Monday 1 July 2013

കഥ.


കരിനാക്ക്...

  വർ പതിവു പോലെ സെക്കന്റ്ഷൊ കാണുവനാണ് പുറത്തിറങ്ങിയത്. എല്ലാ വ്യാഴാഴ്ചയും അതൊരു പതിവാണ്. ആദ്യം വരുന്നവർ കവലയിൽ വന്ന് കലുങ്കിലിരിക്കും. നേരിയ നാട്ടുവെളിച്ചവും ആകാശത്തായിരം നക്ഷത്രങ്ങളും മാത്രം കൂട്ട്. കോറം തികഞ്ഞാൽ അതൊരു നാൽവർ സംഘമാകും. എന്നിട്ടാണ് ഏതു തീയറ്ററിലാണ് പോകേണ്ടതെന്ന് തീരുമാനിക്കുക. ചിലപ്പോൾ തർക്കം വന്നാൽ ടോസ് ഇടാറാണ് പതിവ്. പിന്നെ ആർക്കും എതിർപ്പുണ്ടാകില്ല.

നാലുപേരും സാമാന്യ വിദ്യാഭ്യാസം നേടി ഒരു ജോലി സ്വപ്നം കണ്ട് ദിവസങ്ങൾ തള്ളി നീക്കുന്നവരാണെങ്കിലും ഒരുത്തൻ മാത്രം ഒരു സ്വയം തൊഴിൽ കണ്ടെത്തിയിരുന്നു. അല്ലെങ്കിലും ജീവിക്കാൻ ഒരു വഴിയും കാണാതെ വരുമ്പോൾ മാത്രമല്ല, വീട്ടിലെ കാര്യങ്ങളിലെ സത്യാവസ്ഥയിൽ ബോധമുണ്ടാവുകയും ചെയ്താൽ ഏതു തൊഴിലും ചെയ്തു പോകുന്ന ഒരു അവസ്ഥ വരും. അത്തരം ഒരവസ്ഥയിലാണ് ഹരി മീൻ വിൽക്കാൻ തുടങ്ങിയത്.  ദിവസവും കടപ്പുറത്തു നിന്ന് ആ വഴിക്കുള്ള മറ്റു മീൻ കച്ചവടക്കാർ ചേർന്ന് ഒരു പെട്ടി ഓട്ടോറിക്ഷക്ക് ഒന്നിച്ച് മീൻ കൊണ്ടു വന്ന് അവരവരുടെ കവലയിൽ വച്ച് വിൽക്കും. ഈ സിനിമക്ക് പോക്കിന്റെയൊക്കെ ചിലവുകൾ മിക്കവാറും അവന്റെ വകയാണ്.  ആർക്കും സ്വന്തമായി ഒരു സൈക്കിൾ പോലുമില്ല.

രാത്രി എട്ടുമണിക്ക് അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞാൽ  പിന്നെ ആ ഗ്രാമത്തിൽ സഞ്ചരിക്കാൻ പട്ടണത്തിൽ നിന്നും ഒരു ഓട്ടോറിക്ഷ പോലും കടന്നു വരികയില്ല. സമയമായപ്പോൾ അവർ നടന്നു തുടങ്ങി. ചിരിച്ചു കളിച്ച് പല തമാശകളും പറഞ്ഞ് റോഡ് നിറഞ്ഞാണ് നാലു പേരുടേയും നടപ്പ്. ആകാശത്തമ്പിളിയുടെ ഒരു നാളികേരപ്പൂള് കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് അന്തരീക്ഷം ഒന്നു മങ്ങാൻ തുടങ്ങിയത്. കൂട്ടത്തിൽ ഒരു തണുത്ത കാറ്റും വീശാൻ തുടങ്ങി. നാലു പേരും ഒന്നു നിന്ന് ആകാശത്തേക്ക് നോക്കി.
മഴയുടെ  ലക്ഷണമുണ്ടോ..?
പിന്നേയും നടന്നു തുടങ്ങി. ആരുടെ കയ്യിലും കുടയില്ല. അഥവാ ആരെങ്കിലും കുടയെടുത്താലും അതൊരിക്കലും വീട്ടിൽ തിരിച്ചെത്താറുമില്ല. പിന്നേയും അവർ ഒന്നു നിന്നു. ആകാശത്തേക്ക് ഒരു വട്ടം കൂടി നോക്കിയിട്ട് വിജയൻ പറഞ്ഞു.
“വരാനുള്ളത് വഴിയിൽ തങ്ങില്ല. വാ നടക്ക്..”
അതുകേട്ട് ഹരിയും കൂട്ടരും അവന്റെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി. എന്നാലും ഒന്നും മിണ്ടിയില്ല.
അവർ വീണ്ടും  നടക്കാൻ തുടങ്ങി. തീരുമാനിച്ചിറങ്ങിയാൽ പിന്നെ ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണ്. അതാണവരുടെ സ്വഭാവം.
വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന വിജയന്റെ വാക്കുകൾ അറം  പറ്റുകയായിരുന്നൊ ആ പോക്കിൽ....?
ചിലപ്പോഴെങ്കിലും ചില ദുഃസൂചനകൾ നമ്മെ പിന്തിരിപ്പിക്കാറില്ലെ...?
അന്ധവിശ്വാസമെന്നു പറഞ്ഞ് തള്ളിക്കളയാതിരുന്നെങ്കിൽ എന്ന് പിന്നീട് ചിന്തിക്കേണ്ടി വരാറില്ലേ..?

തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും മങ്ങിയ നാട്ടുവെളിച്ചം ഒന്നു കൂടി പ്രകാശമാനമായി. അതിൽ സന്തുഷ്ടരായി ഒന്നു മടിച്ചു നിന്ന നാൽ‌വർ സംഘം മുന്നോട്ടു നടക്കുമ്പോൾ, ഒരു നീളമുള്ള കലുങ്കിന്റെ വലതു വശത്തുനിന്നും ആരുടേയോ ഒരു ഞെരുക്കം കേട്ടു.  അവർ ആ വശത്തു ചെന്ന് താഴേക്ക് നോക്കി. ഇരുട്ടിൽ ഒന്നും വ്യക്തമാവുന്നില്ല. തോട്ടിൽ അധികം വെള്ളമില്ലെങ്കിലും കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്നുണ്ട്. വിജയൻ പറഞ്ഞു.
“വാ നടക്ക്.. വല്ല കള്ളു കുടിയന്മാരായിരിക്കും...”
അതും പറഞ്ഞവർ നടക്കാനായി തിരിഞ്ഞതാണ്. അന്നേരമാണ് തോട്ടിന്റെ കരയിൽ നെൽച്ചെടികൾക്കിടയിൽ ഒരു സൈക്കിൾ കിടക്കുന്നതിന്റെ നേർക്ക്  ഹരി കൈ ചൂണ്ടിയത്.  അതിന്റെ  പുറകിലെ ചക്രത്തിലെ കമ്പികളിൽ മുട്ടത്തക്ക വിധത്തിൽ ഒരു ബലൂൺ കെട്ടിയിരുന്നത് ശ്രദ്ധയിൽ പെട്ടതും നാലുപേരും താഴേക്ക് ചാടി. ആ ബലൂണും അതിന്റെ ഉടമസ്തനേയും അവർക്ക് നിത്യപരിചയമാണ്. ആറാംക്ലാസ്സുവരെ അവരോടൊപ്പം പഠിച്ച ‘മണൽ’ എന്ന് നാട്ടുകാർ വിളിക്കുന്ന മണിയായിരുന്നു അത്.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവന്റെ അഛൻ മരിക്കുന്നത്. പിന്നെ ആകെയുള്ള അമ്മയെ സഹായിക്കാനായി  അവൻ മണൽ വാരുന്ന വഞ്ചിയിൽ പണിക്ക് പോയി. മുങ്ങി വാരുന്ന മണലിനൊപ്പം വരുന്ന വെള്ളം വറ്റിക്കലായിരുന്നു ആദ്യത്തെ പണി. പിന്നെ പടിപടിയായി ഉയർന്ന് മണൽ കോൺ‌ട്രാക്ടർ ആയി. ഇപ്പോൾ സ്വന്തമായി മണൽ കയറ്റാനായി ഒരു ടാറ്റ ബൻസും ഒരു ജീപ്പും ഉണ്ട്.  പക്ഷെ, സൈക്കിൾ മാത്രമേ അവിടങ്ങളിൽ സഞ്ചരിക്കാൻ മണി ഉപയോഗിക്കൂ. ആ മണിയാണ് വീണു കിടന്ന് ഞരുങ്ങുന്നത്. വീണിടത്തു നിന്നും ഇഴഞ്ഞിഴഞ്ഞ് കലുങ്കിന്റെ അടിയിലെത്തിയിരുന്നു മണി. ഇവർ നാലുപേരും കൂടി എടുത്തു പൊക്കി റോട്ടിലെത്തിച്ചു.

മണി തീർത്തും അബോധാവസ്ഥയിലാണ്. തലയുടെ  പിറകിൽ നിന്നും രക്തം ഒലിച്ചിറങ്ങിയ പാടുണ്ട്.  നേരിയ ശ്വാസോഛാസത്തോടൊപ്പം കുർകുർ ശബ്ദവും പുറത്തു വരുന്നുണ്ട്. നാലുപേരും വല്ലാത്തൊരു ഭയപ്പാടിലേക്ക് വഴുതി വീണു. എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ എന്താണ് വഴിയെന്നാലോചിക്കുകയായിരുന്നു നാലുപേരും. അതിനിടക്ക് വിജയൻ പാടത്തിറങ്ങി സൈക്കിൽ പൊക്കിയെടുത്ത് മുകളിലെത്തിച്ചു. മുൻചക്രം കുറച്ച് വളഞ്ഞ് ഹാൻഡിൽ തിരിഞ്ഞ് ഓടിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അതു റോട്ടിലിട്ട് നാലു പേരും കൂടി ചവിട്ടി ചക്രം നിവർത്തി. ഹാൻഡിലും ഒരു വിധം നേരെയാക്കി.

മണിയുടെ വീട് അടുത്തു തന്നെ ഉണ്ടെങ്കിലും അവന്റെ അമ്മ മാത്രമേ വീട്ടിലുള്ളു. അവരെ അറിയിച്ചാൽ അവരേയും നമ്മൾ തന്നെ ചുമക്കേണ്ടി വരുമെന്ന ഹരിയുടെ പറച്ചിലിൽ ആ ശ്രമം വേണ്ടെന്നു വച്ചു. മണിയുടെ വണ്ടികൾ അതിന്റെ ഡ്രൈവർമാർ കൊണ്ടു പോകുകയാണ് പതിവ്.  തൊട്ടടുത്തെങ്ങും ഒരു വണ്ടിയും കിട്ടാനില്ല. സൈക്കിൾ എങ്ങനെയെങ്കിലും ഉരുട്ടാമെന്നു വച്ചാലും ബോധമില്ലാതെ തളർന്നു കിടക്കുന്ന മണിയെ എങ്ങനെ കൊണ്ടു പോകും. പെട്ടെന്നാണ് ഹരിയുടെ മനസ്സിൽ ഒരാശയമുദിച്ചത്. അതുപ്രകാരം വിജയനേയും കൂട്ടിനു വിളിച്ച് ഹരി തിരിഞ്ഞോടി.

ഹരി മീൻ വിൽക്കുന്ന ഒരു പലക പെട്ടിക്കടയുടെ പുറകിൽ ചാരി വച്ചിട്ടുണ്ടായിരുന്നു. അതുമായി രണ്ടു പേരും വിയർത്തു കുളിച്ച് ഓടിയെത്തി. പലക ഹാൻഡിലിനും സീറ്റിനും മുകളിലായി വച്ച് മണിയെ എടുത്ത് പലകയുടെ മുകളിൽ കിടത്തി. നാലുപേരും രണ്ടുവശത്തുനിന്നും ഭദ്രമായി പിടിച്ച് ആശുപത്രിയിലേക്ക് വിട്ടു. അവർ വല്ലാത്ത  ഭയപ്പാടിലാണ്. മണിക്കെന്തെങ്കിലും സംഭവിച്ചാലുണ്ടാകാവുന്ന അപകടം ഓർക്കാതെയല്ല. എങ്കിലും ഉപേക്ഷിക്കാൻ വയ്യ.  ഇടക്കുള്ള മണിയുടെ കുറുകൽ ആണ് നാലു പേരുടേയും ആശ്വാസം. ഇടക്ക് കുറുകൽ കേൾക്കാതാവുമ്പോൾ സൈക്കിളിന്റെ വേഗത കുറയും. പിന്നെ ഒരു ഭയപ്പാടോടെ  പരസ്പ്പരം മുഖത്തോടു മുഖം നോക്കും. അപ്പോഴേക്കും കുറുകൽ കേൾക്കാൻ തുടങ്ങുമ്പോൾ വേഗം കൂട്ടും. മൂന്നു കിലോമീറ്ററോളം നടന്നാലെ  ആശുപത്രിയിലെത്തു. ഒരു കണക്കിനാണ് നാലുപേരും വിയർത്തു കുളിച്ച് മണിയേയും കൊണ്ട് ആശുപത്രിയിലെത്തിയത്.


അപ്പോഴേക്കും ഡോക്ടർ വീട്ടിലേക്ക് പോയിരുന്നു. രണ്ടു പേർ പോയി ഡോക്ടറെ വിളിച്ചു കൊണ്ടുവന്നു. ഇറയത്ത്  ചങ്കിടിപ്പോടെ നിന്ന നാലുപേർക്കും ശബ്ദമില്ലായിരുന്നു. ആശുപത്രിയിൽ കെട്ടിവക്കേണ്ട കാശ് ഹരി തന്നെ കെട്ടി. വീട്ടിൽ ഭദ്രമായി സൂക്ഷിക്കാൻ സൌകര്യമില്ലാത്തതു കൊണ്ട് എപ്പോഴും അടിവസ്ത്രത്തിന്റെ പോക്കറ്റിലാണ് സൂക്ഷിക്കാറ്. ഡോക്ടർ പുറത്തു വന്ന് ചോദിച്ചു.
“ഇതെങ്ങനെ പറ്റിയതാ...”
“അറിയില്ല ഡോക്ടർ... വരുന്ന വഴി കുഴിയിൽ കിടന്നതാ.. പരിചയമുള്ളതു കൊണ്ട് ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല..”
തുടർന്ന് ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു. ഡോക്ടർ ഒന്നിരുത്തി മൂളി. ഡോക്ടർ വീണ്ടും അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നിട്ട് പറഞ്ഞു.
“നിങ്ങൾ ആരും പോകരുത്. നേരം വെളുത്താലെ എന്തെങ്കിലും പറയാൻ പറ്റു. അയാൾ കുറച്ച് ക്രിട്ടിക്കലാ...”
നാൽ‌വർ സംഘം ഒരു ഭീതിയോടെയാണ് അത് ശ്രവിച്ചത്. ഇറയത്തിട്ടിരിക്കുന്ന ബഞ്ചിൽ കയറിയിരുന്നു. പിന്നെ കിടന്നു. ഡോക്ടർ പല പ്രാവശ്യം വന്നു. പരിശോധിച്ചു.

നേരം പാതിര കഴിഞ്ഞപ്പോഴാണ് ആ പൊലീസ് ജീപ്പ് ആശുപത്രിയുടെ മുറ്റത്ത് വന്ന് നിന്നത്. ഒന്നു മയങ്ങാൻ പോലും കഴിയാതെ കൊതുകുകടിയും മൂട്ടകടിയും ഏറ്റ് തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് അവരത് കണ്ടത്. ഇൻസ്പെക്ടർ വന്ന വഴി തന്നെ ചോദിച്ചു.
“നിങ്ങളാണൊ ആ നാലു പേർ...?”
പെട്ടെന്നു ഭയന്നു പോയ നാലുപേരും ചാടി എഴുന്നേറ്റു. കൂട്ടത്തിൽ വിജയനാണ് ശബ്ദിക്കാനായത്.
“എന്താ സാർ..”
അപ്പോഴേക്കും ഡോക്ടർ മുറിയിൽ നിന്നും ഇറങ്ങി വന്നു. ഡോക്ടർ നാൽ‌വർ സംഘത്തോടായി പറഞ്ഞു.
“നിങ്ങൾ പറഞ്ഞതു പോലെ സൈക്കിളിൽ നിന്നും വീണതൊന്നുമല്ല അയാൾ. മറ്റേതോ വണ്ടിയുമായി കൂട്ടിയിടിച്ചതോ, ആരുയോ ആക്രമണത്താലോ മറ്റോ പരിക്ക് പറ്റിയതായിരിക്കാനാണ് സാദ്ധ്യത...”
ഇതിനകം മണിയുടെ കാറ്റ് പോയിരിക്കുമെന്നും അതിനാണ് പോലീസ്സുകാർ വന്നിരിക്കുന്നതെന്നും  നാലു പേരും വിചാരിച്ചു. ഡോക്ടറോട് ഹരി ചോദിച്ചു.
“ഡോക്ടർ... മണിക്ക്..?”
“ഇതുവരെ ബോധം വീണിട്ടില്ല...”
പോലീസ്സും സംഘവും അവരേയും കൂട്ടി അകത്തു പോയി മണലിനെ കണ്ടു. തലയാകെ കെട്ടിപ്പൊതിഞ്ഞിരിക്കുന്നു. കാലിലും ബാഡേജുണ്ട്. ഓക്സിജൻ കൊടുക്കുന്നുണ്ട്. ഡ്രിപ്പ് കയറ്റുന്നുണ്ട്. മണിയുടെ ആ കിടപ്പ് തന്നെ നാൽ‌വർ സംഘത്തിന്റെ ഭയം ഇരട്ടിയാക്കി.

പിന്നെ നാലുപേരേയും കൂട്ടി പോലീസുകാർ മണിയുടെ വീട്ടിൽ പോയി, അവന്റെ അമ്മയെ വിളിച്ചുണർത്തി വിവരം പറഞ്ഞു. അവർ കേട്ടതും വലിയ വായിൽ നിലവിളിയും നെഞ്ചത്തടിയും തുടങ്ങി. പാതിരാവിലെ അയൽ‌പക്കത്തെ നിലവിളി അയൽ വീടുകളിൽ വെളിച്ചം നിറച്ചു. ജനം കൂടുതൽ അടുത്തു കൂടുന്നതിന് മുൻപെ പോലീസുകാർ വണ്ടിയെടുത്തു. പിന്നാലെ ഓടി വന്ന മണലിന്റെ അമ്മ പിന്നിലിരിക്കുന്ന നാൽ‌വർ സംഘത്തെ കണ്ട് ചോദിച്ചു.
“ഇവരെയെന്തിനാ സാറെ പിടിച്ചോണ്ടു പോണെ...?”
“ഇവരാ നിങ്ങടെ മകനെ ആശുപത്രിയിലാക്കിയത്..”
അതു കേട്ടതും മണലിന്റെ അമ്മയുടെ വിധം മാറി.
“എന്തിനാടാ എന്റെ മോനെ തല്ലിക്കൊല്ലാറാക്ക്യേ...”

അതു കേട്ട് നാൽ‌വർ സംഘം മുഖത്തോടു മുഖം നോക്കി...
ഇനി എന്താണ് നാട്ടിൽ പാട്ടാകാൻ പോകുന്നതിനെക്കുറിച്ച് നാലു പേർക്കും ഒരേകദേശരൂപം കിട്ടി. നാലെന്നു കേട്ടാൽ നാല്പതാക്കി പറയുന്നതാണ് മണലിന്റെ അമ്മ സരോജിനിയുടെ കയ്യിലിരിപ്പ്.

സ്റ്റേഷനിൽ കൊണ്ടുപോയ നാൽ‌വർ സംഘത്തെ ഒരു മുറിക്കകത്തിട്ട് പൂട്ടി. കൊതുകു കടിയും കൊണ്ട് വട്ടത്തിലിരുന്ന് നടന്നതൊക്കെ ചർച്ച ചെയ്യുന്നതിനിടയിലാണ് ഹരി പറഞ്ഞത്.
“ഇനി അവന് ബോധം വീണ് സത്യം പറയുന്നത് വരെ ഇതിനകത്ത് കിടക്കണം..”
“അവന് ബോധം വീണിട്ടും സുബോധം തിരിച്ചു കിട്ടിയില്ലെങ്കിൽ....!?”
മറ്റുള്ളവർ ഞെട്ടിത്തെറിച്ചു നിൽക്കേ വിജയൻ ഒന്നു കൂടി കൂട്ടിച്ചേർത്തു.
“അവന്റെ തലക്കാ അടി കിട്ടിയിരിക്കുന്നേ..”
“പണ്ടാറക്കാലാ.. നിന്റെ കരിനാക്കു കൊണ്ടൊന്നും പറയാതെ... വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലാന്നു പറഞ്ഞപ്പൊഴേ മനസ്സിൽ എന്തോ അപകടം മണത്തതാ... അത് കൊലക്കുറ്റാവൂന്ന്  കരുതീല്യാ...!!!”
നാലു പേരും ഭയന്ന് വിറച്ച് തലക്ക്  കയ്യും കൊടുത്തിരുന്നു...

വർഷങ്ങൾക്ക് ശേഷം ആ നാൽ‌വർ സംഘം ഗൾഫിലെത്തി കെട്ടോ...
ഒരേ കമ്പനിയിൽ ജോലി ശരിയാക്കി അവരെ കൂടെ കൂട്ടിയതോ, അവർ രക്ഷിച്ച മണിയും.....!

17 comments:

ശ്രീ said...

അപ്പോ മണി രക്ഷപ്പെട്ടു... :)

എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ പണി പാളിയേനെ...

Cv Thankappan said...

അവസാനത്തെ നാലുവരിയാല്‍ കഥയുടെ
പര്യവസാനം ഊഹിക്കാമല്ലോ.
എന്നിലും ഗതകാലസ്മരണകള്‍ ഉണര്‍ത്തിയ കഥ.
നന്നായിരിക്കുന്നു.
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ആ
കരിനാക്ക് ഫലിച്ചില്ല അല്ലേ..
മണി രക്ഷപ്പെട്ട് എല്ലാവർക്കും മണലാരണ്യത്തിൽ
മണിയുണ്ടാക്കുവാൻ ഏർപ്പാടുണ്ടാക്കിയല്ലൊ..

മണൽ ദി ഗ്രേറ്റ്..!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായി.അവസാനം വരെ ആകാംക്ഷ നിലനിര്‍ത്തി.

വേണുഗോപാല്‍ said...

നന്നായി എഴുതി .

എന്നാലും മണി തന്റെ രക്ഷകരെ മറന്നില്ലല്ലോ ... ആശ്വാസം

ajith said...

രക്ഷിയ്ക്കാന്‍ പോയാല്‍ ചിലപ്പോള്‍ പണി പാളും
അങ്ങനെയാ നിയമങ്ങള്‍

ഇപ്പോള്‍ അല്പം മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു

Pradeep Kumar said...

ഇത് ആരുടേയോ അനുഭവമാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു.
അവസാന വരികളാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്...

Mohan bdf said...

good story.

വീകെ said...

ശ്രീ,
സിവി.തങ്കപ്പൻ,
ബിലാത്തിച്ചേട്ടൻ,
മുഹമ്മദ് ആറങ്ങോട്ടുകര,
വേണുഗോപാൽ,
അജിത്,
പ്രദീപ് കുമാർ,
മോഹൻച്ചേട്ടൻ
വരവിനും വായനക്കും അഭിപ്രായത്തിനും എല്ലാവർക്കും നന്ദി.

ഒരു യാത്രികന്‍ said...

നീളം കൂടിയോ, എന്നാലും നല്ല വായാനാനുഭവം........സസ്നേഹം

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കഥ നന്നായിരിക്കുന്നു. ആശംസകള്‍

Kalavallabhan said...

മണലിന്റെ പ്രത്യുപകാരവും നന്നായി.
എന്നാലും ഉപകാരം ചെയ്യുന്നതിന്റെ പേരിൽ സ്റ്റേഷനിൽ കിടക്കേണ്ട അവസ്ഥ ഇന്നുമുള്ളതിനാൽ...

keraladasanunni said...

നല്ലത് വിചാരിച്ച് ചെയ്യുന്ന കാര്യങ്ങള്‍  ദോഷമായി ഭവിക്കുമെന്നതിന്ന് ഉദാഹരണമാണ്
ഈ സംഭവം.ഏതായാലും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ 
ഇല്ലാതെ കഴിഞ്ഞല്ലോ.

വിനുവേട്ടന്‍ said...

സംഭവം ശുഭപര്യവസായി ആയതിൽ സന്തോഷം തോന്നുന്നു...

അപ്പോൾ അങ്ങനെയാണ് അശോകൻ മാഷ് ഗൾഫിലെത്തിയത് അല്ലേ...? :)

വീകെ said...

ഒരു യാത്രികൻ: നന്ദി.
അമൃതംഗമയ: നന്ദി.
കലാവല്ലഭൻ: നന്ദി.
കേരളദാസനുണ്ണി:നന്ദി.
വിനുവേട്ടൻ:ഹാ...ഹാ... നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഏതായാലും ടെൻഷൻ അടിപ്പിക്കാതെ അവസാനം ഒതുക്കി സന്തോഷം

സുധി അറയ്ക്കൽ said...

ടെൻഷൻ പിടിച്ച ഒരു വായന .ഹും!!!