Monday 1 August 2011

സ്വപ്നഭുമിയിലേക്ക്...(46) തുടരുന്നു...


 കഥ തുടരുന്നു....


 ഹൌസിങ് ലോൺ...

 
പിറ്റെ ദിവസം കാലത്ത് രാജേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ പുള്ളിക്കാരനും എന്നോടൊപ്പം ഇറങ്ങി. ബസ് സ്റ്റാന്റ് വരെ എന്നൊടൊപ്പം വന്ന് എന്നെ ബസ്സിൽ കയറ്റി ഇരുത്തി. ഞാൻ പൊയ്ക്കോളാൻ പറഞ്ഞിട്ടും പോകാതെ പിന്നെയും 'തന്റെ വണ്ടി വിട്ടിട്ടേ’ പോകുന്നുള്ളുവെന്ന് പറഞ്ഞ് എന്റടുത്ത് കുത്തിയിരുന്നു.

അരമണിക്കൂറെങ്കിലും കഴിഞ്ഞിട്ടെ വണ്ടി വിട്ടുള്ളു. അതുവരേക്കും ബഹറീനിലെ കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്. പ്രത്യേകിച്ച് വർഗ്ഗീസേട്ടന്റെ വെള്ളമടിയും ഞങ്ങളെ നിർബ്ബന്ധിച്ച് കുടിപ്പിക്കലും മറ്റും ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നവയായിരുന്നുവല്ലൊ. ഞാനും അതെല്ലാം പറഞ്ഞ് വെറുതെ കുറേ വിഡ്ഡിച്ചിരി ചിരിച്ചു.

ഇപ്പോൾ ഈ ചിരിക്കുന്നതല്ലാതെ ഇവിടന്ന് തിരിച്ചു വീട്ടിലെത്തിയാൽ രാജേട്ടന് പിന്നെന്തുണ്ട് ഓർക്കാൻ....?
പിന്നെന്തുണ്ട് ഒരു സന്തോഷം....?
അതറിയാവുന്നതു കൊണ്ട് ഞാനും ആ തമാശയിൽ ആത്മാർത്ഥമായും പങ്കു ചേർന്നു. വണ്ടി വിടാൻ നേരമാണ് പുള്ളിക്കാരൻ ഇറങ്ങിയത്. പുറത്തിറങ്ങിയിട്ടും ബസ്സിനു പുറത്തിട്ട എന്റെ കൈ വിടാൻ മനസ്സില്ലാതെ...
അവസാനം വണ്ടി പതുക്കെ നീങ്ങും നേരം വണ്ടിയോടൊപ്പം നടന്ന്...
‘ശരി ഞാൻ പോയി വരാം ചേട്ടാ..’ ന്നു പറയണമെന്നുണ്ടെങ്കിലും വാക്കുകൾ പുറത്തു വരാതെ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി കണ്ണുകൾ നിറയാൻ തുടങ്ങി.

എന്റെ കൈ വിട്ടതും രാജേട്ടൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് മുഖം പൊത്തി നിൽക്കുന്നത് ഈറനണിഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായെങ്കിലും ഞാൻ കാണ്ടു.
കരയുകയായിരിക്കും പാവം...!
ഞാനും മുഖം തിരിച്ചു കളഞ്ഞു. പിന്നെ തിരിഞ്ഞു നോക്കിയില്ല. വഴി വക്കിലെ തെങ്ങിൻ തോപ്പുകളും കൃഷിത്തോട്ടങ്ങളും പിന്നിലേക്ക് ഓടി പൊയ്ക്കൊണ്ടിരുന്നെങ്കിലും ഞാനതൊന്നും കാണുന്നുണ്ടായിരുന്നില്ല. പുറത്തേക്കു നോക്കിയാണിരിക്കുന്നതെങ്കിലും അതൊന്നും കണ്ടാസ്വദിക്കാനുള്ള മാനസ്സികാവസ്ഥയിലായിരുന്നില്ല. മനസ്സ് നിറയെ രാജേട്ടനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
പാവം ഇതുവരെ ജീവിച്ചതത്രയും വൃഥാവിലായില്ലേ...?
രണ്ടാമതൊന്നു തുടങ്ങാൻ ഇനിയൊരു യൌവ്വനം ബാക്കിയില്ലാതാനും....!!
ഇനി എന്താണ് പാവത്തിന് കാത്തിരിക്കാനുള്ളത്...?
അമ്മയുടെ മരണമോ...?

*** *** *** ***

വീട്ടിലെത്തിയതും പെങ്കൊച്ചിന്റെ ആദ്യത്തെ പരാതിക്കെട്ടഴിച്ചു.
“ഇത്തവണ വരുമ്പോൾ വീടിന്റെ തറയെങ്കിലും കെട്ടിയിട്ടേ പോകുള്ളൂന്ന് വാശിയിൽ പറയണ കേട്ടല്ലൊ ഇവ്ടൊരാള്..” എങ്ങും തൊടാതെയുള്ള ഒരു പറച്ചിൽ. കളിയാക്കുകാ... !
ഞാനതിനു മറുപടിയൊന്നും പറഞ്ഞില്ല. ശരിയായിരുന്നു. ബഹറീൻ വിടുന്നതിനു മുൻപേ വിളിച്ചു പറഞ്ഞിരുന്നതാ. ഇതുവരേയും അതിനെക്കുറിച്ചന്വേഷിക്കാൻ നേരം കിട്ടിയില്ല. നാളെത്തന്നെ ബാങ്കിൽ ചെന്ന് വീടു പണിയാൻ ‘ലോൺ’ തരുമോന്നു ചോദിക്കണം.

പിറ്റേ ദിവസം ഞങ്ങൾ രണ്ടു പേരും കൂടി ബാങ്കിൽ ചെന്നു. എന്നാറൈ (NRI) ക്കാരനായതു കൊണ്ട് നമ്മളെ അവര് വേഗം പരിഗണിക്കും. നാട്ടിന് വിദേശനാണ്യം നേടിക്കൊടുക്കണോരല്ലെ ഞങ്ങൾ. അതു കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടാവാൻ വഴിയില്ല. പോരാത്തതിന് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സർക്കാർ ബാങ്കും. ഇമ്മിണി വല്യ പ്രതീക്ഷയുമായി മാനേജരുടെ മുൻ‌പിലെത്തി.

ആജാനുബാഹുവായ ഒരു കറുത്ത ദേഹം കസേരയിൽ കുടുങ്ങിയിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞിട്ട് ഇരിക്കാമെന്നു കരുതി തൊഴുതു പിടിച്ചു നിന്നു. അദ്ദേഹം മെല്ലെ തല ഉയർത്തി ഞങ്ങളെ രണ്ടാളേയും മാറി മാറി നോക്കി. എന്നിട്ട് കനപ്പിച്ചൊരു മൂളലും.
“ഊം...?” പാറപ്പുറത്തിട്ട് ആരോ ചിരട്ട കൊണ്ട് ഒന്നുരസിയതു പോലെ തോന്നി.

അന്നേരത്തെന്തിനാ എന്റെ തൊണ്ടയിലെ വെള്ളം വറ്റിയതെന്നറിയില്ല. ഒരു മറുപടി പറയുന്നതിനു മുൻപ് നാക്കൊന്നു നനക്കാനായി, നാക്ക് വായായ വായ മുഴുവൻ പരതി നടന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം പെങ്കൊച്ച് ചാടിക്കയറിപ്പറഞ്ഞ് എന്നെ രക്ഷപ്പെടുത്തി.
“ഞങ്ങൾ ലോൺ എടുക്കാനായി വന്നതാ...”
“എന്തു ലോൺ...? മേശക്കപ്പുറത്തു നിന്നും വീണ്ടും മുരണ്ടു.
അപ്പൊഴേക്കും ഇച്ചിരി ഉമിനീർ എവിടെന്നൊ ഓടിക്കയറി എത്തി. നാക്കൊന്നു നനഞ്ഞു കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു.
“ഒരു ഹൌസിങ് ലോണാ..”
“പ്ലാൻ കൊണ്ടു വന്നിട്ടുണ്ടോ...?”
“പ്ലാനോ...?
അങ്ങനെ ഒരു കുന്ത്രാണ്ടം വേണമെന്ന് അതുവരെ ചിന്തിച്ചിരുന്നില്ല. എന്റെ മുഖഭാവം കണ്ടിട്ടാവും പുള്ളിക്കാരൻ മേശവലിപ്പ് തുറന്ന് ഒരു കടലാസ്സ് എടുത്തു നീട്ടി. ഞാനതു വേഗം വാങ്ങി. ‘ഇവനോടൊന്നും പറഞ്ഞിട്ടു കാര്യമില്ല. പോയി പഠിച്ചോണ്ടു വാടാ’ ന്ന് പണ്ടു സ്കൂളിൽ രാമൻപിള്ള സാർ പറയാറുള്ളതു പോലെ തോന്നി.

അതിലെന്താണെന്നറിയാൻ ഒന്നു നോക്കിയതേയുള്ളു.
“അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ഒപ്പിച്ചോണ്ടു വാ...! എന്നിട്ട് ലോൺ തരണൊ വേണ്ടയോയെന്ന് ആലോചിക്കാം...!!” ഇത്തവണ ശബ്ദം ഒന്നു മയപ്പെടുത്തി അദ്ദേഹം. എങ്കിലും മുരളൽ തന്നെ. ഞാൻ പിന്നെയും ഒന്നു വായിച്ചു നോക്കാൻ ഒരു ശ്രമം നടത്തി. അതു മനസ്സിലാക്കിയിട്ടെന്നോണം മാനേജർ പിന്നെയും മുരണ്ടു.
“ശരി.. ശരി.. അപ്പൊ പോയിട്ട് പിന്നെ വാ..”

ഞങ്ങളെ എത്രയും വേഗം ഒഴിവാക്കണമെന്ന് വാശിയുള്ളതു പോലെയുള്ള മുരളൽ കേട്ട് വേഗം ചാടി പുറത്തിറങ്ങി. ഞാൻ ശരിക്കും വിയർത്തു കുളിച്ചിരുന്നു. അതു കണ്ട് പെങ്കൊച്ചിന് രസം തോന്നി.
“ചേട്ടനെന്തിനാ അയാളുടെ മുന്നിൽ നിന്ന് വിയർത്തു കുളിച്ചെ...?”
“അതു പിന്നെ മോളെ.... അയാക്കടെ രൂപം കണ്ടപ്പൊ തന്നെ എന്റെ വായിലെ വെള്ളം വറ്റി...”
അതു കേട്ടതും നല്ലപാതി വായ നിറച്ച് ചിരിക്കാൻ തുടങ്ങി.
“അയാൾ ബാങ്കിന്റെ മാനേജരാണെന്നല്ലെയുള്ളു. പൊലീസ്സൊന്നുമല്ലല്ലൊ. അയാൾ നമ്മളെ തിന്നുകയൊന്നുമില്ലല്ലൊ. ചെന്ന് കാര്യം പറയണതിനു വിയർക്കാൻ പോയേക്കണു...!”
“ശരിയാണല്ലൊ... എന്തിനാ ഞാൻ അയാളൂടെ മുന്നിൽ നിന്നു വിയർക്കാൻ പോയ്യേ...?”
പറ്റിയ ജാള്യത മറച്ചു വക്കാനായി മൂപ്പിലാത്തിയോട് ദ്വേഷ്യപ്പെട്ട് കയ്യിലെ പേപ്പറെടുത്ത് ഒന്നു വായിച്ചു നോക്കി.
‘പൊസ്സഷൻ സർട്ടിഫിക്കറ്റ്, സാലറി സർട്ടിഫിക്കറ്റ്, പോക്കുവരത്ത് സർട്ടിഫിക്കറ്റ്, ലൊക്കേഷൻ , ആധാരം, മുന്നാധാരം പിന്നാധാരം എന്റെ ദൈവമേ...!!’

പലതും ആദ്യമായിട്ടു കേൾക്കുന്ന പേരുകളാണു താനും. ഇതു വരെ ഒരു ലോൺ എടുക്കാനൊ, ആധാരം ചെയ്യാനോ ഒന്നും പോയിട്ടില്ലാത്തതു കൊണ്ട് എല്ലാം പുതിയ അറിവുകളായിരുന്നു. ഇതൊന്നും ഈ നൂറ്റാണ്ടിൽ നടക്കണ കാര്യമാല്ലെന്നുള്ള തോന്നലിൽ ആ ബസ് സ്റ്റോപ്പിൽ വച്ചു തന്നെ അതു വലിച്ചു കീറി ഓടയിലൊഴുക്കി. പെങ്കൊച്ചു കണ്ണുമിഴിച്ച് നോക്കി. ഞാൻ പറഞ്ഞു.
“ ചെന്നിട്ട് ഒന്നിരിക്കാൻ പോലും പറയാത്ത ആ മൂർക്കന്റെ ലോൺ ഇനി വേണ്ടാ... അവന്റെ ബാങ്കിലെ അക്കൌണ്ട് ഉടനെ തന്നെ അവസാനിപ്പിക്കണം.”
“ഓ... പറയണ കേട്ടാൽ തോന്നും അതിനകത്ത് കോടികളാ കെടക്കണെതെന്ന്...”
എന്നിട്ട് ആക്കി ഒരു ചിരിയും....!
പെങ്കൊച്ചിന്റെ കളിയാക്കൽ എനിക്കത്ര പിടിച്ചില്ല. എങ്കിലും വഴിവക്കായതു കൊണ്ട് സംയമനം പാലിച്ചു.
“നമുക്ക് എന്റെ അക്കൌണ്ടുള്ള ബാങ്കിൽ ഈ വഴി പോയാലോ...?”
പെങ്കൊച്ചിന്റെ ആ നിർദ്ദേശം നല്ലതായി തോന്നി. നേരെ അങ്ങോട്ടു വിട്ടു.

അതൊരു പ്രൈവറ്റ് ബാങ്കായിരുന്നു. ചെന്നപ്പോൾ തിരക്കൊക്കെ കുറഞ്ഞ ഒരു സമയമായിരുന്നു.
ചില്ലു കൂട്ടിനകത്തിരിക്കുന്ന മാനേജർ സാറിനെ അകത്തു കയറിയപ്പോൾ തന്നെ കണ്ടു. എന്നെ ആദ്യമായിട്ടു കണ്ടതു കൊണ്ടാകും അദ്ദേഹം കയ്യാട്ടി വിളിച്ചു. അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിക്കു തന്നെ ഒരു ചന്തമുണ്ടായിരുന്നു. ഞങ്ങൾ അകത്തു ചെന്നതും അദ്ദേഹം സിറ്റിൽ നിന്നും എഴുന്നേറ്റ് ‘ഹലോ’ന്നു പറഞ്ഞ് ഷേക്കഹാന്റ് തന്നു. വളരെ വളരെ സന്തോഷം തോന്നി അപ്പോൾ. അന്നേരം മറ്റേ ബാങ്കിലെ ആ കാർക്കോടകന്റെ മുഖവും മുരളലും ആയിരുന്നു മനസ്സിൽ തെളിഞ്ഞു വന്നത്.

പിന്നെ ഞാൻ എന്നെ പരിചയപ്പെടുത്തി. ഞങ്ങൾ വന്ന വിവരം പറഞ്ഞു. ക്ഷമയോടെ എല്ലാം കേട്ട ശേഷം അദ്ദേഹം പറഞ്ഞു.
“ഇത്തവണ എന്തായാലും ലോൺ ശരിയാക്കലും തറ കെട്ടലും നടക്കില്ല. ഇനി പത്തുപതിമൂന്നു ദിവസമല്ലെയുള്ളു തിരിച്ചു പോകാൻ. ലോൺ അനുവദിക്കുന്നതിനു മുൻപ് കുറച്ചു പേപ്പറുകൾ ശരിയാക്കാനുണ്ട്. അതത്ര വിഷമമുള്ള കാര്യമല്ലെങ്കിലും സമയം ആവശ്യമാണ്. അതോടൊപ്പം അവിടന്നുള്ള താങ്കളുടെ സാലറി സർട്ടിഫിക്കറ്റും വേണം.”

മാനേജർ വിശദമാക്കിയതെല്ലാം ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്ന എനിക്ക് സാലറി സർട്ടിഫിക്കറ്റിന്റെ കാര്യം പറഞ്ഞപ്പോൾ ചിരി വന്നു. അതേ മൂടിൽ തന്നെ ഞാൻ ചോദിച്ചു.
“ഗൾഫിലെ സാലറി സർട്ടിഫിക്കറ്റ് ഇവിടെ കിട്ടിയിട്ട് എന്തു ചെയ്യാനാണെന്നു മനസ്സിലായില്ല. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ജോലിയാണ് ഞങ്ങളുടേത്. ഒരു തീപിടിത്തമോ, ആക്സിഡന്റോ, നിയമ മാറ്റമോ, എന്തിനേറെ അർബ്ബാബിനു ചെറിയൊരു ഇഷ്ടക്കുറവു വന്നാൽ പോലും നഷ്ടപ്പെടാവുന്നതാണ് ഞങ്ങളുടെ ജോലി...!!”
മാനേജർ അതു കേട്ട് പുഞ്ചിരിയോടെ പറഞ്ഞു.
“ അത് ഞങ്ങൾക്കും അറിയാം. ലോൺ തരുന്നത് നിങ്ങൾ തരുന്ന സ്ഥലത്തിന്റെ ഈടിന്മേലാണ്. പക്ഷെ, നിങ്ങൾ ആവശ്യപ്പെടുന്ന ലോൺ തരുമ്പോൾ അത് തിരിച്ചടക്കാനുള്ള വരുമാനം നിങ്ങൾക്കുണ്ടോന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അതിന് നിങ്ങളുടെ സാലറി സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. അതോടൊപ്പം നിങ്ങളുടെ ജോലിയുടെ സ്വഭാവം. നിയമപരമായാണൊ ജോലി ചെയ്യുന്നത് എന്നൊക്കെ അതിലൂടെ അറിയാൻ പറ്റും. ഈ സാലറി സർട്ടിഫിക്കറ്റ് ‘ഇൻഡ്യൻ എംബസ്സി’ യിൽ നിന്നും അറ്റസ്റ്റ് ചെയ്യിച്ചിട്ടു വേണം കൊണ്ടുവരാൻ. മറ്റൊന്നുള്ളത് എത്ര തുകയാണ് ലോൺ വേണ്ടത് അതിന്റെ പതിനഞ്ച് ശതമാനം എങ്കിലും നിങ്ങളുടെ NRI അക്കൌണ്ടിൽ ഉണ്ടായിരിക്കണം”

എത്ര വ്യക്തമായാണ് അദ്ദേഹം എല്ലാം മനസ്സിലാക്കിത്തന്നത്. അതോടെ ലോണെടുപ്പിനുള്ള പ്രാഥമിക പാഠങ്ങൾ ഒരു വിധം തെളിഞ്ഞു കിട്ടി. കാര്യങ്ങൾക്കെല്ലാം ഒരു വ്യക്തത കൈ വന്നു. നന്ദി പറഞ്ഞ് ബാങ്കിൽ നിന്നിറങ്ങുമ്പോൾ മനസ്സിനൊരാശ്വാസം തോന്നി. ലോൺ എടുത്ത് ഒരു വീട് അതത്ര ബുദ്ധിമുട്ടുള്ളതല്ല. തിരിച്ചു നടക്കുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.

ഇനിയൊരു പ്ലാനാണാവശ്യം...
അതിനൊരു എളുപ്പ വഴി കൊള്ളാവുന്നൊരു കോൺ‌ട്രാക്ടറെ കണ്ടെത്തിയാൽ അയാൾ തന്നെ പ്ലാൻ വരപ്പിച്ച് അധികാരികളുടെ അനുവാദവും വാങ്ങിത്തരുമെന്നല്ലെ മാനേജർ പറഞ്ഞത്..
എന്തായാലും ഇനി അടുത്ത വരവിനെ പറ്റൂ. അതുവരേക്കും ആവശ്യത്തിനു സമയമുണ്ടല്ലൊ.

ലീവ് തീർന്നത് അറിഞ്ഞില്ല. എത്ര പെട്ടെന്നാണ് ഒരു മാസം പറന്നു പോയത്...!
കുഞ്ഞുങ്ങളെ കണ്ട് കൊതി തീരുന്നതിനു മുൻപെ വീണ്ടും തിരിച്ചു പറന്നു.


ബാക്കി അടുത്ത പോസ്റ്റില്‍...

17 comments:

Unknown said...

വായിച്ചു :)

jyo.mds said...

ചിന്നുവിന്റെ വീട് പണി ആരംഭിക്കട്ടെ-ആശംസകള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഓഹൊ ആദ്യം പോയത്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ആയിരിക്കും അല്ലെ?

അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക്‌

കുറെ ചെറ്റകള്‍ ഇരിപ്പുണ്ട്‌ ഇവിടങ്ങളില്‍ ഒക്കെ. അനുഭവിച്ചവര്‍ക്കറിയാം
എന്റെ ഒരു ഹോം ലോണ്‍ അക്കൗണ്ട്‌ ഞാന്‍ ജോലി ചെയ്യുന്നിടത്തെ ബ്രാഞ്ചിലേക്ക്‌ Take Over ചെയ്യിക്കാന്‍ മുവാറ്റുപുഴ SBI ബ്രാഞ്ചില്‍ ശ്രമിച്ചിട്ട്‌ അവസാനം വേണ്ടാ ന്നു വച്ചിരിക്കുകയാണ്‌

ഈ തൊരപ്പന്മാരൊക്കെ ഏതു നരകത്തില്‍ പോകാനുള്ളവരാണോ

ramanika said...

രാജേട്ടന്റെ വിടപറയല്‍ മനസ്സില്‍ തട്ടി !

Anil cheleri kumaran said...

ആ ലോണൊരു പുലിവാൽ ആകാനാണ് സാധ്യത.

വീകെ said...

ഞാൻ ഗന്ധർവ്വൻ : വന്നതിനും അഭിപ്രായത്തിനും നന്ദി.

ജ്യൊ : അങ്ങനെ ഞങ്ങൾ ആരംഭിക്കുന്നു. ഒരു വീടില്ലാതെ എന്തായാലും പറ്റില്ലല്ലൊ. എന്തു കഷ്ടതയായാലും ഒന്നുണ്ടാക്കിയേ പറ്റൂ...

ഇൻഡ്യാ ഹെറിറ്റേജ് : അവിടെയുള്ള ഏമാന്മാരുടെ അടുത്തു നിന്നും സാധാരണക്കാർക്ക് എന്തെങ്കിലും ഉപകാരം കിട്ടുമെന്നു പ്രതീക്ഷിക്കണ്ട. ഹർഷത്ത് മേത്തയെപ്പോലുള്ളവർ ചെന്നാൽ കോടികൾ ബാഗിൽ കെട്ടിവച്ചു കൊടുക്കാൻ ഒരു മടിയുമില്ല...! ഒരു രേഖയും വേണ്ട...!!
നമ്മുടെ രാഷ്ട്രീയ മേലാളന്മാർ ഇവരെ തലപ്പത്ത് വച്ചിരിക്കുന്നത് തന്നെ അതിനാണ്.
നന്ദി.

രമണിക : വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

കുമാരൻ : പുതിയ കലാവസ്ഥയിൽ -റിപ്പൊ, റിവേഴ്സ് റിപ്പൊ- മുതലായ പുതുപദസമുഞ്ചയത്തിൽ ‘മുതൽ‘ തിരിച്ചടക്കാൻ കഴിയാതെ ഞാനും മുങ്ങിപ്പോകുമായിരുന്നു. പക്ഷേ, ചില നിമിത്തങ്ങൾ - സമയം - നമ്മുടെ രക്ഷക്കെത്തും. നമ്മൾ പോലുമറിയാതെ...!!
വളരെ നന്ദി കുമാരേട്ടാ.

African Mallu said...

ഹോം ലോണ്‍ എടുക്കാന്‍ പറ്റിയ സന്ദര്‍ബമല്ല എന്ന് പറയാന്‍ വന്നതായിരുന്നു കംമെന്ടു കണ്ടു സന്തോഷമായി .പിന്നെ SBI ക്ക്
എതിരെ ഉള്ള പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു .എന്‍ ആര്‍ ഐ അക്കൗണ്ട്‌ ഓപ്പണ്‍ ചെയാന്‍ പോയപ്പോ പോലും അവന്മാരുടെ ഒരു ജാഡ.

ajith said...

സാധാരണക്കാരന്റെ ജീവിതം എന്നും ക്ലേശം നിറഞ്ഞത് തന്നെ, അല്ലേ വീകെ?

Muralee Mukundan , ബിലാത്തിപട്ടണം said...

വീടുപണിയും,വിടപറയലും
ക്ലേശവും,വിഷമവും

എല്ലാം ഈ വായനയിലൂടെ തൊട്ടറിയുന്നൂ

അനില്‍കുമാര്‍ . സി. പി. said...

നല്ല വായനാസുഖം തരുന്ന എഴുത്ത് ...

Villagemaan/വില്ലേജ്മാന്‍ said...

ലോണ്‍ എടുത്തതിനു ശേഷം റിപ്പോ നിരക്ക് ഉയര്‍ന്നു എന്നറിഞ്ഞു വിഷമിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ...
അതന്നെ !

ഒരു സാധാരണ പ്രവാസിയുടെ അനുഭവം...നന്നായിരിക്കുന്നു..


വീണ്ടും വരാം..ബാക്കി വായിക്കാന്‍

വീകെ said...

ആഫ്രിക്കൻ മല്ലു : പൊതുവെ ഇത്തിരി ജാഡ കൂടിയ വർഗ്ഗമാണ് അക്കൂട്ടർ. ബാങ്കുകളിലേ ‘വല്യേട്ടൻ’ അല്ലെ..? ഇപ്പോൾ ആരെങ്കിലും ലോൺ എടുക്കുമോ..?എടുത്താൽ....???
നന്ദി.

അജിത് : പണക്കാർക്ക് എപ്പോഴും ദൈവത്തെ വിളിക്കേണ്ട കാര്യമുണ്ടൊ...? സാധാരണക്കാരനാണെങ്കിൽ ഏതു നേരം അവന്റെ വായിൽ അതു മാത്രമേ വരികയുള്ളു. ദൈവത്തിന് അത് അമൃതും. അതു കൊണ്ടാകും ലോകത്ത് സാധാരണക്കാർ കൂടുതലായത്. നന്ദി.

ബിലാത്തിച്ചേട്ടൻ : വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

അനിൽകുമാർ സി പി. :ഇതിലേ വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി മാഷേ.

വില്ലേജ്മാൻ :അത്യാവശ്യം ഒരു വീടുണ്ടാക്കാൻ ലോൺ എടുക്കാൻ പോകുന്നവന്റെ മുൻപിൽ എന്തു ‘റിപ്പൊ..?’ പക്ഷേ, കാലം കഴിയുമ്പോൾ ‘റിപ്പോ’ ഒരു ഭീകര രൂപിയായി അവനെ പൊതിയും. അടക്കുന്നതു മുഴുവൻ കാർന്നു തിന്നുന്ന ഒരു ഭീകരൻ...!!? നന്ദി.

Lipi Ranju said...

ലോണ്‍ എന്ന് കേള്‍ക്കുന്നതു തന്നെ ഇപ്പൊ പേടിയാ, ചില ബാങ്ക് മാനേജര്‍മാരുടെ ഭാവം കണ്ടാല്‍ അവരുടെ പോക്കറ്റില്‍ നിന്നും എടുത്തു തരുകയാന്നു തോന്നും ! ഒരു സാധാരണക്കാരന്റെ ജീവിതം
നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു ...

കുഞ്ഞന്‍ said...

അക്ഷരങ്ങളിലൂടെ വീകെ മാഷിന്റെ മുഖം തെളിഞ്ഞു കാണുന്നു..ഇടയ്ക്കിടെ മുഖത്തെ രസഭാവങ്ങൾ മാറിമറിയുമ്പോൾ എന്റെയും ഭാവം മാറുന്നു..

ജീവിതത്തിന്റെ നേർചിത്രം വായിക്കുമ്പോൾ, സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് തെളിയിക്കുന്നു..

തുടരട്ടെ ഈ തുടരൻ ജീവിത കഥ...

കുഞ്ഞൂസ് (Kunjuss) said...

വായനയിലുടനീളം ഒരു സാധാരണക്കാരന്റെ മുഖം തെളിഞ്ഞു നില്‍ക്കുന്നു. മിഴിവോടെയുള്ള ഈ എഴുത്ത് തുടരുക വി.കെ.....

വീകെ said...

ലിപി രഞ്ചു : സാധാരണക്കാർ ചെല്ലുമ്പോഴാണ് അവരുടെ വീട്ടീന്നു എടുത്തു തരുന്ന മാതിരിയെന്ന തോന്നൽ ഉണ്ടാക്കുന്നത്. കാശുള്ളവൻ ചെന്നാൽ അവന്റെ മുൻപിൽ ഇവന്മാർ ഓഛാനിച്ചു നിൽക്കും. നന്ദി.

കുഞ്ഞൻ: കുറേക്കാലമെത്തിയുള്ള ഈ തിരിച്ചു വരവിനു വളരെ നന്ദി കുഞ്ഞേട്ടാ

കുഞ്ഞൂസ്: ഇന്നും ഒരു ഹൌസിംഗ് ലോൺ എങ്ങനെയെടുക്കണമെന്ന് അറിയാത്ത ധാരളം പേർ ഉണ്ട്.
ഇതു വരെ കേൾക്കാത്ത സർട്ടിഫിക്കറ്റുകളുടെ പേരുകൾ കേൾക്കുമ്പോൾ ഓടി ഏതെങ്കിലും ബ്ലേഡ് ബാങ്കിൽ തല വച്ചു കൊടുക്കുന്നവരും ധാരാളം. അവർക്ക് അത്തരം കറക്കലുകളൊന്നുമില്ല. ആധാരവും കുറേ ബ്ലാങ്ക് ചെക്കുകളും മാത്രം. ലോൺ റെഡി.
കുറച്ചു കഴിയുമ്പോഴാണ് ജീവിതം മാത്രമല്ല ജീവൻ കൂടി പണയത്തിലാണെന്നു തിരിച്ചറിയുന്നത്.

ഞാൻ എനിക്കറിയാവുന്ന രീതിയിൽ ലോൺ എടുത്തത് വിവരിച്ചുവെന്നു മാത്രം. നന്ദി.

മൻസൂർ അബ്ദു ചെറുവാടി said...

നാട്ടിലായിരുന്നു വീകെ
കഴിഞ്ഞ ആഴ്ച തിരിച്ചെത്തി.
ഇപ്പോള്‍ വിശേഷം അറിയാന്‍ ചിന്നുവിന്‍റെ നാട്ടിലേക്കും.
രസകരമായ ഒരധ്യായം കൂടി.
ഒപ്പം രാജേട്ടന്‍റെ മുഖവും.
ആശംസകള്‍