Monday 15 February 2010

സ്വപ്നഭൂമിയിലേക്ക്.... ( 14 )

നിങ്ങൾ വായിച്ചു നിറുത്തിയത്...

ഞാൻ ഇരുന്ന ഇരിപ്പിൽ രണ്ടു കയ്യും എന്റെ നെഞ്ചോടു ചേർത്ത്, നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ കണ്ണുകൾ അടച്ച് മൂകമായി പ്രാർത്ഥിച്ചു.
“ ദൈവമേ.. നീ കാത്തു...!!! നിനക്ക് നൂറ് നൂറ് സ്തുതി...!! നൂറു നൂറു സ്തുതി....!!!
സത്യം, ഞാൻ കരഞ്ഞു പോയി...
മുഖം പൊത്തി കുനിഞ്ഞിരുന്ന് വിമ്മി വിമ്മി കരഞ്ഞു.....

തുടർന്നു വായിക്കുക.....

പിടിച്ചുപറി....


ആ സന്തോഷം എനിക്ക് തടുത്ത് നിറുത്താനായില്ല....
വലിയ സന്തോഷം വന്നാലും കരയുമെന്ന് അന്ന് ഞാനദ്യമായറിഞ്ഞു..... !
ഇനി ഇവനാണു എന്റെ ബോസ്...!!
അതെ, ഇനി അവനെ അങ്ങനെ വിളിക്കാം.
ബോസ്...!‘
എസ് ബോസ്...!!‘
ഞാൻ പിന്നെയും പിന്നെയും അതു തന്നെ പറഞ്ഞുകൊണ്ടിരുന്നു.....

ദിവസങ്ങൾ കഴിയവെ കണക്കുകൾ ഏറെക്കുറെ വെളിപ്പെട്ടു തുടങ്ങി. ഈജിപ്ഷ്യന്റെ കണക്കുമായി പൊരുത്തപ്പെടുന്നതല്ല കണക്കപ്പിള്ളയുടെ കണക്കുകൾ. കിട്ടിയ കാശിൽ തന്നെ നല്ലൊരു തുക അവന്റെ കൈവശമില്ല....!

എവിടെപ്പോയിയെന്ന് അവനറിയില്ല. അപ്പോഴാണ്, എവിടെ പോയെന്നുള്ള വിവരത്തിന് അവൻ  കാർഗ്ഗോ അയച്ചതിന്റെ രസീതിന്റെ കോപ്പി ഞാൻ ബോസ്സിന് കൈമാറിയത്.

എന്റെ കയ്യിൽ നിന്നും അവൻ വാങ്ങിയതിന്റെ കണക്കുകൾ ഞാൻ കൊടുത്തിരുന്നു..
ഒരു കോപ്പി ഞാനും സൂക്ഷിച്ചു. ഓരോ പ്രാവശ്യവും പൈസ കൊടുക്കുമ്പോൾ അവനെക്കൊണ്ട് ഒപ്പിടീക്കുമായിരുന്നു. അതു കൊണ്ട് എന്റെ കയ്യിൽ വന്നതിന്റെ ബില്ലു സഹിതമുള്ള രേഖകൾ തെളിവായുണ്ട്.

അവസാനം എന്റെ ശമ്പളക്കണക്കിലെത്തി. ഞാൻ പറ്റിയ ശമ്പളത്തിന് ഈജിപ്ഷ്യന്റെ കയ്യിൽ ഒരു രേഖയുമില്ല. എന്റെ ശമ്പളം ‘അടുക്കളച്ചുമരി‘ലുണ്ടെന്ന് അറിയാവുന്ന ബോസ് അത് തെറ്റാതെ എഴുതിക്കൊടുക്കുവാൻ പറഞ്ഞു. ഞാനത് വളരെ സൂക്ഷിച്ച് ഓരോന്നായി എഴുതിയെടുത്തു.

ഈജിപ്ഷ്യൻ വന്ന് ഒരു തവണയല്ല, പല പ്രാവശ്യം അതുമായി ഒത്തു നോക്കി. ഇതുവരെയായിട്ടും ഞാനത് കൂട്ടി നോക്കിയിരുന്നില്ല...!!
കൂട്ടി നോക്കിയാൽ എനിക്കത് വലിയ വിഷമമുണ്ടാക്കുമായിരുന്നു.

ഇപ്പോൾ അതു നോക്കുമ്പോൾ എന്റെയും കണ്ണു തള്ളി....!!

കടന്നു പോയത് ഇരുപതോളം മാസങ്ങൾ....!
നൂറു ഫിൽ‌സ് മുതൽ ഒന്നും രണ്ടും അഞ്ചും മറ്റുമായി തന്നു തീർത്തത് അഞ്ചു മാസത്തെ ശമ്പളം...!!!
(1 Bahrain Dinar = 1000 fils.)
ഇനിയും തരാനുള്ളത് പതിനഞ്ചു മാസത്തെ ശമ്പളം....!!!!

അപ്പോൾ ഞാനീ ‘സ്വപ്നഭൂമിയിൽ‘ എങ്ങനെ ജീവിച്ചിട്ടുണ്ടാകും.....?!!!
എന്റെ കുടുംബം നാട്ടിൽ എങ്ങനെ ജീവിച്ചിട്ടുണ്ടാകും....?!!!

എനിക്ക് വേണമെങ്കിൽ മറ്റെല്ലാവരേയും പോലെ ഇവിടെന്നു ചാടാമായിരുന്നു. അന്നു ജോലി തരാമെന്നു പറഞ്ഞവരുണ്ടായിരുന്നു. അങ്ങനെ തൽക്കാല ലാഭം നോക്കി ചാടിയിരുന്നെങ്കിൽ ഇപ്പോൾ ഇതെഴുതാൻ ഞാനിവിടെ കാണുമായിരുന്നില്ല.

എത്രയോ മുൻപെ സുനിലിനെപ്പോലെ, തമ്പിയെപ്പോലെ, കണ്ണനെപ്പോലെ ഏതെങ്കിലുമൊരു പൊതുമാപ്പു സമയത്ത് ഒരു കുറ്റവാളിയെപ്പോലെ, പാസ്പ്പോർട്ടില്ലാതെ, മറ്റു യാതൊരു രേഖകളുമില്ലാതെ, മറ്റുള്ളവരുടെ കയ്യിൽ നിന്നും പിരിവെടുത്ത് ഇവിടന്ന് പോകേണ്ടി വന്നേനെ, ഇനിയൊരിക്കലും തിരിച്ചു വരാൻ കഴിയാത്തവണ്ണം....!!

ഇതിനെക്കുറിച്ചെല്ലാം ഒരു ഏകദേശരൂപം ഉള്ളതു കൊണ്ട് ആദ്യം മുതലേ ഇവിടെത്തന്നെ ഒന്നു പിടിച്ചു നിൽക്കാനായിരുന്നു എന്റെ ശ്രമം.
ഒരു കുഴിക്ക് സമീപം ഒരു കുന്നില്ലാതിരിക്കുമോ....?!!
അതുകൊണ്ടാണ് കാറു കഴുകിയിട്ടാണെങ്കിൽ പോലും എന്റെ മാത്രം ചിലവുനുള്ളത് കണ്ടെത്തിയിരുന്നത്....!!

എന്റെ കയ്യിലിരുന്ന കടലാസ്സിലെ തുക കണ്ട് ബോസ് അന്തം വിട്ടു....!!
പിന്നെ എന്റെ തോളത്ത് തട്ടി അവൻ ആശ്വസിപ്പിച്ചു
സാരമില്ല.... നിനക്ക് കിട്ടാനുള്ളത് മുഴുവൻ ഞാൻ തന്നിരിക്കും.”
ഞാൻ തലയാട്ടിയതേയുള്ളു. ഇങ്ങനെ ഒരു നല്ല വാക്ക് പറയാനെങ്കിലും നിനക്ക് തോന്നിയല്ലൊ. ഞാനവനോട് മനസ്സിൽ നന്ദി പറഞ്ഞു.

വിവാഹ പരസ്യം പോലെ, ‘തന്റേതല്ലാത്ത കാരണത്താൽ ‘ ഒഴിവാക്കാനാവാത്ത ചില പിടിപ്പുകേടുകൾ എനിക്കും പറ്റിയിരുന്നു. കടയിൽ വരുന്നവർ, പ്രത്യേകിച്ച് സ്ത്രീകൾ അടിച്ചു മാറ്റാൻ കണക്കാക്കി വരുന്നവർ ഉണ്ട്. ചെറിയ സാധനങ്ങൾ അവരുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച് പുറത്തു കടത്തും. കടയിൽ ഞാൻ ഒറ്റക്കായതു കൊണ്ട് വരുന്നവരെയെല്ലാം ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല. ശ്രദ്ധിച്ചതു കൊണ്ടും ഫലമൊന്നുമില്ലാ...

എത്രയോ പ്രാവശ്യം ഞാൻ നേരിൽ കണ്ടിരിക്കുന്നു. എന്നാലും ചോദിക്കാൻ പറ്റാത്ത സ്തിതിയാണ്. കാരണം വാദി പ്രതിയാവാൻ അധികം നേരം വേണ്ടിവരില്ല.
നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ടല്ലൊ...
മുള്ളു വന്ന് ഇലയിൽ വീണാലും, ഇല വന്നു മുള്ളിൽ വീണാലും ഇലക്കാ കേട്..”

പക്ഷെ, ഇവിടെ അത് നേരേ മറിച്ചാണെന്നു മാത്രമല്ല ചിലപ്പോൾ മുള്ളിന്റെ മുനയും പോകും...!!!
അതുകൊണ്ട് കക്കുന്നത് കണ്ടാലും മിണ്ടില്ല. ആ വകയിൽ കുറച്ചു സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു.

പിന്നെ, ഈജിപഷ്യൻ അവന്റെ സ്വന്തക്കാർക്കും നാട്ടുകാർക്കും വലിയ ആളാവാൻ വേണ്ടി വാരിക്കൊടുക്കുന്ന സാധനങ്ങൾ....!!
അവന്റെ സ്വന്തം കടയാണെന്ന് പറഞ്ഞാണ് എടുത്തു കൊടുക്കുന്നത്. ഇതെല്ലാം ഞാനുള്ളപ്പോൾ കൊടുത്താൽ എല്ലാം എഴുതി അവനേക്കൊണ്ട് ഒപ്പിടിച്ചു വാങ്ങിക്കും. ഞാനില്ലാത്തപ്പോൾ കൊടുത്തതിന് ഒരു കണക്കുമില്ല....?!!

പക്ഷെ, ഇതെല്ലാം എന്നെങ്കിലും എന്റെ പെടലിക്ക് വച്ചുകെട്ടാൻ മുതിരുമെന്ന് ഞാൻ കരുതിയില്ല....!!?
അവൻ ഇവിടെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിന്റെ ഉത്തരവാദിത്വത്തിലാണ്. നീയായിരുന്നു അത് നോക്കേണ്ടിയിരുന്നത്.”
അക്കാര്യത്തിൽ ബോസ് കർക്കശ നിലപാടെടുത്തു.

എല്ലാം കൂടി എന്റെ തലയിൽ കെട്ടിവക്കാൻ ബോസ് സമ്മതിച്ചില്ല. അവന്റെ ആ ശ്രമം ബോസ് പരാജയപ്പെടുത്തി. അതിനുവേണ്ടി ബോസുമായി ഈജിപ്ഷ്യൻ വഴക്കിട്ടു. എന്നിട്ടും,
അവസാനം ഗത്യന്തരമില്ലാതെ മൂന്നു മാസത്തെ ശമ്പളം എന്നിൽ നിന്നും അവൻ പിടിച്ചു വാങ്ങി....!!

ഞാനത് സമ്മതിച്ചില്ലായിരുന്നു. പിന്നെ ബോസ് പറഞ്ഞു
നീ അതവന് കൊടുത്തേരെ. പകരം ഞാൻ നിനക്ക് വേറെ തന്നോളാം. പ്രശ്നം ഇതോടെ തീരട്ടെ...” നിവൃത്തിയില്ലാത്തതുകൊണ്ട് എനിക്ക് സമ്മതിക്കേണ്ടി വന്നു.

എന്നിട്ടും മതി വരാഞ്ഞ് ദൈനംദിന കണക്കുകൾ ഞാൻ എഴുതിക്കൊടുത്തിരുന്നത് വീണ്ടും എന്റെ കയ്യിൽ തന്നിട്ട് അവൻ പറഞ്ഞു.
കണക്കിൽ പിശകുണ്ട്.. നീ ഒന്നു കൂടി കൂട്ടി നോക്ക്. രണ്ടു മാസത്തെ ശമ്പളം കൂടി നീയെനിക്ക് തരണം...”
ഞാനവന്റെ മുഖത്തേക്ക് നോക്കി...?!
ഇതൊരു നൂറു പ്രാവശ്യമെങ്കിലും ഞാൻ കൂട്ടിയിട്ടുള്ളതാണ്. ഒരു ഫിൽ‌സ് പോലും വ്യത്യാസമില്ലെന്ന് എനിക്കറിയാം.
എങ്കിലും ഞാനത് വാങ്ങി വീണ്ടും കൂട്ടി നോക്കി. ഒരു വ്യത്യാസവും കണ്ടില്ല.
വീണ്ടും ഞാനത് അവനെ ഏൽ‌പ്പിച്ചു. അവൻ സമ്മതിച്ചില്ല.
തെറ്റുണ്ടെന്നു തന്നെ അവൻ....!!!

കാർഗ്ഗൊ അയച്ച രസീത് ബോസിനെ ഏൽ‌പ്പിച്ചത് ഞാനാണെന്ന് ഇതിനകം അവൻ അറിഞ്ഞിരുന്നു. അതിന്റെ ദ്വേഷ്യത്തിലായിരുന്നു ഈജിപ്ഷ്യൻ.

ഞാൻ ബോസിന്റടുത്ത് പരാതി പറഞ്ഞു.
ഇതിനകത്ത് ഒരു തെറ്റുമില്ലെന്ന് എനിക്കറിയാം. ഞാൻ കൂട്ടി നോക്കിയതാ.. നീ ഇനി ഒറ്റ ഫിൽ‌സ് പോലും അവന് കൊടുക്കണ്ട...”
ബോസ് അതിനെക്കുറിച്ച് അവനോട് തർക്കിച്ചു.
നീ ഇതിൽ ഇടപെടണ്ട... ! ഇത് ഞാനും അവനുമായിട്ടുള്ള ഇടപാടാ....!!”
എന്നു പറഞ്ഞവൻ ബോസിന്റെ വായടപ്പിച്ചു...!!

ഇവൻ എന്റെ രണ്ടു മാസത്തെ ശമ്പളവും കൂടി അടിച്ചു മാറ്റുമെന്ന് എനിക്കുറപ്പായി.
ഇനിയെന്ത് ....?!
എനിക്ക് ഉത്തരമില്ലായിരുന്നു....
ഇവനിൽ നിന്ന് എങ്ങനെ ഒന്നു രക്ഷപ്പെടും....?!!
ഇവന്റെ ഈ പിടിച്ചുപറി അവസാനിപ്പിക്കാൻ....?!
എന്തെങ്കിലും ചെയ്തില്ലെങ്കിൽ രണ്ടു മാസത്തെ ശമ്പളം കൂടി പോയതു തന്നെ....!!!
ഞാനാകെ വിഷമിച്ചു....
വിയർത്തൊലിച്ചു......
ഞാൻ മേലോട്ടു നോക്കി .....
ദൈവമേ നീ തന്നെ ഒരു വഴി കാണിച്ചു താ....!!”

ബാക്കി അടുത്ത പോസ്റ്റിൽ.......

26 comments:

krishnakumar513 said...

ടെന്‍ഷനില്‍ തന്നെ നിറുത്തിക്കളഞ്ഞു.വീണ്ടും തുടരൂ.ആശംസകള്‍.......

ശ്രീ said...

വേറെ നിവൃത്തി ഇല്ലാതാകുമ്പോള്‍ ഒരു വഴി ദൈവം തന്നെ കാണിച്ചു തരും അല്ലേ?

Ashly said...

"അപ്പോൾ ഞാനീ ‘സ്വപ്നഭൂമിയിൽ‘ എങ്ങനെ ജീവിച്ചിട്ടുണ്ടാകും.....?!!!
എന്റെ കുടും‌ബം നാട്ടിൽ എങ്ങനെ ജീവിച്ചിട്ടുണ്ടാകും....?!!!

എനിക്ക് വേണമെങ്കിൽ മറ്റെല്ലാവരേയും പോലെ ഇവിടെന്നു ചാടാമായിരുന്നു. അന്നു ജോലി തരാമെന്നു പറഞ്ഞവരുണ്ടായിരുന്നു. അങ്ങനെ തൽക്കാല ലാഭം നോക്കി ചാടിയിരുന്നെങ്കിൽ ഇപ്പോൾ ഇതെഴുതാൻ ഞാനിവിടെ കാണുമായിരുന്നി"

ഭയകരം !!! "ഒരു കുഴിക്ക് സമീപം ഒരു കുന്നില്ലാതിരിക്കുമോ....?!!" സത്യം!!!!
ദൈവം തുണ!!!

ബാകി വേഗം എഴുതുന്നോ ? അതോ......

Anil cheleri kumaran said...

ഒരു കുഴിക്ക് സമീപം ഒരു കുന്നില്ലാതിരിക്കുമോ....?

right.

OAB/ഒഎബി said...

ആ പറഞ്ഞ കുഴിയില്‍ നിന്നും കര കേറിയ ഒരാളാണ് മാഷെ ഞാനും. അത് മസ്രി ആയിരുന്നെങ്കില്‍ ഇത് സാക്ഷാല്‍ മല്ലു തന്നെ ആയിരുന്നു. സഹോദരാ എന്ന് വിളിച്ചിരുന്ന മുതലാളിയുടെ വായില്‍ നിന്നും‘എടാ മൃഗമേ ഗേറ്റ് തുറന്ന് കിടപ്പുണ്ട്, ഇറങ്ങെടാ....’ എന്നും അവര്‍ക്ക് കേള്‍ക്കേണ്ടി വന്നു
പടച്ചവന്‍ ക്ഷമിക്കുന്നവരുടെ കൂടെ തന്നെയാണ്.
പോസ്റ്റ് പഴയ കാല മ വാരികയിലെ(ഇപ്പോള്‍ എങ്ങ്നെയെന്ന് അറിയില്ല) നീണ്ട കഥ പോലെ നിര്‍ത്തുകയാണല്ലൊ... :)

വീകെ said...

krishnakumar513, അഭിപ്രായത്തിന് നന്ദി.

ശ്രീ, തീർച്ചയായും. വന്നതിന് നന്ദി.

Captain Haddock, വന്നതിനും അഭിപ്രായത്തിനും നന്ദി

കുമാരൻ|kumaran, അതുറപ്പല്ലെ. വന്നതിനു നന്ദി.

OAB/ഒഎബി, കുറേ ദ്രോഹിക്കുമ്പോൾ ഇടക്കൊന്നു കണ്ണു തുറക്കും മൂപ്പിലാൻ..അതു മതിയാകും പിന്നീടുള്ള ജീവിതത്തിന്. പക്ഷേ, അഹങ്കരിക്കരുതെന്നേ ഉള്ളു. അഹങ്കരിച്ചാൽ നമ്മുടെ കയ്യിൽ നിന്നെടുത്ത് മറ്റൊരാളെ ഏൽ‌പ്പിക്കും... വന്നതിന് വളരെ നന്ദി.

Umesh Pilicode said...

എന്നാപിന്നെ ദൈവം കാണിക്കട്ടെ

jyo.mds said...

മനസ്സാക്ഷി ഇല്ലാത്ത ദുഷ്ട്ന്‍-boss കുറച്ചുകൂടി കര്‍ശനമായി അവനെ കൈകാര്യം ചെയ്യണമായിരുന്നു.എന്റെ കൈ തരിച്ചു അവനൊന്നു കൊടുക്കാന്‍.

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu......... aashamsakal.........

താരകൻ said...

പ്രാർഥന ദൈവം കേട്ടോന്നറിയാൻ ഇനിയും വരുന്നുണ്ട് ഇതുവഴി...

പട്ടേപ്പാടം റാംജി said...

കടകളില്‍ നടക്കുന്ന കളവും മുതലാളിയെ പറ്റിക്കുന്ന പണിക്കാരും ഒക്കെ....കൊള്ളാം.

ഗീത said...

ഒരു കുഴിയുണ്ടെങ്കില്‍ ഒരു കുന്നുമുണ്ടാകും എന്ന ആ ആത്മവിശ്വാസം വളരെ നല്ലത് തന്നെ. എന്നും ആ വിശ്വാസം രക്ഷിക്കട്ടേ.

വീകെ said...

ഉമേഷ് പീലിക്കോട്, വന്നതിന് വളരെ നന്ദി.

jyo, നമ്മളായിട്ട് ഒന്നും കൊടുക്കേണ്ടതില്ലന്നാണ് അനുഭവം..
കാലം അതിനുള്ള മറുപടി പറഞ്ഞു കൊള്ളും..

jayarajmurukkumpuzha, വന്നതിനു വളരെ നന്ദി.

താരകൻ, ഇതുവഴി വന്നതിന് വളരെ സന്തോഷം.

പട്ടേപ്പാടം റാംജി, ഗൾഫായതുകൊണ്ടൊന്നും ഇതിൽ നിന്നും വിടുതൽ ഇല്ല.

ഗീത, ആ ആത്മവിശ്വാസം കൊണ്ടാണ് പതറാതെ പിടിച്ചു നിന്നത്. നാളെ നമ്മുടേതായിരിക്കും എന്ന ചിന്തയാണല്ലൊ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അഭിപ്രായത്തിന് വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം സ്റ്റാഫ് തമ്മിലുള്ള പീഡനങ്ങൾ എല്ലായിടത്തുമുണ്ട് വീ.കെ. എന്തായലും തുടരൻ കഥയായി തുടരട്ടേ...

mazhamekhangal said...

life is always balancing.all the best

ramanika said...

എല്ലാം ദൈവത്തിനു വിടുമ്പോള്‍ മനസ്സ് ശാന്തമാകും
ബാക്കി കാത്തിരിക്കുന്നു ..............

ഹംസ said...

പാരവെപ്പിനും ചതിയില്‍ പെടുത്താനും ലോകത്ത് ഈജിപ്ഷ്യന്മാരെ കഴിഞ്ഞെ മറ്റാരും ഉണ്ടാവൂ… ഞങ്ങള്‍ ഇവിടെ ഈജിപ്ഷ്യന്മാരോട് ചോദിക്കാറുണ്ട് എത്ര വരെ പഠിച്ചൂ എന്ന് . പാര വെപ്പും . ചതിയും അവിടെ അവരുടെ സ്ക്കൂളിലെ ഒരു പഠന വിഷയമാണെന്നും പറയും നൂറ് ഈജിപ്ഷ്യമാരെ പരിജയപ്പെട്ടാല്‍ അതില്‍ ചിലപ്പോള്‍ ഒന്നുപോലും ഉണ്ടാവില്ല നല്ലതെന്നു പറയാന്‍.

Typist | എഴുത്തുകാരി said...

ഞാന്‍ ഇത്തിരി വൈകീട്ടോ.

ദൈവം തീര്‍ച്ചയായും ഒരു വഴി കാണിച്ചു തന്നിട്ടുണ്ടാവും. ഒരുപാട് അനുഭവിച്ചു ഇല്ലേ?

Anonymous said...

ഇനി എന്താകുമെന്നറിയാന്‍ ശരിക്കും..ആകാംക്ഷ ഉണ്ട്...ദൈവം..ഒരു വഴി കാണിച്ചു തരും..എന്ന് കരുതുന്നു.........

വീകെ said...

ബിലാ‍ത്തിപട്ടണം: സന്ദർശനത്തിന് വളരെ നന്ദി.

mazhamekhangal: ആദ്യ സന്ദർശനത്തിന് വളരെ സന്തോഷവും നന്ദിയും...

remanika: വന്നതിന് വളരെ നന്ദി.

ഹംസ: എല്ലാവരും എന്നു പറയാൻ പറ്റില്ല.പക്ഷെ, വളരെ കുറച്ചു പേരെ ഉള്ളു എന്നത് സത്യം.അതിലൊരാളാണ് എന്നെ ഈജിപ്ഷ്യനിൽ നിന്നും രക്ഷപ്പെടാൻ ഉപദേശം തന്ന അവന്റെ കൂട്ടുകാരനായ മറ്റൊരു ഈജിപ്ഷ്യൻ. അവനുമായിട്ട് ഇന്നും നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ട്.
വന്നതിന് വളരെ നന്ദി.

എഴുത്തുകാരി ചേച്ചി: വൈകിയാലും സാരമില്ല.വന്നൂല്ലൊ...! വായിച്ച് അഭിപ്രായം പറഞ്ഞൂല്ലൊ..!! ആ നല്ല മനസ്സിന് എന്റെ നന്ദി.

Bijli: സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി...

കുഞ്ഞന്‍ said...

ഹൊ എന്തെല്ലാം അനുഭവങ്ങൾ, ഇതെല്ലാം വീട്ടുകാർ അറിയുന്നുണ്ടൊ, ഇല്ല അറിയാതിരിക്കാൻ പ്രവാസികൾ ശ്രമിക്കും അതാണ് പ്രവാസി ഉരുകിയുരുകി ജീവിതം തീർക്കുന്നവർ..!

തുടരട്ടെ ഈ യാത്രാ അനുഭവങ്ങൾ മാഷെ...

അരുണ്‍ കരിമുട്ടം said...

നമ്മള്‍ മലയാളിയല്ലേ? അവനിട്ട് പണി കൊടുക്കെന്നേ, ഹല്ല പിന്നെ (ബാക്കി അറിയാന്‍ ആകാംക്ഷയായി)

വിജയലക്ഷ്മി said...

മോനെ നേര്‍വഴി തിരഞ്ഞെടുക്കുന്നവരോടൊപ്പം എന്നും ഈശ്വവരന്‍ തുണയായ്‌ ഉണ്ടാവും ...

വീകെ said...

കുഞ്ഞേട്ടാ, വന്നതിനും എഴുതിയ വാക്കുകൾക്കും നന്ദി...

അരുൺ കായം‌കുളം: ശരിയാ അരുൺ.. കൊടുക്കായിരുന്നു.. പക്ഷെ ഇതു നമ്മുടെ നാടല്ലല്ലൊ...
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

വിജയലക്ഷ്മി, ചേച്ചി പറഞ്ഞത് വാസ്തവമാ..
ഇതിലേ വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി..

ഇതിലേ വന്നിട്ടും ഒന്നും മിണ്ടാതെ പോയ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

അഭി said...

ഒരു കുഴിക്ക് സമീപം ഒരു കുന്നില്ലാതിരിക്കുമോ....?
ഇല്ലതിരികുമോ ?

ശാന്ത കാവുമ്പായി said...

ആത്മധൈര്യവും വിശ്വാസവും.സമ്മതിച്ചു തന്നിരിക്കുന്നു.