Monday 21 September 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു...... ( 4 )


 അങ്കം കുറിക്കൽ

 “പാഞ്ചുറുപ്പിക ആട്ടണ...!!”
പിന്നെയും സത്താറിക്കായുടെ വാക്കുകൾ എന്നെ നാട്ടിലെത്തിച്ചു. ഉറുപ്പികേം അണയുമൊക്കെ നാട്ടിലല്ലെ ഉണ്ടായിരുന്നത്. ചെറുപ്പത്തിൽ എന്റെ കയ്യിൽ ഒരു ഓട്ടക്കാലണ ഉണ്ടായിരുന്നു.
അത് എന്റെ പെട്ടിക്കുള്ളിൽ ഇപ്പോഴും കാണും. നാട്ടിൽ നിന്നും അതെല്ലാം പോയിട്ടെത്രയോ കാലമായി...

ഇവിടെ ഈ ‘ആട്ടണ‘ എങ്ങനെ വന്നുവെന്നായി എന്റെ ചിന്ത... ?!

എന്റെ സംശയം ഞാൻ ഒന്നുകൂടി ചോദിച്ചു.

“എത്ര ആയെന്നാ പറഞ്ഞത്..?”

“പാഞ്ചുറുപ്പിക ആട്ടണ”
 പിന്നെയും അതു തന്നെ ആവർത്തിച്ചു.

ഞാൻ ദിനാറെടുത്ത് കാണിച്ചിട്ട് പറഞ്ഞു

“എന്റടുത്ത് ദിനാറൊള്ളൂല്ലൊ..”

അതു കേട്ടതും സത്താറിക്ക വലിയ വായിലൊരു ചിരി...

“ഞാൻ മറ്റുള്ളവരോട് പറയുന്നതു പോലെ പറഞ്ഞതാ....” എന്നും പറഞ്ഞ് ദിനാർ വാങ്ങി ബാക്കി തന്നു.
“പാഞ്ചുറുപ്പിക എന്നാൽ അഞ്ചു രൂപ, ആട്ടണ എന്നാൽ 50 പൈസാ...”
സത്താറിക്ക ഒന്നു കൂടി വിശദമാക്കി. എന്നിട്ടും എന്റെ സംശയം തീർന്നില്ല.

“ഈ രൂപയും അണയും മറ്റും ഇവിടെ എങ്ങനെ വന്നു...? അതും ഇപ്പോഴും അണ..!!, അത് നമ്മുടെ നാട്ടിൽ നിന്നും പോയിട്ട് കാലമെത്രയായി....?”

സത്താറിക്ക തന്റെ അറിവു പങ്കു വക്കാൻ തയ്യാറായി.

“ പണ്ട് ഈ അറബികൾക്ക് നമ്മുടെ നാടുമായിട്ടായിരുന്നൂല്ലൊ കച്ചവടങ്ങൾ
ഉണ്ടായിരുന്നത്...? അന്നു മുതൽ നമ്മുടെ കറൻസിയാ ഇവര് ഉപയോഗിച്ചു
കൊണ്ടിരുന്നത്. ദിനാറിന്റേയും ഫിൽ‌സിന്റേയും കണക്കുകൾ ഇപ്പൊഴത്തെ
തലമുറക്കേ മനസ്സിലാകൂ... പഴയ ആളുകൾക്ക് ഉറുപ്പിക,പൈസാ എന്നൊക്കെ
പറഞ്ഞാൽ പെട്ടെന്നു തലയിൽ കേറും.. പിന്നെ ഞാനും ഇവിടെ കുറെ
കാലമായേ...!!”
അതും പറഞ്ഞ് ഇക്ക ചിരിച്ചു.

എനിക്ക് അത്ഭുതമാണ് തോന്നിയത്. സത്താറിക്ക മേശയിൽ നിന്നും ഒരു നൂറു ഫിൽ‌സിന്റെ കോയിൻ എടുത്ത് കാണിച്ചിട്ടു പറഞ്ഞു

“ ഇത് നമ്മൾ ഒരു രൂപയെന്നാ പറയുക. ഇത് പത്തണ്ണം കൂടിയാലെ ഒരു ദിനാർ
ആകുന്നുള്ളു...”  
വിവരം വന്ന ഉടനെ മനസ്സിലാക്കിയിരുന്നു.

അതു കൊണ്ട് ഞാൻ പറഞ്ഞു

“ അതെനിക്കറിയാം.. പക്ഷെ ഈ അണയാണ് മനസ്സിലാകാത്തത്...?

“ അതു ഞാൻ മനസ്സിലാക്കിത്തരാം..” എന്നും പറഞ്ഞ് മേശയിൽ നിന്നും 25 ഫിൽ‌സിന്റേയും
50 ഫിൽ‌സിന്റേയും ഓരൊ കോയിൻ എടുത്തു കാണിച്ചു.

“ ഇതാണ് 25 ഫിൽ‌സ്, അതായത് 25 പൈസ . അണയിൽ പറഞ്ഞാൽ നാലണ.
അൻപതിന്റെ ഫിൽ‌സിന് എട്ടണ..”
“അയ്യൊ.. നേരം വൈകി .. ഞാൻ പോട്ടെ. ബാക്കി പിന്നെ പഠിക്കാം..”
എന്നു പറഞ്ഞ് ഞാൻ പോന്നു.

എന്നും കാലത്ത് പോരുമ്പോൾ കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗിൽ കാലിക്കുപ്പികളും
ബ്രെഡ്ഡിൽ ജാം പുരട്ടിയതും പൊതിഞ്ഞു വച്ചിട്ടുണ്ടാകും.

കുപ്പികൾ എന്തിനാണെന്നറിയാല്ലൊ....?

(അപ്പുറത്തെ ആ വല്ലിപ്പൻ എന്റെ മൂത്രമൊഴിക്കുന്ന സൂത്രപ്പണി കണ്ടു പിടിച്ചില്ലെ..!!)
ഇനീ ഈ കുപ്പികൾ തന്നെ ശരണം. ഇത് പോരുന്ന വഴി ഒന്നു രണ്ടു
ചവറ്റുകൊട്ടകൾ ആരും കാണാതെ തപ്പിയപ്പോൾ കിട്ടിയതാ. അങ്ങനെ ഗൾഫിൽ
വന്ന് ചവറ്റുകൊട്ടയും തപ്പിപ്പെറുക്കേണ്ടി വന്നു.

“ദൈവമെ... ഇതൊന്നും നീ കാണുന്നില്ലെ.....?”
ഇതല്ലാതെ എനിക്ക് എന്തു ചെയ്യാനാകും....?

അന്നവൻ കട പൂട്ടാൻ വന്നത് രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടാണ്. കൂടെ അവന്റെ
രണ്ടു കൂട്ടുകാരും. വന്ന വഴി കാപ്പിയുണ്ടാക്കാൻ പറഞ്ഞു. എന്തൊ ജോലി കഴിഞ്ഞ്
ക്ഷീണിച്ച് വരുന്നതു പോലെയാണ് വരവ്. ഈജിപ്തനും ഒരുത്തനും കൂടി മുകളിലെ
ഓഫീസ് മുറിയിലേക്ക് പോയി.

രണ്ടാമത്തെ കൂട്ടുകാരൻ എന്റടുത്തു വന്നു.

“ എനിക്ക് കാപ്പി വേണ്ട.. ഈ കാപ്പി ഞാൻ കുടിക്കാറില്ല.”  അവൻ പറഞ്ഞു.

അതു കൊണ്ട് രണ്ടു ഗ്ലാസ് വെള്ളമെ അടുപ്പത്തു വച്ചുള്ളു.

അതു കഴിഞ്ഞ് അവന്റെ ആ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

“ നീയെന്തിനാ ഈ പാതിരാത്രി വരെ ഇവനെ കാത്തിരിക്കുന്നത്....?

നിനക്ക് പറഞ്ഞൂടെ ഒൻപത് മണിക്ക് പോകണമെന്ന്.....?”

അവന്റെ മുഖത്തേക്ക് നിർന്നിമേഷനായി, ആശ്ചര്യത്തോടെ നോക്കി നിന്നു കുറച്ചു നേരം.

ഇവനും ഈജിപ്ത്കാരനാണ്. അവന്റെ കൂട്ടുകാരൻ....?

ഇവൻ എന്തിനായിരിക്കും ഇങ്ങനെയൊക്കെ എന്നോട് പറയുന്നത്....?

ഇവനെ എങ്ങനെ വിശ്വസിക്കാം..?


മറുപടിയൊന്നും പറയാതെ രണ്ടു ഗ്ലാസിൽ കാപ്പിയുണ്ടാക്കി.
കാപ്പിയുമായി മുകളിലേക്ക് കയറാൻ തുടങ്ങിയതും പിന്നിൽ നിന്നവൻ വീണ്ടും പറഞ്ഞു.

“കാപ്പി കൊടുത്തിട്ട് പറ, നേരം വൈകി ഞാൻ പോകാണെന്ന്.. എന്നും പറഞ്ഞ് നീ
പൊക്കൊ. ഇതിനൊന്നും അവൻ ഒന്നും ചെയ്യില്ല. നീ പേടിക്കണ്ട. നീ മിണ്ടാതിരുന്നാൽ നിനക്കൊരിക്കലും മോചനമുണ്ടാകില്ല...!?”

ആ വാക്കുകൾ എത്രമാത്രം എന്നെ സ്വാധീനിച്ചുവെന്നറിയില്ല. കാപ്പി കൊടുത്തിട്ട്
ഞാൻ പറഞ്ഞു.

“നേരം വൈകി , ഞാൻ പോകാണ്..” എന്നു പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.

ഓടി സ്റ്റെപ്പുകളിറങ്ങി. അവൻ ‘നിൽക്ക്, നമുക്കൊരിമിച്ച് പോകാം, ഈ കാപ്പി കുടിച്ചാൽ മതി.’ എന്നൊക്കെ പറയുന്നത് കേട്ടു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.


താഴെ വന്നപ്പോൾ എന്നെ ഉപദേശിച്ച ഈജിപ്ത്കാരൻ എന്റെ പുറത്ത് തട്ടി പുറകിലത്തെ വാതിൽ തുറന്ന് തന്ന് പെട്ടെന്നു പൊക്കോളാൻ ആംഗ്യം കാട്ടി.
ഞാൻ പുറത്തിറങ്ങി എന്തും വരട്ടെയെന്നു കരുതി ഓടി.

എവിടന്നാണ് ഇത്ര ധൈര്യം കിട്ടിയതെന്ന് അറിയില്ല...
ആ ഓട്ടം ഞാനെന്റെ വീടുവരെ ഓടുമായിരുന്നു....!!
പക്ഷെ, കടലും വിമാനവും മറ്റുമുള്ള കടമ്പകൾ ഇടക്കുള്ളതു കൊണ്ട് എന്റെ മുറിവരെ ആക്കി. മുറിയിൽ എത്തുമ്പോഴേക്കും കൂട്ടുകാർ നല്ല ഉറക്കത്തിലായിരുന്നു. സമയം പാതിര ആയിരിക്കുന്നു. ശബ്ദമുണ്ടാക്കാതെ ഭക്ഷണം കഴിച്ച് കിടന്നെങ്കിലും ഉറക്കം വന്നില്ല.

ഞാൻ ചെയ്തത് മണ്ടത്തരമായൊ....?

എത്ര പെട്ടെന്നാണ് ഞാനാ ഈജിപ്ത്കാരന്റെ ഉപദേശം സ്വീകരിച്ചത്...?

ഇങ്ങനെ ഒരു ഉപദേശത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നൊ...?

ഇവിടെ എങ്ങനേയും പിടിച്ചു നിൽക്കണമെന്നാണ് തീരുമാനിച്ചിരുന്നത്.

പക്ഷെ, നാളെ എന്താവും.......??

തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ.. ഉറക്കം എന്റെ കണ്ണൂകളെ തഴുകിയതേയില്ല.

പിറ്റെ ദിവസം ഉറക്കമിളച്ച മുഖവുമായിട്ടാണ് ജോലിക്ക് വന്നത്. എന്തും നേരിടാനുള്ള
ഒരു മനസ്സ് ഞാൻ സ്വരൂപിച്ചെടുത്തിരുന്നു.
എന്റെ കടയുടെ മുൻപിൽ ചെറിയ ആൾക്കുട്ടം കണ്ട് ഞാനൊന്നമ്പരന്നു....!!?

ഓടി അടുത്തു ചെന്നതും അടുത്തുള്ള കടക്കാർ എന്നെ പൊതിഞ്ഞു....?

എന്റെ കടയുടെ അകത്തു നിന്നും വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു...!!?
അവൻ കട പൂട്ടിയപ്പോൾ പൈപ്പ് പൂട്ടാതെ പോയിട്ടുണ്ടാകും. അടുത്ത കടയിൽ
കയറി ഞാൻ ഫോൺ ചെയ്തു. അവൻ എടുക്കുന്നുണ്ടായിരുന്നില്ല. പിന്നെയും രണ്ടു
മൂന്നു പ്രാവശ്യം ഡയൽ ചെയ്തെങ്കിലും കിട്ടിയില്ല.

പിന്നെ പുറത്ത് ഇറങ്ങിയപ്പോഴേക്കും അവൻ കാറിൽ വന്നിറങ്ങുന്നത് കണ്ടു.
എല്ലാവരുടെയും മുൻപിൽ വച്ച് അവൻ ഒരു തട്ടിക്കയറൽ നടത്തി.

“ നീ ഇന്നലെ പൈപ്പ് പൂട്ടിയില്ലാ....?”
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അവന്റെ മുഖത്തേക്കു രൂക്ഷമായൊന്നു നോക്കുക മാത്രമെ ചെയ്തുള്ളു. താക്കോൽ വാങ്ങി കട തുറന്ന് അകത്തു കയറി. അകം മുഴുവൻ വെള്ളത്തിൽ മുങ്ങിയിരുന്നു. പൈപ്പ് അപ്പോഴും നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു.

ഞാൻ പൈപ്പ് അടച്ചു. അവൻ എന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു. വാഷ് ബേസിനകത്ത് വെള്ളം പുറത്തേക്ക് പോകാനുള്ള കുഴലിന്റെ ദ്വാരം  ക്ലോസർ വച്ച് അടച്ചിരുന്നു. അതു കൊണ്ടാണ് വെള്ളം ബേസിൻ നിറഞ്ഞ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നത്. ഞാൻ ആ റബ്ബറിന്റെ ക്ലോസർ പുറത്തെടുത്ത് അവന്റെ നേരെ തിരിഞ്ഞു.

എനിക്ക് എല്ലാം മനസ്സിലായിരുന്നു. ഇന്നലെ ഞാൻ കാണിച്ച ധിക്കാരത്തിന് അവൻ എനിക്കിട്ട് വച്ച പാരയായിരുന്നു ഈ പൈപ്പ് തുറന്നു വിടൽ. എനിക്കതു മനസ്സിലായെന്ന് അവനും മനസ്സിലാക്കി. ഞാൻ എന്തെങ്കിലും പറയും മുൻപെ അവൻ ആഞ്ജാപിച്ചു.

“പെട്ടെന്നു ക്ലീനാക്ക്...”  അതും പറഞ്ഞവൻ മുകളിലേക്ക് കയറിപ്പോയി.

താഴെ കാർട്ടണുകളിൽ വച്ചിരുന്ന സാധനങ്ങളെല്ലാം നനഞ്ഞു കുതിർന്നിരുന്നു.
അലമാരകളുടെ അടിവശം നനഞ്ഞിരുന്നത് തുടച്ചു വൃത്തിയാക്കാൻ കുറെ സമയം
എടുത്തു. നനഞ്ഞ കാർട്ടൺ എല്ലാം ഒഴിവാക്കി. എല്ലായിടവും തുടച്ചു വൃത്തിയാക്കി
കഴിഞ്ഞപ്പോഴേക്കും ഏതാണ്ട് ഉച്ചയോടടുത്തു. അപ്പോഴേക്കും കുനിഞ്ഞാൽ പിന്നെ നിവരാൻ കഴിയാത്ത വണ്ണം എന്റെ നടുവും ഒടിഞ്ഞിരുന്നു. ഏസിയുടെ തണുപ്പിലും ഞാൻ വിയർത്തു കുളിച്ചു. അതിലേറെ അവനോടുള്ള ദ്വേഷ്യം എന്റെ മനസ്സിനെ മാത്രമല്ല ശരീരത്തേയും ഒരു പോലെ
പൊള്ളിച്ചിരുന്നു.

ഇനിയൊരു ചായ കുടിക്കണമെന്നു തോന്നി. അവനും കാലത്ത്  വരുമ്പോൾ കാപ്പി കൊടുക്കാറുള്ളതാണ്. ചായയുണ്ടാക്കി ബ്രെഡ് ജാം പുരട്ടി കൊണ്ടു വന്നിരുന്നത് കഴിച്ച് എന്റെ
വിശപ്പിനൊരു അറുതി വരുത്തി. പിന്നെ അവന്റെ കാപ്പിയുമെടുത്ത് മുകളിലേക്കു
കയറാൻ തുടങ്ങിയതും അവൻ താഴേക്കിറങ്ങി വരുന്നതു കണ്ടു. അവന്റെ കാപ്പി
മേശപ്പുറത്തു വച്ചിട്ട് ഞാൻ മാറി നിന്നു.

അവൻ വന്ന് കസേരയിലിരുന്ന് വിറക്കുന്ന കയ്യുയർത്തി കാപ്പിയെടുത്ത് കുടിച്ചു.
ഒന്നു രണ്ടു കവിൾ കാപ്പി പെട്ടെന്നവൻ അകത്താക്കി. അതിനു ശേഷമാണവന്റെ
കൈ വിറയൽ നിന്നുള്ളു. പിന്നെ അവൻ പറഞ്ഞു

” നീ ഇന്നലെ പോകുന്നതിനു മുൻപു പൈപ്പ് പൂട്ടിയിരുന്നില്ല. അതു കൊണ്ടല്ലെ
വെള്ളം മുഴുവൻ പോയത്...”

അവൻ പറയുന്നത് കളവാണെന്ന് എനിക്കറിയാമായിരുന്നു.

ഒരു ഏറ്റുമുട്ടൽ വേണ്ടന്ന് കരുതി ദ്വേഷ്യമടക്കി ഞാൻ ഒന്നും മിണ്ടാതിരുന്നു.

പക്ഷെ, അവൻ എന്നെ വിടാൻ ഭാവമില്ലായിരുന്നു. വീണ്ടും അവൻ അതു തന്നെ
പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

“അങ്ങനെയെങ്കിൽ നീ കിച്ചനിൽ വന്നപ്പോൾ അതങ്ങു അടക്കാമായിരുന്നില്ലെ..?”
“ഞാൻ കിച്ചനിൽ വന്നില്ല..?”
അവൻ ചൂടായി. അപ്പോഴെനിക്ക് ദ്വേഷ്യം വന്നു. ഞാൻ ചോദിച്ചു.

“ പിന്നെ ഇന്നലെ നിനക്കു ഞാൻ മുകളിൽ കൊണ്ടു തന്ന കാപ്പി ഗ്ലാസ് എങ്ങനെ
ഇവിടെയെത്തി...? ബേസിന്റെ ഡ്രെയിൻ പൈപ്പ് ആ ക്ലോസർ വച്ചടച്ചതാര്.? ”

അതിലവൻ കിടുങ്ങിപ്പോയി. ഉത്തരം മുട്ടിയിട്ടും അവൻ വിട്ടു തരാൻ തെയ്യാറായില്ല.
അവന്റെ മുഖം വക്രിച്ചു. ദ്വേഷ്യം അവന്റെ മുഖത്തേക്കിരച്ചു കയറി. മുഖം ചുവന്നു.

“നീ എന്നെ ചോദ്യം ചെയ്യാൻ വളർന്നിട്ടില്ല. നിന്നെ എന്താണ് ചെയ്യേണ്ടതെന്ന്
എനിക്കറിയാം...”

എന്നും പറഞ്ഞവൻ പെട്ടെന്നെഴുന്നേറ്റ്, ഇരുന്ന കസേര പുറകിലേക്ക് ചവിട്ടി നീക്കി
മേശയുടെ മുൻപിലേക്ക് വന്നു.

ഞാനും താഴാൻ തെയ്യാറായില്ല.

“നീ എന്നെ എന്തു ചെയ്യാനാ....? ഒന്നും ചെയ്യില്ല. നീയും എന്നെപ്പോലെ ഒരു
തൊഴിലാളിയാ ഇവിടെ....!!”
അതും പറഞ്ഞ് ഞാൻ നിന്ന് വിറക്കാൻ തുടങ്ങി.

എന്റെ മറുപടിയും താഴ്ന്നു കൊടുക്കാത്ത ഭാവവും അവന്റെ സിരകളെ വല്ലാതെ ചൂടാക്കി.

“ഞാൻ എന്തു ചെയ്യുമെന്നൊ..? ഇപ്പൊ തന്നെ ഞാൻ കാണിച്ചു തരാം...!
പോലീസിനെ വിളിച്ച് , നാളെ നേരം വെളുക്കുമ്പൊ നീ ബോംബെയിലെത്തിയിരിക്കും.... റാ‍സ്ക്കൽ...?”
എന്നു പറയുക മാത്രമല്ല മേശയുടെ മുൻപിൽ നിൽക്കുകയായിരുന്ന എന്നെ പിടിച്ച് ഒറ്റ തള്ളൽ......!!

അതു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

തള്ളലിന്റെ ശക്തിയിൽ പുറകോട്ടു മലച്ച ഞാൻ പുറകിലെ ഷെൽഫിൽ ചെന്നിടിച്ചു നിന്നു. ഷെൽഫ് ആകെ കുലുങ്ങി.

തട്ടു തട്ടായി അടുക്കി വച്ചിരുന്ന സാധനങ്ങൾ താഴെ വീണു ചിന്നിച്ചിതറി....!!

ഗ്ലാസ്സ് കുപ്പികൾ താഴെ വീണുടയുന്ന ശബ്ദം ഞാൻ കേട്ടു..!!

എനിക്കു പിന്നെ കണ്ണു കാണാൻ വയ്യാതായി...

ചെവി കേൾക്കാൻ വയ്യാതായി....

എന്റെ കണ്മുന്നിൽ ‘കോവാട്ടു ഭഗവതി ക്ഷേത്ര‘ത്തിലെ വെളിച്ചപ്പാടിന്റെ
തുള്ളലായിരുന്നു...!

ചെണ്ടയുടെ താളം മുറുകുന്നതിനനുസരിച്ച് നിന്നു വിറച്ച് തുള്ളുന്ന വെളിച്ചപ്പാട്...!
കയ്യിലിരിക്കുന്ന വാള് നാലു വശത്തേക്കും വീശി അമ്പലത്തിനു ചുറ്റും പ്രദക്ഷിണം
വക്കുന്ന വെളിച്ചപ്പാട്...!!

ഭക്തജനങ്ങൾ നാലു വശത്തേക്കും ഒഴിഞ്ഞു മാറുന്നു...!!

ചുവന്ന കണ്ണുകൾ...!!!

ചുവന്ന നാ‍ക്ക്...!!!


എനിക്ക് പിന്നൊന്നും ഓർമ്മിക്കാനായില്ല.
എന്തു വന്നാലും ഇവിടെ പിടിച്ചു നിൽക്കണമെന്ന കാര്യം പോലും ഒരു നിമിഷം മറന്നു പോയി...

ഞാൻ കൈകൾ രണ്ടും മുന്നിലേക്കു നീട്ടി...!

വിടർത്തിയ കൈപ്പത്തിയുമായി ഒരാക്രോശത്തോടെ മുന്നോട്ടു കുതിച്ചു...!!
ഈജിപ്ത്കാരന്റെ നെഞ്ചിൻ കൂടു നോക്കി അതി ശക്തമായ ഒരൊറ്റ തള്ള്...!!!

പുറകിൽ കിടന്ന മേശക്കു മുകളിലൂടെ അവൻ അപ്പുറത്തേക്ക് പറക്കുന്നത് കണ്ണുനീരിൽ കുതിർന്ന ചിതറിയ ഒരു കാഴ്ച ഞാൻ കണ്ടു....!!?

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു......

ബാക്കി അടുത്ത പോസ്റ്റിൽ....

Wednesday 9 September 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു....( 3)


കഥ തുടരുന്നു....

‘പാഞ്ചുറുപ്പിക ആട്ടണ...’


“മൂട്ട” എന്നു കേട്ടപ്പൊൾ ബിരിയാണി പോലെ വിലകൂടിയ ഭക്ഷണമായിരിക്കുമെന്നു കരുതിയാണ് ഞാൻ ഞെട്ടിയത്. എന്റെ തിരിഞ്ഞു നോട്ടം കണ്ടിട്ടാവും കാഷിലിരിക്കുന്ന പയ്യൻ ചിരിച്ചു കൊണ്ട് ചോദിച്ചത്

“പുഴുക്കലരിയുടെ ചോറല്ലെ..”

“അതെ..” ഞാൻ.

“ഹൊ... അതായിരുന്നൊ കാര്യം..!”  ഞാൻ ആശ്വാസം കൊണ്ടു.


പിന്നീടാണ് അതിന്റെ വേർതിരിവുകൾ മനസ്സിലാകുന്നത്. പച്ചരിച്ചോറിന് ‘ബാരിക്..’ എന്നാണ് പറയുന്നത്. പുഴുക്കലരിക്ക് ‘മോട്ട’ എന്നും. കുറേ ദിവസത്തിനു ശേഷം കഴിക്കുന്നത് കൊണ്ടാവും ഊണിനു നല്ല സ്വാദുണ്ടായിരുന്നു. പക്ഷെ ആ മീൻ കറിയുടെ ഒരു ഉളുപ്പു മണം..!
അതു മാത്രം പറ്റിയില്ല. മീന്റെ കുടൽ വരെ കളഞ്ഞിട്ടില്ലവന്മാര്. വറുത്ത മീൻ മത്തിയായിരുന്നതു കൊണ്ട് വലിയ കുഴപ്പം തോന്നിയില്ല.

ഊണിന്റെ കാശ് കൊടുത്തപ്പോൾ അവരോടു ചോദിച്ചു.
“ഇവിടെ മുറിയെങ്ങാൻ കിട്ടാനുണ്ടോ...?”

അവർ പറഞ്ഞ മുറികൾ രണ്ടു മൂന്നെണ്ണം പോയി നോക്കി. പക്ഷെ നല്ല മുറികളാണെങ്കിലും എനിക്ക് തരാമെന്നു പറഞ്ഞ പതിനഞ്ചു ദിനാറിൽ നിൽക്കില്ല. അതു കൊണ്ട് പിന്നെയും അന്വേഷണം തുടർന്നു.

അപ്പുറത്തെ ബാർബർ ഷാപ്പിൽ കയറി. (ക്ഷമിക്കണം. ബാർബർ ഷാപ്പെന്നു ഇവിടെ ആരും പറയില്ലാട്ടൊ. ഒക്കെ ഇപ്പോൾ ‘സലൂൺ’ ആണ്.)

അവിടെ രണ്ടു മലയാളികളായിരുന്നു ബാർബർമാർ.
(വീണ്ടും ക്ഷമ ചോദിക്കുന്നു. ബാർബർ എന്നു പറഞ്ഞാൽ അവർ ചിലപ്പൊൾ കയ്യിട്ടം വയ്ക്കും. ‘ഹെയർ ഡ്രെസ്സർ’ എന്നാണ് ആധുനിക പേര്.)

നമ്മുടെ നാട്ടിലേപ്പോലെയുള്ള (പണ്ടത്തെ) ബാർബർ ഷാപ്പല്ലാട്ടൊ ഇവിടെ. ആ മലയാളികളെ പരിചയപ്പെട്ടപ്പോഴാണ് അതിലൊരാൾ എന്റെ തൊട്ടടുത്ത നാട്ടുകാരനാണെന്നു മനസ്സിലായത്. അയാളുടെ സഹായത്തോടെ ഒരു മുറി ശരിയാക്കി കിട്ടി.

മുറിയല്ലാട്ടൊ... മുറിയിൽ ഒരു ബെഡ്ഡിടാന്നുള്ള സ്ഥലം മാത്രം...!

മാസം പന്ത്രണ്ട് ദിനാർ വാടക.

മുറി കാണണമെങ്കിൽ വൈകീട്ട് ഏഴു മണിക്ക് വന്നാൽ കാണിച്ചു തരാമെന്നു പറഞ്ഞു.

“ മുറി കാണേണ്ട ആവശ്യമൊന്നുമില്ല...!! അതു ഒരു തൊഴുത്തായാലും കിട്ടിയേ പറ്റൂ....
നാളെ കാലത്ത് ഞാൻ എന്റെ പെട്ടിയുമായി വരികയായി. എത്രയും വേഗം ആ ഈജിപ്തനുമായുള്ള പൊറുതി അവസാനിപ്പിച്ചെ മതിയാകു...”
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു.

അതു കൊണ്ട് അതിലെ തമസക്കാരെ കണ്ട് അതൊന്ന് പറഞ്ഞുറപ്പിച്ചു തരണമെന്നു ഞാൻ എന്റെ നാട്ടുകാരനെ ഏൽ‌പ്പിച്ചു. അങ്ങനെ വലിയ സന്തോഷത്തിലാണ് അന്നു കടയിൽ കയറിയത്. ഈജിപ്തനോട് വിവരം പറഞ്ഞെങ്കിലും പന്ത്രണ്ട് ദിനാറിന്റെ കാര്യം പറഞ്ഞില്ല. അത് പതിനഞ്ച് ദിനാർ തന്നെയെന്ന് നുണ പറഞ്ഞു. (ഗൾഫിൽ കഴിയുമ്പോൾ,  ജീവിക്കാനായി ഒരു നുണയൊക്കെ ആകാമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഇല്ലേ..? ഉണ്ട്.. ഉണ്ട്..!)

അങ്ങനെ പിറ്റെ ദിവസം കാലത്ത് ബാഗും ഞാൻ കിടന്ന കിടക്കയും എടുത്ത് ഈജിപ്ത്കാരന്റെ കൂടെയുള്ള പൊറുതി അവസാനിപ്പിച്ച് പോരാൻ നേരം, അവിടെയുള്ള കോൾഡ് സ്റ്റോറിലെ ആദ്യം പരിചയപ്പെട്ട മലയാളിയോട് വിവരം പറയാനായി ചെന്നപ്പോഴാണ് അയാൾ ഒരു സത്യം വെളിപ്പെടുത്തിയത്.

ദിവസവും എന്നെ കടയിൽ കൊണ്ടാക്കിയതിനു ശേഷം ഈജിപ്തകാരൻ രണ്ടു മൂന്നു കൂട്ടുകാരുമായി മുറിയിൽ കയറിയാൽ പിന്നെ പുറത്തിറങ്ങാറില്ലത്രെ. ഭക്ഷണമെല്ലാം മുറിയിലേക്ക് പാഴ്‌സൽ വരുത്തി കഴിക്കും. രാത്രിയിൽ മാത്രമാണയാൾ കൂട്ടുകാരുമൊത്ത് പോകുന്നത്....!!

ഇതിനാണവൻ മാക്കറ്റ് ചെക്കിങ്ങിനെന്നും പറഞ്ഞ് എന്നെ കടയിൽ പൂട്ടിയിട്ട് മുഴുപ്പട്ടിണിയിൽ തനിച്ചാക്കി പോയിരുന്നത്. എനിക്കത് കേട്ടപ്പോൾ തോന്നിയ ദ്വേഷ്യത്തിന്, എന്താ പറയാ....! ഒന്നും പറയാനില്ല..!! അറിഞ്ഞു കൊണ്ട് അത്ര വലിയ പാപങ്ങളൊന്നും ചെയ്തതായി ഓർമ്മയില്ല. എന്നിട്ടും ദൈവംതമ്പുരാൻ എന്തിനാണാവൊ ഇങ്ങനെ പരീക്ഷിക്കുന്നത്....?

അർബാബ് ഉണ്ടാ‍യിരുന്നപ്പോൾ വാങ്ങിത്തന്ന പൊരിച്ച കോഴിക്കാലുകളിൽ ഒന്നു രണ്ടെണ്ണമെ ഓരൊ പ്രാവശ്യവും എനിക്ക് തിന്നാൻ കഴിഞ്ഞിരുന്നുള്ളു. ബാക്കിയത്രയും ഒരു ദയയുമില്ലാതെ ചവറ്റുകൊട്ടയിൽ തള്ളുകയായിരുന്നു.

‘പാവം, ആ കോഴിക്കാലുകളുടെ ശാപമായിരിക്കും‘ ഇന്നീ പട്ടിണി വരുത്തിയത്....!!

പുതിയ മുറിയിൽ, പുതിയ കൂട്ടുകാർ ജോലിക്ക് പോകുന്നതിനു മുൻപായിത്തന്നെ എത്തി. മുറി എന്നു പറഞ്ഞാൽ ഒരു കൊച്ചു മുറി. മൂന്നു നില കെട്ടിടത്തിന്റെ മുകളിലെ ടെറസ്സിൽ മരപ്പലക കൊണ്ട് അടിച്ചു കൂട്ടിയുണ്ടാക്കിയതാണ്. മൂന്നു ബെഡ്ഡിനുള്ള സ്ഥലമൊന്നുമില്ല. പിന്നെ വേണമെങ്കിൽ ഒരു ബെഡ്ഡു കൂടി ഞെക്കി ഞെരുങ്ങി ഇടാം. അതാണ് എനിക്കു തന്നത്. അത്രയും വാടക ഓരോരുത്തർക്കും കുറഞ്ഞു കിട്ടുമല്ലൊ. കൂടെയുള്ള രണ്ടു പേരും മലയാളികളും അടുത്ത നാട്ടുകാരും. അവരും കുറഞ്ഞ ശമ്പളക്കാർ തന്നെ.

വാടക കൂടാതെ മുറിയുടെ നികുതി, കറണ്ടിനും വെള്ളത്തിനും ഉള്ള ചാർജ്ജ് കൂടി നമ്മൾ അടക്കണം. അതുകൂടി കണക്കാക്കുമ്പോൾ പതിനഞ്ചു ദിനാറിൽ കൂടുതൽ വരും. അതു ശമ്പളത്തിൽ നിന്നും മുടക്കണം.

പുതിയ മുറിയിലെ താമസം നല്ലവരായ രണ്ടു മലയാളികളോടൊപ്പമായതു കൊണ്ട് രസകരമായിരുന്നു. രാത്രിയിൽ മാത്രമാണ് ഞങ്ങൾ കണ്ടു മുട്ടിയിരുന്നത്.

വെളുപ്പിന് അഞ്ചു മണിക്കു തന്നെ അവർ എഴുന്നേറ്റ് കുളിച്ച് റെഡിയാകും. ചോറ് മാത്രം വക്കും. ചോറ് പാത്രത്തിലാക്കി കുറച്ച് അച്ചാറും ഇട്ടാണ് കൊണ്ടു പോകുന്നത്. ആറര മണിക്കു അവരുടെ വണ്ടി വരും.


അവർ പോകുമ്പോഴും ഞാൻ എഴുന്നേറ്റിട്ടുണ്ടാവില്ല. എനിക്ക് ഒൻപത് മണിക്ക് കടയിൽ എത്തിയാൽ മതി. മുറിയിൽ നിന്നും ഒരു മിനിട്ട് നടക്കാനുള്ള ദൂരമേ ഉള്ളു. കടയിലെത്തിയിട്ടും വലിയ കാര്യമൊന്നുമില്ലല്ലൊ...?

‘വെറുതെ പൂട്ടിയിടപ്പെടാനായി മാത്രം ഒരു കടയിൽ പോക്ക്....?!‘

ഈജിപ്ത്കാരനൊരുമിച്ച് വരാൻ കഴിയാത്തതു കൊണ്ട്, വരുന്നത് വരെ പുറത്ത് വെയിലും കൊണ്ട് അവനെ കാത്ത് നിൽക്കേണ്ട ഒരു അവസ്ഥ കൂടി വന്നു ചേർന്നു. ചിലപ്പോളവൻ പോത്തു പോലെ കിടന്നുറങ്ങിക്കളയും. എന്നിട്ട് പത്തിനും പതിനൊന്നിനും ഒക്കെയാവും അവന്റെ വരവ്. അതു വരെയും പുറത്ത് പൊരിയണ വെയിലും കൊണ്ട് വിയർത്തൊലിച്ച് ഞാൻ നിൽക്കും.

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഇതു വരെ ഒരു രൂപ പോലും അയക്കാൻ കഴിഞ്ഞിട്ടില്ല. മാസത്തിൽ ഒരു ഫോൺ വിളി... ആഴ്ചയിൽ ഓരൊ കത്തുകൾ.. ഒരു കത്തയച്ചാൽ ഇരുപതു ദിവസം കൊണ്ടേ നാട്ടിൽ കിട്ടൂ.. അതിനു മറുപടി കിട്ടാൻ പിന്നെയും ദിവസങ്ങൾ..!

ഇവിടത്തെ കാര്യങ്ങളൊന്നും നാട്ടിൽ ആരോടും കത്തിൽ സൂചിപ്പിച്ചില്ല. ഭാര്യയോടു പോലും കടയിൽ കച്ചവടം കുറവായതു കൊണ്ടാണന്നേ പറഞ്ഞുള്ളു.

അന്നു കാലത്ത് കൂട്ടുകാരുടെ വർത്തമാനം കേട്ടാണ് ഞാൻ കണ്ണു തുറന്നത്.

ചോറ് പാത്രത്തിലാക്കിക്കൊണ്ടൊരിക്കയാണ് രണ്ടു പേരും. അച്ചാറു പാത്രം കാലിയായിരുന്നു. ആരുടെ കയ്യിലും ചില്ലറ ഒന്നും തന്നെ ഇല്ല. ഒരാൾ എഴുന്നേറ്റ് ചുമരിൽ തൂക്കിയിരുന്ന തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഒരു ആപ്പിൾ എടുത്ത് പുറത്തു വച്ചു.

“ ഇത് ഇന്നലെ ജോലി സ്ഥലത്ത് വച്ച് കിട്ടിയതാ.. ”
എന്നും പറഞ്ഞ് അവനത് കഴുകി മൂന്നായി മുറിച്ച് ഓരോരുത്തർക്കും കൊടുത്തു. അവർ രണ്ടു പേരും കിട്ടിയ ആപ്പിൾ കഷണം തങ്ങളുടെ ചോറിനുള്ളിൽ പൂഴ്ത്തി പാത്രമടച്ച് പോകാൻ തെയ്യാറായി...!? എനിക്കൊന്നും മനസ്സിലായില്ല.


എന്റെ പങ്ക് ആപ്പിൾ കഷണം നീട്ടി ഞാൻ ചോദിച്ചു
“ ഇത് ..?”

“ ഉച്ചക്ക് ചോറിൽ കുറച്ച് ഉപ്പും, പച്ചവെള്ളവും ചേർത്ത് കുഴച്ച് ഓരൊ ഉരുള വായിലിട്ടിട്ട് ഇതൊരു കടി കടിക്കുക. നല്ല ടേസ്റ്റാ.... !”
“നമ്മൾ ഗൾഫിലല്ലെ....? വില കൂടിയത് മാത്രമെ കഴിക്കാവൂ...!! ”

അവർ അതും പറഞ്ഞ് ചിരിച്ചും കൊണ്ട് മൂറി വിട്ടു.
ഞാൻ ആപ്പിളും കയ്യിൽ പിടിച്ച്, ഉറക്കച്ചടവോടെ ചിരിക്കണൊ കരയണൊ എന്നറിയാതെ ആ ആപ്പിൾ കഷണത്തിലേക്കും നോക്കിയിരുന്നു...
അതെ... ഞാൻ ഗൾഫിലല്ലെ....?

സ്വർണ്ണം വിളയുന്ന ഭൂമി...!

ഏവരുടേയും.... സ്വപ്നഭൂമി...!!!


ദിവസങ്ങൾ കഴിയവെ, ഒരു ദിവസം കടയിലെ പിറകിലെ വാതിലിന്റടുത്ത് കസേരയിട്ടിരിക്കുമ്പോൾ  റോഡിനപ്പുറത്തെ കടയിലെ അറബി വല്ലിപ്പൻ അവിടെയാകെ മണത്തു മണത്തു നടക്കുന്നതു കണ്ടു. ഞാനിരിക്കുന്ന വാതിലിന്റെ വലതു വശത്ത് റോഡ് സൈഡിൽ ഒരു ചെറിയ കുഴിയിൽ കറുത്ത നിറത്തിൽ വെള്ളം കിടക്കുന്നുണ്ടായിരുന്നു. ഞാനും അത് കണ്ടിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.

വല്ലിപ്പൻ വന്ന് അവിടെ മണപ്പിച്ചു കൊണ്ട് ആരോടെന്നില്ലാതെ എന്തൊ പറയുന്നുണ്ടായിരുന്നു. വല്ലിപ്പൻ താഴേക്കും മുകളിലേക്കും ഒക്കെ നോക്കി അവിടെമാകെ പരതി നടക്കുന്നു. അതു കഴിഞ്ഞ് അയാൾ തന്റെ കടയിലേക്ക് കയറിപ്പോയി.

ഞാനും അപ്പോഴാണ് ആ കിടക്കുന്ന വെള്ളം എങ്ങനെ വന്നുവെന്ന് ചിന്തിച്ചത്. ഇവിടെ മഴ പെയ്യുന്ന പതിവേയില്ലത്രെ...! പിന്നെങ്ങനെയാണ് ആ വെള്ളം അവിടെ കെട്ടിക്കിടക്കാൻ ഇടയായി...? ഒരു സംശയ നിവാരണത്തിനെന്നോണം ഞാൻ ചെന്ന് അടുക്കളയിലെ പൈപ്പ് തുറന്നിട്ടു. എന്നിട്ട് വാതിലിന്റടുത്ത് വന്ന് പുറത്തെ കുഴിയിലേക്കു നോക്കി.

അവിടെയതാ വെള്ളത്തിന് ഒരിളക്കം...!!?.

ബക്കറ്റിലെ വെള്ളത്തിന് തിരയില്ലെങ്കിലും, കുഴിയിലെ വെള്ളത്തിന് ഇപ്പോഴൊരു തിരയിളക്കം...!!

ഞാൻ സൂക്ഷിച്ചു നോക്കി..!!

കുഴി നിറഞ്ഞു നിറഞ്ഞ് വരുന്നു..!!!??

എന്റെ നെഞ്ചിലൂടെ ഒരു വെള്ളിടി വെട്ടി...!!!

ഓടിച്ചെന്ന് പൈപ്പടച്ചു. പിന്നെയും വന്നു നോക്കി.

അതെ...!?

അതു തന്നെ..!!!?

എന്റെ മൂത്രത്തിന്റെ കളറും ഈജിപ്ത്കാരന് തിളപ്പിച്ചു കൊടുക്കുന്ന കാപ്പിയുടെ കളറും കൂടി ചേർന്ന ഒരു കറുത്ത കളർ...! അതിന്റെ ദുർഗ്ഗന്ധമാവും വല്ലിപ്പൻ മണപ്പിച്ചു നടന്ന് ഉറവിടം കണ്ടെത്താൻ ശ്രമിച്ചത്.

“എന്റീശ്വരാ.... നീ കാണിച്ചു തന്ന വഴി, നീ തന്നെ അടച്ചു കളഞ്ഞല്ലൊ..”
ഞാൻ തലയിൽ കൈ വച്ചു കരഞ്ഞു പോയി.

“എടാ മണ്ടാ.. അന്നു നിന്റെ വിഷമം കണ്ടിട്ടല്ലെ തൽക്കാലം രക്ഷപ്പെടാനായി ഒരു വഴി കാണിച്ചു തന്നത്.. പക്ഷെ, അത് നീ സ്ഥിരമാക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല...!!!”
എന്റെ മനസ്സിലിരുന്ന് ആരൊ മന്ത്രിക്കുന്നതു പോലെ തോന്നി.

ഇനിയെന്തു വഴി....?

വെള്ളം കുടിച്ചു കഴിഞ്ഞ ഒരു പ്ലാസ്റ്റിക്കിന്റെ കുപ്പി അവിടെയുണ്ടായിരുന്നു.

തൽക്കാലം ഇതിലൊഴിച്ച് കാര്യം സാധിക്കാം..!
നാളെ മുതൽ കുപ്പികൾ സംഘടിപ്പിക്കണം. രാത്രിയിൽ അവൻ കട തുറന്ന് എന്നെ പുറത്തു വിടുമ്പോൾ എടുത്തു ചവറ്റു കൊട്ടയിൽ നിക്ഷേപിക്കാം...

അന്നവൻ എട്ടു മണി ആയപ്പോഴേക്കും എത്തി കട തുറന്നു . അതോടെ ആളുകളും വാങ്ങാനെത്തിയിരുന്നു. ഒന്നു രണ്ടു പേർ വന്നിരുന്ന് അവനോട് സംസാരിച്ചിരിക്കെ അവർക്ക് കാപ്പി കൊടുക്കാൻ പറഞ്ഞു. ഞാൻ കാപ്പി തിളപ്പിക്കാനായി തിരിഞ്ഞതും അവർ വിലക്കി. തണുത്തതെന്തെങ്കിലും മതിയെന്നു പറഞ്ഞു.

ഈജിപ്ത്കാരൻ ഉടനെ മേശയിൽ നിന്നും ഒരു ദിനാർ എടുത്തു തന്നിട്ട് പെപ്സിയും ബിസ്ക്കറ്റും വാങ്ങിക്കൊണ്ടു വരാൻ എന്നെ പറഞ്ഞയച്ചു. പിറകിലെ വാതിൽ തുറന്ന് കുറച്ചപ്പുറത്തുള്ള സത്താറിക്കായുടെ കോൾഡ് സ്റ്റോറിലേക്ക് ചെന്നു.

നാലു പെപ്സിയും രണ്ടു മൂന്നു പാക്കറ്റ് ബിസ്ക്കറ്റും എടുത്തിട്ട് എത്രയെന്നു ചോദിച്ചു. സത്താറിക്ക അതൊന്നു നോക്കിയിട്ട് പറഞ്ഞു

“പാഞ്ചുറുപ്പിക ആട്ടണ...”

എന്റെ ഉള്ളൊന്നു കാളി....?

ഇതേതു നാടാണപ്പാ..? എന്ന മട്ടിൽ ഞാൻ കയ്യിലിരിക്കുന്ന ദിനാറിലേക്കും സത്താറിക്കാന്റെ മുഖത്തേക്കും മാറി മാറി നോക്കി.

‘പാഞ്ചുറുപ്പിക ആട്ടണ....!!?’

ബാക്കി അടുത്ത പോസ്റ്റിൽ.......