Sunday 1 February 2015

നോവൽ.മരുഭൂമി.(33)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു....


തുടർന്നു വായിക്കുക...

 ഒരു മരണക്കളി..

എങ്ങനേയും ഇവിടന്ന് രക്ഷപ്പെടണമെന്ന ചിന്ത കലശലായി.
പട്ടിണിയും പരിവട്ടവുമായി രണ്ടു മാസം കഴിച്ചുകൂട്ടി.
ഇതിനിടക്ക് രണ്ടു മാസത്തെ ശമ്പളം ഒന്നിച്ച് മറ്റുള്ളവർക്ക് കൊടുത്തെങ്കിലും, പേപ്പറുകൾ ശരിയായിട്ടില്ലെന്നു പറഞ്ഞ് എന്നെ മാത്രം ഒഴിവാക്കിയത് സഹിക്കാനായില്ല.
അവസാനത്തെ പ്രതീക്ഷയും ഉണങ്ങിക്കരിഞ്ഞതായി തോന്നി.
മാനേജരുടെ മുന്നിൽ നിന്ന നിൽ‌പ്പിൽ ഞാൻ കരഞ്ഞുപോയി.
നിരാശയോടെ ഇവിടുന്ന് രക്ഷപ്പെടാനൊരു വഴി തേടിയിരിക്കുമ്പോഴാണ് അതിനായൊരവസരം ദൈവം‌തമ്പുരാൻ ഒരുക്കിത്തന്നത്...!?

അതുപക്ഷേ, ഒരു മരണക്കളിയായിരുന്നു.
എന്നും കാലത്ത് ഞാൻ ചെല്ലുമ്പോൾ എനിക്കു മുൻപുള്ള ഡ്യൂട്ടിക്കാരനെ അവിടെ കാണാറില്ല.
ഞാൻ ചെന്നിട്ടേ അയാൾക്ക് പോകാൻ പാടുള്ളു. അവർക്ക് അതൊന്നും ബാധകമല്ലാത്തതു പോലെ. ചിലപ്പോഴൊക്കെ രാത്രിയിൽ പമ്പിംങ് മുടങ്ങി, അവിടം മുഴുവൻ മലിനജലം നിറഞ്ഞിരിക്കും.
ഞാൻ  മോട്ടോർ ശരിയാക്കി പമ്പിംങ് ആരംഭിക്കും. അതോടെ പുറത്തെ മലിനജലം ഭൂമിക്കടിയിലെ ടാങ്കിലേക്ക് തിരിച്ചൊഴുകും. ബാക്കിയുള്ളത് ക്ലോറിൻ പൌഡർ വാരി വിതറി വൈപ്പർ കൊണ്ട് വടിച്ചു കളഞ്ഞ് വൃത്തിയാക്കും.

എനിക്കു മുൻപ് ഡ്യൂട്ടിയിലുള്ള ഫിലിപ്പൈനികൾ ജോലിക്കെത്താതെ, സൂപ്പർവൈസറെ കൂട്ടുപിടിച്ച് അവരുടെ ഫ്ലാറ്റിൽ പോയിക്കിടന്ന് ഉറങ്ങുന്നതാണ് കാരണം. കാലത്തെ ഷിഫ്റ്റിൽ മാത്രമാണ് ആശുപത്രി എഞ്ചിനീയർമാരുടെ ചെക്കിങ് ഉണ്ടാകുന്നത്. അടുത്ത രണ്ടു ഷിഫ്റ്റുകളിൽ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ. ആഴ്ചയിൽ മുക്കവാറും ദിവസങ്ങളിൽ ഇതു തന്നെയാണ് പതിവ്. എങ്കിലും ഒരു വാക്കുതർക്കത്തിന് ഞാൻ നിൽക്കാറില്ല. സൂപ്പർവൈസറോട് പരാതി പറയാൻ മാത്രമേ പറ്റുകയുള്ളു. അതുകൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് ആദ്യം തന്നെ ബോദ്ധ്യമായിരുന്നു.

എന്റെ കണങ്കാലിന്റെയത്ര പൊക്കത്തിൽ മാത്രമേ വെള്ളം ഉണ്ടാകാറുള്ളു. അവിടെയുള്ള ഒരേയൊരു റബ്ബർ ഷൂ എന്റെ മുട്ടുകാലിന്റെയത്ര പൊക്കമുള്ളതാണ്. അതു കാരണം മലിനജലം എന്റെ ശരീരത്തെ നനക്കാറില്ല.
അന്നതായിരുന്നില്ല സ്ഥിതി.
മലിനജലം നിറഞ്ഞു കവിഞ്ഞ് ഗേറ്റും കടന്ന് പുറത്തേക്കൊഴുകിയിരുന്നു.

ഞാൻ ചെല്ലുമ്പോൾ വലിയൊരു ആൾക്കൂട്ടം അവിടെ രൂപപ്പെട്ടിരുന്നു.
ഓരോരുത്തരും അവരവർക്ക് തോന്നിയ ഉപദേശങ്ങൾ തട്ടിവിടുന്നുണ്ട്. ഗേറ്റും കടന്നു പുറത്തേക്കു മലിനജലം ഒഴുകിയാൽ, അകത്ത് എന്റെ അരക്കുമേൽ വെള്ളമുണ്ടാകും.
ഞാൻ ചെല്ലുന്നതുകണ്ട് സൂപ്പർവൈസർ ഫിലിപ്പൈനി ഓടി അടുത്തു.
സ്വതവേ ചുവന്നു തുടുത്ത അവന്റെ മുഖം ഒന്നുകൂടി ചുവപ്പിച്ചു..
അറബികളുൾപ്പടെ നിറഞ്ഞു നിന്ന  ആൾക്കൂട്ടത്തിനിടയിൽ ഷൈൻ ചെയ്യാൻ കിട്ടിയ അവസരം അവൻ പാഴാക്കിയില്ല.
“ ഇതെന്താ ഈ കാണുന്നേ... ഇങ്ങനെയാണൊ നിങ്ങടെ ജോലി... ഇതിനൊക്കെ നിങ്ങൾ സമാധാനം പറയണം...!”
അവന്റെ ശബ്ദത്തിലുള്ള ആക്രോശം കേട്ട് എല്ലാവരും എന്റെ നേരെ തിരിഞ്ഞു.
ഞാൻ നിന്ന നിൽ‌പ്പിൽ വിയർത്തുപോയി.
ഉമിനീർ വറ്റി വരണ്ടു...
അവന്റെ പിറകിലായി ആശുപത്രിയുടെ സൌദി എഞ്ചിനീയറും നിൽക്കുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടിരുന്നു. അവൻ പലപ്പോഴും നല്ല രീതിയിലാണ് എന്നോട് പെരുമാറാറ്.  അതോടെ ഇത് എനിക്കും കിട്ടിയ അവസാന അവസരമാണെന്ന് പെട്ടെന്നൊരു ബോധോദയം...!
എന്നെ കുറ്റപ്പെടുത്തി സൌദി എഞ്ചിനീയറുടെ മുൻപിൽ ആളാകാനുള്ള ഫിലിപ്പൈനിയുടെ ശ്രമം പൊളിച്ചടുക്കേണ്ടത് എന്റേയും ആവശ്യമായി തീർന്നു.
അവൻ തുറന്നു വിട്ട അതേ ശബ്ദത്തിൽ ഞാനും പറഞ്ഞു.
“എനിക്ക് 24 മണിക്കൂർ ഡ്യൂട്ടിയൊന്നും ഇല്ല. ഇന്നലത്തെ എന്റെ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ഇവിടം വളരെ ക്ലീനായിരുന്നു. അത് ഇതിലൂടെ സഞ്ചരിക്കുന്ന നിനക്കും ഓർമ്മയുണ്ടാകും. എനിക്ക് ശേഷം ഡ്യൂട്ടി ചെയ്യുന്നത് നിന്റെ ആളുകളല്ലെ. അവരോട് ചോദിക്ക് ഇവിടെയെന്താ ഇങ്ങനെയെന്ന്...!”
ഇത്രയും ശബ്ദം ഞാനെടുക്കുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
പെട്ടെന്ന് ഒന്നു ചമ്മിയ അവൻ സൌദി എഞിനീയറുടെ മുഖത്തേക്ക് കരുണയോടെ നോക്കി.

അവന്റെ താമസസ്ഥലത്തേക്ക്  ഈ പ്ലാന്റിനകത്തു കൂടി ഒരു എളുപ്പവഴിയുണ്ട്.
അവന്റേയും മറ്റുള്ളവരുടേയും  പോക്കുവരവിനെക്കുറിച്ച് നന്നായി അറിയാമായിരുന്ന ഞാൻ പിന്നിൽ നിൽക്കുന്ന അറബി കേൾക്കത്തക്ക വിധത്തലാണത് പറഞ്ഞത്.
സൂപ്പർവൈസർക്ക് ഉത്തരം മുട്ടിയെന്നറിഞ്ഞ അറബി അവന്റെ സഹായത്തിനെത്തി.
“അതൊക്കെ പോട്ടെ. ഇതിപ്പോൾ എങ്ങനെ ശരിയാക്കും...?”
അതിന് എനിക്കും ഉത്തരമില്ലായിരുന്നു.
താഴെ കിണറ്റിലുള്ള രണ്ടു മോട്ടോർപമ്പും  കേടായിക്കാണും.
അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല.

സൂപ്പർവൈസർ ആരെയോ ഫോണിൽ വിളിച്ചു.
അതിനുശേഷം പറഞ്ഞു.
“പുറത്തു നിന്നും ടാങ്കർ ലോറി കൊണ്ടു വന്ന് വെള്ളം അടിച്ചു വറ്റിക്കേണ്ടി വരും. അതിനു ശേഷം താഴെ കിണറിൽ  കിടക്കുന്ന മോട്ടോർ അഴിച്ചെടുത്ത് റിപ്പയർ ചെയ്താലെ സംഗതി നടക്കൂ...!” സംഭവം കാട്ടുതീ പോലെ നാലുപാടും പാഞ്ഞു.
ഞങ്ങളുടെ മാനേജർ ഉൾപ്പടെയുള്ളവർ  സ്ഥലത്തെത്തി.
ഇനി മൂന്നാലു ദിവസത്തേക്ക് ഇതോടിക്കാനാകില്ല.
അത്രയും ദിവസം ടാങ്കറിൽ വെള്ളം അടിച്ച് വറ്റിക്കേണ്ടി വരും.
അങ്ങനെ തന്നെ നടക്കട്ടെയെന്ന് അറബി എഞ്ചിനീയർ ഉത്തരവിട്ടു.

എന്നാലും ഞങ്ങളുടെ മാനേജർക്ക് അതു വളരെ വിഷമമായി.
ജോലിക്കാരുടെ സൂഷ്മതക്കുറവാണല്ലൊ ഇതിനൊക്കെ കാരണം.
വെള്ളമടിച്ചു വറ്റിക്കാനുള്ള കാശൊക്കെ കമ്പനിക്ക് കൊടുക്കാനുള്ള പണത്തിൽ നിന്നും നല്ലൊരു തുക മാനേജ്മെന്റ്  കട്ടു ചെയ്യും.
എല്ലാവരും പതുക്കെ പിൻ‌വലിയാൻ തുടങ്ങിയപ്പോൾ, മനേജർ ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് എന്നോട് ചോദിച്ചു. ഞാൻ നടന്നിരിക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ വിശദീകരിച്ചു. ഫിലിപ്പൈനികൾ രണ്ടു പേരും ഇന്നലെ ഡ്യൂട്ടിക്കെത്തിയിരിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. വെള്ളത്തിനടിയിൽ കിടക്കുന്ന രണ്ടു മോട്ടോറും കേടായതാണ് കാരണം.
അതു നന്നാക്കാൻ മറ്റൊരു വഴിയുമില്ലേയെന്ന് ചോദ്യത്തിന് ഉത്തരം പറയാൻ ഞാനൊന്നു മടിച്ചു. ഉത്തരം പറഞ്ഞാൽ ഞാൻ തന്നെ അത് ചെയ്യേണ്ടി വരും.
ഇത്രയും വെള്ളത്തിൽ അതൊരു തീക്കളിയാണു താനും...!
‘ ജീവൻ പണയം വച്ചുള്ള കളിക്ക് മുതിരണമോ, ഈ ശമ്പളം തരാത്ത കമ്പനിക്ക് വേണ്ടി’ യെന്ന ആലോചനയിൽ ഒരു നിമിഷം ഞാനെടുത്തു.

എന്റെ ആലോചന കണ്ട അവൻ എന്തോ വഴിയുണ്ടെന്ന് മനസ്സിലാക്കി.
എന്നെ അതിന് നിർബ്ബന്ധിക്കാൻ തുടങ്ങി.
ഇത്രയും വെള്ളത്തിൽ അത് പറ്റില്ലെന്ന്  കാര്യകാരണ സഹിതം  അവനെ പറഞ്ഞുമനസ്സിലാക്കി. എന്നിട്ടും ‘പോയാലും എന്റെ അഛനും അമ്മക്കുമല്ലേ’യെന്ന ചിന്തയാണോന്നറിയില്ല, നിനക്കറിയാവുന്ന വിദ്യ ചെയ്ത് അത് ശരിയാക്കാൻ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.
അവസാനം ഞാൻ പറഞ്ഞു.
“ശരിയായാൽ ഇവിടന്ന് എന്റെ പഴയ  ജോലിയിലേക്ക് പോകാൻ അനുവദിക്കണം...”
അതവൻ  ചാടി സമ്മതിച്ചു.
“ഇന്നു തന്നെ ഞാൻ നിനക്ക് പേപ്പർ തരാം...”
അവനെ ഞാനൊന്നു സൂക്ഷിച്ചു നോക്കി. കാര്യം നടക്കാനുള്ള സൂത്രമാണോ...?
അപ്പോഴവൻ ദൈവത്തെ കൂട്ടുപിടിച്ച് ആണയിട്ടു.
അവന്റെ വാക്കുകൾ അവിശ്വസിക്കേണ്ടതില്ലെന്ന് തോന്നി.
അൻപത് ശതമാനത്തിന്റെ സാദ്ധ്യതയേ ഉള്ളു. എങ്കിലും ഒന്നു പരീക്ഷിക്കാമെന്ന് തോന്നി.

ഇവിടന്ന് രക്ഷപ്പെടാൻ ഇതായിരിക്കും ഒരേയൊരു വഴിയെന്ന്  തോന്നലിൽ ഞാൻ സ്ക്രൂ ഡ്രൈവറും പ്ലെയറുമായി വെള്ളത്തിലേക്കിറങ്ങി.
അതേയുള്ളു ആകെയുള്ള ടൂൾസ്.
മുട്ടുവരെ എത്തുന്ന റബ്ബർ ഷൂ ഇട്ടിട്ടും കാര്യമൊന്നുമില്ല.
ഇതിന്റെയൊക്കെ മെയിന്റനൻസ് ചെയ്യുന്ന ഡിപ്പാർട്ടുമെന്റുകാരുണ്ട്.
ഈ മലിനജലം വറ്റാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന നിലപാടായിരുന്നു അവരുടേത്.
മലിനജലം വറ്റിച്ചു കൊടുക്കേണ്ടത് കമ്പനിയും.

ഏതായാലും ഞാൻ നനച്ചിറങ്ങി, ഇനി കുളിച്ചു കയറാം.
അല്ലെങ്കിൽ കറണ്ടടിച്ച് ശവമായി പെട്ടിയിൽ നാട്ടിലെത്താം...!!?
ആകെയുള്ള ഒരേയൊരു സങ്കടം നാട്ടിൽ കാത്തിരിക്കുന്ന, കണ്ടു കൊതി തീർന്നിട്ടില്ലാത്ത പുതുപ്പെണ്ണിന്റെ മുഖമായിരുന്നു...!
ആകെ പതിനേഴ് ദിവസം മാത്രം പരിചയമുള്ള ആ മുഖം..!!”

സകല ദൈവങ്ങളേയും വിളിച്ച് ഞാനാ മരണക്കളിക്കിറങ്ങുമ്പോൾ, ഞാൻ വിളിച്ച  ദൈവങ്ങൾക്കൊന്നും പ്രവേശനമില്ലാത്ത നാടാണതെന്ന കാര്യം പോലും ഞാൻ മറന്നു പോയിരുന്നു.
മോട്ടോറിന് പ്രത്യേകിച്ച് മാരകമായ കുഴപ്പമൊന്നുമില്ലെങ്കിൽ മാത്രമേ ശരിയാകുകയുള്ളു. അല്ലെങ്കിൽ എന്റെ ഉദ്ദേശ്യം നടക്കില്ല. വെള്ളത്തിനടിയിൽ കിടക്കുന്ന മോട്ടോറായതു കൊണ്ട് കത്തിപ്പോകൽ പോലെയുള്ള മാരകസംഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കുറവാണ്.

ഞാൻ ഇറങ്ങിയിറങ്ങി മലിനജലം എന്റെ നെഞ്ചിനു താഴെ വരെ യെത്തി.
കൈ നനയാതിരിക്കാനായി പൊക്കിപ്പിടിച്ചു.
എന്റെ മുഖത്തിന്റെയത്ര പൊക്കത്തിലാണ് സ്വിച്ച്ബോർഡ്.
സകല മാലിന്യങ്ങളും എന്നു പറഞ്ഞാൽ ഒരു വലിയ ആശുപത്രിയിലെ, ജോലിക്കാരുടെ താമസസ്ഥലത്തെ, രോഗാണുക്കൾ ഉൾപ്പടെയുള്ള സകല മാലിന്യങ്ങളും  കഴുകിക്കളഞ്ഞ വെള്ളം എന്നെ ചുറ്റി വരിഞ്ഞിരിക്കുന്നു. ഞാൻ ഇട്ടിരിക്കുന്ന വസ്ത്രത്തിനും എന്നെ രക്ഷിക്കാനാവില്ല. കിണറുപോലുള്ള താഴത്തെ ടാങ്കിലാണ് സകല മാലിന്യങ്ങളും ആദ്യം എത്തിച്ചേരുക. അതിനകത്തെ രണ്ടു മോട്ടോറും നല്ല ശക്തിയുള്ളതാണ്. അതാണ് നിന്നു പോയത്.

ഇത്തരം സന്ദർഭങ്ങളിൽ ആ മോട്ടോർ രണ്ടൂം, ഒന്നുരണ്ടു പ്രാവശ്യം റിവേഴ്സ് കറക്കിയാൽ തീരാവുന്നതേയുള്ളുവെന്ന സൂത്രം പറഞ്ഞു തന്നത്, മെയിന്റനൻസിലെ മറ്റൊരു മനുഷ്യപ്പറ്റുള്ള ഫിലിപ്പൈനി സുഹൃത്താണ്. അവൻ അതിനുശേഷം നാട്ടിൽ പോയി. അതൊന്നു പരീക്ഷിക്കാനായിട്ടാണ് നെഞ്ചിനു താഴെവരെയുള്ള മലിനജലത്തിലൂടെ എന്റെ  ഈ സാഹസം.

ഒരു തുള്ളി ഉമിനീരു പോലും ഇറക്കാൻ കഴിയുന്നില്ല.
ഇറക്കിയാൽ ആ നിമിഷം ശർദ്ദിക്കും.
കൂടാതെ രൂക്ഷമായ ഗന്ധവും.
മനുഷ്യ വിസർജ്യങ്ങൾ എനിക്കു ചുറ്റും കറങ്ങി നടക്കുന്നു.
വായിലൂറുന്ന ഉമിനീരത്രയും തുപ്പിക്കളഞ്ഞുകൊണ്ടിരുന്നു.
നെഞ്ചിനു നേരെ വരെയുള്ള വെള്ളത്തിൽ കൈ താഴ്ത്താൻ പറ്റില്ല. കൈ നനക്കാനും പാടില്ല.
നെഞ്ചിനരികെ വെള്ളം വന്നപ്പോൾ ഞങ്ങളുടെ മാനേജർക്കൊരു അങ്കലാപ്പ്...?
ഇവനെങ്ങാൻ കറണ്ടടിച്ച് ചത്തു പോയാൽ, താനും അകത്തു കിടക്കേണ്ടി വരുമല്ലൊന്നൊരു തോന്നലിലാവും  എന്നെ തിരിച്ചു വിളിച്ചത്.
ഇവിടന്ന് രക്ഷപ്പെടാൻ ഇതേ വഴിയുള്ളുവെങ്കിൽ, ഞാനത് കേട്ടതായി  ഭാവിച്ചില്ല.

സ്ക്രൂ ലൂസാക്കി വയർ ഊരിയെടുക്കാനായി പ്ലെയർ ഉപയോഗിച്ചതും, വിറക്കുന്ന കയ്യിൽ നിന്നും പിടിവിട്ട്  അത് വെള്ളത്തിൽ മുങ്ങിപ്പോയി. ഇനിയത് എടുക്കാനാവില്ല. എന്റെ കൈ എത്തുകയില്ല. പിന്നെ കൈ കൊണ്ടായി ശ്രമം.
വെള്ളത്തിൽ തൊട്ടില്ലെങ്കിലും, വിയർപ്പിൽ കൈകൾ നനഞ്ഞു കുതിർന്നു.
ഒരു കണക്കിന് ഒരെണ്ണത്തിന്റെ  വയർ മാറ്റിക്കൊടുത്ത്, സകല ദൈവത്തിനേയും വിളിച്ച് ഓണാക്കി.  ശബ്ദമൊന്നും കേൾക്കുന്നില്ലെങ്കിലും ഞാൻ നിൽക്കുന്ന ഭാഗത്ത് ഒരു വിറയൽ വരുന്നത് എന്റെ കാലുകൾ പിടിച്ചെടുത്തു..!
മോട്ടോർ കറങ്ങാൻ ശ്രമിക്കുന്നുണ്ട്...!
ഫലവത്താവുന്നുണ്ടെന്ന് മനസ്സ് പറഞ്ഞു.

ഒന്നു രണ്ടു പ്രാവശ്യം കൂടി ഓടിച്ചു നീക്കി.
വീണ്ടും കണക്ഷൻ പഴയതു പോലാക്കിയിട്ട് ഓണാക്കി.
ഏതാനും  സെക്കന്റുകൾ മാത്രം...
പെട്ടെന്ന് വെള്ളം ശക്തിയായി മുകളിലെ ടാങ്കിലേക്ക് വീഴാൻ തുടങ്ങി...!
അതോടെ കരയിൽ നിന്നും ഒരാരവം ഉയർന്നു...!!
എന്റെ മാനേജരുടെ ആക്രോശം ഞാൻ തിരിച്ചറിഞ്ഞു.
എന്നെ തിരിച്ചു വിളിച്ചവൻ ഇപ്പോൾ ആവേശത്തിലാണ്.
അതോടെ എന്റെ ധൈര്യം ഇരട്ടിച്ചു.

മറ്റെ മോട്ടോറും അതു പോലെ ശരിയാക്കി.
പമ്പിനകത്ത് പ്ലാസ്റ്റിക് കവറുകളൊ മറ്റോ ചുറ്റി മോട്ടോർ സ്റ്റക്കായിപ്പോയതായിരുന്നു കാരണം. റിവേഴ്സ് കറക്കിയപ്പോൾ ആ തടസ്സം നീങ്ങിക്കിട്ടിയിരിക്കും.
അത് എന്റെ ഭാഗ്യം...!  
എങ്കിലും അത്രയും വെള്ളത്തിൽ ആ പണിക്ക് ആരും മുതിരുകയില്ല.
ഇവിടന്ന് രക്ഷപ്പെടാനുള്ള എന്റെ അത്യാഗ്രഹമാണ് എന്നേക്കൊണ്ട് ആ മരണപ്പണി ചെയ്യിപ്പിച്ചത്.

കരയിൽ വന്ന് ബാത്ത് റൂമിൽ കയറി എത്രനേരം സോപ്പിട്ട് കഴുകിയെന്ന് എനിക്കു തന്നെ നിഴ്ചയമില്ല. എന്നിട്ടും അണ്ടകെട്ട മണം പോയില്ല. എന്റെ ശരീരത്തിൽ മലിനജലം തൊട്ടുനിന്ന ഭാഗംവരേയും  ഇരുണ്ട നിറവും ബാധിച്ചു. അത് മലിനജലത്തിലടങ്ങിയിട്ടുള്ള ഏതൊക്കെയോ കെമിക്കൽ ആക്ഷൻ കാരണം സംഭവിച്ചതാണ്.
മണിക്കൂറുകൾ കൊണ്ട് ഫ്ലോറിൽ നിന്നും വെള്ളം താഴോട്ടിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ പോകാനോ, ഭക്ഷണം കഴിക്കാനോ നിൽക്കാതെ നേരെ ഓഫീസ്സിനകത്തേക്ക് കയറിച്ചെന്നു.
മനേജർ എന്നെ നോക്കി പറഞ്ഞു.
“നിനക്ക് പോണമല്ലെ. പൊയ്ക്കോളൂ. ഞാൻ പേപ്പർ തരാം. നീ തനിയെ പൊക്കോളണം. അവിടം വരെയുള്ള ബസ്സ്ച്ചാർജ്ജും തരാം.”
ഞാൻ പറഞ്ഞു.
“ബസ്സ് ചാർജ്ജ് മാത്രം തന്നാൽ എങ്ങനെയാ.. കഴിഞ്ഞ രണ്ടു മാസം ഭക്ഷണം കഴിച്ച കാശ് ഇതുവരെ എന്റെ സുഹൃത്തുക്കൾക്ക് കൊടുത്തിട്ടില്ല. അത് കൊടുക്കാതെ പോകാൻ പറ്റില്ല.
നീ രണ്ടു മാസത്തെ ശമ്പളമെങ്കിലും താ....”
അതിനവന് കഴിയില്ല. എന്റെ പേപ്പറുകളൊക്കെ  അൽ ഗസ്സീമിലേക്ക് പോയതു കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്നായി.
“നിനക്ക് വണ്ടിക്കാശ് തരാമെന്ന് പറഞ്ഞത് എന്റെ പോക്കറ്റിൽ നിന്നാ. കമ്പനിയുടെ അല്ല...”

എങ്കിലും പേപ്പർ കയ്യോടെ വാങ്ങി.
കൂടാതെ പാസ്പ്പോർട്ടും വാങ്ങി പോക്കറ്റിലിട്ടു.
വണ്ടിക്കാശ് തരാമെന്നു പറഞ്ഞതും വാങ്ങി പോക്കറ്റിലാക്കി.
രണ്ടു മൂന്നു ദിവസത്തെ സാവകാശവും ചോദിച്ചു വാങ്ങി.
മുറിയിലെത്തി ഭക്ഷണം കഴിച്ച്, അടുത്ത കൂട്ടുകാരനോട് മാത്രം രണ്ടു മൂന്നു ദിവസം ഇവിടെയുണ്ടാവില്ലെന്ന വിവരം പറഞ്ഞ് പുറത്തിറങ്ങി.
നേരെ എന്റെ പഴയ ലാവണത്തിലേക്ക് പുറപ്പെട്ടു.
അറബിയുടെ വീട്ടിൽ പണിയെടുക്കുന്ന ആത്മസുഹൃത്ത് മൊയ്തുവായിരുന്നു ലക്ഷ്യം...!?

ബാക്കി  ഫെബ്രുവരി 15-ന്.. 

13 comments:

ramanika said...
This comment has been removed by the author.
ramanika said...

പഴയ താവളം
പുതിയ പ്രശ്നങ്ങൾ ഒന്നുംഇല്ലാതിരിക്കട്ടെ !

ആശംസകൾ

Cv Thankappan said...

ഗതികെട്ടവന് കച്ചിത്തുരുമ്പും ആശ്രയം!
അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് ഉല്‍ക്കണ്ഠാകുലമായ മനസ്സോടെയാണ് വായിച്ചുതീര്‍ത്തത്......
നന്മയും,ആത്മാര്‍ത്ഥതയും ഉള്ളവരുടെ വഴിത്താരകള്‍ സുശോഭനമായ് കൊണ്ടേയിരിക്കും!
ആശംസകള്‍

© Mubi said...

തങ്കപ്പന്‍ചേട്ടന്‍ എഴുതിയ പോലെ വായിച്ചുതീരുന്നത് വരെ ആശങ്കയായിരുന്നു. അജ്നബികളുടെ ജീവനു വലിയ വിലയൊന്നുമില്ലല്ലോ... ഒന്ന് പോയാല്‍ വേറൊന്ന്!

പട്ടേപ്പാടം റാംജി said...

ഇത്തരം മരണക്കെണികളില്‍ അറിഞ്ഞുകൊണ്ടും അറിയാതെയും പെടുന്നവര്‍ ധാരാളമാണ് ഇവിടെ. നന്നായി എഴുതി സംഭവം.

keraladasanunni said...

ജീവിതത്തിനും മരണത്തിനുമിടയ്ക്ക് ഏതാനും 
നിമിഷങ്ങള്‍, അതും ഏറ്റവും വൃത്തിഹീനമായ ചുറ്റുപാടില്‍. ഒരു ജന്മം മുഴുവന്‍ കഴിഞ്ഞാലും 
ഇതൊന്നും മറക്കാന്‍ പറ്റില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

മനുഷ്യ വിസർജ്ജങ്ങളുടെ
മാലിന്യങ്ങളടങ്ങിയ വെള്ളത്തിൽ
വെച്ച് സകല ദൈവങ്ങളേയും വിളിച്ച് ഒരുവൻ
ആ മരണക്കളിക്കിറങ്ങുമ്പോൾ, അവൻ വിളിച്ച ദൈവങ്ങൾക്കൊന്നും പ്രവേശനമില്ലാത്ത നാടാണതെന്ന കാര്യം പോലും മറക്കും..
എന്തിന് മധുവിധു തീരും മുമ്പ് തിരിച്ച് പോന്ന.. അവനെ കാത്തിരിക്കുന്ന പ്രേയസിയെ പോലും..!


ജീവൻ പണയം വെച്ച് , ജീവിതം മുട്ടത്തട്ടെത്തിക്കുവാൻ പെടാപാടുപെടുന്ന അനേകരുടെ അനുഭങ്ങളിൽ ഒന്നാണിത്...! !

വീകെ said...

രമണിക:
പ്രശ്നങ്ങളില്ലാത്ത ഒരു സാധാരണക്കാരനും ഗൾഫ് നാടുകളിൽ കാണാനാവില്ല. വായനക്ക് വളരെ നന്ദി.

സിവി. തങ്കപ്പൻ:
അതേ. ഗതികെട്ടവന് കച്ചിത്തുരുമ്പും ആശ്രയമാകും. വായനക്ക് നന്ദി.

മൂബി:
അതേ. നമ്മുടെ ജീവന് ഗൾഫ് നാടുകളിൽ പൊതുവേ അത്ര വിലയൊന്നുമില്ല. ഒന്നു പോയാൽ മറ്റൊന്ന്. വായനക്ക് നന്ദി.

പട്ടേപ്പാടം റാംജി:
ഇത്തരം കെണികളിൽ ചെന്നുപെടാതിരിക്കാൻ ആവില്ല. ജീവിതം നമ്മൾക്ക് വേണ്ടിയല്ലല്ലൊ ജീവിച്ചു തീർക്കുന്നത്. നമ്മളെ കാത്തിരിക്കുന്ന ഒരു പറ്റം വേറേയുമുണ്ടല്ലൊ. അവരുടെ കണ്ണു നനയാതിരിക്കാൻ നാം മരണക്കളി കളിച്ചല്ലേ പറ്റൂ... വായനക്ക് നന്ദി.

കേരളദാസനുണ്ണി:
തീർച്ചയായും. ഒരു ജന്മം കഴിഞ്ഞാലും ഇതൊന്നും മനസ്സിൽ നിന്നും പോകില്ല. ഇപ്പോൾ ഓർക്കുമ്പോൾ ഒക്കെ തമാശയായി തോന്നുമെങ്കിലും... വായനക്ക് നന്ദി.

ബിലാത്തിച്ചേട്ടൻ:
രക്ഷപ്പെടാനുള്ള വെമ്പലിൽ കയ്യിൽ കിട്ടിയ ഒരേയൊരു കച്ചിത്തുരുമ്പായിരുന്നു അത്. അതിനിടക്കെന്തു വിസർജ്ജ്യം, എന്തു വൈറസ്...! തിരിഞ്ഞു നോക്കാതോടുകയേ നിവർത്തിയുള്ളു. വായനക്ക് നന്ദി.

ശ്രീ said...

ഹൊ! മരണക്കളി തന്നെ ആയിരുന്നല്ലേ...


ഇനി അടുത്തതെങ്ങോട്ട്???

വിനുവേട്ടന്‍ said...

എന്റെ അശോകൻ മാഷേ... ഈ ലക്കം വല്ലാത്തൊരു ഉദ്വേഗത്തോടെയാണ് വായിച്ച് തീർത്തത്...

നാട്ടിൽ ഇരുന്ന് നോക്കുന്നവർക്ക് ‘അവൻ പേർഷ്യക്കാരൻ... കാശുകാരൻ...’ ജീവസന്ധാരണത്തിനായി എന്തെല്ലാം അനുഭവിച്ചാലാണ്...! തീക്ഷ്ണമായ അനുഭവങ്ങളിലൂടെയായിരുന്നല്ലോ അശോകൻ മാഷ്‌ടെ യാത്ര മുഴുവനും...

അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു... ആശംസകൾ...

വീകെ said...

ശ്രീ:
ഇത്തരം ജീവന്മരണക്കളികൾ അർബാബ് അറിഞ്ഞുകൊണ്ടും നടത്തേണ്ടി വരാറുണ്ട്. പ്രത്യേകിച്ച് ഡ്രൈവർ ജോലി ചെയ്യുന്നവർ. ലൈസൻസ് ഇല്ലെങ്കിലും ‘ഞാനുണ്ടിവിടെ നീ ധൈര്യമായി ഓടിച്ചോ’ന്നു പറഞ്ഞു വണ്ടിയും കൊടുത്തു വിടുന്നവർ. അവസാനം അവർ ജയിലിൽ എത്തിപ്പെടും. അർബാബ് കൈ മലർത്തും. ഇതൊക്കെ സർവ്വസാധാരണം. വായനക്ക് നന്ദി.

വിനുവേട്ടൻ:
അതെ. ഗൾഫുകാരൻ കശുണ്ടാക്കിയാൽ മതി. അതെങ്ങനെ ഉണ്ടാക്കുന്നുവെന്ന് അർക്കും അറിയേണ്ടതില്ല. അഥവാ ആരെങ്കിലും അതിനേക്കുറിച്ച് പറഞ്ഞാൽ ഉടനെ വരും “ഹോ. ..നിങ്ങടെ ഈ ദാരിദ്ര്യക്കഥകൾ ആർക്കു വേണം’ എന്ന മട്ട്.
വായനക്ക് നന്ദി.

ajith said...

ഈ അദ്ധ്യായം വായിച്ചപ്പോള്‍ മലിനജലടാങ്കര്‍ ഓടിക്കുന്ന ഒരാളിന്റെ കഥ പട്ടേപ്പാടം റാംജി എഴുതിയത് വായിച്ച ഓര്‍മ്മ വന്നു

സുധി അറയ്ക്കൽ said...

വീകേ!!!!!!എനിക്ക്‌ ഭ്രാന്താകുമോന്നാ സംശയം.