Friday 1 July 2011

സ്വപ്നഭുമിയിലെക്ക്...(44) തുടരുന്നു...


കഴിഞ്ഞതിൽ നിന്നും....


നാട്ടിൽ പോകുമ്പോൾ പണ്ടു കൂടെ താമസിച്ചിരുന്ന രാജേട്ടനേയും പോയി കാണണമെന്ന് തീർച്ചപ്പെടുത്തിയിരുന്നു. ജോലി ഉപേക്ഷിച്ച് സുഖമില്ലാത്ത അമ്മയെ നോക്കാൻ നാട്ടിൽ പോയ രജേട്ടനെ ഒന്നു രണ്ടു പ്രാവശ്യം ഫോൺ വഴി സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ നിലവിലില്ലെന്നായിരുന്നു പറഞ്ഞിരുന്നത്...
എന്തു പറ്റിയിരിക്കും..?!

തുടരുന്നു....

നീണ്ട ആറു വർഷത്തിനു ശേഷമാണ് ഒരു നവംബർ അവസാനം നാട്ടിലേക്കു തിരിക്കുന്നത്.
36 ദിവസത്തേക്കായിരുന്നു ആ ‘പരോൾ’ കാലാവധി.

കാലത്ത് എഴുന്നേൽക്കുന്നതു മുതൽ ആരംഭിക്കുന്ന കൃത്യമായ ദിനചര്യ, രാത്രി വളരെ വൈകി കിടക്കുന്നതുവരെ തുടരും. യാതൊരു മാറ്റവും ഇല്ലാതെ , എല്ലാ ദിവസവും ഒരുപോലെ.
വെള്ളിയാഴ്ചകൾ മാത്രം കുറച്ചാശ്വാസം. പോത്തു പോലെ കിടന്നുറങ്ങി എല്ലാത്തിനും ഞങ്ങൾ പകരം വീട്ടും.

ഇതിനിടക്കാണ്, ഒരുപാട് കാത്തിരിപ്പിനു ശേഷം വീണുകിട്ടുന്ന ഒരു അവധിക്കാലം. ഈ തുറന്ന ജയിലിലെ ജീവിതത്തിൽ അതിന് ഒരു പരോളിന്റെ മധുരമുണ്ട്. ആ മധുരം മുഴുവൻ മധുര പലഹാരങ്ങളായും, തുണികളായും മറ്റ് ഇലക്ട്രോണിക് സാധനങ്ങളായും എടുക്കാവുന്നത്ര കെട്ടുകളുമായി ഒരു പരോൾ യാത്ര. കൂട്ടുകാരൊക്കെ കൂടി ചവിട്ടി പിടിച്ചാണ് പെട്ടിയൊക്കെ അടച്ചു കെട്ടുക....!

‘പെട്ടികെട്ടെ‘ന്ന ഒരു ചടങ്ങു തന്നെ ഉണ്ട്. അന്നു പിന്നെ പറയണ്ടല്ലൊ...!
ആ ചടങ്ങിന്റെ ആഘോഷത്തിമിർപ്പിൽ എല്ലാവരും അടിച്ചു പൂക്കുറ്റിയാവും....!!
ഒരാൾ നാട്ടിൽ പോണെന്നു പറഞ്ഞാൽ, സ്വന്തം വീട്ടിലെക്കെന്നാണ് ഓരോ പ്രവാസിയും വിചാരിക്കുക. വരുന്നവർ എല്ലാം ധാരാളം കത്തുകളും കൊണ്ടു വന്നു തരും. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പ്രയാസമാണ്. ഇതാണ് പൊതുവിൽ പ്രവാസികൾക്കിടയിൽ കണ്ടു വരുന്നത്. എനിക്കും അതിൽ നിന്നും മാറി നിൽക്കാനാവില്ലല്ലൊ....
ഞാനുമൊരു ഗൾഫനല്ലെ..?

കാലത്ത് വിളിച്ചുണർത്തി ഒരു കപ്പു ചായ തരാൻ സഹധർമ്മിണീ അടുത്തൂണ്ടാകുക. ഓടിവന്നു കെട്ടിപ്പിടിക്കാൻ മക്കൾ തൊട്ടടുത്തുണ്ടാകുക. അവരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയൂക. ഇതിനൊന്നും കഴിയാതെ എല്ലാം ഭംഗിയായി നടക്കുന്നതായി സങ്കല്പിച്ച് ഒരുതരം യാന്ത്രികജീവിതം. അതുകൊണ്ടു തന്നെ ഓരോ പരോളും ഓരോ അനുഭവമാണ്....!
അതുകഴിഞ്ഞുള്ള രണ്ടുവർഷം ഇവിടെ ഒറ്റക്കു കഴിയാനുള്ള ഊർജ്ജം സംഭരിക്കുന്നത് ആ യാത്രകളിലാണ്.

കുടുംബം ചുരുങ്ങിയ കാലം എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലും വീണ്ടും അവരോടൊപ്പം കഴിയാനുള്ള മോഹവുമായി ഞാൻ നാട്ടിലേക്കു തിരിച്ചു. കൊണ്ടുപോകുന്ന സാധനങ്ങൾക്ക് നാട്ടിലെ വിമാനത്താവളത്തിൽ കൊടുക്കേണ്ടി വരുന്ന അല്ലെങ്കിൽ ഉദ്യോഗസ്ഥന്മാരുടെ പിടിച്ചു പറിയെക്കുറിച്ചുള്ള ഒരു ഭീതിമാത്രമായിരുന്നു ഞങ്ങളുടെ സന്തോഷം തല്ലിക്കെടുത്തിയിരുന്നത്. ആ ഭീതി ഓരോ യാത്രക്കാരന്റേയും മുഖത്ത് നിന്നും വായിച്ചെടുക്കാം. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങുന്നതു വരെയ്ക്കും അതിൽ നിന്നും മോചനം കിട്ടില്ല.

കൊച്ചുവെളുപ്പാൻ കാലത്താണ് വിമാനമിറങ്ങിയത്. അടുത്ത ബന്ധുക്കളോടൊപ്പം മക്കൾ രണ്ടുപേരും വന്നിരുന്നു. മൂത്തവൻ അപരിചിതത്വമൊന്നും കാട്ടിയില്ല. പക്ഷെ ഇളയവൻ അടുക്കാൻ കൂട്ടാക്കിയില്ല...!
ചേട്ടനെ കെട്ടിപ്പിടിച്ചു നിന്നതെയുള്ളു.

രണ്ടു വർഷത്തിലധികം എന്റെ കൈകളിൽ കിടന്ന് വളർന്നതാണ്. പുറത്തു പോകുമ്പോൾ അഛന്റെ കൈ പിടിച്ചാലെ അവന് സമാധാനമാകുകയുള്ളു. വീട്ടിൽ വരുമ്പോൾ മാത്രമെ അമ്മയെ വേണ്ടു. അന്ന് അമ്മയോടൊപ്പം തിരിച്ചു പോകുമ്പോൾ വിമാനത്താവളത്തിൽ വച്ച് എന്റെ തോളിൽ കിടന്ന് പിടിവിടാതെ ‘അഛാ..അഛാ..’ എന്ന് അലറിക്കരഞ്ഞവനാണ്.
ചുരുങ്ങിയ സമയം കൊണ്ടു തന്നെ അഛനെ മറന്നിരിക്കുമോ...?
എന്റെ പൊന്നുമോനെ ഒന്നെടുത്തുമ്മ വക്കാനുള്ള ഹൃദയത്തിന്റെ വിങ്ങൽ അവന്റെ പരുങ്ങൽ കണ്ട് ഞാനടക്കിവച്ചു.

എന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെങ്കിലും ഇത്തിരി അകലം സൂക്ഷിച്ചത് ഞാൻ ശ്രദ്ധിച്ചു.
അവനെ ഒന്നു വാരിയെടുക്കാനും ഉമ്മ കൊടുക്കാനും വീണ്ടും വീണ്ടും എന്റെ മനം വല്ലാതെ തുടിച്ചു. പക്ഷെ, ബലമായിട്ട് ഒന്നും വേണ്ടന്ന് വച്ചു. കാറിലിരിക്കുമ്പോൾ പലവട്ടം അവനെന്നെ ചേട്ടന്റെ മറവിൽ ഒളിഞ്ഞു നോക്കുന്നത് കണ്ടു. വീട്ടിലെത്തിയതും അവനിറങ്ങി ആദ്യം ഓടി...!
കുറച്ചു കഴിഞ്ഞപ്പോഴാണ് അതിന്റെ ഗുട്ടൻസ് പിടിത്തം കിട്ടിയത്.

കാറിൽ നിന്നിറങ്ങിയതും അവൻ അമ്മയുടെ അടുത്തേക്കോടി. അമ്മയോട് രഹസ്യമായി ചോദിച്ചു.
“അമ്മെ... ഇതാണൊ ബഹ്റീനിലെ എന്റെ അച്ചൻ...? ”
“ഊം... ചക്കരേടെ അച്ചൻ തന്ന്യാത് ’
അതു കേട്ടതും അവന്റെ മൂഖം പ്രകാശമാനമായി....!
വിടർന്ന കണ്ണുകളോടെ അവനെന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.
ഞാൻ അവനെ തലയാട്ടി വിളിച്ചൂ....
ഇത്തവണ മടിക്കാതെ ഓടിവന്നു.....
ഞാൻ എന്റെ കവിൾ തൊട്ടുകാണിച്ചു....
അവൻ എന്റെ കവിളിൽ ഓരോ ഉമ്മ തന്നു.....!

പിന്നെ ഞാനവനെ വാരിയെടുത്ത് എന്റെ നെഞ്ചോടു ചേർത്തു...
തുരുതുരാ ഉമ്മകൾകൊണ്ടു പൊതിഞ്ഞു....
എന്റെ വിങ്ങൽ മാറുന്നതു വരെ നെഞ്ചോട് ചേർത്ത് പിടിച്ചു.....
അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.....!
ഓരോ പ്രവാസിക്കും ചെന്നു കയറുമ്പോഴുള്ള തന്റെ മക്കളുടെ അകൽച്ച മാറാൻ എത്ര സമയം വേണ്ടിവരും....?
പിന്നെയും രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടെ എന്റെ കൂടെ ഒറ്റക്കു പുറത്തു പോകാൻ
ഗൌതം ലാൽ
എന്ന `ചിന്നു ` തെയ്യാറായുള്ളു.

രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം...രാജേട്ടനെ പോയി കാണാൻ ഞാൻ വീട്ടിൽ നിന്നിറങ്ങി. ഒട്ടും പരിചയമില്ലാത്ത സ്ഥലത്തേക്കായതു കൊണ്ട് കുടുംബത്തെ കൂടെ കൂട്ടിയില്ല. പണ്ട് രാജേട്ടനു ഭാര്യ അയച്ച ഒരു കവറിലെ ‘ ഫ്രം അഡ്രസ്സ്’ മാത്രമാണ് ആകെയുള്ളത്. കയ്യിലുള്ള ടെലിഫോൺ നമ്പർ ‘നിലവിലില്ലാ’ത്തതും.

വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയായിക്കാണും രാജേട്ടന്റെ ഗ്രാമത്തിനടുത്തുള്ള പട്ടണത്തിൽ ബസ്സിറങ്ങുമ്പോൾ. ഒന്നു രണ്ടു ഓട്ടോറിക്ഷക്കാരോട് ചോദിച്ചിട്ടാണ് സ്ഥലം മനസ്സിലാക്കിയത്. അതിലൊരാളാണ് ആ പഴയ മരം കൊണ്ടുണ്ടാക്കിയ ഗേറ്റിനു മുൻ‌പിൽ എന്നെ കൊണ്ടുവന്നാക്കിയത്.

നേരം സന്ധ്യയാവാനുള്ള തെയ്യാറെടുപ്പിലായിരുന്നു. വേണ്ട ചായക്കൂട്ടുകളെല്ലാം പടിഞ്ഞാറൻ ചക്രവാളത്തിൽ കോരിയൊഴിച്ച് സൂര്യഭഗവാനെ യാത്രയാക്കാനായി പ്രകൃതി അണിഞ്ഞൊരുങ്ങി നിന്നു. തെങ്ങിൻ തലപ്പുകളിൽ പതുങ്ങി നിന്ന ഇരുട്ട് പതിയെ താഴേക്കിറങ്ങുന്ന നേരത്ത് പാതി തുറന്നു കിടന്ന ഗേറ്റിനകത്തേക്ക് ഞാൻ കാൽ വച്ചു.

വർഷങ്ങളായി വെള്ള തേച്ചിട്ടില്ലാത്ത ചുമരുകൾ നിറം മങ്ങി വൃത്തികേടായിരുന്നു. എങ്കിലും വലിയ പഴക്കമില്ലാത്ത ഒരു വീടായിരുന്നു അത്. വീടിനു ചുറ്റും കായ്ഫലമുള്ള തെങ്ങുകളേക്കാൾ തല പോയ തെങ്ങുകളായിരുന്നു അധികവും. ഗേറ്റ് കടന്നതും വലത്തെ മൂലയിലെ തെങ്ങിൻ‌ചുവട്ടിൽ പുറം തിരിഞ്ഞിരുന്ന് പശുവിന്റെ കാടിപ്പാത്രത്തിൽ കൈകൊണ്ടിളക്കിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ കണ്ടു....
ഉച്ചിത്തലയിലെ കഷണ്ടി കണ്ടപ്പോൾ തന്നെ മനസ്സിലായി....
ഇതു തന്നെ ആള്...

ഞാനൊന്നു മുരടനക്കിയതും പെട്ടെന്നയാൾ തിരിഞ്ഞു നോക്കി.
തലനരച്ച് , കുഴിഞ്ഞ കണ്ണുകളും എല്ലുന്തിയ ശരീരവുമായി ഒരു പാവം മനുഷ്യൻ...!
രാജേട്ടൻ...!?
ആ രൂപം കണ്ടതും ഞാൻ അവിടെത്തന്നെ വാ പൊളിച്ച് നിന്നു പോയി...!!?
പഴയ രാജേട്ടന്റെ ഒരു പ്രേതം മാത്രമായിരുന്നു അത്....!!

ബാക്കി അടുത്ത പോസ്റ്റിൽ.....

17 comments:

SHANAVAS said...

മനസ്സില്‍ കൊള്ളുന്ന അനുഭവം..വിവരണം അതി മനോഹരം...

ramanika said...

വിവരണം മനസ്സില്‍ തട്ടി
ബാക്കി ?????

African Mallu said...

നന്നാവുന്നു .ഓരോ ഭാഗങ്ങളും പോസ്റ്റു ചെയ്യുന്നതില്‍ ഇത്ര ഇന്റെര്‍വല്‍ വേണ്ടാട്ടോ

krishnakumar513 said...

വളരെ നന്നായി, വീ കെ ഇത്തവണ....

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പ്രവാസി പ്രവാസിയല്ലാതെയാകുമ്പൊഴുള്ള കഥകൾക്കായി കാത്തിരിക്കുന്നൂ..
മക്കൾക്കൊക്കെ പ്രവാസിപിതാക്കന്മാരൊടൊക്കെ തോന്നുന്ന പ്രഥമ്മാനിഷ്ട്ടങ്ങൾ സൂപ്പറായി വിവരിച്ചിരിക്കുന്നു കേട്ടൊ അശോക് ഭായ്

ajith said...

എന്തു പറയേണ്ടൂ...

Unknown said...

പതിവ് പോലെ സസ്പെന്സില്‍ നിര്‍ത്തി :((

Lipi Ranju said...

വീട്ടില്‍ എത്തിയപ്പോഴുള്ള അനുഭവം വായിച്ചപ്പോ കണ്ണ് നിറഞ്ഞു മാഷേ...

വീകെ said...

ഷാനവാസ്: വളരെ നന്ദി.
രമണിക: വളരെ നന്ദി.
ആഫ്രിക്കൻ മല്ലു: എല്ലാം വേഗം എഴുതി തീർത്തിട്ട് എങ്ങോട്ടു പോകാനാ മാഷെ.. വളരെ നന്ദി.
കൃഷ്ണകുമാർ513: നന്ദി മാഷെ.
ബിലാത്തിച്ചേട്ടൻ: വളരെ നന്ദി മാഷെ.
അജിത്: നന്ദി.
ഞാൻ ഗഃന്ധർവ്വൻ: നന്ദി.
ലിപി രഞ്ചു: അഭിപ്രായത്തിനു വളരെ നന്ദി.

Kalavallabhan said...

“അമ്മെ... ഇതാണൊ ബഹ്റീനിലെ എന്റെ അച്ചൻ...? ”
“ഊം... ചക്കരേടെ അച്ചൻ തന്ന്യാത് ’

ഈയൊരവസ്ഥ, ഭയങ്കരം തന്നെ.

കുസുമം ആര്‍ പുന്നപ്ര said...

നല്ല വിവരണം. നല്ലതായിട്ടെഴുതി.

A said...

നന്നായി വിവരിച്ചു

കെ.എം. റഷീദ് said...

പിന്നെ ഞാനവനെ വാരിയെടുത്ത് എന്റെ നെഞ്ചോടു ചേർത്തു...
തുരുതുരാ ഉമ്മകൾകൊണ്ടു പൊതിഞ്ഞു....
എന്റെ വിങ്ങൽ മാറുന്നതു വരെ നെഞ്ചോട് ചേർത്ത് പിടിച്ചു.....
അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.....!
ഓരോ പ്രവാസിക്കും ചെന്നു കയറുമ്പോഴുള്ള തന്റെ മക്കളുടെ അകൽച്ച മാറാൻ എത്ര സമയം വേണ്ടിവരും....?
പിന്നെയും രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടെ എന്റെ കൂടെ ഒറ്റക്കു പുറത്തു പോകാൻ



പലപ്പോഴും വി.കെയുടെ ബ്ലോഗില്‍ വന്നിരുന്നു
തുടര്‍ നോവല്‍ പോലെ തോന്നിച്ചതുകൊണ്ട്
വായിച്ചിരുന്നില്ല - (എന്നെ പോലെ പലരും വായിക്കാതിരിക്കാന്‍ സാധ്യതയുണ്ട്)
ഇതാണ് ആദ്യമായി വായിക്കുന്നത് - എന്നെപ്പോലെ ഓരോ പ്രവാസിയുടെയും
അനുഭവമാണ് - ഒരു നിര്‍ദേശം ഉണ്ട് തുടര്‍ക്കഥക്ക് പകരം ഓരോ കഥയോ , അനുഭവമോ
ആയി എഴുതിയാല്‍ കൂടുതല്‍ പേര്‍ വായിക്കും

Pranavam Ravikumar said...

ഇഷ്ടപ്പെട്ടു.. മനസ്സില്‍ എവിടെയോ കൊണ്ടു.. :(

വീ കെ. said...

കലാവല്ലഭൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. നാട്ടിലുള്ളവർക്ക് അതിന്റെ വിഷമം മനസ്സിലാകില്ല.
കുസുമം ആർ പുന്നപ്ര: നന്ദി.
സലാം: നന്ദി.

കെ. എം.റഷീദ്: പ്രിയ സുഹൃത്ത് സംശയിക്കുന്നതു പോലെ ഇതൊരു തുടർക്കഥയല്ല. ഞാനും എന്റെ സുഹൃത്തുക്കളും അനുഭവിച്ചു തീർത്തതും കണ്ടും കേട്ടും പരിചയമുള്ള കഥകൾ എന്റേതായ ഭാഷയിൽ എഴുതുന്നുവെന്നേയുള്ളു.
(പ്രവാസികൾക്ക് കഥകൾക്ക് പഞ്ഞമുണ്ടൊ..?)

ഓരോ പോസ്റ്റും വ്യത്യസ്ത കഥകളാണ്. ഒന്നിൽ തീരാത്തത് മാത്രമാണ് അടുത്ത പോസ്റ്റിലേക്കും കടന്നു പോകുന്നത്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ വന്നു പോകുന്നവർ ആണ്.
സ്ഥിരമായ ഒരേഒരു കഥാപാത്രം ഈ ‘ഞാൻ’ എന്ന കഥാപാത്രം മാത്രമാണ്.

നോവലുകളും കഥകളും ഒരു വീട് കേന്ദ്രീകരിച്ചൊ, ഒരു ഗ്രാമം കേന്ദ്രീകരിച്ചൊ എഴുതുന്നതു പോലെ ആയാൽ നന്നായിരിക്കുമെന്നു കരുതിയാണ് എന്റെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് എഴുതിയത്.

ഇതിലെ സംഭവങ്ങൾ മാത്രമെ സത്യമുള്ളു. കഥാപാത്രങ്ങളുടെ പേരുകളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും എന്റെ ഭാവന മാത്രം.

റഷീദിക്കായുടെ ആദ്യമായ വരവിനും വായനക്കും തുറന്നെഴുതിയ അഭിപ്രായത്തിനും ഒത്തിരി നന്ദി. ഇനിയും വരിക.

വീകെ said...

ഇവിടെ വന്നിട്ടും ഒന്നും പറയാതെ കടന്നു പോയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.

A said...

വളരെ നന്നായി വരുന്നു.