Tuesday 1 April 2014

നോവൽ. മരുഭൂമി (13)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ഒരു ദിവസം ആത്മഹത്യക്കു ശ്രമിച്ച അവരെ ഇവിടെകൊണ്ടുവന്നു തള്ളി...

കഥ തുടരുന്നു.....

തംഗ്ളീഷ്......

“ഇപ്പോഴത്തെ അവരുടെ പേടി മറ്റൊന്നാണ്. അവരുടെ കുട്ടികളെ പുലിപ്പട്ടാളത്തിൽ ചേർക്കണമെന്ന് പറഞ്ഞ് തമിഴ് പുലികൾ നിർബ്ബന്ധിച്ചിരുന്നു. ഇവർ സമ്മതിച്ചിട്ടില്ലായിരുന്നു. ആകെയുള്ള അമ്മ ഇവിടെയായ, അതും ഒരു വിവരവും ഇല്ലാതായ സ്ഥിതിക്ക് അതുങ്ങൾക്ക് എന്തു പറ്റിയെന്നറിയില്ലത്രെ...!!”

അതോടെ രണ്ടു പേരും ഒരു പോലെ തലയുയർത്തി നോക്കി. വീണ്ടും ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു. അവരെയെങ്ങനെ സഹായിക്കാൻ കഴിയുമെന്ന ചിന്തയോടെ ഞാനും കിടന്നു. ഉസ്മാനും മൊയ്തുവും എഴുന്നേറ്റ് ഭക്ഷണം കഴിച്ചിട്ട് വരാമെന്നു പറഞ്ഞ് ഇറങ്ങി.

കുറേക്കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോഴും ആർക്കുമൊന്നും ഉരിയാടാനായ്ല്ല. നിശ്ശബ്ദമായി ദൈനംദിന പരിപാടി പോലെ അതങ്ങു കഴിഞ്ഞു,
പാത്രങ്ങളെല്ലാം കഴുകി വച്ചാൽ അടുത്ത പരിപാടി പുകക്കലാണ്.
ഓരോ സിഗററ്റും* കത്തിച്ച് ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനെന്ന വണ്ണം ഇരുത്തി വലിച്ച് കട്ടപ്പുക ഊതിവിട്ടു. അത് ഏസി വലിച്ചെടുത്ത് നല്ല തണുപ്പോടെ, നിറമില്ലാതെ ഞങ്ങൾക്ക് തന്നെ തിരിച്ചു തന്നുകൊണ്ടിരിന്നു.

എല്ലാവരുടെ ഉള്ളിലും ഹബീബയുടെ (ഐഷ) പൊള്ളുന്ന ജീവിതം കുത്തി നോവിച്ചിരിക്കുന്നു. ആർക്കും ഒന്നും ഉരിയാടാനാവാത്തവണ്ണം, അവർക്കായി ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയും, കഴിവുകേടും ഞങ്ങളെ നിശ്ശബ്ദരാക്കി. അതോടൊപ്പം ആരോടൊക്കെയോ ഉള്ള അമർഷം ഇടക്കിടക്ക് കിടക്കയിലിട്ടിടിച്ച് ഞങ്ങൾ തീർത്തുകൊണ്ടിരുന്നു.
സച്ചിയാണ് ആദ്യം വാ തുറന്നത്.
“അവരുടെ അയല്പക്കത്തോ നാട്ടിലോ ഒരു ഫോണെങ്കിലും ഉണ്ടാകാതിരിക്കുമോ...?”
“ഏതോ ഒരു കുഗ്രാമത്തിലാ അവരുടെ വീട്. അതും പുലികളുടെ കേന്ദ്രം. അവിടെ സർക്കാര് ഫോൺ കൊടുക്കുമോ...?”
ഞാൻ അബ്ദുളിനോടായി ചോദിച്ചു.
“താൻ മക്കയിൽ പോകുമ്പോൾ തമിഴന്മാരെ ആരെയെങ്കിലും ഒന്നു കൂട്ടിക്കൊണ്ടു വരാൻ ശ്രമിക്കാമോ...? അവർക് തൽക്കാലം ഒരു കത്തെഴുതി, താൻ ജീവിച്ചിരിക്കുന്ന കാര്യമെങ്കിലും ഒന്നറിയിക്കാൻ...!”
“എനിക്ക് പരിചയമുള്ള തമിഴന്മാരൊന്നും ഇല്ല. ചിലപ്പോൾ ഉസ്മാനൊ മൊയ്തൂനോ ഉണ്ടാകും. അവരുടെ കമ്പനിയിൽ ഉണ്ടല്ലൊ ശ്രീലങ്കക്കാർ...?”

അതൊരു ആശാവഹമായ ആശയമായി തോന്നിയതുകൊണ്ട് അതവിടെ അവസാനിപ്പിച്ചു.
അവർ വരുമ്പോൾ ചോദിക്കാനായി മനസ്സിൽ കുറിച്ചിട്ടു.
“ഇംഗ്ളീഷിൽ എഴുതിയാലോ....?”
അബ്ദുളിന്റെ ആ ചോദ്യത്തിന് മറുപടിയായി ഞങ്ങൾ പരസ്പ്പരം നോക്കിയതേയുള്ളു.
കാരണം ആരെഴുതും...?
ഇംഗ്ളീഷിൽ ഒരു കത്തെഴുതാനുള്ള പരിഞ്ജാനമൊന്നും ഞങ്ങളിലാർക്കുമില്ല.
എവിടെയെങ്കിലും ചെന്നു പെട്ടാൽ ഒരു  ഗ്ളാസ് പച്ചവെള്ളം ചോദിച്ചു വാങ്ങിക്കുടിക്കാനുള്ള അറിവേയുള്ളു.

പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ‘കൂട്ടുകാരനൊരു കത്ത്’ എഴുതാൻ പറഞ്ഞതിന് അനുഭവിച്ചു തീർത്ത വേദനയുടെ ഓർമ്മക്കായി രണ്ടടിയുടെ ചൂരൽ‌പ്പാടുകൾ ഇപ്പോഴും എന്റെ തുടയിലുണ്ട്. ഇത്തരം അനുഭവം എല്ലാവർക്കും കാണും. അതുകൊണ്ട് അതിന് മറുപടി ആരും പറഞ്ഞില്ല.
ഒരുപക്ഷെ, ഇംഗ്ളീഷിനേക്കാൾ കൂടുതൽ പദങ്ങൾ അറബിയിൽ ഞങ്ങൾ പഠിച്ചിട്ടുണ്ടാകും ഈ കുറഞ്ഞ സമയം കൊണ്ട്. അതിവിടെ ജീവിക്കാനായുള്ള പരക്കം പാച്ചിലിൽ അറിയാതെ പഠിച്ചു പോയതാണ്...!

സ്കൂളിൽ വച്ച്   ഇംഗ്ളീഷ് സാറിന്റെ കയ്യിലെ ചൂരലിന്റെ ചൂടോർത്തുള്ള പഠിത്തമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഇംഗ്ളീഷ്  ആവശ്യമായ ഈ സന്ദർഭത്തിൽ കുറ്റബോധം തോന്നിയിട്ട് കാര്യമില്ലല്ലൊ.
“ഇനിയിപ്പോൾ നമ്മൾ ഇംഗ്ളീഷിൽ എഴുതി അയച്ചുവെന്നു വക്കുക. അതവിടെ വായിച്ച് മറുപടി എഴുതുന്നവർ ഉണ്ടാകുമോ..? എന്തായാലും ഹബീബ വരട്ടെ...”
“അതെ.. അതുതന്നെ. നമ്മൾ കാടുകയറിയതുകൊണ്ട് കാര്യമില്ല...”
ഞങ്ങൾ ആ സംഭാഷണങ്ങൾ അവിടെ അവസാനിപ്പിച്ചു.

അന്നു വൈകീട്ട് ആശുപത്രിയിൽ ചെന്ന് അസ്സർബായിയോടും മെർലിനോടും ഹബീബയുടെ കഥകളൊക്കെ കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് ഭംഗിയായി കേൾപ്പിച്ചു. അതോടെ ആ പാവത്തിനോടുള്ള സ്നേഹവും കാരുണ്യവും എല്ലാവരിലും ഇരട്ടിച്ചു. വൈകുന്നേരങ്ങളിൽ അധികം രോഗികളൊന്നും വരാറില്ല. എല്ലാവരും വെടി പറഞ്ഞിരിക്കുന്ന നേരമാണത്.
ഹബീബായോട് ഞങ്ങളുടെ സംശയങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കി.
ഇംഗ്ളീഷ് അറിയാവുന്ന ആരും ഗ്രാമത്തിൽ ഇല്ല. സ്കൂളിൽ പോയിട്ടുള്ളവർ നാലാം ക്ളാസ്സിനപ്പുറം ആരും പഠിച്ചിട്ടില്ല. അതിനപ്പുറം പഠിക്കണമെങ്കിൽ പട്ടണത്തിൽ പോകണം. പോസ്റ്റ്മാൻ ആണ് ഇംഗ്ളീഷ് വായിക്കുന്ന ഒരാൾ. പക്ഷേ, മേൽവിലാസം തപ്പിത്തപ്പി വായിക്കുമെന്നാല്ലാതെ കത്തെഴുതാനൊന്നും അറിയില്ല.

ഹബീബയുടെ മകൾ നാലാം ക്ളാസ്സിൽ പഠിത്തം നിർത്തിയതാ. മേൽ‌വിലാസമൊക്കെ ഇംഗ്ളീഷിൽ തപ്പിത്തപ്പി എഴുതുകയും വായിക്കുകയും ചെയ്യും. അത്ര തന്നെ. കത്തയച്ചാൽ വീട്ടിൽ കിട്ടുമെന്ന് ഹബീബ തറപ്പിച്ച് പറഞ്ഞത്  ആശാവഹം തന്നെ. കാരണം സർക്കാർ കത്തുകൾ അവിടെ വരാറുണ്ട്. അവരെ സഹായിക്കാൻ പറ്റിയ ഒരു വഴിയും കണ്ടു പിടിക്കാനായില്ല. ശരിക്കും നിസ്സഹായനായിപ്പോകുന്നത് ഇത്തരം സന്ദർഭങ്ങളിലൊക്കെയാണ്.
നമ്മൾക്ക് തന്നെ നമ്മളെ പുഛം തോന്നുന്ന നിമിഷങ്ങൾ...!

പിറ്റേ ദിവസം പോസ്റ്റോഫീസ് തുറന്നപ്പോൾ പോസ്റ്റുമാന്റടുത്ത് ‘ഓഡിയോ കാസറ്റ്’ പോസ്റ്റലായി ശ്രീലങ്കയിലേക്ക് അയക്കാൻ കഴിയുമോന്ന് വെറുതെ ഒന്നു തിരക്കി. ഞങ്ങൾക്ക് വഴിയിൽ നിന്നും കിട്ടിയ ‘വാക്മാൻ’ ഉപയോഗിച്ച് ഹബീബായുടെ ശബ്ദം റെക്കാർഡ് ചെയ്യിച്ച് അയക്കാൻ കഴിഞ്ഞാൽ സംഗതി ശരിയായേനെ എന്ന അബ്ദുളിന്റെ ഇന്നലത്തെ രാത്രിയിലെ തലയിണമന്ത്രം, പക്ഷെ ഏറ്റില്ല. അത് പാഴ്സലായിട്ടേ അയക്കാൻ പറ്റൂ. മാത്രമല്ല മിനിമം ചാർജ്ജൊക്കെയുണ്ട് അയക്കുന്നതിന്. അതൊന്നും ഹബീബക്ക് താങ്ങാനാവില്ല.
വിവരം പറഞ്ഞപ്പോൾ ഹബീബയും അതിനെ എതിർത്തു. കാരണം പാഴ്സലൊക്കെ വന്നാൽ സർക്കാർ മാത്രമല്ല പുലികളും പരിശോധിച്ചിട്ടേ കിട്ടുകയുള്ളു. അതുകൊണ്ട് ആ പരിപാടി അതോടെ ഉപേക്ഷിച്ചു.
ഇനിയെന്ത്...?

അതൊരു വലിയ ഉത്തരം കിട്ടാത്ത ചോദ്യച്ചിഹ്നമായി ഞങ്ങളുടെ തലക്കു മുകളിൽ വട്ടം കറങ്ങി. ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു....
അടുത്ത വ്യാഴാഴ്ച  വൈകുന്നേരം മെർലിനും ഹബീബയും കൂടി ഞങ്ങളുടെ മുറിയിൽ വന്നു. ഹബീബയുടെ വീട്ടിൽ എങ്ങനെയെങ്കിലും വിവരം അറിയിക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് വന്നത്. ഒരു വഴിയും കണ്ടെത്താത്ത ഞങ്ങൾ അക്കാര്യത്തിൽ നിസ്സഹായത പ്രകടമാക്കി. ഹബീബയുടെ ഗ്രാമത്തിൽത്തന്നെയുള്ള ആരെങ്കിലും ഇവിടെ മക്കയിലും പരിസരത്തും ഉണ്ടാകുമോന്ന് തിരക്കിയെങ്കിലും, അവരുടെ അറിവിൽ ആരുമില്ലായിരുന്നു.

വളരെ നിരാശരായി അവർ തിരിച്ചു പോകാൻ തുടങ്ങുമ്പോഴാണ് മെർലിൻ പോക്കറ്റിൽ നിന്നും ഒരു കവർ എടുത്ത് എന്റെ കയ്യിൽ തന്നത്. തുറന്നു നോക്കിയപ്പോൾ കുറച്ചു ഫോട്ടോകളാണ്. അവളുടെ നാട്ടിൽ നിന്നും പോസ്റ്റൽ ആയി വന്നതാണ്. ഇന്നലെ പോസ്റ്റോഫീസിൽ നിന്നും അത് കൊണ്ടുക്കൊടുത്തത് ഞാനായിരുന്നു. അതിനകത്ത് ഫോട്ടോകൾ ഉണ്ടെന്ന് അപ്പോഴേ ഞാൻ സംശയം പറഞ്ഞിരുന്നു. പിന്നെ കാണിച്ചുതരാമെന്ന് എന്നോട് പറയുകയും ചെയ്തിരുന്നെങ്കിലും ഞാനത് മറന്നുപോയിരുന്നു.

അതാണവൾ  കവർ എന്നെ ഏൽ‌പ്പിച്ചത്. അവളുടെ കുടുംബത്തിലെ എല്ലാവരുടേയും ഉണ്ട്. ഞാനത് ഒന്നു കണ്ടിട്ട് സച്ചിക്ക് കൈമാറി. കൂട്ടത്തിൽ ഒരു കത്തും ഉണ്ടായിരുന്നു. ഞാനതെടുത്ത് തുറന്നു നോക്കി. ഇംഗ്ളീഷിലാണെങ്കിലും എനിക്കത് വായിച്ച് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ആദ്യമായിട്ടാണ് ഫിലിപ്പൈൻ അക്ഷരങ്ങൾ കാണുന്നത്. വായിക്കാൻ കഴിയുമെങ്കിലും ഒന്നും മനസ്സിലാക്കാൻ കഴിയില്ല. ആദ്യത്ത വാചകം ഞാൻ വായിച്ചിട്ട് മെർലിന്റെ മുഖത്തു നോക്കി. അവൾ ഒന്നു ചിരിച്ചിട്ട് പറഞ്ഞു. “മൈ ഡിയർ സിസ്റ്റർ...”

അടുത്ത വാചകം വായിക്കുന്നതിനു മുൻപ് മനസ്സിലൂടെ മറ്റൊരു ചിന്ത ഒരു ഇടിവാളിന്റെ രൂപത്തിൽ പാഞ്ഞു  പോയി...!?  ഫിലിപ്പൈൻ ആണ് ഭാഷയെങ്കിലും ഉപയോഗിച്ചിരിക്കുന്നത് ഇംഗ്ളീഷ് അക്ഷരങ്ങളാണ്. എന്തുകൊണ്ട് അങ്ങനെയൊന്നുണ്ടാക്കിക്കൂടാ.....?
ഞാൻ പെട്ടെന്ന്  അലമാരയിൽ നിന്നും ലെറ്റർപാഡെടുത്ത്  രണ്ടു വരി എഴുതിയിട്ട് മെർലിനെത്തന്നെ വായിക്കാൻ ഏൽ‌പ്പിച്ചു.
അവൾക്ക് അത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല.
എന്റെ നേരെ നോക്കി ചോദിച്ചു.
“എന്തായിത്...?”
“അതൊന്നു വായിക്കാൻ പറ്റുമോന്ന് നോക്ക്...”
അവൾ അത് ഉറക്കെ വായിച്ചു.
“പ്രി യ   അ ച്ച നു.   എ നി ക്കു   സുകം   ത ന്നെ.  സം മ്പ ലം   ഇ തു വ റെ  കി റ്റി യി ല്ല. കി റ്റി യാൽ   ഉ ട നെ   അ യ കാം..ക്കാം... അയക്കാം....!!”
അവസാന വാക്കൊന്നു തറപ്പിച്ച് പറഞ്ഞിട്ട് മെർലിൻ എന്റെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടി...!

ഞാൻ അന്തം വിട്ടിരിക്കുമ്പോൾ, സച്ചി ഓടി വന്ന് ആ കടലാസ്സ് പിടിച്ചു വാങ്ങി നോക്കി.
മെർലിൻ മലയാളം, ‘വെല്ലം പോലെ മലയാലം’ വായിക്കുന്നതു കേട്ട് കണ്ണു തള്ളിയിരിക്കുകയായിരുന്നു രണ്ടു പേരും.
ഉടനെ തന്നെ ഞാൻ മറ്റൊരു കടലാസ്സിൽ എഴുതാൻ തെയ്യാറായിട്ട് ഹബീബയോട് പറഞ്ഞു.
“അമ്മാ.. മോളുടെ പേർക്ക് നമുക്ക് കത്തയക്കാം. എന്താ എഴുതണ്ടതെന്നു വച്ചാൽ പറയ്...”
“അതെങ്ങനെ..? കണ്ണന് തമിഴ് അറിയില്ലല്ലൊ എഴുതാൻ....”
“ അതൊക്കെ ഞാൻ എഴുതിക്കോളാം.... ഹബീബ എഴുതേണ്ടത് വേഗം പറയ്....”

ഹബീബ ഒന്ന് ആലോചിച്ചിട്ട് എന്തെങ്കിലുമൊന്നു പറയാൻ തുടങ്ങുന്നതിനു മുൻപേ തന്നെ, ക്ഷീണമാർന്ന ആ കണ്ണുകൾ നനയാൻ തുടങ്ങി. പെട്ടെന്ന് മക്കളെ രണ്ടുപേരേയും ഓർമ്മ വന്നിരിക്കും. തലയിലെ തട്ടത്തിന്റെ അറ്റം കൊണ്ട് വായ പൊത്തിപ്പിടിച്ച്, കണ്ണുകൾ തുടച്ചിട്ട് അവിശ്വസനീയതോടെ വീണ്ടും ചോദിച്ചു.
“ കണ്ണനു കഴിയുമോ  എഴുതാൻ...?”
“നമുക്ക് നോക്കാം.. ഹബീബക്ക് ഭാഗ്യമുണ്ടെങ്കിൽ ഇത് വിജയിക്കും... പറയ്.. എന്തെഴുതണം...?” “അത്.. ഞാൻ എന്തു പറയാനാ.. കണ്ണനു അറിയാമല്ലൊ എല്ലാ കാര്യങ്ങളും. അതെഴുതിയാ മതി..”
“അതല്ലമ്മാ... എനിക്ക് തമിഴ് ശരിക്കും അറിയില്ലല്ലൊ പറയാൻ. ഹബീബയുടെ മോൾക്ക് തമിഴ് മാത്രമല്ലെ അറിയൂ.. അതുകൊണ്ട് ഹബീബയുടെ വിവരങ്ങൾ  തമിഴിൽത്തന്നെ വേണ്ടെ വായിക്കാൻ. ആദ്യം എന്തെങ്കിലും ഒന്നു പറയ്. കേൾക്കട്ടെ...”
അവർ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.
“സൈനബക്ക്... ”
“അതാരാ‍.. മോൾടെ പേരാ...?”
“അതെ..”
“എന്തു സൈനബാന്ന് എഴുതണം...?”
“പ്രിയ സൈനബാന്നോ അൻപുള്ള സൈനബാന്നോ...?”
“അതൊന്നും എനിക്കറിയില്ല കണ്ണാ... വായിക്കാനറിയാത്ത ഞാൻ ഒരു കത്ത് ഇതുവരെ വായിച്ചുപോലും  കേട്ടിട്ടില്ല. വല്ല സർക്കാർ കത്ത് മാത്രമാണ് വല്ലപ്പോഴും കണ്ടിട്ടുള്ളത്. അതൊക്കെ കണ്ണൻ എങ്ങനെയെങ്കിലും എഴുതിയാ മതി... പിന്നെ, സൈനബാന്ന് മാത്രം പോരാ.. കബീർന്നും കൂടി എഴുതണം. അല്ലെങ്കിൽ എന്റെ മോന് വിഷമാവും...”

അതു ശരിയാണ്. ജീവിതത്തിൽ ഒരു കത്ത് വായിച്ചു പോലും കേട്ടിട്ടില്ലാത്ത ഒരു പാവം സ്ത്രീയുടെ നിസ്സഹായത ഇതിനപ്പുറം അവരെങ്ങനെ പ്രകടിപ്പിക്കാനാണ്.
ഞാൻ എഴുതിക്കഴിഞ്ഞ് അടുത്ത വാചകത്തിനായി തല ഉയർത്തി.  ഹബീബ കുറേശ്ശെയായി പറഞ്ഞു കൊണ്ടിരുന്നു. നാലഞ്ചുവരി ആയപ്പോൾ നിറുത്തിയിട്ട്, എഴുതിയേടത്തോളം ഒന്നു പരീക്ഷിക്കാനായി സച്ചിയെ ഏൽ‌പ്പിച്ചു.
സച്ചി ആദ്യം അതൊന്നു ഓടിച്ചു നോക്കിയിട്ട് എല്ലാവരുടേയും മുഖങ്ങളിലേ ഭാവം അളന്നു. ഞങ്ങളെല്ലാം ആകാംക്ഷയോടെ സച്ചിയുടെ മുഖത്തേക്കുറ്റു നോക്കി ഇരിക്കുകയാണ്.
സച്ചി സാവധാനം വായിച്ചു.
**“ അൻ പു ള്ള   സൈനബാ ക്കും   ക ബീ റി നും....
അ മ്മാ വു ക്ക്    ഇ ങ്കെ   ഒരു   മ രു ന്തു മ നൈ യിൽ   വേ ലൈ   കി ടൈ ത്ത ത്.   ഇങ്കെ  എ ങ്കൾ ആ ട്കൾ   ഒ രു വ രും   ഇ ല്ലൈ.   മട്രെ   യാ വ രും   ന ല്ല വർ.   കബീർ  എന്ന  പ ണ്ണി യ റായ്...?  അങ്കെ   നീ ങ്കൾ   എ ല്ലോ രും    സു ഖ മാ കെ   ഇ രി ക്കു രി ക ളാം....
ഉ ങ്കൾ  പ തി ൽ   കി ടൈ ത്ത തും  പ ണം   അ ന പ്പു കി റേ ൻ...”
“അങ്ങനെ മതി... അങ്ങനെ മതി കണ്ണാ...!!”
ഹബീബ സന്തോഷംകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.

ശ്വാസം അടക്കിപ്പിടിച്ചാണ് ഞങ്ങളെല്ലാവരും കേട്ടുകൊണ്ടിരുന്നത്.
വായിച്ചു തീർന്നതും ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് തുള്ളിച്ചാടിപ്പോയി.
ഞാൻ വലിയ വായിൽ വിളിച്ചു കൂവി.
“യൂറേക്കാ..... യൂറേക്കാ...!”
ഹബീബാ എന്നെ വട്ടം പിടിച്ച് കട്ടിലിലിരുത്താൻ ശ്രമിക്കുന്നു.
സച്ചിയും അബ്ദുളും കൂടി ആ കത്തും പൊക്കിപ്പിടിച്ച് ‘അ..അ..’ എന്ന് ശബ്ദമുണ്ടാക്കി വട്ടത്തിൽ കയ്യും കാലും പൊക്കി ഡാൻസ് കളിക്കുന്നു. മെർലിൻ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. തുള്ളിച്ചാടി ഡാൻസ് കളിക്കുന്നവരുടെ കൂട്ടത്തിലേക്ക്, ആവേശം മൂത്ത് പരിസരം മറന്നതുപോലെ മെർലിനും  എഴുന്നേറ്റ് ചുവടു വച്ച് നീങ്ങിയതോടെയാണ്  ഡോറിലെ ശക്തിയായ മുട്ടൽ കേട്ടത്...!
ആ മുട്ടലിന്റെ ടോൺ ഞങ്ങൾക്ക് സുപരിചിതമായിരുന്നു....!?
‘പോലീസ് മുഹമ്മദിന്റെ’ ആണെന്ന്  തിരിച്ചറിഞ്ഞതും, ഒരു നിമിഷം കൊണ്ടു തന്നെ ആവേശമെല്ലാം ആവിയായിപ്പോയി.!
നിന്ന നിൽ‌പ്പിൽ വിയർത്തുപോയി...!!
പെട്ടെന്ന് തന്നെ ഞങ്ങൾ പഴയ പടി ഇരുന്നു...

അടുത്ത മുട്ടുൽ തുടങ്ങുന്നതിനു മുൻപേ, എല്ലാം ഒന്നുകൂടെ നോക്കി ഉറപ്പു വരുത്തിയതിനു ശേഷം അബ്ദുൾ  ഓടിച്ചെന്ന് വാതിൽ തുറന്നു.
പോലീസ് മുഹമ്മദ് തന്നെ...!
അവൻ കയറി വന്നതോടെ ഞങ്ങളെല്ലാവരും സലാം പറഞ്ഞ് എഴുന്നേറ്റ് ബഹുമാനം കാണിച്ചു. അത് പതിവില്ലാത്തതാണ്.
ഞങ്ങളെയെല്ലാം ഒന്നു നോക്കി അവൻ...
ഞാനവനോട് ഇരിക്കാൻ പറഞ്ഞു...
അവൻ സച്ചിയുടെ കട്ടിലിൽ ഇരുന്നു... അതിനു ശേഷമാണ് ഞങ്ങളെല്ലാവരും  ഇരുന്നത്. സച്ചിയുടെ കയ്യിൽ നിന്നും കത്തു വാങ്ങിയിട്ട് ഞാൻ പറഞ്ഞു.
“ഹബീബക്ക് എഴുതാൻ അറിയില്ല. നാട്ടിലേക്ക് അയക്കാൻ എഴുതിക്കൊടുക്കുകയാണ് ”
അവന് ഞാൻ പറഞ്ഞത് മനസ്സിലായൊ എന്നൊന്നും അറിയില്ല.
അവൻ ‘നല്ലത്.. നല്ലത്..’ എന്നു പറഞ്ഞുകൊണ്ടിരുന്നു.
അതിനിടക്ക് അബ്ദുൾ ചായയിടാനായി എഴുന്നേറ്റു.

പോലീസ് മുഹമ്മദ് പോക്കറ്റിൽ നിന്നും കുറച്ചു റിയാലെടുത്ത് അബ്ദുളിന്റെ നേരെ നീട്ടി. അമാറയിലെ ജനറേറ്റർ ഓടിക്കുന്നതിനുള്ള ‘കിംബള’മായിരുന്നു അത്. അത് തരാനായിട്ടായിരുന്നു അവൻ വന്നത്.  ചായ കുടിച്ചിട്ട് പോകാൻ നിർബ്ബന്ധിച്ചതുകൊണ്ട് മുഹമ്മദ് പിന്നേയും ഇരുന്നു. അവനെ എങ്ങനെയെങ്കിലും സോപ്പിട്ട് ഒരു പരുവത്തിലാക്കി എടുക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു.  അല്ലെങ്കിൽ ഈ സ്ത്രീകൾ ഞങ്ങളുടെ മുറിയിൽ വന്നതു തന്നെ ഒരു വലിയ കുറ്റമായി അവനു വേണമെങ്കിൽ ഞങ്ങളുടെ പേരിൽ ചാർത്താം...!

ചായ കുടിച്ച് സന്തോഷത്തോടെയാണ് അവൻ പോയത്.
അവൻ പോയതിനു ശേഷമേ ഞങ്ങളുടെ ശ്വാസം നേരെ വീണുള്ളു.
അവൻ മുട്ടാതെയാണ് കതക് തുറന്നിരുന്നതെങ്കിൽ എന്താകുമായിരുന്നുവെന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു. അന്നേരം മെർലിൻ അവരോടൊപ്പം നൃത്തം ചെയ്യുകയും എല്ലാവരും ആർത്തുവിളിക്കുകയും ചെയ്യുന്ന കൃത്യ സമയം....!!?
എന്റെ ദൈവമേ....!!
എന്തൊക്കെ സംഭവിക്കാമെന്ന് അതിനപ്പുറത്തേക്ക് ചിന്തിക്കാൻ ധൈര്യം വന്നില്ല.

കത്തെഴുതിയത് വായിച്ചു കേട്ട ഞങ്ങളുടെ സന്തോഷം മുഴുവനാക്കാനായില്ല.
അതിനു മുൻപേ ആ പഹയൻ വന്നു കയറി എല്ലാം നശിപ്പിച്ചില്ലെ.
ഹബീബക്ക് അപ്പോഴും സംശയമായിരുന്നു. ആരിത് വായിക്കും...?
ഞാൻ പറഞ്ഞു.
“വിഷമിക്കേണ്ടതില്ല. ഹബീബയുടെ മോൾക്ക്  ഇംഗ്ളീഷിൽ അഡ്രസ്സ് വായിക്കാൻ അറിയാമല്ലൊ...?”
“അറിയാം.. അതുമാത്രമേ അറിയൂ...”
“അതു മതി. ബാക്കിയൊക്കെ അവൾ തപ്പിപ്പിടിച്ച് വായിച്ചു മനസ്സിലാക്കിക്കോളും... നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം...”

ഇംഗ്ളീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് തമിഴ് ഉച്ചാരണത്തിൽ കത്തെഴുതിയ ആദ്യ മലയാളി ഒരുപക്ഷെ, ഞാനായിരിക്കുമോ...?
അന്നൊന്നും മോബൈലിന്റെ സ്വപ്നം പോലും ഇല്ലായിരുന്നു ഞങ്ങൾക്ക്.
മോബൈലാണല്ലൊ ഇംഗ്‌ളീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് മലയാളം എഴുതാനായി ‘മംഗ്‌ളീഷ്’ എന്ന എഴുത്തു രീതി  സർവ്വസാധാരണമാക്കിയത്.
‘മംഗ്ളീഷിൽ’  മലയാളമെഴുതുന്ന രീതി പിന്നേയും എത്രയോ വർഷങ്ങൾക്കു ശേഷമാണ് കാണാൻ കഴിഞ്ഞത്.  അന്നെഴുതിയ ആ തമിഴ് കത്തിന്റെ എഴുത്ത് രീതിക്ക്  ‘തംഗ്ളീഷ്’ എന്നൊരു പേരുണ്ടെന്ന് അറിയുമായിരുന്നില്ല.

ഒരു കടലാസ്സിന്റെ ഒരു പുറം മാത്രമേ എഴുതിയുള്ളു.
അത് എത്രമാത്രം ഉപകാരപ്പെടുമെന്നറിയാതെ കൂടുതൽ എഴുതിയിട്ട് കാര്യമില്ലല്ലൊ.
അതിന്റെ മറുപടി വന്നിട്ട് വിശദമായി എഴുതാമെന്ന് തീരുമാനിച്ചു...
പിന്നെ അതിന്റെ മറുപടിക്കായി ഹബീബയോടൊപ്പം ഞങ്ങളും കാത്തിരുപ്പായി.....


ബാക്കി ഏപ്രിൽ 15-ന്... വിരുന്നുകാർ...

(*‌‌‌‌ = പുകവലി ആരോഗ്യത്തിന് ഹാനികരമാണ്.)
(** എന്റെ തമിഴ് വായിച്ച് ആരും ഞെട്ടരുതേ. ഒരു തമിഴൻ പറഞ്ഞു ഇത്രയൊക്കെ മതീന്ന്.)




22 comments:

വീകെ said...

തുള്ളിച്ചാടി ഡാൻസ് കളിക്കുന്നവരുടെ കൂട്ടത്തിലേക്ക്, ആവേശം മൂത്ത് പരിസരം മറന്നതുപോലെ മെർലിനും എഴുന്നേറ്റ് ചുവടു വച്ച് നീങ്ങിയതോടെയാണ് ഡോറിലെ ശക്തിയായ മുട്ടൽ കേട്ടത്...!
ആ മുട്ടലിന്റെ ടോൺ ഞങ്ങൾക്ക് സുപരിചിതമായിരുന്നു....!?
‘പോലീസ് മുഹമ്മദിന്റെ’ ആണെന്ന് തിരിച്ചറിഞ്ഞതും, ഒരു നിമിഷം കൊണ്ടു തന്നെ ആവേശമെല്ലാം ആവിയായിപ്പോയി.!

Cv Thankappan said...

തകൃതിയായി നടന്ന തഗ്ലീഷിന്‍റെ കണ്ടുപിടുത്തം അസ്സലായിരിക്കുന്നു.
ഈ ഉദ്യമം വിജയിക്കട്ടെ!
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ‘തംഗ്ളീഷ്’
കണ്ട് പിടിച്ച ഒരു മഹാനും
മലയാളിയായിരുന്നു അല്ലേ...

സമ്മതിക്കാതെ വയ്യാ‍ാ...
ഈ മലയാളിസീന്റെ ഒരു പുദ്ധി...!

Pradeep Kumar said...

തംഗ്ളീഷിലെഴുതിയ കത്തിനേക്കാൾ ആ കത്ത് ശ്രീലങ്കയിലെ കുഗ്രാമത്തിൽ അവരുടെ പാവം കുട്ടികളെത്തേടി എത്തുമോ എന്ന ആശങ്കയുടെ മുൾമുനയിലാണ് ഈ ലക്കം അവസാനിക്കുന്നത്.

അടുത്ത ലക്കം വിരുന്നുകാരെപ്പറ്റിയാണ് എന്നു കണ്ടപ്പോൾ എന്തോ നല്ലത് സംഭവിക്കാൻ പോവുന്നു എന്നൊരു തോന്നൽ

നന്നായി പുരോഗമിക്കുന്നു.....

പട്ടേപ്പാടം റാംജി said...

തുള്ളിച്ചാടുന്ന സന്തോഷം ഇവിടം വരെ എത്തിയല്ലോ. പാര്‍സലും സംഭവങ്ങളും ഒക്കെയായി ഈ അദ്ധ്യായവും നന്നായിരിക്കുന്നു.

വീകെ said...

സിവി തങ്കപ്പൻ: അഭിപ്രായത്തിന് വളരെ നന്ദി.
ബിലാത്തിച്ചേട്ടൻ: ഏതെങ്കിലും ഒരു മലയാളിയായിരിക്കും ഇതും കണ്ടു പിടിച്ചത്. പണ്ട് ഇംഗ്‌ളീഷുകാർ നമ്മളെ പിടിച്ചടക്കി നാട്ടുഭാഷകൾ സായത്തമാക്കിയത് ഈ രീതിയിലൂടെ ആയിരിക്കുമല്ലൊ. അതുകൊണ്ടല്ലെ മലയാളം ‘മലയാലം’ ആയത്. നന്ദി.
പ്രദീപ് കുമാർ: വളരെ നന്ദിയുണ്ട് ഈ പ്രോത്സാഹനത്തിന്.
പട്ടേപ്പാടം റാംജി: വായനക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.

Echmukutty said...

തംഗ്ഗ്ലീഷ്.. മാതിരി തലയാളം ഉണ്ട് .. തെരിയുമാ? തമിഴ് നാട്ടീന്ന് വന്ന അയ്യര്‍മാര്‍ ഇവിടെ കേരളത്തിലെ മലയാളം ചേര്‍ത്ത് പേശും തമിഴാണ് തലയാളം..
എനക്കറിയലൈ .. ( എനക്ക് തെരിയലൈ )

നോവല്‍ കേമായി മുന്നോട്ട് പോകുന്നു.. അഭിനന്ദനങ്ങള്‍

അഭി said...

ആശംസകൾ

ശ്രീ said...

ശരി, ആ കത്തിന്റെ റിസല്‍ട്ട് എന്താകുമെന്നറിയാന്‍ ഞാനും കാത്തിരിയ്ക്കുന്നു...

:)

ajith said...

നമുക്കൊന്നും സങ്കല്പിക്കാന്‍ പോലും ആവാത്ത ചില നിസ്സഹായാവസ്ഥകള്‍.

ഫൈസല്‍ ബാബു said...

കഥ പ്രാവസം വിട്ടു ശ്രീലങ്കയിലേക്ക് വഴിമാറുന്നു , ആകാംക്ഷയോടെ വിരുന്നുകാര്‍ക്കായി കാത്തിരിക്കുന്നു.

വിനുവേട്ടന്‍ said...

ശ്വാസമടക്കിപ്പിടിച്ചിരുന്ന് വായിച്ചു... തംഗ്ലീഷ് കണ്ടുപിടിച്ചതിന്റെ സന്തോഷം ഒരു സംഭവം തന്നെയായിപ്പോയി... പോലീസുകാരൻ മുഹമ്മദ് അപ്പോൾ നിങ്ങളുടെ ചാക്കിനുള്ളിലായി അല്ലേ...?

ശ്രീലങ്കൻ വിരുന്നുകാർക്കായി കാത്തിരിക്കട്ടെ ഇനി...

വീകെ said...

എച്മുക്കുട്ടി: ശരിയാണ്.തലയാളം എന്നത് ഇപ്പോഴാണ് കേൾക്കുന്നതെങ്കിലും ‘എനക്കറിയലൈ’ ഒരുപാട് കേട്ടിട്ടുണ്ട്. നന്ദി.
അഭി: വായനക്ക് വളരെ നന്ദി. കുറേക്കാലമായല്ലൊ അഭിയെ കണ്ടിട്ട്..
ശ്രീ: ഞങ്ങളും കാത്തിരിക്കാണ് ശ്രീ. ആ കത്തിന്റെ മറുപടി വരുമോ ഇല്ലയോ എന്ന് അറിയാൻ, പിറ്റേ ദിവസം മുതൽ ഹബീബ പോസ്റ്റ്മാനേയും കാത്തിരിക്കും. പാവം..! നന്ദി.
അജിത്: ചില നേരങ്ങളിൽ നമ്മളെത്ര സുസജ്ജമാണെങ്കിലും നിസ്സഹായരായിപ്പോകുന്ന സന്ദർഭങ്ങളെ നേരിടേണ്ടി വരും. നന്ദി.
ഫൈസൽ ബാബു: വായനക്ക് വളരെ നന്ദി.
പാന്ഥൻ: ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.
വിനുവേട്ടൻ: ശ്രീലങ്കൻ വിരുന്നുകാരൊന്നുമല്ല വിനുവേട്ടാ. കഥ മറ്റൊരു ലവലിലേക്ക് നീക്കുന്നു. മറുപടിക്കായി കാത്തിരിക്കുമ്പോഴുണ്ടാകുന്ന വിരസത മാറ്റാനായി. നന്ദി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വായിച്ചു..ആസ്വദിച്ച്..

kochumol(കുങ്കുമം) said...

അങ്ങനെ മംഗ്ലീഷിന്റെ കൂടെ ഇപ്പൊ തംഗ്ളീഷുമായി...:)

കഥ തുടരട്ടെ ...!

ramanika said...

കുറച്ചധികം കാലം ഇവിടെ വരൻ കഴിഞ്ഞില്ല ഇനി ഇവിടെയൊക്കെ കാണും എന്ന് പ്രതീക്ഷിക്കുന്നു
ഹാപ്പി വിഷു.

വീകെ said...

മുഹമ്മദ് ആറങ്ങോട്ടുകര: വായനക്ക് നന്ദി.
കൊച്ചുമോൾ(കുങ്കുമം): മാത്രമല്ല ‘തലയാളവും‘ ഉണ്ട്. വായനക്ക് നന്ദി.
രമണിക: കുറേക്കാലമായിട്ട് കാണാനില്ലായിരുന്നല്ലൊ മാഷേ. വൈകിയാണെങ്കിലും വന്നുവല്ലൊ. സന്തോഷം. നന്ദി.

Shahida Abdul Jaleel said...

കുറച്ചധികം കാലം ഇവിടെ വരൻ കഴിഞ്ഞില്ല തംഗ്ളീഷുമായി കഥ തുടരട്ടെ. വിരുന്നുകാര്‍ക്കായി
കാത്തിരിക്കുന്നു അഭിനന്ദനങ്ങള്‍...

.

വീകെ said...

ഷാഹിദാ അബ്ദുൾ ജലീൽ: വരവിനും വായനക്കും വളരെ നന്ദി.

ഇതിലെ വന്ന് വായിച്ച് അഭിപ്രായം എഴുതാൻ മടി കാണിച്ചവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

keraladasanunni said...

ഇത്രയേറെ ദുരിതം നിറഞ്ഞ ജീവിതമോ. സങ്കല്‍പ്പിക്കാന്‍കൂടി പറ്റുന്നില്ല.

anaswara said...

നല്ലൊരു നോവലിസ്റ്റാണ്..സംശയമേയില്ല.
സീരിയല്‍ അവസാനിപ്പിക്കും പോലെ ആകാംഷയോടെ അവസാനിപ്പിക്കുന്നു. ഇത്തരം ജീവിതങ്ങള്‍ കാണുമ്പഴാ കുഞ്ഞുകാര്യങ്ങള്‍ക്കായിട്ടാണ് നമ്മളൊക്കെ ചുമ്മാ വേദനിക്കുന്നത് എന്ന് തോന്നുന്നത്...

സുധി അറയ്ക്കൽ said...

എന്റെ ഈശ്വരാ.എന്തൊരു അനുഭവം.

വായിക്കുകയാണു.ഇന്നു ഇപ്പോൾ രാത്രി 11.43 ആയി.ഇനി ഇതു മുഴുവൻ ആക്കാതെ ഉറങ്ങാൻ പറ്റത്തില്ല.