Monday 15 September 2014

നോവൽ. മരുഭൂമി. (24)


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി.
സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി.

തുടർന്നു വായിക്കുക...

മൂന്ന് അഞ്ചിന്റെ സിഗററ്റ്...

ഇവന്റെ തലക്ക് വല്ല കുഴപ്പവുമുണ്ടോന്ന് ഞാൻ കണ്ണുകൾകൊണ്ട് അബ്ദുളിനോട് ചോദിച്ചു. അയാളും അങ്ങനെ സംശയമുണ്ടെന്ന മട്ടിൽ തല കുലുക്കി.
“അല്ല. ഈ പള്ളിയിൽ എങ്ങനെ വന്നു പെട്ടു...?”
“അതാ ഞാൻ പറഞ്ഞെ.. എല്ലാ പാപങ്ങളും അനുഭവിച്ചു തീർക്കാൻ എന്റെ ബാപ്പ ചെയ്ത കൊലച്ചതിയാ.. ഏസിയും വെള്ളവും ഭക്ഷണവും ഇല്ലാത്ത, മനുഷ്യരാരും താമസിക്കാത്ത ഈ കുഗ്രാമത്തിലെ ആ പള്ളിയിലെ ‘തൂത്തു തുടച്ചു വൃത്തിയാക്കൽ’ പണി...!!?”
അത് ഞങ്ങൾക്ക് ‘ക്ഷ’ പിടിച്ചു...!

അന്നു മുതൽ ഞങ്ങൾ കൂട്ടുകാരായി...
ഭക്ഷണം ഉൾപ്പടെ ഞങ്ങൾ പങ്കു വച്ചു.
സീക്കുവിന് കമ്പനി ഇരുന്നൂറ് റിയാൽ കൊടുത്തിരുന്നു. അത് ഒരാഴ്ചകൊണ്ട് കാലിയാക്കി. തീർന്നു പോയത് അറിഞ്ഞില്ലത്രെ. അത് കിട്ടിയപാടെ ആദ്യം വാങ്ങിയത് മൂന്ന് 5-ന്റെ സിഗററ്റാണ്. കാരണം നാട്ടിൽ വച്ച് ഒരു ഗൾഫ്കാരൻ അയാളെ കൊച്ചാക്കിയത്രെ.
സീക്കുവിന് റോത്ത്മാൻ സിഗററ്റ് ഒരെണ്ണം കൊടുത്തിട്ട് ഗൾഫ്കാരൻ 555-ന്റെ സിഗററ്റ് കത്തിച്ച് വലിച്ചുവത്രെ. അന്ന് സീക്കു ശപഥം ചെയ്തു, ഗൾഫിലെങ്ങാൻ പോകാൻ ഭാഗ്യം കിട്ടിയാൽ 555 മാത്രമേ വലിക്കൂന്ന്. ഉണ്ടില്ലെങ്കിലും 555-ന്റെ കാര്യം മാത്രം മറന്നില്ല. ആഡ്വാൻസ് കിട്ടിയ ഇരുന്നൂറ് തീരാൻ ഒരാഴ്ച പോലും എടുത്തില്ല. തീരുമ്പോൾ വീണ്ടും കിട്ടുമെന്നായിരുന്നു പ്രതീക്ഷ.
പക്ഷേ, ഈ പള്ളിയിൽ വന്നിട്ട് അറബികൾ വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റികളുടെ പേര് നോക്കാൻ പോലും സീക്കു നിന്നില്ല. കിട്ടിയ കുറ്റികളെല്ലാം പെറുക്കിയെടുത്ത് വലിച്ചാണ് ജീവൻ നില നിറുത്തിയത്...!
ഇപ്പോൾ ഞങ്ങൾ കൊടുത്ത ‘ലണ്ടൻ’ സിഗററ്റിനും 555-ന്റ് സ്വാദാത്രെ...!

നിന്ന നിൽ‌പ്പിൽ കാര്യങ്ങൾ കവിതയായി ചൊല്ലാൻ ആള് മിടുക്കൻ....!
ശരിക്കും നിമിഷ കവിയെന്ന് പറയാവുന്നത്ര കഴിവുള്ളവൻ...
പ്രസംഗവും വഴങ്ങും. ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവ പ്രാസംഗികനായിരുന്നു.
കാറുമായി വന്ന് വിളിച്ചു കൊണ്ടു പോകുമായിരുന്നു.
പിന്നെപ്പിന്നെ അവരൊക്കെ തഴഞ്ഞു.
കാരണം നാട്ടിലെ പെണ്ണുങ്ങൾക്ക് കിടക്കപ്പൊറുതിയില്ലെങ്കിൽ അവരും നാറൂല്ലെ...!
ഡിഗ്രിക്ക് പോയെങ്കിലും മുഴുവനാക്കിയില്ല. കോളേജീന്ന് പുറത്താക്കി.
കാരണം പഴയതു തന്നെ.

വിശുദ്ധ ഗ്രന്ധങ്ങളായ ബൈബിളും ഖുറാനും ഭഗവദ് ഗീതയും അരച്ചു കലക്കി കുടിച്ചിട്ടുണ്ട്. അതുകൊണ്ടാണൊ വട്ടായതെന്ന് ഞങ്ങൾ മൂവരും സംശയിച്ചു.
ഇത്രയൊക്കെ ഉണ്ടെങ്കിലും സീക്കു ഒരു പെണ്ണിന്റേയും പിറകെ പോയിട്ടില്ലത്രെ...!
എല്ലാവരും അവന്റെ പിറകെ വരികയായിരുന്നു...
അങ്ങനെ ആരെങ്കിലും വന്നാൽ അയാൾ വിടുകയുമില്ല.

പിന്നെ ഒരു കാര്യമുള്ളത്, ഒരു പെണ്ണിനോടും മറ്റേ പെണ്ണിന്റെ കാര്യം അറിയിക്കാതെ കൊണ്ടു നടക്കാൻ മഹാ വിരുതൻ. എപ്പോഴെങ്കിലും ഒരുവളെ മടുക്കുമ്പോൾ (അടി പാഴ്സൽ വരുമെന്ന് സംശയം തോന്നുമ്പോൾ) മറ്റേ പെണ്ണിന്റെ കാര്യം അബദ്ധവശാലെന്നോണം എടുത്തിടും. അതോടെ അവൾ ഒരു കരച്ചിലും പിഴിച്ചലും നടത്തി സ്വയം വിരമിക്കും.

തൊട്ടയൽ‌പക്കത്തെ പെൺ‌ക്കൊച്ചിനെയാണ് അവസാനം കൊണ്ടു നടന്നത്.
അതിത്തിരി പിശക് പറ്റി...
പാവം പെണ്ണായിരുന്നു...
വല്ലാതെ വിശ്വസിച്ചു പോയി...
മുൻ‌കരുതലൊന്നും എടുത്തില്ല...!
കുളി തെറ്റിയത് പെണ്ണിന്റെ അമ്മക്ക് മനസ്സിലായി...
അതോടെ അടിയായി പിടിയായി നെഞ്ചത്തടിയായി വീട്ടിനകത്ത് ആകെ ബഹളം...
വിവരം രഹസ്യമായി കേട്ട സീക്കുവിന്റെ  ഉമ്മ ബാപ്പാനെ വിവരം ധരിപ്പിച്ചു.
പിന്നെ സീക്കു വീട്ടിലെത്തിയില്ല...!
ഇടക്കു വച്ച് ബാപ്പ സീക്കുവിനെ തട്ടിക്കൊണ്ടു പോയി ബോംബെ വഴി ഇൻഡ്യക്ക് വെളിയിൽ കൊണ്ടു കളയാൻ ഏർപ്പാടാക്കി...!
ആ ഏർപ്പാടാ... ഇവിടം വരെ എത്തിയത്.

ഭക്ഷണം കൂടാതെ അത്യാവശ്യം സിഗററ്റു പോലുള്ള ചിലവിനും കാശ് ഞങ്ങൾ തന്നെ കൊടുക്കണം...
‘വേലിക്കിലിരുന്ന പാമ്പിനെയെടുത്ത് കഴുത്തിലിട്ടെന്ന് ’ പറഞ്ഞതുപോലെയായി ഞങ്ങളുടെ സ്ഥിതി.
കണക്കെല്ലാം ഞങ്ങൾ എഴുതിവക്കും.
എന്നെങ്കിലും അയാൾക്ക് ശമ്പളം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല.
‘ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്നാണല്ലൊ’ പ്രമാണം.
കയ്യിൽ വരുന്ന സിഗററ്റെല്ലാം കുമാകുമാന്ന് വലിച്ച് തള്ളും.
വായിൽ നിന്നും പുക വളയങ്ങളായി അന്തരീക്ഷത്തിൽ വിട്ട് രസിക്കുന്നത് ഹോബി.

അന്നൊരിക്കൽ ഉച്ചക്ക് ഊണു കഴിഞ്ഞ് സിഗററ്റിനായി കൈ നീട്ടിയപ്പോൾ ആരുടെ കയ്യിലും ഇല്ലായിരുന്നു. വാങ്ങിക്കൊണ്ടു വന്നാൽ വലിക്കാമെന്നായി ഞങ്ങൾ.
ഞങ്ങൾ ഈ വെയിലത്ത് പോകാറില്ല. സന്ധ്യ മയങ്ങും‌ നേരത്താണ് കടയിൽ പോക്ക്. സീക്കുവിന് അപ്പോൾത്തന്നെ വലിച്ചേ തീരു.
അവൻ കാശും വാങ്ങി ആ  പൊരിയണ വെയിലത്ത് ഒറ്റക്ക് നടന്നു.
മൂന്നു കിലോമീറ്റർ പോകണം.
ഇടക്കെങ്ങും ഒരു തണൽ പോലും ലഭ്യമല്ല.

കുറേ നടന്നപ്പോൾ ഒരു ജീപ്പ് വന്നു.
ഡ്രൈവർക്ക് സീക്കുവിന്റെ പൊരിവെയിലത്തെ നടത്തം കണ്ടപ്പോൾ സഹതാപം തോന്നി. അയാൾ സീക്കുവിന്റെ അടുത്ത് വണ്ടി നിറുത്തി. ഡോർ തുറന്നു കൊടുത്ത് കയറാൻ പറഞ്ഞു. സീക്കുവിന്  ആ മനുഷ്യനോട് തോന്നിയ ബഹുമാനത്തിനും നന്ദിക്കും കണക്കില്ലായിരുന്നു.
അത് മുഴുവൻ കയറി ഇരുന്ന ഉടനെ ഒരു താങ്ക്സിലൂടെ അറിയിച്ചു...!
അത് കേട്ടതും ഡ്രൈവർക്ക് ഒരു  സംശയം.
ഉടനെ ചോദിച്ചു.
“നിന്റെ  പേരെന്താ...?”
“സീക്കു..”
“എന്താ...?!”
“സീ..ക്കൂ...!!”
“നീയെവിടെ ജോലി ചെയ്യുന്നു...?”
അവൻ ആലോചിച്ചു. പള്ളിയിലാണെന്നു പറയണ്ട. ക്ളീനിങ് ജോലിയാണെന്നു പറയേണ്ടി വരും. അത് കുറച്ചിലാ. ആശുപത്രിയിലാണെന്നു പറയാം. അതാകുമ്പോൾ ഒരു നിലയും വിലയുമൊക്കെ ഉണ്ടല്ലൊ.
“ആ‍ശുപത്രീലാ...!”
“എവിടെ..?!”
“ആ ആശു..പത്രിയിലാ...!!”
ഡ്രൈവർ ഒന്നു ഞെട്ടിയോ എന്തോ..!

ആശുപത്രിയിൽ മുസ്ലീമല്ലാത്ത രണ്ടു പേരുണ്ടെന്ന് അറിയാം. അവരെ അത്ര പരിചയമില്ലെങ്കിലും  അവരിലൊരുത്തനാവും ഇവൻ...!
സീക്കുവിന്റെ മുഖത്തു നോക്കി ബ്രേക്കിൽ ഒറ്റച്ചവിട്ട്...!?
സീക്കുവിന്റെ നെഞ്ചിൻ മുന്നിലൂടെ കയ്യിട്ട് ഡോർ തുറന്ന് ഒരാക്രോശം....
“ഇറങ്ങടാ.. പുറത്ത്....!!”
സീക്കുവിന് ഒന്നും മനസ്സിലായില്ല. വായും പൊളിച്ച് പേടിച്ചിരിക്കുന്ന സീക്കുവിനെ നോക്കി അയാൾ അലറി.
“ഇറങ്ങടാ പട്ടി എന്റെ വണ്ടീന്ന്...! കാഫറുങ്ങൾക്ക് കേറിയിറങ്ങാനുള്ള വണ്ടിയല്ലിത്...!!”
അത് സീക്കുവിന് പെട്ടെന്ന് മനസ്സിലായി. വണ്ടിയിൽ നിന്നും ചാടിയിറങ്ങിയ സീക്കു അയാളുടെ മുഖത്തു നോക്കി കാറിത്തുപ്പിയിട്ട് ചീറ്റി.
“ഞാനല്ലെടാ കാഫർ നീയാ കാഫർ... !”
അതും പറഞ്ഞ് വിശുദ്ധ ഖുറാൻ മനഃപ്പാഠമാക്കിയിട്ടുള്ള സീക്കു ഒന്നു രണ്ടു ശ്ലോകങ്ങൾ നീട്ടിയങ്ങു ചൊല്ലി.  അതു കഴിഞ്ഞ് വണ്ടിക്കിട്ട് രണ്ടു ചവിട്ടും കുത്തുമൊക്കെ കൊടുത്ത് ദ്വേഷ്യത്തോടെ പറഞ്ഞു.
“പോടാ.. കാ‍ഫറേ.. പോടാ...!!”
ഇവന്റെ ഭ്രാന്ത് കണ്ട് ഒന്നു വിരണ്ടു പോയ അയാൾ വണ്ടി വിട്ടെങ്കിലും, കുറച്ചു ദൂരം ചെന്നപ്പോഴാണ് ഓർത്തത്, ആ കാഫറുക്കെങ്ങനെ ഖുറാൻ അറിയാം. അവൻ പറഞ്ഞതത്രയും ഖുറാനിലെ വചനങ്ങളാണല്ലൊ. അതും ഇത്രക്ക് തെറ്റാതെ ഈ കാ‍ഫറുക്കെങ്ങനെ ചൊല്ലാൻ പറ്റി....!!?” അതൊടെ വണ്ടി ചവിട്ടി നിറുത്തി.

സീക്കു പറഞ്ഞ ചീത്തയൊക്കെ പച്ച മലയാളത്തിലായതോണ്ട് അയാൾക്ക് പൂർണ്ണമായി മനസ്സിലായില്ലെങ്കിലും ഖുറാൻ വാചകങ്ങൾ പറഞ്ഞത് അയാൾക്ക് വെള്ളം പോലെ മനസ്സിലായിരുന്നു.
അയാൾ വണ്ടി പിന്നോട്ടെടുത്തു.
വണ്ടി പിന്നോട്ട് വരുന്നതു കണ്ട സീക്കു ഒരു നിമിഷം സംശയിച്ചു...!
ഞാൻ പറഞ്ഞ ചീത്തയത്രയും അയാൾക്ക് മനസ്സിലായോ എന്തൊ...!
സംഗതി കുഴപ്പമായോ.... ഓടിയാലോ...?
നിന്ന നിൽ‌പ്പിൽ നാലുപടും ഒരു പതറിച്ചയോടെ നോക്കി...!
പെട്ടെന്ന് ഓടി രക്ഷപ്പെടാനുള്ള ഒരു പഴുതും കണ്ടില്ല.
അപ്പോഴേക്കും വണ്ടി സീക്കുവിന്റെ മുന്നിൽ എത്തി ബ്രേക്കിട്ടു...!
പഴയതു പോലെ ഡോർ തുറന്നിട്ട് കയറാൻ ക്ഷണിച്ചു.
അഭിമാനിയായ സീക്കുവുണ്ടൊ വിടുന്നു.
കാലു കൊണ്ട് ഡോർ ചവിട്ടിയടച്ചിട്ട് കിടന്ന് അലറി.
“നീ ഇനി ആന തരാമെന്നു പറഞ്ഞാലും നിന്റെ വണ്ടിയിൽ ഞാൻ കേറില്ലടാ പട്ടി... പോടാ.... നീ നിന്റെ പാട് നോക്കി പോ...!!?”
അതും പറഞ്ഞ് ദ്വേഷ്യത്തിൽ കാർപ്പിച്ച് ഒരു തുപ്പും തുപ്പി സീക്കു നെഞ്ചു വിരിച്ച് മുന്നോട്ട് നടന്നു...!
അതും സ്ലോമോഷനിൽ...!

ഒരു പുതിയ അവതാരത്തെ കണ്ടിട്ടെന്നോണം അയാൾ തന്റെ സീറ്റിൽ ചാരിയിരുന്ന് സീക്കുവിന്റെ ആരേയും കൂസാതെയുള്ള പോക്ക് നോക്കി അന്തം വിട്ടിരുന്നു.
അയാളുടെ ജീവിതത്തിലെ ആദ്യാനുഭവം ആയിരിക്കും...!
അയാൾക്ക് തന്നെ തോന്നിക്കാണും ഇവനൊരു ഭ്രാന്തൻ തന്നെ...!
അതുകൊണ്ട് ആ ഭ്രാന്തനോട് പിന്നെ സംസാരിക്കാൻ പോയില്ല.

സിഗററ്റും വാങ്ങി രണ്ടു മൂന്നെണ്ണം ഒറ്റയടിക്ക് കത്തിച്ച് വലിച്ച്, തിരിച്ചു വന്ന് റോട്ടിൽ വച്ചു നടന്ന സംഭവം ഏകാഭിനയ ചാതുര്യയോടെ അവതരിപ്പിക്കുമ്പോഴാണ് ഞങ്ങൾ മൂവരും ഞെട്ടിയത്..!
ആ ജീപ്പുകാരൻ ഈ ഗ്രാമത്തിന്റെ പ്രധാന ‘മുത്തവ’ ആയിരുന്നു...!!!
നിസ്ക്കാര സമയങ്ങളിൽ രണ്ടോ മൂന്നോ പോലിസ്സുകാർ അകമ്പടി ആയി ഉണ്ടാകും കൂടെ.
‘അമീർ’ കഴിഞ്ഞാൽ ഒരു പക്ഷെ, ഗ്രാമീണർ ഏറ്റവും പേടിക്കുന്ന അധികാരി ഇദ്ദേഹമായിരിക്കും...!
‘മുത്തവ’ ആശുപത്രിയിൽ വരുമ്പോൾ മാനേജർ ഉമ്മറും ഡോക്ടർമാരും വളരെ ഭവ്യതയോടേയും ബഹുമാനത്തോടെയും പെരുമാറുന്ന ഒരേയൊരു വ്യക്തി...!
സീക്കുവിന്റെ പള്ളിയുടെ പ്രധാനിയും ഈ മുത്തവ തന്നെ..!!
മുത്തവയെക്കുറിച്ച് കേട്ട സീക്കു ഞെട്ടി വിറച്ചു....!!!
വാങ്ങിക്കൊണ്ടു വന്ന സിഗററ്റിൽ ഒരു പായ്ക്കറ്റ് ഇരുന്നയിരുപ്പിൽ വലിച്ചു തീർത്തു...!!!

ബാക്കി  ഒക്ടോബർ 1-ന്....  പുതിയ മക്കീന...

18 comments:

Cv Thankappan said...

നാടുകടത്തി ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഇപ്പോഴും ഇഷ്ടന് നാട്ടിലെ മട്ടാണല്ലോ!
ആള് മോശമില്ല!!!
ആശംസകള്‍

Pradeep Kumar said...

സീക്കുവിനെപ്പോലുള്ള ചില രസികൻ കഥാപാത്രങ്ങളെ സാധാരണജീവിതത്തിലും കണ്ടിട്ടുണ്ട്. ഇത്തവണ വായന ഏറെ രസകരം. സീക്കുവിനെപ്പറ്റി കൂടുതൽ അറിയാൻ താൽപ്പര്യം....

പട്ടേപ്പാടം റാംജി said...

ഇത്തവണത്തെ എഴുത്ത് ശൈലിക്ക് വളരെയധികം ഒഴുക്കും രസവും വരുത്തിയിരിക്കുന്നത് പോലെ അനുഭവപ്പെട്ടു. മുന്‍ അധ്യായങ്ങളെ അപേക്ഷിച്ച് ശൈലി വ്യത്യാസപ്പെട്ടിരിക്കുന്നതായി വായനയില്‍ അനുഭവപ്പെട്ടു. വാചകങ്ങള്‍ വളരെ കുറുക്കിയും വായനയെ കൂടുതല്‍ രസകരമാക്കി പോകുന്നത് പോലെയും തോന്നി. വായന പെട്ടെന്ന് അവസാനിച്ചത് പോലെ....

© Mubi said...

സീക്കു ആള് കൊള്ളാട്ടോ...

വിനുവേട്ടന്‍ said...

ആഹാ... കടുവയെ പിടിച്ച കിടുവയോ... മുത്തവയുടെ നെഞ്ഞത്ത് തന്നെയാണല്ലോ കയറി മെതിച്ചത്...

പിന്നെ റാംജിഭായ് പറഞ്ഞത് ശരിയാ... ഈ ലക്കത്തിന് നല്ല ഒഴുക്കുണ്ടായിരുന്നു... നാട്ടിലെ കാറ്റേറ്റതിന്റെ വ്യത്യാസമാണോ അശോകൻ മാഷേ?

ajith said...

സീക്കു... നിന്റെ കാര്യം പോക്കു!

keraladasanunni said...

സീക്കു മനസ്സുവെച്ചാല്‍ കൂട്ടുകാരുടെ മുഖത്ത് വല്ലവന്‍റേയും കൈ പതിയും. രസികന്‍ 
കഥാപാത്രം. ഈ അദ്ധ്യായം പെട്ടെന്ന് വായിച്ചുതീര്‍ന്നതുപോലെ. തോന്നുന്നു.

ramanika said...

വായിച്ചു കഴിഞ്ഞിട്ടും സീക്കുമനസ്സില്‍ തന്നെ നില്‍ക്കുന്നു ....................

വീകെ said...

സിവി തങ്കപ്പൻ: എന്നത്തേയും പോലെ ആദ്യം വന്നത് തങ്കപ്പേട്ടനാണ്. ഹൃദയം നിറഞ്ഞ നന്ദി.
പ്രദീപ് കുമാർ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
പട്ടേപ്പാടം റാംജി: എന്തെങ്കിലും ശൈലീമാറ്റം വരുത്താൻ വേണ്ടി എഴുതിയതല്ല. സീക്കുവിന്റെ സ്വഭാവത്തിനനുസരിച്ച് അറിയാതെ വന്നു പോയതാണ് അത്. ഇതുപോലുള്ള അഭിപ്രായങ്ങൾക്ക് പെരുത്ത് സ്വാഗതം. നിങ്ങൾ പറഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത് തന്നെ. വളരെ നന്ദി.
മൂബി: വായനക്ക് വളരെ നന്ദി.
വിനുവേട്ടൻ: അതെ. മുത്തവയുടെ നെഞ്ചത്ത് തന്നെയാണ് കുത്തിയത്. ഒരു ഭ്രാന്തൻ തന്നെയായിരുന്നു സീക്കു. വായനക്ക് നന്ദി മാഷെ.
അജിത്: ഹാ...ഹാ... വളരെ നന്ദി.
കേരളദാസനുണ്ണി: സീക്കുവിന്റെ ജൽ‌പ്പനങ്ങൾ സീക്കുവിനു മാത്രം ശരി. വായനക്ക് നന്ദി.

വീകെ said...

രമണിക:ദ്..ദാണ് സീക്കു...!ബാക്കി പിന്നെ... നന്ദി.

ശ്രീ said...

സീക്കുവിന് നാടു വിട്ട് അന്യനാട്ടിലെത്തിയിട്ടും ഈ സ്വഭാവമൊന്നും മാറ്റാറായില്ലേ?

Unknown said...

സീക്കു അങ്ങനെ ഹീറോ ആയി..
തുടരട്ടെ..
ആശംസകൾ

വീകെ said...

ശ്രീ: ജാത്യാലുള്ളത് തൂത്താലൊന്നും പോകില്ലല്ലൊ... വായനക്ക് നന്ദി.
ഗിരീഷ് കെ.സുബ്രഹ്മണ്യൻ: ചിലരങ്ങനെയാണ് പെട്ടെന്ന് ഹീറോയാകും. അതൊരു കഴിവാണ്. വായനക്ക് നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

കഥ ഇതുവരെയുള്ളതിൽ
നിന്ന് തുടങ്ങിയപ്പോൾ മനസ്സിലാകുന്നത്
മുൻ ലക്കങ്ങൾ വായിക്കാതെ ഈ ഒഴുക്കിൽ
കൂടി എനിക്ക് മുന്നോട്ട് പോകുവാൻ സാധിക്കില്ല എന്നത്

വീകെ said...

ബിലത്തിച്ചേട്ടൻ: ബ്‌ളോഗിൽ ഇതുവരെ കയറിയില്ലേ... കല്യാണവിശേഷം വായിക്കാൻ ധൃതിയായിട്ടോ...നേരിൽ കണ്ടതാണെങ്കിൽ പോലും ബിലാത്തിച്ചേട്ടന്റെ എഴുത്തിലൂടെ അതറിയാൻ പൂതിയായി..

ഫൈസല്‍ ബാബു said...

മുതവ്വ മുഷ്കിലാ :) എന്താവുമോ എന്തോ >?

വീകെ said...

മുത്തവ ആള് പിശകാ..
കാ‍ത്തിർക്കാം...

സുധി അറയ്ക്കൽ said...

വേലിയേലിരുന്നതു തന്നെ.സംശയമില്ല.ശവം.!