Friday 15 October 2010

സ്വപ്നഭുമിയിലേക്ക്... (27)


കഥ തുടരുന്നു...

ചേച്ചിയുടെ കൂടെ...

പിറ്റെ ദിവസം തോമസ്സച്ചായൻ വൈകിയാണു വന്നത്. അതിനാൽ ഞങ്ങൾ തമ്മിൽ കണ്ടില്ല. പിന്നെ മൂന്നു ദിവസത്തോളം രാജേട്ടനു നൈറ്റ് ഡ്യൂട്ടി ആയതിനാൽ ഞാൻ ഒറ്റക്കായതു കൊണ്ട്  പോയി കണ്ടില്ല. അത്, പിന്നെ രാജേട്ടനും കൂടി ഉള്ളപ്പോഴെ അച്ചായന്റടുത്ത് പോകൂന്നു ഞാൻ വാക്കു പറഞ്ഞതു കൊണ്ടാ ഒറ്റക്ക് പോകാതിരുന്നത്..

ചേച്ചിയുടെയും അച്ചായന്റേയും കഥ എന്തെന്നറിയാനുള്ള ആകാംക്ഷ മനസ്സിലിട്ട് നാലഞ്ചു ദിവസം കടന്നു പോയി.
ഒരു ദിവസം ഫോൺ ചെയ്ത് ചോദിച്ചു.
“അച്ചായാ ഇന്നു ഞങ്ങൾ വരട്ടെ....?”
കേട്ടതും അച്ചായൻ ‘ഹാ.. ഹാ..ഹാ..’ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നിട്ടൊരു ചോദ്യവും..
“ നിങ്ങളതു മനസ്സീന്നു കളഞ്ഞില്ലെ.....?”
“അതെങ്ങനെ പോകാനാണച്ചായാ...!! അതു പോലത്തെ സീനല്ലെ, തിരിഞ്ഞും മറിഞ്ഞും മനസ്സിൽ
കിടന്നു ഉത്തരം കിട്ടാതെ അലയുന്നത്...!!”
“ ഇപ്പോഴെനിക്ക് ഇത്തിരി ജോലി കൂടുതലാ.. നേരം വൈകിയേ വരാൻ കഴിയുന്നുള്ളു. എന്തായാലും വെള്ളിയാഴ്ച നമുക്ക് എന്റെ റൂമിൽ കൂടിക്കളയാം.. എന്താ...?”

ഞാൻ “ഓക്കെ” പറഞ്ഞ് ഫോൺ വച്ചു.

വെള്ളിയാഴ്ച ഞാനും രാജേട്ടനും കൂടി, വരുന്ന കാര്യം വിളിച്ചു പറയാനൊന്നും നിൽ‌ക്കാതെ വൈകീട്ട് ഏഴു മണി കഴിഞ്ഞപ്പൊഴേ അച്ചായന്റെ മുറിയുടെ വാതിൽക്കൽ ചെന്നു ബല്ലടിച്ചു.

വെറുതെയല്ല...! അച്ചായനു മൂടു വരാനുള്ളതും ഞങ്ങൾ കയ്യിൽ കരുതിയിരുന്നു....!!
വാതിൽ തുറന്ന അച്ചായൻ ഞങ്ങളെ കണ്ടതും ചിരിച്ചു കൊണ്ട് തലയിൽ കൈ വച്ചിട്ട് പറഞ്ഞു.
“ നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു...!”

അകത്തു കയറിയിരുന്ന് ചെറിയൊരു കുശലപ്രശ്നങ്ങൾക്കു ശേഷം വീണ്ടും ചേച്ചിയുടെ വിഷയം പൊന്തിവന്നു. ഞാൻ പറഞ്ഞു.
“അച്ചായാ... അച്ചായനെപ്പോലുള്ള ഒരാൾ ഏതെങ്കിലും ഒരു പെൺ വിഷയത്തിൽ ആകൃഷ്ടനായെന്നു പറഞ്ഞാൽ, അതു അത്ര പെട്ടെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അപ്പൊൾ പിന്നെ ഞങ്ങൾ കൺ‌മുന്നിൽ കണ്ടത്...!!? അതിനു ഞങ്ങൾക്കുത്തരമില്ല...”
“ശരിയാ.. അങ്ങനെ ഒരു സീൻ കാണുന്നവർ തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യതയുണ്ട്..
ഞാൻ ഇല്ലെന്നു പറയുന്നില്ല... അതിനു ശേഷം ഇന്നലെയാണ് അവരെ ഫോണിൽ
കിട്ടിയത്. ഞാൻ ചോദിക്കുകയും ചെയ്തു അത്....!”

ഞങ്ങൾ ഒന്നും ഉരിയാടാതെ, അച്ചായന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ചെവിയും  കൂർപ്പിച്ചിരിക്കുകയാണ്. അച്ചായൻ ഒന്നു നിറുത്തിയിട്ട് വീണ്ടും തുടർന്നു.
“ അവർ പറഞ്ഞ മറുപടി പറയുന്നതിനു മുൻപ്, അവരെക്കുറിച്ച് നിങ്ങൾ അറിയണം....”
അതും പറഞ്ഞ് അച്ചായൻ “ ഞാൻ ഇപ്പൊ വരാം...” എന്നും പറഞ്ഞ് എഴുന്നേറ്റു....!

അതെന്തിനാണെന്നു മനസ്സിലായ ഞങ്ങൾ കയ്യിൽ കരുതിയിരുന്ന കുപ്പിയെടുത്ത്
മേശപ്പുറത്തു വച്ചു...!
അച്ചായൻ ശരിക്കും ഞെട്ടി...!!
“ഹാ.. ഹാ.. ഹാ.. നിങ്ങൾ സകല സെറ്റപ്പിലാണല്ലെ വന്നത്...”
കുപ്പി നോക്കിയ അച്ചായൻ പറഞ്ഞു.
“ ഇത് നാട്ടിൽ പോകുമ്പൊൾ വാങ്ങിക്കൊണ്ടു പോകുന്നതാ... ഇവിടെ ആരും അങ്ങനെ കഴിക്കാറില്ല..” “ അച്ചായന്റെ ബ്രാന്റ് ഏതാണെന്ന് ഞങ്ങൾക്കും വലിയ പിടിയില്ലായിരുന്നു... എന്നാൽ പിന്നെ കൊള്ളാവുന്നത് തന്നെ ആയിക്കോട്ടേന്നു വിചാരിച്ചു വാങ്ങിയതാ ഈ ‘ഷിവാസ് റീഗൽ..’

അച്ചായൻ എഴുന്നേറ്റു പോയി ഗ്ലാസ്സുകളും ഞങ്ങൾക്ക് രണ്ടു ബീയറും പിന്നെ കുറച്ച് മിക്സറും, നാട്ടിൽ നിന്നും കൊണ്ടു വന്ന അച്ചാറും മറ്റുമായി വന്നിരുന്നു. ഞങ്ങൾക്ക് ഓരോ ഗ്ലാസ്സ് ബീയർ പകർന്നു
തന്നിട്ട്, അച്ചായൻ ഷിവാസ് റീഗൽ പൊട്ടിച്ച് രണ്ടു പെഗ്ഗൊഴിച്ച് വെള്ളവും ചേർത്ത് ഗ്ലാസ് പൊക്കി ചിയേഴ്സ് പറഞ്ഞ് ഒരു കവിൾ അകത്താക്കി. പിന്നെ മിക്സർ നുള്ളിയെടുത്ത് ഒന്നു വായിലിട്ടു.

ഞങ്ങളും ഓരോ കവിൾ അകത്താക്കി. അച്ചാർ ഒന്നു തൊട്ടു നാക്കത്തു വച്ചു. ‘നാട്ടിന്റെ ഒരു സ്വാദ് പെട്ടെന്നു നാവിൽ നിറഞ്ഞു...!’ ഞങ്ങൾ അച്ചായന്റെ മുഖത്ത് നോക്കിയിരുന്നു. പിന്നെ അച്ചായൻ പറഞ്ഞു തുടങ്ങി.

“ ഞാൻ അവരെ ആദ്യം കാണുന്നത് എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലാണ്. സുഹൃത്ത് എന്നു
പറഞ്ഞാൽ ഞങ്ങളുടെ കമ്പനിയിലെ എഞ്ചിനീയറാ.. അദ്ദേഹത്തിന്റെ മകന്റെ ജന്മ ദിനത്തിനു ചെന്നപ്പോഴാണു കണ്ടത്. അവരുടെ കുട്ടിയെ നോക്കാനായിട്ട് കൊണ്ടു വന്നതാ‍യിരുന്നു ഈ സ്ത്രീയെ. അവരുടെ നാട്ടിൽ തന്നെയുള്ളതും പരസ്പരം അറിയുന്നവരുമായിരുന്നു. അവരുടെ വീട്ടിലെ കഷ്ടപ്പാടു കാരണമായിരുന്നു എഞ്ചിനീയർ ഇതിനു തുനിഞ്ഞത്.

പക്ഷെ, എഞ്ചിനീയർക്കു രണ്ടു കൊല്ലമെ ഇവിടെ നിൽക്കാനായുള്ളു. അതിനു ശേഷം ഞങ്ങളുടെ സൌദി ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടി. അന്നേരം ഇവരെ അങ്ങോട്ടു കൊണ്ടു പോകാൻ കഴിയാതായി. ഇവർക്ക് തിരിച്ചു പോകാനും താല്പര്യമില്ല. എവിടെയെങ്കിലും ഒരു ജോലി ആക്കിക്കൊടുക്കണമെന്നു പറഞ്ഞവർ കരയാൻ തുടങ്ങി.

ഇവിടെ നിന്നെപ്പോലെ ഒരു പെണ്ണിനു ജോലി ചെയ്യാൻ പറ്റിയ ഇടമല്ലന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അവർക്കു തിരിച്ചു പോകണ്ടെന്നു തന്നെ വാശി പിടിച്ചു.

അച്ചായൻ ഒരിറക്കു കൂടി അകത്താകിയിട്ട്, അച്ചാറിന്റെ ഒരു കഷണമെടുത്ത് നാക്കിൽ വച്ചു. കമ്പനിയിൽ വച്ച് കണ്ടപ്പോൾ എഞ്ചിനീയർ എന്നോട് ഇക്കാര്യം പറഞ്ഞു. ഞാനും അതിനോട് യോജിച്ചില്ല.
ഞാൻ സാറിന്റടുത്ത് പറഞ്ഞു.
‘സാറ് കൊണ്ടു വന്ന ആളെ സാറു തന്നെ സുരക്ഷിതമായി അവരുടെ വീട്ടിൽ തിരിച്ചേൽ‌പ്പിക്കകയെന്ന ദൌത്യം കൂടി ഇക്കാര്യത്തിൽ സാറിനുണ്ട്. ഇല്ലെങ്കിൽ എത്ര കൊല്ലം കഴിഞ്ഞാലും ഇതു സാറിന്റെ കഴുത്തിൽ നിന്നും പോകില്ല..’
‘ സംഗതി ശരിയാ.... ഇവളുടെ താഴെ രണ്ട് അനിയത്തിമാർ കൂടിയുണ്ട്. ഇവളാണെങ്കിൽ കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്നു. അനിയത്തിമാരും പുര നിറഞ്ഞു നിൽക്കാ... ഇളയവനാണെങ്കിൽ സ്കൂളിൽ പഠിക്കുന്നതേയുള്ളു.... ഈ സാഹചര്യത്തിൽ അവൾ പറയുന്നതിലും കാര്യമില്ലെ...?”

അച്ചായൻ ഷിവാസ് റീഗൽ ഒന്നു കൂടി ഒഴിച്ച് വെള്ളം ചേർത്ത് ഒന്നു സ്വിപ്പ് ചെയ്തിട്ട് വീണ്ടും പറഞ്ഞു.
‘അതു കേട്ടതോടെ എനിക്കും വിഷമമായി... ഇതു പോലെ നൂറുകണക്കിനു കുടുംബങ്ങൾ നാട്ടിലുണ്ട്.... അവരെയൊക്കെ സഹായിക്കുന്നതിനും ഒരു പരിധിയില്ലെ....? ഒരു വിസയെടുത്തു കൊടുത്ത് ഒരാളെ കൊണ്ടുവരാനുള്ള സാഹചര്യം എന്തായാലും ഇല്ല. ഒരു വീട്ടു ജോലിക്കു നിന്നാൽ എന്തു കിട്ടാനാ...? ഇവിടത്തെ വീട്ടു ജോലിക്കാരുടെ അവസ്ഥ വച്ചു പറഞ്ഞാൽ, പകലന്തിയോളം പണിയെടുത്താലും ശമ്പളം പോയിട്ട് ഒരു നേരത്തെ ഭക്ഷണം പോലും നേരെ ചൊവ്വെ ആരും കൊടുക്കില്ല. കൂടാതെ എന്തു സുരക്ഷിതത്വമാ ഉള്ളത്....? നമ്മൾ ഇടക്കിടക്ക് കേൾക്കുന്നതല്ലെ ഓരോരൊ കഥകൾ...! ഞാൻ ഒട്ടും സമ്മതിച്ചില്ല. എനിക്കീ കാര്യത്തിൽ സഹായിക്കാൻ ബുദ്ധിമുട്ടാ സാറെ. അതും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞതാ... പക്ഷെ, ഫലമൊന്നുമുണ്ടായില്ല. പിറ്റെ ദിവസവും എഞ്ചിനീയർ എന്നെ പിടികൂടി. പിന്നെ ഞാനും വിചാരിച്ചു. ഒന്നു ശ്രമിച്ചു നോക്കാമെന്ന്.

അങ്ങനെയൊരു ദിവസം ഞാനും ഒരു കൂട്ടുകാരനും കൂടി അന്നു നമ്മൾ പോയ ഹോട്ടലിൽ പോയിരുന്നു. ഈ പെൺകുട്ടിയുടെ കാര്യങ്ങളും സംസാരത്തിനിടക്ക് പരാമർശന വിഷയമായി. കാര്യങ്ങളറിഞ്ഞ എന്റെ കൂട്ടുകാരൻ ഉടനെ ഒരു ചോദ്യം.
‘ ഈ ഹോട്ടലിൽ ഒരു ജോലി വാങ്ങിച്ചു കൊടുത്താൽ മതിയൊ...?’
‘ഹോട്ടലിലൊ...!!? ഇവിടെ എന്തു ജോലി..?’
‘ഇപ്പോൾ തന്നെ ഇവിടെ നമ്മളെ സർവ്വ് ചെയ്യാൻ വന്ന സ്ത്രീയെ കണ്ടില്ലെ....? നമ്മുടെ കാര്യങ്ങൾ കഴിഞ്ഞ അവർ അടുത്ത റൂമിലേക്ക് പോയി... ഈ ജോലി ആയാലൊ...?’
ഞാനും അതു തന്നെ ആലോചിച്ചിരുന്നു...
ഈ ജോലി ആയാലെന്താ കുഴപ്പം...?
പക്ഷെ, ഒരു ഹോട്ടൽ എന്നൊക്കെ പറയുമ്പോൾ...?
പലരും വരികയും പോകുകയും ചെയ്യുന്ന സ്ഥലം...?
എത്രമാത്രം സുരക്ഷിതത്വം കിട്ടും... ?

എന്റെ ആലോചനയുടെ പൊരുൾ കൂട്ടുകാരനു മനസ്സിലായി. അദ്ദേഹം പറഞ്ഞു.
‘ ഇവിടെ ആകുമ്പോൾ ശമ്പളം വളരെ കുറവായിരിക്കും. പക്ഷെ, ‘കിമ്പളം’ എന്നു പറഞ്ഞാൽ ‘ടിപ്പ്’ ധാരാളം കിട്ടും. എനിക്കു തോന്നുന്നത് മറ്റേതൊരു ജോലിയേക്കാളും ഈ ജോലി ആയിരിക്കും അവർക്ക്  ഏറ്റവും ഗുണം ചെയ്യുക. അവരുടെ പ്രശ്നങ്ങളെല്ലാം വളരെ ചെറിയ കാലയളവിൽ പരിഹരിക്കാൻ കഴിയും...’

ഞാൻ പറഞ്ഞു. ‘സംഗതി കൊള്ളാം... ഇവരെ ഏതോ ഒരു സ്ത്രീക്കു ജോലി വാങ്ങിക്കൊടുക്കുന്നതു പോലെ കൊടുത്തിട്ട്, എനിക്കു രക്ഷപ്പെടാൻ ആവില്ല. ഇവിടെ എത്രമാത്രം സേഫ് ആണവർ..?’
 ‘ഇതിന്റെ മാനേജർ എന്റെ സുഹൃത്താ.. നമുക്ക് അയാളെ പോയി കാണാം...’

അന്നു തന്നെ മാനേജരെ കണ്ടു. കാര്യങ്ങൾ വിവരിച്ചു. മാനേജർ പറഞ്ഞു.
‘ ആദ്യം തന്നെ അവർ ഈ ജോലി ചെയ്യാൻ തെയ്യാറുണ്ടോന്നു ചോദിക്കു.. സാധാരണ ഗതിയിൽ പെണ്ണുങ്ങൾ തയാറാവുകയില്ല. ഇവിടെ ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു അലോഹ്യവും
ഒരു സ്ത്രീക്കും ഉണ്ടാവില്ല. അവരായിട്ട് ഒന്നും ഉണ്ടാക്കാതിരുന്നാൽ മതി. പിന്നെ അവർക്കിവിടെ ഒരു ‘ലോക്കൽ ഗാഡിയൻ’ വേണ്ടി വരും. എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൈകാര്യം ചെയ്യാൻ ഇവിടെ ആളു വേണം. അല്ലാത്തവർക്ക് ഞങ്ങൾ ജോലി കൊടുക്കാറില്ല..’

‘സാർ, ലോക്കൽ ഗാഡിയൻ .. എന്നു പറയുമ്പോൾ....?’
‘അവരുടെ തൊട്ടടുത്ത ബന്ധു തന്നെ വേണം. ഇവിടത്തെ രണ്ടു സ്ത്രീകൾ, ഞങ്ങളുടെ തന്നെ സ്റ്റാഫിന്റെ ഭാര്യമാരാണ്. ക്യാഷിലിരിക്കുന്നത് എന്റെ ഭാര്യയാണ്. ബാക്കിയുള്ളവരും അതു പോലെ തന്നെ, അച്ചനും സഹോദരനും ഒക്കെ ഇവിടെ ഹോട്ടലിൽ ജോലി ചെയ്യുന്നില്ലെങ്കിലും ഈ നാട്ടിൽ ജോലിയുള്ളവരാണ്. താമസ സൌകര്യം ഞങ്ങൾ തന്നെ കൊടുക്കും...’

കേട്ടപ്പോൾ വളരെ നല്ല ജോലിയും സൌകര്യവുമായിട്ടാണ് തോന്നിയത്.
‘സാർ, അവരോട് പറഞ്ഞിട്ട് സമ്മതമാണെങ്കിൽ ലോക്കൽ ഗാഡിയനേയും കൂട്ടി വരാം..’

അതിനു ശേഷം ഞാൻ എഞ്ചിനീയറോടും, അവരോടും ഈ ജോലിയേക്കുറിച്ച് പറഞ്ഞു.
‘മാനം നഷ്ടപ്പെടുത്തേണ്ടാത്ത എന്തു ജോലിയും ഞാൻ ചെയ്തോളാം...’
അതായിരുന്നു അവരുടെ മറുപടി.

അവസാനം ലോക്കൽ ഗാഡിയന്റെ പ്രശ്നം വന്നു. എഞ്ചിനീയരും കുടുംബവും സൌദിയിലേക്ക് പോകുന്നതു കൊണ്ട് അദ്ദേഹം വളരെ പെട്ടെന്നു തന്നെ അതിനു പരിഹാരം കണ്ടെത്തി.
എന്റെ തലയിൽ വച്ചു കെട്ടി...!!

ഞങ്ങളുടെ തന്നെ എഞ്ചിനീയർ ആയതു കൊണ്ടും, അദ്ദേഹത്തിന് വീണ്ടും ഇവിടേക്ക് തന്നെ മാറ്റം കിട്ടാൻ സാദ്ധ്യത ഉള്ളതു കൊണ്ടും എനിക്ക് ഒഴിഞ്ഞു മാറാനായില്ല.

അവർ അവിടെ ജോലിക്കു ചേർന്നു. ചില വെള്ളിയാഴ്ചകളിൽ ഞാൻ ചെല്ലുമ്പോൾ എന്നെ സർവ്വ് ചെയ്യാൻ വരും. ചോദിക്കുമ്പോൾ യാതൊരു പ്രശ്നങ്ങളും ഇല്ലാന്നു പറയും. അത് എനിക്കും ആശ്വാസം പകർന്നു. ഇതൊരു വല്ലാത്ത കുരിശാണെന്നു നന്നായിട്ടറിയാം...!

മാസങ്ങൾ കുറച്ചു കഴിഞ്ഞപ്പോഴേക്കും അവരുടെ കടങ്ങളെല്ലാം വീട്ടി.
തൊട്ടടുത്ത അനിയത്തിയുടെ കല്യാണത്തിനു വേണ്ട സാമഗ്രികളൊക്കെ ഒപ്പിച്ചു തുടങ്ങി.”

അച്ചായന്റെ ഒഴിഞ്ഞ ഗ്ലാസ്സിൽ ഷിവാസ് റീഗൽ പകർന്ന് വെള്ളവും ചെർത്ത് വച്ചു. അച്ചായൻ അച്ചാർ എടുക്കാനായി അകത്തേക്കു പോയി. വീണ്ടും വന്നിരുന്ന് ഒരു കവിൾ വലിച്ചു കുടിച്ചിട്ട്, അച്ചാർ തൊട്ടു നാക്കിൽ വച്ചിട്ട് പറഞ്ഞു.“ വെള്ളത്തിന്റെ കൂടെ തൊട്ടു നക്കാൻ പറ്റിയ അച്ചാർ...” ഞങ്ങളും അതു ശരിവച്ചു.
“അന്നൊക്കെ ‘ഗൾഫ്കാരൻ’ എന്നു പറഞ്ഞാൽ നാട്ടിൽ നിലയും വിലയും ഉണ്ടായിരുന്ന കാലമായിരുന്നു. വീട്ടിൽ ഒരു ഗൾഫ്കാരെനെങ്കിലും വേണമെന്നു പറഞ്ഞു വാശി പിടിക്കുന്ന കാർന്നോന്മാർ....! ഗൽഫ്കാരനാണെങ്കിൽ ‘സ്ത്രീധനം’ വാരിക്കോരി കൊടുക്കും. പിന്നെ ഒരു കാറും...!!

അതു പോലെ തന്നെ, ഗൾഫ്കാരന്റെ സഹോദരിമാരെ കെട്ടാൻ വരുന്നവരുടെ ഒരേ ഒരു ഡിമാന്റ് ‘സ്ത്രീധനം ഇത്തിരി കൂടിയാലും കുഴപ്പമില്ല, ‘വിസ’ ഒരെണ്ണം തീർച്ചയായും വേണം...!’

അതുപോലൊരു വിസ ഇവളുടെ അനിയത്തിയെ കെട്ടാൻ വരുന്നവനും അയച്ചു കൊടുത്തു, സ്ത്രീധനമായി..! അല്ലെങ്കിൽ കെട്ടു നടക്കില്ല. മാത്രമല്ല കെട്ടുപ്രായം കഴിഞ്ഞും പോയിരുന്നല്ലൊ.

അവന്റെ വിസ ഒരു കടയിലെ ആയിരുന്നു. രാത്രി ഒൻപതു കഴിയാതെ അവിടന്നു പുറത്തിറങ്ങാൻ കഴിയില്ല. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് ചേച്ചിയെ കാണാൻ ഹോട്ടലിൽ വരും.

ചേച്ചി ആദ്യമാദ്യം ഭക്ഷണം മാത്രം കൊടുത്തു പറഞ്ഞുവിടും. പിന്നെപ്പിന്നെ വെള്ളവും കൊടുക്കേണ്ടി വന്നു.
അഞ്ചാറു മാസങ്ങൾ ഇങ്ങനെ കടന്നു പോയി...
ഞാൻ വിചാരിച്ചു, എന്റെ ഈ ‘ലോക്കൽ ഗാഡിയന്റെ’ സ്ഥാനം അവളുടെ അനിയന്റെ തലയിലേക്ക് കൈമാറമല്ലോന്നു. അവർ സ്വന്തക്കാരാണല്ലൊ....

അതു ഞാൻ ഒന്നു സൂചിപ്പിച്ചു...
അവളതു കേട്ടതും മുഖം പൊത്തി ഒരു കരച്ചിൽ....!!?
അടുത്ത മുറിയിലൊക്കെ ആളുകളുള്ളതാണ്...
ഞാൻ കാര്യമെന്തെന്നറിയാതെ ഒന്നു പകച്ചു...!!
‘എന്തു പറ്റി...?’
എന്റെ ചോദ്യത്തിന് ഉത്തരം പറയാതെ, തൊണ്ടയിൽ കുടുങ്ങിയ സങ്കടം കാരണം വിമ്മിഷ്ടം മുട്ടിയ അവൾ ഒന്നും പറയാതെ വായ പൊത്തിക്കൊണ്ടു തന്നെ തിരിച്ചു പോയി.....!

എന്തു പറ്റിയെന്നറിയാതെ ഞാനും എഴുന്നേറ്റ് അവരുടെ വെയ്റ്റിങ് റൂമിലേക്ക് ചെന്നു.
എന്നെ കണ്ടതും അവിടെയുണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകൾ എഴുന്നേറ്റ് പുറത്തേക്കു പോയി.
ഞാൻ വീണ്ടും ചോദിച്ചു.
‘എന്താ പറ്റിയത്...?’
‘ അച്ചായാ....’ വാക്കുകൾ പിന്നെയും തൊണ്ടയിൽ കുടുങ്ങി......
ഒരു നിമിഷത്തെ ശ്വ്വാസമെടുക്കലിനു ശേഷം അവർ സാവധാനം പറയാൻ തുടങ്ങി.
‘അച്ചായാ... ഞാൻ എന്താ പറയാ...? എങ്ങനെയാ പറയാ....? എനിക്കു സഹിക്കാൻ പറ്റുന്നില്ലച്ചായാ......’

പറഞ്ഞു തീരുന്നതിനു മുൻപെ വീണ്ടും അവർ വിങ്ങിപ്പൊട്ടി....
പിന്നെ കുറേ നേരത്തേക്കു കരച്ചിൽ തന്നെ....
ഞാൻ നിർബ്ബന്ധിക്കാൻ പോയില്ല...
കാര്യമായ എന്തോ പാളിച്ചകൾ എവിടേയോ സംഭവിച്ചിരിക്കുന്നു...!?

അപ്പോഴേക്കും പുറത്തു പോയ കൂട്ടുകാരികളിൽ ഒരാൾ തിരിച്ചെത്തി.
വിവരമറിഞ്ഞ കൂട്ടുകാരി പറഞ്ഞു.
‘ ഞാൻ പറയാം അച്ചായാ...’
അതു കഴിഞ്ഞവർ വെട്ടിത്തുറന്നു തന്നെ പറഞ്ഞു.
‘ ഇവളുടെ അനിയനെന്നു പറയുന്നവനുണ്ടല്ലൊ... അവനിപ്പോൾ ചേച്ചിയുടെ
കൂടെക്കിടക്കണമെന്ന്...!!!  അവന് ഒറ്റക്കു ജീവിക്കാൻ വയ്യെന്നു....!!!’

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ വാപൊളിച്ചിരുന്നു പോയി....!!”
ഞെട്ടിത്തെറിച്ച് ഞങ്ങളും...!!


ബാക്കി അടുത്ത പോസ്റ്റിൽ......

18 comments:

ശ്രീ said...

എന്തെല്ലാം പ്രശ്നങ്ങളല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഷീവാസ്രീഗൽ വാ‍ങ്ങിച്ചുകൊടുത്ത് ഷീ യുടെ കഥകേട്ടുപറയുന്ന ഈ ചുള്ളനെ നമിക്കുന്നു..കേട്ടൊ അശോക്

അല്ലാ.. ഒരു കണക്കിന് ഞാനുമിവിടെ ,ഒരു അച്ചായനാണ്...!

പട്ടേപ്പാടം റാംജി said...

പോയിപ്പോയി നാട്ടില്‍ പോകുമ്പോള്‍ വാങ്ങിക്കൊണ്ടു പോകുന്ന സാധനം വരെ ഇപ്പോള്‍ പോട്ടിത്തുടങ്ങി അല്ലെ..
എത്രയെത്ര പ്രശ്നങ്ങളാ വഴിക്ക്‌ വഴിയെ.

ramanika said...

ഇത്തവണ സസ്പെന്സ് കീപ്‌ ചെയ്തില്ല
ബാക്കി പോരട്ടെ !

Gopika said...

അതു പോലെ തന്നെ, ഗൾഫ്കാരന്റെ സഹോദരിമാരെ കെട്ടാൻ വരുന്നവരുടെ ഒരേ ഒരു ഡിമാന്റ് ‘സ്ത്രീധനം ഇത്തിരി കൂടിയാലും കുഴപ്പമില്ല, ‘വിസ’ ഒരെണ്ണം തീർച്ചയായും വേണം...!’


ithenikkishtayi...
pakshe...
madhyapanam arogyathinu haanikaramaneee....

ദിവാരേട്ടN said...

പറയാനുള്ള കഥയുടെ ക്വാളിറ്റി അനുസരിച്ച് ആണല്ലേ അച്ചായനുള്ള ട്രീറ്റ്‌ ന്റെ വെയിറ്റ്. ഉം... നടക്കട്ടെ, നടക്കട്ടെ ....

krishnakumar513 said...

എന്താ വീകെ,സസ്പെന്‍സിന്റെ കൂട് തുറന്നുവിട്ടിരിക്കുകയാണു അല്ലെ!!നന്നാകുന്നു കേട്ടോ.

Anil cheleri kumaran said...

ഹഹഹ.. എന്നിട്ട്..?

വീകെ said...

ശ്രീ: എന്തു ചെയ്യാം ശ്രീ... പ്രശ്നങ്ങളില്ലാത്ത ജീവിതം എവിടെയെങ്കിലും ഉണ്ടൊ...?
ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയല്ലെ ഒരു ജീവിത കാലം മുഴുവൻ. എന്നു പറഞ്ഞാൽ ഈ പ്രശ്നങ്ങൾ തന്നെയല്ലെ ജീവിതം..
വന്നതിനു നന്ദി ശ്രീ..

ബിലാത്തിച്ചേട്ടാ: അല്ല ബിലാത്തിയച്ചായാ.. ആ വിളിയിൽ ഒരു ചേർച്ച വരുന്നില്ല. നമുക്ക് ‘ബിലാത്തിച്ചായാ’ എന്നാക്കിക്കളയാം.. എന്താ..? വന്നതിനു നന്ദീട്ടൊ.

പട്ടേപ്പാടം റാംജി:നാട്ടിൽ പോകുമ്പോൾ മാത്രമല്ലാട്ടൊ, നാട്ടീൽ പോയി തിരിച്ചു വരുന്നവരും കൂട്ടുകാർക്കു വേണ്ടി ‘ഡ്യൂട്ടി ഫ്രീ’ന്നു വാങ്ങുന്നതും ഇതൊക്കെ തന്നെയാ...!
അതു പോലെ ഒരാൾ വാങ്ങിവന്നതായിരുന്നു ഞാൻ വാങ്ങി അച്ചായനു കൊടുത്തതും.ഇവിടെയിറങ്ങിയപ്പോൾ ചിലവിനു കാശില്ല.കൂട്ടുകാർ അറിയാതെ കാശിനു വേണ്ടി വിൽക്കാൻ നടന്നപ്പോഴാ ഞാനതു വാങ്ങിയത്.. പുറത്ത് ഇതിനു വില വളരെ കൂടുതലായിരിക്കും.
രമണിക: വന്നതിനു നന്ദീട്ടൊ..
കുസുമം: ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ ഇതു സർക്കാരിന്റെ നിയമ വിധേയമായ ഒരു മുന്നറിയിപ്പല്ലെ...! അതു പാലിക്കാനുള്ളതല്ല.കൂടുതൽ കൂടുതൽ പ്രചോദനം കിട്ടാനുള്ളതാ...!!(സർക്കാരിന്റെ മദ്യം വിറ്റു വരവ് ശ്രദ്ധിച്ചിട്ടില്ലെ..?)
വന്നതിനു വളരെ നന്ദി.

ഹംസ said...

വീ.കെയുടെ പോസ്റ്റ് നോവലു പോലയാണ് വായിക്കുന്നത് എങ്കിലും സംഭവ കഥയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വായനാ സുഖം കിട്ടാറുണ്ട് . അത് പതിവ് പോലെ ഈ പോസ്റ്റിലും കിട്ടി. പ്രശ്നങ്ങള്‍ തന്നെ ....

വീകെ said...

ദിവാരേട്ടൻ:ക്വാളിറ്റി നോക്കി വാങ്ങിയതായിരുന്നില്ല. നാട്ടിൽ പോയി വന്ന ഒരു സുഹൃത്ത് കൂട്ടുകാർക്കായി വാങ്ങിച്ചതായിരുന്നു.പക്ഷെ,കയ്യിൽ കാശില്ലാതെ ഇവിടെ ജീവിക്കാൻ പറ്റുമൊ..? അതു കാരണം അതു വിറ്റു കാശാക്കിയതാ...അങ്ങനെ കിട്ടിയതാ...!!
വന്നതിനു വളരെ നന്ദീട്ടൊ...

കൃഷ്ണകുമാർ513:വന്നതിനും അഭിപ്രായത്തിനും നന്ദി.
കുമാരൻ: എന്നിട്ടെന്താ..? അതു പിന്നെ പറയാം. വന്നതിനു നന്ദീട്ടൊ..

ഹംസ:വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി..

വീകെ said...
This comment has been removed by the author.
Ashly said...
This comment has been removed by the author.
Ashly said...

:(

സീരിസ്യ്സ്‌ ആയി പറയുന്നതിന്റെ ഇടയില്‍ ഒരു അച്ചാര്‍ തീറ്റ....കൊല്ലും ഞാന്‍...വേഗം ബാക്കി പറ...

ജയരാജ്‌മുരുക്കുംപുഴ said...

ithavanayum assalayi.... abhinandanangal..........

വീകെ said...

ക്യാപ്റ്റൻ‌ജീ: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ജയരാജ്മുരുക്കുമ്പുഴ: ഇതിലെ വന്നതിനും അഭിപ്രായത്തിനും നന്ദി.

jyo.mds said...

ഞാന്‍ വരാന്‍ വൈകി.തുടരട്ടെ.

അഭി said...

വൈകി ആണെങ്കിലും വന്നിട്ടുണ്ടുട്ടോ