Friday 1 May 2015

നോവൽ.മരുഭൂമി.(39)



“എല്ലാ വായനക്കാർക്കും മേയ്ദിനാശംസകൾ...”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓടിക്കലാണ് പണിയെന്ന് ഏജന്റ് പറഞ്ഞത് സത്യമായി ഭവിച്ചു. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തത്, ആശുപത്രിയിൽ ‘കാഫർ’ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളായിരുന്നു. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. ഞങ്ങൾ വല്ലാതെ വിരണ്ടുപോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. സുന്ദരിയായ ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി. ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരി ‘ഹബീബാ‘ക്ക് അരി ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. മുൻപ് കിട്ടിയ അവരുടെ ശമ്പളം ആരൊക്കെയോ അടിച്ചെടുത്തു. പരാതി പറയാൻ പോയ അവരെ ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് ‘തംങ്ളീ’ഷിൽ കത്തെഴുതിക്കൊടുത്തു. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. നന്മയില്ലാത്ത ഈജിപ്ഷ്യൻ നഴ്സിന്റെ ക്രൂരതക്ക് വശംവദയായ ഹബീബാക്ക് ഏഷ്യക്കാരിയായതുകൊണ്ടു മാത്രം നീതിയേ ലഭിച്ചില്ല. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സീക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു. ഭക്ഷണം കിട്ടാതെ വലഞ്ഞ് അവശയായ സീക്കുവിനെ മുറിയിൽ കൊണ്ടു പോയി ഭക്ഷണം കൊടുത്തു. പിന്നെ അവൻ ഞങ്ങളിൽ ഒരാളായി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു  അവന്റെ തനി സ്വഭാവം കാണിച്ചു.  പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. 

സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ എത്തപ്പെട്ടു. അതിനു മുപേ എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി രക്ഷപ്പെടാനുള്ള തത്രപ്പാടിൽ അവിടന്ന് രക്ഷപ്പെട്ട്, ഒരു കണക്കിനു നൂറുകണക്കിനു മൈൽ അകലെ കൂട്ടുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി. ഇവിടേയും ഭക്ഷണക്കാര്യത്തിനായി സച്ചിയുടെ കൂട്ടുകാരൻ ജൂബിയുടെ സവാളക്കടയിൽ സഹായികളായി കൂടി. ശനിദോഷം കൂടപ്പിറപ്പായ ഞാൻ കൂടി ചെന്നതോടെ ജൂബിയുടെ ഉള്ള ജോലി കൂടി അവതാളത്തിലായി. അതിനെ മറികടന്നപ്പോഴേക്കും ദേ വരുന്നു യുദ്ധം. പിന്നെ ഭീതിയുടേയും ഉറക്കമില്ലാത്ത രാത്രിയുടേയും ദിനങ്ങൾ...


തുടർന്നു വായിക്കുക...

യുദ്ധപ്പൂത്തിരികൾ...


ജൂബിയുടെ ആ വാക്കുകൾ കേട്ടതും ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.
“ഇറാക്കിൽ നിന്നും സദ്ദാമിന്റെ സ്കഡ്ഡ് റിയാദിലേക്ക് പാഞ്ഞ് പോകുന്നത് നമ്മുടെ തലക്കു മുകളിൽക്കൂടിയാണ്‌ട്ടാ...!!
“ ഹെന്റെ ദൈവമേ.. ഏതെങ്കിലും ഒരെണ്ണം നമ്മുടെ തലക്കു മുകളിൽ വച്ച് ഒന്നു ചീറ്റിപ്പോയാൽ...?!!”
"എടാ മണ്ടാ.. ചീറ്റിപ്പോയ മിസ്സൈൽ വീണാൽ എന്താകാനാ...?”
“ഓ.. ഇവനെക്കൊണ്ടു തോറ്റു. ചീറ്റിപ്പോയത് മിസ്സൈലിലെ ഇന്ധനമാ.. അതിൽ ഘടിപ്പിച്ചിരിക്കുന്ന ബോംബ് അവിടെത്തന്നെ ഇരിക്കും. ചീറ്റിപ്പോയ മിസ്സൈലിന് പിന്നെ അധികം ദൂരം സഞ്ചരിക്കാൻ പറ്റില്ല. അതവിടെത്തന്നെ തലകുത്തനെ ഇങ്ങ് താഴേക്ക് പോരും. നമ്മുടെ കെട്ടിടത്തിന്റെ മുകളിലെങ്ങാനുമായാലോ...?”
“ഹോ.. ശരിയാണല്ലൊ...?!”
അറിയാതെ കണ്ണുകൾ മുകളിലേക്ക് പാഞ്ഞു.
ഞങ്ങളൊരിത്തിരി ഉമിനീരിനായി പരതി....
ഒന്നൊഴിഞ്ഞു മാറാനുള്ള സമയം പോലും കിട്ടുമോ...?!!

ഒരു നിമിഷ നേരത്തെ നിശ്ശബ്ദതക്ക് ശേഷം ഞാൻ ചോദിച്ചു.
“എന്നിട്ട് മിസ്സൈൽ വീണ  വല്ല വിവരവുമുണ്ടോ... അത് പറ..”
“എങ്ങാണ്ടൊക്കെയോ വീണിട്ടുണ്ട്... പക്ഷേ, കണ്ടോരാരും ഇല്ല...”
“ഓരോ മിസ്സൈലു വരുമ്പോഴും പൂമഴ പോലെയല്ലെ പേട്രിയേറ്റ് മുകളിലേക്ക് പോയിക്കൊണ്ടിരുന്നത്. അതിനിടയിൽക്കൂടി സ്ക്കഡ്ഡ് എങ്ങനെ താഴെ വീണാനാ..?”
ഇന്നു പകൽ മുഴുവൻ ടീവിയിൽ കാണിച്ചു കൊണ്ടിരുന്നത് ഈ പേട്രിയേറ്റ് പൂവാണമഴയായിരുന്നു. അതോർത്തിട്ടാണ് ഞാൻ പറഞ്ഞത്.
“ഇന്നലെ രാത്രിയിലായതു കൊണ്ട് പുതിയ വാർത്തകളൊന്നും ഇങ്ങ് എത്താറായിട്ടില്ല. കാരണം എല്ലാവരും പേടിച്ച് അകത്തു തന്നെ ഇരിക്കുകയായിരുന്നല്ലൊ. നേരം വെളുത്തിട്ടാണ് എല്ലാവരും പുറത്തിറങ്ങിയതു തന്നെ. അതുകൊണ്ട് വേണ്ട വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഈ രാത്രി കൂടി കഴിഞ്ഞാൽ എത്തുമായിരിക്കും...”

ടീവിയിൽ അപ്പോഴും  പേട്രിയേറ്റ് പൂമഴകളൂം സ്റ്റെൽത്ത് അമിട്ടുകളും തകർത്തു പെയ്തുകൊണ്ടിരിക്കുകയായിരുന്നു. നീലരാശിയിൽ വെളുത്ത പ്രകാശവുമായി മിസ്സൈലുകൾ പായുന്നതും ചില പ്രത്യേക കെട്ടിടങ്ങൾ ഉന്നം വച്ച്  തകർക്കുന്നതും വർണ്ണഭംഗിയോടെ ആഘോഷിക്കുകയാണ് ചാനലുകളായ ചാനകളത്രയും.
ഇടയ്ക്ക്, മറുഭാഗത്ത് തിരക്കേറിയ ഒരു പട്ടണത്തിൽ സഖ്യകക്ഷികളുടെ ആക്രമണത്തെ തൃണവൽക്കരിച്ച് തോക്കുയർത്തി ജനങ്ങളോടൊപ്പം നൃത്ത ചെയ്യുന്ന സദ്ദാമിലും ഞങ്ങൾ ആഘോഷം കണ്ടു...!
വികാരം കൊണ്ടു...!
കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു...!

നിലത്ത് മലർന്നു കിടന്ന് ജീവിതം പെരുവഴിയിലായിപ്പോയതിന്റെ മനോവിഷമത്തിൽ മച്ചിലേക്കും നോക്കിക്കിടന്ന ദിവാസ്വപ്നക്കാരൻ പവിത്രൻ ഒന്നു മുരണ്ടു. എന്നിട്ട് പറഞ്ഞു.
“ഈ സീലിങ് ഫാൻ എപ്പോഴെങ്കിലും നമ്മൾ ഓഫാക്കിയിട്ടുണ്ടോ...?
ഞാൻ വന്നതിനു ശേഷം അങ്ങനെയൊരു സംഭവമേ ഇല്ല..!”
 ചോദ്യവും ഉത്തരവും ഒരാളിൽ നിന്നുതന്നെ ഉണ്ടായപ്പോൾ എല്ലാവരും കൂടി ചിരിച്ചതേയുള്ളു. ദിവാസ്വപ്നക്കാരൻ ആത്മഗതമെന്നോണം പറഞ്ഞു.
“ഈ ഫാനും നമ്മളേപ്പോലെ എപ്പോഴും ഓടിക്കൊണ്ടേയിരിക്കണം. നമ്മൾക്ക് വിശ്രമമേയില്ല. ശമ്പളമില്ലെങ്കിലും ജോലിയുണ്ട്. ജോലിയുണ്ടെങ്കിലും ഭക്ഷണത്തിനു വഴിയില്ല. നാളത്തെ കാര്യമോർത്തുള്ള അങ്കലാപ്പ് ഒരിക്കലും മാറില്ലേ..?”
“പിന്നെ, ഏസിമുറിയിൽക്കിടന്നുള്ള അങ്കലാപ്പല്ലെ.. നാട്ടുകാരു ചിരിച്ചു തള്ളും...!!”
ജൂബി പലപ്രാവശ്യം നാട്ടിൽ പോയിട്ടുള്ളതുകൊണ്ട് നാട്ടുകാരുടെ മനസ്സിലിരിപ്പ് അറിയാം.
വീടുകളുടെ ജനാലകൾ പോലെ സാധാരണമായ ഒന്നാണ് ഗൾഫിൽ ‘ഏസി’കളെന്ന് നാട്ടുകാർക്കറിയില്ലല്ലൊ.
“കൂട്ടത്തിൽ ഇപ്പോഴത്തെ ഈ അരക്ഷിതാവസ്ഥയും കൂടിയാവുമ്പോൾ പരമസുഖം...!!”

വാസ്തവത്തിൽ ഞങ്ങളെല്ലാവരും രണ്ടോമൂന്നോ കിലോ വീതം ഇതിനകം കുറഞ്ഞിരുന്നു. അത് കൂടുതലായി പവിത്രന്റെ മുഖത്തു നിന്നും വായിച്ചെടുക്കാം. മുഖത്തിന്റെ അസ്തികൂടവും കുഴിഞ്ഞ കണ്ണുകളും തോളെല്ലും തെളിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളും ഇഷ്ടമില്ലെങ്കിൽ കൂടിയും അറിയാതെ കണ്ണാടിയിൽ നോക്കിപ്പോവും.
“ഈ പോക്കു പോയാൽ എവിടെച്ചെന്നെത്തുമെന്ന് ഒരു പിടിയുമില്ല...!”
പവിത്രൻ കണ്ണുകൾക്കു മീതെ കൈകൾ പിണച്ചു വച്ച് കാഴ്ചയെ മറച്ചു, അടുത്ത സൈറൺ മുഴങ്ങുന്നതു കാത്ത്...

അന്നു രാത്രിയിലും ഉറങ്ങാൻ കഴിഞ്ഞില്ല.
ടീവിയിലെ സൈറൺ ശരിക്കും ഒരു മരണമണിപോലെ  പേടിപ്പെടുത്തിക്കൊണ്ടിരുന്നു.
സൈറൺ മുഴങ്ങുമ്പോൾ എത്ര ഗാഢമായ മയക്കത്തിലാണെങ്കിലും ഞെട്ടിയുണരും.
തലപൊക്കി ടീവിയിലേക്ക് തുറിച്ചു നോക്കും. അന്നേരം വല്ലാത്തൊരു നെഞ്ചിടിപ്പായിരിക്കും.
കുഴപ്പമില്ലെന്ന് അനൌൺസ് വന്നതിനു ശേഷം ആശ്വാസത്തോടെ വീണ്ടും കിടക്കും.
എന്നാലും ഉറങ്ങാൻ കഴിയാറില്ല. കണ്ണടയുമ്പോൾ പേടിയാണ്.
മരണം ഞാനറിയാതെയെങ്ങാൻ കടന്നു വന്നാലോ...?!!

നാളെ കാലത്ത് വീട്ടിലേക്കൊന്നു ഫോൺ ചെയ്യണം.
നാട്ടിനെക്കുറിച്ച് യാതൊരു വിവരവുമില്ല.
ഗ്രാമത്തിൽത്തന്നെ അകലെയുള്ള ഒരു വീട്ടിൽ ഫോണുണ്ട്. അരമണിക്കൂർ മുൻപ് വിളിച്ചു പറഞ്ഞാൽ അവർ എന്റെ വീട്ടിൽ നിന്നും ആരെയെങ്കിലും വിളിച്ചുകൊണ്ടു വരും. ആ വീട്ടുകാരെ ബുദ്ധിമുട്ടിക്കാനുള്ള വിഷമത്തിൽ ആ സാഹസത്തിനു പലപ്പോഴും മുതിരാറില്ല. എങ്കിലും ഈ പ്രത്യേക സാഹചര്യത്തിൽ ഞാൻ എവിടെയെന്നറിയാതെ വിഷമിക്കുന്നുണ്ടാവില്ലെ എല്ലാവരും.
ഇനി ഒരു സ്കഡ്ഡിൽ ഞങ്ങൾ എരിഞ്ഞടങ്ങിയാലും, അതറിയാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരില്ലേ..?!
എന്തായാലും ഇപ്പോൾ ഞാൻ ജീവനോടെ ഉണ്ടെന്നെങ്കിലും അറിയിക്കാമല്ലൊ.

അതിനായി ഒരു റിയാലിന്റെ നാണയം 25 എണ്ണം വാങ്ങാൻ ജൂബിയെ ഏൽ‌പ്പിച്ചിരുന്നു.
അതുമായി വെളുപ്പിനു മൂന്നുമണി നേരത്ത് സെറ്ററും മഫ്ലറും ഒക്കെ ചുറ്റി പുറത്തിറങ്ങി.
നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
മൂഡൽ മഞ്ഞ് മുന്നോട്ടുള്ള കാഴ്ചകളെ മറച്ചിരുന്നു.
റോഡുകൾ വിജനമായിരുന്നു.
യുദ്ധമായതുകൊണ്ടാകും സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇല്ലായിരുന്നു.
തലക്കു മുകളിൽക്കൂടി പാഞ്ഞുപോകുന്ന മിസ്സൈലിന്റെ ചിന്തയുള്ളതു കൊണ്ട് താഴെ നോക്കാതെ മുകളിൽ നോക്കിയാണ് നടപ്പ്.
മിസ്സൈൽ വരുന്നതു കണ്ടാലും ഓടിമാറാനൊന്നുമല്ല. അതുകൊണ്ട് കാര്യവുമില്ലെന്നറിയാം. എങ്കിലും ഒരു മുൻ‌കരുതൽ...!

മരുഭൂമിയിൽ റോഡിനോട് ചേർന്നുതന്നെ മറയൊന്നുമില്ലാത്ത ഒരു ടെലഫോൺ ബൂത്ത് ഉണ്ട്.
ഇത്ര കാലത്തെ ആയതുകൊണ്ട് ആരുമുണ്ടാകില്ലെന്ന ധാരണയിൽ ആണ് മൂന്നുമണിക്ക് പുറത്തിറങ്ങിയത്. മൂടൽമഞ്ഞ് നന്നായിട്ടുണ്ടായിരുന്നു. അടുത്തെത്തുന്നതുവരേക്കും ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.  ബൂത്തിനോട് അടുക്കുന്തോറും ഒരു കാര്യം മനസ്സിലായി.
എന്നേപ്പോലെ ചിന്തിക്കുന്ന ഇന്ത്യാക്കാരും ബംഗ്ലാദേശികളും ഈജിപ്ഷ്യന്മാരും പാക്കിസ്ഥാനികളും എത്യോപ്യക്കാരും ധാരാളം പേരുണ്ടെന്ന്.
ഒരു വലിയ ക്യൂതന്നെ രൂപം കൊണ്ടിട്ടുണ്ട്.
ഏറ്റവും അറ്റത്തായി ഞാനും നിലകൊണ്ടു.

ഒരു ഗുണമുണ്ടായതെന്തെന്നാൽ പലർക്കും ലൈൻ കിട്ടുന്നുണ്ടായിരുന്നില്ല.
അധികനേരം റിങ് ടോൺ കേട്ടു നിൽക്കാനോ രണ്ടാമതൊന്നു ഡയൽ ചെയ്യുവാനോ തൊട്ടു പുറകേയുള്ളവർ സമ്മതിക്കില്ല. അവനെ പിടിച്ചുമാറ്റി അടുത്തവൻ കയറും. പിന്നെ അവിടെ ഒച്ചയും ബഹളവും ഉന്തും തള്ളും. എന്നാലും ആരും അതൊന്നും കാര്യമാക്കുന്നില്ല.

എന്റെ ഊഴം വന്നപ്പോഴേക്കും നാലരമണി കഴിഞ്ഞിരുന്നു. ഫോണുള്ള വീട്ടിൽ ഉള്ളവർ എഴുന്നേറ്റിണ്ടാവും. രണ്ടുപ്രാവശ്യം റിങ് ചെയ്തപ്പോഴേക്കും ആരോയെടുത്തു.
ഞാൻ “ഹലോ..” പറഞ്ഞു. എന്നെ മനസ്സിലായതോടെ അരമണിക്കൂറ് കഴിഞ്ഞ് വിളിക്കാമെന്നും വീട്ടിൽ നിന്നും ആരെയെങ്കിലും വിളിച്ചിട്ടു വരണമെന്നും പറഞ്ഞ് കട്ടാക്കി.

പിന്നേയും ക്യൂവിന്റെ ഏറ്റവും അറ്റത്ത് പോയി നിലയുറപ്പിച്ചു.
നേരം വെളുക്കാറായപ്പോഴേക്കും ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയിരുന്നു.
ക്യൂ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. അരമണിക്കൂറ് കഴിഞ്ഞിട്ടും എനിക്ക് ഫോണിന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല. എന്റെ അങ്കലാപ്പ് കൂടി വന്നു.  ഏതാണ്ട് മുക്കാൽ മണിക്കൂറ് കഴിഞ്ഞപ്പോഴേക്കും ഫോണിന്റെ അറ്റത്തുള്ളവർ വേഗം വേഗം പിരിയാൻ തുടങ്ങി.
“എന്തു പറ്റി...?”
ആരും ഒന്നും പറയുന്നില്ല.
എല്ലാവരും ഫോണിന്റെ റസീവർ എടുത്ത് ചെവിയിൽ വച്ച് ശബ്ദമൊന്നും കേൾക്കാത്തതുകൊണ്ട് അവിടെ വലിച്ചെറിഞ്ഞിട്ട് പോകുന്നു. ബൂത്തിനിട്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്ത് ദ്വേഷ്യം മുഴുവൻ തീർക്കുന്നുണ്ട് ചിലർ.

ഞാനും റസീവർ ചെവിയിൽ വച്ചു നോക്കി. ശബ്ദമൊന്നും വരുന്നില്ല. അതെപ്പോഴോ സ്റ്റക്കായിരിക്കുന്നു. ചിലപ്പോൾ ബൂത്തിൽ കോയിൻ നിറഞ്ഞിട്ട് സ്റ്റക്കായതാവാം. അല്ലെങ്കിൽ ഫോൺ കേടായതാവാം.
ശരിക്കും പറഞ്ഞാൽ ആ തണുപ്പിലും ഞാൻ വിയർത്തുപോയി.
വീട്ടിൽ നിന്നും ആളെ വിളിച്ചു നിറുത്തിയിട്ട്, പിന്നെ ഫോൺ വരാതായാൽ...?
ഇപ്പൊ വരുമെന്നു കരുതി അവരും കാത്തിരിക്കില്ലെ.
ഫോൺ ചെയ്തുകൊണ്ടിരിക്കേ സ്കഡ്ഡ് വീണ് ഞാനും മറ്റുള്ളവരും ചിതറിത്തെറിച്ചു പോയെന്ന് കരുതി ഒരാളെങ്കിലും ബോധം കെട്ടു വീഴില്ലെ...!?
പതിനേഴ് ദിവസം കൊണ്ട് നേരെ ചൊവ്വെ ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല.
ഒന്ന് അടുത്തറിഞ്ഞിട്ടില്ല. ആ മുഖം പോലും ഇപ്പോൾ മനസ്സിൽ തെളിഞ്ഞുവരുന്നില്ല.
ഓർത്തിട്ട് സഹിക്കാനാവുന്നില്ല.
ഒരു കെട്ട് സങ്കടം നെഞ്ചിൽക്കിടന്ന് തിളക്കുന്നുണ്ടായിരുന്നു.
ഞാനാ മണലിൽത്തന്നെ കുത്തിയിരുന്നു.
നേരം വെളുത്തിട്ടും ആരും വന്നില്ല നന്നാക്കാൻ.
എന്നോടൊപ്പം ഒരു പാക്കിസ്ഥാനിയും കൂട്ടിനുണ്ടായിരുന്നു.
അവനും നേരത്തെ വീട്ടുകാരെ വിളിക്കാൻ ഏർപ്പാടാക്കിയതായിരുന്നു.

ഇനി ഈ സാഹസത്തിനില്ലെന്ന് ഞാൻ തീരുമാനിച്ചു. 
പകലൊന്നും ഫോൺ കിട്ടുമായിരുന്നില്ല.  രാത്രിയിൽ മാത്രമാണ് കിട്ടുക. അത് എപ്പോൾ കിട്ടുമെന്നോ എപ്പോൾ പോകുമെന്നോ അറിയില്ല താനും. അതുകൊണ്ടാണ് ഫോണിനായി അത്ര വലിയ ക്യൂ രൂപപ്പെട്ടിരുന്നത്. അവരിൽ ആ പാക്കിസ്ഥാനിയുൾപ്പടെ അധികം പേരും തലേ ദിവസം സന്ധ്യ മുതൽ ക്യൂവിൽ കുത്തിയിരുന്നവരായിരുന്നു...!  

ഏഴുമണിയോടെ ഞങ്ങൾപിരിയാൻ തുടങ്ങിയ നേരത്താണ് ഏതാനും കുവൈറ്റികൾ ഒരു കാറിൽ അവിടെ വന്നിറങ്ങിയത്. ഫോൺ ചെയ്യാനായിരിക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. പക്ഷെ, അവർ കുവൈറ്റികളാണെന്നും ചിലവിനു കാശില്ലെന്നും പറഞ്ഞ് ഞങ്ങളുടെ നേരെ കൈ നീട്ടിയത് സത്യത്തിൽ വിശ്വസിക്കാനായില്ല...!
അവരുടെ നാട്ടിൽ വച്ച് നമ്മളാരെങ്കിലും അവരുടെ കാറിനെ ഓവർടേക്കു ചെയ്താൽ, അവൻ പാഞ്ഞു വന്ന് നമ്മളെ തല്ലുമെന്നു പണ്ടൊരിക്കൽ ഒരു ലുങ്കി ന്യൂസ് കേട്ടിട്ടുണ്ടായിരുന്നു. 
ആ അഹങ്കാരത്തിനു ദൈവം കൊടുത്ത ശിക്ഷയായിരിക്കുമോ ഇത്...!?
ഫോൺ ചെയ്യാൻ വച്ചിരുന്ന കോയിൻസ് ഒരു പ്ലാസ്റ്റിക് കൂട്ടിനകത്തിരുന്നു. അത് ഞാൻ പോക്കറ്റിൽ നിന്നും പുറത്തെടുത്തതും സലാം പറഞ്ഞവർ പിടിച്ചു വാങ്ങി കാറിൽ കയറി മിന്നിമറഞ്ഞു...!!

ഞാൻ മുറിയിൽ വന്നു കിടന്ന് ഉറങ്ങാൻ നോക്കി. 
ഉറക്കം വരുന്നുണ്ടായിരുന്നില്ല. 
വീട്ടുകാരെ വിളിച്ചു വരുത്തിയതിലായിരുന്നു എന്റെ സങ്കടം. 
അതോർത്തിട്ട് ഉറങ്ങാനേ കഴിഞ്ഞില്ല. 
എന്തായാലും ഇതുവരേക്കും എനിക്കൊന്നും പറ്റിയിട്ടില്ലെന്നും ജീവിച്ചിരുപ്പുണ്ടെന്നെങ്കിലും അറിഞ്ഞിരിക്കുമല്ലൊ. അതുമൊരു ആശ്വാസം തന്നെ.

ഉച്ചയൂണിന്റെ സമയത്താണ് പിന്നെ എഴുന്നേറ്റത്. 
വൈകീട്ട് സച്ചിയും ജൂബിയും വരുന്നതുവരെ ടീവിയിലെ യുദ്ധപ്പൂത്തിരി കാണലായിരുന്നു പരിപാടി. അവർ വന്നത് വളരെയേറെ ലുങ്കി ന്യൂസുകളുമായിട്ടായിരുന്നു. 
അതിലൊന്നുരണ്ടെണ്ണം ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു...! 
ബുറൈദയിലും റിയാദിലുമൊക്കെ ആളുകൾ എല്ലാവരും മിസ്സൈൽ വരുന്നതു കാണാൻ ടെറസ്സിന്റെ മുകളിൽ കയറി നിൽക്കുകയാണത്രെ...! 
നമ്മുടെ തൃശ്ശൂർ പൂരത്തിനു വെടിക്കെട്ടു കാണാൻ കെട്ടിടത്തിന്റെ മുകളിലും ബാൽക്കണിയിലും മറ്റും നിൽക്കുന്നതുപോലെ...!! 
ആളുകൾ ഇപ്പോൾ കെട്ടിടത്തിനു മുകളിലാണത്രെ കിടപ്പും ഉറക്കവും...!!

അതിനിടക്ക് ടീവിയിൽ  സൈറൺ മുഴങ്ങി. 
ഞങ്ങളുടെ സംഭാഷണം നിലച്ചു.
നെഞ്ചിടിപ്പിന്റെ കുറേ നിമിഷങ്ങൾ...
പിന്നെ കുഴപ്പമില്ലെന്നറിയിച്ചു. 
ഞങ്ങൾ വീണ്ടു തുടർന്നു. സച്ചിയാണ് പറഞ്ഞത്. 
”ഒരു കാര്യം കേക്കണോ..... ഓ അത് പറയാതിരിക്കാൻ നിവർത്തിയില്ല...” 
ഞങ്ങൾ കാതും കൂർപ്പിച്ച് ഇരുപ്പായി. 
“ഇന്നലത്തെ മിസ്സൈലിൽ ഒരെണ്ണം വീണത്... ഒരു അഞ്ചു നില കെട്ടിടത്തിന്റെ മുകളിലാ...ആ കെട്ടിടം തകർന്നു തരിപ്പണമായി. അടുത്തുള്ള കെട്ടിടങ്ങളുടെ ഗ്ലാസ്സുകളൊക്കെ പൊട്ടിച്ചിതറി.  പേടിച്ചിട്ട് ഒരാളും പുറത്തിറങ്ങിയില്ല. എല്ലാവരും അകത്തുതന്നെ ഇരുന്നു. കുറച്ചു സമയത്തിനകം നൂറുകണക്കിനു ബുൾഡോസറുകൾ ഒരുമിച്ച് ശബ്ദമുണ്ടാക്കുന്നതുപോലെയുള്ള ഇരമ്പലും തട്ടലും മുട്ടലും..! 
നേരം വെളുത്തപ്പോഴല്ലെ എല്ലാവരും കിടുങ്ങിപ്പോയത്...?!“ 

ഞങ്ങൾ എല്ലാവരും സച്ചിക്കും ജൂബിക്കും അടുത്തേക്ക് നീങ്ങിയിരുന്നു. 
ആകാംക്ഷയോടെ ഞാൻ ചോദിച്ചു. 
“അപ്പോൾ ആ വീണത് മിസ്സൈലായിരുന്നില്ലാല്ലേ.... പിന്നെന്താ...?” 
“അത് മിസ്സൈലു തന്നെയായിരുന്നു. പക്ഷേ, ആ അഞ്ചുനില കെട്ടിടം അവിടെയില്ലായിരുന്നുവെന്ന് മാത്രമല്ല അതിന്റെ പൊടിപോലുമില്ലായിരുന്നു കണ്ടു പിടിക്കാൻ...!!?” 
“ങേ.. എന്തുപറ്റി...?” 
തകർന്ന  കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം ആ രാത്രിയിൽത്തന്നെ ബുൾഡോസറുകൾ കൊണ്ടു വന്ന് വാരി ലോറിയിൽ കയറ്റി മരുഭൂമിയിൽ കൊണ്ടുപോയി കുഴിയിലിട്ടു മൂടിയത്രെ...?!! 
നേരം വെളുത്തപ്പോൾ പരിസരവാസികൾ കാണുന്നത് അവിടം ടാറിങ് നടത്തി വെളുത്ത പെയിന്റിൽ കാർപാർക്കിങ്ങിനുള്ള സ്ഥലമാക്കി മാർക്കു ചെയ്തിട്ടിരിക്കുന്നു...!!“  
ഞങ്ങൾ വായും പൊളിച്ചിരുന്നതല്ലാതെ ഒരക്ഷരം ശബ്ദിക്കാനായില്ല.  
എന്നിട്ടും ചോദിക്കാതിരിക്കാനായില്ല പവിത്രന്. 
“അപ്പോൾ അതിലുണ്ടായിരുന്ന ആളുകളോ...?” 
സച്ചിയും ജൂബിയും കൈ മലർത്തിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. 

കുറച്ചു കഴിഞ്ഞ് മരവിപ്പൊന്നു മാറിയപ്പോൾ ഞാൻ പറഞ്ഞു. 
“ഹോ.. ഇതൊരു അപാര ലുങ്കി ന്യൂസായിപ്പോയി...! 
ഒന്നു കിട്ടിയാൽ പത്താക്കണ ആളുകളല്ലെ നമ്മുടെ ആളുകൾ...!!” 
“ഇത് നടന്നതാന്നാ പറയുന്നെ. അവരുടെ ഫ്ലാറ്റിന്റെ ചില്ലും പൊട്ടിപ്പോയിരുന്നത്രെ. അങ്ങനെയൊരു കെട്ടിടം അവിടെയുണ്ടായിരുന്നോയെന്ന് അവിടത്തുകാർക്കു പോലും സംശയമായിയത്രെ... അത്രക്കു തിരിച്ചറിയാത്ത സ്ഥലമാക്കി അത് മാറ്റിമറിച്ചുകളഞ്ഞൂ... അപ്പോൾ മുതൽ അവിടെ പോലീസ്സുകാർ കാവലുണ്ടായിരുന്നു. അവിടെ ആരെങ്കിലും വന്നു സംസാരിക്കാനോ കൂട്ടം കൂടി നിൽക്കാനോ ഒന്നും സമ്മതിച്ചില്ലത്രെ...” 
“സദ്ദാമിന്റെ ബോംബ് വീണ് പൊട്ടി കെട്ടിടം തകർന്നെന്ന് പറയുന്നത് നാണക്കേടല്ലെ. അതുകൊണ്ടാ ഈ പണി ചെയ്തതത്രെ..!“ 
“ഹോ.. എന്നാലും ഇതത്രക്കങ്ങ്ട് ദഹിക്കണില്ല.. ചുമ്മാ പറഞ്ഞ്ണ്ടാക്കണാതാന്നാ എനിക്ക് തോന്നണെ... എന്നാലും ആ ഭാവന അപാരം...!” 
ഞാനെന്റെ സംശയം മറച്ചു വച്ചില്ല. 
അതിനും ആരും മറുപടിയൊന്നും പറഞ്ഞില്ല. 
പിന്നെ ‘ഈ രാജ്യമായതു കൊണ്ട് ഇതല്ലാ ഇതിലപ്പുറവും നടക്കുമെന്ന’ പവിത്രന്റെ ആത്മഗദത്തോടെ ആ സംഭാഷണം അവിടെ നിലച്ചു.

ദിവസങ്ങൾ കഴിയുന്തോറും സ്കഡ്ഡിന്റെ പേടി കുറഞ്ഞുകുറഞ്ഞു വന്നു. 
ഞങ്ങളൊക്കെ ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാൻ തുടങ്ങി. 
‘യുദ്ധമോ.. ഓ.. അതൊക്കെ ഒരു വഴിക്കങ്ങു നടന്നോളും..!’ എന്ന മട്ടിലായി ഞങ്ങൾ.
സദ്ദാമിന്റെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ലെന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മനസ്സിലായി. സദ്ദാമിന്റെ ആ ശൌര്യം മാത്രമായിരുന്നു കൈമുതൽ...! 
ബോംബിടാൻ ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ലാതെ യുദ്ധം അവസാനിപ്പിക്കാറായിട്ടും സദ്ദാമിനെ കണ്ടുകിട്ടിയില്ല...! 
സദ്ദാമിന്റെ യുദ്ധവിമാനങ്ങൾ കണ്ടുകിട്ടിയില്ല...! 
കൊട്ടിഘോഷിച്ച രാസായുധങ്ങൾ കണ്ടുകിട്ടിയില്ല...! 
സദ്ദാമിന്റെ കയ്യിലുണ്ടെന്ന് തെളിവു വരെ നിരത്തിയ മറ്റു മാരകായുധങ്ങളും കണ്ടു കിട്ടിയില്ല...! 
ഇറാക്കിന്റെ എണ്ണപ്പാടങ്ങൾ അത്രയും തീ കൊടുത്തു...!
കുവൈറ്റിൽ നിന്നും ഇറക്കികളെ ഒഴിപ്പിച്ച്, ഇറാക്കിന്റെ എണ്ണപ്പാടങ്ങൾ അത്രയും കയ്യടക്കി...! ഇറാക്കികളെ വർഗ്ഗീയമായി ഭിന്നിപ്പിച്ച് യുദ്ധം അവസാനിപ്പിച്ചു...! 

ദിവസങ്ങളെത്രയാണ് ഉറക്കമില്ലാരാത്രികൾ സമ്മാനിച്ചത്. 
അപ്പോഴും ഞങ്ങളുടെ ഡബിൾ ചങ്കുള്ള ‘ഒറ്റയാൻ സദ്ദാമിനെ’ കണ്ടു കിട്ടാത്തതിലുള്ള സന്തോഷമായിരുന്നു ഞങ്ങൾക്കെല്ലാം. അദ്ദേഹം ഇതിനകം ഏതെങ്കിലും രാജ്യത്തുപോയി രക്ഷപ്പെട്ടിരിക്കാമെന്നു ഞങ്ങൾ സംശയിച്ചു. ഇന്ത്യയിൽ രാഷ്ട്രീയാഭയം തേടിയിരിക്കാമെന്ന് വരെ ഞങ്ങൾ ന്യായമായും വിശ്വസിച്ചു. 
എങ്കിലും, അദ്ദേഹം അഭിമാനിയാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു...!!! 
അങ്ങനെയൊന്നും തോറ്റോടുന്നവനല്ല.


ഒരു വൈകുന്നേരം ഞങ്ങളുടെ മാനേജർ ചിരിച്ച മുഖവുമായി കടന്നുവന്നു. 
കയ്യിൽ മൂന്നുമാസത്തെ ശമ്പളവും...!!! 
കൂട്ടത്തിൽ എനിക്കുമാത്രമായിട്ടൊരു ഇടിവെട്ട് ന്യൂസും...!!!
“എന്റെ ‘എക്സിറ്റ് വിസ’ ശരിയായിരിക്കുന്നു. ഒരുമാസത്തിനുള്ളിൽ റിയാദിൽ നിന്നും നാട്ടിലേക്ക് കയറിപ്പോകാം. ബാക്കിയുള്ള 20 മാസത്തെ ശമ്പളം ഹെഡ്ഡോഫീസിൽ നിന്നും ഒരുമിച്ച് വാങ്ങാം...!!!” 


ബാക്കി മേയ് 15-ന്....

[ അടുത്ത ലക്കത്തോടെ ‘മരുഭൂമി’ അവസാനിക്കുന്നു...]

26 comments:

Cv Thankappan said...

അപ്പോള്‍ എക്സിറ്റ് വിസ ശരിയായി.
മനസ്സില്‍ അങ്കലാപ്പുമായി കഴിച്ചുകൂട്ടിയ നാളുകള്‍....
വിവരണം നന്നായി.
ആശംസകള്‍

സുധി അറയ്ക്കൽ said...

ഹൊ!!!!!
ചങ്കിടിപ്പ്‌ കാരണം വായിക്കാൻ കഴിയുന്നില്ലാ.

ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊക്കെ ഇത്ര ഹൃദയസ്പർശ്ശിയായി എഴുതാൻ കഴിഞ്ഞെങ്കിൽ അന്ന് അനുഭവിച്ചത്‌ എന്തായിരിക്കുമെന്ന് മനസിലാക്കാൻ കഴിയുന്നു.

ഒന്നും സംഭവിച്ചില്ലല്ലോ.!!!

എന്തായാലും നാട്ടിലേക്ക്‌ വാ.ഞാൻ എയർപോർട്ടിൽ കണ്ടേക്കാം..എനിക്കുള്ള പ്രസന്റ്‌ പ്രത്യേകം പാക്ക്‌ ചെയ്തേക്ക്‌ കേട്ടോ അക്കൊസേട്ടാാാാാാ!!!!!!!!!!

പട്ടേപ്പാടം റാംജി said...

യുദ്ധം തുടരുകയാണ്.
എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ആ സ്ഥലം എത്രയും പെട്ടെന്ന്‍ മറ്റൊന്നാക്കി തീര്‍ക്കുക എന്നത് ശരിയാണെന്ന് തോന്നുന്നു. ഒരു തെളിവ് പോലും ഇല്ലാതെ ഒരു പുതിയ രൂപം. ഒരു നിലക്ക് അത് മറ്റുള്ളവരുടെ പരിഭ്രാന്തി കുറയ്ക്കാനും കാരണമാകുന്നുണ്ട്.

Sudheer Das said...

പത്രങ്ങളിലൊക്കെ വായിച്ചതോര്‍ക്കുന്നു. സ്‌കഡ്ഡും പാട്രിയറ്റുമൊക്കെ. അവിടങ്ങളിലൊക്കെ ജീവിച്ചവരുടെ കഥകള്‍ അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാന്‍ കഴിയൂ.

വിനുവേട്ടന്‍ said...

ദമ്മാമിൽ ആയിരുന്ന സമയത്ത്, അടുത്തുള്ള ദഹ്‌റാനിലും വീണിരുന്നു ഒന്നു രണ്ട് സ്ക്ഡുകൾ... ഇതു പോലെ ഭയന്ന് വിറച്ചിരിക്കുമ്പോൾ പെട്ടെന്നുള്ള സ്ഫോടനശബ്ദവും അതോടൊപ്പം കെട്ടിടത്തിന്റെ കുലുക്കവും എല്ലാം ഓർമ്മ വരുന്നു...

അപ്പോൾ അടുത്ത ലക്കം കൊണ്ട് അവസാനിപ്പിക്കുയാണോ... ? അത് പറ്റില്ലാട്ടോ...

ajith said...

അടുത്ത ഒരു രംഗത്തോടെ ഈ നാടകം അവസാനിക്കുന്നു. അല്ലേ. എന്നാലും പറഞ്ഞാല്‍ തീരാത്റ്റ കഥകളുള്ളതുകൊണ്ട് വേറൊരു കഥയുമായി വീകെ വരുമല്ലോ

© Mubi said...

സന്തോഷായി. എക്സിറ്റ് വിസ അടിച്ചു കിട്ടിയല്ലോ... മറക്കാന്‍ പറ്റില്ല യുദ്ധത്തിന്‍റെ ആ ദിവസങ്ങള്‍!

വീകെ said...

സിവി തങ്കപ്പൻ: അതെ. എക്സിറ്റ് വിസ അടിച്ചു. രക്ഷപ്പെടാനുള്ള സമയമായി. വായനക്ക് നന്ദി.

സുധി അറയ്ക്കൽ: ഒന്നും സംഭവിച്ചില്ല സുധീ. അന്നു ഞാൻ തിരിച്ചു വരുമ്പോൾ കാത്തു നിൽക്കാനായി സുധിക്ക് എത്ര വയസ്സു കാണും..? നടക്കാനെങ്കിലും പഠിച്ചു തുടങ്ങിയിരുന്നോ..?
വായനക്ക് നന്ദി.

പട്ടേപ്പാടം റാംജി: യുദ്ധകാലത്ത് എന്തും സംഭവിക്കാം. അന്ന് കാണാതായവരുടെ കൂട്ടത്തിൽ ആ കെട്ടിടങ്ങളിൽ താമസിച്ചിരുന്നവരും പെടില്ലേ..?
ഒച്ചയും ബഹളയും ഉണ്ടാക്കാൻ അനുവാദമില്ലാത്ത ഒരു രാജ്യത്ത് അവരെക്കുറിച്ച് ആരന്വേഷിക്കും..?
വായനക്ക് നന്ദി.

സുധീർദാസ്: ഒരിക്കലെങ്കിലും ഗൾഫിൽ പോകാത്തവർക്കാണ് ഇതെല്ലാം അത്ഭുതമായി തോന്നുക. വായനക്ക് നന്ദി.

വിനുവേട്ടൻ: യുദ്ധം ഇനിയും അനേകകാലം നീണ്ടൂ നിൽക്കും. അതിന്റെ പിന്നാലെ പോയാൽ ശരിയാകില്ല.പേടിപ്പെടുത്തിയ കുറേ ഓർമ്മകളുടെ ഒരംശം മാത്രം ഇങ്ങനെയെങ്കിലും പങ്കുവക്കാനായതിൽ സന്തോഷമുണ്ട്. വായനക്ക് നന്ദി.

അജിത്: പ്രവാസികൾക്കാണോ കഥകൾക്കു പഞ്ഞം. അതിങ്ങനെ നീണ്ടു നിവർന്നു കിടക്കുകയല്ലെ. വായനക്ക് നന്ദി.

മൂബി: അതെ. തിരിച്ചു വരാനുള്ള ബദ്ധപ്പാടിലാണ്. അതിന്റെ സന്തോഷമുണ്ടു കെട്ടോ മൂബി. വായനക്ക് നന്ദി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

യുദ്ധത്തെ കുറിച്ച് സരസമായി വര്‍ണ്ണിക്കുന്നു. പക്ഷെ വായിക്കുന്നവര്‍ യുദ്ധഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു...മനസ്സ് മരുഭൂമിയുമായി അത്ര ഇണങ്ങിപ്പോയിരിക്കുന്നു.

സുധി അറയ്ക്കൽ said...

അടുത്ത ലക്കം അവസാനിപ്പിക്കുന്നതൊക്കെ കൊള്ളാം.പുതിയ നോവലിന്റെ പ്രഖ്യാപനവും നടത്തണം.

ജിമ്മി ജോൺ said...

അപ്പോ അടുത്ത ലക്കത്തോടെ മാഷും നോവലും ഒന്നിച്ച് ‘എക്സിറ്റ്’ അടിയ്ക്കുവാണല്ലേ..

അനുഭവങ്ങളുടെ തീച്ചൂളയില്‍ ഊതിക്കാച്ചിയെടുത്ത പുതിയ തുടരനുമായി വീണ്ടുമെത്തുമെന്ന് പ്രതീക്ഷിക്കുന്നു..

യുദ്ധമൊഴിഞ്ഞ, നാട്ടിലേയ്ക്കൊന്ന് ഫോണ്‍ വിളിയ്ക്കാന്‍ വരി നില്‍ക്കേണ്ടാത്ത, ശമ്പളവും അവധിയുമൊക്കെ കൃത്യമായി ലഭിക്കുന്ന ഈ കാലത്ത് ഇവിടെ എത്തിച്ചേരാന്‍ സാധിച്ച ഞാനൊക്കെ എത്രയോ ഭാഗ്യവാന്‍!

ശ്രീ said...

അങ്ങനെ എല്ലാം ഒരു തീരുമാനമാകുന്നു, അല്ലേ?

ramanika said...

ഫോണ്‍ ചെയ്യാനുള്ള വിഷമവും ലൈൻ കിട്ടാതെയുള്ള അങ്കലാപ്പും ശരിക്കും മനസ്സിൽ തട്ടി ..................
മലയാളം സീരിയലുകൾ നീട്ടുന്നപോലെ അല്ലെങ്കിലും കുറച്ചുകൂടി മരുഭൂമി തുടർന്നെങ്കിൽ എന്നാശിക്കുന്നു
ആശംസകൾ മെയ്‌ ദിനത്തിനും മരുഭൂമിക്കും

ഫൈസല്‍ ബാബു said...

എല്ലാം മനസ്സില്‍ കാണുന്നു . പലരില്‍ ചിലര്‍ രക്ഷപെടുന്നു . പലരും ആ മിസൈലില്‍ തകരുന്നു . എന്തായാലും ശുഭവാര്‍ത്തയുമായിട്ടാണല്ലോ അവസാനിക്കുന്നത് . സന്തോഷം .

വീകെ said...

മുഹമ്മദ് ആറങ്ങോട്ടുകര: യുദ്ധവാർത്തകൾ, അനുഭവങ്ങൾ ഒക്കെ കേൾക്കാൻ കോൾമയിർ കൊള്ളാൻ എനിക്കും ചെറുപ്പം മുതലേ താൽ‌പ്പര്യമായിരുന്നു.
എന്റെ അനുഭവങ്ങളിലൂടെ ഒരു ശ്രമം നടത്തിയെന്നു മാത്രം.
വായനക്കാരന്റെ മനസ്സ് മരുഭൂമിയോട് അത്രക്ക് ഇണങ്ങിപ്പോയെങ്കിൽ, നന്മ നിറഞ്ഞ ആ മനസ്സിനു മുന്നിൽ ഞാൻ ശിരസ്സു നമിക്കുന്നു.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

സുധി അറയ്ക്കൽ: ഈ സ്നേഹത്തിന് വളരെ വലിയ നന്ദി.
എന്റെ എഴുത്തൊന്നും വയറ്റിലെ വിശപ്പ് മാറ്റില്ലല്ലൊ. എന്നിലെ എഴുത്തുകാരനെ തൃപ്തിപ്പെടുത്തിയേക്കാം.
മുന്നോട്ടുള്ള ജീവിതത്തെ ആശ്രയിച്ചാണ് ഇനിയുള്ള രചനകൾ. അതിനുള്ള ശ്രമങ്ങളിലാണിപ്പോൾ. അഭിപ്രായത്തിന് ഒരിക്കൽക്കൂടി നന്ദി.

ജിമ്മിജോൺ: ഇപ്പോൾ അവിടെ എല്ലാം നല്ല നിലയിൽ ആണെന്നു പറയുമ്പോൾ ശരിക്കും കണ്ണു നിറയുന്നു.

മുൻപ് ഞങ്ങൾക്ക് ഞങ്ങളാശിച്ചതൊന്നുമായിരുന്നില്ല കിട്ടിയത്.
ഏറ്റവും വെറുക്കപ്പെട്ട ജീവിതമായിരുന്നു തന്നത്. പലതും എഴുതാൻ കഴിയാത്തതുകൊണ്ടു മാത്രം മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്നുണ്ട്. അതവിടെ കിടന്നോട്ടെ. ഇനിയുള്ള തലമുറയ്ക്കെങ്കിലും ആശിച്ചത് കിട്ടട്ടെ.

എന്റെ ഗൾഫ് ജീവിതത്തിൽ ഇത്രയേറെ വെറുക്കപ്പെട്ട ഒരു രാജ്യം വേറെയില്ല. ‘ഇനിയൊരിക്കലും ഈ രാജ്യത്തേക്കില്ലെന്നു പറഞ്ഞ് കോലൊടിച്ചിട്ട’ സംഭവങ്ങളുടെ അവസാന സംഭവം അടുത്ത ലക്കത്തിൽ....
വായനക്കും ഈ സ്നേഹത്തിനും വളരെ നന്ദി.

ശ്രീ: അതെ ശ്രീ. എല്ലാം അവർ തീരുമാനിച്ചിരുന്നു.അത് അടുത്തലക്കത്തിൽ.?
വായനക്ക് വളരെ നന്ദി.

രമണിക: എന്റെ നല്ലപാതി പറയുന്നതുപോലെ ‘ഇനിയെങ്കിലും നിറുത്തിക്കൂടെ ഈ ദാരിദ്ര്യക്കഥ’.
അതെ ഇനിയും ഇതു നീട്ടുന്നതിൽ അർത്ഥമില്ല. നല്ലതൊന്നും എനിക്കവിടെ നിന്നും കിട്ടിയിട്ടില്ല.

വായനക്കും അഭിപ്രായത്തിനും ഈ സ്നേഹത്തിനും വളരെ നന്ദി.

വീകെ said...

ഫൈസൽ ബാബു: അതേ. കുറേപ്പേർ രക്ഷപ്പെടുന്നു. അതിന്റെ എത്രയോ ഇരട്ടി ഉള്ളതു കൂടി നഷ്ടപ്പെട്ട് തിരിച്ചു വരുന്നു. ശുഭ(?)പര്യവസായിയായ അവസാനഭാഗം അടുത്ത ലക്കം.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

Pradeep Kumar said...

ശുഭപര്യവസായിയായ അവസാനഭാഗം സ്കഡ് മിസൈലുകളുടെ പൂത്തിരികൾക്കിടയിലും ചിന്തിക്കാനാവുന്നു. യുദ്ധകാലത്ത് ടെലിവിഷനിൽ കണ്ട ചില വിഷ്വൽസ് ഓർമ്മ വരുന്നു. നമ്മുടെ നാട്ടുകാർ സ്വർഗീയജീവിതം എന്നു കരുതുന്ന ഗൾഫിലും മനുഷ്യൻ പലതരം കഷ്ടപ്പാടുകൾ അനുഭവിക്കുന്നു എന്നത് ഈയടുത്ത കാലത്താണ് മലയാളം ഫിക്ഷനുകളിൽ വരാൻ തുടങ്ങിയത്.....

മരുഭൂമി എന്ന നോവൽ മലയാളത്തിലെ പ്രവാസനോവൽ ചർച്ചകളിൽ നിറയട്ടെ.... ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

പരിഭ്രാന്തിയുളവാക്കുന്ന
യുദ്ധഭീതി വർണ്ണനകൾക്കൊടുവിൽ , സന്തോഷം നൽകുന്ന ശമ്പള കുടിശ്ശികയും , നാട്ടിലേക്ക് തിരിക്കാനുള്ള നടപടികളും അടങ്ങിയ നല്ലൊരു വായന കൂടി

വീകെ said...

പ്രദീപ് കുമാർ: ഗൾഫ് പ്രവാസികൾക്കാണ് ഇത്തരം കഥകൾ ഉള്ളത്. ആർക്കും ചുഴിഞ്ഞെടുക്കാൻ താൽ‌പ്പര്യമില്ല ഇത്തരം കഥകൾ. പ്രവാസിയുടെ സ്വന്തക്കാർക്ക് ഇതൊക്കെ അറിയാമെങ്കിലും പുറത്തു പറയുന്നത് നാണക്കേടായി കരുതുന്നു. അതുകൊണ്ടാണ് ഇതൊന്നും പുറം ലോകം അറിയാതിരുന്നത്.
വായനക്കും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി.

ബിലാത്തിച്ചേട്ടൻ: ചെന്നതും സമയം കളയാതെ തുറന്നു നോക്കാൻ തുടങ്ങിയല്ലെ. വായനക്ക് വളരെ നന്ദി.

keraladasanunni said...

വായിക്കാന്‍ ബാക്കിയുണ്ടായിരുന്നതുമുഴുവന്‍ ഒറ്റയടിക്ക് വായിച്ചുതീര്‍ത്തു. അവതരണം അത്ര നന്നായിട്ടുണ്ട്.

വീകെ said...

കേരളദാസനുണ്ണി: ഇങ്ങനൊരാളെ കാണാനേയില്ലല്ലൊ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വന്നതിൽ വളരെ സന്തോഷം. വായനക്ക് വളരെ നന്ദി.

jyo.mds said...

യുദ്ധകാലത്തെ വിവരണം ഹൃദയമിടിപ്പുണ്ടാക്കി.ഉപജീവനത്തിനായി ജീവന്‍ പണയം വെച്ചാവും പലരും ആ സമയം കഴിച്ച് കൂട്ടിയത്. എന്നാലും അതൊക്കെ അതിജീവിച്ചല്ലോ.നല്ല വിവരണം.ആശംസകള്‍.

വീകെ said...

ജ്യോച്ചേച്ചി: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

വിനുവേട്ടന്‍ said...

ദാരിദ്ര്യക്കഥ എന്ന് പറഞ്ഞ് അങ്ങനെ തഴയരുത് അശോകൻ മാഷേ... നാട്ടിലുള്ളവർ തീർച്ചയായും വായിക്കുകയും അറിഞ്ഞിരിക്കേണ്ടതും തന്നെയാണ് ഇതൊക്കെ... പ്രവാസത്തിന്റെ ആദ്യഘട്ടത്തിൽ നാമൊക്കെ അനുഭവിച്ച ദുരിതങ്ങൾ വരുംതലമുറയ്ക്ക് ഒരു പാഠമാകട്ടെ...

ബൈജു മണിയങ്കാല said...

അവസാനം പുലരിക്കു അടുത്ത് ആശ്വാസത്തിന്റെ തീരത്ത്

ബൈജു മണിയങ്കാല said...

അവസാനം പുലരിക്കു അടുത്ത് ആശ്വാസത്തിന്റെ തീരത്ത്