Friday 1 October 2010

സ്വപ്നഭുമിയിലേക്ക്... ( 26 )


കഥ തുടരുന്നു...

അച്ചായന്റെ ലീലാവിലാസങ്ങൾ...

അതെ..!
അവനെ, അതായത് ‘പാര ഈജിപ്ഷ്യനെ’ പിരിച്ചു വിടാൻ നിർദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ഫാക്സ്...!!!
ഞാൻ സാവധാനം താഴേക്കിറങ്ങി.. ശരിക്കും പറഞ്ഞാൽ വല്ലാതെ അസ്വസ്തമായിരുന്നു മനസ്സ്.... ഇങ്ങനെയൊക്കെ സംഭവിക്കണമായിരുന്നോ...?

അവനെ ഒന്നും ചെയ്യാനായില്ലല്ലൊ എന്നോർത്ത് സങ്കടം തോന്നിയിരുന്നുവെന്നത് ശരിയാണ്.
പക്ഷെ, ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല....!
ഞാൻ കാരണം ഒരാളുടെ ജോലി നഷ്ടപ്പെടുകയെന്നു വച്ചാൽ...!
അവൻ തെറ്റു ചെയ്തവനാണെങ്കിൽ കൂടിയും ഇത്രയും കഠിനമായൊരു ശിക്ഷ വേണ്ടായിരുന്നുവെന്നാണ് അപ്പോൾ മനസ്സു പറഞ്ഞത്....

പക്ഷെ, അതിന്റെ മറുവശം ആലോചിച്ചാൽ ആശ്വാസത്തിന്നു വകയുണ്ടായിരുന്നു.
അവനെ പിരിച്ചു വിടാനല്ലെ പറഞ്ഞുള്ളു.... ! കയറ്റിവിടാൻ പറഞ്ഞില്ലല്ലൊ...?!
അതൊരുപക്ഷെ എന്നെ ആയിരുന്നെങ്കിലൊ...?
തീർച്ചയായും പിരിച്ചു വിടൽ മാത്രമായിരിക്കില്ല...!!
അതൊരു കയറ്റി വിടൽ കൂടി ആയിരിക്കും....!!!
എങ്കിലും...! ഞാൻ കാരണം....!!

ആർക്കും ഒരു സഹായവും ചെയ്തില്ലെങ്കിലും ആരേയും ഉപദ്രപിക്കാൻ ഇടവരരുതേ എന്ന
പ്രാർത്ഥനയായിരുന്നു എന്നും ദൈവത്തിന്റെ മുൻ‌പിൽ സമർപ്പിച്ചിരുന്നത്. എന്നിട്ടും അറിഞ്ഞൊ അറിയാതേയോ ഒരുത്തനെ പിരിച്ചു വിടുന്നതിനു ഞാനുമൊരു കാരണക്കാരനായിരിക്കുന്നു...!!

അതൊന്നും ഇനി ആലോചിച്ചിട്ടു കാര്യമില്ല. അവൻ ചെയ്ത തെറ്റിന്റെ ശിക്ഷ, ഒരു ‘ബൂമറാങ്’ പോലെ അവനിലേക്കു തന്നെ തിരിച്ചെത്തിയിരിക്കുന്നു....

അവനെ ഒന്നു നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, അവൻ പിന്നെ കടയിൽ വരികയുണ്ടായില്ല. അവൻ നേരത്തെ തന്നെ ഈ വിവരം അറിഞ്ഞിരിക്കും....

എന്റെ സഹ പ്രവർത്തകർക്കെല്ലാം വലിയ സന്തോഷമാണുണ്ടായത്.
പ്രത്യേകിച്ച് മലയാളികൾക്ക്..!!
കമ്പനിയുടെ ഒരു ശാപമാണ് പുറത്തു പോയത്...!!

അന്നു രാത്രി മുറിയിലെത്തിയപ്പോൾ ജോലി തിരിച്ചു കിട്ടിയതിനു മാത്രമല്ല, നാട്ടിൽ കയറ്റി വിടാതിരുന്നതിനും, പാര ഈജിപ്ഷ്യനെ കെട്ടു കെട്ടിച്ചതിനും കൂടിയുള്ള പാർട്ടി എന്റെ പേരിൽ അരങ്ങേറി...!!
എന്തിനും വർഗ്ഗീസേട്ടൻ തന്നെ മുൻപന്തിയിൽ...
എന്നും കുടിക്കുന്ന വർഗ്ഗീസേട്ടന്, ഇതു പോലൊരു കേസു കിട്ടിയാൽ പിന്നെ ആഘോഷിക്കാൻ മറ്റൊന്നും വേണ്ടല്ലൊ....
ഈ ആഘോഷത്തിന് ഞാനും പൂർണ്ണമായി യോജിച്ചു...
കുറെ ദിവസത്തെ ഉറക്കമില്ലാത്ത രാത്രികൾക്കു ശേഷം കിട്ടിയ ഈ സന്തോഷം ഞാനും
ആഘോഷിക്കാതിരിക്കുന്നതെങ്ങനെ......?!!
ആ രാത്രി പതിവുപോലെ പൂർവ്വാധികം ഭംഗിയോടെ തന്നെ ആഘോഷിച്ചു.
കോഴിയും ബീഫും ഒക്കെ കൂട്ടിനുണ്ടായിരുന്നു.....

പിറ്റെ ദിവസം കാലത്ത് കടയിലേക്കു പോകുമ്പോഴാണു വഴിയിൽ വച്ച് തൊട്ടു പുറകിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന തോമസ്സച്ചായന്റെ പരിഭവം പറച്ചിൽ... ഇന്നലത്തെ പാർട്ടിക്ക് ക്ഷണിച്ചില്ലെന്നു പറഞ്ഞ്. എന്റെ വിവരം പുള്ളിക്കാരനും അറിഞ്ഞിരിക്കുന്നു. ഒഴിഞ്ഞു മാറാൻ ആവുകയില്ല.

ഇനി ഒരു പാർട്ടി കൂടി ഫ്ലാറ്റിൽ നടത്താൻ പറ്റില്ല. എന്റെ അടപ്പു തെറിക്കും...!!
തോമസ്സച്ചായനേയും കൊണ്ട്, വർഗ്ഗീസേട്ടനറിയാതെ മറ്റെവിടേക്കെങ്കിലും പോണം..
ഫ്ലാറ്റിലെ എന്റെ ഉറ്റ സുഹൃത്തായ രാജേട്ടൻ ഇന്നലത്തെ പാർട്ടിയിൽ പങ്കെടുത്തിരുന്നില്ല. പുള്ളിക്കാരനേയും കൂട്ടണം. ഉടനെ തന്നെ അതു ചെയ്തില്ലെങ്കിൽ പിന്നെ അതൊരു കടമായി കിടക്കും.

“ശരി നമുക്ക് ഇന്നു തന്നെ നടത്തിക്കളയാം ചിലവ്. രാജേട്ടനേം വിളിക്കാം. പുള്ളിക്കാരന് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു....”

അങ്ങനെ അന്നു രാത്രി ഞാനും രാജേട്ടനും തോമസ്സച്ചായനും കൂടി അച്ചായന്റെ കാറിൽ ഒരു ബാർ ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി. അച്ചായനു നല്ല പരിചയം ഉള്ള ബാറിലേക്കാണു പോയത്. അടുത്തെങ്ങും കെട്ടിടങ്ങളില്ലാത്ത വിജനമായ ഒരു സ്ഥലത്താണ് കാർ നിറുത്തി ഇറങ്ങിയത്. അവിടെ ധാരാളം കാറുകൾ നിറുത്തിയിട്ടിരുന്നു.

ഞാൻ ചോദിച്ചു.
“ അച്ചായാ.. എന്തിനാ ഇത്ര ദൂരെ ഇറങ്ങിയത്...? ഹോട്ടലെവിടെ...?”
“ഹോട്ടൽ അങ്ങു ദൂരെ കാണുന്നതാ....”
അച്ചായൻ കൈ ചൂണ്ടി പറഞ്ഞു.
“അതിന്റടുത്തേക്കു പോയാൽ പാർക്കിങ് കിട്ടില്ല.
പാർക്കിങ് അന്വേഷിച്ച് കറങ്ങി തിരിഞ്ഞ് വീണ്ടും ഇവിടെത്തന്നെ വരേണ്ടി വരും...”


രാത്രി എട്ടു മണി കഴിഞ്ഞിരുന്നെങ്കിലും ചൂട് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഒരു കൊച്ചു കാറ്റു പോലും എങ്ങും വീശുന്നില്ല. ഈന്തപ്പന മരങ്ങൾ നിശ്ചലം നിൽക്കുന്നു. സ്വർണ്ണ നിറം തൂകി തെരുവു വിളക്കുകൾ നിര നിരയായി നിൽക്കുന്നതു കാണാൻ നല്ല ചന്തം.
സ്വർണ്ണനിറത്തിൽ കുളിച്ചു നിൽക്കുന്ന തെരുവീഥിയിലൂടെ സ്വർണ്ണനിറത്തിൽ ഞങ്ങളും വിയർത്തു കുളിച്ച് മുന്നോട്ടു നീങ്ങി.

ഹോട്ടലിനോട് അടുക്കുന്തോറും അച്ചായൻ പറഞ്ഞത് സത്യമല്ലെന്നു തോന്നി. ഇടക്ക് ഇഷ്ടം പോലെ കാർ പാർക്കിങ്ങിനുള്ള സൌകര്യങ്ങൾ ഉണ്ടായിരുന്നു. പിന്നെന്തിനായിരുന്നു വിയർത്തു കുളിച്ചുള്ള ഈ നടത്തം...?
അച്ചായനോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും എത്രയും പെട്ടെന്ന് ഹോട്ടലിനകത്തു കയറിപ്പറ്റാനുള്ള ധൃതിയിൽ ഞാനും അവരോടൊപ്പം നടന്നു. ഹോട്ടലിന്റെ പ്രധാനവാതിൽ കടന്നതും ഏസിയുടെ തണുത്ത അന്തരീക്ഷം വല്ലാത്ത ഒരു കുളിർമ്മയാണു തന്നത്.. കുറച്ചു നേരം
അവിടെത്തന്നെ നിന്നുപോയി....!

വിയർപ്പെല്ലാം ടൌവ്വൽ എടുത്ത് തുടച്ച് ശരീരം ഒന്നു തണുത്തതിനു ശേഷമാണ് സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയത്. അതൊരു ഇടത്തരം ഹോട്ടലായിരുന്നു. അച്ചായന്റെ പിന്നാലെയാണ് ഞങ്ങൾ രണ്ടു പേരും.

ഞാനും രാജേട്ടനും ആദ്യമായിട്ടാണ് ഇവിടെ ഒരു ബാർ ഹോട്ടലിൽ കയറുന്നത്.
ഇവിടത്തെ ബാർ മര്യാദകളെ കുറിച്ച് ഒരു പിടിത്തവുമില്ല. അറബി നാട്ടിൽ അറബി സ്റ്റൈൽ ആയിരിക്കുമല്ലൊ. അതു കൊണ്ടാണ് ഒരു അങ്കലാപ്പ്.

അകത്തേക്കു ചെല്ലുന്തോറും ജീവനക്കാർ മുഴുവൻ ഇൻഡ്യൻ മയമെന്നു തോന്നി....!
അതിലേറെയും സാരിയുടുത്ത മലയാളി മങ്കമാരെപ്പോലെ....!!
മങ്കമാരെ കണ്ടാലറിയാം ഇവിടത്തെ ഭക്ഷണത്തിന്റെ ഗുണം...!!
ആദ്യമായിട്ടായതു കൊണ്ടാകും അതൊരു വിസ്മയക്കാഴ്ചയായിരുന്നു...!!!

ജീവനക്കാരിൽ പലരും അച്ചായനെ കാണുമ്പോൾ വിഷ് ചെയ്യുന്നുണ്ട്. അച്ചായൻ അതിനനുസരിച്ച് തലയാട്ടുന്നുമുണ്ട്. ഒരു മൂലയിൽ കണ്ട വാതിലില്ലാത്ത കുഞ്ഞ് മുറിയിലേക്കാണ് അച്ചായൻ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്.

അവിടെ ഒരു വട്ട മേശയും അതിനു ചുറ്റുമായി നാലു കസേരകളും. ആദ്യം കണ്ട കസേര പുറകിലേക്ക് വലിച്ച് ഇരിക്കാൻ തുടങ്ങിയ അച്ചായൻ എതിർ വശത്തെ കസേര ചൂണ്ടി ഞങ്ങളോടും ഇരിക്കാൻ പറഞ്ഞു. ഞങ്ങളും വട്ടമേശക്കപ്പുറത്ത് ചുവരിനോട് ചേർന്ന ഓരൊ കസേര വലിച്ചിട്ടിരിക്കാൻ  തുടങ്ങിയതും പുറത്തുനിന്നും സാരിയുടുത്ത ഒരു ‘ചേച്ചി‘ ധൃതിയിൽ ചിരിച്ചു കൊണ്ടു  ഞങ്ങളുടെ നേരെ നടന്നു വരുന്നതു കണ്ടു.

“അച്ചായാ...” എന്ന വിളി കേട്ട് അച്ചായൻ തിരിഞ്ഞു നോക്കി. അച്ചായൻ ബഹുമാനപുരസരമൊ, സ്നേഹപുരസരമൊ എന്നറിയില്ല കസേരയിൽ നിന്നെഴുന്നേറ്റ് ചിരിച്ചു കൊണ്ട് വലതു കൈ അവരുടെ മുന്നിലേക്ക് നീട്ടി.

അവർ ആ കൈ പിടിക്കുക മാത്രമല്ല, മറ്റെ കൈ കൊണ്ട് അച്ചായനെ തടിച്ചു കൊഴുത്ത തന്റെ ശരീരത്തോട് ചേർത്തങ്ങു കെട്ടിപ്പിടിച്ചു....!!
ഇതെന്തിനുള്ള പുറപ്പാടാണെന്ന് മനസ്സിലാകാതെ കണ്ണും തള്ളി നിന്ന അച്ചായന്റെ വലത്തെ
കവിളത്ത് അവളുടെ വക ഒരു ചുംബനവും...!!!
എന്തോ കാണാത്ത കാഴ്ച കണ്ടതു പോലെ ഞെട്ടിത്തെറിച്ച ഞങ്ങൾ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് കണ്ണും തള്ളി നിന്നു....!

വിളറി വെളുത്ത അച്ചായന്റെ മുഖത്തു നോക്കി വലിയ സന്തോഷത്തോടെ അവൾ പറഞ്ഞു. “അച്ചായാ... അനിയത്തിയുടെ കല്യാണം കഴിഞ്ഞു... എല്ലാം ഭംഗിയായി നടന്നു...”
അവൾ ഇതുവരെ അനുഭവിക്കാത്ത ഒരു സന്തോഷം അനുഭവിക്കുന്നതായി
തോന്നി...!!
സന്തോഷക്കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു....
പിന്നെ കണ്ണുകൾ തുടച്ച് അവൾ ഞങ്ങളുടെ നേരെ കൈ ചൂണ്ടി അച്ചായനോട് ചോദിച്ചു. “ഇതാരൊക്കെയാ...?”
അച്ചായൻ ഞങ്ങളെ പരിചയപ്പെടുത്തി. അവൾ ഞങ്ങൾക്കും കൈ തന്നു.
അപ്രതീക്ഷിതമായ കാഴ്ച തന്ന എന്റെ വിറയൽ അപ്പോഴും മാറിയിരുന്നില്ല...!

അന്തരീക്ഷം ഒന്നു ശാന്തമായതോടെ ഞങ്ങൾ കസേരയിൽ ഇരുന്നു. അവൾ ചോദിച്ചു.
“ ആദ്യം ഭക്ഷണം വേണോ.. അതോ...?”
ഞങ്ങൾ ഉണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്. അച്ചായൻ പറഞ്ഞു.
“ആദ്യം പതിവു പോലെ തന്നെ ആയിക്കോട്ടെ.. അവർക്ക് ഓരോ ബിയർ, ഫോസ്റ്റർ മതി. എനിക്ക് ഒരു ഡബിൾ ലാർജ്.. പിന്നെ നട്സൊ, കശുവണ്ടിയോ കൂടി എടുത്തോ...”

അവർ പോയപ്പോൾ ഞങ്ങൾ അച്ചായനെ പൊരിച്ചു.
“എന്താ അച്ചയാ ഈ കണ്ടെ...?” ഞാൻ.
“ അച്ചായൻ ഇവിടത്തെ സ്ഥിരം കുറ്റിയാ അല്ലെ..? രാജേട്ടൻ.
“ഹ ഹ ഹ ..” അച്ചായൻ ഒന്നും പറയാതെ വെറുതെ ചിരിച്ചതേയുള്ളു. ഞങ്ങൾ പിന്നെയും ചോദ്യങ്ങൾ കൊണ്ടു പൊതിഞ്ഞു. അച്ചായൻ പറഞ്ഞു
“ നിങ്ങൾ വിചാരിക്കുന്നതു പോലല്ല കാര്യങ്ങൾ. ഇപ്പോൾ നിങ്ങൾ കണ്ടത് ഞാനും പ്രതീക്ഷിച്ചതല്ല.. അതു മറ്റു ചില കാര്യങ്ങൾ കാരണമാണ്. ഞാനത് പോകുമ്പോൾ പറയാം...”

അപ്പോഴേക്കും ഞങ്ങൾക്കുള്ള വെള്ളവുമായി അവർ എത്തിക്കഴിഞ്ഞിരുന്നു. അതോടെ സംഭാഷണം നിലച്ചു. അവർ ഞങ്ങൾക്ക് ബീയർ പൊട്ടിച്ച് ഗ്ലാസ്സിലൊഴിച്ചു തരാനും, അച്ചായന്റെ ഗ്ലാസ്സിൽ സോഡ ഒഴിച്ചു കൊടുക്കാനും നട്സ് പൊട്ടിച്ച് പാത്രത്തിൽ ഇട്ടു തരാനും അവൾ വലിയ ഉത്സാഹം കാണിച്ചു.

അതെല്ലാം അവരുടെ ജോലിയുടെ ഭാഗമായിരിക്കാം. പക്ഷേ, അതിലേറെ എന്തോ ഒരു അടുപ്പം അച്ചായനോടവർ കാണിക്കുന്നുണ്ട്...!

അച്ചായനെ ഞങ്ങൾക്ക് ഒരുപാടു കാലമായിട്ടറിയാവുന്നതാണ്. പെൺ വിഷയങ്ങളിൽ ഒന്നും ചെന്നു പെടുന്ന ആളല്ല. ദിവസവും കുടിക്കും. അതും മുറിയിലിരുന്നെ കുടിക്കാറുള്ളു. വെള്ളിയാഴ്ചകളിൽ മാത്രമാണ് ഒരു ചെയ്ഞ്ച് എന്ന രീതിയിൽ പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത്. എന്തായാലും അച്ചായൻ പിന്നെ പറയാമെന്നല്ലെ പറഞ്ഞത്. പോകുന്ന വഴി ചോദിക്കാം.

ഭക്ഷണം നല്ല സ്വാദുള്ളതായിരുന്നു. വലിയ വിലയുള്ളതൊന്നും ആയിരുന്നില്ല. കപ്പയും മീൻ‌കറിയുമായിരുന്നു. നാട്ടിൽ നിന്നും പോന്നതിനു ശേഷം ഈ വകയൊന്നും
ഉണ്ടാക്കാനൊ വാങ്ങിക്കഴിക്കാനൊ ശ്രമിച്ചിട്ടില്ല.
അതെങ്ങനെയാ.. മനസ്സമാധാനത്തോടെ ഒന്നു നിലത്തു നിന്നിട്ടു വേണ്ടെ....!!

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങാനായി മുൻ‌വാതിലിന്റെ അടുത്ത് എത്തിയപ്പോഴേക്കും അച്ചായൻ കൈ  നീട്ടി ഞങ്ങളെ തടഞ്ഞു.
“ഒരു മിനിട്ട്..... നിങ്ങൾ നേരെ പുറത്തിറങ്ങിയിട്ട് നമ്മുടെ കാറ് പാർക്ക് ചെയ്ത സ്ഥലമുണ്ടല്ലൊ. അതും കഴിഞ്ഞ് നിങ്ങൾ പതുക്കെ നടന്നൊ... നിങ്ങൾ ഹൈവേയിൽ എത്തുന്നതിനു മുൻ‌പേ ഞാൻ കാറുമായി എത്തിക്കോളാം.. ഞാൻ ഇപ്പോൾ നിങ്ങളോടൊപ്പം വരുന്നില്ല.... ശരി പൊക്കൊ...”

അതും പറഞ്ഞ് അച്ചായൻ അവിടെ നിന്നു. ഞങ്ങൾക്കാകെ പരിഭ്രമമായി... ഞാൻ ചോദിച്ചു
“ എന്താ അച്ചായാ.. എന്തെങ്കിലും കുഴപ്പമുണ്ടൊ.....?”
“ഹേയ് കുഴപ്പമൊന്നും ഉണ്ടായിട്ടല്ല..... നിങ്ങൾ നടന്നൊ... ഞാൻ വണ്ടിയിൽ വച്ച് എല്ലാം പറയാം...”

അതും പറഞ്ഞ് അച്ചായൻ ഞങ്ങളെ ഉന്തി തള്ളി പുരത്തേക്കു വിട്ടു. ഞങ്ങൾ പൊരിയണ ചൂടിൽ
ഇറങ്ങി നടന്നു. പുറത്തിറങ്ങിയതും വിയർത്തൊഴുകാൻ തുടങ്ങി. നടന്നു തുടങ്ങിയ ഞാൻ പതുക്കെ തിരിഞ്ഞു നോക്കി. അച്ചായൻ ഇനി ആ ചേച്ചിയെ കാണാനാണൊ അവിടെ നിന്നത് എന്നായിരുന്നു എന്റെ അപക്വമായ മനസ്സ് ചിന്തിച്ചത്.

അന്നേരം അച്ചായൻ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി ഞങ്ങൾക്കെതിരായി എതിർ വശത്തേക്കു നടന്നു പോകുന്നത് കണ്ടു. ഞങ്ങൾ അവിടെ നിന്ന് അച്ചായന്റെ പോക്ക് ശ്രദ്ധിച്ചു. അച്ചായൻ നടന്ന് അപ്പുറത്ത് ഒരു കെട്ടിടത്തിന്റെ വളവിൽ മറഞ്ഞു.
“ഈ അച്ചായൻ ആകെ ഒരു ദുരൂഹതയാണല്ലൊ തരുന്നത്...!!”
രാജേട്ടന്റെ വാക്കുകൾ ഞാനും ഏറ്റു പിടിച്ചു.
“എന്തായാലും നമുക്ക് നടക്കാം....” ഞങ്ങൾ വേഗം നടന്നു. അച്ചായന്റെ കാറ് കിടന്ന സ്ഥലവും കടന്ന് ഞങ്ങൾ മുന്നോട്ട് നീങ്ങി. നടന്നു നടന്ന് ഹൈവേയിൽ എത്തി. ചൂടു കാരണം ഞങ്ങൾ നിന്നില്ല. വീണ്ടും നടന്നു കൊണ്ടിരിക്കെ ഒരു വണ്ടിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
അച്ചായനായിരുന്നു....

വണ്ടി ഞങ്ങളുടെ അടുത്ത് കൊണ്ടു വന്നു നിറുത്തി. അകത്തു കയറിയ ഞങ്ങൾ അച്ചായന്റടുത്ത്, ഈ ചൂടത്ത് നടത്തിച്ചതിന് ചൂടായി. അതു കേട്ട് അച്ചായൻ ചിരിച്ചതേയുള്ളു. പിന്നെ പറഞ്ഞു.

“ നിങ്ങൾ ചൂടാവണ്ട... അതിനു കാരണമുണ്ട്. ആദ്യമായതു കൊണ്ട് നിങ്ങളത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
നമ്മൾ പുറത്തിറങ്ങാനായി വന്നപ്പോൾ ഗ്ലാസ്സ് ഡോറിനുള്ളിൽ കൂടി ഞാൻ കണ്ടിരുന്നു, രണ്ടു പേർ അവിടെ പുറത്ത് ഉലാത്തിക്കൊണ്ടിരിക്കുന്നത്. അവന്മാർ നമ്മളെപ്പോലെ കുടിക്കാൻ വന്നവരല്ല.
ഇവിടത്തെ രഹസ്യപ്പോലീസ്സാ....!!”

ഞാൻ പറഞ്ഞു. “ ബാ‍റിൽ വരുന്നത് കുടിക്കാനല്ലെ. അതിനു ലൈസൻസുള്ളതല്ലെ. പിന്നെ അവന്മാരെന്തിനാ പതുങ്ങി നിൽക്കണെ...?”
“ കുടിക്കാനുള്ള അനുമതിയുണ്ട്. പക്ഷെ, കുടിച്ചിട്ട് വണ്ടി ഓടിക്കാൻ ലൈസൻസുണ്ടൊ....?”
അതു കേട്ടതും ഞങ്ങൾക്കുത്തരം മുട്ടിപ്പോയി. അച്ചായൻ തുടർന്നു.

“ ബാറിൽ നിന്നിറങ്ങുന്നവർ വണ്ടിയെടുത്താൽ അവന്മാർ നമ്മുടെ പിന്നാലെ വരും. നമ്മുടെ ഡ്രൈവിങ്ങിൽ ചെറിയൊരു പാളിച്ച കണ്ടാൽ അവർ നമ്മളെ തടയും. പിന്നെ ഊതിക്കലായി, പിടിക്കലായി, കേസായി.. ഒന്നും പറയണ്ട.. അഞ്ഞൂറു ദിനാറാ മക്കളെ ഫൈൻ...!!”

അതോടെ അച്ചായനോട് തോന്നിയിരുന്ന ദ്വേഷ്യമെല്ലാം ആവിയായിപ്പോയി. എന്നിട്ടും എന്റെ സംശയം തീർന്നില്ല. അതുമായി അച്ചായന്റടുത്തെത്തി.

“ അങ്ങനെയെങ്കിൽ ഇപ്പോൾ അച്ചായൻ വണ്ടി ഓടിക്കുന്നതോ....?”
“അതിനല്ലെ ആ തട്ടിപ്പു നടത്തിയത്. ഞാൻ അങ്ങോട്ടും, നിങ്ങൾ ഇങ്ങോട്ടുമൊക്കെ നടന്നത്...! കാറ് അകലെ പാർക്കു ചെയ്തത്....! അവരുടെ കണ്ണു വെട്ടിക്കാൻ....!!”

‘അമ്പടാ വില്ലാ...’ അച്ചായന്റെ ബുദ്ധിയെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ...!!
വീടിനടുത്ത് കാറു നിറുത്തി ഇറങ്ങാൻ നേരം രാജേട്ടൻ ഓർമ്മപ്പെടുത്തി

“ അച്ചായാ... ആ ചേച്ചിയുമായുള്ള ഇടപാടു പറഞ്ഞില്ല...!!”

“ഹ ഹ ഹാ...” അച്ചായൻ ചിരിക്കിടെ പറഞ്ഞു.
“ഇപ്പോൾ പാതിര കഴിഞ്ഞു. കാലത്ത് ജോലിക്കു പോകണ്ടെ. ഇനി നാളെ പറയാം..”
“ അച്ചായാ... ചേച്ചിയുടെ ആ പിടുത്തം മനസ്സിൽ നിന്നും മായുന്നില്ലച്ചായാ....!!”
അതും പറഞ്ഞ് ഞങ്ങൾ ചിരിച്ചു മറിഞ്ഞു.

മുറിയിൽ വന്നു കിടന്നിട്ടും ഉറക്കം നാലയലത്തു പോലും വന്നില്ല....
കണ്ണൊന്നടച്ചാൽ അപ്രതീക്ഷിതമായ ആ രംഗം സ്ലോമോഷനിലെന്നോണം ഓടി വരും...!!
അച്ചായന്റെ ശരീരത്തിലമരുന്ന നിമ്‌നോന്നതങ്ങൾ ആ രാത്രിയിലെ ഞങ്ങളുടെ ഉറക്കം കെടുത്തി....!!


ബാക്കി അടുത്ത പോസ്റ്റിൽ.....

22 comments:

ഒരു യാത്രികന്‍ said...

ഒരു പത്തിരുപതു പ്രാവശ്യമെങ്കിലും ബഹറിനില്‍ വന്നിട്ടുണ്ടാവും. ഹാ...ഇപ്പൊ എല്ലാം പൂട്ടി പോയില്ലേ..എല്ലാം പഴയ കഥയാ അല്ലെ? പോരട്ടെ ബാക്കി...സസ്നേഹം

ramanika said...

ഇത്തവണ സസ്പെന്‍സ് അച്ചായന്റെ വക
താങ്കളുടെ സന്തോഷം ശരിക്കും വായിച്ചറിഞ്ഞു

പട്ടേപ്പാടം റാംജി said...

സസ്പ്പെന്‍സ്‌ എല്ലാ പോസ്റ്റിലും നിലനിര്‍ത്തണം അല്ലെ? ഓരോ നേരിയ ചലനങ്ങള്‍ പോലും സസൂക്ഷ്മം വിവരിക്കുന്നുണ്ട്. കാറോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും ആദ്യമായി ബാറില്‍ നിന്ന് ഉണ്ടായ അനുഭവവും എല്ലാം തനിമയോടെ പകര്‍ത്തി ഇത്തവണ.

Muralee Mukundan , ബിലാത്തിപട്ടണം said...

കൊക്കിന് വെച്ചത് ചക്കിന് കൊണ്ടതിഷ്ട്ടപ്പെട്ടു..കേട്ടൊ

പിന്നേയും
വായനക്കാരനെ മുൾമുനയിൽ നിറുത്തുവാൻ ഒരു ചേച്ചിയെ കൊണ്ടൂവന്നതും കലക്കി !

Kalavallabhan said...

ദൈവമേ ഇനിയെന്തൊക്കെ കാണണമോ ആവോ

krishnakumar513 said...

എന്തായാലും ടെൻഷനില്ലാത്ത ഒരു പോസ്റ്റ്.അ തേതായാലും നന്നായി!!

വീകെ said...

ഒരു യാത്രികൻ:ആദ്യമായിട്ടാണെന്നു തോന്നുന്നു ഇവിടെ അല്ലെ...വളരെ നന്ദി.
രമണിക:വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
പട്ടേപ്പാടം റാംജി:അഭിപ്രായത്തിനു വളരെ നന്ദി.
ബിലാത്തിചേട്ടൻ:അഭിപ്രായത്തിനു വളരെ നന്ദി.
കലാവല്ലഭൻ: വന്നതിനു നന്ദി.
കൃഷ്ണകുമാർ: വളരെ നന്ദി.

Anil cheleri kumaran said...

അച്ചായന്‍ ആളു കൊള്ളാലോ.

അഭി said...

പിന്നെയും സസ്പെന്‍സ് അല്ലെ

ഭായി said...

അച്ചായന്റെ അണ്ടർഗ്രൌണ്ട് കഥകൾ എന്താണെന്ന് അറിയാൻ ആകാംക്ഷയുണ്ട് :)
ആദ്യമായിട്ടാണ് ഇവിടെ. നല്ല എഴുത്ത്. സമയ ലഭ്യതയനുസരിച്ച് വീണ്ടും വരാം.

ഭായി said...

അച്ചായന്റെ അണ്ടർഗ്രൌണ്ട് കഥകൾ എന്താണെന്ന് അറിയാൻ ആകാംക്ഷയുണ്ട് :)
ആദ്യമായിട്ടാണ് ഇവിടെ. നല്ല എഴുത്ത്. സമയ ലഭ്യതയനുസരിച്ച് വീണ്ടും വരാം.

Ashly said...

ഹോ...ഒന്ന് ഒരു ലെവല്‍ ആയപ്പോ, ദേ അടുത്ത സസ്പെന്‍സ്....അല്ല, നിങ്ങല്ല്ക് അവിടെ സസ്പെന്സിന്റെ മൊത്ത കച്ചവടം ആണോ ? ;)

വീകെ said...

കുമാരൻ:
അഭി:
ഭായി:
ക്യാപ്റ്റൻ ഹഡ്ഡോക്:വന്നതിനും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദി.

ദിവാരേട്ടN said...

ഇത്രയും സൌകര്യങ്ങള്‍ അവിടെ ഉണ്ടെങ്കില്‍ പിന്നെ ദിവാരേട്ടന്‍ എന്തിന് മുംബയില്‍ തന്നെ കടിച്ചുതൂങ്ങി കിടക്കണം....
എന്റെ അമ്മോ... അടിപൊളി...

jyo.mds said...

ഈജിപ്ഷ്യന്‍ പാരയുടെ ബാധ ഒഴിഞ്ഞല്ലോ-ഇനി മനസ്സമാധാനമായി ജീവിക്കാമല്ലൊ-തുടരട്ടെ അടുത്ത വിശേഷം

ഹംസ said...

ഈജ്യപ്ഷന്‍റെ ജോലി പോവുന്നതോറ്റെ കഥ അവസാനിക്കുമോ എന്നായിരുന്നു ഭയം ..

വീ.കെ യുടെ എഴുത്ത് വായിക്കാനുള്ള സുഖം റാംജി പറഞ്ഞത് പോലെ ഒരോ വശങ്ങളും വള്ളി പുള്ളി വിടാതെ വിവരിക്കുന്നു എന്നുള്ളതാണ്.

വീകെ said...

ദിവാരേട്ടൻ:ഇതിലും സൌകര്യങ്ങൾ അവിടെയല്ലെ ദിവാരേട്ടാ...അക്കരപ്പച്ച നന്നല്ലാട്ടൊ....!വന്നതിനു നന്ദി.
ജ്യൊ:പാരയെ ഗാന്ധിമാർഗ്ഗത്തിലൂടെ ഒഴിപ്പിച്ചു.
വന്നതിനു വളരെ നന്ദി.
ഹംസ:അങ്ങനെയൊന്നും ഭയപ്പെടണ്ടാട്ടൊ... നിങ്ങളൊക്കെ ഇവിടെയുള്ളിടത്തോളം കാലം ഞാനും കാണും...!

ഗീത said...

അച്ചായന്‍ മിടുക്കന്‍ തന്നെ. ഇതിലെ സസ്പെന്‍സും മലപോലെ വന്നു നില്‍ക്കയാണ്. അടുത്ത ലക്കത്തില്‍ അത് എലിപോലെ പോവാതിരുന്നാല്‍ മതി. :)

Anees Hassan said...

ഇനി എന്താണ്

വീകെ said...

ഗീത: വന്നതിനും അഭിപ്രായത്തിനും നന്ദി.
ആയിരത്തിയൊന്നാം രാവ്:ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

ഇതുവരെ വന്നിട്ടും ഒന്നും പറയാതെ പോയവർക്കും എന്റെ സ്നേഹവും നന്ദിയും അറിയിക്കട്ടെ....

ശ്രീ said...

:)

Vayady said...

വീ കെയുടെ കുറച്ചു പോസ്റ്റുകള്‍ വായിക്കാന്‍ ഞാന്‍ വിട്ടു പോയിരുന്നു. കൊള്ളാം. വിവരണം തുടരട്ടെ...