Wednesday 15 December 2010

സ്വപ്നഭുമിയിലേക്ക്... ( 31 )


തുടരുന്നു...

പുലിപ്പേടി...

കൊളംബോയിൽ വിമാനമിറങ്ങുമ്പോൾ ഇനി ഏഴെട്ടു മണിക്കൂറെങ്കിലും അവിടെ കുത്തിയിരിക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ഇവിടന്ന് വൈകുന്നേരമാണ് ബഹ്റീനിലേക്കുള്ള വിമാനം. അതു വരേക്കും ഇരുന്നും കിടന്നും നടന്നും കഴിച്ചു കൂട്ടണം.

മറ്റുള്ളവരോടൊപ്പം കുറച്ചു നേരം ഇരുന്നു. പിന്നെ അകത്തെ കടകളും മറ്റും നടന്നു കണ്ടു. വിമാനത്തിന്റെ വരവും പോക്കും നോക്കിയിരുന്നു. ബോറടിച്ചപ്പോൾ ഒരു ചായ കുടിക്കാമെന്നു കരുതി വീണ്ടും എഴുന്നെറ്റു. ഇനി ഭക്ഷണം കിട്ടണമെങ്കിൽ വിമാനത്തിൽ കയറിയാലെ രക്ഷയുള്ളു.

ശ്രീധരന്റെ വീട്ടിൽ നിന്നും കാലത്തെ ഭക്ഷണം കഴിപ്പിച്ചിട്ടാണ് വിട്ടത്. ഇത്ര കാലത്തെ ഇതൊന്നും ഉണ്ടാക്കണ്ടാന്ന് പറഞ്ഞതാണ്. പോകുന്ന വഴിയിൽ എവിടെയെങ്കിലും കയറി കഴിച്ചോളാമെന്നു പറഞ്ഞിട്ടും ശ്രീധരന്റെ ശ്രീമതി സമ്മതിച്ചില്ല. ഇത്ര കാലത്തെ ഒരു കടയും തുറക്കില്ലാന്നും പറഞ്ഞ് നിർബ്ബന്ധിക്കുകയായിരുന്നു.

ശ്രീധരനും ശ്രീമതിക്കും ഒരിടത്താണു ജോലി. രണ്ടു പേർക്കും ജോലിക്കു പോകേണ്ടതു കൊണ്ട് കാലത്തെ എഴുന്നെറ്റ് ഇതൊക്കെ ഉണ്ടാക്കുന്നതു പതിവാണ്. അവിടെ നിന്നും കുറച്ചു ഭക്ഷണം പൊതിഞ്ഞു കെട്ടി കൊണ്ടു വന്നാൽ മതിയായിരുന്നു...
അതെങ്ങനെയാ...!
ഇതുവരെ ഇങ്ങനെ ഒരു ‘പ്രാതൽ’ ഞാൻ കഴിച്ചിട്ടേയില്ലായിരുന്നു....!
അപ്പോൾ തന്നെ ഞാനവനോട് ചോദിക്കുകയും ചെയ്തു.
“ഇതെന്താടാ.. ഇങ്ങനെ ഒരു പ്രാതൽ.....!!?”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എടാ.. ചേരേ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുനുറുക്കു തന്നെ തിന്നണമെന്നു കേട്ടിട്ടില്ലെ...!! ഇതാ ഇപ്പോഴത്തെ ഞങ്ങ്ടെ ഒരു ഇടിവെട്ടു സ്റ്റൈൽ...!!”
“ഇതു തിന്നണമെങ്കിൽ ചാറുള്ള ഒരു കറി വേണം. അല്ലാതെ ഇതെങ്ങനെടാ ഇറങ്ങുകാ...?”
“അതിനാ ചായ.. ഹാ ഹ ഹാ..!!”

അവന്റെ ചിരിയിൽ ഞാനും പങ്കു ചേരുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. ഞാൻ പാത്രത്തിലേക്ക് വീണ്ടും നോക്കി. ‘രണ്ടു വലിയ കഷണം പൂട്ടും, മൂന്നു നാലു മത്തി വറുത്തതും മാത്രം’ പ്ലെയ്റ്റിലിരുന്ന് എന്നെ വെല്ലുവിളിക്കുന്നത് പോലെ തോന്നി....!

ഇതു കുഴച്ചു തിന്നാൻ പറ്റില്ല. അവൻ ഇതു രണ്ടും കുഴച്ച് ഭംഗിയായി വീശുന്നുണ്ട്. അതു പിന്നെ അവന്റെ ദൈനംദിന അഭ്യാസത്തിൽ പെട്ടതാവും...!
ആലോചിച്ചിരിക്കാൻ നേരമില്ല.
ആദ്യം പുട്ടെടുത്ത് ഒരു കടി കടിക്കും, അതു കഴിഞ്ഞ് മത്തിയെടുത്ത് ഒരു കടി, കൂടാതെ ചായ ഒരു കവിൾ.....!? ഇതു മൂന്നും കൂടി ചേർന്ന ഒരു ഫോർമുലയിലെ കാര്യങ്ങൾ മുന്നോട്ടു നീങ്ങിയുള്ളു.

ഈ കോമ്പിനേഷൻ എങ്ങനെയാ കെട്ടിപ്പൊതിഞ്ഞ് ശ്രീലങ്കയിലേക്ക് കൊണ്ടു പോകുക....!? അതുകൊണ്ടാ പൊതിഞ്ഞുകെട്ടൽ നടക്കാതെ പോയത്.

ചായ ചോദിച്ചപ്പോൾ അവർ ആദ്യം തന്നെ പറഞ്ഞൂ ‘ഡോളർ’ വേണോട്ടൊ...!
ഡോളർ ഞാൻ ഒരിക്കലും കൊണ്ടുനടക്കാറില്ല.
ഞാൻ ചോദിച്ചു.
“ഇൻഡ്യൻ രൂപ എടുക്കില്ലെ..?”
“ഇല്ല...!”
എനിക്കതൊരു പുതിയ അറിവായിരുന്നു. മനസ്സിൽ ഒരു തമാശയാണ് തോന്നിയത്.
നമ്മുടെ സ്വന്തം ‘രാവണന്റെ രാജ്യത്ത്’ ഭാരതത്തിന്റെ കാശിനു വിലക്കൊ...?!
 ശിവ ശിവാ..!! അല്ല രാമ രാമാ...!!’
രാമനും ഭരതനും ഒന്നും ഇല്ലാത്തത് ഇവന്റെയൊക്കെ ഭാഗ്യം...!!

അപ്പോഴാണ് ദിനാറിന്റെ കാര്യമോർത്തത്. ഞാൻ വീണ്ടും ചോദിച്ചു.
“ബഹ്‌റീൻ ദിനാറെടുക്കൊ...?”
“ഇല്ല..!!”
ഇവരെന്താ.. അമേരിക്കൻ കോളനിയോ..? ഞാൻ ശരിക്കും വലഞ്ഞു. ഇന്നു പകൽ മുഴുവൻ പട്ടിണി തന്നെയെന്നു മനസ്സിലോർത്തു കൊണ്ട് അവിടന്നിറങ്ങി.

എന്റെ കൂടെ വന്നവരിൽ ചിലരൊക്കെ അവിടവിടെയായി ഇരുന്നു ഭക്ഷണം വെട്ടിവിഴുങ്ങുന്നുണ്ടായിരുന്നു. ഇവരൊക്കെ നടക്കുന്നിടം മുഴുവൻ ഡോളറും കൊണ്ടാണൊ നടക്കുന്നത്...?

ഏതായാലും എന്റെ കൂടെ വന്നവരല്ലെ. ഒന്നു ചോദിച്ചു നോക്കാം. ദിനാറിനു പകരം ഭക്ഷണം കഴിക്കാനുള്ള ഡോളറെങ്കിലും ആരെങ്കിലും തരാതിരിക്കുമോ...?

നാട്ടിലെപ്പോലെ അല്ല, മലയാളി നാടു വിട്ടു കഴിഞ്ഞാൽ പിന്നെ എല്ലാവരുമായി ഭയങ്കര സ്നേഹമാണ്. അവിടെ ജാതിയും മതവുമൊന്നും നോക്കില്ല. മറ്റുള്ളവരുടെ ഏതു വേദനയും തന്റേയും കൂടി വേദനയാണെന്ന് സ്വയം ബോദ്ധ്യപ്പെടുന്നു. കാരണം ഇവിടെ സഹായിക്കാൻ സ്വന്തക്കാരും ബന്ധുക്കളുമൊന്നും ഇല്ലാന്നുള്ള തിരിച്ചറിവു തന്നെ...!

എന്റെ ചോദ്യത്തിന് അവർ ഒരു മറു ചോദ്യമാണു ചോദിച്ചത്.
“ഡോളറെന്തിനാ...?”
“ഭക്ഷണം കഴിക്കാനാ... അവർ ഡോളർ മാത്രമേ എടുക്കുന്നുള്ളൂ...”
“ഭക്ഷണം കഴിക്കാൻ പൈസ വേണ്ടാ...!!!”

‘ങേ...!!’ ശരിക്കും ഞാൻ ഞെട്ടി.
‘ദൈവമേ... രാമന്റെ സ്വന്തം രാജ്യം ആയ രാമരാജ്യം തന്നെയോ ഇത്...?!!
എന്നാലും എന്റെ സംശയം തീർന്നില്ല. ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“പിന്നെങ്ങനെ...?”
“ അവർ ടോക്കൺ തന്നിട്ടുണ്ടാവുല്ലൊ ഭക്ഷണത്തിന്...! പാസ്പ്പോർട്ടിനകത്ത് നോക്കിയേ....?”

ഇവിടെ ഇറങ്ങിയപ്പോൾ പാസ്പ്പോർട്ട് പരിശോധനക്കായി കൊടുത്തിരുന്നു. തിരിച്ചു വാങ്ങിയപ്പോൾ പരിശോധിച്ചിരുന്നില്ല. ഞാൻ കൈത്തണ്ടയിലെ ചെറിയ ബാഗിൽ നിന്നും പാസ്പ്പോർട്ടെടുത്ത് പരിശോധിച്ചു. ശരിയാണ് രണ്ടു ടോക്കൺ ഉണ്ട്. ഞാൻ ചോദിച്ചു.
“ഇതു രണ്ടെണ്ണമുണ്ടല്ലൊ..?”
“ഒന്ന് ഉച്ചക്കും, പിന്നെ വൈകീട്ടത്തെ ചായക്കും...!!”
അതു ശരി. ശ്രീലങ്കക്കാരു കൊള്ളാല്ലൊ....!
‘മന്നവേന്ദ്രാ വിളങ്ങുന്നു, ചന്ദ്രനെപ്പോലെ നിന്മുഖം..’പണ്ടു വ്യാകരണ ക്ലാസ്സിൽ പഠിച്ചത് പോലെ, എന്റെ മുഖം പെട്ടെന്നു തെളിഞ്ഞു.

നമ്മുടെ സ്വന്തം വിമാനക്കമ്പനിക്കാരു വല്ലവരുമാണെങ്കിൽ ഇവിടെ പട്ടിണി കിടന്നു പൊരിഞ്ഞതു തന്നെ. ഇനീപ്പൊ ചായ കുടിക്കുന്നതെന്തിനാ.. ഊണാക്കിക്കളയാം..! ഞാൻ വീണ്ടും കാന്റീനിൽ ചെന്നു. ടോക്കൺ കൊടുത്തു. അവർ ഒരു സ്റ്റീൽ പ്ലേറ്റ് തന്നു. ഞാൻ അതും കയ്യിൽ പിടിച്ച് നിൽ‌പ്പായി...!

എനിക്കു മുൻപെ നിൽക്കുന്നവരെ അപ്പോഴാണ് ശ്രദ്ധിച്ചത്. നിരത്തി വച്ച ഭക്ഷണ പാത്രങ്ങളിൽ നിന്നും ആവശ്യത്തിനെടുത്ത് പാത്രത്തിലിടുന്ന രീതിയാണ്. ‘ഓ..ഹൊ..’ അതു കൊള്ളാല്ലൊ. ഞാനും ഓരോന്നിൽ നിന്നും കുറേശ്ശെ എടുത്ത് പാത്രത്തിലേക്ക് വിളമ്പി. പലതും എന്താ സാധനമെന്നു മനസ്സിലായില്ല. ചിലതൊക്കെ എന്താണിതിലെന്ന് സംശയിച്ചു നിന്നു. എന്തായാലും ഭക്ഷണമല്ലെ. എടുത്തേക്കാം. ‘വെറുതെ കിട്ടുന്ന പശുവിന് പല്ലുണ്ടോന്നു നോക്കണ്ട കാര്യമുണ്ടൊ..’ ഇനി തിന്നുമ്പോൾ അറിയാം.

പക്ഷെ, നല്ല സ്വാദുണ്ടായിരുന്നു. കഴിച്ചിട്ട് മതിയായില്ല. കുറച്ചുകൂടി എടുത്താലൊ എന്നു ചിന്തിച്ചു. ആരും രണ്ടാമതു വന്ന് എടുക്കുന്നതായി കണ്ടില്ല. നിരാശയോടെ രണ്ടാമത് എടുക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചു. അല്ലെങ്കിലും അതൊക്കെ വളരെ മോശമല്ലെ....!
എന്തായാലും കിട്ടിയതു കഴിച്ച് എന്നു പറയാൻ പറ്റില്ല, ഞാൻ സ്വയം വിളമ്പിയെടുത്തത് കഴിച്ച്  വിശപ്പടക്കി....

പിന്നെ പെട്ടിയും തലയ്ക്ക് വച്ച്, രണ്ടു മൂന്നു കസേരകളിൽ ശരീരമുറപ്പിച്ച് നീണ്ടു നിവർന്ന് ഒരു കിടത്തം, പിന്നെ ഒരു മയക്കം..... വൈകുന്നേരമായി....

എല്ലായിടത്തും ലൈറ്റുകൾ തെളിഞ്ഞു. ഞാൻ കിടന്ന സ്ഥലത്തൊക്കെ യാത്രക്കാർ നിറയാൻ തുടങ്ങിയിരുന്നു. ബാത്‌റൂമിൽ പൊയി മുഖമൊക്കെ ഒന്നു കഴുകി ഫ്രെഷ് ആയി. കാന്റ്റീനിൽ പോയി അവസാന ടോക്കണും കൊടുത്ത് ചായയും ഒരു ബ്രഡ്,ബട്ടർ സാൻ‌വിച്ചും കഴിച്ചു.

സമയമായപ്പോൾ ഫ്ലൈറ്റ് റെഡി. വിമാനത്തിനടുത്തേക്ക് ബസ്സിലായിരുന്നു യാത്ര. ബസ്സിൽ കയറുന്നതിനു മുൻപ് എല്ലാവരുടേയും ലഗ്ഗേജ് കാണിച്ചു കൊടുക്കണമായിരുന്നു. കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിനു കെട്ടുകളിൽ നിന്നും എന്റെ ലഗ്ഗെജ് കണ്ടെത്തുക ശ്രമകരമായിരുന്നു. എന്റേതെന്നു തോന്നിയ പെട്ടികളൊന്നും എന്റേതായിരുന്നില്ല. പേരു ഞാൻ എഴുതിയിരുന്നെങ്കിലും അതും പെട്ടെന്നു കണ്ടെത്താനായില്ല. മാത്രമല്ല, എന്റേത് ഒരു കുഞ്ഞു പെട്ടിയായിരുന്നു താനും.

പിന്നെ കുറേ നേരത്തിനു ശേഷം അങ്ങേയറ്റത്ത് ഒരു മൂലയിൽ എന്നെ പറ്റിച്ച് പതുങ്ങിക്കിടക്കുന്നു അവൻ...! അപ്പൊഴാണ് എന്റെ ശ്വാസം നേരെ വീണത്..!
(പെങ്കൊച്ച് രണ്ടു മൂന്നു ദിവസം കൊണ്ട്, ഒരുപാടു സ്നേഹം ചാലിച്ചു ചേർത്ത് ഉണ്ടാക്കി, ഭംഗിയായി പൊതിഞ്ഞു തന്ന സാധനങ്ങളാണെ പെട്ടിക്കുള്ളിൽ...!)

പിന്നെ നേരെ ബസ്സിനകത്തെക്ക്...
അവസാനം ഞങ്ങൾ വിമാനത്തിനകത്തെക്ക് സ്വാഗതം ചെയ്യപ്പെട്ടു. എന്റെ സീറ്റ് കണ്ടു പിടിച്ചു തരാൻ ഒരു എയർ ഹോസ്റ്റസ് സഹായിച്ചു. എന്റെ പെട്ടിയെടുത്ത് മുകളിൽ വക്കാനും അവർ സഹായിച്ചു.

അതു അവരെക്കൊണ്ട് ചെയ്യിപ്പിക്കണ്ടായിരുന്നുവെന്ന് തോന്നി ഒരു നിമിഷം...?
കാരണം കൊലുന്നനെ ഒരു പെൺകുട്ടി...!
കയ്യും കാലുമൊക്കെ അച്ചിങ്ങാപരുവം....!!
ഈ ശരീരത്തിനകത്ത് കുടലും മറ്റു സ്ഥാവരജംഗമ വസ്തുക്കളൊക്കെ അടക്കിയൊതുക്കി എങ്ങനെയാവും വച്ചിട്ടുണ്ടാവുക..?
എന്റെ പെട്ടിയെടുത്ത് പൊക്കാനുള്ള ശേഷിയൊന്നും അതിനില്ലായിരുന്നു. പിന്നെ ഞാനും കൂടി പൊക്കി കൊടുത്തിട്ടാണ് മുകളിലെത്തിയത്.

വിമാനത്താവളത്തിൽ ഇരിക്കുമ്പോഴും ഇതു പോലെ കുറേയെണ്ണം അങ്ങോട്ടും ഇങ്ങോട്ടും തേരാപാരാ നടക്കുന്നത് കണ്ടിരുന്നു. ഒറ്റ എണ്ണത്തിനും ആരോഗ്യം എന്നു പറഞ്ഞ സാധനം ഇല്ലായിരുന്നു. ശ്രീലങ്കൻ സ്ത്രീകളുടെ സൌന്ദര്യബോധം അതായിരിക്കും...!
ഹെ.. ഞാനെന്തിനാ ബേജാറാകണെ...!?

ജനലിനോട് ചേർന്നായിരുന്നു എന്റെ സീറ്റ്. അതിനാൽ പുറത്തെ കാഴ്ചകളൊക്കെ ശരിക്കും കാണാമായിരുന്നു. തൊട്ടു താഴെ ഞങ്ങളുടെ പെട്ടികളെല്ലാം കൊണ്ടു വന്നു കയറ്റുന്നുണ്ടായിരുന്നു. രണ്ടു പേര് രണ്ടു വശത്തും പിടിച്ച് വിമാനത്തിനകത്തേക്ക് ഓരോ കെട്ടും വലിച്ചെറിയുന്നതാണ് കാണുന്നത്....!

ചിലതൊക്കെ മുകളിൽ എത്താത്തത് ഉരുണ്ടുപെരുണ്ട് വീണ്ടും താഴേക്കു തന്നെ വീണു. എന്റെ പെട്ടിക്കകത്ത് അച്ചാറുകൾ ചില്ലുപാത്രത്തിനകത്തായിരുന്നു വച്ചിരുന്നത്. ഈ കോലത്തിനാണെങ്കിൽ അവിടെ എത്തുമ്പോഴേക്കും അത് എല്ലാം കൂടി പൊട്ടിപ്പൊളിഞ്ഞ് ഒരു പരുവത്തിലായിരിക്കും കിട്ടുക.

സൈഡ് സീറ്റിൽ ഇരുന്നിരുന്നവരെല്ലാം ഇതു കാണുന്നുണ്ടായിരുന്നു. ചിലരൊക്കെ പരിസരം മറന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു.
“എടാ.. എടാ..പതുക്കെ എറിയെടാ... !! പെണ്ണൂം‌പിള്ള രാത്രി ഉറക്കമൊഴിച്ചിരുന്ന് ഉണ്ടാക്കി കെട്ടിപ്പൊതിഞ്ഞു തന്നേക്കണതാ..!!”
അതു കേട്ട് ബാക്കിയുള്ളവർ തകർത്ത് ചിരിച്ചു. എനിക്കും ചിരിക്കാതിരിക്കാനായില്ല....

സമയം പിന്നെയും ഇഴഞ്ഞു നീങ്ങി. പറഞ്ഞ സമയത്ത് തന്നെ വിമാനം പുറപ്പെടാൻ തെയ്യാറായി. ഞങ്ങളെല്ലാവരും സിറ്റ് ബൽറ്റ് മുറുക്കി. വിമാനം നീങ്ങുന്നതു കാണാൻ ഞാൻ ജനലിലൂടെ താഴേക്കു നോക്കിയിരുന്നു.

പുറത്ത് അരണ്ട വെളിച്ചത്തിൽ കാഴ്ചകളെല്ലാം മങ്ങിത്തുടങ്ങിയിരുന്നു. ആരൊ എന്നെ തോണ്ടിയതു പോലെ തോന്നി. നോക്കുമ്പോഴുണ്ട് ആദ്യം എന്നെ സഹായിച്ച ആ അച്ചിങ്ങക്കയ്യുള്ള എയർഹോസ്റ്റസ്...
ഞാൻ “എന്താ...?”
“നിങ്ങളുടെ സീറ്റ് ഇതു തന്നെയാണൊ....?”
“അതെ.”
“ബോഡിങ് പാസ് തരൂ....”
ഞാൻ ബോഡിങ് പാസ് കൊടുത്തു.
എന്റെ പാസ് മാത്രം വാങ്ങി നോക്കാൻ എന്താവും കാരണം...?

ആ നിമിഷം മുതൽ എന്തെന്നറിയാത്ത ഒരു അങ്കലാപ്പ് എന്നെ വിഴുങ്ങാൻ തുടങ്ങി..!?
അപ്പോഴെക്കും ഒരു പുരുഷ എയർഹോസ്റ്റസും അവിടെ എത്തി. അവർ രണ്ടു പേരും കൂടി എന്റെ ബോഡിങ് പാസ് പരിശോധിച്ചു. എന്നിട്ട് ചോദിച്ചു.
“ നിങ്ങളുടെ ലഗ്ഗേജ് കാണിച്ചു കൊടുത്തിരുന്നോ....?”
“ ഉവ്വ്.. ഞാൻ കാണിച്ചുകൊടുത്തിരുന്നു...”
“എത്ര എണ്ണം കാണിച്ചു കൊടുത്തു..?”
“എനിക്ക് ആകെ ഒരു പെട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു...”
“പക്ഷെ, നിങ്ങളുടെ പാസ്സിൽ രണ്ടെണ്ണമുണ്ടല്ലൊ...?
അതു കേട്ടതും ഞാൻ ശരിക്കും ഞെട്ടി..!!
‘അതു ലവന്റെയാ.’ ഉള്ളിലിരുന്ന് ആരൊ പറഞ്ഞു. പക്ഷെ, അതിന്റെ ഉടമസ്ഥൻ കാണിച്ചു കൊടുത്തിട്ടുണ്ടാകില്ലെ...?
തിരുവനന്തപുരത്ത് വച്ച് നടന്ന സംഭവം ഞാൻ അവരോട് പറഞ്ഞു.

ഞാനിരുന്നു വിയർക്കാൻ തുടങ്ങി. തല ഉയർത്തി നാലു പാടും നോക്കി. അവനെവിടെയെങ്കിലും ഇരുന്ന് എന്നെ നോക്കുന്നുണ്ടൊ...!?

ഞാൻ കണ്ടാലും അവനെ തിരിച്ചറിയുന്നതെങ്ങനെ....?
“നിങ്ങൾ അയാളെ വിളിക്കൂ.. എന്നിട്ടു പെട്ടി കാണിച്ചു തരാൻ പറയൂ... എന്നാലെ ഫ്ലൈറ്റ് വിടാൻ പറ്റു. വേഗമാകട്ടെ...!!”

എന്റെ സപ്തനാടികളും തളർന്നു....
ബൽറ്റ് അഴിച്ച് ഞാൻ പുറത്തിറങ്ങി....
എങ്ങോട്ടു പോകണം...?
മുന്നോട്ടു പോകണൊ...പിന്നോട്ടു പോകണൊ...?
അതൊരു വലിയ യമകണ്ടൻ ഫ്ലൈറ്റായിരുന്നുവെന്ന് അന്നേരമാണ് അറിയുന്നത്...!
മുന്നിലേക്ക് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം സീറ്റുകളിൽ യാത്രക്കാർ....!
പിന്നിലേയ്ക്ക് നോക്കിയാൽ അവിടേയുമുണ്ട് കുറേ നിരകൾ....

ഞാൻ എന്റെ തൊട്ടടുത്തു തന്നെയുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങി. എനിക്കും അവനും തൊട്ടടുത്ത സീറ്റായിരിക്കണമല്ലൊ ന്യായമായും കിട്ടേണ്ടിയിരുന്നത്...?
അടുത്തെങ്ങും അങ്ങനെ ‘ഒരു മുഖം’ കണ്ടില്ല...!!
ഏതു മുഖം...!?
അവന്റെ മുഖം ഞാൻ ശ്രദ്ധിച്ചിരുന്നൊ...?
ഇല്ല... അവന്റെ നിറം എന്തായിരുന്നു...?
ഇരുനിറമോ...? വെളുത്തതോ..?കറുത്തതോ..?
അവന്റെ ഷർട്ടിന്റെ കളർ ......?

ഈശ്വരാ... അവന്റെ ഒരു രൂപവും എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നില്ലല്ലൊ....!!
ഇനി ഞാൻ അവനെ തിരിച്ചറിഞ്ഞില്ലെങ്കിലും അവന് എന്നെ അറിയാമായിരിക്കുമല്ലൊ...?!
ഞാൻ നടന്നു നടന്ന് ഒരു നിര സീറ്റിന്റെ അങ്ങെ അറ്റത്ത് എത്തിയിരുന്നു. അതിനിടക്കാണ് ഈ ചിന്തകളും മനസ്സിലിട്ടു നീറ്റിയത്.

വാസ്തവത്തിൽ രണ്ടു വശത്തും മാറിമാറി നോക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ ആരെയും കാണുന്നുണ്ടായിരുന്നില്ല. ഞാൻ ഒന്നു തിരിഞ്ഞു നോക്കി...
‘ഞാനാണ് നീ അന്വേഷിക്കുന്നവൻ’ എന്നു പറഞ്ഞ് അയാൾ...!?
ഇല്ല...! ആരും ഒരു കൈ പോലും പൊക്കുന്നില്ല...

അപ്പോഴാണ് എന്റെ പിന്നാലെ രണ്ടു എയർഹോസ്റ്റസ്മാരും കൂടെയുള്ളത് ശ്രദ്ധിച്ചത്. അവർ എന്നെ മുന്നോട്ടു തള്ളി.
“അടുത്ത നിരയിൽ നോക്ക്...വേഗം വേഗം...”

ഞാൻ വളരെ സൂക്ഷ്മതയോടെ ഓരോരുത്തരെയും മാറിമാറി നോക്കാൻ തുടങ്ങി. ഒരു വട്ടം വിമാനം മുഴുവൻ നടന്നു നോക്കിയിട്ടും അങ്ങനെ ഒരു മുഖം എന്റെ കണ്മുന്നിൽ തടഞ്ഞില്ല....!!

തൊണ്ടയിൽ ഒരു തുള്ളി വെള്ളമില്ലങ്കിലും, അകത്തെ സുഖകരമായ തണുപ്പിലും നെറ്റിയിലൂടെ വിയർത്തൊഴുകിയ ചാലുകൾ കണ്ണിലും കണ്ണടക്കുള്ളിലും കടന്നുകയറി കാണുന്ന മുഖങ്ങളത്രയും വികൃതമാക്കി....

ഞാൻ തിരിഞ്ഞു വെള്ളം വെണമെന്ന് ആംഗ്യം കാട്ടി. അവർ തന്ന വെള്ളത്തോടൊപ്പം കുറച്ചു ടിഷ്യു പേപ്പറും ചോദിക്കാതെ തന്നെ കിട്ടി. മുഴുവൻ കുടിച്ചിട്ടും ദാഹം തീരുന്നില്ല. മുഖം മാത്രം തുടച്ച ടിഷ്യു പേപ്പറുകൾ നനഞ്ഞു കുതിർന്നു.

പിന്നെയും എന്റെ ഓർമ്മയുടെ മുകുളങ്ങളിൽ എവിടെയെങ്കിലും, ഏതാനും മണിക്കൂറുകൾ മുൻപു മാത്രം വന്നുപെട്ട ഒരു മുഖം ഞാൻ തപ്പിക്കൊണ്ടിരുന്നു. ഒരാളേയും എനിക്ക് തിരിച്ചറിയാനായില്ല. ചേതമില്ലാത്ത ഉപകാരം ചെയ്യാൻ പോയ എന്നെത്തന്നെ ഞാൻ ശപിച്ചു...!

അങ്ങനെ എല്ലാ സീറ്റുകളും ഒരു വട്ടം കൂടി പൂർത്തിയാക്കി....
എന്റെ പരിഭ്രാന്തി നിറഞ്ഞ മുഖവും, പ്രകടനവും കാണുന്ന ചിലരെങ്കിലും “എന്താ എന്താ..?” എന്നു ചോദിക്കുന്നുണ്ടായിരുന്നു. അവരോടെല്ലാം ഞാൻ കാര്യം പറഞ്ഞു.
പക്ഷെ, അങ്ങനെ ഒരാളെ അവരും കണ്ടിട്ടില്ല.

“അതേ... ഇവിടെ പുലികളുടെ ശല്യം ഉള്ളതുകൊണ്ടാ ഇത്ര കടുത്ത പരിശോധന...!
ഇനി ആ പെട്ടി കാണിച്ചു കൊടുക്കാതെ പറ്റില്ല. ഇല്ലെങ്കിൽ താനും ഇവിടെ ഇറങ്ങേണ്ടിവരും. അതിനകത്ത് വല്ല നിരോധിച്ച സാധനങ്ങളാണെങ്കിലൊ...?
അയാൾ പെട്ടി അയാളുടേതാണെന്ന് സമ്മതിക്കുമോ...!!?”
അതും പറഞ്ഞ് ഒരുത്തൻ തന്റെ സീറ്റിൽ ഒന്നു കൂടി ഞെളിഞ്ഞിരുന്നു.

അതു കേട്ടതും എനിക്കെവിടെയെങ്കിലും ഒന്നിരിക്കണമെന്നു തോന്നി....
എന്റെ ശരീരം തളരാൻ തുടങ്ങി. ഞാനയാളോടു പറഞ്ഞു.
“ചേട്ടാ.. വല്ലതുമൊക്കെ പറഞ്ഞ് എന്നെ പേടിപ്പിക്കല്ലെ...!!”
കൈ നീട്ടി രണ്ടു വശത്തെ സീറ്റിലും പിടിച്ച് ഞാനൊന്നു നിവർന്നു നിന്നു....

ഹൃദയത്തിന്റെ താളപ്പിഴ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അത് ഇടിക്കുകയായിരുന്നില്ല, ഓരോ ഇടിയിലും എന്റെ നെഞ്ചിൻ കൂടു തകർക്കുകയായിരുന്നു.....!!!
നേരത്തെ എന്നെ പേടിപ്പിച്ച ചേട്ടൻ അടുത്ത ഡയലോഗ് എടുത്തിട്ടു. അതു പറയാതെ ആ ചേട്ടന് ഒരു സമാധാനവുമില്ല.
“ ഇനി അവൻ വല്ല പുലിയെങ്ങാനുമാണെങ്കിൽ....!”
അതും പറഞ്ഞ് അയാൾ നാലുപാടിരിക്കുന്നവരേയും ഒന്നു നോക്കിയിട്ടു തുടർന്നു.
“ അവൻ ഇവിടെ വന്നപ്പോൾ ഇറങ്ങിപ്പോയിട്ടുണ്ടെങ്കിലൊ...!!?”
എന്റെ നെഞ്ചിലേക്ക് അവസാനത്തെ ആണിയും അടിച്ച് തന്റെ കസേരയിലേക്ക് ചാഞ്ഞു കിടന്നു ആ ദുഷ്ടൻ....!

നിൽ‌പ്പുറക്കാതെ അടുത്ത സീറ്റിലെ കൈവരിയിൽ ഞാനിരുന്നുപൊയി...!
ഇനി അവൻ ഇറങ്ങിപ്പോയിട്ടുണ്ടാകുമോ...?
എനിക്കും സംശയം ബലപ്പെട്ടു...!
എനിക്കവനെ തിരിച്ചറിയാനായില്ലെങ്കിലും, അവന് എന്നെ കണ്ടാൽ അറിയാതിരിക്കുമോ.....?
എന്നിട്ടും അവനെന്തേ ഈ നേരമായിട്ടും എന്റടുത്ത് വന്നില്ല...!!?

“ഇരിക്കാൻ നേരമില്ല.. ശരിക്കും നൊക്കൂ....”
എയർഹോസ്റ്റസ് എന്നെ കുത്തിപ്പൊക്കി എഴുന്നേൽ‌പ്പിച്ചു. അപ്പോഴേക്കും എന്റെ പിന്നാലെയുള്ള എയർഹോസ്റ്റസ്സിന്റെ എണ്ണം രണ്ടിൽ നിന്നും നാലായി. ഞാൻ ഒന്നു തളർന്നു നിൽക്കാൻ തുടങ്ങുമ്പോൾ എയർഹോസ്റ്റസ് തള്ളിത്തള്ളി മുന്നോട്ടാക്കും.

ഞാൻ തളർച്ച ബാധിച്ച കാലുകളുമായി, ഒരിക്കലും കണ്ട ഒരു ഓർമ്മ പോലുമില്ലാത്ത ഒരാളെ തേടി, ഭിത്തി തകർത്ത് പുറത്ത് വരാൻ വെമ്പുന്ന ഹൃദയത്തിനൊരു തടയിടാനെന്നോണം ഇടതു കൈത്തലം നെഞ്ചിൽ പൊത്തിപ്പിടിച്ച്, വിയർപ്പിൽ കുതിർന്ന കണ്ണടക്കുള്ളിലൂടെ കാണുന്ന ചിതറിയ മുഖങ്ങൾക്കുള്ളിലൂടെ, പേ പിടിച്ചവനെപ്പോലെ തല ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് വെട്ടിച്ച് വീണ്ടും ഞാനറിയാത്ത അവനെ തിരക്കി നടന്നു....!!

ബാക്കി അടുത്ത പോസ്റ്റിൽ......

Wednesday 1 December 2010

സ്വപ്നഭുമിയിലേക്ക്... (30)

തുടരുന്നു.

പരോൾ

ഇവിടെ വന്നതിനു ശേഷം ഒരു പ്രാവശ്യം പൊലും നാട്ടിൽ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. വർഷങ്ങൾ കടന്നു പോയത് അറിഞ്ഞുമില്ല. ഈജിപ്ഷ്യന്റെ ഭരണകാലത്ത് നാട്ടിൽ പോകാൻ പോയിട്ട് ചിലവിനു പോലും കടം വാങ്ങേണ്ട അവസ്ഥയായിരുന്നുവല്ലൊ.

ബോസ്സ് വന്നതോടു കൂടിയാണ് നാടിന്റെ കാര്യം മനസ്സിൽ കിടന്ന് തത്തിക്കളിക്കാൻ തുടങ്ങിയത്. എങ്കിലും കടങ്ങൾ കുറച്ചു കൂടി ഉണ്ടായിരുന്നു. അതൊക്കെ ഒന്നു വീട്ടിത്തീർക്കാതെ ഇനി നാട്ടിലേക്കില്ലെന്നു തീരുമാനിച്ചാണ് കഴിഞ്ഞു കൂടിയിരുന്നത്.

ബോസ്സ് വന്നതിനു ശേഷം ശമ്പളം കൃത്യമായി കിട്ടാൻ തുടങ്ങിയതോടെ പല കാര്യങ്ങൾക്കും ഒരു നീക്കുപോക്കുണ്ടായി. മുൻപു കടം വാങ്ങിയത് മുഴുവൻ വാടക കൊടുക്കാനും, ഭക്ഷണം കഴിക്കാനുമായിരുന്നെങ്കിലും കൃത്യസമയത്ത് ഒരിക്കലും കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ശമ്പളം, അതു കൃത്യമായി എല്ലാമാ‍സവും കൃത്യസമയത്ത് കിട്ടുമെന്നുള്ള ഉറപ്പ് അല്ലെങ്കിൽ ഒരു വിശ്വാസം നമ്മൾക്ക് പല പ്രശ്നങ്ങളും വലിയ ടെൻഷൻ കൂടാതെ കൈകാര്യം ചെയ്യാൻ കഴിയും.

ചിട്ടിയിൽ ചേർന്ന് ഒരു സമ്പാദ്യം ഉണ്ടാക്കാനാവും. കൂട്ടുകാരോടാണെങ്കിലും ധൈര്യത്തോടെ കാശു കടം വാങ്ങാനാവും. നമ്മൾ പറഞ്ഞ സമയത്ത് തന്നെ തിരിച്ചു കൊടുക്കുമ്പോൾ നമ്മളിലുള്ള വിശ്വാസം വർദ്ധിക്കും. പിന്നീട് കാശിന്റെ പ്രശ്നം വലിയ തലവേദന ഉണ്ടാക്കാറില്ല.

കൂട്ടുകാർ തമ്മിലുള്ള പരസ്പര സഹകരണം നല്ലൊരളവു വരെ താങ്ങും തണലുമാകുന്നത് പ്രതിസന്ധി ഘട്ടങ്ങളിലാണ്. ഈ പ്രവാസ ജീവിതത്തിൽ ഒറ്റക്കാണെങ്കിലും മുന്നോട്ട് പോകാൻ കഴിയുന്നത് ഈ സഹകരണമാണ്. നാട്ടിൽ പോകാൻ നേരം ഒന്നു രണ്ടു പേരെങ്കിലും തങ്ങളുടെ ശമ്പളം കടമായി കൊടുക്കും. സാധാരണഗതിയിൽ അതൊക്കെ മതിയാവും സന്തോഷമായിട്ട് പോയി വരാൻ.

ഫ്ലാറ്റിൽ ഞങ്ങൾ പത്തു പേരുണ്ടായിരുന്നു. എല്ലാവരും ചേർന്ന് ഒരു ചിട്ടി നടത്തി. രണ്ടു മൂന്നു പേർക്ക് ശമ്പളം വളരെ കുറവായിരുന്നതു കൊണ്ട് അവർ ചേർന്നില്ല. പകരം പുറത്തു നിന്നും നല്ല വിശ്വാസമുള്ള കൂട്ടുകാരെ എടുത്ത് പത്താളെ തികച്ചിട്ടാണ് ചിട്ടി തുടങ്ങിയത്. ഒരു പാടു കാലം നീട്ടിക്കൊണ്ടു പോകാതെ പത്തു മാസം കൊണ്ടു തീരണമെന്നു കരുതിയാണ് അംഗങ്ങളുടെ എണ്ണം പത്തിൽ ഒതുക്കിയത്.

നാട്ടിൽ പോകുന്നവർക്ക് വിളിച്ചെടുക്കാനായി മറ്റുള്ളവർ കുറച്ചു വിട്ടു വീഴ്ചകൾ ചെയ്യുമായിരുന്നു. അങ്ങനെ ഞാനും വിളിച്ചെടുത്തിട്ടാണ് ഒരു മാസത്തെ ഒഴിവിന് നാട്ടിൽ പോകാൻ തീരുമാനിച്ചത്.

എന്നാൽ ഞാനായിട്ട് തീരുമാനിച്ചതല്ലാട്ടൊ ഈ അവധി.
അതും ബോസ്സിന്റെ ഒരു ചോദ്യമാണ് ‘എന്റെ നാട്’ എന്ന സ്വപ്നം ആളിക്കത്തിക്കാൻ ഇടയാക്കിയത്.
ഒരു ദിവസം ഞാനും ബോസ്സും കൂടി പുറത്തു പോയിട്ടു വരുമ്പോൾ, കാറിൽ വച്ച് പുള്ളിക്കാരൻ കൂളായിട്ട് ഒരു ചോദ്യം.
“നിനക്ക് നാട്ടിലൊക്കെ പോകണ്ടെ...!?”
കേട്ടതും ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി. ഡ്രൈവിങ്ങിനിടെ എന്റെ നേരെ നോക്കിയിട്ട് പറഞ്ഞു .
“ പോയി എല്ലാവരേയും കണ്ടിട്ട് വരൂ....!!”
ഒരു നിമിഷം കഴിഞ്ഞ് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു.
“ ഒരു മാസം പോരേ....?”
ഞാൻ തല കുലുക്കിയതെയുള്ളു. കാരണം പെട്ടെന്നു കേട്ട സന്തോഷം വായിലെ ഉമിനീർ വറ്റിച്ചിരുന്നു...! ശബ്ദം പുറത്തെക്കു വന്നതേയില്ല....!
ഒരു ‘താങ്ക്സ്‘ പറയണമെന്നുണ്ടായിരുന്നു... കഴിഞ്ഞില്ല....
സന്തോഷവും കണ്ണുകൾ നിറക്കുമല്ലൊ...!
അതു കണ്ടിട്ടാകും അവൻ എന്റെ പുറത്ത് തട്ടി....!

പിന്നെ വലിയ താമസമുണ്ടായില്ല....
‘ഗൾഫ് എയർ’ വിമാനത്തിനു ടിക്കറ്റിനായി തന്ന പൈസക്ക് വില കുറഞ്ഞ ശ്രീലങ്കൻ വിമാനത്തിനാണ് ടിക്കറ്റെടുത്തത്. ബാക്കി പൈസ ഞാൻ സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു. കൂടാതെ രണ്ടു മാസത്തെ ശമ്പളം വായ്പ്പയായി തന്നു. പിന്നെ കൂട്ടുകാരുടെ സഹായം, ചിട്ടിക്കാശ്, എല്ലാം കൂടി നല്ലൊരു സംഖ്യയുമായിട്ടാണ് ആദ്യത്തെ എന്റെ ‘പരോൾ.’

രാത്രിയിലാണ് ശ്രീലങ്കയിലേക്ക് പുറപ്പെട്ടത്. പിറ്റെ ദിവസം കാലത്തു തന്നെ കൊളംബോയിൽ ഇറങ്ങി. ശ്രീലങ്കയിൽ ഒരു മണിക്കൂറിന്റെ താമസമേ ഉണ്ടായുള്ളു. അന്നു പത്തു മണിക്ക് മുൻപെ തന്നെ തിരുവനന്തപുരത്തിറങ്ങി.

അവിടെ എന്നെ സ്വീകരിക്കാനായി വീട്ടിൽ നിന്നും ആരേയും ഏർപ്പാടാക്കിയിരുന്നില്ല. അത് ഞാൻ ആദ്യമേ തന്നെ നിരസിച്ചിരുന്നു. കാരണം എറണാകുളത്ത് നിന്ന് ഒരു വണ്ടി തിരുവനന്തപുരത്ത് വരുന്നതിന്റെ ചിലവ്, പിന്നെ അതിനു വേണ്ടി വരുന്ന കഷ്ടപ്പാട് മാത്രമല്ല, അവർ പുറപ്പെടുമെന്നറിയാവുന്ന ഞാൻ അനുഭവിക്കേണ്ടിവരുന്ന മാനസ്സികവ്യഥ-കാരണം നമ്മുടെ റോഡുകളുടെ അവസ്ഥ നമ്മളേക്കാൾ നന്നായറിയാവുന്നവർ ആരാണുള്ളത്..!!

അല്ലെങ്കിൽ തന്നെ തിരുവനന്തപുരത്തിറങ്ങുമ്പോൾ അനുഭവിക്കേണ്ടി വരുന്ന കസ്റ്റംസുകാരുടെ പീഠനത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. മുൻപു പോയി അനുഭവിച്ചു വന്നിട്ടുള്ള കൂട്ടുകാർ അതൊക്കെ പറഞ്ഞു പേടിപ്പിച്ചാണ് ഇങ്ങോട്ടു കയറ്റിവിട്ടത്.

അതുപോലെ തന്നെ സംഭവിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മുൻപിൽ പലപ്പോഴും പതറിപ്പോയി. ഞാൻ ഉള്ള സത്യം തുറന്നു പറഞ്ഞു. ഒരാൾ മറ്റൊരാളുടെ അടുത്തെക്കു വിട്ടു. അവിടെ മൂന്നാമതൊരാളെ വിളിച്ചു വരുത്തി. ഇലക്ട്രോണിക് സാധനങ്ങൾ കൂടാതെ, എന്റെ കയ്യിൽ മൂന്നു പവന്റെ ഒരു മാല ഉണ്ടെന്നു പറഞ്ഞുപോയി....! അതു കഴുത്തിൽ കിടക്കുകയാണല്ലൊ വെട്ടി വിളങ്ങി...!!
അത്രയും കൊണ്ടു പോകാൻ പറ്റില്ലത്രെ...!?
അതിനു ശേഷമാണീ പുല്ലാപ്പു മുഴുവൻ.

അവസാനം ഒരുത്തൻ എന്നെ മാറ്റി നിറുത്തി പറഞ്ഞു.
“ഒരു അഞ്ഞൂറു റിയാലെടുത്ത്(5000രൂപയോളം) പാസ്പ്പോർട്ടിനകത്ത് വച്ച് ഇങ്ങു താ...”
ഞാൻ പറഞ്ഞു. “ഞങ്ങടെ റിയാലല്ല സാറെ... ദിനാറാ...”
“എങ്കിൽ അതൊരു അഞ്ഞൂറെടുക്ക്..”
“ എന്റമ്മോ....!! അഞ്ഞൂറോ.... ഇതു പോലത്തെ അഞ്ചെട്ടു മാല വാങ്ങാം സാറെ....”
അയാൾ പിന്നെ നാലു വശത്തേക്കും നോക്കിയിട്ടു പറഞ്ഞു.
“എങ്കിൽ കയ്യിലുള്ളത് വേഗം തന്നിട്ടു പോടോ.....!” അയാൾ ധൃതി കൂട്ടി.

ഞാൻ ഒരഞ്ചിന്റെ ദിനാർ (500രൂപയോളം) എടുത്ത് പാസ്പ്പോർട്ടിന്റെ അകത്തു വച്ചിട്ട് കൊടുത്തു. അയാളത് ഉടനെ എടുത്ത് മേശക്കകത്തേക്ക് കുടഞ്ഞിട്ട് വേഗം മേശ അടച്ചു. അതിന്റെ വിലയൊന്നും നോക്കിയില്ല. എന്നിട്ട് പാസ്പ്പോർട്ട് തിരിച്ചു തന്നിട്ട് വേഗം വിട്ടോളാൻ പറഞ്ഞു.

ഞാൻ ലഗ്ഗേജും തള്ളി നേരെ വിട്ടു. പിന്നെ തിരിഞ്ഞു പോലും നോക്കിയില്ല. പുറത്തിറങ്ങിയപ്പോൾ എന്നേയും കാത്ത് ആത്മ സുഹൃത്തും എന്റെ കളിക്കൂട്ടുകാരനുമായ ശ്രീധരൻ നിൽ‌പ്പുണ്ടായിരുന്നു.
അവന് കെൽട്രോണിലാണ് ജോലി. കുടുംബസമേതം തിരുവനന്തപുരത്തു തന്നെ താമസം. ഞാൻ രണ്ടു ദിവസം മുൻപെ അവനെ വിളിച്ച് ചട്ടം കെട്ടിയിരുന്നു. ഒരു ഓട്ടോറിക്ഷയിൽ അവന്റെ വീട്ടിലെത്തി.

അന്ന് ഉച്ചക്ക് അവന്റെ വീട്ടിൽ നിന്നും ഊണു കഴിച്ചു. അവിടെ വച്ച് ഞങ്ങൾ ഒരു കന്യാകുമാരി യാത്ര പ്ലാൻ ചെയ്തു. ഒരാഴ്ചക്കുള്ളിൽ കുടുംബ സമേതം തിരിച്ചെത്താമെന്നു പറഞ്ഞ് പിറ്റേന്നു വെളുപ്പിന് വീട്ടിൽ എത്തത്തക്ക രീതിയിൽ, രാത്രിയിലെ ‘ആന’ വണ്ടിക്ക് എണാകുളത്തേക്ക് പുറപ്പെട്ടു.

തീവണ്ടിയിലും, ബസ്സിലും കാറിലും മറ്റുമായി ധാരാളം യാത്രകൾ....
തിരുവനന്തപുരം, കോവളം, കന്യാകുമാരി കാഴ്ചകൾ.....
ഒരു മാസം എങ്ങനെ കടന്നു പോയെന്നറിയില്ല...!

അച്ചൻ വീട്ടിലില്ലാത്തതിനാൽ പുറത്ത് കറങ്ങാൻ പോകാനും കാഴ്ചകൾ കാണാനും കഴിയാതിരുന്ന
‘ചിക്കു’വിന് ഇതിൽ‌പ്പരം സന്തോഷമില്ലായിരുന്നു...!! വീട്ടിൽ വരുന്ന ബന്ധുക്കൾ മാത്രമല്ല, മീൻ കൊണ്ടുവരുന്ന അരയത്തി, പടിക്കൽ സൈക്കിളിൽ മീൻ കൊണ്ടു വരുന്ന മീൻകാരനെ വരെ വിളിച്ചു നിറുത്തി എന്നെ കാണിച്ച് പറയും.
“ദേ ന്റെ അഛ വന്നു... ദാ ന്റെഛൻ...!”
ആ സമയം അധികാര പൂർവ്വം അവരു കാൺകെ എന്നെ വട്ടം കെട്ടിപ്പിടിക്കും...!!
തന്റെ മാത്രമായ ‘അഛൻ’ എന്ന അവകാശം സാധിച്ചെടുക്കാനെന്നൊണം....
പിന്നെ ആ കുഞ്ഞു മുഖത്ത് വിരിയുന്നത് അഭിമാനത്തിന്റെ കണിക്കൊന്നകൾ.....!!!

അവരൊക്കെ വീട്ടിൽ വരുമ്പോൾ ചിക്കുവിനെ വിളിച്ച് കളിയാക്കും.
‘നിന്റഛൻ വരൂല്ലാടാ.... അവ്ടെ പുള്ളിക്കാരൻ ഒരു അറബിച്ചീനെ കെട്ടി... നീ അറിഞ്ഞൊ...?’
‘ങൂം പിന്നേ... ന്റെഛൻ വരും...’ അതോടൊപ്പം കണ്ണുകൾ നിറയും, സങ്കടം വരും....
ഉടനെ ഓടും അമ്മയുടെ അടുത്തേക്ക്, സംശയം തീർക്കാൻ....!
അതിനു ശേഷം ഇപ്പോഴാണ് അഛനെ എല്ലാവർക്കും കാണിച്ചു കൊടുക്കാൻ പാകത്തിൽ കയ്യിൽ കിട്ടുന്നത്.

ഒരു മാസം മുഴുവനും നിൽക്കാനായില്ല. അതിനു മൂന്നു ദിവസം മുൻപു തന്നെ ടിക്കറ്റ് ശരിയാക്കേണ്ടി വന്നു. അല്ലെങ്കിൽ പിന്നെ അവധി കഴിഞ്ഞിട്ടേ സീറ്റ് കിട്ടുകയുള്ളു.
തീവണ്ടിയിലും, ബസ്സിലും കാറിലും മറ്റുമായി ധാരാളം യാത്രകൾ....
തിരുവനന്തപുരം, കോവളം, കന്യാകുമാരി കാഴ്ചകൾ.....
ദിവസങ്ങൾ എങ്ങനെ കടന്നു പോയെന്നറിയില്ല...!

‘പരോൾ’ എത്ര പെട്ടെന്നാണ് തീർന്നത്....!
അതോടൊപ്പം കയ്യിലെ കാശും തവിടു പൊടി ആയിരുന്നു......!!
അതിൽ സങ്കടം തോന്നിയില്ല....
ചിക്കുവനു കുറച്ചെങ്കിലും സന്തോഷം കൊടുക്കാൻ കഴിഞ്ഞല്ലൊ...!!
എങ്കിലും അവനെ താലോലിച്ച് കൊതി തീർന്നില്ല....!
ഇനിയും അടുത്ത പ്രാവശ്യം വരുമ്പോഴേക്കും ചിക്കു പിന്നെയും വളർന്നിരിക്കും....

രണ്ടു വർഷം കഴിഞ്ഞുള്ള തിരിച്ചു വരവിനായി, വിണ്ടും ഒരു മടങ്ങി പോക്ക്......!
മണലാരണ്യത്തിലെ തുറന്ന ജയിലിലേക്ക്....!!

എറണാകുളം ബസ് സ്റ്റാൻഡ് വരെ എല്ലാവരും വന്നിരുന്നു.
പിന്നെ ഒറ്റക്ക് തിരുവനന്തപുരത്തിന്...
അന്ന് രാത്രി ശ്രീധരന്റെ വീട്ടിൽ കൂടി...
പിറ്റേന്ന് വെളുപ്പിന് വിമാനത്താവളത്തിലെത്തി.

എന്റെ കയ്യിൽ കുറച്ച് അച്ചാറും, ഉപ്പേരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഔട്ട്പാസ്സ് എടുക്കാനായി കൌണ്ടറിന്റെ അടുത്തെത്തിയപ്പൊൾ അവിടെയിരുന്ന ഉദ്യോഗസ്ഥൻ ചോദിച്ചു.
“നിങ്ങൾ ബഹറീനിലേക്കല്ലെ...?”
“അതെ..”
“നിങ്ങൾക്ക് ലഗ്ഗേജ് കുറവല്ലെ... ഒരാളുടെ ലഗ്ഗേജ് കൂടി ഒന്നഡ്ജസ്റ്റ് ചെയ്യോ....?”
“ഓ.. അതിനെന്താ ആയിക്കോട്ടെ....”
ഞാൻ സമ്മതിച്ചു. എനിക്കു മുൻപെ ക്യൂവിൽ നിന്ന യാത്രക്കാരൻ എന്നൊടൊരു ‘താങ്ക്സ്‘ പറയുകയും ചെയ്തു. ഞാനും ഒന്നു വിഷ് ചെയ്തതല്ലാതെ അയാളെ ശ്രദ്ധിക്കുകയുണ്ടായില്ല.

നമ്മൾക്ക് ചേതമില്ലാത്തൊരു ഉപകാരം ചെയ്യുന്നതിന് എന്താ കുഴപ്പം...!! അതിന് അയാളൂടെ നാളും പേരുമൊന്നും ചോദിച്ചറിയേണ്ട കാര്യമൊന്നുമില്ലല്ലൊ. ബഹറീനിലെത്തുമ്പോൾ ആ ലഗ്ഗേജ് എടുത്തു കൊണ്ട് അയാൾ പോകുകയും ചെയ്യും.
പിന്നെ ഞാനത് മറന്നു....

ആ ദിനത്തിനു കുറച്ചു ദിവസം മുൻപാണ് കൊളമ്പൊ വിമാനത്താവളത്തിനടുത്ത് വരെ ശ്രീലങ്കൻ പുലികൾ ബോംബു വർഷിച്ചത്. വിമാനം കയറുമ്പോൾ അതായിരുന്നു മനസ്സിൽ നിറയെ....!
അതു കാരണം ഒരു ചെറിയ പേടി ഉള്ളിൽ കിടന്നു മറിഞ്ഞുകൊണ്ടിരുന്നു...!

ഏതോ ഒരുത്തന്റെ ലഗ്ഗേജ് എന്റെ തലയിൽ കെട്ടിവച്ചത് വരാൻ പോകുന്ന എന്തോ ഒന്നിന്റെ മുന്നോടി ആയിരുന്നെന്ന് അറിയാതെ ഞങ്ങളുടെ വിമാനം ശ്രീലങ്കയിലെ കൊളംബൊ ലക്ഷ്യമാക്കി പൊങ്ങി പറന്നു.... !!?

ബാക്കി അടുത്ത പോസ്റ്റിൽ......