Wednesday 15 April 2015

നോവൽ. മരുഭൂമി.(38)


“എല്ലാ വായനക്കാർക്കും വിഷുദിനാശംസകൾ....”



കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ. അവിടന്ന് രക്ഷപ്പെട്ട് ഒരു കണക്കിനു കൂയ്യുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി. ഇവിടേയും ഭക്ഷണക്കാര്യത്തിനായി കൂട്ടുകാരൻ ജൂബിയുടെ സവാളക്കടയിൽ സഹായികളായി കൂടി....


തുടർന്നു വായിക്കുക...

ഉറക്കമില്ലാത്ത രാത്രികൾ...


ഫ്ലൈറ്റുകളൊന്നും നേരെചൊവ്വെ പോകുന്നുണ്ടായിരുന്നില്ല.
പോകുന്നവയിൽ നല്ല വില കൊടുത്താലും ടിക്കറ്റുകൾ കിട്ടുന്നില്ലെന്ന തിരിച്ചറിവ്, ഇവിടെത്തന്നെ അടിഞ്ഞു തീരാനായിരിക്കും വിധിയെന്ന് സ്വയം സമാധാനിച്ചു....
എന്തായാലും മാനേജർ വന്നപ്പോൾ ഞങ്ങൾ എല്ലാവരും ജോലി മതിയാക്കി പോകാനായി എഴുതിക്കൊടുത്തു...
മാനേജർ ചിരിച്ചുകൊണ്ട് അതുവാങ്ങി മടക്കി പോക്കറ്റിലിട്ടു...
അതു കഴിഞ്ഞദ്ദേഹം തലയാട്ടി ഒരു ആക്കിച്ചിരി ചിരിച്ചു. പിന്നെ പുറത്തിറങ്ങി.
മാനേജരുടെ ആ തലയാട്ടലിന്റേയും ആക്കിച്ചിരിയുടേയും അർത്ഥം, ‘നിങ്ങളൊക്കെ നേരെ ചൊവ്വെ പോയതു തന്നെ’ യെന്നല്ലേ...?
ദൈവമേ...!
ഈ കോലത്തിലാണേൽ ശവപ്പെട്ടിയിലെങ്കിലും വീട്ടിലെത്തുമോ ആവോ...!!?
കല്യാണം കഴിഞ്ഞ് പതിനേഴാം ദിവസം ‘ദേ പ്പ വരാട്ടോ’ന്ന് പറഞ്ഞ് പോന്നതാ ഞാൻ....!

പിന്നേയും മാസങ്ങൾ കടന്നു പോയി.
യുദ്ധം തുടങ്ങാനുള്ള കോപ്പുകളെല്ലാം അടുപ്പിക്കുന്നതേ ഉണ്ടായിരുന്നുള്ളു.
അതിനു മുമ്പുള്ള ‘വാക് യുദ്ധ’മായിരുന്നു നടന്നു കൊണ്ടിരുന്നത്.
ബിബിസിയാണ് ഞങ്ങളുടെ പ്രധാന വാർത്താസ്രോദസ്സ്. അവർ എന്നും സദ്ദാമിനെ താഴ്ത്തിക്കെട്ടിയേ പറയാറുള്ളു. പിന്നെയുള്ളത് സൌദി വാർത്തകളാണ്.
അവർ ഒരിക്കലും സത്യം പറയില്ലെന്ന് അറിയാമായിരുന്നു.
പിന്നെ ആകെയൊരു ആശ്വാസം എന്നു പറയുന്നത് ബുറൈദയിൽ നിന്നും കിട്ടുന്ന ‘ലുങ്കിന്യൂസ്’ ആയിരുന്നു...!
അത്രക്കങ്ങ്ട് വിശ്വാസ്യതയില്ലെങ്കിലും ഉള്ളിന്റെയുള്ളിൽ എന്തെങ്കിലും സത്യങ്ങളൊക്കെ കിടപ്പുണ്ടാകും..!
നാട്ടിൽ നിന്നുള്ള പത്രങ്ങളൊന്നും കിട്ടിയിരുന്നില്ല.

 സന്ധ്യ കഴിഞ്ഞാൽ പട്ടണം വിജനമാകും.
പിന്നെ റോഡും പരിസരവും പോലീസ്സും പട്ടാളവും കൈക്കലാക്കും.
ഇടയ്ക്കിടക്ക് അവരുടെ കവചിത വാഹനങ്ങൾകൊണ്ട്  റോഡിനു കുറുകെ തടസ്സം സൃഷ്ടിക്കും. തൊട്ടടുത്ത് മണൽ നിറച്ച ചാക്കുകൾ അട്ടിയിട്ട്, അതിനു പിറകിൽ  ‘ബൊഫോഴ്സ് പീരങ്കികൾ’ പോലെ പലതും തലയുയർത്തി നിൽക്കുന്നതു കാണാം.
ജനത്തിനു പേടിക്കാൻ വേറെ വല്ലതും വേണോ...?
യുദ്ധം ഏതുനിമിഷവും ആരംഭിക്കാമെന്ന ഭീതി നിറഞ്ഞു നിന്ന അന്തരീക്ഷം.
അതുകൊണ്ട് കടകളെല്ലാം നേരത്തെ അടക്കും.
ഞങ്ങളും കട അടച്ച് നേരത്തെ വീട്ടിലെത്തും.

ചൂടു ചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുന്ന വൈകുന്നേരങ്ങളിലാണ്  ഞങ്ങളുടെ കാര്യമാത്ര പ്രസക്തമായ ചർച്ചകൾ നടക്കാറ്.
എന്നത്തേയും പോലെ സച്ചിയാണ്, ബുറൈദയിൽ നിന്നു കിട്ടിയ ‘ലുങ്കി ന്യൂസി’ന്റെ ആധികാര്യതയുമായി അന്നത്തെ ആ  ചർച്ചക്ക് തുടക്കമിട്ടത്.
“ചൂടത്ത് മണരാണ്യത്തിൽ നിന്നും യുദ്ധം ചെയ്താൽ സദ്ദാം ഇരച്ചു കയറി സർവ്വതും ഒറ്റയടിക്ക് തീർക്കുമെന്ന് അമേരിക്കയും സഖ്യ കക്ഷികളും ഭയക്കുന്നുണ്ടാവണം...”
ജൂബി എന്ന കബീറിന് അക്കാര്യത്തിൽ സംശയമൊന്നുമില്ല. അതിനുള്ള തെളിവും നിരത്തി.
“എട്ടുകൊല്ലം ഇറാനുമായി ഘോരയുദ്ധം ചെയ്തിട്ടും തളരാത്തവരാണ് ഇറാക്കികൾ...!” “പൊരിമണലിൽ തളരാതെ യുദ്ധം ചെയ്യാനുള്ള ഇറാക്കികളുടെ കഴിവ് കാണാതിരിക്കാൻ സഖ്യകക്ഷികൾക്കാവുമോ...?”
“കരയുദ്ധത്തിൽ വളരെ പരിശീലനം ലഭിച്ചിട്ടുള്ള ഇറാക്കികളോട് മത്സരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് അമേരിക്കക്കറിയാം...”
“അതുകൊണ്ടായിരിക്കും സദ്ദാമിനെ പേടിപ്പിച്ചു നിറുത്തി കാര്യം സാധിക്കാൻ അമേരിക്ക ശ്രമിക്കുന്നത്...”
“അമേരിക്കയെ സദ്ദാമിനറിയാം... ഈ വിരട്ടലൊന്നും അവിടെ വിലപ്പോവില്ല മോനേ..!”
“ശരിയാ... സദ്ദാമിന്റെ പങ്കാളിയല്ലായിരുന്നോ അമേരിക്കാ..!”
“അതെന്ന്..?”
“ഹാ.. ഇറാൻ ഇറാക്ക് യുദ്ധത്തിൽ അമേരിക്കയല്ലെ ഇറാക്കിനെ സഹായിച്ചു കൊണ്ടിരുന്നേ... അന്ന് ഇറാനെ വീഴ്ത്താൻ അമേരിക്ക കൊടുത്തതല്ലെ ടൺകണക്കിന് രാസായുധ സാമഗ്രികൾ. അതിന്റെ ബാക്കി ഇപ്പോഴും അവിടെ കാണുമെന്ന ഭയമല്ലെ അമേരിക്കയുടെ ഉറക്കം കെടുത്തുന്നത്..!?”
“അവൻ തങ്ങൾക്കിട്ടു തന്നെ അത് തിരിച്ചടിക്കുമെന്ന് ...ചുരുക്കം...  ഹാ  ഹാ  ഹാ..!!”

ചർച്ചയുടെ ആവേശത്തിൽ കട്ടിലിൽ നിന്നും ചാടിയിറങ്ങിയ സച്ചി ഞങ്ങളോടൊപ്പം താഴെയിരുന്നു.
“അതിനിടക്ക് ആകാശത്തു നിന്നും കടലിൽ നിന്നും ആയിരിക്കും ആദ്യ ആക്രമണമെന്ന് ബിബിസി ക്കാരു പറയുന്നതു കേട്ടു...”
“അല്ലാതെ നിലത്തിറങ്ങാൻ സദ്ദാമിന്റെ ചുണക്കുട്ടികള് സമ്മതിച്ചിട്ടുവേണ്ടേ കരയുദ്ധം ചെയ്യാൻ... ഹാ.. ഹാ.. ഹാ..!”
സദ്ദാമിന്റെ ഭാഗത്ത് എന്തിനും ഏതിനും മുൻ‌തൂക്കമുണ്ടെങ്കിൽ ഞങ്ങളെല്ലാവരും ആർത്തു ചിരിക്കുമായിരുന്നു.

“പക്ഷേ, സദ്ദാമിന്റടുത്ത് മാരകായുധങ്ങൾ വേറെയുമുണ്ടെന്നാ സംശയം... ”
“ശരിയാ.. റഷ്യയിൽ നിന്നും മറ്റും വാങ്ങിക്കൂട്ടിയത് അധികമൊന്നും ഇറനെതിരെ ഉപയോഗിച്ചിട്ടില്ലെന്നാ കേൾക്കുന്നത്...”
“റഷ്യ കൊടുത്തത് എന്തൊക്കെയെന്ന് ആരും പറയുന്നില്ല. മൊത്തത്തിൽ സദ്ദാമിന്റെ ആയുധശേഷിയെക്കുറിച്ചുള്ള ആശങ്കയാ യുദ്ധം തുടങ്ങാനുള്ള തടസ്സമെന്നു തോന്നുന്നു...”
 “ ങാ.. പിന്നൊരു കാര്യം... റഷ്യയുടെ ‘സ്കഡ്’  മിസ്സൈലാ മറ്റൊരു പേടി സ്വപ്നം.
അത് അത്യുഗ്രൻ സാധനമാണെന്നാ കേൾക്കുന്നത്...!!”
“പകരം അമേരിക്കയുടെ കയ്യിൽ ‘പേട്രിയേറ്റ്’ മിസ്സൈൽ’ മറുമരുന്നായി ഉണ്ട് കെട്ടോ...!!”
“ഓ.. അതൊന്നും സ്കഡ്ഡിനോളം വരില്ലെന്നേ...!”
“അതവന്മാർ സ്കഡ്ഡിനെ വീഴ്ത്താൻ വേണ്ടി ഉണ്ടാക്കിയതാ... പക്ഷേ, വെറും പടക്കമാന്നാ കേട്ടത്...!”
അമേരിക്കയെ കൊച്ചാക്കാൻ കിട്ടുന്ന ഒരവസരവും ഞങ്ങൾ പാഴാക്കാറില്ല.

ഇടക്കിടക്ക് സദ്ദാം തോക്കുയർത്തി ജനങ്ങളുടെ നടുവിൽ നിന്ന് ജനങ്ങളെ ആവേശം കൊള്ളിക്കുന്നത്  ബിബിസിയിൽ കാണിക്കുമ്പോൾ ഞങ്ങൾക്കും ആവേശമായിരുന്നു.
“നീയാണ്ട മോനേ ചുണക്കുട്ടി. നാലുവശത്തു നിന്നും ശത്രുക്കൾ വളഞ്ഞു നിൽക്കുമ്പോഴും ഓന്റെയൊരു ശൌര്യം നോക്ക്യേ..!!”
അതു കാണുമ്പോൾ ഞങ്ങളുടെ രോമകൂമങ്ങൾ പോലും എഴുന്നു നിൽക്കും...!

പതുക്കെപ്പതുക്കെ രാജ്യം തണുപ്പിലേക്ക് നീങ്ങാൻ തുടങ്ങി.
സഖ്യശക്തികൾ എന്തിനും തെയ്യാറായി നിന്നു.
സദ്ദാമും വെറുതെയിരുന്നില്ല. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന താരിക് അസ്സീസിനെ നാലുപാടും അയച്ച് യുദ്ധം ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. കുവൈറ്റിനെ മോചിപ്പിക്കുകമാത്രമായിരുന്നില്ല, ഇറാക്കിന്റെ എണ്ണ സമ്പത്തിലും കണ്ണു നട്ടായിരുന്നു അമേരിക്കയുടെ നീക്കം. അതുകൊണ്ടു തന്നെ ഏതൊരു സമാധാന നീക്കവും വിജയം കണ്ടില്ല.

ഒരു രാത്രിയുടെ മറവിൽ സഖ്യശക്തികൾ ഭീകരാക്രമണം തുടങ്ങി.
രാത്രിയിൽ സൌദിയുടെ ഇംഗ്ലീഷ് ചാനലിൽ കണ്ണു നട്ടിരുന്ന ഞങ്ങൾക്ക് പെട്ടെന്ന് സ്ക്രീനിൽ നിന്നും  ചിത്രങ്ങൾ അപ്രത്യക്ഷമായി...!
ഏതാനും നിമിഷത്തിനു ശേഷം സഖ്യശക്തികൾ ആക്രമണം ആരംഭിച്ചതായി അറിയിപ്പു കിട്ടി. എന്നിട്ട് ‘ആരും ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരും വീട്ടിനകത്തു തന്നെ ഇരിക്കണമെന്നും’ ഓർമ്മിപ്പിച്ചു....
എഴുതിക്കാണിക്കുകയായിരുന്നു.
ചിത്രങ്ങളൊന്നും വന്നില്ല.
അവതാരകരും ഉണ്ടായിരുന്നില്ല.
ഞങ്ങളും ശ്വാസം പോലും വിടാനാകാതെ, നെഞ്ചിടിപ്പോടെ സ്ക്രീനിൽ തന്നെ നോക്കിയിരുന്നു.
യുദ്ധം തുടങ്ങിയെന്നറിഞ്ഞതോടെ ഞാൻ ചാടിയെഴുന്നേറ്റ് ലൈറ്റെല്ലാം ഓഫാക്കി.
ഇനിയുള്ള രാത്രികളിൽ ഈ വെളിച്ചവും ഞങ്ങളുടെ ശത്രുക്കളാണ്...!
ടീവിയുടെ മങ്ങിയ വെളിച്ചം മാത്രം.
ജനാല വഴി വെളിച്ചം പുറത്തു പോകാതിരിക്കാൻ കറുത്ത പ്ലാസ്റ്റിക് പേപ്പർ കൊണ്ട് എല്ലാം പൊതിഞ്ഞുകെട്ടി ഭദ്രമാക്കിയിരുന്നു.
ബാത്ത്‌റൂമിൽ പോകാനായി ലൈറ്റിടാൻ പോലും പേടിയായി...!
ആ വെളിച്ചം കണ്ട് സ്കഡ് മിസ്സൈൽ ഞങ്ങൾക്കു നേരെ പാഞ്ഞു വന്നാലോ...?
അതിനാൽ തപ്പിത്തടഞ്ഞാണ് പോയിരുന്നത്.

കട്ടൻ ചായ ഊതി ഊതിക്കുടിച്ച് ഞങ്ങൾ ഉറങ്ങാതെ കാത്തിരുന്നു.
ടീവി അന്ന് ഓഫ് ചെയ്തതേയില്ല.
വെളുപ്പിനെപ്പോഴോ ടീവിയിൽ ഒരു സൈറൺ മുഴങ്ങി...!
ഞങ്ങൾ ചാരിയും കിടന്നുമൊക്കെ ടീവിയിലേക്ക് കണ്ണു നട്ടാണിരുന്നിരുന്നത്, എന്നാലും എല്ലാവരും ഒരു അർദ്ധമയക്കത്തിലായിരുന്നു.
എങ്കിലും ആ സൈറൺ മുഴങ്ങിയ സമയം ഞങ്ങളുടെ നല്ല ജീവൻ പോയി.,!!
നെഞ്ചിടിപ്പ് കൂടി....
സ്ക്രീനിൽ ഒന്നുമില്ല.
ഈ സൈറൻ മാത്രം.
അര മിനിട്ടേ ഉണ്ടായുള്ളു.
പിന്നെ ഒരു പുരുഷ വാർത്താ വായനക്കാരൻ പ്രത്യക്ഷപ്പെട്ടു.
‘ഇറാക്കിന്റെ മിസ്സൈൽ പുറപ്പെട്ടതാണ്. കുഴപ്പമൊന്നുമില്ല. മിസ്സൈൽ ആകാശത്തു വച്ചു തന്നെ പൊട്ടിച്ചു കളഞ്ഞു. ഇനി കുഴപ്പമില്ല. നിങ്ങൾ ഭയപ്പെടാതിരിക്കുക...’
ഞങ്ങളുടെ ശ്വാസം നേരെ വീണെങ്കിലും, ആ വാർത്താവായനക്കാരൻ രണ്ടാമതൊന്നു കൂടി പറയാൻ നിന്നില്ല. പെട്ടെന്ന് അപ്രത്യക്ഷമായി.
പിന്നെ സ്ക്രീൻ ശൂന്യം.

വേഗം ഞങ്ങൾ ബിബിസിയിലേക്ക് ചാനൽ മാറ്റി.
അമേരിക്കയുടെ സ്റ്റെൽത്ത് എന്ന യുദ്ധ വിമാനത്തിൽ നിന്നും അയച്ച മിസ്സൈൽ തകർക്കുന്ന ഇറാക്കിന്റെ ഏതോ കെട്ടിടത്തിന്റെ ലൈവ് പ്രക്ഷേപണമായിരുന്നു. അതു തന്നെ വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു.

വീണ്ടും ഞങ്ങൾ സൌദി ഇംഗ്ലീഷ് ചാനലിൽ എത്തി.
അവിടെ അപ്പോഴും സ്ക്രീൻ ശൂന്യമായിരുന്നു.
പെട്ടെന്ന് പഴയതു പോലെ സൈറൻ മുഴങ്ങി.
ഞങ്ങൾ പരിഭ്രാന്തരായി കണ്ണു മിഴിച്ചിരുന്നു.
അരമിനിട്ടു കഴിഞ്ഞപ്പോൾ അത് നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺ അവതാരകയുടെ മുഖം പ്രത്യക്ഷപ്പെട്ടു.
‘നിങ്ങൾ പേടിക്കേണ്ടതില്ല. ശത്രുവിന്റെ സ്കഡ് മിസ്സലിനെ  നമ്മുടെ പേട്രിയേറ്റ് മിസ്സൈൽ മുകളിൽ വച്ചു തന്നെ തകർത്തു തരിപ്പണമാക്കി.  എല്ലാവരും മുറിയിൽ തന്നെ ഇരിക്കുക. ആരും പുറത്തിറങ്ങരുത്.. ഒട്ടും ഭയപ്പെടേണ്ടതില്ല...’
ഇടക്കിടക്ക് അവർ പരിഭ്രാന്തിയോടെ പുറകിലേക്കും സൈഡിലേക്കും മറ്റും നോക്കുന്നുണ്ട്.

അങ്ങനെ  നാലഞ്ച് പ്രാവശ്യം അതാവർത്തിച്ചു കൊണ്ടിരുന്നു.
ആ രാത്രി ഞങ്ങൾക്ക് കാളരാത്രി തന്നെയായിരുന്നു.
ഞങ്ങൾ പരസ്പ്പരം സംസാരിക്കാൻ തന്നെ മറന്നു പോയിരുന്നു.
അഥവാ സംസാരിച്ചതെല്ലാം സ്വകാര്യം പറയുന്നതു പോലെ ആയിരുന്നു.
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു യുദ്ധഭൂമിയോട് ചേർന്ന് താമസിക്കുന്നത്.
അതിന്റേതായ  അങ്കലാപ്പ് ഞങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നു.

 പിറ്റേ ദിവസം നേരം വെളുത്തപ്പോഴാണ് ഞങ്ങൾ ചുറ്റുപാടും നോക്കിയത്.
എല്ലാം പഴയതുപോലെ തന്നെയുണ്ട്.
ആകാശവും വെളുത്തു തന്നെയിരുന്നു.
രാത്രിയിൽ തണുപ്പായിരുന്നെങ്കിലും പകൽ നല്ല ചൂടായിരുന്നു.
ജൂബിയും സച്ചിയും ബുറൈദക്ക് വിട്ടു. കിട്ടാവുന്നത്ര ലുങ്കി ന്യൂസുമായി വരാമെന്നേറ്റു.
ഞങ്ങൾ മുറിയിൽ തന്നെ ഇരുന്നതേയുള്ളു.
മറ്റു വാർത്തകളൊന്നും ലഭ്യമല്ലാത്തതിനാൽ ഞങ്ങൾ തന്നെ വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി. എവിടേക്കായിരിക്കും സദ്ദാം മിസ്സൈൽ അയച്ചത്..?
എവിടേയെങ്കിലും വീണതായി അറിവില്ല. പുറത്തു പോയവർ വന്നാലെ എന്തെങ്കിലും അറിയാൻ പറ്റൂ. മുന്നിലെ മരുഭൂമിയിൽ കണ്ണെത്തുന്നിടത്തോളം ഞങ്ങൾ പരതി നോക്കി. ഈന്തപ്പനകൾക്കപ്പുറം പരന്നു കിടക്കുന്ന മരുഭൂമിയിൽ മിസ്സൈൽ വീണതിന്റെ യാതൊരു ലക്ഷണവും കാണാൻ കഴിഞ്ഞില്ല.

റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു.
പൊതുവേ ഒരു ഭയപ്പാട് ഞങ്ങളുടെ മുഖങ്ങളിൽ തളം കെട്ടി നിന്നിരുന്നു..
മിസ്സൈൽ വീണാൽ എന്തു സംഭവിക്കുമെന്ന്  യാതൊരറിവുമില്ല. പൊട്ടിത്തെറിക്കും. അതുമാത്രമേ കേട്ടിരുന്നുള്ളു. ഞങ്ങൾ എപ്പോഴും ആകാശത്തേക്ക് കണ്ണുകൾ പായിച്ചിരുന്നു. സ്കഡ്ഡ് ഞങ്ങൾക്കു നേരെ വരുന്നുണ്ടോന്ന് ഓരോ നിമിഷവും സംശയിച്ചു.

ഉച്ച കഴിഞ്ഞപ്പോഴേക്കും കൂട്ടുകാർ എത്തി.
വൈകുന്നേരം തുറക്കുന്നില്ല. അവിടെ മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്.
എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കുകയാണത്രെ.
പെട്രോൾ പമ്പിനോട് ചേർന്നുള്ള സൂപ്പർ മാർക്കറ്റുകൾ മാത്രമേ തുറന്നിരുന്നുള്ളു.
അവിടെ നിന്നും അറബികൾ ചാക്കുകണക്കിനാണ് അരിയും സാധനങ്ങളും വാങ്ങിപ്പോകുന്നത്. അതുകണ്ട് ജൂബിയും സച്ചിയും പോരുമ്പോൾ ഒരു അരച്ചാക്ക് അരിയും കുറച്ചു പലവ്യഞ്ജനങ്ങളും വാങ്ങിക്കൊണ്ടു വന്നിരുന്നു.
ആനയോടൊപ്പം അണ്ണാനും വായപൊളിക്കാനാവില്ലല്ലൊ.
ഇനിയുള്ള കാലം എങ്ങനെയാവുമെന്നുമറിയില്ലല്ലൊ.

കൂടുതൽ വാങ്ങിയിട്ടാലും ഫലമൊന്നുമില്ല. സദ്ദാമിന്റെ പട്ടാളക്കാർ ഇരച്ചുകേറി അതെല്ലാം അടിച്ചുമാറ്റി കൊണ്ടു പോകില്ലേ...?
കുവൈറ്റിനെ ആക്രമിച്ചു കീഴടക്കിയപ്പോഴും പട്ടാളക്കാർ കൊള്ള ചെയ്തിരുന്നുവെന്ന് ബിബിസി  റിപ്പോർട്ടുണ്ടായിരുന്നു.
"ഹേയ്.. നമ്മൾ ഇൻഡ്യക്കാരുടെ സാധനങ്ങളൊന്നും കൊള്ളയടിക്കില്ല...”
“ഇൻഡ്യാക്കാരോട് സ്നേഹം സാദ്ദാമിനേയുള്ളു. പട്ടാളക്കാർക്കുണ്ടാവണമെന്നില്ല...!”
“ഒരു പ്രശ്നമുണ്ടാകുമ്പോൾ അതു മുതലെടുത്ത് കൊള്ള ചെയ്യുന്നത് പട്ടാളക്കാരോ പോലീസുകാരോ ആവണമെന്നില്ല..”
“അതുശരിയാ.. അസൂയമൂത്ത തൊട്ടയല്പക്കത്തുകാരനും കൊള്ള ചെയ്തെന്നു വരാം..”

അവർ കൊണ്ടു വന്ന ലുങ്കിന്യൂസ് കേൾക്കാൻ ഞങ്ങൾ വട്ടം കൂടിയിരുന്നു.
ടീവി ഓണാക്കി അല്ല, അതു ഞങ്ങൾ ഓഫാക്കിയിരുന്നേയില്ലല്ലൊ.
ഇംഗ്ലീഷ് ചാനൽ ഇട്ടു വച്ചു.
ബിബിസി ആണെങ്കിൽ മിസ്സൈൽ വരുമ്പോൾ അറിയാൻ പറ്റില്ല.
ചാനലിൽ ഇന്നലത്തെ രാത്രിയിലെ യുദ്ധത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു. അതിനായി കുറച്ച് ‘ചർച്ചാ തൊഴിലാളികൾ’ പങ്കെടുക്കുകയും വാദപ്രതിവാദങ്ങളൊക്കെ നടത്തുകയും ചെയ്യുന്നുണ്ട്. അതിലൊന്നും ഞങ്ങൾക്ക് താൽ‌പ്പര്യമില്ലായിരുന്നു.
ഞങ്ങൾക്ക് താൽ‌പ്പര്യം ലുങ്കിന്യൂസിലായിരുന്നു.

സച്ചി തുടങ്ങിവച്ചു.
“ഇന്നലെ സദ്ദാമിന്റെ സ്കഡ് റിയാദിന്റെ പല ഭാഗത്തും വീണീരുന്നു..!”
“പലതും മരുഭൂമിയിലായിരുന്നെന്നു മാത്രം...!”
“ചിലത് മാത്രമേ പാട്രിയേറ്റിനു പൊട്ടിക്കാനായുള്ളു...”
അപ്പോഴാണ് ഒരു സത്യം ഞങ്ങൾ മനസ്സിലാക്കിയത്.
ജൂബിയുടെ ആ വാക്കുകൾ കേട്ടതും ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.
“ഇറാക്കിൽ നിന്നും സദ്ദാമിന്റെ സ്കഡ്ഡ് റിയാദിലേക്ക് പാഞ്ഞ് പോകുന്നത് നമ്മുടെ തലക്കു മുകളിൽക്കൂടിയാണ്‌ട്ടാ...!!
“ ഹെന്റെ ദൈവമേ.. ഏതെങ്കിലും ഒരെണ്ണം നമ്മുടെ തലക്കു മുകളിൽ വച്ച് ഒന്നു ചീറ്റിപ്പോയാൽ...?!!”


ബാക്കി മേയ് 1-ന്......

Wednesday 1 April 2015

നോവൽ.മരുഭൂമി.(37)



കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ. അവിടന്ന് രക്ഷപ്പെട്ട് ഒരു കണക്കിനു കൂയ്യുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി. ഇവിടേയും ഭക്ഷണക്കാര്യത്തിനായി കൂട്ടുകാരൻ ജൂബിയുടെ സവാളക്കടയിൽ സഹായികളായി കൂടി....


തുടർന്നു വായിക്കുക...



കടുവയെ പിടിച്ച കിടുവ...


“ഹേയ്.. അങ്ങനെയൊന്നും ഉണ്ടാവുകയില്ല. സദ്ദാമിന് ഇൻഡ്യക്കാരോട് വിരോധമൊന്നുമില്ല. അതുകൊണ്ടവൻ നമ്മളെ ഉപദ്രവിക്കുകയൊന്നും ചെയ്യില്ല...!”
“അതുശരിയാ... പക്ഷേ, സദ്ദാമിന്റെ  രാസായുധത്തിന് ഇൻഡ്യക്കാരേയും സൌദികളേയും തിരിച്ചറിയാൻ കഴിയില്ലല്ലൊ..!”
ഒരു നിമിഷം ഞങ്ങൾ നിശ്ശബ്ദരായി...!!?

ഓരോ ദിവസവും വരുന്ന വാർത്തകൾ ഞങ്ങളുടെ ഭീതി കൂട്ടിക്കൊണ്ടിരുന്നു.
ചില ദിവസങ്ങളിൽ ചൂടു കൂടുതലായിരിക്കും. എന്നാലും ഏസി ഓണാക്കാൻ കഴിയുമായിരുന്നില്ല. അതെല്ലാം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒരു നുള്ളു കാറ്റു പോലും അകത്തു കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഇറാൻ ഇറാക്ക് യുദ്ധകാലത്ത് ഇറാനികളെ തുടച്ചു നീക്കാൻ കൊടുത്ത രാസവിഷത്തിന്റെ ബാക്കി ഇനിയും ടൺ കണക്കിന് സദ്ദാമിന്റെ കൈവശമുണ്ടെന്ന് അമേരിക്ക തന്ന  തിരിച്ചറിവാണ്. അതിൽ നിന്ന് രക്ഷ നേടാനുള്ള വഴികളും പറഞ്ഞു പരത്തിയിരുന്നു.

ജൂബിയുടെ ബിസിനസ്സ് നല്ല രീതിയിൽ പുരോഗമിക്കുകയും ചെയ്തിരുന്നു.
സാഹചര്യം മുതലാ‍ക്കി വില കയറ്റാൻ ചിലരെങ്കിലും ശ്രമിച്ചിരുന്നു.
പക്ഷെ നല്ലവനായ ജൂബിയുടെ കഫീലിന്റെ നിർദ്ദേശപ്രകാരം വില കൂട്ടാതെ പിടിച്ചു നിറുത്താൻ ജൂബിക്കു കഴിഞ്ഞിരുന്നു.

ജൂബിയുടെ ബിസിനസ്സ് നല്ല രീതിയിൽ നടന്നു വരുന്നത് കാരണം ഞങ്ങളുടെ കഞ്ഞികുടിയും സുഭിക്ഷമായിത്തന്നെ നടന്നുവന്നു. പക്ഷെ, ദൈവം തമ്പുരാന് അതത്ര സുഖിച്ചില്ലെന്നു വേണം കരുതാൻ. എവിടേയും ഞങ്ങളുടെ കഞ്ഞി കുടി മുട്ടിക്കുക, ശമ്പളം തരാതെ ബുദ്ധിമുട്ടിക്കുക ഒക്കെ അദ്ദേഹത്തിന് ഒരു ഹോബിയാണല്ലൊ...!

ഈ യുദ്ധഭീതി നിലനിൽക്കുന്ന സമയത്ത്, വിലകൂട്ടി നാലു കാശുണ്ടാക്കേണ്ട നേരത്ത് അതിനു സമ്മതിക്കാത്തവനെ നിലക്കു നിറുത്താൻ തന്നെ ചിലരൊക്കെ തീരുമാനമെടുത്തു. അതും ഒരു അപ്പീലിനു പോലും സാദ്ധ്യമാകാത്തവിധം.

ഒരു ദിവസം കട തുറക്കാൻ ചെന്ന ജൂബിയുടെ കയ്യിൽ ‘മുത്തവ പോലീസി’ന്റെ പിടി വീണു.
“നീയിനിയിവിടെ കച്ചോടം ചെയ്യാൻ പാടില്ല...!!?”
ഉത്തരവ് കല്ലേൽ പിളർക്കുന്നത്...!
മുത്തവ പറഞ്ഞാൽ പിന്നെ അപ്പീലില്ല...!!
ജൂബിയുടെ കഫീലും വിവരമറിഞ്ഞു. അദ്ദേഹത്തിനും ആ ഉത്തരവ് മറികടക്കാനാവില്ല.

ഞങ്ങളും അന്ന് കടയിൽ കയറാനാകാതെ തിരിച്ചു പോന്നു.
ബാക്കിയുള്ളത് അനത്തിക്കുടിച്ച്  നാളേയുടെ ചിന്തയിൽ എങ്ങും പോകാനില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം കളഞ്ഞു.
സദ്ദാം ഇരച്ചു കയറി വന്ന് ഇവിടെയെല്ലാം ഇടിച്ചു നിരത്തിയെങ്കിലെന്ന് ആത്മാർത്ഥമായും ആഗ്രഹിച്ച നിമിഷങ്ങൾ...!

“നീയിനി അവിടെ പോയിരിക്കണ്ട. നമ്മുടെ ട്രൈലറിന്റ് അടുത്ത് വന്നിരുന്നാൽ മതി. കച്ചോടക്കാർ നിന്റടുത്തു നിന്നും വാങ്ങിക്കൊണ്ടുപോയി വിറ്റുകൊള്ളും...!”
കഫീലിന്റെ ആ വാക്കുകളൊന്നും പോരായിരുന്നു ജൂബിക്ക്.
ഇതിനെങ്ങനെ മറികടക്കാമെന്ന് ചിന്തിച്ചു.
അവിടെത്തന്നെ ഇരുന്ന് തനിക്ക് കച്ചോടം ചെയ്യണം.
അതിനെന്താണൊരു വഴി...?

ഇൻഡ്യൻ ഉള്ളിയുടെ വിൽ‌പ്പന തൽക്കാലം നിറുത്തി.
ജൂബി ട്രൈലറിലും ഉള്ളി ആർക്കും കൊടുത്തില്ല.
മറ്റുള്ള രാജ്യങ്ങളുടെ ഉള്ളിക്ക് വിലയേറി.
അതും കിട്ടാനില്ലാതെയായിത്തുടങ്ങി.
മൂന്നാലു ദിവസം ഞങ്ങളും പുറത്തിറങ്ങിയില്ല.

ഒരു ദിവസം ഉച്ചക്ക്  കുറച്ച് അരിയും രണ്ടു കോഴിയുമായി ജൂബി കയറിവന്നു.
ഞങ്ങൾ വാസ്തവത്തിൽ ഒന്നും വച്ചിട്ടുണ്ടായിരുന്നില്ല.
ജൂബി ചിരിച്ചുകൊണ്ടാണ് കയറി വന്നതെങ്കിലും, ഞങ്ങൾ ശരിക്കും കരഞ്ഞുപോയി...!
ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയുള്ള ആ വരവ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഞങ്ങൾ എത്ര ഒളിച്ചുവച്ചാലും വായിച്ചെടുക്കാൻ ജൂബിക്ക് കഴിയുമായിരുന്നു.
ഞങ്ങൾ സ്വന്തം ഗതികേടിൽ മനം നൊന്ത് കിടന്നതേയുള്ളു. ഒന്നിനും ഒരുത്സാഹവും കാണിച്ചില്ല.

ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ ജൂബി അടുക്കളയിൽ കയറി അരി അടുപ്പത്തിടാനും കോഴി വെള്ളത്തിലിടാനും തുടങ്ങിയതോടെ ഞങ്ങളെല്ലാം ചാടിയെഴുന്നേറ്റു.
“ഹേയ് ഇതെല്ലാം കുറച്ചു ദിവസങ്ങൾക്കകം തീരും. രണ്ടു മൂന്നു ദിവസം ഞാനും ഒരു മൂടോഫിലായിപ്പോയി. അതാ വരാതിരുന്നത്. ഇന്നാണ് നിങ്ങളെക്കുറിച്ച് ഓർത്തത്. കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളെ മറന്നുപോയതിന് ഞാൻ മാപ്പു ചോദിക്കുന്നു, എല്ലാവരോടും...!!”
“ഹേയ് അതിന്റെ ആവശ്യമൊന്നുമില്ല. ഞങ്ങളുടെ ഗതികേടോർത്ത് സങ്കടപ്പെട്ടതാ.. ജൂബി അതിൽ  തെറ്റുകാരനല്ല...”
“എന്നാലും നിങ്ങളുടെ അവസ്ഥ അറിയാമായിരുന്നിട്ടും... ഞാനത് ശ്രദ്ധിച്ചില്ലല്ലോ എന്നോർത്താണെന്റെ സങ്കടം...!”
“അതൊക്കെപോട്ടെ.. ആദ്യം ഈ ചായ കുടിക്ക്... എന്നിട്ടാവാം ബാക്കി..”

അതിനിടയിൽ എല്ലാവരും കർമ്മ നിരതരായിക്കഴിഞ്ഞിരുന്നു.
ജൂബിയെ പിടിച്ച് കട്ടിലിലിരുത്തി കുശലപ്രശ്നങ്ങളിലേക്ക് കടന്നു.
ബുറൈദയിൽ സദ്ദാമിന്റെ രാസായുധത്തിൽ നിന്നും രക്ഷപ്പെടാൻ ‘ഫേസ്മാസ്ക്ക്’ കൊടുത്തതും അറബികൾ അതെല്ലാം കൂട്ടത്തോടെ വാങ്ങിക്കൊണ്ടു പോയതും മറ്റും നെഞ്ചിടിപ്പോടെ മാത്രമേ കേട്ടിരിക്കാനായുള്ളു. അറബികൾക്കു മാത്രമേ അതെല്ലാം കിട്ടിയുള്ളു. മറ്റാർക്കും ആദ്യത്തെ വരവിൽ കിട്ടിയില്ല. ഒരു അറബി അവന്റെ വീട്ടിലെ എല്ലാവർക്കുമുള്ളത് വാങ്ങിക്കൊണ്ടു പോയി. പക്ഷേ, അവന്റെ വേലക്കാരൻ മലയാളിക്ക് മാത്രം വാങ്ങിയില്ല. ആ സങ്കടത്തിന്  മലയാളിപ്പയ്യൻ അവിടന്ന് ചാടി. എന്തായാലും യുദ്ധം വരുമെന്നുള്ളത് ഉറപ്പായിയെന്ന് ഞങ്ങൾക്കും ബോദ്ധ്യപ്പെട്ടു.

ഞങ്ങളും ജൂബിയെ നിർബ്ബന്ധിച്ചു, കഫീൽ പറഞ്ഞതുപോലെ ട്രൈലറിന്റെ അടുത്ത് ഹോൾസെയിൽ കച്ചവടം മാത്രം ചെയ്യാൻ. അങ്ങനെയൊക്കെ ചെയ്യാമെന്നേറ്റാണ് അന്ന് പോയത്. പിന്നെ കുറച്ചു ദിവസത്തേക്ക് കണ്ടില്ല.

ഒരു ദിവസം ഞങ്ങളോടു പറഞ്ഞതനുസരിച്ച് ചെല്ലുമ്പോൾ പഴയ കടയിൽ ജൂബിയുണ്ടായിരുന്നു. കുളിച്ച് കുട്ടപ്പനായി, ഒരു അറബി തോപ്പുമണിഞ്ഞ്, ഒരു വെള്ളത്തൊപ്പിയുമായി...!!?
ഇതെന്തു മറിമായം...?
ഞങ്ങളെല്ലാം വായ് പൊളിച്ചു.
“ഇനി ഒരാളും എന്നെ ഇവിടന്ന് ഇറക്കിവിടില്ല. എന്റെ കഫീൽ ഇതുവരെ ഈ തീരുമാനത്തിന് സമ്മതിച്ചിട്ടില്ല. അവസാനം ഞാൻ മുത്തവയെത്തന്നെ ശരണം പ്രാപിച്ചു. അദ്ദേഹം പറഞ്ഞ വഴിയായിത്. അങ്ങനെ ഞാൻ കബീറായി...!!!”
“അങ്ങനെ നിങ്ങളെന്നെ കബീറാക്കി അല്ലേ..!!”
സച്ചിയുടെ ഇടുത്തപടിയുള്ള കമന്റ് കേട്ട് ഞങ്ങളൊക്കെ പൊട്ടിച്ചിരിച്ചുപോയി.
അതോടെ ഞങ്ങളുടെ അമ്പരപ്പിന് ശമനം വന്നു.

ജൂബി കബീറായി വന്നതോടെ ഉള്ളിയുടെ വില പകുതിയിലധികം കുറഞ്ഞു.
പിന്നേയും രണ്ടുമൂന്നു ലോഡും കൂടി കഫീൽ ഇറക്കിക്കൊടുത്തു.
ഇനിയും ഒരു തിരിച്ചു വരവിന് സാദ്ധ്യമാവാത്തവണ്ണം ജൂബിക്കിട്ട് പാര പണിഞ്ഞവർ, വിലകൂടിയ ഉള്ളിയെടുത്ത് സ്റ്റോക്ക് ചെയ്തിരുന്നവർ വിലകുറച്ചു വിൽക്കാൻ കഴിയാതെ നെട്ടോട്ടമായി. ദിവസങ്ങൾ കഴിയവേ കെട്ടിക്കിടന്ന ഉള്ളി ചീയാൻ തുടങ്ങി. നഷ്ടത്തിനു വിറ്റാലും വാങ്ങാൻ ആളില്ലാതായി. ഇൻഡ്യൻ ഉള്ളിയുടെ നാലയലത്തു വരികയില്ല മറ്റുള്ള രാജ്യങ്ങളുടെ ഉള്ളികൾ.  കിട്ടിയ അവസരം പാഴാക്കാതെ നല്ല ലാഭത്തിനു വിൽക്കാൻ കാത്തിരുന്നവർ കുത്തുപാളയെടുത്ത് സ്ഥലം കാലിയാക്കി. പലരും ഒളിച്ചോടി. ഇനിയൊരിക്കലും ബുറൈദയിലേക്ക് തിരിച്ചു വരാൻ കഴിയാത്തവണ്ണം ഒഴിഞ്ഞുപോയവരിൽ അധികവും മലയാളികളായിരുന്നു.

മാസങ്ങൾ കഴിഞ്ഞിട്ടും യുദ്ധഭീതി മാത്രമേ ഉണ്ടായുള്ളു.
യുദ്ധം തുടങ്ങിയില്ല.
ഞങ്ങളുടെ ശമ്പളവും വന്നില്ല.
നാട്ടിൽ നിന്നൊരു കത്തും വന്നില്ല.
എല്ലാം എവിടെയൊക്കെയോ കുടുങ്ങിക്കിടന്നു.
ഇനിയിങ്ങനെ ജീവിക്കുന്നതെന്തിനെന്ന് ചിന്തിക്കാൻ ഞങ്ങൾ പഠിച്ചു തുടങ്ങി.
എങ്ങനേയും നാട്ടിലെത്താൻ എന്താണൊരു വഴിയെന്നായി ചിന്ത.
നാട്ടിലെത്തിയാൽ എങ്ങനേയും ജീവിക്കാൻ കഴിയുമെന്ന ചിന്ത കലശലായി.
ഒന്നുമില്ലെങ്കിലും ഭയമില്ലാതെയെങ്കിലും ജീവിക്കാമല്ലൊ.

ഫ്ലൈറ്റുകളൊന്നും നേരെചൊവ്വെ പോകുന്നുണ്ടായിരുന്നില്ല.
പോകുന്നവയിൽ നല്ല വില കൊടുത്താലും ടിക്കറ്റുകൾ കിട്ടുന്നില്ലെന്ന തിരിച്ചറിവ്, ഇവിടെത്തന്നെ അടിഞ്ഞു തീരാനായിരിക്കും വിധിയെന്ന് സ്വയം സമാധാനിച്ചു....
എന്തായാലും മാനേജർ വന്നപ്പോൾ ഞങ്ങൾ എല്ലാവരും ജോലി മതിയാക്കി പോകാനായി എഴുതിക്കൊടുത്തു...
മാനേജർ ചിരിച്ചുകൊണ്ട് അതുവാങ്ങി മടക്കി പോക്കറ്റിലിട്ടു....



ബാക്കി ഏപ്രിൽ 15-ന്......