Sunday 1 July 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ. (5)


നീണ്ടകഥ...

മഴയിലൊരു വിരുന്നുകാരൻ.... (5)



കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.
തുടർന്നു വായിക്കുക...

അഛനെന്ന  വിരുന്നുകാരൻ...


കാൽ നൂറ്റാണ്ടിലേറെ ഞാൻ ഒറ്റക്കായിരുന്നു ഗൾഫിൽ.
പക്ഷെ, ഒന്നിനും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വന്നിട്ടില്ല.
ഇവിടെ ഞാൻ പണിതുയർത്തിയ ഈ വീട്ടിൽ മക്കളുടെ മുൻ‌പിൽ കൈ നീട്ടി യാചിക്കേണ്ടി വരുന്ന അവസ്ഥ..! 
ഒരിക്കലും ഒരു സ്വപ്നത്തിൽ പോലും അങ്ങനെ ഒന്ന് ഞാൻ കണ്ടിരുന്നില്ല...!!
ജീവിതത്തിൽ പറ്റിയ മണ്ടത്തരങ്ങൾ എന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്നത്  അന്നാദ്യമായി എനിക്ക് ബോദ്ധ്യമാവുകയായിരുന്നു...!!’
  
ദിവസങ്ങൾ കഴിയവെ എന്റെ വീട്ടിൽ ഞാൻ ഒരധികപ്പറ്റായി മാറുകയാണെന്ന് തോന്നി. ഇളയ മകനും ഭാര്യയും കാലത്തെ തന്നെ ജോലിക്കു പോകും. അവർ രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ആ പരിചയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. മൂത്തവനും ജോലിക്കു പോയിക്കഴിഞ്ഞാൽ അവന്റെ ഭാര്യയും ഞാനുമാകും വീട്ടിൽ. അവൾക്ക് ജോലിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും നല്ല കാശൊള്ള വീട്ടിലേതാണ്. അതിന്റെ  കുറച്ച് അഹങ്കാരം കൂടിയുണ്ടായിരുന്നു അവൾക്ക്. 

തുടക്കത്തിൽ എന്നോട് നല്ല രീതിയിലാണ്  പെരുമാറിയതെങ്കിലും പോകെപ്പോകെ അവളിലും അഹങ്കാരം മുളപൊട്ടി.  എന്നും അനിയനും അനിയത്തിക്കും കൂടി രാത്രി ഭക്ഷണം ഉണ്ടാക്കേണ്ടതു കൊണ്ട് അവളെ ഒരു വേലക്കാരിയെപ്പോലെ അനിയത്തി കാണുന്നില്ലേയെന്ന ചിന്തയും, ഞാനെന്തിന് ഈ കിളവന്റെ കാര്യം നോക്കി ഇവിടെ കഴിഞ്ഞു കൂടണമെന്ന ചിന്തയും പല ദിവസങ്ങളിലും എന്നെ പട്ടിണിയാക്കി. ഭർത്താവ് പോയിക്കഴിഞ്ഞാൽ പിന്നാലെ അവളും ഇറങ്ങും ബന്ധുവീടുകൾ കറങ്ങാൻ. അധികവും അനിയത്തിക്കിട്ട് പാരവക്കുകയാണ് ലക്ഷ്യമെങ്കിലും ഫലത്തിൽ എന്നെയാ‍ണത് ബാധിച്ചത്.

കയ്യിൽ ഒരു ചില്ലിക്കാശില്ലാതെ പുറത്തിറങ്ങി നടക്കുമ്പോഴാണ്  ഒരു വീട്ടിൽ പെയിന്റിംഗ് നടക്കുന്നത് കണ്ടത്. വിശന്നു വയറു പൊരിയുമ്പോൾ ചുമ്മാ കുത്തിയിരിക്കുന്നതിൽ കാര്യമിമില്ലല്ലൊ. കിട്ടുന്ന സാദ്ധ്യത ഉപയോഗപ്പെടുത്തുക.
അവർ ജോലി  ചെയ്യാൻ ആളില്ലാതെ വിഷമിച്ചിരിക്കുപ്പോഴാണ് എന്റെ കടന്നു ചെല്ലൽ. പെയിന്റിങ്ങിനൊന്നും പോയി എനിക്ക് പരിചയമില്ലെങ്കിലും ഞാനും കൂടി അവരോടൊപ്പം. താഴെ നിന്നുള്ള ജോലികളൊക്കെ ബുദ്ധിമുട്ടില്ലാതെ ചെയ്യാമെങ്കിലും മുകളിൽ കയറേണ്ടി വന്നപ്പോഴാണ് എന്റെ ശരീരം അതിനു വഴങ്ങുന്നില്ലെന്നു മനസ്സിലായത്.

സാധാരണ പ്രവാസികൾ കൊണ്ടുനടക്കാറുള്ള സ്വന്തമായ ചില സമ്പാദ്യങ്ങൾ എനിക്കുമുണ്ടായിരുന്നു...!
കുറച്ച് കൊളസ്റ്ററോൾ, കുറച്ച് ഷുഗർ, പിന്നെ കുറച്ച് പ്രഷർ കൂടാതെ സാമാന്യം തരക്കേടില്ലാത്ത നടുവേദനയും, പിടിവിടാതെ എന്നേയും കൊണ്ടേ പോകൂ എന്ന വാശിയിൽ കുറച്ച് അൾസറും കൂട്ടത്തിൽ ഉണ്ടായിരുന്നു.”
“അൾസറോ..”  ഗൌരിക്കത് മനസ്സിലായില്ല.
“അതെന്തു രോഗാ...?”
നിമ്മിയുടെ ആ ചോദ്യം ആർക്കും ആ രോഗത്തെക്കുറിച്ച് അറിയില്ലെന്ന് തോന്നിയതിനാൽ മാധവൻ തനിക്കറിയാവുന്നതു പോലെ  വിശദമാക്കി.
“ഭക്ഷണം നേരെ ചൊവ്വെ നേരത്തിനും കാലത്തിനും കഴിക്കാത്തോണ്ട് ഉണ്ടാകുന്ന രോഗമാണത്...”
“ഗൾഫിൽ മാമന് ഭക്ഷണമൊന്നും കഴിക്കാൻ പറ്റുന്നുണ്ടായില്ലെ...?”
ഗൌരിയാണത് ചോദിച്ചത്.
“ഇല്ലാഞ്ഞിട്ടല്ല. കൃത്യ സമയത്ത് കഴിക്കാൻ പല കാരണങ്ങൾ കൊണ്ടും കഴിയാറില്ല. മുറിയിൽ ചോറു വച്ചിട്ട് ഹോട്ടലിൽ നിന്നും കഴിക്കാൻ മനസ്സു വരില്ല. അങ്ങനെ കഴിക്കാൻ പോയാൽ വീട്ടിൽ എന്റെ കൊച്ചുങ്ങ്‌ള് പട്ടിണി കിടക്കേണ്ടി വരും. കുറച്ച് വൈകിയാലും മുറിയിൽ ചെന്നിട്ട് കഴിക്കാമെന്നു വിചാരിച്ച് പച്ചവെള്ളം കുടിച്ച് കഴിച്ചു കൂട്ടും.. അങ്ങനെ കുടൽ ഉണങ്ങും. പിന്നെ വൃണങ്ങൾ  ഉണ്ടാവും.  അൾസറിനും ഷുഗറിനും മരുന്നു കഴിച്ചു കണ്ടിരുന്നതാ.. ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോൾ മരുന്നൊക്കെ തീർന്നു. പിന്നെ ദേവൂന്റെ അസുഖത്തിനിടക്ക് എന്റെ കാര്യം ഞാനും മറന്നു.”  

അതുകേട്ട് മൂവരുടേയും മുഖം മ്ലാനമായി.
"പിന്നെ ആ പണിക്ക് പോയോ...?”
നിമ്മിയുടെ ചോദ്യത്തോടൊപ്പം ലക്ഷ്മിയുടെ വക ഒരു ആത്മഗതം കൂടി പുറത്തുവന്നു.
“ജോലിയുള്ള രണ്ട് ആൺ‌മക്കളുണ്ടായിട്ടും...”
മാധവൻ വീണ്ടും പറഞ്ഞുതുടങ്ങി.
“ഞാൻ നിറുത്തിയില്ല. പിന്നേയും പെയിന്റ് പണി ചെയ്യാൻ പോയി. ആരുടെ മുന്നിലും കൈ നീട്ടി ശീലമില്ല. എന്റെ ഒരാളുടെ കാര്യം മാത്രം നടന്നാൽ മതിയല്ലൊ. ആ വീടിന്റെ പെയിന്റിങ് തീരുവോളം ഞാനുമുണ്ടായിരുന്നു..
അവസാനം നടുവേദന സഹിക്കാൻ വയ്യാതെ ആശുപത്രിയിൽ പോകാതെ തരമില്ലെന്നു വന്നു...

ആശുപത്രിയിൽ ചെന്നപ്പോഴാണ് തിരിച്ചറിയൽ കാർഡ് വേണമെന്നു പറഞ്ഞത്. അങ്ങനെയൊരു സാധനം ഇല്ലായിരുന്നു. ആകെയുണ്ടായിരുന്നത് പാസ്പ്പോർട്ടായിരുന്നു. അത് വീട്ടിലെത്തിയപ്പോൾ ദേവൂന്റെ കയ്യിലേൽ‌പ്പിച്ചതാണ്. പിന്നെ ഞാനത് കണ്ടിട്ടില്ല.
റേഷൻ കാർഡിലെ പേര് എന്നേ വെട്ടിക്കളഞ്ഞിരുന്നു...!
വോട്ടേഴ്സ് ലിസ്റ്റിലും പേരില്ലാതായിട്ട് കാലമെത്രയായി...!
ആ നാട്ടിൽ ആകെയുള്ള തിരിച്ചറിയൽ കാർഡ് എന്നു പറയുന്നത് ‘ദേവൂന്റെ ഭർത്താവ്’ എന്ന ലേബലായിരുന്നു...!
ദേവു പോയതോടെ ആ മേൽവിലാസവും ഇല്ലാതായി.

അങ്ങനെ ആശുപത്രിയിൽ നിന്നും നിരാശനായി പുറത്തിറങ്ങുമ്പോഴാണ് ഗേറ്റിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടുമുട്ടിയത്. അത് ഞാൻ പെയിന്റ് പണി ചെയ്ത വീട്ടിന്റെ ഉടമസ്ഥനായിരുന്നു. അയാളുടെ മകനായിരുന്നു അവിടത്തെ ഡോക്ടർ. അയാളോട് വിവരങ്ങൾ പറഞ്ഞപ്പോൾ സഹായിക്കാമെന്നേറ്റു. അയാളുടെ മകൻ വിശദമായിത്തന്നെ പരിശോധിച്ചു. സർക്കാരാശുപത്രിയല്ലെ. ടെസ്റ്റുകളൊക്കെ നടത്താൻ സൌകര്യമില്ലാതിരുന്നതുകൊണ്ട് പുറത്തേക്കെഴുതിത്തന്നു. എന്റെ രോഗങ്ങളൊക്കെ എനിക്കറിയാവുന്നതു കൊണ്ട് നടുവേദനക്കു മാത്രമുള്ള മരുന്ന് എഴുതിവാങ്ങി.
ഇനിയും ഇങ്ങനെ ജീവിച്ചിരിക്കാൻ എനിക്കാഗ്രഹമില്ലായിരുന്നു...
പക്ഷേ, സ്വയം മരിക്കാനും കഴിയില്ല.
എന്നാൽ വേദനിച്ചെങ്ങനെ കഴിയും...?

പക്ഷെ, ഞാൻ കൂലിപ്പണിക്ക് പോയതും സർക്കാരാശുപത്രിയിൽ പോയതും ഒക്കെ മക്കൾ രണ്ടു പേരുമറിഞ്ഞു. അവർക്കത് നാണക്കേടായത്രെ..! അവരുടെ ചോദ്യങ്ങൾക്കൊന്നും മറപടി പറയാൻ പോയില്ല. ഒരു വഴക്കിന് എന്തായാലും എനിക്ക് താൽ‌പ്പര്യമില്ലായിരുന്നു. 

ഞാൻ പിന്നെയും ജോലിക്കു പോയത് മക്കളുമായി ഒരു  തുറന്ന യുദ്ധത്തിനു കാരണമായി. പെയിന്റു പണിക്കു പോകുന്നത് അവർക്ക് നാണക്കേടാണെന്നു പറഞ്ഞതാണ് എന്നെ  ചൊടിപ്പിച്ചത്. പിന്നെ, എനിക്കു പറയാനുണ്ടായിരുന്നത് മുഴുവൻ ഞാനും പറഞ്ഞു. ശബ്ദം പൊങ്ങിയതോടെ വഴി വക്കിൽ ആളുകൾ കൂടിത്തുടങ്ങി. സഹിക്കാനാവാതെ വന്ന ഒരു സന്ദർഭത്തിൽ ഞാനും പൊട്ടിത്തെറിച്ചു. 
‘ഇതെന്റെ വീടാ.... ഒരു ജീവിതകാലം മുഴുവൻ മരുഭുമിയിൽ അദ്ധ്വാനിച്ചുണ്ടാക്കിയതാടാ ഞാനിത്... ഇവിടെ ഞാനെന്റെ ഇഷ്ടം പോലെ ജീവിക്കും....! നീയൊക്കെ ആരടാ എന്നെ ചോദ്യം ചെയ്യാൻ... മനസ്സില്ലാത്തവർക്ക്   ഈ വീട്ടീന്നു പോകാം...!!’ 
അതും പറഞ്ഞ് ഞാൻ നിന്ന് കിതച്ചു.  ശ്വാസം കിട്ടാതെ  നിലത്തേക്കിരുന്ന് നെഞ്ചുതടവി. പഴയ നെഞ്ചെരിച്ചിൽ ശക്തമായി വരുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു....”
“അങ്ങനെ തന്നെ വേണം...” നിമ്മിയും ഗൌരിയും ഒരേ സ്വരത്തിൽ പറഞ്ഞത് ലക്ഷ്മിയും സപ്പോർട് ചെയ്തെങ്കിലും  മാധവന്റെ തല താണുപോയത് മൂവരും ശ്രദ്ധിച്ചു.

മാധവൻ വീണ്ടും തുടർന്നു. 
“മക്കൾ രണ്ടു പേരും പുലികളായത് അതിനു ശേഷമാണ്.
‘ഈ വിടും പറമ്പും ഞങ്ങ്ടെ അമ്മയുടെ പേരിലാ... അഛന് ഇതിനകത്ത് ഒരവകാശവുമില്ല. ഞങ്ങ്ടെ ജീവിതത്തിലെ ഒരു കാര്യത്തിലും ഈ അഛനെ കണ്ടിട്ടില്ല. എന്നിട്ടിപ്പോൾ അവകാശവും പറഞ്ഞ് വന്നിരിക്കുന്നു...!!’
അതുകേട്ടതും ഞാൻ തളർന്നിരുന്നു പോയി...

അവർ പറഞ്ഞത് വാസ്തവമായിരുന്നു. ഞാനും ദേവൂം ഒരുമിച്ചാണ് ആ വീടും പറമ്പും പോയിക്കണ്ട് അഡ്വാൻസ് കൊടുത്തത്. അന്ന് മൂത്ത മകൻ മാത്രമെ ഉണ്ടായിരുന്നുള്ളു. അവൻ കുഞ്ഞായിരുന്നു താനും. പിന്നീട് ആധാരം ചെയ്യുമ്പോളൊന്നും ഞാനിവിടെയില്ലായിരുന്നു. ദേവൂന്റെ പേരിലാ വാങ്ങിയത്.  പുതിയ വീട് പണിയുമ്പോഴും ഞാനില്ലായിരുന്നു. എന്റെ ഭാര്യ, എന്റെ മക്കൾ എന്നതിനപ്പുറം  എനിക്ക് എന്ന ഒരു ചിന്തക്ക് എന്റെ മനസ്സിൽ സ്ഥാനമുണ്ടായിരുന്നില്ല...
അത് എത്ര മണ്ടത്തരമായിപ്പോയീന്ന് ഇന്നിനി ചിന്തിച്ചിട്ട് കാര്യമില്ലല്ലൊ.
മക്കളൊക്കെ ഇങ്ങനെയായിത്തീരുമെന്ന് അന്നോർക്കാനാവില്ലല്ലൊ.....

പിന്നെ നാട്ടുകാർ ഇടപെട്ട് തൽക്കാലത്തേക്ക് ഞങ്ങളെ  ശാന്തരാക്കിയെങ്കിലും ഞങ്ങളിൽ എരിയാത്ത ഒരു കനലായി അതങ്ങനെ കിടന്നു.  എന്റെ നടുവേദന പിന്നേയും ഇരിക്കപ്പൊറുതി തന്നില്ല. മരുന്ന് കഴിക്കൽ നിറുത്തിയതു കൊണ്ട് വയറ്റിലെ അൾസർ പതുക്കെ തലപൊക്കിത്തുടങ്ങിയതിന്റെ ലക്ഷണമായി ഒരു നെഞ്ചെരിച്ചിൽ കൂടെക്കൂടെ വരുന്നുണ്ടായിരുന്നു. അതു ഞാൻ കാര്യമാക്കിയില്ല.
പക്ഷെ, നടുവേദനയുടെ കാര്യം മക്കളുടെ മുൻപിൽ അവതരിപ്പിക്കേണ്ടി വന്നു.
മക്കളതിന് ഒരെളുപ്പ വഴിയും കണ്ടെത്തി...
ശാശ്വതമായ ആ പരിഹാരം എനിക്കും സമ്മതമായിരുന്നു...
എത്രവന്നാലും ഞാനവരുടെ അഛനല്ലാതെ വരില്ലല്ലൊ...?
ആ സ്നേഹം മക്കൾക്കില്ലാതിരിക്കുമോ...?

തുടരും...

17 comments:

A said...

കഥ നന്നാകുന്നു, അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു

ramanika said...

തുടരട്ടെ ........

ajith said...

വായിക്കുകയാണ്. നോവോടെ..

aboothi:അബൂതി said...

തുടരുക.. പിന്നാലെയുണ്ട്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

യാഥാര്‍ത്ഥ്യം പലപ്പോഴും കഥകളെക്കാള്‍ കടൂപ്പമാണല്ലെ

അല്ല ഞാന്‍ ഒന്നു ചോദിച്ചോട്ടെ

കഥ എഴുതുമ്പോള്‍ വല്ല രസമുള്ളതും എഴുതിക്കൂടേ

ഈ പണ്ടാരമൊക്കെ വായിച്ച്‌ ഉള്ള മൂഡു കൂടി പോകും

ശ്രീ said...

തുടരട്ടെ, മാഷേ

Anonymous said...

It is real life of every one who work for the family.

പട്ടേപ്പാടം റാംജി said...

തുടര്‍ന്നോട്ടെ...പിന്നാലെ ഉണ്ട്.

Cv Thankappan said...

'കഥയല്ലിതു ജീവിതം.....'
നന്നാവുന്നുണ്ട്. ആശംസകള്‍

വീകെ said...

സലാം: വരവിനും വായനക്കും വളരെ നന്ദി.
രമണിക: വളരെ നന്ദി മാഷെ.
അജിത്: സന്തോഷം വായനക്ക് വളരെ നന്ദി.
അബൂതി: വളരെ നന്ദി.
ഇൻഡ്യാഹെറിറ്റേജ്: യഥാർഥ്യം പലപ്പോഴും അങ്ങനെയാണെങ്കിലും ഇതൊരു കഥ മാത്രമല്ലെ. പല സന്ദർഭങ്ങളിൽ നാം വായിച്ചും കേട്ടും അറിഞ്ഞ അവിശ്വസനീയ കാര്യങ്ങൾ ചേർത്തു വച്ചൊരു കഥ രൂപപ്പെടുത്തിയെന്നു മാത്രം. കഥയെ കഥമാത്രമായി കണ്ടാൽ നല്ല മൂടു നഷ്ടപ്പെടാതിരിക്കും. വായനക്ക്, അഭിപ്രായത്തിന് വളരെ നന്ദി.
ശ്രീ: വായനക്ക് വളരെ നന്ദി ശ്രീ.
അനോണിമസ്: നല്ലതു പറയാനും മറയിൽ നിൽക്കണൊ..? എന്നെ ചീത്ത പറയാൻ നേരം മറഞ്ഞു നിന്നാൽ പോരെ...? വായനക്കും നല്ല അഭിപ്രായത്തിനും വളരെ നന്ദി.
പട്ടേപ്പാടം റാംജി: താങ്കളെപ്പോലുള്ളവരുടെ വായനയാണ് എന്റെ കരുത്ത്. എന്റെ കുറവുകൾ പറഞ്ഞു തരാനും മനസ്സുണ്ടാകണം. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
സിവി.തങ്കപ്പൻ: ‘ജീവിതമല്ലിത് കഥ.. കഥമാത്രം...’ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

പഥികൻ said...

തുടരട്ടെ,,,കൂടെയുണ്ട്

Shahid Ibrahim said...

തുടരട്ടെ, മാഷേ കൂടെയുണ്ട്

Kalavallabhan said...

പല മനസ്സുകളിലും നോവും ഭയവുമൊക്കെ പടർത്തുന്നു..

വീകെ said...

പഥികൻ: വരവിനും വായനക്കും നന്ദി മാഷെ.
ഷാഹിദ് ഇബ്രാഹിം: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി.
കലാവല്ലഭൻ: അത്തരമൊരു ഭയത്തിന്റെ ആവശ്യമില്ലല്ലൊ മാഷെ. കഥയിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ കാണാൻ പ്രയാസമാ...?! നന്ദി.

ഉദയപ്രഭന്‍ said...

കഥ ഇഷ്ടമായി.ഞാന്‍ പിന്തുടരുന്ന

ബെന്‍ജി നെല്ലിക്കാല said...

ഇന്നാണ് ഇവിടെയെത്തിയത്. കഥ വായിച്ചു. ഇഷ്ടപ്പെട്ടു. ഇനി മുന്‍ അധ്യായങ്ങള്‍ ഒന്നു വായിക്കട്ടെ... തുടരുക. ആശംസകള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

തിരക്കിനിടയിൽ ഇവിടേയും ഒന്ന് വന്ന് ഓടിപ്പോകുകയാണ് കേട്ടൊ ഭായ്