Thursday 1 August 2013

കഥ.

ee katha printed/bhavantharangal/ CLS Books/published/

കുറ്റബോധം....


സാധാരണ വെള്ളിയാഴ്ചയാണ് വീടുമായി സ്കൈപ്പു വഴി കണ്ടു സംസാരിക്കുന്നത്.
അതും ഉച്ച കഴിഞ്ഞിട്ടാണ് വിളിക്കൽ പതിവ്. ഒരു കൃത്യ സമയം പതിവുള്ളതു കൊണ്ട് അതിനു മുൻപ് സ്കൈപ്പ് തുറക്കാറില്ല. പിന്നെ നേരത്തെ വരണമെന്നുണ്ടെങ്കിൽ ഒരു മിസ്ക്കാൾ വരും. ഒരേയൊരു മിസ്ക്കാൾ ആണെങ്കിൽ ‘നെറ്റ് തുറക്കൂ, സ്കൈപ്പിൽ വരൂ’ എന്നർത്ഥം. രണ്ടു മിസ്ക്കാൾ അടുപ്പിച്ച് വന്നാൽ ഉടനെ ഫോൺ വഴി തിരിച്ചു വിളിക്കണമെന്നാണ് ഒരു അലിഖിത നിയമം.

ഇന്ന് പതിവില്ലാതെ ഒരു മിസ്ക്കാൾ വന്നപ്പോഴാണ് സമയം നോക്കിയത്. സാധാരണ വിളിക്കാറുള്ള സമയം ആകുന്നതേയുള്ളു. പിന്നെ കുറേക്കഴിഞ്ഞ് വീണ്ടും ഒരെണ്ണം കൂടി വന്നു. ഞാൻ നെറ്റിൽ വരാനാണെന്ന് മനസ്സിലായതോണ്ട്  നേരത്തെ തന്നെ സ്കൈപ്പ് തുറന്നു. തുറക്കുമ്പോഴുണ്ട് എന്റെ മോൻ കണ്ണനാണ് സ്ക്രീനിൽ. ആറിലാണ് പഠിക്കുന്നത്.
“എന്തടാ കണ്ണാ.. കുട്ടനാ മിസ്ക്കാളടിച്ചേ..?”
അവൻ ചെവിക്കൊതുങ്ങാത്ത ഇയർഫോൺ ആ കുഞ്ഞിത്തലയിൽ പിടിപ്പിച്ച്, നിരയൊത്ത  പാൽ‌പ്പല്ലുകൾ ഇളിച്ചു കാട്ടി തലയാട്ടുന്നു.
“ആട്ടെ.. പറയ് എന്താ കാര്യം...?”
“ അതേ.. അഛാ... എനിക്കേയ്...  പിന്നെ.. ഒരു കത വേണം... ഈ കുറ്റബോധത്തിന്റെ കഥ..” “കുറ്റബോധത്തിന്റെ കഥയോ...? അതേത് കഥ..? പട്ടീടെ കഥ, പൂച്ചേടെ കഥ, സിംഹത്തിന്റെ കഥയെന്നൊക്കെ കേട്ടിട്ടുണ്ട്. അതേതു ജീവിയാടാ കണ്ണാ... ഈ കുറ്റബോധം...?”
അവൻ അത് കേട്ടിട്ട് അവിടെയിരുന്ന് തല കുനിച്ച് ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ടിരുന്നു.  ‘ ഈ അഛനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ..’ എന്നാണ് ആട്ടലിന്റെ അർത്ഥമെന്ന് മനസ്സിലായി. എനിക്ക് ചിരി വന്നു. അവൻ തല ഉയർത്തിയിട്ട് പറഞ്ഞു.
“അഛാ.. ഇത് ജീവിയൊന്നോല്ല.. ഈ കുറ്റബോധം കുറ്റബോധം ന്ന് പറഞ്ഞാലേ... ”
അവൻ തലയിൽ ചൊറിയാൻ തുടങ്ങിയെങ്കിലും തല കിട്ടിയില്ല. ഉള്ള തലയിൽ മുഴുവനായി ഇയർ ഫോൺ നിറഞ്ഞിരിക്കയാണ്. തൊടുന്നിടത്തൊക്കെ ഇയർ ഫോൺ. പിന്നെ ആ ഉദ്യമം വേണ്ടെന്നു വച്ചു. അവൻ ദൈന്യതയോടെ എന്നെ നോക്കി.
“എടാ കുട്ടാ... സ്കൂളിലെ മിസ്സ് എന്താ പറഞ്ഞെ...?”
“അതേ അഛാ.. കതേല് കുറ്റബോധംന്ന ഒരു വാക്ക് വേണം... അങ്ങനത്തെ കതയാ മിസ്സ് പറഞ്ഞത്. രണ്ടു പേജിൽ കൂടാൻ പാടില്ല...”
“ഓഹൊ അങ്ങനത്ത കഥയാ വേണ്ടത്... ശരി, അഛൻ ഒന്നാലോചിക്കട്ടേട്ടൊ....”
“ശരി..”
“ അല്ല കുട്ടാ... ഈ കുറ്റബോധംന്ന് പറഞ്ഞാ ന്താന്നാ  കണ്ണൻ മനസ്സിലാക്കിയിരിക്കണേ.... ഒന്നു പറഞ്ഞേ... ”
അവന്റെ മിസ്സിന്റെ പഠിപ്പിക്കലിന്റെ ക്വാളിറ്റി ഒന്നറിയാമല്ലോന്ന് കരുതിയാ അങ്ങനെ ചോദിച്ചത്. അവൻ ഒന്നാലോചിച്ചിട്ട് പറഞ്ഞു.
“അതില്ലേഛാ... ഈ .. ഇന്നാള് ന്റെ കയ്യീന്ന് ചായ ക്ലാസ്സ് വീണു പൊട്ടീല്ലേ... അപ്പോ കുറ്റബോധോണ്ടായീല്ലേ...?”
“അതെങ്ങ്നെയാ കണ്ണാ...  അതിന് അമ്മേടെ കയ്യീന്ന് രണ്ട് തല്ലല്ലേ കിട്ട്യേ... അല്ലാണ്ട് കുറ്റബോധാ കിട്ട്യേ...?”
“ങാ... അതല്ലഛാ... ഞാൻ ക്ലാസ് മുറുക്കിപ്പിടിക്കാഞ്ഞിട്ടല്ലെ താഴെ വീണത്.  മുറുക്കിപ്പിടിച്ചിരുന്നെങ്കിൽ താഴെ വീഴില്ലല്ലൊ. അപ്പൊ ഒരു കുറ്റബോധംണ്ടാവില്ലെ. ആ കുറ്റബോധം വരണ കതയാ വേണ്ടത്..”
അമ്പട കണ്ണാ... മോൻ നന്നായി മനസ്സിലാക്കിയിരിക്കുന്നു.
ഇനി അവനെ പരീക്ഷിക്കണ്ട.
“ശരീടാ കുട്ടാ... ഇപ്പോ അഛന്  മനസ്സിലായി.... ങൂം..എന്നാ എഴുതിക്കോ.. അഛൻ സാവധാനം പറഞ്ഞു തരാം. മോൻ തെറ്റാതെ എഴുതിയെടുത്തോണം...”

കണ്ണൻ നേരത്തെ തന്നെ റെഡിയാക്കി വച്ചിരുന്ന ബുക്ക് തുറന്ന് എഴുതാൻ തെയ്യാറായി. എന്നിട്ട് അഛനെ നോക്കി ചിരിച്ചു. ഞാൻ അവന്റെ ചിരിക്കുന്ന മുഖത്തു നോക്കി പറഞ്ഞു തുടങ്ങി.
“പണ്ട് പണ്ട് ഒരു രാജ്യത്ത്...”
എഴുതാൻ തുടങ്ങിയ കണ്ണൻ പെട്ടെന്ന് തല ഉയർത്തി എന്നെ നോക്കിയിട്ട് പറഞ്ഞു.
“ആ രാജാവിന്റേം രാജ്ഞീടേം കതയല്ലെ. ഈ അമ്മക്കും അതേ, ഒരു രാജാവിന്റേം രാജ്ഞീടേം കത മാത്രോള്ളു. അതെനിക്ക് വേണ്ട...!”
“പിന്നെ എങ്ങനത്തെ കഥയാ കുട്ടാ...?”
“എനിക്ക് ഇപ്പഴത്തെ കത മതി. ഇപ്പഴത്തെ നമ്മടെ കാലത്തെ കത. അല്ലെങ്കിൽ മിസ്സ് ചീത്ത പറയും...”

കുട്ടനെ അങ്ങനെയിങ്ങനെയൊന്നും പറ്റിക്കാൻ പറ്റില്ല.
“എന്നാ വേറൊരെണ്ണം പറയാം.... മോൻ എഴുതിക്കോ..”
“വേണ്ട.. അഛൻ ആദ്യം ഒന്നു പറഞ്ഞെ കത... എന്നിട്ടേ എഴുതണോള്ളു...”
കണ്ണൻ പേന ബുക്കിനകത്ത് വച്ച് കയ്യും കെട്ടി ഇരുന്നു.
“പറ അഛാ..”
“എടാ കുട്ടാ.. അഛൻ ഇപ്പോഴത്തെ കഥയാ പറയാൻ പോണെ.. മോൻ ഓരോന്നായി എഴുതിയെടുത്തോ...”
“വേണ്ട.. അഛൻ ആദ്യം കൊർച്ച് പറഞ്ഞെ...”
“കുട്ടന് അഛനെ വിശ്വാസോല്യേ... ആട്ടെ, കുട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആരാ...?”
“ദീപു...”
“ആ ദീപുവിന്റെ കഥയാ അഛൻ പറയാൻ പോണെ....”
അതു കേട്ടതോടെ കുട്ടൻ എഴുതാൻ റെഡിയായി പേനെയെടുത്ത് അഛന്റെ മുഖത്ത് നോക്കി. “ങൂം...”
“ മഴ പെയ്യുന്നത് കാണാൻ ദീപുവിന് വലിയ ഇഷ്ടമാണ്.  ബസ്സിറങ്ങിയിട്ട് സ്കൂളിലേക്ക് നടക്കുമ്പോൾ റോഡിലെ കുഴികളിലെ വെള്ളം മുഴുവൻ തട്ടിത്തെറിപ്പിച്ച് നടക്കുന്നത് അവന്റെ ഹോബിയാണ്..”
കുട്ടൻ എഴുതിത്തീരാനായി ഞാൻ ഒന്നു നിറുത്തി. എഴുതി തീർന്നതും കുട്ടൻ നാലുപാടും നോക്കിയിട്ട് രഹസ്യമായി എന്നോട് പറഞ്ഞു.
“ഞാനും അതേ... അഛാ.. അമ്മയോട് പറയല്ലേട്ടോ. നിക്കറും ഷൂവും ചീത്തയാക്കണേന് വഴക്കു പറയും...!”
“അമ്പടാ കള്ളാ.... ശരി അഛൻ പറയില്ല. അടുത്തത്  എഴുതിക്കോ... അന്നും പതിവുപോലെ വെള്ളവും തട്ടിത്തെറിപ്പിച്ച് നടക്കുന്നതിനിടയിലാണ് ദീപുവിന്റെ തൊട്ടു മുന്നിലായി ഒരു   തത്തക്കുഞ്ഞ് വീണു കിടന്നു പിടഞ്ഞത്...!

നല്ല പച്ചത്തത്ത.  ദീപുവിന് അത് കണ്ടപ്പോൾ കൌതുകത്തോടൊപ്പം വലിയ സങ്കടവുമായി. കൂടെയുള്ള കൂട്ടുകാരും അതിനെ പൊതിഞ്ഞു. തലക്കു മുകളിലായി ഒരു കാക്ക വട്ടത്തിൽ പറക്കുന്നുണ്ടായിരുന്നു. നടക്കാൻ വയ്യാതായ തത്തക്കുഞ്ഞ് എല്ലാവരേയും പേടിയോടെ നോക്കുന്നുണ്ട്. ദീപു പതുക്കെ തത്തയുടെ ചിറകിൽ പിടിച്ച് പൊക്കി. അപ്പോഴാണ് തത്തയുടെ ഒരു കാലിൽ നിന്നും ചോര വരുന്നത് കണ്ടത്. പരിക്കു പറ്റിയതുകൊണ്ടാണ് പറന്നു പോകാതെ ചരിഞ്ഞു കിടക്കുന്നതെന്ന് ദീപുവിന് മനസ്സിലായി. തലക്കു മുകളിൽ പറന്നു നടന്ന ഒരു കാക്കയെ കണ്ടതും ദീപുവിന് കാര്യം പിടികിട്ടി. അവൻ കാക്കയെ കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചു. കൂട്ടുകാർ കുറച്ചു നേരം കൂട്ടം കൂടി നിന്ന് ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞിട്ട് സ്ഥലം വിട്ടു. എല്ലാവരും പോയിട്ടും ദീപുവിന് പോകാൻ തോന്നിയില്ല. അവൻ ആ തത്തയെ എങ്ങനെയാ രക്ഷിക്കാൻ കഴിയുകയെന്ന് ആലോചിക്കുകയായിരുന്നു.

പിന്നേയും കാക്ക തലക്കു മുകളിൽ വട്ടമിട്ടപ്പോൾ ദീപു അതിനെ കല്ലേടുത്തെറിഞ്ഞ് ഓടിച്ചിട്ട് വീണ്ടും വന്നിരുന്നു. തത്തയുടെ തൂവലിൽ പതുക്കെ തലോടിക്കൊടുത്തു. ഇതിനെ സ്കൂൾ ബാഗിനകത്താക്കി കൊണ്ടു പോയാലോയെന്ന് ഒരു വേള ആലോചിച്ചെങ്കിലും മിസ്സിനെ പേടിച്ചിട്ട് അത് വേണ്ടെന്നു വച്ചു. അപ്പോഴാണ് പിന്നിൽ നിന്നും ഒരു കാറിന്റെ ഹോൺ കേട്ടത്. തൊട്ടടുത്തെന്നോണം ഹോൺ കേട്ട് ഞെട്ടിയ ദീപു പെട്ടെന്ന് റോഡിൽ നിന്നും ഓടി മാറി. ഇരമ്പിപ്പാഞ്ഞു വന്ന കാർ തത്തയുടെ ശരീരം ചതച്ചരച്ച് കടന്നു പോയി...!
ദീപു കണ്ണടച്ചു തുറക്കുന്നതിനു മുൻപേ എല്ലാം കഴിഞ്ഞിരുന്നു...!
ചതഞ്ഞരഞ്ഞ ശരീരം കണ്ട് ദീപു വാവിട്ടു കരഞ്ഞു...”

ഞാൻ നോക്കുമ്പോഴുണ്ട് കണ്ണൻ ഒന്നും എഴുതാതെ കുനിഞ്ഞിരുന്ന് കരയുകയാണ്.  അതു കണ്ട് ഞാനും വല്ലാതായി.
“എടാ കണ്ണാ... കുട്ടാ... എന്തു പറ്റി ... എന്തിനാ കരയണെ...?”
“അഛാ.. അതിനെ കൊല്ലണ്ടാ.... കൊല്ലണ്ടഛാ...!” കരഞ്ഞു കൊണ്ടാണ് പറയുന്നത്.
“ഓ.. അതാണൊ കാര്യം...”
അന്നേരം എനിക്ക് ചിരി വന്നു. എന്നാലും ഞാൻ പറഞ്ഞു.
“അയ്യൊടാ കുട്ടാ... അത് കാറ് കേറി ചത്തു പോയല്ലൊ...!”
“വേണ്ട.. കാറ് കേറണ്ട...”
“എടാ കുട്ടാ.. അപ്പൊ കുറ്റബോധം ണ്ടാവണ്ടെ..?”
“വേണ്ടാ.. പാവം ആ തത്തക്കുഞ്ഞിനെ കൊന്നിട്ട് കുറ്റബോധം വേണ്ട...!”

കണ്ണൻ എഴുത്ത് നിറുത്തി പേന താഴെ വച്ചിട്ടാണ് പാവം തത്തക്കു വേണ്ടി വാശി പിടിക്കുന്നത്. കഥയിലെ തത്ത പോലും വേദനിക്കുന്നത് കാണാൻ മനസ്സില്ലാത്ത എന്റെ മോനെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. എന്റെ കണ്ണുകളും ഈറനണിഞ്ഞു.
“കുട്ടാ ന്നാ  അഛൻ കഥ മാറ്റി പറയാം.... ”
“ങൂം...”
അപ്പോഴാണ് കണ്ണൻ തല ഉയർത്തിയത്. ഇടതു കൈപ്പുറം കൊണ്ട് കണ്ണുകൾ തുടച്ച് പേനയെടുത്ത് എന്നെ നോക്കി. ഞാൻ പറഞ്ഞു തുടങ്ങി.
“അപ്പോഴേക്കും സ്കൂളിൽ ബല്ലടിക്കുന്നതു കേട്ട് ദീപു പെട്ടെന്നെഴുന്നേറ്റു...”
“നിക്ക് നിക്ക്.. അഛാ.. ഈ കാറ് ഞാൻ ന്താ.. ചെയ്യാ...?”
“ങാ.. കാറ് പ്പൊന്താ ചെയ്യാ... ങാ... ഓക്കെ.. ഒരു കാര്യം ചെയ്യ്... കാറിന്റെ ഒച്ച കേട്ട് ദീപു ഞെട്ടി മാറുന്നില്ലെ... അവിടന്നങ്ങ്ട് വെട്ട്.  ന്ന് ട്ട് ഇനി അഛൻ പറയണത്  എഴുത്...”
“ങൂം വെട്ടി അഛാ...”
“കാറിന്റെ ഹോൺ കേട്ട് ഞെട്ടിയെഴുന്നേറ്റ്  ഓടി മാറിയ ദീപുവിന്റെ കയ്യിൽ തൂവലിൽ പിടിച്ച് തൂക്കിയെടുത്ത തത്തക്കുഞ്ഞും ഉണ്ടായിരുന്നു...!!”

എഴുതിക്കഴിഞ്ഞ് തല പൊക്കിയ കണ്ണന്റെ മുഖത്ത് നല്ല തെളിച്ചവും ഇടതു കയ്യിന്റെ തന്തവിരൽ ഉയർത്തി  “താങ്ക്സ്സഛാ...” ന്നു പറയാനും കുട്ടൻ മറന്നില്ല.
“ങൂം..”
ബാക്കി എഴുതാൻ കുട്ടൻ റെഡിയാണെന്ന് മൂളി.
“തത്തയെ ദീപു റോഡരികിലെ പുൽത്തകിടിയിൽ സാവധാനം കിടത്തി. അതിന്റെ പുറത്ത് തലോടിക്കൊടുത്തു. അപ്പോഴാണ് സ്കൂളിൽ ബല്ലടിക്കുന്നത് കേട്ടത്. ദീപുവിന് സ്ഥകാലബോധം വീണതും ചുറ്റും നോക്കി. തന്റെ  കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞിരുന്നു. റോഡ് വിജനമായിരുന്നു. പെട്ടെന്ന് തത്തയെ അവിടെയിട്ട് ഓടാൻ തുടങ്ങിയതും അതിന്റെ ദീനമായ രോദനം അവനെ  പിടിച്ചു നിറുത്തി. വീണ്ടു അവൻ തിരിച്ചു വന്ന് തത്തയെ തൂക്കിയെടുത്ത് തൊട്ടടുത്തുള്ള ഒരു മരത്തിന്റെ വേരിന്റെ പൊത്തിൽ ഒളിപ്പിച്ചു വച്ചു. പുറത്തു നിന്നും ആരും കാണാതിരിക്കാൻ ചെടികളുടെ ഇലകൾ പറിച്ച് അടച്ചു വച്ചു. വീണ്ടും വീണ്ടും നോക്കി, മുകളിൽ കാക്കയില്ലെന്നുറപ്പു വരുത്തിയിട്ട് സ്വൽ‌പ്പം കുനിഞ്ഞ് തത്തയോടായി പറഞ്ഞു.
“ഞാൻ സ്ക്കൂളിൽ  പോയിട്ട് വരാം. ഇവിടന്ന് പുറത്തിറങ്ങരുതെട്ടൊ... ഞാൻ വന്നിട്ട് നിന്നെ വീട്ടിലേക്ക് കൊണ്ടു പോകാം. എന്നിട്ട് നിന്റെ കാലിൽ മരുന്നു പുരട്ടിത്തരാട്ടൊ.. അതു വരെ അനങ്ങാതിരുന്നോണം...”
അവൻ തിരിഞ്ഞോടാൻ തുടങ്ങിയതും  പെട്ടെന്ന് നിന്നു.
‘അയ്യോ.. തത്തക്കുഞ്ഞിന് വിശന്നാലോ..?’
വേഗം പുറകിൽ നിന്നും ബാഗ് എടുത്ത് താഴെ വച്ചു. എന്നിട്ട്  ചോറുപാത്രമെടുത്ത് തുറന്ന് ഒരു പിടി ചോറെടുത്ത് തത്തയെ മൂടിയ രണ്ടിലകൾ മാറ്റി ഇട്ടു കൊടുത്തു. എന്നിട്ട് പറഞ്ഞു.
“നിനക്ക് വിശക്കുമ്പോൾ തിന്നോട്ടോ..”
അതും പറഞ്ഞ് ദീപു സ്കൂളിലേക്ക് പറന്നു.

ഓടി അണച്ച് ക്ലാസ്സിലെത്തിയിട്ടും ദീപുവിന്റെ   മനസ്സ് മുഴുവൻ ആ മരത്തിന്റെ പൊത്തിലായിരുന്നു. വൈകീട്ട് ബെല്ലടിച്ചതും ദീപു പുസ്തക സഞ്ചിയും തൂക്കി ആദ്യം പുറത്തു കടന്നു. ഓടി തത്തെയെ ഒളിപ്പിച്ചു വച്ച മരത്തിന്റെ പൊത്തിനടുത്തെത്തി.

അടുത്തെത്തിയതും ദീപു ഞെട്ടിത്തെറിച്ച് നിന്നു പോയി...!
അവിടെയാകെ പച്ചത്തൂവൽ ചിതറിക്കിടക്കുന്നു...!
പൊത്തിനകം കാലിയായിരുന്നു....!
താഴേയും മുകളിലുമായി മാറിമാറി നോക്കിയെങ്കിലും തത്തയുടെ പൊടിപോലുമില്ലായിരുന്നു കണ്ടു പിടിക്കാൻ. ചിതറിക്കിടന്ന തത്തയുടെ തൂവൽ പെറുക്കിയെടുക്കുമ്പോൾ ദീപു ഓർത്തു. ആ ദുഷ്ടത്തി കാക്ക എന്റെ തത്തയെ കൊണ്ട് പോയി തിന്നിട്ടുണ്ടാകും. അത്തരം ഒരു ചിന്ത മനസ്സിൽ നിറഞ്ഞതും ദീപുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
പെറുക്കിയെടുത്ത പച്ചത്തൂവലും നോക്കി, പാവം തത്തക്കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ‘കുറ്റബോധം’ കാരണം ദീപുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അവൻ ഏന്തിയേന്തി കരഞ്ഞു കൊണ്ട് ആ പച്ചത്തൂവലും കയ്യിൽ പിടിച്ച് ബസ്റ്റോപ്പിലേക്ക് നടന്നു.”

കണ്ണൻ എഴുതിത്തീർന്നതും എന്റെ മുഖത്തേക്ക് സുക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു.
“അഛനോട് ഞാൻ പറഞ്ഞതല്ലെ. തത്തക്കുഞ്ഞിനെ കൊല്ലണ്ടാന്ന്...!”
“അയ്യോടാ... കുട്ടാ.. അഛൻ കൊന്നതല്ല. കാലിനു പരിക്കേറ്റ് പറക്കാൻ കഴിയാത്ത  തത്തക്കുഞ്ഞിനെ നോക്കാൻ ആരെങ്കിലും ഉണ്ടായോ..?”
അതു കേട്ടതും കുട്ടൻ തല ഡെസ്ക്കിൽ മുട്ടിച്ച് കമിഴ്ന്നു കിടന്നു.
തത്ത ചത്തു പോയത് കുട്ടനു വലിയ സങ്കടായീന്ന് തോന്നണു.
എന്നാലും ഞാൻ പറഞ്ഞു കൊണ്ടിരുന്നു.
“ആ കാക്ക അതിനെ അന്വേഷിച്ച് കണ്ടെത്തിയതായിരിക്കും.  ജീവിക്കാൻ വേണ്ടി അത് പൊരുതി നോക്കിയിട്ടുണ്ടാകും. പിന്നെ അവിടെ പിടിവലിയൊക്കെ നടന്നിരിക്കും. അങ്ങനെയായിരിക്കും തത്തയുടെ തൂവലൊക്കെ പറഞ്ഞു പോയത്...”
അത്രയുമായപ്പോഴേക്കും കുട്ടൻ ഇയർഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് എന്നെ നോക്കി മുഖമൊന്നു വെട്ടിച്ച് എഴുന്നേറ്റ് പൊയ്ക്കളഞ്ഞു... !!
“കുട്ടാ.. കണ്ണാ... കുട്ടാ...”
ഞാൻ വിളിച്ചു നോക്കിയെങ്കിലും അങ്ങേത്തലക്കലെ ക്യാമറക്കു മുന്നിൽ കണ്ണൻ വരികയുണ്ടായില്ല.....