Sunday 5 July 2009

ഗ്രാമവഴി -- 5 vaazhakkula

നെൽകൃഷി ചെയ്തു ചെയ്ത് വരവും ചിലവും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോഴാണ് ഗ്രാമവാസികളിൽ ചിലർ ചേർന്ന് ഒരു തീരുമാനം എടുത്തത്.

“ഇതിനൊരു മാറ്റം വേണം, അതിന് എന്തു ചെയ്യാം”

പല ആലോചനകളും നടന്നു. ഒടുവിൽ ശശി മാഷ്ടെ നിർദ്ദേശമാണ് എല്ലാവർക്കും സ്വീകാര്യമായി തോന്നിയത്

“ അതെ, നമ്മൾക്ക് ഏത്തവാഴകൃഷി നടത്തിക്കളയാം.“

“എന്റെ ഭൂമി ഞാൻ വിട്ടു തരാം. കൃഷി നടത്തി ലാഭത്തിൽ ഒരംശം എനിക്കു തന്നാ മതി.” വിശ്വനാഥൻ മാഷ് പറഞ്ഞു.

“അങ്ങനെ ലാഭം മാത്രം എടുക്കണ പരിപാടി വേണ്ട..” ശശിമാഷ് തീർത്തു പറഞ്ഞു.

"ചിലവെല്ലാം എല്ലാവരും ഒരുമിച്ചെടുക്കണം. നഷ്ടമായാലും ലാഭമായാലും എല്ലാവരും ഒത്തൊരുമിച്ച്...എന്താ..?” ശശി മാഷ്.

“എന്നാപ്പിന്നെ അങ്ങനെ തന്നെ..”എല്ലാവരും സമ്മതിച്ചു.

അങ്ങനെയാണ് വർഷങ്ങളായി നെൽകൃഷി മാത്രം ചെയ്തിരുന്ന ഞങ്ങളുടെ കൃഷിസ്ഥലങ്ങൾക്ക് ഉൾപ്പുളകമേകിക്കൊണ്ട് ഒരു വ്യത്യസ്ത കൃഷി ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലായതു കൊണ്ട് അഞ്ചാറ് കൃഷിക്കാരുടെ സ്ഥലങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. എല്ലാവരും ചെറുകിട കൃഷിക്കാരായിരുന്നു. എല്ലാം കൂടി രണ്ടേക്കറോളം സ്ഥലത്ത് വാഴകൃഷി തുടങ്ങി.

വെള്ളത്തിന് തൊട്ടടുത്തുകൂടി ഒഴുകുന്ന ഇറിഗേഷൻ കനാലിൽ നിന്നും ആവശ്യത്തിന് എടുക്കാൻ കഴിയുമായിരുന്നു. ഒരേ കൃഷി രീതി കൊണ്ട് മടുത്തു തുടങ്ങിയിരുന്ന മണ്ണിന് പുതിയ കൃഷി ഉന്മേഷമേകി. വാഴകൾ എല്ലാം തഴച്ചു വളർന്നു. വേണ്ടസമയത്ത് വളമിടാനും വെള്ളം തിരിച്ചു വിടാനും മറ്റും ഞങ്ങൾ സദാ സമയം വാഴത്തോട്ടത്തിൽ ഉണ്ടായിരുന്നു.

സമയം കടന്നു പോകവെ ഓരോന്നായി കുലച്ചു തുടങ്ങി. അതോടൊപ്പം ഓരോന്നിനും താങ്ങു കൊടുക്കാനായി മുളയും അടക്കാമരവും മറ്റും കൊണ്ട് താങ്ങു കൊടുത്തു. മാത്രമല്ല കാറ്റത്ത് ഉലയാതിരിക്കാൻ വാഴകൾ തമ്മിൽ പരസ്പരം കയറു കൊണ്ട് ബന്ധിപ്പിച്ച് കെട്ടുകയും ചെയ്തു. കുലകൾ എല്ലാം പുറത്തു വന്നതോടെ കർഷകരുടെ മുഖം പ്രകാശമാനമായി.

എല്ലാം നല്ല വലുപ്പമുള്ള കുലകൾ. ഓണത്തിനു മുൻപായിത്തന്നെ വെട്ടാൻ പാകമാകും. അതോടൊപ്പം ഈ കുലകളെല്ലാം ഓണം വരെ ഇങ്ങനെ നിൽക്കുമൊ...?

ഏതെങ്കിലും കള്ളന്മാർ..?

ഇവിടെങ്ങും അടുത്ത് ആളുകൾ താമസിക്കുന്നുമില്ല.അതിനെന്താണൊരു വഴി..?

കാവൽ അത്യാവശ്യമാണ്.

ആരു കാവൽ നിൽക്കും...?

അത് പിന്നെ പറയേണ്ടല്ലൊ...ഞങ്ങളുടെ തലയിൽ തന്നെ വന്നു പെട്ടു. ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ജോലിയൊന്നുമില്ലാതെ വായനശാലയും മറ്റു പരിപാടികളുമായി തേരാപാരാ നടക്കുകയായിരുന്നു. ലീഡറായി ശശിമാഷും കൂടെയുള്ളപ്പോൾ പിന്നെന്തിനു മടിക്കണം.

അങ്ങനെ ഞങ്ങൾക്കു ഇരിക്കാനും കിടക്കാനും പാകത്തിൽ അടക്കാമരം ഊപയോഗിച്ച് ഒരു സ്‌റ്റേജ് ഉണ്ടാക്കി. അതിനു മുകളിലാണ് മഞ്ഞും വെയിലും കൊള്ളാതിരിക്കാൻ ഓലകൊണ്ട് മേഞ്ഞത്. കിഴക്കോട്ട് ദർശനം കിട്ടത്തക്കവിധത്തിലാണ് നിർമ്മിതി.


വൈകുന്നേരമായാൽ ഊണെല്ലാം കഴിഞ്ഞ് ഞങ്ങൾ ഈ മാടത്തിൽ കൂടും. വെളിച്ചത്തിനായി ഒരു പെട്രോമാക്സും രണ്ടു അരിക്കലാമ്പും ഒരു ടോർച്ചും.

സിനിമ മാറുന്ന ദിവസങ്ങളിൽ സെക്കന്റ് ഷൊ കാണാൻ ഞങ്ങൾ മുങ്ങും.(ഞങ്ങളുടെ ഈ കാവൽ ദൌത്യത്തിനു പിന്നിലെ രഹസ്യവും അതായിരുന്നു.) ഞങ്ങളുടെ ഗ്രാമത്തിനു ചുറ്റും മൂന്ന് തീയറ്ററുകൾ ഉണ്ട്. ഒറ്റ തീയറ്ററിലും മാറുന്ന പടങ്ങൾ വിടാറില്ല. കാവൽ മാടത്തിൽ കാവൽ കിടക്കുന്നതു കൊണ്ട് കാർന്നോന്മാരുടെ യാതൊരു ശല്യവും ഉണ്ടായിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് വരുമ്പോഴേക്കും പാതിര കഴിഞ്ഞിരിക്കും. അതു കഴിഞ്ഞെ കള്ളന്മാരും കക്കാനായി ഇറങ്ങിയിരുന്നുള്ളു.

സിനിമയില്ലാത്ത ദിവസങ്ങളിൽ കുടവും പിച്ചളപ്പാത്രങ്ങളും മറ്റും കയ്യിലേന്തി ഞങ്ങളുടെ വക കലാപരിപാടികളായിരിക്കും. ‘നെല്ല്’ എന്ന സിനിമയിലെ പാട്ടുകളാണ് അധികവും പാടിയിരുന്നത്. ‘ഹോയ്നാ...ഹോയ്...‘

‘കാവലംചുണ്ടനിലെ‘ വഞ്ചിപ്പാട്ടും ആവേശം ജനിപ്പിക്കുന്നതായിരുന്നു. കൂട്ടത്തിൽ നാട്ടിൽ കിട്ടുന്ന ‘പട്ട‘യും ചിലപ്പോഴൊക്കെ മിലിട്ടറി കോട്ടയായ ‘റമ്മും‘ മറ്റും ഞങ്ങളുടെ സിരകളെ ഉത്തേജിപ്പിച്ചിരുന്നു. നേരം രണ്ടു മണിയോടടുത്ത് ഉറങ്ങാ‍നായി, ഇരുന്നിടത്ത് തന്നെ തോന്നിയ പോലെ കിടക്കും. നേരം വെളുക്കുന്നതു വരെ ബോധം കെട്ടുറങ്ങും.

നേരത്ത് കായക്കൊലയല്ല, ഞങ്ങളെ തന്നെ പൊക്കിക്കൊണ്ടു പോയാലും അറിയുമായിരുന്നില്ല. അങ്ങനെ സർവ്വ സ്വതന്ത്രമായ ഞങ്ങളുടെ ദിവസങ്ങൾ പാട്ടും കൂത്തും സിനിമാ കാണലും മറ്റുമായി പിന്നെയും കടന്നു പോയി.
ഓണം വന്നടുത്തു.
കായക്കുലകളെല്ലാം വെട്ടാൻ പാകമായി. ഓരോരുത്തർ വന്നു നോക്കിയിട്ട് വില പറയുന്നുണ്ട്. ഞങ്ങൾ അതിൽ കൂടുതൽ കിട്ടണമെന്നു വാശി പിടിക്കും. കച്ചവടം നടക്കാതെ ദിവസങ്ങൾ നീണ്ടു പോയി.

പതിവുപോലെ അന്നും പാട്ടും കൂത്തുമായി കഴിച്ചുകൂട്ടി.

“ഓ തിത്തിത്താരാ തിത്തിത്താരാ തിത്തൈ തിത്തൈതകതോം” ഒക്കെ പാടി അവസനിപ്പിച്ച് രാത്രിയുടെ അന്ത്യയാമത്തിലാണ് ഒന്നുറങ്ങാൻ കിടന്നത്. പെട്രൊമാക്സ് കെടുത്തി. ഒരു അരിക്കലാമ്പ് മാത്രം കത്തിച്ച് തിരി താഴ്ത്തി വച്ച് കിടന്നു. വയറ്റിൽ കിടക്കുന്ന റമ്മിന്റെ പിരിമുറക്കത്തിൽ കിടന്ന ഞങ്ങൾ പിന്നെ അവിടെ നടന്നതൊന്നും അറിഞ്ഞതേയില്ല...?!!

നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. ശശിമാഷ് എന്തൊ ശബ്ദം കേട്ടിട്ടാണ് കണ്ണു തുറന്നത്. കിടന്ന കിടപ്പിൽ തന്നെ ചുറ്റും നോക്കിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടില്ല. വീണ്ടും ഒന്നു തിരിഞ്ഞ് കിടക്കാൻ ശ്രമിക്കുമ്പോഴാണ് കാവൽ മാടത്തിന്റെ തെക്കെ മൂലക്കലെ വാഴ നടുവൊടിഞ്ഞു കിടക്കുന്നത് കണ്ണിൽ പെട്ടത്.

കയ്യെത്തിച്ച് തൂക്കിയിട്ടിരുന്ന അരിക്കലാമ്പിന്റെ തിരി പൊക്കിവച്ച് ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് തലയിലൂടെ ഒരു വെള്ളിടി ഇടിച്ചിറങ്ങിയത്. പെട്ടന്ന് അർബാന്റെ തലക്കൽ നിന്നും ടോർച്ചെടുത്ത് അടിച്ചതും, അതോടൊപ്പം ഒരാർത്ത നാദവും മാഷറിയാതെ പുറത്ത് ചാടി.

ശബ്ദം കേട്ടിട്ടാണ് ഞങ്ങൾ കണ്ണു തുറന്നത്. മാഷ് നോക്കുന്നിടത്തേക്ക് ഞങ്ങളും നോക്കി.”അയ്യൊ” എന്ന് ഞങ്ങളും നിലവിളിച്ചു. അതോടൊപ്പം മുറ്റത്തേക്ക് ചാടിയിറങ്ങി. ഒടിഞ്ഞ് കിടന്ന വാഴയുടെ ‘കുല‘ കാണാനില്ലായിരുന്നു !!.

ആരൊ വാഴയുടെ നടുക്ക് വെട്ടിയിരിക്കുന്നു.

ഞങ്ങൾ ചുറ്റും നോക്കി. വടക്കു വശത്തൊരെണ്ണം അതു പോലെ കുല വെട്ടിയെടുത്തിരിക്കുന്നു...!! പിന്നെയും ഞങ്ങൾ പരതി നടന്നു നോക്കി. കനാൽ ബണ്ടിനോട് ചേർന്ന് നിന്ന ഒരെണ്ണം കൂടി നഷ്ടപ്പെട്ടിരിക്കുന്നു.!!!

ആകെ മൂന്നെണ്ണം വളരെ വിദഗ്ദ്ധമായി ആരൊ അടിച്ചുമാറ്റിയിരിക്കുന്നു. എല്ലാത്തിന്റേയും നടുക്കാണ് വെട്ടേറ്റിരിക്കുന്നത്. ഈ വെളുപ്പാൻ കാലത്തെ ഇതാര് അടിച്ചുമാറ്റി..?

ഒരൂഹവും കിട്ടിയില്ല. ഞങ്ങൾ മൂന്നാലു പേരുണ്ടായിട്ടും ഇതെങ്ങനെ കള്ളന്മാർ വെട്ടിയെടുത്തു..?. വെട്ടിയ ഒച്ച പോലും കേൾപ്പിക്കാതെ എത്ര വിദഗ്ദ്ധമായാണ് അവർ കാര്യം സാധിച്ചത്..?

“നല്ല മൂർച്ചയുള്ള അരിവാളാണെങ്കിൽ വെട്ടേണ്ട ആവശ്യമില്ല. ആഴത്തിൽ ഒന്നു വരഞ്ഞാൽ മതി. വാഴ തല താഴ്ത്തിക്കൊടുക്കും, കുല വെട്ടിയെടുക്കാൻ പാകത്തിൽ. എന്നാലൊട്ടു താഴെ വീഴുകയുമില്ല ശബ്ദമുണ്ടാകുകയുമില്ല.“ അർബാൻ എന്നു വിളിക്കുന്ന അരവിന്ദൻ ആസ്തമ കാരണം ശ്വാസം മുട്ടുന്നതിനിടക്ക് നെഞ്ചും തടവിക്കൊണ്ട് പറഞ്ഞത് ഞങ്ങളിൽ ചിരിയുണർത്തി.

നടന്ന സംഭവങ്ങൾ ഞങ്ങളിൽ വല്ലാത്ത കുറ്റബോധമുണ്ടാക്കി. അതിനിടക്കു ഞാനും രാജുവും രവിയും കൂടി കുടിൽ‌പ്പടിയിലും വള്ളനാറെ കലുങ്കിനടുത്തും പോയി നോക്കി. ആരെങ്കിലും വാഴക്കുലയുമായി പോകുന്നുണ്ടോന്നറിയാൻ. എങ്ങും ആരെയും കണ്ടില്ല.

കാവൽമാടത്തിലിരുന്ന് ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കെ കനാൽ ബണ്ടിൽ കൂടി ടോർച്ചും തെളിച്ച് ഒരാൾ വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ മാടത്തിനു അടുത്തു വന്നതും അദ്ദേഹം നിന്നു. അപ്പോഴാണ് ഞങ്ങളുടെ അമ്പലത്തിലെ ശാന്തിക്കാരൻ ഡോക്റ്ററാണെന്നു മനസ്സിലായത്. അദ്ദേഹം ഒരു ഹോമിയൊ ഡോക്റ്റർ കൂടിയാണ്.

പതിവിനു വിരുദ്ധമായി കാവൽ മാടത്തിൽ വെളിച്ചവും ആളനക്കവും മറ്റും കണ്ടതു കൊണ്ടാണ് നിന്നത്. അപ്പോഴേക്കും ഞങ്ങളെല്ലാവരും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. നടന്ന സംഭവങ്ങൾ പറഞ്ഞു. ഡോക്റ്റർ കാവൽ മാടത്തിന്റെ മുറ്റത്ത് വന്ന് വെട്ടിയ വാഴയെല്ലാം കണ്ടു.

“എന്നാലും ഇതൊരു അതിശയമായിപോയല്ലൊ...ഈ വെളിപ്പിനിതു കൊണ്ടു പോയപ്പൊ അത് പുറത്ത് നിന്നുള്ളവർ ആവില്ല. ഇവിടെ അടുത്തുള്ളവർ തന്നെയാകും.”

ഇവിടെ അടുത്തുള്ളവർ ....എന്നു പറഞ്ഞാൽ ആരാ..പ്പൊ അതിനു പറ്റിയത്...?‘ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ഒരു പിടുത്തവും കിട്ടിയില്ല.

അപ്പൊഴേക്കും “കോവാട്ട് ഭഗവതി ക്ഷേത്ര ‘ത്തിൽ നിന്നും കാലത്തെയുള്ള പാട്ടു കേട്ടു. അവിടത്തെ

ശാന്തിക്കാരനാണ് ഡോക്റ്റർ ലക്ഷ്മണൻ. അദ്ദേഹം പറഞ്ഞു

“ഞാൻ പോട്ടെ നേരായി. നിങ്ങളൊരു കാര്യം ചെയ്യ്... പ്രഭാത പൂജ കഴിഞ്ഞ് നട തുറന്നതിനു ശേഷം നിങ്ങളെല്ലാവരും അമ്പലത്തിലേക്കു വരു. വരുമ്പോൾ ഈ വാഴയുടെ കുറച്ചു ഇലയും പട്ടയും എടുത്തോണ്ടു പോരെ.. നമുക്കൊന്നു ‘മൂടിച്ചു‘ കളയാം.”

“ മൂടിക്കെ...?” ഞങ്ങൾ അത്ഭുതം കൂറി.

“ങാ..അങ്ങനെ ചില ക്രിയകളൊക്കെയുണ്ട്..നിങ്ങൾ കുളിച്ചിട്ട് അമ്പലത്തിലേക്ക് വാ...” ഡോക്റ്റർ നടന്നു.

ഞങ്ങൾ വാസു നായരുടെ കടയിൽ പോയി ഓരൊ ചായയും കുടിച്ചിട്ട് ഡോക്ടർ പറഞ്ഞതു പോലെ അമ്പലത്തിലേക്ക് നടന്നു. അമ്പലക്കടവിൽ പോയി കൂളിച്ച് ഈറനോടെ അമ്പല നടയിൽ നട തുറക്കുന്നതും കാത്ത് നിന്നു. നട തുറന്ന് പ്രാർത്ഥിച്ചിട്ട് പ്രസാദവും വാങ്ങി മാറി നിന്നു. ഡോക്റ്റർക്ക് കുറച്ചു പൂജകൾകൂടി ചെയ്യാനുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ കൊണ്ടു വന്ന വാഴയുടെ ഭാഗങ്ങൾ വാങ്ങി അകത്തേക്ക് കയറിപ്പോയി.

വാതിൽ അടഞ്ഞു. അകത്ത് എന്തൊക്കെയൊ മന്ത്രം ചൊല്ലലിന്റേയും മണിയടിയുടെയും ഒച്ചകൾ കേൾക്കാമായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് ഡോക്റ്റർ പുറത്തു വന്നു. കുറച്ചു അരിയും പൂവും മറ്റും ഞങ്ങളെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു

“ ഇതു കൊണ്ടോയി നിങ്ങളുടെ വാഴത്തോട്ടത്തിന്റെ നാലരികിലും കുഴിച്ചിട്. വാഴക്കുല അടിച്ചു മാറ്റിയവൻ എന്തു ചെയ്യുമെന്ന് നമുക്കു നോക്കാം...”
ഞങ്ങൾ അതും വാങ്ങി തിരിഞ്ഞ് നടന്നതും ഡോക്റ്റർ വിളിച്ചു

“പിന്നേയ്...പോണവഴി ഈ വിവരം വഴിയിൽ കാണുന്നവരോടോക്കെ പറഞ്ഞു പരത്തിക്കൊ. ഗ്രാമം മുഴുവനറിയട്ടെ...” ഡോക്റ്റർ പറഞ്ഞതു പോലെ തന്നെ എല്ലാം ചെയ്തു.

അന്നു മുതൽ ഞങ്ങൾ ശരിക്കുള്ള കാവൽ ആരംഭിച്ചു. രാത്രിയിൽ ഉറക്കം ഈരണ്ടു പേർ വീതം പങ്കു വച്ചു. ബാക്കിയുള്ളവർ ടോർച്ചുമായി കാവൽ മാടത്തിനു ചുറ്റും ഉലാത്തിക്കൊണ്ടിരിക്കും.

ദിവസം ഒന്നും രണ്ടും കഴിഞ്ഞു.

പിന്നെ കളവൊന്നും നടന്നില്ല.

കള്ളനെ ഇതുവരെയും കിട്ടിയില്ല.

കൊണ്ടുപോയ വാഴക്കുലകളെക്കുറിച്ചും ഒരു വിവരവുമില്ല.
മൂന്നാം ദിവസവും പിറന്നു. ഒരു വിവരവുമില്ലാത്തതിനാൽ ഞങ്ങളാകെ നിരാശരായി.


നാലാം ദിവസവും രണ്ടു മണി കഴിഞ്ഞിട്ടാണ് ഞങ്ങൾ കിടന്നത്. നേരിയ മയക്കത്തിൽ കോഴി കൂവുന്ന ഒച്ച കേട്ടു. നേരം വെളുക്കാറായിട്ടുണ്ടാകും. ഇനി കള്ളന്മാർ വരികയില്ലന്നുള്ള ധാരണയിൽ എല്ലാവരും നല്ല ഉറക്കത്തിലേക്കു വീണു.

ശശി മാഷാണ് ആദ്യം കണ്ണു തുറന്നത്. മാഷിന് സ്കൂളിൽ പോകാനുള്ളതാണ്. മുറ്റത്തിറങ്ങി ഒന്നു മൂത്രമൊഴിച്ച് തിരിച്ചു വന്നിരിക്കുമ്പോഴാണ് തെക്കു വശത്തെ കള്ളൻ കൊണ്ടു പോയ ഒടിഞ്ഞു തൂങ്ങിയ വാഴക്കടക്കൽ കണ്ണൂ പതിഞ്ഞതും ഞെട്ടിപ്പോയി...!!
”ദേ ഒരു കുല..” മാഷുടെ ഉറക്കെയുള്ള ശബ്ദം കേട്ടതും മറ്റുള്ളവരും കണ്ണു തുറന്നു. വീണ്ടും കള്ളൻ കൊണ്ടു പോയൊയെന്ന ധാരണയിൽ ചാടിയെഴുന്നേറ്റ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ശശിമാഷ് തെക്കേ മൂലയിലേക്ക് ഓടുന്നതാണ്.

ചാടിയിറങ്ങി ഉറക്കച്ചടവോടെ ഞങ്ങളും പിന്നാലെ വിട്ടു. വാഴക്കടക്കൽ കള്ളൻ വെട്ടിക്കൊണ്ടു പോയ വാഴക്കുല തിരികെ കൊണ്ടുവന്നു ചാരി വച്ചിരിക്കുന്നു....!!!

ഞങ്ങളുടെ കണ്ണു തള്ളിപ്പോയി...!!!
അപ്പൊഴേക്കും രാജുവും അർബാനും മറ്റുള്ള രണ്ടു വാഴക്കടക്കലും ചെന്നു നോക്കി.

അവിടേയും അതേ പടി കുലകൾ ചാരി വച്ചിരിക്കുന്നു..!!!!

കുലകളെല്ലാം വലിയ നല്ല തുടമുള്ളതായിരുന്നു. കാർന്നോമ്മാരുടെ നിർദ്ദേശപ്രകാരം ഉണങ്ങിയ വാഴയിലത്തണ്ടു കൊണ്ട് പുറമെ ആരും കണ്ട് ‘കണ്ണു കെട്ടാതിരിക്കാൻ‘ മുൻപെ തന്നെ പൊതിഞ്ഞു കെട്ടി വച്ചിരുന്നതാണ്. ആ പൊതിയൽ പോലും മാറ്റിയിട്ടില്ലായിരുന്നു കുല അടിച്ചു മാറ്റിയ കള്ളന്മാർ.

‘എന്നാലും ഇതാരടാ..‘ എന്ന ചോദ്യത്തിന് ഒരു മറുപടിയും കിട്ടിയില്ല.ഞങ്ങൾ കുലകളെല്ലാം എടുത്തു കൊണ്ടു വന്ന് കാവൽ മാടത്തിൽ പ്രദർശനത്തിനു വച്ചു. കനാൽ ബണ്ടിൽ കൂടി പോകുന്നവർ വിവരമറിഞ്ഞെത്തി. എല്ലാവർക്കും അത്ഭുതമാണ്.

കുല എങ്ങനെ ഇവിടെയെത്തി..?

അപ്പൊഴേക്കും ഡോക്റ്ററുമെത്തി.
“ദേ..കണ്ടൊ...അപ്പൊ ‘അമ്മ‘യെ പേടിയുള്ളവരാണ് ഇതെടുത്തത്. അതു കൊണ്ടല്ലെ ഒരു പോറലു പോലു മില്ലാതെ തിരികെ കൊണ്ടു വന്നു വച്ചത്..” ഡോക്റ്ററുടെ ആ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.

“ശരിയാ....കോവാട്ടമ്മയുടെ അടുത്ത് കളി വേണ്ടാ...”അർബാനും അതു ശരി വച്ചു.
ഞങ്ങൾ ആ കുലകളെല്ലാം എടുത്ത് ഡോക്റ്ററുടെ പിന്നാലെ നടന്നു.

“ഇതെവിടേക്കാ..?” കാണാൻ വന്നവരിൽ ഒരാൾ ചോദിച്ചു.

“ഇതിന്റെ ഉടമാവകാശം ഇനി കോവാട്ടമ്മക്കാ...”

ഞങ്ങൾ ആ മൂന്നു കുലകളും കൊണ്ടു വന്ന് നടക്കൽ വച്ചു തൊഴുതു........

24 comments:

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ.
എന്നാലും ശാന്തിക്കാരന്‍ ഡോക്ടറുടെ പ്രയോഗം കൊള്ളാം.

തുടരട്ടെ...

കുഞ്ഞന്‍ said...

പഴയകാലത്ത് ഇത്തരം പേടിപ്പിക്കലൊക്കെ നടക്കും മാഷെ, ഇന്നാണെങ്കില്‍ ഏത് അമ്പലത്തില്‍ പറഞ്ഞാലും നൊ രക്ഷ. അക്കാലത്ത് പോലീസിനേക്കാള്‍ കൂടുതല്‍ കള്‍ലവ് തെളിയിച്ചിരുന്നത് അമ്പലങ്ങളായിരുന്നു.

എന്നാലും എനിക്കൊരു ശങ്കയില്ലാതെയില്ല നിങ്ങളുടെ കൂട്ടത്തിലെ ആരെങ്കിലുമായിരിക്കില്ലെ ഈ മോഷണം നടത്തിയതെന്ന്. കാരണം നിങ്ങളാണല്ലൊ കഥാപാത്രങ്ങള്‍..!

ഈ പോസ്റ്റും രസകരമായി മാഷെ

Ashly said...

നന്നായിരിക്കുന്നു !!!

ചാണക്യന്‍ said...

രസകരമായ പോസ്റ്റ്....ഇത്തിരി നീളം കൂടുതലാണെങ്കിലും വായിച്ച് മുഷിയില്ല...ആശംസകള്‍...

താരകൻ said...

വായിച്ചുപോകാൻ രസമുണ്ട്.കുലകൾ കോവാട്ടമ്മക്ക് സമർപ്പിച്ചത് നന്നായി...

വരവൂരാൻ said...

നല്ല വിവരണം... കുറെ ഓർമ്മകൾ തന്നു ..രസകരമായി അവതരിപ്പിച്ചിരിക്കുന്നു.. ആശംസകൾ

Typist | എഴുത്തുകാരി said...

പാവം ആ കള്ളന്മാര്‍ അതവിടെ കൊണ്ടുവക്കാന്‍ 3 ദിവസവും നടന്നിട്ടുണ്ടാകും. നിങ്ങളൊന്നുറങ്ങിയിട്ടുവേണ്ടേ?‍ കുഞ്ഞന്‍ മാഷ് പറഞ്ഞ സംശയം എനിക്കും ഇല്ലാതില്ല.

വയനാടന്‍ said...

രസകരമായിരിക്കുന്നു

raadha said...

കൊള്ളാമല്ലോ സംഭവം..ചുമ്മാതല്ല ഗ്രാമത്തിലെ ആളുകള്‍ നല്ലവര്‍ ആയിത്തീരുന്നത്...

Sabu Kottotty said...

നന്നായിട്ടുണ്ട് മാഷേ...
ശാന്തിക്കാരന്‍ ഡോക്ടറെ ഇഷ്ടപ്പെട്ടു...

വീകെ said...

ശ്രീ,
ഭക്തിയും യുക്തിയും ചേർന്നാലെ ചില കാര്യങ്ങൾ നല്ല രീതിയിൽ നടക്കു.അതിന്റെ ഒരു ശ്രമമാണ് ഡോക്ടർ നടത്തിയത്.

വന്നതിന് നന്ദി.
--------------------------------
കുഞ്ഞേട്ടാ,
പണ്ടൊക്കെ ക്ഷേത്രങ്ങളെ സാധാരണ ജനങ്ങൾ വെറും ഭക്തിയോടെ മാത്രമല്ല അതിലേറെ ഭയത്തോടെയാണ് കണ്ടിരുന്നത്. ഇന്ന് അത്തരം ഭയം ആർക്കുമുണ്ടെന്ന് തോന്നുന്നില്ല.

വന്നതിന് നന്ദി.
--------------------------------
ക്യാപ്റ്റൻ ഹഡൊക്ക്,
വന്നതിനു നന്ദി.
-------------------------------
ചാണക്യൻ,
നീളം കുറക്കാൻ ശ്രമിക്കാം.
വന്നതിനു നന്ദി.
--------------------------------
താരകൻ,
വന്നതിനു നന്ദി.
--------------------------------
വരവൂരാൻ,
വന്നതിനു നന്ദി.
--------------------------------
എഴുത്തുകാരിച്ചേച്ചി,
ചേച്ചിയുടെ സംശയം ശരിയായിരിക്കാം.പക്ഷെ കുല തിരിച്ചു കൊണ്ടു വന്നു വെക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലല്ലൊ.

പിന്നെ ഞങ്ങളുടെ വാഴക്കുലകൾ ഞങ്ങൾ തന്നെ അടിച്ചു മാറ്റേണ്ട കാര്യമില്ലല്ലൊ.

വന്നതിന് നന്ദി.
-------------------------------
ഗൌരി,
വന്നതിനു നന്ദി.
-------------------------------
വയനാടൻ,
വന്നതിനു നന്ദി.
-------------------------------
രാധേച്ചി,
ഗ്രാമീണർ നിഷ്ക്കളങ്കരാണ്.ദൈവത്തെ പേടിക്കുന്നവർ.
പുറം ലോകത്ത് എത്തുമ്പോഴാണ് കപടതകൾ അവരെത്തേടി എത്തുന്നത്.

വന്നതിനു നന്ദി.
--------------------------------
കൊട്ടോട്ടിക്കാരൻ,
വന്നതിനു നന്ദി.
--------------------------------

Nilaavelicham said...

Ah! kollam! Nalla vidya thanne!

Faizal Kondotty said...

വിവരണം രസകരമായി !

രാജന്‍ വെങ്ങര said...

വളച്ചുകെട്ടലും,വെച്ചുകെട്ടലും ഇല്ലാതെ, മധുരതരമായ ചില ഓര്‍മകള്‍ മുഷിവു വരാത്തവിധം നന്നായി ചിത്രീകരിച്ചിരിക്കുന്നു.
നല്ല എഴുത്തു...

സൂത്രന്‍..!! said...

നന്നായിരിക്കുന്നു..എല്ലാ ആശംസകളും...

സൂത്രന്‍..!! said...
This comment has been removed by the author.
ramanika said...

its great!

വീകെ said...

നിലാവെളിച്ചം,
ഫൈസൽ കൊണ്ടോട്ടി,
രാജൻ വെങ്ങര,
സൂത്രൻ,
രമണിക,
ഇതിലെ കടന്നു പോയതിനും അഭിപ്രായങ്ങൾ പങ്കുവച്ചതിനും എന്റെ സ്‌നേഹം അറിയിക്കട്ടെ.

അഭിപ്രായം പറയാതെ വെറുതെ വായിച്ചു കടന്നു പോയ എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദിയും സ്‌നേഹവും അറിയിക്കാൻ അതിയായ സന്തോഷമുണ്ട്.

Sureshkumar Punjhayil said...

A Dr. nte adress onnu vene.. enikkum chila avashyangalundu...!

Manoharamayirikkunnu... Ashamsakal...!!!!

വീകെ said...

ഡോക്റ്റർ, അർബാൻ എന്ന അരവിന്ദനും ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് കാലമേറെയായി..

വന്നതിനും അഭിപ്രായത്തിനും വളരെ നന്ദിയുണ്ട്.

മാണിക്യം said...

ആല്‍ത്തറയില്‍ കണ്ടു .[നന്ദി]
ആരാന്നു നോക്കാന്‍ വന്നതാ .....
ശുദ്ധരായാ ഗ്രാമീണന്റെ മുഖം തെളിയുന്നു ...
കട്ടാലും ദേവീ കോപം അവര്‍ക്കും പേടി തന്നാ..
നല്ല സ്റ്റൈലന്‍ എഴുത്ത്!!

Umesh Pilicode said...

:-)

lekshmi. lachu said...

kollam tou...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഡോക്റ്റർക്കു ജീവിക്കാനറിയാമായിരുന്നു അല്ലെ മിടുക്കൻ
:)