Tuesday 30 September 2008

പാവം പ്രവാസി { 2 ]


അന്നൊരു വെള്ളിയാഴ്ചയായിരുന്നു....
പതിവുപോലെ പോലെ പത്തു മണി വരെ കിടന്നുറങ്ങി...
നൈറ്റ് ഡ്യൂട്ടിയ്ക്കു പോയിരുന്ന രാജേട്ടൻ വന്നപ്പോഴാണ് എല്ലാവരും എഴുന്നെറ്റത്. രാജേട്ടൻ തന്നെ ചായ ഉണ്ടാക്കിക്കൊണ്ടു വന്നു. അപ്പോഴാണു വാതില്‍ തുറന്നു അടുത്ത ഫ്ലാറ്റിലെ കുഞ്ഞപ്പന്‍ കടന്നുവന്നത്.
“ഇന്നത്തെ ചിലവു എന്റെ വക , എല്ലാവര്‍ക്കും ബിരിയാണി ”
കുഞ്ഞപ്പൻ വളരെ സന്തോഷത്തോടെ പറഞ്ഞു.
“അതെന്താ ഇന്നു പ്രത്യേകത...?”
അഷറഫ് കട്ടിലില്‍ നിന്നും ചായക്കപ്പുമായി എഴുന്നേല്‍ക്കുന്നതിനിടെ ചോദിച്ചു.
“അവന്റെ വിവാഹ വാർഷികമായിരിക്കും....” ഞാൻ പറഞ്ഞു.
“അതിനവന് ആരു പെണ്ണു കൊടുക്കാൻ....!!” വർഗ്ഗീസേട്ടൻ.
“കല്യാണം കഴിഞ്ഞിട്ടില്ലാല്ലെ....!!” ഞാൻ.
“എടാ... ഫ്രീ വിസക്കാരന് ആരാടാ പെണ്ണു കൊടുക്കാ....!!?” വർഗ്ഗീസേട്ടന്റെ ആ പറച്ചിൽ എല്ലാവരിലും ചിരി ഉണർത്തി.
“എന്നിട്ട് നീ കാര്യം പറ... കേൾക്കട്ടെ...?” ഞാൻ ചായക്കപ്പുമായി അടുക്കളയിലേക്ക് പോകുന്ന വഴി ചോദിച്ചു.
“നാളെ അറബി പാസ്പ്പോര്‍ട്ടിന്റെ കാര്യം ശരിയാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ട്....!” കുഞ്ഞപ്പൻ.
“ഓ
..ഹോ..’ ഞങ്ങളെല്ലാവരും ഒരേപോലെ ശബ്ദമുയര്‍ത്തി.
“പക്ഷെ അവനു 200ദിനാര്‍ കൊടുക്കണം .” കുഞ്ഞപ്പൻ.
“ എത്രയെന്നു വച്ചാ കൊടുത്തുതൊലയ്ക്ക് , എന്നാലും സാധനം കിട്ടുമല്ലൊ .”
അഷ്റഫ് തനിക്കു മുന്‍പു പറ്റിയ ഇതേ അവസ്ഥയോർത്ത് രോഷം കൊണ്ടു.
“കാശ് എവിടെ കൊടുക്കണമെന്നാ പറഞ്ഞത്. ”വർഗ്ഗീസേട്ടൻ.
“പൈസയുമായി എമിഗ്രേഷനില്‍ എത്താനാ പറഞ്ഞത് ” കുഞ്ഞപ്പൻ കസേരയിൽ ഇരിക്കുന്നതിനിടെ പറഞ്ഞു.
“എമിഗ്രേഷനിലൊ... ?”
ഞങ്ങളെല്ലാവരും ഒരു പോലെ ഞെട്ടി....!!?
വിസയടിച്ചിട്ടു ഒരുവര്‍ഷം കഴിഞ്ഞിട്ടേയുള്ളു, പിന്നെന്തിനു എമിഗ്രേഷനില്‍ പോണം. ഇതിലെന്തൊ ചതിയുണ്ട്. അഷ് റഫിന് അതിനുള്ളിലുള്ള ചതിവിനെപ്പറ്റി പെട്ടന്നു പിടിത്തം കിട്ടി. പക്ഷെ അതാരും മുഖവിലെയ്ക്കടുക്കാ‍ന്‍ തെയ്യാറായില്ല.
അങ്ങനെ ചതിക്കുമൊയെന്നായിരുന്നു ഞങ്ങളുടേയും ചിന്ത....!
കുഞ്ഞപ്പന്‍ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ പണിയൊന്നും കിട്ടിയിരുന്നില്ല..
ഇത്രയും നാളും പല പല ജോലികള്‍ ചെയ്തെങ്കിലും ഒന്നും പച്ച പിടിച്ചില്ല. ഇപ്പോഴാണ് ഒരു കമ്പനിയില്‍ കയറിപ്പറ്റിയത്. അവിടെ വിസ മാറ്റിക്കൊടുക്കാന്‍ ആ‍ കമ്പനി തയ്യാറാണ് .

അതിനായി സ്പോണ്‍സറായ അറബിയെത്തേടി കഴിഞ്ഞ ഒരാഴ്ചയായി അന്വേഷിച്ചു നടക്കുകയായിരുന്നു. ‘ഫ്രീ വിസ’ ആയതുകൊണ്ട് അറബിയെ നേരിട്ടു പരിചയമില്ലായിരുന്നു. അറബിയ്ക്കും കുഞ്ഞപ്പനും ഇടയ്ക്ക് ഒരു മലയാളി ഏജന്റുകൂടി ഉണ്ട്. അയാളാണ് അറബിയിൽ നിന്നും വിസ വാങ്ങി കുഞ്ഞപ്പനു വിറ്റത്.

അന്വേഷണത്തിൽ അയാള്‍ ആറു മാസം മുന്‍പു നാട്ടില്‍ പോയി. അതുകൊണ്ടാണ് ആറബിയെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടായത്. പിന്നെ ഒരു വിധത്തിൽ അറബിയെ കണ്ടെത്തി...,വിവരം പറഞ്ഞു.
വിസ മാറ്റുന്നതിനു വിരോധമില്ലന്നുള്ള കത്തും, പാസ്പ്പോര്‍ട്ടും തരാമെന്നു സമ്മതിച്ചു.
പകരം 200ദിനാര്‍ കൊടുക്കണം....!!
അതും സമ്മതിച്ചു....
ഇതെല്ലാം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അറബി വിളിച്ചു പറഞ്ഞു.
“നിന്റെ പാസ്പ്പോര്‍ട്ടും കൊണ്ട് ആരൊ നാട്ടില്‍ പൊയിരിക്കുന്നു. നീ അവിടെ ജോലി ചെയ്യ്, നാട്ടില്‍ പോകാന്‍ നേരത്ത് നിന്നെ ഞാന്‍ കേറ്റിവിട്ടോളാം...!!?”
കുഞ്ഞപ്പൻ അതു കേട്ട് ഞെട്ടി....!! എന്റെ പാസ്പ്പോർട്ടും കൊണ്ട് ഞാനല്ലാതെ വേറാരു നാട്ടിൽ പോകാൻ...??! ഒരു നിമിഷത്തെ ഞെട്ടലിനു ശേഷം പറഞ്ഞു.
“എനിക്കു നാട്ടില്‍ പോകാനല്ല പാസ്പ്പോര്‍ട്ട്, വിസ മാറ്റാനാണ്. എനിക്കതു കിട്ടിയെ തീരു....!!”
കുഞ്ഞപ്പന്‍ തീര്‍ത്തു പറഞ്ഞു.
“ ശരി ഞാ‍ന്‍ ഒന്നുകൂടി നോക്കട്ടെ ”. ‍അറബി അതും പറഞ്ഞ് ഫോൺ കട്ടാക്കി.
പക്ഷെ, പാസ്പ്പോര്‍ട്ട് ഉപയോഗിച്ച് ഏജന്റായി പ്രവര്‍ത്തിച്ച മലായാളിയാണ് രാജ്യം വിട്ടതെന്ന് അറബിക്ക് സംശയം. അയാൾ ഈ അറബിയുടെ ഒരു ജോലിക്കാരനായിരുന്നു. അയാളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പലരില്‍ നിന്നും കാശു കടം വാങ്ങിയും, ചിട്ടി നടത്തിയും മറ്റും കിട്ടിയ കാശുമായാണു മുങ്ങിയിരിക്കുന്നത്....!!
ഒരു പുതിയ മലയാളി മുഖം..!?

“ ഇതൊന്നും എന്റെ തെറ്റല്ലല്ലൊ. അറബി സൂക്ഷിക്കേണ്ട പാസ്പ്പോര്‍ട്ട് കൈ വിട്ടു പോയതിനു ഞാന്‍ ഉത്തരവാദിയല്ല. എനിക്കെന്റെ പാസ്പ്പോര്‍ട്ട് കിട്ടിയെ തീരു....!!”

ഗൾഫിന്റെ കപടത അറിയാതെയുള്ള കുഞ്ഞപ്പന്റെ വാശി അവനു തന്നെ വിനയായിത്തിർന്നു. അന്നു മുതല്‍ എന്നും അറബിയ്ക്കു ഫോണ്‍ ചെയ്യും. അങ്ങനെ അറബിയ്ക്കു ഒരു ശല്യമായി മാറി കുഞ്ഞപ്പൻ. അയാൾ ഒരു സർക്കാർ ജോലിക്കാരനായിരുന്നു. പിന്നെ കുഞ്ഞപ്പനെ ഒഴിവാക്കി തന്റെ തടി രക്ഷിക്കേണ്ടത് അയാളുടേയും
ബാദ്ധ്യതയായി. അതിനു വേണ്ടതെല്ലാം ഒപ്പിച്ചു വച്ചിട്ടാണ് അയാള്‍ കുഞ്ഞപ്പനെ എമിഗ്രേഷനിലേക്കു വിളിപ്പിച്ചതെന്നു പിന്നീടാണ് മനസ്സിലായത്.....!!
ഞങ്ങള്‍ പറഞ്ഞ ന്യായവാദങ്ങളൊന്നും കുഞ്ഞപ്പനെ ഏശിയില്ല. അറബിയെ അവിശ്വസിക്കാന്‍ അയാള്‍ തെയ്യാറല്ലായിരുന്നു.
“എന്തായാലും അബദ്ധം പറ്റി. ഇനി അടുത്ത പൊതു മാപ്പു വരെ അവിടെ തുടർന്നോളു.” ഞങ്ങളെല്ലാവരും ഏക സ്വരത്തിൽ പറഞ്ഞു നോക്കി.... അതു വരേക്കും ജോലി ചെയ്ത് നാലു കാശുണ്ടാക്കാം...
ആരു കേൾക്കാൻ....
പിറ്റെ ദിവസം കാലത്തെ കുഞ്ഞപ്പന്‍ എമിഗ്രേഷന്‍ ഓഫീസിലേക്കും ഞങ്ങള്‍ ജോലിയ്ക്കും പോയി. പിന്നെ വൈകുന്നേരം അഷ്റഫ് വിളിച്ചപ്പൊഴാ‍ണ് കുഞ്ഞപ്പനെക്കുറിച്ചുള്ള സങ്കടകരമായ ആ വാര്‍ത്ത കേട്ടത്.....!!
‘കുഞ്ഞപ്പനെ പിടിച്ചകത്തിട്ടു.....!!?”
അഷ്റഫ് വിവരം കേട്ടയുടനെ തനിക്കു പരിചയം ഉള്ള പ്രവാസി സംഘടനയുടെ ഭാരവാഹിയെ വിവരം ധരിപ്പിച്ചു. പിറ്റെ ദിവസം അവര്‍ പോയി അന്വേഷിച്ചു. പ്രധാനമായ രണ്ടു കുറ്റങ്ങളാണ് ചാര്‍ത്തപ്പെട്ടത്.
ഒന്നാമത്തെ കുറ്റം, സ്പോണ്‍സറില്‍ നിന്നും ചാടിപ്പോയി. ..!!
രണ്ടാമത്തെ കുറ്റം, സ്വന്തം പാസ്പ്പോര്‍ട്ട് വിറ്റു കാശാക്കി....!!
എങ്ങനെയുണ്ട്.. കാര്യങ്ങളുടെ പോക്ക്...!!!

പ്രവാസി സംഘടനകളുടെ നിരന്തരമായ ഇടപെടൽ മൂലവും, അപ്പോഴേയ്ക്കും ‘ പൊതു മാപ്പ് ’ പ്രഖ്യാപിച്ചതിനാലും വളരെ ചുരുങ്ങിയ കാലത്തെ ജയില്‍ വാസത്തിനു ശേഷം ആ പാവത്തിനെ നാട്ടിലേയ്ക്കു കയറ്റിവിട്ടു .....!
ഇനിയൊരു ഗള്‍ഫ് മോഹം , സ്വപ്നം പോലും കാണാന്‍ കഴിയാതെ........!!!
എന്തെല്ലാം യാതനകളും ദുരിതങ്ങളും അനുഭവിച്ചാലാ ഇവിടെയൊന്നു പിടിച്ചു നില്‍ക്കാനകുക....!!!
പാവം പ്രവാസി.....!!!

6 comments:

ajeeshmathew karukayil said...

പാവം പ്രവാസി.

കുഞ്ഞന്‍ said...

തീയിലേക്ക് എടുത്ത് ചാടരുതെന്ന മുന്നറിയിപ്പ് കൊടുത്തിട്ടും അത് വക വയ്ക്കാതെ തീയിലേക്ക് ചാടി പൊള്ളിയിട്ട് വിലപിച്ചെട്ടെന്തു കാര്യം..?

നിങ്ങള്‍ കുഞ്ഞപ്പനോട് ആവും വിധം പറഞ്ഞുനോക്കിയതല്ലെ സൂക്ഷിക്കണമെന്ന്..അത് കേട്ടിരുന്നെങ്കില്‍..

അന്യ നാട്ടില്‍ നില്‍ക്കുമ്പോള്‍ സ്പോണ്‍സറെ പ്രകോപ്പിക്കാതെ കാര്യങ്ങള്‍ നേടാനാണ് ശ്രമിക്കേണ്ടത്, നമ്മളില്‍ എത്ര ശരിയുണ്ടെങ്കില്‍പ്പോലും..!

ഭൂമിപുത്രി said...

ഇങ്ങിനെയൊക്കെ ഓരോന്നു വായിക്കുമ്പോഴാൺ
പ്രവാസികളുടെ ചില സമയത്തെ നിസ്സഹായയെപ്പറ്റി ഞങ്ങളുമറിയുന്നത് വികെ

വികടശിരോമണി said...

അന്യനാ‍ട്ടിൽ വെച്ചുവരുന്ന ഇത്തരം ദുരന്തങ്ങൾ നാട്ടിലിരിക്കുന്നവർക്ക് ഊഹിക്കാൻപോലുമാവില്ല.
ആശംസകൾ...

Tince Alapura said...

njan vikada siromanikku thangal eshuthiya commend kandu vannathaanu 20 20 ye kurichulla abiprayam etho oruthante kettittu pinne ennu aakkunnathu athra nalla saily alla cinema kandu nokku kooduthal ariyan e sit sandarsikku http://berlythomas.blogspot.com/2008/11/20.html

jyo.mds said...

മറ്റുള്ളവരെ ചതിച്ച് ഉണ്ടാക്കുന്നതൊന്നും ശ്വാശ്വതമാവില്ല- സ്വന്തം നാട്ടുകാരെ പൊലും പറ്റിച്ച്..
ഇങ്ങിനെ ചതിയില്‍ പെട്ട എത്ര പേര്‍ കാണും.