Tuesday 15 April 2014

നോവൽ. മരുഭൂമി. (14)



“എല്ലാ വായനക്കാർക്കും ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും ഒരു വിഷുവർഷം ആശംസിക്കുന്നു.”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. ഹബീബയുടെ വീട്ടിലേക്ക് തംഗ്‌ളീഷിൽ ഒരു കത്തെഴുതി.
തുടർന്നു വായിക്കുക...

വിരുന്നുകാർ....

‘മംഗ്ളീഷിൽ’  മലയാളമെഴുതുന്ന രീതി പിന്നേയും എത്രയോ വർഷങ്ങൾക്കു ശേഷമാണ് കാണാൻ കഴിഞ്ഞത്.  ഞാനെഴുതിയ ആ തമിഴ് കത്തിന്റെ എഴുത്ത് രീതിക്ക്, അന്നൊന്നും  ‘തംഗ്ളീഷ്’ എന്നൊരു പേരുണ്ടെന്ന് അറിയുമായിരുന്നില്ല.
ഒരു കടലാസ്സിന്റെ ഒരു പുറം മാത്രമേ എഴുതിയുള്ളു.
അത് എത്രമാത്രം ഉപകാരപ്പെടുമെന്നറിയാതെ കൂടുതൽ എഴുതിയിട്ട് കാര്യമില്ലല്ലൊ.
അതിന്റെ മറുപടി വന്നിട്ട് വിശദമായി എഴുതാമെന്ന് തീരുമാനിച്ചു...
പിന്നെ അതിന്റെ മറുപടിക്കായി ഹബീബയോടൊപ്പം ഞങ്ങളും കാത്തിരുപ്പായി.....

ഒരു വ്യാഴാഴ്ച വൈകുന്നേരമാണ് അപ്രതീക്ഷിതമായി രണ്ടു വിരുന്നുകാർ വന്നുപെട്ടത്.
അവർ റിയാദിൽ നിന്നും ട്രെയ്ലർ ലോറിയിൽ ഇവിടെ വന്നിറങ്ങിയതാണ്.
കാരണം അവർ വന്ന ലോറി മക്കക്ക് പുറത്തു കൂടിയേ പോകുകയുള്ളു. അവരാണെങ്കിൽ മക്കയിൽ ‘ഉം‌റ’ നിർവ്വഹിക്കാനായി പുറപ്പെട്ടതാണ്. ബസ്സിനു വരുമ്പോഴുണ്ടാകുന്ന ചിലവ് കുറക്കാനായിട്ടാണ് ഈ ട്രെയിലർ ലോറിയിൽ കയറിപ്പറ്റിയത്. സാധാരണയായി ലോറിക്കാർ കാശൊന്നും വാങ്ങാറില്ല.  ഇവിടെ എത്തിയപ്പോഴേക്കും സന്ധ്യയാകാറായി.

കുറച്ചു നേരം റോഡിൽ ടാക്സി വല്ലതും കിട്ടുമോന്നറിയാൻ കാത്തു നിന്നു.
വല്ലപ്പോഴും വരുന്ന വാഹനങ്ങളിൽ ടാക്സിക്കാറുകൾ അപൂർവ്വമായിരുന്നു. നേരം ഇരുട്ടാൻ തുടങ്ങിയതോടെ രണ്ടു പേരും ഭയപ്പെടാൻ തുടങ്ങി. ഈ മലമൂട്ടിൽ നിന്നും രക്ഷപ്പെടുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയാണ് കുറച്ചപ്പുറത്ത് വെളിച്ചം കണ്ട കെട്ടിടം നോക്കി താഴേക്കിറങ്ങി വന്നത്.

പുറത്തൊന്നും ആൾപ്പെരുമാറ്റം ഉള്ളതിന്റെ ലക്ഷണമൊന്നും കാണാത്തതു കൊണ്ട് ആകെ പരിഭ്രമിച്ചു. അറബിയിലുള്ള ബോർഡാണെങ്കിലും ആശുപത്രിയാണെന്ന് മനസ്സിലായി. കാവൽ‌പ്പുരയിൽ ഒന്നു മുട്ടി നോക്കി. പിന്നെ കുറച്ചു നേരം കാത്തുനിന്നു. ഒരു പ്രതികരണവും ഇല്ലെന്ന് കണ്ടതോടെ അവിടെ നിന്ന് പരുങ്ങാൻ തുടങ്ങി. നമ്മളേതോ മനുഷ്യവാസമില്ലാത്ത സ്ഥലത്താണെന്നാ തോന്നുന്നതെന്ന് പരസ്പ്പരം കുശുകുശുത്തു.

അമാറയിലെ കാവൽ നിൽക്കുന്ന പോലീസ്സുകാർ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവർ വിവരം അറിയിച്ചിട്ടാവും പോലീസ്സ് മുഹമ്മദ്  ജീപ്പുമായി പറന്നെത്തി.
വിവരം അന്വേഷിച്ച മുഹമ്മദ് ‘നിങ്ങളുടെ കൂട്ടുകാർ ഇവിടെയുണ്ടെന്ന്’ പറഞ്ഞ് അവരെ ഞങ്ങളുടെ മുറിയിൽ കൊണ്ടുവന്നാക്കിയിട്ട് പോയി.

ഞങ്ങൾക്ക് മൂന്നുപേർക്കും പറയാൻ വിശേഷങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് സംസാരം വളരെ കുറവായിരുന്നു. ഉണ്ടായിരുന്ന വിശേഷങ്ങളൊക്കെ എത്രയോ മാസങ്ങൾക്ക് മുൻപേ തീർന്നു പോയിരുന്നു. പിന്നെ ടീവിയിലെ അറബിയും ഇംഗ്‌ളീഷ് ചാനലും മാറ്റിമാറ്റി കൊണ്ടു കൊണ്ടിരിക്കും. അതും ആഴ്ചയിൽ  ഒന്നര ദിവസം മാത്രം. അത് ബോറടിക്കുമ്പോൾ കണ്ടു കണ്ട് വെറുത്തതാണെങ്കിലും കയ്യിലിരിക്കുന്ന പഴയ കാസറ്റ് എടുത്തിടും. അങ്ങനെ ബോറഡിച്ചിരിക്കുമ്പോഴാണ് ഈ പുതിയ കൂട്ടുകാരുടെ വരവ്.
അന്ധകാരത്തിലെന്നോണം കഴിയുന്ന ഞങ്ങൾക്കതൊരു പുത്തനുണർവ്വായി..

പരിചയപ്പെട്ട് വിശേഷങ്ങളൊക്കെ കൈമാറിയപ്പോഴാണ് ‘ഉം‌റ’ക്കാണ് വന്നതെന്ന് അറിയുന്നത്. സൌദിയിലെത്തിയിട്ട് മൂന്നാലു കൊല്ലമായെങ്കിലും ഉം‌റ ചെയ്യാൻ ഇതുവരെ ഒത്തിട്ടില്ല. ഉടനെ നാട്ടിൽ അവധിക്ക് പോകാനുള്ള തെയ്യാറെടുപ്പിലാണ് രണ്ടു പേരും. ഇത്തവണ ഉം‌റ ചെയ്തിട്ടേ നാട്ടിലെത്തുവെന്ന് വാക്കു പറഞ്ഞിട്ടുണ്ട് വീട്ടിൽ. അതിന്റെ സന്തോഷത്തിലായിരുന്നു അവരും.

പോലീസ് മുഹമ്മദ് ആരെയോ കൊണ്ടുവന്നാക്കുന്നത് അടുക്കളയിലായിരുന്ന ഉസ്മാനും മൊയ്തുവും കണ്ടിരുന്നു. വിവരമറിയാനായി അവരും ഓടിവന്നു. ഉം‌റക്കുള്ള ഡ്രെസ്സൊക്കെ- ‘എഹ്‌റാം ഡ്രെസ്സ്’  മക്കയിൽ നിന്നും വാങ്ങാൻ കണക്കാക്കിയാണ് അവർ വന്നത്.
പരിചയമുള്ള ഉസ്മാനും മൊയ്തുവും ഉം‌റക്കുള്ള തങ്ങളുടെ അറിവ് കൈമാറി.

എഹ്‌റാം ഡ്രെസ്സ്  മക്കക്കു പുറത്തു നിന്നേ ധരിച്ചിട്ട് വേണം പോകാൻ. അതാണതിന്റെ ചിട്ട. കയ്യിലെ പണവും ഇക്കാമയുമൊക്കെ സൂക്ഷിക്കാനായി അരയിൽ പോക്കറ്റൊക്കെയുള്ള ഒരു ബെൽറ്റുകൂടി ഉള്ളത് നന്നായിരിക്കും. കാരണം എഹ്‌റാം ഡ്രെസ്സല്ലാതെ മറ്റൊന്നും ധരിക്കാൻ പാടില്ല. മാത്രമല്ല കയ്യിലെ ബാഗും മറ്റും സൂക്ഷിക്കാൻ ആദ്യമായി വരുന്നവർക്ക് ബുദ്ധിമുട്ടായിരിക്കും. അല്ലെങ്കിൽ പരിചയമുള്ളവർ ജോലി ചെയ്യുന്ന കടകളോ, സ്വന്തമായി വാഹനമുള്ളവരോ ആയിരിക്കണം.

കാലത്തെ തന്നെ പോകേണ്ടള്ളതുകൊണ്ട്  ഇപ്പോൾത്തന്നെ കടയിൽ പോയി വാങ്ങാമെന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടു. മൊയ്തുവിനെ എല്ലാവർക്കുമുള്ള പൊറോട്ട അടിക്കാനും ഞങ്ങളുടെ പ്രിയപ്പെട്ട ജനറേറ്റർ നോക്കാനും ഏൽ‌പ്പിച്ചിട്ട് എല്ലാവരും കൂടി ആഘോഷമായി ഉം‌റ ഡ്രെസ്സ് വാങ്ങാനായി കടയിലേക്ക് പുറപ്പെട്ടു. ഉച്ചത്തിൽ സംസാരിച്ചും ചെറിയ തമാശകളിൽ‌പ്പോലും പൊട്ടിച്ചിരിച്ചുമാണ് ഞങ്ങളുടെ യാത്ര. ആ മലമടക്കിൽ മറ്റാരും കേൾക്കാനും കാണാനുമില്ലല്ലൊ.

അപ്പോഴും സന്ധ്യ വരണോ വേണ്ടെയോയെന്ന മട്ടിൽ ചക്രവാളം ഇരുളാൻ തുടങ്ങുന്നതേയുള്ളു. നക്ഷത്രങ്ങൾ വിരിഞ്ഞിരുന്നില്ല. അമ്പിളിയും  മലകൾക്കപ്പുറത്തെവിടെയോ മറഞ്ഞിരുന്നു. ശുക്രനക്ഷത്രം കിഴക്കൻമലയുടെ മുകളിലെ  ചക്രവാളത്തിൽ മിന്നിമിന്നി തെളിയുന്നുണ്ടായിരുന്നു. ചൂടുകാറ്റ് വീശുന്നുണ്ടെങ്കിലും വിയർക്കുന്നില്ല. ആശുപത്രിയെ ചുറ്റിവളഞ്ഞാണ് ഞങ്ങൾക്ക് പോകേണ്ടത്.

പടിഞ്ഞാറൻ മലയുടെ അടിവാരത്തു നിന്നും ഞങ്ങൾ നടന്നു പോകുന്ന റോഡിലോളം ഞങ്ങളേക്കാൾ പൊക്കത്തിൽ ചെടികൾ വളർന്നു നിന്നിരുന്നു. ചൌക്ക് മരങ്ങളും പേരറിയാ മരങ്ങളും ധാരാളം ഉണ്ട്. ഇലകളെല്ലാം നിറം കെട്ട് മുനയുള്ള മുള്ളുകൾ മാതിരിയായിരുന്നു.  എവിടേയും ഒരു കറുപ്പു നിറം മാത്രം. പണ്ടെങ്ങോ കാലങ്ങളോളം പെയ്ത മഴയിൽ, മലകളിൽ നിന്നും ഒലിച്ചിറങ്ങിയ നല്ല വെള്ള മണൽ അടിവാരമാകെ പരന്നു കിടന്നിരുന്നു.
ആശുപത്രി മതിൽക്കെട്ടിന്റെ  ഏതാണ്ട് പിറകിലെത്തിയപ്പോഴാണ് ഞങ്ങളാ ശബ്ദം കേട്ടത്...?!

റോഡിനോട് ചേർന്നുള്ള ഒരു ചൌക്ക് മരത്തിന്റെ നിഴലിലെന്നോണം ഒരു രൂപം ‘ശു ശൂ...’ എന്ന് ശബ്ദമുണ്ടാക്കുന്നു...!?
വർത്തമാനം പറഞ്ഞ് നടന്നിരുന്ന ഞങ്ങൾ പെട്ടെന്നാണ് ആ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കിയതും...?!
ആ രൂപം കണ്ടതും ഞങ്ങളൊന്നു ഞെട്ടി പിറകോട്ടു മാറിപ്പോയി...!?
പെട്ടെന്ന് ഞങ്ങളുടെ സംഭാഷണങ്ങൾ നിലച്ചു.
നല്ല പൊക്കത്തിൽ കറുത്തിരുണ്ട ഒരു രൂപം...!?
പക്ഷേ, അതൊരു മനുഷ്യജീവിയാണെന്ന് പറയാനാവില്ല...!
അതെ, അതുവരെ കണ്ടു പരിചയിച്ച ഒരു മനുഷ്യജീവിയുടേതായിരുന്നില്ല ആ രൂപം...!

ആസകലം ജെഡപിടിച്ച മുടി നീട്ടിവളർത്തി കൂട്ടിപ്പിരിച്ചതുപോലെ കാലറ്റംവരെ നീണ്ടു കിടന്നിരുന്നു. ശരീരം കാണാനാവില്ല. അറബികളുടെ വസ്ത്രമായ ‘തോപ്പ്’ പോലൊരെണ്ണം ഉണ്ടെന്നു തോന്നുന്നു. അതും കറുത്തിരുണ്ടിരുന്നു. പുരികം പോലും നീണ്ട് ജെഡപിടിപ്പിച്ചതുപോലെ താടിയും മീശയുമായി കൂടിക്കലർന്ന് നീണ്ടു കിടന്നിരുന്നു. കണ്ണുകളിലെ വെളുപ്പിന്റെ സ്ഥാനത്ത് മഞ്ഞ കലർന്നിരുന്നു. വല്ലാത്തൊരു ബീഭത്സത തോന്നുമായിരുന്നു...!
കയ്യിൽ തന്നോളം വലുപ്പമുള്ള ഒരു നീണ്ട വടിയും കുത്തിപ്പിടിച്ചിരുന്നു.
ഞങ്ങൾ ഭയത്തോടെയാണെങ്കിലും ആ രൂപത്തെ നിരീക്ഷിക്കുകയായിരുന്നു.
ഇരുട്ടുവീഴാൻ തുടങ്ങിയതു കൊണ്ടും ആ രൂപം കറുത്തതായതു കൊണ്ടും വ്യക്തത കുറവായിരുന്നു.
ആരും ഒന്നും മിണ്ടുന്നുണ്ടയിരുന്നില്ല...
ശരിക്കും ഞങ്ങൾ ഭയന്നു പോയിരുന്നു...!

ഞങ്ങൾ ശ്രദ്ധിക്കുന്നതു കണ്ട് അയാൾ രണ്ടു വിരലുകൾ ചേർത്തു വച്ച് തന്റെ ചുണ്ടോട് അടുപ്പിക്കുന്നത് കണ്ടു. ഉസ്മാൻ പറഞ്ഞു.
“സിഗററ്റാണ് ചോദിക്കുന്നത്. പേടിക്കണ്ട. മനുഷ്യജീവി തന്നെയാ‍..!!?”
ഞങ്ങളെല്ലാവരുടെ കയ്യിലും ഓരോന്ന് കത്തിച്ച് പിടിച്ചിട്ടുണ്ട്.
ഞാൻ പോക്കറ്റിൽ നിന്നും സിഗററ്റ് പാക്കറ്റെടുത്ത് അതിൽ നിന്നും ഒരെണ്ണം ഒരു കൈ ചാൻ അകലത്തിൽ നിന്നും നീട്ടിപ്പിടിച്ചു. വല്ലാത്തൊരു ഉൾഭയം അന്നേരം എന്നെ പിടി കൂടിയിരുന്നു. എന്നാലും ഞങ്ങൾ ഇത്രയും പേരുണ്ടല്ലൊയെന്ന ധൈര്യവും.
അതയാൾ സൌമ്യനായി വാങ്ങി ചുണ്ടിൽ വച്ചു.
അപ്പോഴാണ് അയാളുടെ കയ്യിലെ നഖങ്ങൾ പോലും നല്ല നീളത്തിൽ വളർന്ന് വളഞ്ഞു നിന്നിരുന്നത് ശ്രദ്ധിച്ചത്.
സിഗററ്റ് ചുണ്ടിൽ വച്ചതിനു ശേഷം മലമുകളിലേക്ക് ഒന്ന് പാളി നോക്കി.
അപ്പോഴേക്കും സച്ചി കയ്യിലിരുന്ന ലൈറ്റർ  നീട്ടിപ്പിടിച്ചു.
അതയാൾ  കൈ നീട്ടി വാങ്ങിയിട്ട് വീണ്ടും മലമുകളിലേക്ക് എവിടേയോ ഒന്നു പരതി നോക്കി. എന്നിട്ട് കത്തിച്ച്  ഒന്നിരുത്തി വലിച്ചു....
ഒരു നിമിഷം ഏതോ നിർവൃതിയിലെന്നോണം  അയാൾ മുഖമുയർത്തി കണ്ണടച്ചു നിന്നു...
ലൈറ്റർ സച്ചിക്ക് തിരിച്ചു കൊടുക്കുമ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു...!
വായിലെ പല്ലുകൾക്ക് പോലും കറുപ്പു നിറമായിരുന്നു...!
ഒന്നും ചോദിക്കാൻ അന്നേരത്ത് ഞങ്ങൾക്കാർക്കും തോന്നിയില്ല.
അബ്ദുൾ പറഞ്ഞു.
“ ആ പാക്കറ്റ് സിഗററ്റ് മുഴുവൻ അയാൾക്ക് കൊടുത്തേരെ...”
സച്ചിയുടെ കയ്യിൽ നിന്നും ലൈറ്ററും സിഗററ്റ് പാക്കറ്റും ചേർത്ത് വച്ച്  അയാൾക്ക് നേരെ നീട്ടിയിട്ട്  എടുത്തോളാൻ ആംഗ്യം കാട്ടി.
അയാളത് കൈ നീട്ടി വാങ്ങിയിട്ട് സന്തോഷ സൂചകമായി കൈപൊക്കി നന്ദി പ്രകടിപ്പിച്ചു.

അപ്പോഴാണ് മല മുകളിൽ നിന്നും  ആടിനെ തെളിക്കുന്ന ഒരു പ്രത്യേക ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിയത്. ആ ശബ്ദം കേട്ടതും നടുങ്ങിപ്പോയ അയാൾ സ്വൽ‌പ്പം കുനിഞ്ഞ് മലമുകളിലേക്ക്  ഭീതിയോടെ നോക്കിയിട്ട്, ആ സിഗററ്റ് പാക്കറ്റും ലൈറ്ററും എന്റെ കയ്യിലേക്ക് തന്നെ ധൃതിയോടെ തിരിച്ചേൽ‌പ്പിച്ചിട്ട് ചെടികളുടെ മറവു പറ്റി ഓടി.....!?
ഇരുട്ടു പരക്കാൻ തുടങ്ങിയതിനാൽ അധികദൂരം ഞങ്ങളുടെ കണ്ണുകൾക്ക് അയാളെ പിന്തുടരാനായില്ല. ഉസ്മാനാണ് പറഞ്ഞത്.
“ആടിനെ മേക്കാൻ നടക്കുന്നവനാണ്. ഞാൻ ചിലപ്പോഴൊക്കെ കാണാറുണ്ട്. ഒന്നു രണ്ടു പ്രാവശ്യം സിഗററ്റും കൊടുത്തിട്ടുണ്ട്...!”

അതിനെക്കുറിച്ച് ഞങ്ങൾക്ക് സംസാരിക്കാൻ അധികമൊന്നുമുണ്ടായിരുന്നില്ല.
ആ രൂപം മനസ്സിൽ നിന്നും മാഞ്ഞതുമില്ല...
ഒരു ആഫ്രിക്കക്കാരന്റെ മുഖമായിരുന്നു...
നല്ല പൊക്കവും മൂക്കിന്റെ ദ്വാരത്തിന് നല്ല വലിപ്പവുമുണ്ടായിരുന്നു...
ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ നിന്നതിന്റെ അപ്പുറം  ഒരു സിഗററ്റിന്റെ തീനാളം കണ്ണിൽ‌പ്പെട്ടത്...?
അന്നേരം വലിച്ചു കൊണ്ടിരുന്ന സിഗററ്റ് പോലും വലിച്ചെറിഞ്ഞിട്ടാണ് അയാൾ ആരെയോ വല്ലാതെ ഭയപ്പെട്ട് ഓടിയത്...!

ഇവിടത്തെ ഏതെങ്കിലും ആദിവാസി സമൂഹത്തിൽ‌പ്പെട്ട, ആടുമേക്കൽ തൊഴിലാക്കിയ ഗോത്രത്തിൽ‌പ്പെട്ട ഒരുവനായിരിക്കാമെന്ന് ഞങ്ങൾ ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തി.  പിന്നെ അതിനെക്കുറിച്ച് ചിന്തിച്ച് തല പുണ്ണാക്കിയില്ല. അതുപിന്നെ നമ്മൾ ‘മലബാറികളുടെ’ ഒരു സ്വഭാവമാണല്ലൊ. എന്തെങ്കിലും ഒന്നു കിട്ടിയാൽ ഒന്നുകിൽ വിവാദമുണ്ടാക്കുക അല്ലെങ്കിൽ അത് ഇന്നതാണെന്ന് പറഞ്ഞ് ഒരു തീർപ്പ് കൽ‌പ്പിക്കുകയെന്നത്...!

നടന്നു തുടങ്ങിയപ്പോഴാണ് ഒരു ജീപ്പ് പിറകിൽ നിന്നും വരുന്നത് കണ്ടത്.
ഉസ്മാൻ പറഞ്ഞു.
“നിറുത്തിയാൽ നമ്മൾക്ക് നടക്കാതെ കഴിക്കാം...”
അതും പറഞ്ഞ് ഉസ്മാൻ കൈ കാണിച്ചു.
വണ്ടി ഒന്ന് വേഗത കുറച്ചെങ്കിലും നിറുത്തിയില്ല.
ഞങ്ങളെയൊക്കെ ഒന്നു നോക്കിയിട്ട് നിറുത്താതെ പോയി.
ഉസ്മാൻ പറഞ്ഞു.
“അവൻ നിറുത്തിയേനെ. പക്ഷേ നിങ്ങളുണ്ടായതോണ്ടാ.. ഈ ഗ്രാമത്തിലെ മുത്തവയാ...”
ഉസ്മാൻ ചിരിച്ചുകൊണ്ട് ഞങ്ങളെ  ചൂണ്ടി അതു പറഞ്ഞപ്പോൾ ഞാനും സച്ചിയും മുഖത്തോടു മുഖം നോക്കി ചിരിച്ചു.
എങ്കിലും ഞാനോർക്കുകയായിരുന്നു, ഞങ്ങൾ പോലുമറിയാതെ കൂടെയുള്ളവർക്ക് പാരയാകുന്ന സന്ദർഭങ്ങൾ...! ഒരു വിമ്മിഷ്ടം എവിടെയോ കൊളുത്തി.

കുറച്ചു കൂടി നടന്നപ്പോൾ മറ്റൊരു വണ്ടി കൂടി വന്നു.
ഇനിയും കൈ കാണിച്ച് നാണം കെടണ്ടായെന്ന് കരുതി ഞങ്ങൾ തിരിഞ്ഞു പോലും നോക്കിയില്ല.
ആ വണ്ടി ഞങ്ങളുടെ അടുത്തു നിറുത്തിയിട്ട് ചോദിച്ചു.
“കടയിലേക്കാണോ..? കേറിക്കോ എല്ലാവരും...!”
‘പോലീസ്സ് മുഹമ്മദ്’ ആയിരുന്നു...
അകത്തു കയറിയിരിക്കുമ്പോൾ അവൻ പറഞ്ഞു.
“ആ ആടിനെ നോക്കുന്നവനോട് സംസാരിക്കാനൊന്നും പോകരുതെട്ടോ. ഭ്രാന്തനാ..
അവൻ ഉപദ്രവിക്കും. സിഗററ്റോ ഒന്നും കൊടുക്കരുത്. അവൻ ആ കാട്ടിലൊക്കെ തീയിടും. ഭ്രാന്തനാ...!!”
അതുകേട്ട് ഞങ്ങൾ അത്ഭുതം കൂറിയത് മറ്റൊന്നിനെക്കുറിച്ച് ചിന്തിച്ചിട്ടായിരുന്നു.
ഇവനെങ്ങനെ ഇതെല്ലാം കണ്ടു...?!

തിരിച്ചു വരാൻ നേരവും അവൻ ഞങ്ങളെ ആശുപത്രിപ്പടിക്കൽ ആക്കിത്തന്നു.
അന്നു ഞങ്ങൾ വാസ്തവത്തിൽ ഉറങ്ങിയില്ലെന്നു പറയാം.
പാതിരാ കഴിഞ്ഞും  ചീട്ടുകളിയും സിനിമാ പാട്ടും മറ്റുമായി സമയം അടിച്ചുപൊളിച്ചു..!.
എന്നും പരസ്പ്പരം  കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്കിടയിലേക്ക് വിരുന്നുകാരായി വന്ന ആ രണ്ടു പേർ തന്ന സന്തോഷം ചില്ലറയായിരുന്നില്ല.

ഉസ്മാൻ പെരിയ സ്വാമിയായി നിന്ന് അവരെ കൊണ്ടു പോയി  ഉം‌റ ചെയ്യിച്ചു.
പള്ളിയെല്ലാം വിശദമായി കാണിച്ചു കൊടുത്ത് അവസാനം ‘മലബാറി മൂലയിലെത്തി.’
പള്ളിക്കകത്ത് അങ്ങനെയൊരു മൂലയുണ്ടത്രെ...!
പ്രാർത്ഥനക്കായി വരുന്ന എല്ലാ മലയാളികളും അവിടെ ഒത്തുകൂടി സൌഹൃദം പുതുക്കിയിട്ടേ പിരിയാറുള്ളു. പണ്ട് നാ‍ട്ടിൽ വച്ച് കാണാതായവരെപ്പോലും അവിടെ വച്ച് കണ്ടെത്താൻ കഴിയുമെന്ന് ഉസ്മാൻ തമാശയായി പറയാറുണ്ട്.

ഉം‌റ കഴിഞ്ഞ് വന്നിട്ടും അവരെ വിടാൻ ഞങ്ങൾ തെയ്യാറായിരുന്നില്ല.
രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരേയെന്ന് ഞങ്ങൾ കെഞ്ചി നോക്കി.
പക്ഷേ, അവർക്ക് പിറ്റേ ദിവസം ജോലിക്ക് കയറേണ്ടതു കൊണ്ട്, മനമില്ലാ മനസ്സോടെ സന്ധ്യക്കു തന്നെ  റിയാദിലേക്ക് പോകുന്ന ഒരു ട്രെയിലറിൽ കയറ്റി വിട്ടു.
നേരം വെളുക്കുമ്പോഴേക്കും അവർക്ക് അവിടെയെത്താം.

വീണ്ടും ഒരാഴ്ചകൂടി കഴിഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് വീണ്ടും രണ്ടുപേർ ഞങ്ങളുടെ മുറിയിലെത്തി.
ഇവരും  ഞങ്ങൾക്ക് പരിചയമുള്ളവരായിരുന്നില്ല.
അതിലൊരാളായ ‘ജാഫറിനെ’ ഉസ്മാനും മൊയ്തൂനും പരിചയമുണ്ടായിരുന്നു.
ജാഫർക്ക ഇവിടെ വന്നിട്ട് പത്തുപതിനഞ്ച് വർഷമായി.
രണ്ടു വർഷം മുൻപ് വരെ അമാറയിൽ  ക്ളീനിങ് ജോലി ചെയ്തിരുന്നു.
മറ്റെയാൾ വന്നിട്ടും വർഷം അതിലേറെയായി.
ഇതുവരെ നാട്ടിൽ പോകാൻ കഴിഞ്ഞില്ല.
അതിനൊരു വഴി തേടിയാണ് ഞങ്ങളുടെ മുറിയിൽ എത്തിയത്...?
അവർ രണ്ടു പേരും ആദ്യമായിട്ട് കാണുന്നതും ഞങ്ങളുടെ മുറിയിൽ വച്ചാണ്....!


ബാക്കി മേയ്-1ന്... ...ഉം‌റ വിസ......


19 comments:

വീകെ said...

“ആ ആടിനെ നോക്കുന്നവനോട് സംസാരിക്കാനൊന്നും പോകരുതെട്ടോ. ഭ്രാന്തനാ..
അവൻ ഉപദ്രവിക്കും. സിഗററ്റോ ഒന്നും കൊടുക്കരുത്. അവൻ ആ കാട്ടിലൊക്കെ തീയിടും. ഭ്രാന്തനാ...!!"

പൊതുസമൂഹവുമായിട്ടുള്ള ഏതൊരു ഇടപെടലും തടയാൻ നിയമരക്ഷകർ പോലും കൂട്ടു നിൽക്കും.

Pradeep Kumar said...

പുതിയ കഥാപാത്രങ്ങളും, സംഭവങ്ങളുമായി കഥ ഒരു വഴിത്തിരിവിലേക്ക് അടുക്കുകയാണെന്ന തോന്നലുളവാക്കുന്നു. കഥാഗതിയെക്കുറിച്ച് ഊഹിക്കാൻ പോലും കഴിയാത്ത രീതിയിലാണ് കഥ മുന്നേറുന്നത്.....

തുടർലക്കങ്ങൾക്കായി കാത്തിരിക്കുന്നു......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥ ആകാംക്ഷാജനകമായി മുന്നോട്ട് പോകുന്നു..ആശംസകള്‍

© Mubi said...

തുടര്‍ ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

മരുഭൂമിയിലെ വേറെ ‘ആട് ജീവിതങ്ങങ്ങളു’ടെ അനേകം ഫോട്ടൊ കോപ്പികൾ പോലെയുള്ള തനി മരുഭൂമി ജീവിതങ്ങളുടെ നേർക്കാഴ്ച്ചകൾ...!

പിന്നെ ഈ അവസരത്തിൽ ഏവർക്കും


“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“

ajith said...

പൊലീസ് മുഹമ്മദിന്റെ കണ്ണില്‍പ്പെടാത്തതായി ഒന്നും കാണുകയില്ലായിരിയ്ക്കും!

Cv Thankappan said...

ആടുമേയ്ക്കല്‍ക്കാരനില്‍ ആട്ജീവിതം പോലെയൊരു ദുരന്തകഥ ഉള്ളില്‍ കത്തികൊണ്ടിരിക്കാം...!
വിഷു&ഈസ്റ്റര്‍ ആശംസകള്‍

bdf. said...

Go ahead best wishes...bdf.

പട്ടേപ്പാടം റാംജി said...

കറുത്ത നീളമുള്ള പ്രേതം മരുഭൂമിയില്‍ എത്തി എന്ന് ആശിച്ചിരുന്നപ്പോഴാണ് പുള്ളി ആടിനെ നോക്കുന്ന മനുഷ്യന്‍ ആയിപ്പോയത്. ഈ അദ്ധ്യായവും മറ്റൊരു സംഭവുമായി എത്തിയപ്പോള്‍ നന്നായി.
തുടരട്ടെ.

വിനുവേട്ടന്‍ said...

നിനച്ചിരിക്കാതെ വന്ന അതിഥികൾ... രസകരമായ അനുഭവങ്ങൾ... മരുജീവിതത്തിന്റെ പുതുമാനങ്ങളുമായി കഥ മുന്നേറട്ടെ അശോകൻ മാഷേ...

പിന്നെ... ഒരു സംശയം... മക്ക നഗരത്തിലേക്ക് അന്ന് മറ്റ് മതക്കാർക്ക് പ്രവേശനമുണ്ടായിരുന്നോ? അശോകൻ മാഷ്ക്ക് എങ്ങനെ അവിടെ ജോലി നോക്കുവാൻ സാധിച്ചു...?

വീകെ said...

പ്രദീപ്കുമാർ: വായനക്കും ഈ പ്രോത്സാഹനത്തിനും വളരെ നന്ദി.
മുഹമ്മദ് ആറങ്ങോട്ടുകര: വായനക്ക് വളരെ നന്ദി മാഷെ.
മുബി: അഭിപ്രായത്തിന് വളരെ നന്ദി.
ബിലാത്തിച്ചേട്ടൻ:ഗൾഫ് കഥകളൊക്കെ ഏതാണ്ടൊരുപോലെ തോന്നുന്നത് മരുഭൂമിക്കഥകളായതുകൊണ്ടാകും. എല്ലാം വറ്റിവരണ്ടുപോയി. നന്ദി മാഷെ.
അജിത്: ഓൻ ഒരു ബല്ലാത്ത പഹയനാ അജിത്തേട്ടാ. വായനക്ക് വളരെ നന്ദി.
സിവി തങ്കപ്പൻ: അന്ന് ആടുജീവിതക്കാരന്റെ ഉള്ളുകള്ളികൾ ആർക്കും അറിയുമായിരുന്നില്ല. അയാളുടെ ഉള്ളിലും കൊടും ചതിയുടേയും പ്രതികരിക്കാൻ കഴിയാത്തതിന്റേയും അയാളെ ആ കോലത്തിലാക്കിയതിന്റേയും ഒരു ദുരന്തകഥ ഉണ്ടായിരുന്നിരിക്കും. പിന്നീടയാളെ തൊട്ടടുത്ത് കണ്ടിട്ടില്ല. വായനക്ക് വളരെ നന്ദി.
പ്രിയ bdf: മംഗ്‌ളീഷും പിന്നെ തംഗ്‌ളീഷുമൊക്കെ വിശദമാക്കിയിട്ടും എന്തിനാ പിന്നെയും ഈ ഇംഗ്‌ളീഷ്...! വായനക്ക് വളരെ നന്ദി.
പട്ടേപ്പാടം റാംജി: ആ രൂപം കണ്ട് ശരിക്കും ഞെട്ടിയിരുന്നു ഞങ്ങൾ. വായനക്ക് വളരെ നന്ദി.
വിനുവേട്ടൻ: ഞങ്ങൾ മക്കക്കുള്ളിലായിരുന്നില്ല. അവിടെ നിന്നും മൂന്നു കിലോമീറ്റർ കൂടി പോയാലെ മക്കയിലെ ചെക്ക്പോസ്റ്റിലെത്തുകയുള്ളു. മുസ്ലീങ്ങളല്ലാത്തവർക്ക് പോകാനായി ഞങ്ങളുടെ ആശുപത്രിയുടെ പരിസരത്തു നിന്നും ജിദ്ദയിലേക്ക് വേറെ റോഡുണ്ട്. വായനക്ക് വളരെ നന്ദി.

keraladasanunni said...

ഈ ലോകത്താണോ ജീവിക്കുന്നത് എന്നുപോലും 
തോന്നി പോവുന്നു. ജീവിതം ഈ വരികളില്‍ 
തുടിച്ച് നില്‍പ്പുണ്ട്.

അനശ്വര said...

കഥ അതീവഭംഗിയോടെ മുന്നേറുന്നു..കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്കായി

ശ്രീ said...

ബെന്യാമിന്റെ ആടുജീവിതം ഓര്‍മ്മിപ്പിച്ചു ആ പുതിയ കഥാപാത്രം!

വീകെ said...

കേരളദാസനുണ്ണി: വായനക്ക് വളരെ നന്ദി.
അനശ്വര: വായനക്ക് വളരെ നന്ദി.
ശ്രീ: നജീബിനെക്കൊണ്ട് വിധി കെട്ടിയാടിച്ച അതേ ജീവിതം തന്നെയായിരുന്നിരിക്കണം ആ ആഫ്രിക്കക്കാരനും(?)അനുഭവിച്ചു തീർത്തിരുന്നത്. അങ്ങനെയൊന്ന് സംശയിക്കാൻ പോലും പിന്നേയും കാൽ നൂറ്റാണ്ട് വേണ്ടി വന്നില്ലേ. ആ പാവവും പേടിച്ച് പേടിച്ച് അവിടെ തീർന്നിട്ടുണ്ടാവും.അതുപോലെ എത്രയെത്ര നജീബുമാർ മരുഭൂമിയിൽ എരിഞ്ഞു തീർന്നിട്ടുണ്ടാവും...!!? നന്ദി ശ്രീ.

തുമ്പി said...

ആശംസകള്‍

ഫൈസല്‍ ബാബു said...

ഇ തവണ ശെരിക്കും ത്രില്‍ അടിപ്പിച്ചു . ആട് ജീവിതങ്ങള്‍

വീകെ said...

തുമ്പി: വരവിനും വായനക്കും വളരെ നന്ദി.
ഫൈസൽ ബാബു: ആടു ജീവിതങ്ങളായിരുന്നുവെന്ന് അന്ന് അറിയാതെ പോയി. നന്ദി.

Echmukutty said...

എത്ര തരം മനുഷ്യജീവിതങ്ങള്‍... എഴുത്ത് വളരെ ഭംഗിയാവുന്നുണ്ട്...അഭിനന്ദനങ്ങള്‍ ...