നോവൽ - മരുഭൂമി 40
കഥ ഇതുവരെ...
ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓടിക്കലാണ് പണിയെന്ന് ഏജന്റ് പറഞ്ഞത് സത്യമായി ഭവിച്ചു. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തത്, ആശുപത്രിയിൽ ‘കാഫർ’ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളായിരുന്നു. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്.
വൈകുന്നേരം ഒരു ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. ഞങ്ങൾ വല്ലാതെ വിരണ്ടുപോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. സുന്ദരിയായ ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി. ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി.
ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത് ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരി ‘ഹബീബാ‘ക്ക് അരി ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. മുൻപ് കിട്ടിയ അവരുടെ ശമ്പളം ആരൊക്കെയോ അടിച്ചെടുത്തു. പരാതി പറയാൻ പോയ അവരെ ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് ‘തംങ്ളീ’ഷിൽ കത്തെഴുതിക്കൊടുത്തു.
മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉംറ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽപ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. നന്മയില്ലാത്ത ഈജിപ്ഷ്യൻ നഴ്സിന്റെ ക്രൂരതക്ക് വശംവദയായ ഹബീബാക്ക് ഏഷ്യക്കാരിയായതുകൊണ്ടു മാത്രം നീതിയേ ലഭിച്ചില്ല. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി.
ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സീക്കു. പെൺ വിഷയത്തിൽ തൽപ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാാടു കടത്തിയതായിരുന്നു. ഭക്ഷണം കിട്ടാതെ വലഞ്ഞ് അവശയായ സീക്കുവിനെ മുറിയിൽ കൊണ്ടു പോയി ഭക്ഷണം കൊടുത്തു. പിന്നെ അവൻ ഞങ്ങളിൽ ഒരാളായി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു.
സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ എത്തപ്പെട്ടു. അതിനു മുപേ എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി രക്ഷപ്പെടാനുള്ള തത്രപ്പാടിൽ അവിടന്ന് രക്ഷപ്പെട്ട്, ഒരു കണക്കിനു നൂറുകണക്കിനു മൈൽ അകലെ കൂട്ടുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി. ഇവിടേയും ഭക്ഷണക്കാര്യത്തിനായി സച്ചിയുടെ കൂട്ടുകാരൻ ജൂബിയുടെ സവാളക്കടയിൽ സഹായികളായി കൂടി. ശനിദോഷം കൂടപ്പിറപ്പായ ഞാൻ കൂടി ചെന്നതോടെ ജൂബിയുടെ ഉള്ള ജോലി കൂടി അവതാളത്തിലായി. അതിനെ മറികടന്നപ്പോഴേക്കും ദേ വരുന്നു യുദ്ധം. പിന്നെ ഭീതിയുടേയും ഉറക്കമില്ലാത്ത രാത്രിയുടേയും ദിനങ്ങൾ...
നോവൽ അവസാനിക്കുന്നു.....
പിഴവില്ലാത്ത നാടകം.
അതുകേട്ട് ഞാനാകെ സ്തംഭിച്ചുപോയി. കുറച്ചു നേരത്തേക്ക് ഒന്നിനും കഴിയാത്ത ഒരു മരവിപ്പ്. എന്റെ പുറത്ത് തട്ടി കൂട്ടുകാർ എന്തൊക്കെയോ പറയുന്നുണ്ട്. മൂന്നുമാസത്തെ ശമ്പളവും കയ്യിൽ പിടിച്ച് ഞാൻ ശരിക്കും മരവിച്ചിരിക്കായിരുന്നു. ഈ മുടിഞ്ഞ നാട്ടിൽ നിന്നും ഞാൻ മാത്രം രക്ഷപ്പെടാൻ പോകുന്നു. അവിശ്വസനീയതോടെ കൂട്ടുകാരുടെ മുഖങ്ങളിൽ മാറി മാറി നോക്കി. അവരെല്ലാവരും സന്തോഷത്തിലാണ്. മൂന്നുമാസത്തെ ശമ്പളം കയ്യിൽ കിട്ടിയതു മാത്രമല്ല, തങ്ങളിൽ നിന്നും ഒരാളെങ്കിലും രക്ഷപ്പെട്ടല്ലോയെന്ന ചിന്തയും ആ മുഖങ്ങളിൽ തെളിഞ്ഞുകാണാം.
സച്ചി തിളപ്പിച്ചു കൊണ്ടുവന്ന ചായയും കുടിച്ച് മരവിപ്പിൽ നിന്നും കരകയറി വരുമ്പോഴേക്കും കൂട്ടുകാർ എല്ലാവരും കൂടി കാൽക്കുലേറ്ററുമായി മല്ല യുദ്ധം തുടങ്ങിയിരുന്നു. എനിക്കു കിട്ടാൻ പോകുന്ന കുടിശ്ശിഖയായ ഇരുപത് മാസത്തെ ശമ്പളം എത്ര ഇൻഡ്യൻ രൂപയുണ്ടാകുമെന്ന കണക്കു കൂട്ടലായിരുന്നു അവരുടെ ഇടയിലെ തർക്ക വിഷയം. എനിക്കതായിരുന്നില്ല വിഷമം. ഇവരെയെല്ലാം വിട്ട് ഒറ്റയ്ക്കു മടങ്ങുന്നതെങ്ങനെയെന്നായിരുന്നു ചിന്ത. ശമ്പളവും മറ്റാനുകൂല്യങ്ങളെല്ലാം കൂടി ഒന്നര രണ്ടു ലക്ഷം രൂപയുണ്ടാകുമെന്നു കണക്കു കൂട്ടി ജൂബി എന്റെ പുറത്തു തട്ടി ഉറപ്പിച്ചു. ഡ്രാഫ്റ്റയച്ചും മറ്റും രൂപയുടെ വിനിമയ മൂല്യങ്ങളെക്കുറിച്ച് എന്തെങ്കിലും പിടിപാടുള്ളത് ജൂബിയ്ക്കു മാത്രമാണ്. ഞങ്ങൾ ഇന്നേവരെ ഒരു ഡ്രാഫ്റ്റു പോലും എടുക്കാത്തവരും. ശമ്പളം കിട്ടിയപ്പോഴൊക്കെ കൂട്ടുകാർ വഴിയാണ് ഞങ്ങൾ ഡ്രാഫ്റ്റുകൾ എടുക്കാറ്.
ഏതായാലും ഒരുമാസം കഴിഞ്ഞാൽ നാട്ടിലേക്കു പോകുകയാണ്. അതുകൊണ്ട് ഈ ശമ്പളം നാട്ടിലയയ്ക്കണ്ടാന്ന് തീരുമാനിച്ചു. കല്യാണം കഴിച്ച് നാലാം ദിവസം ഊരിയെടുത്ത പെൺക്കൊച്ചിന്റെ രണ്ടു വളയ്ക്കു പകരം അതേ തൂക്കത്തിന്റെ നാലെണ്ണം വാങ്ങി പെട്ടിയിൽ വച്ചപ്പോൾ എന്തെന്നില്ലാത്ത ചാരിതാർത്ഥ്യം തോന്നി. കൂട്ടുകാരുടെ നിർബ്ബന്ധത്തിനു വഴങ്ങി ഒരു ഏസി കൂടി വാങ്ങി. നാട്ടിൽ കൊണ്ടു പോയി വിറ്റാൽ ഇരട്ടിക്കാശ് കിട്ടുമത്രെ. ഡ്രാഫ്റ്റ് എടുക്കുന്നതിനേക്കാൾ ലാഭം അതാണത്രെ.
ഏസി വാങ്ങി രണ്ടു മുട്ട അടിച്ച് പതപ്പിച്ച് പുറത്തൊക്കെ തേച്ച് പിടിപ്പിച്ച് മുറ്റത്ത് കൊണ്ടുവന്നിട്ടു. രണ്ടാഴ്ചത്തെ വെയിലും പൊടിയും കാറ്റുമേറ്റപ്പോഴേയ്ക്കും ഒരുപാടു കാലം ഉപയോഗിച്ച ഏസി പോലെയായി...!
ആരു കണ്ടാലും ഉപയോഗിച്ച ഏസി നാട്ടിൽ കൊണ്ടു പോകുകയാണെന്നേ കരുതൂ. ഉപയോഗിച്ചതിന് ഡ്യൂട്ടി കൊടുക്കേണ്ടത്രെ..!
ഇതൊക്കെ നല്ല തഴക്കവും പഴക്കവും വന്ന ജൂബിയുടെ ഐഡിയയായിരുന്നു.
പിന്നെ അത്യാവശ്യം വേണ്ട തുണിത്തരങ്ങളും വാങ്ങി പെട്ടി റെഡിയാക്കി.
കൂട്ടത്തിൽ സെയ്മയിൽ വച്ച് ആമ്പുലൻസ് ഡ്രൈവറുടെ വീട്ടിൽ നിന്നും കിട്ടിയ ഫ്രിഡ്ജും ഇതിനകം മെക്കയിലെ കൂട്ടുകാർ അയച്ചു തന്നിരുന്നു. അതും ഏസിയും കൂടി ഒന്നിച്ച് ഷിപ്പ് കാർഗ്ഗോ വഴി നാട്ടിലേക്കയച്ചു. കൂടെ കൊണ്ടു പോകാനായി ഒരു വലുതും പിന്നെയൊരു ചെറിയ പെട്ടിയും മാത്രം. അതെല്ലാം പായ്ക്കു ചെയ്ത് നാട്ടിലേക്ക് പറക്കേണ്ട ദിവസം വരാനായി കാത്തിരുന്നു.
ആ കാത്തിരുപ്പ് വളരെ ദുസ്സഹമായിരുന്നു.
ഒട്ടും നേരം പോകുന്നതായി തോന്നിയില്ല.
ഓരോ മണിക്കൂറിനും ഓരോ ദിവസത്തിന്റെ നീളം.
അതിനിടക്ക് യുദ്ധം കാരണം ഫ്ലൈറ്റിന്റെ പോക്കുവരവിലുള്ള താമസമാണ് കാരണമെന്ന് മാനേജർ പറഞ്ഞത് ഭയപ്പാടു മാത്രമാണ് സമ്മാനിച്ചത്. ഞങ്ങളുടെ വീര പുരുഷൻ സദ്ദാമിനെ അന്വേഷിച്ചുള്ള സഖ്യകക്ഷികളുടെ തിരച്ചിൽ എങ്ങുമെത്തിയില്ല. ഇടക്ക് പൊങ്ങുകയും പിന്നെ മുങ്ങുകയും ചെയ്തുകൊണ്ട് സദ്ദാം എല്ലാവരേയും വിദഗ്ദ്ധമായി കബളിച്ചുകൊണ്ടിരുന്നു. അതോടെ സദ്ദാം എവിടേയെങ്കിലും അഭയം തേടിയിരിക്കാമെന്ന ഞങ്ങളുടെ ആഗ്രവും അസ്ഥാനത്തായി.
അങ്ങനെ ആ ദിവസവും വന്നെത്തി...!
എല്ലാവരേയും എന്നത്തേക്കുമായി പിരിയേണ്ട സമയമായി.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുമിച്ച് കൂടി ഒരു പുതിയ സംസ്കാരം ഉണ്ടാക്കിയെടുത്തവർ...
ഒരുമിച്ച് ഉറങ്ങാതെ കഴിച്ചു കൂട്ടിയ ദിവസങ്ങൾക്ക് അന്ത്യമാകുന്നു....!
അരിയും കറിയും വച്ച് ഒരുമിച്ചിരുന്ന് ആഹാരം വിളമ്പിക്കഴിച്ച ദിവസങ്ങൾ അന്യമാകുന്നു..!
പട്ടിണിയിൽ കട്ടൻ ചായയിൽ കുപ്പൂസ് മുക്കി സ്വാദോടെ കഴിച്ച ഇനിയും വരാത്ത ദിവസങ്ങൾ വെറും ഓർമ്മകളാകാൻ പോകുന്നു...!
സച്ചിയേയും ജൂബിയേയും കെട്ടിപ്പിടിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി.
സച്ചി ആദ്യം മുതൽ എന്റെ കൂടെയുള്ളവനായിരുന്നു.
ഏതു സമയത്തും അവനായിരുന്നു എനിക്കൊരു വിശ്വസിക്കാവുന്ന കൂട്ട്.
അറബികളുടെ സമൂഹ മന്തിക്ക് പോയപ്പോഴും അവനുണ്ടായിരുന്നു.
അവനേയും പിരിയേണ്ടി വരുന്നത് എന്റെ സഹനശക്തിക്ക് അപ്പുറമായിരുന്നു.
എങ്കിലും പിരിയാതിരിക്കാനാവില്ലല്ലൊ.
അതികാലത്തെ മാനേജർ വന്ന് ഓഫീസിലേക്ക് കൊണ്ടു പോന്നു.
ജൂബിയുടെ വണ്ടിയിൽ സച്ചിയും പവിത്രനും കൂടെയുണ്ടായിരുന്നു.
ഓഫീസിൽ നിന്നും ശമ്പളബാക്കിയുടെ പേപ്പറുകളെല്ലാം തന്നു.
ആറു വർഷം മുൻപ് ജിദ്ദയിൽ വന്നിറങ്ങിയപ്പോൾ ഓഫീസിലേക്ക് കൊണ്ടു പോയ, ഓഫീസിൽ നിന്നും ഒരു പകൽ മുഴുവൻ കുൻഫുദ, അബ്‌ഹയുടെ ഭ്രാന്തപ്രദേശത്തുകൂടി കറക്കി സെയ്മയിലേക്ക് കൊണ്ടുപോയാക്കിയ എഞ്ചിനീയർ റോജർ റോത്ത തന്നെയായിരുന്നു ഇപ്പോൾ എന്നേയും കൊണ്ട് റിയാദിലേക്ക് പോകുന്നതും. അവൻ കൂടെയുള്ളത് ഒരാശ്വാസമായിരുന്നു. ഓഫീസിൽ അധികനേരം ചിലവഴിക്കാതെ കൂട്ടുകാരോട് ഒരിക്കൽ കൂടി നിറകണ്ണുകളോടെ യാത്ര പറഞ്ഞ് റിയാദിലേക്ക് വിട്ടു.
ഇന്നു രാത്രി തന്നെയാണ് നാട്ടിലേക്കുള്ള വിമാനവും.
പോകുന്ന വഴിക്കുള്ള ചിലവൊക്കെ റോത്ത തന്നെയാണ് ചിലവഴിച്ചത്.
ഇടക്ക് യുദ്ധ വിമാനങ്ങൾ തലക്കു മുകളിൽ കൂടി താഴ്ന്നു പറന്നുവരുമ്പോൾ ഹൃദയതാളം പലപ്പോഴും തെറ്റാൻ തുടങ്ങും. അത് ഒരെണ്ണം ആണെങ്കിൽ വേണ്ടില്ലായിരുന്നു. രണ്ടും മൂന്നും യുദ്ധ വിമാനങ്ങൾ ഒന്നിച്ച് താഴ്ന്നു പറക്കുമ്പോഴാണ് ഹൃദയം പറിഞ്ഞുപോകുന്നത്. സൌദികൾക്ക് യുദ്ധഭീതി ഉണ്ടാകാതിരിക്കാനാണത്രെ ഈ താഴ്ന്നുപറക്കൽ. ഇതിനകം കയ്യിൽ കാശുള്ള പല സൌദികളും യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ള കുറേ ബദുക്കളും പാവപ്പെട്ടവരുമാണ് അവിടെയുള്ളത്. അവരുടെ ഭീതിയകറ്റാനാണ് ഈ കസർത്തുകൾ.
റിയാദിലേക്ക് അടുക്കുന്തോറും ഒരു തരം ശ്മശാനമൂകതയായിരുന്നു റോട്ടിൽ.
റോട്ടിൽ പട്ടാളവാഹനങ്ങൾ മാത്രമേയുള്ളു. ഇടയ്ക്കിടയ്ക്ക് റോഡു ബ്ലോക്കു ചെയ്ത് പട്ടാളവും പോലീസും കൂട്ടു ചേർന്ന് ഇക്കാമ ചെക്കിങ്ങും നടക്കുന്നുണ്ട്. ഇത്തവണ ഇക്കാമ പരിശോധന കഴിഞ്ഞ് ഞങ്ങളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞില്ല. കയ്യിൽ ഭദ്രമായി തന്നത് തന്നെ ഞങ്ങളിൽ അത്ഭുതമുണ്ടാക്കി. സൌദികൾ മനുഷ്യരെ തിരിച്ചറിയാൻ പഠിച്ചെന്നായിരുന്നു റോത്തയുടെ ചിരിച്ചുകൊണ്ടുള്ള കമന്റ്.
വൈകുന്നേരം ആറുമണിയായപ്പോഴാണ് ഓഫീസ് കെട്ടിടത്തിന്റെ പോർച്ചിൽ വണ്ടി നിന്നത്.
പിന്നെ ലിഫ്റ്റ് വഴി പെട്ടികളുമായി രണ്ടാം നിലയിലേക്ക്.
ആദ്യത്തെ മുറിയിൽ കട്ടമീശയും ഓവർക്കോട്ടും ടൈയും കെട്ടിയ ഒരുത്തൻ ഇരുപ്പുണ്ട്.
അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ മനസ്സിലായി, ഞങ്ങളുടെ വരവ് അവനത്ര പിടിച്ചിട്ടില്ലെന്ന്. റോത്ത കാര്യം പറഞ്ഞ് ഞങ്ങളുടെ പേപ്പറുകൾ വാങ്ങി അവനെ ഏൽപ്പിച്ചു.
അവനതൊന്നു നോക്കിയിട്ട് മേശപ്പുറത്തേയ്ക്കിട്ടു.
അവിടെ നാലഞ്ച് കസേരകൾ കിടപ്പുണ്ട്. അതിൽ ഞങ്ങളോട് ഇരിക്കാൻ പറയുമെന്നു ഒരു നിമിഷം കൊതിച്ചു. അവനെ നേരത്തെ അറിയാമായിരുന്ന റോത്ത അതിനൊന്നും നിൽക്കാതെ യാത്ര പറഞ്ഞ് പുറത്തിറങ്ങി. അന്നേരം എന്നോട് കട്ടമീശ വിറപ്പിച്ചിട്ട് പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞു
“വെയ്റ്റ് ഔട്ട്സൈഡ്...!”
പാറപ്പുറത്തു ചിരട്ടയിട്ടൊരക്കുന്ന മാതിരിയുള്ള ശബ്ദത്തിൽ, ഞാനൊന്നു കിടുങ്ങിയെന്നത് സത്യം...!
അവനോട് പിന്നൊന്നും പറയാൻ തോന്നിയില്ല. പത്തുമണിക്കാണ് ഫ്ലൈറ്റെന്ന് പറയണമെന്നുണ്ടായിരുന്നു.
മൂന്നു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണം. അതിന് ഏഴുമണിക്കെങ്കിലുമവിടെ എത്തണം. ഇപ്പോൾത്തന്നെ ആറു കഴിഞ്ഞിരിക്കുന്നു. ഇനി പൈസ കിട്ടി, പിന്നെ അത് ഡ്രാഫ്റ്റാക്കിയിട്ടു വേണം വിമാനം കയറാൻ. അതിനൊക്കെ ഇനി സമയം കിട്ടുമോ..?
ഞാൻ പുറത്തിറങ്ങി രണ്ടു മൂന്നു പ്രാവശ്യം അവന്റെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി. എന്റെ അക്ഷമയും സാന്നിദ്ധ്യവും അവനെ ഓർമ്മപ്പെടുത്താനായിരുന്നു ശ്രമം. അതിനിടയ്ക്കാണ് അവന്റെ മേശപ്പുറത്തെ ഫോൺ ശബ്ദിച്ചത്. അതിലൂടെയുള്ള മറുപടി കേട്ടപ്പോഴാണ് ഞാൻ കണ്ണു മിഴിച്ചത്.
അവൻ പാലാക്കാരൻ, തനി മലയാളിയായിരുന്നു...!
അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്നു തണുത്തു. ഇനി ധൈര്യമായി കയറിച്ചെന്നു കാര്യം പറയാമല്ലൊ. അവൻ നമ്മുടെ സ്വന്തം ആളല്ലെ..!?
അവന്റെ ഫോൺ തീരാനായി ഞാൻ കാത്തു നിന്നു.
അപ്പോഴാണ് കുറച്ചപ്പുറത്തായി സെറ്ററൊക്കെ പുതച്ച് ഒരു പാവം പയ്യൻ നിലത്ത് ചടഞ്ഞ് ഇരിക്കുന്നത് ശ്രദ്ധിച്ചത്. കണ്ടിട്ട് മലയാളിയാണെന്ന് ഒരു സംശയം. ഹേയ് അതാവില്ല. ഇത്ര മുഴിഞ്ഞ വസ്ത്രത്തിലൊന്നും ഒരു മലയാളി ഇരിക്കില്ല. അവൻ എന്നെ കണ്ടിട്ടും ഭാവമാറ്റമൊന്നും കാണിച്ചില്ല. ഇടക്കിടക്ക് ഏറുകണ്ണിട്ട് എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി. അതിനിടക്കാണ് ഫോൺ അവസാനിപ്പിച്ച് ആ മലയാളി കസേരയിൽ ചാഞ്ഞിരുന്നത്. ഞാൻ വളരെ ഭവ്യതയോടെ സ്വൽപ്പം കുനിഞ്ഞ് തൊഴുതു പിടിച്ച് അകത്തേക്ക് കയറിച്ചെന്നു. അവന്റെ മേശയുടെ മുന്നിൽ നിന്ന് പറഞ്ഞു.
“സാർ... പത്തു മണിക്കാണ് എന്റെ ഫ്ലൈറ്റ്. ഏഴുമണിക്കെങ്കിലും എയർപ്പോർട്ടിലെത്തണ്ടെ. ഇപ്പോൾത്തന്നെ ആറേകാലായി. ഇനി ഡ്രാഫ്റ്റെടുക്കണം പിന്നെ...”
“ഐ സേ യൂ ഗറ്റൌട്ട് ആന്റ് വെയ്റ്റ് ദേർ...!!?”
ചാടിയെഴുന്നേറ്റുള്ള അവന്റെ ചിരട്ട ശബ്ദം കേട്ട് ആ കെട്ടിടം കുലുങ്ങിയിരിക്കണം.
അവന്റെ തുപ്പൽ എന്റെ മുഖത്തേക്ക് തെറിച്ചോയെന്നറിയില്ല, ഞാനറിയാതെ പെട്ടെന്ന് മുഖം തുടച്ചിരുന്നു. അതിനൊപ്പം ഞാൻ വരാന്തയിലുമെത്തിയിരുന്നല്ലൊ...!
മുൻപ് ഇതുപോലെ നാണം കെട്ട് വിളറി നിന്നത് അമാറയിലെ പോലീസ്സുകാരുടെ മുന്നിലാണ്...!
എന്റെ ശ്വാസഗതി പതിന്മടങ്ങായി വർദ്ധിച്ചു.
ശ്വാസം വിടാൻ തന്നെ ബുദ്ധിമുട്ടായി തോന്നി.
ഞാൻ വരാന്തയിലൊരിടത്ത് കുത്തിയിരുന്ന് അണച്ചു.
അപ്പോഴാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ട് ആ പാവം പയ്യൻ എഴുന്നേറ്റു വന്നത്.
എന്നെ നോക്കിയിട്ട് പരിഭ്രാന്തിയോടെ ‘മലയാളിയാണൊ’ യെന്ന് ചോദിച്ചത്.
എനിക്ക് വെള്ളം കുടിക്കണമെന്നു തോന്നി.
വിഷമിച്ച് ഉമിനീരിറക്കുന്നതു കണ്ടിട്ടാകണം അവൻ ഓടിപ്പോയി എവിടെന്നോ ഒരു ഗ്ലാസ് വെള്ളവുമായി വന്നു. ഞാനത് വേഗം വാങ്ങിക്കുടിച്ചു. അതിനുശേഷമാണ് ഒന്നു നോർമ്മലായത്.
ആ പാവം പയ്യൻ മലപ്പുറത്തുകാരൻ നാസ്സറായിരുന്നു.
അവനും ഈ കമ്പനിയുടെ തന്നെ എന്നേപ്പോലൊരു സ്റ്റാഫാണ്. ആറുവർഷമായി ഇവിടെയെത്തിയിട്ട്. ഇതുവരേക്കും നാട്ടിലേക്കു പോകാൻ കഴിഞ്ഞിട്ടില്ല. അവന്റെ സൈറ്റിൽ കിടന്ന് നാട്ടിൽ പോകണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയിട്ട് മാനേജർ ഇവിടെയെത്തിച്ചതാണ്. ഇവിടെ വന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും കയറ്റിവിടുന്നില്ല. പട്ടിണി കിടന്ന് അവശനായി. കയ്യിലെ കാശും തീർന്നു. രണ്ടരക്കൊല്ലത്തെ ശമ്പളം കിട്ടാനുണ്ടെങ്കിലും കമ്പനി വരാന്തയിൽ പട്ടിണി കിടന്ന് അവശനായിട്ടും ആരും അവനെ തിരിഞ്ഞു നോക്കിയിട്ടില്ല. എപ്പോൾ ചോദിച്ചാലും ഇന്ന് കേറ്റിവിടുമെന്ന് ആ പന്നൻ മലയാളി ദേഷ്യപ്പെട്ട് പറയും.
ഇന്നലെ മുതൽ ആരോടും പറയാത്ത ഒരു സമരത്തിലാണാശാൻ.
കയ്യിൽ കാശില്ലാത്തതു കൊണ്ട് പട്ടിണി കിടന്ന് മരിക്കാൻ അയാൾ തീരുമാനിച്ചു കഴിഞ്ഞു.
അതുകൊണ്ടയാൾ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. ആ ക്ഷീണത്തിലുള്ള കൂനിപ്പിടിച്ചുള്ള ഇരുപ്പാണ് ഞാൻ വന്നപ്പോൾ മുതൽ കണ്ടത്. എനിക്ക് വല്ലാത്ത വേദന തോന്നി.
എന്റെ കയ്യിൽ എഞ്ചിനീയർ റോത്ത വാങ്ങിത്തന്നിരുന്ന ഒരു സാൻഡ്‌വിച്ചും പെപ്സിയുമുണ്ടായിരുന്നു. സാൻഡ്‌വിച്ച് വാങ്ങിയാൽ രണ്ടെണ്ണം വീതം വാങ്ങുന്നത് ഫിലിപ്പൈനികളുടെ ഒരു സ്വഭാവമായിരുന്നു. അക്കൂട്ടത്തിലാണ് എനിക്കും രണ്ടെണ്ണം വാങ്ങിത്തന്നത്. കാറിൽ വച്ച് ഞാൻ ഒരെണ്ണമേ കഴിച്ചുള്ളു. അതുകൊണ്ടു തന്നെ വയറു നിറഞ്ഞിരുന്നു. ബാഗിൽ നിന്നും അതെടുത്ത് നാസ്സറിനു കൊടുത്തു.
സമരത്തിലാണെങ്കിലും നാസ്സറത് വേണ്ടെന്നു പറഞ്ഞില്ല. കമ്പനിക്കാരോട് പ്രതിഷേധമുണ്ടെങ്കിലും, പൈസയില്ലാത്തതുകൊണ്ടും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ മടിയുള്ളതുകൊണ്ടും ചിലപ്പോൾ പട്ടിണി കിടന്ന് ആത്മഹത്യയിലേക്ക് പോകാറില്ലെ. അതുപോലൊരു മാനസികാവസ്ഥയിലായ നാസ്സറും പട്ടിണി മരണം ആഗ്രഹിച്ചിരുന്നുവെന്നു മാത്രം...!
ആ സാൻഡ്‌വിച്ച് കൊണ്ട് അവനൊന്നുമാകില്ല, എങ്കിലും തൽക്കാലാശ്വാസം കിട്ടിയതോടെയാണ് അവന്റെ കഥകൾ പറയാൻ തുടങ്ങിയത്. അവന്റെ ഒരേയൊരു പെങ്ങളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. ബാപ്പ വളരെ ചെറുപ്പത്തിൽത്തന്നെ അവരെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ച് എവിടേയോ സുഖമായി ജീവിക്കുന്നുണ്ട്. പിന്നെ ഉമ്മയായിരുന്നു എല്ലാം. ആ ദുരിതം പറയേണ്ടതില്ലല്ലൊ. അതുപറയുമ്പോൾ നാസ്സറിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. അവസാനം എല്ലാത്തിനും പരിഹാരമായാണ് വീടിരിക്കുന്ന സ്ഥലം ഒരാൾക്ക് പണയം വച്ച് പൈസ വാങ്ങി ഏജന്റിനു കൊടുത്ത് സൌദിയിൽ എത്തിയത്.
ശമ്പളം കിട്ടാത്ത കമ്പനിയിൽ കാറു കഴുകിയും അറബികളുടെ വീട്ടുപണിയെടുത്തും മറ്റുമാണ് വീടിന്റെ കടവും ഉമ്മയുടേയും പെങ്ങളുടേയും ചിലവുകളും നടത്തിയിരുന്നത്. അപ്പോഴും ഈ കിട്ടാശമ്പളം ഒന്നിച്ചു കിട്ടുമെന്നും തന്റെ പെങ്ങളുടെ കല്യാണം ജാംജാമായി നടത്താൻ കഴിയുമെന്നും സ്വപ്നം കണ്ട് അതിനായി കാത്തിരിക്കുന്ന പാവം പയ്യൻ. ഇപ്പോൾ ഒരു ഗൾഫുകാരൻ പയ്യനുമായി ഉമ്മ കല്യാണം ഉറപ്പിച്ചിട്ടുണ്ട്. അതിനാണവൻ കമ്പനിയിൽ ബഹളമുണ്ടാക്കി നാട്ടിൽ പോകാനായി ഇവിടെ വന്ന് കുത്തിയിരിക്കുന്നത്.
അതിന്റെ ശിക്ഷയാണ് ഇവിടെ തിരിഞ്ഞു നോക്കാനാളില്ലാതെ പട്ടിണിസമരത്തിന്റെ വക്കിൽ നാസ്സറെത്തിയത്.
സമയം ഏഴായി....
ഇന്നിനി പോകാൻ ഒരു വഴിയുമില്ലെന്നു ഞാനും വിശ്വസിച്ചു.
ഇനി പൈസ്സ കിട്ടി, ഡ്രാഫ്റ്റെടുത്ത്, ഏയർപ്പോർട്ടിലെത്തി, എങ്ങനെ പോകാനാ...?
എന്നിട്ടും അവന്റെ മുന്നിൽക്കൂടി പിന്നേയും ഞാൻ ഉലാത്തിക്കൊണ്ടിരുന്നു.
നാസ്സർ അവിടെത്തന്നെ കുത്തിയിരുന്നതേയുള്ളു. പാവത്തിന് ആ പെപ്സിയും സാൻഡ്‌വിച്ചും കഴിച്ചത് കൂടുതൽ ക്ഷീണത്തിനു കാരണമായിയെന്നു തോന്നുന്നു. നിസ്സഹായനായി ഒരു വഴിയുമില്ലാതെ തളർന്ന നാസ്സറിന്റെ ആ ഇരുപ്പ് കാണാൻ സ്വൽപ്പം മനക്കരുത്തുതന്നെ വേണം.
ആ പാലാക്കാരന്റെ വാതിലിനു നേരെ വരുമ്പോൾ ഞാൻ ഒന്നു നിൽക്കും, പിന്നെ ആകാംക്ഷയോടെ വാച്ചിലേക്ക് നോക്കും. പിന്നേയും നടപ്പു തുടരും. ഇതെല്ലാം അവനവിടെയിരുന്ന് കാണുന്നുണ്ട്. എന്നിട്ടും അവന്റെ മുഖത്തിനോ പെരുമാറ്റത്തിനോ ഒരു മാറ്റവുമില്ല.
സമയം ഏഴരയായി...
എന്റെ ശ്വാസഗതി താളം തെറ്റിത്തുടങ്ങിയിരുന്നു. ഇത്രയും നേരം ഒരു വിധം പിടിച്ചു നിന്ന എന്റെ മനസ്സിന് ചാഞ്ചാട്ടം വന്നു തുടങ്ങി. അവനോട് കേറി ഏറ്റുമുട്ടിയാലോ...
കുറച്ച് ഒച്ചയിൽ സംസാരിച്ചാലോ എന്നൊക്കെ തോന്നിത്തുടങ്ങി.
അകത്ത് മറ്റു വല്ലവരുമുണ്ടെങ്കിൽ ഇറങ്ങിവരുമല്ലൊ.
പക്ഷേ, ഇത് സൌദിയായതുകൊണ്ടും നാട്ടിൽപ്പോക്ക് പോലീസ് സ്റ്റേഷനിലും പിന്നെ ജയിലിലും അവസാനിച്ചാലോയെന്നു പേടിച്ച് സ്വയം അടങ്ങി.
പിന്നേയും നടപ്പു തുടർന്നു.
സമയം പോകുന്തോറും നെഞ്ചിടിപ്പിന്റെ ശബ്ദം പുറത്തേക്ക് കേട്ടു തുടങ്ങി.
ഞാൻ ഒരു വിധം ധൈര്യം സംഭരിച്ച് രണ്ടും കൽപ്പിച്ചങ്ങു കയറിച്ചെന്നു.
എത്ര വന്നാലും ഇവനൊരു മലയാളിയല്ലെ. ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നേം ചാടിയാൽ ചട്ടിയിൽ. എനിക്കും അവനും ഒരുപോലെ മനസ്സിലാകുന്ന ഒരു സ്വത്വം ഉണ്ടല്ലൊ.
‘മാതൃഭാഷ’
പഴയ വിനയം എന്റെ മുഖത്ത് വന്നില്ല.
അവന്റെ മേശയുടെ മുന്നിലെത്തിയപ്പഴേ എന്നെ കണ്ടുള്ളു.
അവൻ മുഖമുയർത്തിയതും ഞാൻ പറഞ്ഞു.
“സാർ, ഞാൻ കുറേ നേരമായി കാത്തു നിൽക്കുന്നു. ഞാൻ അവിടെ സമരം ചെയ്ത് നിർബ്ബന്ധിച്ച് ഇവിടേക്കു വന്നതല്ല. അവിടത്തെ മാനേജർ ഇന്നു ടിക്കറ്റാണെന്നു പറഞ്ഞ് ഇങ്ങോട്ടേക്ക് കയറ്റിവിട്ടതാ....”
അത്രയും ഒറ്റശ്വാസത്തിലെന്നോണം ഞാൻ പറഞ്ഞുറപ്പിച്ചപ്പോഴേക്കും അവൻ കസേരയിൽ നിന്നും ചാടിയെഴുന്നേൽക്കാൻ തുടങ്ങി. നേരത്തേപ്പോലെ എന്നെ ഗറ്റൌട്ടടിക്കാനുള്ള പുറപ്പാടാണെന്നു മനസ്സിലായതോടെ, അവന്റെ ഗറ്റൌട്ടിനു ഒരു നിമിഷം മുൻപേതന്നെ ഞാൻ വീണ്ടും സ്വൽപ്പം ഉച്ചത്തിൽത്തന്നെ പറഞ്ഞു.
“നീ എന്തു കണ്ടിട്ടാ ഈ തുള്ളണെ.. നീയെത്ര കുളിച്ചാലും ഒരിക്കലും സൌദിയൊന്നും ആകാൻ പോകുന്നില്ല. അവരു നിനക്ക് പൌരത്വവും തരാൻ പോകുന്നില്ല. എപ്പൊഴായാലും നീ ആ പാലായിലേക്കു തന്നെ തിരിച്ചു വരും. ഇപ്പോൾ നീയില്ലെങ്കിലും നിന്റെ അപ്പനും അമ്മയും സഹോദരങ്ങളുമൊക്കെ കാണുമല്ലൊ അവിടെ. എനിക്കതുമതി.. ഇനി നീ എന്താ വേണ്ടതെന്നു വച്ചാൽ ചെയ്തോ...!!”
അത്രയും പറഞ്ഞ് ഞാൻ നിന്ന് കിതച്ചു. പെട്ടെന്നു തന്നെ പുറത്തിറങ്ങി.
എഴുന്നേറ്റ് പുറത്തേക്ക് നീട്ടിയ അവന്റെ കൈ പതുക്കെ താഴ്ന്നു.
അവൻ പിന്നെ സംസാരിച്ചില്ല.
ഇതുകണ്ട് പുറത്തു വാതിൽക്കൽ നിന്ന നാസ്സർ വിറയ്ക്കുന്നുണ്ടായിരുന്നു.
“ചേട്ടനവനെ തല്ലുമോന്നു ഞാൻ പേടിച്ചു. എന്നാൽ ഞാനും പാഞ്ഞുവന്നവനെ ശരിയാക്കിയേനെ. ആരുടേയെങ്കിലും കയ്യൊന്നു പൊങ്ങാൻ കാത്തിരിക്കായിരുന്നു ഞാൻ. ഇനി നമ്മളൊന്നിച്ച്....!”
അതും പറഞ്ഞ് നാസ്സർ എന്റെ കയ്യിൽ കയറിപ്പിടിച്ചെങ്കിലും, വിറകൊണ്ടിരുന്ന എന്റെ കൈകൾക്ക് തിരിച്ചു പിടിക്കാൻ ശക്തിയുണ്ടായിരുന്നില്ല. എനിക്ക് പോകാൻ കഴിഞ്ഞാലും നാസ്സറിനെ വിടാൻ പറയാൻ എനിക്കാവില്ലല്ലൊ.
സമയം എട്ടായി...
ഇനി രണ്ടു മണിക്കൂറ് കഷ്ടിയേയുള്ളു. അവന്റെ ഇരുപ്പിന് ഒന്നുകൂടി കട്ടികൂടിയോ...?
അകത്തൊന്നും മറ്റാരെങ്കിലും ഉള്ളതായി തോന്നിയില്ല. നാസ്സർ പറഞ്ഞിരുന്നു, അതിനകത്ത് ഇനിയും മുറികളുണ്ട്. സ്റ്റാഫുകളും വേറെയുണ്ട്. മാനേജരും അകത്തുണ്ടെന്ന്. ഭ്രാന്തു പിടിച്ചതു പോലെയായിത്തുടങ്ങിയിരുന്നു ഞാൻ. ഒരങ്കം കഴിഞ്ഞതല്ലേയുള്ളു. ഇനിയെന്തും പറഞ്ഞ് ബഹളമുണ്ടാക്കും...?
എന്റെ ക്ഷമ കെട്ടിരുന്നെങ്കിലും, ഒരു ഭ്രാന്തനെപ്പോലെ അല്ലെങ്കിൽ വെരുകിനെപ്പോലെ വരാന്തയിൽ ധൃതി പിടിച്ചുള്ള നടപ്പ്, ഇവിടെയൊന്നും നടക്കില്ലെന്ന തിരിച്ചറിവിൽ നാസ്സറിന് അടക്കിപ്പിടിച്ച് ചിരിക്കാൻ വകയായിരുന്നെങ്കിലും ഇന്നത്തെ പോക്ക് ഇന്നിനി നടക്കില്ലെന്ന് ഞാനും ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
സമയം എട്ടരയായി....
വാച്ചിൽ നിന്നു കണ്ണെടുത്ത് അകത്തേക്കു നോക്കുമ്പോഴുണ്ട്, പാലാക്കാരനെ അവന്റെ സീറ്റിൽ കാണ്മാനില്ല. വേറെ ഏതെങ്കിലും വാതിലിലൂടെ അവൻ മുങ്ങിയോയെന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു. എന്നാൽ നാസ്സർ തറപ്പിച്ചു തന്നെ പറഞ്ഞു, മറ്റു വാതിലുകളില്ലെന്ന്.
ഇനിയവൻ മാനേജരെ കാണാൻ പോയതായിരിക്കുമോ...?
അതോർത്തപ്പോൾ ചെറിയൊരു ആശ്വാസം തോന്നി. ഞാനും നാസ്സറും കൂടി വാതിലിന്റെ രണ്ടുവശത്തുമായി നിലയൊറപ്പിച്ചു. ഒരു കാരണവശാലും ഞങ്ങളറിയാതെ അവരാരും ഇറങ്ങിപ്പോകാൻ ഇടവരരുത്.
ഒൻപതായി...
അപ്പോഴേക്കും പാലാക്കാരന്റെ തലക്കു മുകളിലെ ക്ലോക്കിൽ ‘ഡിങ് ഡോങ്’ ഒൻപതെണ്ണം അടിച്ചു.
ഞാനും നാസ്സറും ക്ലോക്കിലേക്ക് കണ്ണു നട്ടു. പിന്നെ ഞങ്ങൾ പരസ്പ്പരം നോക്കി.
പാലാക്കാരൻ കുറേ പേപ്പറുകളും മറ്റുമായി തന്റെ മേശക്കരികിലേക്ക് എത്തി.
അവൻ ഞങ്ങളെയൊന്നു നോക്കിയിട്ട് കസേരയിൽ ഇരുപ്പുറപ്പിച്ചു. എന്നിട്ട് പേപ്പറുകൾ ഓരോന്നെടുത്ത് അവിടെയവിടെയായി ഗുണനച്ചിഹ്നം ഇട്ടു വക്കുന്നതുപോലെയോ അതോ ഏതാണ്ടൊക്കെ വെട്ടിക്കളയുന്നത് പോലെയോയൊക്കെ തോന്നി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരാജാനുബാഹു പാന്റ്സിലും ഷർട്ടിലും മുങ്ങി അതിനകത്തു നിന്നും ഉരുണ്ടുരുണ്ടു വന്ന് വാതിൽക്കൽ നിൽക്കുന്ന ഞങ്ങളെ നോക്കി കണ്ണുരുട്ടി.
“ങൂം... എന്താ ഇവിടെ...?
ആരാ ഇവര്...?”
അതും പറഞ്ഞ് പാലാക്കാരനെ നോക്കി.
പാലാക്കാരൻ അതിനു മറുപടി അറബിയിലാണ് പറഞ്ഞത്. ഞങ്ങൾക്കൊന്നും മനസ്സിലായില്ല. അവന്റെ ശരീരവലുപ്പം കാരണം ഞങ്ങൾ രണ്ടു വശത്തുമായി കുറച്ചുകൂടി സ്ഥലമുണ്ടാക്കി ഒഴിഞ്ഞു നിന്നു. അതുകഴിഞ്ഞ് അവൻ നിരങ്ങിനിരങ്ങി വാതിലും കടന്ന് വരാന്തയിലിറങ്ങിയിട്ട് ആരേയോ ഒച്ചയെടുത്ത് വിളിച്ചു. താഴേനിന്ന് പെട്ടെന്നൊരു അറബി ഓടിക്കയറി വന്നു. അവനോട് ഞങ്ങളെ ചൂണ്ടി എന്തോ പറഞ്ഞിട്ട് ആജാനുബാഹു താഴേക്കിറങ്ങിപ്പോയി. ഞങ്ങളെ രണ്ടു പേരേയും തട്ടിക്കളയാനായി അവനെ ഏൽപ്പിച്ചതുപോലെയാ തോന്നിയത്..!?
എന്റെ മനസ്സിലെ അതേ വികാരം തന്നെയാണ് നാസ്സറിനെന്ന്, കൈത്തണ്ടയിൽ ബലമായി പിടിച്ച അവന്റെ കയ്യുടെ വിറയലിൽ നിന്നും മനസ്സിലായി...!
വന്ന അറബി ഞങ്ങളെക്കടന്ന് അകത്തു കയറി പാലാക്കാരന്റെ മുന്നിലെ കസേരയിൽ ഉപവിഷ്ടനായി. പാലാക്കാരൻ അപ്പോഴും ധാരാളം പേപ്പറുകളിലെ പലതും വെട്ടിക്കളഞ്ഞുകൊണ്ടിരുന്നു.
പിന്നെ അവൻ നിവർന്നിരുന്ന് റെസ്റ്റെടുക്കാനും മൂരി നിവർത്താനും മറ്റും സമയം കണ്ടെത്തി.
രണ്ടു ദിവസം പട്ടിണി കിടന്ന നാസ്സറിന്റെ കണ്ണുകളിൽ ജീവനില്ലായിരുന്നു.
വിഷണ്ണനായി നാസ്സർ അവിടെത്തന്നെ തളർന്ന് നിലിത്തിരുന്ന്, കൈ പിണച്ചു വച്ച് മുട്ടുകാലിൽ തലയും കുമ്പിട്ടിരുന്ന് ഏങ്ങിക്കരയാൻ തുടങ്ങി.
അതോടെ ഞാനും തളർന്നു.
സ്വൽപ്പം കഴിഞ്ഞപ്പോഴുണ്ട് അറബി ഒച്ചയുണ്ടാക്കി ഞങ്ങളെ അകത്തേക്ക് വിളിച്ചു.
ആദ്യം എന്നെ മുന്നിൽ നിറുത്തി. പേപ്പറുകൾ ഒന്നൊന്നായി എന്നെ കാണിച്ച് ഗുണനച്ചിഹ്നം ഇട്ടു വച്ച സ്ഥലങ്ങളിൽ ഒപ്പിടാൻ പറഞ്ഞു. ആദ്യം ഞാൻ പേപ്പറുകൾ വായിക്കാൻ ശ്രമിച്ചെങ്കിലും, അറബി ഭാഷയിലായതുകൊണ്ട് വേഗം ഒപ്പിട്ടു നൽകി. അതുകൂടാതെ തള്ളവിരലിന്റെ പ്രിന്റും കൊടുക്കേണ്ടി വന്നു.
എന്റെ കഴിഞ്ഞപ്പോൾ നാസ്സറിന്റെ ഊഴമായി. അവനും കലവറകൂടാതെ ഒപ്പിട്ടു കൊടുത്തു.
അതു കഴിഞ്ഞ് രണ്ടു സെറ്റ് പേപ്പറുകളും പാലാക്കാരൻ ഒന്നു കൂടി പരിശോധിച്ച് ഉറപ്പു വരുത്തിയിട്ട് മേശ തുറന്ന് അകത്തു വച്ചു പൂട്ടി.
പിന്നെ ഇടത്തു വശത്തെ മേശ തുറന്ന് രണ്ടു കെട്ട് നോട്ടെടുത്ത് മേശപ്പുറത്ത് വച്ചു.
നോട്ടുകെട്ടിന്റെ വലുപ്പം കണ്ട് ഞാനും നാസ്സറും പരസ്പ്പരം നോക്കി കണ്ണുമിഴിച്ചു...!!
അതിൽ വലിയ കെട്ട് എടുത്ത് എന്റെ കയ്യിൽ തന്നു.
അതും കയ്യിപ്പിടിച്ച് ഞാൻ കണ്ണും തള്ളിനിന്നു.
ഇവനെന്താ ഒന്ന് എണ്ണിനോക്കുകപോലും ചെയ്യാതെ തന്നതെന്ന ഭാവവും അത്ഭുതവും എന്റെ മുഖത്ത്...!
അതിനേക്കാൾ ഭയങ്കരമായി കരയാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയിൽ നാസ്സറും...!!
ഒന്നു എണ്ണി നോക്കാനായി ഞാൻ നോട്ട് മേശപ്പുറത്ത് വെക്കാനായി തുടങ്ങിയതും പാലാക്കാരൻ പാസ്പ്പോർട്ടെടുത്ത് എന്റെ മുന്നിലേക്കിട്ടു. എന്നിട്ടു ചിരട്ടയിൽ മുരണ്ടു.
“പെട്ടെന്ന് പൊയ്ക്കോ... ഇവൻ എയർപ്പോട്ടിൽ കൊണ്ടു വിടും..”
അതും പറഞ്ഞവൻ എഴുന്നേറ്റ് ഞങ്ങളുടെ പാസ്പ്പോർട്ടും ടിക്കറ്റും അറബിയെ ഏൽപ്പിച്ചിട്ട് ഓഫീസ്സടക്കാൻ തുടങ്ങി. അന്നേരം നോട്ടുകെട്ടുകൾ ഒരു കണക്കിനാണ് എന്റെ കൈത്തണ്ടയിലെ ബാഗിൽ കുത്തിക്കേറ്റിയത്. അതു ഗർഭം ധരിച്ച പോലെ വീർത്തു നിന്നു. വളരെ വിഷമിച്ചാണു ബാഗിന്റെ സിബ്ബടച്ചത്.
അറബിയോടൊപ്പം ഞങ്ങളുടെ ലഗ്ഗേജുകളുമായി കാറിൽക്കയറിയിരുന്നു.
അറബി ആ വണ്ടി പറപ്പിക്കുകയായിരുന്നു.
സൌദി നോട്ടു കൊടുത്ത് ഡ്രാഫ്റ്റെടുക്കണമെന്നുണ്ടായിരുന്നു.
പക്ഷേ, എല്ലാം ഇപ്പോൾ അടച്ചു കാണുമെന്നു പറഞ്ഞ് അറബി നിരുത്സാഹപ്പെടുത്തി.
പിന്നെ ഒരുപദേശവും തന്നു. എയർപ്പോട്ടിനകത്ത് എക്സ്ചേഞ്ച് ഓഫീസ് കാണുമെന്ന്.
അതു ശരിയായിരിക്കാമെന്ന് ഞങ്ങളും കരുതി.
വണ്ടി ഓടിക്കൊണ്ടിരിക്കേയാണ് മുഷിഞ്ഞു നാറിയ പാന്റ്സും ഷർട്ടും നാസ്സർ വണ്ടിക്കകത്ത് തന്നെയിരുന്നു മാറിയത്. അതിനുള്ള സമയം പോലും ആ ദുഷ്ടന്മാർ തന്നില്ല. ഇടക്കുളള ട്രാഫിക് ബ്ലോക്കുകൾ ഞങ്ങളുടെ യാത്രയിൽ ആശങ്ക വീഴ്ത്തിക്കൊണ്ടിരുന്നു.
ഏതാണ്ട് പത്തു മണി കഴിഞ്ഞ നേരത്താണ് ഞങ്ങളെ എയർപ്പോർട്ടിന്റെ വാതിൽക്കലെ സെക്യൂരിറ്റിക്കാരന്റെ കയ്യിൽ ടിക്കറ്റും പാസ്പോർട്ടും ഏൽപ്പിച്ച് അയാൾ തിരിച്ചു പോയത്. എയർപ്പോട്ടിനകത്തു നിന്നും ചാടിപ്പോകാതിരിക്കാനാണ്, ഞങ്ങളുടെ കയ്യിൽ തരുന്നതിനു പകരം സെക്യൂരിറ്റിക്കാരന്റെ കയ്യിൽ പാസ്പ്പോർട്ട് ഏൽപ്പിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്.
അകത്തു കടന്നതും രണ്ടു എയർപ്പോർട്ട് ഉദ്യോഗസ്ഥർ ഓടിയെത്തി ഞങ്ങളുടെ പാസ്പ്പോർട്ടും ടിക്കറ്റും പരിശോധിച്ചു. പിന്നെ അയാളുടെ വക കുറേ ചീത്ത...! അറബിയിലായതു കൊണ്ട് മറ്റുള്ള അറബികൾക്കേ മനസ്സിലായുള്ളു. ഞങ്ങൾക്ക് ഒന്നും തിരിഞ്ഞില്ല. കാരണം ഞങ്ങളെ കാണാതെ അവർ അന്വേഷിച്ചു നടക്കുകയായിരുന്നുവത്രെ...!
ബോഡിംഗ് പാസ്സും ലഗ്ഗേജ് കൊടുക്കലും മറ്റും വേഗം ആ ഉദ്യോഗസ്ഥർ മുഖാന്തിരം പൂർത്തിയാക്കി. ഞങ്ങളുടെ ജോലി അവരുടെ പിന്നാലെ ഓടുക മാത്രം. വിമാനത്തിനകത്ത് വരെ അവർ ഞങ്ങളെ എത്തിച്ചു. ഞങ്ങൾ അകത്തു കടന്നതും വാതിലടഞ്ഞു. എനിക്കായി കണ്ടെത്തിയ സീറ്റിൽ ഇരിക്കേണ്ട താമസം വിമാനം റൺവേയിലേക്ക് നീങ്ങാൻ തുടങ്ങി. എയർഹോസ്റ്റസ്സിന്റെ പിന്നാലെ പായുന്നതിനിടക്ക് നാസ്സർ പിന്നാലെയുണ്ടോന്ന് ശ്രദ്ധിക്കാനായില്ല. നാസ്സർ എവിടേയോ മിസ്സായിരുന്നു...!
എയർഹോസ്റ്റസ്സ് തന്ന മിഠായി നുണഞ്ഞിറക്കിയപ്പോൾ നല്ല സുഖം തോന്നി.
നുണഞ്ഞിറക്കുന്നതിനേക്കാൾ കടിച്ചു ചവച്ചു തിന്നാനാണ് രസം തോന്നിയത്.
സീറ്റിൽ ചാരിക്കിടന്ന് ആദ്യമായി ശ്വാസം വിടുന്നതുപോലെ കുറേ ശ്വാസം ആശ്വാസപൂർവ്വം വിട്ടു...!
കൈത്തണ്ടയിലെ വീർത്ത ബാഗ് അപ്പോഴും നിറവയറോടെ കയ്യിൽത്തന്നെയുണ്ടായിരുന്നു.
അതൊന്നു തുറന്നു നോക്കണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും അടുത്തിരിക്കുന്ന ഊശാൻ താടിക്കാരനെ കണ്ടതോടെ വേണ്ടെന്നു വച്ചു. അയാൾ എന്റെ വീർത്ത ബാഗിലേക്ക് തന്നെയല്ലെ നോക്കുന്നതെന്ന് സംശയിച്ചു. ഞാനത് ഇടത്തെ കൈത്തണ്ടയിൽ നിന്നും വലതു കയ്യിലേക്ക് മാറ്റിപ്പിടിച്ചു. അപ്പോൾ അയാൾ ഒരു ദീർഘശ്വാസത്തോടെ നിവർന്നിരുന്നതുപോലെ തോന്നി.
വിമാന പറന്നുയർന്നു.
സൌദിയുടെ അവസാനക്കാഴ്ച നിരനിരയായ മഞ്ഞലൈറ്റുകളായിരുന്നു.
വിമാനം ഒരു വശത്തേക്ക് ചരിയാൻ തുടങ്ങിയതോടെ അതും മറഞ്ഞു. പിന്നെ ഇരുട്ടു മാത്രം പുറത്ത്.
ഞാൻ വീർത്ത ബാഗ് നെഞ്ചോടടുക്കിപ്പിടിച്ച് കണ്ണടച്ചിരുന്നു.
എന്റെ കൂട്ടുകാരെ ഒരു വിവരവും അറിയിക്കാൻ കഴിഞ്ഞില്ലല്ലൊയെന്ന് സങ്കടത്തോടെ ഓർത്തു.
ഞാൻ എത്തുന്ന വിവരം വീട്ടിലും അറിയിക്കാൻ കഴിഞ്ഞില്ലല്ലോയെന്ന് അപ്പോഴാണ് ഓർത്തത്.
അതൊരു സർപ്രൈസ്സായിക്കോട്ടേന്ന് വിചാരിച്ച് ആശ്വാസം കൊണ്ടു.
എയർഹോസ്റ്റസ് കുടിക്കാനായി കൊണ്ടുവന്നതിൽ ഞാൻ രണ്ടു ബീയർ തിരഞ്ഞെടുത്തു.
കുറേ നാളുകൾക്കു ശേഷമാണ് ബീയർ കുടിക്കുന്നത്. രണ്ടു ചെറിയ പാട്ടയാണ് കിട്ടിയത്.
അത് കുറേശ്ശെ കുടിച്ച് കണ്ണടച്ചിരിക്കാൻ നല്ല സുഖം.
സൌദിയിൽ ആദ്യമായി കാലുകുത്തിയതുമുതലുള്ള സംഭവങ്ങൾ ഒരു തിരശ്ശീലെയിലെന്നപോലെ കണ്മുന്നിൽ കണ്ടു.
സെയ്മയിൽ കാലുകുത്തിയതും, കാലത്ത് കാഫുറുങ്ങളെ അന്വേഷിച്ചു വന്ന അറബിപ്പിള്ളേരും കല്ലെടുത്തെറിയലും, മനുഷ്യമുഖമുള്ള ഉസ്മാനും മൊയ്തുവും ഹസ്സർബായിയും, ഹസ്സൻ പോലീസ്സും അമാറയും ഹൈവേ പള്ളിയും, ഇങ്കിലാബിന്റെ മുന്നിൽ ചെന്നു ചാടിയതും, വൃത്തികെട്ട വേയിസ്റ്റുവെള്ളത്തിലെ ജീവന്മരണക്കളിയും, കുപ്പൂസ് വെറും വയറ്റിൽ പച്ചവെള്ളത്തിൽ നനച്ചു കഴിക്കുമ്പോഴുള്ള സ്വാദും, രാത്രിയിലെ മതിൽകെട്ടലും, പോലീസ്സിന്റെ വരവും, സീക്കുവിന്റെ ഉദയവും പതനവും, സദ്ദാമിന്റെ ആക്രമണവും ഒരുൾക്കിടിലത്തോടെ കണ്ടിരിക്കുമ്പോഴാണ് അടുത്തിരിക്കുന്ന ഊശാൻ താടിക്കാരന്റെ തോണ്ടിയുള്ള വിളി. പെട്ടെന്ന് കണ്ണുതുറക്കുമ്പോഴുണ്ട് ഭക്ഷണവുമായി എയർഹോസ്റ്റസ്.
പിന്നെ ഭക്ഷണം കഴിച്ച് ഉറങ്ങാനെന്നോണം കണ്ണടച്ചിരുന്നു.
എങ്ങനെ ഉറങ്ങാനാണ്..?
ഈ ബാഗിന്റെ ഉള്ളിൽ എത്രയുണ്ടെന്നറിയാതെ ഉറക്കം വരുമോ...?
ബാഗ് കണ്ണിൽപ്പെടുമ്പോഴൊക്കെ ജൂബിയുടെ വാക്കുകൾ ഓർമ്മയിൽ വരും, ഒന്നര രണ്ടു ലക്ഷം എങ്ങനെ പോയാലും കാണും....!
അതോർമ്മ വരുമ്പോൾ ബാഗ് കയ്യിലിട്ട് തൂക്കി നോക്കും. ‘ങൂം.. കാണും.. കാണും...!’ സ്വയം ആശ്വാസം കൊള്ളും.
അഞ്ഞൂറിന്റെ ആണെങ്കിൽ രണ്ടു കെട്ടുണ്ടെങ്കിലേ ഒരു ലക്ഷമാകൂ.
അങ്ങനെയെങ്കിൽ മൂന്നോ നാലോ കെട്ടു കാണും...!!
ഈശ്വരാ.. ഈ ബാഗിനകത്ത് കൊള്ളുമോ...?
അതോർക്കുമ്പോൾ പേടിയാകും.
വീർത്ത ബാഗ് ഒന്നു കൂടി നെഞ്ചിലമർത്തിപ്പിടിക്കും.
ജീവിതത്തിൽ അത്രയും രൂപ ഒന്നിച്ച് ആരുടെ കയ്യിലും കണ്ടിട്ടില്ല.
അതൊരു വല്ലാത്ത പേടിയായി കൂടെയുണ്ട്.
നേരം വെളുക്കാറായപ്പോഴേക്കും ബോംബെയിലിറങ്ങി.
എമിഗ്രേഷൻ ഹാളിൽ ക്യൂ നിൽക്കുമ്പോഴാണ് നാസ്സർ ഓടിവന്ന് കയ്യിൽ പിടിച്ചത്. അവന് എന്നെ കണ്ടതോടെ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. അവന്റെ സ്വന്തക്കാരിലാരൊ ആണ് ഞാനെന്ന ഭാവം...!
അവനും തന്റെ ബാഗ് നെഞ്ചിനോടൊപ്പം കൂട്ടിപ്പിടിച്ചിരുന്നു...!
തന്റെ പെങ്ങളുടെ കല്യാണം നടത്താനുള്ള പണമാണതിൽ. ആറുവർഷം സൌദിയിൽ പട്ടിണി കിടന്നതിന്റെ ഫലമാണതിനകത്ത്. ആ വീർത്ത വയറിൽ നോക്കുമ്പോൾ അവനഭിമാനം തോന്നും. അവന്റെ സഹോദരിയുടെ പുഞ്ചിരി നിറഞ്ഞ മുഖവും. അതവന്റെ മുഖത്തു നിന്നും വായിച്ചെടുക്കാം.
എയർപ്പോർട്ടിൽ നിന്നും പുറത്തു കടന്നപ്പോഴാണ് ആകെ ഗുലുമാലായത്.
ഞങ്ങളുടെ പെട്ടിക്കായി പോർട്ടർമാരെന്ന ഭാവേന കുറച്ചു മലയാളികൾ പിടിച്ചുപറിക്കാരേപ്പോലെ പിന്നാലെ കൂടി. അവർ ഞങ്ങളുടെ പെട്ടിക്കായി കടിപിടികൂടി. അതിനിടക്കൊരുത്തൻ നാസ്സറിന്റെ കുഞ്ഞുപെട്ടിയും പൊക്കിപ്പിടിച്ച് ഒറ്റയോട്ടം. മറ്റെപെട്ടിയും പൊക്കി ഒച്ചയുണ്ടാക്കി കരഞ്ഞ് നിലവിളിച്ച് നാസ്സറും അവന്റെ പിന്നാലെ. ഒരു ബസ്സ് വന്നതുകൊണ്ട് അവന്റെ ഓട്ടം നിലച്ചതും നാസ്സറവനെ പിടികൂടി. ഞാനും എന്റെ രണ്ടു പെട്ടികളുമായി അവിടെ പാഞ്ഞെത്തി. എന്റെ കയ്യിലിരുന്ന വയറു വീർത്ത ഹാന്റ്ബാഗുകൊണ്ട് അവന്റെ മുഖത്തൊന്നു ചാമ്പി. പിന്നെ അവനെ തള്ളിമാറ്റി, പെട്ടി പിടിച്ചെടുത്തു.
അപ്പോഴവന്റെ ശൌര്യം കൂടി. സംഗതി പന്തിയല്ലെന്നു കണ്ട ഞാൻ ‘പോലീസ്’ ‘പോലീസ്’ എന്നു പറഞ്ഞ് ഉറക്കെ വിളിച്ചു കൂവി. അതു കേട്ടതും നാലുപാടും നോക്കിയവൻ ബസ്സിന്റെ മറുവശത്തേക്ക് ചാടി ഓടിമറഞ്ഞു. ഞങ്ങളുടെ ഭാഗ്യത്തിന് ‘കേരള’ ‘കേരള’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടൊരു മിനി ബസ്സ് വന്ന് ഞങ്ങളുടെ അടുത്തു നിറുത്തി. ഞങ്ങളതിൽ പാഞ്ഞുകയറി അവിടന്നു രക്ഷപ്പെട്ടു. എന്നിട്ടും ഞങ്ങളുടെ പേടി മാറിയില്ല. ഇനി ഇവന്മാരും ഏതു തരക്കാരാണെന്നു അറിയില്ലല്ലൊ. പിന്നേയും ധാരാളം മലയാളികൾ അതിൽ തങ്ങളുടെ പെട്ടികളുമായി കയറിയപ്പോഴാണ് ഒരു വിധം സമാധാനമായത്. അവരുടെ ഹോട്ടലിലേക്കാണ് ഞങ്ങളെ കൊണ്ടു പോയത്. അവർ തന്നെയാണ് നാളെ ഞങ്ങളെ ബസ്സിന് നാട്ടിലേക്ക് കൊണ്ടു പോകുന്നത്.
അവിടെ ഒരു ഏസി മുറിയിൽ ഞാനും നാസ്സറും കൂടി.
മുറി അടച്ച് കുറ്റിയിട്ടതിനു ശേഷമാണ് ഞാൻ കട്ടിലിൽ തളർന്നു വീണത്.
ഹോ.. എന്തൊരാശ്വാസം...!
അതു കുറച്ചുനേരത്തേക്കേ ഉണ്ടായുള്ളു.
കൈത്തണ്ടയിൽ കിടക്കുന്ന ഹാൻഡ്ബാഗിന്റെ തള്ളിച്ച ഓർമ്മവന്നതും ഞാൻ ചാടിയെഴുന്നേറ്റു.
നാസ്സറെ വിളിച്ചെങ്കിലും അവൻ ക്ഷീണം കാരണം മയക്കത്തിലേക്ക് വീണീരുന്നു.
പാവം രണ്ടു മൂന്നു ദിവസമായി നേരെചൊവ്വെ ഭക്ഷണം കഴിച്ചിട്ട്. അവൻ കിടക്കട്ടെ.
ആദ്യം തന്നെ ഭക്ഷണം എന്തെങ്കിലും കിട്ടുമോന്ന് നോക്കാം.
അതും മനസ്സിൽ ചിന്തിച്ച് വീർത്ത ബാഗ് കയ്യിലിട്ട് തിരിച്ചും മറിച്ചും നോക്കി, ഉള്ളിലുള്ള ലക്ഷങ്ങളുടെ വലിപ്പവുമാസ്വദിച്ച് കിടക്കുമ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്.
കേട്ടതും ഒരു ഞെട്ടലായിരുന്നു...!
ചാടി നാസ്സറിനെ വിളിച്ചെങ്കിലും അവനനക്കമില്ല.
പിന്നെ കൈബാഗെടുത്ത് തലയിണക്കീഴിൽ വച്ചു.
നാസ്സറിന്റെ ബാഗും കൈത്തണ്ടയിൽ നിന്നും ഊരിയെടുത്ത് അവന്റെ തലയിണക്കടിയിൽ വച്ചു.
ഇത് ബോംബെയാണ്. എല്ലാ അധോലോകങ്ങളുടേയും കൊള്ളരുതായ്മകളുടേയും കേന്ദ്രം..!
മുറിയാകെ ഒന്നു കൂടി നോക്കി എല്ലാം ഭദ്രമെന്ന് ഉറപ്പു വരുത്തിയിട്ട് വാതിൽ തുറന്നു.
ആരും അകത്തു കയറാതിരിക്കാനെന്നോണം പകുതി വാതിലെ തുറന്നുള്ളു.
ഹോട്ടലിലെ സ്റ്റാഫായിരുന്നു. ഭക്ഷണം, ബീയർ, ഹോട്ട് എന്നിവ വേണോന്നു ചോദിക്കാനായിരുന്നു. എന്നാൽപ്പിന്നെ രണ്ടു ബീയർ അടിച്ചിട്ടാകാം ഭക്ഷണമെന്നൊരു തോന്നൽ.
നേരം പരപരാവെളുക്കുന്നതേയുള്ളു. പൊറോട്ടയും കോഴിക്കറിയും രണ്ടു സെറ്റും രണ്ടു കുപ്പി കല്യാണിയും ഓർഡർ ചെയ്ത് വാതിലടച്ചു കുറ്റിയിട്ടു.
നാസ്സറിനെ വിളിച്ചെഴുന്നേൽപ്പിക്കുന്നതു തന്നെ ഒരു പണിയായിരുന്നു.
കഴിഞ്ഞ കുറേ ദിവസത്തെ അലച്ചിലിൽ നിന്നും പാവം ഒരു വിധം മനഃസ്സമാധാനത്തോടെ കിടന്നത് ഇന്നാണ്. അതാണ് കിടന്ന വഴി ഉറങ്ങിപ്പോയത്. എന്നിട്ടും ഞാൻ വിളിച്ചപ്പോൾ ഞെട്ടിപ്പിടഞ്ഞാണ് എഴുന്നേറ്റത്. കണ്ണും തള്ളി എന്നേയും നോക്കി ഒറ്റയിരുപ്പായിരുന്നു. കുറച്ചു കഴിഞ്ഞിട്ടാണ് പരിസരബോധം ഉണ്ടായത്.
ബോധം വന്നതും കൈത്തണ്ടയിലെ ബാഗായിരുന്നു ആദ്യം നോക്കിയത്.
കയ്യിൽ കാണാഞ്ഞപ്പോൾ ആകെ പരിഭ്രമമായി. വേഗം ഞാൻ അയാളുടെ തലയിണ പൊക്കി കാട്ടിക്കൊടുത്തു. അപ്പോഴാണ് അയാളൊന്നു ചിരിച്ചത്. എന്നിട്ടയാൾ നെഞ്ചിൽ കൈവച്ചൊന്നു തിരുമ്മി. പിന്നെ ബാഗെടുത്ത് ഒരുമ്മ കൊടുത്തു. അയാളത് തുറക്കാൻ പോയപ്പോൾ ഞാൻ തടഞ്ഞു.
“വരട്ടെ, ഭക്ഷണവും ബീയറും ഓർഡർ ചെയ്തിട്ടുണ്ട്. അതു വരട്ടെ..”
അതും കഴിഞ്ഞ് ബഡ്ഡിൽ മലർന്നു കിടന്നിട്ട് നാസ്സർ പറഞ്ഞത് കേട്ട് ചിരിക്കാതിരിക്കാനായില്ല.
“അത്‌ള്ളാ... മ്മ്ടെ നാടിന്റെ ഒരു മൂലക്കെങ്കിലും എറക്കിത്തന്നൂല്ലോ അവമ്മാര്..! ഇനി നമ്മക്ക് നടന്നായാലും വീട്ടീ ചെല്ലാം. ഒരു ഇക്കാമ്മയും വേണ്ട പാസ്പ്പോർട്ടും വേണ്ടാ...!!”
ഭക്ഷണം വരാൻ വൈകുന്തോറും ഞങ്ങളുടെ ക്ഷമ കെട്ടു തുടങ്ങി.
ബാഗിനകത്തെ വലുപ്പം എത്രയുണ്ടെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ഞങ്ങൾക്ക്.
“എന്തായാലും വാതിലടച്ചിരിക്കാല്ലെ, നമ്മൾ തുറന്നാലല്ലെ ആരെങ്കിലും അകത്തു കയറൂ...”
“ശരിയാണല്ലൊ..”
ഞങ്ങൾ രണ്ടു കട്ടിലിന്റേയും നടുക്ക് നിലത്ത് കുത്തിയിരുന്നു.
നാലുപാടും ഒന്നുകൂടി നോക്കി എല്ലാം ഭദ്രമെന്ന് ഉറപ്പു വരുത്തിയിട്ടാണ് ഞാനെന്റെ ബാഗ് ആദ്യം തുറന്നത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം പെരുമ്പറ മുഴക്കത്തിൽ ഞാൻ കേൾക്കുന്നുണ്ട്. അതിനകത്തിരുന്ന് നോട്ടുകൾ പരസ്പ്പരം ഒട്ടിപ്പിടിച്ചിരുന്നു. തിങ്ങിനിറഞ്ഞിരുന്ന നോട്ടുകൾ ബലമായി വലിച്ച് നിലത്തിട്ടതും വാതിലിൽ മുട്ടു കേട്ടു. ഉടനെ വാരി ബാഗിനകത്തിട്ടെങ്കിലും, വെപ്രാളത്തിനിടക്ക് മുഴുവനും കയറിയില്ല. ഒരു പുതപ്പെടുത്ത് അതിന്റെ മുകളിൽക്കൂടി ഇട്ട് ഞാനതിൽ ചവിട്ടി കട്ടിലിൽ ഇരുന്നു.
എന്നിട്ട് പോയി വാതിൽ തുറക്കാൻ പറഞ്ഞു.
നാസ്സറിന് അവിടന്നനങ്ങാൻ പേടി. പേടിക്കേണ്ടെന്നു പറഞ്ഞിട്ടും നാസ്സർ പോയില്ല.
പിന്നെ ഞാൻ തന്നെ ചെന്ന് വാതിൽ പതുക്കെ തുറന്നു. നേരത്തെ വന്നയാൾ തന്നെയായിരുന്നു. ഭക്ഷണം മേശപ്പുറത്ത് വച്ച് തിരിഞ്ഞു നടക്കുമ്പോൾ ചോദിച്ചു.
“നിങ്ങളുടെ കയ്യിൽ റിയാൽ വല്ലതുമുണ്ടെങ്കിൽ മാറ്റിത്തരാട്ടൊ...”
“എങ്ങനയാ റേറ്റ്...?”
“എല്ലാത്തിനും ഒരേ റെറ്റല്ല. അഞ്ഞൂറിന്റേന് ഏറ്റവും കൂടുതൽ കിട്ടും. അതിൽ താഴെയുള്ളേന് കുറച്ചു കുറയും...”
“ഏതായാലും ഭക്ഷണം കഴിക്കട്ടെ. ഞങ്ങൾ വിളിക്കാം..”
അയാൾ തലയാട്ടി കടന്നു പോയി.
ഉടനെ വാതിലടച്ചു കുറ്റിയിട്ടു.
ആദ്യം ബീയർ പൊട്ടിച്ച് ഓരോ ഗ്ലാസ് അകത്താക്കി.
അപ്പഴും പുതപ്പിനടിയിലെ നോട്ടുകളായിരുന്നു എന്റെ മനസ്സിൽ.
ഞാൻ പതുക്കെ പുതപ്പു മാറ്റി നോട്ടെടുത്ത് അടുക്കാൻ തുടങ്ങി.
അഞ്ഞൂറിന്റെ പരതി കുറച്ചു കിട്ടിയെങ്കിലും പിന്നെപ്പിന്നെ നൂറിന്റേതും അൻപതിത്തിന്റേതും പത്തിന്റേതും മാത്രം. ഒറ്ററിയാലുമുണ്ടായിരുന്നു ധാരാളം...!!?
ഞാൻ നോട്ടുകൾ രണ്ടുകയ്യിലുമായി എടുത്ത് നാസ്സറിന്റെ മുഖത്തേക്കു നോക്കി.
വീണ്ടും നോട്ടുകളിലേക്ക്...
എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി.
കണ്ണുകൾ നിറയാൻ തുടങ്ങി.
പരിഭ്രാന്തിയോടെ ഞാൻ അലറി.
“അവന്മാര് ചതിച്ചെടാ നമ്മളെ...!!?”
കണ്ണും തള്ളി വിളറിയ നാസ്സർ വേഗം അയാളുടെ ബാഗ് തുറന്ന് അങ്ങനെ തന്നെ നിലത്തേക്ക് കമഴ്ത്തി. അതിനകത്ത് എന്റത്ര പോലും അഞ്ഞൂറിന്റെയില്ല...!
അധികവും നൂറിന്റേതും അൻപതിന്റേതും ഒറ്ററിയാലും..!!
ഒരു വക പേ പിടിച്ച മുഖമായിരുന്നു പിന്നെ നാസ്സറിന്.
നിമിഷനേരം കൊണ്ട് നാസ്സറിന്റെ പ്രകൃതമാകെ മാറി.
നോട്ടുകൾ വാരിയെറിയാനും നിലത്തു കിടന്ന് അപസ്മാര രോഗിയെപ്പോലെ കൈകാലിട്ടടിക്കാനും തുടങ്ങി. അയാൾ എണ്ണിപ്പറുക്കി നിലവിളിക്കുന്നത് എന്താണെന്ന് മനസ്സിലായില്ല.
അയാൾ വേറേതോ ഭാഷയിലാണ് പറയുന്നതെന്നു തോന്നി.
ഞാൻ പിടിച്ചിട്ടൊന്നും അയാൾ നിൽക്കുന്നില്ല.
കുറച്ച് വെള്ളം അയാളുടെ മുഖത്ത് തളിക്കാനായി നോക്കിയെങ്കിലും കണ്ടില്ല.
തണുത്ത ബീയറെടുത്ത് അയാളുടെ മുഖത്ത് തളിച്ചു.
രണ്ടു പ്രാവശ്യം തളിച്ചിട്ടാണയാൾ ഞെട്ടിയെഴുന്നേറ്റത്.
പിന്നെയാണ് പരസരബോധം വന്നത്. ഞാൻ ചോദിച്ചു.
“താൻ എന്തായീ കാണിക്കുന്നത്. ഒച്ചയും ബഹളവും ഉണ്ടാക്കല്ലെ. ആരെങ്കിലും പുറത്തു നിന്നും കയറിവന്നാൽ ഉള്ളതും കൂടി അടിച്ചോണ്ടു പോകും...!”
നാസ്സറിന് കുറച്ചു മുൻപ് കാട്ടിക്കൂട്ടിയതൊന്നും ഓർമ്മയിലുണ്ടായിരുന്നില്ല.
പരിഭ്രാന്തിയോടെ നാലുപാടും നോക്കിയിട്ട് നിലത്തു കിടന്ന നോട്ടുകൾ വാരിയെടുത്ത് കൈകളിൽ പൊക്കിപ്പിടിച്ച് വീണ്ടും കരയാൻ തുടങ്ങി.
“ഞാൻ എന്തു ചെയ്യും.. ന്റെ പെങ്ങളുടെ കല്യാണം.. ന്റെ വരവും നോക്കിയാ അവരിരിക്കണേ...!?”
അതും പറഞ്ഞയാൾ മുടിയിൽ പിടിച്ച് വലിക്കാനും നിയന്ത്രണം വിട്ട് കരയാനും തുടങ്ങി.
സംഭവിച്ചത് ഉൾക്കൊള്ളാൻ കഴിയാതെ വീണ്ടും സമനില തെറ്റിയപോലെ നിലത്തു കിടന്നുരുളാൻ തുടങ്ങി. അയാളെ എങ്ങനെയാ പറഞ്ഞ് സമാധാനിപ്പിക്കുവാൻ കഴിയുകയെന്ന് അറിയില്ലായിരുന്നു.
അതോടെ എന്റെ നഷ്ടമോർത്ത് ഒന്നു സങ്കടപ്പെടാനുള്ള അവസരവും എനിക്കു നഷ്ടമായി.
കാരണം എന്നേക്കാൾ ജീവിതം ദുഃസ്സഹമാകാൻ പോകുന്നത് നാസ്സറിന്റെയായിരുന്നു.
അയാൾ നിലത്തു കിടന്നുരുളുന്നതിനിടക്ക് തടയാൻ ശ്രമിച്ചതുകൊണ്ട് കാര്യമില്ലായെന്ന് ബോദ്ധ്യമായി.
അയാളെ തൽക്കാലം അങ്ങനെ തന്നെ വിട്ടു.
എന്റെ സങ്കടം ബീയറിൽ മുക്കിത്താഴ്ത്തി.
ബാക്കി ബീയർ മുഴുവൻ ഞാൻ തന്നെ കുടിച്ചു തീർത്തു.
എന്റെ നോട്ടുകെട്ടുകൾ അടക്കി വച്ച് ഞാൻ എണ്ണാൻ തുടങ്ങി.
ഡ്രാഫ്റ്റെടുത്താൽ കിട്ടുമായിരുന്ന തുകയെക്കുറിച്ച് ഏകദേശരൂപമുണ്ടായിരുന്നു.
അതുപ്രകാരം എല്ലാത്തിനും കൂടി ഏകദേശം പതിനാറായിരം രൂപയോളമേ കിട്ടുകയുള്ളു...!!!
കണക്കുകൾ തെറ്റിയോന്നറിയാൻ ഞാൻ വീണ്ടും വീണ്ടും കൂട്ടി നോക്കി.
എങ്ങനെ നോക്കിയിട്ടും ആ പതിനാറായിരത്തിനു മുകളിലോട്ട് സഖ്യകൾ കയറിയില്ല.
ഒരു കാര്യം വളരെ വ്യക്തമായി. ഞങ്ങളെ അതിഭയങ്കരമായ ഒരു ചതിയിൽപ്പെടുത്തിയാണ് കയറ്റി വിട്ടിരിക്കുന്നത്....!
എനിക്ക് സങ്കടം സഹിക്കാൻ വയ്യാതായി.
നോട്ടുകെട്ടും കയ്യിൽപ്പിടിച്ച് ഞാൻ ചങ്കുപൊട്ടി കരഞ്ഞു.
ജൂബി കണക്കു കൂട്ടിപ്പറഞ്ഞ ഒന്നൊന്നര രണ്ടു ലക്ഷമെവിടെ, ഈ പതിനാറായിരമെവിടെ....!!
ഇതിനായിരുന്നവർ, ആ പാലാക്കാരനും അറബിയും കൂടി ഞങ്ങളെ അവസാന നിമിഷം വരെ സമയം വൈകിപ്പിച്ച് കയറ്റി വിട്ടത്.
അവിടെ വച്ച് കിട്ടിയതൊന്ന് എണ്ണി നോക്കാൻ പോലും സമയം ഞങ്ങൾക്ക് കിട്ടരുതെന്ന് അവർ കണക്കു കൂട്ടിയിരുന്നിരിക്കണം.
അവരുദ്ദേശിച്ച പോലെ തന്നെ കൃത്യമായി കാര്യങ്ങൾക്ക് കരുക്കൾ നീക്കി. അണുവിട വ്യത്യാസമില്ലാതെ അതങ്ങനെ തന്നെ സംഭവിച്ചു...!!
വിമാനത്താവളത്തിലുള്ളവരെപ്പോലും അവരറിയാതെ ആ കണക്കു കൂട്ടലിൽ പങ്കെടുപ്പിച്ചു...!!!
എത്ര കൃത്യമായ കണക്കു കൂട്ടലോടെയാണാ നാടകം അരങ്ങേറിയത്.
അവിടെയിരുന്ന് ചങ്കുപൊട്ടി കരയാനല്ലാതെ മറ്റെന്താവും...?
നാസ്സറിനെപ്പോലെ നിലത്തു കിടന്നുരുളാൻ എനിക്കാവുമായിരുന്നില്ല.
ഇനി വീട്ടിൽച്ചെന്ന് എന്തു പറയുമെന്നായിരുന്നു എന്റെ ചിന്ത.
ഈ നടന്ന സംഭവങ്ങൾ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ...?
ഇതിനകം ഏസി മുറിയാണെങ്കിലും ഞാൻ നന്നായി വിയർപ്പിൽ കുളിച്ചിരുന്നു.
നാസ്സർ ഉരുളിച്ച അവസാനിപ്പിച്ച് കൂർക്കം വലിച്ച് ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.
വീണ്ടും നോട്ടുകൾ ഓരോന്നായി മാറ്റിമാറ്റി വച്ച്, തരം തിരിച്ച് ഒന്നുകൂടി എണ്ണി നോക്കി.
അപ്പഴും ഫലം തഥൈവ.
അവശനായ ഞാൻ അവിടെത്തന്നെ കിടന്നു.
ഭക്ഷണം തണുക്കാൻ തുടങ്ങിയിരുന്നു.
കഴിക്കാൻ ഒരു മൂഡും തോന്നിയില്ല.
ഞാനും എപ്പോഴോ ഉറക്കത്തിലേക്ക് മുങ്ങിത്താണു.
ഇനി ഒരിക്കലും ഉണരാതിരുന്നെങ്കിൽ എന്നാശിച്ചു കൊണ്ടു തന്നെ.
എന്തോ അനക്കം കേട്ട് ഞാൻ കണ്ണു തുറന്നപ്പോൾ നാസ്സർ എഴുന്നേറ്റിരുന്ന് നോട്ടുകൾ എണ്ണി നോക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. പക്ഷേ, അയാൾ നോർമ്മലായിരുന്നു.
കാൽക്കുലേറ്ററുമായി ഞാനും കൂടി.
അയാൾക്ക് എല്ലാം കൂടി പന്തീരായിരം തികയില്ല...!!!
അതും കയ്യിൽപ്പിടിച്ചയാൾ കരഞ്ഞു. ആ കരച്ചിലിനിടയിൽ കൂടി പുലമ്പി.
“രണ്ടരക്കൊല്ലത്തെ ശമ്പളാ...!! ചേട്ടനോ..? ”
“എനിക്ക് ഇരുപത് മാസത്തെ ശമ്പളമായി കിട്ടിയത് പതിനാറായിരത്തോളം രൂപ..!!”
ഉരലും മദ്ദളവും പരസ്പ്പരം പരാതി പറഞ്ഞിട്ടെന്തു കാര്യം...?
ഞങ്ങൾ മുഖത്തോടു മുഖം നോക്കിയിരുന്ന് കണ്ണീർ വാർത്തു.....
നാസ്സറിന്റെ സങ്കടത്തിന് ഒരറുതി വരുത്തണമല്ലോയെന്ന് കരുതി ഞാൻ പറഞ്ഞു.
“നാസ്സർ, ഏതായാലും സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചു. ഇനി വരുന്നതു പോലെ വരട്ടെ. ചെന്ന വഴി വീടിരിക്കുന്ന സ്ഥലം വിറ്റ് പെങ്ങളുടെ കല്യാണം നടത്തുക. അല്ലെങ്കിൽ വീടും സ്ഥലവും പെങ്ങളുടെ പേരിൽ എഴുതിക്കൊടുത്താൽ മതിയോന്ന് അന്വേഷിച്ചറിയുക...”
“അവർക്ക് കാശേ വേണ്ടു. സ്ഥലമൊന്നും വേണ്ടാന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്...”
“അപ്പോപ്പിന്നെ സ്ഥലം വിൽക്കേ വഴിയുള്ളു...”
“എന്നാലും പൈസ തികയില്ല. അവ്ടെ വല്യ വിലയൊന്നും കിട്ടില്ല. കല്യാണാവശ്യത്തിന് വിൽക്കാണെന്നറിഞ്ഞാൽ ആരും ഉള്ള വിലയും കൂടി തരില്ല...”
നാസ്സർ അകപ്പെട്ട പ്രതിസന്ധിയുടെ ആഴം അപ്പോഴാണ് ബോദ്ധ്യമായത്. നാസ്സർ ഒരു വേദനയായി മനസ്സിൽ അവശേഷിച്ചു.
‘മരുഭൂമി’ എന്ന നോവൽ ഇവിടെ അവസാനിക്കുന്നു.
നന്ദി.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
വീകെ അശോകൻ,
ലാൽ ഭവൻ.
അഞ്ചുമന റോഡ്,
മാമംഗലം- ഇടപ്പള്ളി P.O.
കേരള. Mob: 0091 98 47 86 94 25
veekayashok@yahoo.com

തുടർന്നു വായിക്കുക...

30 comments:
ഓ..അശോകേട്ടാ...ഒന്നും പറയാൻ തോന്നുന്നില്ലല്ലോ!
ഞാൻ അഞ്ച് മണിയായപ്പോൾ മുതൽ നോക്കി ഇരിക്കുകയായിരുന്നു..പിന്നെ ഉറങ്ങിപ്പോയി..ഇപ്പോ നോക്കിയപ്പോൾ അവസാന അധ്യായം വന്നിരിക്കുന്നു..തുടർച്ചയായി വായിച്ചത് കൊണ്ട് വല്ലാത്ത അടുപ്പമായിരുന്നു...നോവൽ അവസാനിച്ചതിലും വിഷമം അവന്മാർ ചതിച്ചല്ലോ എന്നോർത്താണ്.കണ്ണു നിറഞ്ഞു.
എന്തായാലും നാട്ടിൽ വന്നല്ലോ!!ഇനിയെങ്ങനെ നാട്ടിൽ ചെല്ലുമെന്നോർത്ത് വെപ്രാളപ്പെടുന്നു...
കൊള്ളാം .ഈ നോവൽ പ്രസിദ്ധീകരിക്കുക. ആശംസകൾ
ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തട്ടിപ്പിന്നു ഇരയാകാത്തവര്‍ ഇവിടെ ഉണ്ടാകാന്‍ വഴിയില്ല. പക്ഷെ പൊതുവില്‍ സംഭവിക്കുന്ന ഒരു തട്ടിപ്പും അതിന് സ്വീകരിക്കുന്ന രീതിയും യാത്രയും യാത്രക്കിടയില്‍ ഓരോ വ്യക്തിയിലും അനുഭവപ്പെടുന്ന മനസ്സിലെ ഓരോ നിമിഷത്തെ ചലനങ്ങളും വ്യക്തമായി അവതരിപ്പിച്ചിരിക്കുന്ന അവസാന അദ്ധ്യായം നോവലിന്റെ അവസാനം ഭംഗിയാക്കി. ആദ്ധ്യകാലങ്ങളില്‍ എത്തിപ്പെടുമ്പോള്‍ സംഭവിക്കുന്ന പല ജീവിതങ്ങളുടെയും ജീവിത വ്യഥകള്‍ സൂക്ഷ്മമായി അവതരിപ്പിച്ച നോവല്‍ കഥാപാത്രങ്ങളെ വ്യക്തമായി അറിയാന്‍ സാധിച്ചതിനാല്‍ ആണെന്ന് കരുതുന്നു.
ഒരു നോവലിലൂടെ ഈ സൂക്ഷിപ്പുകള്‍ നടത്തിയത് നന്നായി.
ആശംസകള്‍.
അശോകേട്ടാ...
അവസാന അധ്യായം വന്നിരിക്കുന്നു..തുടർച്ചയായി വായിച്ചത് കൊണ്ട് വല്ലാത്ത അടുപ്പമായിരുന്നു...നോവൽ അവസാനിച്ചതിലും വിഷമം അവന്മാർ ചതിച്ചല്ലോ എന്നോർത്താണ്.
ഉടനെ തന്നെ അടുത്ത നോവൽ പ്രതീക്ഷിക്കാമല്ലോ...?
കണ്ണുനീർ മാത്രം... അത്രയ്ക്കും ഇമോഷണലായിപ്പോയി...
ഞാൻ പിന്നെ വരാം അശോകൻ മാഷേ...
മുടങ്ങാതെ വായിച്ചിരുന്നു... തട്ടിച്ചും വെട്ടിച്ചും പ്രവാസ ജീവിതം മുന്നോട്ട് തന്നെ... ഇനി???
നോവൽ അവസാനിച്ചു
പക്ഷെ മനസ്സിലെ നീറ്റൽ എത്ര ദിവസംകഴിഞ്ഞാലും മാറില്ല
അടുത്ത നോവൽ പ്രതീക്ഷിക്കുന്നു
എല്ലാ ആശംസകളും
അവസാന അദ്ധ്യായത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ഇങ്ങനെയൊരു സാദ്ധ്യത ഞാന്‍ കാണുന്നുണ്ടായിരുന്നു.
കാരണം പലര്‍ക്കും ഇതേപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത് അറിയാമായിരുന്നു.മിക്കവരോടും അവസാനനിമിഷത്തില്‍ പറയും,ബാക്കി നാട്ടിലേക്ക് അയച്ചുതരാമെന്ന്.പക്ഷേ,അതയച്ചുകൊടുക്കലുമുണ്ടാവില്ല.ഇത്തരം കമ്പനികളില്‍ മിക്കതിലും മിസ്രികളായിരിക്കും മേലാളന്മാര്‍.ശിങ്കിടികളായി ഇന്ത്യക്കാരും ഉണ്ടാവാം.സ്പോണ്‍സറായ അറബി ഇതൊന്നും ശ്രദ്ധിച്ചുവെന്നും വരില്ല.പണ്ടൊക്കെ എത്രയെത്ര പേര്‍ ഇത്രയും ദുരിതങ്ങളും,വേദനകളും സഹിച്ച്..........
ഹൃദയസ്പര്‍ശിയായിരിക്കുന്നു 'മരുഭൂമി' എന്ന നോവല്‍.തീര്‍ച്ചയായും ഈ നോവല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടത്തണം...
ആശംസകള്‍
സ്വപ്നഭൂമികൾ കരുതിവെച്ചത് എന്താണെന്നറിയാതെ ജീവിതം ഹോമിക്കുന്ന പാവം മനുഷ്യർ - നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ബാക്കിയാക്കി മനസ്സിലൊരു മരുഭൂമിയായി പടരുന്നു....
മരുഭൂമിയുടെ അവസാനത്തിൽ നിന്നും സ്വപ്നഭൂമിയിലേക്ക് ഒരിക്കൽക്കൂടി പോയിവന്നു...
നോവൽ എന്ന നിലയിൽ ശുഭപര്യവസായി....
മനുഷ്യന്റെ കഥ എന്ന നിലയിൽ വേദനാജനകം.....
നോവൽ നന്നായിട്ടുണ്ട്.
അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ എഴുതപ്പെടുന്നതിന്റെ ഭാഗമാകുമ്പോൾ, എഴുത്തിന് തീവ്രത കൂടും.
വളരെ നന്നായി അവതരിപ്പിച്ചു.
വീകെ.സംഭവബഹുലമായിരുന്നു ഇന്നത്തെ വിവരണം.ശരിക്കും ഇന്നിനെയൊക്കെ പറ്റിക്കുന്നുണ്ടോ?ഇന്നിനെ കണ്ണില്‍ ചോരയില്ലാത്ത പണി ചെയ്യുന്നവര്‍ എത്ര നോംബു നോറ്റിട്ടെന്താ കാര്യം?
പിന്നെ പുതിയ സാധനങ്ങള്‍ പഴയതാക്കാനുള്ള സൂത്രം നന്നായി.
ശരിക്കും ഒരു പുസ്തകമാക്കേണ്ട ജീവിതാനുഭവങ്ങളായിരുന്നു ഈ നോവലില്‍.രണ്ടാം ലക്കം എന്നാണിനി?ആശംസകള്‍
തട്ടിപ്പിന് മരുഭൂമി എന്നോ തിരുഭൂമി എന്നോ വ്യത്യാസമില്ല എന്നർത്ഥം.
കഴിഞ്ഞ അധ്യായം അവസാനിച്ചപ്പോൾ കരുതി, ഇനി സന്തോഷപൂർണമായ ഒരു മടങ്ങിപ്പോക്ക് മാത്രമേ ബാക്കിയുള്ളൂ എന്ന്. പക്ഷേ, അവസാന വരി വരെ ഉദ്വേഗവും നൊമ്പരവും നിറച്ച് 'മരുഭൂമി' അത്ഭുതപ്പെടുത്തി.
ഇതിൽ ഭാവനയും യാഥാർത്ഥ്യവും എത്രത്തോളം ഇടകലർന്നിരിക്കുന്നു എന്ന് മനസ്സിലാവുന്നതേയില്ല.
ഹൃദയസ്പർശിയായ പര്യവസാനം.. കൺകോണിലെ നനവും മനസ്സിലെ നീറ്റലും ബാക്കിയായി..
വായനക്കാരെ മുഴുവൻ
ആകാംഷയുടെ മുൾമുനയിൽ
നിറുത്തി മൂന്നാല് അദ്ധ്യായങ്ങൾ ആക്കാമായിരുന്ന ഈ അവസാന
ഖാണ്ഡം , ആദ്യ കാലത്തുള്ള ഒരു ശരാശരി ഗൾഫ് തൊഴിലാളിയുടെ തിരിച്ച്
വരവിന്റെ നൊമ്പരങ്ങൾ മുഴുവൻ അനുഭവാവിഷ്കാരങ്ങളായി ചിത്രീകരിച്ച് വെച്ചിരിക്കുന്ന ചാപ്റ്ററാണ്...
സകല തട്ടിപ്പിനും ,വെട്ടിപ്പിനും
തല വെച്ച് കൊടുക്കുവാൻ വിധിക്കപ്പെട്ട
ഓരോ മലയാളി പ്രവാസികളുടേയും ഒരു ഒറിജിനൽ കഥാനുഭവ,
ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന അശോക് ഭായ്ക്ക്
ഒരു വലിയ ഹാറ്റ്സ് ഓഫ് ..!
പിന്നെ
തീർച്ചയായും ഭായിയുടേ
ഈ നോവലുകൾ പുസ്തകങ്ങളാക്കുവാൻ ശ്രമിക്കണം കേട്ടൊ ഭായ്
നരകത്തില്‍ നിന്ന് ഒരുവിധം
രക്ഷപ്പെട്ടെങ്കിലും എല്ലാം നഷ്ടപ്പെട്ടുള്ള വരവ്. പ്രവാസജീവിതത്തിലെ തിക്താനുഭവങ്ങള്‍ വളരെ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു.
അവസാന ഭാഗത്തിന് ഇങ്ങിനെയൊരു ക്ലൈയ്മാക്സ് ഒരിക്കലും പ്രതീക്ഷിച്ചില്ല .. വഞ്ചനകള്‍ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ പ്രവാസികള്‍ ,, വിശദമായ അവലോകനം പിന്നെ അടയാളപ്പെടുത്താം .
നോവലിന്റെ അവസാന ഭാഗം വായിച്ചകൊണ്ടാണ് ആദ്യം ഇവിടെക്ക് കാലെടുത്തു വയ്ക്കുന്നത്........ എന്‍റെ ഗള്‍ഫ് അനുഭവത്തിന്‍റെ ചില വശം അവസാന ഭാഗത്തില്‍ കണ്ടു ........ മുഴുവൻ വായിക്കാം
ആശംസകൾ......
ഞാനും അവസാനഭാഗം വായിച്ചാണ് കയറിവന്നത്. പ്രവാസലോകത്തെ തട്ടിപ്പുകളും, ചതിവുകളും, നഷ്ടങ്ങളും. എന്നാലും വീണ്ടും പ്രവാസികൾ അടുത്ത ഒരു നല്ല ഭാവി സ്വപ്നം കണ്ടു വീണ്ടും ആ ലോകത്തേക്ക് തന്നെ തിരിച്ചുവരുന്നു. ചിലർ രക്ഷപെടുന്നു, ചിലർ വീണ്ടും കബളിക്കപ്പെടുന്നു.
എന്റെ ഗള്‍ഫ് ജീവിതവും സിംഗപ്പൂര്‍ ജീവിതവും യാതൊരുവിധ അല്ലലുകളോ അലട്ടലോ ഇല്ലാത്ത സുരക്ഷിത ജീവിതം ആയിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുമില്ല. എന്നാല്‍ ഈ തീച്ചൂളകളിലൂടെ കടന്നുപോകുന്നവരും പോയവരും ഇവിടങ്ങളില്‍ അനേകരുണ്ടെന്ന് അറിയാം. നല്ലൊരു വായനാനുഭവം.
കഴിഞ്ഞ ആഴ്ച്ച ഒരു ദിവസം ഡ്രൈവ് ചെയ്യുമ്പോല്‍ കാറില്‍ റേഡിയോ സ്റ്റേഷനില്‍നിന്ന് ചിട്ടീ ആയീ ഹേ പാട്ട് കേട്ട് അറിയാതെ കണ്ണു നിറഞ്ഞുപോയി. അന്നു മാത്രമല്ല ഇന്നും ആ വരികള്‍ക്ക് കണ്ണുകളെ ഈറനണിയിക്കാനുള്ള ഒരു അമാനുഷികകഴിവുണ്ട്.
നാട്ടിലാണെന്നാലും ഇനിയും ഇത്തരം എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു, നന്മകള്‍ നേരുന്നു
എനിക്ക് ഒന്നും എഴുതാൻ വയ്യ...
ഒറ്റയടിക്ക് വായിച്ചതിന്റെ ...
ഇത്ര വലിയ ചതിയിൽ പെട്ടു പോയത് സങ്കല്പിക്കാൻ ഉള്ള ത്രാണിയില്ലാത്തതിന്റെ..
നോവലിനെ വിലയിരുത്താനൊന്നും കഴിയുന്നില്ലെനിക്ക്..
കണ്ണു കാണാൻ വയ്യ.. ഞാൻ പിന്നെ വരാം..
അഭിനന്ദനങ്ങൾ...
സുധി അറയ്ക്കൽ:
ഇനിയെങ്ങനെ നാട്ടിൽ എത്തിപ്പെടുമെന്ന വ്യഥ അന്ന് എനിക്കുമുണ്ടായിരുന്നു. അതിലേറെ നാസ്സറിനെ എങ്ങനെ നാട്ടിലെത്തിക്കുമെന്നായിരുന്നു ചിന്ത. അവൻ ഒരു പാവം ലോലഹൃദയൻ. അവസാനം ഒരുവൻ രക്ഷക്കെത്തി. എയർപ്പോർട്ടിൽ വച്ച് ‘അമ്മാവന്റെ മകനെന്നു’ പറഞ്ഞ് കയറി വന്നവൻ വാസ്തവത്തിൽ അമ്മാവന്റെ മകൻ തന്നെയായിരുന്നു. അപ്പോഴത്തെ പേടിയിൽ തിരിച്ചറിയാതെ പോയതാണ്. പിന്നെ അവന്റെ കൂടെയാണ് നാസ്സറിനെ വിട്ടത്. വായനക്കും അഭിപ്രായത്തിനും നന്ദിയും കഥയുടെ ക്ലൈമാക്സ് വിഷമിപ്പിച്ചതിന് ‘സോറിയും’.
ജയിംസ് സണ്ണി പാറ്റൂർ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി മാഷേ.
പട്ടേപ്പാടം റാംജി:
കഥാപാത്രങ്ങളെ വ്യക്തമായി അറിയാമെങ്കിലും ചിലരൊക്കെ എന്റെ ഭാവനാ സൃഷ്ടിയാണ്. കഥക്ക് മുന്നോട്ടു പോകാൻ അത്തരം കഥാപാത്രങ്ങൾ ആവശ്യമായി വരാറുണ്ട്. എന്നാൽ അയാളുടെ സ്വഭാവവിശേഷങ്ങൾ മറ്റു പലരിലും ഞാൻ കണ്ട് പകർത്തിയതായിരിക്കും. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
പ്രകാഷ്: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
വിനുവേട്ടൻ: സാരമില്ല. കഥയുടെ ക്ലൈമാക്സ് വിഷമിപ്പിച്ചതിനു സോറി. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
മൂബി: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
രമണീക: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
സിവി തങ്കപ്പൻ: മാഷു പറഞ്ഞതുപോലെയുള്ള തട്ടിപ്പുകൾ ധാരാളം കേട്ടിട്ടുണ്ട്. എവിടേയും ചതി മാത്രം പതിയിരിക്കുന്ന സ്ഥലമാണ് ‘ഗൾഫ്’. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
പ്രദീപ് കുമാർ: ‘മരുഭൂമി’യിലേ ‘സ്വപ്നഭൂമിയിൽ’ കരുതി വച്ചിരിക്കുന്നത് എത്ര സാക്ഷ്യപ്പെടുത്തിയാലും ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. എന്നാൽ ഒരിക്കൽ പോയിവന്നാൽ ആ ചിന്താഗതി തന്നെ മാറിമറയും. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ദിവാകരേട്ടൻ:വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ജ്യോച്ചേച്ചി: ഇന്നും ഇത്തരം തട്ടിപ്പുകൾ ധാരാളം നടക്കുന്നുണ്ട്. പക്ഷേ, അതിന്റെ സ്വഭാവം മാറിമാറി വരുമെന്നു മാത്രം. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
അരീക്കോടൻ:വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
കൊച്ചുഗോവിന്ദൻ: വായനക്കും നല്ല വാക്കുകൾ അഭിപ്രായമായി എഴുതിയതിനും വളരെ നന്ദി.
ജിമ്മി ജോൺ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ബിലാത്തിച്ചേട്ടൻ: വായനക്കും പ്രോത്സാഹജനകമായ ഈ വാക്കുകൾക്കും വളരെ നന്ദി.
കേരളദാസനുണ്ണി: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ഫൈസൽ ബാബു: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
വിനോദ് കുട്ടത്ത്: ആദ്യമായ ഈ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ഗീതാ ഓമനക്കുട്ടൻ: ആദ്യമായ ഈ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
അജിത്: അജിത്തേട്ടനെപ്പോലെ ഭാഗ്യവാന്മാരായ അപൂർവ്വം ചിലരെങ്കിലും ഇവിടെയുണ്ടെന്നുള്ളത് ഇനിയും പോകാനിരിക്കുന്ന പ്രവാസികളെ ഈ സ്വപ്നഭൂമിയിലേക്ക് പറന്നിറങ്ങാാൻ പ്രേരിപ്പിക്കും. ചിലരൊക്കെ രക്ഷപ്പെടും.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
എച്മുക്കുട്ടി: വിലയേറിയ അഭിപ്രായത്തിനും വായനക്കും വളരെയേറെ നന്ദി.
(പവാസിയുെട വേദനയും കണ്ണീരും ഒപ്പിയെടുത്ത നോവൽ. പലപ്പോഴും അനുഭവക്കുറിപ്പായി തോന്നിച്ചു..ഒത്തിരി ഇഷ്ടപ്പെട്ടു..
അനശ്വര: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
20 മാസത്തെ ഒരുമിച്ചുള്ള ശമ്പളം എന്ന് കേട്ടപ്പോൾ എനിക്കും ഒരു സന്തോഷം തോന്നിയിരുന്നു, ഇടയ്ക്ക് പറഞ്ഞ ഒന്നുരണ്ടു വാചകങ്ങൾ നമ്മൾ ഇവിടെ എങ്ങിനെ കഴിയുന്നു എന്ന് നാട്ടിൽ അറിയണ്ടല്ലോ അങ്ങിനെ സ്വരുക്കൂട്ടി വെച്ച പ്രതീക്ഷകൾ പതിനാറായിരെത്തിയെട്ടു രൂപ
വല്ലാത്ത അനുഭവം
മനോഹരമായിരുന്നു ഓരോ അദ്ധ്യായവും എല്ലാ ആശംസകളും പുതിയ എഴുത്തിനായി കാത്തിരിക്കുന്നു അച്ചടിച്ച് കാണാൻ കഴിയും എന്ന് ആഗ്രഹിക്കുന്നു
സ്നേഹപൂർവ്വം നന്ദി
ഈ നോവല്‍ ആദ്യം മുതല്‍ വായിച്ചുകൊണ്ടിരുന്നതാണെങ്കിലും അവസാനത്തെ ചില അദ്ധ്യായങ്ങള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നില്ല.അവസാനത്തെ ഈ അദ്ധ്യായമാണ് ഏറ്റവും ഹൃദ്യമായി തോന്നിയതും. വെറുംകയ്യോടെ തിരിച്ചുവരപ്പെടുന്നവരുടെ ആത്മസംഘര്‍ഷങ്ങള്‍ എത്ര തീഷ്ണതയോടെയാണ് അവതരിപ്പിച്ചത്. അവസാനം വായനക്കാരന്‍റെ മനസ്സും തകര്‍ന്നുപോകുന്ന സംഭവ വികാസങ്ങള്‍...കേട്ടതും അനുഭവിച്ചതുമായ പല സംഭവങ്ങളും പ്രതിപാദ്യവിഷയമായപ്പോള്‍ കഥയില്‍ അലിഞ്ഞുപോയി...
ഒരിക്കൽ കൂടി വായിച്ചു അശോകേട്ടാ... ഇന്നും ഈ കഥ മനസ്സിൽ ഒരു നോവ് പകർന്ന് ജ്വലിച്ച് നിൽക്കുന്നു...
നോവൽ കൊള്ളാം, നന്നായിട്ടുണ്ട്. 1 മുതൽ 40 വരെ ഒരുമിച്ച് വായിച്ചു.
ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ഇങ്ങനെ നോവലാക്കി എഴുതിയത് കൊണ്ടാണെന്ന് തോന്നുന്നു എഴുത്തിന് ഇത്രയും തീവ്രത കൂടിയത്. ചില ഭാഗങ്ങൾ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു. ഞാൻ കുഞ്ഞായിരിക്കുമ്പോൾ ഉപ്പ ലീവിന് വരുന്ന സമയത്ത് ഇത് പോലെ പല സംഭവങ്ങളും നടക്കാറുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ഇത് വായിച്ച് കഴിഞ്ഞപ്പോൾ ആദ്യം മനസ്സിൽ ഓടി വന്നത് ഉപ്പ പറഞ്ഞ ആ സംഭവങ്ങളാണ്.
ഒരു പ്രവാസിയുടെ ജീവിതം എന്താണെന്ന് ഈ എഴുത്തിലൂടെ അടുത്തറിയാൻ കഴിഞ്ഞു.
ആശംസകൾ
പ്രവാസ കഥ മലയാളിക്ക് പുത്തരിയൊന്നുമല്ല. അതിൽ ഏറ്റവും തീവ്രത ഒരു പക്ഷേ, ഗൾഫ് മലയാളികളുടേതായിരിക്കും. വരവിനും വായനക്കും വളരെ നന്ദി ..
Post a Comment