Sunday 1 September 2013

കഥ.കുളിർമഴ....


ഫോണിന്റെ ബെല്ലടി കേട്ടാണ് ചന്ദ്രൻ ഞെട്ടി  ഉണർന്നത്. അലാറം ആയിരിക്കുമെന്ന് കരുതിയാണ് എഴുന്നേറ്റത്. ഉടനെ ഒരു കട്ടൻ ചായ ഉണ്ടാക്കി ഹാളിൽ വന്നിരുന്നു. ടീവി ഓൺ ചെയ്തിട്ട് ചായ ഊതി ഊതി കുടിക്കുമ്പോഴാണ് അക്കാര്യം ഓർത്തത്.
‘ഇന്നെന്താ ആരും എഴുന്നേൽക്കാഞ്ഞത്... സാധാരണ താൻ എഴുന്നേറ്റു വരുമ്പോൾ തോമസ്സ് ഇവിടെ പേപ്പറും വായിച്ചിരിക്കാറുള്ളതാണല്ലൊ...’
അപ്പോഴാണ് ക്ലോക്കിലേക്ക് നോക്കിയത്. നേരം അഞ്ചുമണി ആകുന്നതേയുള്ളു. ആറരക്ക് വച്ചിരിക്കുന്ന അലാറം പിന്നെങ്ങനെ അഞ്ചിനു മുൻപായി അടിച്ചു...?
സംശയം തീരാനായി മുറിയിൽ ചെന്ന് കട്ടിലിന്റെ തലക്കലെ മോബൈലെടുത്ത് നോക്കി. അതൊരു മിസ്ക്കാളായിരുന്നു.
‘ഈ കൊച്ചു വെളുപ്പാൻ കാലത്ത് ആരായിരിക്കും’  അങ്ങനെ ചിന്തിച്ചതും ഉള്ളൊന്നു നടുങ്ങി.

സുഭദ്രക്ക് ഇത് പത്താം മാസമാണ്. ഇനിയും രണ്ടാഴ്ച കൂടിയുണ്ട് പ്രസവത്തിന്. വേഗം മിസ്ക്കാൾ ഏതെന്നു നോക്കിയപ്പോൾ സുഭദ്ര തന്നെയാണ്. കണ്ടതും വീണ്ടും ഒന്നു നടുങ്ങി. വായിലെ വെള്ളവും വറ്റി. വേഗം ഡയൽ ചെയ്ത് ചെവിയിൽ വച്ച് ഹാളിൽ വന്നിരുന്നു. റിങ് ശബ്ദം കേൾക്കുന്നുണ്ട്. ചായ ചൂടോടെ തന്നെ ഒന്നു രണ്ടു വലി അകത്താക്കിയപ്പോഴേക്കും സഭദ്രയുടെ ശബ്ദം ‘ഹലോ’രൂപത്തിൽ ചെവിയിൽ മുഴങ്ങി.

വെളുപ്പിന് വേദന തോന്നിയപ്പോൾ ഒരു കാറു വിളിച്ച് പോന്നതാണ്. പ്രസവം ഇന്നുണ്ടാകും. ഇനിയും രണ്ടാഴ്ചകൂടി ഉണ്ടല്ലൊയെന്ന ആശ്വാസത്തിലിരിക്കുകയായിരുന്നു ചന്ദ്രൻ. അപ്പോഴേക്കും ശമ്പളവും കിട്ടും. വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടന്നു പോകുമായിരുന്നു. അവളുടെ കയ്യിൽ ഒന്നുമില്ലെന്ന് അറിയാമായിരുന്നു.

രൂപയുടെ വില കുറയുന്ന വാർത്തയ്ക്കായിരുന്നു ചാനലിൽ മുൻ‌തൂക്കം. രൂപയുടെ വില ഇതു പോലെ കുറഞ്ഞാൽ നമ്മുടെ നാട് കുളം തോണ്ടിയതു തന്നെ. അന്നേരമാണ് ചന്ദ്രൻ ഭാര്യയുടെ പ്രസവത്തിന് പൈസ ഒപ്പിക്കേണ്ടതിനെക്കുറിച്ച് ബോധവാനാകുന്നത്.

നേരം വെളുത്തതോടെ ഓരോരുത്തർ എഴുന്നേറ്റ് വരാൻ തുടങ്ങി. ഫ്ലാറ്റിലെ ആരോടും ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. തന്നേപ്പോലെ തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണ് അവരും. ശമ്പളം കിട്ടിയാൽ വാടകയും ഭക്ഷണച്ചിലവും മാത്രം മാറ്റി വച്ചിട്ട് ബാക്കി അപ്പാടെ നാട്ടിലയക്കുന്നവരാണ്. പിന്നെ എന്തു അത്യാവശ്യം വന്നാലും അല്പസ്വല്പമൊക്കെ ആരോടെങ്കിലുമൊക്കെ കടം വാങ്ങി കാര്യം നടത്തും. അധികവും വേണ്ടിവരാറില്ല. ഭക്ഷണ സാധനങ്ങളുൾപ്പടെ എന്തും സാധാരണ കോൾഡ് സ്റ്റോറിൽ കിട്ടും. അവിടെയാണ് എല്ലാവരുടേയും അക്കൌണ്ട്. അതുകൊണ്ട് ശമ്പളം കിട്ടുന്നതു വരേക്കും കയ്യിൽ പൈസയുടെ ആവശ്യം വരുന്നില്ല.

പിന്നെ ചില പുത്തൻ കുറ്റുകാരുണ്ട്. അവർക്ക് സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നൊക്കെ കേട്ടാൽ ഹരമിളകുന്നവർ. അവർക്ക് സാമാന്യം ശമ്പളക്കൂടുതൽ ഉള്ളവരാകും. അവർ അഞ്ചു ദിനാർ തികച്ചു കയ്യിലുണ്ടെങ്കിൽ ഏതെങ്കിലും സൂപ്പർമാർക്കറ്റോ അല്ലെങ്കിൽ ഹൈപ്പർ മാർക്കറ്റോ തേടിപ്പോകും. അങ്ങനെ ഒരാൾ മുറിയിലുണ്ട്. ദിനേശ്.   അവന്റെ കയ്യിലെ കാശ് കാണുകയുള്ളു. അവൻ എഴുന്നേൽക്കണമെങ്കിൽ എട്ടു മണിയെങ്കിലും ആകും. അവന്റെ കയ്യിൽ കാശില്ലാതാകുമ്പോൾ കോൾഡ് സ്റ്റോറിൽ നിന്നും സാധനങ്ങൾ ചന്ദ്രന്റെ അക്കൌണ്ടിൽ കടം വാങ്ങിക്കൊടുക്കാറുള്ളതാണ്. അതുകൊണ്ട് ചോദിച്ചാൽ തരാതിരിക്കില്ല. ആ ഒരു ഉറച്ച വിശ്വാസത്തിലായിരുന്നു ചന്ദ്രൻ.

പ്രാഥമിക പരിപാടികളെല്ലാം കഴിഞ്ഞ് ദിനേശൻ ഉണരുന്നതും നോക്കി അക്ഷമയോടെ ചന്ദ്രൻ കാത്തിരിക്കുമ്പോഴും ഓർമ്മ വരുന്ന നമ്പറുകളിൽ വിളിച്ച് പണം സംഘടിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ആരും കൊടുക്കാൻ തെയ്യാറായില്ല. പലരും ഇല്ലാഞ്ഞിട്ടല്ല കൊടുക്കാതിരുന്നത്. ചന്ദ്രൻ മേടിച്ചാൽ കൊടുക്കാത്തവനുമല്ല. കയ്യിലുള്ളത് സ്വരുക്കൂട്ടി കാത്തു വച്ചിരിക്കുകയാണ് പലരും. ഡോളറുമായി രൂപയുടെ വില കുറയുന്നതും കാത്തിരിക്കുകയാണ്. ഡോളറിന് എഴുപതാകുമെന്ന് ഏതോ ഒരു യൂറോപ്യൻ പറഞ്ഞെന്നും പറഞ്ഞാ ടീവിയിലെ തത്സമയ വാർത്തയും നോക്കിയിരിപ്പ്. ഡോളറിന് അറുപതായപ്പോഴേ കിട്ടാവുന്നത്ര സംഘടിപ്പിച്ച് അയച്ചവരൊക്കെ പറ്റിയ മണ്ടത്തരത്തിന് ഇപ്പോൾ വ്യസനിക്കുകയാണ്.

ഇപ്പോൾ ഒരാളും കടമായി പണം കൊടുക്കില്ലെന്ന തിരിച്ചറിവ് മൂന്നാലു ഫോൺ വിളി കഴിഞ്ഞപ്പോഴേ ചന്ദ്രന് മനസ്സിലായി. ഇനി ആകെ ഒരു പ്രതീക്ഷ ദിനേശിലാണ്.  അവന് എന്തായാലും തന്നെ സഹായിക്കാതിരിക്കാനാവില്ല. പിന്നെ എഴുന്നേറ്റ് വന്നത് രാജേട്ടനാണ്. വിവരം പറഞ്ഞപ്പോൾ തന്നെ രാജേട്ടൻ പറഞ്ഞു.
“ഈ സമയത്ത് ഒരാളും കടം തരില്ല. പലിശക്കു പോലും കടം കൊടുക്കുന്നില്ല. ആരോടും ചോദിച്ചിട്ട് കാര്യമില്ല. താൻ കമ്പനിയിൽ നിന്നു തന്നെ ശമ്പളം അഡ്വാൻസ് വാങ്ങാൻ പറ്റുമോന്ന് നോക്ക്.”
കുറച്ച് കഴിഞ്ഞ് രാജൻ രഹസ്യമായി ചന്ദ്രന്റെ ചെവിയിൽ പറഞ്ഞു.
“ദിനേശന്റെ കയ്യിൽ കാശുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം അവൻ ഇതുവരെ അയച്ചിട്ടില്ല. ഞാനൊരുമിച്ചാ മിനിഞ്ഞാന്നു കാശയക്കാൻ പോയത്. അവിടെ ചെന്നപ്പോൾ അവന്റെ കൂട്ടുകാരൻ ഒരാൾ അതിനകത്തുണ്ടായിരുന്നു. അവൻ പറഞ്ഞു രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് അയച്ചാൽ മതിയെന്ന്. ഇനിയും റേറ്റ് കുറയാൻ സാദ്ധ്യതയുണ്ടെന്ന്. അതു കാരണം അവൻ അയച്ചില്ലെന്ന് മാത്രമല്ല, ഒരു മാസത്തെ ശമ്പളം കൂടി  അഡ്വാൻസും വാങ്ങി കയ്യിൽ വച്ചിട്ടുണ്ട്. ഞാൻ പറഞ്ഞെന്ന് പറയണ്ട...!”
അതു കൂടി കേട്ടതോടെ ചന്ദ്രൻ ആശ്വാസം കൊണ്ടു.

എട്ട് മണി കഴിഞ്ഞിരുന്നു ദിനേശ് എഴുന്നേറ്റ് വരുമ്പോൾ. വന്നപടി ബാത്ത് റൂമിലേക്ക് ചെന്നെങ്കിലും രാജേട്ടൻ അകത്തുണ്ടായിരുന്നതു കൊണ്ട് നേരെ അടുക്കളയിലേക്ക് ചായ തിളപ്പിക്കാനായി കയറി. തൊട്ടു പിറകെ ചന്ദ്രനും എത്തി. അടുക്കളയിൽ വച്ച് ചന്ദ്രൻ പറഞ്ഞു. “ദിനേശെ... ഞാനൊരുത്തിരി ടെൻഷനിലാ... രണ്ടാഴ്ച കഴിഞ്ഞിട്ടേ പ്രസവമുണ്ടാകുള്ളൂന്ന് പറഞ്ഞിട്ട് ഇന്ന് വെളുപ്പിന് ആശുപത്രിയിൽ അഡ്മിറ്റാക്കി. ഇന്നു തന്നെ പ്രസവമുണ്ടാകുമെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നേ... പെട്ടെന്ന് ആശുപത്രിയിൽ വല്ലതും കെട്ടി വക്കേണ്ടി വന്നാൽ അവളുടെ കയ്യിൽ അതിനുള്ള കാശുണ്ടാകാൻ വഴിയില്ല. ശബളം കിട്ടാൻ രണ്ടാഴ്ച കൂടിയില്ലെ. നീയെന്നെ ഒന്നു സഹായിക്കണം. ഒരു നൂറു ദിനാർ തരണം. ശമ്പളം കിട്ടിയാൽ ഉടൻ തരാം...” പ്രതീക്ഷാപൂർവ്വമുള്ള അവസാന കച്ചിത്തുരുമ്പായ ആ ശബ്ദത്തിന് ഏതു കഠിനഹൃദയന്റേയും കരളുരുക്കാനുള്ള ഹൃദയദ്രവീകരണ ടോൺ ആയിരുന്നു.
പക്ഷേ, ആ ഹൃദയമില്ലാത്തവന് കരളേയില്ലായിരുന്നു. കേട്ടതു പടി അവൻ പറഞ്ഞു.
“അയ്യോ... ചന്ദ്രേട്ടാ... ഞാൻ ഉണ്ടായിരുന്ന കാശു മുഴുവൻ ബാങ്കിലേക്കയച്ചു രണ്ടു ദിവസം മുൻപ്. ഡോളറിന് അറുപത് രൂപ  ആയില്ലെ അന്ന് തന്നെ....”

പിന്നീടവൻ മുഖം തിരിച്ച് ചായക്ക് വെള്ളം അടുപ്പത്ത് വക്കാൻ തുടങ്ങി. ചന്ദ്രനു നേരെ മുഖം കൊടുത്തില്ല. അതു മനസ്സിലായ ചന്ദ്രൻ തിരിഞ്ഞു നടന്നു. ആ കണ്ണുകൾ അവസാന കച്ചിത്തുരുമ്പും കൈ വിട്ടതോടെ നിറയാൻ തുടങ്ങി. ബാത്ത് റൂമിൽ നിന്നും ഇറങ്ങി വന്ന രാജന്  ചന്ദ്രന്റെ മുഖം കണ്ടതും ദിനേശനും കൈവിട്ടെന്ന് ബോദ്ധ്യമായി.

അകത്ത് ബെഡ്ഡിൽ പോയി കിടന്ന  ചന്ദ്രന്റടുത്തേക്ക് രാജനും ചെന്ന് കട്ടിലിലിരുന്നു.
രാജൻ പറഞ്ഞു.
“ഇന്നു തന്നെ അയക്കണ്ടെ. നാളത്തേക്കാണെങ്കിൽ എന്റെ കമ്പനിയിൽ നിന്നും അറബി സുഹൃത്തുക്കളോടാരോടെങ്കിലും കടം വാങ്ങിക്കാമായിരുന്നു. എനിക്കിന്നോഫാ... ”
 “പറഞ്ഞിട്ട് കാര്യമില്ല രാജേട്ടാ... രൂപക്ക് വില കുറയുമ്പോൾ  മനുഷ്യത്വം പോലും മരവിക്കുന്നു. ഇതുവരെ കാണിച്ച സ്നേഹം,ദയ, കാരുണ്യം ഒന്നിനും കണ്ണും കാതും ഇല്ലാതാകുന്നു.  ഇനി കമ്പനിയിൽ മാനേജരോട് ചോദിച്ചു നോക്കണം. അതും എനിക്ക് സംശയമാ.. കാരണം കമ്പനിയിലെ രണ്ടിന്റ്യൻസും ഇതിനകം ലോൺ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. അവർക്ക് അത്യാവശ്യമുണ്ടായിട്ടല്ല,  രൂപയുടെ മൂല്യം കുറഞ്ഞത് മുതലാക്കാനായിരുന്നെന്ന് മാനേജർക്ക് മനസ്സിലായി. അതു കൊണ്ടാ ചോദിച്ചാൽ കിട്ടുമോന്ന് എനിക്കും ഒരു സംശയം...”
“ഇനി കിട്ടിയാലും ഇന്നു തന്നെ എങ്ങനെ നാട്ടിലെത്തിക്കും...” രാജൻ
“അതും ഒരു പ്രശ്നമാ.. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് പണമെത്തിക്കാനുള്ള നേരായ സംവിധാനങ്ങളൊന്നും നിലവിലില്ലല്ലൊ..”
“പിന്നെ ‘ഉണ്ടി’യിൽ അയക്കേണ്ടി വരും. ആ കോൾഡ് സ്റ്റോറിലെ മജീദിന്റടുത്ത്  കൊടുത്താൽ മതി. ഫോൺ ചെയ്ത് അവൻ കാശ് ആശുപത്രിയിൽ എത്തിച്ചോളും അപ്പോൾ തന്നെ....”
ചന്ദ്രൻ തലകുലുക്കിയിട്ട് ഡ്രെസ്സ് ചെയ്യാനായി  എഴുന്നേറ്റതും രാജൻ ഓർമ്മിപ്പിച്ചു
"അഥവാ... കമ്പനിയിൽ നിന്നും കാശു കിട്ടിയില്ലെങ്കിൽ വിഷമിക്കണ്ട. എന്നെ വിളിച്ച് പറഞ്ഞാൽ മതി. മജീദിക്കാന്റെ അടുത്ത് കാശ് ഇന്നു തന്നെ ആശുപത്രിയിലെത്തിക്കാൻ ഏർപ്പാടാക്കാം. നാളെ ഞാൻ പൈസ ശരിയാക്കി കൊടുത്തോളാം....!”

നമ്മൾ സഹായിച്ചിട്ടുള്ളവരൊന്നും ഒരാവശ്യം വരുമ്പോൾ കൂടെ ഉണ്ടാവണമെന്നില്ല. പകരം നമ്മൾക്ക് ഒരു പരിചയവുമില്ലാത്തവരാകും പലപ്പോഴും ഓടിയെത്തുക. ഒരു കുളിർമഴ പെയ്ത  മനസ്സുമായി ചന്ദ്രൻ പുറത്തിറങ്ങി നടന്നു....

33 comments:

വീകെ said...

' രൂപക്ക് വില കുറയുമ്പോൾ മനുഷ്യത്വം പോലും മരവിക്കുന്നു. ഇതുവരെ കാണിച്ച സ്നേഹം,ദയ, കാരുണ്യം ഒന്നിനും കണ്ണും കാതും ഇല്ലാതാകുന്നു.'

Echmukutty said...

വില പിടിച്ച പണം.. അല്ലേ?

Pradeep Kumar said...

ഒരു പരിചയവുമില്ലാത്തവരാകും നമ്മളെ സഹായിക്കാന്‍ പലപ്പോഴും ഓടിയെത്തുക..... കഥ അവസാനിപ്പിച്ചിടത്ത് പറഞ്ഞ ഈ വാക്കുകള്‍ എന്റെയുംകൂടി അനുഭവമാണ്....

മാനവഹൃദയങ്ങള്‍ ധനമൂല്യത്തിന്റെ ഗ്രാഫിനോടോപ്പം ഉയരുകയും താഴുകയും ചെയ്യുന്ന കാഴ്ച ഇവിടെ കണ്ടു....

പൈമ said...


കാലികമായ പോസ്റ്റ്‌...
മനസിലെ വിഷമം വരികളിലേക്ക്
പകർത്താൻ ശരിക്കും കഴിഞ്ഞു ....
ഭാവുകങ്ങൾ .....എല്ലാത്തിനും കാവൽ അവൻ ഉണ്ട്

ajith said...

നമ്മൾ സഹായിച്ചിട്ടുള്ളവരൊന്നും ഒരാവശ്യം വരുമ്പോൾ കൂടെ ഉണ്ടാവണമെന്നില്ല. പകരം നമ്മൾക്ക് ഒരു പരിചയവുമില്ലാത്തവരാകും പലപ്പോഴും ഓടിയെത്തുക

സത്യം
എത്രയോ അനുഭവങ്ങള്‍!!

Cv Thankappan said...

ഗുണപാഠമുള്‍കൊള്ളുന്ന നല്ലൊരു കഥ.
ആപല്‍ഘട്ടങ്ങളില്‍ സഹായിക്കാന്‍ എത്തുന്നവരാണ് യഥാര്‍ത്ഥ ദൈവദൂതന്മാര്‍.
പക്ഷെ,കാര്യംകഴിഞ്ഞാല്‍ അതെല്ലാം മറക്കുന്നു എന്നതാണ്‌ പരക്കെ.....
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇത് കഥയല്ല..ആരുടെയൊക്കെയോ അനുഭവമായിരിക്കാം..
ചന്ദ്രന്റെ ഒപ്പം മനസ്സും ഉല്‍ക്കണ്ഠയോടെ സഞ്ചരിച്ചു.
ആ നിസ്സഹായത അനുഭവിക്കുകയും ചെയ്തു.ആശംസകളോടെ..

Unknown said...

toching story,congratulation...

വീകെ said...

എഛ്മുക്കുട്ടി: പണത്തിന്റെ വില ഒരിക്കലും കുറയില്ലല്ലൊ,രൂപയ്ക്ക് കുറഞ്ഞാലും. നന്ദി.
പ്രദീപ്കുമാർ: എന്റേയും അനുഭവം അതു തന്നെയാണ്. നന്ദി.
പൈമ: വായനക്ക് നന്ദി.
അജിത്: നമ്മൾക്ക് ചെയ്യാനുള്ളത് നാം ചെയ്യണം. ഫലം എവിടെന്നെങ്കിലും ആവശ്യ സമയത്ത് കിട്ടിക്കോളും. നന്ദി. സിവി.തങ്കപ്പൻ:ശരിയാണ്. പക്ഷെ,നമ്മൾ തിരിച്ചു പ്രതീക്ഷിക്കുമ്പോഴാണ് വിഷമം തോന്നുന്നത്. നന്ദി.
മുഹമ്മദ് ആറങ്ങോട്ടുകര: ഏതൊരു കഥകളിലും ഓരോ ജീവിതാനുഭവങ്ങളുടെ കയ്യൊപ്പുകൾ എവിടെയെങ്കിലുമൊക്കെ കാണും. നന്ദി. unknown: thanks.

ശ്രീ said...

ശരിയാണ് മാഷേ... മിക്കപ്പോഴും ഇത്തരം അത്യാസന്ന ഘട്ടങ്ങളില്‍ ഒരു പരിചയവുമില്ലാത്തവരായിരിയ്ക്കും സഹായിയ്ക്കാന്‍ മുന്നോട്ടു വരുന്നത്.

രൂപയുടെ പോക്ക് എങ്ങോട്ടാണാവോ...!!!

drpmalankot said...

കഥ സംഭവ്യം തന്നെ. പണത്തിന്റെ വില - മനുഷ്യസ്നേഹത്തിന്റെ വില - എല്ലാം ആരും ചിന്തിച്ചുപോകും.
ആശംസകൾ

drpmalankot said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

സൗഹൃദം വേറെ കാശു വേറെ, അല്ലെ..? :( :(

Muralee Mukundan , ബിലാത്തിപട്ടണം said...

കഥയല്ലയിത് പ്രവാസിയുടെ
ജീവിതാനുഭത്തിൽ നിന്നും അടർത്തിയെടുത്ത സന്ദർഭങ്ങളിൽ ചിലത്..!
രൂപക്ക് വില കുറയുമ്പോൾ
മനുഷ്യത്വം പോലും മരവിക്കുന്നു...
ഇതുവരെ കാണിച്ച സ്നേഹം,ദയ, കാരുണ്യം
ഒന്നിനും കണ്ണും കാതും ഇല്ലാതാകുന്നു....
രൂപയുടെ മൂല്യം കുറയുന്നതിനോടൊപ്പം
എല്ലാ മാനുഷിക മൂല്ല്യങ്ങളും കുറഞ്ഞു പോകുന്ന
ശരിയായ അവസ്ഥാവിശേഷം ..!

Anitha Premkumar said...

രൂപയുടെ മൂല്ല്യത്തിനോപ്പം അത് മുതലെടുക്കുന്നവരുടെയും മൂല്ല്യം കുറയുന്നു--നാടോടുമ്പോള്‍ നടുവേ എന്നല്ലേ? ആശംസകള്‍ ---നന്നായി എഴുതി--

(എന്നാലും ചന്ദ്രാ-- പത്താം മാസം തുടങ്ങിയാപ്പിന്നെ വെറും ഏഴു ദിവസമാണ് ഡേറ്റ്ന് ഉള്ളത്. അത് രണ്ടാഴ്ച എന്ന് കരുതിയതും അബദ്ധായില്ലേ?( 9 MONTHS+ 7 DAYS ആണ് സാധാരണ ഡെലിവറി ഡേറ്റ് ആയി കണക്കു കൂട്ടുന്നത്‌--))

ബൈജു മണിയങ്കാല said...

വില ഇടിയുന്നത് രൂപക്കോ മനുഷ്യത്വതിനോ? കഥ അല്ല ഇത് നടക്കുന്ന സംഭവം നടന്നുകൊണ്ടിരിക്കുന്ന സത്യം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കല്യാണം ആലോചിക്കുമ്പോൾ പറയാറുള്ള ഒരു വാചകവും ഇക്കഥയുമായി കൂട്ടി വായിക്കാം അല്ലെ ? " നാം സ്നേഹിക്കുന്നവരെ അല്ല വിവാഹം കഴിക്കേണ്ടത് , നമ്മളെ സ്നേഹിക്കുന്നവരെ ആണ്"

വീകെ said...

ശ്രീ: എന്റേയും അനുഭവം അങ്ങനെയാണ്. രൂപ ദാ ഇന്നും താഴോട്ട്... താഴോട്ട്...!?
ഡോ.പി മാലങ്കോട്: ആദ്യമായ വരവിനും വായനക്കും വളരെ നന്ദി.
റോസാപ്പൂക്കൾ:തീർച്ചയായും. പണത്തിനു മീതെ പരുന്തും പറക്കില്ലെന്നല്ലെ ചൊല്ല്.
ബിലാത്തിച്ചേട്ടൻ: അഭിപ്രായത്തിന് വളരെ നന്ദി.
അനിത: ചേച്ചി അത് പറയുന്നതു വരേക്കും ഞാനത് ശ്രദ്ധിച്ചില്ലെന്നത് നേര്. എങ്കിലും അത് തിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. തിരുത്തിയാൽ ചേച്ചിയുടെ കമന്റിന് വിലയില്ലാതാവില്ലെ.
മാത്രമല്ല, ഒരുവിധപ്പെട്ട സ്ത്രീകളെല്ലാം പറയുന്നത് പോലെ-പത്തു മാസം ചുമന്ന് നൊന്തു നോറ്റ് പ്രസവിച്ച- സിസ്സേറിയൻ നടത്തിയവരും ഇത് തന്നെ പറയുമ്പോൾ, അതിൽ ശരിയുടെ അംശം എത്രയുണ്ടെന്ന് കേൾക്കുന്നവർക്കും അറിയാമെങ്കിലും ആരും അത് തിരുത്തി-9 മാസമല്ലെ ചുമന്നുള്ളുവെന്ന് പറയുന്നത് കേട്ടിട്ടില്ല. അതു പോലെ ഒരു തമാശയായി ഇതും കരുതാം നമ്മൾക്ക്.

വിലയേറിയ ഈ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിന് വളരെ നന്ദി അനിതേച്ചി.

വീകെ said...

ബൈജു മണയങ്കാല: വില ഇടിയുന്നത് മനുഷ്യന് തന്നെ. ആദ്യമായ ഈ വരവിന് വളരെ നന്ദി.
ഇൻഡ്യാഹെറിറ്റേജ്: പണിക്കർജീ അഭിപ്രായത്തിന് വളരെ നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ വികെ ജി പത്ത് മാസം എന്നു പറയുന്നത് പഴയ കണക്കാണ് ചാന്ദ്രമാസം വച്ച്. 27 ദിവസങ്ങൾ വീതം ഉള്ള പത്ത്മാസം. 270 ദിവസം  

പാശ്ചാത്യർ വന്നപ്പോൾ നമ്മൾ നമ്മളെ മറന്നു പോയതാ പേടിക്കണ്ടാ 30 ദിവസം ഉള്ള 9 ആയാലും ദിവസം 270 തന്നെ പിന്നെ അങ്ങോട്ടൊ ഇങ്ങോട്ടൊ 10-14 ദിവസം മാറുന്നത്  ,ഉകളിൽ ഇരിക്കുന്നവന്റെ കളി - കൃത്യമാക്കണം എങ്കിൽ കീറി എടുക്കേണ്ടിവരും

വീകെ said...

ഇൻഡ്യാഹെറിറ്റേജ്: ശരിക്കും പറഞ്ഞാൽ 9 മാസമെയുള്ളു. മിക്കവാറും അതിനു മുൻപേ തന്നെ പല കാരണങ്ങൾ കൊണ്ടും പ്രസവിക്കും. എന്നാലും നമ്മുടെ ആ പഴയ പല്ലവിക്ക് മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല.

ഞാൻ എഴുതിയ പത്താം മാസമാണ് ഇത്. രണ്ടാഴ്ച കൂടി കഴിഞ്ഞെ പ്രസവമുണ്ടാകുവെന്ന് പറഞ്ഞത് മഹാ മണ്ടത്തരമായിപ്പോയി ഇല്ലേ..? വിശദമായി എഴുതിയതിന് ഒരിക്കൽ കൂടി നന്ദി പണിക്കർജീ. അതു പോലെ അനിതേച്ചിക്കും നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദേ കിടക്കുന്നു
ചാന്ദ്രമാസം വച്ചായിരുന്നു പഴയ കണക്കുകൾ
അതിൽ 10 മാസം തന്നെ ആണ് 270 ദിവസം

പിന്നെ പഴയ കാലത്ത് (?) കുട്ടികൾ വേണം എന്നുള്ളവർ ബന്ധപ്പെടൂന്നതും ഒക്കെ കണക്കു കൂട്ടി ആയിരുന്നില്ലെ - ഹ ഹ ഹ അപ്പോൾ അവർക്ക് ദിവസം കണക്കു കൂട്ടാൻ പറ്റുമായിരുന്നിരിക്കും.

പിന്നെ രണ്ടാഴ്ച്ച കഴിഞ്ഞ് എന്നു പറഞ്ഞത് എങ്ങനെ ആണ് മണ്ടത്തരം ആകുന്നത്? അത് മനസിലായില്ല.

വീകെ said...

ഇപ്പോഴത്തെ കാലത്ത് പത്ത് മാസം എന്ന് ആരു പറഞ്ഞാലും ഇംഗ്ലീഷ് കലണ്ടർ അനുസരിച്ചുള്ള 30 ദിവസം വച്ചല്ലെ കണക്കു കൂട്ടുക. അതു കൊണ്ടാണ് മണ്ടത്തരമായെന്ന് പറഞ്ഞത്. ഗർഭം പത്തുമാസം എന്നു പറഞ്ഞാൽ ചാന്ദ്രമാസം തന്നെ.

[അന്നെതെഴുതുമ്പോൾ ഈ ചാന്ദ്രമാസത്തിന്റെ അറിവ് എനിക്കും ഉണ്ടായിരുന്നില്ലാട്ടൊ. ആരോടും പറയണ്ട]
നന്ദി മാഷെ.

ശാന്ത കാവുമ്പായി said...

അല്ലെങ്കിലും പ്രതീക്ഷിച്ചവര്‍ സഹായിക്കില്ല. ആരെങ്കിലും സഹായിക്കും എന്നു പ്രതീക്ഷിക്കാം.

ഉബൈദ് said...

ഉയരുന്ന മൂല്യങ്ങൾ താഴുന്ന മൂല്യങ്ങൾ

വീകെ said...

ശാന്ത കാവുമ്പായി: തിരിച്ച് പ്രതിഫലം പ്രതീക്ഷിച്ച് ഒരാളെ അവരുടെ നിസ്സഹായാവസ്ഥയിൽ സഹായിക്കുന്നത് മനോവിഷമത്തിനിടയാക്കും. പകരം നമ്മുടെ നിസ്സഹായാവസ്ഥയിൽ ഒരു ബന്ധവുമില്ലാത്തവരാകും പലപ്പോഴും ഓടിയെത്തുക. നന്ദി ചേച്ചി.
ഉബൈദ്: രൂപയുടെ മൂല്യത്തകർച്ചയിലധിഷ്ഠിതമാണ് മറ്റു പല മൂല്യങ്ങളുമെന്ന് പറയേണ്ടി വരുന്നത് സങ്കടകരമാണ്. പണ്ടൊന്നും അങ്ങനെ ആയിരുന്നില്ല.

തുമ്പി said...

എവിടെയെങ്കിലും ഒരു വഴിവിളക്കുണ്ടാവും..

Unknown said...

പരിചയവുമില്ലാത്തവരാകും പലപ്പോഴും മനസ്സിൽ കുളിർമഴ പെയ്യിക്കുക. നല്ല കഥ ആശംസകൾ !

ആഷിക്ക് തിരൂര്‍ said...

നമ്മൾ സഹായിച്ചിട്ടുള്ളവരൊന്നും ഒരാവശ്യം വരുമ്പോൾ കൂടെ ഉണ്ടാവണമെന്നില്ല. പകരം നമ്മൾക്ക് ഒരു പരിചയവുമില്ലാത്തവരാകും പലപ്പോഴും ഓടിയെത്തുക...
ഗുണപാഠമുള്‍കൊള്ളുന്ന നല്ലൊരു കഥ. .. ഒറ്റയിരിപ്പിനു വായിച്ചു തീർത്തു..
വീണ്ടും വരാം ......
സസ്നേഹം ,
ആഷിക്ക് തിരൂർ

വീകെ said...

തുമ്പി: അതുപിന്നെ ഒരു കുഴിക്കപ്പുറം ഒരു കുന്ന് കാണാതിരിക്കുമോ.. നന്ദി.
ഗിരീഷ് Ks: വന്നതിന് നന്ദി.
ആഷിഷ് തിരൂർ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

മിനി പി സി said...

പലപ്പോഴും അങ്ങനെയാണ് അപ്രതീക്ഷിതമായ ഇടങ്ങളില്‍ നിന്നാവും സ്നേഹവും സഹായവുമൊക്കെ നമ്മെ തേടിയെത്തുക ......സര്‍ ആശംസകള്‍ !

വീകെ said...

മിനി പിസി: വായനക്ക് വളരെ നന്ദി.

ഇതിലെ വന്നിട്ടും ഒന്നും പറയാതെ നിശ്ശബ്ദം വായിച്ച് കടന്നുപോയ മറ്റുള്ളവർക്കും എന്റെ ഹൃദയംഗമമായ നന്ദി ഇവിടെ കുറിക്കുന്നു.

unais said...

നമ്മൾ സഹായിച്ചിട്ടുള്ളവരൊന്നും ഒരാവശ്യം വരുമ്പോൾ കൂടെ ഉണ്ടാവണമെന്നില്ല. പകരം നമ്മൾക്ക് ഒരു പരിചയവുമില്ലാത്തവരാകും.
നേരാണ്..