Sunday 15 March 2015

നോവൽ.മരുഭൂമി (36)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ. അവിടന്ന് രക്ഷപ്പെട്ട് ഒരു കണക്കിനു കൂയ്യുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി...


തുടർന്നു വായിക്കുക...

ജൂബിച്ചേട്ടൻ....

ഇവിടേക്ക് വരേണ്ടിയിരുന്നില്ലെന്ന് ഒരു നിമിഷം തോന്നി.
അവിടെ ജിദ്ദയിലായിരുന്നെങ്കിൽ സദ്ദാമിന്റെ രാസായുധം വഹിച്ച മിസ്സൈലൊന്നും അത്ര ദൂരത്തേക്ക് എത്തുമായിരുന്നില്ല.
ഈ കഷ്ടപ്പാടെല്ലാം സഹിച്ച് ഇവിടെയെത്തിയത് ഇതിനായിരുന്നോ..?
സദ്ദാമിന്റെ രാസായുധത്തിൽ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിക്കാനാണോ എന്റെ വിധി.....!!?

അവിടെ എന്നെക്കൂടാതെ മൂന്നുപേർ കൂടിയുണ്ട്.
ഒരാളെ അവിടന്ന് കൊണ്ടു പോകാനായി അടുത്തു തന്നെ ആളുവരും.
മറ്റൊരു സന്തോഷമുള്ളത്, അവിടെ സർക്കാരിന്റെ കറന്റുണ്ട്. അതുകൊണ്ട് ജനറേറ്റർ ഓടിക്കേണ്ട ആവശ്യമില്ല. ഇനി അഥവാ കറന്റ് പോകുകയാണെങ്കിൽ ഒരാഴ്ചമുൻപേ നോട്ടീസു തരും...!

ചെന്നപ്പോൾത്തന്നെ ഞാൻ അടുക്കളയിൽ ഒന്നു പരതി.
ഭക്ഷണമൊക്കെ ഉണ്ട്. സാമ്പാറായിരുന്നു കറി.
“ഈശ്വരാ... സാമ്പാറു കൂട്ടിയ കാലം മറന്നു...!”
അവരെല്ലാം ഊണു കഴിഞ്ഞിരുന്നു. എന്റെ പങ്കായിരുന്നു കലത്തിലുണ്ടായിരുന്നത്. എന്നാലും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഞാൻ ചോദിച്ചു.
“ഭക്ഷണത്തിനെന്താണു വഴി..?”
 കാരണം കമ്പനിക്ക് എല്ലായിടത്തും ഒരേ നയമാണല്ലൊ.
എല്ലാവരും കൂടി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഇതൊരു മരുന്നു ‘സംഭരണശാല’യാണ്.
അതുകൊണ്ട് ഇതിനകത്ത് പുറംപണിയൊന്നും കിട്ടുകയില്ല.
ശരി, ഞാനും വിചാരിച്ചു, പോകെപ്പോകെ അനുഭവിച്ചറിയാൻ കഴിയുമായിരിക്കും.

വൈകുന്നേരം മൂന്നുപേർ ഒന്നിച്ച് ഒരു ടാക്സിയിൽ നഗരത്തിലേക്കിറങ്ങി.
‘ബുറൈദ’ പട്ടണമായിരുന്നു  ലക്ഷ്യം.
സൌദിയിൽ വന്നതിനുശേഷം പട്ടണത്തോടു ചേർന്നു താമസിക്കുന്നത് ഇവിടെയാണ്.
സാമാന്യം ഭേദപ്പെട്ടൊരു നഗരമാണ്.
ധാരാളം എന്നല്ല, എവിടെത്തിരഞ്ഞൊന്നു നോക്കിയാലും മലയാളികൾ മാത്രമായിരുന്നു നഗരത്തിന്റെ മുഖമുദ്ര.
ഒരു അറബിക്ക് അവന്റെ നാട്ടിൽ ആവശ്യമുള്ള സാധനങ്ങൾ കടയിൽ നിന്നും വാങ്ങണമെങ്കിൽ, അവൻ അവശ്യം ‘മലയാളം’ പഠിക്കേണ്ടത് അത്യാവശ്യം തന്നെ. അല്ലെങ്കിൽ അറബി അകത്തു കയറി ആവശ്യമുള്ളത് കയ്യിട്ടെടുക്കേണ്ടി വരും.
ഒരുപക്ഷേ, സൂപ്പർമാർക്കറ്റുകളുടെയൊക്കെ ആവിർഭാവം ഇതുപോലെ ഏതെങ്കിലും അറബിയുടെ തലയിൽ വിരിഞ്ഞതായിരിക്കുമോ...?
അവിടെ സംസാരമോ ചോദ്യമോ, എന്തിന് ഭാഷയുടെ ആവശ്യം പോലും ഇല്ലല്ലൊ.
ഒരു ട്രോളിയുടെ ആവശ്യമേയുള്ളു...!

ഞങ്ങളുടെ കാർ ചെന്നു നിന്നത് ബുറൈദ മാർക്കറ്റിലാണ്.
സകലസാധനങ്ങളും ഇവിടത്തെ ചന്തയിൽ കിട്ടും.
കാറിൽ നിന്നിറങ്ങി ഞങ്ങൾ ഒരു ‘സവാളക്കട’യിലേക്ക് ചെന്നു.
കട അടച്ചുറപ്പുള്ളതൊന്നുമല്ല. നാലു വശവും തുറന്ന ഒരു വലിയ ഹാൾ. അതിൽ ഓരോ കച്ചവടക്കാർക്കും വീതിച്ചു നൽകിയിരിക്കുകയാണ് ആവശ്യമായ സ്ഥലം. ആ കെട്ടിടത്തിൽ സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി പോലുള്ള സാധനങ്ങൾ മാത്രമേയുള്ളു കച്ചവടം. അതിലൊരാളാണ് ഇപ്പോൾ എന്റെ കൂട്ടുകാരുടെ ‘അന്നദാതാവായ’ സാക്ഷാൽ ‘ജൂബിച്ചേട്ടൻ’...!
ഇനി മുതൽ എന്റേയും...!!

എന്റെ കൂട്ടുകാർ ചെന്ന വഴി കടക്കകത്തു കയറി കസ്റ്റമറോട് വിലപേശാനും സവാള വിൽക്കാനും സവാളച്ചാക്ക് അറബിയുടെ വണ്ടിയിൽ കൊണ്ടു പോയി വച്ചു കൊടുക്കാനും മറ്റും തുടങ്ങിയിരുന്നു.
സ്വന്തം കടയിലെന്നപോലെയാണ് വിൽ‌പ്പന...!
കടയെന്നു പറഞ്ഞാൽ, മൂന്നു വശവും സവാള നിറച്ച ചാക്ക് അട്ടിയിട്ടാണ് തിരിച്ചിരിക്കുന്നത്. ഹാളിന്റെ നടുക്കലേക്കാണ് വാതിൽ..!
എന്നു വച്ചാൽ അവിടെ സവാളച്ചാക്ക് അട്ടിയിട്ടിട്ടില്ലെന്ന് ചുരുക്കം...!!
കൂട്ടുകാർ വന്നതോടെ ജൂബിച്ചേട്ടൻ വിശ്രമത്തിലേക്ക് കടന്നു.

ഇതിനിടക്ക് ഞാനും ജൂബിച്ചേട്ടനും പരിചയപ്പെട്ടു.
വർത്തമാനത്തിനിടക്ക് പതുക്കെ നടന്നു നടന്ന് ഒരു ചായക്കടയിലെത്തി ചായകുടിച്ചു.
കൂട്ടുകാർക്കുള്ള ചായ കൊടുത്തു വിട്ടു. ജൂബിച്ചേട്ടൻ സച്ചിയുടെ നാട്ടുകാരനാണ്. പിന്നെ ജൂബിച്ചേട്ടന്റെ പിക്കപ്പിൽ കയറി സവാള കൊണ്ടുവരുന്ന ട്രൈലറിന്റെ അടുത്തേക്ക് ചെന്നു.
ഒരു വണ്ടി ‘ഇൻഡ്യൻ ഉള്ളി’.
ജൂബിച്ചേട്ടന്റെ കഫീലി (അർബാബ്)നാണ്  ഇൻഡ്യൻ ഉള്ളിയുടെ മൊത്തക്കച്ചവടം. കഫീൽ കൊണ്ടു വന്ന് ജൂബിക്ക് കൊടുക്കും. ജൂബിയാണ് മറ്റുള്ളവർക്ക് കൊടുത്ത് കാശാക്കുന്നത്. ബാക്കിയുള്ളതാണ് സ്വന്തം കടയിലിട്ട് വിൽക്കുന്നതും.

അതുകൊണ്ട് തന്നെ മറ്റുചിലർക്ക് കുറച്ചൊരു അസൂയ ഉണ്ടായിരുന്നു.
സൌദിക്കച്ചവടക്കാർക്ക് പ്രത്യേകിച്ച് അസൂയയൊന്നും ഉണ്ടായിരുന്നില്ല. അവരുടെ കടയിലെ ഉള്ളി തീർന്നാൽ സ്വന്തം കടയിൽ നിന്നും ഹോൾസെയിൽ വിലക്ക് ജൂബി ഉള്ളി കൊടുക്കും. അതിനാൽ അവർക്ക് ജൂബിയെ ഇഷ്ടവുമായിരുന്നു.
അസൂയക്കാരിൽ അധികവും നമ്മുടെ സ്വന്തം മലയാളി കച്ചവടക്കാരായിരുന്നു.
ജൂബിയെ ഓടിച്ചാൽ, സൌദികൾക്ക് ഏറെ ഇഷ്ടമുള്ള ‘ഇൻഡ്യൻ ഉള്ളി’യുടെ മൊത്തക്കച്ചവടം കൈക്കലാക്കാമെന്നു ധരിച്ച ചില പാരകളാണ് അസൂയ കെടാതെ സൂക്ഷിച്ചുകൊണ്ടിരുന്നത്.

ജൂബി നിസാരമായ ലാഭം മാത്രമേ എടുക്കുമായിരുന്നുള്ളു. ഒരു ചാക്കിന് 50 ഹലാല കൂട്ടി വിറ്റാൽ‌പ്പോലും ആയിരങ്ങൾ ഒരു ദിവസം കൊണ്ട് ഉണ്ടാക്കാമെന്നതായിരുന്നു ഇൻഡ്യൻ ഉള്ളിയുടെ ഗുണം. എത്ര നാളിരുന്നാലും കേടു വരികയില്ല. മറ്റുള്ള രാജ്യങ്ങളുടെ ഉള്ളികൾ പെട്ടെന്ന് കേടുവരുന്നവയാണ്. പാരകൾ സൌദിക്കച്ചവടക്കാരെ ഇളക്കിവിട്ടാണ് അവസരം കിട്ടുമ്പോഴൊക്കെ  പ്രശ്നം വഴളാക്കിക്കൊണ്ടിരുന്നത്.

ജൂബിയുടെ കഫീലിനും പ്രശ്നം അറിയാമായിരുന്നു.
അവർക്കിടയിൽ നിന്നും കിട്ടുന്ന ഇത്തരം വാർത്തകൾ കഫീൽ തന്നെയായിരുന്നു ജൂബിയുടെ ശ്രദ്ധയിൽ‌പ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ  ഏതുനിമിഷവും കച്ചവടം നഷ്ടപ്പെടാമെന്ന അവസ്ഥയാണുള്ളതെന്ന് ജൂബി കുറച്ചു വേദനയോടെയാണെങ്കിലും ഞാനുമായി പങ്കുവച്ചു.
എനിക്കതിനു മറുപടിയോ ആശ്വാസവാക്കുകളോ ഉണ്ടായിരുന്നില്ല.

അന്നുച്ചക്ക് കട പൂട്ടി (രണ്ടു സവാളച്ചാക്ക് നിരത്തിയിട്ട് ഒരു കാർപ്പറ്റിന്റെ കഷണവും മേലേക്കെടുത്തിട്ട്) ഞങ്ങളെല്ലാവരും കൂടി ജൂബിച്ചേട്ടന്റെ പിക്കപ്പിൽ ഞങ്ങളുടെ മുറിയിൽ എത്തി.
കൂടെ രണ്ടു കോഴിയും മറ്റു സാധനങ്ങളും.
എല്ലാവരും കൂടി കറി വച്ച് ഒരുമിച്ചിരുന്ന് കഴിച്ചു.
ഓരോ ദിവസവും തള്ളിവിട്ടിരുന്നത് ജൂബിയുടെ ചിലവിലായിരുന്നു.
മറ്റൊരു പണിയും അവിടെ കിട്ടുമായിരുന്നില്ല.
ദിവസങ്ങൾ ഉന്തിത്തള്ളിയാണ് നീക്കിയിരുന്നത്.

യുദ്ധസന്നാഹങ്ങൾ മുറുകിക്കൊണ്ടിരിക്കുമ്പോൾ ജൂബിക്ക് ഞങ്ങളുടെ മുറിയിൽ കയറി വരാൻ ബുദ്ധിമുട്ടായി. അന്യരെ അകത്തുകയറ്റാൻ പാടില്ലെന്ന സർക്കാരിന്റെ കർശന നിബന്ധനയായിരുന്നു കാരണം. പക്ഷേ, ഞങ്ങളുടെ അന്നദാതാവിനെ എങ്ങനെ പുറത്തു നിറുത്തും...? അത് ഒരു ചാക്ക് ‘ഇൻഡ്യൻ സവാള’ കാവൽക്കാരനു സമ്മാനം നൽകി സന്തോഷിപ്പിച്ച് അവസാനിപ്പിച്ചു. നമ്മുടെ ഉള്ളിയുടെ വില നോക്കണേ..!!

കാലം തണുപ്പിലേക്ക് നീങ്ങിയിരുന്നു.
അതിനിടക്കാണ് അപ്രതീക്ഷിതമായി രണ്ടുമാസത്തെ ശമ്പളം ഒരുമിച്ച് കിട്ടിയത്...!!
ശരിക്കും കോരിത്തരിച്ചു പോയി....!
കുറേക്കാ‍ലത്തിനു ശേഷമാണ് അങ്ങനെയൊരു സംഭവം.
നാട്ടിൽ‌പ്പോയി വന്നതിനു ശേഷം ആദ്യമായിട്ടാണ്  ശമ്പളം കയ്യിൽ കിട്ടുന്നത്.
“ഇവിടത്തെ കാര്യമൊക്കെ അങ്ങനെയങ്ങു നടന്നോളും. കിട്ടിയതത്രയും നാട്ടിലയച്ചേക്ക്..!”
എന്റെ കാര്യങ്ങളൊക്കെ അറിയാമായിരുന്ന കൂട്ടുകാരുടെ ഉപദേശം അതായിരുന്നെങ്കിലും, അതിൽ നിന്നും ഒരിത്തിരിമാത്രം എടുത്ത് ബാക്കി അയച്ചു.

ഇവിടെ എങ്ങനേയും ജീവിക്കാം. ഉണ്ടാലും ഉണ്ടില്ലെങ്കിലും ആരും അറിയില്ല.
നാട്ടിലുള്ളവർക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ലല്ലൊ.
പെണ്ണുകെട്ടി വന്നതിനുശേഷം ആദ്യമായിട്ടാണ് കാശയക്കുന്നത്.
കൃത്യമായൊരു മേൽ‌വിലാസം ഇല്ലാതിരുന്നതിനാൽ ഒരു കത്തുപോലും നാട്ടിൽ നിന്നും വന്നിരുന്നില്ല. ഞാനെഴുതുന്ന കത്തുകളിലെല്ലാം അവസാനം കുറിച്ചു വക്കും മേൽ‌വിലാസം ശരിയായിട്ടില്ല, ശരിയായതിനുശേഷം മാത്രം മറുപടി എഴുതിയാൽ മതിയെന്ന്.
അതിനാൽ നാട്ടിലെ ഒരു വിശേഷവും അറിഞ്ഞില്ലിതുവരെ.
എത്രയോ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.
കെട്ടിയ പെണ്ണിനെ തിരിഞ്ഞു നോക്കാത്തതുകൊണ്ട്, എന്നെയുപേക്ഷിച്ച് അവൾ തിരിച്ചു പോയിരിക്കുമോ...?
എന്നാലും അവളെ കുറ്റം പറയാൻ കഴിയില്ല.
ഞാനയച്ചുകൊണ്ടിരുന്ന കത്തുകൾക്ക് അവളുടെ വിശപ്പടക്കാൻ കഴിയില്ലല്ലൊ.
എഴുതിയിരുന്ന ആശ്വാസവാക്കുകൾക്ക്  സ്റ്റാമ്പു വാങ്ങാനും കഴിയില്ലല്ലൊ.

ഇത്തവണ ഡ്രാഫ്റ്റിനോടൊപ്പം മേൽവിലാസവും എഴുതിയിരുന്നു.
എന്നാലും കത്തിനുള്ള മറുപടിക്കായി ഇനിയും മാസങ്ങൾ കാത്തിരിക്കണം.
ഒന്നാമത് പതിവുപോലെയുള്ള താമസം.
രണ്ടാമത് യുദ്ധം ഇപ്പം തുടങ്ങും ഇപ്പം തുടങ്ങുമെന്ന ഭീതി.
വിമാനങ്ങളൊന്നും പതിവുപോലെ പോകുന്നില്ല.
ഇനി മറുപടി എത്തുമ്പോഴേക്കും സദ്ദാം ഹുസ്സൈൻ ഇടിച്ചു കയറി ഞങ്ങളെയൊക്കെ  നിലം‌പരിശാക്കിയിരിക്കുമോ...?
“ഹേയ്.. അങ്ങനെയൊന്നും ഉണ്ടാവുകയില്ല. സദ്ദാമിന് ഇൻഡ്യക്കാരോട് വിരോധമൊന്നുമില്ല. അതുകൊണ്ടവൻ നമ്മളെ ഉപദ്രവിക്കുകയൊന്നും ചെയ്യില്ല...!”
“അതുശരിയാ... പക്ഷേ, സദ്ദാമിന്റെ  രാസായുധത്തിന് ഇൻഡ്യക്കാരേയും സൌദികളേയും തിരിച്ചറിയാൻ കഴിയില്ലല്ലൊ..!”
ഒരു നിമിഷം ഞങ്ങൾ നിശ്ശബ്ദരായി...!!?


ബാക്കി ഏപ്രിൽ 1-ന്......

19 comments:

വീകെ said...

"ഇവിടെ എങ്ങനേയും ജീവിക്കാം. ഉണ്ടാലും ഉണ്ടില്ലെങ്കിലും ആരും അറിയില്ല. നാട്ടിലുള്ളവർക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ലല്ലൊ..."

ജിമ്മി ജോൺ said...

"ഇത്തവണ ഡ്രാഫ്റ്റിനോടൊപ്പം മേൽവിലാസവും എഴുതിയിരുന്നു.
എന്നാലും കത്തിനുള്ള മറുപടിക്കായി ഇനിയും മാസങ്ങൾ കാത്തിരിക്കണം."

കാലം പോയ പോക്കേ! മൊബൈൽ വന്നതോടെ ഈ കാത്തിരിപ്പും കാലതാമസവുമൊക്കെ കേട്ടറിവുമാത്രം..

അല്ല മാഷേ, സൌദികളായ ‘കഫീലി’ന്റെയും ‘ഹലാല’യുടെയുമൊക്കെ കാര്യം പറയാൻ ‘അർബാബി’നെയും ‘ഫിൽ‌സി’നെയുമൊക്കെ കൂട്ടുപിടിക്കണോ?

ajith said...

അര്‍ബാബും ഫില്‍‌സുമൊക്കെ ഞങ്ങള് ബഹറിന്‍‌കാരായതോണ്ട് വരുന്ന ശീലങ്ങളാ. വായിക്കുമ്പം അതൊക്കെ ട്രാന്‍സ്‌ലേറ്റ് ചെയ്ത് വായിക്കണം കേട്ടോ ജിമ്മിച്ചാ.

Cv Thankappan said...

മലയാളിയ്ക്ക് പാര മലയാളിതന്നെ. ഇംഗ്ലീഷിലും, അറബിയിലും മേല്‍വിലാസം എഴുതിയ കവര്‍ എഴുത്തിനൊപ്പം വെക്കുമായിരുന്നു ഞാനും പത്തുമുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് സൌദിയിലെ ഗ്രാമപ്രദേശത്ത് ആയിരിക്കുമ്പോള്‍.....
ആശംസകള്‍

വീകെ said...

ജിമ്മി ജോൺ: പത്തിരുപത് കൊല്ലം ഫിത്സിന്റേയും അർബാബിന്റേയും നടുവിലായിരുന്നു. അതിനു മുൻപുള്ള കഫീലിന്റേയും ഹലാലയുടേയും പൊടിപോലുമില്ല ഇപ്പോൾ മനസ്സിൽ. തെറ്റ് ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദിയുണ്ട് ജോൺ മാഷേ. കയ്യോടെ തിരുത്തിയിട്ടുണ്ട്. വായനക്കും അഭിപ്രായത്തിനും ഒന്നു കൂടി നന്ദി പറയട്ടെ.

അജിത്: ഞാൻ മറുപടി പറയുന്നതിനു മുൻപു തന്നെ അജിത്തേട്ടൻ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തിയതിനു വളരെ നന്ദി.

സിവി തങ്കപ്പൻ:ഞങ്ങളും അങ്ങനെയൊക്കെ ചെയ്യുമായിരുന്നു. പക്ഷേ, മറുപടി വരവ് പഴയതു പോലെ തന്നെ. ഞങ്ങൾ മലയാളത്തിൽ മേൽ‌വിലാസം എഴുതി അവസാനം മാത്രം INDIA എന്ന് ഇംഗ്ലീഷിൽ എഴുതി അയച്ചിട്ടുണ്ട്. അത് നാട്ടിൽ കിട്ടിയിട്ടുമുണ്ട്. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

പട്ടേപ്പാടം റാംജി said...

മലയാളികള്‍ മാത്രമല്ല എല്ലാതും ഇവിടെ പാര തന്നെയാണ്. അവനവന്റെ കാര്യം അതെങ്ങിനെ എന്ത് ചെയ്ത് വിലുലപ്പെടുത്താം എന്ന ചിന്ത (അതില്‍ ശരിയും തെറ്റും ഒന്നും ബാധകമല്ല. കാര്യം നടക്കണം അത്ര മാത്രം) മാത്രമേ ഉള്ളു.

അപ്പൊ ഏപ്രില്‍ ഫൂളിന് കാണാം.

വിനുവേട്ടന്‍ said...

ശമ്പളം കിട്ടിയ സന്തോഷത്തില്‍ ഞങ്ങളും പങ്ക് ചേരുന്നു അശോകന്‍ മാഷേ... അന്നൊക്കെ ഒന്ന് ഫോണ്‍ ചെയ്യണമെങ്കില്‍ മിനിറ്റിന് പന്ത്രണ്ട് റിയാല്‍ ആയിരുന്നു... ഒരു റിയാലിന് നാല് രൂപയും... ആ കാലമൊക്കെ വീണ്ടും ഓര്‍മ്മയിലെത്തുന്നു...

പിന്നെ “ഹലാല്‍” അല്ല, “ഹലാല” ആണ് കേട്ടോ... വീണ്ടും തിരുത്തുമല്ലോ...

അപ്പോള്‍ ഇനി ഏപ്രില്‍ ഒന്നിന്...

Pradeep Kumar said...

എനിക്കുമുമ്പെ അഭിപ്രായമെഴുതിയവർക്ക് മരുഭൂമിയെയും അതിന്റെ പാശ്ചാത്തലവും അറിയാം. അതുകൊണ്ട് അവർക്ക് വ്യക്തതയുള്ള അഭിപ്രായങ്ങൾ പറയാനാവുന്നു. ഞാനാവട്ടെ ,നോവലിൽ നിന്ന് മരുഭൂമിയെ പഠിക്കുന്നു.....

© Mubi said...

ഉള്ളിക്കും പാരയോ?? ശോ...

വീകെ said...

പട്ടേപ്പാടം റാംജി: നമ്മൾക്ക് പാര നമ്മൾ തന്നെയല്ല,വിദേശികളൊക്കെ പെടും. തന്റെ കാര്യം കൃത്യമായി നടന്നു കാണണമെന്ന ആഗ്രഹം മാത്രമേയുള്ളവർ.. വായനക്ക് വളരെ നന്ദി.

വിനുവേട്ടൻ: ഹലാൽ അല്ല ഹലാല അല്ലെ. ഛേ വീണ്ടും തെറ്റിയോ. ഉടനെ തിരുത്തിയേക്കാം.
അവിടെ വച്ച് റിയാലും ഹലാലയും മറ്റും അധികമൊന്നും കൈകാര്യം ചെയ്യാൻ കയ്യിൽ കിട്ടിയിട്ടു വേണ്ടേ. അതാ അക്കാര്യത്തിൽ തെറ്റു പറ്റിയത്. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

പ്രദീപ്കുമാർ: മരുഭൂമിയെ എത്ര പഠിക്കാൻ ശ്രമിച്ചാലും പഠിക്കാനാവില്ല. കാരണം അതിന് ഓരോ നേരത്ത് ഓരോ സ്വഭാവമാണ്. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

മൂബി: ഉള്ളി പോലും നമ്മൾക്ക് ആയുധമാണ്. കണ്ടില്ലേ, ‘ഇൻഡ്യൻ ഉള്ളി’ പോലും കൈക്കൂലി കൊടുക്കാനായി ഉപയോഗിച്ചത്. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

jyo.mds said...

ഗൽഫ് എന്നാൽ ഒരു സ്വപ്നഭൂമി എന്നായിരുന്നു ഞാൻ കുട്ടിക്കാലത്ത് നിനച്ചിരുന്നത്.വീ കെ യുടെ പോസ്റ്റുകളിലൂടെ അവിടെയുള്ള പലരുടെയും ജീവിതരീതി എങ്ങിനെയെന്ന് മറയില്ലാതെ മനസ്സിലാക്കാൻ കഴിഞ്ഞു.തുടരട്ടെ.ആശംസകൾ.

സുധി അറയ്ക്കൽ said...

അധ്യായം പെട്ടെന്ന് തീർത്തത്‌ പോലെ.
പിന്നെ ഒരു കാര്യം.
താങ്കൾ എന്നെ പേടിപ്പിക്കുന്നുണ്ടോ എന്നൊരു സംശയം.!!!!!!!!!

Muralee Mukundan , ബിലാത്തിപട്ടണം said...



‘സദ്ദാമിന്റെ രാസായുധത്തിന് ഇൻഡ്യക്കാരേയും സൌദികളേയും തിരിച്ചറിയാൻ കഴിയില്ലല്ലൊ..!”

ഇതണിതിലെ സുലാൻ....!

പിന്നെ
ഈ സൂപ്പർ മാർക്കറ്റുകളില്ലെങ്കിൽ
ഞാനൊക്കെ ലണ്ടനിൽ വന്നപ്പോൾ
പട്ടിണി കിടന്നേനെ.....
വെറൈറ്റി ആക്സ്സന്റ് കാരണം ഇംഗ്ലീഷാണേലും അങ്ങടും ഇങ്ങടും പറയണത് മനസ്സിലാവേണ്ടേ...!

വീകെ said...

ജ്യോച്ചേച്ചി: ഗൾഫ് ഇന്നും ഒരു സ്വപ്നഭൂമി തന്നെയാണ്, ഒരിക്കലെങ്കിലും പോകാത്തവർക്ക്. പോയാൽ പിന്നെ അതേവേഗത്തിൽ തിരിച്ചെത്തണമെന്ന മോഹമായിരിക്കും. അതുമാത്രം നടക്കില്ലെന്നേയുള്ളു. കാരണം അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീരണ്ടെ. വായനക്ക് വളരെ നന്ദി.

സുധി അറയ്ക്കൽ: പേടിക്കേണ്ടതില്ല സുധി. അനുഭവിക്കാനുള്ളത് എവിടെയായാലും അനുഭവിച്ചു തന്നെ തീരണം.
[എന്റെ എല്ലാ കഥകളും വായിക്കാൻ ശ്രമിക്കുന്ന സുധിക്ക് എന്റെ ഒരു സല്യൂട്ട്.] വായനക്ക് വളരെ നന്ദി.

ബിലാത്തിച്ചേട്ടൻ: ശരിയാണ് ബിലാത്തിച്ചേട്ടാ... ഭാഷയുടെ ബുദ്ധിമുട്ടില്ലാതെ തിരഞ്ഞെടുത്ത് വാങ്ങാവുന്ന ഈ സൂപ്പർമാർക്കറ്റ് സംവിധാനം എത്ര മഹത്തരമാണെന്ന് വിദേശത്ത് പോയിട്ടുള്ളവർക്ക് മനസ്സിലാകും. നമ്മുടെ നാട്ടിലാണെങ്കിൽ മറ്റു ചെറുകിട കച്ചവടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പറഞ്ഞ് കൊടിപിടിക്കും.
ഗൾഫിലാണെങ്കിൽ സൂപ്പർമാർക്കറ്റുകൾക്കു ചുറ്റുമാണ് നമ്മുടെ ആൾക്കാരുടെ ചെറുകിട ‘കോൾഡ് സ്റ്റോറുകൾ’ അധികവും. വായനക്ക് വളരെ നന്ദി.

ramanika said...

ഒരെഴുത്ത് കിട്ടാൻ കാത്തിരുന്ന കാലം മനസ്സിൽ വിരിയുന്നു ഇന്നത്തെ തലമുറ അതെല്ലാം വായിച്ചെങ്കിലും അറിയട്ടെ .....
ആശംസകൾ
ബാക്കി .......

മിനി പി സി said...

കാണാപ്പുറങ്ങള്‍ !

ഫൈസല്‍ ബാബു said...

ഒരു അറബിക്ക് അവന്റെ നാട്ടിൽ ആവശ്യമുള്ള സാധനങ്ങൾ കടയിൽ നിന്നും വാങ്ങണമെങ്കിൽ, അവൻ അവശ്യം ‘മലയാളം’ പഠിക്കേണ്ടത് അത്യാവശ്യം തന്നെ
------------
സൌദിയിലെ സ്ഥിരം കാഴ്ചകളില്‍ ഒന്ന് ,,

keraladasanunni said...

സ്വയം പട്ടിണി കിടന്ന് കുടുംബം പോറ്റുക. ഇത് ത്യാഗം തന്നെ.

ബൈജു മണിയങ്കാല said...

പ്രവാസത്തിനു ശരിക്കും എത്ര തലങ്ങൾ എത്ര മുഖങ്ങൾ
സൗദി പ്രത്യേകിച്ചു അതിൽ വളരെ വ്യത്യസ്തമാണ്‌
എഴുത്തിൽ ശരിക്കും ഉള്ളിയുടെ മണം പോലും അനുഭവവേദ്യമാകുന്നതാണ് എഴുത്തുകാരന്റെ കഴിവ് അതാണ് ഈ നോവലിന്റെ വിജയവും