Sunday 1 September 2013

കഥ.



കുളിർമഴ....


ഫോണിന്റെ ബെല്ലടി കേട്ടാണ് ചന്ദ്രൻ ഞെട്ടി  ഉണർന്നത്. അലാറം ആയിരിക്കുമെന്ന് കരുതിയാണ് എഴുന്നേറ്റത്. ഉടനെ ഒരു കട്ടൻ ചായ ഉണ്ടാക്കി ഹാളിൽ വന്നിരുന്നു. ടീവി ഓൺ ചെയ്തിട്ട് ചായ ഊതി ഊതി കുടിക്കുമ്പോഴാണ് അക്കാര്യം ഓർത്തത്.
‘ഇന്നെന്താ ആരും എഴുന്നേൽക്കാഞ്ഞത്... സാധാരണ താൻ എഴുന്നേറ്റു വരുമ്പോൾ തോമസ്സ് ഇവിടെ പേപ്പറും വായിച്ചിരിക്കാറുള്ളതാണല്ലൊ...’
അപ്പോഴാണ് ക്ലോക്കിലേക്ക് നോക്കിയത്. നേരം അഞ്ചുമണി ആകുന്നതേയുള്ളു. ആറരക്ക് വച്ചിരിക്കുന്ന അലാറം പിന്നെങ്ങനെ അഞ്ചിനു മുൻപായി അടിച്ചു...?
സംശയം തീരാനായി മുറിയിൽ ചെന്ന് കട്ടിലിന്റെ തലക്കലെ മോബൈലെടുത്ത് നോക്കി. അതൊരു മിസ്ക്കാളായിരുന്നു.
‘ഈ കൊച്ചു വെളുപ്പാൻ കാലത്ത് ആരായിരിക്കും’  അങ്ങനെ ചിന്തിച്ചതും ഉള്ളൊന്നു നടുങ്ങി.

സുഭദ്രക്ക് ഇത് പത്താം മാസമാണ്. ഇനിയും രണ്ടാഴ്ച കൂടിയുണ്ട് പ്രസവത്തിന്. വേഗം മിസ്ക്കാൾ ഏതെന്നു നോക്കിയപ്പോൾ സുഭദ്ര തന്നെയാണ്. കണ്ടതും വീണ്ടും ഒന്നു നടുങ്ങി. വായിലെ വെള്ളവും വറ്റി. വേഗം ഡയൽ ചെയ്ത് ചെവിയിൽ വച്ച് ഹാളിൽ വന്നിരുന്നു. റിങ് ശബ്ദം കേൾക്കുന്നുണ്ട്. ചായ ചൂടോടെ തന്നെ ഒന്നു രണ്ടു വലി അകത്താക്കിയപ്പോഴേക്കും സഭദ്രയുടെ ശബ്ദം ‘ഹലോ’രൂപത്തിൽ ചെവിയിൽ മുഴങ്ങി.

വെളുപ്പിന് വേദന തോന്നിയപ്പോൾ ഒരു കാറു വിളിച്ച് പോന്നതാണ്. പ്രസവം ഇന്നുണ്ടാകും. ഇനിയും രണ്ടാഴ്ചകൂടി ഉണ്ടല്ലൊയെന്ന ആശ്വാസത്തിലിരിക്കുകയായിരുന്നു ചന്ദ്രൻ. അപ്പോഴേക്കും ശമ്പളവും കിട്ടും. വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടന്നു പോകുമായിരുന്നു. അവളുടെ കയ്യിൽ ഒന്നുമില്ലെന്ന് അറിയാമായിരുന്നു.

രൂപയുടെ വില കുറയുന്ന വാർത്തയ്ക്കായിരുന്നു ചാനലിൽ മുൻ‌തൂക്കം. രൂപയുടെ വില ഇതു പോലെ കുറഞ്ഞാൽ നമ്മുടെ നാട് കുളം തോണ്ടിയതു തന്നെ. അന്നേരമാണ് ചന്ദ്രൻ ഭാര്യയുടെ പ്രസവത്തിന് പൈസ ഒപ്പിക്കേണ്ടതിനെക്കുറിച്ച് ബോധവാനാകുന്നത്.

നേരം വെളുത്തതോടെ ഓരോരുത്തർ എഴുന്നേറ്റ് വരാൻ തുടങ്ങി. ഫ്ലാറ്റിലെ ആരോടും ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. തന്നേപ്പോലെ തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണ് അവരും. ശമ്പളം കിട്ടിയാൽ വാടകയും ഭക്ഷണച്ചിലവും മാത്രം മാറ്റി വച്ചിട്ട് ബാക്കി അപ്പാടെ നാട്ടിലയക്കുന്നവരാണ്. പിന്നെ എന്തു അത്യാവശ്യം വന്നാലും അല്പസ്വല്പമൊക്കെ ആരോടെങ്കിലുമൊക്കെ കടം വാങ്ങി കാര്യം നടത്തും. അധികവും വേണ്ടിവരാറില്ല. ഭക്ഷണ സാധനങ്ങളുൾപ്പടെ എന്തും സാധാരണ കോൾഡ് സ്റ്റോറിൽ കിട്ടും. അവിടെയാണ് എല്ലാവരുടേയും അക്കൌണ്ട്. അതുകൊണ്ട് ശമ്പളം കിട്ടുന്നതു വരേക്കും കയ്യിൽ പൈസയുടെ ആവശ്യം വരുന്നില്ല.

പിന്നെ ചില പുത്തൻ കുറ്റുകാരുണ്ട്. അവർക്ക് സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നൊക്കെ കേട്ടാൽ ഹരമിളകുന്നവർ. അവർക്ക് സാമാന്യം ശമ്പളക്കൂടുതൽ ഉള്ളവരാകും. അവർ അഞ്ചു ദിനാർ തികച്ചു കയ്യിലുണ്ടെങ്കിൽ ഏതെങ്കിലും സൂപ്പർമാർക്കറ്റോ അല്ലെങ്കിൽ ഹൈപ്പർ മാർക്കറ്റോ തേടിപ്പോകും. അങ്ങനെ ഒരാൾ മുറിയിലുണ്ട്. ദിനേശ്.   അവന്റെ കയ്യിലെ കാശ് കാണുകയുള്ളു. അവൻ എഴുന്നേൽക്കണമെങ്കിൽ എട്ടു മണിയെങ്കിലും ആകും. അവന്റെ കയ്യിൽ കാശില്ലാതാകുമ്പോൾ കോൾഡ് സ്റ്റോറിൽ നിന്നും സാധനങ്ങൾ ചന്ദ്രന്റെ അക്കൌണ്ടിൽ കടം വാങ്ങിക്കൊടുക്കാറുള്ളതാണ്. അതുകൊണ്ട് ചോദിച്ചാൽ തരാതിരിക്കില്ല. ആ ഒരു ഉറച്ച വിശ്വാസത്തിലായിരുന്നു ചന്ദ്രൻ.

പ്രാഥമിക പരിപാടികളെല്ലാം കഴിഞ്ഞ് ദിനേശൻ ഉണരുന്നതും നോക്കി അക്ഷമയോടെ ചന്ദ്രൻ കാത്തിരിക്കുമ്പോഴും ഓർമ്മ വരുന്ന നമ്പറുകളിൽ വിളിച്ച് പണം സംഘടിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ആരും കൊടുക്കാൻ തെയ്യാറായില്ല. പലരും ഇല്ലാഞ്ഞിട്ടല്ല കൊടുക്കാതിരുന്നത്. ചന്ദ്രൻ മേടിച്ചാൽ കൊടുക്കാത്തവനുമല്ല. കയ്യിലുള്ളത് സ്വരുക്കൂട്ടി കാത്തു വച്ചിരിക്കുകയാണ് പലരും. ഡോളറുമായി രൂപയുടെ വില കുറയുന്നതും കാത്തിരിക്കുകയാണ്. ഡോളറിന് എഴുപതാകുമെന്ന് ഏതോ ഒരു യൂറോപ്യൻ പറഞ്ഞെന്നും പറഞ്ഞാ ടീവിയിലെ തത്സമയ വാർത്തയും നോക്കിയിരിപ്പ്. ഡോളറിന് അറുപതായപ്പോഴേ കിട്ടാവുന്നത്ര സംഘടിപ്പിച്ച് അയച്ചവരൊക്കെ പറ്റിയ മണ്ടത്തരത്തിന് ഇപ്പോൾ വ്യസനിക്കുകയാണ്.

ഇപ്പോൾ ഒരാളും കടമായി പണം കൊടുക്കില്ലെന്ന തിരിച്ചറിവ് മൂന്നാലു ഫോൺ വിളി കഴിഞ്ഞപ്പോഴേ ചന്ദ്രന് മനസ്സിലായി. ഇനി ആകെ ഒരു പ്രതീക്ഷ ദിനേശിലാണ്.  അവന് എന്തായാലും തന്നെ സഹായിക്കാതിരിക്കാനാവില്ല. പിന്നെ എഴുന്നേറ്റ് വന്നത് രാജേട്ടനാണ്. വിവരം പറഞ്ഞപ്പോൾ തന്നെ രാജേട്ടൻ പറഞ്ഞു.
“ഈ സമയത്ത് ഒരാളും കടം തരില്ല. പലിശക്കു പോലും കടം കൊടുക്കുന്നില്ല. ആരോടും ചോദിച്ചിട്ട് കാര്യമില്ല. താൻ കമ്പനിയിൽ നിന്നു തന്നെ ശമ്പളം അഡ്വാൻസ് വാങ്ങാൻ പറ്റുമോന്ന് നോക്ക്.”
കുറച്ച് കഴിഞ്ഞ് രാജൻ രഹസ്യമായി ചന്ദ്രന്റെ ചെവിയിൽ പറഞ്ഞു.
“ദിനേശന്റെ കയ്യിൽ കാശുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം അവൻ ഇതുവരെ അയച്ചിട്ടില്ല. ഞാനൊരുമിച്ചാ മിനിഞ്ഞാന്നു കാശയക്കാൻ പോയത്. അവിടെ ചെന്നപ്പോൾ അവന്റെ കൂട്ടുകാരൻ ഒരാൾ അതിനകത്തുണ്ടായിരുന്നു. അവൻ പറഞ്ഞു രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് അയച്ചാൽ മതിയെന്ന്. ഇനിയും റേറ്റ് കുറയാൻ സാദ്ധ്യതയുണ്ടെന്ന്. അതു കാരണം അവൻ അയച്ചില്ലെന്ന് മാത്രമല്ല, ഒരു മാസത്തെ ശമ്പളം കൂടി  അഡ്വാൻസും വാങ്ങി കയ്യിൽ വച്ചിട്ടുണ്ട്. ഞാൻ പറഞ്ഞെന്ന് പറയണ്ട...!”
അതു കൂടി കേട്ടതോടെ ചന്ദ്രൻ ആശ്വാസം കൊണ്ടു.

എട്ട് മണി കഴിഞ്ഞിരുന്നു ദിനേശ് എഴുന്നേറ്റ് വരുമ്പോൾ. വന്നപടി ബാത്ത് റൂമിലേക്ക് ചെന്നെങ്കിലും രാജേട്ടൻ അകത്തുണ്ടായിരുന്നതു കൊണ്ട് നേരെ അടുക്കളയിലേക്ക് ചായ തിളപ്പിക്കാനായി കയറി. തൊട്ടു പിറകെ ചന്ദ്രനും എത്തി. അടുക്കളയിൽ വച്ച് ചന്ദ്രൻ പറഞ്ഞു. “ദിനേശെ... ഞാനൊരുത്തിരി ടെൻഷനിലാ... രണ്ടാഴ്ച കഴിഞ്ഞിട്ടേ പ്രസവമുണ്ടാകുള്ളൂന്ന് പറഞ്ഞിട്ട് ഇന്ന് വെളുപ്പിന് ആശുപത്രിയിൽ അഡ്മിറ്റാക്കി. ഇന്നു തന്നെ പ്രസവമുണ്ടാകുമെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നേ... പെട്ടെന്ന് ആശുപത്രിയിൽ വല്ലതും കെട്ടി വക്കേണ്ടി വന്നാൽ അവളുടെ കയ്യിൽ അതിനുള്ള കാശുണ്ടാകാൻ വഴിയില്ല. ശബളം കിട്ടാൻ രണ്ടാഴ്ച കൂടിയില്ലെ. നീയെന്നെ ഒന്നു സഹായിക്കണം. ഒരു നൂറു ദിനാർ തരണം. ശമ്പളം കിട്ടിയാൽ ഉടൻ തരാം...” പ്രതീക്ഷാപൂർവ്വമുള്ള അവസാന കച്ചിത്തുരുമ്പായ ആ ശബ്ദത്തിന് ഏതു കഠിനഹൃദയന്റേയും കരളുരുക്കാനുള്ള ഹൃദയദ്രവീകരണ ടോൺ ആയിരുന്നു.
പക്ഷേ, ആ ഹൃദയമില്ലാത്തവന് കരളേയില്ലായിരുന്നു. കേട്ടതു പടി അവൻ പറഞ്ഞു.
“അയ്യോ... ചന്ദ്രേട്ടാ... ഞാൻ ഉണ്ടായിരുന്ന കാശു മുഴുവൻ ബാങ്കിലേക്കയച്ചു രണ്ടു ദിവസം മുൻപ്. ഡോളറിന് അറുപത് രൂപ  ആയില്ലെ അന്ന് തന്നെ....”

പിന്നീടവൻ മുഖം തിരിച്ച് ചായക്ക് വെള്ളം അടുപ്പത്ത് വക്കാൻ തുടങ്ങി. ചന്ദ്രനു നേരെ മുഖം കൊടുത്തില്ല. അതു മനസ്സിലായ ചന്ദ്രൻ തിരിഞ്ഞു നടന്നു. ആ കണ്ണുകൾ അവസാന കച്ചിത്തുരുമ്പും കൈ വിട്ടതോടെ നിറയാൻ തുടങ്ങി. ബാത്ത് റൂമിൽ നിന്നും ഇറങ്ങി വന്ന രാജന്  ചന്ദ്രന്റെ മുഖം കണ്ടതും ദിനേശനും കൈവിട്ടെന്ന് ബോദ്ധ്യമായി.

അകത്ത് ബെഡ്ഡിൽ പോയി കിടന്ന  ചന്ദ്രന്റടുത്തേക്ക് രാജനും ചെന്ന് കട്ടിലിലിരുന്നു.
രാജൻ പറഞ്ഞു.
“ഇന്നു തന്നെ അയക്കണ്ടെ. നാളത്തേക്കാണെങ്കിൽ എന്റെ കമ്പനിയിൽ നിന്നും അറബി സുഹൃത്തുക്കളോടാരോടെങ്കിലും കടം വാങ്ങിക്കാമായിരുന്നു. എനിക്കിന്നോഫാ... ”
 “പറഞ്ഞിട്ട് കാര്യമില്ല രാജേട്ടാ... രൂപക്ക് വില കുറയുമ്പോൾ  മനുഷ്യത്വം പോലും മരവിക്കുന്നു. ഇതുവരെ കാണിച്ച സ്നേഹം,ദയ, കാരുണ്യം ഒന്നിനും കണ്ണും കാതും ഇല്ലാതാകുന്നു.  ഇനി കമ്പനിയിൽ മാനേജരോട് ചോദിച്ചു നോക്കണം. അതും എനിക്ക് സംശയമാ.. കാരണം കമ്പനിയിലെ രണ്ടിന്റ്യൻസും ഇതിനകം ലോൺ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. അവർക്ക് അത്യാവശ്യമുണ്ടായിട്ടല്ല,  രൂപയുടെ മൂല്യം കുറഞ്ഞത് മുതലാക്കാനായിരുന്നെന്ന് മാനേജർക്ക് മനസ്സിലായി. അതു കൊണ്ടാ ചോദിച്ചാൽ കിട്ടുമോന്ന് എനിക്കും ഒരു സംശയം...”
“ഇനി കിട്ടിയാലും ഇന്നു തന്നെ എങ്ങനെ നാട്ടിലെത്തിക്കും...” രാജൻ
“അതും ഒരു പ്രശ്നമാ.. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് പണമെത്തിക്കാനുള്ള നേരായ സംവിധാനങ്ങളൊന്നും നിലവിലില്ലല്ലൊ..”
“പിന്നെ ‘ഉണ്ടി’യിൽ അയക്കേണ്ടി വരും. ആ കോൾഡ് സ്റ്റോറിലെ മജീദിന്റടുത്ത്  കൊടുത്താൽ മതി. ഫോൺ ചെയ്ത് അവൻ കാശ് ആശുപത്രിയിൽ എത്തിച്ചോളും അപ്പോൾ തന്നെ....”
ചന്ദ്രൻ തലകുലുക്കിയിട്ട് ഡ്രെസ്സ് ചെയ്യാനായി  എഴുന്നേറ്റതും രാജൻ ഓർമ്മിപ്പിച്ചു
"അഥവാ... കമ്പനിയിൽ നിന്നും കാശു കിട്ടിയില്ലെങ്കിൽ വിഷമിക്കണ്ട. എന്നെ വിളിച്ച് പറഞ്ഞാൽ മതി. മജീദിക്കാന്റെ അടുത്ത് കാശ് ഇന്നു തന്നെ ആശുപത്രിയിലെത്തിക്കാൻ ഏർപ്പാടാക്കാം. നാളെ ഞാൻ പൈസ ശരിയാക്കി കൊടുത്തോളാം....!”

നമ്മൾ സഹായിച്ചിട്ടുള്ളവരൊന്നും ഒരാവശ്യം വരുമ്പോൾ കൂടെ ഉണ്ടാവണമെന്നില്ല. പകരം നമ്മൾക്ക് ഒരു പരിചയവുമില്ലാത്തവരാകും പലപ്പോഴും ഓടിയെത്തുക. ഒരു കുളിർമഴ പെയ്ത  മനസ്സുമായി ചന്ദ്രൻ പുറത്തിറങ്ങി നടന്നു....