിരിക്കുന്നു. കാലിലും ബാഡേജുണ്ട്. ഓക്സിജൻ കൊടുക്കുന്നുണ്ട്. ഡ്രിപ്പ് കയറ്റുന്നുണ്ട്. മണിയുടെ ആ കിടപ്പ് തന്നെ നാൽ‌വർ സംഘത്തിന്റെ ഭയം ഇരട്ടിയാക്കി.

പിന്നെ നാലുപേരേയും കൂട്ടി പോലീസുകാർ മണിയുടെ വീട്ടിൽ പോയി, അവന്റെ അമ്മയെ വിളിച്ചുണർത്തി വിവരം പറഞ്ഞു. അവർ കേട്ടതും വലിയ വായിൽ നിലവിളിയും നെഞ്ചത്തടിയും തുടങ്ങി. പാതിരാവിലെ അയൽ‌പക്കത്തെ നിലവിളി അയൽ വീടുകളിൽ വെളിച്ചം നിറച്ചു. ജനം കൂടുതൽ അടുത്തു കൂടുന്നതിന് മുൻപെ പോലീസുകാർ വണ്ടിയെടുത്തു. പിന്നാലെ ഓടി വന്ന മണലിന്റെ അമ്മ പിന്നിലിരിക്കുന്ന നാൽ‌വർ സംഘത്തെ കണ്ട് ചോദിച്ചു.
“ഇവരെയെന്തിനാ സാറെ പിടിച്ചോണ്ടു പോണെ...?”
“ഇവരാ നിങ്ങടെ മകനെ ആശുപത്രിയിലാക്കിയത്..”
അതു കേട്ടതും മണലിന്റെ അമ്മയുടെ വിധം മാറി.
“എന്തിനാടാ എന്റെ മോനെ തല്ലിക്കൊല്ലാറാക്ക്യേ...”

അതു കേട്ട് നാൽ‌വർ സംഘം മുഖത്തോടു മുഖം നോക്കി...
ഇനി എന്താണ് നാട്ടിൽ പാട്ടാകാൻ പോകുന്നതിനെക്കുറിച്ച് നാലു പേർക്കും ഒരേകദേശരൂപം കിട്ടി. നാലെന്നു കേട്ടാൽ നാല്പതാക്കി പറയുന്നതാണ് മണലിന്റെ അമ്മ സരോജിനിയുടെ കയ്യിലിരിപ്പ്.

സ്റ്റേഷനിൽ കൊണ്ടുപോയ നാൽ‌വർ സംഘത്തെ ഒരു മുറിക്കകത്തിട്ട് പൂട്ടി. കൊതുകു കടിയും കൊണ്ട് വട്ടത്തിലിരുന്ന് നടന്നതൊക്കെ ചർച്ച ചെയ്യുന്നതിനിടയിലാണ് ഹരി പറഞ്ഞത്.
“ഇനി അവന് ബോധം വീണ് സത്യം പറയുന്നത് വരെ ഇതിനകത്ത് കിടക്കണം..”
“അവന് ബോധം വീണിട്ടും സുബോധം തിരിച്ചു കിട്ടിയില്ലെങ്കിൽ....!?”
മറ്റുള്ളവർ ഞെട്ടിത്തെറിച്ചു നിൽക്കേ വിജയൻ ഒന്നു കൂടി കൂട്ടിച്ചേർത്തു.
“അവന്റെ തലക്കാ അടി കിട്ടിയിരിക്കുന്നേ..”
“പണ്ടാറക്കാലാ.. നിന്റെ കരിനാക്കു കൊണ്ടൊന്നും പറയാതെ... വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലാന്നു പറഞ്ഞപ്പൊഴേ മനസ്സിൽ എന്തോ അപകടം മണത്തതാ... അത് കൊലക്കുറ്റാവൂന്ന്  കരുതീല്യാ...!!!”
നാലു പേരും ഭയന്ന് വിറച്ച് തലക്ക്  കയ്യും കൊടുത്തിരുന്നു...

വർഷങ്ങൾക്ക് ശേഷം ആ നാൽ‌വർ സംഘം ഗൾഫിലെത്തി കെട്ടോ...
ഒരേ കമ്പനിയിൽ ജോലി ശരിയാക്കി അവരെ കൂടെ കൂട്ടിയതോ, അവർ രക്ഷിച്ച മണിയും.....!

Saturday, 15 June 2013

കഥ.

 

ഗ്രാമവഴിയിൽ ഒരോണക്കാലത്ത്... 

നെൽകൃഷി ചെയ്തു ചെയ്ത് ചിലവും വരവും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോഴാണ് ഗ്രാമവാസികളിൽ ചിലർ ചേർന്ന് ഒരു തീരുമാനം എടുത്തത്.


“ഇതിനൊരു മാറ്റം വേണം, അതിന് എന്തു ചെയ്യാം”

പല ആലോചനകളും നടന്നു. ഒടുവിൽ ശശി മാഷ്ടെ നിർദ്ദേശമാണ് എല്ലാവർക്കും സ്വീകാര്യമായി തോന്നിയത്

“ അതെ, നമ്മൾക്ക് ഏത്തവാഴകൃഷി നടത്തിക്കളയാം.“

“എന്റെ ഭൂമി ഞാൻ വിട്ടു തരാം. കൃഷി നടത്തി ലാഭത്തിൽ ഒരംശം എനിക്കു തന്നാ മതി.” വിശ്വനാഥൻ മാഷ് പറഞ്ഞു.

“അങ്ങനെ ലാഭം മാത്രം എടുക്കണ പരിപാടി വേണ്ട..”
ശശിമാഷ് തീർത്തു പറഞ്ഞു.

"ചിലവെല്ലാം എല്ലാവരും ഒരുമിച്ചെടുക്കണം. നഷ്ടമായാലും ലാഭമായാലും എല്ലാവരും ഒത്തൊരുമിച്ച്...എന്താ..?”
ശശി മാഷ്ടെ  ആ നിർദ്ദേശത്തിനു  ആർക്കും എതിരഭിപ്രായം ഇല്ലായിരുന്നു.

“എന്നാപ്പിന്നെ അങ്ങനെ തന്നെ..”
 എല്ലാവരും സമ്മതിച്ചു.

അങ്ങനെയാണ് വർഷങ്ങളായി നെൽകൃഷി മാത്രം ചെയ്തിരുന്ന ഞങ്ങളുടെ കൃഷിസ്ഥലങ്ങൾക്ക് ഉൾപ്പുളകമേകിക്കൊണ്ട് ഒരു വ്യത്യസ്ത കൃഷി ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലായതു കൊണ്ട് അഞ്ചാറ് കൃഷിക്കാരുടെ സ്ഥലങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. എല്ലാവരും ചെറുകിട കൃഷിക്കാരായിരുന്നു. എല്ലാം കൂടി രണ്ടേക്കറോളം സ്ഥലത്ത് വാഴകൃഷി തുടങ്ങി.

വെള്ളത്തിന് തൊട്ടടുത്തുകൂടി ഒഴുകുന്ന ഇറിഗേഷൻ കനാലിൽ നിന്നും ആവശ്യത്തിന് എടുക്കാൻ കഴിയുമായിരുന്നു. ഒരേ കൃഷി രീതി കൊണ്ട് മടുത്തു തുടങ്ങിയിരുന്ന മണ്ണിന് പുതിയ കൃഷി ഉന്മേഷമേകി. വാഴകൾ എല്ലാം തഴച്ചു വളർന്നു. വേണ്ടസമയത്ത് വളമിടാനും വെള്ളം തിരിച്ചു വിടാനും മറ്റും ഞങ്ങൾ സദാ സമയം വാഴത്തോട്ടത്തിൽ ഉണ്ടായിരുന്നു.

സമയം കടന്നു പോകവെ ഓരോന്നായി കുലച്ചു തുടങ്ങി. അതോടൊപ്പം ഓരോന്നിനും താങ്ങു കൊടുക്കാനായി മുളയും അടക്കാമരവും മറ്റും കൊണ്ട് താങ്ങു കൊടുത്തു. മാത്രമല്ല കാറ്റത്ത് ഉലയാതിരിക്കാൻ വാഴകൾ തമ്മിൽ പരസ്പരം കയറു കൊണ്ട് ബന്ധിപ്പിച്ച് കെട്ടുകയും ചെയ്തു. കുലകൾ എല്ലാം പുറത്തു വന്നതോടെ കർഷകരുടെ മുഖം പ്രകാശമാനമായി.

എല്ലാം നല്ല വലുപ്പമുള്ള കുലകൾ. ഓണത്തിനു മുൻപായിത്തന്നെ വെട്ടാൻ പാകമാകും. അതോടൊപ്പം ഈ കുലകളെല്ലാം ഓണം വരെ ഇങ്ങനെ നിൽക്കുമൊ...?

ഏതെങ്കിലും കള്ളന്മാർ..?
അങ്ങനെ  ഒരു വർഗ്ഗം ഞങ്ങളുടെ  നാട്ടിലേ ഇല്ലായിരുന്നു. അഥവാ  അങ്ങനെ ആരെങ്കിലും പുറത്തു നിന്നും വന്നാൽ  മതിൽക്കെട്ടുകളില്ലാത്ത  പറമ്പുകളിലെ ഏതെങ്കിലും പൊട്ടക്കിണറ്റിൽ വീണു  കിടപ്പുണ്ടാവും. അത്ര പെട്ടെന്നൊന്നും  ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും പുറത്തുകടക്കാൻ  കഴിയില്ല.
ഇവിടെ വിശാലമായ നെൽപ്പാടമായതുകൊണ്ട്  അടുത്ത് ആളുകൾ താമസിക്കുന്നുമില്ല. 
എങ്കിലും കാവൽ അത്യാവശ്യമാണ്.
ആരു കാവൽ നിൽക്കും ...?

അത് പിന്നെ പറയേണ്ടല്ലൊ...
ഞങ്ങളുടെ തലയിൽ തന്നെ വന്നു പെട്ടു. ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ജോലിയൊന്നുമില്ലാതെ വായനശാലയും മറ്റു പരിപാടികളുമായി തേരാപാരാ നടക്കുകയായിരുന്നു. ലീഡറായി ശശിമാഷും കൂടെയുള്ളപ്പോൾ പിന്നെന്തിനു മടിക്കണം.

അങ്ങനെ ഞങ്ങൾക്കു ഇരിക്കാനും കിടക്കാനും പാകത്തിൽ അടക്കാമരം ഉപയോഗിച്ച് ഒരു സ്‌റ്റേജ് ഉണ്ടാക്കി. അതിനു മുകളിൽ  മഞ്ഞും വെയിലും കൊള്ളാതിരിക്കാൻ ഓലകൊണ്ട് മേഞ്ഞു . കിഴക്കോട്ട് ദർശനം കിട്ടത്തക്കവിധത്തിലാണ് നിർമ്മിതി.

വൈകുന്നേരമായാൽ ഊണെല്ലാം കഴിഞ്ഞ് ഞങ്ങൾ ഈ മാടത്തിൽ കൂടും.

വെളിച്ചത്തിനായി ഒരു പെട്രോമാക്സും രണ്ടു അരിക്കലാമ്പും ഒരു ടോർച്ചും.

സിനിമ മാറുന്ന ദിവസങ്ങളിൽ സെക്കന്റ് ഷൊ കാണാൻ ഞങ്ങൾ മുങ്ങും.
(ഞങ്ങളുടെ ഈ കാവൽ ദൌത്യത്തിനു പിന്നിലെ ഒരു രഹസ്യവും അതായിരുന്നു കെട്ടോ ..!)
ഞങ്ങളുടെ ഗ്രാമത്തിനു ചുറ്റും മൂന്ന് തീയറ്ററുകൾ ഉണ്ട്. ഒറ്റ തീയറ്ററിലും മാറുന്ന പടങ്ങൾ വിടാറില്ല. കാവൽ മാടത്തിൽ കാവൽ കിടക്കുന്നതു കൊണ്ട് കാർന്നോന്മാരുടെ യാതൊരു ശല്യവും ഉണ്ടായിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് വരുമ്പോഴേക്കും പാതിര കഴിഞ്ഞിരിക്കും. അതു കഴിഞ്ഞെ കള്ളന്മാരും കക്കാനായി ഇറങ്ങിത്തിരിക്കുകയുള്ളല്ലൊ.

സിനിമയില്ലാത്ത ദിവസങ്ങളിൽ കുടവും പിച്ചളപ്പാത്രങ്ങളും മറ്റും കയ്യിലേന്തി ഞങ്ങളുടെ വക കലാപരിപാടികളായിരിക്കും. ‘നെല്ല്’ എന്ന സിനിമയിലെ പാട്ടുകളാണ് അധികവും പാടിയിരുന്നത്. ‘ഹോയ്നാ...ഹോയ്...‘

‘കാവലംചുണ്ടനിലെ‘ വഞ്ചിപ്പാട്ടും ആവേശം ജനിപ്പിക്കുന്നതായിരുന്നു.
കൂട്ടത്തിൽ നാട്ടിൽ കിട്ടുന്ന ‘പട്ട‘യും ചിലപ്പോഴൊക്കെ മിലിട്ടറി കോട്ടയായ ‘റമ്മും‘ മറ്റും ഞങ്ങളുടെ സിരകളെ ഉത്തേജിപ്പിച്ചിരുന്നു.
(കാർന്നോന്മാരെ ശല്യമില്ലാതെ രണ്ടു പെഗ്ഗടിക്കാമെന്ന സൌകര്യവും ഈ കാവൽ ഏറ്റെടുക്കുമ്പോൾ ഞങ്ങളുടെ ഉള്ളിൽ പതഞ്ഞുപൊങ്ങിയിരുന്ന മറ്റൊരു രഹസ്യം.)
എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ നേരം രണ്ടു മണിയോടടുത്ത് ആയിട്ടുണ്ടാകും.  ഇരുന്നിടത്ത് തന്നെ തോന്നിയ പോലെ കിടക്കും. നേരം വെളുക്കുന്നതു വരെ ബോധം കെട്ടുറങ്ങും.

നേരത്ത് കായക്കൊലയല്ല, ഞങ്ങളെ തന്നെ പൊക്കിക്കൊണ്ടു പോയാലും അറിയുമായിരുന്നില്ല.

അങ്ങനെ സർവ്വ സ്വതന്ത്രമായ ഞങ്ങളുടെ ദിവസങ്ങൾ പാട്ടും കൂത്തും സിനിമാ കാണലും മറ്റുമായി പിന്നെയും കടന്നു പോയി. ഓണത്തിനു മുൻപായി തുകിലുണർത്തു പാട്ടുകളുമായി കുറവന്മാർ ഗ്രാമത്തിലെ രാത്രികളെ സജീവമാക്കിത്തുടങ്ങി. ഒരു പാതിരാത്രിയിൽ ഞങ്ങളുടെ സ്റ്റേജിലും അവർ പാടാനായി വന്നു. 

ഓണം വന്നടുത്തു.
കായക്കുലകളെല്ലാം വെട്ടാൻ പാകമായി. കച്ചവടക്കാർ പലരും വന്നു നോക്കിയിട്ട് വില പറയുന്നുണ്ട്. ഞങ്ങൾ അതിൽ കൂടുതൽ കിട്ടണമെന്നു വാശി പിടിക്കും. കച്ചവടം നടക്കാതെ ദിവസങ്ങൾ നീണ്ടു പോയി.

പതിവുപോലെ അന്നും പാട്ടും കൂത്തുമായി കഴിച്ചുകൂട്ടി.

“ഓ തിത്തിത്താരാ തിത്തിത്താരാ തിത്തൈ തിത്തൈതകതോം” ഒക്കെ പാടി അവസനിപ്പിച്ച് രാത്രിയുടെ അന്ത്യയാമത്തിലാണ് ഒന്നുറങ്ങാൻ കിടന്നത്. പെട്രൊമാക്സ് കെടുത്തി. ഒരു അരിക്കലാമ്പ് മാത്രം കത്തിച്ച് തിരി താഴ്ത്തി വച്ച് കിടന്നു. വയറ്റിൽ കിടക്കുന്ന റമ്മിന്റെ പിരിമുറക്കത്തിൽ കിടന്ന ഞങ്ങൾ പിന്നെ അവിടെ നടന്നതൊന്നും അറിഞ്ഞതേയില്ല...?!!

നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. ശശിമാഷ് എന്തൊ ശബ്ദം കേട്ടിട്ടാണ് കണ്ണു തുറന്നത്. കിടന്ന കിടപ്പിൽ തന്നെ ചുറ്റും നോക്കിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടില്ല. വീണ്ടും ഒന്നു തിരിഞ്ഞ് കിടക്കാൻ ശ്രമിക്കുമ്പോഴാണ് കാവൽ മാടത്തിന്റെ തെക്കെ മൂലക്കലെ വാഴ നടുവൊടിഞ്ഞു കിടക്കുന്നത് കണ്ണിൽ പെട്ടത്...?

കയ്യെത്തിച്ച് തൂക്കിയിട്ടിരുന്ന അരിക്കലാമ്പിന്റെ തിരി പൊക്കിവച്ച് ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് തലയിലൂടെ ഒരു വെള്ളിടി ഇടിച്ചിറങ്ങിയത്....!
പെട്ടന്ന് അർബാന്റെ തലക്കൽ നിന്നും ടോർച്ചെടുത്ത് അടിച്ചതും, അതോടൊപ്പം ഒരാർത്ത നാദവും മാഷറിയാതെ പുറത്ത് ചാടി...!

ശബ്ദം കേട്ടിട്ടാണ് ഞങ്ങൾ കണ്ണു തുറന്നത്.
മാഷ് നോക്കുന്നിടത്തേക്ക് ഞങ്ങളും നോക്കി.
"അയ്യൊ” എന്ന് ഞങ്ങളും നിലവിളിച്ചു.
അതോടൊപ്പം മുറ്റത്തേക്ക് ചാടിയിറങ്ങി.  
ഒടിഞ്ഞ് കിടന്ന വാഴയുടെ ‘കുല‘ കാണാനില്ലായിരുന്നു !!!

ആരൊ വാഴയുടെ നടുക്ക് വെട്ടിയിരിക്കുന്നു.

ഞങ്ങൾ ചുറ്റും നോക്കി. വടക്കു വശത്തൊരെണ്ണം അതു പോലെ കുല വെട്ടിയെടുത്തിരിക്കുന്നു...!! പിന്നെയും ഞങ്ങൾ പരതി നടന്നു നോക്കി. കനാൽ ബണ്ടിനോട് ചേർന്ന് നിന്ന ഒരെണ്ണം കൂടി നഷ്ടപ്പെട്ടിരിക്കുന്നു.!!!

ആകെ മൂന്നു കുലകൾ വളരെ വിദഗ്ദ്ധമായി ആരൊ അടിച്ചുമാറ്റിയിരിക്കുന്നു.
എല്ലാത്തിന്റേയും നടുക്കാണ് വെട്ടേറ്റിരിക്കുന്നത്.
ഈ വെളുപ്പാൻ കാലത്തെ ഇതാര് അടിച്ചുമാറ്റി..?

ഒരൂഹവും കിട്ടിയില്ല. ഞങ്ങൾ മൂന്നാലു പേരുണ്ടായിട്ടും ഇതെങ്ങനെ കള്ളന്മാർ വെട്ടിയെടുത്തു..?. വെട്ടിയ ഒച്ച പോലും കേൾപ്പിക്കാതെ എത്ര വിദഗ്ദ്ധമായാണ് അവർ കാര്യം സാധിച്ചത്..?

“നല്ല മൂർച്ചയുള്ള അരിവാളാണെങ്കിൽ വെട്ടേണ്ട ആവശ്യമില്ല. ആഴത്തിൽ ഒന്നു വരഞ്ഞാൽ മതി. വാഴ തല താഴ്ത്തിക്കൊടുക്കും, കുല വെട്ടിയെടുക്കാൻ പാകത്തിൽ. എന്നാലൊട്ടു താഴെ വീഴുകയുമില്ല ശബ്ദമുണ്ടാകുകയുമില്ല."
അർബാൻ എന്നു വിളിക്കുന്ന അരവിന്ദൻ ആസ്തമ കാരണം ശ്വാസം മുട്ടുന്നതിനിടക്ക് നെഞ്ചും തടവിക്കൊണ്ട് പറഞ്ഞത് ആ വിളറി നിന്ന നേരത്തും  ഞങ്ങളിൽ ചിരിയുണർത്തി.

നടന്ന സംഭവങ്ങൾ ഞങ്ങളിൽ വല്ലാത്ത കുറ്റബോധമുണ്ടാക്കി. അതിനിടക്കു ഞാനും രാജുവും രവിയും കൂടി കുടിൽ‌പ്പടിയിലും വള്ളനാറെ കലുങ്കിനടുത്തും പോയി നോക്കി. ആരെങ്കിലും വാഴക്കുലയുമായി പോകുന്നുണ്ടോന്നറിയാൻ. എങ്ങും ആരെയും കണ്ടില്ല.

കാവൽമാടത്തിലിരുന്ന് ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കെ കനാൽ ബണ്ടിൽ കൂടി ടോർച്ചും തെളിച്ച് ഒരാൾ വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ മാടത്തിനു അടുത്തു വന്നതും അദ്ദേഹം നിന്നു. അപ്പോഴാണ് ഞങ്ങളുടെ അമ്പലത്തിലെ ശാന്തിക്കാരൻ ഡോക്റ്ററാണെന്നു മനസ്സിലായത്. അദ്ദേഹം ഒരു ഹോമിയൊ ഡോക്റ്റർ കൂടിയാണ്.

പതിവിനു വിരുദ്ധമായി കാവൽ മാടത്തിൽ വെളിച്ചവും ആളനക്കവും മറ്റും കണ്ടതു കൊണ്ടാണ് നിന്നത്. അപ്പോഴേക്കും ഞങ്ങളെല്ലാവരും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. നടന്ന സംഭവങ്ങൾ പറഞ്ഞു. ഡോക്റ്റർ കാവൽ മാടത്തിന്റെ മുറ്റത്ത് വന്ന് വെട്ടിയ വാഴയെല്ലാം കണ്ടു.

“എന്നാലും ഇതൊരു അതിശയമായിപോയല്ലൊ...ഈ വെളിപ്പിനിതു കൊണ്ടു പോയപ്പൊ അത് പുറത്ത് നിന്നുള്ളവർ ആവില്ല. ഇവിടെ അടുത്തുള്ളവർ തന്നെയാകും.”
ഡോക്ടർ  പറഞ്ഞത് ശരിയാണെന്ന് ഞങ്ങൾക്കും തോന്നി.
ഇവിടെ അടുത്തുള്ളവർ ....എന്നു പറഞ്ഞാൽ ആരാ..പ്പൊ അതിനു പറ്റിയത്...?'
ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ഒരു പിടുത്തവും കിട്ടിയില്ല.

അപ്പൊഴേക്കും “കോവാട്ട് ഭഗവതി ക്ഷേത്ര ‘ത്തിൽ നിന്നും കാലത്തെയുള്ള പാട്ടു കേട്ടു. അവിടത്തെ

ശാന്തിക്കാരനാണ് ഡോക്റ്റർ ലക്ഷ്മണൻ. അദ്ദേഹം പറഞ്ഞു

“ഞാൻ പോട്ടെ നേരായി. നിങ്ങളൊരു കാര്യം ചെയ്യ്... പ്രഭാത പൂജ കഴിഞ്ഞ് നട തുറന്നതിനു ശേഷം നിങ്ങളെല്ലാവരും അമ്പലത്തിലേക്കു വരു. വരുമ്പോൾ ഈ വാഴയുടെ കുറച്ചു ഇലയും പട്ടയും എടുത്തോണ്ടു പോരെ.. നമുക്കൊന്നു ‘മൂടിച്ചു‘ കളയാം.”

“ മൂടിക്കെ...?” ഞങ്ങൾ അത്ഭുതം കൂറി.

“ങാ..അങ്ങനെ ചില ക്രിയകളൊക്കെയുണ്ട്..നിങ്ങൾ കുളിച്ചിട്ട് അമ്പലത്തിലേക്ക് വാ...”
ഡോക്റ്റർ നടന്നു.

ഞങ്ങൾ വാസു നായരുടെ കടയിൽ പോയി ഓരൊ ചായയും കുടിച്ചിട്ട് ഡോക്ടർ പറഞ്ഞതു പോലെ അമ്പലത്തിലേക്ക് നടന്നു. പെരിയാറിന്റെ തീരത്തെ അമ്പലക്കടവിൽ പോയി കുളിച്ച് ഈറനോടെ  നട തുറക്കുന്നതും കാത്ത് നിന്നു. നട തുറന്ന് തൊഴുതു പ്രാർത്ഥിച്ചിട്ട് പ്രസാദവും വാങ്ങി മാറി നിന്നു. ഡോക്റ്റർക്ക് കുറച്ചു പൂജകൾകൂടി ചെയ്യാനുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ കൊണ്ടു വന്ന വാഴയുടെ ഭാഗങ്ങൾ വാങ്ങി അകത്തേക്ക് കയറിപ്പോയി.

വാതിൽ അടഞ്ഞു. അകത്ത് എന്തൊക്കെയൊ മന്ത്രം ചൊല്ലലിന്റേയും മണിയടിയുടെയും ഒച്ചകൾ കേൾക്കാമായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് ഡോക്റ്റർ പുറത്തു വന്നു. കുറച്ചു അരിയും പൂവും മറ്റും ഞങ്ങളെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു

“ ഇതു കൊണ്ടോയി നിങ്ങളുടെ വാഴത്തോട്ടത്തിന്റെ നാലരികിലും കുഴിച്ചിട്. വാഴക്കുല അടിച്ചു മാറ്റിയവർ എന്തു ചെയ്യുമെന്ന് നമുക്കു നോക്കാം...”
 ഞങ്ങൾ അതും വാങ്ങി തിരിഞ്ഞ് നടന്നതും ഡോക്റ്റർ വിളിച്ചു

“പിന്നേയ്...പോണവഴി ഈ വിവരം വഴിയിൽ കാണുന്നവരോടോക്കെ പറഞ്ഞു പരത്തിക്കൊ. ഗ്രാമം മുഴുവനറിയട്ടെ...”
ഡോക്റ്റർ പറഞ്ഞതു പോലെ തന്നെ എല്ലാം ചെയ്തു.

അന്നു മുതൽ ഞങ്ങൾ ശരിക്കുള്ള കാവൽ ആരംഭിച്ചു.
രാത്രിയിൽ ഉറക്കം ഈരണ്ടു പേർ വീതം പങ്കു വച്ചു. ബാക്കിയുള്ളവർ ടോർച്ചുമായി കാവൽ മാടത്തിനു ചുറ്റും ഉലാത്തിക്കൊണ്ടിരിക്കും.
ദിവസം ഒന്നും രണ്ടും കഴിഞ്ഞു.

പിന്നെ കളവൊന്നും നടന്നില്ല.

കള്ളനെ ഇതുവരെയും കിട്ടിയില്ല.

കൊണ്ടുപോയ വാഴക്കുലകളെക്കുറിച്ചും ഒരു വിവരവുമില്ല.

മൂന്നാം ദിവസവും പിറന്നു. ഒരു വിവരവുമില്ലാത്തതിനാൽ ഞങ്ങളാകെ നിരാശരായി.

നാലാം ദിവസവും രണ്ടു മണി കഴിഞ്ഞിട്ടാണ് ഞങ്ങൾ കിടന്നത്. നേരിയ മയക്കത്തിൽ കോഴി കൂവുന്ന ഒച്ച കേട്ടു. നേരം വെളുക്കാറായിട്ടുണ്ടാകും. ഇനി കള്ളന്മാർ വരികയില്ലെന്നുള്ള ധാരണയിൽ തോട്ടത്തിനു ചുറ്റും കറങ്ങിയിരുന്നവരും വന്നു കിടന്നു. എല്ലാവരും നല്ല ഉറക്കത്തിലേക്കു വീണു.

പതിവുപോലെ  ശശി മാഷാണ് ആദ്യം കണ്ണു തുറന്നത്.
മാഷിന് സ്കൂളിൽ പോകാനുള്ളതാണ്. മുറ്റത്തിറങ്ങി ഒന്നു മൂത്രമൊഴിച്ച് തിരിച്ചു വന്നിരിക്കുമ്പോഴാണ് തെക്കു വശത്തെ കള്ളൻ കൊണ്ടു പോയ ഒടിഞ്ഞു തൂങ്ങിയ വാഴക്കടക്കൽ കണ്ണു  പതിഞ്ഞതും ഞെട്ടിപ്പോയി...!!
"ദേ ഒരു കുല..”
മാഷുടെ ഉറക്കെയുള്ള ശബ്ദം കേട്ടതും മറ്റുള്ളവരും കണ്ണു തുറന്നു. വീണ്ടും കള്ളൻ കൊണ്ടു പോയൊയെന്ന ധാരണയിൽ ചാടിയെഴുന്നേറ്റ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ശശിമാഷ് തെക്കേ മൂലയിലേക്ക് ഓടുന്നതാണ്.

ചാടിയിറങ്ങി ഉറക്കച്ചടവോടെ ഞങ്ങളും പിന്നാലെ വിട്ടു.
വാഴക്കടക്കൽ കള്ളൻ വെട്ടിക്കൊണ്ടു പോയ കുല തിരികെ കൊണ്ടുവന്നു ചാരി വച്ചിരിക്കുന്നു....!!!

ഞങ്ങളുടെ കണ്ണു തള്ളിപ്പോയി...!!!
അപ്പൊഴേക്കും രാജുവും അർബാനും മറ്റുള്ള രണ്ടു വാഴക്കടക്കലും ചെന്നു നോക്കി.

അവിടേയും അതേ പടി കുലകൾ ചാരി വച്ചിരിക്കുന്നു..!!!!

കുലകളെല്ലാം വലിയ നല്ല തുടമുള്ളതായിരുന്നു. കാർന്നോമ്മാരുടെ നിർദ്ദേശപ്രകാരം ഉണങ്ങിയ വാഴയിലത്തണ്ടു കൊണ്ട്,  ആരും കണ്ട് ‘കണ്ണു കെട്ടാതിരിക്കാൻ‘ മുൻപെ തന്നെ പൊതിഞ്ഞു കെട്ടി വച്ചിരുന്നതാണ്. ആ പൊതിയൽ പോലും മാറ്റിയിട്ടില്ലായിരുന്നു കുല അടിച്ചു മാറ്റിയ കള്ളന്മാർ.

‘എന്നാലും ഇതാരടാ..‘ എന്ന ചോദ്യത്തിന് ഒരു മറുപടിയും കിട്ടിയില്ല.
ഞങ്ങൾ കുലകളെല്ലാം എടുത്തു കൊണ്ടു വന്ന് കാവൽ മാടത്തിൽ പ്രദർശനത്തിനു വച്ചു. കനാൽ ബണ്ടിൽ കൂടി പോകുന്നവർ വിവരമറിഞ്ഞെത്തി. എല്ലാവർക്കും അത്ഭുതമാണ്.

കുല എങ്ങനെ ഇവിടെയെത്തി..?

അപ്പൊഴേക്കും ഡോക്റ്ററുമെത്തി.
“ദേ..കണ്ടൊ...അപ്പൊ ‘അമ്മ'യെ പേടിയുള്ളവരാണ് ഇതെടുത്തത്. അതു കൊണ്ടല്ലെ ഒരു പോറലു പോലു മില്ലാതെ തിരികെ കൊണ്ടു വന്നു വച്ചത്..”
ഡോക്റ്ററുടെ ആ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.

“ശരിയാ....കോവാട്ടമ്മയുടെ അടുത്ത് കളി വേണ്ടാ...”
 അർബാനും അതു ശരി വച്ചുത് കൂട്ടച്ചിരിയുണ്ടാക്കി.
ഞങ്ങൾ ആ കുലകളെല്ലാം എടുത്ത് ഡോക്റ്ററുടെ പിന്നാലെ നടന്നു.

“ഇതെവിടേക്കാ..?” കാണാൻ വന്നവരിൽ ഒരാൾ ചോദിച്ചു.

“ഇതിന്റെ ഉടമാവകാശം ഇനി കോവാട്ടമ്മക്കാ...”

ഞങ്ങൾ ആ മൂന്നു കുലകളും കൊണ്ടു വന്ന് നടക്കൽ വച്ചു തൊഴുതു........

Friday, 1 March 2013

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ... (21)

കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
 

ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു. 

 മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. 

വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.

 ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.  

 രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും  ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും.


നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മിക്ക് സ്വബോധം നഷ്ടമായി. പോരുന്ന വഴി അമ്പലത്തിൽ വച്ച് മാധവൻ ഒരു നാടകം പ്ലാൻ ചെയ്തു. ...... രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആവശ്യമില്ലാത്ത കഥപാത്രങ്ങള്‍ അഭിനയം തുടങ്ങി.....  ആ നാടകത്തിന്റെ അവസാനം ലക്ഷ്മിയുടെ നിർബ്ബന്ധത്തിനു വഴങ്ങിയിട്ടെന്നോണം മാധവന് , തന്റെ മകളുടെ പോലും പ്രായമില്ലാത്ത ഗൌരിയുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു.... നിമ്മിയുടെ കല്യാണം നടക്കുമെന്നുറപ്പായി.  കൺ‌ട്രാക്റ്റമസ്സിന്റെ കയ്യിൽ നിന്നും പണം വങ്ങി  ങ്ങൾ എല്ലാം എടത്തു. പട്ടത്തിലെ  ഹളിൽ വച്ച് കല്യണം ംഗിയായി നടന്നു.

 തുടർന്നു വായിക്കുക... 

മിറാക്കിൾ...

 എല്ലാത്തിനുമുപരി ഇന്നു തന്റെ പുരുഷനോടൊപ്പമുള്ള ആദ്യരാത്രിയാണെന്ന തിരിച്ചറിവിൽ, താലി കൈകളിൽ  കൂട്ടിപ്പിടിച്ച്  പതിവിലേറെ വാചാലയാകുകയായിരുന്നു ഗൌരി....

വീട്ടിലെത്തിയപ്പോൾ സെയ്തുക്കായും കണാരേട്ടനും ബഷീറിന്റെ ഉമ്മയും മറ്റും പടിക്കൽ തന്നെ ഉണ്ടായിരുന്നു. നാളത്തെ ഹോട്ടൽ മുടക്കാനാവില്ലല്ലൊ. അതിന്റെ പണികളിലായിരുന്നു എല്ലാവരും. കാറിന്റെ ശബ്ദം കേട്ടാണ് എല്ലാവരും ഓടി വന്നത്.

ഗൌരിയെ കാറിൽ നിന്നും ഇറക്കി തന്റെ വണ്ടിയിൽ ഇരുത്തി വീട്ടിനകത്തേക്ക് കൊണ്ടു പോയി ബഷീറിന്റെ ഉമ്മ. അതൊന്നും കാണാനോ സഹായിക്കാനോ നിൽക്കാതെ ലക്ഷ്മി അകത്തേക്കോടി. നിമിഷ നേരം കൊണ്ട് മാധവനുള്ള ജൂസ്സുമായി ലക്ഷ്മി തിരിച്ചെത്തി.
അത് മുഴുവൻ മാധവൻ കുടിക്കുന്നത് കണ്ടിട്ടേ ലക്ഷ്മി നിന്നിടത്തു നിന്ന് അനങ്ങിയുള്ളു.

കല്യാണ വിശേഷങ്ങൾ പറഞ്ഞിരുന്ന് നേരം പോയതറിഞ്ഞില്ല.
രാത്രി വൈകിയതോടെ  എല്ലാവരും കാലത്ത് വരാമെന്ന് പറഞ്ഞ് യാത്രയായി.
ഉച്ചക്ക് സദ്യ കഴിച്ചതു കൊണ്ടാകും ആർക്കും വിശപ്പ് തോന്നിയില്ല. ഗൌരിക്ക് ഒന്നും വേണ്ടെന്നവൾ വന്നപ്പോൾ  തന്നെ പറഞ്ഞിരുന്നു. അത് കഴിഞ്ഞാണവൾ അമ്മയുടെ സഹായത്തോടെ കുളിക്കാൻ കയറിയത്.

ഇന്നൊരു നിമിഷം പോലും നടുവൊന്നു നിവർത്താൻ കഴിയാത്തതു കൊണ്ടും, ഭക്ഷണമൊന്നും കഴിക്കാത്തതു കൊണ്ടും ക്ഷീണിതനായ മാധവൻ തന്റെ ഡെസ്ക്കിൽ കയറി നിവർന്നു കിടന്നു.
ആ ജൂസ്കൂടി കഴിച്ചതോടെ ക്ഷീണം ഒന്നുകൂടി വർദ്ധിച്ചു. ഇന്നു കാലത്തു മുതൽ വല്ലാത്തൊരു അസ്വസ്തത തോന്നിയിരുന്നെങ്കിലും കല്യാണത്തിരക്കിൽ കാര്യമാക്കിയില്ല. വെറുതെ കണ്ണുകളടച്ച് മലർന്നു കിടന്ന് മാധവൻ കല്യാണം ഒന്നു കൂടി കാണുകയായിരുന്നു.
അതിനിടക്ക് എപ്പൊഴോ മാധവൻ ഒന്നു മയങ്ങിപ്പോയിരുന്നു.

ബഷീർ വന്ന് വിളിച്ചുണർത്തിയപ്പോഴാണ് മാധവൻ കണ്ണു തുറന്നത്. കുറച്ചു കഴിഞ്ഞ് അവൻ സെക്കന്റ് ഷോ കാണാനായി പോകുകയാണെന്ന് പറഞ്ഞപ്പോൾ മാധവൻ പറഞ്ഞു.
“ഈ പെരും മഴയത്ത് എന്തു കാണാനാടാ മോനേ..  കല്യാണത്തിന് നിനക്ക് പിടിപ്പത് പണിയുണ്ടായിരുന്നില്ലെ...? ഇവിടെങ്ങാനും കിടന്നുറങ്ങടാ..”
“എന്നാൽ ഞാൻ കൂട്ടുകാരുടെ അടുത്ത് പറഞ്ഞിട്ട് വരാം...”
അതും പറഞ്ഞ് ബഷീർ സൈക്കിളുമായി പോയി...

മയക്കം കഴിഞ്ഞെങ്കിലും മാധവൻ ഡെസ്ക്കിൽ തന്നെ കിടന്നു.
പിന്നെ ലക്ഷ്മി വന്ന് കയ്യിൽ പിടിച്ചപ്പോഴാണ് എഴുന്നേറ്റത്.
“വെള്ളം ചൂടക്കി കൊണ്ടു വച്ചിട്ടുണ്ട്. കുളിക്കണ്ടെ...?”
മാധവൻ തലയാട്ടിയിട്ട് ഹോട്ടലിന്റെ അടുക്കള വഴി പിന്നാമ്പുറത്തിറങ്ങി.
അവിടെ ഒരു തെങ്ങിൻ ചുവട്ടിലാണ് സാധാരണ കുളിക്കാറ്.
ഇന്ന് മഴയുള്ളതുകൊണ്ടാണ് അമ്മിക്കല്ലിനോട് ചേർന്നുള്ള ഇത്തിരി ഒഴിഞ്ഞ സ്ഥലത്ത് ലക്ഷ്മി ചൂടുവെള്ളം വച്ചിരുന്നത്. പുറത്ത് കോരിച്ചൊരിയുന്ന മഴയും നോക്കി ചൂടുവെള്ളം മേത്തൊഴിച്ച് കുളിക്കാൻ നല്ല സുഖം തോന്നി. സോപ്പ്  തേക്കുന്ന പതിവൊന്നും മാധവനില്ല. തോർത്ത് നനച്ച് ദേഹത്തൊക്കെ നല്ലവണ്ണം അമർത്തി തുടക്കും. പിന്നെ കുറച്ചു കൂടി വെള്ളം ഒഴിച്ചു ഒന്നു കൂടി കഴുകിയാൽ മാധവന് തൃപ്തിയായി.

കുളി കഴിഞ്ഞ് അടുക്കളയിലേക്ക് കയറുമ്പോഴേക്കും ലക്ഷ്മി ലുങ്കിയുമായി അവിടെ കാത്തിരിക്കുന്നുണ്ടാവും. ഈയിടെയായി അങ്ങനെയാണ് ലക്ഷ്മി. മാധവൻ ഒറ്റക്കാണെങ്കിൽ തൊട്ടടുത്തു തന്നെ ലക്ഷ്മിയും കാണും. മാധവന്റെ അരോഗ്യസ്ഥിതിയെപ്പറ്റി ഡോക്ടർ കൊടുത്ത മുന്നറിയിപ്പിനു ശേഷമാണ് ലക്ഷ്മിയിൽ ഈ ജാഗ്രത കാണാനായത്.
അന്നൊരിക്കൽ മാധവൻ പറയുകയും ചെയ്തു.
“ഈയാള് പേടിക്കണ്ടടോ... ഇപ്പോഴൊന്നും ഞാൻ പോകില്ല. നിമ്മിയുടെ കല്യാണമൊക്കെ കഴിഞ്ഞിട്ടേ....!”
അത്രയും പറഞ്ഞപ്പോഴേക്കും ലക്ഷ്മി മാധവന്റെ വായ പൊത്തി.
“ഇങ്ങനെ അരുതാത്തതൊന്നും പറയണ്ട.....”
അതോടെ ലക്ഷ്മിയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയത് മാധവനും വേദനയുണ്ടാക്കി.

മാധവൻ കുളി കഴിഞ്ഞ് തന്റെ ഡെസ്ക്കിൽ വന്നിരുന്നു.
നനഞ്ഞ തുണിയുമായി അകത്തേക്കു പോയ ലക്ഷ്മി  മിക്സിയിൽ അടിച്ച കഞ്ഞിയുമായാണ് വന്നത്. കുറച്ച് മോരും ഉപ്പും മാത്രമേ കഞ്ഞിയിൽ വേണ്ടിയിരുന്നുള്ളു. അച്ചാറു കൂടി ഉണ്ടായാൽ ‘ബഹു വിശേഷായീന്നാ’ പറയുക. പക്ഷേ, എരുവൊന്നും ഈയിടെയായി വായിൽ തൊടീക്കാൻ വയ്യ. പ്രാണൻ പോകുന്ന എരിച്ചിലായിരിക്കും പിന്നെ. അതുകൊണ്ട് അച്ചാർ തൊടീക്കാറില്ല ലക്ഷ്മി. സ്വാദുള്ള കഞ്ഞിയായിട്ടും കുറച്ചെ കുടിക്കാനായുള്ളു. അപ്പോഴേക്കും മടുപ്പു തോന്നിയിട്ട് നിറുത്തി. ലക്ഷ്മി പാത്രത്തിൽ നോക്കിയിട്ട് പറഞ്ഞു.
“അയ്യൊ.. ഇതൊട്ടും കഴിച്ചില്ലല്ലൊ....”
“അതു മതി. വായക്കൊന്നും ഒരു രുചിയും തോന്നണില്ല... ഇഷ്ടമില്ലാതെ കഴിച്ചാൽ പിന്നെ ശർദ്ദിക്കും...”

പാത്രം വാങ്ങി ഒരു നടുവീർപ്പോടെ ലക്ഷ്മി അകത്തേക്ക് പോയി...

മഴയുടെ ശക്തി കൂടുകയാണെന്ന്  ജനാലയിലൂടെ അടിച്ചു കയറിയ കാറ്റ് വിളിച്ചു പറഞ്ഞു.
മാധവൻ എഴുന്നേറ്റു ചെന്ന് ജനാലയിലെ  തട്ടിക കാറ്റ് കടക്കാത്ത വിധം അടച്ചു വച്ചു.

മാധവൻ ഗേയ്റ്റും അടച്ച് കുറ്റിയിട്ട് വീണ്ടും തന്റെ ഡെസ്ക്കിൽ വന്നിരുന്നു.
അപ്പോഴേക്കും ലക്ഷ്മിയും എത്തി.
ലക്ഷ്മിയെ കണ്ടതും മാധവൻ പറഞ്ഞു.
‘അടുത്ത  വേനലാവുമ്പോൾ ഓല മാറ്റി ഓടോ ആസ്ബസ്റ്റോസ്സൊ മേയണം...  നിമ്മിയുടെ കല്യാണത്തിനായി വിൽക്കാനുള്ള സ്ഥലത്തിന് കിട്ടുന്ന കാശിൽ ബാക്കിയുണ്ടാകും.   അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാനാകും..”

ഒരു പുതിയ ഷർട്ടും മുണ്ടും മാധവന്റെ നേരെ നീട്ടിയിട്ട് ലക്ഷ്മി പറഞ്ഞു.
“ഇതിട്ടോളൂ.. തണുക്കില്ല...”
മാധവൻ പുതുവസ്ത്രങ്ങൾ കയ്യിലിട്ട് തിരിച്ചും മറിച്ചും നോക്കി.
പിന്നെ സാവധാനം ലക്ഷ്മിയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി...
ലക്ഷ്മി മാധവന്റെ മുഖത്തു നോക്കാതെ ശബ്ദം താഴ്ത്തി പറഞ്ഞു.
“കുളിച്ചൊരുങ്ങി, സെറ്റുടുത്ത്, മുല്ലപ്പൂവും ചൂടി , ചന്ദനക്കുറിയും തൊട്ട്, പുതുമണവാട്ടിയായി കാത്തിരിക്കുകയാ ഗൌരി. പോകണം. അവളെ ആശ്വസിപ്പിക്കണം. അവളെ പറഞ്ഞു മനസ്സിലാക്കണം...!!”
“ലക്ഷ്മി.., ഒരു ഭർത്താവാകാൻ വേണ്ടിയല്ല ഞാൻ....”
“അതവൾക്കറിയില്ലല്ലൊ. അവളെ  സംബന്ധിച്ചിടത്തോളം അവളുടെ വിവാഹം കഴിഞ്ഞു.
അതും ദൈവത്തിനു തുല്യമായൊരാൾ. ഇതിലും വലിയൊരു ഭാഗ്യം ഇനിയവൾക്ക് വരാനില്ലത്രെ. ഇതുവരെ കാണിച്ച നന്ദികേടിന് അവൾക്കീ നെഞ്ചിൽ കിടന്നു മാപ്പു പറയണമത്രെ...!!”
മാധവൻ ഒന്നും മിണ്ടാതെ ലക്ഷ്മിയുടെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
ലക്ഷ്മി മുഖം നേരെ കൊടുക്കാതെ വശം ചെരിഞ്ഞു നിന്നു.
ആ കണ്ണുകൾ നനയുന്നുണ്ടെന്ന് മാധവന് തോന്നി.

തന്റെ കയ്യിലിരിക്കുന്ന പുതു വസ്ത്രത്തിലേക്കും  ലക്ഷ്മിയുടെ മുഖത്തേക്കും മാറി മാറി നോക്കിയിട്ട്, എന്തോ തീരുമാനിച്ചതുപോലെ മാധവൻ ഡെസ്ക്കിൽ നിന്നും താഴെയിറങ്ങി.
താഴെയിറങ്ങിയ മാധവന് പെട്ടെന്ന് തല കറങ്ങുന്നതായി തോന്നി. വേഗം ഡെസ്ക്കിൽ പിടിച്ച് മറ്റെ കൈകൊണ്ട്  നെറ്റിയിൽ  ചുറ്റിപ്പിടിച്ചു. അതു കണ്ട ലക്ഷ്മി മാധവന്റെ തോളിൽ പിടിച്ചിട്ട് പരിഭ്രമത്തോടെ ചോദിച്ചു.
“എന്താ... എന്തു പറ്റി...?”
“ഒന്നുമില്ല.. പെട്ടെന്ന് തല കറക്കം പോലെ...”
വലിഞ്ഞു മുറുകിയ മാധവന്റെ മുഖം, താനനുഭവിക്കുന്ന മനോവിഷമം വിളിച്ചു പറയുന്നുണ്ടായിരുന്നു. ചെയ്യാൻ പാടില്ലാത്തതു ചെയ്തുവെന്ന തോന്നലോ, അരുതാത്തതാണ് ചെയ്യാൻ പോകുന്നതെന്ന തോന്നലോ മാധവനെ വല്ലാത്തൊരു മനഃസംഘർഷത്തിനിടയാക്കിയിരുന്നു.
ലക്ഷ്മിക്കത് മനസ്സിലാകുന്നുണ്ടായിരുന്നുവെങ്കിലും അവർ നിസ്സഹായയായിരുന്നു.
മാധവൻ തല ഉയർത്തി ഒന്നു കൂടി ചോദിച്ചു.
“ഞാൻ പോണോ.. ലക്ഷ്മി...”
“എന്റെ മോളെ കരയിക്കരുത്.. അവളെ നിരാശയാക്കരുത്. എനിക്ക് പേടിയുണ്ട്...?”
“എന്ത്...?”
“അന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച രാത്രി, ഓർക്കുന്നില്ലെ... മാമൻ ഈ വീട്ടിൽ വന്നു കയറിയ ആ രാത്രിയിൽ ഒരു കുപ്പിയിലെ വിഷമാണ് ചോറിൽ ഒഴിച്ചത്. പൊട്ടിക്കാത്ത ഒരു കുപ്പി ബാക്കിയുണ്ടായിരുന്നു. പിറ്റേന്ന് അതു അലമാരയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ആരെടുത്തെന്ന് അറിയില്ല. ഗൌരി അതെടുത്ത് മാറ്റിയിട്ടുണ്ടാവുമെന്ന് അന്നേ സംശയമുണ്ടായിരുന്നു. ഇപ്പോഴും സംശയമുണ്ട്...!?”
അതുകേട്ട് മാധവൻ വിളറിവെളുത്ത് നിന്നു...!!
പിന്നെ ഒരു നിമിഷം കണ്ണടച്ച് നിന്നിട്ട് പറഞ്ഞു.
“ഞാൻ പോകാം... ഞാൻ പോകാം....!”

മാധവൻ പുതിയ ഷർട്ടും മുണ്ടും മാറി...
കല്യാണമായതുകൊണ്ട് നിമ്മിയുടെ നിർബ്ബന്ധത്തിനു വഴങ്ങി താടിയൊക്കെ ഇന്നലെത്തന്നെ വടിച്ചിരുന്നു. മാധവൻ ലക്ഷ്മിയെ നോക്കി എന്തോ ഒന്നു പറയണമെന്ന് തോന്നിയെങ്കിലും പറഞ്ഞില്ല.  നടക്കാൻ തുടങ്ങിയ മാധവനെ ഒരു അസ്വസ്തത പൊതിഞ്ഞു.

ഉള്ളിൽ ഒരു പരപരപ്പ്...
ഒരു ശ്വാസം മുട്ടൽ പോലെ...
വീണ്ടും തിരിഞ്ഞ്  ലക്ഷ്മിയെ നോക്കി.
അത് മനസ്സിലാക്കിയ ലക്ഷ്മി മാധവന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.
“ഞാൻ പിടിക്കാം....”

മാധവന്റെ കൈകളുടെ വിറയൽ ലക്ഷ്മിയെ പരിഭ്രാന്തിയിലാക്കി...!
നടക്കാൻ ശേഷിയില്ലാത്ത ഒരാളെ താങ്ങിപ്പിടിച്ച് കൊണ്ടു പോവുന്നതു പോലെയാണ് മാധവനെ ലക്ഷ്മി ഗൌരിയുടെ മുറിവാതിൽക്കൽ എത്തിച്ചത്.  ഗൌരിയുടെ വാതിൽക്കലെത്തിയ മാധവൻ തിരിഞ്ഞു നിന്ന് ലക്ഷ്മിയുടെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ഇടത്തെ കൈ കൊണ്ട് ലക്ഷ്മിയെ ചുറ്റിപ്പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു നിറുത്തി. മാധവന്റെ കണ്ണിൽ ഉരുണ്ടു കൂടിയ ഒരു തുള്ളി കണ്ണു നീർ ഒലിച്ചിറങ്ങിയത് ലക്ഷ്മിയുടെ മേൽ വീണ് പൊട്ടിച്ചിതറി...
അതു കണ്ട് ലക്ഷ്മി തെല്ലൊരു ഗദ്ഗദത്തോടെ ആശ്വസിപ്പിച്ചു.
“അങ്ങ് തെറ്റൊന്നും ചെയ്യുന്നില്ല. അങ്ങ് താലി കെട്ടിയ പെണ്ണിന്റെ അരികിലേക്കാണ് പോകുന്നത്. അവളോട് നീതി മാത്രമേ കാണിക്കുന്നുള്ളു. അത് അങ്ങയുടെ കടമയാണ്...!!”

മാധവൻ തലകുലുക്കിയതേയുള്ളു...
മറ്റൊന്നും സംസാരിക്കാൻ മാധവന് കഴിഞ്ഞില്ല...
മാധവനെ വാതിലിന്റെ നേരെ തിരിച്ചു നിറുത്തിയിട്ട് പറഞ്ഞു.
“വാതിൽ അകത്തു നിന്നും കുറ്റിയിടണ്ട. ചേർത്തടച്ചാൽ മതി. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ  ‘ലക്ഷ്മീ..’ എന്നൊരു വിളി മതിയാകും. ഞാൻ ഓടി വന്നിരിക്കും... ഈ വാതിൽക്കൽ തന്നെ ഞാൻ ഇരിപ്പുണ്ടാകും...”
അതിനും മാധവൻ തലകുലുക്കിയതേയുള്ളു...
ലക്ഷ്മി വാതിൽ തള്ളിത്തുറന്നു...

അകത്ത്, കട്ടിലിനോട് ചേർന്ന് തന്റെ വണ്ടിയിൽ ചാരിക്കിടക്കുന്ന ഗൌരിയെ ഒരു നിമിഷം മാധവൻ നോക്കി നിന്നു....!
മുല്ലപ്പൂ ചൂടി,  ചന്ദനക്കുറിയും ചാർത്തി,  ചിരിക്കുന്ന മുഖത്തോടെ തന്നേയും കാത്തിരിക്കുന്ന ഗൌരിയുടെ പ്രതീക്ഷ നിറഞ്ഞ മുഖം പ്രകാശമാനമായിരുന്നു.
ഉള്ളിലെവിടെയോ ഒരു കുഞ്ഞു സങ്കടം വന്നു നിറയുന്നത് മാധവനറിയുന്നുണ്ടായിരുന്നു.
മാധവനെ കണ്ടതും ബഹുമാനപൂർവ്വം ഗൌരി നിവർന്നിരുന്നു....
അകത്തേക്കു നോക്കി ലക്ഷ്മി പറഞ്ഞു.
“ഗൌരി മോളെ.. അമ്മ വാക്കു പറഞ്ഞതു പോലെ മാമനെ എത്തിച്ചിരിക്കുന്നു....!”

അകത്തു കടന്ന മാധവൻ തിരിഞ്ഞ് ലക്ഷ്മിയെ ഒന്നു നോക്കിയപ്പോഴേക്കും ലക്ഷ്മി വാതിൽ ചേർത്തടച്ചു കളഞ്ഞു.

പിന്നെ നേരെ നടന്ന്, സെറ്റ് സാരിയിൽ പൊതിഞ്ഞ്, ആഭരണങ്ങൾ അണിഞ്ഞ് തങ്കവിഗ്രഹം പോലിരിക്കുന്ന ഗൌരിയുടെ മുന്നിലെത്തി.
മുന്നിലെത്തിയതും അവൾ കുനിഞ്ഞ് മാധവന്റെ കാലിൽ തൊട്ടു വണങ്ങി...
മാധവൻ അവളെ തോളിൽ പിടിച്ച് നിവർത്തി...
മാധവന്റെ കൈകൾ കൂട്ടിപ്പിടിച്ച്  ഒരു മുത്തം കൊടുത്തിട്ട്  പറഞ്ഞു.
“എനിക്ക് സന്തോഷമായി... ! സന്തോഷമായി..!
ഇനിയെന്നെ എഴുന്നേൽ‌പ്പിച്ച് നിറുത്തണം. മാമന്റെ കാലിന്റെ ബലത്തിൽ എനിക്ക് ആ നെഞ്ചിൽ  കെട്ടിപ്പിടിച്ച് നിൽക്കണം. എന്റെ നെഞ്ചിന്റെ വിങ്ങൾ മാറുന്നതുവരെ...!
എന്റെ സങ്കടങ്ങൾ ഒഴുകിത്തീരുന്നതു വരെ....!!”
സന്തോഷം കൊണ്ടാകും ഗൌരിയുടെ കണ്ണുകൾ നിറഞ്ഞു.
മാധവന് ഒന്നും ശബ്ദിക്കാനാവുന്നില്ല.

അവളുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാൻ തെയ്യാറായിരുന്നു.
അവളെ എങ്ങനെ എടുത്തു പൊക്കുമെന്ന് ഓർക്കുകയായിരുന്നു മാധവൻ.
അതു മനസ്സിലാക്കിയെട്ടെന്നോണം ഗൌരി പറഞ്ഞു.
“മാമൻ കുനിഞ്ഞ് എന്നെ വട്ടം പിടിച്ചാൽ മതി. ഞാൻ മാമന്റെ കഴുത്തിൽ മുറുക്കി പിടിച്ചോളാം. എന്നിട്ട്  മാമൻ സാവധാനം നിവർന്നാൽ മതി...”
അങ്ങനെയാണ് നിമ്മി പൊക്കുന്നതെന്ന് പല പ്രാവശ്യം കണ്ടിട്ടുണ്ട്.
അതുപോലെ തന്നെ മാധവൻ കുനിഞ്ഞ് ഗൌരിയുടെ കക്ഷത്തിനു താഴെക്കൂടി കൈകൾ കടത്തി കോർത്തു പിടിച്ചു. നിമ്മി മാധവന്റെ കഴുത്തിൽ കൈകൾ ചുറ്റി  വരിഞ്ഞു മുറുക്കിപ്പിടിച്ചു.
എന്നിട്ട് പറഞ്ഞു.
“ഇനി സാവധാനം നിവർന്നാൽ മതി മാമാ...”
മാധവൻ സാവധാനം നിവരാൻ ശ്രമിച്ചെങ്കിലും അതത്ര എളുപ്പമല്ലെന്ന് ബോദ്ധ്യപ്പെട്ടു. ഗൌരിയുടെ  ഭാരം താങ്ങാൻ തനിക്ക് കഴിയില്ലെന്നൊരു തോന്നൽ...
എങ്കിലും ഒന്നു കൂടി ശ്രമിച്ചു. ഗൌരി ഒരു കയ്യ് കഴുത്തിൽ ചുറ്റിപ്പിടിച്ച് മറ്റെ കൈ കസേരക്കയ്യിൽ പിടിച്ച് മുകളിലേക്ക് തള്ളി. അന്നേരം കുറച്ച് എളുപ്പം കിട്ടിയതോടെ മാധവൻ സർവ്വ ശക്തിയുമെടുത്ത് പൊക്കി. നടു നിവർന്നതും ഗൌരി മാധവന്റെ കഴുത്തിൽ ഇറുക്കിപ്പിടിച്ചു.
അണച്ചു പോയ മാധവന്റെ കണ്ണിൽ പെട്ടെന്ന് ഇരുട്ടു കയറുന്നതു പോലെ...!
കണ്ണുകൾ അടച്ചും തുറന്നും നോക്കിയിട്ടും കണ്ണുകളുടെ കാഴ്ച കിട്ടുന്നില്ല...!

നിവർന്നു നിന്നതോടെ ഗൌരി മാധവന്റെ കവിളത്തും കഴുത്തിലും ഒക്കെ വർദ്ധിച്ച സന്തോഷത്തോടെ ഉമ്മ വക്കാൻ തുടങ്ങി. മാധവൻ തല വെട്ടിച്ച് തന്റെ കാഴ്ച വീണ്ടു കിട്ടാൻ നോക്കിയെങ്കിലും, കണ്ണു തുറന്നിട്ടുണ്ടോന്ന് പോലും അറിയാൻ വയ്യാത്ത ഒരവസ്ഥയിലെത്തി. അതോടെപ്പം  വീഴാതിരിക്കാൻ ഗൌരിയെ മുറുക്കി പിടിക്കുകയും വേണമായിരുന്നു.
ശബ്ദമെടുത്ത് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിലും അതെപ്പോഴേ നഷ്ടമായിരുന്നു...!

അടിവയറ്റിൽ എന്തൊക്കെയോ ഉരുണ്ടു കൂടുന്നതും കോളിളക്കമുണ്ടാക്കി ഒരിരമ്പലോടെ  മുകളിലേക്ക് കയറി വരുന്നതും  തിരിച്ചറിയുന്നുണ്ടായിരുന്നു. അത് തൊണ്ടയിലേക്ക് കടന്നതും  വളഞ്ഞു കുത്തിപ്പോയ മാധവൻ ‘ഓ...’ എന്നൊരു ശബ്ദം അറിയാതെ വന്നതോർമ്മയുണ്ട്. വായിൽ നിന്നും നിറഞ്ഞു ചാടിയത് കസേരയിലും ചുറ്റുപാടിലും രക്തപ്രളയമാക്കിയത് ആരും  കണ്ടില്ല. തൊട്ട നിമിഷം പച്ചച്ചോരയുടെ മണം അവിടെയാകെ പരന്നു. ആ മണം കിട്ടിയ നിമിഷം ഗൌരി പരിഭ്രാന്തിയോടെ ചോദിച്ചു.
“മാമാ... എന്താത്... എന്താ ഒരു മണം.. ചോരേടെ...?!”
മറുപടി പറയാൻ മാധവൻ അത് കേട്ടില്ല...
അതോടൊപ്പം മാധവന്റെ പിടി അയയുന്നുവെന്ന് തോന്നിയ നിമിഷം ഗൌരി ഭയപ്പാടോടെ  പറഞ്ഞു.
“മാമാ പിടിവിടല്ലെ.... എന്നെ മുറുക്കിപ്പിടിക്ക്....!”
മാധവന്റെ കഴുത്തിൽ ഇറുക്കിപ്പിടിച്ച് വീഴാതിരിക്കാൻ ഗൌരി ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നു.  അതിനിടക്ക് തല തിരിച്ച് മാമന്റെ മുഖത്ത് നോക്കാൻ ഗൌരിക്ക് കഴിയുമായിരുന്നില്ല...

മാധവന്റെ ഉൾക്കണ്ണിൽ അപ്പോൾ സന്തോഷപ്രദമായ ഒരു കാഴ്ചയുണ്ടായിരുന്നു...
തന്റെ എല്ലാമെല്ലാമായ ദേവു അങ്ങകലെ നിന്ന് കയ്യാട്ടി വിളിക്കുന്ന കഴ്ച...!
“പോന്നോളു... ഇങ്ങോട്ടു പോന്നോളു... ഉള്ളതെല്ലം ആ കുട്ടിക്ക് കൊടുത്തിട്ട് വെറും കയ്യോടെ പോന്നോളു...!!!”
അതു കണ്ട് മാധവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു....
ആ പുഞ്ചിരിക്കിടയിലാണ് രണ്ടാമത്തെ ഉരുണ്ടു കയറ്റം...
ഉള്ളിലുള്ള സകലതും ഇളക്കി മറിച്ചു കൊണ്ട് മുകളിലേക്ക് ഇരച്ചു കയറിയതോടെ ശക്തമായി വളഞ്ഞു കുത്തിപ്പോയ മാധവനെ മുറുക്കെ പിടിച്ച് ഗൌരി പേടിച്ചു വിറച്ചു...!
 പെട്ടെന്ന് മാമന്റെ പിടി അയയുന്നുവെന്ന് തോന്നിയ ഒരു നിമിഷം, ആ ശർദ്ദിലിനിടയിൽ തല വെട്ടിച്ചു പിന്നിലേക്ക് നോക്കിയ ഗൌരി, താനിരുന്ന കസേരയും ചുറ്റുപാടും രക്തപ്രളയമായി കിടക്കുന്നതു കണ്ട് ഞെട്ടി വിറച്ചു...!!

പെട്ടെന്ന് മാധവനെ ഒന്നുകൂടെ മുറുക്കിപ്പിടിച്ചു.
എങ്കിലും മാധവന്റെ പിടി അയയുന്നുവെന്ന് തോന്നിയ, തങ്ങൾ രണ്ടു പേരും താഴെ വീഴുമെന്നു തോന്നിയ ഒരു നിമിഷം, പേടിച്ചു വിറച്ച് സർവ്വ ശക്തിയുമെടുത്തവൾ വിളിച്ചു.
“അമ്മേ........!!?”
മുറി മാത്രമല്ല, കോരിച്ചൊരിയുന്ന മഴയത്തും ആ കെട്ടിടം കുലുങ്ങിയോ...
വാതിക്കൽ, മാധവന്റെ ‘ലക്ഷ്മീ..’ എന്ന വിളിക്കായി കാത്തിരുന്ന ലക്ഷ്മി, ഗൌരിയുടെ ചങ്കു തകർന്നുള്ള  വിളി കേട്ട് വാതിൽ തള്ളിത്തുറക്കുകയായിരുന്നില്ല, തന്റെ ഒരം കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു വാതിൽ...
അകത്തു കടന്നതും, ഗൌരിയുടെ കസേരയിലും ചുറ്റുവട്ടത്തും രക്തപ്രളയവും കുടൽ മാലകളും കണ്ട്  ഞെട്ടി വിറച്ചു നിന്നു പോയ ലക്ഷ്മിക്ക് പെട്ടെന്ന് തല പെരുക്കുന്നതായി തോന്നി. ഒരു നിമിഷം കണ്ണുകളിൽ ഇരുട്ടു കയറിയെങ്കിലും,  ഗൌരിയുടെ  വിറച്ചു വിറച്ചുള്ള വാക്കുകൾ കേട്ട് പെട്ടെന്ന് സമനില വീണ്ടെടുത്തു.
“അമ്മേ.. മാമൻ..  മാമനെ പിടിക്ക്....!!”
മരവിപ്പിൽ നിന്നും മോചിതയായ ലക്ഷ്മി ഓടിച്ചെന്ന് മാധവനെ താങ്ങി...
ചേർന്നു കിടന്ന കട്ടിലിൽ  ഇരുത്തിയെങ്കിലും തളർന്നുപോയ മാധവനെ അവിടെത്തന്നെ കിടത്തി.   മാധവന്റെ അരക്ക് കീഴ്പ്പോട്ട് കട്ടിലിനു താഴേക്ക് തൂങ്ങിക്കിടന്നിരുന്നു...
മാധവന്റെ  ഇടതു കയ്യിൽ പിടിച്ചിരുന്ന ലക്ഷ്മിയുടെ കൈ വിടുവിച്ചില്ല...
ആ മുഖത്തേക്ക് നോക്കിയിരിക്കെ പാതി തുറന്നിരിക്കുന്ന മാധവന്റെ കണ്ണുകൾ തന്നെത്തന്നെ നോക്കുന്നതായി തോന്നി...
ആ കണ്ണുകൾ ചലിക്കുന്നുണ്ടോ..?
വായക്ക് ചുറ്റും രക്തം ഒലിച്ചിറങ്ങിയതിന്റെ പാടുകൾ സാരിത്തലപ്പു കൊണ്ട് ലക്ഷ്മി തുടച്ചു മാറ്റി. അന്നേരം പാതി തുറന്നിരുന്ന വായ അടഞ്ഞു പോയത് ലക്ഷ്മി കണ്ടു...
മാമന്റെ കയ്യിലെ ചൂട് കുറഞ്ഞു വരുന്നത്,  മാമൻ തങ്ങളെ വിട്ടു പോയിയെന്നു മനസ്സിലായി ലക്ഷ്മിക്ക്...!
എന്നിട്ടും ലക്ഷ്മി കരഞ്ഞില്ല...!
ആ മുഖത്തേക്കു തന്നെ കണ്ണെടുക്കാതെ  നോക്കിയിരുന്നു ലക്ഷ്മി....
എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല....
ഒരു വലിയ നിലവിളി കേട്ടു കൊണ്ടാണ് ലക്ഷ്മിക്ക് പരിസരബോധമുണ്ടാകുന്നത്...
തിരിഞ്ഞു നോക്കുമ്പോൾ  ഒരു കൈ മാമന്റെ കയ്യിലും മറ്റെ കൈ വായുവിൽ നിവർത്തിപ്പിടിച്ച്,  കൊച്ചു കുഞ്ഞുങ്ങൾ പിച്ചവച്ചു നടക്കാൻ പഠിക്കുന്നതു പോലെ ഗൌരി സ്വയം ഒന്നു രണ്ടടി മുന്നോട്ടും പിന്നോട്ടും വിറച്ചു വിറച്ച് നടക്കാൻ ശ്രമിക്കുന്നു...!!!
ഒന്നു പതറിപ്പോയ ലക്ഷ്മി, മാധവന്റെ കയ്യിലെ പിടി വിടാതെ തന്നെ എഴുന്നേറ്റ്  ഗൌരിയെ പിടിച്ചു. അവൾ വിക്കിവിക്കി പറഞ്ഞു.
“അമ്മെ..എ..എനിക്ക്.. ന..നടക്കാൻ...!!”
അത്രയുമേ കേൾക്കാനായി ലക്ഷ്മി നിന്നുള്ളു...
ഗൌരിയെ വിട്ട് മാധവന്റെ നെഞ്ചിൽ വീണ് എണ്ണിപ്പെറുക്കിക്കരയാൻ തുടങ്ങി...
“എന്റെ മോളുടെ ജാതകദോഷവും തീർത്ത്, ആ കാലുകളും കൂടി കൊടുത്തിട്ടാണല്ലെ പോയത്...!!! എന്നാലും, അവസാനം ഒരു വാക്കു പോലും എന്നോട് പറയാതെ.....!!”
അത്രയുമേ പറയാനായുള്ളു... സങ്കടത്തിരത്തല്ലലിൽ സഹിക്കാൻ കഴിയാതെ ലക്ഷ്മിയുടെ ബോധം മറഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞു...
അതു കണ്ട് ഗൌരിയും വന്ന് മാധവന്റെ നെഞ്ചിൽ വീണ് തല തല്ലിക്കരഞ്ഞു...!
അതിനും എത്രയോ മുന്നേ മാധവനേയും കൊണ്ട് ദേവു പറന്നകന്നിരുന്നു....!!!

“മഴയിലൊരു വിരുന്നുകാരൻ” 
ന്ന നീണ്ട ഇവിടെ അവസാനിക്കുന്നു.
ത് പൂർത്തീകരിയ്ക്കാൻ വായനയിലൂടേയും അഭിപ്രായങ്ങളിലൂടേയും പ്രചോനം ന്ന എല്ലാ വായനക്കാർക്കും എന്റെ ഹൃദയംമായ നന്ദിയും സ്നേഹവും അറിയിയ്ക്കുന്നു.
സ്നേഹപൂർവ്വം വീകെ.