Saturday 1 November 2014

നോവൽ. മരുഭൂമി.(27)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി.

തുടർന്നു വായിക്കുക...
ആദ്യപരോൾ...

അന്നു തന്നെ റോത്തയോടൊപ്പം അബ്ദുൾ കമ്പനി ഓഫീസ്സിലേക്ക് പോയി.
ഭാര്യാദുഃഖം സ്വന്തമായുള്ള അബ്ദുളിന് ഞങ്ങൾ രണ്ടു പേരും പൂർണ്ണ സമ്മതം നൽകി.
അതില്ലാത്ത ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞിട്ടായാലും മതിയല്ലൊ.
എങ്ങനെയെങ്കിലും ഭാര്യയെ കാണാനുള്ള ധൃതിക്ക് കിട്ടാനുള്ള പണമൊന്നും പ്രശ്നമായില്ല.
ടിക്കറ്റെങ്കിൽ ടിക്കറ്റ്. അത് മതി. അത് മാത്രം മതി...!!
അയാൾ ഓഫീസ്സിൽ നിന്നും കൊണ്ടു വരുന്ന സന്തോഷവാർത്തക്കായി ഞങ്ങളും കാത്തിരുന്നു....

പിറ്റേ ദിവസം വൈകുന്നേരമാണ് അബ്ദുൾ വരുന്നത്.
അടുത്ത മാസം ടിക്കറ്റ് ശരിയാക്കാമെന്നും നാട്ടിൽ പോകാൻ റെഡിയായിരിക്കാനും നിർദ്ദേശിച്ചാണ് പറഞ്ഞു വിട്ടത്. അടുത്ത മാസം രണ്ടു മാസത്തെ ശമ്പളം ഒരുമിച്ച് വരുന്നുണ്ടെന്ന വിവരം ഞങ്ങളിൽ അമൃതവർഷിണിയായി പെയ്തിറങ്ങി. അബ്ദുൾ ഞങ്ങളുടെയെല്ലാം വീടുകൾ സന്ദർശിക്കുമെന്ന് പറഞ്ഞത് അതിലേറെ സന്തോഷം തന്നു. അബ്ദുളിനെക്കൊണ്ടു തന്നെ വീട്ടിൽ കൊടുക്കാനായുള്ള  കുറച്ച് ചോക്ളേറ്റും രണ്ടോ മൂന്നോ സാരികളും വാങ്ങാൻ പ്ലാനിട്ടു.

ഏറെയും ഞങ്ങൾ എഴുതിക്കൂട്ടിയത് കത്തുകളായിരുന്നു.
മക്കയിൽ നിന്നും സുഹൃത്തുക്കൾ കത്തുകളുടെ കെട്ടുകൾ കൊടുത്തു വിടാൻ തുടങ്ങി.
നാട്ടിൽ ചെന്ന് എല്ലാ കത്തുകളും സ്റ്റാമ്പൊട്ടിച്ച് പോസ്റ്റ് ചെയ്യാൻ തന്നെ നല്ലൊരു തുക വേണ്ടി വരും.
ഞങ്ങളുടേതൊഴികെ മറ്റൊരു കത്തിലും സ്റ്റാമ്പൊട്ടിക്കില്ലെന്നും എല്ലാം കൂലിക്കാത്തായിട്ടേ അയക്കുകയുള്ളെന്നും അബ്ദുൾ ശപഥം ചെയ്തത് ഞങ്ങൾക്ക് തലകുത്തിക്കിടന്ന് ചിരിക്കാൻ വകയുണ്ടാക്കി. കിട്ടുന്ന ശമ്പളത്തിൽ നിന്നും ഞാനും സച്ചിയും കൂടി ഓരോ മാസത്തെ ശമ്പളം അബ്ദുളിനു ഗിഫ്റ്റ് ആയി കൊടുക്കാമെന്ന് ഉറപ്പു കൊടുത്തു.
ഏറേയും സാധനങ്ങൾ വാങ്ങിക്കൂട്ടിയത് സീക്കുവായിരുന്നു.

അബ്ദുൾ പോകുന്നതിന്റെ രണ്ടു ദിവസം മുൻപാ‍ണത് സംഭവിച്ചത്.
ഞങ്ങളുടെ രണ്ടു ജനറേറ്റർ ഒരുമിച്ച് കേടായി.
പിന്നെയുള്ള ഒരെണ്ണം ഇരുപത്തിനാലു മണിക്കൂറും നിർത്താതെ ഓടിക്കുകയായിരുന്നു. എഞ്ചിനീയർ റോത്ത ഒറ്റക്കായിരുന്നു വന്നിരുന്നത്.
ഒരെണ്ണത്തിന് സ്പെയെർ പാർട്ട്സ് ആവശ്യമായതിനാൾ നന്നാക്കാൻ കഴിയുമായിരുന്നില്ല. മറ്റൊരെണ്ണത്തിൽ ഓയിലും വെള്ളവും കൂടി കലർന്നതിനാൽ റേഡിയേറ്റർ മുഴുവൻ ഒരു തരം ഗ്രീസ് പോലെയുള്ള വസ്തുവിനാൽ നിറഞ്ഞിരുന്നു. അതു മുഴുവൻ നീക്കി വെള്ളവുമായി ഓയിൽ കലരുന്ന ഭാഗം  കണ്ടുപിടിച്ചപ്പോഴേക്കും സന്ധ്യയാകാറായി. ഞങ്ങൾ ഉച്ചക്കുള്ള ഭക്ഷണം പോലും കഴിക്കാതെയാണ് റോത്തയെ സഹായിക്കുന്നത്.

ഭക്ഷണമുണ്ടാക്കാൻ അകത്തു കയറിയാൽ, മുറി മുഴുവൻ ഓയിൽ കൊണ്ട് വൃത്തികേടാവും. അതുകാരണം  ഞങ്ങൾക്ക് ചായയും കുപ്പൂസും തന്നത് ബംഗ്‌ളാദേശികളായിരുന്നു. റോത്തയുടെ ബാഗിൽ നിന്നും ടിന്നിലടച്ച പാതിവേവിച്ച ട്യൂണയും കൂട്ടിയാണ് കുപ്പൂസ് കഴിച്ചത്. ഞങ്ങളുടെ പാന്റ്സും ഷർട്ടുമൊക്കെ ഓയിലിൽ കുളിച്ചിരുന്നു. അതിനാൽ അസ്സർ നിസ്കാരത്തിന് ബാങ്കു വിളിക്കാനുള്ള സൌകര്യത്തിന് പള്ളിയിലേക്ക് കറണ്ടു കൊടുക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ വേഷമതായതു കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.

അസ്സറിന് പതിവിലധികം സൌദികൾ കുടുംബ സമേതം അന്ന് ഹൈവേ മസ്ജിദിൽ എത്തിയിരുന്നു. അധികവും സ്ത്രീകളായതുകൊണ്ട് സീക്കു അക്ഷമയോടെ പള്ളിക്ക് ചുറ്റും നടപ്പു തുടങ്ങി. തന്റെ ബാങ്ക് വിളി അവരെയൊക്കെ കേൾപ്പിച്ച്, കിട്ടുന്നത് വാങ്ങിയെടുക്കാനുള്ള വെമ്പലായിരുന്നു സീക്കുവിന്. ഞങ്ങളെ കാണാത്തതുകൊണ്ട് തെറി പറയാനും ഞങ്ങളെ കാർപ്പിച്ച് തുപ്പി “പട്ടികൾ, കാണിച്ചു തരാം ഞാൻ...” എന്നൊക്കെ ദ്വേഷ്യത്തിൽ പറഞ്ഞ് ഭ്രാന്തു പിടിച്ചതു പോലെ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണോ ഓടുകയാണൊ എന്നു പറയാൻ കഴിയാത്ത ഒരവസ്ഥയിലാണ് പ്രകടനം.

നേരം വൈകുന്തോറും സീക്കുവിന്റെ ക്ഷമകേട് പ്രകടമാകൻ തുടങ്ങി.
ഓടി വാതിൽക്കൽ ചെന്ന് പള്ളിക്കകത്തേക്ക് എത്തി നോക്കും.
സ്ത്രീകൾ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ സീക്കുവിന് സഹിക്കാനാകുന്നില്ല.
ഉടനെ വാച്ചിലേക്ക് നോക്കും.
അന്ന് ഞങ്ങളിൽ വാച്ച് കെട്ടിയിരുന്ന ഒരേയൊരു ധനവാൻ സച്ചിയായിരുന്നു...!
അതും സ്വന്തം അളിയൻ സമ്മാനമായി കൊടുത്തത്.
‘ഗൾഫിൽ സമയത്തിനൊക്കെ വല്യ വിലയാ. ഇത് നിനക്കിരിക്കട്ടെ’യെന്നു പറഞ്ഞ് വിമാനത്താവളത്തിൽ വച്ച് ഊരിക്കൊടുത്തതായിരുന്നു.
“നമ്മൾക്ക് സമയമറിഞ്ഞിട്ട് എന്തു കാര്യം. അതു കൊണ്ട് ഈ വാച്ച് സീക്കു കെട്ടിക്കോട്ടെ അല്ലെ. അവനല്ലെ ബാങ്കു വിളിക്കുന്ന സമയം കൃത്യമായി അറിയേണ്ടത്.”
എന്നും പറഞ്ഞു നാട്ടിൽ നിന്നും കെട്ടിക്കൊണ്ടു വന്ന ആ വാച്ച് സീക്കുവിന് കൊടുത്തത് സച്ചിയാണ്.

പിന്നേയും ഞങ്ങളെ കാണാത്തതിനാൽ ദ്വേഷ്യം പിടിച്ച് ഓടി ആശുപത്രിയിലെത്തി.
ഞങ്ങൾ ഓയിലിൽ കുളിച്ച് പൊരിഞ്ഞ പണിയിലും.
അപ്പോഴും പണിയിലേർപ്പെട്ടു കൊണ്ടിരിക്കുന്ന ഞങ്ങളെ കണ്ടതും സീക്കുവിന്റെ മുഖത്ത് ദ്വേഷ്യം ഇരച്ചു കയറി.
“അവിടെ നിസ്ക്കാരത്തിന് നേരമായി. നിങ്ങളെന്താ ഈ കാണിക്കുന്നേ...? വേഗം വന്ന് ജനറേറ്റർ ഓൺ ചെയ്യ്..”
ഞാൻ പറഞ്ഞു.
“ഇരുട്ടുന്നതിനു മുൻപേ ഇത് ഓടിക്കേണ്ടതാ.. നിനക്കറിയാല്ലൊ, രണ്ടു ദിവസമായിട്ട് ആ ഒരെണ്ണം നിറുത്താതെ ഓടിക്കൊണ്ടിരിക്കാ... അതുകൊണ്ട് ഇപ്പോൾ ഇവിടെന്ന് പോരാൻ എഞ്ചിനീയർ സമ്മതിക്കില്ല. നീ പോ.. ഇന്ന് കറണ്ടില്ലാതെ വിളിക്ക്....”
കേട്ടതും സീക്കുവിന്റെ സ്വഭാവം തന്നെ മാറി. മുഖമാകെ ചുമന്നു.
“എനിക്കിതൊന്നും അറിയണ്ടാ... എനിക്കിപ്പോത്തന്നെ ജനറേറ്റർ ഓണാക്കണം. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും. എന്നെ നിങ്ങൾക്കറിയാഞ്ഞിട്ടാ.. ഞാൻ മഹാ ചീത്തയാ...!”
അത് കേട്ട് ഞങ്ങൾക്ക് ചിരി വന്നു.
സച്ചി പറഞ്ഞു.
“നിന്നെക്കുറിച്ച് നീതന്നെ വിശദമായി പറഞ്ഞു തന്നിട്ടുണ്ടല്ലൊ. ഇനി അതിനപ്പുറം എന്തു മനസ്സിലാക്കാനാ...ഹാ..ഹാ...!”
റോത്തയോടൊപ്പം 'ഓയിൽ ഫിൽറ്റർ' ഫിറ്റ് ചെയ്യുകയായിരുന്ന അബ്ദുൾ ഇറങ്ങി വന്നിട്ട് പറഞ്ഞു.
“നീയൊന്നു പോടാ സീക്കൂ...  നീ കാണുന്നില്ലേ. ഇന്ന് ഭക്ഷണം കൂടി ഉണ്ടാക്കിയിട്ടില്ലെന്ന് നിനക്കറിയില്ലേ. ഈ വേഷത്തിലെങ്ങനെ പള്ളീലേക്ക് വരും...”
സച്ചി ഇടക്ക് കയറി പറഞ്ഞു.
“ഡ്രെസ്സ് മാറണോങ്കിൽ അകത്ത് കയറണം. ഈ പണി തീർന്നിട്ട് വേണം കുളിക്കാൻ. അല്ലാതെ  പറ്റില്ലതിന്. ഇന്ന് നീ കറണ്ടില്ലാതെ ബാങ്ക് വിളിച്ചാൽ മതി. ചെല്ല്..”
“ നീ ഇനി വാട്ടാങ്ങ്ട്... ഞാൻ കാണിച്ചു തരാം. എന്നെ നിനക്കറിയില്ല.... ങ്ഹാ...!?”

ഇന്നലെ രാത്രി കൂടി ഞങ്ങളോടൊപ്പം കളിതമാശകൾ പറഞ്ഞ് കിടന്നുറങ്ങിയവനാ. അങ്ങനെയൊരു സൌഹൃദമൊന്നും അപ്പോഴത്തെ മുഖഭാവത്തിൽ ഇല്ലായിരുന്നു.
സീക്കു ചവിട്ടിക്കുത്തി തിരിഞ്ഞു നടന്നു.
ആ പോക്ക് കണ്ട് ഞങ്ങൾ മൂവരും കൂവി.
അതോടെ അവൻ തിരിഞ്ഞു നിന്ന് ഒന്നു കൂടി ഞങ്ങളെ നോക്കി.
“നിങ്ങക്ക് ഞാൻ വച്ചിട്ടുണ്ട്.... കാണിച്ചു തരാമെടാ മൈ....!”
വളരെ ക്രൂദ്ധമായിരുന്നു അവന്റെ ആ പിന്തിരിയൽ...!
ചവിട്ടിക്കൂട്ടിയുള്ള ആ പോക്കത്ര പന്തിയല്ലായിരുന്നു...?
അപ്പോഴേക്കും റോത്ത പറഞ്ഞു.
“ഭയങ്കരായിട്ട് വിശക്കുന്നു. നമുക്ക് പോയി എന്തെങ്കിലും വാങ്ങിയിട്ട് വരാം. കൂടെ ആരെങ്കിലും വാ...”

അതോടെ ഞങ്ങളും പണി നിറുത്തി.
പണി ഏതാണ്ട് കഴിയറായിരുന്നു.
ഇനി ഈ ജനറേറ്ററും ഫ്‌ളോറും കഴുകി വൃത്തിയാക്കണം.
അതിനി എന്തെങ്കിലും കഴിച്ചിട്ട് മതി.
റോത്തയോടൊപ്പം അബ്ദുൾ കടയിലേക്ക് പോയി.
അപ്പോഴേക്കും നമ്മൾക്കൊന്നു വിശ്രമിക്കാമെന്ന് പറഞ്ഞ് പുറത്തിട്ടിരുന്ന സ്റ്റൂളുകളിൽ ഞങ്ങൾ ഇരുന്നു. സീക്കു അപ്പോഴേക്കും അങ്ങകലേക്ക് എത്തിയിരുന്നു.
ഞാൻ സച്ചിയോട് പറഞ്ഞു.
“താനൊരു കാര്യം ചെയ്യ്. പോയി അമാറേലെ ജനറേറ്റർ ഓണാക്കിയിട്ട് വാ.. ഇന്ന് പെണ്ണുങ്ങൾ കണ്ടമാനം വന്നിരിപ്പുണ്ടാകും. അതാ സീക്കുവിനിത്ര  ദ്വേഷ്യം. അവന് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. നമ്മളായിട്ട് ഇല്ലാതാക്കണ്ട. ..ഞാനപ്പോഴേക്കും ഇതൊന്നു ക്ലീൻ ചെയ്യാം....”

ഞാൻ എഴുന്നേറ്റ് ഒരു ബക്കറ്റിൽ വെള്ളവും ഡീസലും തുല്യ അളവിൽ എടുത്ത് അതിനകത്ത് ഒരു ചെറിയ പാക്കറ്റ് വാഷിങ് പൌഡറും കലക്കി ജനറേറ്റർ ക്ലീൻ ചെയ്യാൻ തുടങ്ങി.
അപ്പോഴും സച്ചി പോകാതെ സ്റ്റൂളിൽ തന്നെ ഇരിക്കുകയാണ്.
“ചെല്ലടോ....”
“ഇതു മാറാതെ എങ്ങനെയാ ഞാൻ പോകുക..”
“അതു ഞാൻ ഇപ്പോ കഴുകിത്തരാം..”
എന്നു പറഞ്ഞ് 'ഫയർ പൈപ്പ്' ഓണാക്കി, അതിന്റെ ജെറ്റ് ആയാളുടെ നേരെ തിരിച്ചു പിടിച്ചു. വസ്ത്രങ്ങളും ശരീരവും മറ്റും മൊത്തം  ഓയിലിൽ കുളിച്ചിരിക്കുകയാണ്.
സച്ചിയെ ആ വെള്ളത്തിൽ ഒന്നു കുളിപ്പിച്ചു.
മണ്ണിലെ ടാങ്കിൽ നിന്നും വരുന്നതായതു കൊണ്ട് വെള്ളത്തിന് തണുപ്പായിരുന്നു.
ആ തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം.
അവൻ ഇരുന്നു തന്നു.
അതും കഴിഞ്ഞ് ഒന്നു കുത്തിപ്പൊക്കിയേപ്പിന്നെയാണ് സച്ചി എഴുന്നേറ്റത്.
ഒന്നു തോർത്തുക പോലും ചെയ്യാതെ അയാൾ എഴുന്നേറ്റ് നടന്നു.
കാരണം ഈ ചൂടിൽ ഞങ്ങളുടെ ഗേറ്റിൽ എത്തുമ്പോഴേക്കും വസ്ത്രം ഉണങ്ങിയിരിക്കും. അയാളുടെ  പോക്കിൽ നിന്ന് കണ്ണെടുത്ത് ഞാൻ എന്റെ ജോലിയിൽ മുഴുകി.
നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും ഇതു കൂടി കഴിഞ്ഞു കിട്ടിയാൽ എവിടേങ്കിലും ഒന്നു കിടക്കാമല്ലോയെന്ന ചിന്തയാണ് വിശ്രമിക്കാൻ നിൽക്കാതെ വീണ്ടും പണി തുടങ്ങിയത്.

സച്ചി നേരെ ജനറേറ്റർ മുറിയിലേക്ക്  ചെന്ന് റേഡിയേറ്ററിൽ വെള്ളത്തിന്റെ അളവ് നോക്കി.
ഒരു വിധം ലവലാണെങ്കിൽ ഒഴിക്കേണ്ടെന്ന് കരുതിയാണ് നോക്കിയത്.
പക്ഷേ വെള്ളം കുറവായതു കൊണ്ട് പാത്രമെടുത്ത് പള്ളിയിലേക്ക് നടന്നു.
ബാങ്ക് വിളിക്കേണ്ട നേരമായതു കൊണ്ട് സീക്കു മൈക്കില്ലാതെ തന്നെ ബാങ്ക് വിളി തുടങ്ങിയിരുന്നു. സച്ചി ഒതു എടുക്കുന്ന മുറിയിൽ കയറി പൈപ്പ് തുറന്ന് വെള്ളമെടുക്കാൻ തുടങ്ങി.
തൊട്ടടുത്തു തന്നെ രണ്ട് അറബികൾ രണ്ട് പൈപ്പിൻ ചുവട്ടിൽ അംഗശുദ്ധി വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ബാങ്ക് വിളി അവസാനിപ്പിച്ച് തിരിഞ്ഞു നടന്ന  സീക്കു കണ്ടത് പിറകിലെ മുറിയിൽ വെള്ളമെടുക്കാനായി കുനിഞ്ഞു നിൽക്കുന്ന സച്ചിയെയാണ്...!
പെട്ടെന്നവൻ നാലു പാടും നോക്കി.
പള്ളിക്കകത്ത് ധാരാളം ആളുകളുണ്ട്.
‘ഇതു തന്നെ പറ്റിയ അവസരം...!?’
സീക്കു പല്ലുകൾ തമ്മിൽ കടിച്ചു ഞെരിച്ചു.
പ്രതികാരം തലക്കു പിടിച്ച സീക്കുവിന്റെ കണ്ണുകൾ വിടർന്ന് ചുകന്നു.
ശ്വാസഗതി ക്രമം തെറ്റി...
ജാത്യാലുള്ള അവന്റെ വന്യത കണ്ണുകളിൽ പ്രകടമായി...
താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട സീക്കു വേഗം പള്ളിക്കകത്തു നിന്നും സച്ചിയുടെ പിന്നിൽ ചെന്ന് നിന്നു.
എന്നിട്ട്  നാലു പാടും നോക്കി.
പിന്നെ ഒട്ടും താമസിച്ചില്ല.
തൊട്ടടുത്ത് പുറത്തേക്കുള്ള വാതിലിൽ ഒരെണ്ണം അകത്തു നിന്നും അടച്ച് തണ്ടിട്ടു...!?
വേഗം എതിർവശത്തുള്ള  പുറത്തേക്കുള്ള അവസാന വാതിൽ കൂടി അടച്ച് തണ്ടിട്ടു....!?
സച്ചി ഇതൊന്നും അറിയാതെ വെള്ളം നിറച്ച പ്ലാസ്റ്റിക് ക്യാനുമായി നിവർന്നു...!??
 
ബാക്കി നവംബർ  15-ന്.  നെറികെട്ട സന്തതി... 

19 comments:

Cv Thankappan said...

ദുരിതപര്‍വ്വം;ദുരന്തങ്ങളുടെയും..............
ആശംസകള്‍

© Mubi said...

അയ്യോ...

പട്ടേപ്പാടം റാംജി said...

അവനവന്റെ കാര്യം വരുമ്പോള്‍ സ്വന്തവും ബന്ധവും സ്നേഹവും എല്ലാം മറക്കുന്നവരാണ് അധികവും. സംഗതി പ്രശ്നമാണ് അല്ലെ?

വിനുവേട്ടന്‍ said...

നന്ദി വേണം... നന്ദി... കറണ്ടും മൈക്കും ഇല്ലാതെ ബാങ്ക് വിളിച്ചു കൊണ്ടിരുന്നവന്റെ അഹങ്കാരം കണ്ടില്ലേ... എത്രയൊക്കെ ഭക്തിയുണ്ടായിട്ടും എന്ത് കാര്യം...!

ജിമ്മി ജോൺ said...

ന്റെ റബ്ബേ!!

ഈ ചെക്കൻ ഇതെന്തിനുള്ള പുറപ്പാടാണ്?? പണി പാളുമോ?

Pradeep Kumar said...

സീക്കുവിന്റെ ഭ്രാന്ത് വലിയ കുഴപ്പങ്ങളിലേക്കാണല്ലോ പോവുന്നത്... തഴുതിട്ട വാതിലിന്റെ ബാക്കിക്കായി കാത്തിരിക്കുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൌ..ഇനി 15 ദിവസം വരെ
കാത്തിരിക്കണ്ടെ ഇനി അവിടെ ഇനി
എന്ത് ദുരിതമാണ് ഉണ്ടാകുവാൻ പോകുന്നതെന്നറിയാൻ..!

വീകെ said...

സിവി തങ്കപ്പൻ: കാര്യവും തമാശയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ എന്തും സംഭവിക്കാം.. വായനക്ക് നന്ദി.

മൂബി: ആ ‘അയ്യോ’ എന്ന വിളി, ഇത് സൌദി ആയതുകൊണ്ടല്ലെ...!
അത് തിരിച്ചറിഞ്ഞാണ് ദ്വേഷ്യം മുഴുവൻ ആവാഹിച്ച് ഒരു മനോരോഗിയേപ്പോലെ സീക്കു പെരുമാറിയത്. വായനക്ക് നന്ദി.

പട്ടേപ്പാടം റാംജി: അവനവന്റെ പ്രശ്നമായാൽ പോലും ഇത്തരം ഒരു മറുപടി നാട്ടിനെ സ്നേഹിക്കുന്ന ഒരാളിൽ നിന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെ കണ്ണു കാണാതായാൽ എന്തും സംഭവിക്കാം. വായനക്ക് നന്ദി.

വിനുവേട്ടൻ: ഏതൊരു മനുഷ്യന്റെ ഉള്ളിലും ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരോ പറഞ്ഞിട്ടുണ്ട്. വിചാരിച്ചിരിക്കാത്ത ഒരു സമയം അത് പുറത്തു ചാടും. വായനക്ക് നന്ദി.

ജിമ്മിജോൺ: സൌദി ആയതുകൊണ്ടല്ലെ ജോണേട്ടൻ ഇത്ര പേടിച്ചത്. അപ്പോൾ അതറിഞ്ഞു കളിച്ച സീക്കുവോ....? എന്തു പ്രതീക്ഷിച്ചിരിക്കും...?! വായനക്ക് നന്ദി.

പ്രദീപ് കുമാർ: അവനൊരു ഭ്രാന്തനാണെന്ന് തോന്നുന്നില്ലേ. ചില വിദ്വേഷങ്ങൾ,പകകൾ ഒക്കെ പോക്കാൻ ഈ വർഗ്ഗീയഭ്രാന്തുകൾ മനുഷ്യനെ സഹായിക്കും. ഇതൊന്നും സമൂഹത്തിന് ഗുണമുണ്ടാകാൻ വേണ്ടിയല്ല. തികച്ചും വ്യക്തിപരമായ പകപോക്കൽ. അനന്തരഫലം വളരെ ക്രൂരവും നിരപരാധികളുടെ രക്തച്ചൊരിച്ചിലിൽ അവസാനിക്കും. വായനക്ക് നന്ദി.

ബിലാത്തിച്ചേട്ടൻ: ഈ ആകാംക്ഷയാണ് എന്നിലെ എഴുത്തിന് പ്രചോദനം. പതിനഞ്ച് ദിവസം ദേ പോയില്ലേ.. എന്ന മട്ടിലങ്ങു പോകില്ലേ. വായനക്ക് നന്ദി മാഷേ.

ഫൈസല്‍ ബാബു said...

തനി നിറം കാണിച്ചുതുടങ്ങി അല്ലെ :)

keraladasanunni said...

എന്തോ ഒരു ആപത്ത് മണക്കുന്നല്ലോ.

ajith said...

ഓരോ അദ്ധ്യായവും മുന്നോട്ടുള്ള വായനയ്ക്ക് ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നുണ്ട്

വീകെ said...

ഫൈസൽ ബാബു: ഇതുപോലൊരു തനിനിറം വേണ്ടായിരുന്നു. സ്വയം നാശത്തിലേക്കുള്ള, വീണ്ടു വിചാരമില്ലാത്ത കുഴി തോണ്ടൽ ആകാതിരിക്കട്ടെ. വായനക്ക് നന്ദി.
കേരളദാസനുണ്ണി: അതെ.. ഒരാപത്ത് മണക്കുന്നുണ്ട്...! വായനക്ക് നന്ദി.
അജിത്: ആദ്യം വരുന്ന അജിത് ഭായിയെ കാണാത്തതു കൊണ്ട് ഒരു മൂഡൌട്ട് ആയിരുന്നു. ഇപ്പോൾ പ്രസാദമായി. വായനക്ക് നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു തരത്തിൽ സമാധാനമായിരിക്കാൻ സമ്മ്തിക്കില്ല അല്ലെ? 

ഒന്നുകിൽ മുഴുവൻ എഴുത് അല്ലെങ്കിൽ ഞാൻ അവസാനം വായിച്ചോളാം  അല്ല് പിന്നെ ഒരു മാതിരി മുള്ളിന്റെ അറ്റത്ത് കാലും വച്ച് എത്രയാ നിൽക്കുക?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

can u convert this comment box into embedded one so that I can comment when i read it. പണീസമയത്ത് ഈ കമന്റ് രീതി പറ്റാത്തത് കൊണ്ടാ ട്ട്ടൊ 

വീകെ said...

ഇൻഡ്യാഹെറിറ്റേജ്: ഒരു ഡോക്ടർ ഇങ്ങനെ പറയുന്നതു കേൾക്കുമ്പോഴാണ് ചിരി വരുന്നത്. ഒരു കുഞ്ഞു സങ്കടം പോലും താങ്ങാൻ കഴിയാത്ത ഡോക്ടറോ..?!ഹാ... ഹാ....!
വായനക്ക് നന്ദി.

(എന്റെ കമന്റ് ബോക്സ് പഴയതു പോലെ തന്നെയാണല്ലൊ. പിന്നെന്താ മാഷേ ബുദ്ധിമുട്ട്...?)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ ബൂലോകത്തിലെ കമന്റ് ബോക്സ് പോലെ ആണെങ്കിൽ എനിക്ക് ഓഫീസിൽ ഇരുന്നും കമന്റാൻ പറ്റും ഇതിൽ പറ്റില്ല

വീകെ said...

അതെന്തുകൊണ്ടാണെന്ന് എനിക്കും അറിയില്ല. കംബ്യൂട്ടർ പരിഞ്ജാനം തീരെ കമ്മിയാ...

ശ്രീ said...

സീക്കു നന്നാവാൻ പോകുന്നില്ല അല്ലേ

സുധി അറയ്ക്കൽ said...

അവനെ ഞാൻ ആയിരുന്നെങ്കിൽ!!!!!
$$%&==$-*":"/"(!(!("(")