Sunday 1 January 2012

തിരക്കഥ... ( 2)


“സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും ഒരു പുതുവർഷം എല്ലാ വായനക്കാർക്കും നേരുന്നു.”


തിരക്കഥ ക്ലൈമാക്സിലേക്ക്....



സീൻ 2.
Exterior.
പകൽ.
സമയം: കാലത്ത് പത്തേപത്ത്.
സ്ഥലം: പണി നടന്നുകൊണ്ടിരിക്കുന്ന ഒരു ആറുനില കെട്ടിടത്തിന്റെ മുൻ‌വശം.

അവിടെ അടുത്തടുത്തായി മറ്റു പല കെട്ടിടങ്ങളുടേയും പണികൾ നടക്കുന്നുണ്ട്.
ആശാ‍നും കൂട്ടരും കൂടി ഒരു ആറു നില കെട്ടിടത്തിന്റെ പണികൾക്കിടയിലാണ് നാം കാണുന്നത്...
മുറ്റത്ത് അവിടവിടെയായി താഴെ വിരിക്കാനുള്ള ടൈലുകളുടെ പാക്കറ്റുകൾ, സിമന്റിഷ്ടികകൾ, മറ്റു കെട്ടിടം പണിയാനുള്ള സാമഗ്രികകൾ ഒക്കെ അടുക്കി വച്ചിരിക്കുന്നു. ചുറ്റും കെട്ടിയിട്ടുള്ള സ്കെല്ലയിൽ കയറി നിന്ന് ചിലർ ഭിത്തി തേക്കുന്നു. ചിലർ തേക്കാനുള്ള സിമന്റ്കൂട്ട് കോരി ബക്കറ്റിൽ പൊക്കിക്കൊടുക്കുന്നു. പണി കഴിഞ്ഞ വശത്തെ സ്കെല്ലയുടെ പലകകൾ അഴിച്ചെടുത്ത് താഴേക്ക് കൈ മാറുന്നു. ആശാൻ താഴേ നിന്നു വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നു.

ഇടക്ക് ആശാൻ മുകളിലേക്ക് നോക്കി വിളിച്ചു പറയുന്നുണ്ട്.
പതുക്കെ..” താഴേ ആളുണ്ടോന്ന് നോക്കി ഇടടാ...”

മൊയ്തുക്കായും തങ്കപ്പേട്ടനും കൂടി അകത്തു നിന്നും പുറത്തേക്കു വരുന്നു. തങ്കപ്പേട്ടൻ മോബൈലിൽ ആരോടൊ സംസാരിച്ചു കൊണ്ടാണ് വരുന്നത്. ആശാന്റടുത്തെത്തിയതും ഫോൺ ചെവിയിൽ നിന്നും മാറ്റിയിട്ട്,

ആശാനോടായി തങ്കപ്പേട്ടൻ പറഞ്ഞു.
ആശാനെ.. അർബാബായിരുന്നു ലൈനിൽ. എന്റെ നാട്ടിൽ‌പ്പോക്കിന്റെ കാര്യത്തിനാ വിളിച്ചത്...”

ആശാൻ ചോദിച്ചു.
എന്തു പറഞ്ഞു....”

തങ്കപ്പെട്ടൻ പറഞ്ഞു.
അവൻ അതിനല്ല മറുപടി പറയുന്നത്. അവന്റെ അനിയന്റെ സൈറ്റിൽ ഇന്നലെ ചെക്കിങ്ങിന് ആളുകൾ ചെന്നിരുന്നുവത്രെ. നിങ്ങളും സൂക്ഷിക്കണമെന്നാ പറഞ്ഞത്.”

ഉടനെ മൊയ്തുക്ക പറഞ്ഞു.
ശരിയാ... ഇന്നലെ എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു. അവരുടെ മുറിയിലെ രണ്ടുപേരെ പണിസ്ഥലത്ത് വച്ച് പിടിച്ച് കൊണ്ടോയി അകത്തിട്ടെന്ന്.”

ആശാൻ പറഞ്ഞു.
കേൾക്കുമ്പൊ.. പേട്യാവാ.... ”

പിന്നെ, അവിടെ പണിയെടുക്കുന്നവരെ ചൂണ്ടിയിട്ട് വീണ്ടും തുടർന്നു.
ഇതുങ്ങളൊക്കെ എത്ര കൊടുത്തിട്ടാ ഇങ്ങോട്ടു വന്നത്. അതിന്റെ ഒരു മുക്കും മൂലയും പോലും തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടില്ല."
തങ്കപ്പേട്ടൻ പറഞ്ഞു.
പൊരിയണ വെയിലത്താണെങ്കിലും ജോലി ചെയ്ത് ജീവിക്കാന്നു വച്ചാലും ഇവന്മാര് സമ്മതിക്കില്ല.”
അതുകേട്ടിട്ട് മൊയ്തുക്ക നാലു വശവും നോക്കിയിട്ട് പറഞ്ഞു.
പണിസ്ഥലത്ത് നിൽക്കുമ്പൊ അപ്പുറത്തെ റോട്ടീക്കൂടി ഒരു പോലീസ് വണ്ടി പോണ കണ്ടാൽ മതി. പിന്നെ എക്കേത്തിന്റേം ഉള്ളില് തീയ്യാ....”

അന്നേരമാണ് മോഹനനും ആശന്റെ മകൻ സന്തോഷും കൂടി മുകളിലേക്ക് കയറിപ്പോകാനായി വരുന്നത് കാണുന്നത്.
അവരെ കണ്ടപ്പോൾ മൊയ്തുക്ക വിളിച്ചു.
എടാ മോഹനാ.. ”

അതു കേട്ടതും അവർ തിരിഞ്ഞു നിന്നു. അപ്പോൾ മൊയ്തുക്ക പറഞ്ഞു.
നിങ്ങളെ കറണ്ടുതോമ അന്വേഷിക്കുന്നുണ്ടായിരുന്നു. അവൻ ഇന്ന് ഒറ്റക്കുള്ളു. വേഗം ചെല്ല്..”

മറുപടിയായി സന്തോഷ് പറഞ്ഞു.
ഞങ്ങൾ തോമേട്ടന്റെ അടുത്തേക്കാ പോണെ..”

അതും പറഞ്ഞവർ മുകളിലേക്ക് കയറിപ്പോകാനായി സ്റ്റെപ്പുകൾ കയറാൻ തുടങ്ങി.
ആശാനും തങ്കപ്പേട്ടനും മൊയ്തുക്കായും കൂടി അവിടെ നിന്നു സംസാരിക്കട്ടെ.

സീൻ (3)
നമുക്ക് മോഹനന്റേയും സന്തോഷിന്റേയും ഒപ്പം മുകളിലേക്ക് പോകാം.
പൊടി പിടിച്ച സ്റ്റെപ്പുകളിൽ ചവിട്ടി രണ്ടു പേരും സന്തോഷത്തോടെയാണ് ഒപ്പം നടന്നു നീങ്ങുന്നത്. നാട്ടിലെ ഉത്സവത്തിന്റെ തിരക്കിലാണ് മോഹനന്റെ സംഭാഷണങ്ങളത്രയും. ഇടക്ക് താഴേക്ക് വരുന്നവർക്കായി അവർ വഴി ഒഴിഞ്ഞ് നിൽക്കുമ്പോളാണ് മോഹനൻ സംഭാഷണം ഒന്നു നിറുത്തുന്നത്. മുന്നാം നിലയിൽ കറണ്ടു തോമയുടെ അടുത്തെത്തുന്നതുവരെയും സന്തോഷിനെ മിണ്ടിച്ചിട്ടില്ല. പോകുന്ന വഴിയിൽ കാണുന്ന വാതിലുകൾക്കും ജനലുകൾക്കും കട്ടിള പൊലുള്ള ഒന്നും തന്നെ പിടിപ്പിച്ചിട്ടില്ല. പട്ടികക്കഷണം കൊണ്ട് ഗുണനച്ചിഹ്നം പോലെ അടിച്ചിരിക്കുകയാണ് പുറത്തേക്കുള്ള ജനലുകളെല്ലാം.

തോമസ്സേട്ടന്റെ അടുത്ത് ചെന്നപാടെ സന്തോഷ് ചോദിച്ചു.
തോമസ്സേട്ടന്റെ എർത്ത്കളൊക്കെ ഇന്നെവിടെപ്പോയി...?”

തോമസ്സ് തല തിരിച്ച് അവരെ നോക്കിയിട്ട് പറഞ്ഞു.
അവരെ നമ്മ്ടെ പഴേ സൈറ്റില് വാട്ടർ ഹീറ്റർ ഫിറ്റ് ചെയ്യാനായിട്ട് സൂപ്പർവൈസർ കൊണ്ടുപോയി.”
അതു കഴിഞ്ഞു പറഞ്ഞു.
നിങ്ങളൊരു കാര്യം ചെയ്യ്. സ്വിച്ച് ബോർഡിലേക്കുള്ള വയറൊക്കെ ഒന്നു വലിച്ചിട്.”

മോഹനൻ തോമസ്സേട്ടൻ നിന്നതിനു പിറകിലെ മുറിയിൽ പോയി ഒരു സ്റ്റീൽ കമ്പി(കേബിൾ പുള്ളർ)യുമായി വന്നിട്ട് സന്തോഷിനോട്, സ്റ്റെപ്പിനോട് ചേർന്നുള്ള ഒരു ഭിത്തിയുടെ അത്രയും പൊക്കമുള്ള ഒരു വലിയ ജനൽ ചൂണ്ടിക്കാണിച്ചിട്ട്
മോഹനൻ പറഞ്ഞു.
ജനലിന്റെ അടുത്തുള്ള ബോക്സിൽ കൂടി കമ്പി ഇറക്കി താ.. അപ്പോഴേക്കും ഞാൻ കേബിളെടുത്തിട്ടു വരാം.”

സന്തോഷ് സ്റ്റീൽ കമ്പിയും വാങ്ങി മൂന്നുനാലു സ്റ്റെപ്പുകളിറങ്ങി ജനലിന്റെ അടുത്തേക്ക് നീങ്ങി. മോഹനൻ വയറെടുക്കാനായി അകത്തേക്ക് കയറാനായി തിരിഞ്ഞു. ജനലിന്റെ അടുത്തു ചെന്ന സന്തോഷ് ചേർന്ന് നിന്ന് പുറത്തേക്ക് നോക്കി നിന്നു. പുറത്തുള്ള സ്കെല്ലകൾ അഴിച്ചെടുത്തതിനാൽ അപ്പുറം വിശാലമായി കാണാമായിരുന്നു. ചുടുകാറ്റ് വീശുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത് കാണുന്ന കടലിന്റെ ഭംഗി കണ്ട് ഒരു നിമിഷം നിന്നു.

അഴികളൊ ഗ്ലാസൊ പിടിപ്പിക്കാത്ത ജനലിനു കുറുകെ ഗുണനച്ചിഹ്നം മാതിരി മരത്തിന്റെ പട്ടികക്കഷണം മാത്രമെ അടിച്ചിട്ടുണ്ടായിരുന്നുള്ളു. ഇടത്തെ കയ്യിൽ സ്റ്റീൽ കമ്പിച്ചുരുളും പിടിച്ചു അശ്രദ്ധയോടെ പുറത്തേക്കു നോ‍ക്കിക്കൊണ്ട് വലതു കൈ പട്ടികക്കഷണത്തിൽ പിടിച്ചതും, പട്ടിക തെന്നി പുറത്തേക്ക് തെറിച്ചു വീണു. അന്നേരം സ്വൽ‌പ്പം മുന്നോട്ടാഞ്ഞ് ബാലൻസ് തെറ്റിപ്പോയ സന്തോഷിന് മറ്റെവിടേയും പിടിക്കാൻ അവസരം കിട്ടിയില്ല.

ഒരു ശബ്ദം കേട്ടിട്ടെന്നോണം പെട്ടെന്ന് തിരിഞ്ഞ് നോക്കിയ മോഹനൻ പെട്ടെന്നാണാ കാഴ്ച കണ്ടത്. ഉള്ളൊന്നാന്തിയ മോഹനൻ. അയ്യോ.. സന്തോഷേ... ” എന്നൊരലർച്ചയോടെ സ്റ്റെപ്പുകൾ വട്ടം ചാടി എത്തിയെങ്കിലും, തന്റെ കയ്യെത്താവുന്ന ദൂരത്തിനും അപ്പുറത്തേക്ക് സന്തോഷ് വീണിരുന്നു.

സന്തോഷിന്റെ അച്ഛാ‍..” എന്ന നിലവിളിയും മോഹനന്റെ സന്തോഷേ..” എന്ന അലർച്ചയും താഴേ നിന്നവരുടേയും കാതുകളിലെത്തി.

സീൻ (4) ഇനി നമുക്ക് പെട്ടെന്ന് താഴേക്കെത്താം.

എന്തോ ഒരലർച്ച കേട്ടെങ്കിലും, എന്താ സംഭവിച്ചതെന്നറിയാതെ മുകളിലേക്ക് നോക്കിയവർക്ക് ഒന്നും മനസ്സിലായില്ലെങ്കിലും എന്തോ വന്ന് വീണ ശബ്ദം കേട്ടിടത്തേക്ക് എല്ലാവരും പാഞ്ഞു.

ആരോ മോളീന്ന് വീണേ..” എന്ന് ഒരുത്തൻ വിളിച്ചു കൂവിയതും ഒരു വല്ലാത്ത അലർച്ചയോടെയാണ് എല്ലാവരും ഓടി അടുത്തത്. ഒരു വശം ചരിഞ്ഞു കിടക്കുന്ന ആളെ ആദ്യം ആർക്കും മനസ്സിലായില്ല. ആദ്യം ഓടിയെത്തിയ തങ്കപ്പേട്ടനാണ് ഒന്നു നോക്കിയ ശേഷം പെട്ടെന്ന് ആളെ തിരിച്ചു കിടത്തിയത്.

ആളെ തിരിച്ചറിഞ്ഞതും ഒരു ഷോക്കിലായിപ്പോയ തങ്കപ്പേട്ടൻ,
അയ്യോ.. ആശാനേ.. ചതിച്ചൂല്ലൊ..” ന്നു പറഞ്ഞപ്പോഴേക്കും ആശാനും ഓടിയെത്തിയിരുന്നു.
ആശാൻ ഒന്നു നോക്കിയതും, ഞെട്ടി വിറച്ചു പോയി. എന്റെ മോനേ..” എന്നു മാത്രമേ വിളിക്കാനായുള്ളു.
അപ്പോഴേക്കും ബോധമറ്റ് താഴെ വീഴാൻ തുടങ്ങിയ ആശാനെ തങ്ങളുടെ കൈകളിൽ താങ്ങി, അടുത്തു നിന്ന മൊയ്തുക്കായും കൂട്ടരും. ആശാനെ സന്തോഷിന്റെ ശരീരത്തിലേക്ക് വീഴാതെ താങ്ങി അപ്പുറത്ത് കിടത്തി. അപ്പോഴേക്കും ഒരാൾ സ്വന്തം പോക്കറ്റിൽ സൂക്ഷിച്ചിരുന്ന, കുടിക്കാനെടുത്ത കുപ്പിയിൽ നിന്നും വെള്ളം സന്തോഷിന്റേയും ആശാന്റേയും മുഖത്ത് തളിച്ച് ആശാനെ..” “ സന്തോഷെ എന്നു പറഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു.
ആരും അനങ്ങുന്നുണ്ടായിരുന്നില്ല. വരുന്നവർ വരുന്നവർ രംഗം കണ്ട് വലിയ വായിൽ നിലവിളിച്ചു.

സീൻ (5) ഇനി നമുക്ക് കുറച്ച് മാറി ഇരുന്ന് ശ്രദ്ധിക്കാം.

ഇതേ സമയം കെട്ടിടത്തിന്റെ ഉള്ളിലുണ്ടായിരുന്ന ജോലിക്കാർ ഓടി താഴെയിറങ്ങുന്നുണ്ടായിരുന്നു. തോമസ്സേട്ടൻ ഉൾപ്പടെ നാലുപേർ ചേർന്ന് ഒരുത്തനെ പൊക്കിയെടുത്ത് കൊണ്ടു വന്ന് ഇവരുടെ അടുത്ത് കിടത്തി. അത് മോഹനനായിരുന്നു. മോഹനന്റെ മുഖത്ത് വെള്ളം വീണപ്പോഴേക്കും കണ്ണു തുറന്നു. എഴുന്നേറ്റ് സന്തോഷിന്റെ കിടപ്പ് കണ്ട് വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. മുകളിൽ നിന്നും വന്ന ജോലിക്കാർ ആശന്റേയും മകന്റേയും കിടപ്പ് കണ്ട് സഹിക്കാൻ കഴിയാതെ വാവിട്ട് കരയാൻ തുടങ്ങി. പിന്നെ നാലു പാടും നോക്കിയിട്ട് എവിടേക്കൊ പിൻവലിഞ്ഞു.

സീൻ (6) ഇനി നമുക്ക് തങ്കപ്പേട്ടനോടൊപ്പം കൂടാം.

അപ്പോഴേക്കും തങ്കപ്പേട്ടൻ വെപ്രാളപ്പെട്ട് എഴുന്നേറ്റ് നാലുപാടും നോക്കി. പിന്നെ മോബൈലെടുത്ത് ആരേയോ വിളിക്കാനായി തുടങ്ങിയതും പെട്ടെന്ന് മടിച്ചിട്ട് നാലുപാടും ഒന്നു കൂടി നോക്കി. അങ്ങകലെ മറ്റൊരു കെട്ടിടം പണി നടക്കുന്നിടത്ത് ഒരു കറുത്ത ബൻസ് കാറ് കിടക്കുന്നത് കണ്ണിൽ‌പ്പെട്ടു. പിന്നെ താമസിച്ചില്ല. ഒറ്റ ഓട്ടമായിരുന്നു അവിടേക്ക്. അവിടെ എത്തിയതും ആദ്യം കാറിനുള്ളിൽ നോക്കി, പിന്നെ കെട്ടിടത്തിനകത്തേക്ക് ഓടാൻ തുടങ്ങിയതും ഒരു അറബി കെട്ടിടത്തിനകത്ത് നിന്നും പുറത്തേക്ക് വരുന്നതു കണ്ട് അയാളുടെ മുൻപിൽ ചെന്നു നിന്നു.

സീൻ (7) ഇനി നമുക്ക് അറബിയുടെ മുന്നിലേക്ക് ചെല്ലാം.
അറബിയോട് സലാം പറഞ്ഞതിനുശേഷം തങ്കപ്പേട്ടൻ പറഞ്ഞു.
ഒരാൾക്ക് താഴെ വിണ് അപകടം പറ്റി. ഞങ്ങളെല്ലാം ഫ്രീ വിസക്കാരാ. പെട്ടെന്ന് ആംബുലൻസ് വിളിക്കാൻ സഹായിക്കണം.”

അറബി ഉടനെ തന്നെ ആംബുലൻസിനു ഫോൺ ചെയ്തു.
എന്നിട്ട് തങ്കപ്പേട്ടനോട് പറഞ്ഞു.
അവരിപ്പൊൾ എത്തും. അതിനു മുൻപ് ഫ്രീ വിസക്കാരോടെല്ലാം എവിടേക്കെങ്കിലും മാറിക്കോളാൻ പറ..”

അതു കഴിഞ്ഞ് അവിടെ കണ്ട തന്റെ പണിക്കാരെ വിളിച്ച് പറഞ്ഞു.
നമ്മുടെ കൂടെയുള്ളവരോടും പെട്ടെന്ന് മാറിക്കോളാൻ പറ.. പോലീസ്സ് ഇവിടെയും വരാം...”

സീൻ (8) ഇനി നമുക്ക് ആശന്റേയും മകന്റേയും അടുത്തേക്ക് വരാം.

തങ്കപ്പേട്ടൻ തിരിച്ചോടിയെത്തിയപ്പോഴേക്കും സംഗതിയുടെ ഗൌരവം മനസ്സിലായ പലരും അവിടെ നിന്നും പലായനം ചെയ്തിരുന്നു. ബാക്കിയൂണ്ടായിരുന്നവരോടും തങ്കപ്പേട്ടൻ പറഞ്ഞു.
നിങ്ങളെവിടെയെങ്കിലും പോയി ഒളിച്ചോ..”

അപ്പോഴേക്കും ആശാന് ബോധം വീണിരുന്നു. അതോടെ ആശാൻ എണ്ണിപ്പെറുക്കി കരയാൻ തുടങ്ങി.
അഛനെ കാണാൻ വന്നതാ... ന്റെ പൊന്നുമോൻ... അവളോട് ഞാൻ ന്തു സമാധാനം പറയൂന്റിശ്വരാ...”

അകലെ നിന്നും ആംബുലൻസിന്റെ ശബ്ദം കേട്ടു തുടങ്ങി. എന്നിട്ടും പോകാൻ മടിച്ച് കരഞ്ഞു നിന്ന ഒരാളോട് തങ്കപ്പേട്ടൻ ദ്വേഷ്യപ്പെട്ടു.
നീയെന്താ.. പോണില്ലെ...? വേഗം എവിടേങ്കിലും പോയൊളിക്ക്..”

അതും പറഞ്ഞവനെ ഉന്തിത്തള്ളി അവിടന്ന് പറഞ്ഞു വിടാൻ നോക്കി. അയാൾ അതിനു കൂട്ടാക്കാതെ കരഞ്ഞു കൊണ്ടു തന്നെ പറഞ്ഞു.
ഞാനെങ്ങും പോണില്ല. പോലീസ്സ് പിടിക്കണങ്കിൽ പിടിക്കട്ടെ. എനിക്കിങ്ങനെ പേടിച്ചോടി ജീവിക്കാൻ വയ്യ...”

തങ്കപ്പേട്ടൻ അവനെ തന്റെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു. എന്നിട്ട് അടുത്തു നിന്നവരോടായി പറഞ്ഞു.
ഇവനേം കൊണ്ടു വേഗം പോ...”

കേട്ടു നിന്നവർ ഉടനെ അയാളെ ബലമായി പിടിച്ച് കൊണ്ടുപോയി. അപ്പുറത്തെ അറബിയും തന്റെ കാറിൽ അവിടെ വന്നിറങ്ങി.
അദ്ദേഹം വന്ന് ഒന്നു നോക്കിയിട്ട് എല്ലാവരോടുമായി പറഞ്ഞു.
ദാ വണ്ടി ഇങ്ങെത്തി. വിസക്കാരു മാത്രം ഇവിടെ നിന്നാൽ മതി. ഞാനുണ്ടിവിടെ. മറ്റുള്ളവർ പൊക്കൊ പൊക്കൊ..”

ബാക്കിയുണ്ടായിരുന്നവരിൽ നാലഞ്ചു പേരൊഴികെ ഉള്ളവർ സ്ഥലം വിട്ടു. അപ്പോഴേക്കും പോലീസ്സ് വണ്ടിയും ആംബുലൻസും വരുന്നത് അവർക്ക് കാണായി.

തങ്കപ്പേട്ടനും മൊയ്തുക്കായും മുഖത്തൊടു മുഖം ഒന്നു നോക്കി. മടിയിലിരുന്ന ആശാന്റെ തലയെടുത്ത് താഴെയിറക്കി കിടത്തി എഴുന്നേറ്റിട്ട് മൊയ്തുക്ക പറഞ്ഞു.
ആശാനെ പൊക്കിക്കൊ...”

സീൻ (9) ഇനി നമുക്ക് ആശാനോടൊപ്പം പോകാം.

നിലത്തു കിടന്നുരുണ്ട് എണ്ണിപ്പെറുക്കി പറഞ്ഞ് കരയുന്ന ആശാനെ രണ്ടു പേരും കൂടി പൊക്കിയെടുത്ത് കെട്ടിടത്തിന്റെ മറ പറ്റി പാഞ്ഞു. പോകുന്ന വഴി ആശാൻ കുതറുകയും മറ്റും ചെയ്തിട്ട് പറയുന്നുണ്ട്.
എന്നെ വിടടാ... എനിക്കെന്റെ മോനേം കൊണ്ടാശോത്രീ പോണോടാ... എന്നെ വിടടാ....”

അവർ അതിനു മറുപടി ഒന്നും പറയാതെ ആശാനേയും കൊണ്ട് അപ്പുറത്തെ അറബിയുടെ കെട്ടിടത്തിന്റെ മറുവശത്തേക്ക് ഓടി മറഞ്ഞു. അവിടെ സിമന്റ് അട്ടിയിട്ട് നീല ടർപ്പായ കൊണ്ടു മൂടിയിട്ടിരുന്നതിന്റെ അടിയിൽ അവർ ആശാനെ കിടത്തി.
അപ്പോഴും ആശാൻ പറഞ്ഞു കൊണ്ടിരുന്നു.
എന്നെ വിടടാ.. എനിക്കെന്റെ മോനേം കൊണ്ടു ആശോത്രീ പോണോടാ..”
സിമന്റ് അട്ടികൾക്കിടയിലൂടെ അപ്പുറത്ത് ആംബുലൻസ് വന്ന് നിൽക്കുന്നതും പുറകു വശം തുറക്കുന്നതും രണ്ടു പേരിറങ്ങി സന്തോഷിനെ പരിശോധിക്കുന്നതും, സ്ട്രെച്ചർ ഇറക്കി അതിൽ കിടത്തുന്നതും ആംബുലൻസിലേക്ക് കയറ്റുന്നതും മറ്റും വിയർപ്പിലും, നിറഞ്ഞവന്ന കണ്ണുനീരിനുമിടയിലൂടെ അവ്യക്തമായി മൂന്നുപേർക്കും കാണാമയിരുന്നു.

ആംബുലൻസ് സൈറൻ മുഴക്കി അകന്നു പോകുന്നതോടെ ആശാന്റെ നിയന്ത്രണം വിട്ടു. അവരുടെ കയ്യിൽ കിടന്നു കുതറിയിട്ട് പറഞ്ഞു.
എന്റെ മോനേ.. നിന്നെ ഒരനാഥനെപ്പോലെ കൊണ്ടോണത് കാണേണ്ടി വന്നല്ലൊടാ... അഛനോട് ക്ഷമിക്കടാ... അവനെ പൊന്നുപോലെ വളർത്തിയ അവന്റെ അമ്മയോട് ഞാനെന്തു പറയൂടാ മൊയ്തീനേ..."

അതുകേട്ട് മൊയ്തുക്കായും തങ്കപ്പേട്ടനും ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ മുഖത്തോടു മുഖം നോക്കിയിട്ട് കുനിഞ്ഞിരുന്നതേയുള്ളു. ഭ്രാന്തു പിടിച്ചതു പോലെ ആക്രോശിച്ച് ആശാൻ എഴുന്നേറ്റോടാൻ ശ്രമിച്ചെങ്കിലും, ബലമായിട്ട് പിടിച്ച കൂട്ടുകാരുടെ കൈകളിലേക്ക് ആശാൻ തളർന്നു വീഴുന്നു.

ആശാനെ... ആശാനേ...” എന്ന കൂട്ടുകാരുടെ വിളികൾക്കൊപ്പം അകന്നകന്നു പോകുന്ന ആംബുലൻസും സൈറനും കൂടിക്കുഴഞ്ഞ അന്തരീക്ഷത്തിൽ തിരക്കഥ അവസാനിക്കുന്നു.

@@@@@@@@ @@@@@@@@ @@@@@@@@

ഇതിൽ ‘നമ്മൾ’ എന്ന കഥാപാത്രം ഈ ഞാനും നിങ്ങളും ആണ്. എന്നു പറഞ്ഞാൽ പ്രേക്ഷകർ. അതായത് ‘ക്യാമറ’ എന്നർത്ഥം.

ഈ കഥയും കഥാപാത്രങ്ങളും എന്റെ സൃഷ്ടിയാണ്. ഇങ്ങനെ ഒരു സംഭവം എവിടെയെങ്കിലും നടന്നിട്ടുണ്ടോന്ന് അറിയില്ല. അഥവാ എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അതെന്റെ കുറ്റമല്ല. തീർച്ചയായും അത് ‘ഫ്രീ വിസ’യുടെ മാത്രം കുറ്റമാണെന്നു കണ്ട് എന്നെ വെറുതെ വിടുക.

ഇതിൽ തുടക്കത്തിലൊഴികെ മറ്റെങ്ങും cut, സ്ഥലം. സമയം എന്നീ പദങ്ങൾ ഉപയോഗിക്കാത്തതിനാൽ ‘തിരക്കഥ’യെന്നു പറയാനാവുമൊ എന്നും അറിയില്ല. ഒരേ ലൊക്കേഷനിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളായതുകൊണ്ടാണ് cut ഒഴിവാക്കിയത്. സീനുകളുടെ മാറ്റം തിരിച്ചറിയാൻ നീലക്കളർ ഉപയോഗിച്ചിരിക്കുന്നു. നമ്പറും കൊടുത്തിട്ടുണ്ട്.

സംഭാഷണം പേജിന്റെ വലതു വശത്താണ് എഴുതാറ്. ഇവിടെ അതിനുള്ള സാങ്കേതികവിദ്യ എനിക്കു വശമില്ലാത്തതിനാൽ കട്ടികൂട്ടിയ അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയും. നന്ദി.

17 comments:

വീകെ said...

ഇങ്ങനേയും തിരക്കഥ എഴുതാമായിരിക്കും ഇല്ലേ..?
എല്ലാവർക്കും ഒരിക്കൽ കൂടി “പുതുവത്സരാശംസകൾ..”

‍ആയിരങ്ങളില്‍ ഒരുവന്‍ said...

മുൻപ് ചില തിരക്കഥകൾ വായിച്ചിട്ടുണ്ട്...

നന്നായിട്ടുണ്ട്... ആശംസകൾ..!!

പട്ടേപ്പാടം റാംജി said...

മാറ്റ് വായനകള്‍ പോലെ ഒരു രസം എന്തോ തിരക്കഥ വായിക്കുമ്പോള്‍ ലഭിക്കാത്തത്‌ പോലെ അനുഭവപ്പെടുന്നു എനിക്ക്.

അവരുടെ വിശേഷങ്ങള്‍ ഇനിയും തുടരട്ടെ.
പുതുവത്സരാശംസകള്‍.

പഥികൻ said...

തിരക്കഥ വായിച്ചില്ല, വായിക്കാൻ മടി തോന്നുന്നു :((

വീകെ said...

ആയിരങ്ങളിൽ ഒരുവൻ:
ഇവിടെ ആദ്യമായിട്ടാണെന്ന് തോന്നുന്നു. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

പട്ടേപ്പാടം റാംജി:
തിരക്കഥ മറ്റു കഥകൾ പോലെ വായിച്ചു രസിക്കാൻ കഴിയുമോന്ന് എനിക്കും വലിയ പിടിയില്ല. അവരുടെ കഥകൾ ഇനി ഇല്ല. ഇതൊരു സാമ്പിൾ ആയി എഴുതിയതാ. അതിവിടെ അവസാനിക്കുകയും ചെയ്യുന്നു. വളരെ നന്ദി റാംജി.

പഥികൻ: വായിക്കാൻ മടി തോന്നിയെങ്കിൽ തീർച്ചയായും എന്റെ പരാജയമായി കാണുന്നു. ഇത്തരം വിഷയങ്ങളിലുള്ള പഠനമില്ലായ്മ എന്നെ ബോദ്ധ്യപ്പെടുത്തുന്നു. വരവിനും മറയില്ലാതെ തുറന്നു പറഞ്ഞതിനും വളരെ നന്ദി.

keraladasanunni said...

നല്ലൊരു ശ്രമമാണ്. അതില്‍ വിജയിച്ചു എന്ന് അഭിമാനിക്കാം. ഇനി ശരിക്കും ഒരു തിരക്കഥ ( ഇത് അല്ല എന്ന അര്‍ത്ഥത്തിലല്ല.ഒരു സിനിമയ്ക്ക്
വേണ്ട രീതിയില്‍ 60 70 സീനുകളുള്ളത് ) എഴുതാന്‍ തുടങ്ങുകയല്ലേ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി നമുക്ക് ഇതുപോലേയും തിരക്കഥകൾ വായിക്കാം അല്ലേ...
തിരക്കഥയായതുകൊണ്ടാകാം ..
മറ്റുതുടരനുകളേപ്പോലെ മുൻ രംഗങ്ങൾ മനസ്സിൽ നിൽക്കുന്നില്ല കേട്ടൊ അശോക്

African Mallu said...

വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിട്ടുണ്ട് .ചിത്രികരിച്ചു കാണുമ്പോള്‍ ഇതിനെക്കാള്‍ തീവ്രത അനുഭവിക്കാന്‍ കഴിയും. അത് കൊണ്ടാണ് ചിലപ്പോള്‍ തിരക്കഥകള്‍ വായിക്കാന്‍ വലിയ രസം തോന്നാത്തത് . എന്തായാലും നല്ല സംരംഭം .വീണ്ടും തുടരട്ടെ

TPShukooR said...
This comment has been removed by the author.
TPShukooR said...
This comment has been removed by the author.
വീകെ said...

കേരളദാസനുണ്ണി:
ഇത് ഒരു തിരക്കഥാ രൂപത്തിലെത്തിയോന്ന് ഇനിയും അറിയില്ല. അതുകൊണ്ട് ഒരു മുഴു നീള തിരക്കഥ എന്ന സാഹസത്തിന് മുതിരുന്നില്ല. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ബിലാത്തിച്ചേട്ടൻ:
മുൻ രംഗങ്ങൾ മനസ്സിൽ നിൽക്കാത്തത് തിരക്കഥാ രൂപത്തിന്റെ ഘടന കാരണമാണൊ അതോ എന്റെ എഴുത്തിന്റെ കുഴപ്പമാണൊയെന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. അഭിപ്രായത്തിനു വളരെ നന്ദി.

ആഫ്രിക്കൻ മല്ലു:
തിരക്കഥകൾ വായിക്കൻ രസം തോന്നാത്തത് കഥാപാത്രങ്ങളുടെ മാനസ്സിക വികാരങ്ങൾ കഥകളിലേപ്പോലെ എഴുതി ഫലിപ്പിക്കാൻ കഴിയാത്തതുകൊണ്ടാകാം. അത് വായിച്ചു രസിക്കാനുള്ളതല്ലല്ലൊ. കണ്ട് രസിക്കാനുള്ളതല്ലെ. അത് അതാതിന്റെ രൂപത്തിൽ തന്നെ എത്തണം രസിക്കണമെങ്കിൽ. (എന്റെ നിഗമനമാണേ..)
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

കുറെ തിരക്കഥ വായിക്കുമ്പോള്‍ നമുക്കും എഴുതാന്‍ പറ്റും. നല്ലവണ്ണം . കുറച്ചു തിരക്കഥകള്‍
വായിക്കുക. എം.ടി യുടെ മുഴുവന്‍ കഥയും തിരക്കഥയും കൂടി ഈ അടുത്തയിടെ പബ്ലിഷ് ചെയ്തിരുന്നു. അതു വായിച്ചാലോരോ കഥ തിരക്കഥ ആക്കിയിരിക്കുന്നതിന്‍റ വ്യക്തത നമുക്ക് മനസ്സിലാക്കാം.

ഞാന്‍ പുണ്യവാളന്‍ said...

കൊള്ളാം ഞാന്‍ മുഴുവന്‍ ഒറ്റ ഇരുപ്പില്‍ വായിച്ചു തീരത്തൂ ...

പലയിഅതും കണ്ടിട്ടുണ്ട് ഇപ്പോഴാ ഒന്ന് ഇവിടെ വന്നു ഇതൊകെ കാണാന്‍ ഒത്തെ കണ്ടതില്‍ സന്തോഷം വീണ്ടും വരാം !!

വീകെ said...

കുസുമം ആർ പുന്നപ്ര: തിരക്കഥകൾ വായിച്ചിരിക്കേണ്ടതിന്റെ ആവശ്യകത ഇങ്ങനെയൊന്ന് എഴുതാനിരിക്കുമ്പോൾ എനിക്ക് ബോദ്ധ്യപ്പെട്ടിരുന്നു. തീർച്ചയായും അതിനുള്ള ശ്രമം ഉണ്ട്. വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ഞാൻ പുണ്യാളൻ: ഇവിടെ ആദ്യമായിട്ടാണെന്നു തോന്നുന്നു. വന്നതിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ഇനിയും ഇവിടെ വന്നിട്ടും ഒന്നും പറയാതെ നിശ്ശബ്ദമായി കടന്നു പോയവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

ചന്തു നായർ said...

താങ്കളുടെ ആശയത്തില്‍ പുതുമയുണ്ട്.നടക്കാവുന്നതും ,നടക്കുന്നതുമായ സ്മ്ഭാവങ്ങ്ങ്ങള്‍ തന്നെ ...പക്ഷേ തിരക്കഥാ രചനയുടെ സാങ്കെതിക വാസം കുറേക്കുടി മനസിലാക്കണം ...അതുപോലെ നിലനിരത്തില്‍ കൊടുത്തിട്ടുള്ള ഭാഗങ്ങളൊന്നും തിരക്കഥയിലെഴുതേണ്ട കാര്യമില്ലാ.. തുടരുക ....എല്ലാ ഭാവുകങ്ങളും....സ്വന്തം ചന്തുവേട്ടന്‍

വീകെ said...

ചന്തു നായർ: ഈ വരവിനും വായനക്കും അനുഭവസമ്പന്നമായ അഭിപ്രായത്തിനും വളരെ നന്ദി.

Rakesh KR said...

വളരെ മനോഹരമായിരിക്കുന്നു. കുട്ടിക്കാലം തിരിച്ചു കിട്ടിയ പോലെ.

അണ്ണാന്‍ കുഞ്ഞിന്റെ റോള്‍ വളരെ മനോഹരമായിരുന്നു. ശരിക്കും ഒരു പ്രധാന കഥാപാത്രം പോലെ തന്നെ തോന്നിച്ചു.