Friday 15 February 2013

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ.. (20)

കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
 

ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു. 

 മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. 

വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.

 ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.  

 രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും  ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും.

നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മിക്ക് സ്വബോധം നഷ്ടമായി. പോരുന്ന വഴി അമ്പലത്തിൽ വച്ച് മാധവൻ ഒരു നാടകം പ്ലാൻ ചെയ്തു. ...... രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആവശ്യമില്ലാത്ത കഥപാത്രങ്ങള്‍ അഭിനയം തുടങ്ങി.....  ആ നാടകത്തിന്റെ അവസാനം ലക്ഷ്മിയുടെ നിർബ്ബന്ധത്തിനു വഴങ്ങിയിട്ടെന്നോണം മാധവന് , തന്റെ മകളുടെ പോലും പ്രായമില്ലാത്ത ഗൌരിയുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു.... നിമ്മിയുടെ കല്യാണം നടക്കുമെന്നുറപ്പായി.

 തുടർന്നു വായിക്കുക...

നാടകം സഫലമാകുന്നു...

പക്ഷെ, പിന്നീടുള്ള ഗൌരിയുടെ നീക്കങ്ങൾ, താൻ മനസ്സിൽ ഉദ്ദേശിച്ചത്  അവൾ വായിച്ചറിഞ്ഞതുപോലെ തോന്നിയത് മാധവന്റെ നെഞ്ചിടിപ്പ് ക്കൂട്ടി.
ഗൌരി വിളിച്ചു.
“ദേ... നോക്ക് മാമാ....”
മാധവൻ പതുക്കെ തലതിരിച്ച് നോക്കി.
ഗൌരി താലിമാല പൊക്കി കാണിച്ചിട്ട് പറഞ്ഞു.
“ഈ താലി സത്യമല്ലെ...?”
മാധവൻ തല കുലുക്കി.
“ഇതു എന്റെ കഴുത്തിൽ കെട്ടിത്തന്നത് ഈ കൈകളല്ലെ...?”
 ഗൌരി എന്തു ചോദിച്ച് തന്നെ മുട്ടുകുത്തിക്കാനുള്ള  പുറപ്പാടാണന്നറിയാതെ, അല്ലെങ്കിൽ ഇതൊന്നും ഒരു നാടകമല്ലെന്നു പറയാനാണൊ ഗൌരി ശ്രമിക്കുന്നതെന്നറിയാതെ മാധവൻ കണ്ണുമിഴിച്ച് ഗൌരിയെ നോക്കി......!?



മാധവന്റെ മൌനം ഗൌരിയെ വീണ്ടും ആ ചോദ്യം ചോദിപ്പിച്ചു.
“മാമനല്ലെ എന്റെ കഴുത്തിൽ ഇതു കെട്ടിയത്...”
“ങൂം...!”
പെട്ടെന്ന് ഗൌരിയുടെ മുഖമാകെ വാടി.
പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു.
“എനിക്കറിയാം... മാമന്റെ ഇഷ്ടത്തോടെയല്ല ഇതെന്ന്. അന്നേരത്തെ ഒരു പ്രതിസന്ധിയിൽ മാനം രക്ഷിക്കാൻ അമ്മ കണ്ടെത്തിയ വഴിയാണിത്...!”

“അങ്ങനെയൊന്നും മോളിതിനെ കാണണ്ട... ആ മാനം രക്ഷിക്കൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രമായിരുന്നെങ്കിലോ...!?”
ഗൌരിയുടെ വിടർന്ന കണ്ണുകൾ മാമന്റെ നേരെ തിരിഞ്ഞു.
“എന്താ മാമനീ പറയുന്നത്....?!!”

സത്യാവസ്ഥ ഇവളോട് തുറന്നു പറഞ്ഞില്ലെങ്കിൽ, താൻ വല്ലാത്തൊരു പ്രതിസന്ധിയിൽ ചെന്നു പെടുമെന്ന് മാധവൻ ഊഹിച്ചു. അതുകൊണ്ട് എല്ലാം  തുറന്നു പറയാൻ തന്നെ തീരുമാനിച്ചു. നാലുപാടും ഒന്നു നോക്കി, വളരെ ശബ്ദം താഴ്ത്തി ചോദിച്ചു.
“ഗൌരിമോളുടെ ഏറ്റവും വലിയ സന്തോഷം ഏതാ...?”
“നിമ്മിയുടെ കല്യാണം... അവളെങ്കിലും രക്ഷപ്പെട്ടുകാണണം...!”

“അതെ... നമ്മുടെ മുന്നിലെ ഏറ്റവും വലിയ പ്രശ്നം നിമ്മിയുടെ കല്യാണമാണ്. അതു നടക്കണമെങ്കിൽ ചേച്ചിയുടെ കല്യാണം കഴിയണമെന്ന് അവളുടെ വാശി. ജാതക ദോഷത്തിന്റെ പേരു പറഞ്ഞ് മോളതിനു സമ്മതിക്കുമോ...?”
“ഇല്ല...”
“പിന്നെന്തു ചെയ്യും...? നിമ്മിക്കു വന്ന  ആ നല്ലൊരു പയ്യനെ നഷ്ടപ്പെടുത്താൻ എന്തായാലും ഞാനൊരുക്കമല്ലായിരുന്നു. ലക്ഷ്മിക്കാണെങ്കിൽ നിങ്ങളെ ദ്വേഷ്യപ്പെടാൻ വയ്യ. അതു കൊണ്ടാ ബലമായിട്ട്, പറയുന്നത് അനുസരിച്ചില്ലെങ്കിൽ  ഞാനിറങ്ങിപ്പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി  ലക്ഷ്മിയേക്കൊണ്ട് ഈ നടകം കളിക്കാൻ സമ്മതിപ്പിച്ചത്...!!!”
ഏതോ അവിശ്വസനീയമായ ഒരു കെട്ടു കഥ കേട്ടിരിക്കുന്നതു പോലെ ഗൌരി വായും പൊളിച്ചിരുന്നു.

മാധവൻ നെഞ്ചു തടവി ഉയർന്നു വന്ന ചുമയെ തടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആ നെഞ്ചിൽ ഗൌരിയുടെ കയ്യും സ്ഥാനം പിടിച്ചു. ചുമ താഴ്ന്നപ്പോൾ മാധവൻ ഗൌരിയുടെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“മോള് മാമന് വാക്കു തരണം.. ഈ  വിവരം ഒരു കാരണവശാലും  നിമ്മിയെ അറിയിക്കില്ലെന്ന്... അവളറിഞ്ഞാൽ ഒരു പക്ഷെ, വിവാഹത്തിൽ നിന്നും പിന്മാറിയാൽ...?”
ഗൌരി തലയാട്ടിയിട്ട് പറഞ്ഞു.
“ഇല്ല മാമാ... ഞാനൊരിക്കലും പറയില്ല...!”
“ആദ്യം അവളുടെ വിവാഹം ഭംഗിയായി നടക്കട്ടെ. അതു കഴിഞ്ഞിട്ടേയുള്ളു ബാക്കിയൊക്കെ...!?”
“ഊം... ”

പിന്നെയും ഗൌരി എന്തൊക്കെയോ ചിന്താഭാരത്തോടെ  താലിമാലയിൽ തെരുപ്പിടിച്ചു. ആ താലി എടുത്തുയർത്തിയിട്ട്  പറഞ്ഞു.
“ഈ താലി സത്യമാണ്. ഇത് കെട്ടിത്തന്ന കൈകളും സത്യമാണ്. ഇതിനകത്ത് ഒരു നാടകവും ഞാൻ സമ്മതിക്കില്ല....! ഞാനങ്ങനെ വിശ്വസിച്ചോട്ടെ....?”
മാധവൻ തന്റെ കണ്ണുകളടച്ച് തലയൊന്നാട്ടി.
“നിമ്മിയുടെ കല്യാണം കഴിയുന്നതു വരെ ഞാൻ കാത്തിരിക്കും...!”
അതും പറഞ്ഞവൾ മാമന്റെ കൈവെള്ളയിൽ ഒരു ചുംബനമർപ്പിച്ചു....!
പിന്നെ താലി പൊക്കി രണ്ടു കണ്ണിലും മുട്ടിച്ച്  ചുംബിച്ചു.

അപ്പോഴേക്കും ജൂസുമായി ലക്ഷ്മി തിരിച്ചു വരുന്നുണ്ടായിരുന്നു. ഗൌരി പതുക്കെ തന്റെ വണ്ടി ഉരുട്ടിത്തുടങ്ങിയിരുന്നു.
പിന്നാലെ വന്ന നിമ്മി പറഞ്ഞു.
“മാമനിനി ഇവിടെ കിടക്കാൻ ഞങ്ങൾ സമ്മതിക്കില്ല....”
അതുകേട്ട് ഗൌരി പറഞ്ഞു.
“വേണ്ട... നിന്റെ കല്യാണം കഴിയാതെ മാമൻ അകത്തു കയറി കിടക്കില്ലാന്ന് വാശിയിലാ... ഞാനുമതു സമ്മതിച്ചു...!”
അതോടെ മാമനെ ഒന്നുഴിഞ്ഞു നോക്കി, ആ മുഖത്തൊന്ന് തടവിയിട്ട് നിമ്മി പറഞ്ഞു.
“ഇങ്ങനത്തെ വാശിയൊന്നും കൊള്ളില്ലാട്ടൊ മാമാ...”
 നിമ്മി ഗൌരിയേയും തള്ളിക്കൊണ്ട് അകത്തേക്ക് പോയി.


 ദിവസങ്ങൾ എത്ര പെട്ടെന്നാണ് നീങ്ങിയത്.
ചൂട് കുറഞ്ഞത് തെല്ലൊരു ആശ്വാസമാണ് തന്നത്.
രാത്രിയിൽ തണുത്ത കാറ്റ് വീശാനും തുടങ്ങിയതോടെ തവളകളും ചീവീടുകളും മഴയെ വരവേൽക്കാനുള്ള  തങ്ങളുടെ യഞ്ജം ആരംഭിച്ചു കഴിഞ്ഞിരുന്നു. മഴക്കു മുൻപ് ഹോട്ടലിനു മുന്നിലെ റോഡ് മെറ്റൽ വിരിക്കാൻ കഴിയില്ലെന്ന് ബഷീർ പറഞ്ഞു.

മഴ രാത്രിയിൽ കുറേശ്ശെ ചാറാനും തുടങ്ങിയിരുന്നു....

വെറും ഡെസ്ക്കിൽ കാറ്റേറ്റ് കിടക്കുന്ന മാമനെ ഓർത്ത് ഗൌരിക്ക് ഉറക്കം വന്നില്ല. തന്റെ നെഞ്ച് വല്ലാതെ വിങ്ങുന്നതായി ഗൌരിക്ക് തോന്നി. ഈ കട്ടിലിൽ തന്നോടൊപ്പം കിടക്കേണ്ട മാമനെ പുറത്ത് കിടത്തിയത് ഒട്ടും ശരിയായില്ലെന്നവളുടെ അന്തരംഗം മന്ത്രിച്ചു കൊണ്ടിരുന്നു...
തനിയെ എഴുന്നേറ്റ് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ....
തൊട്ടടുത്ത് കട്ടിലിൽ സുഖമായുറങ്ങുന്ന നിമ്മിയെ കണ്ടതും അവൾ തളർന്നു.  ഒരുവേള ഗൌരിക്ക് കരയണമെന്ന് തോന്നി.
മാമനോട് എന്തോ കഠിനമായ തെറ്റു ചെയ്തെന്ന തോന്നൽ പിന്നേയും പിന്നേയും മനസ്സിനെ ചുട്ടു പൊള്ളിച്ചുകൊണ്ടിരുന്നു.


തോമസ്സ് കോൺട്രാക്ടർ വാക്കു പറഞ്ഞതു പോലെ തന്നെ ആവശ്യമായ ആഭരണങ്ങൾ എല്ലാം വാങ്ങിത്തന്നു. കൂട്ടത്തിൽ അമ്മക്കൊരു താലി മാല വാങ്ങാൻ മക്കൾ രണ്ടു പേരും മറന്നില്ല. ലക്ഷ്മിക്കതിനോട് യോജിപ്പില്ലായിരുന്നു. ഇനി  തനിക്കതിന്റെ ആവശ്യമില്ലെന്നായിരുന്നുവെങ്കിലും, ഒഴിഞ്ഞ കഴുത്തുമായി നടക്കാൻ സമ്മതിക്കില്ലെന്നുള്ള മക്കളുടെ പിടിവാശിക്കു മുന്നിൽ സമ്മതിച്ചാണ്.

കല്യാണ ദിവസം താൻ വീട്ടിലിരിക്കുകയുള്ളുവെന്ന് മാധവൻ പറഞ്ഞെങ്കിലും ലക്ഷ്മിയും മക്കളും സമ്മതിച്ചില്ല. ധാരാളം ആളുകൾ കൂടുന്ന സ്ഥലമാണ്. തന്റെ സാന്നിദ്ധ്യം ലക്ഷ്മിക്കും മക്കൾക്കും ഒരു പോരായ്മയായി തോന്നരുതെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്.
‘മാമന്റെ കാല് തൊട്ടു വന്നിച്ചിട്ടു വേണം മണ്ഡപത്തിലേക്ക് കയറാനെന്നും, പെണ്ണിനെ കൈപ്പിടിച്ച് കൊടുക്കേണ്ടത് മാമനാണെന്നും കൂടി പറഞ്ഞ്’ ലക്ഷ്മി ഒറ്റക്കാലിൽ നിന്നതോടെ മാധവൻ താഴ്ന്നു.
കണാരനും സെയ്തുക്കായും കൂടി ‘മാമനു മാത്രമേ അതിനർഹതയുള്ളു’വെന്നുകൂടി പറഞ്ഞതോടെ മാധവൻ  വരാമെന്നു സമ്മതിച്ചു.

ഹോട്ടലിൽ ഊണു കഴിക്കാൻ വരുന്ന തൊഴിലാളികളായിരുന്നു പെൺ‌വീട്ടുകാരുടെ ബന്ധുക്കൾ... അതുകാരണം തോമസ്സിന് അന്നേ ദിവസം അവധി കൊടുക്കേണ്ടി വന്നു.

അന്ന്,  കാലത്തെ തന്നെ എല്ലാവരും അണിഞ്ഞൊരുങ്ങി.
ഇവിടെ വന്നവർക്ക് പോകാനായി റോഡു വരെ ഓട്ടോയിൽ എത്തിച്ചു. അവിടെ നിന്നും  ബസ്സും ഒരു കാറും.

 നിമ്മിയെ ഒരുക്കാനായി ഓഡിറ്റോറിയത്തിൽ തന്നെ ആളെത്തി കാത്തിരിക്കുന്നുണ്ടായിരുന്നു. ഉറ്റ കൂട്ടുകാരിക്കു വേണ്ടി ടെസിയും സുനിതയും കൂടി ഏർപ്പാടാക്കിയതായിരുന്നു അതൊക്കെ. നിമ്മിയുടെ ഒരുക്കങ്ങൾ കഴിഞ്ഞിരിക്കുമ്പോഴാണ് ഗൌരിയുടെ വണ്ടിയും തള്ളി ലക്ഷ്മി എത്തിയത്.

ചേച്ചിയേയും അമ്മയേയും കണ്ടപ്പോഴേ നിമ്മിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അമ്മയേയും മക്കളേയും ഒറ്റക്ക് വിട്ട് കൂട്ടുകാരികൾ പുറത്തേക്ക് പോയി. ലക്ഷ്മി നിമ്മിക്ക് ആവശ്യമായ ഉപദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു. വൈകുന്നേരത്തെ പാർട്ടിക്ക് തങ്ങൾ നിൽക്കില്ലെന്നും, അതിനു മുൻപേ വീട്ടിലേക്ക് പോകുമെന്നും ലക്ഷ്മി പറഞ്ഞു. അല്ലെങ്കിൽ നാളത്തെ ഹോട്ടലിന്റെ കാര്യം അവതാളത്തിലാകും.

അപ്പോഴാണ് മാമനെ കാണുന്നില്ലല്ലൊയെന്ന മട്ടിൽ ഗൌരി നാലുപാടും നോക്കിയത്. അതു മനസ്സിലാക്കിയ ലക്ഷ്മി പറഞ്ഞു.
“മാമൻ തങ്ങളുടെ പിന്നിൽ ഉണ്ടായിരുന്നതാണല്ലൊ.. പിന്നെവിടെപ്പോയി...?”
അതും പറഞ്ഞ് ലക്ഷ്മി മാമനേയും തേടി പുറത്തേക്ക് പോയി. 

ഇന്ന്, പകൽ മഴയില്ലാതെ നിന്നത് പ്രകൃതിപോലും അനുഗ്രഹിച്ച മുഹൂർത്തമായി മാധവന് തോന്നി. നിമ്മിയെ അനുഗ്രഹിക്കുമ്പോഴും, നിമ്മിയെ കൈ പിടിച്ച് സുനിലിനെ ഏൽ‌പ്പിക്കുമ്പോഴും മാധവൻ ശരിക്കും വിറകൊണ്ടു...
ഇടക്കെപ്പോഴോ വന്നു ചേർന്ന ഉത്തരവാദിത്വവും, അതിന്റെ  പൂർത്തീകരണവും ഭംഗിയാക്കാൻ കഴിഞ്ഞതിൽ  അഭിമാനം പൂണ്ട ആ കണ്ണുകൾ നിറഞ്ഞു. ഇടക്ക് ബാലൻസ് തെറ്റി അറിയാതെ ഒന്നു തേങ്ങിപ്പോയപ്പോൾ ലക്ഷ്മിയുണ്ടായിരുന്നു തൊട്ടു പിറകിൽ താങ്ങിനായി...!

അന്നേരമാണ് മാമൻ ഈ നേരം വരേയും ഒന്നും കഴിച്ചിട്ടില്ലെന്ന ബോധം ലക്ഷ്മിയിൽ ഉണ്ടായത്. മാധവനുള്ള ഭക്ഷണമുണ്ടാക്കാൻ പറ്റിയ സൌകര്യങ്ങളൊന്നും ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നില്ല. 

എല്ലാം കഴിഞ്ഞ് സൽക്കാരത്തിനിടെ  യാത്ര പറഞ്ഞ് പോരുമ്പോൾ ഗൌരി ഏറ്റവും സന്തോഷവതിയായിരുന്നു. സന്തോഷം വരുമ്പോൾ വളരെയധികം സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ഗൌരി. മാത്രമല്ല, വർഷങ്ങളായി തങ്ങളുടെ വീട് വിട്ട് അധികമൊന്നും പുറത്തുപോയിട്ടില്ലാത്ത ഗൌരിക്ക് ഈ യാത്ര ഒരു പുതിയ അനുഭവം തന്നെയായിരുന്നു. അവളുടെ സന്തോഷ പ്രകടനങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ട് ലക്ഷ്മി തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. മുൻപിലിരിക്കുന്ന മാധവന്റെ മുഖം അവർ കണ്ടില്ല.

പട്ടണം വിട്ടതോടെ മഴ ശരിക്കും പെയ്യാൻ തുടങ്ങിയിരുന്നു....
വണ്ടി വളരെ പതുക്കെ മാത്രമെ ഓടിക്കാൻ കഴിയുമായിരുന്നുള്ളു.

ഗൌരിയോട് പറഞ്ഞിരിക്കുന്ന അവധി ഇതോടെ തീരുകയാണെന്ന സത്യമാണ് അവളെ  ഇത്രക്ക് സന്തോഷവതിയാക്കുന്നതെന്നത്  മാധവനെ വല്ലാതെ പൊള്ളിച്ചു....!

മിക്സിയിലടിച്ചു കൊടുക്കാൻ കഴിയാത്തതു കൊണ്ട് പാവം മാമൻ ഇന്നൊന്നും കഴിച്ചിട്ടില്ലെന്ന തിരിച്ചറിവ്, എത്രയും വേഗം വീട്ടിലെത്താൻ മനഃമുരുകി പ്രാർത്ഥിക്കുകയായിരുന്നു ലക്ഷ്മി...!

എല്ലാത്തിനുപരി ഇന്നു തന്റെ പുരുഷനോടൊപ്പമുള്ള ആദ്യരാത്രിയാണെന്ന തിരിച്ചറിവിൽ, താലി കൈകളിൽ  കൂട്ടിപ്പിടിച്ച്  പതിവിലേറെ വാചാലയാകുകയായിരുന്നു ഗൌരി....!!

 

തുടരും....

14 comments:

പട്ടേപ്പാടം റാംജി said...

ഓരോരുത്തര്‍ക്കും അവരവരുടെ ചിന്തകള്‍ ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ സ്വപ്‌നങ്ങള്‍ എല്ലാം നാളെയെക്കുറിച്ചോര്ത്ത് വളര്‍ന്നു കൊണ്ടിരിക്കും. എല്ലാവരുടെയും പൊതുവായ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തില്‍ അതും നടന്നിരിക്കുന്നു.

വിനുവേട്ടന്‍ said...

അതെ.. പ്രതീക്ഷകൾ... അതാണ് എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്...

കഥ തുടരട്ടെ... കാത്തിരിക്കുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

ഗൌരി എന്ന കഥാപാത്രത്തിന്റെ
മാനസിക സംഘർഷങ്ങളൂം പ്രതീക്ഷയിലുള്ള സന്തോഷങ്ങളും ശരിക്കും എടുത്തുകാണിച്ചിരിക്കുന്നൂ..!

A said...

നാളെയുടെ സ്വപ്നമാണ് ഇന്നിന്റെ ജീവിതം. എഴുത്ത് തിളങ്ങി വരുന്നു

ajith said...

വിഷമവൈതരണിയിലൂടെയാണല്ലോ യാത്ര.

തുടരട്ടെ, ആശംസകള്‍

Cv Thankappan said...

മധുരസ്മരണകളുണര്‍ത്തുന്ന താലിമാലകള്‍!,!
ഉദ്വേഗജനകമായ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്.
ആശംസകള്‍

Echmukutty said...

ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു.

സ്മിത said...

ആശംസകള്‍!

വീകെ said...

പട്ടേപ്പാടം റാംജി: ഒരു പെൺകുട്ടിയുടെ കല്യാണം നടത്താൻ നൂറു നുണകൾ പറയാമെന്നല്ലെ... നന്ദി മാഷേ.
വിനു‌വേട്ടൻ: വായനക്ക് നന്ദി മാഷേ.
ബിലാത്തിച്ചേട്ടൻ: വായനക്ക് നന്ദി മാഷേ.
സലാം: നന്ദി മാഷേ.
അജിത്: ജീവിതമല്ലെ. വൈതരണികൾ ഇല്ലാതിരിക്കുമോ. അതു മറി കടക്കുമ്പോഴാണ് അല്ലാതെ ഓളിച്ചോടുമ്പോഴല്ല ജീവിതം അർത്ഥപുർണ്ണമാകുന്നത്. വായനക്ക് നന്ദി മാഷെ.
സിവി തങ്കപ്പൻ: ചിലർക്ക് താലിമാല ഒരു സ്വപ്നം മാത്രമല്ലെ. ഒരു സുപ്രഭാതത്തിൽ അപ്രതീക്ഷിതമായി അത് കഴുത്തിൽ വന്നുചേരുമ്പോൾ... ആ സന്തോഷം...!!! നന്ദി മാഷേ.
എഛ്മുക്കുട്ടി: വായനക്ക് നന്ദി .
സ്മിത: സ്മിതേച്ചി ആദ്യമായിട്ടാണെന്നു തോന്നുന്നു ഇവിടെ. വായനക്ക് വളരെ നന്ദി.

പഥികൻ said...

ഈ കല്യാണം ഇത്തിരി കടന്നു പോയില്ലേ ?

വീകെ said...

പഥികൻ: ഇടക്ക് കുറച്ച് വിട്ടുപോയി വായിക്കാൻ അല്ലെ..? അതുകൊണ്ടാ ഇങ്ങനെ ഒരു ചോദ്യം വന്നത്. വായനക്ക് വളരെ നന്ദി.

Typist | എഴുത്തുകാരി said...

ഞാനും ഇടക്കു കുറച്ചു വിട്ടുപോയിട്ടുണ്ട്. അതുകൊണ്ട് ചെറിയ സംശയങ്ങളുണ്ട്. കഥ ഇതുവരെ ഉണ്ടെങ്കില്‍ കൂടി.

ramanika said...

തുടരട്ടെ .......

വീകെ said...

എഴുത്തുകാരിച്ചേച്ചി: വന്നതിനും വായനക്കും നന്ദി.
രമണിക:നന്ദി മാഷേ.