Friday, 4 December 2009

സ്വപ്നഭുമിയിലേക്ക്.....തുടരുന്നു... ( 9 )

അപ്പോഴാണ് ഉദ്യോഗസ്ഥന്റെ വായിൽ നിന്നും ഉണങ്ങിവരണ്ട ആ വാക്കുകൾ ഉതിർന്നു വീണത്.
“ നിങ്ങൾക്കിനി മുന്നോട്ട് യാത്ര ചെയ്യാനാവില്ല....!! നിങ്ങൾ തിരിച്ചു പോണം..!!!?”
രണ്ടു പേരും ഞെട്ടിയെന്നു മാത്രമല്ല, ശ്വ്വാസം നിലച്ച്, കേട്ടതു വിശ്വസിക്കാൻ കഴിയാതെ കണ്ണുകൾ പുറത്തെക്കു തള്ളി....!!!?

ആ ഞെട്ടലിൽ നിന്നും മോചിതനായത് ഉദ്യോഗസ്തന്റെ സാന്ത്വന ശബ്ദം കേട്ടാണ്...
“നിങ്ങൾ വിഷമിക്കേണ്ടാ... ഇവിടെ നിങ്ങളെ പിടിച്ച് അകത്തിടാനൊന്നും പോകുന്നില്ല..” ഒരു വിധം സമനില വീണ്ടെടുത്ത് സുനിൽ ചോദിച്ചു
“ ഇവിടെ ഞങ്ങളുടെ പേപ്പറിന് എന്താ പറ്റിയത്...? ഇതു പോലെ ഔട്ട് പാസ്സുമായിട്ടാണല്ലൊ
അവരും വന്നത്...?“
“അതു ശരിയാ... പക്ഷെ, നിങ്ങളുടെ കുഴപ്പം മാത്രമല്ല.. നിങ്ങളെ ഇങ്ങോട്ടു കയറ്റി വിട്ട ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. “
രണ്ടു പേരും പരസ്പരം നോക്കിയതല്ലാതെ ഒന്നും മനസ്സിലായില്ല. ആ ഭാവത്തോടെയാണ്
ഉദ്യോഗസ്ഥന്റെ നേരെ തിരിഞ്ഞത്. അദ്ദേഹം കാര്യങ്ങൾ വിശദമായിത്തന്നെ
അവരെ പറഞ്ഞു മനസ്സിലാക്കി.

“ നിങ്ങൾ ഇന്നലെ രാത്രിയിൽ അവിടന്ന് പോന്നു. അതായത് ഈ ഔട്ട് പാസ്സിന്റെ കാലാവധി തീരുന്നതിന് രണ്ടു മണിക്കൂർ മുൻപു തന്നെ. അവിടം വരെ ശരിയായിരുന്നു. പക്ഷെ, നിങ്ങൾ നേരിട്ട് നിങ്ങളുടെ നാട്ടിലേക്കായിരുന്നു പോയിരുന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു. അതിനു പകരം
നിങ്ങൾ വന്നിറങ്ങിയത് മൂന്നാമതൊരു രാജ്യത്താണ്. ഇവിടെ വന്നിറങ്ങുന്നവരുടെ കൈവശം വ്യക്തമായ രേഖകൾ വേണം. എന്നാലെ മുന്നോട്ടുള്ള യാത്രക്ക് സാധിക്കുകയുള്ളു. ഇപ്പോൾ നിങ്ങളൂടെ ഈ പേപ്പറിന് ഒരു കടലാസ്സിന്റെ വില പോലുമില്ല. കാരണം ഇതിന്റെ കാലാവധി ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് തീർന്നിരിക്കുന്നു...”

ഉദ്യോഗസ്ഥൻ ഒന്നു നിറുത്തി. സുനിലും കൂട്ടുകാരനും വിയർത്തു കുളിച്ചു.
“ഇനി ഞങ്ങൾ എന്തു ചെയ്യും...?” തമിഴൻ ഒരു കണക്കിന് ഉമിനീരൊന്നിറക്കിയിട്ട് ചോദിച്ചു.
“ ഇനി നിങ്ങളെ എവിടെന്നാ കൊണ്ടു വന്നെ അവിടെ തിരിച്ചു കൊണ്ടാക്കേണ്ടത് നിങ്ങളെ കൊണ്ടു വന്ന വിമാനക്കമ്പനിക്കാരുടെ ഉത്തരവാദിത്തമാണ്. അവർ നിങ്ങളുടെ പേപ്പർ ശരിക്കും
നോക്കിക്കാണില്ല. ഇന്ന് രാത്രിയിൽ പോകുന്ന വിമാനത്തിൽ സ്ഥലമുണ്ടെങ്കിൽ നിങ്ങളെ കയറ്റി വിടാം. ഇല്ലെങ്കിൽ ഇനിയും കാത്തിരിക്കേണ്ടിവരും...!!?”

അതും പറഞ്ഞ് ഉദ്യോഗസ്ഥൻ എഴുന്നേറ്റു. സുനിലും കൂട്ടുകാരനും തലയിൽ കൈ വച്ചുപോയി...!! ഉദ്യോഗസ്ഥൻ അവരെ ഒരു മുറിയിലേക്ക് മാറ്റിയിരുത്തി.

“ദൈവമേ... ഇന്നു പോകുന്ന വിമാനത്തിൽ ആളുണ്ടാകരുതേ....!!”
എന്നായിരുന്നു തമിഴന്റെ ഉറക്കെയുള്ള പ്രാർത്ഥന.
“ആളില്ലാത്ത വിമാനത്തിൽ എന്തായാലും നമ്മളെ കൊണ്ടു പോവോ...? “
സുനിലിന്റെ മറുപടി കേട്ട് രണ്ടു പേരും മുഖത്തോടു മുഖം നോക്കി.
‘അല്ല.. ഞാ‍ൻ ഉദ്ദേശിച്ചത് ആള് നിറച്ചുണ്ടാകരുതെന്നാ...”
“ എന്നാ അങ്ങനെ പറ.. “

ഇനി രാത്രി വരെ കാത്തിരിക്കണം. നല്ല വിശപ്പുണ്ട്. അപ്പോഴേക്കും തങ്ങളോടൊപ്പം വന്നവരെല്ലാം സമയമായപ്പോൾ പോകാനായി എഴുന്നേൽക്കുന്നത് കണ്ടു. ചില്ലു മറക്കുള്ളിലൂടെ അവരോട് കൈ വീശി യാത്ര പറഞ്ഞപ്പോൾ കണ്ണൂകൾ നിറഞ്ഞു.
ഒരിത്തിരി ദൂരം കൂടിയേ ഉള്ളു നാട്ടിലേക്ക്.. !
ഒരു കടൽ... ഇല്ല്യ.. ഒരു കടലിടുക്ക് മാത്രം...!!

അവർ ആ കസേരയിൽ തന്നെ മലർന്നു കിടന്നു. വയറ് നന്നായി കത്തിക്കാളുന്നുണ്ടായിരുന്നു.. അപ്പോഴാണ് പോക്കറ്റ് കാലിയാണെന്ന വിവരം ഓർമ്മ വന്നത്. രണ്ടു പേരുടേയും കയ്യിൽ ഏതാനും ഇൻഡ്യൻ രൂപ മാത്രമെ ഉള്ളു. അതെടുത്ത് എന്തെങ്കിലും വാങ്ങമെന്ന് വച്ചാൽ ശ്രീലങ്കയിൽ ഇൻഡ്യൻ രൂപ എടുക്കില്ല. അവർക്ക് അമേരിക്കൻ ഡോളർ മാത്രമെ വേണ്ടു. ആ മുറിയിലെ കൂളറിൽ നിന്നും പച്ചവെള്ളം മാത്രം കുടിച്ച് പകൽ കഴിച്ചു കൂട്ടി. ഇപ്പോഴത്തെ വിഷമത്തേക്കാൾ ഏറെ തീ തീറ്റിച്ചത് ബഹ്റീനിൽ തിരിച്ചെത്തിയാൽ പിന്നെന്തു ചെയ്യുമെന്നായിരുന്നു...?

ഒരെത്തും പിടിയും കിട്ടിയില്ല. അലോചിച്ചിട്ട് തല പെരുക്കുന്നു...!! എങ്ങെനെ ഒന്നു നാട്ടിലെത്തും..? ഇങ്ങനെയൊന്നു ഇതിനു മുൻപു കേട്ടിട്ടില്ലാത്തതു കൊണ്ട്, ഇതെങ്ങനെയൊന്ന് അവസാനിക്കുമെന്ന് രണ്ടു പേർക്കും ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല. അവിടെയിറങ്ങാൻ വിസയില്ലാത്തതുകൊണ്ട് പുറത്തിറങ്ങാനും കഴിയില്ല. ഇനിയവിടെ ജയിലിനകത്ത് കിടക്കേണ്ടി വരുമോ...?

സുനിലിന് തന്റെ സമനില തെറ്റുന്നതായി തോന്നി. തല അങ്ങോട്ടുമിങ്ങോട്ടും കയ്യിലിട്ടുരുട്ടി ഉരസി...!
എഴുന്നേറ്റ് കുറച്ച് നേരം നടന്നു. പിന്നെ കുറച്ച് പച്ചവെള്ളം കുടിച്ചു. എന്നിട്ടും മനസ്സിന്റെ വിങ്ങൽ മാറുന്നില്ല. ഇവിടെ നിന്നും ഇന്നു പോകാൻ കഴിഞ്ഞില്ലെങ്കിൽ...!?

എന്റെ ദൈവമേ... ഇവരെങ്ങാനും പിടിച്ച് അകത്തിട്ടാൽ...!!?
അവർക്കതിനു കാരണവും കണ്ടെത്താനാകും... !
ശരിയായ രേഖയില്ലാതെ വന്നിറങ്ങിയെന്ന് പറയാം..
ഹൊ, തലയും ശരീരവും പൊള്ളുന്നത് പോലെ...!!

ഇരുന്നിട്ട് ഇരുപ്പുറക്കാഞ്ഞിട്ട് കുറച്ച് നടക്കും.. പിന്നെ കുറച്ചു നേരം ഇരിക്കും.. അതിനിടക്ക് കത്തിക്കാളുന്ന വിശപ്പും. പുതിയ യാത്രക്കാർ വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു. അതിനിടക്ക് രണ്ടു മൂന്ന് പോലീസ്സുകാർ വന്ന് അവരുടെ ഔട്ട് പാസ്സുകൾ പരിശോധിച്ചിരുന്നു. എന്തൊക്കെയോ എഴിതിയെടുത്തുകൊണ്ടു പോയി.

അപ്പുറത്ത് വന്നിരിക്കുന്നവരെ ഗ്ലാസ് മറക്കുള്ളിലൂടെ കാണാം. വൈകുന്നേരമായപ്പോഴേക്കും സീറ്റുകളെല്ലാം നിറഞ്ഞു കഴിഞ്ഞു... സീറ്റുകളിൽ നിറഞ്ഞിരിക്കുന്ന യാത്രക്കാരെ കാണുമ്പോൾ രണ്ടു പേരുടേയും മനസ്സു മടുത്തു തുടങ്ങി. തമിഴൻ അതും പറഞ്ഞ് യാത്രക്കാരെ പ്‌രാവാൻ തുടങ്ങി. അതുകേട്ട് സുനിലിന് ചിരി വന്നെങ്കിലും ചിരിക്കാനും കരയാനും വയ്യാത്ത അവസ്ഥയിലായിരുന്നു.

അന്നത്തെ വിമാനത്തിന് ആളു കുറവായിരുന്നതു കൊണ്ട് അവരുടെ പ്രാർത്ഥന ഫലിച്ചുവെന്നു പറയാം. ഒരുദ്യോഗസ്ഥനോടൊപ്പം അവർ വിമാനത്തിനടുത്തേക്ക് പോകുന്നതിനുള്ള ബസ്സിൽ കയറുന്നതിനു മുൻപ് അവർ ബഹ്‌റീനിൽ വച്ചേൽ‌പ്പിച്ചിരുന്ന ലഗ്ഗേജുകൾ കാണിച്ചു കൊടുക്കേണ്ടിയിരുന്നു.

അതിനു ശേഷമാണ് അവരെ ബസ്സിൽ കയറ്റിയത്. വിമാനത്തിൽ അവർ അവസാനത്തെ യാത്രക്കാ‍രായിരുന്നു. പിന്നെ താമസമുണ്ടായില്ല. വിമാനം പുറപ്പെട്ടു.

വിമാനത്തിനകത്ത് കയറിയതിനു ശേഷം തമിഴനെ കണ്ടില്ല. രണ്ടു പേർക്കും രണ്ടിടത്തായിരുന്നു സീറ്റ് കിട്ടിയത്.. ഇങ്ങോട്ടു പോന്നപ്പോൾ ചോദിച്ച് വാങ്ങിക്കുടിച്ച പെഗ്ഗും ബീയറും ഒന്നും അങ്ങോട്ടു പോയപ്പോൾ സുനിലിനു വേണ്ടായിരുന്നു. ഭക്ഷണം കിട്ടിയതും നേരെ ചൊവ്വെ കഴിക്കാനായില്ല.
ഒന്നും ഇറങ്ങുന്നില്ലായിരുന്നു...!

സുനിലിന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാർ ഒരു പ്രവാസി സംഘടനയുമായി ബന്ധപെട്ട് സുനിലിന്റെ കാര്യങ്ങൾ ധരിപ്പിച്ചു. അവർ എത്രയും വേഗം വേണ്ടതു ചെയ്യാമെന്നേറ്റു. അവരുടെ നിർദ്ദേശപ്രകാരം ടിക്കറ്റിനുള്ള കാശ് ഞങ്ങളുണ്ടാക്കേണ്ടിയിരുന്നു. സുനിലിന്റെ കൂട്ടുകാർ സംഘടിപ്പിച്ച കാശിൽ കുറവു വന്നത് ഞങ്ങൾ പിരിവെടുത്ത് പ്രവാസി സംഘടനയെ ഏൽ‌പ്പിച്ചു.

ഇത്തരം കാര്യങ്ങൾക്ക് വ്യക്തികൾ കിടന്ന് നെട്ടോട്ടമോടിയതു കൊണ്ട് ഒന്നും നടക്കുകയില്ല.
അതിനുള്ള സമയവും സൌകര്യവും ഞങ്ങൾക്കാർക്കുമില്ല. പൊതുമാപ്പിന്റെ സമയമായതു കൊണ്ട് കാര്യങ്ങൾ പെട്ടെന്നു തന്നെ നടന്നുകിട്ടി.

പ്രവാസി സംഘടന എംബസ്സിയിൽ നിന്നും ഔട്ട് പാസ്സിന്റെ കാലാവധി നീട്ടി വാങ്ങി.
അതോടൊപ്പം എയർ ഇൻഡ്യയുമായി ബന്ധപ്പെട്ട് അന്നു പോകുന്ന വിമാനത്തിൽ ഒരു എമർജൻസി ടിക്കറ്റും ശരിയാക്കി.

ആ ഒരു പകൽ മാത്രം സുനിലിന് വിമാനത്താവളത്തിൽ ഇരിക്കേണ്ടി വന്നുള്ളു..
അന്നു രാത്രിയിൽ മറ്റെങ്ങും ഇറങ്ങി കേറാ‍ൻ നിൽക്കാതെ നേരിട്ട് കൊച്ചിക്ക് പറന്നു...!!!

സുനിൽ കേറിപ്പോയതിന്റെ പിറ്റെ ദിവസം ഞാൻ കടയിലിരിക്കുമ്പോൾ എന്റെ
ആക്ടിംഗ് മാനേജർ ഈജിപ്ഷ്യനോടൊപ്പം സുന്ദരിയായ ഒരു മദാമ്മയും കയറി വന്നു.
അതിനു മുൻപും അവളിവിടെ വന്നിട്ടുള്ളതാണ്. ഈജിപ്ഷ്യൻ പറഞ്ഞു

“ഇന്നു വൈകുന്നേരം ഇവളോടൊപ്പം പോയി, അന്ന് അവളുടെ സ്ഥാപനത്തിൽ കൊണ്ടു പോയിക്കൊടുത്ത സാധനങ്ങളെല്ലാം അഴിച്ചെടുത്തു കൊണ്ടു പോരണം.. അവളിതുവരെ പണമൊന്നും തന്നിട്ടില്ല. നമ്മളത് തിരിച്ചെടുക്കാണ്. കൂടെ നിന്നെ സഹായിക്കാൻ പുറത്തു നിന്നും ജോലിക്കാരുണ്ടാകും...“ ഞാൻ തലയാട്ടി.

പക്ഷെ, ഈജിപ്ഷ്യനും മദാമ്മയും കൂടി നടത്തിയ ഒരു നാടകമായിരുന്നു അതെന്നു മനസ്സിലാക്കാൻ അപ്പോഴെനിക്കായില്ല...!! ?
അതെനിക്കു സമ്മാനിച്ചതോ ഭീതിതമായ ഉറക്കമില്ലാത്ത ഒരു രാത്രിയും...?!!

ബാക്കി അടുത്ത പോസ്റ്റിൽ....
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
**************************************************************************************
പിന്നാമ്പുറം


എന്റെ കഴിഞ്ഞ ഒഴിവു കാ‍ലത്ത്...
ഞാനും കുടുംബവും കൂടി പട്ടണത്തിലെ ഒരു ബസ്റ്റോപ്പിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ,
പിറകിലെ ഒരു കട ചൂണ്ടിക്കൊണ്ടു എന്റെ ‘നല്ലപാതി‘ പറഞ്ഞു
“ ദേ.. ചേട്ടാ.. ആ കട കണ്ടൊ......?”
കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാ‍നും ഒന്നു നോക്കി.
ഒരു ചെറിയ തയ്യൽക്കട....
ഒരു കടയുടെ പകുതിയേ ഉള്ളു. മറുപകുതി ഒരു സ്റ്റേഷനറി കടയാണെന്നു തോന്നുന്നു.

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ‘എന്താ..? ‘ എന്ന ഭാവത്തോടെ
നല്ലപാതിയെ നോക്കി കണ്ണുരുട്ടി.
“ അതു ചേട്ടന്റെ കൂട്ടുകാരന്റെ കടയാ.....”
“ എന്റെ കൂട്ടുകാരനോ..? ഏതു കൂട്ടുകാരൻ...” എനിക്കാളെ പിടികിട്ടിയില്ല.
“അയ്യോ... അതിന്റെ പേര് ഞാൻ മറന്നു പോയല്ലൊ......, അതിന്റെ കല്യാണം വിളിച്ചപ്പൊ ചേട്ടൻ പറഞ്ഞില്ലെ പോണം.... പോകാതിരിക്കരുതെന്ന്... “

അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.
“ങേ... നമ്മുടെ സുനിലാണൊ....?”
“ അതു തന്നെ... സുനിൽ...! ആ സുനിലിന്റെ കടയാ.. ഇത്...!!“
“ങേ... “ ഞാനും വാ പൊളിച്ച് നിന്നു പോയി..!!!

പിന്നെ ആ കടയിലേക്ക് കേറിച്ചെന്നു. ഒരു ചെറിയ കട. രണ്ടു പേർ മുൻ‌വശത്തും മറ്റു രണ്ടു പേർ പിന്നിലും ഇരുന്നു തയ്ക്കുന്നുണ്ട്. ഇതിനിടക്കുള്ള സ്ഥലത്ത് ഒരു വലിയ മേശ. അതിൽ പുറം തിരിഞ്ഞ് നിന്ന് തുണി വെട്ടിക്കൊണ്ടിരുന്ന ഒരുത്തൻ. പുറം തിരിഞ്ഞ് നിൽക്കുന്ന ആളെ കണ്ടപ്പോൾ
എനിക്കു തോന്നി ‘ഇവൻ തന്നെയല്ലെ ലവൻ.‘

ഞാൻ പതുക്കെ ചെന്ന് തോളിൽ തോണ്ടി. അവൻ അതു ഗൌനിക്കാതെ വീണ്ടും തന്റെ പണിയിൽ ശ്രദ്ധാലുവായി. ഞാൻ പിന്നെയും തോണ്ടി ഇത്തിരി ബലമായിത്തന്നെ.
അപ്പോഴാണവൻ തല വെട്ടിച്ച് നോക്കിയത്..... ! ?
അവൻ ഞങ്ങളെ മാറി മാറി നോക്കി.....!!
പിന്നെ എന്റെ നല്ലപാതിയെ കണ്ടപ്പോഴാണ് “ങേ...?”
ഒരു സംശയം അവന്റെ കണ്ണുകളിൽ നിഴലിച്ചത്.
അതിനു ശേഷമാണവൻ എന്നെ ശ്രദ്ധിച്ചത്....!
എന്നെ ആകെപ്പാടെ അടി മുതൽ മുടി വരെ അവൻ ചുഴിഞ്ഞു നോക്കി.....!
അപ്രതീക്ഷിതമായി എന്നെ കണ്ടതിലുള്ള അമ്പരപ്പ് ആ കണ്ണുകളിൽ കാണാമായിരുന്നു...!!
വിടർന്ന ചുണ്ടുകളിൽ ഒരു ചിരി......!!
പിന്നെ ഒരു വിളി... “ ചേട്ടാ.....!!”
പിന്നെ ഒരു കെട്ടിപ്പിടിത്തം..!!!

സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു....
വർഷങ്ങൾക്കു ശേഷം ഞങ്ങൾ തമ്മിൽ കാണുകയാണ്. പോയ വർഷങ്ങൾ ഞങ്ങളിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിരുന്നു. ഒരു പക്ഷെ പെട്ടെന്നു കണ്ടാൽ തിരിച്ചറിയാത്തവണ്ണം...!!

അവൻ വിവാഹം കഴിച്ചു. രണ്ടു കുട്ടികൾ. ഒരാണും ഒരു പണ്ണും. സ്വന്തമായി ഒരു കട തുടങ്ങി.
നാല് പേരിരുന്നു തയ്ക്കുന്നു. അവൻ വെട്ടിക്കൊടുക്കും. സ്കൂൾ യൂണിഫോമായിരുന്നു അപ്പോൾ തയ്ച്ചു കൊണ്ടിരുന്നത്. പണി തീരാത്തതു കൊണ്ട് ബാക്കി പണികൾ പല വീടുകളിലായി തയ്യലറിയാവുന്ന പെണ്ണുങ്ങളെ ഏൽ‌പ്പിച്ചിരിക്കുന്നു. ജീവിതം അല്ലലില്ലാതെ മുന്നോട്ടു നീങ്ങുന്നു. സന്തോഷത്തോടെ കഴിയുന്നു....!!

ഞാൻ ചോദിച്ചു.
“ ഇപ്പോൾ പഴയ മാതിരിയല്ല. ഗൾഫ് ആകെ മാറിയിരിക്കുന്നു....പോരുന്നോ ഒരു പ്രാവശ്യം കൂടി ഗൾഫിലേക്ക്...!!?
സുനിൽ രണ്ടും കയ്യും തലക്കു മുകളിൽ പൊക്കി തൊഴുതു കൊണ്ടു പറഞ്ഞു.
“ ചതിക്കല്ലെ ചേട്ടാ..... ! ഞാൻ സന്തോഷമായിട്ട് കഴിയാണിപ്പോൾ...!! എന്റെ കുടുംബത്തോടൊപ്പം ഞാൻ അല്ലലില്ലാതെ കഴിയാണ്.!!! എന്റെ കുഞ്ഞുങ്ങളുടെ കയ്യാണൊ കാലാണൊ വളരുന്നതെന്നു നോക്കി അവരോടൊപ്പം കഴിയുന്നേടത്തോളം സുഖവും സന്തോഷവും എനിക്ക് വേറെയില്ല.....!!!! ഇനി എത്ര തന്നെ നിധി തരാമെന്നു പറഞ്ഞാലും ഞാൻ ഗൾഫിലേക്കില്ല....!!!!!!“

“നീയെങ്കിലും ആ സത്യം മനസ്സിലാക്കിയല്ലൊ...നീ രക്ഷപ്പെട്ടു...” ഞാൻ മനസ്സിലോർത്തു. അപ്പോഴേക്കും ഞങ്ങൾക്ക് പോകാനുള്ള ബസ്സെത്തി. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.......

Friday, 20 November 2009

സ്വപ്നഭുമിയിലേക്ക്... തുടരുന്നു.. ( 8 )

പിന്നെ വർഗ്ഗീസ് ചേട്ടൻ സംസാരിച്ചു. ....
കരയുന്നതിനിടക്ക് നിറുത്തി നിറുത്തി പറയാൻ തുടങ്ങി. വർഗ്ഗീസേട്ടൻ അതിനനുസരിച്ച് തലയാട്ടാനും മുക്കാനും മൂളാനും തുടങ്ങി.

“ങാ.. എന്നിട്ട്..?“
“ അതുശരി...“
” അപ്പൊ നിനക്ക്...“
“ ങാ..“

ഇങ്ങനെ ഓരോന്ന് പറഞ്ഞ് വർഗ്ഗീസേട്ടൻ ഞങ്ങളെ കുരങ്ങു കളിപ്പിച്ചു കൊണ്ടിരുന്നു. ചുറ്റും കൂടി നിന്ന ഞങ്ങളുടെ ക്ഷമ കെട്ടു തുടങ്ങി.

“നീ കരയാതെ.. പറയ്.. നീ പേടിക്കണ്ട..“
“ങാ .. ഏതായാലും ഇവിടെ എത്തിയില്ലേ..? പക്ഷെ നിനക്ക് പുറത്തിറങ്ങാനൊക്കില്ല. ഇവിടത്തെ വിസയില്ലല്ലൊ.... “
”സാരമില്ല.. നീ വിഷമിക്കണ്ടാ.. നീ എപ്പൊ എവിടെ നിക്കണെ...?“
“ഓക്കെ .. നീ അവിടെ ഇരുന്നൊ.. അവിടെ കസേരയൊക്കെ ഇല്ലെ..?“
“ അവിടെ ഇരുന്നൊ.... അവിടന്ന് അനങ്ങണ്ട.. ധൈര്യമായിരിക്ക്.. ബാക്കി ഞങ്ങൾ നോക്കിക്കൊളാം.. നിന്നെത്തേടി അവിടെ ആളു വരും ഏതായാലും നേരം വെളുക്കട്ടെ..."
" ഓക്കെ “

അതും പറഞ്ഞ് വർഗ്ഗീസേട്ടൻ ഫോൺ വച്ചു. അപ്പോഴേക്കും രാജേട്ടൻ പോയി എല്ലാവർക്കും ചായ തിളപ്പിച്ചു കൊണ്ടു വന്നിരുന്നു. എന്താ സംഭവമെന്നറിയാൻ ഞങ്ങൾ ചുറ്റും വളഞ്ഞു നിന്നു. വർഗ്ഗീസേട്ടൻ ഹാളിലെ ഊണു മേശക്ക് ചുറ്റുമിട്ടിരുന്ന കസേരയിലൊന്നിൽ ഉപവിഷ്ടനായി. ഞങ്ങൾ ദ്വേഷ്യം കടിച്ചമർത്തി പിന്നെയും ചോദിച്ചു

“ അവന് എന്താ പറ്റിയേ..?”
“പറയാം . അതിനു മുൻപ് എടാ മോഹനാ... നമ്മ്ടിവിടെ ഇടക്കിടക്ക് വരണാ... ആ എയർപ്പോട്ടിൽ ക്ലീനിങ്ങിന്റെ ഒരു സൂപ്പർവൈസർ ഇല്ലേ .. എന്താ അവന്റെ പേര്....? “
“ എന്തിനാ...?”
“നീ അവനെ ഒന്നു വിളിച്ചെ...."

മോഹൻ ചേട്ടൻ പോയി അയാളുടെ ഫോൺ നമ്പർ കൊണ്ടു വന്ന് ഡയൽ ചെയ്യാൻ തുടങ്ങിയെങ്കിലും ഇടക്കു നിറുത്തി ക്ലോക്കിലേക്ക് നോക്കിയിട്ട് പറഞ്ഞു.

“ ചേട്ടാ മൂന്നു മണി ആയോള്ളു. അയാൾ നല്ല ഉറക്കത്തിലായിരിക്കും..”
“ നീയിങ്ങു തന്നെ... “

വർഗ്ഗീസേട്ടൻ നമ്പർ വാങ്ങി ഡയൽ ചെയ്യുന്നതിനിടക്ക് പറഞ്ഞു
“ ഇവിടെ വന്ന് നമ്മുടെ വെള്ളം കൊറെ അടിച്ചിട്ടുള്ളവനാ... ഒരു അത്യാവശ്യ സമയത്ത് നമ്മുക്കു ഉപകാരപ്പെടില്ലെങ്കിൽ പിന്നെ അവനിങ്ങട് വരട്ടെ..”

അപ്പോഴേക്കും ആളെ കിട്ടി.
“ഹല്ലൊ... ഞാൻ വർഗ്ഗീസേട്ടനാ.. ഓർമ്മേണ്ടൊ.... ഹ..ഹ.. “

ഒരു നിമിഷം കഴിഞ്ഞ് പറഞ്ഞു.
“ എടാ.. നീ ഇപ്പൊ എവിടാ.. ?
"ങേ.. ഡ്യൂട്ടീലാണൊ... അതു നന്നായടാ.. എടാ നീയൊരു കാര്യം ചെയ്യണം. ഇപ്പൊത്തന്നെ.. അവിടെ ശ്രീലങ്കാ വിമാനത്തിനു വന്ന ഞങ്ങടെ ഒരു പയ്യനുണ്ട്. ഒരു ഇരു നിറത്തില് ഇത്തിരി കഷണ്ടീണ്ട് , സുനിലെന്നാ പേര്, അവനവിടെ, വിമാനത്തില് തിരിച്ചു കൊണ്ടുവന്നവരെ ഇരുത്തുന്ന ഒരു
സ്ഥലോണ്ടല്ലൊ, അവടേണ്ട്..... അത്യാവശ്യം ഫുഡ്ഡു വാങ്ങിക്കൊടുക്കണം. കൂടാതെ അവന്റെ കയ്യിൽ ഒരഞ്ചൊ പത്തൊ ദിനാറും അവനെ ഏൽ‌പ്പിക്കണം. ആ പാവത്തിന്റെ കയ്യിൽ ദിനാറൊന്നുമില്ലാടാ.. പിന്നിട് ഭക്ഷണം വേണമെങ്കിൽ അവൻ വാങ്ങി കഴിച്ചോട്ടെ... ഈ കാശൊക്കെ ഇവിടെ വരുമ്പോൾ ഞങ്ങൾ തന്നോളാം . ഇപ്പൊത്തന്നെ നോക്കണം നീ... ഓക്കേ.. ഓക്കെ.”

അതു കഴിഞ്ഞ് ഫോൺ വച്ചിട്ട് വിണ്ടും കസേരയിൽ വന്നിരുന്നു. ഞങ്ങളെല്ലാം വർഗ്ഗീസേട്ടന്റെ വായിൽ നിന്നും വരുന്ന വിവരത്തിനായി കാതോർത്തിരുന്നു. പുള്ളിക്കാരൻ പറഞ്ഞു തുടങ്ങി.
അപ്പോഴേക്കും മൂന്നു മണി കഴിഞ്ഞതോണ്ട് നായരേട്ടൻ കുളിമുറിയിൽ കയറി. ടൈം ടേബിൾ അനുസരിച്ച് മൂന്നു മുതൽ മൂന്നര വരെ അദ്ദേഹത്തിന്റെ ‘ബാത്ത് റൂം‘ സമയമാണ്.

നടന്ന സംഭവങ്ങൾ ഒന്നൊന്നായി വർഗ്ഗീസേട്ടൻ വിവരിച്ചു. മൂപ്പിലാന്റെ വിവരണം കേട്ടിരുന്നാൽ അതിപ്പോഴൊന്നും തീരുകയില്ല. മുക്കിയും, മൂളിയും,aതിനിടക്ക് ചായ ഒരിറക്ക് കുടിച്ചും അതിനിടക്ക് കഥ പറഞ്ഞും ഒക്കെ അതങ്ങു മുന്നോട്ടു നീങ്ങി.

ഇതിനിടക്ക് ഫോൺ വന്നു. അത് സുനിലായിരുന്നു. ഞങ്ങൾ പറഞ്ഞയച്ച ആളു വന്നതും ഭക്ഷണം വാങ്ങിക്കൊടുത്തതും പറഞ്ഞു. പിന്നെ അവന്റെ കൂട്ടുകാരെ വിളിച്ചെന്നും വിവരം പറഞ്ഞിട്ടുണ്ടെന്നും ഏതൊ ഒരു പ്രവാസി സംഘടനയുമായി ബന്ധപ്പെടാമെന്നും അവർ പറഞ്ഞതായി അറിയിച്ചു.

പിന്നെയും വർഗ്ഗീസേട്ടൻ വിവരണം തുടർന്നു. അദ്ദേഹം പറഞ്ഞു തീർന്നതും ഞങ്ങൾ താടിക്കു കയ്യും കൊടുത്തിരുന്നു. ആർക്കും ഒന്നും പ്രത്യേകിച്ച് പറയാനില്ലായിരുന്നു.

" ആർക്കും പറ്റാവുന്ന ഒരബദ്ധം.. പക്ഷെ ഒന്നു ചിന്തിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു.” രാജേട്ടൻ.

അപ്പോഴെക്കും നായരേട്ടൻ കുളിമുറിയിൽ നിന്നും ഇറങ്ങി. അടുത്ത ഊഴം വർഗ്ഗീസേട്ടനായിരുന്നു. അദ്ദേഹം അകത്തു കയറി.

ക്ഷമിക്കണം.. ! നിങ്ങളോട് ഇതുവരെ സംഭവം പറഞ്ഞില്ലാല്ലെ..?

എങ്കിൽ ഇനി ഞാൻ പറയാം. അന്നു വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നതിനു മുൻപ്
ഫോൺ വന്നത് നിങ്ങൾക്കോർമ്മയുണ്ടല്ലൊ. അതിനു ശേഷം സുനിൽ അകത്തു
കയറിയിരുന്നു. കൃത്യ സമയത്തിനു തന്നെ വിമാനം പുറപ്പെട്ടു.

പറന്നു പൊങ്ങുന്ന വിമാനത്തിലിരുന്ന് സുനിൽ കഴിഞ്ഞ അഞ്ചാറു വർഷം തന്റെ സ്വപ്നങ്ങൾക്കു മീതെ കരിനിഴൽ വീഴ്ത്തിയ സ്വപ്നഭൂമിയെ ഒരു നോക്കു കാണാൻ ജനാലയിലൂടെ തന്റെ
നോട്ടമയച്ചു.

നിയോൺ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നഗരം....
അതിനപ്പുറത്തേക്കു മറ്റൊന്നും കാണാനായില്ല.... എല്ലാം ഇരുട്ടിൽ കുളിച്ചു. കണ്ണുകൾ പിൻ‌വലിച്ച് തന്റെ സീറ്റിൽ കണ്ണുകളടച്ച് ചാരിയിരുന്നു.

ആറു വർഷം മുൻപ് കടം വാങ്ങിയും അമ്മയുടേയും പെങ്ങളുടേയും ആഭരണങ്ങൾ പണയം വച്ചും
കാശുണ്ടാക്കി കൊടുത്താണ് ഇവിടേക്കു വന്നത്. താൻ പോരുമ്പോൾ പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല. അവർക്കിന്ന് രണ്ടു മക്കൾ. രണ്ടിനേയും കണ്ടിട്ടില്ല.

അവർക്കായി അധികമൊന്നും വാങ്ങാനുമായില്ല. രണ്ടു പാവകൾ, വലിയ വിലയില്ലാത്ത രണ്ടു കുഞ്ഞുടുപ്പുകളും മാത്രം. സമ്പാദിച്ച് ഒരു പണക്കാരനാകാനല്ല ഇവിടെ വന്നത്.
town-ൽ തന്റേതായ ഒരു തയ്യക്കട.!

അതു വല്ലാത്തൊരു മോഹമായിരുന്നു. അതു സ്വന്തമാക്കണമെങ്കിൽ നല്ലൊരു തുക പകിടി കൊടുക്കണം. അതിനുള്ള ഒരു വഴി തേടിയായിരുന്നു ഈ സാഹസം.

ഇപ്പോൾ ഇങ്ങനെയൊരു തിരിച്ചുപോക്ക്.. !
അതും നാട്ടിൽ നിന്നും വന്നപോലെ തന്നെ.. !!

നാട്ടിൽ വച്ച് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, തന്റെ ആരുമല്ലാത്ത, ഏതൊക്കെയോ സുഹൃത്തുക്കളുടെ കാരുണ്യത്താൽ...!
പിരിവെടുത്ത്...!!
ഒരു തെണ്ടിയെപ്പോലെ..!!!

സുനിൽ നിറഞ്ഞു വന്ന കണ്ണു നീർ തുള്ളികൾ താഴെ വീഴാതിരിക്കാനെന്നോണം കണ്ണുകൾ ഇറുക്കിയടച്ചു. തൊണ്ടവരെ വന്ന സങ്കടം പുറത്തു വരാതിരിക്കാൻ ചുണ്ടുകൾ ഇറുക്കിപ്പിടിച്ചു.
എന്നിട്ടും കരഞ്ഞു പോയി. ടവ്വലെടുത്ത് മുഖം പൊത്തി അടുത്തിരിക്കുന്നയാൾ കാണാതിരിക്കാൻ ജനലിലൂടെ കനത്ത ഇരുട്ടിലേക്ക് നോക്കിയിരുന്നു.

അപ്പോഴാണ് വിമാനത്തിൽ ഡ്രിംങ്സ് വിതരണം തുടങ്ങിയത്. അതിൽ നിന്നും ഒരു ലാർജ് വാങ്ങി സോഡയൊഴിച്ച് അപ്പാഡെ വിഴുങ്ങി.
പിന്നെ സീറ്റിൽ ചാരിക്കിടന്നു..
കണ്ണുകളടച്ച്...

പോക്കറ്റിൽ നിന്നും ഔട്ട്പാസ്സെടുത്ത് ഒന്നു കൂടി നോക്കി..
തന്റെ സുഹൃത്തുക്കളെയെല്ലാം ഒന്നു കൂടി കൺ‌മുന്നിൽ കണ്ടു..

ഇതൊന്നുമായില്ല.. ഒന്നുകൂടി വേണം.. !
തിരിഞ്ഞു നോക്കിയപ്പോൾ വെള്ളം വിതരണക്കാർ തിരിച്ചു വരുന്നു. അവരോട് ഒരു ലാർജ്
കൂടി വാങ്ങി കുടിച്ചു....
ബാക്കിയുള്ള സോഡയും കൂടി കുടിച്ചിട്ടും ദാഹം തീരുന്നില്ല.

പിന്നെയും ചിന്തകളിലേക്ക് വഴുതി വീണു.. ഇതുവരേക്കും ഇത്രയും ടെൻഷൻ ഇല്ലായിരുന്നു... ഇപ്പൊഴെന്താ... മനസ്സാകെ പെട്ടെന്ന് അസ്വസ്തമായതു പോലെ...?
പുറത്തേക്ക് നോക്കിയാൽ ഇരുട്ടാണെങ്കിലും അങ്ങകലെ ചക്രവാളത്തിൽ ചെറിയൊരു വെളുപ്പിന്റെ നിഴലാട്ടം കണ്ടു തുടങ്ങിയിരുന്നു..

ഇങ്ങോട്ടു പോരുമ്പോൾ തന്നെ സഹായിച്ച കൂട്ടുകാരോട് പറഞ്ഞിരുന്നു. ഞാൻ തിരിച്ചു
വരുന്നത് നിങ്ങൾക്കുള്ള വിസയുമായിട്ടായിരിക്കും. കൈ നിറയെ കാശും.. ഒരു വീട്
സ്വന്തമായി ഉണ്ടാക്കിയിട്ടെ വിവാഹം കഴിക്കൂവെന്ന് അന്നു കൂട്ടുകാരുമായി വാതു
വച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിന് അന്നു കാര്യമായി ഒന്നും കൊടുത്തില്ലായിരുന്നു. ഞാൻ വരുമ്പോൾ നിനക്ക് പത്തു പവന്റെ ഒരു മാല വാങ്ങിച്ചോണ്ടെ വരികയുള്ളുവെന്നു പറഞ്ഞിരുന്നു.

അപ്പോളവൾ പറഞ്ഞത് ഇപ്പൊഴും കാതിൽ മുഴങ്ങുന്നു.
’ എനിക്ക് മാല വേണ്ടാ ചേട്ടാ.. വള മതി .. കൈ നിറയെ സ്വർണ്ണ വളയിടാനാ എനിക്കിഷ്ടം...’ എന്നിട്ടവൾ കൂട്ടിച്ചേർത്തു.
‘ എന്റീശ്വരാ എന്റെ മോഹം എന്നെങ്കിലും നടക്ക്വോ..?'

” ഇല്ല മോളെ .. ഇല്ല.. ഒരിക്കലും നടക്കില്ല...“ അറിയാതെയാണെങ്കിലും ഉറക്കെ പറഞ്ഞു പോയി.
പക്ഷെ ആരും കേട്ടില്ല.

അപ്പോഴേക്കും കൈ അറിയാതെ പോക്കറ്റിൽ തപ്പി. തന്റെ താലിച്ചെയിൻ അവിടെത്തന്നെ ഇല്ലേയെന്നായിരുന്നു നോക്കിയത്. കാണാതായപ്പോൾ ഒന്നു ഞട്ടിയെങ്കിലും പെട്ടെന്നു ഓർമ്മ വന്നു, അത് ശേഖരേട്ടൻ പാവയോടൊപ്പം ടേപ്പ് വച്ച് ഒട്ടിച്ച് ബാഗിനകത്ത് വച്ചത്.

ചിന്തകളിൽ നിന്നും തട്ടിയുണർത്തിയത് “വെജിറ്റേറിയൻ ഓർ നോൺ വെജ്..” എന്ന ശബ്ദമാണ്.
ജീവനക്കാർ ഭക്ഷണം വിളമ്പാനുള്ള തെയ്യാറെടുപ്പിലാണ്. നോൺ വെജിറ്റേറിയൻ
വാങ്ങിയപ്പോൾ ചോദിച്ചു
“ഒരു ബീയർ കൂടി..?”
"പിന്നെ തരാം..” എന്നു പറഞ്ഞവർ അവരുടെ ജോലിയിൽ മുഴുകി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവർ ബീയർ കൊണ്ടു തന്നിട്ട് പോയി...

ഭക്ഷണം കഴിഞ്ഞ് വീണ്ടും ചിന്തകളിൽ മുഴുകിയെങ്കിലും ലൈറ്റ് എല്ലാം കെടുത്താൻ തുടങ്ങി. അതിനാൽ എല്ലാവരും ഉറങ്ങാനായി theyyaaറെടുത്തു. സീറ്റെല്ലാം പിറകിലേക്ക് മലർത്തി നീണ്ടു നിവർന്നു കിടന്നു.

കാലത്ത് ശ്രീലങ്കയിലെ കൊളമ്പൊയിൽ ഇറങ്ങുമ്പോൾ വലിയ സന്തോഷമായിരുന്നു. ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഞാനെന്റെ പിറന്ന നാട്ടിൽ കാലു കുത്താൻ പോകയാണ്. ഒരുപാടു കാലമായതു പോലെ തോന്നുന്നു അവിടം വിട്ടിട്ട്. പിറന്ന നാട്ടിനെക്കുറിച്ച് ചിന്തിക്കുന്നതു തന്നെ എത്ര
സന്തോഷമാണ്. മനസ്സു സന്തോഷം കൊണ്ടു മതി മറന്നു എന്നു പറയുന്നതിനേക്കാൾ എതോ അവാച്യമായ ഒരു അനുഭൂതിയാണ് അത് തരുന്നതെന്നു തോന്നുന്നു.

ശ്രീലങ്കക്കാരെല്ലാം ഒരു വഴിയിലൂടെ പോയപ്പോൾ ഇനിയും യാത്ര തുടരേണ്ടവർ മറ്റൊരു വഴിയിലൂടെ ഒരു പരശോധകന്റെ മുൻപിൽ ആനയിക്കപ്പെട്ടു. ആദ്യം നിന്നവരിൽ സുനിലും ഉണ്ടായിരുന്നു. ആകെയുള്ള രേഖ ഔട്ട് പാസ്സ് മാത്രമാണ്. അതും ടിക്കറ്റും ഒന്നിച്ചു കൊടുത്തു. പരിശോധകൻ
അതെല്ലാം വാങ്ങി നോക്കി.

കുറച്ചു കഴിഞ്ഞ് അയാൾ തൊട്ടപ്പുറത്ത് കിടന്ന കസേരകൾ ചൂണ്ടിക്കാട്ടിയിട്ട് അവിടെ പോയി ഇരിക്കാൻ പറഞ്ഞു. അതോടൊപ്പം രേഖകളും തിരിച്ചു തന്നു. സുനിൽ ഒന്നും മനസ്സിലാകാതെ അയാൾ പറഞ്ഞ കസേരയിൽ പോയിരുന്നു. അവിടെ ഒരു തമിഴനും വളരെ വിഷണ്ണനായി
ഇരിപ്പുണ്ടായിരുന്നു.

ബാക്കിയുള്ളവരെല്ലാം തങ്ങളുടെ ഔട്ട് പാസ്സ് കാണിച്ചിട്ട് വളരെ കൂളായി കുറച്ചപ്പുറത്ത് അവർക്ക് വിശ്രമിക്കാനുള്ള കസേരകളിൽ പോയിരുന്നു. ഇവരെ രണ്ടു പേരേയും എന്തിനു മാറ്റിയിരുത്തിയെന്ന് മറ്റുള്ളവർക്കും മനസ്സിലായില്ല.

കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് പരിശോധന പെട്ടെന്നു തീർന്നു.
അതുകഴിഞ്ഞ് പരിശോധകൻ ഇവരുടെ അടുത്ത് കസേരയിൽ വന്നിരുന്നു.
അവരുടെ ഔട്ട് പാസ്സ് വാങ്ങി വീണ്ടും നോക്കി. എന്നിട്ട് രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി...!

രണ്ടു പേരുടെയും മുഖത്ത് ഒരു ഭയപ്പാട് നിഴലിച്ചു...!!
എന്തൊ സംഭവിക്കാൻ പോകുന്നതായി അവരുടെ മനസ്സു മന്ത്രിച്ചു....!!?
ഞങ്ങളെ കണ്ടിട്ട് ഇനി ‘പുലി‘ ആയി തോന്നുന്നുണ്ടാവുമോ..?

മുഖം ശരിക്കും വീളറിത്തുടങ്ങി...!
തൊണ്ട വരണ്ടു... !!
കുറച്ചു വെള്ളം കിട്ടിയെങ്കിലെന്ന് ആശിച്ചു...!!
അതോടൊപ്പം വിയർത്തൊഴുകാനും തുടങ്ങി....!!!

അപ്പോഴാണ് ഉദ്യോഗസ്ഥന്റെ വായിൽ നിന്നും ഉണങ്ങിവരണ്ട ആ വാക്കുകൾ ഉതിർന്നു വീണത്. "നിങ്ങൾക്കിനി മുന്നോട്ട് യാത്ര ചെയ്യാനാവില്ല....!! നിങ്ങൾ തിരിച്ചു പോണം..!!!?”

രണ്ടു പേരും ഞെട്ടിയെന്നു മാത്രമല്ല, ശ്വ്വാസം നിലച്ച്, കേട്ടതു വിശ്വസിക്കാൻ കഴിയാതെ
കണ്ണുകൾ പുറത്തെക്കു തള്ളി....!!!?


ബാക്കി അടുത്ത പോസ്റ്റിൽ...

Friday, 6 November 2009

സ്വപ്നഭൂമിയിലേക്ക്....തുടരുന്നു.. ( 7 )


വ്യാഴാഴ്ച വൈകുന്നേരം മുതൽ എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും.
വെള്ളിയാഴ്ച അവധി ആയതു കൊണ്ട് ആർക്കും പോകേണ്ടതില്ല. ഷിഫ്റ്റ് ജോലിക്കാർക്ക് അപ്പോഴും മുടക്കമുണ്ടാകാറില്ല. എന്നാലും പലരും ജോലി മറ്റുള്ളവരെ ഏൽ‌പ്പിച്ച് അന്നു ഹാജരായിരിക്കും.


വർഗ്ഗീസ് ചേട്ടൻ അന്നു നല്ല മൂടിലാവും വരിക. പുള്ളിക്കാരന്റെ കൂടെ ഒന്നു രണ്ടു കൂട്ടുകാർ എന്തായാലും കാണും. . വർഗ്ഗീസേട്ടൻ എന്നും കുടിക്കുമെങ്കിലും ഒരു ലിമിറ്റ് എപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു.
സ്വയം കുടിക്കുന്നതിനേക്കാൾ മറ്റുള്ളവരെ കുടിപ്പിക്കുന്നതിലായിരുന്നു പുള്ളിക്കാരനു
സന്തോഷം. പലപ്പോഴും കൂടെ വരുന്ന കൂട്ടുകാരുമായി ചില കശപിശകൾ
ഉണ്ടാകാറുണ്ട്. അന്നേരം പിടിച്ചു മാറ്റാൻ ഞങ്ങളെല്ലാം റെഡിയായിരിക്കും.


പക്ഷെ, കുടിച്ചു കഴിഞ്ഞാൽ ഒരു കാരണവശാലും വണ്ടി ഓടിക്കാൻ ശ്രമിക്കാറില്ല. ചില
സന്ദർഭങ്ങളിൽ തൊട്ടടുത്ത കൂട്ടുകാരെ കുടിപ്പിച്ചു കഴിഞ്ഞു കൊണ്ടു വിടാൻ നോക്കും.
പക്ഷെ അന്നേരം വണ്ടിയുടെ താക്കോൽ കാണാനുണ്ടാകില്ല. ഞങ്ങളത് മുന്നേ
തന്നെ മാറ്റിയിരിക്കും. എന്നിട്ട് റോഡിൽ നിന്നും ടാക്സി വിളിച്ചു കൊടുക്കും.

അങ്ങനെ ഒരു പാർട്ടി സമയത്താണ് സുനിലിനെ പരിചയപ്പെടുന്നത്. വല്ലപ്പോഴും
വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങളുടെ ഫ്ലാറ്റിൽ വന്ന് ഒരു ദിവസം
ഞങ്ങളോടൊപ്പം കഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം തിരിച്ചു പോകും.
എന്തുകൊണ്ടൊ ഞാനുമായിട്ട് കുറച്ചു കൂടുതൽ അടുത്തു. അടുത്ത‘ പൊതുമാപ്പു‘
വരുമ്പോൾ നാട്ടിൽ പോകാൻ നിൽക്കുകയാണ്. ഉടനുണ്ടാകുമെന്ന
പ്രതീക്ഷയിലാണ് മൂപ്പിലാൻ.


ഇവിടെ വന്നിട്ട് അഞ്ചാറു വർഷത്തോളമായി. ഒരു തയ്യൽക്കടയിൽ തയ്യൽക്കാരനായിട്ടാണ് വന്നത്. ഒരു കൊല്ലത്തിൽ കൂടുതൽ ആ കടയിൽ ജോലി ചെയ്തിട്ടും ശമ്പളം മാത്രം കൊടുക്കാൻ അറബി തെയ്യാറായില്ല. കടയുടെ വാടക വരെ അറബി അടച്ചില്ല.


ഒരു ദിവസം കെട്ടിടയുടമസ്ഥൻ വന്ന് എല്ലാവരും ഇറങ്ങിത്തരാൻ പറഞ്ഞു. അന്ന് അവിടന്ന് പോന്നതാണ്. പിന്നീട് അറബിയേയും കണ്ടിട്ടില്ല, പാസ്പ്പോർട്ടും കയ്യിലില്ല. രണ്ടു വർഷം കഴിഞ്ഞിട്ടും വിസ അടിക്കാൻ അറബി തെയ്യാറാവില്ലാന്ന് അറിയാമായിരുന്നതു കൊണ്ട് പിന്നെ
അതിനു ശ്രമിച്ചിട്ടില്ല. ഇപ്പോൾ ഒരു അപ്പോൾസറി കടയിലാണ് ജോലി ചെയ്യുന്നത്.
ജോലിക്കും ശമ്പളത്തിനും വലിയ കുഴപ്പമില്ല. ചില മാസങ്ങളിൽ വൈകിയേ
കിട്ടുകയുള്ളു.


പോലീസ് എപ്പൊൾ വേണമെങ്കിലും പിടിക്കാം. കടയിലായതു കൊണ്ട് എപ്പോൾ വേണമെങ്കിലും അവർ ചെക്കിങ്ങിനു വരാം. ഓരൊ നിമിഷവും പേടിച്ചാണ് പണിയെടുക്കുന്നത്. ഇനിയും ഇങ്ങനെ ജോലിയെടുക്കാൻ വയ്യ.....! അപരിചിതരായ അറബികൾ വരുമ്പോൾ പുറകിലത്തെ വാതിലിൽ കൂടി ഓടി രക്ഷപ്പെടാറാണ് പതിവ്.....!!

ഇങ്ങനെ ശ്വാസം മുട്ടി എത്ര നാൾ മുന്നോട്ട് പോകും..?
ഇതിനകം മുപ്പത്തഞ്ച് വയസ്സ് പ്രായമായി. ഇനിയും ഒരു പെണ്ണു കെട്ടിയില്ലെങ്കിൽ പിന്നെ എന്നു കെട്ടാനാണ്. വീട്ടിൽ എല്ലാവരും ബഹളം. അവനെ കണ്ടിട്ട് തന്നെ നളേറെ ആയെന്ന് പറഞ്ഞ്. ഇതിനിടക്ക് അടുത്ത ബന്ധുക്കളിൽ ചിലർ നാടു നീങ്ങിയിരുന്നു. പക്ഷെ ഇവിടെയിരുന്ന് കണ്ണീർ വാർക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.


പക്ഷെ അമ്മ ആശുപത്രിയിൽ ആണെന്നറിഞ്ഞപ്പോഴാണ് പിടി വിട്ടു പോയത്. അന്നു ലീവെടുത്ത് എന്റടുത്ത് വന്നു. അതും പറഞ്ഞ് ഒത്തിരി സങ്കടപ്പെട്ടു..
അവന്റെ വിഷമം നോക്കിയിരിക്കാനല്ലാതെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും..?
ഉരലു ചെന്ന് മദ്ദളത്തോട് സങ്കടം പറയുന്നത് പോലെ..!!


അന്നവൻ കൂടുതൽ കുടിച്ചു...

ആദ്യ വർഷം ശമ്പളമില്ലാതെ ജോലി ചെയ്തവകയിൽ ഉണ്ടായ കടം വീട്ടാൻ കുറെ സമയം എടുത്തു. പിന്നെ രണ്ടു വർഷത്ത കഠിനാദ്ധ്വാനം വേണ്ടി വന്നു വിസക്ക് കൊടുത്ത കാശ് മുതലാകാൻ. എന്തെങ്കിലും സമ്പാദിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളെ ആയുള്ളു. ഇനി ഒന്നും സമ്പാദിച്ചില്ലെങ്കിലും വേണ്ടില്ല നാട് പിടിക്കുക, അതു മാത്രമാണ് ഇപ്പോഴത്തെ ചിന്ത. അതുകൊണ്ട് ഈ വരുന്ന
പൊതുമാപ്പ് സമയത്ത് നാട്ടിൽ പോകണമെന്ന് കരുതിയിരിക്കയാണ് സുനിൽ.

വലിയ താമസമുണ്ടായില്ല ഏവരും കാത്തിരുന്ന പൊതുമാപ് പ്രഖ്യാപിക്കാൻ. ആദ്യം
പോയി എമ്പസ്സിയിൽ നിന്നും ‘ഔട്ട് പാസ്സ് ‘ വാങ്ങിയവരിൽ ഒരാളാണ് സുനിൽ.
മൂന്നു മാസം കലാവധിയുണ്ടായിരുന്നു. ഈ മൂന്നു മാസവും കൂടി ജോലി ചെയ്ത് കിട്ടുന്ന
കാശ് കൊണ്ടു വേണം എന്തെങ്കിലും വാങ്ങിക്കൊണ്ടു പോകാൻ.


ഔട്ട് പാസ്സ് കിട്ടിയതു മുതൽ സുനിൽ വളരെ സന്തോഷത്തിലായിരുന്നു. ഒരു മാസത്തെ ശമ്പളം
അറബി കൊടുത്തു. അടുത്ത രണ്ടു മാസത്തെ ശമ്പളം കൊടുക്കാൻ അറബി സ്ഥലത്തുണ്ടായില്ല; അയാൾ ഇതിനകം സൌദിയിലെ അയാളുടെ ബന്ധുക്കളുടെ അടുത്തേക്കെന്നു പറഞ്ഞ് മുങ്ങിയിരുന്നു.


സുനിൽ പോകുന്ന വിവരം നേരത്തെ തന്നെ അയാളെ അറിയിച്ചിരുന്നു. അതു കൊണ്ടായിരിക്കാം അയാൾ മുങ്ങിയത്. കിട്ടിയ ഒരു മാസത്തെ ശമ്പളം ചിലവാക്കിയിരുന്നില്ല. ഒരു മാസത്തെ കൂടി ചേർത്ത് ഒരു ‘താലിമാല‘ വാങ്ങാനായി കരുതി വച്ചിരുന്നതാണ്. ചെന്നാൽ ഉടനെ
കല്യാണമുണ്ടാകും.


പിന്നെ ഒരു തയ്യിൽ മെഷീൻ വാങ്ങണം. വീട്ടിലിരുന്നു തന്നെ ജോലി ചെയ്തു കൊണ്ടിരുന്നതാണ്. കൂടെ രണ്ടു പേരെ വച്ച് ചെറിയ ഒരു തയ്യൽക്കട നടത്തിക്കൊണ്ടിരിയ്ക്കയായിരുന്നു. സുനിൽ തുണി വെട്ടിക്കൊടുക്കും. കൂടെയുള്ളവർ തയ്‌ചു കൊടുക്കും.

അതും കളഞ്ഞിട്ടാണ് ' സ്വർണ്ണം വിളയുന്ന സ്വപ്നഭൂമിയിലേക്ക് ' വിമാനം കയറിയത്. ഇനി ബാക്കി കിട്ടാനുള്ള രണ്ടു മാസത്തെ ശമ്പളം ‘ഗോ പി‘..!!!


വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വച്ചിട്ടുണ്ട്. അതു വാങ്ങണമെങ്കിൽ പൈസ വേണം.
താലി മാല വാങ്ങണം. പിന്നെ അല്ലറ ചില്ലറ വേറെ. ആകെയുള്ളത് ഒരു മാസത്തെ
പൈസയും. നിർത്തി പോകുന്നതു കൊണ്ട് ആരും കടം കൊടുക്കുകയില്ല. കയ്യിലുള്ള
ഒരു മാസത്തെ പൈസ ടിക്കറ്റിനു പോലും തികയില്ല.

‘ പിന്നെന്ത്...?’ എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.


കൂട്ടുകാരെല്ലാം ഉണർന്നു. ഇവനെ എങ്ങനെയെങ്കിലും ഒന്നു കയറ്റി വിടണമല്ലൊ. എല്ലാവരും കൂടി ആലോചിച്ച് ഒരു തീരുമാനമെടുത്തു. കയ്യിലുള്ള പൈസക്ക് ചെറുതെങ്കിലും ഒരു താലി മാല
വാങ്ങിയ്ക്കാം. പോകാനുള്ള ടിക്കറ്റിന് കൂട്ടുകാരെല്ലാം കൂടി ഒന്നു സഹകരിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. സുനിൽ ജോലി ചെയ്തിരുന്ന സ്ഥലത്തെ അയാളുടെ കൂട്ടുകാരും കൂടി പങ്കെടുത്തപ്പോൾ കൂടെ കൊണ്ടു പോകാനുള്ള കുറച്ചു സാധനങ്ങൾ കൂടി വാങ്ങാൻ കഴിഞ്ഞു.


ശ്രീലങ്കൻ വിമാനത്തിനാണ് പോകാൻ തീരുമാനിച്ചിരുന്നത്. അതിനായിരുന്നു ചാർജ്ജ് കുറവ്. തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞാൽ, പിന്നെ ടാക്സി വിളിക്കണം. അതിനും പൈസ വേണം. പൊതു മാപ്പിൽ പോകുന്നതായതു കൊണ്ട് വീട്ടുകാരെ വിമാനത്താവളത്തിലേക്ക് വിളിച്ചു വരുത്താൻ മടിയായതു കൊണ്ടാണ് ടാക്സി കാശ് വേണ്ടി വന്നത്.


അങ്ങനെ പോകാനുള്ള ദിവസം ഇങ്ങു വന്നടുത്തു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.

പെട്ടി കെട്ടാണ് തലേ രാത്രി....!
അതൊരു ആഘോഷമാണ്....!!

ചിലവെല്ലാം വർഗ്ഗീസേട്ടന്റെ വക....!!!


ദിവസവും ആഘോഷിക്കാൻ ഓരോ കാരണവും കാത്തിരിക്കുന്ന വർഗ്ഗീസേട്ടൻ ഇതൊരു
ഉത്സവമാക്കിയില്ലെങ്കിലെ അത്ഭുതമുള്ളു.. അന്നെല്ലാവരും കുടിച്ചു മറിഞ്ഞു. കൂടെ ചിക്കനും മട്ടനും കപ്പയും എല്ലാം മേൻപൊടി ആയിട്ടുണ്ട്. അതെല്ലാം ഞങ്ങളുടെ വക. സുനിലിന്റെ കൂട്ടുകാരും ഞങ്ങളും മാത്രമാണ് ഉള്ളത്.


അന്ന് എത്ര കുപ്പി പൊട്ടിയെന്നോ, എത്ര പാട്ട പൊട്ടിച്ചെന്നോ ഒരു കണക്കും ആർക്കുമില്ല...!!!?
പതിവു കലാപരിപാടികളോടെ തന്നെ എല്ലാം സമംഗളം അവസാനിച്ചപ്പോൾ ഹാൾ പടയൊഴിഞ്ഞ പടക്കളം പോലെയായി.

അവിടവടെയായി ശവശരീരങ്ങളെപ്പോലെ പലരും ചലനമറ്റു കിടന്നു....!!!


പിറ്റെ ദിവസം വൈകീട്ടാണ് സുനിലിന്റെ യാത്ര. കൂട്ടുകാർ വണ്ടിയുമായെത്തി. സാധനങ്ങളെല്ലാം കയറ്റി പുറപ്പെട്ടു. അന്നു രാത്രി പന്ത്രണ്ടു മണിവരെയേ ഔട്ട് പാസിന്റെ കാലാവധിയുള്ളു. പന്ത്രണ്ടു
മണിക്കു മുൻപ് തന്നെ ബഹറീൻ വിട്ടിരിക്കണം. പത്തു മണി കഴിഞ്ഞിട്ടാണ് വിമാനം. സുനിൽ അകത്തു കയറി, പ്രശ്നങ്ങളൊന്നും ഉണ്ടായില്ലന്ന സുനിലിന്റെ ഫോൺ കിട്ടിയതിനു ശേഷമാണ് ഞങ്ങൾ വിമാനത്താവളത്തിൽ നിന്നും തിരിച്ചത്.

ഇനി നാളെ വൈകുന്നേരമെ അവൻ വീട്ടിലെത്തുകയുള്ളു. അതു കഴിഞ്ഞിട്ടെ അവൻ
വിളിച്ച് എത്തിയ വിവരം പറയുകയുള്ളു. അങ്ങനെ ഒരു ദിവസവും കൂടി കടന്നു പോയി.

പിറ്റെ ദിവസം വൈകുന്നേരം സുനിലിന്റെ ഫോണിനായി ഞങ്ങൾ കാത്തു.
വന്നില്ല.....

ഞങ്ങൾ കിടക്കുന്നതു വരേയും അവന്റെ ഫോൺ വരികയുണ്ടായില്ല...

എന്താണെന്നറിയാതെ ഞങ്ങളും വിഷമിച്ചു.. വീട്ടിലേക്ക് വിളിച്ചു ചോദിക്കാമെന്നു
വച്ചാൽ അവന്റെ വീട്ടിൽ ഫോണുമില്ല. ഞങ്ങളുടെ കാത്തിരിപ്പു കണ്ട് വർഗ്ഗീസേട്ടൻ
ചീത്ത പറയാൻ തുടങ്ങി.

“ എടാ നിങ്ങളു പോയി കിടന്നെ... അവനെ നമ്മള് മാന്യമായി കേറ്റി വിട്ടില്ലെ...?

ഒരു പ്രശ്നങ്ങളുമില്ലാതെ..! തിരുവനന്തപുരത്തു നിന്നും വീട്ടിലെത്താനുള്ള വണ്ടിക്കാശ് ആയിരം ഇന്ത്യൻ രൂപാ അവന്റെ പോക്കറ്റിലിട്ട് കൊടുത്തില്ലെ..? പിന്നെ അവന്റെ അഛന് ഒരു കുപ്പി ബ്രാണ്ടി ‘ഡ്യൂട്ടി ഫ്രീ‘ന്ന് മേടിക്കാനായി പത്തു ദിനാർ വേറേയും കൊടുത്തില്ലെ....? അതു പിന്നെ നമ്മുടെ കാർന്നോമ്മാരും അങ്ങനെയല്ലേടാ.. അവർക്ക് അതു കിട്ടുമ്പൊ എന്തു സന്തോഷാന്നൊ..?

അപ്പൊ നമ്മ്ടെ ഭാഗത്ത് ഒരു തെറ്റൂല്യാല്ലൊ.. ഇനി അവനായി അവന്റെ പാടായി. നിങ്ങളു പോയി കിടന്നെ... ” അതും പറഞ്ഞ് ഹാളിലെ ടീവിയിൽ കണ്ണും നട്ടിരുന്ന എന്നെ പൊക്കിത്തള്ളി എഴുന്നേൽ‌പ്പിക്കാൻ നോക്കി.

അതോടൊപ്പം തുടർന്നു. “അല്ലെങ്കിലും എല്ലാവരും ഇങ്ങനാടാ.... ഇവിടന്നു വിടും വരെ എല്ലാവരും വേണം.. എങ്ങനെയെങ്കിലും നാട്ടിലത്തിക്കഴിഞ്ഞാ.. പിന്നെ ആരും വേണ്ടാ... ഞാനിതെത്ര കണ്ടതാ.... നിങ്ങളു പോയി കിടന്നെ.. ഞാൻ പോണു...” അതും പറഞ്ഞ് പിറുപിറുത്തുകൊണ്ട് വർഗ്ഗീസേട്ടൻ പോയിക്കിടന്നു.

പിന്നെ ഞങ്ങളും ഓരോരുത്തരായി വലിയാൻ തുടങ്ങി. പിറ്റേന്ന് നേരം വെളുത്തിട്ടും അവന്റെ വിളി വന്നില്ല. വർഗ്ഗീസേട്ടൻ പറഞ്ഞതു ശരിയായിരിക്കും.
‘വീട്ടിലെത്തിയില്ലെ... ഇനി എന്തിനു വിളിക്കണമെന്നു ചിന്തിച്ചിട്ടുണ്ടാകും. സാരമില്ല..
പോയി തുലയട്ടെ....!!‘ അന്നാദ്യമായി എനിക്കവനോട് ദ്വേഷ്യം തോന്നി.


അന്നു രാത്രിയിലും ഇതു തന്നെയായിരുന്നു ഞങ്ങളുടെ സംഭാഷണ വിഷയം. വീട്ടിൽ
സുഖമായി എത്തിയെന്ന ഒരു വാർത്ത മാത്രം മതി. അതിനു പോലും അവൻ
തുനിഞ്ഞില്ലന്നോർക്കുമ്പോൾ ദ്വേഷ്യവും സങ്കടവും ഒക്കെ തോന്നി.

ഞങ്ങൾ കിടക്കുവോളം അവന്റെ ഫോൺ വരികയുണ്ടായില്ല....


നല്ല ഉറക്കത്തിൽ ഫോണടി കേട്ടാണ് കണ്ണു തുറന്നത്. എങ്കിലും എഴുന്നേറ്റില്ല. അപ്പോൾ സമയം വെളുപ്പിനു രണ്ടു മണി.

ഈ നേരത്ത് ആരാവും..?

എല്ലാവരും അതു തന്നെയാണു ചിന്തിച്ചു കിടന്നത്. സുനിലാവാൻ വഴിയില്ല.

അസമയത്ത് ഉറക്കത്തിൽ ഫോൺ വന്നാൽ ആരും എഴുന്നേൽക്കാൻ ശ്രമിക്കില്ല.

എന്നാൽ എല്ലാവരും ബെല്ലടിയിൽ ഞെട്ടി കണ്ണു തുറന്നു ശ്രദ്ധിച്ച് കിടപ്പുണ്ടാവും....!

അത് എനിക്കായിരിക്കരുതേയെന്നു മൂകമായി ഓരോരുത്തരും പ്രാർത്ഥിക്കും....!!


അസമയത്ത് നാട്ടിൽ നിന്നാണെങ്കിൽ അതൊരു ശുഭ വാർത്ത ആയിരിക്കില്ലല്ലൊ. അങ്ങനെ ഒന്നു കേൾക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. അരെങ്കിലും എഴുന്നേൽക്കട്ടെയെന്നു കരുതി ഒരാളും എഴുന്നേറ്റില്ല.

രാജേട്ടനാണ് കുറേ കഴിയുമ്പോൾ ഫോൺ എടുക്കാറ്. ഇന്ന് മൂപ്പിലാനും മടി പിടിച്ചു
കിടപ്പാണെന്നു തോന്നുന്നു. അവസാനം ഞാൻ തന്നെ എഴുന്നേറ്റു. അപ്പൊഴും
ഫോൺ നിറുത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഫോണെടുത്ത്
“ഹലൊ..” പറഞ്ഞു. എന്റെ ശബ്ദം തിരിച്ചറിഞ്ഞ അയാൾ പറഞ്ഞു

“ ഹലൊ.. ചേട്ടാ...”

എനിക്കു പെട്ടെന്നു ആളെ പിടി കിട്ടി. അത് സുനിലായിരുന്നു....!!

എനിക്കപ്പോൾ അവനോട് തോന്നിയ ദ്വേഷ്യത്തിന് എന്റെ വായിൽ തോന്നിയ
ചീത്തയെല്ലാം ഒറ്റ ശ്വാസത്തിന് പറഞ്ഞു തീർത്തു. ഈ നേരത്ത് എന്റെ ഉറക്കം കളഞ്ഞതിനുള്ള ദ്വേഷ്യവും കൂടിയുണ്ടായിരുന്നു.


പക്ഷെ, അതിനുള്ള മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു....?!

സംസാരിക്കാൻ വാക്കുകൾ കിട്ടാതെ അവൻ നിന്നു കിതക്കുന്നതായി തോന്നി.

ഞാനും പരിഭ്രാന്തനായി ചോദിച്ചു

“ എന്തു പറ്റിയെടാ.. ? നീ എവിടെന്നാ.. ഇപ്പൊ..? എന്തു പറ്റി..? “


എന്റെ ശബ്ദ വ്യത്യാസം മനസ്സിലാക്കിയ കൂട്ടുകാരും ഒരോരുത്തരായി എഴുന്നേറ്റു വരാൻ തുടങ്ങി. വർഗ്ഗീസേട്ടൻ അവനെ രണ്ടു തെറി പറയാൻ കരുതിയാണ് എഴുന്നേറ്റത്.

അവൻ കരച്ചിലിനിടയിൽ വിക്കി വിക്കി പറഞ്ഞു.

“ ഞാ നി വ്ടെ ന്നാ.. ബ ഹ റീൻ എ യ ർ പോർ ട്ടീ ന്ന് ..”

“ ങേ...” ഞാനും ഞെട്ടി.

“അതെന്താ.. നീ ഇന്നലെ പോയില്ലെ....? ”

“ പോയി....!!?” പിന്നെ അവന് വാക്കുകൾ കിട്ടിയില്ല...

ഞാനും കൂട്ടുകാരും മുഖത്തോടു മുഖം നോക്കി....!!!

വർഗ്ഗീസേട്ടൻ ഓടിവന്ന് ഫോൺ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി......!?

ബാക്കി അടുത്ത പോസ്റ്റിൽ...

Friday, 23 October 2009

സ്വപ്നഭൂമിയിലേക്ക്.... തുടരുന്നു.... ( 6 )

സ്വപ്നഭൂമിയിലേക്ക്... തുടരുന്നു... ( 6 )


രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ദൈവദൂതനെ പോലെ അവന്റെ വരവ്...!!?
അന്നു അലമാരയിൽ നിന്നും കാണാതായതിൽ ഒരു സാധനവും പൊക്കിപ്പിടിച്ചു
കൊണ്ട്.....?!!!

അതു മറ്റാരുമായിരുന്നില്ല....!

മുൻപൊരിക്കൽ നേരത്തെ പോകാനായി എന്നെ ഉപദേശിച്ച ആ ഈജിപ്ഷ്യൻ....!!
അവൻ അത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.

“ ഇതിന്റെ മണം എന്റെ വൈഫിന് ഇഷ്ടപ്പെട്ടില്ല. നല്ല മണമുള്ളത് ഒരെണ്ണം താ..”

അത് തലയിൽ പുരട്ടാനുള്ള ഒരു ക്രീമായിരുന്നു. ഞാൻ ചോദിച്ചു.

“ നിനക്കിതെവിടെന്ന് കിട്ടി...?”

“ഈന്നലെ രാത്രിയിൽ ഞങ്ങൾ വന്നപ്പോൾ അവൻ ഗിഫ്റ്റ് തന്നതാ..!!?”

“വേറെന്തൊക്കെ തന്നു... ? “


ഗിഫ്റ്റായിട്ട് കിട്ടിയത് മുഴുവൻ അവൻ കാണിച്ചു തന്നു. മൊത്തം ആറ് സാധനങ്ങൾ
ഉണ്ടായിരുന്നു. ഞാനത് കടലാസ്സിൽ എഴുതിയിട്ടു. അതെല്ലാമാണു കാണാതെ
പോയതും. അവന് ഇഷ്ടപ്പെട്ടത് കൊടുത്ത് പറഞ്ഞു വിട്ടു. അവൻ പോയതിനു
ശേഷം രണ്ടും കയ്യും മുകളിലേക്കുയർത്തി പറഞ്ഞു.

“ ദൈവമേ...നിനക്കു സ്തുതി...!!

നീ തന്നെ പരീക്ഷ നടത്തുന്നു...!!

നീ തന്നെ അതിന്റെ ഉത്തരവും കാണിച്ചു തരുന്നു....!!!?

എന്നാ പിന്നെ ഇതിനിടക്കു നിന്നും എന്നെ ഒന്ന് ഒഴിവാക്കിക്കൂടെ...?

ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല.....!!

ഇതെങ്ങനെ നഷ്ടപ്പെട്ടെന്നറിയാതെ, ഞാനെത്ര വിഷമിച്ചുവെന്നറിയോ....?!!

എന്റെ കാശാ ആ അടുക്കളച്ചുമരിൽ കിടക്കുന്നത്...?!!”

അതു പറഞ്ഞപ്പൊ സത്യമായിട്ടും എനിക്ക് കരച്ചിൽ വന്നു.


ഞാൻ അടുക്കളച്ചുമരിൽ പോയി നോക്കി. അതിൽ വിരലോടിച്ചു.

ഇത്രയും കാശ് ഒറ്റ ദിവസം കൊണ്ട് അവൻ അടിച്ചുമാറ്റി...!!

ഇനി അവനെ എങ്ങനെ വിശ്വസിക്കും..?

ഒരിക്കലും വിശ്വസിക്കരുത്...? അതായിരുന്നു അതിലൂടെ പഠിച്ച പഠം..

അപ്പൊത്തന്നെ അലമാരയിലിരിക്കുന്ന എല്ലാസാധനങ്ങളും പന്ത്രണ്ട് എണ്ണം
മാത്രമാക്കി ചുരുക്കി. വലിയ സാധനങ്ങൾ ആറെണ്ണെവുമാക്കി. കസ്റ്റമർ വന്നു
പോയാൽ വിൽക്കുന്ന സാധനങ്ങൾക്ക് പകരമായി പുതിയത് വീണ്ടും കൊണ്ടു വന്നു
വക്കും. എവിടെയെങ്കിലും ഒരെണ്ണം കുറവു വന്നാൽ അപ്പോൾ തന്നെ ഞാനത്
കണ്ടെത്തും.

അന്നു രാത്രിയിൽ ഈജിപ്ഷ്യൻ വന്നപ്പോൾ ഞാനവനെ ചോദ്യം ചെയ്തു. അന്നേരം
എനിക്ക് അവനെ പേടിയൊന്നും തോന്നിയില്ല. അവനത് മറന്നു പോയതാണെന്ന്
പറഞ്ഞ് തടി തപ്പി.


അടുക്കളച്ചുമരിലെ കണക്കിൽ കാണാതെ പോയ സാധനങ്ങളുടെ വില എന്റെ പറ്റിൽ എഴുതിയിട്ടിരുന്നത് അവന്റെ മുൻപിൽ വച്ച് തന്നെ ഒരു മാർക്കർ പേന വച്ച് വെട്ടി....!!

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു. ഞങ്ങളുടെ താമസ സ്ഥലം പൊളിച്ചു
പണിയാൻ പോകുന്നതു കൊണ്ട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. മറ്റൊരു മുറിയിൽ
രണ്ടു മാസം താമസിച്ചപ്പോഴേക്കും കറണ്ടു ബിൽ വാടകയേക്കാൾ കൂടുതൽ വരാൻ
തുടങ്ങി.

അപ്പോഴേക്കും ഒരാൾക്ക് കുവൈറ്റിലേ അവരുടെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടി.
മറ്റൊരാൾക്ക് , ‘ആപ്പിൾ ചോറ് ‘ കാരന് ഒരു കമ്പനിയിൽ അക്കൌണ്ടന്റായി ജോലി
കിട്ടി. ഇതുവരെയും പലപല ജോലികളാണ് ചെയ്തുകൊണ്ടിരുന്നത്.

അക്കൌണ്ടന്റായത് കൊണ്ട് നല്ല മുറി ഒരെണ്ണമെടുത്ത് അദ്ദേഹം മാറി. എനിക്ക്
അതിന്റെ വാടക ഷെയറ് ചെയ്യാൻ കഴിയുമായിരുന്നില്ല. ഞാൻ പിന്നെയും മുറി
അന്വേഷിച്ച് നടപ്പായി.


അവസാനം ഒരു ഫ്ലാറ്റിൽ ഒരു ബെഡ്ഡിനുള്ള ഇടം കിട്ടി. വാടക പത്ത് ദിനാറും
കറണ്ട് കാശും. ഞാനും കൂടി ചേർന്നതോടെ മൊത്തം പത്തു പേർ...!!

ആകെ കൂടി ഒരു കുളിമുറിയും....!!


മുറി മാറിയതിന്റെ പിറ്റേന്ന് കാലത്ത് എട്ടു മണി വരെ സുഖമായി കിടന്നുറങ്ങി . ഒൻപതു മണിക്ക് ജോലിക്ക് പോയാ മതി. എഴുന്നേറ്റ പാടെ മൂത്രമൊഴിക്കാനായി ബാത് റൂമിന്റെ വാതിൽക്കൽ ചെന്നതും ഹാളിലിരുന്നിരുന്ന ഒരാൾ പറഞ്ഞു.

“ അകത്ത് ആളുണ്ട്..”


ഞാൻ കുറച്ചു നേരം ഹാളിലെ ബഞ്ചിൽ ഇരുന്നു. അയാൾ ഇറങ്ങുന്ന ലക്ഷണമില്ല.
അപ്പോഴാണ് എന്നോട് സംസാരിച്ച ആളുടെ കയ്യിൽ പല്ലു തെക്കാനുള്ള ബ്രഷും,
സോപ്പും കണ്ടത്.

മുറിയിൽ താമസം തുടങ്ങിയെങ്കിലും എല്ലാവരുമായി പരിചയപ്പെട്ടിട്ടില്ലായിരുന്നു.
അയാളുമായി സംസാരിച്ചപ്പോഴാണ് സംഗതിയുടെ കിടപ്പ് പിടികിട്ടിയത്.

അവിടെ ഒരു നോട്ടീസ് ബോർഡ് ഉണ്ടായിരുന്നു. അത് പരിശോധിച്ചപ്പോഴാണ്
എന്റെ ബാത്ത് റൂം സമയം ഏഴു മുതൽ ഏഴര വരെയായിരുന്നുവെന്ന്
മനസ്സിലായത്.


എനിക്കു മുൻപുണ്ടായിരുന്ന ആളു പോയപ്പോൾ ഒഴിവു വന്നതു കൊണ്ടാണ് എനിക്ക്
ബെഡ് കിട്ടിയത്. പോയ ആളുടെ പേരു വെട്ടി എന്റെ പേര് എഴുതിയിരിക്കുന്നത്
അപ്പോഴാണ് ശ്രദ്ധിച്ചത്.

ഞാൻ എഴുന്നേറ്റതു തന്നെ എട്ടു മണിക്കാണ്. എന്റെ ബാത് റൂം സമയം
കഴിഞ്ഞിരിക്കുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇനിയും രണ്ടു പേർ കൂടി ക്യൂ വിലുണ്ട്.

മറ്റു നിവൃത്തിയില്ലാത്തതിനാൽ മുഖം പോലും കഴുകാതെ വസ്ത്രം മാറി എന്റെ കടയുടെ
പുറകിലുള്ള ബാത്ത് റൂമിൽ പോയി കാര്യം സാധിച്ചു.

പിന്നെ ചായക്കടയിൽ പോയി ഉപ്പുമാവ് മാത്രം കഴിച്ച് വന്ന് കട തുറന്നു.

ചായ കടയിൽ നിന്നും ഉണ്ടാക്കി കുടിച്ചു.

അന്നു രാത്രി മുതലാണ് പുതിയ താമസസ്ഥലത്തെ കൂട്ടുകാരെയൊക്കെ
പരിചയപ്പെടുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ളവർ അവിടെ
ഉണ്ട്. ചിലർ ഷിഫ്റ്റ് ഡ്യൂട്ടിലുള്ളവരാണ്. മറ്റുള്ളവർ സാധാരണ പോലെ പകൽ
ഡ്യൂട്ടിക്കാരും.


ആഹാരം പാകം ചെയ്യുന്നത് പലരും വെവ്വേറെയാണ്. മൂന്നു പേരുള്ള ഒരു
ഗാങ്ങിലേക്ക് നാലാമനായി ഞാനും മെസ്സിൽ ചേർന്നു.


അന്ന് ഞാൻ പുതിയതായി ചെന്നതിന് വർഗ്ഗീസ് ചേട്ടന്റെ വക പാർട്ടിയായിരുന്നു.
വയറു നിറച്ച് ‘കള്ള്’ അതായിരുന്നു പാർട്ടിയെന്നു പറഞ്ഞാൽ...!

“ അയ്യൊ.. ഞാൻ കുടിക്കില്ല..” ഞാൻ പറഞ്ഞു.

“ അതിന് നിന്നോടാരു പറഞ്ഞു കുടിക്കാൻ...? വർഗ്ഗീസ് ചേട്ടൻ.

പറച്ചിലിന് ഒരു ഈണവും താളവുമൊക്കെ ഉണ്ട്. പുള്ളിക്കാരൻ വീണ്ടും തുടർന്നു.

“ എടാ ഞങ്ങളു കുടിച്ചോളാടാ..... നീ അത് നോക്കി രസിച്ചിരുന്നാ മതി...”


അവരെല്ലാം കുടി തുടങ്ങിയിരുന്നു. വർഗ്ഗീസ് ചേട്ടന്റെ കട്ടിലിനടിയിൽ
സ്റ്റോക്കുണ്ടായിരുന്നതാണ് കുടിച്ചത്. അതു തീർന്നപ്പോൾ എവിടേക്കൊ ഫോൺ ചെയ്തു.

“ ഹലൊ... എടാ ശ്രീലങ്കെ..... നീ എവിടെയാ...?

എടാ നീ ഒരു കാർട്ടൺ ബീയറുമായിട്ടിങ്ങു വന്നേ... ‘ഫോസ്റ്ററു ‘ മതി... എപ്പൊ വരും...?

സമയം വൈകരുത്..”

കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. ശ്രീലങ്കക്കാരനായിരുന്നു.

വർഗ്ഗീസ് ചേട്ടൻ പോയി വാതിൽ തുറന്ന് വാങ്ങിക്കൊണ്ടു വന്നു.

പിന്നെ ബിയറ് പാട്ടകൾ പൊട്ടിക്കുന്ന ഒച്ചകൾ മുറികളിലാകെ മുഴങ്ങി.

ഞാൻ ഇതെല്ലാം കണ്ട് ഹാളിലിരിക്കുന്ന ടെലിവിഷനിലും കണ്ണു നട്ട്
വെറുതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് വർഗ്ഗീസേട്ടൻ ഒരു ഗ്ലാസ്സിൽ നിറച്ച
ബീയറുമായി എന്റടുത്ത് വന്നിരുന്നു. എന്നിട്ട് പറഞ്ഞു.

“ എടാ... ഇന്നിപ്പൊ ഈ പാർട്ടി ആർക്കു വേണ്ട്യാ...?” ഞാൻ ഒന്നും മിണ്ടാതിരുന്നു.
എന്റെ തോളത്ത് പിടിച്ച് കുലുക്കിയിട്ട് വീണ്ടും പറഞ്ഞു.

”എടാ.. പറടാ...” ഞാനൊന്നു പുഞ്ചിരിച്ചു.

“ എടാ നിന്നോട് ചിരിക്കാനല്ല പറഞ്ഞെ... ഉത്തരം പറ..? ”

“ ഞാൻ പുതിയതായി ഇവിടെ വന്നതിന്..” ഞാൻ പറഞ്ഞു.

“ സമ്മതിച്ചല്ലൊ.... !! അപ്പൊപ്പിന്നെ ഒരു കമ്പനിക്കെങ്കിലും നീ ഈയൊരു
ഗ്ലാസ്സെങ്കിലും കുടിച്ചില്ലെങ്കി.. ഞങ്ങൾക്കല്ലേടെ അതിന്റെ നാണക്കേട്.....?”

അപ്പോഴെനിക്ക് ചിരി വന്നു. മൂപ്പിലാൻ എന്നെ കുടിപ്പിച്ചിട്ടെ അടങ്ങൂള്ളൂന്ന്
മനസ്സിലായി. എന്നാലും അരുതെന്നെന്റെ മനസ്സു പറഞ്ഞു കൊണ്ടിരുന്നു.


ബീയർ ഞാൻ കുടിക്കാത്തതൊന്നുമല്ല. കുറേ വർഷങ്ങളായിട്ട് ഇതൊന്നും
ഉപയോഗിക്കാറില്ലായിരുന്നു. ഇനി പുതിയൊരു തുടക്കം വേണ്ടല്ലോന്നു കരുതിയാണ്
മാറി നിന്നത്.

വർഗ്ഗീസേട്ടൻ മാത്രമല്ല, ഫ്ലാറ്റിലെ മറ്റുള്ളവരും തങ്ങളുടെ ബീയറ് നിറച്ച
ഗ്ലാസ്സുകളുമായി എന്റെ ചുറ്റും കൂടി. ഇവരുടെ ഇടയിൽ നിന്നും രക്ഷപ്പെടാനാവില്ലാന്നു
മനസ്സിലായി.

ഞാൻ ബീയർ ഗ്ലസ്സ് പതുക്കെ കയ്യിലെടുത്തു. കുടിക്കാനായി ചുണ്ടോടുപ്പിച്ചതും
എല്ലാവരും അവരവരുടെ ബീയറ് ഗ്ലാസ്സുകൾ എന്റെ ഗ്ലാസ്സുമായി മുട്ടിച്ച് ചിയേഴ്സ്
പറഞ്ഞു.


തണുത്തുറയാറായ ബീയറ് ഒരു കവിൾ ഞാനകത്താക്കി.

അതിറങ്ങി പോയിടം മുഴുവൻ മരവിച്ചതു പോലെ തോന്നി.

അതോടൊപ്പം എന്നെ കുടിപ്പിച്ച സന്തോഷത്തിൽ എല്ലാവരും പാട്ടും നൃത്തവും തുടങ്ങി. ..!

ഒഴിഞ്ഞ ഗ്ലസ്സുകൾ കയ്യോടെ നിറച്ചു കൊടുക്കാൻ വർഗ്ഗീസേട്ടൻ ഓടി നടന്നു.

ഒരു ഗ്ലാസ്സെന്നു പറഞ്ഞെന്നെ കുടിപ്പിച്ച വർഗ്ഗീസേട്ടൻ, അതിൽ ആരുമറിയാതെ ഒരു പെഗ്ഗു വിസ്കി കൂടി ചേർത്തത് ഞാനുമറിഞ്ഞില്ല...!!

ഒരു പാട്ട ബീയറെ ഞാനകത്താക്കിയുള്ളെങ്കിലും എന്റെ ബാലൻസ്
തെറ്റിത്തുടങ്ങിയിരുന്നു. ആ പാട്ടിലും നൃത്തത്തിലും എനിക്കും
പങ്കെടുക്കാതിരിക്കാനായില്ല. ഞാനുമെഴുന്നേറ്റ് അവരോടൊപ്പം ചേർന്നു.

എന്നോട് പാട്ടു പാടാൻ ആവശ്യപ്പെട്ടു. എന്റെ വായിൽ വന്നതു മരണത്തിന്റെ
പാട്ടായിരുന്നു.

” ഒരിടത്തു ജനനം.. ഒരിടത്തു മരണം...”

“ ഹാ... നിറുത്തടാ...” വർഗ്ഗീസേട്ടൻ അട്ടഹസിച്ചു.

“എടാ.. സന്തോഷത്തിന്റെ പാട്ടു പാടടാ.. “

“ എന്നാ പിടിച്ചൊ... ഓ.. തിത്തിത്താരാ...തിത്തിത്താരാ തിത്തൈ തിത്തൈതകതോം..”


അതോടൊപ്പം എല്ലാവരുടേയും നൃത്തത്തിന്റെ ഗതി മാറി.

എല്ലാവരും വട്ടത്തിൽ നിന്നു കൈ കൊട്ടി പാട്ട് ഏറ്റ് പാടി..

ചിലർ പാട്ടിനോടൊപ്പം വഞ്ചിവലിയും ആരംഭിച്ചു.

“ കുട്ടാനാടൻ .. പുഞ്ചയിലെ....” പിന്നെ അങ്ങോട്ട് ഒരു മേളമായിരുന്നു.....!

അന്നേരം ആരും തങ്ങളുടെ കുടുംബങ്ങളെ ഓർത്തില്ല...!

പൊരിയണ വെയിലത്തു കിടന്നു പണയെടുക്കണ കാര്യമോർത്തില്ല....!!

ഇനിയും കൊച്ചു വെളുപ്പാം കാലത്ത് എഴുന്നേറ്റ് ജോലിക്ക് പോകണമെന്നോർത്തില്ല....!!

തങ്ങളുടെ സ്വകാര്യ ദു:ഖങ്ങളെല്ലാം അവിടെ മറന്നു....!!

എല്ലാവരും ഏതോ ഉന്മാദാവസ്ഥയിലായിരുന്നു...!!

എല്ലാം കഴിഞ്ഞപ്പോൾ ചിലർ ഹാളിൽ തന്നെ തലങ്ങും വിലങ്ങും കിടന്നു.

ഞാൻ ആടിയാടി ഒരു കണക്കിന് ബെഡ്ഡിൽ ചെന്നു വീണു...!

എപ്പൊഴോ ഉറങ്ങിപ്പോയി...

ബാക്കി അടുത്ത പോസ്റ്റിൽ.....

Friday, 9 October 2009

സ്വപ്നഭൂമിയിലേക്ക് ...തുടരുന്നു.. ( 5 )

അടുക്കള ചുമരിലെ കണക്ക്........


ഒരു നിമിഷം കഴിഞ്ഞ് കണ്ണു തുറക്കുമ്പോൾ......

അവൻ കസേരയിൽ ചരിഞ്ഞു കിടപ്പുണ്ട്...!

മേശക്കു മുകളിലൂടെ അപ്പുറത്തേക്ക് പോയെങ്കിലും ചെന്നു വീണത് നേരത്തെ ചവിട്ടി തള്ളി നീക്കിയിട്ട കസേരയിലായിരുന്നു...!!

വീണതു പോലെ തന്നെ കിടന്നു.....!

അനങ്ങാതെ...!!

എന്നെത്തന്നെ നോക്കിക്കൊണ്ട്....!!?


ഞാൻ വേഗം ചെന്ന് ഫോണിന്റെ റസീവറെടുത്ത് അവന്റെ നേരെ നീട്ടിക്കൊണ്ട് ആക്രോശിച്ചു. “ വിളിക്കടാ പോലീസിനെ...!

ഇവിടെ നീയും ഞാനുമൊക്കെ വിദേശികളാ... !

എനിക്കും നിനക്കും ഒരേ നിയമം. വിളിക്ക് പോലീസിനെ...!

എനിക്കും പറയാനുണ്ട് കാര്യങ്ങൾ... !

എത്ര നാളായി നീയെന്നെ ഷോറൂമിൽ പൂട്ടിയിട്ടിട്ട് പോകുന്നു....?

ഒന്നു മൂത്രമൊഴിക്കാൻ പോലും നിവൃത്തിയില്ലാത ഞാൻ കുപ്പിക്കകത്താ ഒഴിക്കുന്നത്. “



അപ്പോഴാണ് ഇന്നലെത്തെ മൂത്രം നിറഞ്ഞ കുപ്പി അടുക്കളയിലിരിക്കുന്ന കാര്യം ഓർമ്മ വന്നത്. ഇന്നലത്തെ ഓട്ടത്തിനിടയിൽ അതു പുറത്തു കളയുന്ന കാര്യം മറന്നിരുന്നു. റസീവർ മേശപ്പുറത്ത് വച്ചിട്ട് അടുക്കളയിൽ നിന്നും രണ്ടു കുപ്പി മൂത്രക്കുപ്പി കൊണ്ടു വന്ന് മേശപ്പുറത്ത് വച്ചു.
എന്നിട്ട് വീണ്ടും തുടർന്നു.


കാണ്... കണ്ണു തുറന്ന് കാണ്....!

ഇതും പോലീസിനെ കാണിച്ചു കൊടുക്കാനുള്ളതാണ്.. !

നീ വിളിക്ക് പോലീസിനെ....!

ഞാൻ ഇവിടെ വന്നതിനു ശേഷം ശമ്പളം പോലും തന്നട്ടില്ല... എത്ര മാസമായി...?

ഇനിയുമുണ്ട് പറയാൻ... ദുബായിക്കാരു വരട്ടെ... !

നീ എന്നെ പൂട്ടിയിട്ടിട്ട് അവിടെ മുറിയിലിരുന്ന് കൂട്ടുകാരോടൊപ്പം ചീട്ട് കളിക്ക്യാണെന്ന് എനിക്കറിയാം. അതും പറയണം... !!

ഇനി ദുബായീന്നു ഫോൺ വരുമ്പോൾ ഞാൻ സത്യം പറയും.....!!“


ഞാൻ ശ്വാസം പിടിക്കാനായി ഒന്നു നിറുത്തി.

റസീവർ അപ്പോഴും കയ്യിലിരുന്ന് വിറക്കുന്നുണ്ടായിരുന്നു.
അവൻ കസേരയിൽ നേരെ ഇരുന്നിട്ട് എന്റെ കയ്യിൽ നിന്നും റസീവർ വാങ്ങി ക്രാഡിലിൽ വച്ചു.


നേരത്തെ എന്റെ നേരെ ചാടി വരുമ്പോൾ ദ്വേഷ്യം കൊണ്ടു ചുമന്നിരുന്ന മുഖത്ത് ഇപ്പോൾ രക്തമയമില്ല...!

വിളറി വെളുത്തിരിക്കുന്നു....!!


അവൻ താക്കോൽ കൂട്ടത്തിൽ നിന്നും രണ്ടു താക്കോൽ എടുത്തിട്ട് പറഞ്ഞു.

നിനക്കിപ്പൊ എന്താ വേണ്ടത്...?

മൂത്രമൊഴിക്കാൻ പുറത്തു പോകണം...? ഇന്നാ.

ഇതിലൊന്നു പുറകിലത്തെ വാതിലിന്റെ താക്കോൽ. മറ്റൊന്നു ബാത്‌റൂമിന്റെ താക്കോൽ... “


അതും പറഞ്ഞവൻ താക്കോൽ എന്റെ നേരെ നീട്ടി.

പക്ഷെ, ഒരു കാരണവശാലും കസ്റ്റമറെ അകത്ത് കയറ്റരുത്...! ഒന്നും വിൽക്കരുത്....!! ”

അവന്റെ താക്കീത്. ഞാനത് വാങ്ങി പോക്കറ്റിലിട്ടു.



പിന്നെ അവന്റെ പോക്കറ്റിൽ നിന്നും കുറെ നോട്ടുകൾ എടുത്തിട്ട്, അതിൽ നിന്നും അൻപത് ദിനാർ തന്നിട്ട് പറഞ്ഞു.

ഇതു നിന്റെ ശമ്പളത്തിൽ പറ്റിയതായി എഴുതിയിട്ടേരെ...”


വിറക്കുന്ന കൈകൊണ്ടാണ് ഞാനെന്റെ ആദ്യ ശമ്പളം വാങ്ങുന്നത്......!!

പണവുമായി ഞാൻ എന്റെ പറ്റെഴുതുന്ന ബുക്കിൽ അന്നത്തെ തീയതി വച്ച് അൻപതു ദിനാർ കുറിച്ചു....!!


പണവും കയ്യിൽ ചുരുട്ടിപ്പിടിച്ച് വലതു കയ്യിൽ പേനയുമായി പറ്റുബുക്കിൽ തല മുട്ടിച്ച് ഇത്തിരി നേരം നിന്നു...!!

സന്തോഷം കൊണ്ടൊയിരിക്കും, കണ്ണുകൾ നിറഞ്ഞു വന്നു....!!

പറ്റുബുക്കിലെ പെയിന്റിന്റെ പൊടി നെറ്റിയിൽ പുരണ്ടു....!!

എന്റെ പറ്റുബുക്ക്അടുക്കള ചുമരായിരുന്നു....!? ’


ഒരിക്കൽ ഒരു കസ്റ്റമർ‌ക്കു പെപ്സി വാങ്ങിക്കൊടുത്തപ്പോൾ എനിക്കു തന്ന ഒരു പെപ്സിയുടെ വിലയായ നൂറു ഫിൽ‌സ് വരെ എഴുതിയിട്ടിട്ടുണ്ട്. കസ്റ്റമർ പോയിക്കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു


നീയെന്തിനാ അതു കുടിച്ചത്. അത് കമ്പനിയുടെ കാശാ.. സ്റ്റാഫ് അതു കുടിക്കാൻ പാടില്ല...!! “


അത്രയേ അവൻ പറഞ്ഞുള്ളു. ഞാൻ അതിന്റെ വിലയായ നൂറു ഫിൽ‌സ് കണക്കു ബുക്കിൽ അപ്പൊ തന്നെ എഴുതിയിട്ടു.
അൻപതു ദിനാർ അപ്പോഴത്തെ കടം വീട്ടാൻ മാത്രമെ തികയുമായിരുന്നുള്ളു.

ഭക്ഷണം കഴിച്ച വകയിലും വാടകയിനത്തിലും കൂട്ടുകാർക്ക് കൊടുക്കാനുള്ളതായിരുന്നു.

പിന്നെ കൂട്ടുകാരുമായി ഒരു സമവായത്തിലെത്തിയതിനാൽ ഇരുപത്തഞ്ചു ദിനാർ നാട്ടിലയക്കാൻ കഴിഞ്ഞു. ഇവിടെ വന്നിട്ട് ആദ്യമായിട്ടാണ് അയക്കുന്നത്....!!



അതിനു ശേഷം രണ്ടു മൂന്നു ദിവസം കൃത്യമായി കട തുറന്നെങ്കിലും വീണ്ടും അവൻ പഴയതുപോലെ വരാതായി.
ഒരു ദിവസം അവൻ എന്നെ അകത്താക്കി കട പൂ‍ട്ടി പൂട്ടിക്കൊണ്ടു പൊയതിനു ശേഷം ഞാൻ പുറകു വശത്തെ വാതിൽ തുറന്ന് പുറത്തെക്കും നോക്കിയിരിക്കുമ്പോൾ ഒരു കാർ വാതിലിനോട് ചേർന്ന് കൊണ്ടു വന്നു നിറുത്തി. അതിൽ നിന്നു ഇറങ്ങിയ അറബി ചോദിച്ചു.

കാറൊന്നു കഴുകാമോ...? പുറം മാത്രം മതി....”

അതു കേട്ടതും ഞാനെഴുന്നേറ്റു. വീണ്ടും അവൻ പറഞ്ഞു.

ഞാനപ്പോഴേക്കും ഭക്ഷണം കഴിച്ചിട്ടു വരാം..” അതും പറഞ്ഞവൻ എതിർവശത്തെ വല്ല്യപ്പന്റെ കടയിലേക്കു കയറിപ്പോയി.


പിന്നൊന്നും ആലോചിക്കാൻ നിന്നില്ല. അടുക്കളയിൽ നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് മേശ തുടക്കുന്ന ടവൽ നനച്ച് കാറു തുടക്കാൻ തുടങ്ങി. പുറത്തിരിക്കുമ്പോൾ ഫോൺ വന്നാലറിയില്ല.

വാതിൽ കുറച്ചു തുറന്നു വച്ചു. വാതിൽ വിടവിലൂടെ അകത്തെ തണുപ്പ് പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു....



തുടച്ചു തീർന്നതും അറബി ഇറങ്ങിവന്നു. അവൻ ചുറ്റുപാടും നടന്നു നോക്കി.

എന്നിട്ട് തൃപ്തിയായ പോലെ തല കുലുക്കി.

അവൻഅരദിനാറിന്റെ നോട്ടെടുത്തു തന്നു...!!

നോട്ടിന് ഒരുപാട് നീളവും വീതിയും ഉള്ളതു പോലെ തോന്നി...!!

പേഴ്‌സിനകത്ത് ഒരു പ്രത്യേക അറയിൽ തന്നെ ഞാനതു സൂക്ഷിച്ചു....!

എത്രയൊ കാലം ഞാനതു ചിലവാക്കാതെ കൊണ്ടു നടന്നുവെന്നറിയുമോ...?

ഒരു രാശിയായ നോട്ടു പോലെ...!!!


രണ്ടു കാറുകൾ ഒരു ദിവസം കിട്ടിയാൽ അന്നത്തെ വട്ടച്ചിലവുകൾ നടന്നു പോകുമായിരുന്നു.

പന്ന ഈജിപ്ഷ്യന്റെ മുൻപിൽ അതിനായി കയ്യും നീട്ടി നിൽക്കുന്നതിനേക്കാൾ എത്രയോ അന്തസ്സായിരുന്നു...!!!



പക്ഷെ , അധിക കാലം ജോലി തുടരാനായില്ല.

വാതിലിന്റെ തൊട്ടടുത്തു നിറുത്തുന്ന വാഹനങ്ങൾ മാത്രമെ കഴുകാൻ കഴിഞ്ഞിരുന്നുള്ളു.

പുറകു വശത്തെ വാതിലിന്റെ താക്കോൽ തന്നതിനു ശേഷം അവൻ ഫോൺ ചെയ്യും.

ഞാൻഹലൊഎന്നു പറഞ്ഞാലും മറുപടി ഉണ്ടാവില്ല. കുറച്ചു കഴിയുമ്പോൾ മറ്റെ തലക്കൽ ഫോൺ വക്കുന്ന ശബ്ദം കേൾക്കാം. ഇതിങ്ങനെ ഓരൊ മണിക്കൂർ ഇടവിട്ട് തുടർന്നപ്പോൾ മനസ്സിലായി , ഈജിപ്ഷ്യന്റെ ടെസ്റ്റിങ് പരിപാടിയാണെന്ന്.

ഞാൻ കടയും പൂട്ടി എങ്ങോട്ടെങ്കിലും പോയോന്നറിയാനായിരുന്നു അത്. ....!


അതു കൊണ്ട് പുറത്ത് അധിക സമയം തങ്ങാൻ കഴിയുമായിരുന്നില്ല.

വാതിലിനു പുറത്തേക്ക് ഞാൻ പോയതുമില്ല. ഇവിടെ എങ്ങനെയെങ്കിലും ഒന്നു പിടിച്ചു നിൽക്കണമല്ലൊ..?


ഇതിനിടക്കാണ് അവന്റെ ഭാര്യ ഇവിടെയെത്തിയത്.

ഈജിപ്ത്കാരി ആയിരുന്നില്ല.

മറ്റൊരു ആഫ്രിക്കൻ രാജ്യക്കാരിയായിരുന്നു.


അവന് സ്വന്തമായിട്ട് ഒരു ഭാര്യയും മകളും ഈജിപ്തിലുണ്ട്. അതു കൂടാതെയാണ് പുതിയൊരു സെറ്റപ്. ഭാര്യ വന്നതിനു ശേഷം ഒരാഴ്ചയോളം കടയിൽ കൃത്യമായി വന്നു കൊണ്ടിരുന്നു.

പിന്നെ അവൻ ഇപ്പൊ വരാമെന്നു പറഞ്ഞു പോയാൽ പിന്നെ രാത്രിയിൽ നോക്കിയാൽ മതി.

പക്ഷെ, മുൻ‌വശത്തെ വാതിൽ പൂട്ടാതെ താക്കോൽ മേശക്കകത്ത് വച്ചിട്ടാണ് പോകാറ്.

വേണമെങ്കിൽ നീ വല്ലതുമൊക്കെ വിറ്റൊ...എന്ന ഒരു മട്ട്



അങ്ങനെ പതുക്കെ പതുക്കെ കടയിലെ ജോലി മുഴുവൻ എന്റെ തലയിലായി.

എന്നും രാത്രിയിൽ വന്ന് അന്നത്തെ കളക്ഷനും വാങ്ങിക്കൊണ്ടു പോകും.

ചില നിബന്ധനകൾ ഉണ്ടായിരുന്നു. ..

ആർക്കും കടം കൊടുക്കരുത്....!

ഡിസ്ക്കൌണ്ട് ഒരു കാരണവശാലും കൊടുക്കരുത്....!!

എല്ലാത്തിനും ബില്ലെഴുതണം. ....!!!


ഒരു ദിവസം ഒരു സൌദിക്കാരൻ തടിയൻ വന്ന് സാധനങ്ങൾ വാങ്ങിയ വകയിൽ നൂറ് ഫിൽ‌സ് കുറച്ചാണ് തന്നത്. അതു പറ്റില്ലാന്ന് തർക്കിച്ചെങ്കിലും അവനതു തരാതെ പോയി.
അന്ന് ഈജിപ്ത്യന്റെ അടുത്ത് നൂറു ഫിൽ‌സിന്റെ കാര്യം പറഞ്ഞെങ്കിലും,

അവനത് എന്റെ ശമ്പളത്തിൽ പറ്റിയതായി എഴുതാനാണ് പറഞ്ഞത്....!!

നൂറു ഫിൽ‌സും അടുക്കളച്ചുമരിലെ എന്റെ പറ്റുകണക്കിൽ എഴുതിച്ചേർത്തു.....!!


ഒരാഴ്ച കഴിഞ്ഞപ്പോൾ സൌദിക്കാരൻ വീണ്ടും വന്നു.

ഈജിപ്ത്യനും ഉണ്ടായിരുന്നു കടയിൽ. ഞാൻ പറഞ്ഞു

ഇയാളാണ് അന്നു നൂറു ഫിൽ‌സ് തരാതെ പോയത്..”
ഈജിപ്ത്യൻ എഴുന്നേറ്റ് അയാളോട് അറബിയിൽ അതിനെക്കുറിച്ച് ചോദിച്ചു.


സത്യം പറഞ്ഞാൽ ഒരു നൂറു ഫിൽ‌സിനു വേണ്ടി സൌദിക്കാരനുമായി അടിയൊഴിച്ച് ബാക്കിയൊക്കെ നടത്തി. അവസാനം നൂറു ഫിൽ‌സ് ഈജിപ്ത്യന്റെ മുഖത്ത് വലിച്ചെറിഞ്ഞ്,

ഇനി നിന്റെ കടയിൽ വരികയില്ലെന്നും പറഞ്ഞാണവൻ പോയത്.


അന്ന് അടുക്കളച്ചുമരിലെ കണക്കിൽ നൂറ് ഫിൽ‌സ് ഞാ‍ൻ വെട്ടി...!!


പിറ്റെ ദിവസം ഭാര്യാസമേതമാണവൻ എഴുന്നുള്ളിയിരുന്നത്.

അവൻ കുറച്ചു കഴിഞ്ഞെ പോകുന്നുള്ളുവെന്ന് പറഞ്ഞതിനാൽ ഞാൻ നേരത്തെ തന്നെ സ്ഥലം വിട്ടു.
പിറ്റേന്നു വരുമ്പോൾ അലമാരയിൽ ചില സാധനങ്ങൾ കുറവു കണ്ടു....!?


അവൻ വന്നപ്പോൾ ചോദിച്ചെങ്കിലും അവനതറിയില്ലെന്നു മാത്രമല്ല,

അതെല്ലാം ഞാൻ വിറ്റിട്ട് ബില്ലെഴുതാത്തതാണെന്നു കൂടി പറഞ്ഞു കളഞ്ഞു ദുഷ്ടൻ...?!


എനിക്ക് ശരിക്കും സങ്കടം വന്നു....!

ഇത്രയും സത്യസന്ധമായി ഇടപെട്ടിട്ടും ഇവനെന്നെ സംശയിക്കുന്നല്ലൊന്നോർത്തിട്ട്,

എന്റെ കണ്ണുകൾ നിറഞ്ഞു....!!


കാണാതായ സാധനങ്ങളുടെ തുക അന്നു രാത്രിയിൽ തന്നെ അടുക്കളച്ചുമരിലെ എന്റെ അക്കൌണ്ടിൽ കയറി.. ..!!

ഈശ്വരാ... ഇനിയും നീ എന്നെ പരീക്ഷിക്കുകയാണൊ... ?

നിനക്കു മതിയായില്ലെ....?”


രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ദൈവദൂതനെ പോലെ അവന്റെ വരവ്...!!?

അന്നു അലമാരയിൽ നിന്നും കാണാതായതിൽ ഒരു സാധനവും പൊക്കിപ്പിടിച്ചു കൊണ്ട്.....?!!!



ബാക്കി അടുത്ത പോസ്റ്റിൽ.....

Monday, 21 September 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു...... ( 4 )

ഉറുപ്പികേം അണയുമൊക്കെ നാട്ടിലല്ലെ ഉണ്ടായിരുന്നത്.

ചെറുപ്പത്തിൽ എന്റെ കയ്യിൽ ഒരു ഓട്ടക്കാലണ ഉണ്ടായിരുന്നു.

അത് എന്റെ പെട്ടിക്കുള്ളിൽ ഇപ്പോഴും കാണും.

ഇവിടെ ഈ ‘ആട്ടണ‘ എങ്ങനെ വന്നുവെന്നായി ഞാൻ.. ?!

എന്റെ സംശയം ഞാൻ ഒന്നുകൂടി ചോദിച്ചു.

“എത്ര ആയെന്നാ പറഞ്ഞത്..? “

“പാഞ്ചുറുപ്പിക ആട്ടണ’ പിന്നെയും അതു തന്നെ ആവർത്തിച്ചു.

ഞാൻ ദിനാറെടുത്ത് കാണിച്ചിട്ട് പറഞ്ഞു

“എന്റടുത്ത് ദിനാറൊള്ളൂല്ലൊ..”

അതു കേട്ടതും സത്താറിക്ക വലിയ വായിലൊരു ചിരി...

“ഞാൻ മറ്റുള്ളവരോട് പറയുന്നതു പോലെ പറഞ്ഞതാ....”എന്നും പറഞ്ഞ് ദിനാർ വാങ്ങി ബാക്കി തന്നു.
“പാഞ്ചുറുപ്പിക എന്നാൽ അഞ്ചു രൂപ, ആട്ടണ എന്നാൽ 50 പൈസാ...”
സത്താറിക്ക ഒന്നു കൂടി വിശദമാക്കി. എന്നിട്ടും എന്റെ സംശയം തീർന്നില്ല.

“ഈ രൂപയും അണയും മറ്റും ഇവിടെ എങ്ങനെ വന്നു...? അതും ഇപ്പോഴും അണ..!!, അത് നമ്മുടെ നാട്ടിൽ നിന്നും പോയിട്ട് കാലമെത്രയായി....?“

സത്താറിക്ക തന്റെ അറിവു പങ്കു വക്കാൻ തയ്യാറായി.

“ പണ്ട് ഈ അറബികൾക്ക് നമ്മുടെ നാടുമായിട്ടായിരുന്നൂല്ലൊ കച്ചവടങ്ങൾ
ഉണ്ടായിരുന്നത്...? അന്നു മുതൽ നമ്മുടെ കറൻസിയാ ഇവര് ഉപയോഗിച്ചു
കൊണ്ടിരുന്നത്. ദിനാറിന്റേയും ഫിൽ‌സിന്റേയും കണക്കുകൾ ഇപ്പൊഴത്തെ
തലമുറക്കേ മനസ്സിലാകൂ... പഴയ ആളുകൾക്ക് ഉറുപ്പിക,പൈസാ എന്നൊക്കെ
പറഞ്ഞാൽ പെട്ടെന്നു തലയിൽ കേറും.. പിന്നെ ഞാനും ഇവിടെ കുറെ
കാലമായേ...!!” അതും പറഞ്ഞ് ഇക്ക ചിരിച്ചു.

എനിക്ക് അത്ഭുതമാണ് തോന്നിയത്.സത്താറിക്ക മേശയിൽ നിന്നും ഒരു നൂറു ഫിൽ‌സിന്റെ കോയിൻ എടുത്ത് കാണിച്ചിട്ടു പറഞ്ഞു

“ ഇത് നമ്മൾ ഒരു രൂപയെന്നാ പറയുക. ഇത് പത്തണ്ണം കൂടിയാലെ ഒരു ദിനാർ
ആകുന്നുള്ളു...” വിവരം വന്ന ഉടനെ മനസ്സിലാക്കിയിരുന്നു.

അതു കൊണ്ട് ഞാൻ പറഞ്ഞു

“ അതെനിക്കറിയാം.. പക്ഷെ ഈ അണയാണ് മനസ്സിലാകാത്തത്...?

“ അതു ഞാൻ മനസ്സിലാക്കിത്തരാം..”എന്നും പറഞ്ഞ് മേശയിൽ നിന്നും 25 ഫി
ൽ‌സിന്റേയും 50 ഫിൽ‌സിന്റേയും ഓരൊ കോയിൻ എടുത്തു കാണിച്ചു.

“ ഇതാണ് 25 ഫിൽ‌സ്, അതായത് 25 പൈസ . അണയിൽ പറഞ്ഞാൽ നാലണ.
അൻപതിന്റെ ഫിൽ‌സിന് എട്ടണ..”
“അയ്യൊ.. നേരം വൈകി .. ഞാൻ പോട്ടെ. ബാക്കി പിന്നെ പഠിക്കാം..” എന്നു
പറഞ്ഞ് ഞാൻ പോന്നു.

എന്നും കാലത്ത് പോരുമ്പോൾ കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗിൽ കാലിക്കുപ്പികളും
ബ്രെഡ്ഡിൽ ജാം പുരട്ടിയതും പൊതിഞ്ഞു വച്ചിട്ടുണ്ടാകും.

കുപ്പികൾ എന്തിനാണെന്നറിയാല്ലൊ....?


(അപ്പുറത്തെ ആ വല്ലിപ്പൻ എന്റെ മൂത്രമൊഴിക്കുന്ന സൂത്രപ്പണി കണ്ടു പിടിച്ചില്ലെ..!!)
ഇനീ ഈ കുപ്പികൾ തന്നെ ശരണം. ഇത് പോരുന്ന വഴി ഒന്നു രണ്ടു
ചവറ്റുകൊട്ടകൾ ആരും കാണാതെ തപ്പിയപ്പോൾ കിട്ടിയതാ. അങ്ങനെ ഗൾഫിൽ
വന്ന് ചവറ്റുകൊട്ടയും തപ്പിപ്പറുക്കേണ്ടി വന്നു.

“ദൈവമെ... ഇതൊന്നും നീ കാണുന്നില്ലെ.....?” ഇതല്ലാതെ എനിക്ക് എന്തു
ചെയ്യാനാകും....?

അന്നവൻ കട പൂട്ടാൻ വന്നത് പതിനൊന്നു മണി കഴിഞ്ഞിട്ടാണ്. കൂടെ അവന്റെ
രണ്ടു കൂട്ടുകാരും. വന്ന വഴി കാപ്പിയുണ്ടാക്കാൻ പറഞ്ഞു. എന്തൊ ജോലി കഴിഞ്ഞ്
ക്ഷീണിച്ച് വരുന്നതു പോലെയാണ് വരവ്. ഈജിപ്തനും ഒരുത്തനും കൂടി മുകളിലെ
ഓഫീസ് മുറിയിലേക്ക് പോയി.

രണ്ടാമത്തെ കൂട്ടുകാരൻ എന്റടുത്തു വന്നു.

“ എനിക്ക് കാപ്പി വേണ്ട.. ഈ കാപ്പി ഞാൻ കുടിക്കാറില്ല” എന്നവൻ പറഞ്ഞു.

അതു കൊണ്ട് രണ്ടു ഗ്ലാസ് വെള്ളമെ അടുപ്പത്തു വച്ചുള്ളു.

അതു കഴിഞ്ഞ് അവന്റെ ആ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

“ നീയെന്തിനാ ഈ പാതിരാത്രി വരെ ഇവനെ കാത്തിരിക്കുന്നത്....?

നിനക്ക് പറഞ്ഞൂടെ ഒൻപത് മണിക്ക് പോകണമെന്ന്.....?”

അവന്റെ മുഖത്തേക്ക് നിർന്നിമേഷനായി നോക്കി നിന്നു കുറച്ചു നേരം.

ഇവനും ഈജിപ്ത്കാരനാണ്. അവന്റെ കൂട്ടുകാരൻ....?

ഇവൻ എന്തിനായിരിക്കും ഇങ്ങനെയൊക്കെ എന്നോട് പറയുന്നത്....?

ഇവനെ എങ്ങനെ വിശ്വസിക്കാം..?


മറുപടിയൊന്നും പറയാതെ രണ്ടു ഗ്ലാസിൽ കാപ്പിയുണ്ടാക്കി.
കാപ്പിയുമായി മുകളിലേക്ക് കയറാൻ തുടങ്ങിയതും പിന്നിൽ നിന്നവൻ വീണ്ടും
പറഞ്ഞു.

“കാപ്പി കൊടുത്തിട്ട് പറ, നേരം വൈകി ഞാൻ പോകാണ്.. എന്നും പറഞ്ഞ് നീ
പൊക്കൊ. ഇതിനൊന്നും അവൻ ഒന്നും ചെയ്യില്ല. നീ പേടിക്കണ്ട. നീ മിണ്ടാതിരുന്നാൽ നിനക്കൊരിക്കലും മോചനമുണ്ടാകില്ല.”

ആ വാക്കുകൾ എത്രമാത്രം എന്നെ സ്വാധീനിച്ചുവെന്നറിയില്ല. കാപ്പി കൊടുത്തിട്ട്
ഞാൻ പറഞ്ഞു.

“നേരം വൈകി , ഞാൻ പോകാണ്..” എന്നു പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.

ഓടി സ്റ്റെപ്പുകളിറങ്ങി. അവൻ ‘നിൽക്ക്, നമുക്കൊരിമിച്ച് പോകാം,ഈ കാപ്പി കുടിച്ചാൽ മതി.” എന്നൊക്കെ പറയുന്നത് കേട്ടു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.


താഴെ വന്നപ്പോൾ എന്നെ ഉപദേശിച്ച ഈജിപ്ത്കാരൻ എന്റെ പുറത്ത് തട്ടി പുറകിലത്തെ വാതിൽ തുറന്ന് തന്ന് പെട്ടെന്നു പൊക്കോളാൻ ആംഗ്യം കാട്ടി.
ഞാൻ പുറത്തിറങ്ങി എന്തും വരട്ടെയെന്നു കരുതി ഓടി.


എവിടന്നാണ് ഇത്ര ധൈര്യം കിട്ടിയതെന്ന് അറിയില്ല. ആ ഓട്ടം ഞാനെന്റെ വീടുവരെ ഓടുമായിരുന്നു....!! പക്ഷെ, കടലും വിമാനവും മറ്റുമുള്ള കടമ്പകൾ ഇടക്കുള്ളതു കൊണ്ട് എന്റെ മുറിവരെ ആക്കി. മുറിയിൽ എത്തുമ്പോഴേക്കും കൂട്ടുകാർ നല്ല ഉറക്കത്തിലായിരുന്നു. സമയം പാതിര ആയിരിക്കുന്നു. ശബ്ദമുണ്ടാക്കാതെ ഭക്ഷണം കഴിച്ച് കിടന്നെങ്കിലും ഉറക്കം വന്നില്ല.

ഞാൻ ചെയ്തത് മണ്ടത്തരമായൊ....?

എത്ര പെട്ടെന്നാണ് ഞാനാ ഈജിപ്ത്കാരന്റെ ഉപദേശം സ്വീകരിച്ചത്...?

ഇങ്ങനെ ഒരു ഉപദേശത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നൊ...?

ഇവിടെ എങ്ങനേയും പിടിച്ചു നിൽക്കണമെന്നാണ് തീരുമാനിച്ചിരുന്നത്.

പക്ഷെ, നാളെ എന്താവും.......??

തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ.. ഉറക്കം എന്റെ കണ്ണൂകളെ തഴുകിയതേയില്ല.

പിറ്റെ ദിവസം ഉറക്കമിളച്ച മുഖവുമായിട്ടാണ് ജോലിക്ക് വന്നത്. എന്തും നേരിടാനുള്ള
ഒരു മനസ്സ് ഞാൻ സ്വരൂപിച്ചെടുത്തിരുന്നു.

കടയുടെ മുൻപിൽ ചെറിയ ആൾക്കുട്ടം കണ്ട് ഞാനൊന്നമ്പരന്നു....!!?

ഓടി അടുത്തു ചെന്നതും അടുത്തുള്ള കടക്കാർ എന്നെ പൊതിഞ്ഞു....?

എന്റെ കടയുടെ അകത്തു നിന്നും വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു...!!?
അവൻ കട പൂട്ടിയപ്പോൾ പൈപ്പ് പൂട്ടാതെ പോയിട്ടുണ്ടാകും. അടുത്ത കടയിൽ
കയറി ഞാൻ ഫോൺ ചെയ്തു. അവൻ എടുക്കുന്നുണ്ടായിരുന്നില്ല. പിന്നെയും രണ്ടു
മൂന്നു പ്രാവശ്യം ഡയൽ ചെയ്തെങ്കിലും കിട്ടിയില്ല.

പിന്നെ പുറത്ത് ഇറങ്ങിയപ്പോഴേക്കും അവൻ കാറിൽ വന്നിറങ്ങുന്നത് കണ്ടു.
എല്ലാവരുടെയും മുൻപിൽ വച്ച് അവൻ ഒരു തട്ടിക്കയറൽ

“ നീ ഇന്നലെ പൈപ്പ് പൂട്ടിയില്ലാ....?” ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അവന്റെ മുഖത്തേക്കു രൂക്ഷമായൊന്നു നോക്കുക മാത്രമെ ചെയ്തുള്ളു. താക്കോൽ വാങ്ങി കട തുറന്ന് അകത്തു കയറി. അകം മുഴുവൻ വെള്ളത്തിൽ മുങ്ങിയിരുന്നു. പൈപ്പ് അപ്പോഴും നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു.

ഞാൻ പൈപ്പ് അടച്ചു. അവൻ എന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു. വാഷ് ബേസിനകത്ത് വെള്ളം പുറത്തേക്ക് പോകാനുള്ള കുഴലിന്റെ ദ്വാരം ആരൊ ക്ലോസർ വച്ച് അടച്ചിരുന്നു. അതു കൊണ്ടാണ് വെള്ളം ബേസിൻ നിറഞ്ഞ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നത്. ഞാൻ ആ റബ്ബറിന്റെ ക്ലോസർ പുറത്തെടുത്ത് അവന്റെ നേരെ തിരിഞ്ഞു.

എനിക്ക് എല്ലാം മനസ്സിലായിരുന്നു. ഇന്നലെ ഞാൻ കാണിച്ച ധിക്കാരത്തിന് അവൻ എനിക്കിട്ട് വച്ച പാരയായിരുന്നു ഈ പൈപ്പ് തുറന്നു വിടൽ. എനിക്കതു
മനസ്സിലായെന്ന് അവനും മനസ്സിലാക്കി. ഞാൻ എന്തെങ്കിലും പറയും മുൻപെ
അവൻ പറഞ്ഞു

“പെട്ടെന്നു ക്ലീനാക്ക്...” അതും പറഞ്ഞവൻ മുകളിലേക്ക് കയറിപ്പോയി.

താഴെ കാർട്ടണുകളിൽ വച്ചിരുന്ന സാധനങ്ങളെല്ലാം നനഞ്ഞു കുതിർന്നിരുന്നു.
അലമാരിയുടെ അടിവശം നനഞ്ഞിരുന്നത് തുടച്ചു വൃത്തിയാക്കാൻ കുറെ സമയം
എടുത്തു. നനഞ്ഞ കാർട്ടൺ എല്ലാം ഒഴിവാക്കി. എല്ലാം തുടച്ചു വൃത്തിയാക്കി
കഴിഞ്ഞപ്പോഴേക്കും ഏതാണ്ട് ഉച്ചയോടടുത്തു.

അപ്പോഴേക്കും കുനിഞ്ഞാൽ പിന്നെ നിവരാൻ കഴിയാത്ത വണ്ണം എന്റെ നടുവും
ഒടിഞ്ഞിരുന്നു. ഏസിയുടെ തണുപ്പിലും ഞാൻ വിയർത്തു കുളിച്ചു. അതിലേറെ
അവനോടുള്ള ദ്വേഷ്യം എന്റെ മനസ്സിനെ മാത്രമല്ല ശരീരത്തേയും ഒരു പോലെ
പൊള്ളിച്ചിരുന്നു. ഇനിയൊരു ചായ കുടിക്കണമെന്നു തോന്നി. അവനും കാലത്ത്
വരുമ്പോൾ കാപ്പി കൊടുക്കാറുള്ളതാണ്.

ചായയുണ്ടാക്കി ബ്രെഡ് ജാം പുരട്ടി കൊണ്ടു വന്നിരുന്നത് കഴിച്ച് എന്റെ
വിശപ്പിനൊരു അറുതി വരുത്തി. പിന്നെ അവന്റെ കാപ്പിയുമെടുത്ത് മുകളിലേക്കു
കയറാൻ തുടങ്ങിയതും അവൻ താഴേക്കിറങ്ങി വരുന്നതു കണ്ടു. അവന്റെ കാപ്പി
മേശപ്പുറത്തു വച്ചിട്ട് ഞാൻ മാറി നിന്നു.

അവൻ വന്ന് കസേരയിലിരുന്ന് വിറക്കുന്ന കയ്യുയർത്തി കാപ്പിയെടുത്ത് കുടിച്ചു.
ഒന്നു രണ്ടു കവിൾ കാപ്പി പെട്ടെന്നവൻ അകത്താക്കി. അതിനു ശേഷമാണവന്റെ
കൈ വിറയൽ നിന്നുള്ളു. പിന്നെ അവൻ പറഞ്ഞു

” നീ ഇന്നലെ പോകുന്നതിനു മുൻപു പൈപ്പ് പൂട്ടിയിരുന്നില്ല. അതു കൊണ്ടല്ലെ
വെള്ളം മുഴുവൻ പോയത്...”

അവൻ പറയുന്നത് കളവാണെന്ന് എനിക്കറിയാമായിരുന്നു.

ഒരു ഏറ്റുമുട്ടൽ വേണ്ടന്ന് കരുതി ദ്വേഷ്യമടക്കി ഞാൻ ഒന്നും മിണ്ടാതിരുന്നു.

പക്ഷെ, അവൻ എന്നെ വിടാൻ ഭാവമില്ലായിരുന്നു. വീണ്ടും അവൻ അതു തന്നെ
പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

“അങ്ങനെയെങ്കിൽ നീ കിച്ചനിൽ വന്നപ്പോൾ അതങ്ങു അടക്കാമായിരുന്നില്ലെ..?”
“ഞാൻ കിച്ചനിൽ വന്നില്ല..?“ അവൻ ചൂടായി. അപ്പോഴെനിക്ക് ദ്വേഷ്യം വന്നു.
ഞാൻ ചോദിച്ചു.

“ പിന്നെ ഇന്നലെ നിനക്കു ഞാൻ മുകളിൽ കൊണ്ടു തന്ന കാപ്പി ഗ്ലാസ് എങ്ങനെ
ഇവിടെയെത്തി...? ബേസിന്റെ ഡ്രെയിൻ പൈപ്പ് ആ ക്ലോസർ വച്ചടച്ചതാര്.? ”

അതിലവൻ കിടുങ്ങിപ്പോയി. ഉത്തരം മുട്ടിയിട്ടും അവൻ വിട്ടു തരാൻ തെയ്യാറായില്ല.
അവന്റെ മുഖം വക്രിച്ചു. ദ്വേഷ്യം അവന്റെ മുഖത്തേക്കിരച്ചു കയറി. മുഖം ചുവന്നു.

“നീ എന്നെ ചോദ്യം ചെയ്യാൻ വളർന്നിട്ടില്ല. നിന്നെ എന്താണ് ചെയ്യേണ്ടതെന്ന്
എനിക്കറിയാം...”

എന്നും പറഞ്ഞവൻ ഇരുന്ന കസേര പുറകിലേക്ക് ചവിട്ടി നീക്കി
മേശയുടെ മുൻപിലേക്ക് വന്നു.

ഞാനും താഴാൻ തെയ്യാറായില്ല.

“നീ എന്നെ എന്തു ചെയ്യാനാ....? ഒരു ചുക്കും ചെയ്യില്ല. നീയും എന്നെപ്പോലെ ഒരു
തൊഴിലാളിയാ ഇവിടെ....!!” അതും പറഞ്ഞ് ഞാൻ നിന്ന് വിറക്കാൻ തുടങ്ങി.

എന്റെ മറുപടിയും താഴ്ന്നു കൊടുക്കാത്ത ഭാവവും അവന്റെ സിരകളെ വല്ലാതെ
ചൂടാക്കി.

“ഞാൻ എന്തു ചെയ്യുമെന്നൊ..? ഇപ്പൊ തന്നെ ഞാൻ കാണിച്ചു തരാം...!
പോലീസിനെ വിളിച്ച് , നാളെ നേരം വെളുക്കുമ്പൊ നീ
ബോംബെയിലെത്തിയിരിക്കും.... റാ‍സ്ക്കൽ...?” എന്നു പറയുക മാത്രമല്ല മേശയുടെ മുൻപിൽ നിൽക്കുകയായിരുന്ന എന്നെ പിടിച്ച് ഒറ്റ തള്ളൽ......!!

അതു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

തള്ളലിന്റെ ശക്തിയിൽ പുറകോട്ടു മലച്ച ഞാൻ പുറകിലെ ഷെൽഫിൽ
ചെന്നിടിച്ചു നിന്നു. ഷെൽഫ് ആകെ കുലുങ്ങി....!

തട്ടു തട്ടായി അടുക്കി വച്ചിരുന്ന സാധനങ്ങൾ താഴെ വീണു ചിന്നിച്ചിതറി....!!

ഗ്ലാസ്സ് കുപ്പികൾ താഴെ വീണുടയുന്ന ശബ്ദം ഞാൻ കേട്ടു..!!

എനിക്കു പിന്നെ കണ്ണു കാണാൻ വയ്യാതായി...

ചെവി കേൾക്കാൻ വയ്യാതായി....

എന്റെ കണ്മുന്നിൽ ‘കോവാട്ടു ഭഗവതി ക്ഷേത്ര‘ത്തിലെ വെളിച്ചപ്പാടിന്റെ
തുള്ളലായിരുന്നു...!

ചെണ്ടയുടെ താളം മുറുകുന്നതിനനുസരിച്ച് നിന്നു വിറച്ച് തുള്ളുന്ന വെളിച്ചപ്പാട്...!
കയ്യിലിരിക്കുന്ന വാള് നാലു വശത്തേക്കും വീശി അമ്പലത്തിനു ചുറ്റും പ്രദക്ഷിണം
വക്കുന്ന വെളിച്ചപ്പാട്...!!

ഭക്തജനങ്ങൾ നാലു വശത്തേക്കും ഒഴിഞ്ഞു മാറുന്നു...!!

ചുവന്ന കണ്ണുകൾ...!!!

ചുവന്ന നാ‍ക്ക്...!!!


എനിക്ക് പിന്നൊന്നും ഓർമ്മിക്കാനായില്ല. എന്തു വന്നാലും ഇവിടെ പിടിച്ചു നിൽക്കണമെന്ന കാര്യം പോലും ഒരു നിമിഷം മറന്നു പോയി...

ഞാൻ കൈകൾ രണ്ടും മുന്നിലേക്കു നീട്ടി...!

വിടർത്തിയ കൈപ്പത്തിയുമായി ഒരാക്രോശത്തോടെ മുന്നോട്ടു കുതിച്ചു...!! ഈജിപ്ത്കാരന്റെ നെഞ്ചിൻ കൂടു നോക്കി അതി ശക്തമായ ഒരൊറ്റ തള്ള്...!!!

പുറകിൽ കിടന്ന മേശക്കു മുകളിലൂടെ അവൻ അപ്പുറത്തേക്ക് പറക്കുന്നത്
കണ്ണുനീരിൽ കുതിർന്ന ചിതറിയ ഒരു കാഴ്ച ഞാൻ കണ്ടു....!!?

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു......

ബാക്കി അടുത്ത പോസ്റ്റിൽ....

Wednesday, 9 September 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു....( 3)

“മൂട്ട” എന്നു കേട്ടപ്പൊൾ ബിരിയാണി പോലെ വിലകൂടിയ ഭക്ഷണമായിരിക്കുമെന്നു കരുതിയാണ് ഞാൻ ഞെട്ടിയത്. എന്റെ തിരിഞ്ഞു നോട്ടം കണ്ടിട്ടാവും കാഷിലിരിക്കുന്ന പയ്യൻ ചിരിച്ചു കൊണ്ട് ചോദിച്ചത്

“പുഴുക്കലരിയുടെ ചോറല്ലെ..”

“അതെ..”ഞാൻ.

“ഹൊ... അതായിരുന്നൊ കാര്യം ” ഞാൻ ആശ്വാസം കൊണ്ടു.


പിന്നീടാണ് അതിന്റെ വേർതിരിവുകൾ മനസ്സിലാകുന്നത്. പച്ചരിച്ചോറിന് ‘ബാരിക്..’ എന്നാണ് പറയുന്നത്. പുഴുക്കലരിക്ക് ‘മോട്ട’ എന്നും. കുറേ ദിവസത്തിനു ശേഷം കഴിക്കുന്നത് കൊണ്ടാവും ഊണു നന്നായിരുന്നു. പക്ഷെ ആ മീൻ കറിയുടെ ഒരു ഉളുപ്പു മണം..! അതു മാത്രം പറ്റിയില്ല. വറുത്ത മീൻ മത്തിയായിരുന്നതു കൊണ്ട് വലിയ കുഴപ്പം തോന്നിയില്ല.

അവരോടു ചോദിച്ചു, ഇവിടെ മുറിയെങ്ങാൻ കിട്ടാനുണ്ടോന്ന്. അവർ പറഞ്ഞ മുറികൾ രണ്ടു മൂന്നെണ്ണം പോയി നോക്കി. പക്ഷെ നല്ല മുറികളാണെങ്കിലും എനിക്ക് തരാമെന്നു പറഞ്ഞ പതിനഞ്ചു ദിനാറിൽ നിൽക്കില്ല. അതു കൊണ്ട് പിന്നെയും അന്വേഷണം തുടർന്നു.

അപ്പുറത്തെ ബാർബർ ഷാപ്പിൽ കയറി (ക്ഷമിക്കണം. ബാർബർ ഷാപ്പെന്നു ഇവിടെ ആരും പറയില്ലാട്ടൊ. ഒക്കെ ഇപ്പോൾ ‘സലൂൺ’ ആണ്.)

അവിടെ രണ്ടു മലയാളികളായിരുന്നു ബാർബർമാർ.(വീണ്ടും ക്ഷമ ചോദിക്കുന്നു. ബാർബർ എന്നു പറഞ്ഞാൽ അവർ ചിലപ്പൊൾ കയ്യിട്ടം വക്കും. ‘ഹെയർ ഡ്രെസ്സർ’ എന്നാണ് ആധുനിക പേര്.)

നമ്മുടെ നാട്ടിലേപ്പോലെയുള്ള (പണ്ടത്തെ) ബാർബർ ഷാപ്പല്ലാട്ടൊ ഇവിടെ. ആ മലയാളികളെ പരിചയപ്പെട്ടപ്പോഴാണ് അതിലൊരാൾ എന്റെ തൊട്ടടുത്ത നാട്ടുകാരനാണെന്നു മനസ്സിലായത്. അയാളുടെ സഹായത്തോടെ ഒരു മുറി ശരിയാക്കി കിട്ടി.

മുറിയല്ലാട്ടൊ... മുറിയിൽ ഒരു ബെഡ്ഡിടാന്നുള്ള സ്ഥലം മാത്രം.

മാസം പന്ത്രണ്ട് ദിനാർ വാടക.

മുറി കാണണമെങ്കിൽ വൈകീട്ട് ഏഴു മണിക്ക് വന്നാൽ കാണിച്ചു തരാമെന്നു പറഞ്ഞു.

“ മുറി കാണേണ്ട ആവശ്യമൊന്നുമില്ല...!! അതു ഒരു തൊഴുത്തായാലും കിട്ടിയേ പറ്റൂ.... നാളെ കാലത്ത് ഞാൻ എന്റെ പെട്ടിയുമായി വരികയായി. എത്രയും വേഗം ആ ഈജിപ്തനുമായുള്ള പൊറുതി അവസാനിപ്പിച്ചെ മതിയാകു...” ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു.

അതു കൊണ്ട് അതിലെ തമസക്കാരെ കണ്ട് അതൊന്ന് പറഞ്ഞുറപ്പിച്ചു തരണമെന്നു ഞാൻ എന്റെ നാട്ടുകാരനെ ഏൽ‌പ്പിച്ചു. അങ്ങനെ വലിയ സന്തോഷത്തിലാണ് അന്നു കടയിൽ കയറിയത്. ഈജിപ്തനോട് വിവരം പറഞ്ഞെങ്കിലും പന്ത്രണ്ട് ദിനാറിന്റെ കാര്യം പറഞ്ഞില്ല. അത് പതിനഞ്ച് ദിനാർ തന്നെയെന്ന് നുണ പറഞ്ഞു.

അങ്ങനെ പിറ്റെ ദിവസം കാലത്ത് ബാഗും ഞാൻ കിടന്ന കിടക്കയും എടുത്ത് ഈജിപ്ത്കാരന്റെ കൂടെയുള്ള പൊറുതി അവസാനിപ്പിച്ച്, അവിടെയുള്ള കോൾഡ് സ്റ്റോറിലെ ആദ്യം പരിചയപ്പെട്ട മലയാളിയോട് വിവരം പറഞ്ഞപ്പോഴാണ് അയാൾ ഒരു സത്യം വെളിപ്പെടുത്തിയത്.

എന്നെ കടയിൽ കൊണ്ടാക്കിയതിനു ശേഷം ഈജിപ്തകാരൻ രണ്ടു മൂന്നു കൂട്ടുകാരുമായി മുറിയിൽ കയറിയാൽ പിന്നെ പുറത്തിറങ്ങാറില്ലത്രെ. ഭക്ഷണമെല്ലാം മുറിയിലേക്ക് പാഴ്‌സൽ വരുത്തി കഴിക്കും. രാത്രിയിൽ മാത്രമാണയാൾ കൂട്ടുകാരുമൊത്ത് പോകുന്നത്....!!

ഇതിനാണവൻ മാക്കറ്റ് ചെക്കിങ്ങിനെന്നും പറഞ്ഞ് എന്നെ കടയിൽ പൂട്ടിയിട്ട് മുഴുപ്പട്ടിണിയിൽ തനിച്ചാക്കി പോയിരുന്നത്. എനിക്കത് കേട്ടപ്പോൾ തോന്നിയ ദ്വേഷ്യത്തിന്, എന്താ പറയാ....! ഒന്നും പറയാനില്ല..!! അറിഞ്ഞു കൊണ്ട് അത്ര വലിയ പാപങ്ങളൊന്നും ചെയ്തതായി ഓർമ്മയില്ല. എന്നിട്ടും ദൈവംതമ്പുരാൻ എന്തിനാണാവൊ ഇങ്ങനെ പരീക്ഷിക്കുന്നത്....?

അർബാബ് ഉണ്ടാ‍യിരുന്നപ്പോൾ വാങ്ങിത്തന്ന പൊരിച്ച കോഴിക്കാലുകളിൽ ഒന്നു രണ്ടെണ്ണമെ ഓരൊ പ്രാവശ്യവും എനിക്ക് തിന്നാൻ കഴിഞ്ഞിരുന്നുള്ളു. ബാക്കിയത്രയും ഒരു ദയയുമില്ലാതെ ചവറ്റുകൊട്ടയിൽ തള്ളുകയായിരുന്നു.

‘പാവം, ആ കോഴികളുടെ ശാപമായിരിക്കും‘ ഇന്നീ പട്ടിണി വരുത്തിയത്....!!

പുതിയ മുറിയിൽ പുതിയ കൂട്ടുകാർ ജോലിക്ക് പോകുന്നതിനു മുൻപായിത്തന്നെ എത്തി. മുറി എന്നു പറഞ്ഞാൽ ഒരു കൊച്ചു മുറി. മൂന്നു നില കെട്ടിടത്തിന്റെ മുകളിലെ ടെറസ്സിൽ മരപ്പലക കൊണ്ട് അടിച്ചു കൂട്ടിയുണ്ടാക്കിയതാണ്. മൂന്നു ബെഡ്ഡിനുള്ള സ്ഥലമൊന്നുമില്ല. പിന്നെ വേണമെങ്കിൽ ഒരു ബെഡ്ഡു കൂടി ഞെക്കി ഞെരുങ്ങി ഇടാം. അതാണ് എനിക്കു തന്നത്. അത്രയും വാടക ഓരോരുത്തർക്കും കുറഞ്ഞു കിട്ടുമല്ലൊ. കൂടെയുള്ള രണ്ടു പേരും മലയാളികളും അടുത്ത നാട്ടുകാരും. അവരും കുറഞ്ഞ ശമ്പളക്കാർ തന്നെ.

വാടക കൂടാതെ മുറിയുടെ നികുതി, കറണ്ടിനും വെള്ളത്തിനും ഉള്ള ചാർജ്ജ് കൂടി നമ്മൾ അടക്കണം. അതുകൂടി കണക്കാക്കുമ്പോൾ പതിനഞ്ചു ദിനാറിൽ കൂടുതൽ വരും. അതു ശമ്പളത്തിൽ നിന്നും മുടക്കണം.

പുതിയ മുറിയിലെ താമസം കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടെങ്കിലും നല്ലവരായ രണ്ടു മലയാളികളോടൊപ്പമായതു കൊണ്ട് രസകരമായിരുന്നു. രാത്രിയിൽ മാത്രമാണ് ഞങ്ങൾ കണ്ടു മുട്ടിയിരുന്നത്.

വെളുപ്പിന് അഞ്ചു മണിക്കു തന്നെ അവർ എഴുന്നേറ്റ് കുളിച്ച് റെഡിയാകും. അരി മാത്രം വക്കും. ചോറ് പാത്രത്തിലാക്കി കുറച്ച് അച്ചാറും ഇട്ടാണ് കൊണ്ടു പോകുന്നത്. ആറര മണിക്കു അവരുടെ വണ്ടി വരും.


അവർ പോകുമ്പോഴും ഞാൻ എഴുന്നേറ്റിട്ടുണ്ടാവില്ല. എനിക്ക് ഒൻപത് മണിക്ക് കടയിൽ എത്തിയാൽ മതി. മുറിയിൽ നിന്നും ഒരു മിനിട്ട് നടക്കാനുള്ള ദൂരമേ ഉള്ളു. കടയിലെത്തിയിട്ടും വലിയ കാര്യമൊന്നുമില്ലല്ലൊ.

‘വെറുതെ പൂട്ടിയിടപ്പെടാനായി മാത്രം ഒരു കടയിൽ പോക്ക്....?!‘

ഈജിപ്ത്കാരനൊരുമിച്ച് വരാൻ കഴിയാത്തതു കൊണ്ട്, വരുന്നത് വരെ പുറത്ത് വെയിലും കൊണ്ട് അവനെ കാത്ത് നിൽക്കേണ്ട ഒരു അവസ്ഥ കൂടി വന്നു ചേർന്നു. ചിലപ്പോളവൻ പോത്തു പോലെ കിടന്നുറങ്ങിക്കളയും. എന്നിട്ട് പത്തിനും പതിനൊന്നിനും ഒക്കെയാവും അവന്റെ വരവ്. അതു വരെയും പുറത്ത് പൊരിയണ വെയിലും കൊണ്ട് വിയർത്തൊലിച്ച് ഞാൻ നിൽക്കും.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഇതു വരെ ഒരു രൂപ പോലും അയക്കാൻ കഴിഞ്ഞിട്ടില്ല. മാസത്തിൽ ഒരു ഫോൺ വിളി... ആഴ്ചയിൽ ഓരൊ കത്തുകൾ.. ഒരു കത്തയച്ചാൽ ഇരുപതു ദിവസം കൊണ്ടേ നാട്ടിൽ കിട്ടൂ.. അതിനു മറുപടി കിട്ടാൻ പിന്നെയും ദിവസങ്ങൾ..!

ഇവിടത്തെ കാര്യങ്ങളൊന്നും നാട്ടിൽ ആരോടും കത്തിൽ സൂചിപ്പിച്ചില്ല. ഭാര്യയോടു പോലും കടയിൽ കച്ചവടം കുറവായതു കൊണ്ടാണന്നേ പറഞ്ഞുള്ളു.

അന്നു കാലത്ത് കൂട്ടുകാരുടെ വർത്തമാനം കേട്ടാണ് ഞാൻ കണ്ണു തുറന്നത്.

ചോറ് പാത്രത്തിലാക്കിക്കൊണ്ടൊരിക്കയാണ് രണ്ടു പേരും. അച്ചാറു പാത്രം കാലിയായിരുന്നു. ആരുടെ കയ്യിലും ചില്ലറ ഒന്നും തന്നെ ഇല്ല. ഒരാൾ എഴുന്നേറ്റ് ചുമരിൽ തൂക്കിയിരുന്ന തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ആപ്പിൾ എടുത്ത് പുറത്തു വച്ചു.


“ ഇത് ഇന്നലെ ജോലി സ്ഥലത്ത് വച്ച് കിട്ടിയതാ.. ” എന്നും പറഞ്ഞ് അവനത് കഴുകി മൂന്നായി മുറിച്ച് ഓരോരുത്തർക്കും കൊടുത്തു. അവർ രണ്ടു പേരും കിട്ടിയ ആപ്പിൾ കഷണം തങ്ങളുടെ ചോറിനുള്ളിൽ പൂഴ്ത്തി പാത്രമടച്ച് പോകാൻ തെയ്യാറായി. എനിക്കൊന്നും മനസ്സിലായില്ല.


എന്റെ പങ്ക് ആപ്പിൾ കഷണം നീട്ടി ഞാൻ ചോദിച്ചു “ ഇത് ..?”

“ ഉച്ചക്ക് ചോറിൽ കുറച്ച് ഉപ്പും, പച്ചവെള്ളവും ചേർത്ത് കുഴച്ച് ഓരൊ ഉരുള വായിലിട്ടിട്ട് ഇതൊരു കടി കടിക്കുക. നല്ല ടേസ്റ്റാ.... !

നമ്മൾ ഗൾഫിലല്ലെ....? വില കൂടിയത് മാത്രമെ കഴിക്കാവൂ...!! ”


അവർ അതും പറഞ്ഞ് ചിരിച്ചും കൊണ്ട് മൂറി വിട്ടു. ഞാൻ ആപ്പിളും കയ്യിൽ പിടിച്ച് ചിരിക്കണൊ കരയണൊ എന്നറിയാതെ ആ ആപ്പിൾ കഷണത്തിലേക്കും നോക്കിയിരുന്നു...

അതെ... നമ്മൾ ഗൾഫിലല്ലെ....?

സ്വർണ്ണം വിളയുന്ന ഭൂമി...!

ഏവരുടേയും.... സ്വപ്നഭൂമി...!!!


ദിവസങ്ങൾ കഴിയവെ, ഒരു ദിവസം പിറകിലെ വാതിലിന്റടുത്ത് കസേരയിട്ടിരിക്കുമ്പോൾ റോഡിനപ്പുറത്തെ കടയിലെ വല്ലിപ്പൻ അവിടെയാകെ മണത്തു മണത്തു നടക്കുന്നതു കണ്ടു. ഞാനിരിക്കുന്ന വാതിലിന്റെ വലതു വശത്ത് റോഡ് സൈഡിൽ ഒരു ചെറിയ കുഴിയിൽ കറുത്ത നിറത്തിൽ വെള്ളം കിടക്കുന്നുണ്ടായിരുന്നു. ഞാനും അത് കണ്ടിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.

വല്ലിപ്പൻ വന്ന് അവിടെ മണപ്പിച്ചു കൊണ്ട് ആരോടെന്നില്ലാതെ എന്തൊ പറയുന്നുണ്ടായിരുന്നു. വല്ലിപ്പൻ താഴേക്കും മുകളിലേക്കും ഒക്കെ നോക്കി അവിടെമാകെ പരതി നടക്കുന്നു. അതു കഴിഞ്ഞ് അയാൾ തന്റെ കടയിലേക്ക് കയറിപ്പോയി.

ഞാനും അപ്പോഴാണ് ആ കിടക്കുന്ന വെള്ളം എങ്ങനെ വന്നുവെന്ന് ചിന്തിച്ചത്. ഇവിടെ മഴ പെയ്യുന്ന പതിവേയില്ലത്രെ...! പിന്നെങ്ങനെയാണ് ആ വെള്ളം അവിടെ കെട്ടിക്കിടക്കാൻ ഇടയായി...? ഒരു സംശയ നിവാരണത്തിനെന്നോണം ഞാൻ ചെന്ന് അടുക്കളയിലെ പൈപ്പ് തുറന്നിട്ടു. എന്നിട്ട് വാതിലിന്റടുത്ത് വന്ന് പുറത്തെ കുഴിയിലേക്കു നോക്കി.

അവിടെയതാ വെള്ളതിന് ഒരിളക്കം...!!?.

ബക്കറ്റിലെ വെള്ളത്തിന് തിരയില്ലെങ്കിലും,കുഴിയിലെ വെള്ളത്തിന് ഇപ്പോഴൊരു തിരയിളക്കം...!!

ഞാൻ സൂക്ഷിച്ചു നോക്കി..!!

കുഴി നിറഞ്ഞു നിറഞ്ഞ് വരുന്നു..!!!??

എന്റെ നെഞ്ചിലൂടെ ഒരു വെള്ളിടി വെട്ടി...!!!

ഓടിച്ചെന്ന് പൈപ്പടച്ചു. പിന്നെയും വന്നു നോക്കി.

അതെ...!?

അതു തന്നെ..!!!?

എന്റെ മൂത്രത്തിന്റെ കളറും ഈജിപ്ത്കാരന് തിളപ്പിച്ചു കൊടുക്കുന്ന കാപ്പിയുടെ കളറും കൂടി ചേർന്ന ഒരു കറുത്ത കളർ. അതിന്റെ ദുർഗ്ഗന്ധമാവും വല്ലിപ്പൻ മണപ്പിച്ചു നടന്ന് ഉറവിടം കണ്ടെത്താൻ ശ്രമിച്ചത്.

“എന്റീശ്വരാ.... നീ കാണിച്ചു തന്ന വഴി, നീ തന്നെ അടച്ചു കളഞ്ഞല്ലൊ..” ഞാൻ തലയിൽ കൈ വച്ചു കരഞ്ഞു പോയി.

“എടാ മണ്ടാ.. അന്നു നിന്റെ വിഷമം കണ്ടിട്ടല്ലെ തൽക്കാലം രക്ഷപ്പെടാനായി ഒരു വഴി കാണിച്ചു തന്നത്.. പക്ഷെ, അത് നീ സ്ഥിരമാക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല...” എന്റെ മനസ്സിലിരുന്ന് ആരൊ മന്ത്രിക്കുന്നതു പോലെ തോന്നി.

ഇനിയെന്തു വഴി....?


വെള്ളം കുടിച്ചു കഴിഞ്ഞ ഒരു പ്ലാസ്റ്റിക്കിന്റെ കുപ്പി അവിടെയുണ്ടായിരുന്നു.

തൽക്കാലം ഇതിലൊഴിച്ച് കാര്യം സാധിക്കാം..! നാളെ മുതൽ കുപ്പികൾ സംഘടിപ്പിക്കണം. രാത്രിയിൽ അവൻ കട തുറന്ന് എന്നെ പുറത്തു വിടുമ്പോൾ എടുത്തു ചവറ്റു കൊട്ടയിൽ നിക്ഷേപിക്കാം.

അന്നവൻ എട്ടു മണി ആയപ്പോഴേക്കും എത്തി കട തുറന്നു . അതോടെ ആളുകളും വാങ്ങാനെത്തിയിരുന്നു. ഒന്നു രണ്ടു പേർ വന്നിരുന്ന് അവനോട് സംസാരിച്ചിരിക്കെ അവർക്ക് കാപ്പി കൊടുക്കാൻ പറഞ്ഞു. ഞാൻ കാപ്പി തിളപ്പിക്കാനായി തിരിഞ്ഞതും അവർ വിലക്കി. തണുത്തതെന്തെങ്കിലും മതിയെന്നു പറഞ്ഞു.

ഈജിപ്ത്കാരൻ ഉടനെ മേശയിൽ നിന്നും ഒരു ദിനാർ എടുത്തു തന്നിട്ട് പെപ്സിയും ബിസ്ക്കറ്റും വാങ്ങിക്കൊണ്ടു വരാൻ എന്നെ പറഞ്ഞയച്ചു. പിറകിലെ വാതിൽ തുറന്ന് കുറച്ചപ്പുറത്തുള്ള സത്താറിക്കായുടെ കോൾഡ് സ്റ്റോറിലേക്ക് ചെന്നു.

നാലു പെപ്സിയും രണ്ടു മൂന്നു പാക്കറ്റ് ബിസ്ക്കറ്റും എടുത്തിട്ട് എത്രയെന്നു ചോദിച്ചു. സത്താറിക്ക അതൊന്നു നോക്കിയിട്ട് പറഞ്ഞു

“പാഞ്ചുറുപ്പിക ആട്ടണ...”

എന്റെ ഉള്ളൊന്നു കാളി....?

ഇതേതു നാടാണപ്പാ..? എന്ന മട്ടിൽ ഞാൻ എന്റെ കയ്യിലിരിക്കുന്ന ദിനാറിലേക്കും സത്താറിക്കാന്റെ മുഖത്തേക്കും മാറി മാറി നോക്കി.

‘പാഞ്ചുറുപ്പിക ആട്ടണ....!!?’

ബാക്കി അടുത്ത പോസ്റ്റിൽ.......