Monday 1 September 2014

നോവൽ. മരുഭൂമി (23)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി.
സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി.

തുടർന്നു വായിക്കുക... 


ഒരു ഭ്രാന്തൻ...

ന്യായത്തിന് ഇവിടെ വിലയൊന്നുമില്ല.
അറബ് ലോകത്ത് അറബികൾ സവർണ്ണ ലോബിയും മറ്റു ഏഷ്യൻ ജനതകളെല്ലാം അവർണ്ണ ലോബിയുമാണല്ലൊ. എന്നത്തേയും പോലെ അവർണ്ണർക്കുമേൽ സവർണ്ണർ ആധിപത്യം നേടി.
അവരുടെ വണ്ടിയിലിരുന്ന് ജനലിൽക്കൂടി എന്നെ നോക്കി വിലപിച്ചത് മറക്കാനാകില്ല.
“കണ്ണാ... എൻ കണ്ണാ... നാൻ എന്ന പണ്ണർത് കണ്ണാ...കടിതം നാൻ എപ്പടി പോടർത് കണ്ണാ....!!” ആ വിലാപവും കാഴ്ചയും കണ്ട് സങ്കടപ്പെടാൻ ഞങ്ങളോടൊപ്പം മെറിലിൻ മാത്രം....

ഹബീബയുടെ പോക്ക് ദിവസങ്ങളോളം ഞങ്ങളെ സങ്കടപ്പെടുത്തി.
ആശുപത്രി സ്റ്റാഫിൽ നിന്നുള്ള നിസ്സഹകരണം മൂലമാകാം ആ കെളവി നഴ്സ് സ്വയം സ്ഥലം മാറ്റം വാങ്ങിപ്പോയി. ഏതോ 'ശൈത്താൻഹിതം' സാധിക്കാനായി എഴുന്നെള്ളി, അവരുടെ കടമകൾ നിർവ്വഹിച്ച് മടങ്ങിയതുപോലെ...!
ദുഷ്ടത്തി...!!
അതിന്  ബലിയാടായത് പാവം ഹബീബ.
അവരുടെ വിധിയെന്നു പറഞ്ഞ് സമാധാനിക്കാനേ കഴിഞ്ഞുള്ളു.

പിന്നീട് കുറേ ദിവസത്തേക്ക് അവരെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഉസ്മാൻ മക്കയിൽ പോയി അന്വേഷിച്ചിട്ടും കമ്പനിക്കാരിൽ നിന്നും ഒരു വിവരവും കിട്ടിയില്ല. പിന്നെ പതിവു പോലെ എല്ലാം മറവിയിൽ മുങ്ങിപ്പോയി.

ഞങ്ങൾക്കും അതൊന്നുമാലോചിച്ച് സങ്കടപ്പെടാൻ നേരമില്ലായിരുന്നു. ശമ്പളം കിട്ടാത്ത ഞങ്ങളുടെ സങ്കടം ആരോട് പറയാൻ. അമാറയിലെ വരുമാനം കൊണ്ടാണ് ഒരു വിധം പിടിച്ചു നിൽക്കുന്നത്. ആയിടക്കാണ് പോലീസ് മുഹമ്മദ് ഒരു വൈകുന്നേരം ഓടിക്കിതച്ചു വരുന്നത്. വന്നവഴി തന്നെ പറഞ്ഞു.
“നിങ്ങളുടെ നാട്ടുകാരനോ, ഹിന്ദിയോ അതോ ശ്രീലങ്കക്കാരനോ ഒരുത്തൻ ആ പള്ളിയിൽ വന്ന് കിടക്കുന്നു. കുറേ ദിവസമായി. അവൻ ഒന്നും മിണ്ടുന്നില്ല. കുപ്പൂ‍സും കഴിക്കുന്നില്ല. ചിലപ്പോൾ ചത്തു പോകും. നിങ്ങൾ ഒന്നു ചെന്ന് ചോദിക്ക്. എന്താ പറ്റിയതെന്ന്...!”
ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
ഈ ഓണം കേറാമൂലയിൽ അങ്ങനെയൊരുത്തനോ..?!
ആരാണെന്ന് നോക്കിയിട്ട് വരാം.
സച്ചിയും അബ്ദുളും ചാടിയെഴുന്നേറ്റു. പോലീസ് മുഹമ്മദിന്റെ പിറകെ പോയി.

അവർ പള്ളിയിൽചെന്ന് നോക്കുമ്പോൾ, ഒതു എടുക്കുന്ന മുറിയിലെ വെള്ളത്തിന്റെ മോട്ടോറിനെ ചുറ്റി വളഞ്ഞ് ഒരുത്തൻ കിടക്കുന്നു.
അതും ഈ പൊരിയണ ചൂടിൽ...!
വിയർത്തൊലിച്ചെന്ന് പറയാൻ പറ്റില്ല. കാരണം ശരീരത്തിൽ വെള്ളമില്ലെന്ന് തോന്നുന്നു.
ഒരു അസ്ഥികൂടം മാതിരി ഒരു ഒരുത്തൻ...!
അബ്ദുൾ ‘ഹലോ’ എന്നു പറഞ്ഞ് കുലുക്കി നോക്കി.
സാവധാനം തല തിരിച്ച് നോക്കിയിട്ട്, പതുക്കെ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത ശ്രമത്തിന് കൂട്ടിനായി അബ്ദുളിന്റെ കൈകളും ഉണ്ടായിരുന്നു.

എഴുന്നേറ്റിരുന്ന മനുഷ്യജീവിയെ രണ്ടു പേരും കൌതുകപൂർവ്വം നോക്കി.
ഏതു നാട്ടുകാരനാണെന്ന് പെട്ടെന്ന് മനസ്സിലാകുന്നില്ല.
താടിയും മുടിയുമൊക്കെ വളർന്നിരുന്നു...
കണ്ണുകൾ രണ്ടും അഗാഥ ഗർത്തത്തിലെന്നോണം  കിടപ്പുണ്ടായിരുന്നു.
ദിവസങ്ങളോളം കുളിക്കാത്തതിനാലും വസ്ത്രം മാറ്റാത്തതിനാലും ഒരു വല്ലാത്ത വാട ആ മുറിയാകെ നിറഞ്ഞു നിന്നിരുന്നു.
അയാൾക്ക് തോന്നി, വന്നവരുടെ വേഷഭൂഷാദികൾ കണ്ടിട്ട് മലയാളികളായിരിക്കുമെന്ന്. അതുകൊണ്ട് അയാൾ രണ്ടുപേരേയും അത്ഭുതത്തോടെ മാറിമാറി നോക്കിയിട്ട് ഒന്നും ശബ്ദിക്കാൻ ത്രാണിയില്ലാതെ വെറുതെ കരയാൻ തുടങ്ങി...!

സച്ചിയും അബ്ദുളും എന്തു ചെയ്യുമെന്നറിയാതെ പരസ്പ്പരം നോക്കി.
അപ്പോഴാണ് അയാളിൽ നിന്നും ഒരു കരകരശബ്ദം പതുക്കെ പൊങ്ങിയത്.
“മലബാറി..?!”
കേട്ടതും അബ്ദുളും സച്ചിയും ഒപ്പം ചോദിച്ചു.
“മലയാളിയാ...?”
ആ മാതൃഭാഷ കേട്ട് തളർന്നുപോയ അയാൾക്ക് ‘അതെ’യെന്നു പറയാനുള്ള കെൽ‌പ്പില്ലായിരുന്നു. അതിനുമുൻപേ അവിടെത്തന്നെ വീണു കിടന്ന് കരയാൻ തുടങ്ങി...!
തന്റെ സ്വന്തം ഭാഷക്ക് ഇത്ര ശക്തിയുണ്ടെന്ന് അന്നാദ്യമായിട്ടാണ് അയാൾക്ക് മനസ്സിലാവുന്നത്.
ശ്വാസം പിടിച്ചുള്ള ആ കരച്ചിൽ കണ്ടു നിൽക്കുന്നവരെപ്പോലും കരയിപ്പിക്കും.
ദിവസങ്ങളോളം ഒറ്റപ്പെട്ടു പോയ ‘മരുഭൂമി’യിൽ വെള്ളവും ഭക്ഷണവുമില്ലാതെ, പൊരിയണ ചൂടിൽ തളർന്നു കിടക്കുന്ന നേരത്ത് ദൈവദൂദന്മാരേപ്പോലെ രണ്ടു നാട്ടുകാരെ കണ്ടു മുട്ടുകയെന്നു പറഞ്ഞാ‍ൽ കരയാനല്ലെ കഴിയൂ..!
ബോധം കെടാനല്ലെ കഴിയൂ...!

അബ്ദുൾ വെള്ളപ്പാത്തിയിൽ നിന്നും കുറച്ചു വെള്ളമെടുത്ത് അയാളുടെ മുഖത്ത് തളിച്ചു. അയാൾ പെട്ടെന്നൊന്നു പിടഞ്ഞു, തിളച്ച വെള്ളം മേത്ത് വീണതു പോലെ. പിന്നെ പിടിച്ചെഴുന്നേൽ‌പ്പിച്ച് നിറുത്തി. തനിയെ നിൽക്കാനൊ, നടക്കാനൊ ഉള്ള കെൽ‌പ്പൊന്നും അയാൾക്കില്ലായിരുന്നു. അയാളെ അവിടെത്തന്നെ ഇരുത്തി അബ്ദുൾ അമാറയിലേക്ക് പാഞ്ഞു.
അമാറയിൽ പക്ഷെ, പോലീസ് മുഹമ്മദ് ഇല്ലായിരുന്നു.
അതുകൊണ്ട് വണ്ടിയും കിട്ടിയില്ല.

തിരിച്ചു വന്ന് രണ്ടു പേരും കൂടി അയാളുടെ രണ്ടു കൈകളും തോളിലൂടെ ഇട്ട് താങ്ങിപ്പിടിച്ച്, അതോ വലിച്ചിഴച്ചിട്ടെന്നോണം പതുക്കെ നടത്തിച്ച് , കാരണം പലപ്പോഴും അയാളുടെ കാലുകൾ അനങ്ങുന്നുണ്ടായിരുന്നില്ല. മുറിയിലെത്തിയതും കുറച്ചു കഞ്ഞിവെള്ളം മോരും ഉപ്പും ചേർത്ത് കലക്കി കൊടുത്തു. അത് നിലത്തിരുന്നു തന്നെ ചുണ്ടോടടുപ്പിച്ചു. കയ്യുടെ വിറയൽ കാരണം  സച്ചിയാണ് ഗ്‌ളാസ് ചുണ്ടോടു ചേർത്ത് പിടിപ്പിച്ചത്.  പെട്ടെന്നൊന്നും അത് തൊണ്ടയിൽ നിന്നിറങ്ങിയില്ല. തൊണ്ട ഒരുപാട് വരണ്ടു പോയിരുന്നു. കുറച്ചു സമയമെടുത്താണ് അത് കുടിച്ചു തീർത്തത്.

പിന്നെ അയാളെ ബാത്ത്‌റൂമിൽ കൊണ്ടു പോയി ഇരുത്തി കുളിപ്പിച്ച്, തോർത്തി പുതു വസ്ത്രങ്ങൾ ധരിപ്പിച്ച് കട്ടിലിൽ കൊണ്ടു വന്നു ഇരുത്തി. അപ്പോഴേക്കും ‘നിഡോപാലിൽ’ ഉണ്ടാക്കിയ ഒരു ഗ്‌ളാസ്  ചായ കൊടുത്തു. അത് ഊതിഊതി കുടിച്ചുകൊണ്ടിരിക്കെ ചോദിക്കാനും പറയാനുമൊന്നും ഞങ്ങൾ പോയില്ല. കുറച്ച് കഴിഞ്ഞ് ഭക്ഷണവും കൊടുത്തു. സാവധാനം അത് കഴിച്ചിട്ട് അവിടെത്തന്നെ കുറച്ചു നേരം കണ്ണടച്ചിരുന്നു.

പിന്നെ കണ്ണു തുറന്നപ്പോഴാണ് ഞങ്ങളെയൊക്കെ നോക്കുന്നത്.
അപ്പോഴാണ് അയാൾ ഞങ്ങളെയൊക്കെ കാണുന്നത് തന്നെ.
അബ്ദുൾ പറഞ്ഞു.
“ഇപ്പോൾ ഒന്നും പറയണ്ട. കുറച്ചു നേരം കിടന്ന് ഉറങ്ങിക്കോ. അതു കഴിഞ്ഞിട്ടേ ഒരു ഉണർവ്വൊക്കെ ഉണ്ടാകൂ...”
അയാൾ ഒന്നും പറഞ്ഞില്ല.
ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
കൈ കഴുകാനായി ആരും പിടിക്കേണ്ടി വന്നില്ല. അതു കഴിഞ്ഞ് അബ്ദുളിന്റെ കട്ടിലിൽ വന്ന് കിടന്നു. പെട്ടെന്ന് തന്നെ അയാൾ ഉറങ്ങിപ്പോയി.

അയാൾക്ക് എന്തു പറ്റിയതാണെന്ന് ആരും പറയാതെ തന്നെ ഞങ്ങൾക്ക് മനസ്സിലായിരുന്നു. ഈ നാട്ടിൽ വന്ന ആദ്യ ദിവസങ്ങളിൽ ഞങ്ങളും ഹബീബയും ഒക്കെ അനുഭവിച്ചു തീർത്തതിന്റെ ഡോസ് ഇത്തിരി കൂടിയ രീതിയിൽ ഇയാളും അനുഭവിച്ചുട്ടുണ്ടാകും. ഒരു മനുഷ്യപ്പറ്റിലാത്ത രാജ്യം തന്നെ. ഇവിടെ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലായിരിക്കുമോ..?

പിറ്റേന്ന്  നേരം വെളുത്തിട്ടേ അയാൾ എഴുന്നേറ്റുള്ളു. അപ്പോഴേക്കും നല്ല ഉന്മേഷം വന്നിരുന്നു.
‘സീക്കു’ എന്നാണത്രെ പേര്.
തനി മലയാളി...!
ഈ പേരിന്റെ പിന്നിലും ഒരു കഥയുണ്ട്.
വീട്ടുപേരും ബാപ്പയുടെ പേരും പിന്നെ സ്വന്തം പേരും എന്ന പാസ്പ്പോർട്ടിലെ മുഴുവൻ പേര് എഴുതിയാൽ ഇക്കാമയുടെ ഒരു പുറം മതിയാകാതെ വരുമത്രെ. അത് കാരണം സൌദി ഉദ്യോഗസ്ഥർ വെട്ടിച്ചുരുക്കി ഉണ്ടാക്കിയതാണത്രെ ഈ സീക്കു. രണ്ടു പേരുകളുടെ ആദ്യാക്ഷരങ്ങൾ മാത്രം ചേർത്ത് ഉണ്ടാക്കിയതാണ്  ഇക്കാമയിലെ ഈ പേര്.
അന്നുമുതൽ ഞങ്ങൾക്കു മുന്നിൽ അയാൾ ‘സീക്കു’വായി.

മക്കയിൽ വന്നിറങ്ങിയിട്ട് ഒരു മാസത്തിലധികമായി.
ഈ പള്ളിയിൽ കൊണ്ടുവന്ന് തള്ളിയിട്ട് ഒരാഴ്ച കഴിഞ്ഞത്രെ...!
ചുറ്റും മലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അപ്പുറത്തു കാണുന്ന ഒരേയൊരു കെട്ടിടത്തിൽ പോലീസ്സുകാർ കാവൽ നിൽക്കുന്നതു കൊണ്ട് പേടിച്ചിട്ട് ആ വഴിക്കിറങ്ങിയില്ല.
പൊരിയണ ചൂടിൽ എവിടേക്കിറങ്ങാനാണ്. വരുന്നവർ മുഴുവൻ അറബികൾ.
പള്ളിയിൽ ഏസിയില്ല,ഫാനുമില്ല വെളിച്ചവുമില്ല.
സ്വന്തം തലയിൽ കൈ വച്ചു കൊണ്ടു പറഞ്ഞു.
“ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങളെല്ലാം  ഈ ഒരൊറ്റ വരവിൽ തീർന്നു കാണും. ..!”
“അത്രയധികം പാപങ്ങൾ ചെയ്തിട്ടുണ്ടോ....?”
“ഉണ്ടോന്നോ... ഒരു മൂന്നാലു പെണ്ണു കേസുകൾ. മറ്റു പോക്രിത്തരങ്ങളും അടിപിടികളും വേറെ. അവസാനം ഒരു പെൺകേസിൽ അകത്താകുമെന്നായപ്പോൾ ബാപ്പ ചെയ്ത ചതിയാ... ഒരുപ്പോക്ക് പോലത്തെ ഈ പോരൽ... ഹാ...ഹാ...ഹാ...!!!”
ഞങ്ങൾ താടിക്ക് കയ്യും കൊടുത്തിരുന്ന് കേട്ടു കൊണ്ടിരുന്നു.

ഇവന്റെ തലക്ക് വല്ല കുഴപ്പവുമുണ്ടോന്ന് ഞാൻ കണ്ണുകൾകൊണ്ട് അബ്ദുളിനോട് ചോദിച്ചു. അയാളും അങ്ങനെ സംശയമുണ്ടെന്ന മട്ടിൽ തല കുലുക്കി.
“അല്ല. ഈ പള്ളിയിൽ എങ്ങനെ വന്നു പെട്ടു...?”
“അതാ ഞാൻ പറഞ്ഞെ.. എല്ലാ പാപങ്ങളും അനുഭവിച്ചു തീർക്കാൻ എന്റെ ബാപ്പ ചെയ്ത കൊലച്ചതിയാ.. ഏസിയും വെള്ളവും ഭക്ഷണവും ഇല്ലാത്ത, മനുഷ്യരാരും താമസിക്കാത്ത ഈ കുഗ്രാമത്തിലെ ആ പള്ളിയിലെ ‘തൂത്തു തുടച്ചു വൃത്തിയാക്കൽ’ പണി...!!?”
അത് ഞങ്ങൾക്ക് ‘ക്ഷ’ പിടിച്ചു...!


ബാക്കി  സെപ്റ്റമ്പർ 15-ന്....  മൂന്ന് അഞ്ചിന്റെ സിഗററ്റ്...

15 comments:

Cv Thankappan said...

ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന് വന്നുചേരും!മനസ്സാക്ഷിയുള്ളവര്‍ക്ക് ഒഴിഞ്ഞുമാറി കണ്ടില്ലെന്നു നടിക്കാനും കഴിയില്ലല്ലോ!
നന്മചെയ്യുന്നവര്‍ക്ക് നന്മയുടെ ഫലം കിട്ടുകയും ചെയ്യും,തീര്‍ച്ച!
ആശംസകള്‍

© Mubi said...

സീക്കുവിന് കുറച്ചു ഭാഗ്യമുണ്ട്. നാട്ടുകാര്‍ ഉള്ള സ്ഥലത്താണല്ലോ കൊണ്ട് തള്ളിയത്...

Pradeep Kumar said...

പുതിയൊരു കഥാപാത്രം കൂടി വരുന്നു
ഈ ലക്കത്തിൽ കാര്യമായി പുരോഗമിക്കാതെ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി അയാളെക്കുറിച്ച് കൂടുതലൊന്നും അറിയിക്കാതെ നിർത്തിയത് കഷ്ടമായിപ്പോയി......

Unknown said...

സീക്കു എന്ന പുതിയ കഥാപാത്രം കൊള്ളാം..
അടുത്ത ഭാഗത്തിൽ ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ ഉണ്ടാകുമെന്ന് കരുതുന്നു..
തുടരട്ടെ.. ആശംസകൾ !

ajith said...

എത്രയെത്ര ജീവിതങ്ങളാണ് എന്റെ കഥ പറയൂ എന്ന് മുന്നോട്ട് ത്ഇക്കിത്തിരക്കി വരുന്നത്. അല്ലേ? പറഞ്ഞാല്‍ തീരില്ല.

കഥ മുന്നോട്ട് പോകട്ടെ!

പട്ടേപ്പാടം റാംജി said...

കഥ കേള്‍ക്കുന്നത് പോലെ ഓരോ ജീവിതങ്ങള്‍ മുന്നില്‍ വന്നു പെടുന്നു അല്ലെ. എല്ലാം ജീവിക്കാനുള്ള തത്രപ്പാടുകള്‍.

വീകെ said...

സിവി തങ്കപ്പൻ: ഇവിടത്തെ പ്രത്യേക സാഹചര്യത്തിൽ ഏതൊരുത്തനും സ്വന്തം നാട്ടുകാരനാണെങ്കിൽ എന്തു സഹായത്തിനും ഓടി വരും. അതിനകത്ത് ഓടിവരുന്നവനും സഹായം വേണ്ടവനും മറ്റവരുടെ ജാതിയോ മതമോ ഒന്നും ഓർക്കാറേയില്ല. അത് ഒരു പക്ഷേ, ഈ ഗൾഫിൽ മാത്രം കാണുന്ന പ്രത്യേകതയായിരിക്കും. നാട്ടിലെ മലയാളിയെ ഇവിടെ കാണാറില്ല. വായനക്ക് വളരെ നന്ദി.
മൂബി:അതെ.സീക്കുവിന് ഭാഗ്യമുണ്ട്. സീക്കുവിനെ ശരിക്കറിയുമ്പോൾ ആ ഭാഗ്യം വേണ്ടായിരുന്നുവെന്നും തോന്നാം. നന്ദി.
പ്രദീപ് കുമാർ: അടുത്തലക്കത്തിൽ സീക്കുവിനെ തിരിച്ചറിയും. അതുവരെ ക്ഷമിച്ചു കൂടെ മാഷെ. വായനക്കും ഈ പ്രോത്സാഹനത്തിനും വളരെ നന്ദി.
ഗിരീഷ് കെ സുബ്രഹ്മണ്യൻ: തീർച്ചയായും. അടുത്ത ലക്കം സീക്കു സ്പെഷ്യൽ ആയിരിക്കും. വായനക്ക് വളരെ നന്ദി.
അജിത്: ഗൾഫുകാർക്ക് കഥകൾക്കാണോ പഞ്ഞം. അത് പറഞ്ഞാൽ തീരില്ല. വായനക്ക് നന്ദി.
പട്ടേപ്പാടം റാംജി: പ്രവാസലോകാനുഭവങ്ങൾ ഓരോന്നും നീണ്ട എപ്പിസോഡുകൾ എഴുതിത്തീർക്കാനുള്ളത്രയുണ്ട്. എല്ലാം ജീവിക്കാനുള്ള തത്രപ്പാടിൽ ഓരോരുത്തരും അനുഭവിച്ചു തീർക്കുന്നവ മാത്രം. വായനക്ക് വളരെ നന്ദി.

വിനുവേട്ടന്‍ said...

ഇനി സീക്കുവിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു...

നാട്ടിൽ ചെന്നിട്ടും എഴുത്ത് തുടരുന്നതിൽ വളരെ സന്തോഷമുണ്ട് അശോകൻ മാഷേ...

ഫൈസല്‍ ബാബു said...

ഹബീബയില്‍ നിന്നും സീക്കുവിലേക്ക് ...ഒരു പാരയാവുമോ ആശാന്‍ ? കാത്തിരിക്കുന്നു.

വീകെ said...

വിനുവേട്ടൻ: വായനക്ക് വളരെ നന്ദി .
ഫൈസൽ ബാബു: കാത്തിരിക്കാം നമ്മൾക്ക്. വായനക്ക് വളരെ നന്ദി.

ശ്രീ said...

ഇനിയപ്പോ സീക്കുവിന്റെ കഥയാണല്ലേ?

വീകെ said...

ശ്രീ: അതെ. നാളെ മുതൽ സീക്കുവിന്റെ കഥ.. നന്ദി.
ഇതിലെ വന്ന് വായിച്ചിട്ട് ഒന്നും പറയാതെ പോയവർക്കും എന്റെ ഹൃദയംഗമമായ നന്ദി.

keraladasanunni said...

ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കാതെ പറ്റില്ലല്ലോ? ഇനിയെങ്കിലും നല്ലതു മാത്രം 
ചെയ്യട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഹബീബ പോയപ്പോൾ സീക്കു വന്നു അല്ലേ

സുധി അറയ്ക്കൽ said...

സീക്കി ആയിരുന്നെങ്കിൽ ഹബീബക്ക്‌ പകരം ആയേനേ!!!!