Monday 1 February 2010

സ്വപ്നഭുമിയിലേക്ക്.....( 13 )

കഥ തുടരുന്നു...

അവൻ വരുന്നു....!!


അങ്ങനെ കാത്ത് കാത്തിരുന്ന ആ ദിവസം വരാറായെന്ന് ഈജിപ്ഷ്യന്റെ പ്രകടനം എന്നെ ഓർമ്മപ്പെടുത്തി.
‘മാനേജർ‘ എന്ന തന്റെ സ്വപ്നം പൊലിഞ്ഞു പോയെന്ന് അവന് മനസ്സിലായി. അതിന്റെ നിരാശ അവന്റെ മുഖത്ത് നിഴലിച്ചിരുന്നു.

സ്വന്തം പിടിപ്പുകേടു കൊണ്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം അവനില്ലായിരുന്നു. അവന്റെ ഒടുക്കത്തെ ഉറക്കവും, ഭാര്യാ പ്രീണനവും ഈ ഗതിയിലെത്തിച്ചു.

രണ്ടും മൂന്നും ദിവസം കൂടുമ്പോൾ എന്റെ കയ്യിൽ നിന്നും അതുവരെയുള്ള പൈസയും വാങ്ങിക്കൊണ്ടു പോയിരുന്നവൻ, ഭാര്യ വന്നതിനു ശേഷം ആഴ്ചയിലൊരിക്കലും പിന്നെ മാസത്തിലൊരിക്കലും മറ്റുമായി വരവ്. ഭാര്യയുടെ ആഗ്രഹപ്രകാരം കടൽ തീരത്തുള്ള ഒരു വില്ല തന്നെ വാടകക്കെടുത്ത് താമസം തുടങ്ങി.

പുതിയ മാനേജർ വരുന്നതിനു മുൻപ് വരവും ചിലവും തമ്മിൽ പൊരുത്തപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു മൂപ്പിലാൻ..
എത്രയൊക്കെ ശ്രമിച്ചിട്ടും അവർ തമ്മിൽ പൊരുത്തപ്പെട്ടില്ല....!!
ഭാര്യയുടെ സുഖ സൌകര്യങ്ങൾക്കായി ചിലവഴിച്ചത് എങ്ങനെ തിരിച്ചെടുക്കും....?

എല്ലാം പിടിവിട്ടു പോയിയെന്നു തോന്നിയതു കൊണ്ടായിരിക്കും, അവസാന നിമിഷത്തിൽ അവൻ ഭാര്യയെ അവളുടെ നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. വെറും കയ്യോടെയല്ല. അഞ്ഞൂറു കിലോയോളം വരുന്ന ഒരു കാർഗ്ഗോ സഹിതം. ഇവിടത്തെ കല്ലും മണ്ണും ഒന്നുമല്ലല്ലൊ അയച്ചത്.

കാർഗ്ഗൊ അയച്ചതിന്റെ രസീത് അവന്റെ കയ്യിൽ നിന്നും താഴെ വീണത് എനിക്ക് കിട്ടിയിരുന്നു. അവനറിയാതെ അതിന്റെ ഒരു കൊപ്പി എടുത്തുവച്ചിട്ടാണ് ഞാനത് അവന്റെ കയ്യിൽ കൊടുത്തത്.
ഒരു മുൻ‌കരുതൽ.....

അവർ വരുന്ന ദിവസം നേരത്തെ കടയിലെത്തി എല്ലാം തൂത്തു തുടച്ച് വൃത്തിയാക്കിയിട്ടു. അലമാരയിൽ സാധനങ്ങളെല്ലാം ഭംഗിയായി അടുക്കിവച്ചു. എല്ലാം ഒന്നു കൂടി പരിശോധിച്ച് ഉറപ്പു വരുത്തി.

എന്നാലും എന്റെ ഉള്ളിൽ ഒരു പെടപെടപ്പ് കുറച്ചു ദിവസമായിട്ട് കൂട്ടിനുണ്ടായിരുന്നു.
ഇന്നത് ഇരട്ടിച്ചു. നെഞ്ചിടിപ്പ് എനിക്കു തന്നെ വ്യക്തമായി കേൾക്കാം.
വരുന്നവൻ ആരായിരിക്കും...?
അതായിരുന്നു എന്റെ നെഞ്ചിടിപ്പിന്റെ മുഖ്യ കാരണം.
പിന്നെ കിട്ടാനുള്ള എന്റെ ശമ്പള ബാക്കി....

പത്തു മണിയായപ്പോൾ ഈജിപ്ഷ്യൻ കാറുമായി വിമാനത്താവളത്തിലേക്ക് പോയി. ഞാൻ അക്ഷമയോടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു. ഒരിടത്ത് ഒന്നിരിക്കാനൊ നിൽക്കാനൊ വയ്യാത്ത അവസ്ഥയിലായി. മുൻ‌വശത്തെ വാതിൽക്കൽ വന്ന് പുറത്തേക്കും നോക്കി
നിൽ‌പ്പായി....

മുൻ‌വശത്ത് കാർ പാർക്കിങ് അനുവദിച്ചിരുന്നില്ല. അതെല്ലാം പിൻ‌വശത്തെ റോഡിലായിരുന്നു.
ഇനി അവർ അതിലേ വന്നാലൊ..? ഞാൻ അവിടെ പോയി നിന്നു..
ഞാനെന്തിനാണ് ഇത്രക്ക് ടെൻഷനടിക്കുന്നതെന്ന് ഇടക്ക് ചിന്തിക്കുന്നുണ്ടെങ്കിലും അതിൽ നിന്നും ഒരു മോചനം കിട്ടിയില്ല.

വരുന്നവൻ ആരായാലും എന്റെ ഭാവി അവന്റെ കയ്യിലാണല്ലൊ എന്ന ചിന്ത എന്നെ വല്ലാതെ അക്ഷമനാക്കിത്തീർത്തു....!? ഏസിയുടെ തണുപ്പിലും ഞാൻ കുറേശ്ശെ വിയർക്കുന്നുണ്ടായിരുന്നു...
നിമിഷങ്ങൾ ഇഴഞ്ഞിഞ്ഞെ നീങ്ങിയിരുന്നുള്ളു. ഞാൻ ഒരു ചായ ഉണ്ടാക്കി കുടിച്ചിരിക്കുമ്പോഴാണ് അവരുടെ വരവ്.

പിൻ‌വശത്തെ റോഡിൽ, കിളവന്റെ കടയുടെ മുൻപിൽ തന്നെ കാറ് നിറുത്തി അവർ താഴെയിറങ്ങി. ആദ്യമിറങ്ങിയ ആറടിയോളം പൊക്കമുള്ള ആളെ എനിക്ക് പരിചയമുള്ളതാണ്. പല പ്രാവശ്യം അവനിവിടെ വന്നിട്ടുണ്ട്. അവനാണ് എന്നിൽ നിന്നും ഈജിപ്ഷ്യനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോർത്തിയെടുത്ത് തലസ്ഥാനത്തെത്തിച്ചത്.
അവനെ എനിക്കിഷ്ടമാണ്....
നല്ലവനാണ്......
കമ്പനി മുതലാളിയുടെ നാട്ടുകാരനാണ്......
അവൻ പുതിയ ആളെ ചാർജ്ജ് ഏൽ‌പ്പിക്കാൻ വന്നതായിരിക്കും.

രണ്ടാമതിറങ്ങിയ ആളെ പരിചയമില്ല... ആളു കിളവനാണ്... ഒരു കഷണ്ടിക്കാരൻ.... മുഖത്ത് ഒരു സോഡാക്കുപ്പി ഗ്ലാസ്സും... അവനായിരിക്കുമൊ... ?
ഹേയ്... ഒരു മാനേജരെന്നൊക്കെ പറഞ്ഞാ... ഒരു.. ഒരു.. ഗുമ്മൊക്കെ വേണ്ടെ...!!? ഇവനതൊന്നുമില്ല.... ഒരു മണുങ്ങൂസൻ...!! എങ്കിലും ഒരു പാവത്താനെപ്പോലെയാണ് ഇരിക്കുന്നത്.

മൂന്നാമതിറങ്ങിയത് നമ്മുടെ ഈജിപ്ഷ്യനാണ്.
പുതിയതായി അവർ രണ്ടാൾ മാത്രമേയുള്ളു.
അപ്പോൾ ആ കിളവൻ തന്നെ മാനേജർ....!!!

സത്യം പറഞ്ഞാൽ എന്റെ മനസ്സു മടുത്തു.... എന്റെ ഉത്സാഹമൊക്കെ അസ്തമിച്ചു.
അവർ അടുത്തു വന്നതോടെ ഞാൻ വാതിൽ തുറന്നു കൊടുത്തു. അവർ അകത്ത് കയറിയതും പൊക്കം കൂടിയ ആൾ ’ ഹായ്..” പറഞ്ഞു.
ഞാൻ തിരിച്ചും ഹായ് പറഞ്ഞു.
സുഖമാണോന്ന് ചോദിച്ചു.
ഞാൻ സുഖമെന്നു പറഞ്ഞു.

ഈജിപ്ഷ്യനും കഷണ്ടിക്കാരനും എന്നെ ഒന്നു ഗൌനിക്ക കൂടി ചെയ്യാതെ, ഇങ്ങനെ ഒരു മനുഷ്യജീവി അവർക്കായി വാതിലും തുറന്നു പിടിച്ച് നിൽ‌പ്പുണ്ടെന്ന ഒരു തോന്നൽ പോലു മില്ലാതെ മുകളിലേക്ക് കയറിപ്പോയി....!!

എനിക്ക് പരിചയമുള്ള ആൾ കടക്കകത്ത് ഒന്നു ചുറ്റിക്കറങ്ങി. അപ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കി കൊടുത്തു. മറ്റു രണ്ടു പേരുടെ ചാ‍യയുമായി മുകളിൽ പോയി. പുതിയ ആളിന്റടുത്ത് ഈജിപ്ഷ്യൻ എന്നെ പരിചയപ്പെടുത്തി.
അപ്പോഴാണ് അവൻ ‘ഹലോ’ പറഞ്ഞ് എനിക്ക് ‘കൈ‘ തന്നത്.

അവർ രണ്ടു പേരുടേയും സംസാരം കേട്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി....!!
നമ്മുടെ മന്ത്രിമാരു ഞെട്ടുന്നതു പോലെ വെറുതെ മൈക്കിനു മുൻപിൽ നിന്നുള്ള ഒരു ഞെട്ടലല്ല....
ഇത്തിരി ഭീകരമായി തന്നെ ഞേട്ടി...!!!
എങ്ങനെ ഞെട്ടാതിരിക്കും...!!?
ഇവനും ലവന്റെ നാട്ടുകാരൻ തന്നെ....!!?
ഏതൊരുത്തൻ വരരുതെന്നാഗ്രഹിച്ചുവൊ അവൻ തന്നെ....!!?
തനി ഈജിപ്ഷ്യൻ....!!!
“ എന്റെ ദൈവമേ... നീ എന്നെ ചതിച്ചോ...!!!?”
ഞാൻ തലയിൽ കൈ വച്ചു നിന്നു പോയി.

തിരിഞ്ഞ് താഴേക്കിറങ്ങിയത് വളരെ നിരാശനായാണ്....
എല്ലാ പ്രതീക്ഷകളും അസ്തമിച്ച് വാടിത്തളർന്നതു പോലെയായി ഞാൻ...

താഴെ വന്ന് പൊക്കം കൂടിയ ആളുടെ അടുത്തേക്ക് ഞാൻ ചെന്നു. അവൻ അവിടെയെല്ലാം ചുറ്റി നടന്ന് കണ്ടതിനുശേഷം കസേരയിൽ വന്നിരുന്നു.
എതിർ വശത്തെ കസേരയിൽ എന്നോടും ഇരിക്കാൻ പറഞ്ഞു.

“അടുത്തമാസം നമുക്ക് പുതിയ ഒരു കണ്ടെയ്നർ കൂടി വരുന്നുണ്ട്. ഈ പ്രോഡക്റ്റൊന്നും പോരാ... അതവിടെ ദുബായിൽ നിന്നും കേറ്റിക്കൊണ്ടിരിക്കാ... അതിനു മുൻപ് ഈജിപ്ഷ്യനെ ഇവിടന്ന് കെട്ടു കെട്ടിക്കണം...”

അവനത് പറഞ്ഞു തീർന്നതും ഒരു മഹാത്ഭുതം കേട്ടതു പോലെ എന്റെ കണ്ണുകൾ വിടർന്നു.... !! “ഹേയ്... എന്താ നീ പറഞ്ഞത്...?”
ഞാൻ ചോദിച്ചെങ്കിലും പെട്ടെന്നു വറ്റി വരണ്ട തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്കു വന്നില്ല. എന്തൊ ഒരു മുരൾച്ച മാത്രമെ വന്നുള്ളു.

ഞാനൊന്നുമീരിറക്കി തൊണ്ടയൊന്നു നനച്ചിട്ട് വീണ്ടും ചോദിച്ചു.
“ അപ്പൊ പുതിയ മാനേജർ....?”
അവൻ തല ഉയർത്തി കസേരയിൽ ചാരി നിവർന്നിരിന്നിട്ട് പറഞ്ഞു
“ ഞാനാണ് ഇനി മുതൽ ഇവിടത്തെ മാനേജർ.. മാനേജർ മാത്രമല്ല.. ഇതിന്റെ ഒരു പാർട്ണർ കൂടിയാണ്...!!”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ,  ഇടിവെട്ടേറ്റതു പോലെ ഇരുന്നു പോയി...!!!
ഞാൻ മുകളിലേക്ക് കൈ ചൂണ്ടി ചോദിച്ചു.
“ അപ്പോ..ലവൻ. ആ പുതിയവൻ..?“
അവൻ കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ടു പറഞ്ഞു
“അവൻ ഇനി മുതൽ ഇവിടത്തെ കണക്കപിള്ളയാ... അവനും കാണും നമ്മളോടൊപ്പം....!”
അതും പറഞ്ഞവൻ മുകളിലേക്ക് കയറിപ്പോയി.

അപ്രതീക്ഷിത സന്തോഷം എന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുമോന്ന് ഞാൻ ഭയന്നു...!!
ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരു കാര്യം... !!
അതു സത്യമായിരിക്കുന്നു....!!!
ഞാൻ ഇരുന്ന ഇരിപ്പിൽ രണ്ടു കയ്യും നെഞ്ചോടു ചേർത്ത്, നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ കണ്ണുകൾ അടച്ച് മൂകമായി പ്രാർത്ഥിച്ചു.
“ ദൈവമേ.. നീ കാത്തു...!!! നിനക്ക് നൂറ് നൂറ് സ്തുതി...!! നൂറു നൂറു സ്തുതി....!!!
സത്യം, ഞാൻ കരഞ്ഞു പോയി...
മുഖം പൊത്തി കുനിഞ്ഞിരുന്ന് വിമ്മി വിമ്മി കരഞ്ഞു.....


ബാക്കി അടുത്ത പോസ്റ്റിൽ....

20 comments:

എറക്കാടൻ / Erakkadan said...

ചില സമയത്ത്‌ ടെൻഷൻ അടിപ്പിക്കുന്നു

അരുണ്‍ കരിമുട്ടം said...

ബാക്കി കൂടി അറിയാന്‍ ആകാംക്ഷയായി, ആഗ്രഹിച്ച പോലെ പുതിയ മാനേജര്‍ വന്നല്ലോ, ആശ്വാസമായി

Typist | എഴുത്തുകാരി said...

ഞങ്ങള്‍ക്കാണ് ടെന്‍ഷന്‍ ഇനിയെന്തായി എന്നറിയാന്‍.

പട്ടേപ്പാടം റാംജി said...

ഈജിപ്ഷ്യന്‍കാരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. എന്നിട്ട്.....

OAB/ഒഎബി said...

മുഹന്തിസീന്‍ തല്‍ക്കാലം മുഹന്തിസ് ആയി തുടരട്ടെ..
അതോടൊപ്പം കഥയും തുടരട്ടെ. പിന്നെ...

ശ്രീ said...

വായിച്ചപ്പോള്‍ ഒരാശ്വാസം :)

വീകെ said...

എറക്കാടൻ,
അരുൺ കായം‌കുളം,
എഴുത്തുകാരിച്ചേച്ചി,
പട്ടേപാടം രംജി,
ഒഎബി,
ശ്രീ,
ഇതുവഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി...
-----------------------------------

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

സത്യത്തില്‍ എന്റെയും കണ്ണ് നിറഞ്ഞു .. ഈ ഉത്കണ്ട, സംഭ്രമം , പരവേശം എല്ലാം ചെറിയ തോതില്‍ ഞാനും അനുഭവിച്ചിട്ടുണ്ട് ... പിന്നെ കണക്കപിള്ളയെ അങ്ങനെ കൊച്ചാക്കേണ്ട കേട്ടോ .. ചോദിക്കാന്‍ ഞങ്ങള്‍ കുറച്ചു കണക്കപ്പിള്ളമാര്‍ കൂടെയുണ്ടാവും ..

Anil cheleri kumaran said...

തുടരട്ടെ...

the man to walk with said...

...
:)

krishnakumar513 said...

അടുത്തതിനു കാത്തിരിക്കുന്നു...ഒരു യാത്രയിലായിരുന്നതു കൊണ്ട് വായിക്കാ‍ന്‍ താമസിച്ചു.

VEERU said...

സമയപരിധി മൂലം തുടക്കം ചിലയിടത്തു വിട്ടുപോയിട്ടുണ്ട്..എന്നാലും പുതിയതെല്ലാം വായിക്കാറുണ്ട്..നന്നായിട്ടുണ്ട് ആകാംഷയോടെ കാത്തിരിക്കുന്നു ബാക്കികൂടി കേൾക്കാൻ !!

Ashly said...

തൌസന്‍ഡ് തണ്ടറിങ് ടൈഫൂണ്‍സ്..

അറ്റ്‌ ലാസ്റ്റ്‌....ഒരു tension ഇല്ലാത്ത സസ്പന്‍സ്......

jyo.mds said...

താങ്കളുടെ സന്തോഷകണ്ണീര്‍ എന്റേയും കണ്ണ് നിറച്ചു.അങ്ങിനെ ഈജിപ്സ്യനെന്ന ദുര്‍ഘടം നീങ്ങികിട്ടിയല്ലൊ-ആശംസകള്‍

വീകെ said...

ശാരദനിലാവ്, കണക്കപ്പിള്ളമാരെ കൊച്ചാക്കിയിട്ടൊന്നുമില്ലാട്ടൊ...നിങ്ങളൊക്കെ ഒരേ യൂണിയനാണെന്നറിയാം...

കുമാരൻ ജീ, വന്നതിന് നന്ദി.

the man to walk with, വന്നതിന് വളരെ നന്ദി.

krishnakumar513, വളരെ നന്ദി.

VEERU, അഭിപ്രായത്തിന് വളരെ നന്ദി.

Captain Haddock, അഭിപ്രയത്തിന് വളരെ നന്ദി.

jyo, വന്നതിനും അഭിപ്രായത്തിനും വളരെ സന്തോഷം.

കുഞ്ഞൻ said...

എന്താ ഹെഡ്ഡിംഗ്...അവൻ വരുന്നു...ഹൊ ഇതിൽത്തന്നെ പകുതി സസ്പൻസ്..!

ദൈവത്തിനു സ്തുതിന്നാണൊ പറഞ്ഞത് അമ്മേ ഭഗവതീന്നല്ലെ...ഞാനീരാജ്യം വിട്ടൂട്ടൊ

യാത്ര തുടരട്ടെ മാഷെ...

raadha said...

തുടരൂ..

:)

വീകെ said...

കുഞ്ഞൻ ചേട്ടാ....
വന്നതിന് വളരെ നന്ദി...

രാധേച്ചി, വന്നതിന് വളരെ നന്ദി.

വായിക്കാനായി ഇതു വഴി വന്നിട്ടും ഒന്നും മിണ്ടാതെ പോയവർക്കും എന്റെ ഹൃദയംഗമായ നന്ദി.

അഭി said...

:)

ശാന്ത കാവുമ്പായി said...

സന്തോഷിക്കാനുണ്ടായിട്ടും കഴിയുന്നില്ല.അല്ലേ