Monday 17 November 2008

പാവം പ്രവാസി - 3

വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ പതിവുള്ള നടത്തത്തിനിറങ്ങിയതായിരുന്നു.
വഴിയിൽ വച്ചാണ് അയാളെ കണ്ടത്. കുശലപ്രശ്നങ്ങൾക്കൊടുവിൽ അയാൾ ചോദിച്ചു
‘ചിട്ടിയിൽ ചേരുന്നോ ”

“അങ്ങിനെയൊന്നിനെക്കുറിച്ച് ഞാനും ആലോചിച്ചുകൊണ്ടിരിക്കയായിരുന്നു” ഞാൻ പറഞ്ഞു. പിന്നെ തന്റെ ചിട്ടിയെക്കുറിച്ചും,ഇതിനു മുൻപു നടത്തിയിട്ടുള്ള ചിട്ടിയെക്കുറിച്ചും,വർഷങ്ങളായി വിശ്വാസം നേടിയിട്ടുള്ള ചിട്ടിക്കാരനാണെന്നും മറ്റും വാ തോരാതെ സംസാരിച്ചു.
എന്നെ ചിട്ടിയിൽ ചേർത്തെ അടങ്ങുയെന്ന് വാശിയിലാണ് ഇഷ്ടൻ.
”പക്ഷെ, നൂറു ദിനാർ വച്ചു പതിനഞ്ച് മാസം ... അതിത്തിരി കട്ടിയാ..” ഞാൻ സംശയം പറഞ്ഞു. ‘എന്തായാലും നാളെ പറയാം ഞാൻ വീണ്ടും നടക്കാൻ തുടങ്ങി.പിറ്റെ ദിവസം അയാൾ എന്നെത്തേടി വന്നു.
“നാട്ടിൽ ഇത്തിരി കടമുണ്ട്,ബാങ്കിൽ മുടങ്ങാതെ കാശടക്കണം.അതുകൊണ്ട് തൽക്കാലം ഒരു ചിട്ടി ബുദ്ധിമുട്ടാണ്. ഇനി അടുത്ത ചിട്ടിക്കു നോക്കാം.”

ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി. പക്ഷെ അയാൾ എന്നെ വിടാൻ ഭാവമില്ലായിരുന്നു. എന്നെ ഒന്നു പൊക്കി നിറുത്താൻ ഒരു ശ്രമം നടത്തി.

”ചേട്ടനെപ്പോലെ ഉള്ളവരെ മാത്രമെ ഞാൻ ചിട്ടിയിൽ ചേർക്കാറുള്ളു!! വളരെ സെലക്ടഡായിട്ടൂള്ള ആളുകളെ ഉള്ളു. അതുകൊണ്ട് ചെട്ടൻ ചേരാതിരിക്കരുത്.”
എനിക്കു ചിരിയാണു വന്നത്. ഇവൻ എന്നെയും കൊണ്ടെ പോകൂയെന്നു തോന്നി. പിന്നെയും എന്നിൽ നിന്നും നല്ല മറുപടി കിട്ടാത്തതു കൊണ്ട് അടവൊന്നു മാറ്റിനോക്കി.

”ചേട്ടാ, ഒരു മുഴുനറുക്കിന് ബുദ്ധിമുട്ടാണെങ്കിൽ....അര നറുക്കെങ്കിലും ചേരണം..ഇത് പറ്റില്ലാന്നു പറയരുത്...”
എന്നും പറഞ്ഞയാൾ എന്നെ കെട്ടിപ്പിടിച്ച് ഒരുപാടു സ് നേഹപ്രകടനം. സത്യം പറയാമല്ലൊ, ഞാനതിൽ വീണുപ്പൊയി. അങ്ങനെയെങ്കിൽ ഞാനും ഒരു അര നറുക്കിനു ചേരാമെന്നു വാക്കു കൊടുത്തു. എന്നു പറഞ്ഞാൽ സത്യമാവില്ല, എന്നിൽ നിന്നും അങ്ങിനെ ഒരു ഉറപ്പു വാങ്ങിയിട്ടെ അയാൾ പോയുള്ളു.വെള്ളിയാഴ്ചകൾ രണ്ടുമൂന്ന് കടന്നു പോയിട്ടും, ചിട്ടിക്കാരൻ എന്നെത്തേടി വന്നില്ല. എന്റെ അര നറുക്കിനു പകരം ചിലപ്പോൾ മുഴു നറുക്കുകാരനെത്തന്നെ കിട്ടിയിട്ടുണ്ടാവും. ഞാനക്കാര്യം മറക്കുകയും ചെയ്തു. ദിവസങ്ങൾ പിന്നെയും കടന്നുപോയി. ഒരു ദിവസം എന്റെ ജോലിസ്ഥലത്തേക്ക് ഒരു സുഹൃത്ത് കടന്നുവന്നു.

”എന്താ‍..ദേവരാജ്..,ഇപ്പോൾ ഈ വഴിയൊന്നും കാണാനില്ലല്ലൊ...? ” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇപ്പോൾ ഭയങ്കര ചൂടല്ലെ, സൈറ്റിലെ പണി കഴിഞ്ഞു വന്നാൽ‌പ്പിന്നെ എങ്ങും ഇറങ്ങാൻ തോന്നില്ല.അതുകൊണ്ട് മുറിയിൽത്തന്നെ കഴിച്ചുകൂട്ടും.”കെട്ടിട നിർമ്മാണസ്ഥലത്തെ പൊരിയണ വെയിലുകൊണ്ടു കരിവാളിച്ച മുഖവുമായി ദേവരാജ് പറഞ്ഞു. ഒരു നിമിഷം അയാൾ നാട്ടിൽനിന്നും വന്ന സമയത്തെ രൂപം ഞാനൊന്നോർത്തുപോയി. നല്ല വെളുത്ത പയ്യനായിരുന്നു.കവിളിൽ ചിരിക്കുമ്പോൾ വിരിയുന്ന നല്ലൊരു നുണക്കുഴിയും. ഞാൻ പറയുമായിരുന്നു
“താനിങ്ങനെ ചിരിക്കല്ലടൊ,തന്റെ നുണക്കുഴി കാണുമ്പോൾ വല്ലാത്ത അസൂയ തോന്നുന്നു.” അപ്പോളയാൾ ഒന്നു കൂടിച്ചിരിക്കും.അയാൾക്ക് ഒരു സഹോദരിയുണ്ട്.പിന്നെ അമ്മയും.അച്ചനില്ല.സഹോദരിയെ കെട്ടിച്ചയക്കാനായി പണമുണ്ടാക്കാനാ ഇവിടെ വന്നത്.എന്റെ ഓർമ്മകൾക്കു വിരാമമിട്ടുക്കോണ്ട് ദേവരാജ് ചോദിച്ചു “ചേട്ടൻ ചിട്ടിയിൽ ചേർന്നില്ലായിരുന്നൊ..?
“ഇല്ല, ഒരുപാടു നിർബന്തിച്ചു.”

“ചേട്ടനൊക്കെ ഉണ്ടെന്നു പറഞ്ഞിട്ടാ...എന്നെ ചേർത്തത്. ഛെ...ഇവിടെ വന്നു ചോദിച്ചിട്ട് ചേർന്നാ..മതിയായിരുന്നു.”

“സാരമില്ലടൊ, എനിക്കു ബാങ്ക് ലോൺ അടക്കണം,പിന്നെ രണ്ടുമാസത്തെ അവധിക്കു നാട്ടിൽ പോണം. ഇതിനീടക്കു ചിട്ടികൂടി നടത്താൻ പറ്റില്ല...അതാ...”
“ചിട്ടിക്കാരൻ കഴപ്പക്കാരനൊന്നുമല്ലല്ലൊ..?”“അറിഞ്ഞിടത്തോളം നല്ലവനായിട്ടാ എല്ലാവരും പറയുന്നത്.”

“അല്ല,ഞാനൊന്നു ചോദിക്കട്ടെ...തനിക്കു ഓവർടൈം കൂടി ചേർത്താലെ...നൂറു ദിനാർ കഷ്ടി കിട്ടുള്ളു...പിന്നെങ്ങനെ ചിട്ടിയിൽ ചേരും...? ഇവിടത്തെ ചിലവ്..,പിന്നെ നാട്ടിലയക്കണ്ടെ..?”
“ഇന്നാള് അമ്മയുടെ കത്തുണ്ടായിരുന്നു..പെങ്ങൾക്ക് ആലോചനകൾ ഓരോന്നു വരുന്നു. ഇതു ചേർന്നാൽ എപ്പൊഴായാലും വിളിച്ചെടുക്കാമല്ലൊ..പിന്നെ ചിലവിന്റെ കാര്യം,കുറച്ചു കാറുകൾ കഴുകാൻ കിട്ടിയിട്ടുണ്ട്...അതുകൂടാതെ...ഇപ്പോൾ പുതിയ ഒരു ജോലികൂടിയുണ്ട്...?”“അതെന്തു ജോലിയാ...?”
“പെപ്സിപ്പാട്ട പെറുക്കി വിൽക്കുക..”

“അതിനു നാണിക്കേണ്ട കാര്യമൊന്നുമില്ലടൊ. ദേ...നോക്ക്,വൈകുന്നേരമാകുമ്പോൾ കാണാം സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്ന, അതും ഒരു പോലീസുകാരൻ...!! ഒരു ചാക്കുമായി ഇറങ്ങും...പെപ്സിപ്പാട്ട പെറുക്കാൻ...!!!.അവനെക്കാൾ വലിയവനാ നി.?!
നാലു കാശുണ്ടാക്കാൻ കക്കാനോ,പിടിച്ചുപറിക്കാനൊ ഒന്നും പൊയില്ല്ലല്ലൊ.


4 comments:

കുഞ്ഞന്‍ said...

വീക്കെ ഭായി..

ഗള്‍ഫ് പ്രവാസ ജീവിതത്തിന്റെ മുഖങ്ങള്‍..!

ഗള്‍ഫിലെ തീനാളം കണ്ട് ഓടിയടക്കുന്ന ഈയ്യാം പാറ്റകള്‍..ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ കാശ് വാരി ചാക്കില്‍ കെട്ടിക്കൊണ്ടുപോകാമെന്നും കരുതിവരുന്നവര്‍, നാട്ടില്‍ കിട്ടിയ വേതനത്തേക്കാളും കുറവില്‍ കഠിനമായ ജോലിയില്‍ ഏര്‍പ്പെടേണ്ടി വരുന്നവര്‍....

പണയം വച്ചും, വായ്പയെടുത്തും ഗള്‍ഫില്‍ വരുന്നവര്‍, പോസ്റ്റില്‍ പറഞ്ഞതുമാതിരി കാറുകഴുകിയും പാട്ട പെറുക്കിയും മറ്റും ഉണ്ടാക്കുന്ന കാശ് ഏതെങ്കിലും ചിട്ടിയില്‍ നിക്ഷേപിക്കുന്നു. എന്നിട്ടൊ ഒരു ദിവസം കേള്‍ക്കുന്നു ചിറ്റാളന്‍ ചിട്ടിയും വട്ടിയുമായി മുങ്ങി അല്ലെങ്കില്‍ ചിട്ടി തകര്‍ന്നു എന്ന വര്‍ത്ത. പിന്നീട് അവന്റെ വഴി ആത്മഹത്യ..!

എന്തായാലും ആ ദേവരാജന്‍ അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു. സ്വന്തം വീടിനെ മറന്നില്ലല്ലൊ..!

ബീരാന്‍ കുട്ടി said...

വീകെ,
പല സംത്യങ്ങളും വിളിച്ച് പറയാൻ വെമ്പുന്ന ആ മനസ്സ് കാണുവാൻ കഴിയുന്നു. പ്രവാസ ജീവിതത്തിന്റെ കരിഞ്ഞ മുഖങ്ങൾ നേരിട്ട് കണ്ടത് പകർത്തുക. ഒട്ടും പതറാതെ.

അഭിനന്ദനങ്ങൾ.

കുഞാന്റെ കമന്റിന് താഴെ ഒരോപ്പ്.

sv said...

നിധി തേടിയുള്ള പ്രവാസിയുടെ യാത്ര....

സത്യം....

നന്മകള്‍ നേരുന്നു

Jayasree Lakshmy Kumar said...

ഈശ്വരാ! പ്രവാസത്തിന്റെ ദയനീയ മുഖങ്ങൾ!!