Wednesday 15 January 2014

നോവൽ. മരുഭൂമി. (8)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി.....

തുടർന്നു വായിക്കുക....


വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല....

                             പോസ്റ്റുമാൻ ആ വണ്ടിയിൽ കയറി ജനലും വാതിലും എല്ലാം തുറന്നു വച്ച് കാറ്റും വെളിച്ചവും കടക്കാൻ സൌകര്യമൊരുക്കി. അന്നേരമാണ് ഞങ്ങൾ കുറേ കത്തുകളുമായി ഓടിക്കയറി ചെല്ലുന്നത്.  അവന്റെ കയ്യിൽ കത്തുകൾ കൊടുത്തപ്പോൾ ചിരിച്ചു കൊണ്ടതു വാങ്ങി ഒരു ഫയലിനുള്ളിൽ വച്ചു. ഞാൻ ചോദിച്ചു.
“ ഇത് പോസ്റ്റാഫീസാണോ...?”
“ങൂം.. അതെ.. ”
“എന്നിട്ടിതുവരെ തുറക്കുന്നത് കണ്ടിട്ടില്ലല്ലൊ...?”
“ഇവിടെ എങ്ങനെ ഇരിക്കും.. കണ്ടില്ലേ.. ഈ ചൂടത്ത് എങ്ങനെ ഇവിടെ ഇരിക്കും.. ?”
ശരിയായിരുന്നു. ഇതിനകത്ത് ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല. അതുകാരണം
അവൻ പോകാനായി തെയ്യാറെടുത്തു. അന്നേരമാണ് അതിനകമെല്ലാം തുറന്നു കാണുന്നത്.
ഏസി ഫിറ്റ് ചെയ്യാനുള്ള സംവിധാനമെല്ലാം അതിനകത്തുണ്ട്.
ഞാൻ ചോദിച്ചു
“ നീ ഏസി കൊണ്ടു വരാമോ...?”
“എന്നിട്ടെന്തിനാ...?”
“എങ്കിൽ അതോടിക്കാനുള്ള കറണ്ട് ഞങ്ങൾ തരാം...!”
അതു കേട്ട് അവൻ ഞങ്ങളെ മാറിമാറി നോക്കി. എന്നിട്ട് ചോദിച്ചു.
“നിങ്ങളെവിടെന്ന് കറണ്ട് തരും....?”
“ഞങ്ങളാ.. ആശുപത്രിയിൽ കറണ്ടുണ്ടാക്കുന്നവർ...!”
“അതിന് മുഴുവൻ സമയവും കറണ്ടുണ്ടോ...?”
“ങൂം... ഇരുപത്തിനാലു മണിക്കൂറും ഉണ്ട്..!”
അതും പറഞ്ഞ് ഞങ്ങൾ ഒന്ന് ഞെളിഞ്ഞു നിന്നു. അവനതിനെക്കുറിച്ച് അറിവില്ലായിരുന്നു.
ഞാൻ വീണ്ടും ചൊദിച്ചു.
“ഏസിയുടെ കാര്യം നീ ഏറ്റോ...?”
അവിശ്വസിനീയതോടെ ആണെങ്കിലും അവൻ ശരിയാക്കാമെന്നേറ്റു.
“എങ്കിൽ നീ കുറച്ചു നേരം കൂടി നിൽക്കുമോ...? ഞങ്ങൾ മാനേജർ ഉമ്മറിന്റെ അനുവാദം കിട്ടുമോന്നു നോക്കട്ടെ....”
“ശരി.. ഞാൻ കാറിനകത്തിരിക്കാം. നിങ്ങൾ ചോദിച്ചിട്ട് വാ...”

ഞങ്ങൾ പറന്നു...
നടക്കാനുള്ള ഒരു മൂടായിരുന്നില്ല....
സെയ്മയിൽ ഒരു പോസ്റ്റാഫീസുണ്ടാകുന്നത് ചില്ലറക്കാര്യമാണോ....?
ഓടി ഉമ്മറിന്റെ മുറിയിൽ കയറിയപ്പോഴേക്കും ഞങ്ങൾ നന്നായി അണച്ച്, വിയർത്ത് കുളിച്ചിരുന്നു. വേഗം തന്നെ ഉമ്മറിനോട് കാര്യങ്ങളുടെ കിടപ്പൊന്നു മനസ്സിലാക്കിക്കൊടുത്തു.
കത്തു കിട്ടാത്ത ഞങ്ങളുടെ അവസ്ഥയൊന്നും അവനു മനസ്സിലാവില്ലെങ്കിലും, കറണ്ടു കൊടുക്കാൻ വിരോധമില്ലെന്നവൻ പറഞ്ഞു.
“പക്ഷെ, ഈ മതിൽക്കെട്ടിനകത്തു മാത്രമേ എനിക്കധികാരമുള്ളു. ഇതിനു പുറത്തു കറണ്ടു കൊടുക്കണമെങ്കിൽ 'അമീറിന്റെ' അനുവാദം വേണം. അവരുടെ ഗേറ്റിന്റെ മുൻപിൽ തന്നെ ആയതു കൊണ്ട് ഒളിച്ചും മറ്റും കൊടുക്കാനാവില്ല. അമീറിനോട് ഞാൻ ചോദിക്കില്ല...”
അതും പറഞ്ഞ് ഉമ്മർ കൈമലർത്തി.

ഇതുവരെ ഒരു പരിചയവുമില്ലാത്ത അമീറിന്റടുത്ത് ആരു പോയി ചോദിക്കും.
അതും കളക്റ്ററല്ലെ അദ്ദേഹം.. അങ്ങനെ നേരെ ചൊവ്വെ അങ്ങ് കയറിച്ചെല്ലാനൊക്കുമോ...? സ്വദേശിയായ  ഉമ്മർ വരെ ഭയത്തോടെ നോക്കുന്ന ഒരാളെ....!?

നാട്ടിലായിരുന്നെങ്കിൽ എന്തുമാത്രം നൂലാമാലകളായിരിക്കും ഇങ്ങനെയൊന്നു സാധിച്ചെടുക്കാൻ. എത്രയോ ദിവസം അതിനായി കഷ്ടപ്പെടണം. ഇതിനായി നാട്ടുകാരുടെ ഒരു സംഘടന തന്നെ രൂപീകരിക്കേണ്ടി വരും. പിന്നെ അതിന്റെ പിരിവ്. നേതാക്കളാകാൻ രാഷ്ട്രീയക്കാർ തന്നെ വേണം. ഇല്ലെങ്കിൽ കാര്യം നടക്കില്ല. അവര് പാര വക്കും. എന്റെ ചിന്തകൾ കാടു കയറുമ്പോൾ അബ്ദുൾ ധൃതി കൂട്ടി.
“ഏതായാലും ആ പോസ്റ്റ്മാന്റടുത്ത് നമുക്ക് വിവരം പറയാം..”
അതാണ് നല്ലതെന്ന് എനിക്കും തോന്നി.
ഞങ്ങൾ ഓടിച്ചെന്ന് അവന്റടുത്ത് വിവരം പറഞ്ഞു. അവൻ ഒന്നാലോചിച്ചു.
“അമീറവിടെ ഉണ്ടാവുമോ...?”
ഞങ്ങൾ കൈ മലർത്തിക്കാണിച്ചു.
അവൻ വണ്ടിയിൽ പരതി ഒരു കത്തെടുത്ത് കയ്യിൽ പിടിച്ചിട്ട് വണ്ടിയെടുത്തു. പോണവഴി അവൻ പറഞ്ഞു.
“ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ...”
അതുകേട്ട് ഞങ്ങൾ വണ്ടി തടഞ്ഞിട്ട് പറഞ്ഞു.
“സമ്മതിച്ചാൽ ഉമ്മറിന്റടുത്ത് ഫോൺ ചെയ്ത് പറയാൻ പറയണം...”
അവൻ തല കുലുക്കിയിട്ട് വണ്ടി വിട്ടു....

അവൻ തിരിച്ചു വരുന്നതും കാത്ത് ആ പെരും വെയിലും കൊണ്ട് ഞങ്ങൾ വിയർത്ത് കുളിച്ചു നിന്നു. അര മണിക്കൂറെങ്കിലും ആ വെയിൽ ഞങ്ങൾ കൊണ്ടിരിക്കണം. അമാറയിൽ നിന്നും അവന്റെ വണ്ടി ഗേറ്റ് കടക്കുന്ന നേരത്താണ് ആശുപത്രിക്കകത്തു നിന്നും ഉസ്മാന്റെ വിളി വന്നത്.
“എടാ.. അമീറ് സമ്മതിച്ചു....!!”
കേട്ടതും ഞങ്ങൾ സന്തോഷം കൊണ്ടിരിക്കാൻ വയ്യാതെ പരസ്പ്പരം കെട്ടിപ്പിടിച്ചു...
അപ്പോഴേക്കും പോസ്റ്റുമാൻ അടുത്തെത്തിയതും സന്തോഷ സൂചകമായി ഞങ്ങൾക്ക് കൈ തന്നു. നാളെ ഏസിയുമായിട്ട് വരുമ്പോൾ  കൂടെ ഒരു അമ്പതു മീറ്റർ വയറും കൊണ്ടു വരണമെന്നും ഓർമ്മിപ്പിച്ചു.
ജീവിതത്തിൽ ആ സന്തോഷത്തിനു പകരം വക്കാൻ മറ്റൊന്നില്ല....!
മറ്റൊരു രാജ്യത്തു ചെന്ന് അവിടെ ഒരു പോസ്റ്റാഫീസ് ഉണ്ടാക്കുകയെന്നു പറഞ്ഞാൽ, അല്ലെങ്കിൽ ഒരു പോസ്റ്റാഫീസിന് ജീവൻ കൊടുക്കാൻ ഞങ്ങൾ കാരണമാകുകയെന്നു പറഞ്ഞാൽ ചില്ലറക്കാര്യമാണോ..?
അതു പോലും ഞങ്ങളുടെ ജീവൽ പ്രശ്നമാകുമ്പോൾ...!

പിറ്റേ ദിവസം അവൻ സർവ്വ സന്നാഹങ്ങളുമായി വന്നു. ആദ്യം ഏസി ഫിറ്റാക്കി. അപ്പോഴേക്കും കൂട്ടുകാർ വയർ വലിച്ചിട്ടു. പിന്നെ കണക്ഷൻ കൊടുത്തു. ഏസി ഓണാക്കിയതിനു ശേഷം ഞങ്ങൾ പോസ്റ്റാഫീസിനകത്തെ മുഴുവൻ പൊടിയും തുടച്ച് വൃത്തിയാക്കിക്കൊടുത്തു. അതിനിടക്ക് അവൻ ഫ്ലാസ്ക്കിൽ കൊണ്ടു വന്നിരുന്ന ചായ ഞങ്ങൾക്ക് തരുന്നുണ്ടായിരുന്നു. അത് തീർന്നപ്പോൾ ഞങ്ങൾ ഉണ്ടാക്കി ഫ്ലാസ്ക്കിൽ നിറച്ചു വച്ചു.
പറഞ്ഞ നേരം കൊണ്ട് എല്ലാം റെഡിയായപ്പോഴേക്കും ഉച്ചയായി.
പിന്നെ ഞങ്ങൾ പിരിഞ്ഞു.

പോസ്റ്റാഫീസിന്റെ പ്രവർത്തനം മുടങ്ങാതെ നടന്നപ്പോൾ  ഞങ്ങൾ അവനോട് ഒരാഗ്രഹം പ്രകടിപ്പിച്ചു.
ഫോൺ ചെയ്യാനൊരു സൌകര്യം...?
നമ്മുടെ നാട്ടിലൊക്കെ  പോസ്റ്റാഫീസിലാണല്ലൊ ഫോൺ സൌകര്യം ആദ്യം വന്നത്. അത് ഓർമ്മിച്ചിട്ടാണ് ഞങ്ങൾ പറഞ്ഞത്.
“പോസ്റ്റാഫീസ്  അധിക സമയവും പ്രവർത്തിക്കാത്തതു കൊണ്ട് ഇതിനകത്ത് കിട്ടില്ല. പകരം നിങ്ങൾക്ക് അതിനുള്ള സൌകര്യം ഉടനെ വരുന്നുണ്ട്. ഇവിടെ എവിടെയാണെന്നറിയില്ല, ഈ സ്ഥലത്ത് ഹൈവേയിൽ ഒരു പബ്ലിക് ഫോണിനുള്ള ചാൻസ് ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു. ചിലപ്പോൾ ആ പള്ളിയുടെ മുന്നിലാകാം..!”

ഞങ്ങൾക്ക് ആർക്കും വീട്ടിലോ നാട്ടിലോ ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു തന്നെ അകലെ ഒരു വീട്ടിലാണ്. അവിടെ വിളിച്ചു പറഞ്ഞ്, അവിടന്നാരെങ്കിലും പോയി വിളിച്ചു കൊണ്ടു വന്നിട്ടു വേണം സംസാരിക്കാൻ. അതൊക്കെ വല്ല അടിയന്തര ഘട്ടങ്ങളിൽ മാത്രമേ വിളിക്കാൻ പറ്റൂ. ഞങ്ങളുടെ നാട്ടുകാർ പലരും സൌദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞാൽ നാട്ടു വിശേഷങ്ങൾ അറിയാൻ കഴിയും. അതായിരുന്നു ഒരു പ്രതീക്ഷ...

പോസ്റ്റാഫീസ് ദിനവും തുറന്നെങ്കിലും ഞങ്ങൾക്കാർക്കും കത്തുകൾ ഒന്നും വരികയുണ്ടായില്ല. കത്തയച്ചാൽ ഒരാഴ്ചക്കുള്ളിൽ നാട്ടിൽ നിന്നും മക്കയിൽ എത്തുമെങ്കിലും, മക്കയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലമുള്ള ഞങ്ങൾക്കെത്താൻ പതിനഞ്ചു ദിവസം പിന്നേയും പിടിക്കും. ഇംഗ്ലീഷിലെഴുതിയ കത്തുകൾ വായിക്കാൻ മക്കയിലെ ഓഫീസിൽ ആരുമില്ലാത്തതാണ് കാരണമെന്നാണ് ഇവൻ പറയുന്നത്. കത്തു കിട്ടാൻ പഴയതു പോലെ രണ്ടും മൂന്നും മാസത്തിൽ നിന്നും ഒരു മാസത്തിലേക്ക് ചുരുങ്ങിയതും ഇവന്റെ കൂടി സഹായം കൊണ്ടാണ്. അതും ചില്ലറക്കാര്യമല്ലല്ലൊ.

കാറ് കഴുകിക്കൊടുത്ത് കിട്ടുന്നതും, ഇടക്കിടക്ക് ഗ്രാമത്തിലെ ചെറിയ പണികൾ ചെയ്തും പട്ടിണിയില്ലാതെ കഴിയുമ്പോഴാണ് ആ മൂന്നാമന്റെ വരവ്. സ്ഥലം മാറിപ്പോയ സുരേന്ദ്രനു പകരം കൊണ്ടു വന്ന സച്ചിദാനന്ദൻ എന്ന സച്ചി.
അവനെ കൊണ്ടു വന്ന ഫിലിപ്പൈനി എൻ‌ജിനീയർ റോജർ റോത്ത ഞങ്ങൾക്കുള്ള ഒരു മാസത്തെ ശമ്പളവുമായാണ് വന്നത്...!
ശമ്പളത്തിൽ നിന്നും ആ ദുഷ്ടന്മാർ നല്ലൊരു തുക കട്ട് ചെയ്തിരുന്നു. കാരണം ഞങ്ങൾ വന്നപ്പോൾ തന്ന കട്ടിൽ,ബെഡ്,ഗ്യാസ്, പാത്രങ്ങൾ മുതലായ സ്ഥാവരജംഗമസ്വത്തുക്കളുടെ വില ഞങ്ങളിൽ നിന്നും ഈടാക്കാൻ തുടങ്ങി. അതും ആദ്യ ശമ്പളത്തിൽ രണ്ടു ഗഡു ഒന്നിച്ച്  വെട്ടിക്കുറച്ചതാണ് സങ്കടമായത്.
പരാതി പറയാൻ തൊട്ടടുത്ത് മുതലാളിമാരില്ലല്ലൊ. ഫോണിൽ പറയുന്ന പരാതിക്ക് എന്തു വില..?
“എന്തായാലും ഈ ദാരിദ്ര്യക്കടലിലേക്ക് എന്തിനാടാ മോനേ നീയും കടന്നു വന്നേ...?”
എന്ന് പുതിയ ഞങ്ങളുടെ പങ്കാളിയോട് ചോദിക്കാതിരിക്കാനായില്ല.
കിടക്കട്ടെ... അവനും കിടക്കട്ടെ...
ഇതൊക്കെ അനുഭവിക്കാൻ യോഗമുള്ളവരാണല്ലൊ നമ്മൾ പ്രവാസികൾ...!

അത് കഴിഞ്ഞൊരു ദിവസം എന്നേയും സച്ചിയേയും ആ  ഗ്രാമത്തിലെ ഒരു അറബി വന്ന് നിർബ്ബന്ധപൂർവ്വം രാത്രിയിൽ കൂട്ടിക്കൊണ്ടു പോയതാണ്.  അവന്റെ വീടിന്റെ പുറത്ത് നിന്ന്, ടോർച്ചിന്റെ വെളിച്ചത്തിൽ ഏസി നന്നാക്കിക്കൊണ്ടിരിക്കേ ഒരു വണ്ടി ഞങ്ങളുടെ തൊട്ടടുത്ത് സഡൻ ബ്രേക്കിട്ട് നിറുത്തുന്നതിന്റെ ശബ്ദം കേട്ടു.  പെട്ടെന്ന് ഞങ്ങൾ തിരിഞ്ഞതും അതൊരു പോലീസ് വണ്ടിയാണെന്നു കണ്ട് ഞെട്ടി...!
ഭാഗ്യത്തിന് വീട്ടുടമസ്ഥൻ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നതു കൊണ്ട് അയാൾ ജീപ്പിനടുത്തേക്ക് ചെന്നു. അവരുടെ സംഭാഷണം ഞങ്ങൾക്ക് കേൾക്കാമായിരുന്നെങ്കിലും അറബിയല്ലാതെ മറ്റൊന്നും പറയാത്തതു കൊണ്ട് ഒന്നും പിടി കിട്ടിയില്ല.
ഇടക്ക്  പോലീസ്സുകാരനും അറബിയും ഞങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നതു കൊണ്ട് സംഗതി ഞങ്ങളെക്കുറിച്ചാണെന്ന് ഉറപ്പായി. ഞാൻ പറഞ്ഞു.
“എടോ... നമ്മളെക്കുറിച്ചാണല്ലൊ... പുറത്തു പോയി ജോലി ചെയ്യാൻ പാടില്ലാത്തതാ....!”
“നമ്മളെ പിടിക്കാൻ വന്നതാവുമോ....?”
“പിടിച്ചാൽ കേറ്റിവിടില്ലേ...?”
“കേറ്റിവിട്ടാലും കുഴപ്പമില്ല...!”
“അതെന്താ.. തനിക്ക് ജോലി വേണ്ടേ...?”
“ഇവിടെ വന്നിറങ്ങിയപ്പോൾ തന്നെ എനിക്ക് മതിയായി...! എങ്ങനെയെങ്കിലും തിരിച്ചു പോണോന്നാ എനിക്ക്... അതിങ്ങനെയാകുന്നെങ്കിൽ അങ്ങനെയാകട്ടെ....!?”
“എടാ.. ദുഷ്ടാ... എന്റഛൻ സ്ഥല വിറ്റ് കടം വീട്ടാൻ തെയ്യാറെടുക്കാ... അതിനുള്ളിൽ ഞാൻ വെറും കയ്യോടെ കേറിച്ചെന്നാൽ...?”
“നാട്ടിൽ ചെന്ന് ആത്മഹത്യ ചെയ്താലും വേണ്ടില്ല.. ഈ നാട്ടിലെ പണി വേണ്ടാ...!”
അപ്പോഴേക്കും ജീപ്പു വിടുന്ന ശബ്ദം കേട്ടു. തിരിച്ചു വന്ന അറബിയുടെ മുഖത്തേക്ക് ഞങ്ങൾ ദയനീയമായി നോക്കി.
“നിങ്ങൾ പേടിക്കണ്ടാ.... അവർ മക്കയിൽ നിന്നുള്ള പോലീസ്സുകാരാ... ഞാൻ പറഞ്ഞിട്ടുണ്ട്, കുഴപ്പക്കാരല്ല ആശുപത്രിയിലേ ജോലിക്കാരാന്ന്...”
എങ്കിലും ഞങ്ങളുടെ പേടി മാറിയില്ല.

ഏസി ഓടിച്ചു കൊടുത്ത് കാശും തന്ന് ആശുപത്രിയിൽ കൊണ്ടുവന്നാക്കി അവൻ.
വിവരം അറിഞ്ഞപ്പോൾ അബ്ദുൾ ഖാദറും പറഞ്ഞു  കുഴപ്പമാണെന്ന്. ഉസ്മാനും മൊയ്തുവും അതൊന്നും കാര്യമാക്കണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. കാരണം പിടിക്കണമായിരുന്നെങ്കിൽ അപ്പോൾ തന്നെ ഞങ്ങളെ പിടിച്ചേനേ. അതുണ്ടായില്ലല്ലൊ. അതുകൊണ്ട് ഇനി പേടിക്കാനില്ല. ഞങ്ങളും അത് വിശ്വസിച്ച് കിടന്നുറങ്ങി....
വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലൊ...!?

നേരം വെളുത്ത് പത്തു മണിവരെ കിടന്നുറങ്ങുന്നതാ ഞങ്ങളുടെ സ്വഭാവം. നേരത്തെ എഴുന്നേറ്റിട്ടും മലയൊന്നും മറിക്കാനില്ലല്ലൊ. എങ്ങും പോയി ‘ഹാജർ ബുക്കിൽ’ ഒപ്പിടുകയും വേണ്ട. അബ്ദുൾഖാദർ നേരത്തെ എഴുന്നേൽക്കും. എന്നിട്ട് ആശുപത്രിയിൽ പോയി കൂട്ടുകാരോടും അസ്സർബായിയോടും സൊറപറഞ്ഞിരിക്കും. അന്നെഴുന്നേറ്റതും അബ്ദുൾ ഓടിയെത്തിയിട്ട് പറഞ്ഞു.
“നിങ്ങളോട് രണ്ടാളോടും ഉടൻ അമാറയിലേക്ക് ചെല്ലാൻ ഒരു പോലീസ്സുകാരൻ വന്ന് പറഞ്ഞു....?!”
കേട്ടതും ഞാൻ വിറച്ചു പോയി...
സച്ചി അതുകേട്ട് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“എന്റെ പ്രാർത്ഥനക്ക് ഫലമുണ്ടായി...!”
എനിക്ക് ഭയങ്കര ദ്വേഷ്യമാണ് വന്നത്. ഓടിച്ചെന്ന് ആ കിടക്കയിലിട്ട് തന്നെ അവനെ  ചവിട്ടിക്കൊല്ലാനാണ് തോന്നിയത്. അതു കടിച്ചമർത്തി ഞാൻ ചോദിച്ചു.
“ആരാ.. എന്തിനാ... വിളിച്ചേ..?”
“അമീറ് പറഞ്ഞിട്ടാന്നു പറഞ്ഞു ...!?”
 എന്റെ നല്ല ശ്വാസം അതോടെ പോയി....

ഇന്നലത്തെ സംഭവം പോലീസ്സുകാര് റിപ്പോർട്ട് ചെയ്തിട്ടുണ്ടാകും.
കയറ്റിവിടാനായിരിക്കും....!?
ഞങ്ങൾ ഉറപ്പിച്ചു. സച്ചി ഉടൻ ചാടിയെഴുന്നേറ്റ് ബാത്ത്‌റൂമിൽ കയറി. ‘കേറ്റി വിട്ടാലും ഞാൻ റെഡി’യെന്നും പറഞ്ഞാണ് കയറിയത്. ഞാൻ നല്ലവണ്ണം വിറക്കാൻ തുടങ്ങി. എനിക്ക് തിരിച്ചു പോകാൻ വയ്യ....
“അയാൾ ആരോടാ പറഞ്ഞത്, തന്നോടാ...?”
ഞാൻ അബ്ദുൾഖാദറിനോട് ചോദിച്ചു.
“ഇല്ലല്ല.. ഉമ്മറാ എന്റടുത്ത് പറഞ്ഞത്... അന്നേരം ഒരു പോലീസ്സുകാരൻ അവിടന്നിറങ്ങി പോകുന്നത് കണ്ടിരുന്നു..”
എന്റെ ഭയം നിറഞ്ഞ മുഖഭാവം കണ്ടിട്ടാകും അബ്ദുൾ പറഞ്ഞു.
“പേടിക്കാനൊന്നുമില്ലെന്നാ എന്റെ മനസ്സ് പറയുന്നത്. അല്ലെങ്കിൽ ഉമ്മർ അതിനേക്കുറിച്ച് എന്തെങ്കിലും പറഞ്ഞേനേ.... തന്നെയുമല്ല, കേസുകൾ വല്ലതുമാണെങ്കിൽ ഉമ്മറിനോട് പറയാതെ ഒന്നും ചെയ്യില്ലല്ലൊ. നമ്മളും ഇവിടത്തെ സ്റ്റാഫുകളല്ലെ...?”
അത് ശരിയാണെന്ന് എനിക്കും തോന്നി. എങ്കിലും പിന്നെന്തിനായിരിക്കും ഞങ്ങളെ രണ്ടാളെ മാത്രം വിളിച്ചത്...?
“അല്ല, അപ്പൊ തന്നെയെന്താ വിളിക്കാഞ്ഞത്....?”
“അതെനിക്കും അറിയില്ല....! അതോണ്ടാ എനിക്ക് ചെറിയൊരു സന്ദേഹം...?
എന്തായാലും വിളിച്ചാൽ ചെല്ലാതിരിക്കാനാവില്ലല്ലൊ... ചെന്നു നോക്ക്.. എന്താണെന്നറിയാമല്ലൊ...”

സച്ചി ഇറങ്ങിയപ്പോൾ ഞാനും ബാത്ത്‌റൂമിൽ കയറി പ്രാഥമിക പരിപാടികളെല്ലാം കഴിച്ചു. പിന്നെ ഇന്നലത്തെ ചോറെടുത്ത് ചൂടാക്കി മോരും അച്ചാറും കലക്കി അടിച്ചിട്ടാണ് ഞങ്ങൾ പോകുന്നത്. ഇനി ഭക്ഷണമൊന്നും കഴിക്കാൻ കിട്ടിയില്ലെങ്കിലോ..?

ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അമാറയിലെ പോലീസ് ജീപ്പ് ഓടിവന്ന് ഞങ്ങൾക്ക് മുൻപിൽ നിന്നു. വാതിൽ തുറന്നു തന്ന പോലീസ്സുകാരൻ പറഞ്ഞു.
“വേഗം കേറ്. നിങ്ങളെ  ഉടനെ കൊണ്ടുചെല്ലാൻ പറഞ്ഞു....!”
ഞങ്ങളോടൊപ്പം അബ്ദുളും ഒന്നു ഞെട്ടാതിരുന്നില്ല...
സച്ചി ഹാപ്പിയായിരുന്നെങ്കിലും എന്റെ നല്ല ജീവൻ പോയിരുന്നു...!
ഒരു ശവം തളർന്നൊടിഞ്ഞ്  ജീപ്പിനകത്ത് എത്തിവലിഞ്ഞ് കയറിയിരുന്നു...
അത് ഞാനായിരുന്നു...!!?

ബാക്കി  ഫെബ്രുവരി 1-ന് തുടരും........

Wednesday 1 January 2014

നോവൽ. മരുഭൂമി (7)

“എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ...”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടെ സൈറ്റിൽ എത്തി ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലും എല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു രാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് കുറേ കുട്ടികൾ ഞങ്ങളെ സ്വാഗതം ചെയ്തു. ഞങ്ങളുടെ രക്ഷക്കായി മാനേജരും ഫാർമസിസ്റ്റും ഓടിയെത്തി. വൈകുന്നേരമായപ്പോഴേക്കും ഒരു ജീപ്പിൽ പോലീസ് ചീഫ് പാഞ്ഞെത്തി. നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നു. താമസിയാതെ അത് ധിക്കരിച്ച് നഴ്സുമാരുടെ താമസസ്ഥലത്ത് പോയി തിരിച്ചിറങ്ങിയത് പോലീസ് ചീഫിന്റെ മുന്നിൽ. നഴ്സിന്റെ സമയോചിത ഇടപെടൽ ഒരു അത്യാപത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു. ശമ്പളം കിട്ടാതായതോടെ ഭക്ഷണത്തിനു പോലും വഴിമുട്ടിയ നേരത്ത് കൂട്ടുകാർ രക്ഷക്കെത്തി......

തുടർന്നു വായിക്കുക....

                                           ഭാര്യയെ വിറ്റ സങ്കടം...

                                        വളരെ കുറഞ്ഞ വരുമാനക്കാരായ ഉസ്മാനും മൊയ്തുവും ആശുപത്രിയിൽ വന്നിരുന്ന സന്ദർശകരുടെ കാറുകൾ കഴുകിക്കൊടുത്തിരുന്നു. ഞങ്ങൾ അതിനടുത്ത് പോയി നിന്ന് അതൊക്കെ കാണുകയും വാചകമടിക്കുകയും മറ്റും ചെയ്തിരുന്നു. അപ്പോഴും ഞങ്ങൾക്ക് അതൊക്കെ ചെയ്യണമെന്നോ കാശുണ്ടാക്കണമെന്നോ ചിന്തിച്ചിരുന്നില്ല. കാരണം ഒന്നാമത് രോഗികൾ വളരെ കുറവാണ്. അതു കൊണ്ട് തന്നെ വണ്ടികളും കുറവ്. മാത്രമല്ല സ്ത്രീ രോഗികളാണ് അധികവും വരാറ്. ആണുങ്ങളായി വയസ്സായവർ മാത്രവും. ഇവരെയൊക്കെ കൊണ്ടു വന്ന് ആശുപത്രിയിലിറക്കി തിരിച്ചു പോകുന്നവരാണ് മിക്കവാറും പുരുഷന്മാർ. ഏതാണ്ടൊരു പിക്നിക്കിനു വരുന്ന മൂടാണ് എല്ലാവർക്കും. കുറച്ചു സമയമെങ്കിലും അവിടെ കിടക്കുന്ന വണ്ടികൾ വളരെ കുറവാണ്.

പിന്നെ ആശുപത്രി ജീവനക്കാരുടെ വണ്ടികളാണ് ഉള്ളത്. ഞങ്ങളുടെ അവസ്ഥ അറിയാവുന്ന ഉസ്മാനും മൊയ്തുവും കൂടി നിർദ്ദേശിച്ച പരിഹാരം ഇതായിരുന്നു.
“നിങ്ങളുടെ മുൻവശത്ത് പാർക്ക് ചെയ്യുന്ന വണ്ടികളൊക്കെ നിങ്ങൾ കഴുകിക്കൊടുത്തോ. ആശുപത്രി മുറ്റത്ത് പാർക്ക് ചെയ്യുന്ന വണ്ടികൾ ഞങ്ങളും കഴുകിക്കോളാം..!”
അവരുടെ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനത്തിൽ നിന്നും കുറവു വരുന്ന ആ നിർദ്ദേശം വാസ്തവത്തിൽ ഞങ്ങളുടെ കണ്ണുകൾ നനയിച്ചു.

മാനേജർ ഉമ്മറിന്റേയും ഫാർമസിസ്റ്റ് അസ്സർബായിയുടേയും കാറുകൾ ഞങ്ങളുടെ മുറ്റത്താണ് കിടക്കുന്നത്. കൂടാതെ രോഗികളുടെ കാറുകളും ഇടക്കൊക്കെ കിട്ടിക്കൊണ്ടിരുന്നു. ഉമ്മറും അസ്സർബായിയും ഒരു മാസം കൂടുമ്പോഴാണ് കാശു തരുന്നത്. അപ്രാവശ്യം അവർ ആദ്യമേ തന്നെ തന്നു. അതുകൊണ്ട് ഞങ്ങൾ ഒരു ചാക്ക് മൈദയും മറ്റുള്ള സാധനങ്ങളും വാങ്ങി. ഫ്രിഡ്ജില്ലാതിരുന്നത് കൊണ്ട് ഇറച്ചിയോ മീനോ ഒന്നും സൂക്ഷിക്കാൻ കഴിയുമായിരുന്നില്ല. ഏറ്റവും ചെലവു കുറഞ്ഞ ഭക്ഷണം കോഴിയും കുപ്പൂസുമായിരുന്നു...!

ആദ്യമാദ്യം കുപ്പൂസ് തൊണ്ടയിൽ നിന്നും ഇറങ്ങിയിരുന്നില്ല. കാശിന്റെ അളവിൽ കുറവു വന്നപ്പോൾ കുപ്പൂസും വളരെ സ്വാദിഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. വന്ന ആദ്യ ദിവസങ്ങളിൽ ഒന്നുറങ്ങാൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഇന്നിപ്പോൾ ജനറേറ്ററിന്റെ ശബ്ദമൊന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ല. വാതിലടച്ചു കഴിഞ്ഞാൽ ഒരു മൂളക്കം പോലും ഉള്ളതായി തോന്നുന്നില്ല. ചെവി പരിസരവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

ഇത് മൂന്നാം മാസമാണ് ഇവിടെ വന്നിട്ട്. മുറിയിൽ ഒന്നും ചെയ്യാനില്ലാതെ കിടക്കുമ്പോഴാണ് മൊയ്തുവിന്റെ ഫോൺ. കേട്ടതും എഴുന്നേറ്റ് ഓടുകയായിരുന്നു ഞങ്ങൾ. പോസ്റ്റാഫീസിന്റെ വണ്ടി വരുന്ന വിവരമായിരുന്നു ആ വാർത്ത...!
ഞങ്ങൾ മുറ്റത്ത് എത്തിയപ്പോഴേക്കും പോസ്റ്റാഫീസിന്റെ ഒരു കുഞ്ഞു മഞ്ഞ വണ്ടി അവിടം വിട്ടിരുന്നു. അത് ആശുപത്രിയെ ഒന്നു വലം വച്ച് ഗേറ്റ് കടന്നു പോകുന്നത് ഓട്ടത്തിനിടയിൽ കണ്ടിരുന്നു.

ആശുപത്രിയിലെത്തുമ്പോഴേക്കും മൊയ്തു ഞങ്ങൾക്കുള്ള കത്തുമായി പുറത്തു വന്നു. ഞങ്ങൾക്ക് ഓരോ കത്തു മാത്രം. അതു കിട്ടിയപ്പോഴേ ഉമ്മകൾ കൊണ്ട് മൂടി. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു വന്നത് ആരും കാണാതിരിക്കാനായി വേഗം മുറിയിലേക്ക് തിരിഞ്ഞോടി. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങളടങ്ങിയ കത്ത് നെഞ്ചിൽ കൂട്ടിപ്പിടിച്ച്, ഹൃദയത്തോട് ചേർത്തു വച്ച് കട്ടിലിൽ വന്നു വീണ് കമിഴ്ന്നു കിടന്ന് കരഞ്ഞു. അടക്കാനാവാത്ത സന്തോഷം, എന്തിനെന്നറിയാതെ വെറുതെ കരഞ്ഞു തീർത്തു.

ഹൃദയമിടിപ്പിന്റെ താളം ഒന്നു നേരെ ചൊവ്വെ ആയിട്ടേ കത്ത് തുറന്നുള്ളു. അഛന്റെ കത്തായിരുന്നു. മറുപുറത്തെ അഛന്റെ പേരെഴുതിയിടത്ത് ഒരു മുത്തം കൂടി കൊടുത്തിട്ടേ കത്തു തുറന്നുള്ളു. അപ്പോഴേക്കും കട്ടിലിൽ ചുമരും ചാരിയിരുന്ന് കത്ത് പൊട്ടിച്ച് വായിച്ച അബ്ദുൾ ഖാദർ കമിഴ്ന്നടിച്ച് കട്ടിലിൽ വീണ് തലയിണയിൽ തലതല്ലിക്കരയുന്നു...!

ഞാൻ വിചാരിച്ചത്, അയാളുടെ ആരെങ്കിലും വേണ്ടപ്പെട്ടവർ ഇതിനകം മരിച്ചു പോയിരിക്കുമെന്നാണ്. ഓടിച്ചെന്ന് അവനെപ്പിടിച്ചുയർത്തി കാര്യം തിരക്കി.
അവൻ കണ്ണുകൾ തുടച്ച് എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു.
“ഹേയ് ആരും മരിച്ചതൊന്നുമല്ല. എന്റെ ഓട്ടോറിക്ഷാ... ബാപ്പ വിറ്റു...!”

ഓട്ടോറിക്ഷയെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നത് എന്റെ ഓർമ്മയിലെത്തി. പുതിയത് വാങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഭാര്യയുടെ പേരായിരുന്നു ഓട്ടോക്ക് പേരിട്ടത്. ഇങ്ങോട്ടു പോരാൻ പണം തികയാതെ വന്നപ്പോൾ ഒരു കൂട്ടുകാരന് പണയത്തിന് ഓടിക്കാൻ കൊടുത്തിട്ടാണ് പോന്നത്. മൂന്നു മാസത്തെ കാലാവധിയായിരുന്നു പറഞ്ഞിരുന്നത്.
അത് തീരുന്നതിനു മുൻപേ ബാപ്പ അയാൾക്ക് തന്നെ കൊടുത്ത് കിട്ടിയ കാശ് വാങ്ങിയത്രെ. കാരണം ഇതിനകം തന്നെ രണ്ടു പ്രാവശ്യം ഇടിച്ച് നാശനഷ്ടം വന്നിരുന്നു. ഇനിയും അയാളത് കൊണ്ടു നടന്നാൽ ഒന്നും കിട്ടാനുണ്ടാവില്ലെന്ന തിരിച്ചറിവാണ് ബാപ്പയെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്. ഭാര്യയുടെ ആഭരണങ്ങൾ വിറ്റിട്ടാണ് ഓട്ടോറിക്ഷ വാങ്ങിയത്.
എന്നിട്ടിപ്പോൾ തന്റെ ഭാര്യയെ വിറ്റതു പോലെയായി...!
അതാണ് തല തല്ലിക്കരയാൻ കാരണം.

അയാളെ ആശ്വസിപ്പിച്ചെങ്കിലും എന്റെ കത്ത് തുറന്നു നോക്കാനുള്ള ധൈര്യം അതോടെ നഷ്ടമായി. ഞാനാ കത്ത് കട്ടിലിലിട്ടിട്ട് ചായയുണ്ടാക്കി. ഒരു ഗ്ലാസ് അബ്ദുൾ ഖാദറിനും കൊടുത്തു. രണ്ടു കവിൾ കുടിച്ചിട്ടാണ് കത്ത് തുറന്നത്.
ബന്ധുക്കളുടേയും കൂട്ടുകാരുടേയും മറ്റും ആഭരണങ്ങൾ വാങ്ങി പണയം വച്ചിട്ടാണ് ഞാനും പൈസ കൊടുത്തത്. കത്തിൽ പക്ഷേ, തലതല്ലിക്കരായാനുള്ളതൊന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ബന്ധുവിന്റെ മകളുടെ കല്യാണം ശരിയായിട്ടുണ്ട്. ഉടനെ കാണുമെന്നായിരുന്നു കത്തിൽ. കല്യാണപ്പെണ്ണിന്റെ ആഭരണം പണയം വച്ച കൂട്ടത്തിലുണ്ടായിരുന്നു.

അടുത്തൊരു വാചകം ആശ്വസിപ്പിക്കാനായി അഛനെഴുതിയിരുന്നു.
‘നീയവിടെ വിഷമിക്കുകയൊന്നും വേണ്ട. ഒരു നിവർത്തിയുമില്ലാതെ വന്നാൽ നമ്മുടെ നെൽക്കണ്ടം വിറ്റ് കടങ്ങളൊക്കെ വീട്ടിക്കോളാം.’
അതും ഒരു സങ്കടം തന്നെയാണ്. മൂന്നു മാസത്തെ ശമ്പളം ഒരുമിച്ച് കിട്ടിയാൽ തീർക്കാവുന്ന കടമേയുള്ളു. എങ്കിലും അതെന്നു കിട്ടുമെന്നു വിചാരിച്ചാണ് വിൽക്കരുതെന്ന് പറയുക. മറുപടിയിൽ ഞാനെഴുതി. അവസാനം മാത്രമേ വിൽക്കാവൂ. അതുവരേക്കും കാത്തിരിക്കണം...
ഈ മറുപടിക്കത്ത് അവിടെ കിട്ടാൻ ഇനിയുമൊരു രണ്ടോ മൂന്നോ മാസം വേണ്ടി വന്നാൽ...?

കത്തു മുഴുവൻ വായിച്ചപ്പോഴേക്കും വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു. ഞാൻ കട്ടിലിൽ തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അബ്ദുൾ ഖാദറിന്റെ കൂർക്കം വലി കേൾക്കായി. പാവം സങ്കടപ്പെട്ട് സങ്കടപ്പെട്ട് ഉറങ്ങിപ്പോയെന്നു തോന്നുന്നു.

അതിനിടക്ക് ഒരു ദിവസം അസ്സർബായിയുടെ ഏസി കേടായി. എന്നോട് നോക്കാമോയെന്നു ചോദിച്ചു. ഒരു പരിചയവുമില്ലാത്ത സാധനമാണ്. അദ്യമായിട്ട് തൊട്ടടുത്ത് കാണുന്നതു തന്നെ ഈ മുറിയിലെ ഏസിയാണ്. ഇതുവരെ അതിന്റെ ഉള്ളൊന്നും കണ്ടിട്ടില്ല. എന്നാൽ പുസ്തകം നോക്കി പഠിച്ചിട്ടുണ്ടു താനും. ശരി, നോക്കിക്കളയാമെന്ന് തന്നെ തീരുമാനിച്ചു.

അന്നുച്ചക്ക് അസ്സർബായി ഊണു കഴിക്കാൻ പോയപ്പോൾ ഞാനും ഉസ്മാനും കൂടെപ്പോയി. ആദ്യമായിട്ടാണ് ആ ഗ്രാമത്തിൽ കാലു കുത്തുന്നത്...
കാഫറുങ്ങളെ നേരിൽ കാണാൻ തിരക്കു കൂട്ടിയ കുട്ടികളുടെ നാട്...!
അവരെങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. എങ്കിലും അസ്സർബായിയുണ്ടല്ലൊ കൂട്ടിനെന്ന ധൈര്യമായിരുന്നു.  പഴയ മണ്ണിഷ്ടിക വച്ച് പണിത വീടുകളായിരുന്നു അധികവും. തേച്ച് മിനുപ്പിച്ച് പെയിന്റടിച്ചതൊന്നും കണ്ടില്ല. എല്ലാം ഓടു മേഞ്ഞവ തന്നെ.
ഏതാണ്ട് ‘ഗല്ലി’കളിൽക്കൂടി സഞ്ചരിക്കുന്നതു പോലെ തോന്നി.

വളഞ്ഞും തിരിഞ്ഞും കൂറച്ചു കൂടി ചെന്നപ്പോൾ ഒന്നു രണ്ട് കോൺക്രീറ്റ് വീടുകളും കണ്ടു. നല്ല പൊക്കത്തിൽ മതിലു കെട്ടിയ, (നമ്മുടെ നാട്ടിലാണെങ്കിൽ അത്രയും പൊക്കത്തിൽ മതിലു കെട്ടിയാൽ അയൽ‌പ്പക്കക്കാർ വായു സഞ്ചാരം മതിലു കെട്ടി തടഞ്ഞെന്നു പറഞ്ഞ് കേസു കൊടുത്തേനെ..!) മഞ്ഞച്ചായമടിച്ച, ലൈറ്റുകളൊക്കെ പിടിപ്പിച്ച ഒന്നു രണ്ടു വീടുകളും കണ്ടു. അതിലൊന്നു ചൂണ്ടിക്കാട്ടി ഉസ്മാനാണ് പറഞ്ഞത് ‘അതാണ് അമീറിന്റെ വീട്’

തൊട്ടപ്പുറത്ത് മറ്റൊന്നും കണ്ടു. മതിലുണ്ടെങ്കിലും ലൈറ്റൊന്നും പടിപ്പിച്ചിട്ടില്ല. കോൺക്രീറ്റാണെങ്കിലും പെയിന്റൊന്നും ചെയ്തിട്ടില്ല. അതാണത്രെ നമ്മുടെ അമീറിന്റെ ചേട്ടൻ  ‘പോലീസ് മുഹമ്മദി’ന്റെ വീട്. അതിനടുത്തായിരുന്നു അസ്സർബായിയുടെ വീട്. പുറമേ  തേക്കാത്ത വീടായിരുന്നെങ്കിലും അകത്ത് വെള്ള തേച്ചിരുന്നു. ഭാര്യയും നാലഞ്ചു കുഞ്ഞു കുട്ടികളും. എല്ലാം ഒരേ പൊക്കത്തിലുള്ള പെൺക്കുട്ടികൾ. എന്റെ സംശയം ഞാൻ ഉസ്മാന്റെ ചെവിയിൽ ചോദിച്ചു.
“ഇതെല്ലാം ഒരേ പ്രസവത്തിൽ ഉണ്ടായതാണൊ..?”
ഉസ്മാൻ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.
“ഹേയ്... എല്ലാത്തിനും ഓരോ കൊല്ലത്തെ വ്യത്യാസമേയുള്ളു. അതുകൊണ്ടാ അങ്ങനെ തോന്നണെ..”

ഉസ്മാനോട് കുട്ടികളെല്ലാം നല്ല പരിചയഭാവം കാണിച്ചു. മൂത്ത കുട്ടി ഉസ്മാന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. എന്നിട്ട്  എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. എന്നേക്കുറിച്ച് എന്തോ ആണെന്ന് എനിക്ക് മനസ്സിലായി. അതിന് മറുപടിയായി ഉറുദുവിൽ ഉസ്മാൻ പറഞ്ഞു കൊടുത്തു. കുട്ടി അത് കേട്ട് ഓടിപ്പോയി.
“നീ പള്ളീൽ പോകൂല്ലേന്നാ ചോദിച്ചത്. അതെന്താ പോകാത്തെ...?  ഞാൻ പറഞ്ഞു. അവരു പള്ളീൽ പോകും. പക്ഷെ, നമ്മുടെ പള്ളിലല്ല. അവരുടെ പള്ളി അവരുടെ നാട്ടിലേയുള്ളു. ഇവിടെയില്ല... അപ്പൊ അതിനു ഓർമ്മ വന്നു. എന്നിട്ട് പറയാ... ങാ... ഞങ്ങടെ കറാച്ചിയിലുണ്ട് ആ പള്ളി...”

കൂൾഡ്രിങ്സ് തന്നതിനു ശേഷമാണ് ഏസി കേടായ മുറി കാണിച്ചു തന്നത്. പക്ഷെ, അത് ആശുപത്രിയിലുള്ള തരം ഏസി ആയിരുന്നില്ല. വെള്ളം ഉപയോഗിച്ച് വായു തണുപ്പിക്കുന്ന ‘എയർ കൂളർ’ ആയിരുന്നു. അങ്ങനെയൊന്ന് ആദ്യമായിട്ടാണ് കാണുന്നത്. അതിന്റെ മുഴുവൻ ഭാഗവും മുറിയുടെ വെളിയിലാണ് ഉറപ്പിക്കുന്നത്. സ്വിച്ചും കാറ്റ് വരാനുള്ള ദ്വാരവും മാത്രമേ അകത്തു നിന്ന് കാണാനൊക്കൂ.

പുറത്തിറങ്ങി അതിന്റെ പ്രവർത്തനം ആദ്യം തന്നെ മനസ്സിലാക്കി. എത്ര ലളിതമായ ഉപകരണമാണ് ഇത്. ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ ഇവർ ഇതു കൊണ്ട് ജീവിക്കുന്നുവെങ്കിൽ, അത്രയൊന്നും ചൂടില്ലാത്ത, വെള്ളം ധാരാളമുള്ള നമ്മൾക്ക് ഏറ്റവും ചെലവു കുറഞ്ഞ ഈ ഏസി സംവിധാനം എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ...?

ഫാൻ കറക്കാനായി കാൽ എച്ച്.പിയുടെ ഒരു മോട്ടോറും വെള്ളം പമ്പു ചെയ്യാൻ ഒരു കുഞ്ഞു പമ്പും മാത്രമാണ് പ്രധാനഭാഗം. നമ്മളും പണ്ട് ഉപയോഗിച്ചിരുന്നു ഈ തത്വത്തിൽ ഉപയോഗിക്കുന്ന ഒരു സാധനം. ആശാന്റെ കവിതയിൽ പറയുന്നതു പോലെ
‘രാമച്ച വിശറികൊണ്ടോമൽ കൈവള കിലുങ്ങുമാറു....’ അതെ.. രാമച്ചത്തിൽ ഉണ്ടാക്കിയ വിശറി വെള്ളത്തിൽ നനച്ചു വീശിയാൽ, എത്ര സുഖകരമായ, ആരോഗ്യകരമായ തണുത്ത കാറ്റാണ് കിട്ടുക...!

ഞാൻ ചിന്തയിൽ നിന്നുണർന്നു. കാരണം നന്നായി വിയർക്കുന്നുണ്ടായിരുന്നു. അതിന്റെ ഫാനിന്റെ വേഗത നിയന്ത്രിക്കാനുള്ള സ്വിച്ച് കേടായിരുന്നു. തൽക്കാലം നേരിട്ട് കൊടുത്ത്  പ്രവർത്തിപ്പിച്ചു. എത്ര സുഖമുള്ള കാറ്റാണ് കിട്ടുന്നത്. സ്വിച്ച് വാങ്ങണമെങ്കിൽ മക്കയിൽ പോകണം. അതുവരേക്കും ഇങ്ങനെ ഓടട്ടേയെന്ന് വച്ചു.

ആ ഗ്രാമത്തിൽ കറണ്ടൊന്നുമില്ല. ഗ്രാമവാസികളെല്ലാം ചേർന്ന് ഇടത്തരം ജനറേറ്റർ വാങ്ങി വച്ചിരിക്കുകയാണ്. പകൽ ഉച്ചക്ക് മാത്രമേ ഓടിക്കൂ. രാത്രിയിൽ മുഴുവനും ഉണ്ടാകും. അത് ഓടിക്കാനായി ഒരു പാക്കിസ്ഥാനിയെ വച്ചിട്ടുണ്ട്. അയാളുടെ ശമ്പളവും ജനറേറ്ററിന്റെ ചിലവുകളും അതാതു മാസം പിരിവെട്ടെടുക്കും.

അസ്സർബായിയുടെ എയർ കൂളർ നന്നാക്കിയതോടെ ഏസി നന്നാക്കാൻ അറിയാവുന്ന ആളാണ് ആശുപത്രിയിൽ വന്ന ‘കാഫർ’ എന്ന വാർത്ത ഗ്രാമമാകെ പരന്നു...!
മുൻപ് അങ്ങനെയൊരാൾ ആ ഗ്രാമത്തിലുണ്ടായിരുന്നില്ല. ഈ പണിയെല്ലാം മക്കയിൽ നിന്നും ആളെ കൊണ്ടുവന്ന് കമ്മീഷൻ വാങ്ങി മുടിചൂടാമന്നനെപ്പോലെ ചെയ്യിച്ച്, തോന്നിയ പോലെ റിയാൽ ചോദിച്ചു വാങ്ങിയിരുന്ന പാക്കിസ്ഥാനിയുടെ നെഞ്ചിടിപ്പ് കൂട്ടിയതിൽ അത്ഭുതമില്ലല്ലൊ. പാക്കിസ്ഥാനി പാരയായി മാറിയതു കൊണ്ട് വലിയ മെച്ചമൊന്നും ഉണ്ടായില്ല.
പിന്നെ ഞാനാണെങ്കിൽ കാഫറും...!
എന്തു കൊണ്ടോ ഒരു വിഭാഗം എന്നോട് ഇടഞ്ഞുതന്നെ നിന്നു.
അതിൽ പ്രധാനി ആയിരുന്നു ആ ഗ്രാമത്തിലെ ‘മുത്തവ’..!

മുത്തവയാണ് ഗ്രാമത്തിലെ മതകാര്യങ്ങളുടെ എല്ലാം നേതാവ്. ആളുകളെ നിസ്ക്കരിപ്പിക്കാനും മതത്തിനു നിരക്കാത്ത കാര്യങ്ങൾ കണ്ടാൽ കർശ്ശനമായി തന്നെ തടയാനും മറ്റും അധികാരമുള്ളയാളാണ്. അതിനായി അദ്ദേഹത്തിന് പോലീസിനെ വരെ സർക്കാർ കൊടുത്തിട്ടുണ്ട്.

എങ്കിലും അസ്സർബായിയുടെ പിൻബലത്തിൽ വളരെ ധൈര്യവാന്മാരായ ചില അറബികൾ എന്നെ വിളിക്കാൻ തുടങ്ങി.  എങ്ങനേയും കുപ്പൂസിനുള്ള വക മുടക്കില്ലാതെ കിട്ടിപ്പോന്നു.
പിന്നേയും ഒരു മാസം കഴിഞ്ഞാണ് പോസ്റ്റ് മാൻ വരുന്നത്. അയാളെ അന്നാണ് നേരിൽ കാണുന്നത്. അന്ന് മൂന്നാല് കത്തുകൾ ഞങ്ങൾക്കുണ്ടായിരുന്നു.

എഴുതി വച്ചിരുന്ന കത്തുകളുമായി  ഞങ്ങൾ  ഓടിച്ചെല്ലുമ്പോഴേക്കും അവൻ വണ്ടിയെടുത്തിരുന്നു. കത്തുമായി അവന്റെ പിന്നാലെ ഓടിച്ചെല്ലുന്നത് കണ്ടിട്ട് അവൻ അമാറയുടെ ഭാഗത്തേക്ക് കൈ ചൂണ്ടിക്കാണിച്ചിട്ട് വണ്ടി ഓടിച്ച് പോയി. ഞങ്ങളെ കളിയാക്കുകയാണെന്ന് കരുതി നിരാശരായി തിരിച്ചു പോരാനൊരുങ്ങുമ്പോഴാണ് അവൻ അമാറയിലേക്കാണ് തിരിയുന്നതെന്ന് തോന്നിയത്. പിന്നെ ഞങ്ങൾ അമാറയിലേക്ക് വിട്ടു.

ഞങ്ങളുടെ പൊറോട്ടയുണ്ടാക്കുന്ന മുറിയുടെ അടുത്തായി പിറകിൽ ഒരു ‘കാരവൻ വാൻ’ മാതിരി ചക്രമൊക്കെയുള്ള മഞ്ഞപ്പെയിന്റടിച്ച  ഒരു വണ്ടി അവിടെ അനാഥമായി കിടക്കുന്നുണ്ടായിരുന്നു. വന്ന കാലം മുതൽ കാണുന്നതാണത്. ഉസ്മാനും മൊയ്തുവും അതവിടെ കിടക്കുന്നത് കാണാൻ തുടങ്ങിയിട്ട് ഒന്നു രണ്ടു കൊല്ലമായി.

പോസ്റ്റുമാൻ അതിന്റെ വാതിൽ തുറന്ന് അകത്തു കയറുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളും ഓടിച്ചെന്ന് അതിനകത്തു കയറി. ചെറുപ്പക്കാരനായ അവൻ അതിന്റെ ജനലും വാതിലുമെല്ലാം തുറന്നിട്ട് അതിനകത്തിരിക്കാനുള്ള പുറപ്പാടാണ്. അപ്പോഴാണ് ഇതാണ് ഇവിടത്തെ പോസ്റ്റാഫീസെന്നും ഏസിയില്ലാത്തതു കൊണ്ടാണ് ഇവിടെ ഇരിക്കാത്തതെന്നും മറ്റും അറിയുന്നത്. ഞങ്ങൾ ഉടനെ തന്നെ ചോദിച്ചു.
“ഏസി നീ കൊണ്ടുവരാമോ... എങ്കിൽ കറണ്ടു ഞങ്ങൾ തരാം..?!”


ബാക്കി ജനുവരി 15-ന്....