Friday 4 December 2009

സ്വപ്നഭുമിയിലേക്ക്.....തുടരുന്നു... ( 9 )

 കഥ തുടരുന്നു...

പിന്നാം‌മ്പുറം..അപ്പോഴാണ് ഉദ്യോഗസ്ഥന്റെ വായിൽ നിന്നും ഉണങ്ങിവരണ്ട ആ വാക്കുകൾ ഉതിർന്നു വീണത്.
“ നിങ്ങൾക്കിനി മുന്നോട്ട് യാത്ര ചെയ്യാനാവില്ല....!! നിങ്ങൾ തിരിച്ചു പോണം..!!!?”
രണ്ടു പേരും ഞെട്ടിയെന്നു മാത്രമല്ല, ശ്വ്വാസം നിലച്ച്, കേട്ടതു വിശ്വസിക്കാൻ കഴിയാതെ കണ്ണുകൾ പുറത്തെക്കു തള്ളി....!!!?

ആ ഞെട്ടലിൽ നിന്നും മോചിതനായത് ഉദ്യോഗസ്തന്റെ സാന്ത്വന ശബ്ദം കേട്ടാണ്...
“നിങ്ങൾ വിഷമിക്കേണ്ടാ... ഇവിടെ നിങ്ങളെ പിടിച്ച് അകത്തിടാനൊന്നും പോകുന്നില്ല..”
ഒരു വിധം സമനില വീണ്ടെടുത്ത് സുനിൽ ചോദിച്ചു
“ ഇവിടെ ഞങ്ങളുടെ പേപ്പറിന് എന്താ പറ്റിയത്...? ഇതു പോലെ ഔട്ട് പാസ്സുമായിട്ടാണല്ലൊ
അവരും വന്നത്...?“
“അതു ശരിയാ... പക്ഷെ, നിങ്ങളുടെ കുഴപ്പം മാത്രമല്ല.. നിങ്ങളെ ഇങ്ങോട്ടു കയറ്റി വിട്ട ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. “
രണ്ടു പേരും പരസ്പരം നോക്കിയതല്ലാതെ ഒന്നും മനസ്സിലായില്ല. ആ ഭാവത്തോടെയാണ്
ഉദ്യോഗസ്ഥന്റെ നേരെ തിരിഞ്ഞത്. അദ്ദേഹം കാര്യങ്ങൾ വിശദമായിത്തന്നെ
അവരെ പറഞ്ഞു മനസ്സിലാക്കി.

“ നിങ്ങൾ ഇന്നലെ രാത്രിയിൽ അവിടന്ന് പോന്നു. അതായത് ഈ ഔട്ട് പാസ്സിന്റെ കാലാവധി തീരുന്നതിന് രണ്ടു മണിക്കൂർ മുൻപു തന്നെ. അവിടം വരെ ശരിയായിരുന്നു. പക്ഷെ, നിങ്ങൾ നേരിട്ട് നിങ്ങളുടെ നാട്ടിലേക്കായിരുന്നു പോയിരുന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു. അതിനു പകരം
നിങ്ങൾ വന്നിറങ്ങിയത് മൂന്നാമതൊരു രാജ്യത്താണ്. ഇവിടെ വന്നിറങ്ങുന്നവരുടെ കൈവശം വ്യക്തമായ രേഖകൾ വേണം. എന്നാലെ മുന്നോട്ടുള്ള യാത്രക്ക് സാധിക്കുകയുള്ളു. ഇപ്പോൾ നിങ്ങളൂടെ ഈ പേപ്പറിന് ഒരു കടലാസ്സിന്റെ വില പോലുമില്ല. കാരണം ഇതിന്റെ കാലാവധി ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് തീർന്നിരിക്കുന്നു...”

ഉദ്യോഗസ്ഥൻ ഒന്നു നിറുത്തി. സുനിലും കൂട്ടുകാരനും വിയർത്തു കുളിച്ചു.
“ഇനി ഞങ്ങൾ എന്തു ചെയ്യും...?” തമിഴൻ ഒരു കണക്കിന് ഉമിനീരൊന്നിറക്കിയിട്ട് ചോദിച്ചു.
“ ഇനി നിങ്ങളെ എവിടെന്നാ കൊണ്ടു വന്നെ അവിടെ തിരിച്ചു കൊണ്ടാക്കേണ്ടത് നിങ്ങളെ കൊണ്ടു വന്ന വിമാനക്കമ്പനിക്കാരുടെ ഉത്തരവാദിത്തമാണ്. അവർ നിങ്ങളുടെ പേപ്പർ ശരിക്കും
നോക്കിക്കാണില്ല. ഇന്ന് രാത്രിയിൽ പോകുന്ന വിമാനത്തിൽ സ്ഥലമുണ്ടെങ്കിൽ നിങ്ങളെ കയറ്റി വിടാം. ഇല്ലെങ്കിൽ ഇനിയും കാത്തിരിക്കേണ്ടിവരും...!!?”

അതും പറഞ്ഞ് ഉദ്യോഗസ്ഥൻ എഴുന്നേറ്റു. സുനിലും കൂട്ടുകാരനും തലയിൽ കൈ വച്ചുപോയി...!! ഉദ്യോഗസ്ഥൻ അവരെ ഒരു മുറിയിലേക്ക് മാറ്റിയിരുത്തി.

“ദൈവമേ... ഇന്നു പോകുന്ന വിമാനത്തിൽ ആളുണ്ടാകരുതേ....!!”
എന്നായിരുന്നു തമിഴന്റെ ഉറക്കെയുള്ള പ്രാർത്ഥന.
“ആളില്ലാത്ത വിമാനത്തിൽ എന്തായാലും നമ്മളെ കൊണ്ടു പോവോ...? “
സുനിലിന്റെ മറുപടി കേട്ട് രണ്ടു പേരും മുഖത്തോടു മുഖം നോക്കി.
‘അല്ല.. ഞാ‍ൻ ഉദ്ദേശിച്ചത് ആള് നിറച്ചുണ്ടാകരുതെന്നാ...”
“ എന്നാ അങ്ങനെ പറ.. “

ഇനി രാത്രി വരെ കാത്തിരിക്കണം. നല്ല വിശപ്പുണ്ട്. അപ്പോഴേക്കും തങ്ങളോടൊപ്പം വന്നവരെല്ലാം സമയമായപ്പോൾ പോകാനായി എഴുന്നേൽക്കുന്നത് കണ്ടു. ചില്ലു മറക്കുള്ളിലൂടെ അവരോട് കൈ വീശി യാത്ര പറഞ്ഞപ്പോൾ കണ്ണൂകൾ നിറഞ്ഞു.
ഒരിത്തിരി ദൂരം കൂടിയേ ഉള്ളു നാട്ടിലേക്ക്.. !
ഒരു കടൽ... ഇല്ല്യ.. ഒരു കടലിടുക്ക് മാത്രം...!!

അവർ ആ കസേരയിൽ തന്നെ മലർന്നു കിടന്നു. വയറ് നന്നായി കത്തിക്കാളുന്നുണ്ടായിരുന്നു.. അപ്പോഴാണ് പോക്കറ്റ് കാലിയാണെന്ന വിവരം ഓർമ്മ വന്നത്. രണ്ടു പേരുടേയും കയ്യിൽ ഏതാനും ഇൻഡ്യൻ രൂപ മാത്രമെ ഉള്ളു. അതെടുത്ത് എന്തെങ്കിലും വാങ്ങമെന്ന് വച്ചാൽ ശ്രീലങ്കയിൽ ഇൻഡ്യൻ രൂപ എടുക്കില്ല. അവർക്ക് അമേരിക്കൻ ഡോളർ മാത്രമെ വേണ്ടു. ആ മുറിയിലെ കൂളറിൽ നിന്നും പച്ചവെള്ളം മാത്രം കുടിച്ച് പകൽ കഴിച്ചു കൂട്ടി. ഇപ്പോഴത്തെ വിഷമത്തേക്കാൾ ഏറെ തീ തീറ്റിച്ചത് ബഹ്റീനിൽ തിരിച്ചെത്തിയാൽ പിന്നെന്തു ചെയ്യുമെന്നായിരുന്നു...?

ഒരെത്തും പിടിയും കിട്ടിയില്ല. അലോചിച്ചിട്ട് തല പെരുക്കുന്നു...!!
എങ്ങെനെ ഒന്നു നാട്ടിലെത്തും..? ഇങ്ങനെയൊന്നു ഇതിനു മുൻപു കേട്ടിട്ടില്ലാത്തതു കൊണ്ട്, ഇതെങ്ങനെയൊന്ന് അവസാനിക്കുമെന്ന് രണ്ടു പേർക്കും ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല. അവിടെയിറങ്ങാൻ വിസയില്ലാത്തതുകൊണ്ട് പുറത്തിറങ്ങാനും കഴിയില്ല. ഇനിയവിടെ ജയിലിനകത്ത് കിടക്കേണ്ടി വരുമോ...?

സുനിലിന് തന്റെ സമനില തെറ്റുന്നതായി തോന്നി. തല അങ്ങോട്ടുമിങ്ങോട്ടും കയ്യിലിട്ടുരുട്ടി.
എഴുന്നേറ്റ് കുറച്ച് നേരം നടന്നു. പിന്നെ കുറച്ച് പച്ചവെള്ളം കുടിച്ചു. എന്നിട്ടും മനസ്സിന്റെ വിങ്ങൽ മാറുന്നില്ല. ഇവിടെ നിന്നും ഇന്നു പോകാൻ കഴിഞ്ഞില്ലെങ്കിൽ...!?

എന്റെ ദൈവമേ... ഇവരെങ്ങാനും പിടിച്ച് അകത്തിട്ടാൽ...!!?
അവർക്കതിനു കാരണവും കണ്ടെത്താനാകും... !
ശരിയായ രേഖയില്ലാതെ വന്നിറങ്ങിയെന്ന് പറയാം..
ഹൊ, തലയും ശരീരവും പൊള്ളുന്നത് പോലെ...!!

ഇരുന്നിട്ട് ഇരുപ്പുറക്കാഞ്ഞിട്ട് കുറച്ച് നടക്കും.. പിന്നെ കുറച്ചു നേരം ഇരിക്കും.. അതിനിടക്ക് കത്തിക്കാളുന്ന വിശപ്പും. പുതിയ യാത്രക്കാർ വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു. അതിനിടക്ക് രണ്ടു മൂന്ന് പോലീസ്സുകാർ വന്ന് അവരുടെ ഔട്ട് പാസ്സുകൾ പരിശോധിച്ചിരുന്നു. എന്തൊക്കെയോ എഴിതിയെടുത്തുകൊണ്ടു പോയി.

അപ്പുറത്ത് വന്നിരിക്കുന്നവരെ ഗ്ലാസ് മറക്കുള്ളിലൂടെ കാണാം. വൈകുന്നേരമായപ്പോഴേക്കും സീറ്റുകളെല്ലാം നിറഞ്ഞു കഴിഞ്ഞു... സീറ്റുകളിൽ നിറഞ്ഞിരിക്കുന്ന യാത്രക്കാരെ കാണുമ്പോൾ രണ്ടു പേരുടേയും മനസ്സു മടുത്തു തുടങ്ങി. തമിഴൻ അതും പറഞ്ഞ് യാത്രക്കാരെ പ്‌രാവാൻ തുടങ്ങി. അതുകേട്ട് സുനിലിന് ചിരി വന്നെങ്കിലും ചിരിക്കാനും കരയാനും വയ്യാത്ത അവസ്ഥയിലായിരുന്നു.

അന്നത്തെ വിമാനത്തിന് ആളു കുറവായിരുന്നതു കൊണ്ട് അവരുടെ പ്രാർത്ഥന ഫലിച്ചുവെന്നു പറയാം. ഒരുദ്യോഗസ്ഥനോടൊപ്പം അവർ വിമാനത്തിനടുത്തേക്ക് പോകുന്നതിനുള്ള ബസ്സിൽ കയറുന്നതിനു മുൻപ് അവർ ബഹ്‌റീനിൽ വച്ചേൽ‌പ്പിച്ചിരുന്ന ലഗ്ഗേജുകൾ കാണിച്ചു കൊടുക്കേണ്ടിയിരുന്നു.

അതിനു ശേഷമാണ് അവരെ ബസ്സിൽ കയറ്റിയത്. വിമാനത്തിൽ അവർ അവസാനത്തെ യാത്രക്കാ‍രായിരുന്നു. പിന്നെ താമസമുണ്ടായില്ല. വിമാനം പുറപ്പെട്ടു.

വിമാനത്തിനകത്ത് കയറിയതിനു ശേഷം തമിഴനെ കണ്ടില്ല. രണ്ടു പേർക്കും രണ്ടിടത്തായിരുന്നു സീറ്റ് കിട്ടിയത്.. ഇങ്ങോട്ടു പോന്നപ്പോൾ ചോദിച്ച് വാങ്ങിക്കുടിച്ച പെഗ്ഗും ബീയറും ഒന്നും അങ്ങോട്ടു പോയപ്പോൾ സുനിലിനു വേണ്ടായിരുന്നു. ഭക്ഷണം കിട്ടിയതും നേരെ ചൊവ്വെ കഴിക്കാനായില്ല.
ഒന്നും ഇറങ്ങുന്നില്ലായിരുന്നു...!

*             **                 **                **                           **                    **                 **

സുനിലിന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാർ ഒരു പ്രവാസി സംഘടനയുമായി ബന്ധപെട്ട് സുനിലിന്റെ കാര്യങ്ങൾ ധരിപ്പിച്ചു. അവർ എത്രയും വേഗം വേണ്ടതു ചെയ്യാമെന്നേറ്റു. അവരുടെ നിർദ്ദേശപ്രകാരം ടിക്കറ്റിനുള്ള കാശ് ഞങ്ങളുണ്ടാക്കേണ്ടിയിരുന്നു. സുനിലിന്റെ കൂട്ടുകാർ സംഘടിപ്പിച്ച കാശിൽ കുറവു വന്നത് ഞങ്ങൾ പിരിവെടുത്ത് പ്രവാസി സംഘടനയെ ഏൽ‌പ്പിച്ചു.

ഇത്തരം കാര്യങ്ങൾക്ക് വ്യക്തികൾ കിടന്ന് നെട്ടോട്ടമോടിയതു കൊണ്ട് ഒന്നും നടക്കുകയില്ല.
അതിനുള്ള സമയവും സൌകര്യവും ഞങ്ങൾക്കാർക്കുമില്ല. പൊതുമാപ്പിന്റെ സമയമായതു കൊണ്ട് കാര്യങ്ങൾ പെട്ടെന്നു തന്നെ നടന്നുകിട്ടി.

പ്രവാസി സംഘടന എംബസ്സിയിൽ നിന്നും ഔട്ട് പാസ്സിന്റെ കാലാവധി നീട്ടി വാങ്ങി.
അതോടൊപ്പം എയർ ഇൻഡ്യയുമായി ബന്ധപ്പെട്ട് അന്നു പോകുന്ന വിമാനത്തിൽ ഒരു എമർജൻസി ടിക്കറ്റും ശരിയാക്കി.

ആ ഒരു പകൽ മാത്രം സുനിലിന് വിമാനത്താവളത്തിൽ ഇരിക്കേണ്ടി വന്നുള്ളു..
അന്നു രാത്രിയിൽ മറ്റെങ്ങും ഇറങ്ങി കേറാ‍ൻ നിൽക്കാതെ നേരിട്ട് കൊച്ചിക്ക് പറന്നു...!!!

സുനിൽ കേറിപ്പോയതിന്റെ പിറ്റെ ദിവസം ഞാൻ കടയിലിരിക്കുമ്പോൾ എന്റെ
ആക്ടിംഗ് മാനേജർ ഈജിപ്ഷ്യനോടൊപ്പം സുന്ദരിയായ ഒരു മദാമ്മയും കയറി വന്നു.
അതിനു മുൻപും അവളിവിടെ വന്നിട്ടുള്ളതാണ്. ഈജിപ്ഷ്യൻ പറഞ്ഞു

“ഇന്നു വൈകുന്നേരം ഇവളോടൊപ്പം പോയി, അന്ന് അവളുടെ സ്ഥാപനത്തിൽ കൊണ്ടു പോയിക്കൊടുത്ത സാധനങ്ങളെല്ലാം അഴിച്ചെടുത്തു കൊണ്ടു പോരണം.. അവളിതുവരെ പണമൊന്നും തന്നിട്ടില്ല. നമ്മളത് തിരിച്ചെടുക്കാണ്. കൂടെ നിന്നെ സഹായിക്കാൻ പുറത്തു നിന്നും ജോലിക്കാരുണ്ടാകും...“ ഞാൻ തലയാട്ടി.

പക്ഷെ, ഈജിപ്ഷ്യനും മദാമ്മയും കൂടി നടത്തിയ ഒരു നാടകമായിരുന്നു അതെന്നു മനസ്സിലാക്കാൻ അപ്പോഴെനിക്കായില്ല...!! ?
അതെനിക്കു സമ്മാനിച്ചതോ ഭീതിതമായ ഉറക്കമില്ലാത്ത ഒരു രാത്രിയും...?!!

ബാക്കി അടുത്ത പോസ്റ്റിൽ....
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
***********************************************************************
പിന്നാമ്പുറം


എന്റെ കഴിഞ്ഞ ഒഴിവു കാ‍ലത്ത്...
ഞാനും കുടുംബവും കൂടി പട്ടണത്തിലെ ഒരു ബസ്റ്റോപ്പിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ,
പിറകിലെ ഒരു കട ചൂണ്ടിക്കൊണ്ടു എന്റെ ‘നല്ലപാതി‘ പറഞ്ഞു
“ ദേ.. ചേട്ടാ.. ആ കട കണ്ടൊ......?”
കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാ‍നും ഒന്നു നോക്കി.
ഒരു ചെറിയ തയ്യൽക്കട....
ഒരു കടയുടെ പകുതിയേ ഉള്ളു. മറുപകുതി ഒരു സ്റ്റേഷനറി കടയാണെന്നു തോന്നുന്നു.

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ‘എന്താ..? ‘ എന്ന ഭാവത്തോടെ
നല്ലപാതിയെ നോക്കി കണ്ണുരുട്ടി.
“ അതു ചേട്ടന്റെ കൂട്ടുകാരന്റെ കടയാ.....”
“ എന്റെ കൂട്ടുകാരനോ..? ഏതു കൂട്ടുകാരൻ...” എനിക്കാളെ പിടികിട്ടിയില്ല.
“അയ്യോ... അതിന്റെ പേര് ഞാൻ മറന്നു പോയല്ലൊ......, അതിന്റെ കല്യാണം വിളിച്ചപ്പൊ ചേട്ടൻ പറഞ്ഞില്ലെ പോണം.... പോകാതിരിക്കരുതെന്ന്... “

അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.
“ങേ... നമ്മുടെ സുനിലാണൊ....?”
“ അതു തന്നെ... സുനിൽ...! ആ സുനിലിന്റെ കടയാ.. ഇത്...!!“
“ങേ... “ ഞാനും വാ പൊളിച്ച് നിന്നു പോയി..!!!

പിന്നെ ആ കടയിലേക്ക് കേറിച്ചെന്നു. ഒരു ചെറിയ കട. രണ്ടു പേർ മുൻ‌വശത്തും മറ്റു രണ്ടു പേർ പിന്നിലും ഇരുന്നു തയ്ക്കുന്നുണ്ട്. ഇതിനിടക്കുള്ള സ്ഥലത്ത് ഒരു വലിയ മേശ. അതിൽ പുറം തിരിഞ്ഞ് നിന്ന് തുണി വെട്ടിക്കൊണ്ടിരുന്ന ഒരുത്തൻ. പുറം തിരിഞ്ഞ് നിൽക്കുന്ന ആളെ കണ്ടപ്പോൾ
എനിക്കു തോന്നി ‘ഇവൻ തന്നെയല്ലെ ലവൻ.‘

ഞാൻ പതുക്കെ ചെന്ന് തോളിൽ തോണ്ടി. അവൻ അതു ഗൌനിക്കാതെ വീണ്ടും തന്റെ പണിയിൽ ശ്രദ്ധാലുവായി. ഞാൻ പിന്നെയും തോണ്ടി ഇത്തിരി ബലമായിത്തന്നെ.
അപ്പോഴാണവൻ തല വെട്ടിച്ച് നോക്കിയത്..... ! ?
അവൻ ഞങ്ങളെ മാറി മാറി നോക്കി.....!!
പിന്നെ എന്റെ നല്ലപാതിയെ കണ്ടപ്പോഴാണ് “ങേ...?”
ഒരു സംശയം അവന്റെ കണ്ണുകളിൽ നിഴലിച്ചത്.
അതിനു ശേഷമാണവൻ എന്നെ ശ്രദ്ധിച്ചത്....!
എന്നെ ആകെപ്പാടെ അടി മുതൽ മുടി വരെ അവൻ ചുഴിഞ്ഞു നോക്കി.....!
അപ്രതീക്ഷിതമായി എന്നെ കണ്ടതിലുള്ള അമ്പരപ്പ് ആ കണ്ണുകളിൽ കാണാമായിരുന്നു...!!
വിടർന്ന ചുണ്ടുകളിൽ ഒരു ചിരി......!!
പിന്നെ ഒരു വിളി... “ ചേട്ടാ.....!!”
പിന്നെ ഒരു കെട്ടിപ്പിടിത്തം..!!!

സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു....
വർഷങ്ങൾക്കു ശേഷം ഞങ്ങൾ തമ്മിൽ കാണുകയാണ്. പോയ വർഷങ്ങൾ ഞങ്ങളിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിരുന്നു. ഒരു പക്ഷെ പെട്ടെന്നു കണ്ടാൽ തിരിച്ചറിയാത്തവണ്ണം...!!

അവൻ വിവാഹം കഴിച്ചു. രണ്ടു കുട്ടികൾ. ഒരാണും ഒരു പണ്ണും. സ്വന്തമായി ഒരു കട തുടങ്ങി.
നാല് പേരിരുന്നു തയ്ക്കുന്നു. അവൻ വെട്ടിക്കൊടുക്കും. സ്കൂൾ യൂണിഫോമായിരുന്നു അപ്പോൾ തയ്ച്ചു കൊണ്ടിരുന്നത്. പണി തീരാത്തതു കൊണ്ട് ബാക്കി പണികൾ പല വീടുകളിലായി തയ്യലറിയാവുന്ന പെണ്ണുങ്ങളെ ഏൽ‌പ്പിച്ചിരിക്കുന്നു. ജീവിതം അല്ലലില്ലാതെ മുന്നോട്ടു നീങ്ങുന്നു. സന്തോഷത്തോടെ കഴിയുന്നു....!!

ഞാൻ ചോദിച്ചു.
“ ഇപ്പോൾ പഴയ മാതിരിയല്ല. ഗൾഫ് ആകെ മാറിയിരിക്കുന്നു....പോരുന്നോ ഒരു പ്രാവശ്യം കൂടി ഗൾഫിലേക്ക്...!!?
സുനിൽ രണ്ടും കയ്യും തലക്കു മുകളിൽ പൊക്കി തൊഴുതു കൊണ്ടു പറഞ്ഞു.
“ ചതിക്കല്ലെ ചേട്ടാ..... ! ഞാൻ സന്തോഷമായിട്ട് കഴിയാണിപ്പോൾ...!! എന്റെ കുടുംബത്തോടൊപ്പം ഞാൻ അല്ലലില്ലാതെ കഴിയാണ്.!!! എന്റെ കുഞ്ഞുങ്ങളുടെ കയ്യാണൊ കാലാണൊ വളരുന്നതെന്നു നോക്കി അവരോടൊപ്പം കഴിയുന്നേടത്തോളം സുഖവും സന്തോഷവും എനിക്ക് വേറെയില്ല.....!!!! ഇനി എത്ര തന്നെ നിധി തരാമെന്നു പറഞ്ഞാലും ഞാൻ ഗൾഫിലേക്കില്ല....!!!!!!“

“നീയെങ്കിലും ആ സത്യം മനസ്സിലാക്കിയല്ലൊ...നീ രക്ഷപ്പെട്ടു...” ഞാൻ മനസ്സിലോർത്തു. അപ്പോഴേക്കും ഞങ്ങൾക്ക് പോകാനുള്ള ബസ്സെത്തി. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.......

21 comments:

mini//മിനി said...

അത് തന്നെയാ ഞാനും പറയുന്നത്, ഇവിടം വിട്ട് എങ്ങും പോണില്ല. അനുഭവങ്ങള്‍ വളരെ നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു.

ബിന്ദു കെ പി said...

എന്തായാലും സുനിലിന് നാട്ടിൽതന്നെ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനായല്ലോ...സന്തോഷം..

Anil cheleri kumaran said...

പുതിയ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു...

ബയാന്‍ said...

എഴുതുക; ഇനിയും ; എല്ലാ ഭാവുകങ്ങളും.

വീ കെ. said...

mini//മിനി,
ബിന്ദു കെ പി,
കുമാരൻ|kumaran,
യരലവ~yaralava,
വായിച്ച് അഭിപ്രായം പറയാൻ മനസ്സു കാണിച്ച നിങ്ങൾക്ക് എന്റെ നന്ദി.

മാഹിഷ്മതി said...

മുടങ്ങാതെ ഈ ആഴ്ചയും വായിച്ചു.

ramanika said...

ഇവിടം സ്വര്‍ഗം
സുനില്‍ അത് മനസ്സിലാക്കി
പോസ്റ്റ്‌ നന്നായി
ഇനിയും പ്രതീക്ഷിക്കുന്നു

ശാന്ത കാവുമ്പായി said...

ജീവിക്കാനുള്ള നെട്ടോട്ടത്തിൽ എന്തൊക്കെ അനുഭവിക്കണം!താൽപര്യത്തോടെ വായിക്കുന്നു.

Anonymous said...

ormmakaliloode veendum..allae../thudaruka..ashamsakal..

വീകെ said...

മാഹിഷ്മതി,
ramanika,
ശാന്തകാവുമ്പായി,
Bijli,
നിങ്ങളുടെ വരവിനും അഭിപ്രായങ്ങൾക്കും ഒത്തിരി നന്ദിയും സന്തോഷവും അറിയിക്കട്ടെ...

Typist | എഴുത്തുകാരി said...

സുനില്‍ നാട്ടില്‍ സന്തോഷമായി കഴിയുന്നല്ലോ, സന്തോഷം. ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു.

രാമു said...

കാത്തിരിക്കുന്നു അടുത്തലക്കത്തിനായി...

Ashly said...

അതേയ്....ഇടി ഓഫര്‍ ഇപ്പളും ഉണ്ട്...ഒരെണ്ണം സമാധാനം ആയി വന്നപ്പോള്‍, അതെ സ്പീഡില്‍ അടുത്തത് തുടങ്ങി.. ദുഷ്ട്ടാ ....ഓടിച്ചിട്ട് ഇടിയ്ക്കും.....വേഗം ബാകി പറ .......

jyo.mds said...

അനുഭവങ്ങള്‍ നന്നായി എഴുതിയിരിക്കുന്നു-

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അശോകേട്ടാ ഇത് ശരിയാവില്ല .. സുനിലിന്റെ കഥ ഒരു മാതിരി അയ്യപ്പോഴേക്കും അതാ വീണ്ടും ആ ഈജ്പ്ഷ്യന്‍ ..

ശ്രീ said...

വാല്‍ക്കഷ്ണം വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരാശ്വാസം. സുനില്‍ സന്തോഷത്തോടെ നാട്ടില്‍ തന്നെ ജീവിയ്ക്കുന്നല്ലോ...

ബാക്കി കഥ തുടരട്ടെ, മാഷേ

krishnakumar513 said...

പുതിയതു താമസിക്കാതെ വരട്ടെ

ഗീത said...

സുനിലിനൊരു നല്ല ജീവിതം കിട്ടിയതറിഞ്ഞ് മനസ്സു നിറഞ്ഞു.

വി.കെ., എന്തായാലും ഖണ്ഡശ്ശ: എഴുതാന്‍ നല്ല മിടുക്കുണ്ട്.
ഇനി ഒരു അപസര്‍പ്പക കഥ എഴുതിയാട്ടേ ഖണ്ഡശ്ശ:യായി.

വീകെ said...

Typist | എഴുത്തുകാരി,
രാമു,
Captain Haddock,
(ക്യാപ്റ്റൻ‌ജീ.., ഏതായാലും മലയാളിയാണെന്ന് മനസ്സിലായി..!! ഇനി കണ്ണൂർ‌ക്കാരനാണോന്ന് മാത്രം അറിഞ്ഞാ മതി..!!?)
jyo,
ശാരദനിലാവ്,
ശ്രീ,
krishnakumar513,
ഗീത,
ഇവിടെ വന്ന് വായിച്ച്, സ്നേഹോഷ്മളമായ വാക്കുകൾ കുത്തിക്കുറിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി...

the man to walk with said...

santhosham thonni avassanam aayappol ..
all the best

വീകെ said...

ഉമേഷ് പീലിക്കോട്,
the man to walk with

ഇതിലേ വന്നതിനും അഭിപ്രായം എഴുതിയതിനും രണ്ടു പേർക്കും വളരെ നന്ദി..

അഭിപ്രായമൊന്നും എഴുതാതെ വെറുതെ വായിച്ച് ഇതിലേ കടന്നു പോയ മറ്റുള്ളവർക്കും എന്റെ നന്ദി അറിയിക്കുന്നു..