Monday 22 August 2022

നോവൽ. പെരുമഴയത്തൊരു വിരുന്നുകാരൻ..

നോവൽ
ബ്ലോഗിൽ ഒരു മുഴു നോവൽ ആരെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന് അറിയില്ല. പല ഭാഗങ്ങളായി പലരും പ്രസിദ്ധീകരിയ്ക്കാറുണ്ട്. അതിലൊന്നായിരുന്നു എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഈ നോവലും. ഒറ്റയടിയ്ക്ക് വായിയ്ക്കത്തക്ക രീതിയിൽ ഒരു പുനഃപ്രസിദ്ധീകരണത്തിനു മുതിരുകയാണ്, ഒരു പരീക്ഷണം നടത്തുകയാണ്. 
.നോവൽ പ്രേമികൾക്ക് സ്വാഗതം.
.
പെരുമഴയത്തൊരു വിരുന്നുകാരൻ


1.

ഒരു രക്ഷപ്പെടൽ.

“എനിക്ക് സങ്കടോന്നൂല്ല അമ്മെ...”
കട്ടിലിന്റെ തലയ്ക്കൽ ചാരിവച്ച തലയിണയിൽ ചാരിയിരുന്നു കൊണ്ട് ഗൌരി പറഞ്ഞത് ധാരയായി ഒഴുകുന്ന കണ്ണീരോടെയാണ്.
“പിന്നെ നീ കരയുന്നതെന്തിന്...?”
താഴെ കട്ടിലിൽ ചാരി ഇരുന്നു കൊണ്ട്  കരഞ്ഞു വീർത്ത മുഖവുമായിരിക്കുന്ന അമ്മ അതും പറഞ്ഞ് വിങ്ങിപ്പൊട്ടി.
“ആ പണ്ടാറക്കാലന്മാര് നശിച്ചു പോകത്തേയുള്ളു.”
അനിയത്തി നിർമ്മലയുടെ ദ്വേഷ്യം മുഴുവൻ ബാങ്കുകാരോടായിരുന്നു.
“നീ അവരെ എന്തിനാ പറയണെ.  മേടിച്ചാ കൊടുക്കാത്തേന് നമ്മളെത്തന്നെ പറഞ്ഞാ മതി..”
ഗൌരിക്ക് എല്ലാത്തിനോടും ഒരു മിതവാദി സമീപനമാണ്. ശത്രുക്കളോടു പോലും അവൾക്ക് വിദ്വേഷമില്ല. അനിയത്തി നിർമ്മലയെന്ന  ‘നിമ്മി’യെ ജിവനാണ്. വണ്ടിയിലിരുത്തി  മുറ്റത്തൊക്കെ കൊണ്ടു നടക്കുന്നത് അവളാണ്.
“എങ്ങനെ കൊടുത്തുതീർക്കാനാ... ഇക്കാലമത്രയും ചിലവു മാത്രമല്ലെ ഉണ്ടായുള്ളു. കിട്ടുന്നതിനേക്കാൾ കൂടുതൽ ചിലവു ചെയ്തിട്ടും എന്റെ മോള് രക്ഷപ്പെട്ടതുമില്ല.”
ഗൌരിയുടെ  സ്വാധീനമില്ലാത്ത കാലുകൾ തടവിക്കൊണ്ട് അമ്മ ആരോടെന്നില്ലാതെ പറഞ്ഞ്  മൌനം പൂണ്ടു.
ആ മനസ്സ് പഴയ സംഭവങ്ങളെല്ലാം ഒരു സിനിമാക്കഥ പോലെ നേരിൽ ഒന്നു കൂടി കണ്ടു.

പത്തു വർഷം മുൻപ്  ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗൌരിയുടെ  കാലിന് അസുഖം വന്നത്. അന്ന് സ്കൂളിൽ നിന്നും എടുത്താണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. പിന്നീടിന്നുവരെ ആ കാലുകൾ കൊണ്ട് നടക്കാൻ ഗൌരിക്ക് കഴിഞ്ഞില്ല. അവളുടെ അഛൻ ആശുപത്രികളായ ആശുപത്രികൾ മുഴുവൻ മകളേയും കൊണ്ട് നടന്നു. കയ്യിലുണ്ടായിരുന്നതും വിറ്റുപെറുക്കിയും ഒക്കെ ചികിത്സിച്ചിട്ടും മതിയാകാതെയാണ് വീടും പറമ്പും പണയപ്പെടുത്തിയത്. എന്നിട്ടും ഗുണമൊന്നും ഉണ്ടായില്ല. വായ്പ്പയെടുത്തതിനു ശേഷം ഒരു മാസത്തവണ പോലും തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. മകളേയും കൊണ്ട് നടന്നതിനാൽ ജോലിക്കു പോകാൻ കഴിയാതെ ഒരു കടയിലെ കണക്കെഴുത്തുകാരനായിരുന്ന അദ്ദേഹത്തിന്റെ ജോലിയും   നഷ്ടപ്പെട്ടിരുന്നു.  നിരാശനായ അദ്ദേഹം അവസാന അഭയമെന്ന നിലയിലാണ് അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ കൊണ്ടു നടന്നത്.

പിന്നെ  മന്ത്രവാദം. ഒന്നിനും മോളെ എഴുന്നേറ്റു നടത്തിക്കാനായില്ല. തന്റെ നിർബ്ബന്ധത്തിനു വഴങ്ങിയാണ്  ജ്യോത്സ്യന്റെ അടുത്തു പോയത്. അയാളാണ് ഇന്നത്തെ അവസ്ഥയിലേക്ക് ഞങ്ങളെ തള്ളിയിട്ടത്. ഗൌരിക്ക് ചൊവ്വാ ദോഷമുണ്ടെന്നും വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ വിധവയാകുമെന്ന ജ്യോത്സ്യവിധി അദ്ദേഹത്തിന്റെ ഹൃദയത്തെ തകർത്തു കളഞ്ഞു. അതിനു ശേഷമാണ് കൂനിന്മേൽ കുരുവെന്ന പോലെ ബാങ്കിന്റെ ജപ്തി നോട്ടീസ്സ് വന്നത്. അതോടെ പൂർണ്ണമായും തകർന്നു പോയ അദ്ദേഹം ഒറ്റക്കു രക്ഷപ്പെട്ടത് കുടുംബത്തിന്റെ നട്ടെല്ലു തകർത്തു...!!  ഹൃദയ സ്തംഭനമായിരുന്നു. അതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞു.

രണ്ടു കാലും തളർന്ന ഗൌരിയേയും, സാമ്പത്തിക പരാധീനത കാരണം പഠിത്തം അവസാനിപ്പിച്ച നിർമ്മലയേയും  കൊണ്ട്  ഈ അമ്മ എന്തു ചെയ്യാൻ...?
ഒരു തേങ്ങിക്കരച്ചിലിലാണ് ആ ചിന്തകൾ അവസാനിച്ചത്..
അമ്മയെ ആശ്വസിപ്പിക്കാനായി മക്കൾ രണ്ടു പേരും അമ്മയെ ചേർത്തു പിടിച്ചെങ്കിലും, അവർക്കും അമ്മയോടൊപ്പം കൂടാനെ കഴിഞ്ഞുള്ളു.

പട്ടിണി കിടക്കാതിരിക്കാൻ നിമ്മി  ഒരു ജോലിക്ക് ശ്രമിച്ചിരുന്നു. അടുത്ത പട്ടണത്തിലെ തുണിക്കടയിൽ സെയിത്സ് ഗേൾ ആയി പോയിരുന്നു. കിട്ടുന്ന കാശ് വണ്ടിക്കാശിനു പോലും തികയില്ല. പട്ടണത്തിൽ താമസിക്കാൻ അമ്മ സമ്മതിച്ചതുമില്ല.
പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ  കിടക്കുന്ന ഗൌരിക്ക് ഏതു  കാര്യത്തിനും അമ്മയില്ലാതെ പറ്റില്ല. അതുകൊണ്ട് ആരുടെയെങ്കിലും അടുക്കളപ്പണിക്കു പോലും പോകാൻ അമ്മയ്ക്കും കഴിഞ്ഞില്ല.

ബാങ്കിൽ നിന്നും ഉദ്യോഗസ്ഥർ വന്ന് ഒരാഴ്ച്ചുക്കുള്ളിൽ ജപ്തിയുണ്ടാകുമെന്നും, ജപ്തി കൂടാതെ കഴിക്കണമെങ്കിൽ എത്രയും വേഗം കുറച്ചു രൂപ ബാങ്കിലടച്ചേ തീരുവെന്നും ഓർമ്മപ്പെടുത്തിയിരുന്നു. അതിനും നിവർത്തിയില്ലാതെ വന്നപ്പോഴാണ് സ്ഥലം വിൽക്കുന്നതിനെക്കുറിച്ച് അവരോടു തന്നെ ചോദിച്ചത്. ഇതു വിറ്റാലും പലിശയും പലിശയുടെ പലിശയുമായിക്കഴിഞ്ഞ കടം തീർക്കാനുള്ള വക കിട്ടില്ലെന്നു തിർത്തു പറഞ്ഞത് അവരെ  തളർത്തി.

എല്ലാ വഴികളും അടഞ്ഞുവെന്നു തോന്നിയ ഒരു രാത്രിയിലാണ് അവർ ആ തീരുമാനമെടുത്തത്. അമ്മ പറഞ്ഞു.
“ഇനീപ്പൊ.. ഇതു വിറ്റ് കടം വീട്ടിയാലും നമ്മളെങ്ങോട്ടു പോകും മക്കളെ...?”
“ഇതു വിറ്റാലും കടം തീരില്ലെന്നല്ലെ അവരു പറഞ്ഞത്...?”
നിർമ്മല അമ്മയുടെ മടിയിൽ കിടന്നു കൊണ്ട് പറഞ്ഞു.
“എന്താമ്മെ നമ്മടെ ജീവിതം ഇങ്ങനെ ആയിപ്പോയത്...?”
കട്ടിലിൽ  ചാരിയിരിക്കുന്ന അമ്മയുടെ തലമുടിയിൽ വിരലുകൾ കോർത്തു കൊണ്ട് ഗൌരി പറഞ്ഞു. അമ്മയുടെ പനങ്കുല പോലത്തെ ഈ മുടി കണ്ടിട്ടാണത്രെ അഛൻ കെട്ടിയതെന്ന് ഒരു നിമിഷം അവളുടെ മനസ്സിലൂടെ കടന്നു പോയി.
“എന്തെങ്കിലും അടുക്കളപ്പണിയെടുത്ത് ജീവിക്കാന്നു വച്ചാലും ഗൌരിമോളെ എന്തു ചെയ്യും...?”

അത് ഗൌരിക്കും അറിയാം. താൻ കാരണമാണ് കുടുംബത്തിന് ഈ ഗതി വന്നതെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തന്റേത് ഒരു നാശം പിടിച്ച ജന്മമാണ്. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും തന്റെ കുടുംബത്തെ എങ്ങനെ രക്ഷപ്പെടുത്താമെന്നും പലപ്പൊഴും അവൾ ചിന്തിച്ചിട്ടുണ്ട്. അതിനും മറ്റൊരാളുടെ സഹായം വേണ്ടിവരുമെന്ന അവസ്ഥ അവളെ നിസ്സഹായ യാക്കി. അതു കൊണ്ടാണ് അമ്മയുടെ ആ നിർദ്ദേശം വന്നപ്പോൾ രണ്ടും കയ്യും നിട്ടി സ്വീകരിച്ചത്.
“എന്റെ മക്കളെ... അമ്മയ്ക്കിനി ജിവിക്കണോന്നില്ല. പക്ഷെ, നിങ്ങളെ തനിച്ചാക്കി അമ്മയ്ക്ക് പോകാനും വയ്യ....!”
ഹൃദയം തകർന്നു പറഞ്ഞ അമ്മയുടെ വാക്കുകൾ നിമ്മിയെ സ്തപ്തയാക്കിയെങ്കിലും  ഗൌരി പറഞ്ഞു.
“ഞാൻ റെഡിയാ അമ്മെ...! എന്നേ ഞാനതിനു തെയ്യാറായതാ.. ഒറ്റക്കു ഒന്നിനും കഴിയാത്തോണ്ടാ.. !!”
ഗൌരിയുടെ മറുപടി കേട്ട് അമ്മയും ഞെട്ടി. ഒരു മരണം അവളും  ആഗ്രഹിച്ചിരുന്നോ..?
ഗൌരി തുടർന്നു.
“പക്ഷെ, നിമ്മീനെ വേണ്ടാമ്മെ... അവളെങ്കിലും രക്ഷപ്പെടണം...!”
അതു കേട്ട് ചാടി എഴുന്നേറ്റ നിമ്മി പറഞ്ഞു.
“ വേണ്ടാ... നിങ്ങളില്ലാതെ എനിക്ക് ജീവിക്കണ്ടാ.. എനിക്കു ജീവിക്കണ്ടാ...!”
വളരെ ആവേശത്തോടെ നിമ്മി അതും പറഞ്ഞ് അമ്മയുടെ മടിയിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. അതു കേട്ട് അമ്മ പറഞ്ഞു.
“ജീവിയ്ക്കാനാണെങ്കിലും മരിയ്ക്കാനാണെങ്കിലും നമ്മളൊരുമിച്ചെയുള്ളു...!
മറ്റുള്ളോർക്ക് കടിച്ചു കീറാനായി എന്റെ മക്കളെ വിട്ടുകൊടുക്കില്ല ഞാൻ..!”
അമ്മയുടെ കൈ പിടിച്ച് മുത്തം കൊടുത്ത് ഗൌരി വിങ്ങിവിങ്ങിക്കരഞ്ഞു. മടിയിൽ കിടക്കുന്ന നിമ്മിയുടെ തലയിൽ വെറുതെ കോതിക്കൊണ്ട് അമ്മ കണ്ണീരൊഴുക്കി....
ആർക്കും ആരേയും സമാധാനിപ്പിക്കാൻ കഴിയാത്ത അവസ്ഥ....
ഒരു രക്ഷാകവചം അവരുടെ മുന്നിൽ തുറന്നില്ല....

പിറ്റേദിവസം അമ്മ നെൽ‌പ്പാടത്തിന്റെ അരികിലെ വരമ്പിലൂടെ അന്വേഷിച്ചു നടന്നു. അമ്മയ്ക്കറിയാമായിരുന്നു കർഷകർ നെല്ലിനടിക്കുന്ന മരുന്ന് കൈതക്കാടുകൾക്കിടയിൽ ഒളിപ്പിച്ചു വക്കാറുള്ളത്.  അന്വേഷണത്തിലൊടുവിൽ രണ്ടു കുപ്പികൾ കിട്ടി.  പൊട്ടിക്കാത്ത ഒരു കുപ്പിയും, പൊട്ടിച്ച് വളരെ കുറച്ച് മാത്രമെടുത്ത ഒരു കുപ്പിയും. രണ്ടുമെടുത്ത് സാരിയിൽ ഒളിപ്പിച്ച് വീട്ടിലെത്തി. അടുക്കളയിൽ കൊണ്ടുവച്ച നേരം നിമ്മിയെടുത്ത് നോക്കി. പിന്നെ ഒന്നു മണത്തു നോക്കി മൂക്കു ചുളിച്ചു.

പിന്നെ രാത്രിയാവാൻ കാത്തിരുന്നു....
സന്ധ്യ ആയതോടെ ആകാശം മേഘാവൃതമായിത്തുടങ്ങി....
ഇരുട്ടു വീണതും പതുക്കെ മഴ ചാറാൻ തുടങ്ങി.  ഇന്ന് തങ്ങളുടെ അവസാനദിവസമാണെന്ന് മൂന്നു പേരും മനസ്സാൽ തന്നെ തീരുമാനമെടുത്തിരുന്നതു കൊണ്ട് ആർക്കും വേവലാതിയൊന്നും ഇല്ലായിരുന്നു....
പോകുന്നതിനു മുൻപ് എന്തെങ്കിലും ചെയ്തുവക്കേണ്ടതുണ്ടോന്ന് മൂന്നു പേരും ആലോചിച്ചു നോക്കി. തങ്ങൾ ജീവിച്ചാലും മരിച്ചാലും ഇതെല്ലാം ബാങ്കുകാരു കൊണ്ടു പോകും. അതുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല. അഛൻ മരിച്ചതിനു ശേഷം ഒന്നു തിരിഞ്ഞു പോലും നോക്കാത്ത ബന്ധുക്കൾക്ക്...?
അടുത്തു  ഇടപഴകിപ്പോയാൽ എന്തെങ്കിലും സഹായം ചെയ്യേണ്ടി വരുമെന്നു പേടിച്ച് തിരിഞ്ഞു നോക്കാത്തവരെക്കുറിച്ച് എന്തു ചിന്തിക്കാൻ... ?
ഇല്ല ഒരാളു പോലുമില്ല ആശ്വാസത്തോടെ ഒന്നോർക്കാൻ...!

അയൽവക്കത്തെ കുസുമേച്ചിയേയും നാരായണി വല്ലിമ്മയേയും ഒർമ്മ വന്നു നിമ്മിയുടെ മനസ്സിൽ.  വല്ലപ്പോഴും പുറം ലോകവുമായുള്ള ബന്ധം അവരിലൂടെയായിരുന്നു.  തങ്ങളുടെ മരണത്തെക്കുറിച്ച് അറിയുമ്പോൾ നാരായണി വല്ലിമ്മ കുശുമ്പി ആണെങ്കിലും വാവിട്ട് കരഞ്ഞേക്കാം. പക്ഷേ കുസുമേച്ചി കരയില്ല..! ഇതല്ലാതെ മറ്റൊരു വഴി ഞങ്ങളുടെ മുന്നിൽ ഇല്ലാന്ന്, ഗൾഫിൽ ഭർത്താവിനൊപ്പം കഴിയുന്ന കുസുമേച്ചിക്ക് മനസ്സിലാകും....
വീണ്ടും മഴ ശക്തമാകാൻ  തുടങ്ങി.

അത്താഴത്തിനുള്ള ചോറ് ഒരു പ്ലേറ്റിലാക്കി അമ്മ കട്ടിലിന്റെ അടുത്ത് കൊണ്ടു വച്ചു....
ഗൌരിയെ കട്ടിലിൽ നിന്നും താഴെയിറക്കി കട്ടിലിന്റെ കാലിൽ ചാരിയിരുത്തി....
അമ്മയുടെ മറുവശത്തായി നിമ്മിയും വന്നിരുന്നു..
എന്തൊ.. നിമ്മിയുടെ മുഖം ആ നിമിഷം വരെ സ്വസ്തമായിരുന്നെങ്കിലും ഇപ്പോൾ വല്ലാതെ വലിഞ്ഞു മുറുകിയതു പോലെ.. അമ്മയും ഗൌരിയും അത് ശ്രദ്ധിച്ചതു കൊണ്ട് അവൾ മുഖം തിരിച്ചു കളഞ്ഞു....
അമ്മയും ഗൌരിയും പരസ്പ്പരം നോക്കി....
പിന്നെ അമ്മ നിമ്മിയുടെ മുഖം തന്നിലേക്ക് ബലമായി തിരിച്ചിട്ട് സാവധാനം ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഗൌരി കയറി ചോദിച്ചു.
“നിമ്മി മോളെ... മോൾക്കെന്തെങ്കിലും ധൈര്യക്കുറവുണ്ടോ...?”
“ഹേയ് ഇല്ല... !”
“പിന്നെന്താ മോളുടെ മുഖത്തിനൊരു മാറ്റം പോലെ...?” അമ്മയാണ്  ചോദിച്ചത്.
“ഒന്നൂല്ലാമ്മെ... ഒരു നിമിഷം ഞാനൊന്നു പതറീന്നുള്ളത് നേരാ...!
ഈ സുന്ദരഭൂമി കണ്ടു കൊതി തീർന്നില്ല. അതിനു മുൻപേ നമ്മുടെ മുന്നിൽ ആ കാഴ്ചകൾ കൊട്ടി അടക്കപ്പെടുന്നതെന്തെന്നു ഒരു നിമിഷം ചിന്തിച്ചു പോയി...! അതിനും വേണ്ടും എന്തു തെറ്റാ നമ്മളു ചെയ്തേ...!!?”
അതും പറഞ്ഞ് അമ്മയുടെ തോളിലേക്ക് ചാഞ്ഞ നിമ്മിയെ അമ്മ ചേർത്തു പിടിച്ചു.
ആശ്വസിപ്പിക്കാനായി അമ്മ പറയാൻ തുടങ്ങിയതാ....
“ഇനിയൊരു ജന്മമുണ്ടെങ്കിൽ.....”
“ വേണ്ട.. ഇനി ഇങ്ങനെയൊരു ജന്മം വേണ്ടാ..!!”
ഗൌരിയാണ് പൊട്ടിത്തെറിച്ചത്....

അപ്പോഴേക്കും മഴ കനക്കാൻ തുടങ്ങി. അമ്മ രണ്ടു പേരേയും ചേർത്തു പിടിച്ചിട്ട് പറഞ്ഞു.
“ഭക്ഷണം കഴിക്കുന്നതിനു മുൻപ് നമുക്ക് ഒന്നു പ്രാർത്ഥിക്കാം...”
നിമ്മിക്കത് തമാശയായാണ് തോന്നിയത്. അതു കൊണ്ടാണ്. ‘എന്തിനാ...?’ എന്ന ചോദ്യം വന്നത്.
അതിനു മറുപടി ആരും പറഞ്ഞില്ല. എല്ലാവരും കണ്ണടച്ച് തൊഴുതു പിടിച്ചു....
ഒരു നിമിഷം കഴിഞ്ഞ് കണ്ണു തുറന്ന് മൂന്നു പേരും പരസ്പ്പരം നോക്കി....
അമ്മ വിഷക്കുപ്പിയിൽ നിന്നും പകുതിയോളം ഒഴിച്ച് ചോറ് കുഴയ്ക്കാൻ തുടങ്ങി....
അതോടൊപ്പം രൂക്ഷഗന്ധം മുറിയാകെ നിറഞ്ഞു.
നിമ്മിയും ഗൌരിയും മൂക്ക് പൊത്തിപ്പിടിച്ചു.
പിന്നെ ചിന്തിച്ചു, എന്തിനാ ഈ മണം പൊത്തിപ്പിടിയ്ക്കുന്നേ. ഇതു മരണത്തിന്റെ ഗന്ധമല്ലെ. പിന്നെ അത്രയ്ക്കു രൂക്ഷത തോന്നിയില്ല.
ഗൌരി നിമ്മിയോടായി ചോദിച്ചു.
“നിമ്മീ.. മോളെന്താ പ്രാർത്ഥിച്ചെ...?”
“ ഞാൻ...  ഈ സീരിയലിലൊക്കെ കാണണപോലെ അവസാന നിമിഷം അമ്മേടെ കൃഷ്ണഭഗവാനോ, ചേച്ചീടെ ചോറ്റാനിക്കരമ്മയോ ആരെങ്കിലുമൊക്കെ പ്രത്യക്ഷപ്പെട്ട് നമ്മളെ രക്ഷിക്കണേന്ന്...!!”
അതും പറഞ്ഞ് നിമ്മി അമ്മയുടെ തോളിൽ ചാഞ്ഞ് ഉറക്കെ കരഞ്ഞു.
അവൾക്ക് പിന്നെ ആ കരച്ചിൽ പിടിച്ചു നിർത്താനായില്ല....
അനിയത്തിയുടെ കരച്ചിൽ ചേച്ചിയുടെ ധൈര്യവും ചോർത്തി...
അവളും കരയാൻ തുടങ്ങിയതോടെ അമ്മ ചോറ് കുഴയ്ക്കുന്നത് ഒരു നിമിഷം നിറുത്തി രണ്ടു പേരേയും മാറി മാറി നോക്കിയെങ്കിലും ആ മുഖത്തിന് ഭാവമാറ്റം ഒന്നുമുണ്ടായില്ല....
തികച്ചും ഗൌരവം പൂണ്ടിരുന്നു....!

കാറ്റു പിടിച്ച മഴയുടെ ആരവം പുറത്ത് ശക്തി പ്രാപിക്കുന്ന നേരത്ത്, ഉരുട്ടിയ ചോറുരുള രണ്ടു പേരുടേയും കൈകളിൽ പിടിപ്പിച്ച നേരത്ത്, രണ്ടു പേരുടേയും കരച്ചിലിനിടയിൽ അവർ ആ ശബ്ദം വ്യക്തമായി കേട്ടു....!
പുറത്ത് വരാന്തയിൽ ആരോ ഓടിക്കയറിയ പോലെ..!
"വീട്ടുകാരെ...” എന്നു വിളിച്ച പോലെ...!!
നിമ്മിയും ഗൌരിയും ഞെട്ടി, മുൻ‌വശത്തെ വാതിലിനു നേരെ കണ്ണു നട്ടു....!
വീണ്ടും ആ ശബ്ദം അവർ വ്യക്തമായി കേട്ടു.
“വീട്ടുകാരെ... പേടിക്കണ്ടാട്ടൊ.. ഒരു വഴിപോക്കനാ.... മഴ കാരണം കേറീതാ...!!?”
ആ ശബ്ദം തീരുന്നതിനു മുൻപേ നിമ്മി കയ്യിലെ ചോറ് പാത്രത്തിലേക്ക് ഇട്ട് എഴുന്നേറ്റ് വാതിക്കലേക്ക് ഓടി....!!?


 2                                                                              

പാതിരാവിലെ കഞ്ഞി...

വാതിൽക്കൽ ഓടിയെത്തിയ നിമ്മി വാതിൽ തുറക്കുന്നതിനു മുൻപ് ഒരു നിമിഷം തിരിഞ്ഞു നിന്നു. ആകാംക്ഷയോടെ തന്നെ നോക്കിയിരിക്കുന്ന അമ്മയും ചേച്ചിയും..!
കുറച്ചൊരു പരിഭ്രാന്തിയിൽ തന്നെയാണ് ഇരുവരും...!
വാതിൽ തുറക്കാനുള്ള നിമ്മിയുടെ ശ്രമത്തെ അവർ തടഞ്ഞില്ല.
കാറ്റു പിടിച്ച മഴയുടെ ഇരമ്പൽ ശക്തമായി...
അവൾ ധൈര്യത്തോടെ തന്നെ വാതിൽ തുറന്നു. തണുത്ത കാറ്റ് വെള്ളത്തോടൊപ്പം മുറിയിലേയ്ക്ക് ഇരച്ചു കയറി. ഇരുട്ടിലേയ്ക്കവൾ ഒരു നിമിഷം ശ്രദ്ധിച്ചിട്ടാണ് കയ്യെത്തിച്ച് പുറത്തെ വരാന്തയിലെ ലൈറ്റിട്ടത്. ലൈറ്റ് വീണതും നടക്കല്ലിനോട് ചേർന്ന തൂണിൽ ചാരിയിരുന്ന ആൾ പെട്ടെന്നു തിരിഞ്ഞു നോക്കി. നിമ്മിയെ കണ്ടതും അയാൾ എഴുന്നേറ്റു.
“മഴ മാറിയാൽ ഞാൻ പൊയ്ക്കോളാം മോളെ... നിങ്ങൾ കിടന്നോളു...”
അതും പറഞ്ഞയാൾ സാവധാനം അവിടെത്തന്നെ ഇരുന്നു. അയാൾ സ്വൽ‌പ്പം അവശനാണെന്ന് അയാളുടെ പ്രകൃതത്തിൽ നിന്നും നിമ്മി ഊഹിച്ചു.

അവൾ വാതിൽ തുറന്നിട്ടു തന്നെ അമ്മയുടെ അടുത്തേക്കു വന്നു. കുനിഞ്ഞിരുന്നിട്ട് പറഞ്ഞു.
“ അയാളെ അകത്തേക്ക് വിളിക്കട്ടെ അമ്മേ... വയസ്സായ ആളാ...”
അതുവരെ അമ്മയുടെ മടിയിൽ തലവച്ച് കിടന്ന് കരഞ്ഞിരുന്ന നിമ്മിയായിരുന്നില്ല അപ്പോൾ...!
മുഖം പ്രസന്നമായിരുന്നു...!
അമ്മ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും നിമ്മി എഴുന്നേറ്റ് വീണ്ടും വാതിലിനടുത്തെത്തി. തൂണിൽ തലയും ചാരി പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുന്ന അയാളെ നിമ്മി വിളിച്ചു.
“അമ്മാവാ... അകത്തേക്കു വരൂ... പുറത്തെ കാറ്റടി കൊള്ളണ്ട...”
“വേണ്ട മോളെ.. ഞാൻ വന്നിരുന്ന് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തണ്ട. നിങ്ങൾ കിടന്നോളു... മഴ മാറിയാൽ ഞാനങ്ങു പോകും...”
“ ഇതിലേ എവിടെപ്പോകാനാ...?”
അങ്ങനെയൊരു ചോദ്യം മനസ്സിലുണ്ടായിരുന്നില്ല. അറിയാതെ ചോദിച്ചു പോയതാണ്. കാരണം അതിലെ ആരും ഇപ്പോൾ വഴി നടക്കാറില്ല. കുറച്ചപ്പുറത്ത് കുളിക്കടവിൽ പാലം‌പണി നടക്കുന്നതുകൊണ്ട് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. പഴയതു പോലെ കടത്തുകാരൻ കണാരേട്ടനും ഈ നേരത്ത് അവിടെ കാണില്ല.

നിമ്മിയുടെ ചോദ്യം ഒരു നിമിഷം അയാളെ സ്തപ്തനാക്കി...!
താൻ എങ്ങോട്ടാണ് പോകുന്നത്...?
നടന്നു നടന്ന് എവിടെയോ എത്തിയിരിക്കുന്നു. അയാളിൽ നിന്നും മറുപടിയില്ലാത്തതുകൊണ്ട് അവൾ വീണ്ടും ക്ഷണിച്ചു.
“വരൂ.. അകത്തേക്കു വരൂ... ഈ കാറ്റടികൊണ്ട് വല്ല പനിയും പിടിക്കണ്ട..”
തന്റെ ആരുമല്ലെങ്കിൽ പോലും ഹൃദയ തന്ത്രികളിൽ എവിടെയോ കൊളുത്തിയിരിക്കുന്നു ആ വാക്കുകൾ...!
ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഇത്ര സ്നേഹത്തോടെയുള്ള നിമ്മിയുടെ ആ വിളി അമ്മയേയും ഗൌരിയേയും ഒരു നിമിഷം പരസ്പ്പരം നോക്കാൻ പ്രേരിപ്പിച്ചു. പരിചയമുള്ളവരോട് പോലും ഒരകലം സൂക്ഷിച്ച് പെരുമാറാറുള്ള നിമ്മിക്കെന്തു പറ്റിയെന്ന് രണ്ടു പേരും ഒരുപോലെ ചിന്തിച്ചു.

അവൾ വീണ്ടും അയാളെ ക്ഷണിച്ചു. ഇത്തവണ അയാൽ എഴുന്നേറ്റ് രണ്ടടി വച്ചിട്ട് ഒന്നു സംശയിച്ചു നിന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം അവൾ വീണ്ടൂം പറഞ്ഞു.
“കാറ്റടി അകത്തേക്കു കേറണു... വേഗം വരൂ....”
അയാൾ സാവധാനം അകത്തേക്കു കയറിയതും നിമ്മി വാതിൽ ചേർത്തടച്ച് സാക്ഷയിട്ടു. പിന്നെ തിരിഞ്ഞു നടന്ന് പഴയ സ്ഥലത്തു വന്നിരുന്നു. അയാൾ പരിസരം ഒന്നു വീക്ഷിച്ചിട്ട് അവരുടെ അടുത്തു വന്ന് അവരോടൊപ്പം നിലത്തിരുന്നു. അപ്പോഴേക്കും മൂക്കിൽ ഒരു വാട അടിച്ചത് അയാളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അയാൾ നാലു പാടും നോക്കിയെങ്കിലും ഒന്നും മനസ്സിലായില്ല. അപ്പോഴേക്കും നിമ്മി അമ്മയേയും ചേച്ചിയേയും ചൂണ്ടി പറഞ്ഞു.
“ ഇത് അമ്മ., ഇത്.. ന്റെ ചേച്ചി..”
അയാൾ രണ്ടു പേരേയും നോക്കി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിക്ക് യാതൊരു തിളക്കവുമില്ലായിരുന്നു.

എല്ലാവരും അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു...
നടന്നു ക്ഷീണിച്ച, ഏറെ നാളായി പട്ടിണി കിടന്ന ഒരു പാവം വയസ്സനെപ്പോലെ തോന്നി. താടി വടിച്ചിട്ട് മാസങ്ങളായിക്കാണും. മുഷിഞ്ഞ വസ്ത്രങ്ങൾ. നല്ല വണ്ണം നനഞ്ഞിരിക്കുന്നു. പത്തറുപത്തഞ്ചു വയസ്സു കാണുമായിരിക്കും. അമ്മ മനസ്സിൽ കണ്ടു. കുറച്ചു കഴിഞ്ഞ് അമ്മ ചോദിച്ചു.
“എവിടേക്കാ പോണേ...? ഇവിടെ ഇതിനു മുൻപൊന്നും കണ്ടിട്ടില്ലല്ലൊ...?”
അയാൾ ഇത്തിരി ഉമിനീരിനായി ഒരു നിമിഷമെടുത്തിട്ട് പറഞ്ഞു.
“ഞാൻ ഇവിടത്തുകാരനല്ല... ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതു കൊണ്ട്...!?”
പിന്നെ അയാൾക്ക് തൊണ്ടയിൽ സങ്കടം വന്നു  മുട്ടിയ പോലെ ഒന്നു നിറുത്തി. സ്വൽ‌പ്പ സമയത്തിനു ശേഷം അയാൾ തുടർന്നു.
“ഇന്ന് ഒത്തിരി നടന്നു. എവിടേക്കെന്നറിയാതെ നടന്നു... പട്ടണത്തിലായിരുന്നു ഇന്നലെവരെ... ഭക്ഷണമൊന്നും കഴിക്കാൻ കിട്ടിയില്ല. വീടുകളിൽ കയറി ചോദിക്കാൻ മെനക്കെട്ടില്ല.
ഇന്നത്തെ ദിവസം എനിക്ക് മറക്കാനാവില്ല....!
എന്തിനെന്നറിയാതെ വല്ലാത്തൊരു ശ്വാസം മുട്ടൽ...!
എന്തിനോടൊക്കെയോ, ആരോടൊക്കെയോ, അതോ എന്നോടു തന്നെയോ   ഉള്ള ദ്വേഷ്യം ഇന്നെന്റെ കൂടെ ഉണ്ടായിരുന്നു...”
പിന്നെ അയാൾ തല കുനിച്ചു പിടിച്ചിരുന്നു....

അയാൾ ഇന്നു ഭക്ഷണം കഴിച്ചിട്ടില്ലെന്ന തിരിച്ചറിവ് മൂന്നു പേർക്കും സങ്കടമായി. അമ്മക്കു പിറകിലെ വിഷച്ചോറ് നിറച്ച പാത്രത്തിലേക്ക് മൂന്നു പേരും നോക്കി. അയാളുടെ കൺ‌വെട്ടത്തു നിന്നും അമ്മ അതെടുത്ത് കട്ടിലിന്റെ അടിയിലേക്ക് മാറ്റിവച്ചു. അയാൾ വീണ്ടും തല ഉയർത്തി മണം പിടിക്കുന്നതു പോലെ അവിടെയാകെ പരുതി. അപ്പോഴാണ് കട്ടിലിന്റെ അടിയിലിരിക്കുന്ന ചോറ് പാത്രം കണ്ണിൽ പെട്ടത്. അയാൾ ചോദിച്ചു.
“നിങ്ങൾ ഊണു കഴിക്കായിരുന്നൂല്ലെ...? ഞാൻ വന്നതു കൊണ്ട് നിറുത്തിയതായിരിക്കും... ”
അതും പറഞ്ഞ് അയൾ മൂന്നു പേരേയും മാറി മാറി നോക്കി. പിന്നെ ചോദിച്ചു.
“ഒരു പിടി എനിക്കൂടെ തരോ....? ഇന്ന് ഒരു പിടി ചോറ് കഴിച്ചിട്ടില്ല...! പിന്നെ എവിടേക്കെന്നില്ലാത്ത ധൃതി പിടിച്ച നടപ്പും...!? ”
അതും പറഞ്ഞയാൾ ആ ചോറുപാത്രത്തിലേക്ക് ആർത്തിയോടെ നോക്കി.  ഗൌരി അതെടുത്ത്    തന്റെ പിറകിലേക്ക് മാറ്റി വച്ചത് അയാൾ കണ്ടു. അത് മനസ്സിലാക്കിയ ഗൌരി ഒരു ഭീതിയോടെ എല്ലാവരേയും നോക്കി. പെട്ടെന്ന് അമ്മ എഴുന്നേറ്റിട്ട് പറഞ്ഞു.
“ഞാൻ കുറച്ച് കഞ്ഞിയുണ്ടാക്കാം... ആ ചോറ് കഴിക്കണ്ട...”
അപ്പോഴേക്കും ചോറു പാത്രമെടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു ഗൌരി.

തന്റെ തലക്കു മുകളിലൂടെ ആ ചോറുപാത്രം ഗൌരി അമ്മക്കു കൈമാറിയപ്പോൾ അനുഭവപ്പെട്ട ഗന്ധം അയാൾ തിരിച്ചറിഞ്ഞിട്ടെന്നോണം, പെട്ടെന്ന് ആ പാത്രത്തിൽ കയറിപ്പിടിച്ചു. പാത്രം മൂക്കിന്റെ തുമ്പിൽ കൊണ്ടുവന്ന് മണപ്പിച്ചിട്ട് ഒരു ഭീതിയോടെ മൂന്നു പേരേയും മാറി മാറി നോക്കി. അമ്മയിരുന്നതിന്റെ പിറകിലിരുന്ന വിഷക്കുപ്പി അപ്പോഴാണ് അയാളുടെ കണ്ണിൽ പെട്ടത്. അതെടുത്ത് അതിന്റെ പേരു വായിച്ചിട്ട് അവരെ ഒന്നു കൂടി നോക്കി.  മൂവരും ഒന്നും ശബ്ദിക്കാൻ കഴിയാതെ, എന്തോ കഠിനമായ തെറ്റു ചെയ്ത, ഭീതി നിറഞ്ഞ മുഖത്തോടെ അയാളെ നോക്കിയിരുന്നു....!
എല്ലാം അയാൾ ഊഹിച്ചു കഴിഞ്ഞിരുന്നു....!

അയാൾ ഒന്നും ശബ്ദിച്ചില്ല. എഴുന്നേറ്റ് വാതിൽ തുറന്ന് മുൻ‌വശത്തെ വരാന്തയിലേക്ക് ഇറങ്ങി. എന്നിട്ട് മുറ്റത്തിറങ്ങി  മഴ നനഞ്ഞ് റോഡിന്റെ അപ്പുറത്ത് ചെന്ന് കയ്യിലിരുന്ന പാത്രത്തിലെ ചോറ് നെൽക്കണ്ടത്തിലേക്ക് തൂവിയെറിഞ്ഞു. അതോടോപ്പം വിഷക്കുപ്പിയും കണ്ടത്തിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ച് ഇറയത്ത് കയറി നിന്ന് ഓടിൻ പുറത്തു നിന്നും ഒഴുകി വരുന്ന എറവെള്ളത്തിൽ പാത്രം കഴുകി. അകത്ത് വാതിൽക്കൽ നിമ്മി നിന്നിരുന്നു....
കരയാൻ വിങ്ങി നിന്ന മുഖത്തോടെ നിമ്മി പാത്രം വാങ്ങി തിരിഞ്ഞു നടന്നു.

അയാൾ പഴയ സ്ഥലത്തു തന്നെ പോയി  നിലത്തിരുന്നു.  ഗൌരി അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ അടുക്കളയിലേക്ക് പോയിരുന്നു ഇതിനകം. അയാൾ ചോദിച്ചു.
“മോളുടെ പേരെന്താ..?”
“ഗൌരി..”
അപ്പോഴേക്കും നിമ്മി അടുക്കളയിൽ നിന്നും വന്ന് ഗൌരിയുടെ അടുത്തിരുന്നു. നിമ്മിയോടായി ചോദിച്ചു.
“മോളുടെ പേരോ..?”
“ഞാൻ  നിമ്മി..”
“അമ്മാവന്റെ പേരോ...?” ഗൌരിയാണത് ചോദിച്ചത്.
“ ഞാൻ മാധവൻ..”
പിന്നെ ആർക്കും ഒന്നും ചോദിക്കാനും പറയാനും ഇല്ലാത്തതു പോലെ നിശ്ശബ്ദമായിരുന്നു. കാലുകൾ നിവർത്തി വച്ച് മുട്ടുകാൽ തടവിക്കൊണ്ടിരുന്നു മാധവൻ. ഇന്നത്തെ നീണ്ട നടപ്പിൽ കാൽ തളർന്നു പോയിരിക്കുന്നു. അപ്പോഴാണ് അയാൾ ധരിച്ചിരിക്കുന്നത് മുഴുവൻ നനഞ്ഞു കുതിർന്നിരിക്കുകയാണല്ലോന്ന് രണ്ടു പേരും ശ്രദ്ധിച്ചത്. അകത്തു പോയി അഛന്റെ പഴയ ഷർട്ടും ലുങ്കിയുമെടുത്ത് കൊടുത്തിട്ട് നിമ്മി പറഞ്ഞു.
“ആ ഉടുപ്പൊക്കെ മാറിക്കോളൂ... ദ്  ഞങ്ങടെ അഛന്റെയാ...”
അയാൾ അതും വാങ്ങി ഇറയത്തിറങ്ങി. നനഞ്ഞത് പിഴിഞ്ഞ് വരാന്തയിൽ തന്നെ ഉണങ്ങാനിട്ടു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ കഞ്ഞിയുമായി വന്നു....
നാലു പാത്രങ്ങളും മുന്നിൽ നിരത്തി....
തൊട്ടടുത്ത് വന്നിരുന്ന് പാത്രങ്ങളിൽ കഞ്ഞി വിളമ്പി...
കഞ്ഞിയിൽ മോരും അച്ചാറും കലക്കിയിരുന്നു...
ആരും ഒന്നും ശബ്ദിച്ചില്ല. മൂകമായിരുന്ന് എല്ലാവരും കഞ്ഞി കഴിച്ചു. ആ കഞ്ഞിക്ക് അതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്വാദുണ്ടായിരുന്നുവെന്ന് മാധവൻ പറഞ്ഞത് മൂവരും തലകുലുക്കി സമ്മതിച്ചു...!!.

മഴ അപ്പോഴും ശക്തമായി പെയ്യുന്നുണ്ടായിരുന്നു...
പാത്രങ്ങളൊക്കെ കഴുകി വച്ച് നിമ്മിയും അമ്മയും കട്ടിലിന്റെ അടുത്ത് പഴയതു പോലെ വന്നിരുന്നു. ഗൌരിക്ക്  മുഖം കഴുകാനും മറ്റും നിമ്മി സഹായിക്കുന്നതു കണ്ടപ്പോൾ മാധവന് എന്തോ ഒരു സംശയം തോന്നാതിരുന്നില്ല. എങ്കിലും ചോദിച്ചില്ല. എല്ലാവരും വന്ന് വട്ടത്തിലിരിക്കുമ്പോഴാണ് മാധവൻ ഗൌരിയേ ചൂണ്ടി ചോദിക്കുന്നത്.
“ഈ കുട്ടിയ്ക്ക്...?”
അത്രയുമായപ്പോൾ നിറുത്തി. എന്നിട്ട് മറ്റുള്ളവരുടെ മുഖങ്ങളിൽ നിന്നും ഉത്തരം വായിച്ചെടുക്കാൻ ഒരു ശ്രമം നടത്തി. അതു കണ്ട് ഇടക്കു കയറി നിമ്മിയാണ് പറഞ്ഞത്.
“ചേച്ചിക്ക് രണ്ടു കാലിനും സ്വാധീനമില്ല. ഒൻ‌പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തളർന്നതാ....”
അവിടന്നു തുടങ്ങിയ ആ സംഭാഷണം ഇതു വരെയുള്ള അവരുടെ ജീവിതകഥയായിരുന്നു. ആത്മഹത്യയിൽ അഭയം തേടാൻ തുടങ്ങിയിടത്ത് മാധവൻ വന്ന കാരണം, അത്  പരാജയപ്പെട്ടിടം വരെ അമ്മയും നിമ്മിയും ഗൌരിയും കൂടി പറഞ്ഞവസാനിപ്പിച്ചു....

അപ്പോഴേക്കും മുജ്ജന്മ ബന്ധം പോലെ ഒരടുപ്പം മാധവനുമായി അവർക്ക് തോന്നിത്തുടങ്ങിയിരുന്നു...
എല്ലാം തുറന്നു പറയാൻ പറ്റിയ ഒരാളായി മാധവനെ അവർ കണ്ടെങ്കിൽ, മുങ്ങിത്താഴാൻ പോകുന്ന  ഈ വീട്ടിലേക്ക് എത്തിപ്പെടാനായിരുന്നോ താനും ഇന്നത്തെ ദിവസം ഈ നടപ്പത്രയും നടന്നതെന്നത് മാധവനേയും അത്ഭുതപ്പെടുത്തി....!!!
നര കയറിയ തന്റെ താടിയിൽ തടവിക്കൊണ്ടിരുന്ന മാധവന്റെ മനസ്സിൽ അപ്പോൾ എന്തായിരുന്നുവെന്ന് ആർക്കറിയാം.....!!??

3
മാധവൻ ഒരു പ്രവാസി.

                             ഒന്നും പറയാതെ താടിയിൽ തടവി ചിന്താമഗ്നനായിരിക്കുന്ന മാധവനെ അവർ മൂന്നു പേരും ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഇടയ്ക്കിടക്ക് അവർ മൂന്നു പേരും പരസ്പ്പരം നോക്കുന്നുമുണ്ട്. അപ്പോഴത്തെ നിശ്ശബ്ദതയെ തോൽ‌പ്പിച്ചു കൊണ്ട് പെട്ടെന്നൊരു  മിന്നലും ഇടിയും ഉണ്ടായത് എല്ലാവരേയും ഒന്നു നടുക്കി. തൊട്ടടുത്തെവിടെയോ ആണ് ഇടിവെട്ടിയതെന്ന് എല്ലാവർക്കും തോന്നി. ആ തോന്നൽ മാധവൻ തുറന്നു പറഞ്ഞു.
“അടുത്ത് എവിടേങ്കിലും ഏറ്റിട്ടുണ്ടാകും...”
അത് മതിയായിരുന്നു ആ നിശ്ശബ്ദതയെ മറി കടക്കാൻ.
ഗൌരി കട്ടിലിൽ പിടിച്ച് ഒന്നു നേരെ ഇരുന്നിട്ട് പറഞ്ഞു.
“ മാമൻ പറഞ്ഞില്ലേ, ഇന്നത്തെ ദിവസം മറക്കാനാവില്ലാന്ന്... ഇന്നെന്താ പ്രത്യേകത...?”
അതു കേട്ട് മാമൻ ഗൌരിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്തൊക്കെയോ ആലോചനയുടെ പുറത്ത് മാധവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. കണ്ണുകളിലെ തിളക്കം ഗൌരിയെ ഭയപ്പെടുത്താൻ തുടങ്ങിയപ്പോൾ അവൾ ‘മാമാ..’ എന്നു വിളിച്ചു. അതു കേട്ട് മാധവൻ ഒന്നു ഞെട്ടുകയും പരിസര ബോധം വീണ്ടെടുക്കുകയും ചെയ്തു. പിന്നെ എല്ലാവരേയും ഒന്നു മാറി മാറി നോക്കിയിട്ട് തലയും കുനിച്ചിരുന്നു.

വീണ്ടും ആലോചനയിലേക്ക് മാധവൻ വഴുതി വീണത് എല്ലാവർക്കും മനസ്സിലായി. എങ്കിലും ആരും ഒന്നും പറഞ്ഞില്ല. ഇടയ്ക്കെപ്പോഴോ തല ഉയർത്തി മാധവൻ ചോദിച്ചു.
“ഉറങ്ങണ്ടെ നിങ്ങൾക്ക്...?”
ഗൌരി പറഞ്ഞു.
“ഇല്യ മാമാ.. ഇന്നു ഞങ്ങൾക്ക് ഉറക്കമില്ല. ഈ ലോകം മുഴുവൻ ഉറങ്ങിയാലും ഞങ്ങൾക്ക് മാത്രം ഇന്നുറക്കമില്ല. മാമൻ വന്നില്ലായിരുന്നെങ്കിൽ ഇതിനകം ഞങ്ങൾ എല്ലാവരും നിത്യമായ ഉറക്കത്തിലേക്ക് പിടഞ്ഞു പിടഞ്ഞ് വീണിട്ടുണ്ടാകും...!!”
അതും പറഞ്ഞവൾ മൂവരേയും നോക്കി.

അമ്മയുടെ മുഖത്ത് ഒരു കുറ്റബോധം നിഴലിട്ടത് ഗൌരി കണ്ടു പിടിച്ചു...
അമ്മയെ തന്നോട് ചേർത്തു പിടിച്ച്, തികട്ടി വന്ന അമ്മയുടെ ഗദ്ഗതം തന്നിലേക്കു കൂടി ആവാഹിച്ചെടുത്തു ഗൌരി. അതു കണ്ട് നിമ്മി തന്റെ രണ്ടു കൈകളും വിടർത്തി അമ്മയേയും ചേച്ചിയേയും മുറുകെ പിടിച്ചു. അതു കണ്ട് മാധവന്റെ കണ്ണുകൾ ഈറനണിഞ്ഞു...

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം നിമ്മി ചോദിച്ചു.
“മാമാ... എന്തായിരുന്നു ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത..?”
മാമൻ തല ഉയർത്തി നിമ്മിയെ നോക്കി. കണ്ണുകൾ തുടച്ച് ഗൌരിയും നിർബ്ബന്ധിച്ചു.
“പറയൂ.. ഉറക്കമില്ലാത്ത ഈ രാത്രിയിൽ മാമന്റെ കഥ കൂടി കേൾക്കട്ടെ. എങ്ങനെ മാമൻ ഒറ്റപ്പെട്ടു പോയി...?”
മാമൻ എല്ലാവരേയും ഒന്നു കൂടി നോക്കിയിട്ട് പറഞ്ഞു.
“ഞാൻ ഒറ്റപ്പെട്ടൊന്നും പോയവനായിരുന്നില്ല. എല്ലാവരുമുണ്ടായിരുന്നു എനിക്ക്.. ഭാര്യ, മക്കൾ എല്ലാവരും...”
ഒരു നിമിഷം മാധവന്റെ ചുണ്ടുകൾ വിറകൊണ്ടു. കണ്ണുകൾ പെട്ടെന്ന് നിറഞ്ഞുവന്നതുകൊണ്ട് സംഭാഷണം മുറിഞ്ഞു.
പിന്നെ ഒരു നിമിഷം കഴിഞ്ഞ് വീണ്ടും പറഞ്ഞു.
“മക്കളെല്ലാവരും നല്ല നിലയിൽ കഴിയുന്നു...!”
ഗൌരി ഇടക്കു കയറി ചോദിച്ചു.
“പിന്നെന്തു പറ്റി മാമന്...?”
മാധവൻ ഗൌരിയുടെ മുഖത്ത് പുഛഭാവത്തിൽ നോക്കിച്ചിരിച്ചിട്ട് പറഞ്ഞു.
“നമ്മൾ വിചാരിക്കുന്നതും ചിന്തിക്കുന്നതുപോലൊന്നും ഈ ലോകം തിരിയില്യ മക്കളെ..!!”
അതും പറഞ്ഞ് മൂകമായിപ്പോയ മാധവനെ ഉണർത്താനായി ഗൌരി ചോദിച്ചു.
“എത്ര മക്കളാ മാമന്...?”
മാധവൻ തല ഉയർത്തി പറഞ്ഞു.
“മൂന്നു മക്കൾ.. രണ്ടാണും ഒരു പെണ്ണും. എളേതാ പെണ്ണ്...”

പിന്നെയും ചിന്തയിൽ മുഴുകി മൂകമായിരുന്ന മാധവന്റെ തോളത്ത് കൈ വച്ച് നിമ്മി പറഞ്ഞു.
“പറയൂ മാമാ... ഇനി ഞങ്ങള് കേട്ടാ വെഷ്മാണെങ്കി പറയണ്ടാട്ടോ...”
“അതോണ്ടല്ലാ മോളേ.... ഇതൊന്നും ആരും അറിയരുതെന്നു കരുതി ജീവിക്കുന്നവനാ ഞാൻ. വെറുതെ പല്ലിട കുത്തി നാറ്റിക്കണ്ടല്ലൊ...!”
അതിന്റെ അർത്ഥം മനസ്സിലാകാത്തതു കൊണ്ടോ  മറ്റോ നിമ്മി അമ്മയേയും ഗൌരിയേയും മാറി മാറി നോക്കിയിട്ട് മാമന്റെ മുഖത്തേക്ക് നോക്കിയിരുന്നു. എന്നിട്ട് ചോദിച്ചു.
“പല്ലിട കുത്തി നാറ്റിക്കാന്നു വച്ചാൽ ന്താ..?”
“എന്നു വച്ചാൽ അവനോനു തന്നെ നാറുമെന്ന്..” ആ പറഞ്ഞത് അമ്മയായിരുന്നു.

മാമൻ അമ്മ ലക്ഷ്മിയെ ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി.
“ഞാൻ വളരെ കാലമായിട്ട് ഗൾഫിലായിരുന്നു. എന്നു പറഞ്ഞാൽ പ്രവാസി...
വിവാഹത്തിനു മുൻപേ തന്നെ ഗൾഫിലെത്തി. പിന്നീടാണ് വിവാഹം കഴിച്ചത്. എല്ലാ രണ്ടു വർഷം കൂടുമ്പോഴും ഞാൻ നാട്ടിൽ വരും. അന്നൊക്കെ അതൊരു ഉത്സവമായിരുന്നു. കാലം അതിന്റെ എല്ലാ നിറപ്പകിട്ടോടെയും ആർത്തുല്ലസിച്ചു കടന്നു പോകവേ പൂമ്പാറ്റകളെപ്പോലെ മൂന്നു മക്കളേയും തന്നു. നിറയെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ചോക്ലേറ്റുകളുമായി വരുന്ന എന്റെ വരവും കാത്ത് അമ്മയും മക്കളും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും.

എത്രയും വേഗം രണ്ടു വർഷമാകാനും കൈ നിറയെ സാധനങ്ങൾ വാങ്ങാനും  ഞാനും എല്ലാം മറന്ന് എല്ലു മുറിയെ പണിയെടുക്കും. ഭാര്യക്കും മക്കൾക്കും വേണ്ടിയുള്ള വിശ്രമമില്ലാത്ത ജോലി ഒരു ഹരമായിരുന്നു...!
അതിലൊരു വിഷമമോ, മടുപ്പോ, ക്ഷീണമോ ഒരിക്കലും തോന്നിയിരുന്നില്ല...!
മറിച്ച് അതൊരു സുഖമായിരുന്നു....!!

എന്റെ ‘ദേവൂ’നേയും മക്കളേയും ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ ദേവു സ്നേഹത്തിന്റെ നിറകുടമായിരുന്നു. തനിക്കും മക്കൾക്കും വേണ്ടിയാണ് ഞാൻ ഗൾഫിൽ ഒറ്റക്കു കിടന്ന് കഷ്ടപ്പെടുന്നതെന്ന് ഓരോ കത്തിലും അവൾ എഴുതും. എന്നിട്ട് ഉപദേശിക്കും.
‘ദേഹം നോക്കണോട്ടോ... ഞാൻ അടുത്തില്ലാത്തോണ്ട് എങ്ങന്യാ അവിടെ കഴിയണേന്ന് ഒരു രൂപോല്യെനിക്ക്..”

അതു വായിക്കുമ്പോൾ എന്റെ കണ്ണുകൾ നിറയും...
ഞാൻ ഒറ്റക്കാണെന്നുള്ള ബോധം എന്നെ അലട്ടാറേയില്ല. ഏതു നേരവും ദേവൂം മക്കളും എന്റെ കൂടെയുണ്ടെന്നുള്ള തോന്നലായിരുന്നു. അതു കൊണ്ട് തന്നെ മറ്റു കൂട്ടുകാരേപ്പോലെ കിട്ടുന്ന സന്ദർഭങ്ങളിൽ പോലും ആർത്തുല്ലസിച്ചു നടക്കാൻ എനിക്ക് കഴിയാറില്ല. യാതൊരു ദുശ്ശീലങ്ങൾക്കും അടിമപ്പെടാതെ എന്റെ മക്കൾക്കു വേണ്ടി ഓരോ പൈസയും ഞാൻ ചിലവാക്കി.
മക്കളുടെ ആഗ്രഹങ്ങളായിരുന്നു ഞങ്ങൾക്കും.

ദേവൂന്റെ ശിക്ഷണത്തിൽ മക്കൾ എല്ലാവരും നല്ല നിലയിൽ തന്നെ വളർന്നു...
മൂത്തവൻ സിവിൽ എഞ്ചിനീയറായപ്പോൾ ഞങ്ങൾ വളരെ ആശ്വസിച്ചു. പെട്ടെന്നു തന്നെ അവന് ജോലിയും ലഭിച്ചു.   അന്ന് ഗൾഫിലെ ജോലി അവസാനിപ്പിച്ച് തിരിച്ചു വരാൻ ദേവു വല്ലാതെ നിർബ്ബന്ധിച്ചിരുന്നു. ഇനി നമ്മളുടെ മക്കൾ നോക്കിക്കോളുമെന്നു പറഞ്ഞായിരുന്നു അത്. എന്നാലും ഞാൻ മടിച്ചു. ഇളയവളുടെ കല്യാണത്തിനുള്ളതു കൂടി സംഘടിപ്പിച്ചിട്ട് വരാമെന്നായിരുന്നു എന്റെ പിടിവാശിയോടെയുള്ള തീരുമാനം...

കാലം കഴിയവേ അവളുടെ കല്യാണവും അതിഗംഭീരമായിത്തന്നെ നടത്തി...
 അതോടെ കാൽ നൂറ്റാണ്ട് ഗൾഫിൽ നിന്ന് സമ്പാദിച്ചത് മുഴുവൻ, മക്കളുടെ വിദ്യാഭ്യാസത്തിനും ബാക്കി മോളുടെ കല്യാണത്തിനും കൂടി ചിലവഴിച്ചതോടെ അസ്തമിച്ചിരുന്നു. രണ്ടാമത്തവൻ കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി കിട്ടിയപ്പോൾ ഞാനും ദേവൂം ഒരുപാടു സന്തോഷിച്ചു. ഗൾഫിൽ കിടന്ന് ഒറ്റക്കു കഷ്ടപ്പെട്ടതിനു ഫലമുണ്ടായല്ലോന്നോർത്ത്,  എന്റെ മക്കളൊന്നും പാഴായിപ്പോയില്ലല്ലോന്നോർത്ത് ദൈവത്തിനു നന്ദി പറഞ്ഞു.

ഇനിയെങ്കിലും തിരിച്ചു വന്ന് ഒരുമിച്ച് ജീവിക്കാമെന്ന ദേവൂന്റെ പരിദേവനങ്ങൾക്ക്  ചെവി കൊടുക്കാനായില്ല...
മോളുടെ കല്യാണത്തിനായി വാങ്ങിയ കുറച്ചു കടം കൂടിയുണ്ടായിരുന്നു വീട്ടിത്തീർക്കാൻ...
അപ്പോഴേക്കും ദേവു കിടപ്പിലായി...
അത് എനിക്ക്  വല്ലാത്തൊരു ഷോക്കായിരുന്നു...
ആയ കാലത്ത് ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല...
ഇനിയുള്ള കാലം നമ്മൾക്കൊരുമിച്ച് ജീവിക്കണമെന്ന എന്റെ ദേവൂന്റെ നിർബ്ബന്ധപ്രകാരം ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി...
അപ്പോഴേക്കും പ്രായം ഷഷ്ടിപൂർത്തിയോടടുത്തിരുന്നു...
കാൽ നൂറ്റാണ്ടോളം ഗൾഫിൽ ജീവിച്ചിട്ടും കയ്യിലൊന്നുമില്ലാതെയുള്ള ആ യാത്ര വേണ്ടായിരുന്നുവെന്ന് തോന്നിയപ്പോഴേക്കും ഗൾഫ് കൈവിട്ടു പോയിരുന്നു....!!
“എന്തു പറ്റി അമ്മാവാ..?”
നിമ്മിയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് മറുപടി പറയാതെ ഒരു നിമിഷം മൂകമായിരുന്ന മാധവൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു.
“ഇനി ഇതിവിടെ നിറുത്താം കുട്ടികളെ... എനിക്ക് വയ്യാ...”
“അതു പറ്റില്ല മാമാ... ഞങ്ങടെ ഒള്ള സമാധാനോം കൂടി പോയി....”
ഒട്ടും സമയം കളയാതെയുള്ള നിമ്മിയുടെ നിർബ്ബന്ധത്തിനെ പിന്താങ്ങിക്കൊണ്ട് ഗൌരിയുടെ
“പ്ലീസ് മാമാ... ബാക്കി കൂടി പറയൂ...” കൂടി ആയതോടെ മാധവൻ ഒന്നിളകിയിരുന്നിട്ട് വീണ്ടും പറയാൻ തുടങ്ങിയതും അമ്മ ലക്ഷ്മി ഇടപെട്ട് തടഞ്ഞു.
“നിൽക്കു.. ഞാൻ പോയി കുറച്ച് കട്ടൻ കാപ്പി ഇട്ടിട്ടു വരാം. എന്നിട്ടു മതി...”
അതും പറഞ്ഞ് ലക്ഷ്മി അടുക്കളയിലേക്ക് പോയി.

                                                                                   
4
ഒറ്റപ്പെടലിന്റെ വേദന...

നിമ്മി എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയിട്ടു വന്നപ്പോഴാണ് ഗൌരിക്ക് ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞത്. നിമ്മി അകത്ത് പോയി ഗൌരിയുടെ വണ്ടിയും തള്ളിക്കൊണ്ടു വന്ന് ഗൌരിയുടെ തൊട്ടടുത്ത് നിറുത്തി. നിമ്മിയേക്കാൾ വണ്ണമുണ്ട് ഗൌരിക്ക്. നിമ്മിയെടുത്താൽ പൊങ്ങില്ലെന്നാണ് മാധവനു തോന്നിയത്. പക്ഷെ, നിമ്മി കവച്ചു നിന്ന് കക്ഷത്തിൽ കൂടി കയ്യിട്ട് ഒറ്റ പൊക്കലിനു തന്നെ ഗൌരിയെ എടുത്ത് കസേരയിൽ ഇരുത്തിയത് മാധവനിൽ അത്ഭുതമായി. നിത്യാഭ്യാസം ആയതുകൊണ്ടായിരിക്കും നിമ്മിയ്ക്കത് നിഷ്പ്രയാസം കഴിഞ്ഞതെന്ന് മാധവന് മനസ്സിലായി. അവർ തിരിച്ചു വന്നപ്പോഴേക്കും ലക്ഷ്മി കട്ടൻ കാപ്പിയുമായി എത്തിക്കഴിഞ്ഞിരുന്നു.

പുറത്ത് മഴയുടെ ആരവത്തിന് ശമനം വന്നിരുന്നു. ഇടിമിന്നലുകൾ ഇടയ്ക്കിടയ്ക്ക് അകത്തേയ്ക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. തവളകൾ അങ്ങിങ്ങ് പേക്രോം പാടുന്നതോടൊപ്പം ചീവീടുകൾ ശക്തമായി ചൂളം വിളിച്ച് പരിസരം ശബ്ദമുഖരിതമാക്കിക്കൊണ്ടിരുന്നു. ചൂടു കാപ്പി ഊതി ഊതിക്കുടിച്ചു കൊണ്ട് മാധവൻ വീണ്ടും പറഞ്ഞു തുടങ്ങി.

“ഞാൻ വന്ന് അടുത്ത് നിന്നതോടെ ദേവൂന്റെ അസുഖമെല്ലാം മാറി. വീട്ടിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയതോടെ ഒരു കാര്യം എനിക്ക് മനസ്സിലായി. ആൺ‌മക്കൾ രണ്ടു പേരും ഒരകൽച്ച എന്നോട് കാണിച്ചിരുന്നു. മുൻ‌പും അവർ എന്തു കാര്യവും അമ്മ വഴിയാണ്  എന്നെ അറിയിച്ചിരുന്നത്. നേരിട്ട് ഒരു കാര്യവും എന്നെ അറിയിക്കില്ലായിരുന്നു.
ദേവു ആശുപത്രിയിൽ കിടന്നപ്പോഴാണ് എനിക്കത് വ്യക്തമായത്.
‘അമ്മ’ ഒരു വികാരമായി അവരുടെ മനസ്സിൽ എത്രമാത്രം പതിഞ്ഞിട്ടുണ്ടൊ അതിന്റെ നാലയലത്ത് പോലും അഛൻ ഇല്ലായെന്ന് എനിക്ക് ബോദ്ധ്യമായി. ഞാൻ എന്ന ഒരു ജീവി ആ കുടുംബത്തിൽ ഉണ്ടെന്നുള്ള ഒരു വിചാരം പോലും മക്കൾക്കില്ലെന്നു തോന്നി...!

എനിക്കത് എത്രമാത്രം മാനസ്സികാഘാതം സമ്മാനിച്ചുവെന്ന് എനിക്കു പോലും അന്നറിയില്ലായിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിൽ വന്നതിനു ശേഷമാണ് മക്കളുമായി ഒരു ഏറ്റുമുട്ടലിന്റെ പാതയിൽ ഞാനെത്തിയത്. വേണമെന്നു വിചാരിച്ചിട്ടല്ല. ഈ അവഗണന കണ്ട് സഹി കെടുമ്പോൾ അറിയാതെ എന്റെ ശബ്ദം പൊങ്ങിപ്പോകുന്നതാണ്.

‘അവരുടെ അമ്മയ്ക്ക് ഈ അസുഖം വരാൻ തന്നെ കാരണം ഞാനാണത്രെ...!
അവരുടെ ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണത്രെ  അമ്മ അനുഭവിക്കുന്ന സങ്കടം. എന്നും രാത്രിയിൽ അമ്മയുടെ നിശ്ശബ്ദ കരച്ചിൽ കണ്ടും കേട്ടുമാണ് അവർ ഉറങ്ങാറ്. അഛൻ അമ്മയേയും ഞങ്ങളേയും ഒറ്റയ്ക്കാക്കി പോയതിന്റെ മനോവിഷമമാണ് ഈ അവസ്ഥയിൽ അമ്മയെ എത്തിച്ചത്. ഒരു പ്രതിസന്ധി ഘട്ടത്തിലും അഛൻ കൂട്ടിനുണ്ടായിരുന്നില്ല. കുറേ പണം അയച്ചു തരുന്നതു മാത്രമാണൊ കുടുംബ ജീവിതം...!?’
ഇങ്ങനെ പോയി  അവരുടെ കുറ്റപത്രം...!

എന്നെ മനസ്സിലാക്കാത്ത മക്കളോടെനിക്ക് വല്ലാത്ത അമർഷം തോന്നി. അന്നെനിക്ക് ശരിക്കും പൊട്ടിത്തെറിക്കേണ്ടി വന്നു.
‘നിങ്ങൾ അമ്മക്കും മക്കൾക്കും വേണ്ടിയല്ലെ ഞാനവിടെ കഷ്ടപ്പെട്ടത്. അല്ലാതെ ഞാനവിടെ എന്റെ കാര്യം നോക്കി സുഖിയ്ക്ക്യായിരുന്നില്ലല്ലൊ.’ എന്റെ വാക്കുകൾക്ക് ദേവുവിന്റെ സപ്പോർട്ടുണ്ടായിരുന്നു. എങ്കിലും ഞങ്ങൾയ്ക്കിടയിൽ കിടന്ന് ശ്വാസം മുട്ടുന്നത് ദേവുവാണെന്നതു കൊണ്ടു തന്നെ പലപ്പോഴും ഞാൻ തന്നെ പിൻവാങ്ങി. അവളുടെ സങ്കടം കാണാൻ എനിയ്ക്കു വയ്യായിരുന്നു.
പക്ഷെ, എന്നെ മനസ്സിലാക്കാൻ മക്കളിൽ ഒരാളെങ്കിലും ഉണ്ടായത്  എനിക്കൊരാശ്വാസമായിരുന്നു.
അത് എന്റെ മോളായിരുന്നു.
മാധവൻ വീണ്ടും തുടർന്നു.
‘എന്റെ മോൾ പറയും, അമ്മ ഇവിടെ അഛനെ ഓർത്ത് രാത്രി കിടന്ന് കരയാറുണ്ടെങ്കിൽ അഛനും അങ്ങനെയായിരിക്കില്ലെ അവിടെ കഴിഞ്ഞിട്ടുണ്ടാകുക. നമ്മളാരും അതൊന്നും കണ്ടിട്ടില്ലല്ലൊ. അഛനതൊന്നും നമ്മളെ അറിയിച്ചിട്ടുമില്ല. അമ്മയ്ക്ക് നമ്മൾ മൂന്നു മക്കളും തൊട്ടടുത്തുണ്ടായിരുന്നു. അഛൻ മാത്രേ ഇല്ലാതിരുന്നുള്ളു. പക്ഷേ, അഛനോ..?
അഛന്റടുത്ത് ആരെങ്കിലുമുണ്ടായിരുന്നൊ..?  അതെന്താ നിങ്ങളോർക്കാത്തെ..?’

അത് കേൾക്കുമ്പോൾ എന്റെ കണ്ണു നിറയും. ഞാൻ പറയും, മോളെ അവരു പറയട്ടെ. അവർക്ക് പറയാനുള്ളത് കേൾക്കാൻ ഞാനുണ്ടായില്ലല്ലൊ ഇതുവരെ. അവരുടെ സങ്കടങ്ങളും പരിഭവങ്ങളും പറഞ്ഞോട്ടെ. അതിന്റെ പേരിൽ എന്റെ മക്കൾ പരസ്പ്പരം കുറ്റപ്പെടുത്തരുത്. നിങ്ങൾ എന്നും എപ്പോഴും ഏതുകാര്യത്തിനും ഒരുമിച്ചു തന്നെ നിൽക്കണം.

ഇതൊന്നും കേൾക്കാൻ ആൺ‌മക്കൾ നിൽക്കില്ല. കാരണം മോളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അവളോട് കെറുവിച്ചിട്ടാവും പോവുക. എങ്കിലും പലപ്പോഴും എനിക്ക് പൊട്ടിത്തെറിക്കേണ്ടി വന്നു. ഇതെല്ലാം കണ്ടും കേട്ടും മനസ്സു മരവിച്ച ദേവു വീണ്ടും കിടപ്പിലായി.

അവളുടെ നിർബ്ബന്ധപ്രകാരം ആൺ‌മക്കളുടെ രണ്ടു പേരുടേയും വിവാഹം ഒരേ പന്തലിൽ തന്നെ നടത്തി. അവർ  സ്നേഹിച്ച പെൺകുട്ടികളെ തന്നെയാണ് കല്യാണം കഴിച്ചത്. അവിടേയും അഛനെന്ന നിലയിൽ ഒരഭിപ്രായം പറയാനുള്ള അവസരം മക്കൾ തന്നില്ല...!
അതു കഴിഞ്ഞാണ് ദേവൂന്റെ നില കൂടുതൽ വഷളായത്.

ആശുപത്രിയിൽ നിന്നും മാറാതെ മക്കൾ മൂന്നു പേരും അടുത്തുണ്ടായിരുന്നു. അമ്മയുടെ കാര്യത്തിന് മക്കൾ ഒരു കുറവും വരുത്തിയില്ല.
എങ്കിലും ഞങ്ങളെ വിട്ട് അവൾ യാത്രയായി...!
അല്ല, എന്നെ തനിച്ചാക്കി അവൾ പോയിയെന്നു പറയുകയാവും ശരി...!”
അതു പറയുമ്പോൾ മാധവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

ആ രംഗം മനസ്സിൽ കാണുന്നതു കൊണ്ടാകും എന്തൊക്കെയോ വികാരങ്ങൾ, നിറഞ്ഞു വന്ന കണ്ണുനീർത്തുള്ളികൾ പുറത്തുപോകാതിരിക്കാനെന്നോണം പെട്ടെന്നു കണ്ണുകളടച്ചുപിടിച്ചിരിക്കുന്ന മാധവന്റെ മുഖത്ത് പ്രകടമായിരുന്നു. അതിൽ നിന്നും പരിസരബോധത്തിലേക്ക് തിരിച്ചു വരാൻ കുറച്ചു സമയമെടുത്തു. അത്രയും നേരം ആരും ഒരു ചെറു നിശ്വാസം കൊണ്ടു പോലും മാധവനെ ശല്യപ്പെടുത്തിയില്ല. വല്ലാത്തൊരു നിശ്ശബ്ദത അവിടെ തളം കെട്ടി നിന്നു. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുറന്ന് മാധവൻ എല്ലാവരേയും ഒന്നു നോക്കി.

 ഇട്ടിരുന്ന ഷർട്ടിന്റെ അടിവശം പൊക്കി കണ്ണുകൾ തുടച്ചു കൊണ്ട് മാധവൻ തന്റെ കഥ വീണ്ടും തുടർന്നു.
“അമേരിയ്ക്കയിലായിരുന്ന ഭർത്താവിന്റെ അടുത്തേക്ക് മകൾ കൂടി പോയതോടെ ശരിയ്ക്കും ഞാൻ ഒറ്റപ്പെട്ടു.  കാൽ നൂറ്റാണ്ടിലേറെ ഞാൻ ഒറ്റയ്ക്കായിരുന്നു ഗൾഫിൽ. അമ്മയും മക്കളും കൂടെയില്ലായിരുന്നുവെങ്കിലും എന്റെ മനസ്സിൽ അവർ എന്നോടൊപ്പം തന്നെയുണ്ടായിരുന്നു.

ഇവിടെ ഇപ്പോൾ എന്നോടൊപ്പം ആരുമില്ലാത്ത അവസ്ഥ...!
അവിടെ ഒന്നിനും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വന്നിട്ടില്ല...
ഇവിടെ ഞാൻ പണിതുയർത്തിയ ഈ വീട്ടിൽ അവസാന കാലത്ത് മക്കളുടെ മുൻ‌പിൽ കൈ നീട്ടി യാചിക്കേണ്ടി വരുന്ന അവസ്ഥ..!
ഒരിക്കലും ഒരു സ്വപ്നത്തിൽ പോലും അങ്ങനെ ഒന്ന് ഞാൻ കണ്ടിരുന്നില്ല...!!
ജീവിതത്തിൽ പറ്റിയ മണ്ടത്തരങ്ങൾ എന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്നത്  അന്നാദ്യമായി എനിക്ക് ബോദ്ധ്യമാവുകയായിരുന്നു...!!


                                                                                     
5
അഛനെന്ന  വിരുന്നുകാരൻ... 

ദിവസങ്ങൾ കഴിയവെ എന്റെ വീട്ടിൽ ഞാൻ ഒരധികപ്പറ്റായി മാറുകയാണെന്ന് തോന്നി. ഇളയ മകനും ഭാര്യയും കാലത്തെ തന്നെ ജോലിക്കു പോകും. അവർ രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ആ പരിചയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. മൂത്തവനും ജോലിയ്ക്കു പോയിക്കഴിഞ്ഞാൽ അവന്റെ ഭാര്യയും ഞാനുമാകും വീട്ടിൽ. അവൾക്ക് ജോലിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും നല്ല കാശൊള്ള വീട്ടിലേതാണ്. അതിന്റെ  കുറച്ച് അഹങ്കാരം കൂടിയുണ്ടായിരുന്നു അവൾക്ക്.

തുടക്കത്തിൽ എന്നോട് നല്ല രീതിയിലാണ്  പെരുമാറിയതെങ്കിലും പോകെപ്പോകെ അവളിലും അഹങ്കാരം മുളപൊട്ടി.  എന്നും അനിയനും അനിയത്തിക്കും കൂടി രാത്രി ഭക്ഷണം ഉണ്ടാക്കേണ്ടതു കൊണ്ട് അവളെ ഒരു വേലക്കാരിയെപ്പോലെ അനിയത്തി കാണുന്നില്ലേയെന്ന ചിന്തയും, ഞാനെന്തിന് ഈ കിളവന്റെ കാര്യം നോക്കി ഇവിടെ കഴിഞ്ഞു കൂടണമെന്ന ചിന്തയും പല ദിവസങ്ങളിലും എന്നെ പട്ടിണിയാക്കി. ഭർത്താവ് പോയിക്കഴിഞ്ഞാൽ പിന്നാലെ അവളും ഇറങ്ങും ബന്ധുവീടുകൾ കറങ്ങാൻ. അധികവും അനിയത്തിക്കിട്ട് പാരവയ്ക്കുകയാണ് ലക്ഷ്യമെങ്കിലും ഫലത്തിൽ എന്നെയാ‍ണത് ബാധിച്ചത്.

കയ്യിൽ ഒരു ചില്ലിക്കാശില്ലാതെ പുറത്തിറങ്ങി നടക്കുമ്പോഴാണ്  ഒരു വീട്ടിൽ പെയിന്റിംഗ് നടക്കുന്നത് കണ്ടത്. വിശന്നു വയറു പൊരിയുമ്പോൾ ചുമ്മാ കുത്തിയിരിയ്ക്കുന്നതിൽ കാര്യമിമില്ലല്ലൊ. കിട്ടുന്ന സാദ്ധ്യത ഉപയോഗപ്പെടുത്തുക.
അവർ ജോലി  ചെയ്യാൻ ആളില്ലാതെ വിഷമിച്ചിരിയ്ക്കുമ്പോഴാണ് എന്റെ കടന്നു ചെല്ലൽ. പെയിന്റിങ്ങിനൊന്നും പോയി എനിക്ക് പരിചയമില്ലെങ്കിലും ഞാനും അവരോടൊപ്പം കൂടി. താഴെ നിന്നുള്ള ജോലികളൊക്കെ ബുദ്ധിമുട്ടില്ലാതെ ചെയ്യാമെങ്കിലും മുകളിൽ കയറേണ്ടി വന്നപ്പോഴാണ് എന്റെ ശരീരം അതിനു വഴങ്ങുന്നില്ലെന്നു മനസ്സിലായത്.

സാധാരണ പ്രവാസികൾ കൊണ്ടുനടക്കാറുള്ള സ്വന്തമായ ചില സമ്പാദ്യങ്ങൾ എനിക്കുമുണ്ടായിരുന്നു...!
കുറച്ച് കൊളസ്റ്ററോൾ, കുറച്ച് ഷുഗർ, പിന്നെ കുറച്ച് പ്രഷർ കൂടാതെ സാമാന്യം തരക്കേടില്ലാത്ത നടുവേദനയും, പിടിവിടാതെ എന്നേയും കൊണ്ടേ പോകൂ എന്ന വാശിയിൽ കുറച്ച് അൾസറും കൂട്ടത്തിൽ ഉണ്ടായിരുന്നു.”
“അൾസറോ..”  ഗൌരിക്കത് മനസ്സിലായില്ല.
“അതെന്തു രോഗാ...?”
നിമ്മിയുടെ ആ ചോദ്യം ആർക്കും ആ രോഗത്തെക്കുറിച്ച് അറിയില്ലെന്ന് തോന്നിയതിനാൽ മാധവൻ തനിക്കറിയാവുന്നതു പോലെ  വിശദമാക്കി.
“ഭക്ഷണം നേരെ ചൊവ്വെ നേരത്തിനും കാലത്തിനും കഴിക്കാത്തോണ്ട് ഉണ്ടാകുന്ന രോഗമാണത്...”
“ഗൾഫിൽ മാമന് ഭക്ഷണമൊന്നും കഴിക്കാൻ പറ്റുന്നുണ്ടായില്ലെ...?”
ഗൌരിയാണത് ചോദിച്ചത്.
“ഇല്ലാഞ്ഞിട്ടല്ല. കൃത്യ സമയത്ത് കഴിക്കാൻ പല കാരണങ്ങൾ കൊണ്ടും കഴിയാറില്ല. മുറിയിൽ ചോറു വച്ചിട്ട് ഹോട്ടലിൽ നിന്നും കഴിക്കാൻ മനസ്സു വരില്ല. അങ്ങനെ കഴിയ്ക്കാൻ പോയാൽ വീട്ടിൽ എന്റെ കൊച്ചുങ്ങ്‌ള് പട്ടിണി കിടക്കേണ്ടി വരും. കുറച്ച് വൈകിയാലും മുറിയിൽ ചെന്നിട്ട് കഴിക്കാമെന്നു വിചാരിച്ച് പച്ചവെള്ളം കുടിച്ച് കഴിച്ചു കൂട്ടും.. അങ്ങനെ കുടൽ ഉണങ്ങും. പിന്നെ വൃണങ്ങൾ  ഉണ്ടാവും.  അൾസറിനും ഷുഗറിനും മരുന്നു കഴിച്ചു കണ്ടിരുന്നതാ.. ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോൾ മരുന്നൊക്കെ തീർന്നു. പിന്നെ ദേവൂന്റെ അസുഖത്തിനിടക്ക് എന്റെ കാര്യം ഞാനും മറന്നു.”

അതുകേട്ട് മൂവരുടേയും മുഖം മ്ലാനമായി.
"പിന്നെ ആ പണിക്ക് പോയോ...?”
നിമ്മിയുടെ ചോദ്യത്തോടൊപ്പം ലക്ഷ്മിയുടെ വക ഒരു ആത്മഗതം കൂടി പുറത്തുവന്നു.
“ജോലിയുള്ള രണ്ട് ആൺ‌മക്കളുണ്ടായിട്ടും...”
മാധവൻ വീണ്ടും പറഞ്ഞുതുടങ്ങി.
“ഞാൻ നിറുത്തിയില്ല. പിന്നേയും പെയിന്റ് പണി ചെയ്യാൻ പോയി. ആരുടെ മുന്നിലും കൈ നീട്ടി ശീലമില്ല. എന്റെ ഒരാളുടെ കാര്യം മാത്രം നടന്നാൽ മതിയല്ലൊ. ആ വീടിന്റെ പെയിന്റിങ് തീരുവോളം ഞാനുമുണ്ടായിരുന്നു..
അവസാനം നടുവേദന സഹിക്കാൻ വയ്യാതെ ആശുപത്രിയിൽ പോകാതെ തരമില്ലെന്നു വന്നു...

ആശുപത്രിയിൽ ചെന്നപ്പോഴാണ് തിരിച്ചറിയൽ കാർഡ് വേണമെന്നു പറഞ്ഞത്. അങ്ങനെയൊരു സാധനം ഇല്ലായിരുന്നു. ആകെയുണ്ടായിരുന്നത് പാസ്പ്പോർട്ടായിരുന്നു. അത് വീട്ടിലെത്തിയപ്പോൾ ദേവൂന്റെ കയ്യിലേൽ‌പ്പിച്ചതാണ്. പിന്നെ ഞാനത് കണ്ടിട്ടില്ല.
റേഷൻ കാർഡിലെ പേര് എന്നേ വെട്ടിക്കളഞ്ഞിരുന്നു...!
വോട്ടേഴ്സ് ലിസ്റ്റിലും പേരില്ലാതായിട്ട് കാലമെത്രയായി...!
ആ നാട്ടിൽ ആകെയുള്ള തിരിച്ചറിയൽ കാർഡ് എന്നു പറയുന്നത് ‘ദേവൂന്റെ ഭർത്താവ്’ എന്ന ലേബലായിരുന്നു...!
ദേവു പോയതോടെ ആ മേൽവിലാസവും ഇല്ലാതായി.

അങ്ങനെ ആശുപത്രിയിൽ നിന്നും നിരാശനായി പുറത്തിറങ്ങുമ്പോഴാണ് ഗേറ്റിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടുമുട്ടിയത്. അത് ഞാൻ പെയിന്റ് പണി ചെയ്ത വീട്ടിന്റെ ഉടമസ്ഥനായിരുന്നു. അയാളുടെ മകനായിരുന്നു അവിടത്തെ ഡോക്ടർ. അയാളോട് വിവരങ്ങൾ പറഞ്ഞപ്പോൾ സഹായിക്കാമെന്നേറ്റു. അയാളുടെ മകൻ വിശദമായിത്തന്നെ പരിശോധിച്ചു. സർക്കാരാശുപത്രിയല്ലെ. ടെസ്റ്റുകളൊക്കെ നടത്താൻ സൌകര്യമില്ലാതിരുന്നതുകൊണ്ട് പുറത്തേക്കെഴുതിത്തന്നു. എന്റെ രോഗങ്ങളൊക്കെ എനിക്കറിയാവുന്നതു കൊണ്ട് നടുവേദനക്കു മാത്രമുള്ള മരുന്ന് എഴുതിവാങ്ങി.
ഇനിയും ഇങ്ങനെ ജീവിച്ചിരിക്കാൻ എനിക്കാഗ്രഹമില്ലായിരുന്നു...
പക്ഷേ, സ്വയം മരിക്കാനും കഴിയില്ല.
എന്നാൽ വേദനിച്ചെങ്ങനെ കഴിയും...?

പക്ഷെ, ഞാൻ കൂലിപ്പണിയ്ക്ക് പോയതും സർക്കാരാശുപത്രിയിൽ പോയതും ഒക്കെ മക്കൾ രണ്ടു പേരുമറിഞ്ഞു. അവർക്കത് നാണക്കേടായത്രെ..! അവരുടെ ചോദ്യങ്ങൾക്കൊന്നും മറപടി പറയാൻ പോയില്ല. ഒരു വഴക്കിന് എന്തായാലും എനിക്ക് താൽ‌പ്പര്യമില്ലായിരുന്നു.

ഞാൻ പിന്നെയും ജോലിയ്ക്കു പോയത് മക്കളുമായി ഒരു  തുറന്ന യുദ്ധത്തിനു കാരണമായി. പെയിന്റു പണിയ്ക്കു പോകുന്നത് അവർക്ക് നാണക്കേടാണെന്നു പറഞ്ഞതാണ് എന്നെ  ചൊടിപ്പിച്ചത്. പിന്നെ, എനിക്കു പറയാനുണ്ടായിരുന്നത് മുഴുവൻ ഞാനും പറഞ്ഞു. ശബ്ദം പൊങ്ങിയതോടെ വഴി വക്കിൽ ആളുകൾ കൂടിത്തുടങ്ങി. സഹിക്കാനാവാതെ വന്ന ഒരു സന്ദർഭത്തിൽ ഞാനും പൊട്ടിത്തെറിച്ചു.
‘ഇതെന്റെ വീടാ.... ഒരു ജീവിതകാലം മുഴുവൻ മരുഭുമിയിൽ അദ്ധ്വാനിച്ചുണ്ടാക്കിയതാടാ ഞാനിത്... ഇവിടെ ഞാനെന്റെ ഇഷ്ടം പോലെ ജീവിക്കും....! നീയൊക്കെ ആരടാ എന്നെ ചോദ്യം ചെയ്യാൻ... മനസ്സില്ലാത്തവർക്ക്   ഈ വീട്ടീന്നു പോകാം...!!’
അതും പറഞ്ഞ് ഞാൻ നിന്ന് കിതച്ചു.  ശ്വാസം കിട്ടാതെ  നിലത്തേക്കിരുന്ന് നെഞ്ചുതടവി. പഴയ നെഞ്ചെരിച്ചിൽ ശക്തമായി വരുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു....”
“അങ്ങനെ തന്നെ വേണം...” നിമ്മിയും ഗൌരിയും ഒരേ സ്വരത്തിൽ പറഞ്ഞത് ലക്ഷ്മിയും സപ്പോർട് ചെയ്തെങ്കിലും  മാധവന്റെ തല താണുപോയത് മൂവരും ശ്രദ്ധിച്ചു.

മാധവൻ വീണ്ടും തുടർന്നു.
“മക്കൾ രണ്ടു പേരും പുലികളായത് അതിനു ശേഷമാണ്.
‘ഈ വീടും പറമ്പും ഞങ്ങ്ടെ അമ്മയുടെ പേരിലാ... അഛന് ഇതിനകത്ത് ഒരവകാശവുമില്ല. ഞങ്ങ്ടെ ജീവിതത്തിലെ ഒരു കാര്യത്തിലും ഈ അഛനെ കണ്ടിട്ടില്ല. എന്നിട്ടിപ്പോൾ അവകാശവും പറഞ്ഞ് വന്നിരിക്കുന്നു...!!’
അതുകേട്ടതും ഞാൻ തളർന്നിരുന്നു പോയി...

അവർ പറഞ്ഞത് വാസ്തവമായിരുന്നു. ഞാനും ദേവൂം ഒരുമിച്ചാണ് ആ വീടും പറമ്പും പോയിക്കണ്ട് അഡ്വാൻസ് കൊടുത്തത്. അന്ന് മൂത്ത മകൻ മാത്രമെ ഉണ്ടായിരുന്നുള്ളു. അവൻ കുഞ്ഞായിരുന്നു താനും. പിന്നീട് ആധാരം ചെയ്യുമ്പോളൊന്നും ഞാനിവിടെയില്ലായിരുന്നു. ദേവൂന്റെ പേരിലാ വാങ്ങിയത്.  പുതിയ വീട് പണിയുമ്പോഴും ഞാനില്ലായിരുന്നു. എന്റെ ഭാര്യ, എന്റെ മക്കൾ എന്നതിനപ്പുറം  എനിയ്ക്ക് എന്ന ഒരു ചിന്തക്ക് എന്റെ മനസ്സിൽ സ്ഥാനമുണ്ടായിരുന്നില്ല...
അത് എത്ര മണ്ടത്തരമായിപ്പോയീന്ന് ഇന്നിനി ചിന്തിച്ചിട്ട് കാര്യമില്ലല്ലൊ.
മക്കളൊക്കെ ഇങ്ങനെയായിത്തീരുമെന്ന് അന്നോർക്കാനാവില്ലല്ലൊ.....

പിന്നെ നാട്ടുകാർ ഇടപെട്ട് തൽക്കാലത്തേക്ക് ഞങ്ങളെ  ശാന്തരാക്കിയെങ്കിലും ഞങ്ങളിൽ എരിയാത്ത ഒരു കനലായി അതങ്ങനെ കിടന്നു.  എന്റെ നടുവേദന പിന്നേയും ഇരിക്കപ്പൊറുതി തന്നില്ല. മരുന്ന് കഴിക്കൽ നിറുത്തിയതു കൊണ്ട് വയറ്റിലെ അൾസർ പതുക്കെ തലപൊക്കിത്തുടങ്ങിയതിന്റെ ലക്ഷണമായി ഒരു നെഞ്ചെരിച്ചിൽ കൂടെക്കൂടെ വരുന്നുണ്ടായിരുന്നു. അതു ഞാൻ കാര്യമാക്കിയില്ല.
പക്ഷെ, നടുവേദനയുടെ കാര്യം മക്കളുടെ മുൻപിൽ അവതരിപ്പിക്കേണ്ടി വന്നു.
മക്കളതിന് ഒരെളുപ്പ വഴിയും കണ്ടെത്തി...
ശാശ്വതമായ ആ പരിഹാരം എനിക്കും സമ്മതമായിരുന്നു...
എത്രവന്നാലും ഞാനവരുടെ അഛനല്ലാതെ വരില്ലല്ലൊ...?
ആ സ്നേഹം മക്കൾക്കില്ലാതിരിക്കുമോ...?

6
ഭാഗ്യം കെട്ട മക്കൾ..

“അങ്ങനെ മക്കൾ തീരുമാനമെടുക്കാൻ ഒരു കാരണമുണ്ടായിരുന്നു.
അന്നത്തെ നാട്ടുകാരറിഞ്ഞ വഴക്കിനു ശേഷം സ്വന്തക്കാരും അയൽപക്കക്കാരും മറ്റും എന്റെ മക്കളെ വഴിവക്കിലും മറ്റും തടഞ്ഞു നിറുത്തി കാര്യം തിരക്കാനും ചോദ്യം ചെയ്യാനും തുടങ്ങി. അതൊക്കെ വലിയ നാണക്കേടാണ് അവർക്ക് വരുത്തി വച്ചത്. ഏതൊ ഒരു അയൽക്കാരനാണ് മൈസൂറിൽ പോയാൽ നടുവേദന മാറ്റാൻ കഴിയുമെന്ന് ഉപദേശിച്ചത്. ഞാനും അതംഗീകരിച്ചു. കാരണം ഞാനും കേട്ടിരുന്നു ഗൽഫിൽ വച്ച്. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കൾ മൈസൂറിൽ പോയി ആയൂർവേദ വൈദ്യന്റെ അടുത്ത് നിന്നും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അസുഖം ഭേദമായത് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു സിദ്ധനോ മറ്റൊ ആയിരുന്നു. നാട്ടിലെത്തിയാൽ എന്റെ നടുവേദനക്ക് അവിടെ പോകണമെന്ന് തീരുമാനിച്ചിരുന്നതാണ്.

പക്ഷെ, ഓരോ വരവിനും അതൊന്നും നടന്നില്ല. മക്കളുടേയും വീടിന്റേയും ഒരോരൊ കാര്യങ്ങൾക്കായി കാശൊക്കെ ചിലവാകും. എന്റെ കാര്യം അടുത്ത വരവിലേക്ക് മാറ്റിവയ്ക്കും.  ഇപ്പോൾ അക്കാര്യം മക്കൾ ഇങ്ങോട്ടു പറയുമ്പോൾ എനിയ്ക്ക് വലിയ സന്തോഷമാണ് തോന്നിയത്. മാത്രമല്ല ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്നതുപോലെ മറ്റൊരു കാര്യവും അതിലടങ്ങിയിരുന്നു.”
“അതെന്തു കാര്യമാ മാമാ...?”
ഒരു നിമിഷം പോലും വൈകാതെയുള്ള ചോദ്യം നിമ്മിയുടേതായിരുന്നു.
“പറയാം... അവസാന വഴക്കിനു ശേഷം ഞാനൊരു തീരുമാനമെടുത്തിരുന്നു. അത് നടപ്പിലാക്കാൻ പറ്റിയ സന്ദർഭം ഒത്തുവന്നതിലാണ് ആ യാത്ര എനിക്ക് സന്തോഷം തന്നത്.

മക്കളുടെ ഒഴിവുകൾ ഒത്തു വന്ന ഒരു ദിവസം മൂത്തവന്റെ വണ്ടിയിൽ രണ്ടു മക്കളും അവരുടെ ഭാര്യമാരും കൂടി ഒരുച്ച കഴിഞ്ഞ നേരത്ത് പുറപ്പെടാ‍ൻ നേരം  ‘ഞാനിപ്പൊ വരാം..’
എന്നു പറഞ്ഞ് വീടിന്റെ പിറകിലെ ദേവുവിനെ സംസ്കരിച്ച സ്ഥലത്തെ മൺകൂനയ്ക്കടുത്ത് പോയി ഒരു നിമിഷം  കണ്ണടച്ചു നിന്നു. പിന്നെ മനസ്സിൽ പറഞ്ഞു.
‘ദേവൂ... ഞാനിന്ന് നമ്മുടെ വീട്ടിൽ നിന്നും വിട പറയുകയാണ്. നിനക്കോ ഒരു ജീവിതം തരാൻ എനിയ്ക്കായില്ല. നമ്മുടെ മക്കൾക്കും നല്ലൊരു ജീവിതം കൊടുക്കാൻ കഴിയുന്നില്ല. എന്റെ സ്വഭാവം എനിയ്ക്ക് തന്നെ മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല ദേവൂ. നാളിതുവരെയായിട്ടും മക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ജീവിയ്ക്കാൻ എനിയ്ക്ക് കഴിയുന്നില്ല. അവരോടൊപ്പം ജീവിച്ച് നിനക്കല്ലെ പരിചയം. ഞാനിവിടന്ന് പോയാലെങ്കിലും നമ്മുടെ മക്കൾ  അവരുടെ ഇഷ്ടത്തിനനുസരിച്ച് സന്തോഷമായി ജീവിച്ചോട്ടെ. ഞാനൊന്നിനും ഒരു തടസ്സമാവില്ല. അസുഖം ഭേദമായാലും ഇല്ലെങ്കിലും  ഇനിയൊരു മടക്കയാത്ര ഉണ്ടാവില്ല. പഴയ നെഞ്ചെരിച്ചിലും മറ്റും കൂടെക്കൂടെ വരുന്നതു കൊണ്ട് എത്രയും വേഗം നിന്റടുത്തെത്തും ഞാൻ. ഇനി ഞാൻ പോകട്ടെ...’  പിന്നെ രണ്ടു തുള്ളി കണ്ണുനീർ വീഴ്ത്തി ഞാൻ തിരിഞ്ഞു നടന്നു.”

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് ഗൌരിയും നിമ്മിയും മാധവന്റെ രണ്ടു വശത്തുമായി തോളിൽ പിടിച്ചമർത്തി ഒന്നും മിണ്ടാതെ. നേരെ എതിർ വശത്ത് കട്ടിലിൽ തല വച്ച് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു ലക്ഷ്മി...
കുറച്ചു നേരം നിശ്ശബ്ദമായിരുന്ന മാധവൻ വീണ്ടും തുടർന്നു.
“ അന്ന് ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. ഇടക്ക് വണ്ടി നിറുത്തി ചായ കുടിക്കുകയും മറ്റും ചെയ്തിരുന്നു. ഏതാണ്ട് സന്ധ്യ ആയ നേരത്താണ് ഞങ്ങൾ കേരള അതിർത്തിയിൽ എത്തുന്നത്. രാത്രിയിൽ കാട്ടിനുള്ളിൽ കൂടിയുള്ള യാത്രയിൽ ഭക്ഷണം കിട്ടാൻ വഴിയില്ലെന്നു മനസ്സിലായതോടെ കേരള അതിർത്തിയിൽ തന്നെയുള്ള ഒരു ഇടത്തരം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ടാണ് യാത്ര തുടർന്നത്. നേരം വെളുക്കുമ്പോഴേക്കും മൈസൂറിൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.

സന്ധ്യ കഴിഞ്ഞതുകൊണ്ട് കാട്ടിനുള്ളിൽ ഇരുട്ട് കട്ട പിടിച്ചിരുന്നു. കോടമഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു. അകലേക്കുള്ള കാഴ്ചകൾ  ദൃശ്യമല്ലായിരുന്നു. കാട് പണ്ടും എനിക്ക്  ഒരുപാട് ഇഷ്ടമായിരുന്നു. എന്റെ തറവാട്ടിൽ രണ്ടുമൂന്ന് സർപ്പക്കാവ് എങ്കിലും ഉണ്ടായിരുന്നു. അതിനകത്തായിരുന്നു ഞങ്ങളുടെ കളികൾ അധികവും. തൂങ്ങിക്കിടക്കുന്ന വള്ളികളിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നതായിരുന്നു മറ്റൊന്ന്.

ഞാനിങ്ങനെ എന്റെ ചിന്തകളെ സർപ്പക്കാട്ടിൽ അലയാൻ വിട്ട് രസിച്ചിരിക്കുമ്പോഴാണ് എന്റെ മരുമക്കളിൽ ആരോ ഒരു കപ്പ് ഐസ്ക്രീം നീട്ടിയത്. സാധാരണ ഞാനിതൊന്നും കഴിക്കാറില്ല. അപ്പോഴത്തെ ഒരു മൂടിന് ഞാനത് വാങ്ങിക്കഴിച്ചു. വണ്ടിയുടെ വെളിച്ചത്തിൽ വളുവുകൾ തിരിയുമ്പോൾ  റോഡിനോട് ചേർന്നുള്ള വന്മരങ്ങളും കാട്ടു വള്ളികളും മറ്റും കാണാൻ കഴിയുമായിരുന്നു. ചെറിയതായി മയങ്ങിപ്പോകുന്നതിനിടക്കും എന്റെ ചിന്തകൾ പഴയ സർപ്പക്കാട്ടിലെത്തി.

എല്ലാ വർഷവും നൂറും പാലും കൊടുക്കും. അതിനായി പ്രത്യേകം ഒരു നമ്പൂതിരി വരുമായിരുന്നു. ഞങ്ങൾ കളിച്ചു നടക്കണ സ്ഥലമായതുകൊണ്ട് അവിടമാകെ വൃത്തിയായിരുന്നു. അതു കാണുമ്പൊഴേ നമ്പൂതിരി പറയും സർപ്പക്കാവാണ്, അത് അശുദ്ധമാക്കിയിടരുത് ഒരിക്കലും. കാർന്നോന്മാർ ഉടനെ ഞങ്ങളെ ചീത്ത പറയും. അതുകേട്ട് ഞങ്ങൾ ഓടും. എന്നാലും അവർ പോയിക്കഴിഞ്ഞാൽ ഞങ്ങളുടെ കളികൾ അതിനകത്തു തന്നെ.

എത്രയോ തരം കിളികളായിരുന്നുവെന്നോ അതിനകത്ത് കൂടു കൂട്ടി വസിച്ചിരുന്നത്. പാമ്പിൻ പുറ്റുകൾ അനവധി ഉണ്ടായിരുന്നു അതിനകത്ത്. അതിനൊന്നും ഞങ്ങൾ ഒരു ശല്യവും ഉണ്ടാക്കിയിരുന്നില്ല. സർപ്പാക്കാവിലെ പാമ്പുകൾ ഉപദ്രവിക്കില്ലാന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ പാമ്പുകളേയോ പാമ്പ് ഞങ്ങളേയോ ഒരിക്കൽ പോലും ഉപദ്രവിച്ചിട്ടില്ല. എന്നാൽ പലപ്പോഴും തൊട്ടടുത്ത് കണ്ടിട്ടുമുണ്ട്. അപ്പോൾ ഞങ്ങൾ അനങ്ങാതെ നിന്നാൽ മതി. അത് അതിന്റെ വഴിക്ക് പൊക്കോളും...

ഒരിക്കൽ കിളിക്കൂട്ടിൽ നിന്നും മുട്ട എടുക്കാനായി ഞങ്ങൾ വള്ളിയിൽ തൂങ്ങിപ്പിടിച്ച് പിന്നാലെ പിന്നാലെയായി  മുകളിലേക്ക് കയറുകയായിരുന്നു. ഏറ്റവും മുകളിലെത്തിയവൻ വള്ളിയാണെന്നു കരുതി കയറിപ്പിടിച്ചത് ഒരു വലിയ പാമ്പിന്റെ ശരീരത്തിലായിരുന്നു. ‘അയ്യോ.. പാമ്പ്..’ ന്നും പറഞ്ഞവൻ പിടിവിട്ട് താഴേക്ക് ഊർന്നിറങ്ങി. അതോടൊപ്പം തൊട്ടു പിന്നാലെയുണ്ടായിരുന്നവരും പിടിവിട്ടു. ഏറ്റവും ചെറിയവനായ ഞാൻ എറ്റവും പിറകിലായി കയറുന്നതേ ഉണ്ടായിരുന്നുള്ളു. എല്ലാം കൂടി ഇരിക്കക്കുത്തായി മീതേക്കു മീതെയായി താഴെയെത്തിയത് എന്റെ മുകളിലായിരുന്നു...!!
എല്ലാവരും കൂടി എന്നെ എടുത്ത് സർപ്പക്കാവിനു പുറത്തേക്ക് ഓടി.

അതെന്റെ ഓർമ്മയിൽ വന്നതും ഞാനറിയാതെ ചിരിച്ചു പോയി...
പെട്ടെന്നാരൊ വിളിച്ചതു പോലെ....
എന്റെ കണ്ണുകൾക്ക് വല്ലാത്ത ഭാരം തോന്നി...
എന്റെ  ചിരി കണ്ട് മക്കളാരെങ്കിലും വിളിച്ചതായിരിയ്ക്കുമെന്നു കരുതി ഞാനെന്തോ പറഞ്ഞു.
പക്ഷെ, ശബ്ദം പുറത്തു വന്നില്ല...
നാക്കിനു വല്ലാത്ത കട്ടിയോ കുഴച്ചിലോ തോന്നി...
പറയുന്നതൊന്നും തിരിയുന്നില്ലെന്ന തോന്നൽ....
ഞാൻ കണ്ണു തുറക്കാനും അനങ്ങാനുമൊക്കെ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒന്നിനും കഴിയുന്നില്ല. പിന്നെയും ഞാനതിനു ശ്രമിച്ചിട്ടും നടക്കാതെ വന്ന നേരത്താണ് പെട്ടെന്ന് മുഖത്ത് തണുത്ത വെള്ളം വന്നു വീണത്...
അതോടെ  ഞാൻ കണ്ണു തുറന്നു...
വെപ്രാളപ്പെട്ടു നോക്കുമ്പോൾ പരിചയമുള്ള മുഖങ്ങൾ ഒന്നും ആയിരുന്നില്ല എന്റെ ചുറ്റും നിന്നിരുന്നത്....
വെറും മണ്ണിലാണ് കിടക്കുന്നതെന്നു മനസ്സിലാക്കാൻ പിന്നെയും കുറച്ചു സമയമെടുത്തു...
ഞാൻ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുമ്പോൾ തല നേരെ നിൽക്കുന്നില്ലെന്നു തോന്നിയിട്ടാവും ആരൊക്കെയോ കൂടി താങ്ങിപ്പിടിച്ചിരുത്തിയത്....
അപ്പോഴാണ് വലിയൊരു മരത്തിന്റെ ചുവട്ടിലാണ് കിടക്കുന്നതെന്നും എന്റെ മക്കളോ, അവരുടെ കാറൊ അവിടെയെങ്ങുമില്ലെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുന്നത്....!!”

അതു കേട്ടതും നിമ്മിയും ഗൌരിയും ‘അയ്യൊ മാമാ..’ന്നു പറഞ്ഞ് കണ്ണൂമിഴിച്ച് സ്വന്തം വായ തന്നെ പൊത്തിപ്പിടിച്ചു. അവരെ സമ്പന്ധിച്ചിടത്തോളം അവിശ്വസിനീയമായ ഒരു വാർത്തയായിരുന്നു അത്. കുറച്ചു നേരത്തേക്ക് മാധവനും കഥ തുടരാൻ കഴിഞ്ഞില്ല. നിറഞ്ഞൊഴുകിയ കണ്ണുകൾ ഷർട്ടിന്റെ അടിവശം പൊക്കി തുടച്ചു കൊണ്ടിരുന്നു. എത്ര തുടച്ചിട്ടും വറ്റുന്നതായിരുന്നില്ല ആ കണ്ണുനീർ. മനസ്സിലെ സംഘർഷം അത്ര ശക്തമായിരുന്നതിന്റെ തെളിവാണാ കണ്ണുനീരെങ്കിലും മാധവൻ പക്ഷെ കരയുന്നുണ്ടായിരുന്നില്ല.
പിടിച്ചിട്ടും നിൽക്കാതെ ഗൌരി വാവിട്ടു കരയാൻ തുടങ്ങി...
അതുകേട്ട് നിമ്മിയ്ക്കും പിടിച്ചു നിൽക്കാനായില്ല...
“സ്വന്തം മക്കൾ അഛനെ...! അതും ആ കൊടും കാട്ടിൽ...!!?”
അതും പറഞ്ഞ് അവളും ഉറക്കെ കരയാൻ തുടങ്ങിയതോടെ ലക്ഷ്മി എഴുന്നേറ്റ് അകത്തേക്ക് പാഞ്ഞു...
അവർ കട്ടിലിൽ ചെന്നു വീണു...

എല്ലാം ഒന്നടങ്ങിയതോടെ ഗൌരി പറഞ്ഞു.
“നമ്മുടെ പ്രശ്നങ്ങൾ ഒന്നുമല്ല നിമ്മി.. ”
എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.
“ഈ ലോകത്ത് എന്തൊക്കയാ ഈശ്വരാ നടക്കണത്..!”
മാധവന്റെ തോളിൽ കൈ വച്ചമർത്തി നിമ്മി പതുക്കെ  പറഞ്ഞു.
“പാവം മാമൻ..”
പിന്നെ നിമ്മി എഴുന്നേറ്റിട്ട് പറഞ്ഞു.
“ഞാൻ ചായ ഇട്ടിട്ടു വരാം..”
അവൾ അടുക്കളയിലേക്ക് പോകുന്നതിനു മുൻപ് അകത്തു പോയി അമ്മയെ എഴുന്നേൽ‌പ്പിച്ചിട്ടാണ് പോയത്...
നിമ്മി ചായയുമായി വന്നപ്പോഴേക്കും കോഴി കൂവുന്നതു കേട്ടു...
കരച്ചിലിനൊടുവിൽ എല്ലാവരും  ഫ്രഷായിക്കഴിഞ്ഞിരുന്നു.
ഓരോ ഗ്ലാസ് ചൂടു ചായ കുടിച്ചു കൊണ്ടിരിക്കെ ഗൌരി ചോദിച്ചു.
“എന്നിട്ട് മാമന് നല്ല വെഷമായില്ലെ...? എങ്ങനെ സഹിച്ചു അത്..?”
ഒരു കവിൾ ചായകൂടി ഇറക്കിയിട്ട് മാധവൻ പറഞ്ഞു തുടങ്ങി.
“ചുറ്റും നിൽക്കുന്നവർ പലതും ചോദിക്കുന്നുണ്ടെങ്കിലും ഞാനൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. വളരെ കുറച്ച് ആളുകളെയുള്ളു ചുറ്റിനും.
‘ഇന്നലെ രാത്രിയിൽ എന്തായാലും ഇതുവഴി ആനയും പുലിയുമൊന്നും ഇറങ്ങിയിട്ടില്ല. അല്ലെങ്കിൽ ഈ കാർന്നോരുടെ മുടി മാത്രമെ കാണാൻ കഴിയുമായിരുന്നുള്ളു.’
‘എന്നാലും ന്റെ കാർന്നൊരെ ഇവിടെയല്ലാതെ മറ്റൊരിടവും കണ്ടില്ലെ ചാവാൻ..’
‘ആരാ കണ്ടെ ഇയാളെ...?’
‘ഞങ്ങൾ വെളുപ്പിന് വെളിയ്ക്കിരിയ്ക്കാനാ ഇവിടെ വണ്ടി നിറുത്തിയത്. ഈ തോടിന്റെ അടുത്തായിട്ട് ഇരിക്കാൻ തുടങ്ങുമ്പോഴാ ഇവൻ പറഞ്ഞത് അവിടെ ഒരാള് കിടക്കുന്നുണ്ടല്ലോന്ന്. ഞങ്ങൾ വന്നു നോക്കുമ്പോൾ ആൾക്ക് ജീവനുണ്ട്. പരിക്കൊന്നും കാണാനില്ല...’

ഇങ്ങനെ അവിടെ കൂടിയവരൊക്കെ ഓരോന്ന് പറയുന്നുണ്ടായിരുന്നു. മോള് ചോദിച്ചില്ലെ.. മാമനു വെഷമായോന്ന്. എനിക്ക് വെഷ്മായത്.. ഒരു ദിവസം കൂടി അവർക്ക് ഈ അഛനെ സഹിക്കാമായിരുന്നു. ആ യാത്രയിൽ അവരോടൊപ്പം ഞാൻ തിരിച്ചു പോകില്ലായിരുന്നു. അഛനെ കൊല്ലിച്ചവർ അല്ലെങ്കിൽ അഛനെ കാട്ടിലുപേക്ഷിച്ചവർ എന്ന ദുഷ്പ്പേരും പേറി ഇനിയുള്ള കാലം ജീവിക്കണമായിരുന്നോ..? ഇതാരും അറിഞ്ഞില്ലെങ്കിൽപ്പോലും അവരുടെ മനസ്സാക്ഷിയുടെ മുൻപിൽ നിന്നും അവർക്ക് രക്ഷപ്പെടാനാവുമോ..? എന്റെ മക്കൾ തീർച്ചയായിട്ടും ഇത്ര ഭാഗ്യം കെട്ടവരായിപ്പോയല്ലൊ..”

ചായ ഗ്ലാസ്സിലെ അവസാന കവിൾ ചായയും വലിച്ചു കുടിച്ച് ഗ്ലാസ് താഴെ വയ്ക്കവെ മാധവൻ നിവർന്നിരുന്നിട്ട് പറഞ്ഞു.
“എന്തായാലും ആ അദ്ധ്യായം അവിടെ അവസാനിച്ചു. എന്തെങ്കിലും പണത്തിനാവശ്യം വന്നാൽ ഞാനറിയുന്നതിനു മുൻപു തന്നെ വളയോ മാലയോ ഊരി മക്കൾ പോലുമറിയാതെ പണയം വച്ച് കാര്യം കണ്ട്, നമ്മുടെ കഷ്ടപ്പാടുകളൊന്നും മക്കളെ അറിയിക്കരുതെന്ന എന്റെ നിർബ്ബന്ധത്തിനു വഴങ്ങി അക്ഷരംപ്രതി അനുസരിച്ചു ജീവിച്ച എന്റെ ഭാര്യയോ, ഞാനോ, എന്റെ മക്കളോ തെറ്റുകാരെന്ന് എനിക്കറിയില്ല. ഇന്നലേക്ക് ഒരു വർഷം തികഞ്ഞു.  അതുകൊണ്ട് ഒരു വക കഴിച്ചില്ല. എവിടേയും നിന്നില്ല. നടപ്പോടു നടപ്പ്. എവിടേങ്കിലും തളർന്നു വീഴുന്നെങ്കിൽ വീഴട്ടേന്നു കരുതി. അവസാനം ഇന്നലെ ആ മഴയത്ത് ഈ ഇറയത്ത് ഓടിക്കയറുന്നതുവരെ..”
മാധവൻ എല്ലാവരേയും മാറിമാറി നോക്കി...
ഗൌരി വണ്ടി ഒന്നു കറക്കി മാധവന്റെ തൊട്ടടുത്തു വന്ന് മാധവന്റെ രണ്ടു തോളിലും പിടിച്ചിട്ട് പറഞ്ഞു.
“ഇനി മാമൻ എങ്ങും പോകണ്ട. മാമനെപ്പോലെ ഞങ്ങൾക്കു മുന്നിലും ഒരു ജീവിതമില്ല. മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും നമ്മളൊരുമിച്ച്...!!!”
മാധവന് നിസ്സഹായനായി, നിർവ്വികാരനായി ഇരിക്കാനെ കഴിഞ്ഞുള്ളു...
‘നിങ്ങളെ സഹായിക്കാനുള്ള ആയുസ്സൊ ആരോഗ്യമോ എനിക്കില്ലാതെ പോയല്ലൊ മക്കളെ....’ എന്ന ചിന്ത, ഒരു കൊട്ട സങ്കടങ്ങൾ തളം കെട്ടിയ തൊണ്ടയിൽ നിന്നും ആശ്വാസ വാക്കുകളായി പോലും പുറത്തേക്കു വന്നില്ല....
പകരം ഒരു നെടുവീർപ്പുമാത്രം.


 7
പുതിയ പ്രഭാതം
ജനൽ വഴി വെളിച്ചം വിതറാൻ തുടങ്ങിയത് കണ്ടപ്പോഴാണ് മാധവൻ എഴുന്നേറ്റ് പുറത്തിറങ്ങിയത്....
മഴ പെയ്തു തോർന്ന മുറ്റത്തു നിന്നും വെള്ളം പാടേ ഒലിച്ചു പോയിരുന്നു. വേലിക്കലെ മുള്ളുവേലിക്കു മുകളിലെ ചെമ്പരത്തിത്തലപ്പുകളിൽ നിന്നും വെള്ളത്തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു അപ്പോഴും. ചെമ്പരത്തിപ്പൂവിന്റെ നടുക്കുള്ള തൊങ്ങലുകൾക്കിടയിൽ തങ്ങി നിന്ന വെള്ളത്തുള്ളികളിൽ പ്രഭാത കിരണങ്ങൾ തട്ടി കുങ്കുമം വാരിവിതറിയപോലെ..

മുളങ്കുറ്റികൾ കൊണ്ട് അഴിയിട്ട പടികളിൽ പിടിച്ച് മാധവൻ പുറത്തേക്ക് നോക്കി നിന്നു. നടന്നു നടന്ന് ഒറ്റയടിപ്പാതപോലെ വഴി തെളിഞ്ഞ പുല്ലു റോഡിലെ കറുകപ്പുൽത്തുമ്പിൽ തങ്ങി നിൽക്കുന്ന മഞ്ഞുകണങ്ങൾ താഴെ വീണുടയാൻ മനസ്സില്ലാതെ  അപ്പോഴും തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു. റോഡിനപ്പുറത്തെ നെൽ‌പ്പാടങ്ങൾക്കു മുകളിൽ തങ്ങിനിന്ന ഈർപ്പകണങ്ങൾ ഒരു മൂടൽമഞ്ഞിന്റെ ലക്ഷണം കാണിച്ചു. വിശാലമായ നെൽ‌പ്പാടങ്ങൾക്കുമപ്പുറത്തെ തെങ്ങിൻ കൂട്ടങ്ങൾക്കും പിറകിലെ കുന്നിൻ ചരിവിൽ നിന്നും മുകളിലേക്ക് പതുക്കെ പതുക്കെ  ചുവപ്പിൽ കുളിച്ച് തേജസ്സാർന്ന സുര്യഗോളം  പൊങ്ങിവരുന്നേയുണ്ടായിരുന്നുള്ളു.

പിന്നാലെ വന്ന നിമ്മി മുറ്റത്തിറങ്ങി നാലുപാടും നിന്ന നിൽ‌പ്പിൽ ഒന്നു കറങ്ങി, ഒരു  ദീർഘശ്വാസമെടുത്തിട്ട് മാധവന്റെ അടുത്തു വന്നു പറഞ്ഞു.
“ഇതൊരു പുതിയ പ്രഭാതമാണു മാമാ... ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ ഈ ലോകം വീണ്ടും കാ‍ണുകയാണ്...!”

മാധവൻ പടിയ്ക്കലെ മുളങ്കുറ്റിയിൽ പിടിച്ച് തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വരുന്നു. വണ്ടി സ്വയം ഉരുട്ടി ഗൌരിയും ഇറയത്തേക്കു വന്ന് നാലുപാടും നോക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിലും ഒരു പുതുവെളിച്ചം നീർത്തുള്ളിയുടെ അകമ്പടിയോടെ തളം കെട്ടി നിന്നിരുന്നു....
ലക്ഷ്മിയും ഇറയത്തേക്കു വന്ന് ഗൌരിയുടെ പുറകിലായി തിണ്ണയിൽ ഇരുന്നു.

മൂന്നുപേരും മാധവനെ പകൽ വെളിച്ചത്തിൽ കാണുകയായിരുന്നു...
മാധവനും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു വേദന ആ മുഖത്ത് നിഴലിട്ടിരുന്നു...
ഇവരെ എങ്ങനെയാ ഒരു കൈ സഹായിക്കാൻ  കഴിയുക...?
അല്ലെങ്കിൽ എങ്ങനെ ഇവരെ ഉപേക്ഷിച്ചു പോകാൻ കഴിയും...?
മാധവൻ ആകെ ധർമ്മസങ്കടത്തിലായിരുന്നു...

അവിടെ നിന്നുകൊണ്ട് തന്നെ വീടും പറമ്പും ഒന്നു കണ്ണോടിച്ചു. മുൻപെപ്പോഴൊ വാഴകൃഷി ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ അവിടവിടെയായി കാണാനുണ്ടായിരുന്നു. ചുറ്റും തല പോയ തെങ്ങുകൾ... തലയുള്ള തെങ്ങുകളിൽ നാളികേരമേയില്ലായിരുന്നു. കുറച്ച് അടയ്ക്കാമരങ്ങളും. വെറുതെയന്നോണം മാധവൻ ചോദിച്ചു.
“ഇതെത്ര സെന്റ് കാണും..?”
തൊട്ടടുത്തു നിന്ന നിമ്മിയാണ് മറുപടി പറഞ്ഞത്.
“മുപ്പത് സെന്റ്..” ഒരു നിമിഷം കഴിഞ്ഞ് വീണ്ടും പറഞ്ഞു.
“ഇനി ആറു ദിവസം കൂടീയേയുള്ളു, ഇത് ഞങ്ങടേതെന്ന് പറയാൻ...! അതു കഴിഞ്ഞാ ഇവിടെന്ന് ഒഴിഞ്ഞു കൊടുക്കണം. പിന്നെ ബാങ്കിന്റെ കയ്യിലാവും..! പിന്നെ....?”
അതുംപറഞ്ഞ് നിമ്മി അമ്മയുടേയും ചേച്ചിയുടേയും മുഖത്തേക്ക് നോക്കി. അവരുടെ ആ നിസ്സഹായാവസ്ഥ മാധവന് മനസ്സിലാകുന്നുണ്ടായിരുന്നു.
പക്ഷെ, ഒരുത്തരം മാധവന്റെ മനസ്സിലെങ്ങും തെളിയുന്നുണ്ടായിരുന്നില്ല.

മാധവൻ വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് ചുവപ്പ് മാറി വെളുക്കാൻ തുടങ്ങിയ സൂര്യഭഗവാനെ നോക്കിനിന്നു. അധിക നേരം നോക്കാനായില്ല. തീവൃമായിക്കൊണ്ടിരുന്ന രശ്മികൾ കണ്ണിലേക്ക് തുളച്ചു കയറാൻ തുടങ്ങിയപ്പോഴാണ് കണ്ണുകൾ പിൻ‌വലിച്ചത്. ഒരു പോംവഴിയും തോന്നാതെ മനസ്സ് വല്ലാത്തൊരു  പ്രക്ഷുപ്താവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങിയ നേരത്താണ് ആ സൈക്കിളുകാരൻ പയ്യൻ വന്ന് പടിക്കലെ മുളംകമ്പിൽ ചവിട്ടി നിന്നത്...
സൈക്കിളിൽ നിന്നിറങ്ങാതെ അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മോബൈൽ എടുത്ത് ചെവിയിൽ വച്ച് ഒരു ഹലോ പറഞ്ഞിട്ട് നിമ്മിയെ നോക്കി പരിചയഭാവത്തിൽ ഒന്നു ചിരിച്ചു. അവൻ വീണ്ടും വീണ്ടും ഹലോ പറഞ്ഞതല്ലാതെ മറുപടിയൊന്നും കിട്ടുകയുണ്ടായില്ല. പിന്നെ അവൻ ഫോൺ ഓഫാക്കി നിമ്മിയെ നോക്കി വീണ്ടും ചിരിച്ചു. അന്നേരം നിമ്മി ചോദിച്ചു.
“എടാ ബഷീറെ, നിനക്കെന്നും ഈ പടിക്കൽ വരുമ്പോഴാണല്ലൊ ഫോൺ വരുന്നത്. ഞാനെന്നും മുറ്റമടിക്കുമ്പോൾ കാണുന്നതല്ലെ..?”
“അത് ചേച്ചി.. ഞാൻ.. റോട്ടീന്ന് ഈ വഴിക്കിറങ്ങിയാൽ പിന്നെ ഒന്നു ചവിട്ടി നിൽക്കാൻ ഇവിടേല്ലെ ഒരു പടിയുള്ളു. അല്ലെങ്കിൽ പിന്നെ സൈക്കിളീന്നെറങ്ങണ്ടെ. അതു കാരണം ഫോൺ വന്നാൽ ഞാൻ എങ്ങും നിൽക്കില്ല. സ്പീഡിൽ ചവിട്ടി ഈ പടിക്കൽ വന്ന് ഇതുപോലെ നിൽക്കും.. അതോണ്ടാ..”
അതും പറഞ്ഞ്  അവന്റെ ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നു.
പിന്നെ ബഷീർ പറഞ്ഞു.
“നിമ്മിച്ചേച്ചി.. അടുത്ത മാസം സുഹറാത്ത വരുന്നുണ്ട്.. ഇത്ത ഗർഭിണിയാ.. പ്രസവത്തിന് വരുന്നതാ....”
അപ്പോഴേക്കും അവന്റെ മൊബൈൽ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി.
“ഹലോ..”
‘........’
“ഞാൻ മിസ്ക്കാള് ചെയ്തതേ.... ഹലോ.. ഹലോ..”
‘........’
“തോമസ്സേട്ടാ... ഞാൻ വിളിച്ചതേ... ഇന്ന് ഹർത്താലാ... അതുകൊണ്ട് ഹോട്ടലൊന്നും തൊറക്കൂല്ല.  അപ്പോൾ ഊണിനെന്തു ചെയ്യും...?”
‘........’
“ ഇല്ല... ഒരു കടയും തുറന്നിട്ടില്ല. ഞാനിനി എവിടെപ്പോയി നോക്കാനാ...”
‘.......’
“മേസ്രി പറഞ്ഞത് ഇന്ന് വണ്ടികളൊന്നും ഓടാത്തതു കൊണ്ട് നടന്നു വരാവുന്നവർ മാത്രമേ പണിക്കുള്ളൂന്നാ...”
‘......’
“ മേസ്രി പറഞ്ഞത് അൻപത് പേർക്കുള്ള ഭക്ഷണമാണ്....”
‘........’
“എന്നേക്കൊണ്ടു പറ്റില്ല.... തോമസ്സേട്ടൻ ഇങ്ങോട്ടുവാ....”
‘..........’
“വേണ്ട.. വേണ്ട...  വണ്ടിയെടുത്താൽ പിന്നെ ചില്ലൊന്നുമുണ്ടാകില്ല. എല്ലാം കല്ലെറിഞ്ഞുടക്കും......”
‘.........’
“ഓക്കെ...”
അതു കഴിഞ്ഞ് ബഷീർ ഫോൺ പോക്കറ്റിലിട്ടു. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.
‘ഞാനിതെവിടെപ്പോയി ഊണുണ്ടാക്കാനാ...’
അതു കേട്ട് നിമ്മി ചോദിച്ചു.
“എടാ.. എന്താടാ പ്രശ്നം...?”
“ഇന്നിവിടെ ഹർത്താലാ ചേച്ചി... കടകളൊന്നും തൊറക്കില്ല. വണ്ടികളൊന്നും ഓടുന്നില്ല. അവിടെ പാലം പണീലെ പണിക്കാർക്ക് ഊണു വാങ്ങിച്ചു കൊടുക്കണം..”
“അതെന്തിനാ പണിക്കാർക്ക് ഊണു വാങ്ങിച്ചു കൊടുക്കണെ...?”
അതു ചോദിച്ചത് മാധവനായിരുന്നു.

അപ്പോഴാണ് ബഷീറ് മാധവനെ ശ്രദ്ധിക്കുന്നത്. മാധവന്റെ മുഖത്ത് നോക്കിയിട്ട് നിമ്മിയോട് ചോദിച്ചു.
“ഇതാരാ.. ചേച്ചി...?”
പെട്ടെന്നുള്ള ആ ചോദ്യത്തിന് ഒരു നിമിഷത്തെ പതർച്ചക്കു ശേഷം നിമ്മി പറഞ്ഞു.
“ഞങ്ങടെ മാമനാടാ...”
എന്നിട്ടും ബഷീറിനു വിശ്വാസം വരാത്തതു പോലെ ഗൌരിയുടേയും ലക്ഷ്മിയുടേയും മുഖത്തേക്കു നോക്കി. അതു കണ്ട് നിമ്മി ഒന്നുകൂടി വിശദമാക്കി.
“ഇവിടേണ്ടായിരുന്നില്ലെടാ... ഹിമാലയത്തിലായിരുന്നു.. അഛൻ മരിച്ചത് ഇപ്പോഴാ അറിഞ്ഞത്..”
താടിയും മുടിയും നീട്ടി വളർത്തിയ മാധവനെ ഒന്നുകൂടി നോക്കിയിട്ട് ബഷീർ പതുക്കെ തലയാട്ടി. കാവി വസ്ത്രമുടുത്തിട്ടില്ലെങ്കിലും ഒരു സ്വാമിയുടെ മുഖമായിരുന്നു മാധവന്. മാധവനോടായി ബഷീർ പറഞ്ഞു.
“ഊണു കൊടുത്തില്ലെങ്കിൽ ഊണിന്റെ നേരത്ത് ഒരു പോക്കു പോയാൽ പിന്നെ തിരിച്ചു വരുന്നത് കണക്കാ... അതുകൊണ്ട് ഊണു തോമസ്സേട്ടൻ ഹോട്ടലീന്നു വരുത്തിക്കൊടുക്കും. കൂലി കൊടുക്കുമ്പോൾ ഊണിന്റെ ചാർജ്ജ് പിടിച്ചിട്ടേ കൊടുക്കൂ... ഇന്നിപ്പോ ഹോട്ടലൊക്കെ ഹർത്താലു കാരണം ആരും തൊറക്കില്ല. അതോണ്ട് ഞാനെവിടേങ്കിലും ശാപ്പാട് ഇന്ന് ഒരു ദിവസത്തേക്ക്  ശരിപ്പെടുത്തണോന്ന്..”
അതും പറഞ്ഞവൻ നിമ്മിയോടായി ചോദിച്ചു.
“വീടുകളിൽ ആരെങ്കിലും അങ്ങനെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കോ ചേച്ചി... ചേച്ചിക്കറിയോ..?”
“ഇവിടങ്ങളിൽ അങ്ങനെ ആരുമുള്ളതായി കേട്ടിട്ടില്ലാടാ...”

അന്നേരത്താണ് മാധവന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടിയത്...!
മാധവൻ വല്ലാത്തൊരു ആകാംക്ഷയോടെ തന്നെ ബഷീറിനോട്  ചോദിച്ചു.
“എടാ മോനെ എത്ര പേർക്കാ ചോറ് വേണ്ടത്...?”
“അൻപത് പൊതി ചോറ് വേണം..”
“ ചോറിന്റെ കാശ് എപ്പൊ കിട്ടും...?”
“തോമസ്സേട്ടൻ വന്നു കഴിഞ്ഞാൽ ഉടനെ കിട്ടും... ഹോട്ടലിൽ ആഴ്ചയിലൊരിക്കലെ കൊടുക്കാറുള്ളു....”
“കുറച്ച് കാശ് മുൻ‌കൂർ കിട്ടാൻ വല്ല വഴിയുണ്ടോ...?”
“തോമസ്സേട്ടൻ വരണം. ഹർത്താലായതോണ്ട് വണ്ടി പുള്ളിക്കാരൻ റോട്ടിലെറക്കില്ല. അതുകൊണ്ട് തന്നെ വൈകീട്ടേ വരൂ..
വന്നു കഴിഞ്ഞാൽ കാശ് ഞാൻ വാങ്ങിച്ചു തരാം. അതിനു ഗാരണ്ടി ഞാൻ തരാം.. അല്ലാ... ചേട്ടന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ...?”
“ഒരു മിനിട്ടെടാ....”
എന്നും പറഞ്ഞ് മാധവൻ ഇറയത്തെ തിണ്ണയിലിരിക്കുന്ന ലക്ഷ്മിയുടെ നേർക്ക് നടന്നു.

ഞങ്ങൾക്കു പോലും അറിയാത്ത കാര്യം ഈ മാമാനെങ്ങനെ ഇന്നാട്ടിലെ കാര്യങ്ങൾ അറിയണെ... എന്ന ചിന്തയോടെ നിമ്മിയും മാധവന്റെ പിന്നാലെയെത്തി. തൊട്ടടുത്തു വന്നതും തിണ്ണയിൽ നിന്നും അറിയാതെ എഴുന്നേറ്റുപോയി ലക്ഷ്മി. ലക്ഷ്മിയേയും ഗൌരിയേയും മാറിമാറി നോക്കിയിട്ട് മാധവൻ പറഞ്ഞു.
“ഇന്നലെ നിങ്ങൾ തന്ന കഞ്ഞിയുടെ സ്വാദ് എന്റെ നാവിൽ ഇപ്പോഴുമുണ്ട്. ലക്ഷ്മിയുടെ  ആ കൈപ്പുണ്യം മുതലാക്കിക്കൊണ്ട് നമ്മൾക്കൊരു അരക്കൈ നോക്കിയാലൊ...?”
കേട്ടതും കാര്യം മനസ്സിലാകാതെ ലക്ഷ്മിയും മക്കളും പരസ്പ്പരം നോക്കി. ഗൌരിയാണ് ആ സംശയം പുറത്തിട്ടത്.
“മാമനെന്താ ഉദ്ദേശിക്കണെ...?”
“ഈ ദൌത്യം നമ്മൾക്കങ്ങേറ്റെടുത്താലൊ...? വിശന്നു പൊരിയുമ്പോൾ ഭക്ഷണം കൊടുക്കാന്നു പറയുന്നത് ഒരു പുണ്യപ്രവർത്തിയാ... നമ്മളുടെ മുന്നിൽ ഇപ്പോൾ ഒരു ജീവിതമില്ല... ”
പിന്നെ ലക്ഷ്മിയുടെ മുഖത്തു നോക്കി പറഞ്ഞു.
“നമ്മൾക്കു പ്രായമായി. നമ്മുടെ ജീവിതം നമ്മൾക്കു വേണ്ടെന്നു വക്കാം.. പക്ഷെ, ഈ കുഞ്ഞുങ്ങൾ ഇനിയും ജീവിക്കാൻ ആരംഭിച്ചിട്ടില്ല. അവരെയും നമ്മളോടൊപ്പം കൂട്ടാൻ നമ്മൾക്കവകാശമില്ല. ഇത് ദൈവം തമ്പുരാൻ നമ്മൾക്കായി കാണിച്ചു തന്ന ഒരു വഴിയായിക്കൂടെ...?”
‘അവരേയും നമ്മളോടോപ്പം കൂട്ടാൻ നമ്മൾക്കവകാശമില്ലന്നു’ പറഞ്ഞത് ഇന്നലത്തെ ആത്മഹത്യാശ്രമത്തെപ്പറ്റി സുചിപ്പിച്ച് തന്നെ കുറ്റപ്പെടുത്തിയതല്ലേയെന്ന് ലക്ഷ്മിക്ക് തോന്നി....
ശക്തമായൊരു തേങ്ങലിൽ പെട്ടെന്ന് സാരിത്തലപ്പുകൊണ്ട് മുഖം പൊത്തിയത് മാധവനെ ഇത്തിരി വിഷമത്തിലാക്കി.
അതു തിരിച്ചറിഞ്ഞ  മാധവൻ പറഞ്ഞു.
“ലക്ഷ്മി.. ഞാൻ കുറ്റപ്പെടുത്തിയതല്ല....”
മുഖമൊന്നു തുടച്ചിട്ട് ലക്ഷ്മി വിങ്ങിപ്പൊട്ടി പറഞ്ഞു.
“എന്റെ മക്കൾക്ക് ഒരു ജീവിതം കിട്ടാൻ എത്ര കഷ്ടപ്പെടാനും ഞാൻ തയ്യാറാ... പക്ഷെ, ഈ കിടപ്പാടം കൂടി പോയാൽ ഇതുങ്ങളേം കൊണ്ട്  എന്തു ചെയ്യും..? അതൊക്കെ ഓർത്താ ഞാൻ...”

മാധവന് അത് കുറച്ച് വിഷമമായി...
അങ്ങനെ ഒരു വാക്ക് പറയേണ്ടിയിരുന്നില്ലെന്ന് തോന്നി. മാധവൻ സാവധാനം പറഞ്ഞു.
“അതെല്ലാം പോട്ടെ. ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ട. കഴിഞ്ഞതു കഴിഞ്ഞു. ഇപ്പോൾ നമ്മൂടെ മുന്നിൽ ഒരവസരം വന്നിരിക്കുന്നതായി എന്റെ മനസ്സ് പറയുന്നു. ആദ്യം വന്ന അവസരമാ.. മറ്റൊന്നിനു വേണ്ടി കാത്തിരിക്കാൻ സമയവുമില്ല..”
“മാമാ.. ഉണ്ടാക്കാന്നു വച്ചാലും സാധനങ്ങൾ വാങ്ങാൻ ഒരുപാട് കാശ് വേണ്ടേ...?”
ഗൌരിയുടെ ഗൌരവത്തോടെയുള്ള ചോദ്യത്തിന് മാധവനും നിശ്ശബ്ദനായി...
ഗൌരിയുടെ ആ ചോദ്യം തന്നെ നല്ലൊരു സൂചകമായി മാധവനു തോന്നി...
ബഷീറിന്റെ അടുത്തെത്തി കാശിന്റെ കാര്യം ധരിപ്പിച്ചു...
അവനും തോമസ്സേട്ടൻ എത്തിക്കിട്ടിയാൽ സംഘടിപ്പിക്കാമെന്ന് ഏറ്റെങ്കിലും തൽക്കാലം കൈ മലർത്തി.

അപ്പോഴാണ് പെട്ടെന്നൊരോർമ്മയിൽ തന്റെ വലതുകൈ അരക്കെട്ടിലേക്ക് പായിച്ച് എന്തൊ തിരഞ്ഞത്.  പെട്ടെന്നു തലയൊന്നു കുലുക്കിയിട്ട് വേഗം ഇറയത്തു കയറി തിണ്ണയിൽ ഇരുന്ന മാധവൻ ഉടുത്തിരുന്ന മുണ്ടിന്റെ കുത്തിയ ഭാഗം പുറത്തെടുത്തു. പിന്നെ മുണ്ട് സ്വൽ‌പ്പം താഴ്ത്തി അരഞ്ഞാൺ പോലെ കെട്ടിയിരുന്ന  ഒരു കറുത്ത ചരട് അഴിച്ചെടുത്തു. കൌതുകകരമായ ഒരു കാഴ്ച കാണും പോലെ ഗൌരി വണ്ടി ഉരുട്ടി മാധവന്റെ തൊട്ടടുത്തു വന്ന് ശ്രദ്ധിച്ചു. അതോടൊപ്പം ലക്ഷ്മിയും ഗൌരിയുടെ പിന്നിലേക്ക് ചേർന്നിരുന്ന്, ഗൌരിയുടെ തലക്കു മുകളിലൂടെ കാണുന്നുണ്ടായിരുന്നു മാധവന്റെ ചെയ്തികൾ.

കറുത്ത ചരടെന്ന് തോന്നിച്ചത് കറുത്ത തുണി തെറുത്ത് ചുരുട്ടി ചരടുപോലെ ആക്കിയതായിരുന്നു. ചരടിന്റെ നടുവിലെ വീതി കൂടിയ ഭാഗം വിടർത്തിയപ്പോ‍ൾ പ്ലാസ്റ്റിക് കടലാസ്സിൽ പൊതിഞ്ഞ ഒരു പൊതി കിട്ടി. പ്ലാസ്റ്റിക് കടലാസ്സും പിന്നെ നോട്ട് ബുക്കിന്റെ പുറംചട്ടകൊണ്ട് പൊതിഞ്ഞ ആ പൊതി അഴിച്ച് താഴെയിട്ടത് ഗൌരിയുടെ മടിയിൽ വീണു...
ഒരു നിമിഷം മറ്റേതോ ചിന്തയിലേക്ക് വഴുതിപ്പോയ മാധവൻ പിന്നെ യാന്ത്രികമായാണ് പൊതി അഴിച്ചത്... അവസാനമായി   പൊതിഞ്ഞിരുന്ന വെളുത്ത കടലാസ്സും അഴിച്ചിട്ടത് ഗൌരിയുടെ മടിയിലാണ് വീണത്...
അതിലെന്തൊ എഴുതിയിരുന്നത് വായിച്ച ഗൌരി പെട്ടെന്ന് ആ കടലാസ് എടുത്ത് മടക്കി തന്റെ നൈറ്റിക്കുള്ളിൽ തിരുകിയത് ലക്ഷ്മി കണ്ടെങ്കിലും, അവർക്കൊന്നും മനസ്സിലായില്ല...

കുനിഞ്ഞിരിക്കുന്ന മാധവന്റെ കയ്യിൽ നാലായി മടക്കിയ ഏതാനും അഞ്ഞൂറിന്റെ നോട്ടുകൾ ഉണ്ടായിരുന്നു...!
അതും കയ്യിൽ ചുരുട്ടിപ്പിടിച്ച മാധവന്റെ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീരാണ് പരിസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കണ്ണുകൾ തുടച്ച് മാധവൻ പറഞ്ഞു.
“ഇത് രണ്ടായിരത്തഞ്ഞൂറു രൂപയുണ്ട്. ഇതു മതിയാകും നമ്മുടെ ചിലവിന്...!”


 8
കൈപ്പുണ്യം...

പെട്ടെന്ന് മുറ്റത്തിറങ്ങിയ മാധവൻ ബഷീറിനോടായി പറഞ്ഞു.
“മോനേ ബഷീറെ.. ഭക്ഷണം കൊടുക്കാന്നു പറ...”
പിന്നെ തിരിഞ്ഞ് ലക്ഷ്മിയോടായി പറഞ്ഞു.
“പെട്ടെന്ന് വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്ക്...”
“എന്തൊക്കെയാ കറികൾ വേണ്ടത്...?”
ലക്ഷ്മിയുടെ സംശയം കേട്ട മാധവൻ ഒരു ചോദ്യഭാവത്തോടെ ബഷീറിന്റെ മുഖത്ത് നോക്കി. ബഷീർ പറഞ്ഞു.
“ഹോട്ടലിൽ.. ഒരു വളിച്ച സാമ്പാറ്... ഒരു പുളിച്ച മോരു കറി... ഒരു മെഴുക്കുവരട്ടി... അച്ചാറ്... പപ്പടം... അത്രേക്കെയുള്ളു... അതു മതി ലക്ഷ്മീയേച്ചി..”

ലക്ഷ്മി എഴുതാനായി അകത്തേക്കു പോയി.
പെട്ടെന്നാണ് മാധവന് അക്കാര്യം ഓർമ്മ വന്നത്.
“അയ്യോ.. കട തുറക്കില്ലെങ്കിൽ പിന്നെങ്ങനെ സാധനങ്ങൾ വാങ്ങും...?”
“അതു നമ്മൾക്കു തുറപ്പിച്ചു വാങ്ങിക്കാം മാമാ... ഇവിടെന്ന് അങ്ങു റോട്ടിലോട്ടു കേറുന്നിടത്ത് ഒരു കടയുണ്ട്. വർക്കിമാപ്ലേടെ കടയാ... അതിന്റെ പുറകിലായിട്ടാ വീടും... പക്ഷെ, അവിടെ കുറച്ചു പൈസ കൊടുക്കാനുമുണ്ട് ഞങ്ങൾ...”
ഒരു വിമ്മിഷ്ടത്തോടെയാണ് അവസാന വാചകം നിമ്മി പറഞ്ഞത്.
“അതു സാരമില്ല. ഞാനായിട്ടു വാങ്ങിയാൽ മതിയല്ലൊ. നിമ്മി കൂടെ വന്ന് തുറപ്പിച്ചു തരണം... എന്നെ പരിചയമില്ലാത്തതുകൊണ്ട് ചിലപ്പോൾ തുറന്ന് സാധനങ്ങൾ തരില്ല....”
“സാരമില്ല മാമാ, ഞാൻ വരാം... അയാൾ ചീത്ത പറയുന്നെങ്കിൽ പറയട്ടെ...”

എങ്ങും ഓടി നടക്കാതെ  ഭക്ഷണം കിട്ടാൻ വഴിയായപ്പോൾ ബഷീറിനു സന്തോഷമായി. അവൻ സൈക്കിളിൽ നിന്നിറങ്ങി മുറ്റത്തേക്ക് വന്നിട്ട് പറഞ്ഞു.
“ഭക്ഷണം നിങ്ങളുണ്ടാക്കുമ്പോഴേക്കും ചോറ് പൊതിയാനുള്ള വാഴയില വെട്ടിയെടുത്ത് വാട്ടി വയ്ക്കുന്ന കാര്യം ഞാനേറ്റു.
“എന്നാ നീ പോകല്ലെ. കടയിൽ നിന്നും ഈ സാധനങ്ങൾ നീയാ സൈക്കിളിൽ ഒന്നിവിടെ എത്തിച്ചു തന്നിട്ട് പൊയ്ക്കോ..”
മാധവൻ അവനെ പിടിച്ചു നിറുത്തി.
ലക്ഷ്മി കൊടുത്ത ലിസ്റ്റുമായി ഇറങ്ങിയപ്പോഴേക്കും ഗൌരി തടഞ്ഞു.
“മൂന്നു പേരും  ഒരുമിച്ച് ഒരു വഴിക്കു പോകണ്ട...”
അതു ശരിയാണെന്നു മാധവനും തോന്നി. ഉടനെ ബഷീർ പറഞ്ഞു.
“ആ ലിസ്റ്റിങ്ങു താ.. ഒരു ചാക്കും താ.. ഞാൻ ആദ്യം പോയി വർക്കി മാപ്ലെ കണ്ട് കട തുറപ്പിക്കാം. അപ്പോഴേക്കും നിങ്ങളെത്തിയാൽ മതി..”
ലക്ഷ്മി കൊടുത്ത ചാക്കുമായി ബഷീർ സൈക്കിളിൽ പാഞ്ഞു.

മാധവനും നിമ്മിയും പിന്നാലെ നടന്നു.  പോകുന്ന വഴി ആ സ്ഥലത്തെക്കുറിച്ചും വഴിയരികിലുള്ള വീടുകളെപ്പറ്റിയും ആളുകളെപ്പറ്റിയും ചെറിയ വിവരണം നിമ്മി മാധവനെ പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. മാധവൻ അതിനെല്ലാം മൂളുന്നുണ്ടെന്നല്ലാതെ മറുപടിയൊന്നും പറയുകയുണ്ടായില്ല...
മനസ്സ് മറ്റെവിടെയോ ആയിരുന്നു...
ആലോചനയിലായിരുന്ന മാധവൻ പെട്ടെന്നു നിമ്മിയോട് ചോദിച്ചു.
“അല്ല മോളേ,  ഈ കോൺ‌ട്രാക്ടർ ആളെങ്ങനാ...? അവസാനം കാശ് തരാൻ മടി കാണിക്കുമോ...?”
“ഇല്ല മാമാ... നല്ല ആളാ... തോമസ്സേട്ടൻ അഛന്റെ കൂട്ടുകാരനായിരുന്നു. അവരൊരുമിച്ച് പഠിച്ചിട്ടുള്ളതാ.. ഞങ്ങളെ നല്ലോണം അറിയണ ആളാ.. മാത്രോമല്ല, തോമസ്സേട്ടന്റെ ഇളയ മോള് ടെസ്സി എന്റെ കൂട്ടുകാരിയാ.. ഞങ്ങളൊരുമിച്ച് പഠിച്ചു കൊണ്ടിരുന്നതാ കോളേജിൽ. ഞാൻ ഇടക്കു വച്ചു നിറുത്തിയില്ലെ പഠിത്തം. അവൾ ഡിഗ്രി എടുത്തിട്ടു പിന്നെ ബാംഗ്ലൂർക്കു പോയി. അവളുടെ ചേച്ചിയുടെ അടുത്തേക്ക്...”

അപ്പോഴേക്കും ബഷീറ് തിരിച്ചു വരുന്നുണ്ടായിരുന്നു. വന്നപാടെ അവൻ പറഞ്ഞു.
“ചേച്ചി... പച്ചക്കറിയൊന്നും വർക്കിമാപ്ല എടുത്തിട്ടില്ല. അപ്പുറത്തെ കവലയിൽ പോയാലേ കിട്ടൂ...”
“എന്നാ മോള് സാധനങ്ങളുമായി ഈ കടയിൽ തന്നെ നിന്നോ.. ഞങ്ങൾ പോയി പച്ചക്കറിയും വാങ്ങി വരാം...”
അതും പറഞ്ഞ് മാധവൻ സൈക്കിളിൽ കയറി ബഷീറിനൊപ്പം പോയി.
അരിയും പച്ചക്കറിയും മറ്റും ചാക്കിലാക്കി സൈക്കിളിന്റെ പുറകിൽ കെട്ടിക്കൊടുത്തിട്ട് ബഷീറിനെ ആദ്യം പറഞ്ഞു വിട്ടു. കയ്യിൽ കൊണ്ടുവരാവുന്ന സാധനങ്ങളുമായി നിമ്മിയും മാധവനും പിന്നാലെ വേഗം നടന്നു.

ഇറയത്ത് ഒരു പായ വിരിച്ച്  അതിലിരുന്നാണ് പച്ചക്കറി നുറുക്കാൻ തുടങ്ങിയത്. ബഷീറും ഉണ്ടായിരുന്നു കൂട്ടിന്. നുറുക്കേണ്ട വിധമൊക്കെ ലക്ഷ്മി പറഞ്ഞു കൊടുത്തു. അതു കഴിഞ്ഞ് അരി അടുപ്പത്തിടാനായി പോയ ലക്ഷ്മിയെ മാധവൻ വിളിച്ചു നിറുത്തി. എഴുന്നേറ്റ് അടുത്തു ചെന്ന് സാവകാശം ചോദിച്ചു.
“ഇവിടെ പൂജാമുറിയുണ്ടൊ..?”
“ഊം...”
“എങ്കിൽ കുളിച്ച് പൂജാമുറിയിൽ ഒരു വിളക്കു കത്തിച്ചിട്ട് അടുപ്പു കത്തിച്ചാൽ മതി.. നമ്മുടെ ജീവിതം എങ്ങോട്ടാണു പോണതെന്ന് ഒരു പിടുത്തവുമില്ല. ദൈവത്തിന്റെ ഒരു കൈത്താങ്ങും ആവശ്യമാണ്... ഒരു പൂജാരിയുടെ ശ്രദ്ധയും മനസ്സുമാവണം ലക്ഷ്മിക്ക്... ലക്ഷ്മിയുടെ കൈപ്പുണ്യമാ നമ്മുടെ ആയുധം... ചെല്ല്...”
മാധവൻ തിരിഞ്ഞു നടക്കുമ്പോഴേക്കും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

ഉച്ചയായപ്പോഴേക്കും ചോറും കറികളും റെഡിയായിരുന്നു. അതിനായി ഇറയത്ത് മറ്റൊരു അടുപ്പു കൂടി കൂട്ടിയിരുന്നു. ഇടക്ക് ബഷീർ പോയി ഇലകൾ കൊണ്ടുവന്ന് മുറിച്ച് വാട്ടി വച്ചു. ഹോട്ടലിലേക്കും അവനായിരുന്നു ഇലകൾ കൊണ്ടു കൊടുത്തിരുന്നത്. ചോറ് പൊതിയാൻ തുടങ്ങുന്നതിനു മുൻപു തന്നെ മാധവൻ പറഞ്ഞു.
“ആദ്യം എനിക്കും ബഷീറിനുമുള്ള ചോറിങ്ങു താ... ഞങ്ങൾ കഴിച്ചു നോക്കട്ടെ...”
അവർ ഉണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ബഷീർ പറഞ്ഞു.
“ലക്ഷ്മിയേച്ചി.. ഇതു കലക്കീട്ടോ... ഇവിടത്തെ ചോറ് ഞാനും സുഹ്‌റാത്തയും മുൻപും കഴിച്ചിട്ടുണ്ട്... എനിക്കറിയായിരുന്നു.. ഊണ് അടിപൊളി ആയിരിക്കുമെന്ന്..”
മാധവന്റെ വാക്കുകൾക്കായിരുന്നു മറ്റുള്ളവർ കാതോർത്തിരുന്നത്. എന്നാൽ മാധവൻ പറഞ്ഞത് മറ്റൊന്നായിരുന്നു.
“ ഈ ചോറ് വാങ്ങിയേടത്തു നിന്നും നാളേയും  വാങ്ങിയാൽ മതിയെന്ന് ആ തൊഴിലാളികൾ പറഞ്ഞാൽ നമ്മൾ രക്ഷപ്പെട്ടു...!”
“ എന്താ സംശയം.. ആ കാര്യം എനിക്കു വിട്ടേരെ... ഉണ്ടാക്കിത്തരാൻ നിങ്ങൾ തെയ്യാറാണോന്ന് മാത്രം അറിഞ്ഞാൽ മതി..” ബഷീറിന്റെ ആ വാക്കുകൾക്ക് ഹൃദയം കുളിർപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു.

പിന്നീട് ചോറ് പൊതിയാനാരംഭിച്ചു. സാമ്പാറും മോരു കറിയും പൊതി കെട്ടാനുള്ളതു കൊണ്ട് ചാറ് കുറച്ചു വറ്റിച്ചാണ് വച്ചത്. കൂടുതലായി ഒരു പാവക്ക ഇസ്ടു കൂടി ലക്ഷ്മി ഉണ്ടാക്കിയിരുന്നു. ഹോട്ടലിൽ ചോറ് പൊതിയാൻ കൂടിയിരുന്നതുകൊണ്ട് ബഷീറിന് അതെല്ലാം നല്ല പരിചയമായിരുന്നു. പഴയ പേപ്പറുകൾ അടുക്കി വച്ചിരുന്നത് ഇപ്പോൾ ഉപകാരമായി. രണ്ടു പ്രാവശ്യമായിട്ടാണ് അവൻ ചോറു കൊണ്ടു പോയത്. എല്ലാം കഴിഞ്ഞിട്ടാണ് ലക്ഷ്മിയും മക്കളും ഊണു കഴിച്ചത്.
പിന്നെ ഊണിന്റെ വിവരങ്ങളറിയാനായി കാത്തിരിപ്പായിരുന്നു.

വൈകുന്നേരമായിട്ടും ബഷീറ് വന്നില്ല...
എല്ലാവർക്കും ആകെ അങ്കലാപ്പായി...
ലക്ഷ്മിക്കായിരുന്നു കൂടുതൽ വിഷമം. കറികൾ അവർക്ക് ഇഷ്ടപ്പെടാഞ്ഞിട്ടാവുമോന്നായിരുന്നു പേടി. മാധവനും മറ്റും അതൊന്നുമായിരിക്കില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആകെ നിരാശയിലായിരുന്നു ലക്ഷ്മി. വിളക്കു വച്ചതിനു ശേഷമാണ് ബഷീറിന്റെ മണിയടി കേട്ടത്...

നിമ്മി ഓടി മുറ്റത്തിറങ്ങി...
ബഷീറിന്റെ സൈക്കിളിൽ കോൺ‌ട്രാക്ടർ തോമസ്സുമുണ്ടായിരുന്നു...
അതുകാരണം ഒന്നും ചോദിക്കാതെ നിമ്മി ഇറയത്തേക്ക് കയറിപ്പോന്നു. വരാന്തയിലെ തിണ്ണയിൽ വെറുതെ കിടക്കുകയായിരുന്ന മാധവനും അവരുടെ അടുത്തേക്കു വന്നു. ലക്ഷ്മിയും ഗൌരിയും കൂടി ആകാംക്ഷയോടെ എത്തിയപ്പോഴേക്കും ബഷീറും തോമസ്സും ഇറയത്തേക്കു കയറിയിരുന്നു. തോമസ്സ് ഇറയത്തിട്ടിരുന്ന ബഞ്ചിൽ ഇരുന്നു.
ലക്ഷ്മിയെ കണ്ടതും ഒന്നു ചിരിച്ചിട്ട് തോമസ്സ് പറഞ്ഞു.
“പുള്ളിക്കാരന്റെ സംസ്കാരത്തിനു വന്നതാ ഞാൻ. തിരക്കു കാരണം പിന്നെ ഇങ്ങോട്ടു തിരിഞ്ഞു നോക്കാനായില്ല. എന്തുണ്ട് വിശേഷം...?”
ഒരു വിഷാദച്ചിരിയായിരുന്നു ലക്ഷ്മിയുടെ മറുപടി. തോമസ്സ് വീണ്ടും ചോദിച്ചു.
“ബഷീറ് പറഞ്ഞു, ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാ ചോറ് നിങ്ങളേക്കൊണ്ട് ശരിയാക്കിച്ചതെന്ന്. തൊഴിലാളികൾക്കെല്ലാം വല്യ ഇഷ്ടമായി കറികളൊക്കെ. എന്നും ഈ ഊണു തരപ്പെടുത്താൻ കഴിയുമോന്നറിയാനാ അവർ എന്നെ പറഞ്ഞയച്ചത്. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയാം. നിങ്ങളതിനു തയ്യാറാണെങ്കിൽ എനിക്കു നിങ്ങളെ സഹായിക്കാനാകും...!”

അതിനു തെയ്യാറാണെങ്കിലും, അതിനായിട്ടാ ഈ നേരം  വരെ കാത്തിരുന്നതെങ്കിലും മറുപടി പറയാതെ ലക്ഷ്മി മാധവന്റെ മുഖത്തേക്കാണ് നോക്കിയത്. അതുകണ്ടാണ് തോമസ്സ് മാധവനെ ശ്രദ്ധിച്ചത്.
“ങ്ഹാ... ഇങ്ങനെ ഒരാളെപ്പറ്റി ബഷീറ് പറഞ്ഞിരുന്നു. ഇനിയെന്തായാലും ഹിമാലയത്തിലെ കറക്കങ്ങളൊന്നും വേണ്ട. ഇനിയുള്ള കാലം ഒരു സഹായി ആയിട്ട് ഇവരോടൊപ്പം കൂടിക്കോളു... ഇവർക്കും അതൊരു വലിയ സഹായവുമാകും...”
മാധവൻ ചിരിച്ചതേയുള്ളു.
“ഭക്ഷണം ഞങ്ങൾ ഉണ്ടാക്കിത്തരാം. സ്ഥിരമായിട്ടാണെങ്കിൽ അത് ഞങ്ങൾക്ക് വളരെ വലിയ ഉപകാരമാകും...” മാധവൻ വളരെ ഭവ്യതയോടെ പറഞ്ഞു.
“എന്റെ കോൺ‌ട്രാക്ട് പണി നടക്കുവോളം കിട്ടും. ആ പാലം മാത്രമല്ല, അതിന്റെ രണ്ടുവശത്തെ റോഡുകളുടെ പണിയും എനിക്കാണ്. മാത്രമല്ല, നിങ്ങളൂടെ മുന്നിലെ ഈ റോഡും പണിയുന്നുണ്ട്. ഇത് പഞ്ചായത്ത് ഏറ്റെടുത്തു. എന്തായാലും കുറേക്കാലത്തേക്ക് ഞങ്ങൾക്ക് ഇവിടെത്തന്നെ ജോലിയുണ്ടാകും...”

എല്ലാവരുടേയും മുഖത്ത് സന്തോഷം വരാൻ ഇതിൽ കൂടുതൽ ഏതു വാർത്തക്കാണ് കഴിയുക. അത് ഒളിച്ചുവക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അവരുടെ തെളിഞ്ഞ മുഖത്തു നോക്കി തോമസ്സ് തുടർന്നു.
“ഇന്നത്തെ നിങ്ങളുടെ ഊണിന്റെ ചാർജ്ജ് ഇതാ..”
പോക്കറ്റിൽ നിന്നും കുറച്ചു നോട്ടെടുത്ത് കയ്യിൽ വച്ചിട്ടാണ് പറഞ്ഞത്. തോമസ്സ് തുടർന്നു.
“എല്ലാ ദിവസവും വന്ന് കാശ് തരാൻ ബുദ്ധിമുട്ടാണ്. ഹോട്ടലിലെ ഊണിന്റെ വില തന്നെ തരാം. ഹോട്ടലിൽ കൊടുക്കുന്നതു പോലെ ഒരാഴ്ചത്തെ കാശ് ഒന്നിച്ചു എല്ലാ ശനിയാഴ്ചയും വൈകീട്ട് ഇവിടെ എത്തിക്കാം...”
ഇടക്കു കയറി മാധവൻ ചോദിച്ചു.
“ദിവസവും എത്ര ഊണു വേണ്ടി വരും...? ”
“ദിവസവും എത്ര ഊണു വേണ്ടിവരുമെന്ന് തലേ ദിവസം ബഷീറിന്റെ അടുത്തു പറഞ്ഞു വിടാം. ഏകദേശം നൂറ് പേർക്ക്  കരുതേണ്ടി വരും...”
“അത്രയും പേർക്കെന്നു പറയുമ്പോൾ... തീർച്ചയായും കുറച്ചു കാശ് മുൻ‌കൂർ ആയി തരേണ്ടിവരും...”
മാധവന്റെ ഭവ്യതയോടെയുള്ള മറുപടി കേട്ട് തോമസ്സ് പറഞ്ഞു.
“അതിന് ഒരാഴ്ചത്തെ ഊണിന്റെ കാശ് നിങ്ങൾക്ക് അഡ്വാൻസ് തരാം. വലിയ പാത്രങ്ങളൊക്കെ വാങ്ങേണ്ടി വരില്ലെ...”
കയ്യിൽ പിടിച്ച നോട്ടുകൾ ലക്ഷ്മിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ഇത് നിങ്ങളുടെ ഇന്നത്തെ  ഊണിന്റെ ചാർജ്ജ്..”
ലക്ഷ്മി അതു വാങ്ങാതെ മാധവന്റെ നേരെ നോക്കി ‘വാങ്ങിച്ചോളൂ..’ എന്ന അർത്ഥത്തിൽ തലയാട്ടി.
മാധവൻ അത് വാങ്ങാൻ മടിച്ചു.  എന്നിട്ട് പറഞ്ഞു.
“ലക്ഷ്മീടെ കൈ കൊണ്ടു തന്നെ വാങ്ങിച്ചോളൂ..”
പിന്നെയും ലക്ഷ്മി മടിച്ചു നിൽക്കുന്നതു കണ്ട് ഗൌരി കയറി ഇടപെട്ടു.
“മാമാ... ഇപ്പോളിവിടത്തെ കാർന്നോര് മാമനാ... മാമന്റെ കൈ കൊണ്ട് തന്നെ വാങ്ങിച്ചോളു...!”

ഒരു തർക്കത്തിനു നിൽക്കാതെ മാധവൻ എഴുന്നേറ്റതും തോമസ്സ് എഴുന്നേറ്റു വന്ന് പൈസ മാധവന്റെ കയ്യിൽ കൊടുത്തു. അതിനോടൊപ്പം പോക്കറ്റിൽ നിന്നും ഒരു കെട്ട് നോട്ടെടുത്തിട്ട് പറഞ്ഞു.
“ഇത് ഒരാഴ്ചത്തെ ഊണിന്റെ അഡ്വാൻസ്...! ഇത് ഇപ്പോൾ നിങ്ങൾ കണക്കു കൂട്ടണ്ട. നിങ്ങളുടെ കയ്യിൽ കിടന്നോട്ടെ..  എല്ലാ ശനിയാഴ്ചയും വന്ന്  അതാതാഴ്ചത്തെ കാശ് ഇവിടെ എത്തിച്ചോളാം...”
തോമസ്സ് യാത്ര പറഞ്ഞു പോയതോടെ, കൈ നിറച്ച് നോട്ടുകളുമായി അടുത്തു വന്ന മാധവൻ ലക്ഷ്മിയുടെ കയ്യിൽ അത് നിർബ്ബന്ധപുർവ്വം പിടിപ്പിച്ചപ്പോൾ സന്തോഷം കൊണ്ട് ലക്ഷ്മിയുടെ കണ്ണുകൾ  നിറഞ്ഞിരുന്നു...

തോമസ്സ് പോയതോടെ നിമ്മി വന്ന് അമ്മയേയും ഗൌരിയേയും കെട്ടിപ്പിടിച്ചു. പിന്നെ മാധവന്റെ അടുത്തു വന്നു പറഞ്ഞു.
“നമ്മൾ വിജയിക്കും മാമാ... നമ്മൾ ജീവിക്കും....!”
അതു സമ്മതിക്കുന്ന മട്ടിൽ മാധവൻ തലകുലുക്കി. ലക്ഷ്മി പറഞ്ഞു.
“ആദ്യം അയൽപക്കങ്ങളിൽ കൊടുക്കാനുള്ള പൈസ കൊടുക്കണം.. അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റില്ല...”
അത് കേട്ട് നിമ്മി പറഞ്ഞു.
“ആ വർക്കി മാപ്ലേടെ പൈസ ആദ്യം കൊടുക്കണം....”
ഇതെല്ലാം കേട്ട് മാധവൻ പറഞ്ഞു.
“എല്ലാവരുടേയും പൈസ നമ്മൾക്ക് കൊടുക്കാം. പക്ഷെ, ആദ്യം ആ ബാങ്കിലെ പൈസ കുറച്ചെങ്കിലും അടക്കണം. എന്നിട്ട് ജപ്തി നടപടി ഒഴിവായ്ക്കിയ്ക്കണം...”
അതുകേട്ടതും ലക്ഷ്മി ഞെട്ടിയെഴുന്നേറ്റു....
പെട്ടെന്ന് മാധവന്റെ അടുത്തു ചെന്ന് കയ്യിലിരുന്ന മുഴുവൻ പൈസയും കൊടുത്തിട്ട് പറഞ്ഞു.
“എനിക്കൊന്നും അറിയില്ല. വേണ്ടതെന്താന്നു വച്ചാ.. അതിന്റെ മാതിരിക്ക് ചെയ്തോളു...!”
ഒരു നിമിഷം സ്തംഭിച്ചു പോയി മാധവൻ...!

ഒരേയൊരു ദിവസത്തെ പരിചയമേ ഇവരുമായിട്ടുള്ളു...
എന്നിട്ടും ഇവർ കാണിക്കുന്ന വിശ്വാസവും ഈ വിധേയത്വവും ഇനിയൊരു തിരിച്ചു പോക്കില്ലാത്തവിധം തന്നെ ഇവിടെ കുരുക്കിയിടുന്നത് മാധവന് വല്ലാത്ത അസ്വസ്തത സൃഷ്ടിച്ചു.
ഒരു നിമിഷം കഴിഞ്ഞ് ഗൌരി പറഞ്ഞു.
“ശരിയാണ് മാമാ..  അഛൻ തന്നെയായിരുന്നു എല്ലാം ചെയ്തിരുന്നത്. അമ്മയ്ക്ക് ഒരു കാര്യത്തിലും സ്വന്തമായി ഒരഭിപ്രായവും ഇല്ലായിരുന്നു. വെറും ഒരു അടുക്കളച്ചണ്ടി മാതിരി.. പാവം എന്റെ അമ്മ...”
അതും പറഞ്ഞ് അമ്മയുടെ കയ്യെടുത്ത് ഒരു മുത്തം കൊടുത്തു ഗൌരി.

മാധവൻ ഗൌരിയുടെ അടുത്തു തിണ്ണയിൽ പോയിരുന്നു...
എന്നിട്ട് നോട്ടുകെട്ടുകൾ ഗൌരിയെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഒരു ബുക്ക് വാങ്ങി കണക്കുകളൊക്കെ എഴുതി വക്കണം. ഇതെത്രയുണ്ടെന്ന് ആദ്യം എണ്ണിനോക്കണം. അതിന്റെ നേർ പകുതി നാളെ ഉച്ച കഴിഞ്ഞ് നിമ്മിയും അമ്മയും കൂടി ബാങ്കിൽ പോയി അടയ്ക്കണം. എന്നിട്ട് ബാങ്കിന്റെ മാനേജരെ കണ്ട് ജപ്തി ഒഴിവാക്കിത്തരാൻ പറയണം...”


 9
പാരകൾ


മാധവൻ പറഞ്ഞതുപൊലെ തന്നെ ഭക്ഷണം കൊടുത്തു വിട്ടതിനു ശേഷം ലക്ഷ്മിയും നിമ്മിയും കൂടി ഉച്ച കഴിഞ്ഞ്  ബാങ്കിലേക്ക് പുറപ്പെട്ടെങ്കിലും ഇടയ്ക്കു വച്ചവർ തിരിച്ചു വന്ന് മാധവനെക്കൂടി നിർബ്ബന്ധപൂർവ്വം ക്ഷണിച്ചു. ഒറ്റക്കു പോയി ഇതൊന്നും ചെയ്തു പരിചയമില്ലെന്നു പറഞ്ഞാണ് മാധവനെ കൂടെ വരാൻ നിർബ്ബന്ധിക്കുന്നത്. എല്ലാവരും കൂടി പോയാൽ ഗൌരി ഒറ്റക്കായിപ്പോവില്ലെ. അമ്മയുടെ പേരിലാ ലോൺ എടുത്തിരിക്കുന്നത്. അതു കാരണം നിമ്മി ഗൌരിക്ക് കൂട്ടിരുന്നു. ലക്ഷ്മിയും മാധവനും കൂടിയാണ് ബാങ്കിലേക്ക് തിരിച്ചത്.

റോട്ടിൽ ചെന്നതിനു ശേഷം ഒരു ഓട്ടോറിക്ഷയിലാണ് ബാങ്കിലെത്തിയത്. സഹകരണ ബാങ്കായതുകൊണ്ട് സെക്രട്ടറിയെ കണ്ടാണ് കാര്യം പറഞ്ഞത്. ആരുടെയെങ്കിലും മുഖത്തു നോക്കി സംസാരിക്കാനുള്ള ശക്തി ലക്ഷ്മിക്കില്ലായിരുന്നു. സെക്രട്ടറി ഒരു സ്ത്രീ ആയിട്ടു പോലും കഥകളൊക്കെ മാധവൻ തന്നെ പറയേണ്ടി വന്നു. പുതിയ ഒരു മെസ്സ് തുടങ്ങിയ കാര്യവും, ഇനി മുതൽ എല്ലാ ആഴ്ചയിലും കുറേശ്ശെ പണം അടച്ച് വായ്പ്പ തിരിച്ചടയ്ക്കാമെന്നും ഉറപ്പു കൊടുത്തു. അടുത്ത മീറ്റിംഗിൽ നിങ്ങളുടെ വിഷയം അവതരിപ്പിയ്ക്കാമെന്നും പിഴപ്പലിശയൊക്കെ പരമാവധി കുറച്ചു തരാമെന്നും ഇനി തൽക്കാലം ജപ്തി നടപടി ഒന്നും ഉണ്ടാവില്ലെന്നും പറഞ്ഞതു കേട്ട് ലക്ഷ്മിയുടെ കണ്ണുകൾ സന്തോഷാശ്രു പൊഴിച്ചു. ആ സന്തോഷാശ്രു നിറഞ്ഞ മുഖത്തോടെ തന്നെ മാധവന്റെ മുഖത്ത് നോക്കിയിട്ടാണ് കണ്ണുകൾ തുടച്ചത്.

കഥകളെല്ലാം കേട്ടു കഴിഞ്ഞ സെക്രട്ടറി ഒന്നു കൂടി പറഞ്ഞു.
“ഒന്നു രണ്ടു മാസം നിങ്ങൾ പറഞ്ഞതു പോലെ എല്ലാ ആഴ്ചയിലും കിട്ടണത് കൊണ്ടു വന്ന് അടക്കൂ. അതു കഴിഞ്ഞാൽ നിങ്ങളുടെ മെസ്സിന്റെ പേരിൽ ചെറിയ വായ്പ്പ തരപ്പെടുത്താൻ എനിയ്ക്കാവും. പാത്രങ്ങൾ വാങ്ങാനോ ഷെഡ് കെട്ടാനോ ഒക്കെ അതു കൊണ്ടാകും...”
സെക്രട്ടറിയോട് നന്ദി പറഞ്ഞ് പുറത്തിറങ്ങുമ്പോൾ മാധവൻ പറഞ്ഞു.
“നമ്മൾ ഒന്നിനും ശ്രമിയ്ക്കാതെ സ്വയം ശപിച്ചിരിയ്ക്കുമ്പോഴാണ് വേണ്ടാത്തതൊക്കെ മനസ്സിൽ തോന്നുക. നമ്മൾ എന്തിനെങ്കിലും ഇറങ്ങി പുറപ്പെട്ടാൽ സഹായിക്കാൻ ആരെങ്കിലുമൊക്കെ കാണും...”
ലക്ഷ്മി മറുപടി ഒന്നും പറഞ്ഞില്ല. മാധവന്റെ പിൻപറ്റി നടന്നതേ ഉള്ളു.

തല ഉയർത്തി ചുറ്റുവട്ടം നോക്കി നടക്കാത്തതു കാരണം ഒരു ബസ്സിനു സൈഡ് ഒഴിഞ്ഞു കൊടുത്ത ഓട്ടോറിക്ഷ ഒരെണ്ണം ലക്ഷ്മിയെ ഇടിച്ചു വീഴ്ത്തി പോയേനെ. ഓട്ടോക്കാർക്കു സഞ്ചരിക്കാൻ അധികം വഴിയൊന്നും വേണ്ടല്ലൊ. ഒന്നു കവച്ചു നിന്നാലും അവരതിനുള്ളിലൂടെ കൊണ്ടു പോകും. മാധവന്റെ സംയോജിത ഇടപെടൽ കാരണം ഒരു അത്യാഹിതം ഒഴിവായി. ലക്ഷ്മി ഒന്നും മിണ്ടാതെ നടക്കുന്നതു കൊണ്ട്  മാധവൻ ഇടയ്ക്കിടക്ക് തിരിഞ്ഞ് ലക്ഷ്മി പിറകിലുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ടായിരുന്നു. അങ്ങനെ ഒരു നോട്ടത്തിന്റെ സമയത്താണ് ബസ്സിനു സൈഡ് കൊടുത്തു കൊണ്ടുള്ള ഓട്ടോറിക്ഷയുടെ ആ ചീറിയുള്ള വരവ്. ഒരു നിമിഷം, മാധവൻ തിരിഞ്ഞു നിന്ന് ലക്ഷ്മിയെ എടുത്തു പൊക്കിയെന്നോണം മാറ്റിയില്ലായിരുന്നെങ്കിൽ അവിടെ ഒരത്യാഹിതം സംഭവിക്കുമായിരുന്നു. വാസ്തവത്തിൽ രണ്ടു പേരും ഒന്നു വിറച്ചു.

ഇതിനേയും കൊണ്ട് തിരക്കുള്ള സ്ഥലത്ത് പോകാൻ പറ്റില്ലെന്നു മാധവൻ ഉറപ്പിച്ചു. ഇനി ഓട്ടൊയിൽ തന്നെ പോയാൽ മതി. അതിനായി അവിടെ നിന്നു തന്നെ ഓട്ടോ തിരയുമ്പോഴാണ് എതിർവശത്ത് സ്വല്പം അകലെയായി ചന്ത ശ്രദ്ധയിൽ പെട്ടത്. മാധവൻ പറഞ്ഞു.
“ആ കാണുന്നതു പച്ചക്കറിച്ചന്തയാ... നമുക്കവിടെ കയറി നാളത്തേയ്ക്കുള്ള പച്ചക്കറിയൊക്കെ വാങ്ങിച്ചിട്ടു പോകാം. അവിടത്തേക്കാൾ വിലക്കുറവുണ്ടെങ്കിലോ..”

ലക്ഷ്മിയുടെ മറുപടിക്കായി കാത്തില്ല.  റോട്ടിൽ നല്ല തിരക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ റോഡ് മുറിച്ചു കടക്കാൻ നന്നേ ബുദ്ധിമുട്ടി. മാധവൻ ലക്ഷ്മിയുടെ ഒരു കയ്യും പിടിച്ചു വലിച്ചു കൊണ്ടാണ് നടക്കുന്നത്. അതു കാരണം ലക്ഷ്മിയ്ക്ക് ചെറിയൊരു നാണം തോന്നാതിരുന്നില്ല. കൈ വിടുവിക്കണമെന്നുണ്ടായിരുന്നെങ്കിലും ഈ തിരക്കിനിടയിൽ അതിനു കഴിയുമായിരുന്നില്ല. അല്ലെങ്കിൽ ലക്ഷ്മി അതിനു ശ്രമിക്കുകയുണ്ടായില്ല എന്നതാണു വാസ്തവം.....

ലക്ഷ്മി മുന്നിലെ വാഹനത്തിരക്കോ ആളുകളുടെ സഞ്ചാരമോ ഒന്നുമായിരുന്നില്ല നോക്കിയിരുന്നത്. തന്നെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ, പരിചയക്കാരുടെ മുന്നിലെങ്ങാൻ ചെന്നു പെടുന്നുണ്ടോന്നായിരുന്നു ശ്രദ്ധിച്ചിരുന്നത്. പുറത്തിറങ്ങാത്ത ആ നാട്ടുമ്പുറത്തുകാരിയുടെ മനോവിചാരങ്ങളൊന്നും മാധവനെ അലട്ടിയിരുന്നില്ല. തന്നിൽ അർപ്പിതമായ ഏതോ കടമകൾ ഭംഗിയായി നിറവേറ്റുന്ന തിരക്കിലായിരുന്നു മാധവൻ.....

ചന്തയിൽ ചെന്നപ്പോഴാണ് പച്ചക്കറിയുടെ വില നിലവാരം മനസ്സിലാകുന്നത്. അപ്പോൾ തന്നെ മാധവൻ ലക്ഷ്മിയോട് പറയുകയും ചെയ്തു.
“ഇനി മുതൽ രണ്ടു മുന്നു ദിവസത്തേക്കുള്ള പച്ചക്കറികൾ ഒന്നിച്ചു വാങ്ങാം നമ്മൾക്ക്. അതാ ലാഭം...”
ലക്ഷ്മിക്കും അത് ബോദ്ധ്യമായി. ഓരോന്നും നല്ലതു നോക്കി തിരഞ്ഞെടുക്കാൻ ലക്ഷ്മിയെ ഏൽ‌പ്പിച്ച് മാധവൻ അടുത്ത കടക്കാരന്റടുത്തേക്ക് നീങ്ങും. പലതും പല കടകളിൽ നിന്നാണ് വാങ്ങിയത്. പുറത്ത് കൂട്ടിയിട്ടു വിൽക്കുന്ന കൃഷിക്കാരുടെ അടുത്തു നിന്നും വാങ്ങുന്നതാണ് കൂടുതൽ ലാഭമെന്ന് അവർ മനസ്സിലാക്കി. അത്യാവശ്യം വേണ്ടുന്നതെല്ലാം വാങ്ങി ഒരു ഓട്ടോറിക്ഷയിൽ എടുത്തു വച്ചു. സീറ്റിലും താഴേയുമായി ചാക്കുകൾ അട്ടിയിട്ടു. ഇനി തങ്ങളെങ്ങനെയാണ് ഇരിക്കുന്നതെന്ന് ലക്ഷ്മി ഒരു നിമിഷം സംശയിച്ചു. സീറ്റിലിരുന്ന ഒരു കായക്കൊല എടുത്ത് മാറ്റി ലക്ഷ്മിയെ അവിടെ ഇരുത്തിയിട്ട് കായക്കൊല ലക്ഷ്മിയുടെ മടിയിൽ വച്ചുകൊടുത്തു. അപ്പോഴും മാധവനെങ്ങനെ ഇരിക്കുമെന്നോർത്ത്, ലക്ഷ്മി ഒരു ചാക്കു കെട്ട് എടുത്ത് വശം തിരിച്ചു വച്ച് തിക്കിത്തിരക്കി ഇച്ചിരി സ്ഥലമുണ്ടാക്കി വച്ചു. തന്നോട് ചേർന്ന്  അദ്ദേഹത്തിനും ഇരിക്കാൻ കഴിയും...! പക്ഷേ, മാധവൻ അത് ശ്രദ്ധിച്ചതു പോലുമില്ല. വണ്ടി വിടാൻ നേരം മാധവൻ ഡ്രൈവറോടൊപ്പം ഒരു വശം ചരിഞ്ഞിരുന്നാണ് സഞ്ചരിച്ചത്.
ലക്ഷ്മിക്ക്  എന്തൊ.. ആ മുഖം പെട്ടെന്ന് മ്ലാനമായി...!

 ഓട്ടോയിലിരുന്ന് ലക്ഷ്മി കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങൾ കൊണ്ട് തന്റെ കുടുംബത്തിലുണ്ടായ വ്യതിയാനങ്ങൾ ഒരു അവിശ്വസനീയ സിനിമാക്കഥ പോലെ മനസ്സിൽ കാണുകയായിരുന്നു. ഇന്നിപ്പോൾ ഈ റോട്ടിൽ വച്ചും ഒരപകടത്തിൽ നിന്ന് തന്നെ രക്ഷിച്ച ഈ നല്ല മനുഷ്യന്റെ മുഖം ഒന്നുകൂടി കാണണമെന്ന് തോന്നി. നേരെ മുന്നിൽ ഒരു വശം ചരിഞ്ഞിരിക്കുന്ന മാധവന്റെ മുഖഭാവം മാധവനറിയാതെ ശ്രദ്ധിച്ചു കൊണ്ടിരുന്നു....
ആ മുഖം നന്നേ ക്ഷീണിച്ചിരുന്നു. പ്രായമായതിന്റേയൊ, അലച്ചിലിന്റേയോ ഒക്കെ വരകൾ ആ മുഖത്ത് കാണാം.
തങ്ങളുടെ രക്ഷകനെന്നോണം അവതരിച്ച  ‘ഈ നല്ല മനുഷ്യനെ വിശ്വസിക്കാം..’
പലതവണ അതുതന്നെ ലക്ഷ്മി മനസ്സിൽ ഉരുവിട്ടുറപ്പിച്ചു.  മക്കളോട് പറഞ്ഞ് ഈ താടിയും മുടിയും മുറിപ്പിക്കാൻ നിർബ്ബന്ധിപ്പിക്കണം.  വിട്ടിലെത്തുമ്പോഴേക്കും ലക്ഷ്മി നല്ല സന്തോഷവതി ആയിരുന്നു.

ഓട്ടോറിക്ഷയിൽ നിന്നും സാധനങ്ങൾ ഇറക്കുമ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം നിമ്മി ശ്രദ്ധിച്ചിരുന്നു. ജപ്തി ഒഴിവായിക്കിട്ടിയതിന്റെ സന്തോഷം അത്ര ചെറുതല്ലല്ലൊ.. അതുകൊണ്ട് വേറൊന്നും  എടുത്തു ചോദിക്കാൻ ഉണ്ടായിരുന്നില്ല.
ദിവസങ്ങൾ കഴിയവെ കാലത്തു മുതലുള്ള വിശ്രമമില്ലാത്ത പണികൾ കാരണം പെണ്ണുങ്ങൾ മൂവരും അവശരാവുന്നത് മാധവൻ അറിയുന്നുണ്ടായിരുന്നു. അത് വെറുതെ ഒന്നു സൂചിപ്പിച്ചപ്പോൾ ബഷീറാണ് പറഞ്ഞത്.
‘എന്റെ ഉപ്പച്ചിയേയും കണാരേട്ടനേയും കൂടി വിളിച്ചാലോന്ന്.’
അടുത്തറിയാവുന്നവരായതു കൊണ്ട് നിമ്മിയും ലക്ഷ്മിയും സമ്മതിച്ചു.

കണാരേട്ടനും സെയ്തുക്കായും പുഴയിലെ കടത്തുകാരായിരുന്നു. അതിലുപരി ചെറുപ്പം മുതലുള്ള കൂട്ടുകാരും. പാലം പണി തുടങ്ങിയതോടെ കടവ് അടച്ചതുകൊണ്ട് രണ്ടു പേരുടേയും ജീവിതം വഴിമുട്ടി. കടവിലെ  പഴയ ഓലമേഞ്ഞ വിശ്രമപ്പുരയിൽ ചീട്ടും കളിച്ച് വെടിയും പറഞ്ഞിരിക്കലാണ് ഇപ്പോഴത്തെ പണി. പിറ്റേ ദിവസം മുതൽ അവരും കൂടി. പിന്നെ ബഷീറിന്റെ  ഉമ്മ കൂടി എത്തിച്ചേർന്നതോടെ പെണ്ണുങ്ങളുടെ ഭാരവും വളരെ കുറഞ്ഞു. സ്വന്തം വീട്ടിലെ ഭക്ഷണം ഉണ്ടാക്കുന്ന മനോഭാവമായിരുന്നു എല്ലാവർക്കും. അതീവ ശ്രദ്ധയോടെ ലക്ഷ്മിയും എല്ലാവർക്കും പിന്നാലെ ഉണ്ടായിരുന്നു. അതുകൊണ്ട് സ്വന്തം വച്ചു കഴിച്ചിരുന്ന  അന്യ സംസ്ഥാന തൊഴിലാളികൾ വരെ അവരുടെ ഭക്ഷണത്തിനായി നിരന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോകവെ സെയ്തുക്കായും കണാരേട്ടനും കൂടിയാണ് ആ പദ്ധതി അവതരിപ്പിച്ചത്.
“നമുക്ക്  വീടിനോട് ചേർന്ന് ഒരു  ഷെഡ് കെട്ടി ഹോട്ടലൊരെണ്ണം തുറന്നാലോ...?”
ആ നിർദ്ദേശം വളരെ നന്നായിരിക്കുമെന്ന് മാധവനും തോന്നി.
പാലം പണി  കഴിഞ്ഞാലും നമ്മൾക്ക് ജീവിക്കണ്ടെ.. ?
അതിനും ലക്ഷ്മി മാധവന്റെ മുഖത്തേക്ക് നോക്കി.
‘എന്താ വേണ്ടതെന്നു വച്ചാൽ ആയിക്കോളൂ...’ എന്ന മട്ടിലാണാ നോട്ടമെന്ന് മാധവനറിയാം.
"തൽക്കാലം ഇങ്ങനെയങ്ങ് പോയാൽ പോരെ..? ഈ കടങ്ങളൊക്കെ ഒന്നൊതുങ്ങിയിട്ട്...”
മാധവൻ പറഞ്ഞതങ്ങനെയാണ്.
“കടങ്ങൾ പോകപ്പോകെ അങ്ങ് തീർന്നോളും. നമുക്ക് പുറത്തു നിന്നുള്ള ആളുകളുടെ ഊണും കൂടി കിട്ടും. പിന്നെ ചായയും പലഹാരങ്ങളുടേയും കച്ചവടം വേറെ...”
കണാരേട്ടൻ പറഞ്ഞതിനെ സെയ്തുക്കായും പിന്താങ്ങിയതോടെ അതങ്ങുറപ്പിച്ചു മാധവൻ.

പിന്നെ അടയ്ക്കാമരവും തെങ്ങോലയും കൊണ്ട് കൊള്ളാവുന്ന വലുപ്പത്തിൽ തന്നെ താൽക്കാലിക ഹോട്ടൽ ശരിയാക്കി. വീടിനോട്  ചേർന്നു തന്നെയാണെങ്കിലും വീടുമായി ഒരു ബന്ധവുമില്ലായിരുന്നു. ഹോട്ടലിന്റെ മുൻവശം റോട്ടിലേക്ക് വേലി പൊളിച്ച്  ശരിയാക്കി. വീട്ടിൽ നിന്നും ഹോട്ടലിനകത്തേക്ക് കടക്കാൻ ഒരേയൊരു വാതിലും.

ഹോട്ടലിനൊരു പേരു വേണമല്ലോന്ന്  സെയ്തുക്കയാണ് എടുത്തിട്ടത്. അഛന്റെ പേരിലായിക്കോട്ടേന്ന് ഗൌരിയും , അമ്മയുടെ പേരിലെന്ന് നിമ്മിയും പറഞ്ഞെങ്കിലും തന്റെ പേരിൽ വേണ്ടെന്ന് ലക്ഷ്മി തീർത്തു പറഞ്ഞു. അവസാനമായെല്ലാവരും മാധവന്റെ മുഖത്തേക്കാണ് നോക്കിയത്.
ഏതു കാര്യത്തിനും ഒരവസാനവാക്ക് മാധവനായിക്കഴിഞ്ഞിരുന്നു...

മാധവൻ ഒരാലോചനയോടെ പറഞ്ഞു.
“ഹോട്ടലിന് ആണുങ്ങളുടെ പേരിടാറുണ്ടൊ.... ഞാൻ കേട്ടിട്ടില്ല. പിന്നെ ലക്ഷ്മി വേണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് അതും വേണ്ട. നിമ്മിയാണെങ്കിൽ കെട്ടിച്ചു വിടേണ്ടവളാ.. പിന്നെ ഇവൾ ഗൌരി. ഈ ഹോട്ടൽ ഗൌരിയുടെ പേരിലാവുന്നതല്ലെ എന്തുകൊണ്ടും നല്ലത്...?”
അതും പറഞ്ഞ് മാധവൻ എല്ലാവരെയും ഒന്നു നോക്കി.
“ഹോട്ടൽ ഗൌരീ....”
ബഷീർ ആ പേരു വിളിച്ചു കൂവിയത് എല്ലാവരും കയ്യടിച്ച് പാസ്സാക്കി.

‘ഹോട്ടൽ ഗൌരി’ പിറ്റേദിവസം മുതൽ പ്രവർത്തനം തുടങ്ങി. ഒരു വെള്ളത്തുണിയിൽ നീല പെയിന്റു കൊണ്ടാണ് ‘ഹോട്ടൽ ഗൌരി’ എന്ന് മാധവൻ തന്നെ എഴുതിയത്. അത് പുറത്ത് വലിച്ചു കെട്ടി. പുറത്തു നിന്നും അധികം ആളുകളൊന്നും വന്നു തുടങ്ങിയിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും പാലം പണിയുടെ ജോലിക്കാർ തന്നെ പ്രാതൽ കഴിക്കാൻ എത്തിത്തുടങ്ങി. അതു മാത്രമല്ല ഇനി മുതൽ പൊതിച്ചോറിന്റെ ആവശ്യമില്ലെന്നും തൊട്ടടുത്തായതുകൊണ്ട് വന്നു കഴിക്കാനും അവർ തെയ്യാറയി.
ഹോട്ടലിന്റെ കാഷ്യർ ആയി ഗൌരി മേശക്കരികിൽ ഐശ്വര്യമായി ഇരിക്കാൻ തുടങ്ങിയത് കടക്കും ഒരൈശ്വര്യമായിരുന്നു.  എല്ലാവരും കടയിലെ കാര്യങ്ങൾക്കായി ഓടി നടന്നു...

കാര്യങ്ങൾ അടിക്കടി പുരോഗതിയിലേക്ക് കുതിക്കുമ്പോഴാണ് അയൽ പക്കത്തെ നാരായണി വല്ലിമ്മയുടെ വക ഒരു പാര നല്ല മൂർച്ചയോടെ അവരുടെ ഇടയിലേക്ക് വന്നു പതിച്ചത്. അസൂയയും കുശുമ്പും അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളാണ്. ആരെയെങ്കിലും ഏഷണി പിടിപ്പിക്കാൻ കിട്ടിയാൽ അതൊട്ടും പാഴാക്കില്ല. ദിവസവും വന്ന് എന്തെങ്കിലുമൊക്കെ തൊട്ടും പിടിച്ചും നിന്ന് ഉച്ചക്കുള്ള ഭക്ഷണം കഴിച്ച്  സ്ഥലം കാലിയാക്കുന്ന നാരായണി വല്ലിമ്മയെപ്പറ്റി ആർക്കും മതിപ്പൊന്നുമില്ലായിരുന്നു. എങ്കിലും ഒറ്റക്ക് താമസിക്കുന്ന ഒരു തള്ളയല്ലെ, വയസ്സായതല്ലെ എന്നുള്ള പരിഗണനയാണ് മാധവൻ കൊടുത്തത്.

അവരുടെ ഒരു സ്വന്തക്കാരനായിരുന്നു ബഷീർ മുൻപ് ഊണു വാങ്ങിച്ചു കൊടുത്തിരുന്ന ഹോട്ടലിലെ കാഷ്യർ. നല്ലൊരു ബിസിനസ്സ് നഷ്ടപ്പെട്ട ഹോട്ടലുകാർ വെറുതെയിരിക്കുമോ...?
അവരായിരുന്നു ആ പാരയുടെ പുറകിൽ...
സെയ്തുക്കായും കണാരേട്ടനും ഇത് മുൻപേ കേട്ടിരുന്നു. സത്യമല്ലാത്തതുകൊണ്ട് അവരത് അവഗണിക്കുകയായിരുന്നു. ഇവിടെ ആരോടും അത് പറഞ്ഞതുമില്ല.

ഊണു കഴിച്ചു തീർന്ന് ഒന്നു മുറുക്കാൻ ചവയ്ക്കാനായി ഇരിക്കുമ്പോഴാണ്  നാരായണി വല്ലിമ്മ തൊട്ടടുത്തിരുന്ന ഗൌരിയോടും  ലക്ഷ്മിയോടുമായി അക്കാര്യം പറഞ്ഞത്.
“എന്തിനാ ആ മാധവനെ നിങ്ങളിങ്ങനെ ഏറ്റിക്കൊണ്ടു നടക്കണെ..? ആരാ അയാൾ..?”
കേട്ടതും ലക്ഷ്മി ഞെട്ടിപ്പോയി...!
പെട്ടെന്നു നാലുപാടും നോക്കി. മാധവനോ മറ്റാരെങ്കിലുമോ അത് കെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ലക്ഷ്മി ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്റെ പൊന്നു ചേച്ചി... വല്ല വിഡ്ഡിത്തോം വിളമ്പല്ലെ... മനഷ്യേരു കേൾക്കും...”
“ഓ.. ഇനീപ്പോ കേൾക്കാനാരുമില്ല... നാട്ടിലിതൊക്കെ പാട്ടാ...”
“ദേ... തള്ളേ... ഞങ്ങടെ മാമനെക്കുറിച്ച് അപവാദം പറഞ്ഞാലുണ്ടല്ലൊ.. ആ വായിൽ ഞാൻ തീ കോരിയിടും. പറഞ്ഞേക്കാം...”
ഗൌരിയാണ് കുറച്ചു ചൂടായിത്തന്നെ വല്ലിമ്മയുടെ താടിക്കിട്ടൊരു തട്ടു തട്ടിയിട്ട് പറഞ്ഞത്.
അതുകാരണം താടിയൊന്നു തടവിയിട്ട് വല്ലിമ്മ എഴുന്നേറ്റു. ഗൌരിയുടെ കയ്യെത്തും ദൂരത്തു നിന്നും മാറി നിന്നിട്ട് ഇത്തിരി ഉറക്കെത്തന്നെ പറഞ്ഞു.
“നിങ്ങ്ടെ ആ തെണ്ടി മാമനെക്കുറിച്ചല്ലെടി നാട്ടുകാരു പറേണെ.. നിങ്ങളെക്കുറിച്ചാ...!!”
“ഞങ്ങളെക്കുറിച്ചോ...? എന്താ നാട്ടുകാർക്കിത്ര പറയാനുള്ളെ...?”
ലക്ഷ്മി കരയാൻ തുടങ്ങിയിരുന്നു.
“ആ തെണ്ടി മാധവനിപ്പോ.. ആരുടെ കൂടെയാ പൊറുതിയെന്നാ നാട്ടുകാരു ചോദിക്കുന്നേ.. അമ്മേടെ കൂടേയോ അതോ  മക്കളുടെ കൂടെയോന്ന്...?!!”
“ഞങ്ങടെ അമ്മയെ പറഞ്ഞാലുണ്ടല്ലൊ... ദുഷ്ടത്തി തള്ളേ....”
എന്നും പറഞ്ഞ് തൊട്ടടുത്ത് കൊട്ടയിൽ വച്ചിരുന്ന വഴുതനങ്ങയിൽ ഒരെണ്ണമെടുത്ത് വല്ലിമ്മയുടെ മുതുകിനു നോക്കി ഒറ്റ ഏറ്. കൃത്യമായിത്തന്നെ വല്ലിമ്മയുടെ മുതുകിനു കൊള്ളുകയും ചെയ്തു. ആ ദ്വേഷ്യത്തിൽ പറഞ്ഞു.
“വെറുതെയല്ലെടി നിന്റെ രണ്ടുകാലും തളർന്നു പോയത്... അങ്ങനെ തന്നെ വേണം നിനക്ക്....”
അത് ഗൌരിക്കും സഹിച്ചില്ല. അവളും പറഞ്ഞു.
“വെറുതെയല്ല തള്ളേ.. ഒരേയൊരു മോളായിട്ടും അവള് നിങ്ങളെ ഇട്ടിട്ടു പോയത്.. തെണ്ടിച്ചി... നിങ്ങളാ തെണ്ടി നടന്നു തിന്നുന്നെ..”
“നിന്റെ വീറ് കണ്ടിട്ട് മാധവൻ നിന്റെ കൂടെയാണോടി പൊറുതി...?!!”
വല്ലിമ്മയുടെ വിറയൽ ഗൌരിയിലേക്കും പകർന്നു.
“അതേടി ദുഷ്ടത്തിത്തള്ളെ.. എന്റെ കൂടെയാ മാധവമാമാ...!! പോയി പറയ്...”
എന്നിട്ട് കൊട്ടയിൽ നിന്നും വഴുതനങ്ങയെടുത്ത്  വല്ലിമ്മയെ എറിഞ്ഞു ദ്വേഷ്യം തീർത്തുകൊണ്ടിരുന്നു...
ലക്ഷ്മി ഇതൊന്നും താങ്ങാൻ ശക്തിയില്ലാതെ തലയും കുമ്പിട്ടിരുന്ന് കരഞ്ഞു...
എന്തിനോ വേണ്ടി അകത്തേക്കു കയറി വന്ന മാധവൻ ഇതെല്ലാം കേട്ട് ജീവഛവം കണക്കെ നിന്നു പോയി...!!
പിന്നെ പതിയെ പുറത്തേക്കു നടന്നു....


 10

ഒരു കല്യാണലോചന...


ചില്ലറ കൊണ്ടു വച്ചിരുന്നത് എടുക്കാനായി അകത്തേക്കു പോയ മാമൻ വൈകുന്നതു കാരണം നിമ്മി വീട്ടിനകത്തേക്ക് ഓടിക്കയറി വരുമ്പോഴാണ് മാധവൻ അകത്ത് സംശയിച്ചു നിൽക്കുന്നത് കണ്ടത്.
മാധവന്റെ അടുത്തു വന്നിട്ട് ചോദിച്ചു.
“മാമാ... എന്തു പറ്റി...? എന്തേ അവിടെ നിന്നു കളഞ്ഞത്..?”
മാധവൻ ഒന്നും പറഞ്ഞില്ല...
നിമ്മിയുടെ മുഖത്തേക്കു നോക്കി, ആ കവിളിൽ സ്നേഹപുരസ്വരം ഒന്നു തലോടിയിട്ട് അയാൾ പുറത്തിറങ്ങി ഹോട്ടലിനകത്തേക്ക് കയറിപ്പോയി....

എന്തോ ഒരു മനോവിഷമം മാമനെ അലട്ടുന്നുണ്ടെന്ന് നിമ്മി ഊഹിച്ചെടുത്തു....
അലമാരയിൽ നിന്നും ചില്ലറപ്പൊതിയെടുത്ത് പുറത്തെ വരാന്തയിലിറങ്ങിയപ്പോഴാണ് ഗൌരിയും അമ്മയും കെട്ടിപ്പിടിച്ചിരുന്ന് കരയുന്നത് കണ്ടത്. നിമ്മിയുടെ ഉള്ളൊന്നു കാളി. ഇവിടെന്തൊ സംഭവിച്ചിട്ടുണ്ടല്ലൊ...?
“എന്തുപറ്റി... നിങ്ങളെന്തിനാ കരയണെ...? മാമനും ചില്ലറയെടുക്കാൻ വന്നിട്ട്, എടുക്കാതെ തിരിച്ചു പോന്നു... ”
അതു കേട്ടതും ലക്ഷ്മിയും ഗൌരിയും വെപ്രാളത്തോടെ പരസ്പ്പരം ഒന്നു നോക്കി.
മാമനും കേട്ടുവോ അതെല്ലാം...!
“എന്റീശ്വരാ.....” എന്നും പറഞ്ഞ് ലക്ഷ്മി വീണ്ടും വിങ്ങിപ്പൊട്ടി.
നിമ്മിയുടെ വേവലാതി കൂടിയത് ആ മുഖത്തു നിന്നും വായിച്ചെടുക്കാം.
“എന്താ നിങ്ങളൊന്നും പറയാത്തെ...? മാമനെ വല്ലതും പറഞ്ഞോ നിങ്ങൾ....?”

ഗൌരി നിമ്മിയുടെ കൈത്തലം പിടിച്ച് സ്വന്തം കവിളിൽ വച്ചിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു.
“മാമനെ  നമ്മൾ ആരെങ്കിലും എന്തെങ്കിലും പറയോ മോളെ.... നാട്ടുകാരാ പറയാൻ തുടങ്ങിയേ...!”
“നാട്ടുകാരോ...? എന്തു പറയാൻ...”
“നമ്മളിൽ ആരാ മാമന്റെ കൂടെ പൊറുതിയെന്ന്....!!?”
ഒരു നിമിഷം നിമ്മി ഇടിവെട്ടേറ്റതു പോലെ നിന്നു പോയി...
പിന്നെ പതുക്കെ എഴുന്നേറ്റ് ചില്ലറയുമായി പുറത്തു കടന്നു. ഹോട്ടലിൽ കൌണ്ടറിൽ മാധവനുണ്ടായിരുന്നു.
മാധവന്റെ കയ്യിൽ ചില്ലറ എൽ‌പ്പിച്ച് നിമ്മി വീട്ടിനകത്തേക്ക് തന്നെ കയറിപ്പോയി.

ഹോട്ടലിൽ ആളൊഴിഞ്ഞ നേരം ഗൌരിയെ വണ്ടിയിലിരുത്തി തള്ളിക്കൊണ്ട് നിമ്മി കയറി വന്നു.
മാധവൻ ഡെസ്ക്കിൽ വെറുതെ കിടക്കുകയായിരുന്നു.
ജോലിക്കാർ എല്ലാവരും ഇനി വൈകുന്നേരത്തെ ചായ സമയത്തെ വരികയുള്ളു.
മാധവന്റെ കിടപ്പു കണ്ട് ഗൌരി പറഞ്ഞു.
“മാമാ... മാമൻ ഭക്ഷണമൊന്നും കഴിച്ചില്ലല്ലൊ..”

അവസാനം എല്ലാവരും കൂടിയാണ് ഭക്ഷണത്തിന് ഇരിക്കാറ്. ഇന്നെന്തൊ ആ പതിവ് തെറ്റി. മാധവനും ലക്ഷ്മിയും ഒന്നും കഴിച്ചില്ല. വിശപ്പില്ലെന്ന് പറഞ്ഞ് രണ്ടാളും ഒഴിഞ്ഞു. നാരായണി വല്ലിമ്മയുടെ പാര വയ്ക്കലായിരുന്നു കാരണമെന്ന് എല്ലാവർക്കുമറിയാം.
മാധവൻ നിശ്ശബ്ദനായി കിടന്നതേയുള്ളു. മാധവനെ കുലുക്കി വിളിച്ചു കൊണ്ട് നിമ്മി പറഞ്ഞു.
“എഴുന്നേറ്റ് വരൂ മാമാ... ദേ അപ്പുറത്ത് അമ്മയും ഒന്നും കഴിക്കാതെ ആ തൂണും ചാരി ഇരിപ്പുണ്ട്. നിങ്ങൾ രണ്ടാളും ഇങ്ങനെ തുടങ്ങിയാ...” ബാക്കി പറഞ്ഞത് ഗൌരിയാണ്.
“നാരായണി വല്ലിമ്മ പറഞ്ഞത് ഇല്ലാണ്ടാവോ...? ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ... നമ്മൾക്കറിയാല്ലൊ നമ്മളെ...”
മാധവൻ പതുക്കെ എഴുന്നേറ്റു.
“നമ്മൾക്ക് നമ്മളെ അറിയാമെന്നതൊന്നും ഒരു സമൂഹത്തിൽ മാന്യമായി ജീവിക്കാൻ ന്യായീകരണങ്ങളല്ല....”മാധവൻ.
“പിന്നെ നമ്മളെന്താ ചെയ്യേണ്ടെ... ഇതൊക്കെ കേട്ട് മരിക്കണോ..?” ഗൌരി കുറച്ച് ദ്വേഷ്യത്തിലാണ്.
“നാട്ടുകാർ ഓരോ വേണ്ടാതീനങ്ങൾ വിളിച്ചു പറഞ്ഞതിന് നമ്മൾക്കെന്തു ചെയ്യാനൊക്കും...?” നിമ്മി.
“നമ്മൾ ജീവിക്കുന്നത് നാട്ടുകാരെക്കൂടി കണക്കിലെടുത്താവണം. അവർക്കു കൂടി ബോദ്ധ്യമാവുന്ന രീതിയിലെ നമ്മൾക്കും ജീവിക്കാനാവൂ... ഇല്ലെങ്കിൽ ഇതുപോലുള്ള കഥകൾ അവർ മെനഞ്ഞുണ്ടാക്കും...”
“ഞങ്ങളിവിടെ  ആത്മഹത്യയുടെ വക്കിലെത്തിയിട്ടും ആരുമുണ്ടായില്ലല്ലൊ മാമാ ഒരു കൈ സഹായത്തിന്...”
“അതൊന്നും നാട്ടുകാർക്ക് താൽ‌പ്പര്യമുള്ള വിഷയങ്ങളല്ല...!”

ലക്ഷ്മി കരഞ്ഞു തളർന്ന കണ്ണുകളുമായി സാവധാനം അവിടേക്ക് വരുന്നുണ്ടായിരുന്നു.
ദിവസവും വൃത്തിയായി നടന്നിരുന്ന ആൾ ഇപ്പോൾ പാറിപ്പറന്ന മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളും മറ്റുമായി ഒരു ഭ്രാന്തിയേപ്പോലെ....!
“ഞങ്ങളൊരു കാര്യം പറയട്ടെ മാമാ... ”
അമ്മയെ കണ്ടതും ഗൌരിയുടെ മുഖത്തൊന്നു നോക്കിയിട്ട്, അവളുടെ സമ്മതത്തോടെ എന്നവണ്ണം നിമ്മി കരുതലോടെ പറഞ്ഞു.
“ഞങ്ങടമ്മയെ മാമനു കല്യാണം കഴിക്കരുതോ...!!?”
മാധവൻ ഒന്നു ഞെട്ടിയോ...?
പെട്ടെന്ന് അടുത്തുവന്ന ലക്ഷ്മിയുടെ മുഖത്തേക്കാണ് മാധവന്റെ നോട്ടം വീണത്.
അടുത്തു വന്ന് തല കുനിച്ചു നിന്ന് ലക്ഷ്മി അതിനെ പിന്താങ്ങിയത് മാധവനിൽ മറ്റൊരു ഞെട്ടലുണ്ടാക്കി.
“ഇനി ഒരു കുടുംബജീവിതം മോഹിച്ചിട്ടല്ല മക്കളോട് ഞാൻ സമ്മതിച്ചത്. എന്റെ കുട്ടികളുടെ ഭാവി...?!!”

ഒരു നിമിഷം മാധവന്റെ മനസ്സിൽ ദേവുവിന്റെ ചിത്രം തെളിഞ്ഞു വന്നു. മൂന്നു മക്കളെ കൊടുത്തതല്ലാതെ ഒരു കുടുംബ ജീവിതം കൊടുക്കാനായില്ല. അതായിരുന്നു ആകെയുള്ള ഒരേയൊരു പരാതി. ‘എന്നെങ്കിലും ഒരുമിച്ചൊരു ജിവിതം...’ ഒരിക്കലും അതിനു കഴിഞ്ഞില്ല. ദേവുവിന്റെ കരയുന്ന ആ മുഖം മാധവന്റെ മനോമുകുരത്തിൽ വല്ലാത്തൊരു നീറ്റലായി എന്നും കൂടെയുണ്ടായിരുന്നു.
ഒരു നിമിഷം കഴിഞ്ഞ് ഞെട്ടലിൽ നിന്നും മോചിതനായ മാധവൻ പറഞ്ഞു.
“അതുകൊണ്ടും ഈ നാട്ടുകാരുടെ പരാതി തീരുമോ..? അവർക്കാവശ്യം ഈ ഹോട്ടൽ പൂട്ടിക്കുകയെന്നതാണ്. മുൻപു ബഷീർ ചോറു വാങ്ങിക്കൊടുത്തിരുന്ന ആ ഹോട്ടലുകാരാണ് നാട്ടുകാരുടെ ലേബലിൽ പടച്ചു വിടുന്ന ഈ അപവാദങ്ങൾക്ക് പിറകിൽ. സെയ്തും കണാരനും നേരത്തെ കേട്ടിരുന്നൂത്രെ അത്. അവരത് അവഗണിക്കുകയായിരുന്നു. അതുപോലെ തൽക്കാലം നമ്മളും അവഗണിക്കുക...”
“എന്നാലും മാമാ...”നിമ്മി എന്തോ പറയാൻ തുടങ്ങിയതും മാധവൻ കയ്യുയർത്തി തടഞ്ഞു.
“ഞാൻ നിങ്ങടമ്മയെ കല്യാണം കഴിച്ചാലും, അവർ മറ്റൊരു ആരോപണവുമായി വരും.. അതിനും നമ്മൾ മറുപടി കൊടുക്കേണ്ടതായി വരും... നിങ്ങൾ വിഷമിക്കാതെ.. നമ്മുടെ കൂടെയും ആളുകളില്ലെ ഇപ്പോൾ... കണാരൻ.. സെയ്തു.. ഇവിടെ ഊണു കഴിക്കാൻ വരുന്ന എത്രയോ പേർ... ഇവരെല്ലാം സത്യമറിയാവുന്നവരല്ലെ..? ”

തങ്ങളുടെ അമ്മയെ കല്യാണം കഴിക്കാൻ തെയ്യാറാവാത്ത മാമനോട് ദ്വേഷ്യമല്ല തോന്നിയത്. മറിച്ച് ഒരുപാടൊരുപാട് സ്നേഹമാണ് . അതെങ്ങനെ പ്രകടിപ്പിക്കുമെന്നറിയാതെ രണ്ടു പേരും കുഴങ്ങി. തന്റെ വണ്ടിയിലിരുന്നു കൊണ്ടു തന്നെ ഗൌരി ഡെസ്ക്കിലിരിക്കുന്ന മാമന്റെ അരയിൽ വട്ടം ചുറ്റിപ്പിടിച്ച് മാധവന്റെ മടിയിൽ തലവച്ച് കിടന്നു. ഗൌരിയുടെ തലമുടിയിൽ വിരൽ കോർത്തുകോണ്ട് മാധവനും. അമ്മയെ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ച് മറ്റെ കൈ മാധവന്റെ തോളിലും പിടിച്ച് നിമ്മിയും.

മാധവൻ നിഷേധിച്ചതിൽ ലക്ഷ്മിക്ക് നിരാശയൊന്നും തോന്നിയില്ലെങ്കിലും ഒരു സന്തോഷക്കുറവ് ആ മുഖത്തുണ്ടായിരുന്നില്ലെ....?
മാധവൻ പറഞ്ഞു.
“ഇനിയുമുണ്ട് ആരോപണങ്ങൾ.. തോമസ്സ് കോൺ‌ട്രാക്ടർ എന്താ പിന്നീടൊരിക്കലും ഇതുവഴി വരാതിരുന്നത്.....?”
അപ്പോഴാണ് അതിനെക്കുറിച്ച് അവർ മൂവരും ചിന്തിച്ചത്. അന്ന് വന്നതിനു ശേഷം തോമസ്സ് ഒരിക്കലും ഇവിടെ വന്നിട്ടില്ല. ശരിയാണല്ലൊ...
എല്ലാം ബഷീർ വഴിയായിരുന്നു ഇടപാടുകൾ മുഴുവൻ.
“എന്താ മാമാ...” അതിന്റെ പിന്നിലെ രഹസ്യം അവർക്കറിയില്ലായിരുന്നു.
“തോമസ്സിന്റെ കാന്റീൻ നടത്തിപ്പുകാരാണ് നിങ്ങൾ അമ്മയും മക്കളുമെന്നായിരുന്നു നാട്ടിൽ പ്രചരിപ്പിച്ച വാർത്തകൾ. തോമസ്സാണത്രെ നിങ്ങളെ സംരക്ഷിക്കുന്നത്. അതുകൊണ്ടാ നിങ്ങൾക്കൊരു ചീത്തപ്പേരുണ്ടാകാതിരിക്കാൻ ആ നല്ല മനുഷ്യൻ ഇതു വഴി പിന്നെ വരാതിരുന്നത്.  അത്  ഏൽക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് എന്നെ ചേർത്ത് കഥകൾ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. അതൊക്കെ അങ്ങനെ കിടക്കും...!!”
തങ്ങളെപ്രതി ഇങ്ങനേയും കഥകൾ പ്രചരിക്കുന്നുവെന്നത് പുതിയ അറിവുകളായിരുന്നു.

             പിന്നേയും നാളുകൾ കടന്നു പോയി. പാലത്തിന്റെ പണി ഏതാണ്ട് തീരാറായി. അതോടൊപ്പം രണ്ടു വശത്തുമുള്ള  റോഡുകളുടെ പണിയും നടന്നിരുന്നു. ഗൌരി ഹോട്ടലിന്റെ മുന്നിലെ പുല്ലു റോഡ് ടാറ് ചെയ്യുന്നതിന്റെ ഭാഗമായി നെൽ‌പ്പാടത്തിനോട് ചേർന്ന വശം കരിങ്കല്ലിട്ട് കെട്ടാൻ തുടങ്ങിയിരുന്നു. അതോടെ സ്ഥലത്തിന്റെ വിലയും വാണം പോലെ കുതിച്ചുയർന്നു. പല പാവങ്ങളും ഇരട്ടി വില കിട്ടിയപ്പോൾ വിറ്റു തുലച്ച് പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടിപ്പോയി. കുറച്ചു കൂടി കാത്താൽ ഇതിന്റെ പത്തിരട്ടി വില കിട്ടുമെന്ന് പലരും പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല. പാവങ്ങളെ പറ്റിക്കാൻ വലിയ വിരുതൊന്നും ആവശ്യമില്ലല്ലൊ. അതറിയാവുന്നവർ ചെറിയ വിലക്ക് സ്ഥലങ്ങൾ തക്കം പാത്തു നടന്ന് പ്രലോഭിപ്പിച്ച് കൈക്കലാക്കി.

ഗൌരീ ഹോട്ടലും വില ചോദിച്ച് വന്നിരുന്നു.
തങ്ങളെ നാണം കെടുത്തിയ ഈ നാട്ടിൽ നിന്നും എവിടേക്കെങ്കിലും പോകാമെന്ന് അമ്മയും മക്കളും ചിന്തിച്ചെങ്കിലും മാധവൻ സമ്മതിച്ചില്ല. നിങ്ങൾ ജനിച്ചു വളർന്ന ഈ നാട്ടിനോളം വരില്ല വേറേവിടെച്ചെന്നാലും. ചെല്ലുന്നിടത്ത് നിങ്ങൾ ഒരു രണ്ടാം തരക്കാരായി മാത്രമേ അവിടത്തുകാർ പരിഗണിക്കൂ. ‘വരുത്തന്മാർ’ എന്ന പേരും...!
മാധവന്റെ ഉപദേശങ്ങളിൽ അവർ നാടു വിടുവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.

അങ്ങനെയിരിക്കെയാണ് ഹോട്ടലിൽ നിമ്മിയെ കാണാൻ തോമസ്സ് കോൺ‌ട്രാക്ടറുടെ മകൾ  ടെസ്സിക്കൊപ്പം മറ്റൊരു കൂട്ടുകാരി എത്തിയത്...?


  11

സഹപാഠികൾ..

വളരെ കാലത്തിനു ശേഷമുള്ള ഈ കണ്ടുമുട്ടൽ നിമ്മിയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു...!
ഇവരെല്ലാം തന്നെ മറന്നു കളഞ്ഞിട്ടുണ്ടാകുമെന്നാണ് നിമ്മി കരുതിയത്...
ഏറെക്കാലം കാണാതിരുന്നതിന്റെ സന്തോഷം   മൂന്നുപേരും പരസ്പ്പരം കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു തീർത്തു. കോളേജിലെ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു മൂവരും. നിമ്മി പഠിത്തം നിറുത്തിയതിൽ ഏറ്റവും വേദനിച്ചതും അവരായിരുന്നു..

നിമ്മി അവരേയും കൊണ്ട് അകത്തേക്ക് കയറി. അമ്മയെ വിളിച്ച് അവരെ പരിചയപ്പെടുത്തി.
ടെസ്സിയെ ലക്ഷ്മിക്ക് നേരത്തെ അറിയാമെങ്കിലും മറ്റെയാളെ ഓർമ്മ വന്നില്ല.
അതു മനസ്സിലായിട്ടെന്നോണം നിമ്മി അമ്മയെ ഒന്നു കൂടി ഓർമ്മപ്പെടുത്തി.
“അമ്മക്കോർമ്മയില്ലെ. ഞാൻ കോളേജിൽ പോകാതായപ്പോൾ ഒരു ദിവസം എന്നെ അന്വേഷിച്ചു വന്ന കുറച്ചു കൂട്ടുകാരികളെ. അന്ന് നമ്മുടെ അവസ്ഥ കണ്ട് എന്റെ ഫീസ് കൊടുത്തോളാമെന്ന് പറഞ്ഞ് കോളേജിൽ വരാൻ  നിർബ്ബന്ധിച്ചത് ഇവളാ... ഈ സുനിത..”

ഇപ്പോൾ ലക്ഷ്മിക്ക് ആളെ മനസ്സിലായി. ടെസ്സി പറഞ്ഞു.
“ഗൌരിയേച്ചി കൌണ്ടറിൽ ഇരിക്കുന്നത് കണ്ടിരുന്നു...”
ഞാൻ പോയി കൊണ്ടുവരാമെന്നു പറഞ്ഞ് ലക്ഷ്മി ഹോട്ടലിലേക്ക് പോയി.

സുനിത ഇപ്പോൾ ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിലെ ജോലിക്കാരിയാണ്. ബാംഗ്ലൂരിലെ മറ്റൊരു ഐടിക്കമ്പനിയിലെ ജോലിക്കാരിയായ ടെസ്സിയുമായി ദിവസവും കാണുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ സൌഹൃദം ഇപ്പോഴും നിലനിൽക്കുന്നു. അപ്പച്ചനിൽ നിന്നും നിമ്മിയുടെ വിശേഷങ്ങൾ അറിഞ്ഞിരുന്ന ടെസ്സിയാണ് വിവരങ്ങൾ സുനിതക്ക് കൈമാറിയത്. ഇപ്പോഴത്തെ ഈ ഹോട്ടൽ നടത്തിപ്പുവരെ അറിഞ്ഞിരുന്ന അവർ, പരസ്പ്പരം കുടുംബവിശേഷങ്ങൾ പറഞ്ഞിരിക്കെയാണ് ടെസ്സി മാധവനെ തിരക്കിയത്.
‘എവിടേടി നിങ്ങടെ മാധവമാമൻ...  ഒന്നു പരിചയപ്പെടുത്തടി... അപ്പച്ചൻ പറഞ്ഞറിയാം..”

നിമ്മി മാധവനെ വിളിക്കാനായി ഹോട്ടലിലേക്ക് പോയി. അപ്പോഴേക്കും ലക്ഷ്മി ഗൌരിയേയും തള്ളിക്കൊണ്ട് അകത്തേക്ക് വരുന്നുണ്ടായിരുന്നു. ഗൌരിയെ കണ്ടതും എഴുന്നേറ്റ്  ചെന്ന് കുശലം ചോദിക്കാൻ അവർ മറന്നില്ല. അവർ സംസാരിച്ചിരിക്കെയാണ് മാധവനേയും കൂട്ടി നിമ്മി വന്നത്. അവരെ കണ്ടതും ഗൌരി ഒഴിച്ച് എല്ലാവരും എഴുന്നേറ്റു. ഇപ്പോഴത്തെ തലമുറക്കില്ലാത്ത ആ ബഹുമാനം അവരെക്കുറിച്ച് മാധവനിൽ നല്ല മതിപ്പുളവാക്കി.
പിന്നെ താൻ ആരുമല്ലെങ്കിൽ കൂടി, തങ്ങളുടെ സ്വന്തം ആളാണെന്ന മട്ടിൽ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ലക്ഷ്മിയുടേയും മക്കളുടേയും ഉത്സാഹം മാധവന്റെ കണ്ണു നിറച്ചു....

പിന്നെ പരസ്പ്പരം പരിചയപ്പെടലും ചായ സൽക്കാരവും മറ്റും കഴിഞ്ഞപ്പോളാണ്,  കടയിൽ വേണ്ടപ്പെട്ടവർ ആരും ഇല്ലാത്തതിനാൽ പോകാനായി എഴുന്നേറ്റ മാധവനെ  തടഞ്ഞു കൊണ്ട് ടെസ്സി അക്കാര്യം എടുത്തിട്ടത്.
“ഇരിക്കൂ അമ്മാവാ... ഒരു സീരിയസ്സായ കാര്യം പറയാനുണ്ട്....!?”
അതു കേട്ടതും എല്ലാവരുടേയും സംസാരം നിലച്ചു. ശ്രദ്ധ  ടെസ്സിയിലേക്കായി. അവൾ തുടർന്നു.
“പിന്നെ, ഇവൾ വന്നതെന്തിനെന്നറിയാമോ..?”
സുനിതയെ ചൂണ്ടിയുള്ള ആ ചോദ്യം എല്ലാവരുടേയും ശ്രദ്ധ സുനിതയിലായി.  അതു കണ്ട് സുനിത ഒന്നു പരുങ്ങി. എന്നിട്ട് പറഞ്ഞു.
“അത് പിന്നെ, വേറൊന്നുമല്ല....”
സുനിത അതെങ്ങനെ അവതരിപ്പിക്കുമെന്നറിയാതെ ഒന്നു കുഴങ്ങി.
അപ്പോഴേക്കും ടെസ്സി ഇടക്കു കയറി പറഞ്ഞു.
“ഞാൻ പറയാം.... ഇവൾ ഒരു കല്യാണക്കാര്യവുമായിട്ടാ വന്നത്. സുനിതക്ക് ഒരു ചേട്ടനുണ്ട്. സുനിൽ. മുൻപ് കോളേജിൽ പഠിക്കുമ്പോഴേ നിമ്മിയെ സുനിലേട്ടന് അറിയാം. നിമ്മിയും കണ്ടിട്ടുണ്ട്...”
എല്ലാവരുടേയും മുഖം ആകാംക്ഷാഭരിതമായി...
നിമ്മി മാത്രം ഗൌരവം നടിച്ചു.
ബാക്കി സുനിതയാണ് പറഞ്ഞത്.
“ഞങ്ങളോടൊപ്പം ബാംഗ്ലൂരിലായിരുന്നു ചേട്ടനും.  കമ്പനി ചേട്ടനെ അമേരിയ്ക്കയിലേക്ക് വിട്ടിരിയ്ക്കുകയാണ്. പുള്ളിക്കാരന് അവിടന്ന് പോരണോന്നില്ല. അഛനും അതാണിഷ്ടം. അമ്മയ്ക്കാണെങ്കിൽ  ആകെ പേടിയാ. ഏതെങ്കിലും മദാമ്മയേയും കെട്ടിയെടുത്തോണ്ടു വരുമെന്നും പറഞ്ഞു. ഇപ്പോ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങിയാ നാട്ടിൽ വരാൻ പോകുന്നെ. ഉടനെ തന്നെ ആളെത്തും... ഇന്നലെയാ എന്നെ വിളിച്ച് പറയുന്നെ, നിന്റെ കോളേജിലെ പഴയ കൂട്ടുകാരി നിമ്മിയെ നിന്റെ നാത്തൂനാക്കാമെങ്കിൽ ഞാൻ വരാം. അല്ലെങ്കിൽ ഏതെങ്കിലും മദാമ്മയേയും കെട്ടി  ഇവിടെയങ്ങ് കൂടുമെന്ന്....”
അതു കേട്ട് എല്ലാവരും ചിരിച്ചെങ്കിലും നിമ്മി അപ്പോഴും ഗൌരവത്തിലായിരുന്നു.

മാധവന് അതൊരു നല്ല വാർത്തയായി തോന്നി...
ഒരാളുടെയെങ്കിലും കല്യാണം കഴിഞ്ഞാൽ, ഒരു പുരുഷൻ ഇവിടത്തെ കാര്യങ്ങൾ ഏറ്റെടുത്തു നടത്താൻ ഉണ്ടായാലെ ഇവർക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയൂ എന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു ദിവസമായി. നാരായണി വല്ലിമ്മ പറഞ്ഞ അപവാദം കേട്ടതിനു ശേഷമാണ് മാധവന് അങ്ങനെ ഒരു തോന്നൽ ഉണ്ടാകുന്നത്. അതിനുശേഷം തനിക്കും സന്തോഷത്തോടെ യാത്ര പറയാം...
ലക്ഷ്മി ഒന്നും പറയാതെ വിടർന്ന മുഖത്തോടെ മാധവനെ ശ്രദ്ധിയ്ക്കുകയായിരുന്നു...

ലക്ഷ്മിയുടെ മുഖത്തു നിന്നും വായിച്ചെടുത്ത കാര്യം  അപ്പോൾ തന്നെ മാധവൻ പറഞ്ഞു.
“അത് നല്ല സന്തോഷ വാർത്തയാണല്ലൊ... ഇവർ പരസ്പ്പരം കണ്ടിട്ടുണ്ടെങ്കിൽ, അറിയാവുന്നവരാണെങ്കിൽ.... നമുക്കിതങ്ങു നടത്താം... എന്താ ലക്ഷ്മി....?”
“നടത്താം... ഞാനുമതാ ആലോചിച്ചെ...”
ലക്ഷ്മി പറഞ്ഞു  തീരും മുൻപേ നിമ്മി കുറച്ചു ഉറക്കെ തന്നെ പറഞ്ഞു.
“എനിക്ക് സമ്മതമല്ല...!!!”

ഒരു ഞെട്ടൽ പെട്ടെന്നെല്ലാവരിലും ഉണ്ടായി...
ടെസ്സിയും സുനിതയും  ഒന്നും മനസ്സിലാകാത്തതു പോലെ  പരസ്പ്പരം നോക്കി...
അവർ പതുക്കെ എഴുന്നേറ്റു.
തന്റെ തീരുമാനം ശരിയായില്ലെന്ന തോന്നലിൽ മാധവൻ ലക്ഷ്മിയെ ഒന്നു നോക്കിയിട്ട് തലയും കുമ്പിട്ട് തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോഴാണ് താൻ പറഞ്ഞത് എല്ലാവരേയും വേദനിപ്പിച്ചോയെന്നു നിമ്മി സംശയിച്ചത്.
മാധവന്റെ മുഖഭാവം കണ്ട നിമ്മി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു.
“അയ്യോ.. മാമാ... മാമനെ ഞാൻ നിഷേധിച്ചതല്ല... ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല....!
ഞാൻ പറഞ്ഞത്  വിവാഹം കഴിക്കാനേ ഇഷ്ടമല്ലെന്ന അർത്ഥത്തിലാ...”
“എന്തുകൊണ്ട്...?”  മാധവൻ.
ഒന്നു തേങ്ങിയിട്ട് നിമ്മി പറഞ്ഞു.
“ഞാൻ  കല്യാണം കഴിഞ്ഞു പോയാൽ എന്റെ ചേച്ചിയ്ക്കും അമ്മയ്ക്കും പിന്നാരുണ്ട്...?
ഇപ്പോൾ തന്നെ അമ്മയ്ക്ക് ഒറ്റക്ക് ചേച്ചിയെ പൊക്കിയിരുത്താനൊ, കട്ടിലിൽ നിന്നിറക്കാനോ പറ്റണില്ല. അപ്പോൾ ഞാൻ കൂടി പോയാൽ പിന്നെ ചേച്ചിയുടെ കാര്യം കഷ്ടത്തിലാകും. അല്ലെങ്കിൽ ചേച്ചിയുടെ വിവാഹം ആദ്യം നടത്തണം. എന്നിട്ട് ഞാൻ സമ്മതിയ്ക്കാം...”

ആ വാക്കുകൾ കേട്ടപ്പോഴാണ് എല്ലാവരുടേയും ശ്വാസം നേരെ വീണത്...
നിമ്മിയുടെ തലയിൽ സ്നേഹപൂർവ്വം  തലോടിക്കൊണ്ട് മാധവൻ പറഞ്ഞു.
“അങ്ങനെയെങ്കിൽ അങ്ങനെ. ഗൌരിയ്ക്ക് ചേർന്ന ഒരാളെ നമുക്ക് തേടാം.. എന്നിട്ടു മതി..
കഴിയുമെങ്കിൽ രണ്ടു പേരുടേയും കല്യാണം ഒറ്റ പന്തലിൽ തന്നെ നടത്താം...!”
അതും പറഞ്ഞു മാധവൻ എല്ലാവരേയും നോക്കി. എല്ലാവർക്കും സമ്മതമാണെന്ന് അവരുടെ മുഖങ്ങൾ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് ഗൌരിയിൽ നിന്നും ഒരുറച്ച ശബ്ദം പുറത്തു വന്നത്.
“ഒരു ചൊവ്വാ ദോഷക്കാരിയായ എന്നെ കെട്ടുന്നവൻ മുന്നു മാസത്തിനുള്ളിൽ മരണപ്പെടുമെന്ന് ആ ജ്യോത്സ്യൻ പറഞ്ഞതു കേട്ടാ എന്റെ അഛൻ ഹൃദയം പൊട്ടി മരിച്ചത്. ഇനി ഒരാളേക്കൂടി കൊലക്കു കൊടുക്കണോ...? ഞാൻ സമ്മതിക്കില്ല... ഞാൻ സമ്മതിക്കില്ല...!!”
ഗൌരി  ഇരിക്കുന്ന വണ്ടിയുടെ കൈത്താങ്ങിൽ തലതല്ലിക്കരഞ്ഞു....
നിമ്മി ഓടിച്ചെന്ന് ചേച്ചിയുടെ തലപിടിച്ച് തന്റെ നെഞ്ചോടു ചേർത്തു നിറുത്തി.
പിന്നെ രണ്ടു പേരും കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു.
ഇതൊക്കെ കണ്ട് സുനിതയും ടെസ്സിയും അവർക്ക് ചുറ്റും കൂടി ആശ്വസിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു.

മാധവനത് ഒരു ഷോക്കു പോലെയാണ് അനുഭവപ്പെട്ടത്. വല്ലാത്ത ഒരു ശ്വാസം മുട്ടൽ തോന്നി. വയറ്റിൽ നിന്നും എന്തൊ ഉരുണ്ടുവരുന്നതു പോലെ. പെട്ടെന്ന് അവരുടെ മുന്നിൽ നിന്നും മാറിക്കളഞ്ഞു മാധവൻ. ഹോട്ടലിനു പുറകിലെ  കിളിച്ചുണ്ടൻ മാവിന്റെടുത്തേക്കാണ് പോയത്.

അടുക്കളയിലായിരുന്ന കണാരേട്ടനത് കണ്ടു. നെഞ്ചും തിരുമ്മി മാവിന്റെ കടയ്ക്കൽ ഇരുന്ന മാധവന്റെ ഭാവപ്പകർച്ചയിൽ പന്തികേടു തോന്നിയ കണാരേട്ടൻ ഓടിച്ചെന്നു.
“എന്തു പറ്റി മാധവേട്ടാ....?”
അതിനു മുൻപേ തന്നെ മാധവൻ ഒന്നു ഛർദ്ദിച്ചു.
തോളത്തു കിടന്ന കച്ചമുണ്ടു കൊണ്ട് വായ പൊത്തിപ്പിടിച്ചതു കൊണ്ട് കണാരനൊന്നും കാണാനായില്ല. സാവധാനം കച്ചമുണ്ട് വായിൽ നിന്നെടുത്ത മാധവൻ ഞെട്ടിയില്ലെങ്കിലും കണാരൻ ഞെട്ടി...!

പെട്ടെന്നു തന്നെ കച്ചമുണ്ടിന്റെ തല പൊതിഞ്ഞു പിടിച്ച മാധവൻ നാലുപാടും നോക്കി. മറ്റാരും കണ്ടില്ലെന്നുറപ്പു വരുത്തി.

കണാരേട്ടൻ വീണ്ടും ചോദിച്ചു.
“മാധവേട്ടാ... ഈ ചോര..?”
“ശ് ശ്.. ” ചൂണ്ടുവിരൽ തന്റെ ചുണ്ടിൽ വച്ച്, മിണ്ടരുതെന്ന് ആംഗ്യം കാട്ടി. കണാരന്റെ സഹായത്തോടെ എഴുന്നേറ്റിട്ട് പറഞ്ഞു.
“ഇതൊക്കെ അങ്ങനെ കിടക്കും. ഇതാദ്യമൊന്നുമല്ല...”

പെട്ടെന്ന് മാധവൻ വിഷമിച്ച് എഴുന്നേറ്റു പോണത് കണ്ട ലക്ഷ്മിയും പിന്നാലെ എത്തിയിരുന്നു. ഹോട്ടലിൽ കാണാഞ്ഞതു കൊണ്ടാ അടുക്കളയിലേക്ക് ചെന്നത്. അപ്പോഴാണ് പുറത്ത് കണാരേട്ടൻ മാധവനെ താങ്ങിപ്പിടിച്ചെഴുന്നേൽ‌പ്പിക്കുന്നത് കണ്ടത്...!
ആ കാഴ്ച കണ്ടതും ലക്ഷ്മിയുടെ ചങ്കിടിച്ചു...!
ഓടിച്ചെന്നവർ പരിഭ്രാന്തിയോടെ ചോദിച്ചു.
“എന്തുപറ്റി കാണാരേട്ടാ...?”
“ഹേയ്.. ഒന്നൂല്ലാ....” മാധവൻ അങ്ങനെ പറഞ്ഞെങ്കിലും കണാരന്റെ മനസ്സ് അത് സമ്മതിച്ചില്ല.  ഇതത്ര നിസ്സാരമായി കാണാനാവില്ല. ഈ മനുഷ്യൻ അത്ര നിസ്സാരനുമല്ല.
കണാരൻ നടന്ന സംഭവം തുറന്നു പറഞ്ഞു.

ലക്ഷ്മി തോർത്ത് ബലമായി പിടിച്ചു വാങ്ങി തുറന്നു നോക്കി.
ചോര കണ്ട ലക്ഷ്മിക്ക് തല ചുറ്റി.
“അയ്യോ..” എന്നു പറഞ്ഞപ്പോഴേക്കും മാധവൻ ലക്ഷ്മിയുടെ വായ പൊത്തി.
“ഒച്ചയെടുക്കല്ലെ... മക്കളറിയണ്ട....”
“ഇപ്പൊത്തന്നെ ആശുപത്രിയിൽ പോണം...” ലക്ഷ്മിയുടെ കരച്ചിൽ  മാത്രമല്ല കണാരനും നിർബ്ബന്ധം പിടിച്ചതോടെ മാധവന് വഴങ്ങാതെ തരമില്ലെന്നായി.
 സുനിതയും ടെസ്സിയും വന്ന ടാക്സിയിൽ തന്നെ മാധവനേയും കൊണ്ട്  കണാരനും ലക്ഷ്മിയും  ആശുപത്രിയിലേക്ക് പാഞ്ഞു...



12
ജാതകദോഷം.

പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. ഡോക്ടറെ കാണാൻ മൂവരും കയറിയെങ്കിലും പരിശോധന നടത്താൻ നേരം മറ്റുള്ളവരെ പുറത്താക്കി. ഡോക്ടർ പരിശോധിക്കുന്ന സമയം മാധവൻ പറഞ്ഞു.
“ഡോക്ടർ.. എന്റെ രോഗം എനിക്ക് നന്നായിട്ടറിയാം. കുടലിൽ അൾസറാണ്.  മുൻ‌പ് ഞാൻ മരുന്നൊക്കെ കഴിച്ചിരുന്നു. ജീവിതം തന്ന നിരാശയിൽ ഒറ്റപ്പെട്ട് അലയേണ്ടി വന്നപ്പോൾ  ഇനിയെന്തിന് മരുന്നെന്നു ചിന്തിച്ചു. ഇപ്പോ.. കുറേക്കാലമായി മരുന്നൊന്നുമില്ല. ഏതു നിമിഷവും വീണു പോയേക്കാവുന്ന ഒരവസ്ഥയിൽ എത്തിയിട്ടുണ്ടായിരിക്കും ഞാനിപ്പോൾ...!
കൂടെക്കൂടെ വരുന്ന നെഞ്ചെരിച്ചിലും വയറു വേദനയും മറ്റും എന്നെ അത് ബോദ്ധ്യപ്പെടുത്തുന്നു. പക്ഷേ ഡോക്ടർ... ഇപ്പോഴെനിക്ക് കുറച്ചു കാലം കൂടി ജീവിക്കണമെന്നൊരു തോന്നൽ..!
കഴിയുമോ അതിന്..?”

ശ്രദ്ധാപൂർവ്വം കേട്ടിരുന്ന ഡോക്ടർ മാധവനെ ആശ്വസിപ്പിച്ചു.
“മാധവൻ കൂടി സഹകരിക്കുമെങ്കിൽ നമുക്ക് നോക്കാം. ആദ്യം തന്നെ കുറച്ച് ടെസ്റ്റുകൾ നടത്തണം. പിന്നെ കുടലിന്റെ ഒരു സ്കാനിങ്ങും നടത്തണം. ഇതൊക്കെ കഴിഞ്ഞാലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു പറയാൻ പറ്റൂ... അതു കഴിഞ്ഞിട്ട് ട്രീറ്റ്മെന്റ് തുടങ്ങാം...”
“ശരി ഡോക്ടർ... ഞാൻ തീർച്ചയായും സഹകരിക്കാം....”
“ഈ ടെസ്റ്റുകളിൽ പലതും ഇവിടെ ചെയ്യാനാവില്ല. പുറത്ത് കൊടുത്ത് ചെയ്യിക്കണം. മെഡിക്കൽ കോളേജിനടുത്തുള്ള  ഒരു ലാബിലേക്ക് ഞാൻ എഴുതിത്തരാം.  സ്കാനിങ്ങുൾപ്പടെ എല്ലാ ടെസ്റ്റുകളും അവർ തന്നെ ചെയ്തു തരും...”
ഡോക്ടർ കുറിപ്പെഴുതി കൊടുത്തിട്ട് പറഞ്ഞു.

“തൽക്കാലം വേദന തോന്നുന്നുണ്ടെങ്കിൽ മാത്രം ഈ മരുന്ന് കഴിച്ചാൽ മതി. പിന്നെ ഖരഭക്ഷണങ്ങൾ ഒന്നും വേണ്ട. ദ്രവരൂപത്തിൽ മാത്രം കഴിക്കുക... ലാബിലെ റിസൽറ്റ് കിട്ടാൻ രണ്ടുമൂന്നു ദിവസം പിടിക്കും. അതുമായിട്ട് ഇനി വന്നാൽ മതി... പേടിക്കയൊന്നും വേണ്ടാട്ടൊ... നമുക്ക് നോക്കാം...” ഡോക്ടർ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.

അപ്പോൾ തന്നെ മെഡിക്കൽ കോളേജിനടുത്തുള്ള ലാബിലേക്ക് വിട്ടു. നല്ല തിരക്കുണ്ടായിരുന്നു.   ബ്ലെഡും മറ്റും കൊടുത്ത്, സ്കാനിങ്ങും നടത്തി പുറത്തിറങ്ങുമ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. വീട്ടിലെത്തുമ്പോഴേക്കും എല്ലാവരും അക്ഷമരായി കാത്തിരിക്കുകയായിരുന്നു. മാത്രമല്ല സുനിതയും ടെസ്സിയും തിരിച്ചു പോകേണ്ട സമയവും കഴിഞ്ഞിരുന്നു.

വന്നവഴി തന്നെ മാധവൻ അവരോട് ക്ഷമ ചോദിച്ചു. അവരുടെ വണ്ടി കൊണ്ടാണല്ലൊ ആശുപത്രിയിൽ പോയത്. അവരെ യാത്രയാക്കാൻ റോട്ടിലോളം മാധവൻ ചെന്നു. അവർ കാറിലിരിക്കെ, കുനിഞ്ഞ് തല അകത്തേക്കിട്ട് സുനിതയുടെ ചെവിയിലെന്നോണം മാധവൻ പറഞ്ഞു.
“നിമ്മിയുടെ കാര്യം ഞങ്ങൾ കാര്യമായിട്ടെടുത്തിട്ടുണ്ടട്ടൊ...”
“അവൾ അതിനു ഒട്ടും സമ്മതിക്കുന്നില്ലല്ലൊ അമ്മാവാ..”
സുനിത സ്വൽ‌പ്പം നിരാശയിലെന്നോണം പറഞ്ഞു.
“അത് മോളുടെ ചേട്ടനെ ഇഷ്ടമില്ലാത്തത് കൊണ്ടല്ലല്ലൊ.... അതൊക്കെ ഞാൻ ശരിയാക്കിക്കൊള്ളാം...”
“ശരി അമ്മാവാ....” വണ്ടി വിടാൻ തുടങ്ങിയതും മാധവൻ ഒന്നുകൂടി ചോദിച്ചു.
“അല്ല.. എപ്പഴാ മൂപ്പര് എത്താ......?”
“നിമ്മിയുടെ സമ്മതം അറിഞ്ഞാൽ അന്ന് തിരിക്കുമെന്നാ പറഞ്ഞിരിക്കുന്നെ...”
“എന്നാ.. ഇനി വൈകിക്കണ്ട.. സമ്മതാന്ന് അറീച്ചോളു...”
“ശരി മാമാ...” സന്തോഷത്തോടെയാണ് സുനിത യാത്ര പറഞ്ഞത്.

വണ്ടി വിട്ടതും കാറിനുള്ളിലേക്ക് കുനിഞ്ഞു നിന്നിട്ട് നിവർന്നതും മാധവന് ഒരു പരവേശം തോന്നി...
പഴയ നാടുവേദന ഓർമ്മ വന്നു.. ദിവസവും എന്തെങ്കിലും പണിയൊക്കെ എടുത്തുകൊണ്ടിരിക്കുന്നതു കൊണ്ട് അത്തരം  വേദനകൾ കാര്യമാക്കാറില്ല. ഒന്നു  പിടിക്കാനായി ഒന്നുമില്ലാത്തതുകൊണ്ട്  മാധവൻ  അവിടെത്തന്നെ ഇരിക്കാനായി കുനിഞ്ഞതും ഒരാൾ പെട്ടെന്നു പുറകിൽ നിന്നും താങ്ങി നിറുത്തി. ലക്ഷ്മിയായിരുന്നു...!
“എന്തേ.. വേദനയോ മറ്റൊ എടുക്കുന്നുണ്ടൊ...” ഒരു സൊകാര്യമെന്നോണം ശബ്ദം താഴ്ത്തി ലക്ഷ്മി ചോദിച്ചു.
“ഏയ്.. ഒന്നൂല്യാ..”
ലക്ഷ്മിയുടെ താങ്ങോടെ മാധവൻ നടന്ന് പടിക്കലെത്തിയതും ഗൌരിയുടെ വണ്ടിയും തള്ളി നിമ്മി മുറ്റത്തു കൂടെ വരുന്നുണ്ടായിരുന്നു. അവരെ കണ്ടതും മാധവന് എന്തൊ ഒരീർച്ച തോന്നി. ലക്ഷ്മിയുടെ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തി. അത്  തിരിച്ചറിഞ്ഞ് മാധവനെ വിട്ട് ലക്ഷ്മി മാറി നിന്നു...
നിമ്മിയും ഗൌരിയും അത് കണ്ട് ഗൂഢമായി പുഞ്ചിരിച്ചു.
അടുത്തു വന്നതും നിമ്മി ഒരു തമാശമൂഡിൽ പറഞ്ഞു.
“നിങ്ങൾ തമ്മിൽ കല്യാണം കഴിച്ചാലെന്താ കുഴപ്പം...!”
അതു കേട്ടതും ലക്ഷ്മി ഒന്നു ഞെട്ടി...!
മാധവൻ ഒരു തമാശ കേൾക്കുന്ന മൂഡിൽ ലക്ഷ്മിയെ ഒന്നു നോക്കി.
ലക്ഷ്മി കൃത്രിമ ദേഷ്യത്തിലെന്നോണം പറഞ്ഞു.
“പോടി അവിടന്ന്.... എന്തു തോന്നിവാസോം  വിളിച്ചു പറയാന്നായോ..”
മാധവൻ രണ്ടടി നടന്നിട്ട് ഒന്നു നിന്നു.  പിന്നെ പറഞ്ഞു.
“ശരി.. ലക്ഷ്മിയെ ഞാൻ കല്യാണം കഴിക്കാം. അതേ പന്തലിൽ തന്നെ നിങ്ങൾ രണ്ടു പേരുടേയും കല്യാണം....!!
എന്താ.. സമ്മതാണൊ..?”

ഇപ്പോൾ ഞെട്ടിയത് നിമ്മിയും ഗൌരിയുമാണ്...
അതോടെ അവരുടെ മുഖമിരുണ്ടു. പിന്നെ ആരുമൊന്നും പറഞ്ഞില്ല. ആർക്കും ഉത്തരമില്ലെന്നായപ്പോൾ മാധവൻ സാവധാനം നടന്നു.
ഹോട്ടലിലെ ഒരു ഡെസ്ക്കിൽ കയറി പതിവു പോലെ നിവർന്നു കിടന്നു.

എന്നും അതൊരു പതിവാണ്. കുറച്ചു കഴിയുമ്പോൾ വീട്ടിലെ പണികളൊക്കെ ഒതുക്കിയിട്ട് ലക്ഷ്മിയും വന്ന് തൊട്ടടുത്ത കസേരയിൽ ഇരിക്കും. പിന്നെ പണ്ട് നല്ല സന്തോഷത്തോടെ കഴിഞ്ഞിരുന്ന നല്ല കാലത്തെക്കുറിച്ച് ലക്ഷ്മി വാചാലയാകും. മാധവനും തന്റെ നല്ല കാലത്തെക്കുറിച്ച് ലക്ഷ്മിയോടും പറയും. ചിലപ്പോഴൊക്കെ നിമ്മിയും ഗൌരിയും കൂടാറുണ്ടെങ്കിലും, പലപ്പോഴും അവരുടെ  പാട്ടിനു വിടാറാണ് പതിവ്. എന്തായാലും ആ വർത്തമാനം കഴിഞ്ഞ് അമ്മ വരുന്നത് നല്ല സന്തോഷത്തോടെയാണെന്ന് രണ്ടു പേരും മനസ്സിലാക്കിയിട്ടുണ്ട്.

ഹോട്ടൽ തുടങ്ങിയതിനു ശേഷം മാധവൻ ഹോട്ടലിലെ ഡെസ്ക്കിലാണ് കിടക്കാറ്. എത്ര നിർബ്ബന്ധിച്ചിട്ടും മാധവൻ വീട്ടിനകത്തേക്ക് കയറി കിടന്നില്ല. ചില ദിവസങ്ങളിൽ കൂട്ടിന് ബഷീറും വരും. അവൻ സെക്കന്റ് ഷോ സിനിമക്ക് പോകണ ദിവസം ഇവിടെ ഹോട്ടലിൽ വന്നാണ് കിടക്കാറ്.

പതിവു പോലെ മാധവനുള്ള കിടക്കയും തലയിണയും ബഡ്ഷീറ്റുമായി ലക്ഷ്മി  എത്തി.  ഡെസ്ക്കിന്റെ മുകളിൽ അതെല്ലാം വച്ചു. തൊട്ടടുത്ത കസേരയിൽ ലക്ഷ്മിയും ഇരുന്നു. എന്തെങ്കിലും ചോദിക്കാൻ ലക്ഷ്മിക്കൊരു ചമ്മൽ. നേരത്തെ മക്കൾ ചോദിച്ചത് അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു....
വെറുതെ ഒരു ശ്വാസം മുട്ടൽ...
മാധവനും ഒരു വിമ്മിഷ്ടം പോലെ...
രണ്ടു പേരും നിശ്ശബ്ദരായിരിക്കുമ്പോൾ നിമ്മിയും ഗൌരിയും അടുത്തെത്തി. രണ്ടു പേരും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട്  നിമ്മി ചോദിച്ചു.
“ഇന്നെന്താ ഇവിടെ മൌനവൃതമാ...?”
അതിനും ആരും മറുപടി പറഞ്ഞില്ല. ഗൌരിയെ മാധവന്റെ ഡെസ്ക്കിന്റടുത്ത് നിറുത്തിയിട്ട് ഒരു കസേര എടുത്ത് നിമ്മിയും അവരുടെ അടുത്തിരുന്നു.

നിമ്മി അമ്മയേയും മാധവനേയും മാറിമാറി നോക്കിയിട്ട് ഒരു പുഞ്ചിരിയോടെ ഗൌരിയുടെ നേർക്ക് ഒരു കൈ മുദ്ര കാട്ടി ഹാസ്യഭാവത്തിൽ ‘ഇതെന്തു പറ്റി’ എന്നു ചോദിക്കുന്നതു പോലെ തലയാട്ടി.
ഗൌരി മാധവന്റെ ഡെസ്ക്കിനോട് ചേർത്ത് വണ്ടി ഒന്നുരുട്ടി. എന്നിട്ട് മലർന്നു കിടക്കുന്ന മാധവന്റെ തല തന്റെ വശത്തേക്ക് ബലമായി തിരിച്ചിട്ട് ചോദിച്ചു.
“മാമാ... എന്താപ്പൊ ഇത്ര ആലോചിക്കാൻ...? പരിശോധനയുടെ റിസൽട്ട് കിട്ടിയാൽ ചികിത്സിച്ച് ഭേദമാക്കാമെന്ന് ഡോക്ടർ പറഞ്ഞില്ലെ...”
മാധവൻ ഒന്നു മുരടനക്കിയിട്ട് പറഞ്ഞു.
“ഞാൻ എന്നെക്കുറിച്ചല്ല ചിന്തിച്ചത്. നിങ്ങളെക്കുറിച്ചാ... നിങ്ങളുടെ പിടിവാശി. എന്തിനാ ആവശ്യമില്ലാത്ത ഈ പിടിവാശി...?”
അതിനു മറുപടി പറഞ്ഞത് നിമ്മിയാണ്.
“പിടിവാശി ആണോ... ഞാൻ പറഞ്ഞത് സത്യമല്ലെ....? എനിക്കാകെയുള്ളത് എന്റെ ചേച്ചിയാ. അതിനെ കഷ്ടത്തിലാക്കിയിട്ട് എനിക്കൊരു രക്ഷപ്പെടലും വേണ്ട...!”
നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു കഴിഞ്ഞു. അത്തരമൊരവസ്ഥ നിമ്മിക്കു ചിന്തിക്കാനേ വയ്യ.
“അവൾക്ക് സഹായത്തിനായി സ്ഥിരമായിട്ട് നമ്മൾക്കൊരാളെ നിറുത്താം...”
മാധവൻ ഒരു പോംവഴി പറഞ്ഞു.
“അവരൊന്നും ഒരു ആത്മാർത്ഥതയും കാണിക്കില്ല. വേണ്ടി വന്നാൽ അവരെന്റെ ചേച്ചിയെ അപായപ്പെടുത്തുകയും ചെയ്യും.  പേപ്പറിലൊക്കെ ദിവസവും കാണുന്നില്ലെ ഓരോന്ന്. പണ്ടത്തെ കാലമൊന്നുമല്ല മാമാ...”
“ഇത്രയൊക്കെ കടന്നു ചിന്തിക്കണൊ മോളെ.. അമ്മയില്ലെ കൂടെ... മാമനില്ലെ...” ലക്ഷ്മി.
“നിങ്ങൾക്കൊക്കെ എത്ര കാലം നോക്കാനാകും...?”
 “പിന്നേ.. നീയൊക്കെ ഒരു നൂറ്റാണ്ടു കാലം ജീവിച്ചോളാന്ന് വാക്കും കൊടുത്തിട്ടാ ഇങ്ങോട്ടു പോന്നത്..”
നിമ്മിയുടെ ശാഠ്യം കേട്ട് മാധവന് ചെറിയൊരു ദ്വേഷ്യം വന്നു.
ഇടക്കു കയറി ഗൌരിയും ദ്വേഷ്യപ്പെട്ടു.
“നിന്റെ ജീവിതം തുലച്ചിട്ട് എനിക്ക് ജീവിയ്ക്കണ്ട... ഞാനോ ഇങ്ങനെയായി. നീയെങ്കിലും ഒന്നു രക്ഷപ്പെട്ടു കാണാനാ ഞാൻ മോഹിയ്ക്കുന്നത്.. മാമനും അമ്മയും പറയുന്നത് അനുസരിയ്ക്ക് നിമ്മി...”
“എല്ലാം അറിഞ്ഞ് ചേച്ചിയെ സ്നേഹിയ്ക്കാൻ കഴിയുന്ന ഒരാൾ വന്നാൽ... അപ്പോൾ നോക്കാം...!”
നിമ്മി അവസാനവാക്കെന്നോണം പറഞ്ഞു നിറുത്തി.

നിമ്മിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടൊ എന്തൊ, മാധവൻ ഗൌരിയോടായി പറഞ്ഞു.
“ഇനി മോള് വിചാരിച്ചാലെ ഇതിനൊരു പരിഹാരമാവൂ. ജാതകമൊക്കെ മനുഷ്യർ ഗണിച്ചുണ്ടാക്കുന്നതാ... ആ കൂട്ടലിൽ എപ്പോഴും തെറ്റുകൾ പറ്റാം.. അതുകൊണ്ട് അതിലൊന്നും ആരും ഇപ്പൊ വിശ്വസിക്കില്ല...”
മാധവന്റെ കൈത്തണ്ടയിൽ തലവച്ച് കിടക്കുകയായിരുന്ന ഗൌരി നേരെ ഇരുന്നിട്ട് പറഞ്ഞു.
“അമ്മ പറഞ്ഞു എന്നോട്, ജാതകം മാറ്റിയെഴുതിയ്ക്കാമെന്ന്. ചൊവ്വാ ദോഷമില്ലാത്ത ജാതകമാക്കി മാറ്റി എഴുതിയാൽ പിന്നെ കുഴപ്പമില്ലല്ലോന്ന്...!”
അതു കേട്ട് ലക്ഷ്മി പറഞ്ഞു.
“നൂറ് നുണ പറഞ്ഞിട്ടായാലും ഒരു പെണ്ണിന്റെ കല്യാണം നടത്താമെന്നാ പണ്ടുള്ള കാർന്നോന്മാര് പറഞ്ഞേക്കണെ... അതിലൊന്നും ഒരു തെറ്റുമില്ല...!”
“പക്ഷെ, അമ്മേ... സത്യം സത്യമല്ലാതെ വരുമോ..? എന്നെ കല്യാണം കഴിയ്ക്കുന്നവൻ ജാതകം പോലെ മൂന്നു മാസത്തിനുള്ളിൽ മരിച്ചു പോയാൽ, എന്റെ മനോവിഷമം എത്രയാവും..? എല്ലാം മറച്ചു വച്ച് ചതിച്ചതിന് ദൈവം പോലും എനിയ്ക്ക് മാപ്പു തരില്ല... മാപ്പു തരില്ല...!”
അതും പറഞ്ഞ് കരഞ്ഞ ഗൌരിയെ ലക്ഷ്മി തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
“ജാതകം നോക്കിയ ആള്, നിങ്ങ്ടെ അഛന്റെ മരണം എന്തേ നേരത്തെ പറഞ്ഞില്ല. നേരിട്ട് രക്തബന്ധമുള്ള ആളുടെ കാര്യങ്ങളൊന്നും പറയാതെ, ഇനിയും ആരെന്നു പോലും തീർച്ചയില്ലാത്ത ഒരാൾ, അതും എവിടെയോ കിടക്കുന്ന ഒരാൾ ഗൌരിയെ കെട്ടിയാൽ മരണപ്പെടുമെന്ന് മുൻ‌കൂട്ടി പറയാൻ അയാളാരാ  ദിവ്യഞ്ജനാ...?”
ശബ്ദം കൂടിയതു കൊണ്ടൊ മറ്റോ മാധവൻ ശക്തിയായി ചുമച്ചു. ചുമ ശമിച്ചതിനു ശേഷം മാധവൻ തുടർന്നു.
“ആ കെട്ടാൻ വരുന്നവനുമുണ്ടാകില്ലെ ജാതകം. അവന്റെ ജാതകത്തിലും കാണണമല്ലൊ, പെണ്ണു കെട്ടിയാൽ മൂന്നു മാസത്തിനുള്ളിൽ അവൻ മരിക്കുമെന്ന്. അങ്ങനെയുള്ളവൻ ഏതെങ്കിലും കാലത്ത് പെണ്ണു കെട്ടാൻ തെയ്യാറാകുമോ...? വിഡ്ഡിത്തം.. അല്ലാണ്ടെന്താ പറയാ ഇതിനൊക്കെ..! ”
മാധവൻ അവരെ യുക്തിപൂർവ്വം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു...
അതിനൊന്നും ആർക്കും ഉത്തരമുണ്ടായില്ല...
മാധവനെ തർക്കിച്ചു ജയിക്കാൻ അവർക്കാവുമായിരുന്നില്ല...
വിശ്വാസത്തെ യുക്തി കൊണ്ട് തകർത്തെറിയാൻ കഴിയില്ലല്ലൊ.

പിന്നെ കുറച്ച് നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.
ഒരു ഇടവേളക്കു ശേഷം മാധവൻ പറഞ്ഞു.
“ലക്ഷ്മീ... നിന്റെ മക്കൾ ഇങ്ങനെ പിടിവാശിയിൽ നിന്നാൽ, ഈ മക്കൾ നിനക്കൊരിക്കലും മനസ്സമാധാനം തരില്ല. തോരാത്ത കണ്ണീരോടെ ഇവരെയോർത്ത് ഇഞ്ചിഞ്ചായി നീറി നീറി നീ മരിക്കേണ്ടി വരും. അത് ഈ മക്കൾ കാണേണ്ടിയും വരും. അമ്മയുടെ ദാരുണമായ അന്ത്യത്തിന് കാരണം തങ്ങളാണെന്ന തിരിച്ചറിവിൽ പിന്നെ, ഇവരുടെ ഗതിയെന്തായി തീരും...?”
അപ്പോഴേക്കും ഗൌരി പൊട്ടിക്കരഞ്ഞു കൊണ്ട് മാധവന്റെ വായ പൊത്തിപ്പിടിച്ചു...
സാരിത്തലപ്പുകൊണ്ട് മുഖം പൊത്തിക്കരഞ്ഞ ലക്ഷ്മിയെ നെഞ്ചിലടക്കിപ്പിടിച്ച് നിമ്മിയും വിങ്ങിപ്പൊട്ടി...
മാധവൻ കുറച്ച് കടുപ്പിച്ച് തന്നെയാണ് അങ്ങനെ പറഞ്ഞത്...
ഒരു പുനർച്ചിന്തനത്തിന് വഴിവച്ചാലോ...
തനിക്ക് ഇവരുടെ മേൽ ഒരധികാരം കിട്ടിയിരുന്നെങ്കിൽ ബലമായി അനുസരിപ്പിക്കാമായിരുന്നുവെന്ന് മാധവൻ ഒരുവേള ചിന്തിച്ചു. പക്ഷെ...?
എല്ലാ പ്രതീക്ഷയും അസ്തമിക്കുന്നതു പോലെ മാധവന് തോന്നി...
മാധവൻ വല്ലാത്ത മനോവിഷമത്തോടെ നെഞ്ചു തിരുമി...
ഒരു പരവേശം പോലെ...
ഒരു കത്തിക്കാളൽ....
വയറും കത്തിക്കാളുന്നുണ്ട്...
സ്വല്പം വെള്ളം കുടിക്കണമെന്ന് തോന്നി...

നിമ്മിയുടെ നേരെ കൈ നീട്ടി പറഞ്ഞു.
“മോളെ, ഇത്തിരി വെള്ളമെടുത്തോണ്ടു വാ...”
നിമ്മി ചാടി എഴുന്നേറ്റ് പോകാനായി  തുനിഞ്ഞതും ലക്ഷ്മി അവളെ തടഞ്ഞു.
സാരിത്തലപ്പുകൊണ്ട് മൂക്കൊന്നു പിഴിഞ്ഞിട്ട് ആരോടെന്നില്ലാതെ ‘ ഇന്നൊന്നും കഴിക്കാത്തതാ.. ഞാനെടുത്തോണ്ടു വരാം...’ എന്നും പറഞ്ഞ് ലക്ഷ്മി വേഗം വീട്ടിനകത്തേക്ക് പോയി.

ആരുമാരും ഒന്നും ശബ്ദിക്കാതെ കുറേ നേരം കടന്നു പോയി....
അവർ ഒരു പുനർച്ചിന്തനത്തിന്റെ പാതയിലായിരിക്കുമെന്നാണ് മാധവൻ ചിന്തിച്ചത്...
അതുകൊണ്ട് മാധവനും ഒന്നും മിണ്ടിയില്ല.
ലക്ഷ്മി കുടിക്കാനുള്ളതുമായി വേഗം തിരിച്ചു വന്നു. ഒരു ഗ്ലാസ്സ് ജൂസാണ് കൊടുത്തത്.
അതൊന്നും കുടിക്കുന്ന പതിവില്ലാത്തതു കൊണ്ട് മാധവൻ ലക്ഷ്മിയെ ഒന്നു നോക്കി. ലക്ഷ്മി പറഞ്ഞു.
‘ഇന്നൊന്നും കഴിക്കാത്തതല്ലെ. അത് കഴിക്കൂ... ക്ഷീണം മാറട്ടെ...”
ലക്ഷ്മിയുടെ സ്നേഹത്തിനും വിധേയത്തിനും മുൻപിൽ മാധവന് വാങ്ങി കുടിക്കാതിരിക്കാനായില്ല.

കുടിച്ചു കഴിഞ്ഞ് ഗ്ലാസ് തിരിച്ചു കൊടുക്കുമ്പോൾ മാധവൻ ചോദിച്ചു.
“ഏതോ ഒരു വൈദ്യർ പറഞ്ഞിരുന്നില്ലെ, തിരുമ്മിയാൽ ഗൌരിയുടെ കാല് ശരിയായിക്കിട്ടുമെന്ന്...”
അതിനു മറുപടിയായി ലക്ഷ്മിയാണ് പറഞ്ഞത്.
“കളരിക്കലെ ഭാസ്ക്കരൻ വൈദ്യരാ അങ്ങനെ പറഞ്ഞത്. എന്നാലും ഉറപ്പൊന്നും ഇല്ല. നോക്കാമെന്നേ പറഞ്ഞുള്ളു...”
തുടർന്ന് ഗൌരി പറഞ്ഞു.
“അതൊന്നും ശരിയാകൂല്ല മാമാ... ഇനിയും എനിക്കു വേണ്ടി ഈ കുടുംബം മുടിക്കാൻ ഞാൻ സമ്മതിക്കില്ല. ഇതിപ്പോ.. മാമനായിട്ടാ ഇങ്ങനെയൊരു ജീവിതം ഉണ്ടാക്കി തന്നത്. വീണ്ടും അത് നശിപ്പിക്കാൻ എന്നെ നിർബ്ബന്ധിക്കണ്ട...!”
മാധവന്റെ കൈത്തണ്ടയിൽ തലവച്ചുകൊണ്ട് ഗൌരി വല്ലാതെ തേങ്ങി. പിന്നെയും ഗൌരി തുടർന്നു.
“അന്നൊരിക്കൽ മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ പറഞ്ഞതാ അഛനോട്. മരുന്നു കൊണ്ട് മാത്രം നടക്കുമെന്ന് ഉറപ്പു പറയാൻ പറ്റില്ല. ഏന്തെങ്കിലും മിറാക്കിൾ പോലൊന്ന് ഗൌരിയുടെ ജീവിതത്തിൽ സംഭവിക്കണം. എന്നാലെ തലച്ചോറിന്റെ ആ ഭാഗം പ്രവർത്തിക്കൂ. അത് ഇന്നു വേണമെങ്കിൽ ആകാം. നാളെയാകാം... ഒരിക്കലും സംഭവിച്ചില്ലെന്നും വരാം... പിന്നെന്തിനാ.. അതിനു വേണ്ടി കാശ് കളയണെ...”
എല്ലാവരും കേട്ടിരുന്നതല്ലാതെ മറുവാക്കാരും പറഞ്ഞില്ല...
ഒരു പോംവഴി മാധവനും തോന്നിയില്ല...

തന്റെ കൈത്തണ്ടയിൽ തലവച്ചു കിടക്കുന്ന ഗൌരിയുടെ തലമുടിയിൽ വെറുതെ കോതിക്കൊണ്ട് മാധവൻ മുകളിലേക്കും നോക്കി കിടന്നു.
ഒന്നു മാത്രം മാധവന്റെ മനസ്സിലും കോറിയിട്ടു.
‘എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിച്ചാലെ ഇതിങ്ങ്‌ളെ രക്ഷപ്പെടുത്താൻ പറ്റൂ...!!’


  13
ആത്മഹത്യാ കുറിപ്പ്

കുറേ നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല...
ഓരോരുത്തരും ഓരോ ലോകത്തായി ചുറ്റിത്തിരിഞ്ഞു...
ലക്ഷ്മി എന്തൊ മറന്നുപോയതു പോലെ പെട്ടെന്നെഴുന്നേറ്റ് അകത്തേക്കു പോയി. അകത്ത് മിക്സിയുടെ ശബ്ദം കേട്ടു. നിമ്മിയും ഗൌരിയും പരസ്പ്പരം നോക്കിയിട്ട്  ‘ഇപ്പോഴെന്തിനാ അമ്മക്ക് മിക്സിയിൽ..’ എന്ന് ആത്മഗതം ചെയ്തു.
നിമ്മി ഗൌരിയുടെ വണ്ടിയും തള്ളിക്കൊണ്ട് മുന്നോട്ട് നീങ്ങാൻ തുടങ്ങിയെങ്കിലും അവൾ ബ്രേക്കിട്ടു. മാധവന്റെ മുഖം തന്റെ നേരെ തിരിച്ചിട്ട് ഗൌരി പറഞ്ഞു.
“മാമൻ വിഷമിക്കണ്ടാട്ടൊ. ഇത്രയും വരെ എത്തിയില്ലെ നമ്മൾ.. നമ്മൾക്കായി ദൈവം എന്തൊക്കെയോ കരുതി വച്ചിട്ടുണ്ട്. എന്റെ മനസ്സ് അങ്ങനെ പറയുന്നു.”
തന്റെ മുഖത്ത് തലോടിയിരുന്ന ഗൌരിയുടെ കൈയ്യിൽ പിടിച്ച് മാധവൻ പറഞ്ഞു.
“അതുവരെ കാത്തിരിക്കുമ്പോഴേക്കും നിമ്മിക്കു വന്ന ആ നല്ല പയ്യൻ നഷ്ടപ്പെട്ടാലൊ മോളെ.. നീറിക്കൊണ്ടിരിക്കുന്ന നിങ്ങടമ്മയും അതുവരെ നിങ്ങളേയും കാത്തിരിക്കുമെന്ന് എന്താ ഉറപ്പ്...?”
നിമ്മിയുടേയും  ഗൌരിയുടേയും മുഖം വിവർണ്ണമായതല്ലാതെ, അവർ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
ബ്രേക്കിൽ നിന്നും കയ്യെടുത്ത ഉടനെ നിമ്മി വണ്ടി തള്ളിനീങ്ങി.

അവർ പോയ ഉടനെ ലക്ഷ്മി മാധവനുള്ള ഭക്ഷണവുമായി വന്നു.
ഭക്ഷണത്തിന്റെ രൂപം കണ്ടതും മാധവന് ചെറിയൊരു ചിരിയൂറി.
“ഡോക്ടർ പറഞ്ഞത് ഓർമ്മയിൽ കിടപ്പുണ്ടല്ലെ...”
“ഇത്രനാളും ചോറു തരുമ്പോൾ വളരെ കുറച്ചല്ലെ കഴിക്കാറുള്ളു. അതും എത്ര നേരം വായിലിട്ട് ചവച്ചരച്ചിട്ടാ ഇറക്കാറ്...! അതെന്തുകൊണ്ടാണെന്ന് ഇന്നു ഡോക്ടർ പറഞ്ഞപ്പോഴല്ലെ മനസ്സിലായത്. അന്നേ പറഞ്ഞിരുന്നെങ്കിൽ ഇതുപോലെ മിക്സിയിൽ അടിച്ച് തരുമായിരുന്നില്ലെ...?”

പെട്ടെന്ന് മാധവന് തന്റെ ദേവുവിനെ ഓർമ്മ വന്നു...
ഒരു നിമിഷം നിശ്ശബ്ദതയിലാണ്ട മാധവൻ കൃതാർത്ഥതയോടെ ലക്ഷ്മിയുടെ മുഖത്ത് ഉറ്റു നോക്കി.
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാകാതെ ലക്ഷ്മി ഒന്നു പതറിയോ...?
അറിയാതെയെങ്കിലും തല കുനിഞ്ഞുപോയി.
ഇത്തരം നിസ്സാര കാര്യങ്ങൾ ഒക്കെ ലക്ഷ്മി ശ്രദ്ധിച്ചിരുന്നുവെന്ന അറിവ് മാധവന് വല്ലാത്തൊരു ചാരിതാർത്ഥ്യം നൽകി. മാധവൻ നോട്ടം പിൻവലിച്ചിട്ട് പറഞ്ഞു.
“നിങ്ങൾ ഒരു വല്ലാത്ത ചുറ്റുപാടിലായിരുന്നു ഞാൻ വരുമ്പോൾ... അതിനിടക്ക് എന്റെ ഇത്തരം പ്രശ്നങ്ങളൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല...അസുഖക്കാരനും ഒന്നുമില്ലാത്തവനുമായ ഞാൻ നിങ്ങൾക്കൊരു ഭാരമായി മാറുമോന്നായിരുന്നു എന്റെ പേടി...”
അതുകേട്ട് ലക്ഷ്മി പറഞ്ഞു.
“എന്നിട്ടോ...? ഞങ്ങളല്ലെ ഭാരമായത്....!”
“ഹേയ്... ആരും ആർക്കും ഭാരമൊന്നുമായില്ല. എല്ലാവരും അവരുടേതായ പണികൾ ചെയ്ത് ഇവിടം വരെ എത്തി. അങ്ങനെ ചിന്തിച്ചാൽ മതി... നിമ്മിയുടെ കല്യാണം നടത്താൻ എന്തു വഴിയെന്നാ ഞാൻ ആലോചിക്കുന്നത്..”
“കല്യാണമെന്നൊക്കെ പറയുമ്പോൾ, അത്ര എളുപ്പമാണൊ കാര്യങ്ങൾ...? എല്ലാം ശരിയായാൽ തന്നെ അവൾക്ക് എന്തെങ്കിലും കൊടുക്കണ്ടെ... എവിടെന്നെടുത്തു കൊടുക്കും...?”
“അവർ ഒന്നും ചോദിച്ചിട്ടില്ലല്ലൊ.....”
“അത്രയും വരെ എത്തുമ്പോഴല്ലെ അതൊക്കെ അറിയൂ... എന്നാലും നമ്മൾ കരുതണ്ടെ..?”
 “ങൂം..” ലക്ഷ്മി പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ  മാധവൻ തലയാട്ടി.

കുറച്ചു നേരത്തേക്ക് ഒരു നിശ്ശബ്ദത പരന്നു.
പിന്നെ ആരോടെന്നില്ലാതെ ലക്ഷ്മി പറഞ്ഞു.
“ആധാരം ആണെങ്കിൽ ബാങ്കിലുമാണ്...!”
അതുകേട്ട മാധവൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു...
എന്നിട്ട് ലക്ഷ്മിയുടെ മുഖത്തേക്കു നോക്കിയ മാധവൻ, ഏതോ ആലോചനയിൽ ഒന്നു മുരടനക്കിയിട്ട് ചോദിച്ചു.
“കുറച്ച് സ്ഥലം വിറ്റാലൊ ലക്ഷ്മി..?”
“ബാങ്കിലെ കടം തീർക്കാതെ ആധാരം കിട്ടില്ലല്ലൊ...”
“ഇന്നാള്  സെയ്തൂം കണാരനും കൂടി സംസാരിക്കുന്നത് കേട്ടതാ... പാലവും പുതിയ റോഡുമൊക്കെ വരികയല്ലെ. ഈ പ്രദേശത്തെ സ്ഥലത്തിനൊക്കെ പെട്ടെന്ന് വില കേറിയത്രെ. ആളുകൾ പണവുമായി ഓടി നടക്കുകയാ, കിട്ടുന്നതത്രയും വാങ്ങിച്ചിടാൻ....!”
“ഇപ്പോൾ പാതിയിലധികവും നമ്മൾ ബാങ്കിൽ അടച്ചിട്ടുണ്ടാകില്ലെ.. ബാക്കിയുള്ളതല്ലെ കൊടുക്കേണ്ടതുള്ളു...”
മാധവൻ തലയൊന്നാട്ടിയിട്ട് പറഞ്ഞു.
“ഏതായാലും നാളെ വൈകുന്നേരം പോയി കോൺട്രാക്ടർ തോമസ്സിനെ ഒന്നു കാണണം. അദ്ദേഹത്തോടു പറഞ്ഞാൽ ഏറ്റവും നല്ല വിലയും വാങ്ങാനുള്ള ആളേയും സംഘടിപ്പിച്ചു തരും. ഒരു ചതിവിലും പെടാതെ കാര്യം സാധിച്ചു കിട്ടും...”
അപ്പോഴും ലക്ഷ്മിക്ക് സംശയമായിരുന്നു.
“നിമ്മി സമ്മതിച്ചിട്ടു പോരെ മുന്നോട്ടു പോകുന്നത്...”
“നമുക്ക് എല്ലാം സ്വരുക്കൂട്ടിവച്ച് കരുതിയിരിക്കാം....!”

അന്ന് വലിയ സന്തോഷത്തിലായിരുന്നു ലക്ഷ്മി...
അല്ലെങ്കിലും മാധവനുമായി സംസാരിച്ചു കഴിയുമ്പോഴേക്കും ലക്ഷ്മി സന്തോഷവതി ആവാറുണ്ട്. എന്തിനും അദ്ദേഹത്തിന്റെ അടുക്കൽ മറുപടി ഉണ്ട്. ആ മറുപടി കേൾക്കുമ്പോൾ തന്നെ ആശ്വാസം കിട്ടും...!
ഒരാളെയെങ്കിലും പുറത്തിറക്കാൻ കഴിഞ്ഞാൽ....
അന്ന് ലക്ഷ്മി സുഖമായിട്ടുറങ്ങി...
ഉറക്കമില്ലാതെ മാധവനും...!

പിറ്റേ ദിവസം തോമസ്സിനെ കണ്ടപ്പോൾ സഹായിക്കാമെന്നേറ്റു. ഇപ്പോഴത്തെ വില വച്ച്  പത്തു സെന്റ് വിറ്റാൽ പോലും ബാങ്കിലെ കടം തീർത്തിട്ട് ബാക്കിക്ക് നിമ്മിക്ക് ആവശ്യമായ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കഴിയും, പ്രത്യേകിച്ച് ഒന്നും ചോദിച്ചിട്ടില്ലാത്ത സ്ഥിതിക്ക്.
അടുത്ത ആഴ്ച തന്നെ  മുന്നിലെ റോഡിൽ  മെറ്റൽ വിരിയ്ക്കുമെന്നും അതു കഴിഞ്ഞാൽ ഉടൻ  ടാറിങ്  ഉണ്ടാകുമെന്നും തോമസ്സ് തറപ്പിച്ചു പറഞ്ഞു. അതു കൂടി കഴിഞ്ഞിട്ട് വിറ്റാൽ നല്ല വില കിട്ടും. അതിനു മുന്നെ കല്യാണം വന്നാൽ ആവശ്യമുള്ള പണം തന്ന് സഹായിയ്ക്കാമെന്ന് തോമസ്സ് ഏറ്റു. ഏതായാലും ടാറിങ്ങിനു ശേഷം വിറ്റാൽ മതിയെന്ന് തോമസ്സ് ഉപദേശിച്ചു.

അന്ന് മാധവനും നല്ല സന്തോഷത്തിലായിരുന്നു...
അന്നത്തെ രാത്രി സംഭാഷണത്തിൽ ലക്ഷ്മിയോടത് പറയുകയും ചെയ്തു...
തോമസ്സ് സഹായിയ്ക്കാമെന്ന് പറഞ്ഞെന്നു കേട്ടപ്പോൾ ലക്ഷ്മി ശരിക്കും വീർപ്പു മുട്ടി...
അപ്പോഴും ലക്ഷ്മിയുടെ മനസ്സ് ചോദിച്ചത് ഇതാണ്.
‘തങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടാൻ മാത്രം ഈ മനുഷ്യൻ തങ്ങൾക്കാരാണ്...?’

ഒരാഴ്ച കഴിഞ്ഞിട്ടും മാധവൻ ലാബിൽ പോയി റിസൽട്ടു വാങ്ങാൻ തയ്യാറയില്ല.
എല്ലാവരും മാ‍റി മാറി നിർബ്ബന്ധിച്ചിട്ടും മാധവൻ ഒഴിഞ്ഞുമാറി നടന്നതേയുള്ളു.  സെയ്തുവും കണാരനും ബഷീറും ഒക്കെ ആവുന്നത്ര നിർബ്ബന്ധിച്ചു. ‘പിന്നെയാവട്ടെ..’ ‘ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലൊ..’ എന്നൊക്കെ പറഞ്ഞാണ്  ഒഴിഞ്ഞുമാറിയത്.
അതിന്റെ റിസൽറ്റ് എന്തായിരിക്കുമെന്ന് മാധവന് നല്ല നിശ്ചയമുണ്ടായിരുന്നു...
റിസൽട്ട് കിട്ടിയാൽ അതോടെ എല്ലാവരും അറിയും...
പിന്നെ താൻ ഒരു മഹാരോഗിയായി ജീവിക്കേണ്ടി വരും...
ഈ കുടുംബത്തിലെ സന്തോഷം അതോടെ അവസാനിക്കും...
താനായിട്ട് അതിന് കളമൊരുക്കിക്കൂടാ...!

ഒരു ദിവസം വൈകുന്നേരമാണ്  ബഷീർ സൈക്കിളിൽ കിതച്ചെത്തി ആ വാർത്ത അറിയിച്ചത്.
“ലക്ഷ്മിച്ചേച്ചീ... നിമ്മിച്ചേച്ചിക്ക് കല്യാണം ആലോചിച്ച സുനിലേട്ടൻ വന്നു. ടെസ്സിച്ചേച്ചിയാ പറഞ്ഞത്...!”
എല്ലാവരുടേയും മുഖത്ത്  സന്തോഷം പ്രകടമായെങ്കിലും നിമ്മി മുഖം എടുത്തുകെട്ടി അകത്തേക്കു പോയി. ബഷീർ വീണ്ടും പറഞ്ഞു.
“പിന്നെ, നാളെ ചിലപ്പോൾ ഇങ്ങോട്ടു വരുമെന്ന് പറഞ്ഞു. നിമ്മിച്ചേച്ചിയെ സുനിലേട്ടന് ഒന്നു കാണണമെന്ന്...!”
അതോടെ എല്ലാവരും ഗൌരവത്തിലായി...
സംഗതി എടുത്തപിടിയാലെ നടക്കുകയാണല്ലൊ...
നിമ്മിയാണെങ്കിൽ ഇതുവരെ സമ്മതിച്ചിട്ടുമില്ല...
ലക്ഷ്മിയുടെ നെഞ്ചിടിപ്പ് കൂടിക്കൂടി ഒരു തരം വിറയലായി മാറി...
ഒരു സമാധാനത്തിനായി മാധവന്റെ അടുത്തേക്ക് നടന്നു...
ലക്ഷ്മിയുടെ ആകാംക്ഷപൂണ്ട മുഖത്ത് എഴുതി വച്ചത് വായിച്ച മാധവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“അവർ വന്നു കണ്ടുകൊണ്ടു പോട്ടെ... നമ്മൾക്കും ഒന്നു കാണാല്ലൊ. അവനെ കണ്ടു കഴിയുമ്പോൾ നിമ്മി ചിലപ്പോൾ സമ്മതിച്ചാലൊ...?”
അതുകേട്ട് ലക്ഷ്മി തലകുലുക്കിയതേയുള്ളു....
സന്തോഷം തിരതല്ലുന്ന ആ മനസ്സിൽ മാധവനോടുള്ള ആരാധനയോടെ, രണ്ടു കയ്യും കൂപ്പിയ പോലെ താടിക്കു കൊടുത്ത് നിശ്ശബ്ദം നിന്നതേയുള്ളു ലക്ഷ്മി....

അന്നത്തെ  ഹോട്ടലിലെ രാത്രി സംഭാഷണങ്ങളിൽ (നിമ്മി അതിനു പേരിട്ടത് ‘ഡെസ്ക് ടോക്’ എന്നാണ്.) നാളത്തെ സുനിലിന്റെ വരവും മറ്റുമായിരുന്നു ചർച്ച. ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമാകാതെ, നിമ്മി ഒരു വിവാഹത്തിന് തെയ്യാറല്ലെന്ന് തീർത്തു പറഞ്ഞു. ഗൌരി ഉൾപ്പടെ ദ്വേഷ്യപ്പെട്ടെങ്കിലും അവൾ ഇടംതിരിഞ്ഞു തന്നെ നിന്നു. പെട്ടെന്ന് വിഷയം മാറ്റാനെന്നോണം നിമ്മി മാധവന്റെ നേരെ തിരിഞ്ഞു.
“മാമാ.. എന്തൊക്കെ ആയാലും ഞാൻ നാളെ പോയി മാമന്റെ  മെഡിക്കൽ റിസൽറ്റ് വങ്ങിക്കൊണ്ടു വരും... തീർച്ച....”
ഉടനെ തന്നെ ഗൌരിയും ലക്ഷ്മിയും അതിനെ സപ്പോർട്ട് ചെയ്തു. മൂന്നു പേരുടേയും നിർബ്ബന്ധം സഹിക്കവയ്യാതായപ്പോൾ മാധവൻ സമ്മതിച്ചു.
“അത് വാങ്ങിച്ചിട്ട് എന്തു ചെയ്യാനാ.. എന്നെ ആശുപത്രിയിൽ കിടത്താനാ...?” മാധവൻ
“തീർച്ചയായും... കിടത്തി ചികിത്സിക്കേണ്ടി വന്നാൽ അങ്ങനെ ചെയ്യും...!"
നിമ്മിയുടെ വാക്കുകൾക്ക് പിൻബലമേകി ഗൌരി പറഞ്ഞു.
“അല്ലാതെ മാമന്റെ മക്കളെപ്പോലെ മാമനെ ഞങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല...!”
അതുകേട്ട് ലക്ഷ്മി സ്വയം താടിക്കു കൈ കൊടുത്തിട്ട് പറഞ്ഞു.
“എന്നാലും ഈ അഛന്റെ മക്കളായി ജനിച്ചിട്ടും, അവരെങ്ങനെ ഇത്ര ദുഷ്ടന്മാരായി...?”
അതു കേട്ടതോടെ മാധവൻ ലക്ഷ്മിയോട് ‘അരുതെന്ന്’ കൈ കൊണ്ടു വിലക്കി.
ഡെസ്ക്കിൽ എഴുന്നേറ്റിരുന്ന മാധവൻ പറഞ്ഞു.
“എന്റെ മക്കളെ അങ്ങനെ വിളിക്കരുത്. അവർ തെറ്റൊന്നും ചെയ്തിട്ടില്ല...!”
അതുകേട്ട് നിമ്മിക്ക് ദ്വേഷ്യം വന്നു.
“എന്താ മാമനീ പറയുന്നെ... ആ കൊടും കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷണമാകാൻ മാമനെ എറിഞ്ഞുകൊടുത്ത മക്കൾ ദുഷ്ടന്മാരല്ലെന്നോ..?”
അതുകേട്ടിട്ടൊ, അതോ ആ രംഗം മനസ്സിൽ കണ്ടിട്ടോ എന്തോ ലക്ഷ്മി പെട്ടെന്നു സാരിത്തലപ്പുകൊണ്ടു വായപൊത്തിയെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകി. അതു കണ്ട് ഗൌരിയും നിറഞ്ഞ കണ്ണുകളോടെ അമ്മയെ കെട്ടിപ്പിടിച്ചു.
“ഇല്ല മക്കളെ... ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല....!”
എല്ലാവരേയും ഒന്നു നോക്കിയിട്ട് മാധവൻ തുടർന്നു.
“എന്നിട്ടും ഞാൻ മരിച്ചില്ലല്ലൊ... എന്നെ കാട്ടുമൃഗങ്ങളും ഉപദ്രവിച്ചില്ലല്ലൊ...! എന്താ കാരണം...?”
ആരും ഉത്തരമൊന്നും പറഞ്ഞില്ല. മാധവൻ തന്നെ തുടർന്നു.
“ഞാനങ്ങനെ മരിക്കേണ്ടവനല്ല...!”
അതു കേട്ട് ഗൌരി പറഞ്ഞു.
“എന്നിട്ടും മാമൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചില്ലെ, ഒരു കത്തെഴുതി വച്ചിട്ട്...!!”
അതുകേട്ട് ഞെട്ടിയ മാധവൻ
“ഞാനോ...?”
മാധവനതൊരു പുതിയ അറിവായിരുന്നു....

ഗൌരി വേഗം തന്റെ വണ്ടിയുടെ ഇടതു വശത്തെ കൈത്താങ്ങിന്റെ അടിയിലെ ഒരു കീശയിൽ നിന്നും ആദ്യം ഒരു കണ്ണെട പുറത്തെടുത്തു. അതവളുടെ അഛന്റെ കണ്ണടയായിരുന്നു. തന്നെ ഒരുപാട് സ്നേഹിച്ച്, തനിക്കു വേണ്ടി ഈ കുടുംബത്തെ വരെ മറന്ന് വിറ്റുപെറുക്കി ചികിത്സിച്ചിട്ടും ഭേദമാക്കാൻ കഴിയാത്തതിൽ ഹൃദയം തകർന്നു മരിച്ച പ്രിയപ്പെട്ട അഛന്റെ ഓർമ്മക്കായി ആ കണ്ണട സ്വന്തമാക്കിയിരുന്നു. എന്നും അതവളുടെ സന്തതസഹചാരിയായ ചക്രകസേരയോടൊപ്പം അവളത് സൂക്ഷിച്ചു. ഒറ്റക്കാവുമ്പോൾ ആ കണ്ണടയെടുത്ത് മുഖത്ത് വച്ച് പഴയ ഒർമ്മകളിൽ ലയിക്കും. തന്നെ എടുത്ത് തോളത്തിട്ട് ആശുപത്രികൾ തോറും  പ്രതീക്ഷയോടെ ഓടി നടന്ന അഛന്റെ ദയനീയ ചിത്രങ്ങൾ മനസ്സിൽ തെളിയും. പിന്നെ വെറുതെ കണ്ണുകൾ നിറഞ്ഞൊഴുകും. തന്റെ സങ്കടങ്ങൾ  ആ കണ്ണീരിലൂടെയാണ് അവൾ ഒഴുക്കി കളയാറ്. അതുകഴിഞ്ഞാൽ തെല്ലൊരു ആശ്വാസം തോന്നും...

തന്റെ പ്രിയപ്പെട്ട ആ കണ്ണടക്കടിയിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു വെള്ളക്കടലാസ് എടുത്ത് നിവർത്തിയിട്ട് അവൾ വായിച്ചു.
“ജീവിത നൈരാശ്യം മൂലം ഞാൻ ആത്മഹത്യ ചെയ്യുന്നു. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. എന്റെ ശവം മറവു ചെയ്യുന്നതിലേക്കായി ഈ കടലാസ്സിനോടൊപ്പം 3000 രൂപയും വച്ചിട്ടുണ്ട്. എന്ന്...”
അതുകേട്ട് മാധവൻ കണ്ണുംതള്ളി ഇരുന്നു...!
നിമ്മിയും ലക്ഷ്മിയും എന്തൊ അത്ഭുതം കണ്ട കണക്കെ വായും പൊളിച്ചു നിന്നു....!

 14
ആനക്കഥ ഒരു പൊട്ടക്കഥ

ഒരു നിമിഷം കഴിഞ്ഞ് മാധവൻ ആ കടലാസ് വാങ്ങി ഒന്നു നോക്കിയിട്ട്  സാവധാനം ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി. അതിന്റ അർത്ഥം മനസ്സിലായ ലക്ഷ്മി വേഗം പോയി കൌണ്ടറിലെ മേശയിൽ നിന്നും മാധവന്റെ കണ്ണട എടുത്തുകൊണ്ടു വന്നു. അത് മുഖത്ത് വച്ച് മാധവൻ ആത്മഹത്യാ കുറിപ്പിലേക്ക് കണ്ണോടിച്ചു...
അതു കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ എല്ലാവരേയും ഒരാവർത്തി നോക്കി.
വീണ്ടും കടലാസ്സിലേക്ക് ഒന്നു നോക്കി, പിന്നെ അതു മടക്കിവച്ചിട്ട് പറഞ്ഞു.
“നിങ്ങൾ ഉദ്ദേശിക്കുന്നതു പോലെ ഇതൊരു ആത്മഹത്യാ കുറിപ്പാണെങ്കിലും ഞാനെഴുതിയതല്ല...!”
അതു കേട്ടതും ഗൌരി ചാടി ചോദിച്ചു.
“പിന്നെ ഇതെങ്ങനെ മാമന്റെ കയ്യിൽ വന്നു...?”
“അല്ല.., ഇത് നിങ്ങൾക്കെവിടന്നു കിട്ടി...?” മാധവൻ.
അതിനുത്തരം ഗൌരിക്കു മാത്രമെ അറിയുമായിരുന്നുള്ളു. അതിനാൽ എല്ലാവരും അവളുടെ മുഖത്തേക്കായി നോട്ടം.
“മാമൻ ഓർക്കുന്നില്ലെ,  മാമൻ ഇവിടെ വന്ന അന്ന് കാലത്ത് ബഷീർ അൻപത് പേർക്ക് ചോറ് വേണമെന്ന് പറഞ്ഞത്...?”
“ഊം...”
“അന്ന് ആരുടെ കയ്യിലും കാശില്ലാഞ്ഞിട്ട് മാമന്റെ അരയിൽ കെട്ടി സൂക്ഷിച്ചിരുന്ന രണ്ടായിരത്തഞ്ഞൂറു രൂപ എടുത്തു തന്നത്.. ആ രൂപ  ഈ കടലാസ്സിലാ  പൊതിഞ്ഞു വച്ചിരുന്നത്... മാമൻ പൊതിയഴിച്ച് എന്റെ മടിയിലേക്കാ ഇട്ടത്...!”
അതു കേട്ടതും ലക്ഷ്മിക്ക് ആ രംഗം ഓർമ്മയിലെത്തി. അവർ പറഞ്ഞു.
“ശരിയാ... ഞാനത് കണ്ടിരുന്നു. അവളുടെ മടിയിൽ വീണ കടലാസ്സ് ഒന്നു വായിച്ചു നോക്കിയിട്ട് വേഗം നൈറ്റിക്കുള്ളിൽ ഒളിച്ചു വക്കുന്നത്... പിന്നീട് അതിനെക്കുറിച്ച് ചോദിക്കണമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞില്ല. പിന്നെ ഞാനത് മറക്കുകയും ചെയ്തു.”
“ നിങ്ങൾ പറഞ്ഞത് ശരിയാ... പക്ഷെ, ഞാനെഴുതിയതല്ലത്...!”

ഒരു നിമിഷം മാധവൻ മൂകനായി...
മാധവന്റെ മനസ്സ് അവിടന്ന് പോയിരുന്നു...
ആ നിശ്ശബ്ദതയെ ഭജ്ജിക്കാൻ ആരും മുതിർന്നില്ല...
പിന്നെ സാവധാനം പറഞ്ഞു തുടങ്ങി.
“അന്ന് എന്റെ മക്കൾ ആ മൈസൂർ വനത്തിൽ അബോധാവസ്ഥയിൽ എന്നെ കൊണ്ടു തള്ളുമ്പോൾ ഈ കത്ത് എന്റെ പോക്കറ്റിൽ ഉണ്ടായിരിന്നിരിക്കണം...!”

അന്നത്തെ രംഗം ഓർത്തിട്ടൊ എന്തൊ, മാധവൻ വല്ലാതെ വിയർക്കാൻ തുടങ്ങിയിരുന്നു.
മനസ്സിനു വിഷമം വരുമ്പോൾ ഉള്ളിൽ ഒരു തിരയിളക്കം ഉരുണ്ടു വരുന്നത്, ഈയിടെയായി കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയത് തിരിച്ചറിയുന്നുണ്ടായിരുന്നു. അന്നേരം കുറച്ചു നേരം നിശ്ശബ്ദമായിരുന്നില്ലെങ്കിൽ ഒരു ശർദ്ദിൽ പിറകേ വരും. അത് ചിലപ്പോൾ കട്ട ചോരയായിരിക്കും. അതു കാരണം മാധവൻ നിറുത്തി നിറുത്തിയാണ് സംസാരിക്കുന്നത്. അതിനെക്കുറിച്ച്   കുറിച്ചെങ്കിലും അറിയുന്നത് ലക്ഷ്മിക്കു മാത്രം.

മാധവൻ തുടർന്നു.
“ആ കാട്ടിൽ നിന്നും ലോറിത്തൊഴിലാളികൾ എന്നെ ജീവനോടെ കണ്ടെത്തി കൂട്ടിക്കൊണ്ടു പോരുമ്പോൾ, എല്ലാവരും കൂടി  പിരിവിട്ട് കുറച്ചു രൂപ എന്റെ പോക്കറ്റിൽ ഇട്ടിരുന്നു.  ഒരു വളവിലെ ചെറിയ കവലയിലെ ചായക്കടയിൽ എന്നെ ഏൽ‌പ്പിച്ചിട്ടാണ് അവരെല്ലാം പോയത്.  ഞാൻ അവിടത്തെ ജോലിക്കാരനായി കൂടി...
വല്ലപ്പോഴും വരുന്ന ലോറിക്കാരും മറ്റും ചായ കൂടിക്കാനും ലഘുഭക്ഷണം കഴിക്കാനും അവിടെ നിറുത്തും. സന്ധ്യ കഴിഞ്ഞാൽ കട അടക്കും. അതിന്റെ ഉടമസ്ഥർക്ക് ഒന്നു രണ്ടു മലകൾ കയറിയിറങ്ങിയിട്ടു വേണം വീട്ടിലെത്താൻ.
അത്ര സാഹസപ്പെട്ട് കയറിയിറങ്ങി പോകാൻ വയ്യാത്തതു കൊണ്ട്, അവർ വിളിച്ചിട്ടും ഞാൻ പോയില്ല.
അവർ കൂടി പോയിക്കഴിഞ്ഞാൽ അവിടം വിജനമാകും...
പിന്നെ ഞാൻ ഒറ്റക്കാവും...
യാതൊരു അടച്ചുറപ്പൊന്നും ഇല്ലാത്ത കടയാ.. ”

ഒന്നു നിറുത്തിയിട്ട് മാധവൻ തുടർന്നു.
“ചെന്ന ആദ്യ ദിവസം തന്നെ ലോറിത്തൊഴിലാളികൾ പിരിവിട്ടു തന്ന രൂപ എണ്ണി നോക്കാനായി എടുത്തപ്പോഴാണ് ഈ കടലാസ്സ് പൊതിയും എന്റെ കയ്യിൽ കിട്ടിയത്. രൂപ അതിൽ മൂവ്വായിരം ഉണ്ടായിരുന്നു. പക്ഷെ, കത്ത് എനിക്ക് വായിക്കാനായില്ല. കാരണം എന്റെ കണ്ണട എവിടെയോ നഷ്ടപ്പെട്ടിരുന്നു. പിറ്റെ ദിവസം കടയുടെ ഉടമസ്ഥന്റെ കണ്ണട വാങ്ങിയാണ് ഞാനത് വായിച്ചത്. കയ്യക്ഷരം കണ്ടിട്ട് എന്റെ മക്കൾ രണ്ടു പേരും എഴുതിയതല്ല. അവരുടെ ഭാര്യമാർ ആരെങ്കിലും എഴുതിയതായിരിക്കും...”
മാധവൻ കിതപ്പകറ്റാനായി ഒന്നു നിറുത്തി.

ലക്ഷ്മി ഒരു വിതുമ്പലോടെ പറഞ്ഞു.
“എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആരും അന്വേഷിച്ച് വീട് കണ്ടെത്താതിരിക്കാനാവും ഇങ്ങനെ ഒരു കത്തെഴുതിയത്...”
“ശരിയാ... ഇതാവുമ്പോൾ ആർക്കും പരാതി ഉണ്ടാവില്ലല്ലൊ...”
ഗൌരി അതും പറഞ്ഞ് പല്ലു ഞരിച്ച് മാമന്റെ മക്കളോടുള്ള  പ്രതിഷേധം പ്രകടമാക്കി.
“ഇത്രയും ദുഷ്ടന്മാരായ മക്കളെയാണൊ മാമൻ പുണ്യവാളന്മാർ ആക്കാൻ നോക്കണെ..?”
നിമ്മിക്കും അവരോടുള്ള പക തീരുന്നില്ല...

മാമൻ കിതപ്പെല്ലാം മാറി ഒരു ചെറു പുഞ്ചിരിയോടെ ബാക്കി കഥ പറഞ്ഞു.
“ഒന്നൊന്നര മാസം കഴിഞ്ഞു കാണും...
ഒരു ദിവസം രാത്രിയിൽ ഉറക്കം വരാതെ ഡെസ്ക്കിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ഞാൻ. നല്ല തണുപ്പും തണുത്ത കാറ്റും കാരണം ചെവി അടച്ചു കെട്ടി കടക്കാരൻ തന്ന പുതപ്പും മൂടിപ്പുതച്ചാണ് കിടപ്പ്. എന്നിട്ടും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് തണുപ്പ്. കാൽ നൂറ്റാണ്ടോളം ഗൾഫിലെ ഏസി മുറിയിൽ കഴിഞ്ഞ ഞാനാണ് ഇന്നിവിടെ ഈ കാട്ടിൽ വിറച്ചിരിക്കുന്നതെന്ന് ഓർക്കുമ്പോൾ അറിയാതെ ചിരി വരും.  മറ്റാരുമില്ലാത്തിടത്ത് ഒറ്റക്ക് കഴിയാൻ എത്ര ബുദ്ധിമുട്ടാണെന്ന് അന്നാണ് ബോദ്ധ്യമായത്. ചിലപ്പോഴൊക്കെ ഉറക്കെ പാട്ടുപാടിയും സ്വർഗ്ഗവാതിൽക്കൽ നിൽക്കുന്ന എന്റെ ദേവുവിനോട് വർത്തമാനം പറഞ്ഞും സമയം തള്ളി നീക്കും. ഒറ്റക്കായ  പലേ രാത്രികളിലും അവളായിരുന്നു എനിക്ക് കൂട്ട്. അതിനാലായിരിക്കും രാത്രിയിൽ ഉറക്കം തീരെയില്ല.”
വീണ്ടും കിതയ്ക്കാൻ തുടങ്ങിയ മാധവൻ ഒന്നു നിറുത്തി.

കിതപ്പൊന്നാറിയിട്ട് തുടർന്നു.
“ദേവുവിനെ സ്വപ്നം കാണുന്നത് എനിക്കെന്നും സന്തോഷമുള്ള കാര്യമാണ്. അല്ല... ജീവിതകാലം മുഴുവൻ അതേണ്ടായിട്ടുള്ളു...! അന്നവൾ ചോദിച്ചു. മക്കളുടെ അടുത്തേക്ക് തിരിച്ചു പൊയ്ക്കൂടേന്ന്..  എന്തിനെന്ന് ഞാനും.. എന്നാലും ഒറ്റക്ക്...? എനിക്കിനി ആരും കൂട്ടു വേണ്ടെന്ന് ഞാനും. പറ്റുമെങ്കിൽ നിന്റടുത്ത് എത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ പറയ്.. പെട്ടെന്നാണ് ദേവു  ‘അയ്യോ... ആന...!’ എന്നു പരിഭ്രാന്തിയിൽ അലറിയത്.
പരിഭ്രാന്തിയിലുള്ള അവളുടെ നിലവിളിയിൽ ഞാൻ ഞെട്ടി ഉണർന്നു...
അപ്പോഴാണ് ഞാൻ ചായക്കടയിലാണെന്നും കണ്ടതൊക്കെ സ്വപ്നമായിരുന്നെന്നും അറിയുന്നത്...
ദേവുവിന്റെ മുഖം ഞാൻ വ്യക്തമായി കണ്ടതാണല്ലൊ...!
അതിനിടയ്ക്കാ നിലവിളിയും...?
പിന്നെ അവളെ കണ്ടില്ല...
എന്നാലും അവൾ ‘അയ്യോ..ആന’ എന്നു പറഞ്ഞ് പേടിപ്പിച്ചതെന്തിന്...?

ഓല കൊണ്ടു കെട്ടിയുണ്ടാക്കിയ  വാതിൽ മെല്ലെ തുറന്ന് പുറത്തേക്കു നോക്കിയതും, ഒരു ചീറ്റലിന്റെ ശബ്ദത്തോടൊപ്പം  തുപ്പൽ പോലെ കുറെ വെള്ളം എന്റെ മുഖവും മേലാസകലവും നനച്ചു...!
ഞാൻ  ഒരടി പിന്നോട്ട് വേച്ചു പോയി...!
പെട്ടെന്നാണ് എന്റെ മുൻപിൽ നീണ്ടു നിവർന്നങ്ങനെ നിൽക്കുന്ന ഒരു ആജാനുബാഹുവിനെ നാട്ടുവെളിച്ചത്തിൽ  ശ്രദ്ധിച്ചത്...!!
ദേവു മുന്നറിയിപ്പു തന്ന ആന തന്നെയാണ് മുന്നിൽ...!!!
എന്തു ചെയ്യണമെന്നറിയാതെ വിറച്ചു പോയ നിമിഷങ്ങൾ....!!!  ”
മാധവൻ ഒന്നു നിറുത്തി.

ഗൌരി ആ കഥയിൽ  ലയിച്ച് പേടിച്ചിട്ടെന്നോണം മാധവന്റെ അരയിൽ കെട്ടിപ്പിടിച്ചു.
നിമ്മി അമ്മയോട് ചേർന്നു നിന്നു. ഒരു നിമിഷം കഴിഞ്ഞ് മാധവൻ തുടർന്നു.
“ കടയുടെ പുറകു വശത്ത് ആഴമേറിയ താ ഴ് വാരമാണ്. മുൻപിലേക്ക് മാത്രമേ ആ ചെറ്റയും പൊളിച്ച് രക്ഷപ്പെടാനാവൂ. എങ്കിൽ ആനയുടെ മുൻപിൽ തന്നെ ചെന്നു പെടും.
ആനയുടെ ചവിട്ടേറ്റ് മരിക്കാൻ ആനത്താരയിൽ ഉപേക്ഷിച്ചതാണെന്നെ. ആ ഞാൻ എന്തിന് ആനയെ കണ്ട് പേടിക്കണം. അങ്ങനെ ചിന്തിച്ചപ്പോൾ എനിക്കൽ‌പ്പം ധൈര്യമൊക്കെ തോന്നിത്തുടങ്ങി. പക്ഷെ, അത് നിമിഷ നേരത്തേക്കേ ഉണ്ടായുള്ളു.. കടയിലെ ബഞ്ചിൽ വാതിലിനു നേരെത്തന്നെ ഞാൻ ഇരുന്നു. ആന എന്നെ കണ്ടെന്ന് എനിക്കറിയാം. ഇടക്ക് തുമ്പിക്കൈ നീട്ടി കടയുടെ ചെറ്റയിൽ തൊടുന്നതിന്റേയോ പിടിച്ചു വലിക്കുന്നതിന്റേയോ ഒക്കെ  ശബ്ദം കേൾക്കാം. അതോടെ എന്റെ നല്ല ജീവൻ പോയി...!
അന്നേരം ഞാൻ വിറച്ചിരുന്നത് തണുപ്പു കൊണ്ടായിരുന്നില്ല...!
അകത്തേക്ക് കയറി വന്ന് എന്നെ തട്ടിക്കളയാണെങ്കിൽ ആയിക്കോട്ടേന്ന് ഞാനും മനുസ്സിൽ കരുതി ബലം പിടിച്ചിരുന്നു...”

അതു കേട്ടതും ഗൌരി കരയാൻ തുടങ്ങി.
“ മാമാ... ഇങ്ങനെയൊന്നും പറയല്ലെ...!”
“എന്നിട്ട്...?” ലക്ഷ്മിക്ക് ക്ഷമയില്ലാതായി.
മാധവൻ സമയം കളയാതെ തുടർന്നു.
“തൊട്ടപ്പുറത്ത് പഴവർഗ്ഗങ്ങൾ മാത്രം വിൽക്കുന്ന ഒന്നു രണ്ടു കടകളുണ്ടായിരുന്നു. അതെല്ലാം കുത്തി മറിച്ചിടുന്നതിന്റെ ശബ്ദം ഇത്തിരി ഭീതിയോടെയാണ് ഞാൻ കേട്ടത്. അപ്പോൾ ഒരു കാര്യം എനിക്കുറപ്പായി. എന്നെ മാത്രം നോക്കി നിൽക്കുന്ന   ഇവൻ ഒറ്റയാനല്ല. കൂട്ടത്തിൽ ഇനിയുമുണ്ട് അവന്റെ കൂട്ടുകാർ. എന്നിട്ടും ഇവനെന്തേ എന്നെ ഉപദ്രവിക്കാതെ അനങ്ങാതെ നിൽക്കുന്നതെന്ന് ഞാൻ സംശയിച്ചു.

അപ്പുറത്തെ പണികൾ പൂർത്തിയാക്കിയതിന്റെ ലക്ഷണമായിരിക്കും അവിടന്ന് ചിഹ്നം വിളികൾ ഉയർന്നു. അവിടത്തെ സംഗതികൾ റെഡിയാണൊ, ഞങ്ങൾ വരട്ടേയെന്ന് ചോദിച്ചതുമാകാമെന്ന ചിന്ത നിൽക്കാനും ഇരിക്കാനും പറ്റാത്ത ഒരവസ്ഥയിൽ എന്നെ എത്തിച്ചു. ഞാൻ ഇരിക്കുന്ന കടയല്ലാതെ ഇനി അവിടെ വേറെ ഒന്നും ഇല്ല തകർക്കാൻ. അതോടെ അതുവരെ പിടിച്ചു നിന്ന ഞാൻ, തൃശ്ശൂർ പൂരത്തിന്റെ ഒലപ്പടക്കത്തിനു ഒന്നിച്ചു തീ പിടിക്കുമ്പോൾ കേൾക്കുന്ന അവസാന പൊരിച്ചിലിന്റെ സമയത്ത് കാല് നിലത്തു കുത്താനൊ, ഇരിക്കാനൊ വയ്യാത്ത ഒരവസ്ഥ പോലെ ശരിക്കും ഞെരിപിരി കൊള്ളാൻ തുടങ്ങി. പിറകിലെ താ ഴ് വാരത്തിലേക്ക് ചാടിയാലും രക്ഷപ്പെടില്ല...
അതിലും ഭേദം ആനമരണം തന്നെ...!
ആന വെറുതെ ചവിട്ടി കൊല്ലുകയായിരിക്കില്ല...
ഇത്രയും ആനകൾ എന്നെ ച വി ട്ടി ക്കൂ ട്ടി മെ തി ച്ച ര ച്ച്  കൊല്ലുക........!!”
അത്രയും പറഞ്ഞപ്പോഴേക്കും നിമ്മി ചാടി വന്ന് മാധവന്റെ വായ പൊത്തിപ്പിടിച്ചിട്ട് പറഞ്ഞു.
“വേണ്ട.. ഇങ്ങനെ  പറയണ്ട...! എനിക്കിഷ്ടമല്ല അങ്ങനെ പറയണെ..!”

മാധവന് ചിരി വന്നെങ്കിലും മൂന്നുപേരും വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ വിഷമമായി...
ഇവർ തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന തിരിച്ചറിയുകയായിരുന്നു മാധവൻ...!
“ഇതു കഥയല്ലെ... അതിനു നിങ്ങളെന്തിനാ വിഷമിക്കണെ..”
മാധവൻ അവരെ തണുപ്പിക്കാനായി ശ്രമിച്ചു. ഗൌരി പറഞ്ഞു.
“കഥയൊന്നുമല്ലല്ലൊ.. മാമന്റെ ജീവിതത്തിൽ നേരിട്ടതല്ലെ ഇതൊക്കെ....?
മാമന് അങ്ങനെയൊന്നും സംഭവിക്കണ്ട. ഞങ്ങള് സമ്മതിക്കില്ല...!”
അതുകേട്ട് മാധവന് ചിരി വന്നു.
“എന്നിട്ട്.. ബാക്കി പറയ്....!”
ലക്ഷ്മിയുടെ ആകാംക്ഷ അതിനിടയിലും തലപൊക്കി. അതുകേട്ട് നിമ്മി പറഞ്ഞു.
“ഓ.. ഈ അമ്മേക്കൊണ്ട് തോറ്റു. അമ്മയൊന്നു മിണ്ടാതിരിക്കുന്നുണ്ടൊ..
പോയി മാമനുള്ള കഞ്ഞി എടുത്തോണ്ടു വന്നെ... പോ..”
അതും പറഞ്ഞ് അമ്മയെ ഉന്തിത്തള്ളി പറഞ്ഞയക്കാൻ നോക്കി.
എന്നിട്ടും ലക്ഷ്മി പോകാതെ നിന്നു. അതു കണ്ട്  മാധവൻ പറഞ്ഞു.
“നിൽക്കു.. ഇതു കഴിഞ്ഞിട്ടു മതി കഞ്ഞി...”
നിമ്മി വീണ്ടും ചൂടായി പറഞ്ഞു.
“എനിക്കു കേൾക്കണ്ട ബാക്കി...!”
ഇടക്കു കയറി ഗൌരി പറഞ്ഞു.
“ ബാക്കി ഞാൻ പറയാം... ആന ആനയുടെ വഴിക്കും പോയി. മാമൻ മാമന്റെ വഴിക്കും പോന്നു... അത്രേള്ളു  മാമന്റെ പൊട്ടക്കഥ..”
അതു കേട്ട് നിമ്മിയും ലക്ഷ്മിയും കൂടി ചിരിച്ചു. പിന്നെ അതൊരു കൂട്ടച്ചിരിയായി മാറി....

എല്ലാവരും ഒന്ന് ഉന്മേഷത്തിലായെങ്കിലും, ലക്ഷ്മിക്ക് അതിന്റെ ബാക്കി അറിയാനുള്ള ജിജ്ഞാസ തടുത്തു നിറുത്താനായില്ല.
“നിങ്ങൾക്ക് കേൾക്കേണ്ടെങ്കിൽ അപ്പുറത്തേക്ക് പൊക്കോ.. ബാക്കി പറയ്... എങ്ങനെയാ രക്ഷപ്പെട്ടേ...?”
മാധവൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി.
“എന്റടുത്തുള്ള ആന എന്തിനുള്ള പുറപ്പാടാണെന്ന് എനിക്കൊരൂഹവും കിട്ടിയില്ല.  അപ്പുറത്തുള്ള ആനകൾ വരാനായി ഇവൻ കാത്തിരിക്കുകയാവുമോ....? ആനയുടെ ചിഹ്നം വിളികൾ തൊട്ടടുത്തെത്തിയതായി എനിക്ക് തോന്നി. പെട്ടെന്ന് ആന തുമ്പിക്കൈ പിൻ വലിച്ച് ഒരടി പിറകോട്ട് മാറി ഇടത്തോട്ട് തിരിഞ്ഞ്,  മറ്റുള്ള ആനകൾ ഇങ്ങോട്ടു വരുന്നതിനു മുൻപേ അവരോടൊപ്പം ചേർന്ന് റോട്ടിലേക്കും അവിടന്ന് കാട്ടിലേക്കും വേഗം കടന്നു പോയി...! കണ്ണിൽ നിന്നും ആ കഴ്ച മറഞ്ഞതിനും ശേഷമാണ് എന്റെ ശ്വാസം നേരെ വീണത്...”  മാധവൻ ഒരു കിതപ്പോടെ പറഞ്ഞു നിറുത്തി.
“എന്നാലും അതിശയം തന്നെ...!”  ലക്ഷ്മി പറഞ്ഞു.
“എനിക്കതിശയമൊന്നും തോന്നുന്നില്ല... എന്റെ ദേവുവായിരുന്നു കാവലായി എനിക്കും ആനക്കും ഇടയിൽ ഉണ്ടായിരുന്നത് എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം...!!”
“ശരിയായിരിക്കും മാമാ...”
നിമ്മിയുടെ വാക്കുകൾക്ക് ഗൌരിയും തലയാട്ടി.....

പിന്നെ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തെയ്യാറെടുപ്പിലായി...
വലിച്ചു കുടിക്കാവുന്ന രീതിയിലാക്കിയ കഞ്ഞികുടി കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവരും എത്തിച്ചേർന്നു.
മാധവൻ ബാക്കി കൂടി പറഞ്ഞു.
“ഞാൻ രക്ഷപ്പെട്ടതിലായിരുന്നു ആ കടക്കാർക്ക് അതിശയം... പല പ്രാവശ്യം ഇങ്ങനെ നശിപ്പിച്ചിട്ടുണ്ടത്രെ. എന്നാൽ ഇപ്രാവശ്യം ആ ഒരു ചായക്കട മാത്രം ആനകൾ തൊട്ടില്ല...!
പിറ്റേ ദിവസം തന്നെ ഞാനവിടന്ന് വിട്ടു...
പിന്നെ ഓരോ വഴിക്ക്. എങ്ങും സ്ഥിരമായി നിൽക്കാൻ തോന്നിയില്ല.

കയ്യിലെ കാശ് തീർന്നപ്പോഴാണ് ഒരു ജോലിയെക്കുറിച്ച് ചിന്തിച്ചത്...
അങ്ങനെയാണ് സ്ഥിരമായി ഒരിടത്ത് താമസിയ്ക്കാതെ, നടപ്പിനിടക്ക് ചെയ്യാൻ പറ്റുന്ന ജോലിയായി ലോട്ടറി ടിക്കറ്റ് വിൽക്കാൻ തുടങ്ങിയത്. അതിന്റെ ആദ്യ മുടക്കു മുതലിനായിട്ടാണ്, അഛന്റെ  ശവമടക്കിനായി മക്കൾ തന്ന മൂവായിരത്തിൽ നിന്നും അഞ്ഞൂറ് ഞാൻ എടുത്തത്. ബാക്കിയുള്ള രൂപ കള്ളന്മാർ അടിച്ചോണ്ടു പോകാതിരിക്കാനാ അതേ കടലാസ്സിൽ പൊതിഞ്ഞ് അരയിൽ കെട്ടി സൂക്ഷിച്ചത്. ലോട്ടറി വിറ്റ് എനിക്ക് ഭക്ഷണത്തിനുള്ളത് കിട്ടുമായിരുന്നു ദിവസവും. അതു കാരണം ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനായി...”

മാധവൻ ഒന്നു നിറുത്തിയിട്ട് തുടർന്നു...
“ഒരിക്കൽ വിൽക്കാൻ കഴിയാതെ പോയ നാലഞ്ചു ടിക്കറ്റിൽ ഒരെണ്ണത്തിന്  സമ്മാനമടിച്ചു എനിക്ക്...!”
അതു കേട്ടതും മൂന്നു പേരും ചെവി കൂർപ്പിച്ചു...!
 “ങേഹ്.... എത്രാം സമ്മാനമാ....? "
"എത്ര രൂപ കിട്ടി...? ”
എല്ലാവരുടേയും ഒരുമിച്ചുള്ള ചോദ്യം കേട്ട് മാധവൻ മറുപടി പറയാതെ ഒന്നു നിറുത്തി.
അതു കേട്ട് ലക്ഷ്മി ദ്വേഷ്യപ്പെട്ടു.
“നിങ്ങളൊന്ന് ഒച്ചയുണ്ടാക്കാതിരുന്നെ.. മാമൻ പറയട്ടെ...”
എന്നിട്ട് മാമാനോടായി ചോദിച്ചു.
“എത്ര രൂപേടെ ആയിരുന്നു സമ്മാനം...?”
മാധവൻ വലതു കയ്യിലെ ചൂണ്ടാണി വിരലുയർത്തി കണ്ണുകൾ വിടർത്തി പറഞ്ഞു.
“ഒരു ലക്ഷം രൂപ....!!!”


 15
പെണ്ണുകാണൽ...

ആ ഒരു ലക്ഷം രൂപയുടെ വലിപ്പം ആലൊചിച്ചിട്ടാണൊ എന്തോ, മൂന്നു പേരും നിമിഷ നേരത്തേക്ക് വായും പൊളിച്ചിരുന്നുപോയി..!
നിമ്മിയാണ്  ആദ്യം സുബോധത്തിലേക്ക് തിരിച്ചെത്തി ചോദിച്ചത്.
“എന്നിട്ട് മാമനെന്തു ചെയ്തു കാശ്..?”
അത്രയും നേരം തല ഉയർത്തിപ്പിടിച്ച് ലക്ഷത്തിന്റെ കാര്യം പറഞ്ഞ് അമ്പരപ്പിച്ച മാധവൻ തല പതുക്കെ താഴ്ത്തിയിട്ട് പറഞ്ഞു.
“അത് എനിക്ക് വിധിച്ചതായിരുന്നില്ല മക്കളെ...!?”
“എന്തു പറ്റി..?”
“സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ, അതൊന്നുറപ്പാക്കാനായി എനിക്ക് ടിക്കറ്റ് തന്ന ഏജന്റിന്റെ അടുത്തു പോയി നോക്കിച്ചു. സംഗതി ശരിയായിരുന്നു. പിന്നെ അയാളാ ടിക്കറ്റ് തിരിച്ചു തരാൻ മടിച്ചു. അവിടെ കൂടിയിരുന്ന ആളുകളൊക്കെ  ഇടപെട്ടാ ഒരു കണക്കിന് തിരിച്ചു കിട്ടിയത്. ഞാനത് ഉടനെ തന്നെ ഇടതു കയ്യിലെ ഷർട്ടിന്റെ മടക്കിൽ ചുരുട്ടി വച്ചു. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ലെന്നു തോന്നി തിരിച്ചു നടക്കാൻ തുടങ്ങിയ എന്നെ ഏജന്റ് പിടിച്ചു നിറുത്തിയിട്ട് പറഞ്ഞു.
‘താൻ ഇതു കൊണ്ടുപോയി ബാങ്കിൽ കൊടുത്താൽ അവർ ടാക്സ് എല്ലാം പിടിച്ചിട്ട് ബാക്കിയുള്ളതേ കിട്ടുകയുള്ളു. ഞാനിതിനു റെഡി കാഷ് ഒരു ലക്ഷം എണ്ണിത്തരാം. ടിക്കറ്റ്  എനിക്കു താ....’. ഞാൻ പറഞ്ഞു. ‘എടോ എനിക്ക് എഞ്ചിനീയറന്മാരായ മക്കളുണ്ടെടോ... അവരുടെ ഇഷ്ടം പോലെ ചെയ്തോളും..’ എന്നൊക്കെ വലിയ വായിൽ വീമ്പിളക്കിയിട്ട് തൊട്ടടുത്തു വന്ന  ബസ്സിൽ കയറി പോന്നു. എത്രയും വേഗം അവിടന്നു രക്ഷപ്പെടുകയായിരുന്നു ഉദ്ദേശം. പട്ടണത്തിൽ വന്ന് മറ്റൊരു ബസ്സിൽ വേറൊരിടത്തേക്ക്. സ്ഥലപ്പേരൊന്നും നോക്കിയില്ല. ആ ബസ്സ് എവിടെ വരെ പോകുന്നോ അവിടെ വരെയാ ടിക്കറ്റെടുത്തത്...”

                      മാധവൻ ഒന്നു ചുമച്ചു. പിന്നെ ശ്വാസമെടുക്കാനായി ഒരു നിമിഷം നിറുത്തി. ചുമച്ചു കഴിഞ്ഞാൽ, മാധവൻ കുറച്ചു നേരം തൊണ്ടയിൽ കൈ പൊത്തിപ്പിടിച്ച് മിണ്ടാതിരിക്കും. മറ്റുള്ളവർ ഒന്നും ശബ്ദിക്കാതെ, മാമന്റെ ഒരു ലക്ഷത്തിനെന്തു പറ്റിയെന്ന് ആലോചനയിലാണെങ്കിലും, ലക്ഷ്മിയുടെ കയ്യ് മാധവന്റെ പുറകു വശം പതുക്കെ തടവി കൊടുക്കുന്നുണ്ടായിരുന്നു.
ഒന്ന് ആശ്വാസം കിട്ടിയതോടെ മാധവൻ തുടർന്നു.
“ആ ബസ്സ് നിന്ന പട്ടണത്തിലെത്തിയപ്പോഴേക്കും സന്ധ്യയാവാൻ തുടങ്ങിയിരുന്നു. പിന്നെ ഒരു ഇടത്തരം ഹോട്ടലിൽ കയറി കുറച്ചു കഞ്ഞി കുടിച്ചു. അതു കഴിഞ്ഞ് നടന്ന് ബസ് സ്റ്റാന്റിലെത്തി ഒരു മൂലയിൽ ചുരുണ്ടു കൂടി. അപ്പോഴും കയ്യിന്റെ മടക്കിൽ ഇരിക്കുന്ന ഒരു ലക്ഷത്തിലായിരുന്നു എന്റെ ശ്രദ്ധയത്രയും.

                         ബാങ്കിൽ കൊടുത്താൽ, സ്വന്തമായൊരു മേൽവിലാസം പോലുമില്ലാതെ എന്തു ചെയ്യും. അത് ബാങ്കുകാരു തന്നെ അടിച്ചു മാറ്റിയെന്നിരിക്കും. ആ ഏജന്റിനു തന്നെ കൊടുത്ത് കാശു വാങ്ങിച്ചാലും, അത്രയും രൂപ ഞാൻ എങ്ങിനെ സൂക്ഷിക്കും..! ആകെ പെരുവഴിയിലായെന്നു പറഞ്ഞാൽ മതിയല്ലൊ. അല്ല, അല്ലെങ്കിലും പെരുവഴിയിൽ തന്നെയാണല്ലൊ അന്നേരം..?
                        എന്റെ മോൾക്ക് ഇത് പോസ്റ്റലായി അയച്ചു കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ നന്നായേനെ. അവളെന്നും എന്റെ ഭാഗം പറയാനും, അമ്മയോടൊപ്പം നിന്ന് ചേട്ടന്മാരോട് തർക്കിക്കാനും മടി കാണിച്ചിരുന്നില്ല. അമ്മ പോയതിനു ശേഷം  അവളായിരുന്നു എന്റെ കാര്യങ്ങൾ  ഭംഗിയായി നോക്കിയിരുന്നത്.  അവളുടെ അമേരിക്കയിലെ അഡ്രസ്സും കയ്യിലില്ല. നാട്ടിലെ മക്കൾക്ക് ഇതിനുള്ള അർഹതയുമില്ല. ഞാനാകെ ധർമ്മ സങ്കടത്തിലായി. ഉറക്കം വരാതെ ഇരുന്നും നടന്നും നേരം വെളിപ്പിക്കാൻ ഞാൻ പാടുപെട്ടു.

                     ഏതാണ്ട് നേരം വെളുക്കാറായപ്പോഴാണ് സ്റ്റാന്റിലെ ബുക്സ് സ്റ്റാളിനടുത്ത് ഞാനൊന്നു നടു നിവർത്താനായി കിടന്നത്. ഉറങ്ങരുതെന്ന് കരുതിയെങ്കിലും, അറിയാതുറങ്ങിപ്പോയി. കടക്കാരൻ വന്ന് തട്ടി ഉണർത്തിയപ്പോഴാണ് കണ്ണുതുറന്നത്. വേഗം  ഞാനെഴുന്നേറ്റ്  മാറിക്കൊടുത്തു. മൂത്രപ്പുരയിലേക്ക് നടക്കുമ്പോഴാണ് കൈമടക്കിലിരിക്കുന്ന ലക്ഷം രൂപയുടെ കാര്യം ഓർമ്മ വന്നത്.
പെട്ടെന്ന്  ഇടതു കയ്യിലെ മടക്കിൽ പിടിക്കുമ്പോഴാണ് ഞെട്ടിയത്...!!
ഇടത്തേ കയ്യിൽ അങ്ങനെയൊരു മടക്കില്ലായിരുന്നു...!!”
മാധവനു പെട്ടെന്ന് ചുമ വന്നു. ആ ചുമക്കിടയിലും വിക്കി വക്കി പറഞ്ഞു.
“ ആ കയ്യിലെ തുണി...  മടക്കിനു...  മുകളിൽ വച്ച്.... ആരോ മുറിച്ചെടുത്തിരിക്കുന്നു....!!”

                    ചുമ നിറുത്താനായി മാധവൻ പാടുപെടുമ്പോൾ, തലയിൽ കൈ വച്ച് ‘അയ്യോ..’ന്നു പറയുകയായിരുന്നു മൂവരും. ലക്ഷ്മിയുടെ തലോടലിൽ ആശ്വാസം കിട്ടിയ മാധവൻ ഡെസ്ക്കിനു മുകളിൽ നിവർന്നു കിടന്നു . എല്ലാവരും പലതും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഗൌരി പറഞ്ഞു.
“മാമൻ പറഞ്ഞതാ ശരി. മാമനത് വിധിച്ചിട്ടില്ലായിരുന്നു...”
“ആ ലോട്ടറി ഏജന്റ് തന്നെയാവും അത് മുറിച്ചെടുത്തത്...” ലക്ഷ്മി.
“അയാൾക്കല്ലെ അറിയൂ.. മാമൻ കയ്യിന്റെ മടക്കിൽ ടിക്കറ്റ് വച്ചത്...” നിമ്മി.
കുറച്ചു നേരം മൂവരും താടിക്ക് കയ്യും കൊടുത്തിരുന്നു.
ഇടക്ക് നിമ്മി എഴുന്നേറ്റ് മാമനെ തലോടിയിട്ട് പറഞ്ഞു.
“മാമന് എത്ര വിഷമമായിട്ടുണ്ടാകും...?”              
 മാധവൻ സാവധാനം എഴുന്നേറ്റിരുന്നിട്ട് മൂവരേയും ഒന്നു നോക്കി. പിന്നെ സാവധാനം പറഞ്ഞു.
“അന്ന് എന്നെ കാട്ടിൽ ഉപേക്ഷിച്ചിട്ട് ഒരു വർഷം തികയുന്ന ദിവസമായിരുന്നു. ആ വിഷമവും, ലക്ഷം രൂപ പോയതും   കൂടി എന്നെ ഒരു ഭ്രാന്താവസ്ഥയിൽ എത്തിച്ചിരുന്നു...!
ഒരു വക കഴിക്കാതെ, ഒരു തുള്ളി വെള്ളം കുടിക്കാതെ, പോകുന്ന വഴി എവിടെയെങ്കിലും തളർന്നു വീണ് തീരട്ടെയെന്നു കരുതി,  ആരോടൊക്കെയുള്ള പക തീർക്കാനെന്നോണം അന്ന് കാലത്ത് തുടങ്ങിയ നടപ്പാ, അന്നാ മഴയത്ത് രാത്രിയിൽ ഈ ഇറയത്ത് അവസാനിച്ചത്...! ”
മാധവൻ പറഞ്ഞവസാനിപ്പിച്ചതും നിമ്മിയും ഗൌരിയും മാധവനെ കെട്ടിപ്പിടിച്ചു.

“ആ രൂപ പോയതോണ്ടല്ലെ മാമൻ ഇവിടെ എത്തിപ്പെട്ടത്...!”
നിമ്മിയുടെ ചോദ്യത്തിനു മറുപടിയായി മാധവൻ പറഞ്ഞു.
“ആ രൂപ എനിക്ക് വിധിച്ചതായിരുന്നില്ലെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. ആ രൂപ കിട്ടിയിരുന്നെങ്കിൽ ഒരു കാരണവശാലും ഇവിടെ ഞാൻ എത്തുമായിരുന്നില്ല. അതുമായി മറ്റു പലയിടത്തും ഞാൻ ജീവിച്ചേനെ...
അപ്പോൾ നിങ്ങളുടെ അടുത്ത് എന്നെ എത്തിക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു...?
അതേ ശക്തി തന്നെയല്ലെ, എന്നെ എന്റെ സ്വന്തം വീട്ടിൽ നിന്നും പുറം തള്ളിയത്...!
അന്നേരം എന്റെ മക്കൾ, അഛന്റെ ശവദാഹത്തിനായി പോക്കറ്റിൽ ഇട്ടിരുന്ന  പണമല്ലെ നമ്മുടെ ഈ ഹോട്ടലിന്റെ മുടക്കു മുതൽ...!
അന്നേരം ആ പൈസ ഇല്ലാതിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു...?
അതുകൊണ്ട് നമ്മൾക്കൊരു ജീവിതമാർഗ്ഗം തുറന്നു കിട്ടിയില്ലെ...?
അപ്പോൾ, അറിയാതെയാണെങ്കിലും അതിനു കാരണക്കാരായ എന്റെ മക്കളോടും നമ്മൾ കടപ്പെട്ടിരിക്കുന്നു...!
അതുകൊണ്ടാ , എന്റെ മക്കൾ ദുഷ്ടന്മാരല്ല അവരും പുണ്യം ചെയ്തവരാണെന്ന് ഞാൻ പറഞ്ഞത്..!!!”

                 വളരെ സാവധാനം ശബ്ദം താഴ്ത്തി ഒരു തത്വജ്ഞാനിയെ പോലെയാണ് മാധവൻ സംസാരിച്ചത്. അത് നിശ്ശബ്ദം കേട്ടിരുന്ന മൂവർക്കും മാമന്റെ മക്കളോടുണ്ടായിരുന്ന വിദ്വേഷവും വെറുപ്പും നിശ്ശേഷം ഇല്ലാതായി.
‘നിഷ്ക്കരുണം വലിച്ചെറിഞ്ഞ സ്വന്തം മക്കളേയും പുണ്യാളന്മാരാക്കുന്ന ഈ മനുഷ്യനും ഒരു പുണ്യാത്മാവ് തന്നെ..!!’ മനസ്സിന്റെ പ്രതിഫലനം ലക്ഷ്മിയുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയത് സാരിത്തലപ്പു കൊണ്ട് ആരും കാണാതെ തുടച്ചെടുത്തു ലക്ഷ്മി.

“ നമ്മളെ നിയന്ത്രിക്കുന്ന ശക്തികളുടെ കളിപ്പാട്ടങ്ങളാണ് നമ്മൾ..!
കൃത്യസമയത്ത് എത്തിയ ബഷീറും കോൺട്രാക്ടർ തോമസ്സും എല്ലാം അതിന്റെ കണ്ണികൾ മാത്രം...”
മാധവൻ ആരോടെന്നില്ലാതെ പറഞ്ഞ് ഡെസ്ക്കിൽ നിന്നിറങ്ങി തനിക്കായി മെത്ത വിരിച്ചിട്ട ഡെസ്ക്കിൽ കയറി കിടന്നു. നിമ്മി ഗൌരിയുടെ വണ്ടിയും തള്ളി  വീട്ടിനകത്തേക്ക് കയറി...

                     തണുത്ത കാറ്റ് ജനലിൽ കൂടി അകത്തേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു... ചാറ്റൽ മഴ ഓലപ്പുറത്ത് വീഴ്ത്തുന്ന സംഗീതത്തിൽ ലയിച്ച് മാധവൻ കണ്ണടച്ച് കിടന്നു. ജനലുകൾ ചാക്കുവിരി കൊണ്ട് അടച്ച ശേഷം മാധവന്റെ മേലേക്ക് പുതപ്പെടുത്ത് പുതപ്പിച്ച്, ശാന്തമായി കണ്ണടച്ചു കിടക്കുന്ന ആ മുഖത്തേക്ക്  ആരാധനയോടെ നോക്കി നിന്നു. പിന്നെ ഒരു നെടുവിർപ്പോടെ ലക്ഷ്മിയും അകത്തേക്ക് കയറിപ്പോയി.
                 
                     പിറ്റേ ദിവസം പറഞ്ഞതു പോലെ തന്നെ  സുനിലും സഹോദരി സുനിതയും അമ്മയും കൂടി നിമ്മിയെ പെണ്ണു കാണാനെത്തി. വന്നപ്പോൾ തന്നെ സുനിൽ പറഞ്ഞു.
“ഞങ്ങൾ പെണ്ണു കാണാൻ വന്നതൊന്നുമല്ലാട്ടോ. നിമ്മിയും ഞാനും നേരത്തെ കണ്ടിട്ടുള്ളവരാണ്. നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ സുനിത പറഞ്ഞിരുന്നു. ധൃതി പിടിച്ച് ഒരു കല്യാണം നടത്തേണ്ട ആവശ്യമില്ല. ഗൌരിച്ചേച്ചിയുടെ കല്യാണം കഴിയുന്നതു വരെ കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്. ഞാൻ ഇപ്പോൾ വന്നത് അമ്മയ്ക്ക് ഒരു ഉറപ്പിനു വേണ്ടിയാ. അല്ലെങ്കിൽ ഞാനേതെങ്കിലും ഒരു മദാമ്മയെ കെട്ടിക്കൊണ്ടു വരുമെന്നു പറഞ്ഞ് അമ്മയ്ക്ക് വേവലാതിയാ.. ഈ കല്യാണം ഉറപ്പിച്ചു പോയിക്കഴിഞ്ഞാൽ അമ്മ സമാധാനത്തോടെ കഴിഞ്ഞോളും...”
കൂട്ടച്ചിരികൾക്കിടയിലും ആ വാചകങ്ങൾ എല്ലാവരുടേയും മനസ്സിൽ കുളിർമഴ പെയ്യിച്ചു...
നിമ്മിയുടെ മുഖവും തെളിഞ്ഞു....!
മാധവൻ ചോദിച്ചു.
“എത്ര ദിവസം ഉണ്ടാകും നാട്ടിൽ...?”
“ഒരു മാസം കാണും. വേണ്ടിവന്നാൽ ഒരു പതിനഞ്ചു ദിവസം കൂടി നീട്ടാം...”

                     എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞതിനു ശേഷവും ഗൌരിയുടേയും മാധവന്റേയും മുഖങ്ങൾ അത്ര തെളിഞ്ഞില്ല. തന്റെ കല്യാണം ഒരാളെ കൊലക്കു കൊടുക്കുന്നതിനു തുല്യമാണെന്നോർത്താണ് ഗൌരിയുടെ സന്തോഷം നഷ്ടപ്പെട്ടതെങ്കിൽ, സുനിൽ പോകുന്നതിനു മുൻപു തന്നെ എങ്ങനെ കല്യാണം നടത്താമെന്നാണ് മാധവന്റെ തല പുകഞ്ഞിരുന്നത്...! ഗൌരിയുടെ മുഖം വാടിയത് ലക്ഷ്മിയും മാധവനും കണ്ടിരുന്നു. അതോടെ ലക്ഷ്മിക്ക് ആധിയായി.  അതിനെക്കുറിച്ച് മാധവനോട് സംസാരിക്കാൻ, ആളൊഴിഞ്ഞ നേരം കിട്ടാനായി മാധവന്റെ ചുറ്റു വട്ടത്തു നിന്നും മാറാതെ നിന്നു.

                      ഉച്ച കഴിഞ്ഞപ്പോൾ നിമ്മി ഇന്നലെ പറഞ്ഞതു പോലെ തന്നെ മാമനേയും കൊണ്ട് ലാബിൽ പോയി റിസൽട്ടു വാങ്ങാൻ പിടിവാശിയായിട്ടിറങ്ങി. എല്ലാവരും അതിന് പിന്താങ്ങി സംസാരിച്ചപ്പോൾ മാധവനും ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല. തിരിച്ചു വരുന്ന ഒരു ഓട്ടോ റിക്ഷയും കാത്ത് പടിക്കൽ നിൽക്കുമ്പോഴാണ് ലക്ഷ്മി പറഞ്ഞത്.
“നിമ്മീ.. അവരു വന്നു പോയതിന്റെ പിന്നാലെ നീ ടൌണിലൊന്നും പോകണ്ട. തിരിച്ചു വരുമ്പോൾ എന്തായാലും ഇരുട്ടും. ഞാൻ പൊക്കോളാം കൂടെ.. പറ്റിയാൽ ആശുപത്രിയിലും കയറി ഡോൿടറേയും കണ്ടിട്ടു വരാം...”
അതിന് എല്ലാവരും സമ്മതം മൂളി.
                 
                     ലാബിൽ ചെന്നപ്പോഴാണ് റിസൽട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് മനസിലായത്. പിന്നെ അവിടന്ന് ആശുപത്രിയിലേക്ക് തിരിച്ചു. ചീട്ടെടുത്ത് ഡോക്ടറുടെ മുന്നിലിരിക്കുമ്പോഴാണ് മാധവനെ ഡോൿടർ  സൂക്ഷിച്ചു നോക്കുന്നത്...!?
റിസൽട്ടും കയ്യിൽ പിടിച്ച് ഡോക്ടറുടെ നോട്ടം കണ്ട് ലക്ഷ്മിക്ക് എന്തോ ഒരു പന്തിയില്ലായ്മ തോന്നി.
ലക്ഷ്മി മാധവനേയും ഡോക്ടറേയും പരിഭ്രാന്തിയിലെന്നോണം മാറി മാറി നോക്കി.
ഡോക്ടറുടെ നോട്ടം എന്തിനെന്നൂഹിച്ച മാധവൻ ലക്ഷ്മിയെ പുറത്ത് നിറുത്തിയിട്ട് കയറാതിരുന്നതിനെ സ്വയം ശപിച്ചു. അതിനുള്ളിൽ ലക്ഷ്മി ചോദിച്ചു.
“എന്താ ഡോക്ടർ....?”
മാധവനോടായി ഡോക്ടർ ചോദിച്ചു.
“പറയട്ടെ മാധവൻ... ഇനി പറയാതിരിക്കുന്നതു കൊണ്ട് കാര്യമില്ല. താങ്കളുടെ അവസ്ഥ വീട്ടുകാരും മനസ്സിലാക്കണം..!”
മാധവൻ ലക്ഷ്മിയെ ദയനീയമായി നോക്കി....
ലക്ഷ്മിയുടെ ക്ഷമ കെട്ടു. മാധവന്റെ തോളിൽ പിടിച്ച് കുലുക്കിയിട്ട് ഉറക്കെ  തന്നെ ലക്ഷ്മി ചോദിച്ചു.
“ എന്താ..ണ്ടായേ...?”
മാ‍ധവൻ നിശ്ശബ്ദനായിരിക്കുന്നത് കണ്ട് ഡോക്ടർ പറഞ്ഞു.
“നിങ്ങളെ സ്കാൻ ചെയ്ത ഡോക്ടർ അന്നു തന്നെ എന്നെ വിളിച്ചിരുന്നു.  ഇതിന്റെ റിസൽട്ട് വാങ്ങാൻ ഈ പേഷ്യന്റിന്റെ വരവുണ്ടാകില്ലെന്നാണ് എന്നെ അറിയിച്ചത്...!!”
എന്നിട്ടും ലക്ഷ്മിക്ക് മനസ്സിലായില്ല...
ഒരു ഭീതിയോടെ ലക്ഷ്മി രണ്ടു പേരേയും മാറി മാറി നോക്കി...
അതിനിടയിൽ ഡോക്ടർ ഒന്നു കൂടി പറഞ്ഞു.
“റിസൽട്ട് വാങ്ങാൻ പറഞ്ഞ സമയത്തിലും നിങ്ങൾ വരാതായപ്പോൾ ഞാനും അങ്ങനെ തന്നെയാണ് കരുതിയത്...!!?”
ലക്ഷ്മിക്ക് ഒരു ഭീതി മണം അടിച്ചു കയറി...!
“ഒന്നു തെളിച്ചു പറയൂ.. ഡോക്ടർ...” ലക്ഷ്മിയുടെ ആകാംക്ഷ അറ്റത്തെത്തി.
“ഇദ്ദേഹത്തിന്റെ കുടലെല്ലാം ദ്രവിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല തോണ്ടയിലേക്കും വ്യാപിച്ചിട്ടുണ്ട്. നമ്മുടെ  മുൻപിൽ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് ഒരു അത്ഭുതമാണെന്ന്...!!”
തൊട്ടടുത്ത നിമിഷം കേൾക്കാൻ വയ്യാത്ത എന്തൊ ഒന്നു കേട്ടതുപോലെ മാധവൻ കണ്ണുകൾ ഇറുക്കി അടക്കുന്നേരം, ‘അയ്യോ....’ എന്നൊരു ശബ്ദം ലക്ഷ്മിയിൽ നിന്നും ആ മുറിയാകെ മുഴങ്ങി...!
ഡോക്ടറും മാധവനും നടുങ്ങിപ്പോയി...!!



 16
                                                      
ജീവിത നാടകം...


             അതോടെ ലക്ഷ്മി തളർന്ന് കസേരയിൽ ഒരു വശത്തെക്ക് വീഴാൻ തുടങ്ങിയെങ്കിലും മാധവൻ താങ്ങിപ്പിടിച്ചു.  ലക്ഷ്മിയെ പലവട്ടം വിളിച്ചിട്ടും അനക്കമില്ലെന്നു കണ്ടതോടെ ഡോക്ടർ കുടിക്കാനായി കുപ്പിയിൽ സൂക്ഷിച്ചിരുന്ന വെള്ളമെടുത്ത് ലക്ഷ്മിയുടെ മുഖത്തു തളിച്ചു. അതോടെ ബോധം വീണ ലക്ഷ്മി മാധവന്റെ നെഞ്ചിൽ ചാരിക്കിടന്ന് വിമ്മി വിമ്മി കരയാൻ തുടങ്ങി. ലക്ഷ്മിയുണ്ടാക്കിയ അപ്രതീക്ഷിത ശബ്ദം കേട്ട് ഒന്നു രണ്ട് സിസ്റ്റർമാരും അറ്റൻഡർമാരും വാതിൽ തുറന്നെത്തിയിരുന്നെങ്കിലും ഡോക്ടർ കൈ വീശി അവരെ തിരിച്ചയച്ചു.  എത്ര ശ്രമിച്ചിട്ടും ശബ്ദം ഒന്നു കുറയ്ക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞില്ല. ‘തനിക്കും തന്റെ മക്കൾക്കും ഒരു പുനർജന്മം തന്ന ആളാണ്. ഇത്ര പെട്ടെന്ന് നഷ്ടപ്പെടുകാന്നു പറഞ്ഞാൽ..’ അതോർക്കുമ്പോൾ, പിന്നെയും ലക്ഷ്മിയുടെ നിയന്ത്രണങ്ങൾ വിട്ടു പോകുന്നു.

             അത്രക്കും പച്ചയായി പറയേണ്ടിയിരുന്നില്ലെന്ന്  ഡോക്ടറുടെ മുഖം വിളിച്ചോദിയിരുന്നു. ഇനിയും അധിക സമയം ഇവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് കരുതി മാധവൻ ലക്ഷ്മിയെ താങ്ങിപ്പിടിച്ച് എഴുന്നേറ്റു. ഇനിയൊരിക്കലും ജീവനോടെ കാണാൻ കഴിയില്ലെന്നോർത്തിട്ടൊ മറ്റോ ഡോക്ടറും ഒപ്പമെഴുന്നേറ്റു.  അവശനായ മാധവനേക്കാൾ തളർന്നു പോയത് ലക്ഷ്മിയാണ്. ലക്ഷ്മിയെ താങ്ങി ഒരടി മുന്നോട്ടു വച്ച മാധവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.
പിറകിലുണ്ടായിരുന്ന ഡോക്ടർ ചോദിച്ചു.
“എന്താ മാധവാ..?”
“ഡോക്ടർ... മരിച്ചു പോയവരുടെ കണ്ണും കരളുമൊക്കെ മാറ്റി വക്കുന്നതു പോലെ കാലുകൾ മാറ്റി വക്കാൻ പറ്റുമോ...?”  അതുകേട്ട് ലക്ഷ്മി കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങി. സാരിത്തലപ്പുകൊണ്ട് വായ പൊത്തിപ്പിടിച്ചിട്ടുണ്ടെങ്കിലും നിയന്ത്രിക്കാൻ കഴിയാത്ത വിധം ശ്വാസം കിട്ടാതെ ലക്ഷ്മി വലഞ്ഞു.
ഒന്നു തണുത്തപ്പോൾ ഡോക്ടർ പറഞ്ഞു.
“ അത്രക്ക് നമ്മുടെ വൈദ്യശാസ്ത്രം വികസിച്ചിട്ടില്ല മാധവാ... പറഞ്ഞതു പോലെ മാധവന്റെ കണ്ണും കരളും മറ്റും മാറ്റിവക്കാം...”
“അതിന് എന്റെ അവയവങ്ങളൊക്കെ മൂത്തുപോയില്ലെ...”
“ചില അവയവങ്ങൾക്ക് പ്രായം കൂടിയത് കൊണ്ട് കുഴപ്പമില്ല... പിന്നേയും വളരെക്കാലം ജീവിക്കും...!”
“അങ്ങനെയെങ്കിൽ എന്റെ ശരീരത്തിൽ നിന്നും എടുക്കാൻ പറ്റിയത് ഒക്കെ എടുത്തോളൂ ഡോക്ടർ...! ”
               ഒരു നിമിഷം നിറുത്തിയിട്ട് മാധവൻ ചിന്തയിലാണ്ടു. തന്റെ ശരീരം കുട്ടികൾക്ക് പഠിക്കാനായി കൊടുത്താൽ നന്നായിരിക്കുമല്ലൊ. സ്വന്തക്കാർക്കാർക്കും വേണ്ടാത്ത, കർമ്മങ്ങൾ ചെയ്യാൻ മക്കൾ പോലുമില്ലാത്ത എന്റെ ശരീരം കത്തിച്ചു കളഞ്ഞതുകൊണ്ട് ആർക്കെന്തു നേട്ടം... ആ തീർച്ചപ്പെടുത്തലിൽ ഒരു പകയുടെ സ്വരമുണ്ടായിരുന്നു..
“ഡോക്ടർ... എന്റെ ശരീരം ഏതെങ്കിലും മെഡിക്കൽ കോളേജിനു സംഭാവന ചെയ്യാൻ കഴിയുമോ...?”
ഒരു നിമിഷം ഡോക്ടർ ഒന്നു നടുങ്ങിയോ..!
അതിനു മുൻപേ തന്നെ ലക്ഷ്മി മാധവനെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“ഇല്ല.. അതിനു ഞാൻ സമ്മതിക്കില്ല.... എന്റെ മക്കളും സമ്മതിക്കില്ല....! സമ്മതിക്കില്ല...!”
ഇപ്പോൾ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുമെന്നു കരുതി വിടാതെ മുറുക്കിപ്പിടിക്കുകയാണ്  ലക്ഷ്മി. പക്ഷെ, അവസാന വാക്കുകൾ പറയുമ്പോഴേയ്ക്കും ലക്ഷ്മിയുടെ കൈകൾ അയഞ്ഞു. ശബ്ദം നേർത്തു നേർത്തു വന്നു. അവൾ തളർന്നിരിക്കാൻ തുടങ്ങിയതോടെ മാധവനും ഡോക്ടറും കൂടി താങ്ങിയെടുത്ത് ബഡ്ഡിൽ കിടത്തി. മാധവൻ വല്ലാതെ കിതച്ചു.

                 ഡോക്ടർ പരിശോധിച്ചിട്ട് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞപ്പോഴാണ് മാധവന് ആശ്വാസമായത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം കണ്ണും കരളും മറ്റും എടുക്കാനായി സമ്മതപത്രം ഒപ്പിട്ടു കൊടുത്തു. മരണശേഷം ബന്ധുക്കളുടെ സമ്മതമില്ലാതെ ബോഡി കൊടുക്കാൻ ബുദ്ധിമുട്ടായതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ലക്ഷ്മി കണ്ണു തുറന്നെങ്കിലും ‘സമ്മതിക്കില്ല.. ഞാൻ സമ്മതിക്കില്ല’ എന്ന് പിച്ചും പേയും പറയാൻ തുടങ്ങി.
പിന്നെ ഡോക്ടറും മാധവനും കൂടി പറഞ്ഞു മനസ്സിലാക്കിയിട്ടാണ് ലക്ഷ്മിയുടെ അങ്കലാപ്പ് മാറിയത്. അറ്റൻഡറെ വിട്ട് ഒരു ഓട്ടോറിക്ഷ വരുത്തി അതിൽ കയറ്റി വിട്ടു. ഓട്ടോയിലിരിക്കുമ്പോൾ മാധവന്റെ നെഞ്ചിൽ താങ്ങിയാണ് ലക്ഷ്മി ഇരിന്നിരുന്നത്. തന്റെ വേർപാടിനെക്കുറിച്ചുള്ള തിരിച്ചറിവ് ലക്ഷ്മിയുടെ സമനില തെറ്റിച്ചുവോയെന്ന് മാധവൻ സംശയിച്ചു.
തന്നെ സ്നേഹിക്കാൻ ഇനിയും ആരൊക്കെയോ ഈ ലോകത്ത്  അവശേഷിക്കുന്നുവെന്നത് മാധവന്റെ കണ്ണുകളെ ഈറനണിയിച്ചു.

                 ഈ കോലത്തിൽ വീട്ടിലേക്കെങ്ങനെ കയറിച്ചെല്ലും...?
 കുട്ടികൾ രണ്ടു പേരും ഇതറിയാൻ പാടില്ല. അപ്പോഴാണ് വഴിയിൽ ഒരു ഗണപതി അമ്പലമുള്ളതായി ഓർമ്മ വന്നത്. ഉടനെ തന്നെ ഡ്രൈവറോട് പറഞ്ഞു.
“ആ ഗണപതി അമ്പലത്തിലേക്ക് ആക്കിയാൽ മതി...”
അതുകേട്ട് ഡ്രൈവർ ചോദിച്ചു.
“അപ്പൊ.. ഹോട്ടലിലേക്ക് പോകണ്ടെ...?”
അന്നേരമാണ് ഡ്രൈവർ, തങ്ങളുടെ ഹോട്ടലിൽ ഊണു കഴിക്കാൻ വരാറുള്ളവനാണെന്ന് മനസ്സിലായത്.
‘ഹോട്ടൽ ഗൌരി’ ആ പ്രദേശത്തൊക്കെ ഒരു വിധം പേരായിക്കഴിഞ്ഞിരുന്നു. വീട് വിട്ടാലൊരു വീട് ’ അതായിരുന്നു ഹോട്ടലിനെ പറ്റി ആളുകൾ പറഞ്ഞു പരത്തിയിരുന്നത്. അതിനു കാരണം ലക്ഷ്മിയുടെ കൈപ്പുണ്യം തന്നെ..!

                ഡ്രൈവർ ഗണപതി അമ്പലത്തിന്റെ പൊളിഞ്ഞു വീഴാറായ ഗേറ്റിനരികിൽ വണ്ടി നിറുത്തി. മാധവൻ ലക്ഷ്മിയെ താങ്ങിപ്പിടിച്ച് ഇറക്കി. അപ്പോഴേക്കും ലക്ഷ്മി തനിയെ നിൽക്കാനുള്ള ശക്തി സംഭരിച്ചിരുന്നു. ലക്ഷ്മിക്ക് ഇറങ്ങിയ സ്ഥലം മനസ്സിലായില്ല. പിന്നീടാണു നാലു പാടും ഒന്നു നോക്കിയിട്ട്
“ഇത് ഗണപതിക്കോവിൽ’ അല്ലെ..? ”
“അതെ..”
“എന്തിനാ ഇവിടെ ഇറങ്ങിയേ...?”
“ഇവിടെ ലക്ഷ്മിക്ക് പറയാനുള്ളത് പറയാം... എല്ലാ സങ്കടങ്ങളും സമർപ്പിക്കാം... വഴിപാടുകൾ കഴിക്കാം... ഇവിടെന്നു വിട്ടാൽ പിന്നെ ഒന്നു കരയാൻ പോലും പാടില്ല. മക്കളാരും എന്റെ അവസ്ഥയെക്കുറിച്ച് അറിയരുത്. ചെല്ലുമ്പോൾ മാമന് കുഴപ്പമൊന്നുമില്ലെന്നേ പറയാവൂ...”
പതുക്കെ ലക്ഷ്മിയേയും പിടിച്ച് നടക്കുമ്പോൾ മാധവന്റെ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു.

          പൊട്ടിപ്പൊളിഞ്ഞ ഒരു അമ്പലമായിരുന്നു അത്. ഒരു ചെറിയ ശ്രീകോവിൽ. ചുറ്റമ്പലമൊന്നും ഉണ്ടായിരുന്നില്ല. പണ്ടെപ്പോഴോ അതെല്ലാം ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ അങ്ങിങ്ങായി കിടക്കുന്ന വെട്ടിയൊതുക്കിയ കരിങ്കൽ കഷണങ്ങൾ പറയുന്നുണ്ടായിരുന്നു. അടുത്തെത്തിയതും ചന്ദനം അരച്ചു കൊണ്ടിരുന്ന ശാന്തിക്കാരൻ എഴുന്നേറ്റ് വന്നു ചോദിച്ചു.
“ആരാ... എവിടെന്നാ...?”
ഉത്തരം കിട്ടാതായപ്പോൾ ശാന്തിക്കാരൻ തന്നെ മറുപടിയും പറഞ്ഞു.
“അല്ല... ഇവ്ടേങ്ങനെ പുറത്ത്ന്ന് ആരും വരാറില്ല. അതാ ചോദിച്ചത്...”
ശാന്തിക്കാരൻ അരച്ച ചന്ദനം വാതിൽ‌പ്പടിയിൽ വച്ചിട്ട് മാല കെട്ടാനായി തിണ്ണയിലിരുന്നു. നടക്കൽ എത്തിയതും ലക്ഷ്മി കൈകൾ കൂപ്പി അടഞ്ഞു കിടക്കുന്ന ശ്രീകോവിലിനു നേർക്ക് തൊഴുതു പിടിച്ച് നിറകണ്ണുകളോടെ നിന്നു. ആ കൈകൾ വല്ലാതെ വിറ കൊണ്ടിരുന്നു. സങ്കടങ്ങൾ പറയാൻ കഴിയാത്തവിധം  ചുണ്ടുകളും വിറകൊണ്ടു.  കുറച്ചു നേരം പിന്നിൽ നിന്ന മാധവൻ പതുക്കെ പുറത്തിറങ്ങി, ആലിൻ ചുവട്ടിലെ പൊളിഞ്ഞു തൂങ്ങിയ പടവിനു മുകളിൽ കുത്തിയിരുന്നു. എന്തൊക്കെയൊ  ആലോചനയിലാണാ മുഖമെന്ന് വ്യക്തം...

                 താൻ അറ്റപ്പെറ്റെ തീരാറായെന്ന് സ്വയം തോന്നിയിരുന്നെങ്കിലും, ഡോക്ടറുടെ വാക്കുകൾ ഒരു തീയതി മുൻ‌കൂട്ടി പറഞ്ഞതുപോലെ തോന്നിപ്പിച്ചത് മാധവന്റേയും മനസ്സ് പതറിപ്പോയിരുന്നു. ലക്ഷ്മിയുടെ മുൻ‌പിൽ വച്ചത് കാണിച്ചില്ലെങ്കിലും, എന്തൊക്കെയോ പാതി വഴിക്കിട്ടിട്ട് ഇറങ്ങിപ്പോകുന്നതു പോലൊരു തോന്നൽ...
ഇടക്ക് അമ്പല നടക്കലേക്കും നോക്കുന്നുണ്ടായിരുന്നു. ഒരു പ്രാവശ്യം നോക്കുമ്പോൾ ലക്ഷ്മി നടക്കൽ കമഴ്ന്നു കിടക്കുന്നു. പെട്ടെന്ന് ഉള്ളൊന്നാളിയ മാധവൻ എഴുന്നേറ്റെങ്കിലും അതുകണ്ട ശാന്തിക്കാരൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ‘പേടിക്കണ്ട... തന്റെ സങ്കടങ്ങൾ സാഷ്ടാംഗം വീണ് എണ്ണിപ്പറയുകയാ ഭഗവാന്റടുത്ത്....’

              മാധവൻ പിന്നേയും അവിടെത്തന്നെ ഇരുന്നു. വീണ്ടും തന്റെ ആലോചനാലോകത്തേക്ക് തിരിച്ചെത്തി...
കൈകൾ മടക്കുകയും നിവർത്തുകയും ചാരിയിരിക്കുകയും പിന്നെ നിവർന്നിരിക്കുകയും മറ്റും ചെയ്ത് മാധവൻ  അക്ഷമനാകുന്നത് ശാന്തിക്കാരനും കാണുന്നുണ്ടായിരുന്നു. ലക്ഷ്മി പതുക്കെ എഴുന്നേറ്റ് ശാന്തിക്കാരന്റെ അടുത്തു ചെന്ന് എന്തൊക്കെയോ സംസാരിച്ചിട്ട് പേഴ്സ് തുറന്ന് കാശെടുത്ത് ശാന്തിക്കാരനെ ഏൽ‌പ്പിച്ചു. പിന്നെ അമ്പലത്തിന് ഒരു വലം വച്ച് തൊഴുത് മാധവന്റെ അടുക്കൽ വന്ന് ചേർന്നിരുന്നു.

          മാധവന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട് ഏന്തിയേന്തി കരയാൻ തുടങ്ങി.
മാധവൻ ലക്ഷ്മിയുടെ കയ്യിൽ കയറിപ്പിടിച്ചു.
“ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല. എന്തു വന്നാലും അതിനെ സധൈര്യം നേരിടണം.. അങ്ങനെ ഉള്ളവർക്കാണ് ഈ ലോകം....”
“എനിക്കൊന്നുമറിയില്ല... സ്വതന്ത്രമായി ഞാൻ ഒന്നും ചെയ്തിട്ടില്ല. ചിന്തിച്ചിട്ടു പോലുമില്ല. ഭർത്താവ് പറയുന്നതിനപ്പുറത്ത് എനിക്കൊരു ലോകമില്ലായിരുന്നു.. കൂടിയാൽ ഈ അമ്പലങ്ങളിലൊക്കെ മക്കളോടൊപ്പം പോകുമെന്നല്ലാതെ പുറത്ത് പോകേണ്ട ആവശ്യം വരാറേയില്ല...”
ലക്ഷ്മി ഒന്നു തേങ്ങി.
പിന്നേയും മാധവന്റെ മുഖത്തേക്ക് നോക്കിയിരിക്കാൻ തുടങ്ങി.
ഇനിയും എത്ര നേരം ഈ മുഖമിങ്ങനെ കാണാനാകും...
ഈ മുഖമെടുക്കുന്ന തീരുമാനങ്ങൾ എന്നും അമൃതാണ് തന്നിട്ടുള്ളത്...
ഈ മുഖം നഷ്ടപ്പെട്ടാൽ എന്റെ മക്കളെങ്ങനെ സഹിക്കും...
അതോർക്കുമ്പോൾ ലക്ഷ്മിയുടെ സകല നിയന്ത്രണങ്ങളും വിട്ടു പോകും. പിന്നേയും ഒന്നു തേങ്ങും. കരഞ്ഞില്ലെങ്കിലും കണ്ണുകൾ ഒഴുകിക്കൊണ്ടേയിരിക്കും.

            മാധവനും ലക്ഷ്മിയും സംസാരിച്ചിരിക്കുന്നത് ശാന്തിക്കാരൻ കാണുന്നുണ്ടെങ്കിലും, സംസാരം  കേൾക്കുന്നത്ര ദൂരത്തിലല്ല ആൽത്തറ. അവരുടെ ആംഗ്യഭാഷകൾ മാത്രമെ മനസ്സിലാവുകയുള്ളു. എന്തൊക്കെയോ സഹിക്കാൻ വയ്യാത്ത സങ്കടങ്ങൾ ആ കുടുംബത്തെ അലട്ടുന്നുണ്ടെന്ന് ഇതിനകം ലക്ഷ്മിയുടെ പ്രകടനം കണ്ട് മനസ്സിലാക്കിയിരുന്നു.

           കുറച്ചു നേരത്തെ കഠിന ചിന്തകൾക്കു ശേഷം മാധവൻ ഗൌരവം പൂണ്ടു.
പിന്നെ ലക്ഷ്മിയുടെ നേരെ തിരിഞ്ഞിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളിലെ നിഷ്ക്കളങ്കതയിലേക്ക് നോക്കിയിട്ട് ചോദിച്ചു.
“നിനക്കും നിന്റെ മക്കൾക്കും രക്ഷപ്പെടണ്ടെ ലക്ഷ്മി....?”
“അങ്ങനെ ഞങ്ങൾക്ക് മാത്രമായി രക്ഷപ്പെടണ്ട... ഞങ്ങൾക്ക്  ഒരു പുനർജ്ജന്മം തന്ന ആളാണ് എന്റെ മക്കളുടെ മാമൻ.. രക്ഷപ്പെടുന്നെങ്കിൽ നമ്മൾക്കൊരുമിച്ച്...”
“അ.. അതേ... അതാണ് ഞാൻ പറഞ്ഞു വരുന്നത്... അതിനായി നമ്മൾക്ക് ഒരു നാടകം നടത്തണം...!”
“നാടകമോ....?”
“സ്റ്റേജ് കെട്ടി ആളുകളുടെ മുൻപിൽ അവതരിപ്പിച്ച് കയ്യടി നേടാനല്ല. ജീവിക്കാൻ..!
നിങ്ങൾക്ക്... അല്ല നമ്മൾക്ക് സന്തോഷമായി ജീവിക്കാൻ...!
ലക്ഷ്മിയുടെ മക്കൾക്ക് നല്ലൊരു ജീവിതം കിട്ടാൻ..!!”
ലക്ഷ്മി അതീവ ശ്രദ്ധയോടെ ഇരുന്നിട്ടും നാടകത്തിന്റെ ഒരു പൊരുളും പിടികിട്ടിയില്ല.
മാധവൻ പിന്നേയും പറഞ്ഞു തുടങ്ങി.
“ഈ നാടകത്തിന് റിഹേഴ്സൽ ഇല്ല. വെറും അഭിനയം മാത്രം....!
നമ്മൾ രണ്ടു പേർക്കും മാത്രമേ ഇതൊരു നാടകമാണെന്ന് അറിയൂ... നമ്മൾ രണ്ടു പേരൊഴികെ ഉള്ളവർ സ്വാഭാവികമായി നമ്മോടൊപ്പം അവരറിയാതെ അഭിനയിക്കേണ്ടവരാണ്.. എല്ലാവരും കൃത്യമായി അഭിനയിച്ചാൽ നാടകം വിജയിക്കും.. ഇല്ലെങ്കിൽ... ഇല്ലെങ്കിൽ.....?”
എന്ത് സംഭവിക്കുമെന്നറിയാതെ മാധവൻ അമ്പല നടയിലേക്ക് കണ്ണു നട്ടു.
ശാന്തിക്കാരൻ ചിട്ടവട്ടങ്ങളെല്ലാം ഒപ്പിച്ച് അകത്തു കയറാനുള്ള തെയ്യാറെടുപ്പിലായിരുന്നു.
ലക്ഷ്മിക്ക് നാടകത്തിന്റെ ഒരെത്തും പിടിയും കിട്ടിയില്ല.
‘എന്തിനാപ്പൊ.. ഒരു നാടകം....? നാടകം കളിച്ചതോണ്ട് മക്കൾക്കെങ്ങനെ നല്ല ജീവിതം കിട്ടും..?’

              ലക്ഷ്മി മാധവന്റെ മുഖത്തേക്കു തന്നെ ഉറ്റു നോക്കിയിരുന്നു. മാമൻ വെറുതെയൊന്നും ഒരു കാര്യവും പറയുകയില്ലെന്നറിയാം. എങ്കിലും ഈ നാടകത്തിലെ യുക്തി മാത്രം മനസ്സിലായില്ല. ലക്ഷ്മി ചോദിച്ചു.
“ഒന്നു തെളിച്ച് പറയോ... ”
ഒരു ചുമ വന്നത് തൊണ്ടയിൽ പിടിച്ചമർത്തി നിർവ്വീര്യമാക്കിയിട്ട് മാധവൻ പറഞ്ഞു.
“പറയാം... ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. അതിനു മുൻപ് കരയാനും നിഷേധിക്കാനും നിൽക്കരുത്.....”

                 ശാന്തിക്കാരൻ  പുജാ സാമഗ്രികൾ എടുത്ത് ശ്രീകോവിലിനകത്തേക്ക് വച്ചു. അവസാനം അകത്തു കയറുന്നതിനു മുൻപ് തൂക്കിയിട്ടിരുന്ന മണിയടിക്കാനായി തുടങ്ങിയ നേരമാണ് ആൽത്തറയിലിരിക്കുന്ന ഭക്തരെ വീണ്ടും ശ്രദ്ധിച്ചത്. രണ്ടു പേരും കാര്യ ഗൌര്യത്തോടെ സംസാരിക്കുന്നതും ഭാര്യ അങ്ങനെ പറ്റില്ലെന്നോ, അരുതെന്നൊ ഒക്കെ അർത്ഥത്തിൽ കയ്യും കലാശവും കാണിക്കുന്നതും, ഭർത്താവ് അത് പറ്റില്ല ഞാൻ പറയുന്നത് പോലെ നീ ചെയ്യണമെന്നു നിർബ്ബന്ധിക്കുന്നത് പോലൊക്കെ ശാന്തിക്കാരനു തോന്നി. അവസാനം ഭാര്യ ഭർത്താവിന്റെ മടിയിൽ തല വച്ച് കരയുന്നതും ഭർത്താവ് പുറത്തു തട്ടി ആശ്വസിപ്പിക്കുന്നതും ഒക്കെ കണ്ട് വിഷമം തോന്നിയിട്ടാണ് അകത്തേക്ക് നോക്കി തൊഴുത് പിടിച്ച് ശാന്തിക്കാരൻ പറഞ്ഞത്.
“വിഘ്നേശ്വരാ... അവർ തല തല്ലി കരഞ്ഞത് കണ്ടതല്ലെ നീ.... അവരുടെ സങ്കടങ്ങൾ എല്ലാം നീ മനസ്സറിഞ്ഞ് തീർത്തു കൊടുക്കണെ...ഭഗവാനേ..!”

           ശാന്തിക്കാരൻ അകത്തു കയറി. ശ്രീകോവിലിന്റെ വാതിലടഞ്ഞു. മറ്റൊരു ഭക്തനും ആ സമയത്ത് അമ്പലത്തിൽ എത്തുകയുണ്ടായില്ല. നാട്ടുകാർ ഉപേക്ഷിച്ചതോ അതോ ഭക്തർ എത്തേണ്ട വിശേഷപ്പെട്ട ദിവസങ്ങളോ അല്ലാത്തതു കൊണ്ടാകാം ആരും വരാതിരുന്നത്. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരുന്നു. തണുത്ത കാറ്റ് ആൽമരത്തെ തഴുകുന്നത് മാധവൻ കാണുന്നുണ്ടായിരുന്നു. മടിയിൽ കിടന്ന് തേങ്ങുന്ന ലക്ഷ്മിയുടെ കരച്ചിൽ നേർത്തിരുന്നു..

           നട തുറന്നതോടെ ലക്ഷ്മിയും മാധവനും നടയിലെത്തി തൊഴുതു. ശാന്തിക്കാരൻ കൊടുത്ത ചന്ദനം വാങ്ങി ആദ്യം മാധവന്റെ നെറ്റിയിൽ തൊടാനായി ആഞ്ഞെങ്കിലും പെട്ടെന്ന് മാധവൻ ചന്ദനമെടുത്ത് സ്വയം തൊട്ടു. പിന്നെ ശ്രീകോവിലിനു ചുറ്റും മൂന്നു പ്രാവശ്യം വലം വച്ച് മറ്റു ഉപദേവതകളോടെല്ലാം തന്റെ സങ്കടങ്ങൾ പങ്കു വച്ച്, ഭണ്ഠാരത്തിൽ പൈസയുമിട്ട്  തിരിച്ച് നടയിലെത്തിയപ്പോഴേക്കും ശാന്തിക്കാരൻ പ്രസാദവുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. വഴിപാടുകൾ കഴിച്ചത് ലക്ഷ്മിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
“എല്ലാം വിഘ്നേശ്വരൻ   കാത്തു കൊള്ളും. ഒരല്ലലും ഉണ്ടാവില്ലാട്ടോ...”
ദേവവാക്യം പോലെ ലക്ഷ്മി അത് മനസ്സിലേക്ക് ഏറ്റു വാങ്ങി തലകുലുക്കി.
എന്നിട്ട് ദക്ഷിണയായി നല്ലൊരു തുക കൊടുത്ത് പിൻവാങ്ങി.
അമ്പലത്തിന്റെ ശോച്യാവസ്ഥയും ശാന്തിക്കാരന്റെ ദയനീയതയും കണക്കിലെടുത്ത് മാധവനും കൊടുത്തു നല്ലൊരു തുക. ശാന്തിക്കാരന്റെ നിറഞ്ഞ മനസ്സിന്റെ പ്രാർത്ഥനയും ഏറ്റു വാങ്ങി അവർ റോട്ടിലെത്തി.

             കുറച്ചു നേരമേ കാത്തു നിൽക്കേണ്ടി വന്നുള്ളു. ഓട്ടോറിക്ഷയിൽ തിരിച്ചു പോരുമ്പോൾ ലക്ഷ്മിയുടെ മനസ്സ് കുറച്ച് ശാന്തമായിരുന്നു. അവൾ കരഞ്ഞിരുന്നില്ലെങ്കിലും ഇടക്കൊരു ഏന്തൽ പുറത്തു വന്നിരുന്നു.  റോട്ടിൽ നിന്നും തിരിഞ്ഞ്, തങ്ങളുടെ വഴിയിലേക്ക് കുറച്ചിങ്ങ് പോന്നപ്പോഴേക്കും വണ്ടി നിറുത്താൻ പറഞ്ഞു മാധവൻ. റോഡുപണിക്കായി മെറ്റൽ രണ്ടു വശത്തുമായി കൂട്ടിയിട്ടിരുന്നതു കൊണ്ട് ഇടുങ്ങിയ വഴി മാത്രമേയുള്ളു.
മാധവൻ അവിടെയിറങ്ങി. കൂടെ ലക്ഷ്മിയും ചാടിയിറങ്ങി.
“ഇതെന്താ ഇവിടെ ഇറങ്ങണെ...?”
“നമ്മുടെ നാടകത്തിന്റെ ഒന്നാം രംഗം ഇവിടെ ആരംഭിക്കുന്നു...!”
“അതീ രാത്രിയിൽ തന്നെ വേണമെന്നുണ്ടോ...?”
“വേണം.. സമയം ഒട്ടും കളയാനില്ല...!”
“എന്നാ ഞങ്ങളിവിടെ നിൽക്കാം. അല്ലെങ്കിൽ ഒറ്റക്കു നടന്നു വരണ്ടെ..”
“വേണ്ട... ലക്ഷ്മി പൊക്കോ.... ഞാനങ്ങെത്തിക്കോളാം...”
“എന്നാ വണ്ടി പൊക്കോട്ടെ. ഞാനിവിടെ നിൽക്കാം. ഈ അവസ്ഥയിൽ ഒറ്റക്ക്  നടന്നു വരാൻ ഞാൻ സമ്മതിക്കില്ല...”
“അതൊന്നും വേണ്ട.. ലക്ഷ്മി കയറ്...”
ലക്ഷ്മിയെ ബലമായി പിടിച്ച് വണ്ടിയിലിരുത്തിയിട്ട് ഡ്രൈവറോടായി പറഞ്ഞു.
“ഇവരെ വീട്ടിന്റെ മുറ്റത്തു കൊണ്ടിറക്കണം...”
എന്നിട്ട് ലക്ഷ്മിയോടായി ചുണ്ടിനു കുറുകെ വിരൽ വച്ച് ആംഗ്യം കാണിച്ചിട്ട് പറഞ്ഞു.
“മിണ്ടരുത്...”
ലക്ഷ്മി ഇല്ലെന്ന് തലയാട്ടി. വണ്ടിവിട്ടു.
ലക്ഷ്മി പിറകിലെ ഗ്ലാസ്സിലൂടെ മാധവനെ നോക്കിയെങ്കിലും ഇരുട്ടിൽ കാണാനായില്ല...

               മാധവൻ അടുത്തുള്ള ഇടവഴിയിലേക്ക് കയറി ഇരുട്ടിൽ തപ്പിത്തടഞ്ഞ് പതുക്കെ നടന്നു. സ്വല്പം നടന്നപ്പോഴേക്കും നാരായണിയമ്മയുടെ വീട് കാണായി. അവിടെ മാധവൻ ഒന്നു നിന്നു. നാരായാണിയമ്മ ഉമ്മറത്ത് വിളക്ക് വച്ച് പ്രാർത്ഥനയിലാണ്. അത് കഴിയാനായിട്ടാണ് മാധവൻ നിന്നത്. അവർ എഴുന്നേൽക്കുന്നില്ലെന്ന് കണ്ടതോടെ മാധവൻ പടിക്കലെത്തി ഒന്നു മുരടനക്കി. കണ്ണിനു മുകളിൽ കൈ വിരിച്ചു വച്ച് നിലവിളക്കിനു മുകളിലൂടെ പടിക്കലേക്ക് നോക്കിയിട്ട് ചോദിച്ചു.
“ആരാ...?”
“ഞാനാ.. നാരായണിയേട്ടത്തി...”
എന്നും പറഞ്ഞ് മാധവൻ കടന്നു ചെന്നു. മാധവനെ കണ്ടതും.
“ങേ... നീയോ മാധവാ... എന്താ..ഇങ്ങോട്ടൊക്കെ വരാൻ വഴിയറിയോ നെനക്ക്...?”
മാധവൻ ചെന്ന വഴി ഇറയത്തു തന്നെ നിലത്തു കുത്തിയിരുന്നിട്ട് പറഞ്ഞു.
“എന്റെ നാരായണിയേട്ടത്തി... ഇങ്ങോട്ടേക്ക് വരാൻ ഇഷ്ടോല്ല്യാഞ്ഞിട്ടാ... നേരം കിട്ടണ്ടേ... വെളുപ്പാൻ കാലം മുതൽ പാതിരയാവുന്നതു വരെ... പണിയോട് പണിയല്ലെ.. എന്റെ നടൂം മുതൂം ഒടിഞ്ഞൂന്നു പറഞ്ഞാൽ മതീല്ലോ..!”
നാരായണി വല്ലിമ്മക്ക് അത് മതിയായിരുന്നു. ഉടനെ തന്നെ അവർ പറഞ്ഞു.
“എന്നാപ്പിന്നെ നെനക്കവ്ടെന്ന് പൊക്കൂടേടാ മാധവാ...”
“എങ്ങനെ പോകൂന്റേട്ടത്തി.... ഒരു സഹായി ആയിട്ട് കൂടീതാ.... പ്പൊ ദാ.. എല്ലാം എന്റെ തലേലായി....!!”
“എനിക്കറിയാടാ മാധവാ... അതല്ലെ ഞാനന്ന് അവരോട് പറഞ്ഞത്, നെന്നെ അവ്ടെന്ന് പറഞ്ഞു വിടാൻ... ആ കാലില്ലാത്ത കാന്താരിയാ... കേമി...”
“അവളിപ്പോ എന്നെ ഏമിക്കാനും തുടങ്ങിയിരിക്കുന്നു... എനിക്കിപ്പൊ എങ്ങനേങ്കിലും അവിടന്ന് ഒന്നു രക്ഷപ്പെട്ടാൽ മതീന്റേട്ടത്തി... കൂട്ടത്തിൽ ഞാനാരുടെ കൂടെയാ കിടപ്പെന്നാ നാട്ടുകാരുടെ ചോദ്യം.. എന്റെ തൊലി പൊളിഞ്ഞു പോണെന്റേട്ടത്തി...!!”
“നെനക്ക് എങ്ങോട്ടെങ്കിലും ധൈര്യായിട്ട് എറങ്ങിപ്പോയ്ക്കൂടെ... ആരാ ചോയ്ക്കണെ....?”
“അതു ഞാൻ എന്നെത്തന്നെ മോശാക്കാല്ലെ.. ഞാൻ അങ്ങനെയൊന്നും ജീവിച്ചവനല്ല. ഒരു കാരണം കിട്ടാൻ ഞാൻ കാത്തിരിക്കാ.. അവിടന്നു രക്ഷപ്പെടാൻ...! അന്ന് ചേട്ടത്തി വന്ന് ബഹളമുണ്ടാക്കിയത് ഞാനറിഞ്ഞില്ല. അല്ലെങ്കിൽ അന്നേരം തന്നെ രക്ഷപ്പെടാമായിരുന്നു ആ നരകത്തീന്ന്...!!”
“ഞാൻ ഇനീം വരാടാ.... ഇനീം വന്ന് ബഹളോണ്ടാക്കാം..”

നാരായണി വല്ലിമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇവനെ അവിടെന്ന് ഓടിച്ച് ആ ഹോട്ടൽ പൂട്ടിക്കാൻ കഴിഞ്ഞാൽ, ഇതിൽ‌പ്പരം ഒരു സന്തോഷം വേറെയില്ല.
മാധവൻ സ്വകാര്യം പറയുന്നതു പോലെ ശബ്ദം താഴ്ത്തി തലയൊന്നു നീട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“അന്ന് വന്ന മാതിരി പുറകിൽ കൂടി വരരുത്. ഹോട്ടലിനകത്ത് കയറിവരണം. അതും ഉച്ച നേരത്ത് ഊണു കഴിക്കാൻ ആളുകൾ നിറഞ്ഞിരിക്കണ നേരത്തായിരിക്കണം. അത്രേം ആളുകളുടെ മുന്നിൽ വച്ചാവുമ്പോൾ അവർക്ക് നാണക്കേടാവും. അന്നേരം നാട്ടുകാരുടെ മുന്നിൽക്കൂടിത്തന്നെ, അത്രേം പേരെ സാക്ഷിയാക്കി എനിക്ക് ധൈര്യമായിട്ട് ഇറങ്ങിപ്പോകാം...!!”
മാധവൻ നന്നായി കിതച്ചു. നാണിയമ്മ അതെല്ലാം കേട്ട് തരിച്ചിരിക്കുകയാണ്.
“ ആ കാലില്ലാത്തവളെ ഒരു പാഠം  ഞാൻ പഠിപ്പിക്കും....!”
അതും പറഞ്ഞ് നാരായണിയമ്മ പല്ലിറുമ്മുന്നത് കണ്ടു. മാധവൻ പതുക്കെ ബദ്ധപ്പെട്ട് എഴുന്നേറ്റു. അതു കണ്ട് നാരാണിയമ്മ ചോദിച്ചു.
“ എന്താ.. മാധവാ.. നെനക്ക് സുഖോല്യേ...?”
“ എങ്ങനാ സുഖോണ്ടാവാ ന്റേട്ടത്തി.. ദിവസവും എന്നെ കൊല്ലാല്ലെ..  ഇങ്ങനാച്ചാ.. ഞാൻ അധിക ദിവസോന്നും ജീവിച്ചിരിക്കില്ല...”
“നീ വിഷമിക്കേണ്ട മാധവാ... നിന്നെ ഞാൻ രക്ഷപ്പെടുത്താം.. ന്നിട്ട് നെനക്ക് വേണംന്ന്ച്ചാ ടൌണിലെ ഹോട്ടലില് ജോലീം ഞാൻ വാങ്ങിച്ചു തരാം...”
“എങ്കിൽ നാരായണിയേട്ടത്തിക്ക്  നൂറു പുണ്യം കിട്ടും...!”
“ഹി...ഹി.......!”
നാരായണിയമ്മയുടെ ചിരി ഒരു കൊലച്ചിരിയായി അന്തരീക്ഷത്തിൽ മുഴങ്ങി.
മാധവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും നാരായണിയമ്മയും പിന്നാലെ മുറ്റത്തിറങ്ങി.
“ഞാൻ പോകാ ഏട്ടത്തി. വയ്യ ..എനിക്കൊന്നു കിടക്കണം ...”
“മാധവാ.. രണ്ടു ദിവസത്തിനുള്ളിൽ ഞാനങ്ങു വരാട്ടൊ...”
“ശരി എട്ടത്തി...”
         
                മാധവൻ ഇരുളു വീണ വഴിയിൽ സാവധാനം തപ്പിത്തടഞ്ഞ് നടന്നു.
മഴയുടെ ലക്ഷണം ഉള്ളതു കൊണ്ട് നാട്ടു വെളിച്ചം പോലും ഇല്ലായിരുന്നു. ഒരു കണക്കിന് റോട്ടിലെത്തി കരിങ്കൽ കൂനയിൽ കുറച്ചു നേരമിരുന്നു.
താൻ പഴയതിനേക്കാൾ അവശനായൊ..?
നാരായണി വല്ലിമ്മയുടെ വീട്ടിലെ ഉമ്മറത്തെ വെളിച്ചം കെടുത്തിയിരുന്നു.
‘ആ പാവങ്ങളുടെ ജീവിതം വഴിമുട്ടിക്കാൻ നടക്കുന്നു, ദുഷ്ടത്തി തള്ള...!!?’
മാധവൻ പിറുപിറുത്തു കൊണ്ട് സാവധാനം നടന്നു...



 17
നാടകം തുടങ്ങി....
 
ഹോട്ടൽ അടച്ചു കഴിഞ്ഞിരുന്നു.
‘ഹോട്ടൽ ഗൌരി’ക്കു മുന്നിലെ വെളിച്ചവും കെടുത്തിയിരുന്നു.
അവസാനമായി പോകാറുള്ള സെയ്തുക്കായും ഭാര്യയും പോയതോടെ മുൻവശത്തെ വാതിൽ അടച്ച്, പുറത്തെ വെളിച്ചവും കെടുത്തി നിമ്മിയും ഗൌരിയും വീട്ടിനകത്തേക്ക് പോന്നു.
അമ്മ മാമനെ കാത്ത് ഇറയത്തിരിക്കുന്നത് കണ്ടിരുന്നു.

മാധവൻ വരാൻ വൈകുന്നതോടെ ലക്ഷ്മിയുടെ ആധി കൂടിക്കൂടി വന്നു.
ഇരുപ്പുറക്കാതെ ലക്ഷ്മി റോട്ടിൽ വന്ന് മാധവന്റെ വരവും നോക്കി നിന്നു.
കട്ടി പിടിച്ചു നിന്ന ഇരുട്ടിൽ അകലക്കാഴ്ചകൾ അന്യമായിരുന്നു. കുറച്ചു കഴിഞ്ഞ് കേട്ട ഒരു ചുമയുടെ മുരടനക്കം മതിയായിരുന്നു മാധവനെ തിരിച്ചറിയാൻ. കേട്ടതും ലക്ഷ്മി ഇരുട്ടിലൂടെ ശബ്ദം കേട്ട ഭാഗത്തേക്ക്  നടന്നു.
അടുത്തെത്തിയ മാധവൻ ലക്ഷ്മിയെ കണ്ടതും നിന്നു.
“അവിടെ നിന്നാൽ പോരെ ലക്ഷ്മി. ഞാനങ്ങോട്ട് വരാല്ലെ..”
“എനിക്കൊരു മനസ്സമാധാനോല്യ...”
“എന്നെയോർത്ത് എന്തിനാത്ര വേവലാതിപ്പെടണെ...?”
ലക്ഷ്മി മറുപടിയൊന്നും പറഞ്ഞില്ല. പകരം മാധവനെ തന്നോട് ചേർത്ത് താങ്ങിപ്പിടിക്കുകയായിരുന്നു. അതു കണ്ട് മാധവൻ പറഞ്ഞു.
“എനിക്കവശതയൊന്നുമില്ല, എന്നെയിങ്ങനെ താങ്ങിപ്പിടിക്കാൻ... ഇതൊക്കെ  ആ കുട്ടികളും കാണും...”
ലക്ഷ്മി ഒന്നും പറഞ്ഞില്ല, പിടി വിട്ടതുമില്ല...

ഒരു നിമിഷം മാധവന്റെ മനസ്സിൽ തന്റെ ദേവുവിനെ ഓർമ്മ വന്നു.
അതോടെ ഒരു പുഞ്ചിരി മാധവന്റെ ചുണ്ടിൽ വിരിഞ്ഞു.
ആ പുഞ്ചിരിയോടെ തന്നെ  ലക്ഷ്മിയെ നോക്കുമ്പോൾ, അവൾ മറ്റേതോ ലോകത്തായിരുന്നു.
മാധവൻ ചോദിച്ചു.
“എന്തായിത്ര ആലോചന...?”
“വരാൻ വൈകിയപ്പോൾ ഞാനനുഭവിച്ച വേവലാതി, മു‌മ്പൊരിക്കലും അനുഭവിച്ചിട്ടില്ല...!”
കുറച്ചു നേരം ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി നിന്ന മാധവൻ ചോദിച്ചു.
“ഇത്രയൊക്കെ എന്നെ സ്നേഹിക്കാൻ ഞാനെന്താ ചെയ്തേ....?
കുറച്ചു പണം തന്നു സഹായിച്ചതോ... പണിയെല്ലാം എടുത്തത് നിങ്ങളല്ലെ.. ഈ ഹോട്ടൽ ഇതുവരെ എത്തിച്ചത് നിങ്ങളല്ലെ.. എല്ലാം ലക്ഷ്മിയുടെ കൈപ്പുണ്യം ഒന്നു മാത്രമാ നമ്മുടെ ഹോട്ടൽ ഇതുവരെ വളർത്തിയത്...”
“വലിയ മനസ്സുള്ളവർക്കേ ഇങ്ങനെയൊക്കെ പറയാനാകൂ... ഞങ്ങൾക്ക് ഒരു പുനർജ്ജീവനം തന്നത്, മറ്റൊരാൾക്കും ചെയ്തു തരാൻ കഴിയില്ല...!”
“അതൊക്കെ ലക്ഷ്മിക്ക് വെറുതെ തോന്നുന്നതാ....

നിങ്ങൾക്ക് ആവശ്യം മുന്നിൽ നിൽക്കാൻ ഒരാളെയായിരുന്നു. അല്ലെങ്കിൽ ഒരു ഉപദേശകനേ ആയിരുന്നു. നിങ്ങൾക്ക് സ്വയം തോന്നിയിരുന്നു, പെണ്ണുങ്ങൾ മാത്രമായതു കൊണ്ട് ഒന്നിനും കഴിയില്ലെന്ന്. അതാണ് ഞാൻ വന്നതോടെ ഇല്ലാതായത്. അത്രയുമേ എനിക്ക് ചെയ്യേണ്ടി വന്നുള്ളു. ബാക്കിയൊക്കെ നിങ്ങൾ തന്നെയാണ് ചെയ്തത്...”
ലക്ഷ്മി അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്ന് അവളുടെ മറുപടി വ്യക്തമാക്കി.
“എന്നാലും ഈ നാടകം കളി വേണോ...? മറ്റെന്തെങ്കിലും ഒരു വഴി കണ്ടെത്തിക്കൂടെ....?”
അതോടൊപ്പം ഒരു തേങ്ങലും ലക്ഷ്മിയിൽ നിന്നും ഉയർന്നു.
മാധവൻ ലക്ഷ്മിയെ ചേർത്തു നിറുത്തിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“മറ്റെന്തെങ്കിലും വഴികൾക്ക് സമയം വേണം. അതുവരെ കാത്തിരിക്കാൻ എനിക്കാവില്ലല്ലൊ ലക്ഷ്മി. ഇതിപ്പോൾ ഏതു നിമിഷവും ഞാൻ താഴെവീഴാം...!”
അതു കേട്ടതോടെ ലക്ഷ്മി മാധവന്റെ വായ പൊത്തി.
“അങ്ങനൊന്നും പറയരുത്...”
“പറഞ്ഞില്ലെങ്കിലും സത്യം സത്യമല്ലാതെ വരുമോ..? ഞാൻ പോകുന്നതിനു മുൻപ് നിമ്മിയുടെ കല്യാണം നടക്കണം. അതു കഴിഞ്ഞാൽ നിങ്ങൾക്ക് പേടിക്കേണ്ടി വരില്ല. കുടുംബത്തിൽ ഒരാണ് കടന്നു വരുന്നത് എന്തു കൊണ്ടും നിങ്ങളുടെ ജീവിതം ഭദ്രമാക്കും... അതു കണ്ടിട്ട് എനിക്കും സന്തോഷത്തോടെ മടങ്ങാം..”

വഴിയിലെ ഇരുട്ടിൽ നിന്നും മുറ്റത്തേക്ക് കയറാൻ  തുടങ്ങിയപ്പോഴേക്കും നിമ്മി അന്വേഷിച്ച് മുറ്റത്തെത്തിയിരുന്നു.
ലക്ഷ്മി കണ്ണുകൾ തുടച്ച് ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു. നിമ്മി ഓടി വന്ന് ചോദിച്ചു.
“എന്തു പറഞ്ഞു ഡോക്ടർ...?”
“എന്തു പറയാൻ... പണ്ടെങ്ങോ എന്നെ ബാധിച്ച ഒരു ചുമ, ഇന്നും വിടാതെ തുടരുന്നു. അതിനിനി മരുന്നില്ലത്രെ... പഴകിപ്പോയി. പിന്നെ വയസ്സായില്ലെ. അതൊക്കെ അങ്ങനെ കിടക്കും..”
തന്റെ വാക്കുകൾ നിമ്മിയെ ആശ്വസിപ്പിച്ചോയെന്ന് മാധവൻ കണ്ടില്ല.
ലക്ഷ്മി സാരിത്തലപ്പ് വായിൽ തിരുകി അകത്തേക്ക് ഓടി മറയുന്നത് കണ്ടു.

ഇറയത്തേക്ക് കയറിയതും ഗൌരി സ്വയം തന്റെ വണ്ടി ഉരുട്ടി  മാധവന്റെ  അടുത്തേക്ക് വന്നു.
തിണ്ണയിൽ ഇരുന്ന മാധവനെ വട്ടം ചുറ്റിപ്പിടിച്ചിട്ട് ചോദിച്ചു.
“ഒന്നും ഇല്ലാല്ലൊ മാമാ...?”
“ഹേയ്... ഒന്നൂല്ല മോളേ...”
മാധവന്റെ മടിയിൽ തലവച്ച് കിടന്നിട്ട്, മാധവൻ പറഞ്ഞത് വിശ്വാസം വരാത്തതു പോലെ ഗൌരി പറഞ്ഞു.
“മാമനില്ലെങ്കിൽ പിന്നെ ഞങ്ങളുമില്ല...!”
മാധവൻ അതിനു മറുപടിയായി ഒന്നും പറഞ്ഞില്ല.
പകരം അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു....

മാധവൻ ഹോട്ടലിലെ തന്റെ പഴയ ഡെസ്ക്കിൽ ചെന്നു കിടന്നു.
മിക്സിയിൽ അടിച്ച ജൂസ് പരുവത്തിലാക്കിയ ഭക്ഷണവുമായി ലക്ഷ്മിയും പിന്നാലെ എത്തി.
കഴിച്ചു കൊണ്ടിരിക്കെ ബഷീറും എത്തി. ബഷീർ വന്ന വഴി തന്നെ ചോദിച്ചു.
“ലക്ഷ്മീയേച്ചി... ഞാൻ സെക്കന്റ്ഷോ കഴിഞ്ഞിട്ടു വന്നു കിടന്നാൽ പോരെ...?”
“ഊം.. മതി..”
ബഷീർ സൈക്കിളുമായി ഉടൻ സ്ഥലം വിട്ടപ്പോൾ, മാധവൻ ലക്ഷ്മിയുടെ മുഖത്തേക്ക് ഒരു ചോദ്യമുന അയച്ചു...?
ലക്ഷ്മി മക്കളാരും അടുത്തില്ലെന്നുറപ്പു വരുത്തിയിട്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഞാനാ പറഞ്ഞെ അവനോട്. എന്നും രാത്രിയിൽ ഇവിടെ വന്ന് കിടക്കാൻ. രാത്രിയിൽ എന്തെങ്കിലും സംഭവിച്ചാൽ.. ഒരു സഹായത്തിന്...”
അത്രയുമായപ്പോഴേക്കും ലക്ഷ്മി തേങ്ങിപ്പോയി....

പിറ്റേന്റെ പിറ്റേ ദിവസം, ഉച്ച നേരം...
ഭക്ഷണം കഴിക്കാനായി തൊഴിലാളികൾ ഒരുമിച്ച് വരുന്ന സമയം.
സീറ്റ് കിട്ടാത്തവർ പുറത്തിറങ്ങി മാറിയിരിക്കുന്ന പതിവൊന്നും അവിടെയില്ല.
അവരും കൂടും വിളമ്പുകാരായ സേയ്തുക്ക, കണാരൻ, മാധവൻ, ബഷീർ എന്നിവർക്കൊപ്പം.
പിന്നെ ഒരു കല്യാണ വീട്ടിലെ ഒച്ചയും ബഹളവും ആയിരിക്കും.
പരസ്പ്പരം തമാശകൾ പറഞ്ഞും കളിയാക്കിയും ചിരിച്ചുമറിഞ്ഞാണ് ഊണു കഴിക്കുക. പെണ്ണുങ്ങൾക്ക് അധികവും അടുക്കളയിൽ നിന്നും സാധനങ്ങൾ വിളമ്പുകാർക്ക് എടുത്തുകൊടുക്കലാവും ജോലി. സ്ത്രീകളിൽ ലക്ഷ്മി മാത്രമാവും ചിലപ്പോൾ ജീരകവെള്ളം ഒഴിച്ചു കൊടുക്കാനായി ഹാളിൽ വരിക. ഗൌരി കൌണ്ടറിലെ കസേരയിൽ ചന്ദനക്കുറിയണിഞ്ഞ്, ഹോട്ടലിനും കാണുന്നവർക്കും ഐശ്വര്യമായി ഇരിപ്പുണ്ടാകും. മാധവനെക്കൊണ്ട് അധികം കനമുള്ള ജോലിയൊന്നും ലക്ഷ്മി എടുപ്പിക്കാറില്ല. ഒരു മേൽനോട്ടം മാത്രമേ വേണ്ടതുള്ളു. അതുകൊണ്ട് എല്ലാം വീക്ഷിച്ച് ഗൌരിയുടെ അടുത്തു തന്നെ മാധവനും കാണും.

ഇവിടെ ഊണുകഴിക്കാൻ വരുന്നവർക്ക് സ്വന്തം വീടുപോലെ പെരുമാറാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് ഒരാളും ദുര്യോപയോഗം ചെയ്തിട്ടുമില്ല. അല്ലെങ്കിലും മീശക്കൊമ്പന്മാരായ സെയ്തുക്കായേം കണാരേട്ടനേയും കാണുന്നവർക്ക് മറിച്ചൊന്നും പെരുമാറാൻ തോന്നുകയുമില്ല.

അന്ന്, ഊണുകഴിക്കാനായി തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു....
ഹാളിൽ എല്ലാവരും നിറഞ്ഞിരുന്നു.
ജീരകവെള്ളവുമായി ലക്ഷ്മിയും ഹാളിലുണ്ടായിരുന്നു.
അപ്പോഴാണ് അടുക്കളയുടെ പിറകിലെ വാതിൽ വഴി നാരായാണിയമ്മയുടെ വരവ്.
നിറഞ്ഞിരിക്കുന്ന ആളുകളെ കണ്ടപ്പോഴേ അവർ അതിശയപൂർവ്വം മൂക്കത്ത് വിരൽ വച്ചു...!
അടുക്കളയിലുണ്ടായിരുന്ന നിമ്മി പിന്നാലെ ചെന്നു പറഞ്ഞു.
“വല്ലിമ്മെ.. ഊണു കഴിക്കാനാണെങ്കിൽ ഇരിക്കാൻ സ്ഥലമില്ല. ഇറയത്തേക്ക് പോയിരുന്നോളു...”
“നീ പോടീ... എവ്ട്യേ ആ മാധവൻ...”
നാരായണിയമ്മ ഇന്ന് കുറച്ച് ചൂടോടെയാണല്ലൊ വരവെന്ന് നിമ്മിക്ക് തോന്നി.

ശബ്ദത്തിലുള്ള നാരായണിയമ്മയുടെ ആട്ടൽ മാധവനും കേട്ടു.
മാധവൻ മുൻവശത്തു തന്നെ ഉണ്ടായിരുന്നു.
ശബ്ദം കേട്ട ഉടനെ ലക്ഷ്മി കുറച്ച് ഭീതിയോടെയാണ് മാധവനെ നോക്കിയത്.
അതോടെ ലക്ഷ്മിയിൽ ഒരു വിറയൽ പിടികൂടി.
ഗൌരി ആരാന്നറിയാൻ എത്തി നോക്കുന്നുണ്ടായിരുന്നു.
നാരായണിയമ്മ വീറും വാശിയോടെയും ശരങ്ങൾ തൊടുക്കാൻ  തുടങ്ങി.
“എടാ.. മാധവാ... ഈ പണി ഈ നാട്ടീ പറ്റില്ല. ഞങ്ങള് മാനം മര്യാദായിട്ട് ജീവിക്കണോരാ...!”
അടുത്തുണ്ടായിരുന്ന കണാരൻ നാരായണിയമ്മയുടെ തോളിൽ പിടിച്ച് നിറുത്തിയിട്ട് ചോദിച്ചു.
“ഇവിടേപ്പൊ എന്തു മര്യാദകേടാ ണ്ടായേ...?”
“നെനക്കറിയില്ലാല്ലെ... നീയും ഒക്കെ അതിന് കൂട്ടാ, എനിക്കറിയാം....”
“ടീ തള്ളെ.. വായീ തോന്നിയതൊക്കെ വിളിച്ചു പറയല്ലെ.... വയസ്സായതോണ്ടാ ക്ഷമിക്കണെ....”
കണാരൻ മിശയുടെ രണ്ടറ്റവും ഒന്നു പൊക്കി.
അതു കണ്ട് നാരായണിയമ്മ വിറഞ്ഞു തുള്ളി.
“നീയെന്നെ മീശ പിരിച്ച് പേടിപ്പിക്കണ്ട.. അങ്ങ്നെയൊന്നും പേടിക്കണോളല്ല ഈ നാരായണി.. എടാ മാധവാ..”
ലക്ഷ്മി വേഗം നടന്ന് നാരായണിയമ്മയുടെ അടുത്തെത്തി.
“ചേച്ചി.. വെറുതെ ഒച്ചയുണ്ടാക്കി ഞങ്ങളെ നാറ്റിക്കല്ലെ. എങ്ങനേങ്കിലും ഒന്നു ജീവിച്ചോട്ടെ...”
തൊഴുതു പിടിച്ചുള്ള ലക്ഷ്മിയുടെ യാചനയൊന്നും നാരായണിയമ്മക്ക് ഏശിയില്ല.
“നീ പോടി.. നീയല്ലെ നിന്റെ മക്കളെ മാധവനു കൂട്ടിക്കൊടുത്തു ജീവിക്കണെ....!!”
ലക്ഷ്മി അതുകേട്ട് ചെവി പൊത്തി.
തൊട്ട് പിറകിലുണ്ടായിരുന്ന നിമ്മി ചാടി വന്ന് നാരായണിയമ്മയുടെ മുടിക്കു കുത്തിപ്പിടിച്ച് അലറി.
“ വേണ്ടാതീനം പറയുന്നോ.. കടക്കടി ദുഷ്ടത്തി പുറത്ത്...”
എന്നും പറഞ്ഞ് പുറത്തേക്ക് തള്ളിയിടാൻ പോയപ്പോഴേക്കും ലക്ഷ്മി കയറി തടുത്തു.
“മോളെ വേണ്ട... അവരു പറയട്ടെ.. അവർക്ക് മതി തീരുവോളം പറയട്ടെ..”

അത്രയുമായപ്പോഴേക്കും ഊണു കഴിച്ചുകൊണ്ടിരുന്നവരിൽ ചിലർ എഴുന്നേൽക്കാൻ തുടങ്ങി.
നാരായണിയമ്മക്കെതിരെ  ഒച്ചയുണ്ടാക്കാൻ തുടങ്ങിയതോടെ അവർ ഒന്നു പതറി.
എങ്കിലും ഉറഞ്ഞു തുള്ളലിനു ഒരു കുറവും വരുത്തിയില്ല.
അപ്പോഴാണ് മുൻവാതിലിനോട് ചേർന്ന്, ഗൌരിയുടെ മേശക്കരികിൽ മാധവൻ വിഷമിച്ചു നിൽക്കുന്നത്  കണ്ടത്.
അവർ അങ്ങോട്ടെക്ക് വേഗം നടന്നെത്തി. മാധവന്റെ മുഖത്തു നോക്കി തന്നെ ചോദിച്ചു.
“എടാ മാധവാ... നെനക്ക് നാണോല്യേടാ... അംമ്മേം മക്കളേം ഒരുപോലെ വച്ചോണ്ടിരിക്കാൻ...!”
അതുകേട്ട് വിറഞ്ഞു കയറിയ ഗൌരി മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റ് എടുത്ത് ഒറ്റ ഏറ്.
അവരുടെ മേത്ത് കൊണ്ടില്ല, അടുത്തുണ്ടായിരുന്ന സെയ്തുക്കായാ‍ണത് പിടിച്ചെടുത്തത്.
ഗൌരിക്ക് വന്ന ദ്വേഷ്യത്തിന് പറഞ്ഞു.
“എടി ദുഷ്ഠത്തി തള്ളേ.. നിന്നെ ഞാനിന്നു കൊല്ലും..”
മാധവൻ ദ്വേഷ്യം കാണിക്കാതെ തന്നെ പറഞ്ഞു.
“നാരായണിയേട്ടത്തി.. ദൈവു ചെയ്ത് പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്.
ഞാനാണ്  ശല്യമെങ്കിൽ മാറിത്തന്നോളാം.
അതുങ്ങളെ ഉപദ്രവിക്കരുത്...”
ഗൌരി പറഞ്ഞു.
“മാമനെക്കൊണ്ട് ഞങ്ങൾക്കൊരു ശല്യോമില്ല... ഈ ദുഷ്ടത്തിക്കാ കണ്ണുകടി...”
“എടി കാലില്ലാത്തവളെ... സുന്ദരിക്കോതെ.. എനിക്കല്ലടി കണ്ണുകടി... ഞാനല്ലാ പറേണെ..
ഈ നാട്ടുകാരാ പറേണെ...അവ്‌രാ ചോദിക്കണെ, മാധവൻ ആര്ടെ കൂടെയാ കിടക്കണേന്ന്...!
ഈ അയലോക്കത്തിരുന്നോണ്ട് ഈ പണി പറ്റില്ല. ഞങ്ങളൊക്കെ മാനം മര്യാദയായിട്ട് ജീവിക്കണോരാ....!”
കണാരൻ പറഞ്ഞു.
“ ചേടത്തിയല്ലാതെ ഒരു നാട്ടുകാരും പറേണത് ഞങ്ങളിതുവരെ കേട്ടിട്ടില്ലല്ലൊ...’
“നീയൊക്കെ അവര്ടെ കൂട്ടാ... അതാ കേക്കാത്തെ...”
“ചേടത്തി .. വയസ്സായതിന്റെ എല്ലാ പരിഗണനയും ഞങ്ങൾ തന്നു കഴിഞ്ഞു. ഇനിയത് കിട്ടിയെന്നു വരില്ല...”
കാണാരൻ അവരുമായി ഒടക്കാൻ തന്നെ തിരുമാനിച്ച് മുന്നോട്ട് നീങ്ങി.
സംഗതി പിടിവിട്ടു പോകുന്നതായി മാധവന് തോന്നി...

അതിനിടക്ക് എങ്ങിനെയെന്നറിയില്ല, കൌണ്ടറിൽ നിന്നും സ്വയം വണ്ടി ഉരുട്ടി ഗൌരി മുൻപ് എറിഞ്ഞ പേപ്പർ വെയ്റ്റുമായി നാരായണിയമ്മയുടെ തൊട്ടടുത്തെത്തിയിരുന്നു. പേപ്പർ വെയ്റ്റ് കൊണ്ട് അവരുടെ മുതുകിനൊട്ടൊന്നു കൊടുത്തിട്ട്, സാരിയിൽ പിടിത്തമിട്ടിട്ട് ആക്രോശിച്ചു.
“മാധവ മാമാ എല്ലാവരുടേം കൂടേല്ലടി ദുഷ്ടത്തീ  കിടക്കണെ...”
മുതുകിനിട്ട് കിട്ടിയതിന്റെ വേദന സഹിക്കാൻ വയ്യാതെ തിരുമ്മുകയും അതോടൊപ്പം സാരി വിടുവിക്കാൻ ശ്രമിച്ചു കൊൺട് അലറി.
“പിന്നാരുടെ കൂടെയാടി കിടക്കണെ.... നെന്റെ കൂടെയോ..?”
ഗൌരിയും പിന്തിരിയാൻ പോയില്ല.
“അതേടി ദുഷ്ടത്തി.. എന്റെ കൂടെയാ.... എന്റെ കൂടെയാ....!!”
പിന്നെ ഗൌരി ചങ്കു പൊട്ടിയെന്നോണം കരയാൻ തുടങ്ങി.

നിമ്മിയും ലക്ഷ്മിയും കൂടി അവളിൽ നിന്നും  നാരായാണിയമ്മയുടെ സാരി വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്. ഗൌരി അത് മുറുക്കിത്തന്നെ പിടിച്ചിരിക്കുകയാണ്. ലക്ഷ്മിയും നിമ്മിയും മിണ്ടാതിരിക്കാനായി ഗൌരിയോട് പറയുന്നുണ്ടെങ്കിലും, നാരായണിയമ്മയെ പിച്ചിച്ചീന്താൻ തന്നെ കണക്കാക്കിയാണ് ഗൌരി.

ഊണു കഴിച്ചിരുന്നവർ അതെല്ലാം മതിയാക്കി കൂട്ടം കൂടി അതുമിതുമൊക്കെ പറയാൻ തുടങ്ങി.
മാമനെക്കുറിച്ചൊ, അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ചൊ ആർക്കും ഇതുവരെ ഒരു പരാതിയുമില്ലായിരുന്നു.
ലക്ഷ്മിയുടേയും മക്കളുടേയും സ്വന്തക്കാരനായിട്ടാണ്  മാധവനെ അവരെല്ലാം കണ്ടിട്ടുള്ളതും.
നാരായണിയമ്മയുടെ  പറച്ചിലിലൂടെ അവർക്കൊക്കെ കൺഫൂഷനായി.
‘ഈ മാമൻ ആര്..?’
ആ മൽ‌പ്പിടത്തത്തിനിടയിലും നാരായണിയമ്മ വീറോടെത്തന്നെ ചോദിച്ചു.
“നെന്റെ കൂടെയോ... നെന്റെ കൂടേണെങ്കി.. കല്യാണം കഴിച്ച് കൂടെ പൊറുക്കണോടി....!!”

അത്രയുമായപ്പോഴേക്കും മാധവൻ ഇടപെട്ട് നാരായണിയമ്മയുടെ സാരി ഗൌരിയിൽ നിന്നും വിടുവിച്ച് കൊടുത്തു.
എന്നിട്ട് ശ്വാസം കിട്ടാത്തതുപോലെ ഏന്തി വലിച്ചിട്ട് പറഞ്ഞു.
“എന്നെപ്രതി ഇവിടെയൊരു വഴക്കു വേണ്ട... ഞാൻ പൊക്കോളാം.. ഇന്നു തന്നെ പൊക്കോളാം.....!!”
നിമ്മി മാധവന്റെ കയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു.
“മാമൻ പോകേ.. എവിടേക്ക്... എങ്കിൽ ഞങ്ങളും വരുന്നു മാമനോടൊപ്പം...!”
ആ കൈ കുടഞ്ഞെറിഞ്ഞിട്ട് മാധവൻ ലക്ഷ്മിയെ ഒന്നു നോക്കി, ഉടുത്തിരുന്ന വസ്ത്രത്തോടെ പുറത്തേക്ക് നടന്നു.
നിമ്മിയും ഗൌരിയും വാവിട്ട് കരഞ്ഞ് പിന്നാലെ ചെന്ന് പിടിച്ചു വലിച്ചു.
കൂടിയിരുന്ന ആളുകളും സ്തംഭിച്ച് നിന്നു...

മാധവൻ നോക്കിയ ആ ഒരു നോട്ടം മതിയായിരുന്നു ലക്ഷ്മിക്ക്.
അവർ മുന്നോട്ട്  ഒന്നു നടന്നിട്ട് അലറി.
“നിൽക്ക്...!”
പെട്ടെന്നൊരു നിശ്ശബ്ദത പരന്നു.
മാധവനും പെട്ടെന്നു തിരിഞ്ഞു നിന്നു.
എല്ലാവരുടേയും കണ്ണുകൾ ലക്ഷ്മിയിലേക്ക് തിരിഞ്ഞു.
അതുവരെ കരഞ്ഞു നിന്ന പെണ്ണായിരുന്നില്ല ലക്ഷ്മി.
കണ്ണുകൾ തുടച്ചിട്ട് ഉറക്കെത്തന്നെ ചോദിച്ചു.
“മാമൻ ഇവിടന്നു പോയാൽ, മാമനായിട്ട് ഉണ്ടായ ഈ നാണക്കേട് മാറുമോ....?
ഈ നാട്ടുകാരെന്നു പറയുന്നവർ, ഞങ്ങളെ മാനംമര്യാദക്ക് ജീവിക്കാൻ സമ്മതിക്കുമോ...?!”


 18
നാടകാന്ത്യം

                       
തന്റെ കാലിൽ കെട്ടിവരിഞ്ഞ ഗൌരിയുടെ കൈകളും, കൈകളിൽ പിടുത്തമിട്ട നിമ്മിയുടെ കൈകളും വിടുവിക്കാനാവാതെ മാധവൻ തിരിഞ്ഞു നിന്ന് ലക്ഷ്മിയെ നോക്കി. രണ്ടു പേരും വിങ്ങിപ്പൊട്ടി കരയുന്നുണ്ട്. നിശ്ശബ്ദരായി നിന്ന തൊഴിലാളികൾ എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാൻ ആകാംക്ഷയോടെ ലക്ഷ്മിയോടൊപ്പം മുന്നോട്ട് നടന്നെത്തി. തൊട്ടടുത്തു വന്നതും ലക്ഷ്മി വീണ്ടും പറഞ്ഞു.
“മാമൻ പോയതുകൊണ്ട് ഈ പ്രശ്നങ്ങളെല്ലാം തീർന്ന് ഞങ്ങൾക്ക് സന്തോഷമായി ജീവിക്കാനാ‍വുമോ...?
“ലക്ഷ്മി... ഞാൻ... ഈ നാട്ടുകാരുടെ വായ അടച്ചു കെട്ടാൻ നമ്മൾക്കാവുമോ..?
അത് കണ്ടില്ലെന്നു നടിച്ച്  മുന്നോട്ട് പോകുവാൻ കഴിയുമോ..?”
“കഴിയും..!!?”
“ മണ്ടത്തരം പറയാതെ... ഈ സമൂഹത്തോടൊപ്പമല്ലാതെ നമ്മൾക്കൊരു ജീവിതമില്ല. അവരോട് എതിരിട്ട് നമ്മൾക്ക് ജീവിക്കാനാവില്ല. നമ്മൾ ഒറ്റപ്പെട്ടു പോകും...!”
“അതൊന്നും എനിക്കറിയില്ല. ഒരു കൂട്ട ആത്മഹത്യയുടെ വക്കിൽ നിന്നും ഞങ്ങളെ രക്ഷിച്ച്, ഒരു പുനർജ്ജീവനം തന്നത് മാമനാണ്. അന്നീ നാട്ടുകാരാരും ഞങ്ങളെ രക്ഷിക്കാനായുണ്ടായില്ല...!  അതുകൊണ്ട് ഞങ്ങളോടൊപ്പം മാമനും ഇവിടെത്തന്നെ ഉണ്ടാകണം...!”
 അത് കേട്ടതും ജനം അവിശ്വസിനീയതയോടെ പരസ്പ്പരം നോക്കി.
“അതിന് ഈ സമൂഹം സമാധാനമായി ജീവിക്കാൻ സമ്മതിക്കില്ലല്ലൊ ലക്ഷ്മി..
നിങ്ങൾക്കൊരു ദോഷം വരുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലും വയ്യ....”
അതും പറഞ്ഞ് മാധവൻ വല്ലാതെ അണച്ചു. ഒരു നിമിഷം കഴിഞ്ഞ് വീണ്ടും തുടർന്നു.
“അതിലും നല്ലത്  ഞാൻ പോകുന്നത് തന്നാ...”
“മാമൻ ഇവിടന്ന് പോയിട്ട്, ഞങ്ങൾക്കൊരു ജീവിതം വേണ്ട...?!”
അതും പറഞ്ഞുള്ള ഗൌരിയുടെ ഉറക്കെയുള്ള കരച്ചില്‍ നിമ്മിയും ഏറ്റുപിടിച്ചു.
ലക്ഷ്മി തന്റെ മക്കളുടെ മുഖത്തേക്ക് നോക്കിയിട്ട്, ഉറച്ച സ്വരത്തില്‍ പറഞ്ഞു.
“മാമന്‍ എങ്ങും പോകില്ല മക്കളെ...!!?”

കരഞ്ഞു കലങ്ങിയ കണ്ണുകളിലൂടെ, മാമനെ വിടാതെ തന്നെ  അവർ അമ്മയെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.  അമ്മ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലാകാത്ത ആകാംക്ഷ ആ മുഖങ്ങളില്‍ .  പിന്നെ രണ്ടു പേരുടേയും തലയില്‍ ഒന്ന് തലോടിയിട്ട്, ലക്ഷ്മി തന്റെ കഴുത്തിൽ നിന്നും നൂലു പോലുള്ള താലിമാല വിറയ്ക്കുന്ന കൈകളോടെ അഴിച്ചെടുത്തു....!
ജനം ആകാംക്ഷയോടെ നിൽക്കുമ്പോൾ, നിമ്മിയും ഗൌരിയും പരസ്പ്പരം നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ആ ചിരിയുടെ അര്‍ത്ഥം..
‘അമ്മയോട് എന്നേ ഞങ്ങൾ പറഞ്ഞതാ.. മാമനെ കല്യാണം കഴിച്ചോളാൻ... അമ്മക്ക് പാതി സമ്മതമായിരുന്നെങ്കിലും മാമനാണത് നിരസിച്ചത്. അന്നേ അത് ചെയ്തിരുന്നെങ്കിൽ ഈ കുഴപ്പങ്ങളൊക്കെ ഉണ്ടാവുമായിരുന്നോ...’ ഇപ്പോഴങ്കിലും അമ്മക്ക് നല്ല ബുദ്ധി തോന്നിയതിൽ രണ്ടു പേർക്കും സന്തോഷം തോന്നി.

മാല ഊരി തന്റെ നെഞ്ചോട് ചേർത്തു വച്ചു ഒരു നിമിഷം കണ്ണടച്ചു നിന്നു. പിന്നെ രണ്ടറ്റത്തും പിടിച്ച് മാമന്റെ നേരെ നീട്ടിയിട്ട് തൊണ്ട ഇടറിയിട്ടെന്നോണം പറഞ്ഞു.
“ഇതു വാങ്ങൂ...!?”
ഒന്നും മനസ്സിലാകാത്തതു പോലെ മാധവൻ വിറയാർന്ന സ്വരത്തിൽ വിളിച്ചു.
“ലക്ഷ്മീ...?!”
മാധവൻ അതു വാങ്ങാതെ തന്റെ ചുറ്റും നിൽക്കുന്നവരെയെല്ലാം പരിഭ്രാന്തിയിലെന്നോണം ഒന്നു കണ്ണോടിച്ചു.  എല്ലാവർക്കും സമ്മതമാണെന്ന മട്ടിൽ അവർ തല കുലുക്കുന്നതു കണ്ടു. തൊട്ടടുത്തു നിന്ന കണാരനും തല കുലുക്കിയതോടെ മാധവന്‍ കൈ നീട്ടുന്നതിനിടയിൽ ഒന്നു കൂടി ചോദിച്ചു.
“ലക്ഷ്മി .. ഒന്നു കൂടി ആലോചിച്ചിട്ട് പോരെ...?”
“ഇനി ഒന്നും ആലോചിക്കാനില്ല....
ഇത്തിരി മുൻപ് എന്റെ മോള് വിളിച്ച് പറഞ്ഞില്ലെ... ഈ ജനങ്ങളുടെയെല്ലാം മുന്നിൽ വച്ച്,  മാമൻ  ആരുടെ കൂടെയാണ് കിടക്കുന്നതെന്ന്....!
അത് സത്യമാവട്ടെ..!!?”

 ഇപ്പോൾ ശരിക്കും ഞെട്ടിയത് അവിടെ കൂടിയിരുന്നവർ മാത്രമല്ല, സ്വന്തം മക്കളും കൂടിയാണ്...!!

നിമ്മിയും ഗൌരിയും പെട്ടെന്ന് പരസ്പ്പരം നോക്കി കണ്ണുമിഴിച്ചു....
“ലക്ഷ്മി.. എന്തായീ പറയണത്...?”
 പെട്ടെന്ന് അന്ധാളിച്ചെന്നോണം സെയ്തുക്കയാണത് ചോദിച്ചത്.
“അതേ സെയ്തുക്കാ... അതാണതിന്റെ ശരി...”
ലക്ഷ്മിയുടെ വാക്കുകളുടെ അര്‍ത്ഥം പിടി കിട്ടിയ കണാരന്‍ ലക്ഷ്മിയെ പിന്താങ്ങി.
ലക്ഷ്മി വീണ്ടും, മടിച്ച് അന്ധാളിച്ചതു പോലെ നില്‍ക്കുന്ന മാധവന്റെ നേരെ മാല നീട്ടി പറഞ്ഞു.
“ഇതു വാങ്ങൂ....!”

മാധവന്‍ നാലുപാടും എല്ലാവരേയും വേവലാതിയോടെന്നോണം നോക്കി. കണാരന്‍ തലയാട്ടി മാല വാങ്ങാന്‍ ആംഗ്യം കാണിച്ചു. മാധവന്‍ മടിച്ചുമടിച്ച്  മാല വാങ്ങി...
ആ കൈകള്‍ നന്നായി വിറക്കുന്നുണ്ടായിരുന്നു...
തുടര്‍ന്ന് ലക്ഷ്മി ഉറച്ച സ്വരത്തില്‍ പറഞ്ഞു.
“ഇത്രയും ആളുകളെ സാക്ഷി നിറുത്തി, അത് ഗൌരിയുടെ കഴുത്തിലണിയിക്കു. നാട്ടുകാര്‍ക്കെല്ലാം ബോദ്ധ്യമാവട്ടെ. മാധവമാമ ഞങ്ങൾക്ക് ആരാണെന്ന്...!!”

മാധവൻ ഗൌരിയുടെ മുഖത്തേക്ക്  ദയനീയമായി നോക്കി.
സംഭവിക്കാന്‍ പോകുന്നതിന്റെ  പൊരുള്‍ അറിയാതെയെന്നോണം ഗൌരി മാമനെ കണ്ണുമിഴിച്ചു നോക്കി. നിമ്മിക്ക്  അരുതെന്ന് പറയണമെന്നുണ്ട്. പക്ഷെ, മാമന്റെ മുഖത്തേക്ക് നോക്കി അത്  പറയാനുള്ള ശക്തിയുണ്ടായില്ല.
മാധവന്‍ സ്വല്‍പ്പം കുനിഞ്ഞ്  മാല ഗൌരിയുടെ കഴുത്തിനടുത്ത് നീട്ടിയതും, ആ രണ്ടു കൈകളിലും കയറിപ്പിടിച്ചു ഗൌരി...!
മാധവന്റെ മുഖത്തു നോക്കി അരുതെന്നു പറയാനൊ, തടുത്തു നിറുത്താനൊ ആ കൈകള്‍ക്ക്  ശക്തിയുണ്ടായിരുന്നില്ല....

ഗൌരിയുടെ കഴുത്തില്‍ മാല ചേര്‍ത്തു വച്ച് ഒരു നിമിഷം മാധവന്‍ നിന്നു. പിന്നെ മൂകമായി പറഞ്ഞു,
‘ഈ മാമനോട് ക്ഷമിക്കണം മോളെ. എന്റെ മോളുടെ പ്രായമേയുള്ളു നിനക്ക്. എങ്കിലും ഇതല്ലാതെ ഒരു പോം വഴി ഞങ്ങളുടെ മുന്നിലില്ലായിരുന്നു. ദൈവം ഈ മഹാ പാപത്തിന് എന്നെ ശിക്ഷിച്ചോട്ടെ. സന്തോഷപൂര്‍വ്വം ഞാനത് ഏറ്റുവാങ്ങിക്കോളാം...’

നിറഞ്ഞു വന്ന കണ്ണുനീര്‍ കാഴ്ചയെ മറച്ചതുകാരണം മാലയുടെ കൊളുത്തിടാന്‍ കഴിയാതെ  ഉഴറിയ നേരത്താണ്, കണാരൻ പതുക്കെ കയ്യടിച്ചത്.
അതുകണ്ട് കൂടെ നിന്നവരും കയ്യടിക്കാൻ തുടങ്ങി...
ഊണുകഴിച്ച് പകുതിയായവർ ഡെസ്ക്കിലടിച്ചും ശബ്ദമുണ്ടാക്കി...
ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ , മാലയുടെ കൊളുത്തിടാൻ  നിമ്മിയാണ്  മാധവന്റെ വിറയ്ക്കുന്ന കൈകളെ  സഹായിച്ചത്.

വിങ്ങിപ്പൊട്ടിയ ഗൌരി മാധവനെ വട്ടം കയറിപ്പിടിച്ച് പൊട്ടിക്കരഞ്ഞു...
കണ്ടു നിന്ന നിമ്മിയും ചേച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞു....
ലക്ഷ്മി, പക്ഷെ കരഞ്ഞില്ല. ധൈര്യപൂര്‍വ്വം പിടിച്ചു നിന്നു...

കണ്ടതത്രയും സഹിക്കാൻ കഴിയാതെ നാരായണിയമ്മയ്ക്ക് എന്തെന്നില്ലാത്ത ദ്വേഷ്യം വന്നു കഴിഞ്ഞിരുന്നു. മാധവൻ തന്നെ ചതിക്കുകയായിരുന്നോയെന്നൊരു സംശയം ബലപ്പെട്ടു. ആ ഭാവത്തോടെ തന്നെയാണ് അലറി വിളിച്ചത്.
“എടാ.. മാധവാ....നീ...!”
തൊട്ടടുത്തുണ്ടായിരുന്ന സെയ്തുക്ക അവരുടെ കഴുത്തിനു കയറിപ്പിടിച്ചിട്ട് അലറി.
“എടി തള്ളെ.... മിണ്ടിപ്പോകരുത്..”
അപ്പോഴേക്കും ലക്ഷ്മി കയറി തടുത്തു.
“വേണ്ടാ.. അവരെ ഉപദ്രവിക്കണ്ടാ...”

പിന്നെ നാരായണിയമ്മയെ നിലത്തു നിറുത്തിയില്ല. ചുറ്റും നിന്നവര്‍ അവരെ എടുത്തു പൊക്കി നിലം തൊടീക്കാതെ പറമ്പിനു വെളിയിൽ കൊണ്ടു പോയാണ് താഴെയിറക്കിയത്. ആളുകൾ എടുത്തു പൊക്കിയതോടെ പരിഭ്രാന്തയായ അവര്‍ നിലത്തു നിന്നതും, ആളുകളുടെ കൂക്കിവിളിക്കും ആക്രോശത്തിനുമിടയിൽ നിന്നും ജീവനും കൊണ്ട് ഓടുകയായിരുന്നു.

അമ്മയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി നിമ്മി ഗൌരിയേയും കൊണ്ട് വീട്ടിനകത്തേക്ക് പോയി. ഊണു കഴിച്ചിരുന്നവര്‍ ചിലവ് ചെയ്യണമെന്ന് പറഞ്ഞ് ബഹളമായി...
ലക്ഷ്മി മാധവനെ നോക്കി...
മാധവൻ തലയാട്ടി അനുമതി കൊടുത്തു...
അനുമതി കിട്ടിയതും ലക്ഷ്മി എല്ലാവരോടുമായി പറഞ്ഞു.
“നാളത്തെ ഊണ്, കല്യാണസദ്യ ആയിരിക്കും. എല്ലാവരും വരണം. ഇന്നു വരാത്തവരോടും പറയണം...”
അത് ഡെസ്ക്കിലടിച്ചും കയ്യടിച്ചും അവര്‍ ആഘോഷമാക്കി...
ഒരുത്തൻ വിളിച്ചു പറഞ്ഞു.
“വൈകീട്ട് പണി കഴിഞ്ഞാല്‍ ഞങ്ങള്‍ നേരെ ഇങ്ങോട്ടു വരുന്നുണ്ട്. കല്യാണ സദ്യ ഒരുക്കാൻ...!”
“ആയിക്കോട്ടെ... ”
മാധവൻ സമ്മതിച്ചു.
“ഞങ്ങൾക്ക് വേണ്ടതെല്ലാം ഒരുക്കിക്കോണം...!!”
മാധവനും കണാരനും മുഖത്തോടു മുഖം നോക്കി...
പിന്നെ കണാരൻ പറഞ്ഞു.
“അതൊക്കെ ഞാൻ ഏറ്റു...”
അതും കയ്യടിച്ചവർ ആഘോഷമാക്കി....

എല്ലാവരും ഊണു കഴിഞ്ഞു പോയനേരത്താണ് മാധവനെ, കണാരനും സെയ്തുക്കായും കൂടി മു‌ൻവശത്തേക്ക്  വിളിച്ചത്.
ആകാംക്ഷാപൂർവ്വം മാധവൻ ചോദിച്ചു.
“എന്താ കണാരാ...?”
“ഞങ്ങളെങ്ങനെ അത് പറയുമെന്നോർത്ത് വിഷമിച്ചിരിക്കുകയാണ്...?!”
അവരുടെ കൂട്ടം കൂടലും സംസാരവും ശ്രദ്ധിച്ച ലക്ഷ്മി, ഡെസ്ക്ക് തുടച്ചു വൃത്തിയാക്കല്‍ നിറുത്തി ധൃതിയില്‍ നടന്ന് അവരുടെ അടുത്തെത്തി.
“എന്തായാലും പറയൂ കണാരാ...?”
“ഇന്നലെ ടൌണില്‍ വച്ച് സുനിലിന്റെ അഛനെ ഞങ്ങള്‍ കണ്ടിരുന്നു.
ഇവിടത്തെ വിശേഷങ്ങളൊക്കെ ചോദിച്ചു. കൂട്ടത്തില്‍ ഒരു കാര്യവും കൂടി പറഞ്ഞു...!?”
മാധവനും ലക്ഷ്മിയും പര്‍സ്പ്പരം നോക്കി. പിന്നെ സെയ്തുക്കയാണ് തുടര്‍ന്നത്.
“ഈ കല്യാണം നടന്നാല്‍ ഒരു വിഭാഗം ബന്ധുക്കള്‍  ഒഴിഞ്ഞു നില്‍ക്കുമെന്നാ പറഞ്ഞത്...!!?”
“അതെന്താ...?” ലക്ഷ്മിക്ക് എന്തോ അപകടം മണത്തു.
“പ്രശ്നം മാമൻ തന്നെ. മാമൻ ഇവിടത്തെ ആരാ.. നിങ്ങളുമായുള്ള ബന്ധമെന്താ.. എന്നൊക്കെ ചോദിച്ചാണ് തുടങ്ങിയതത്രെ. സുനില്‍ തീര്‍ത്തു പറഞ്ഞു. ‘അതൊന്നും എനിക്കൊരു പ്രശ്നമല്ലന്ന്. സുനിലിന്റെ അഛനും തീര്‍ത്തു പറഞ്ഞൂത്രെ. ‘എന്റെ മക്കളുടെ ഇഷ്ടത്തിന് ഞാനെതിരു നില്‍ക്കില്ലെന്ന്...!!
എങ്കിലും ബന്ധുക്കളെയെല്ലാം വെറുപ്പിച്ചിട്ട്... അവസാനം വേണ്ടെന്ന് വയ്ക്കുമോന്നാ..!!!?”


കേട്ടതും ലക്ഷ്മി മാധവന്റെ കയ്യില്‍ താങ്ങി  എണ്ണിപ്പെറുക്കി കരയാനും തുടങ്ങി.
“എന്റെ മോളു വലിയ പ്രതീക്ഷയിലായിരുന്നു... ഈശ്വരാ ഇതെങ്ങാനും നടക്കാതെ വന്നാൽ....!!”
മാധവൻ മൂകമായി കുറച്ചു നേരം നിന്നു. എന്നിട്ട് പറഞ്ഞു.
“എന്തായാലും നിങ്ങള് രണ്ടാളും ഇന്നു തന്നെ പുള്ളിക്കാരനെ പോയി കാണണം.
ഇവിടെ നടന്ന സംഭവങ്ങള്‍ വിശദമായിട്ട് പറയണം. എന്നിട്ട് സമ്മതമാണെങ്കിൽ നാളെത്തന്നെ വേണ്ടപ്പെട്ടവരുമായി ഇങ്ങോട്ടു വരാൻ പറയണം.
അല്ലെങ്കില്‍ അടുത്ത നടപടി എന്താണെന്ന് ചോദിക്കണം...”
“ഞങ്ങള്‍ ഇന്നു തന്നെ പോയി കാണാം. വിവരം പറയാം...”
“പിന്നെ പോകുമ്പോള്‍ ചന്തയില്‍ കയറി സദ്യക്കുള്ള സാധനങ്ങള്‍ വാങ്ങി ബഷീറിന്റെ കൂടെ വണ്ടിയില്‍ കൊടുത്തു വിട്ടിട്ട് വേണം അവിടെ പോകാന്‍. സമയം കഴിഞ്ഞാല്‍ പിന്നെ എല്ലാ സാധനങ്ങളും കിട്ടിയെന്നു വരില്ല...”
പിന്നെ ലഷ്മിയുടെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു.
“സാധനങ്ങളുടെ ലിസ്റ്റ് പെട്ടെന്നെഴുതി കൊടുത്തു വിട്...”
ലക്ഷ്മി മൂക്കൊന്നു ചീറ്റി സാരിത്തലപ്പില്‍ തുടച്ചിട്ട് വേഗം തിരിഞ്ഞു നടന്നു.
മാധവന്‍ ഒന്നുകൂടി പറഞ്ഞു.
“അവര്‍ സമ്മതമറിയിച്ചാല്‍, കോണ്‍‌ട്രാക്ടര്‍ തോമസ്സിനെ കൂടി അത്യാവശ്യമായിട്ട് കാണണം. കല്യാണ വിവരം പറയണം. കല്യാണത്തിന്  സ്വര്‍ണ്ണമെടുക്കാനുള്ള പണം തരാമെന്ന് പറഞ്ഞിട്ടുള്ളതാ..!”
“അതിനൊക്കെ സമയമുണ്ടല്ലൊ. ഇത്ര ധൃതിയൊന്നും വെക്കേണ്ട കാര്യമില്ല....”
കണാരന്റെ വാക്കുകള്‍ക്ക്, മാധവൻ തലയാട്ടിയിട്ട് പറഞ്ഞു.
“സമയം തീരെയില്ല കണാരാ... നാളെയെങ്കില്‍ നാളെത്തന്നെ നടത്തണം...!!”
അതും പറഞ്ഞ് മാധവന് ‍, തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ച്  തിരിഞ്ഞു നടന്നു.
മാധവനെ മനസ്സിലാകാതെ സെയ്തും കണാരനും മാധവന്റെ പോക്കു നോക്കി നിന്നു.....


19
അവകാശപൂർവ്വം ഗൌരി....

വീട്ടിനകത്തേക്ക് കയറിയപ്പോഴേക്കും ലക്ഷ്മി ലിസ്റ്റുമായി വന്ന് മാധവനെ കാണിച്ചു.
അതിൽ മുന്നു തരം പായസ്സം വേണമെന്ന ലക്ഷ്മിയുടെ നിർദ്ദേശം അംഗീകരിച്ചു.  ലക്ഷ്മി അതു കണാരന്റെ കയ്യിൽ  കൊടുത്തിട്ട് വേഗം തിരിച്ചെത്തി. മാധവൻ തന്റെ ഡെസ്ക്കിൽ പഴയതു പോലെ ഒന്നു നടു നിവർത്താനുള്ള പുറപ്പാടായിരുന്നു. മാധവന്റെ അടുത്തു വന്നതും, മക്കളാരും അടുത്തില്ലെന്നുറപ്പ് വരുത്തിയിട്ട്  ലക്ഷ്മി ചോദിച്ചു.
“എന്റെ അഭിനയം മോശമായില്ലല്ലൊ...?”
പക്ഷേ, തൊണ്ട ഇടറിപ്പോയി....
മാധവൻ ലക്ഷ്മിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു.
“അന്നേരം ആ ഡയലോഗുകളൊക്കെ എങ്ങനെ പറഞ്ഞൊപ്പിച്ചു. ആരു പഠിപ്പിച്ചു തന്നു..?”
“മാമൻ തന്നെയല്ലെ എന്നേക്കൊണ്ട്  അത് പറയിപ്പിച്ചത്. ഞാൻ ഒന്നും കരുതിക്കൂട്ടി പറഞ്ഞതല്ല. അതെല്ലാം തന്നേ വന്നതാ...!”

അപ്പോഴാണ് നിമ്മിയുടെ വരവ്. അതോടെ അവരുടെ സംഭാഷണം മുറിഞ്ഞു.
വന്നവഴി നിമ്മി പറഞ്ഞു.
“മാമനോട് ഇനി ഇവിടെ കിടക്കാൻ പറ്റില്ലാന്ന് പറയാൻ പറഞ്ഞു ചേച്ചി....!”
മാധവൻ ചെറുതായൊന്നു ഞെട്ടിയത് ലക്ഷ്മി കണ്ടു.
മാധവൻ പറഞ്ഞു.
“ഇപ്പോൾ തന്നെ ആളുകൾ വന്നു തുടങ്ങും. ഇത്തിരി നേരം ചെറിയൊരു വിശ്രമം. അത്രേയുള്ളു... പിന്നെ മോൾക്ക് വിഷമമായോ.. ഇന്ന് നടന്ന കാര്യങ്ങളിൽ....?”
“എന്റെ വിഷമമല്ല പ്രധാനം. ചേച്ചിയുടെ വിഷമമാ കാണാൻ വയ്യാത്തത്.
ഇപ്പോഴും കരഞ്ഞോണ്ടിരിക്കാ....”
ലക്ഷ്മി പറഞ്ഞു.
“അന്നേരത്തെ സാഹചര്യത്തിൽ മാനം പോണ നേരത്ത് മനസ്സിൽ അങ്ങനെയേ വന്നുള്ളു...”
“ഞാനൊരു വയസ്സനായിപ്പോയില്ലെ ലക്ഷ്മി. അവൾക്ക് സങ്കടംല്യാണ്ടിരിക്കോ...”
മാധവൻ ഡെസ്ക്കിൽ കണ്ണടച്ചു കിടന്നു കൊണ്ടു തന്നെ പറഞ്ഞു.
“അയ്യോ മാമാ.. അതല്ല. ദൈവത്തെപ്പോലെ കാണുന്ന മാമൻ താലി കെട്ടിയതിൽ ചേച്ചിക്ക് സന്തോഷമേയുള്ളു. പക്ഷെ, ചേച്ചിയുടെ ജാതക ദോഷം, മാമനെ ബാധിച്ചാൽ ചേച്ചി ചത്തു കളയുമെന്നാ പറയണെ...!!?”
“ജാതക ദോഷം.. മണ്ണാങ്കട്ട... അതവിടെ നിൽക്കട്ടെ. നാളെ അവർ ചിലപ്പോൾ ഇങ്ങോട്ടു വരും, സുനിലിന്റെ വീട്ടുകാർ.. അപ്പോൾ എന്തു പറയണം...?”
“മാമാ.. ഞാൻ ...!”
അവൾ അത് മുഴുവനാക്കുന്നതിനു മുൻപു തന്നെ ലക്ഷ്മി ചാടിക്കയറി പറഞ്ഞു.
“നീ ഒന്നും പറയണ്ട. മാമൻ പറയുന്നതങ്ങോട്ട് അനുസരിച്ചാൽ മതി... ഇനി നിന്റെ അഭിപ്രായം ഇവിടെ ആർക്കും ആവശ്യമില്ല.. പോടി അകത്ത്...!”
ഇത്രക്കും ഉയർന്നിട്ടില്ലാത്ത അമ്മയുടെ ശബ്ദത്തിലെ മാറ്റം നിമ്മിയെ അമ്പരപ്പിച്ചു.
അവൾ മറിച്ചൊന്നും പറഞ്ഞില്ല.

അവൾ പോയിക്കഴിഞ്ഞതിനു ശേഷമാണ് മാധവൻ കണ്ണു തുറന്നത്.
അവൾ പോയെന്നുറപ്പു വരുത്തിയിട്ട് ചോദിച്ചു.
“ഇപ്പോൾ ഉയർന്ന ഈ ശബ്ദം കുറച്ചു മുൻപേ കാണിച്ചിരുന്നെങ്കിൽ ഈ നാടകത്തിന്റെ ഒന്നും ആവശ്യം വരികില്ലായിരുന്നു...”
“ഞാനങ്ങിനെ അവരോട് ഒരിക്കലും  ശബ്ദമുയർത്തി സംസാരിച്ചിട്ടില്ല. അവരുടെ അഛനും അങ്ങിനെ ചെയ്യാറില്ലായിരുന്നു...”
മാധവന് വല്ലാത്ത ദാഹം തോന്നി. ലക്ഷ്മിയോടയി പറഞ്ഞു.
“ലക്ഷ്മി കുറച്ചു വെള്ളം...”
ലക്ഷ്മി കേട്ടതും അകത്തേക്കാടി. ഓറഞ്ച് ജ്യൂസ് അടിച്ച് ഒരു ഗ്ലാസ്സിലാക്കി വേഗം തിരിച്ചു വന്നു.
പകുതിയേ കുടിച്ചുള്ളു. ഗ്ലാസ്സ് നീട്ടിയിട്ട് മാധവൻ പറഞ്ഞു.
“ഞാനൊന്നു കിടക്കട്ടെ....”
അതും പറഞ്ഞ് മാധവൻ കണ്ണടച്ചു കിടന്നു. കുറച്ചു നേരം മാധവനെ നോക്കി നിന്നു.
പിന്നെ  ഒരു  നെടുവീർപ്പിട്ടിട്ട്, ലക്ഷ്മി വീട്ടിനകത്തേക്ക് നടന്നു.

 ചുമ്മാ കിടന്നെങ്കിലും, ഇടക്കിടക്ക് തല പൊക്കി ഹോട്ടലിന്റെ വാതിൽക്കലേക്ക് കണ്ണു പായിക്കും. കണാരനേയും സെയ്തുവിനേയുമാണ് ആ കണ്ണുകൾ തേടുന്നത്. അവർ വൈകുന്തോറും തന്റെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നത് മാധവന് മനസ്സിലാകുന്നുണ്ടായിരുന്നു. ഇടക്ക് എഴുന്നേറ്റ് വാതിൽക്കൽ ചെന്ന് വഴിയിലേക്ക് നോക്കി നിൽക്കും. അവരെ കാണാതാവുമ്പോൾ നിരാശയോടെ വീണ്ടും വന്ന് കിടക്കും.
ഈ നാടകം കളിച്ചതെല്ലാം വെറുതെയാവുമോ...?
അതോടെ നെഞ്ചിടിപ്പ് കൂടും....

ഇടക്ക് ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടാണ് പടിക്കലേക്ക് ഓടിയെത്തിയത്.
ബഷീർ സദ്യക്കുള്ള സാധനങ്ങളുമായി വന്നതായിരുന്നു.
ബഷീർ കൊണ്ടു വന്ന വാർത്തയും മാധവന് ശുഭപ്രതീക്ഷയാണ് നൽകിയത്.
“പട്ടണത്തിൽ വെച്ച് തോമസ്സ് കോൺ‌ട്രാക്ടറെ കണ്ടിരുന്നു. പുള്ളിക്കാരൻ ഇവിടത്തെ വിവരങ്ങളെല്ലാം അറിഞ്ഞിരിക്കുന്നു.. കണാരേട്ടനും ഉപ്പച്ചിയും കൂടി തോമസ്സ് സാറിന്റെ കാറിൽ തന്നെ സുനിലേട്ടന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്...!”

 മാധവന് അത്യന്തം സന്തോഷം തന്ന ഒരു വാർത്തയായിരുന്നു അത്. 
ബഷീർ നാളത്തെ സദ്യക്കുള്ള ഇല സംഘടിപ്പിക്കാനായി പുറത്തേക്ക് തന്നെ പോയി. സദ്യക്കുള്ള ഒരുക്കങ്ങൾ അടുക്കളയിൽ ലക്ഷ്മിയും മക്കളും തുടങ്ങിയിരുന്നു.
എല്ലാത്തിന്റേയും ചിട്ടവട്ടങ്ങളെക്കുറിച്ച് ശരിക്കറിയാവുന്ന ലക്ഷ്മിക്ക് ഒരു  സദ്യയെന്നൊക്കെ പറഞ്ഞാൽ, അതിന്റേതായ ഒരങ്കലാപ്പും കാണിക്കാറില്ല. എല്ലാത്തിനും ഒരു നിസ്സാര മട്ട്. അവസാനം ഏറ്റവും നല്ല സദ്യ ഒരുക്കി ആ കൈപ്പുണ്യം തെളിയിക്കും. ഒരിക്കൽ ഊണു കഴിക്കാൻ വരുന്നവർ, പിന്നെ മറ്റൊരിടം തേടി പോകില്ല.

തൊഴിലാളികളിൽ കുറെയേറെപ്പേർ കൂടി എത്തിയതോടെ പെണ്ണുങ്ങളുടെ ഭാരം തീരെ കുറഞ്ഞു. ഗൌരി അടുക്കളയിൽ തന്നെക്കൊണ്ടായ സഹായങ്ങളെല്ലാം ചെയ്ത്,  തന്റെ വണ്ടിയിൽ ഇരുപ്പുണ്ടെങ്കിലും മാധവനെ നേർക്കുനേർ കാണാൻ കഴിയുന്ന രീതിയിലാണ് ഇരിക്കുന്നത്. മാധവനെ ഒരു മാത്ര കാണാതായാൽ ആ കണ്ണുകൾ ആകാംക്ഷപൂർവ്വം അവിടെയൊക്കെ പരതി നടക്കും. ഇടക്കിടക്ക് തന്റെ താലിയിൽ തെരുപ്പിടിപ്പിക്കും. ഇടക്ക്  പിടിച്ച് പൊക്കി നോക്കും ആരും കാണാതെ. എന്നിട്ട് മാധവനെ നോക്കും. ഒളിഞ്ഞു നിന്നാണെങ്കിലും  അതു കാണുമ്പോൾ ഉള്ളിലെ നീറ്റൽ ലക്ഷ്മിയുടെ കണ്ണുകളെ ഈറനാക്കുന്നുണ്ടായിരുന്നു.

പത്തു മണി കഴിഞ്ഞിട്ടാണ് കണാരനും സെയ്തും വന്നത്.
കൂട്ടത്തിൽ അപ്രതീക്ഷിതമായി തോമസ്സും എത്തി.
പുറത്ത് റോട്ടിൽ വച്ചാണ് അവർ വിവരങ്ങൾ കൈമാറിയത്.
“നാളെ ഉച്ച കഴിഞ്ഞ് അവരെല്ലാം എത്തും...
അന്നേരം ദിവസം, മുഹൂർത്തം എല്ലാം നിശ്ചയിക്കാം എന്നാ പറഞ്ഞത്...!!”
മാധവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വല്ലാതെ നനയുന്നുണ്ടായിരുന്നു.
തോമസ്സ് കാണാതിരിക്കാൻ മുഖം ഇരുട്ടിലേക്ക് തിരിച്ചു പിടിച്ചു.
പക്ഷേ, ആ മുഖം തോമസ്സിൽ നിന്നും മറച്ചു പിടിക്കാൻ മാധവന് കഴിഞ്ഞില്ല.
തോളത്ത് പിടിച്ച് മാധവനെ തന്റെ നേരെ തിരിച്ചിട്ട് തോമസ്സ് വികാരാധീനനായിത്തന്നെ പറഞ്ഞു.
“മാധവേട്ടാ.... ഈ കാൽക്കൽ വീണ് ഞാനൊന്ന് നമസ്ക്കരിച്ചോട്ടെ..!!”

 പറയുക മാത്രമല്ല കുനിയുക കൂടി ചെയ്തതോടെ മാധവൻ കയറിപ്പിടിച്ച് ഉയർത്തി നിറുത്തി തോമസ്സിനെ. പിന്നെ രണ്ടു പേരും കെട്ടിപ്പിടിച്ചു. അതിനു മുൻപു തന്നെ കണാരനും സെയ്തുവും കൂടി കുപ്പികളുമായി അകത്തേക്ക് പോയിരുന്നു. അതിന്റെ ആരവം അകത്തു നിന്നും ഉയർന്നു കേട്ടു. തോമസ്സ് വീണ്ടും പറഞ്ഞു.
“ഇന്നിവിടെ നടന്ന കാര്യങ്ങളൊക്കെ കേട്ടപ്പോൾ തന്നെ എനിക്കതിന്റെ കിടപ്പു വശം  പിടുത്തം കിട്ടിയിരുന്നു... ഇതിൽ ലക്ഷ്മിയുടെ സഹായമുണ്ടല്ലെ....!?”
മാധവൻ ഒന്നു മൂളി.
“എന്നാലും ഗൌരി എന്തു പറയുന്നു...?”
“ഗൌരിക്ക് ഒന്നുമറിയില്ല... അതാണ് എന്റെയൊരു മനഃസ്താപം. അവളുടെ മുഖത്തു നോക്കാൻ എനിക്ക് കഴിയുന്നില്ല. ഒരു കുറ്റബോധം എന്നെ പിടികൂടുന്നു...”
“ഹേയ് അങ്ങനെയൊരു കുറ്റബോധത്തിന്റെയൊന്നും ആവശ്യമില്ല. അവരുടെ തന്നെ  നല്ലതിനു വേണ്ടിയല്ലെ ഇതൊക്കെ....!”
“തോമസ്സ് എനിക്കൊരു ഉപകാരം കൂടി ചെയ്യണം. നിമ്മിയുടെ കല്യാണം എത്രയും വേഗം, എന്നു പറഞ്ഞാൽ ഏറ്റവും അടുത്ത നാളിൽത്തന്നെ നടത്താൻ മുൻ കയ്യെടുക്കണം. അല്ലെങ്കിൽ...?”

എന്തോ പന്തികേട് തൊട്ടറിഞ്ഞ തോമസ്സ് മാധവനെ ശ്രദ്ധിച്ചു നോക്കി.
തൊട്ടടുത്തു തന്നെ ഒന്നു രണ്ടു തൊഴിലാളികൾ വർത്തമാനം പറഞ്ഞ് നിൽക്കുന്നതു കൊണ്ട് മാധവനെ പിടിച്ച് കുറച്ചു കൂടി ഇരുട്ടത്തേക്ക് മാറ്റി നിറുത്തിയിട്ടാണ് ചോദിച്ചത്.
“എന്തിനാണ് ഇനി ഇത്ര ധൃതി പിടിക്കുന്നത്. അവർ സമ്മതിച്ചില്ലെ വിവാഹത്തിന്..”
“അതല്ല... “ മാധവൻ അതു പറയണോയെന്ന് ഒന്നു മടിച്ചു.
മാധവന്റെ മൌനം കണ്ട് തോമസ്സ് പറഞ്ഞു.
“എന്തായാലും പറയൂ.. എന്നോടല്ലെ. എന്നെ അറിയാമല്ലൊ മാധവേട്ടന്.... എന്തു സഹായത്തിനും ഞാനുമുണ്ടാകും...”
“അതറിയാം.. ആ മനസ്സ് ഞങ്ങളോടൊപ്പം ഇല്ലായിരുന്നെങ്കിൽ, ഇത്രയൊന്നും സുഖമായി ഈ ബിസിനസ്സ് നടത്തികൊണ്ടു പോകാനും, നന്നായി ജീവിക്കാനും കഴിയുമായിരുന്നില്ല. അതിന് ഞാനും ഈ കുടുംബവും തോമസ്സിനോട് ഏറ്റവും കടപ്പെട്ടിരിക്കുന്നു...!!”
“എന്തായാലും ആ മനസ്സിലുള്ളത് എന്നോട് തുറന്നു പറയൂ....”
“എനിക്ക് അധിക ദിവസമൊന്നും ഇനി ജീവിക്കാനാകില്ല.
ഇന്നു വേണമെങ്കിൽ ഇന്ന് സംഭവിക്കാം എന്റെ മരണം....!!”
തോമസ്സിന്റെ ഞെട്ടൽ കണ്ട് മാധവൻ ആ കൈകളിൽ ഒന്നു കൂടി മുറുക്കിപ്പിടിച്ചു.
തോമസ്സ് പരിഭ്രമത്തോടെ ചോദിച്ചു.
“എന്തായീ പറയണെ...?”

മാധവൻ തന്റെ ശരീരാവസ്ഥയും രോഗത്തെക്കുറിച്ചുള്ള ഡോക്ടറുടെ നിഗമനങ്ങളും, ഇതെല്ലാം ലക്ഷ്മിക്ക് മാത്രേ അറിയുകയുള്ളുവെന്നും വിശദമാക്കിയതോടെ തോമസ്സ് മൌനത്തിലാണ്ടു. ഈ മനുഷ്യസ്നേഹിയോട് എന്തു പറഞ്ഞാ, താൻ ആശ്വസിപ്പിക്കുകയെന്നറിയാതെ നിൽക്കുമ്പോഴാണ് ലക്ഷ്മി ധൃതി പിടിച്ച് കടന്നു വന്നത്. കുറച്ചു നേരമായി മാമനെ കാണുന്നില്ലെന്നുള്ള ഗൌരിയുടെ പരാതി കേട്ടിട്ടാണ് ലക്ഷ്മിയുടെ വരവ്.
അവരെ കണ്ടതും ലക്ഷ്മി ചിരിയോടെ തോമസ്സിനെ അകത്തേക്ക് ക്ഷണിച്ചു.

തോമസ്സിന്റെ മകൾ ടെസ്സിയും, സുനിലിന്റെ സഹോദരി സുനിതയും പിറ്റേന്ന് കാലത്തെ തന്നെ എത്തിയിരുന്നു.  ഉച്ച കഴിഞ്ഞ്, സദ്യക്ക് ശേഷമാണ് സുനിലും വീട്ടുകാരും എത്തിയത്. അവർക്ക് ബന്ധുക്കളെ ക്ഷണിക്കാനുള്ള സാവകാശത്തിനായി പത്തു ദിവസം വേണമെന്നു പറഞ്ഞപ്പോൾ മാധവന് മറിച്ചൊന്നും പറയാൻ കഴിഞ്ഞില്ല.

കല്യാണം ഇവിടെ വച്ച് നടത്തണമെന്നായിരുന്നു ലക്ഷ്മിയുടെ മോഹം.
പക്ഷെ, റോഡിൽ നിറയെ കരിങ്കൽ ചീളുകൾ ഇറക്കിയിട്ടുള്ളതു കൊണ്ട് വണ്ടിക്ക് വരാൻ കഴിയില്ലെന്നതുകൊണ്ടാണ് സുനിലിന്റെ അഛന്റെ നിർദ്ദേശപ്രകാരം ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. അന്നു വൈകുന്നേരം അവരുടെ വക ഒരു ചായസൽക്കാരവും നടക്കേണ്ടതുണ്ടായിരുന്നു. അതിനാൽ ഒരു ദിവസത്തേക്ക് പൂർണ്ണമായും വാടകക്കെടുക്കാൻ തീരുമാനിച്ചു.

അവർ ഒന്നും തന്നെ ചോദിച്ചിട്ടില്ലായിരുന്നു.
വിൽക്കാനായി വച്ച പത്തു സെന്റ് സ്ഥലം വിറ്റു കിട്ടുന്ന തുകക്ക് മുഴുവൻ സ്വർണ്ണം വാങ്ങാൻ മാധവനും ലക്ഷ്മിയും തീരുമാനിച്ചു.


 രാത്രിയിൽ എല്ലാവരും പിരിഞ്ഞതിനു ശേഷമാണ് മാധവൻ ഒന്നു നടു നിവർത്താനായി തന്റെ ഡെസ്ക്കിൽ കിടന്നത്. ഗൌരിയുടെ വണ്ടിയും തള്ളി നിമ്മിയും, പിന്നാലെ ലക്ഷ്മിയും എത്തി.
എല്ലാവരും എത്തിയെന്നറിഞ്ഞിട്ടും മാധവൻ കണ്ണു തുറക്കാൻ പോയില്ല.
നിമ്മിയാണ് തുടക്കമിട്ടത്.
“മാമാ... ” അനക്കമൊന്നുമില്ലാതായപ്പോൾ വീണ്ടൂം വിളിച്ചു.
“മാമാ...?
എന്നിട്ടും കണ്ണു തുറക്കാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് ഗൌരി ശരിക്കും കുലുക്കി വിളിച്ചു. തനിക്കതിനുള്ള അധികാരമുണ്ടെന്നുള്ള മട്ടിലായിരുന്നു വിളി.
മാധവൻ ചിരിച്ചു കൊണ്ടു കണ്ണു തുറന്നു.
അപ്പോഴേക്കും ലക്ഷ്മി ചോദിച്ചു.
“കഴിക്കാനുള്ളത് കൊണ്ട് വരട്ടെ...?”
“ങൂം....”

ലക്ഷ്മി പോകുന്ന പോക്കിൽ നിമ്മിയുടെ തോളത്തു തട്ടി, തന്റെ കൂടെ വരാൻ ആംഗ്യം കാണിച്ചു. നിമ്മിയും എഴുന്നേറ്റ് പോയതോടെ മാധവനും ഗൌരിയും തനിച്ചായി.

ഗൌരി മാധവന്റെ കൈപ്പത്തി കയ്യിലെടുത്ത് തന്റെ നെഞ്ചോട് ചേർത്തമർത്തിപ്പിടിച്ചു. മാധവന് വിഷമം തോന്നിയെങ്കിലും കൈ പിൻ‌വലിച്ചില്ല. ഗൌരി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇന്നലെ ഞാൻ ഉറക്കമിളച്ച് ഒരുപാട് നേരം കാത്തിരുന്നു...!”
മാധവൻ അപ്പോഴും ഒന്നും മിണ്ടിയില്ല. മുകളിലേക്ക് നോക്കി കിടന്നതേയുള്ളു.
മറുപടി ഇല്ലാതായതോടെ ഗൌരിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഇവളോട് എന്തു പറഞ്ഞാണ് ആശ്വാസം കൊടുക്കുകയെന്ന്  ഒരെത്തു പിടിയും കിട്ടിയില്ല. നിമ്മിയുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ വേണ്ടി,  അമ്മയും ഞാനും കൂടി നടത്തിയ ഒരു നാടകമായിരുന്നു ഈ താലി കെട്ടെന്ന് ഇവളോട് എങ്ങനെ പറയും...!

പക്ഷെ, പിന്നീടുള്ള ഗൌരിയുടെ നീക്കങ്ങൾ, താൻ മനസ്സിൽ ഉദ്ദേശിച്ചത്  അവൾ വായിച്ചറിഞ്ഞതുപോലെ തോന്നിയത് മാധവന്റെ നെഞ്ചിടിപ്പ് ക്കൂട്ടി.
ഗൌരി വിളിച്ചു.
“ദേ... നോക്ക് മാമാ....”
മാധവൻ പതുക്കെ തലതിരിച്ച് നോക്കി.
ഗൌരി താലിമാല പൊക്കി കാണിച്ചിട്ട് പറഞ്ഞു.
“ഈ താലി സത്യമല്ലെ...?”
മാധവൻ തല കുലുക്കി.
“ഇതു എന്റെ കഴുത്തിൽ കെട്ടിത്തന്നത് ഈ കൈകളല്ലെ...?”
 ഗൌരി എന്തു ചോദിച്ച് തന്നെ മുട്ടുകുത്തിക്കാനുള്ള  പുറപ്പാടാണന്നറിയാതെ, അല്ലെങ്കിൽ ഇതൊന്നും ഒരു നാടകമല്ലെന്നു പറയാനാണൊ ഗൌരി ശ്രമിക്കുന്നതെന്നറിയാതെ മാധവൻ കണ്ണുമിഴിച്ച് ഗൌരിയെ നോക്കി......!?



  20
നാടകം സഫലമാകുന്നു...

മാധവന്റെ മൌനം ഗൌരിയെ വീണ്ടും ആ ചോദ്യം ചോദിപ്പിച്ചു.
“മാമനല്ലെ എന്റെ കഴുത്തിൽ ഇതു കെട്ടിയത്...”
“ങൂം...!”
പെട്ടെന്ന് ഗൌരിയുടെ മുഖമാകെ വാടി.
പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു.
“എനിക്കറിയാം... മാമന്റെ ഇഷ്ടത്തോടെയല്ല ഇതെന്ന്. അന്നേരത്തെ ഒരു പ്രതിസന്ധിയിൽ മാനം രക്ഷിക്കാൻ അമ്മ കണ്ടെത്തിയ വഴിയാണിത്...!”

“അങ്ങനെയൊന്നും മോളിതിനെ കാണണ്ട... ആ മാനം രക്ഷിക്കൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രമായിരുന്നെങ്കിലോ...!?”
ഗൌരിയുടെ വിടർന്ന കണ്ണുകൾ മാമന്റെ നേരെ തിരിഞ്ഞു.
“എന്താ മാമനീ പറയുന്നത്....?!!”

സത്യാവസ്ഥ ഇവളോട് തുറന്നു പറഞ്ഞില്ലെങ്കിൽ, താൻ വല്ലാത്തൊരു പ്രതിസന്ധിയിൽ ചെന്നു പെടുമെന്ന് മാധവൻ ഊഹിച്ചു. അതുകൊണ്ട് എല്ലാം  തുറന്നു പറയാൻ തന്നെ തീരുമാനിച്ചു. നാലുപാടും ഒന്നു നോക്കി, വളരെ ശബ്ദം താഴ്ത്തി ചോദിച്ചു.
“ഗൌരിമോളുടെ ഏറ്റവും വലിയ സന്തോഷം ഏതാ...?”
“നിമ്മിയുടെ കല്യാണം... അവളെങ്കിലും രക്ഷപ്പെട്ടുകാണണം...!”

“അതെ... നമ്മുടെ മുന്നിലെ ഏറ്റവും വലിയ പ്രശ്നം നിമ്മിയുടെ കല്യാണമാണ്. അതു നടക്കണമെങ്കിൽ ചേച്ചിയുടെ കല്യാണം കഴിയണമെന്ന് അവളുടെ വാശി. ജാതക ദോഷത്തിന്റെ പേരു പറഞ്ഞ് മോളതിനു സമ്മതിക്കുമോ...?”
“ഇല്ല...”
“പിന്നെന്തു ചെയ്യും...? നിമ്മിക്കു വന്ന  ആ നല്ലൊരു പയ്യനെ നഷ്ടപ്പെടുത്താൻ എന്തായാലും ഞാനൊരുക്കമല്ലായിരുന്നു. ലക്ഷ്മിക്കാണെങ്കിൽ നിങ്ങളെ ദ്വേഷ്യപ്പെടാൻ വയ്യ. അതു കൊണ്ടാ ബലമായിട്ട്, പറയുന്നത് അനുസരിച്ചില്ലെങ്കിൽ  ഞാനിറങ്ങിപ്പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി  ലക്ഷ്മിയേക്കൊണ്ട് ഈ നടകം കളിക്കാൻ സമ്മതിപ്പിച്ചത്...!!!”
ഏതോ അവിശ്വസനീയമായ ഒരു കെട്ടു കഥ കേട്ടിരിക്കുന്നതു പോലെ ഗൌരി വായും പൊളിച്ചിരുന്നു.

മാധവൻ നെഞ്ചു തടവി ഉയർന്നു വന്ന ചുമയെ തടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആ നെഞ്ചിൽ ഗൌരിയുടെ കയ്യും സ്ഥാനം പിടിച്ചു. ചുമ താഴ്ന്നപ്പോൾ മാധവൻ ഗൌരിയുടെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“മോള് മാമന് വാക്കു തരണം.. ഈ  വിവരം ഒരു കാരണവശാലും  നിമ്മിയെ അറിയിക്കില്ലെന്ന്... അവളറിഞ്ഞാൽ ഒരു പക്ഷെ, വിവാഹത്തിൽ നിന്നും പിന്മാറിയാൽ...?”
ഗൌരി തലയാട്ടിയിട്ട് പറഞ്ഞു.
“ഇല്ല മാമാ... ഞാനൊരിക്കലും പറയില്ല...!”
“ആദ്യം അവളുടെ വിവാഹം ഭംഗിയായി നടക്കട്ടെ. അതു കഴിഞ്ഞിട്ടേയുള്ളു ബാക്കിയൊക്കെ...!?”
“ഊം... ”

പിന്നെയും ഗൌരി എന്തൊക്കെയോ ചിന്താഭാരത്തോടെ  താലിമാലയിൽ തെരുപ്പിടിച്ചു. ആ താലി എടുത്തുയർത്തിയിട്ട്  പറഞ്ഞു.
“ഈ താലി സത്യമാണ്. ഇത് കെട്ടിത്തന്ന കൈകളും സത്യമാണ്. ഇതിനകത്ത് ഒരു നാടകവും ഞാൻ സമ്മതിക്കില്ല....! ഞാനങ്ങനെ വിശ്വസിച്ചോട്ടെ....?”
മാധവൻ തന്റെ കണ്ണുകളടച്ച് തലയൊന്നാട്ടി.
“നിമ്മിയുടെ കല്യാണം കഴിയുന്നതു വരെ ഞാൻ കാത്തിരിക്കും...!”
അതും പറഞ്ഞവൾ മാമന്റെ കൈവെള്ളയിൽ ഒരു ചുംബനമർപ്പിച്ചു.
പിന്നെ താലി പൊക്കി രണ്ടു കണ്ണിലും മുട്ടിച്ച്  ചുംബിച്ചു.

അപ്പോഴേക്കും ജൂസുമായി ലക്ഷ്മി തിരിച്ചു വരുന്നുണ്ടായിരുന്നു. ഗൌരി പതുക്കെ തന്റെ വണ്ടി ഉരുട്ടിത്തുടങ്ങിയിരുന്നു. 
പിന്നാലെ വന്ന നിമ്മി പറഞ്ഞു.
“മാമനിനി ഇവിടെ കിടക്കാൻ ഞങ്ങൾ സമ്മതിക്കില്ല....”
അതുകേട്ട് ഗൌരി പറഞ്ഞു.
“വേണ്ട... നിന്റെ കല്യാണം കഴിയാതെ മാമൻ അകത്തു കയറി കിടക്കില്ലാന്ന് വാശിയിലാ... ഞാനുമതു സമ്മതിച്ചു...!”
അതോടെ മാമനെ ഒന്നുഴിഞ്ഞു നോക്കി, ആ മുഖത്തൊന്ന് തടവിയിട്ട് നിമ്മി പറഞ്ഞു.
“ഇങ്ങനത്തെ വാശിയൊന്നും കൊള്ളില്ലാട്ടൊ മാമാ...”
 നിമ്മി ഗൌരിയേയും തള്ളിക്കൊണ്ട് അകത്തേക്ക് പോയി.

 ദിവസങ്ങൾ എത്ര പെട്ടെന്നാണ് നീങ്ങിയത്.
ചൂട് കുറഞ്ഞത് തെല്ലൊരു ആശ്വാസമാണ് തന്നത്.
രാത്രിയിൽ തണുത്ത കാറ്റ് വീശാനും തുടങ്ങിയതോടെ തവളകളും ചീവീടുകളും മഴയെ വരവേൽക്കാനുള്ള  തങ്ങളുടെ യഞ്ജം ആരംഭിച്ചു കഴിഞ്ഞിരുന്നു. മഴക്കു മുൻപ് ഹോട്ടലിനു മുന്നിലെ റോഡ് മെറ്റൽ വിരിക്കാൻ കഴിയില്ലെന്ന് ബഷീർ പറഞ്ഞു.
മഴ രാത്രിയിൽ കുറേശ്ശെ ചാറാനും തുടങ്ങിയിരുന്നു....

വെറും ഡെസ്ക്കിൽ കാറ്റേറ്റ് കിടക്കുന്ന മാമനെ ഓർത്ത് ഗൌരിക്ക് ഉറക്കം വന്നില്ല. തന്റെ നെഞ്ച് വല്ലാതെ വിങ്ങുന്നതായി ഗൌരിക്ക് തോന്നി. ഈ കട്ടിലിൽ തന്നോടൊപ്പം കിടക്കേണ്ട മാമനെ പുറത്ത് കിടത്തിയത് ഒട്ടും ശരിയായില്ലെന്നവളുടെ അന്തരംഗം മന്ത്രിച്ചു കൊണ്ടിരുന്നു...
തനിയെ എഴുന്നേറ്റ് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ....
തൊട്ടടുത്ത് കട്ടിലിൽ സുഖമായുറങ്ങുന്ന നിമ്മിയെ കണ്ടതും അവൾ തളർന്നു.  ഒരുവേള ഗൌരിക്ക് കരയണമെന്ന് തോന്നി.
മാമനോട് എന്തോ കഠിനമായ തെറ്റു ചെയ്തെന്ന തോന്നൽ പിന്നേയും പിന്നേയും മനസ്സിനെ ചുട്ടു പൊള്ളിച്ചുകൊണ്ടിരുന്നു.


തോമസ്സ് കോൺട്രാക്ടർ വാക്കു പറഞ്ഞതു പോലെ തന്നെ ആവശ്യമായ ആഭരണങ്ങൾ എല്ലാം വാങ്ങിത്തന്നു. കൂട്ടത്തിൽ അമ്മക്കൊരു താലി മാല വാങ്ങാൻ മക്കൾ രണ്ടു പേരും മറന്നില്ല. ലക്ഷ്മിക്കതിനോട് യോജിപ്പില്ലായിരുന്നു. ഇനി  തനിക്കതിന്റെ ആവശ്യമില്ലെന്നായിരുന്നുവെങ്കിലും, ഒഴിഞ്ഞ കഴുത്തുമായി നടക്കാൻ സമ്മതിക്കില്ലെന്നുള്ള മക്കളുടെ പിടിവാശിക്കു മുന്നിൽ സമ്മതിച്ചാണ്.

കല്യാണ ദിവസം താൻ വീട്ടിലിരിക്കുകയുള്ളുവെന്ന് മാധവൻ പറഞ്ഞെങ്കിലും ലക്ഷ്മിയും മക്കളും സമ്മതിച്ചില്ല. ധാരാളം ആളുകൾ കൂടുന്ന സ്ഥലമാണ്. തന്റെ സാന്നിദ്ധ്യം ലക്ഷ്മിക്കും മക്കൾക്കും ഒരു പോരായ്മയായി തോന്നരുതെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്.
‘മാമന്റെ കാല് തൊട്ടു വന്നിച്ചിട്ടു വേണം മണ്ഡപത്തിലേക്ക് കയറാനെന്നും, പെണ്ണിനെ കൈപ്പിടിച്ച് കൊടുക്കേണ്ടത് മാമനാണെന്നും കൂടി പറഞ്ഞ്’ ലക്ഷ്മി ഒറ്റക്കാലിൽ നിന്നതോടെ മാധവൻ താഴ്ന്നു.
കണാരനും സെയ്തുക്കായും കൂടി ‘മാമനു മാത്രമേ അതിനർഹതയുള്ളു’വെന്നുകൂടി പറഞ്ഞതോടെ മാധവൻ  വരാമെന്നു സമ്മതിച്ചു.

ഹോട്ടലിൽ ഊണു കഴിക്കാൻ വരുന്ന തൊഴിലാളികളായിരുന്നു പെൺ‌വീട്ടുകാരുടെ ബന്ധുക്കൾ... അതുകാരണം തോമസ്സിന് അന്നേ ദിവസം അവധി കൊടുക്കേണ്ടി വന്നു.
അന്ന്,  കാലത്തെ തന്നെ എല്ലാവരും അണിഞ്ഞൊരുങ്ങി.
ഇവിടെ വന്നവർക്ക് പോകാനായി റോഡു വരെ ഓട്ടോയിൽ എത്തിച്ചു. അവിടെ നിന്നും  ബസ്സും ഒരു കാറും.

 നിമ്മിയെ ഒരുക്കാനായി ഓഡിറ്റോറിയത്തിൽ തന്നെ ആളെത്തി കാത്തിരിക്കുന്നുണ്ടായിരുന്നു. ഉറ്റ കൂട്ടുകാരിക്കു വേണ്ടി ടെസിയും സുനിതയും കൂടി ഏർപ്പാടാക്കിയതായിരുന്നു അതൊക്കെ. നിമ്മിയുടെ ഒരുക്കങ്ങൾ കഴിഞ്ഞിരിക്കുമ്പോഴാണ് ഗൌരിയുടെ വണ്ടിയും തള്ളി ലക്ഷ്മി എത്തിയത്.

ചേച്ചിയേയും അമ്മയേയും കണ്ടപ്പോഴേ നിമ്മിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അമ്മയേയും മക്കളേയും ഒറ്റക്ക് വിട്ട് കൂട്ടുകാരികൾ പുറത്തേക്ക് പോയി. ലക്ഷ്മി നിമ്മിക്ക് ആവശ്യമായ ഉപദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു. വൈകുന്നേരത്തെ പാർട്ടിക്ക് തങ്ങൾ നിൽക്കില്ലെന്നും, അതിനു മുൻപേ വീട്ടിലേക്ക് പോകുമെന്നും ലക്ഷ്മി പറഞ്ഞു. അല്ലെങ്കിൽ നാളത്തെ ഹോട്ടലിന്റെ കാര്യം അവതാളത്തിലാകും. തൊഴിലാളികളെ പട്ടിണിയ്ക്കിടാൻ പറ്റില്ല.

അപ്പോഴാണ് മാമനെ കാണുന്നില്ലല്ലൊയെന്ന മട്ടിൽ ഗൌരി നാലുപാടും നോക്കിയത്.
അതു മനസ്സിലാക്കിയ ലക്ഷ്മി പറഞ്ഞു.
“മാമൻ തങ്ങളുടെ പിന്നിൽ ഉണ്ടായിരുന്നതാണല്ലൊ.. പിന്നെവിടെപ്പോയി...?”
അതും പറഞ്ഞ് ലക്ഷ്മി മാമനേയും തേടി പുറത്തേക്ക് പോയി. 

ഇന്ന്, പകൽ മഴയില്ലാതെ നിന്നത് പ്രകൃതിപോലും അനുഗ്രഹിച്ച മുഹൂർത്തമായി മാധവന് തോന്നി. നിമ്മിയെ അനുഗ്രഹിക്കുമ്പോഴും, നിമ്മിയെ കൈ പിടിച്ച് സുനിലിനെ ഏൽ‌പ്പിക്കുമ്പോഴും മാധവൻ ശരിക്കും വിറകൊണ്ടു... 
ഇടക്കെപ്പോഴോ വന്നു ചേർന്ന ഉത്തരവാദിത്വവും, അതിന്റെ  പൂർത്തീകരണവും ഭംഗിയാക്കാൻ കഴിഞ്ഞതിൽ  അഭിമാനം പൂണ്ട ആ കണ്ണുകൾ നിറഞ്ഞു. ഇടക്ക് ബാലൻസ് തെറ്റി അറിയാതെ ഒന്നു തേങ്ങിപ്പോയപ്പോൾ ലക്ഷ്മിയുണ്ടായിരുന്നു തൊട്ടു പിറകിൽ താങ്ങിനായി...!

അന്നേരമാണ് മാമൻ ഈ നേരം വരേയും ഒന്നും കഴിച്ചിട്ടില്ലെന്ന ബോധം ലക്ഷ്മിയിൽ ഉണ്ടായത്. മാധവനുള്ള ഭക്ഷണമുണ്ടാക്കാൻ പറ്റിയ സൌകര്യങ്ങളൊന്നും ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നില്ല. 

എല്ലാം കഴിഞ്ഞ് സൽക്കാരത്തിനിടെ  യാത്ര പറഞ്ഞ് പോരുമ്പോൾ ഗൌരി ഏറ്റവും സന്തോഷവതിയായിരുന്നു. സന്തോഷം വരുമ്പോൾ വളരെയധികം സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ഗൌരി. മാത്രമല്ല, വർഷങ്ങളായി തങ്ങളുടെ വീട് വിട്ട് അധികമൊന്നും പുറത്തുപോയിട്ടില്ലാത്ത ഗൌരിക്ക് ഈ യാത്ര ഒരു പുതിയ അനുഭവം തന്നെയായിരുന്നു. അവളുടെ സന്തോഷ പ്രകടനങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ട് ലക്ഷ്മി തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. മുൻപിലിരിക്കുന്ന മാധവന്റെ മുഖം അവർ കണ്ടില്ല.

പട്ടണം വിട്ടതോടെ മഴ ശരിക്കും പെയ്യാൻ തുടങ്ങിയിരുന്നു....
വണ്ടി വളരെ പതുക്കെ മാത്രമെ ഓടിക്കാൻ കഴിയുമായിരുന്നുള്ളു.

ഗൌരിയോട് പറഞ്ഞിരിക്കുന്ന അവധി ഇതോടെ തീരുകയാണെന്ന സത്യമാണ് അവളെ  ഇത്രക്ക് സന്തോഷവതിയാക്കുന്നതെന്നത്  മാധവനെ വല്ലാതെ പൊള്ളിച്ചു....!

മിക്സിയിലടിച്ചു കൊടുക്കാൻ കഴിയാത്തതു കൊണ്ട് പാവം മാമൻ ഇന്നൊന്നും കഴിച്ചിട്ടില്ലെന്ന തിരിച്ചറിവ്, എത്രയും വേഗം വീട്ടിലെത്താൻ മനഃമുരുകി പ്രാർത്ഥിക്കുകയായിരുന്നു ലക്ഷ്മി...!

എല്ലാത്തിനുപരി ഇന്നു തന്റെ പുരുഷനോടൊപ്പമുള്ള ആദ്യരാത്രിയാണെന്ന തിരിച്ചറിവിൽ, താലി കൈകളിൽ  കൂട്ടിപ്പിടിച്ച്  പതിവിലേറെ വാചാലയാകുകയായിരുന്നു ഗൌരി....!!


 21
മിറാക്കിൾ...

 വീട്ടിലെത്തിയപ്പോൾ സെയ്തുക്കായും കണാരേട്ടനും ബഷീറിന്റെ ഉമ്മയും മറ്റും പടിക്കൽ തന്നെ ഉണ്ടായിരുന്നു. നാളത്തെ ഹോട്ടൽ മുടക്കാനാവില്ലല്ലൊ. അതിന്റെ പണികളിലായിരുന്നു എല്ലാവരും. കാറിന്റെ ശബ്ദം കേട്ടാണ് എല്ലാവരും ഓടി വന്നത്.

ഗൌരിയെ കാറിൽ നിന്നും ഇറക്കി തന്റെ വണ്ടിയിൽ ഇരുത്തി വീട്ടിനകത്തേക്ക് കൊണ്ടു പോയി ബഷീറിന്റെ ഉമ്മ. അതൊന്നും കാണാനോ സഹായിക്കാനോ നിൽക്കാതെ ലക്ഷ്മി അകത്തേക്കോടി. നിമിഷ നേരം കൊണ്ട് മാധവനുള്ള ജൂസ്സുമായി ലക്ഷ്മി തിരിച്ചെത്തി.
അത് മുഴുവൻ മാധവൻ കുടിക്കുന്നത് കണ്ടിട്ടേ ലക്ഷ്മി നിന്നിടത്തു നിന്ന് അനങ്ങിയുള്ളു.

കല്യാണ വിശേഷങ്ങൾ പറഞ്ഞിരുന്ന് നേരം പോയതറിഞ്ഞില്ല.
രാത്രി വൈകിയതോടെ  എല്ലാവരും കാലത്ത് വരാമെന്ന് പറഞ്ഞ് യാത്രയായി.
ഉച്ചക്ക് സദ്യ കഴിച്ചതു കൊണ്ടാകും ആർക്കും വിശപ്പ് തോന്നിയില്ല. ഗൌരിക്ക് ഒന്നും വേണ്ടെന്നവൾ വന്നപ്പോൾ  തന്നെ പറഞ്ഞിരുന്നു. സന്ധ്യ കഴിഞ്ഞാണവൾ അമ്മയുടെ സഹായത്തോടെ കുളിക്കാൻ കയറിയത്.

ഇന്നൊരു നിമിഷം പോലും നടുവൊന്നു നിവർത്താൻ കഴിയാത്തതു കൊണ്ടും, ഭക്ഷണമൊന്നും കഴിക്കാത്തതു കൊണ്ടും ക്ഷീണിതനായ മാധവൻ തന്റെ ഡെസ്ക്കിൽ കയറി നിവർന്നു കിടന്നു.
ആ ജൂസ്കൂടി കഴിച്ചതോടെ ക്ഷീണം ഒന്നുകൂടി വർദ്ധിച്ചു. ഇന്നു കാലത്തു മുതൽ വല്ലാത്തൊരു അസ്വസ്തത തോന്നിയിരുന്നെങ്കിലും കല്യാണത്തിരക്കിൽ കാര്യമാക്കിയില്ല. വെറുതെ കണ്ണുകളടച്ച് മലർന്നു കിടന്ന് മാധവൻ കല്യാണം ഒന്നു കൂടി കാണുകയായിരുന്നു.
അതിനിടക്ക് എപ്പൊഴോ മാധവൻ ഒന്നു മയങ്ങിപ്പോയിരുന്നു.

ബഷീർ വന്ന് വിളിച്ചുണർത്തിയപ്പോഴാണ് മാധവൻ കണ്ണു തുറന്നത്. കുറച്ചു കഴിഞ്ഞ് അവൻ സെക്കന്റ് ഷോ കാണാനായി പോകുകയാണെന്ന് പറഞ്ഞപ്പോൾ മാധവൻ പറഞ്ഞു.
“ഈ പെരും മഴയത്ത് എന്തു കാണാനാടാ മോനേ..  കല്യാണത്തിന് നിനക്ക് പിടിപ്പത് പണിയുണ്ടായിരുന്നില്ലെ... ഇവിടെങ്ങാനും കിടന്നുറങ്ങടാ..”
“എന്നാൽ ഞാൻ കൂട്ടുകാരുടെ അടുത്ത് പറഞ്ഞിട്ട് വരാം...”
അതും പറഞ്ഞ് ബഷീർ സൈക്കിളുമായി പോയി...

മയക്കം കഴിഞ്ഞെങ്കിലും മാധവൻ ഡെസ്ക്കിൽ തന്നെ കിടന്നു.
പിന്നെ ലക്ഷ്മി വന്ന് കയ്യിൽ പിടിച്ചപ്പോഴാണ് എഴുന്നേറ്റത്.
“വെള്ളം ചൂടാക്കി കൊണ്ടു വച്ചിട്ടുണ്ട്. കുളിയ്ക്കണ്ടെ...?”
മാധവൻ തലയാട്ടിയിട്ട് ഹോട്ടലിന്റെ അടുക്കള വഴി പിന്നാമ്പുറത്തിറങ്ങി.
അവിടെ ഒരു തെങ്ങിൻ ചുവട്ടിലാണ് സാധാരണ കുളിക്കാറ്.
ഇന്ന് മഴയുള്ളതുകൊണ്ടാണ് അമ്മിക്കല്ലിനോട് ചേർന്നുള്ള ഇത്തിരി ഒഴിഞ്ഞ സ്ഥലത്ത് ലക്ഷ്മി ചൂടുവെള്ളം വച്ചിരുന്നത്. പുറത്ത് കോരിച്ചൊരിയുന്ന മഴയും നോക്കി ചൂടുവെള്ളം മേത്തൊഴിച്ച് കുളിക്കാൻ നല്ല സുഖം തോന്നി. സോപ്പ്  തേക്കുന്ന പതിവൊന്നും മാധവനില്ല. തോർത്ത് നനച്ച് ദേഹത്തൊക്കെ നല്ലവണ്ണം അമർത്തി തുടക്കും. പിന്നെ കുറച്ചു കൂടി വെള്ളം ഒഴിച്ചു ഒന്നു കൂടി കഴുകിയാൽ മാധവന് തൃപ്തിയായി.

കുളി കഴിഞ്ഞ് അടുക്കളയിലേക്ക് കയറുമ്പോഴേക്കും ലക്ഷ്മി ലുങ്കിയുമായി അവിടെ കാത്തിരിക്കുന്നുണ്ടാവും. ഈയിടെയായി അങ്ങനെയാണ് ലക്ഷ്മി. മാധവൻ ഒറ്റയ്ക്കാണെങ്കിൽ തൊട്ടടുത്തു തന്നെ ലക്ഷ്മിയും കാണും. മാധവന്റെ അരോഗ്യസ്ഥിതിയെപ്പറ്റി ഡോക്ടർ കൊടുത്ത മുന്നറിയിപ്പിനു ശേഷമാണ് ലക്ഷ്മിയിൽ ഈ ജാഗ്രത കാണാനായത്.
അന്നൊരിക്കൽ മാധവൻ പറയുകയും ചെയ്തു.
“ഈയാള് പേടിക്കണ്ടടോ... ഇപ്പോഴൊന്നും ഞാൻ പോകില്ല. നിമ്മിയുടെ കല്യാണമൊക്കെ കഴിഞ്ഞിട്ടേ....!”
അത്രയും പറഞ്ഞപ്പോഴേക്കും ലക്ഷ്മി മാധവന്റെ വായ പൊത്തി.
“ഇങ്ങനെ അരുതാത്തതൊന്നും പറയണ്ട.....”
അതോടെ ലക്ഷ്മിയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയത് മാധവനും വേദനയുണ്ടാക്കി.

മാധവൻ കുളി കഴിഞ്ഞ് തന്റെ ഡെസ്ക്കിൽ വന്നിരുന്നു.
നനഞ്ഞ തുണിയുമായി അകത്തേക്കു പോയ ലക്ഷ്മി  മിക്സിയിൽ അടിച്ച കഞ്ഞിയുമായാണ് വന്നത്. കുറച്ച് മോരും ഉപ്പും മാത്രമേ കഞ്ഞിയിൽ വേണ്ടിയിരുന്നുള്ളു. അച്ചാറു കൂടി ഉണ്ടായാൽ ‘ബഹു വിശേഷായീന്നാ’ പറയുക. പക്ഷേ, എരുവൊന്നും ഈയിടെയായി വായിൽ തൊടീക്കാൻ വയ്യ. പ്രാണൻ പോകുന്ന എരിച്ചിലായിരിക്കും പിന്നെ. അതുകൊണ്ട് അച്ചാർ തൊടീക്കാറില്ല ലക്ഷ്മി. സ്വാദുള്ള കഞ്ഞിയായിട്ടും കുറച്ചെ കുടിക്കാനായുള്ളു. അപ്പോഴേക്കും മടുപ്പു തോന്നിയിട്ട് നിറുത്തി. ലക്ഷ്മി പാത്രത്തിൽ നോക്കിയിട്ട് പറഞ്ഞു.
“അയ്യൊ.. ഇതൊട്ടും കഴിച്ചില്ലല്ലൊ....”
“അതു മതി. വായയ്ക്കൊന്നും ഒരു രുചിയും തോന്നണില്ല... ഇഷ്ടമില്ലാതെ കഴിച്ചാൽ പിന്നെ ശർദ്ദിക്കും...”
പാത്രം വാങ്ങി ഒരു നടുവീർപ്പോടെ ലക്ഷ്മി അകത്തേക്ക് പോയി...

മഴയുടെ ശക്തി കൂടുകയാണെന്ന്  ജനാലയിലൂടെ അടിച്ചു കയറിയ കാറ്റ് വിളിച്ചു പറഞ്ഞു.
മാധവൻ എഴുന്നേറ്റു ചെന്ന് ജനാലയിലെ  തട്ടിക കാറ്റ് കടക്കാത്ത വിധം അടച്ചു വച്ചു.
മാധവൻ ഗേയ്റ്റും അടച്ച് കുറ്റിയിട്ട് വീണ്ടും തന്റെ ഡെസ്ക്കിൽ വന്നിരുന്നു.
അപ്പോഴേക്കും ലക്ഷ്മിയും എത്തി.
ലക്ഷ്മിയെ കണ്ടതും മാധവൻ പറഞ്ഞു.
‘അടുത്ത  വേനലിനു ഓല മാറ്റി ഓടോ ആസ്ബസ്റ്റോസ്സൊ മേയണം...  നിമ്മിയുടെ കല്യാണത്തിനായി വിൽക്കാനുള്ള സ്ഥലത്തിന് കിട്ടുന്ന കാശിൽ ബാക്കിയുണ്ടാകും.   അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാനാകും..”

ഒരു പുതിയ ഷർട്ടും മുണ്ടും മാധവന്റെ നേരെ നീട്ടിയിട്ട് ലക്ഷ്മി പറഞ്ഞു.
“ഇതിട്ടോളൂ.. തണുക്കില്ല...”
മാധവൻ പുതുവസ്ത്രങ്ങൾ കയ്യിലിട്ട് തിരിച്ചും മറിച്ചും നോക്കി.
പിന്നെ സാവധാനം ലക്ഷ്മിയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി...
ലക്ഷ്മി മാധവന്റെ മുഖത്തു നോക്കാതെ ശബ്ദം താഴ്ത്തി പറഞ്ഞു.
“കുളിച്ചൊരുങ്ങി, സെറ്റുടുത്ത്, മുല്ലപ്പൂവും ചൂടി , ചന്ദനക്കുറിയും തൊട്ട്, പുതുമണവാട്ടിയായി കാത്തിരിക്കുകയാ ഗൌരി. പോകണം. അവളെ ആശ്വസിപ്പിക്കണം. അവളെ പറഞ്ഞു മനസ്സിലാക്കണം...!!”
“ലക്ഷ്മി.., ഒരു ഭർത്താവാകാൻ വേണ്ടിയല്ല ഞാൻ....”
“അതവൾക്കറിയില്ലല്ലൊ. അവളെ  സംബന്ധിച്ചിടത്തോളം അവളുടെ വിവാഹം കഴിഞ്ഞു.
അതും ദൈവത്തിനു തുല്യമായൊരാൾ. ഇതിലും വലിയൊരു ഭാഗ്യം ഇനിയവൾക്ക് വരാനില്ലത്രെ. ഇതുവരെ കാണിച്ച നന്ദികേടിന് അവൾക്കീ നെഞ്ചിൽ കിടന്നു മാപ്പു പറയണമത്രെ...!!”
മാധവൻ ഒന്നും മിണ്ടാതെ ലക്ഷ്മിയുടെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
ലക്ഷ്മി മുഖം നേരെ കൊടുക്കാതെ വശം ചെരിഞ്ഞു നിന്നു.
ആ കണ്ണുകൾ നനയുന്നുണ്ടെന്ന് മാധവന് തോന്നി.

തന്റെ കയ്യിലിരിക്കുന്ന പുതു വസ്ത്രത്തിലേക്കും  ലക്ഷ്മിയുടെ മുഖത്തേക്കും മാറി മാറി നോക്കിയിട്ട്, എന്തോ തീരുമാനിച്ചതുപോലെ മാധവൻ ഡെസ്ക്കിൽ നിന്നും താഴെയിറങ്ങി.
താഴെയിറങ്ങിയ മാധവന് പെട്ടെന്ന് തല കറങ്ങുന്നതായി തോന്നി. വേഗം ഡെസ്ക്കിൽ പിടിച്ച് മറ്റെ കൈകൊണ്ട്  നെറ്റിയിൽ  ചുറ്റിപ്പിടിച്ചു. അതു കണ്ട ലക്ഷ്മി മാധവന്റെ തോളിൽ പിടിച്ചിട്ട് പരിഭ്രമത്തോടെ ചോദിച്ചു.
“എന്താ... എന്തു പറ്റി...?”
“ഒന്നുമില്ല.. പെട്ടെന്ന് തല കറക്കം പോലെ...”
വലിഞ്ഞു മുറുകിയ മാധവന്റെ മുഖം, താനനുഭവിക്കുന്ന മനോവിഷമം വിളിച്ചു പറയുന്നുണ്ടായിരുന്നു. ചെയ്യാൻ പാടില്ലാത്തതു ചെയ്തുവെന്ന തോന്നലോ, അരുതാത്തതാണ് ചെയ്യാൻ പോകുന്നതെന്ന തോന്നലോ മാധവനെ വല്ലാത്തൊരു മനഃസംഘർഷത്തിനിടയാക്കിയിരുന്നു.
ലക്ഷ്മിക്കത് മനസ്സിലാകുന്നുണ്ടായിരുന്നുവെങ്കിലും അവർ നിസ്സഹായയായിരുന്നു.
മാധവൻ തല ഉയർത്തി ഒന്നു കൂടി ചോദിച്ചു.
“ഞാൻ പോണോ.. ലക്ഷ്മി...”
“എന്റെ മോളെ കരയിക്കരുത്.. അവളെ നിരാശയാക്കരുത്. എനിക്ക് പേടിയുണ്ട്...?”
“എന്ത്...?”
“അന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച രാത്രി, ഓർക്കുന്നില്ലെ... മാമൻ ഈ വീട്ടിൽ വന്നു കയറിയ ആ രാത്രിയിൽ ഒരു കുപ്പിയിലെ വിഷമാണ് ചോറിൽ ഒഴിച്ചത്. പൊട്ടിക്കാത്ത ഒരു കുപ്പി ബാക്കിയുണ്ടായിരുന്നു. പിറ്റേന്ന് അതു അലമാരയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ആരെടുത്തെന്ന് അറിയില്ല. ഗൌരി അതെടുത്ത് മാറ്റിയിട്ടുണ്ടാവുമെന്ന് അന്നേ സംശയമുണ്ടായിരുന്നു. ഇപ്പോഴും സംശയമുണ്ട്...!?”
അതുകേട്ട് മാധവൻ വിളറിവെളുത്ത് നിന്നു...!!
പിന്നെ ഒരു നിമിഷം കണ്ണടച്ച് നിന്നിട്ട് പറഞ്ഞു.
“ഞാൻ പോകാം... ഞാൻ പോകാം....!”

മാധവൻ പുതിയ ഷർട്ടും മുണ്ടും ധരിച്ചു...
കല്യാണമായതുകൊണ്ട് നിമ്മിയുടെ നിർബ്ബന്ധത്തിനു വഴങ്ങി താടിയൊക്കെ ഇന്നലെത്തന്നെ വടിച്ചിരുന്നു. മാധവൻ ലക്ഷ്മിയെ നോക്കി എന്തോ ഒന്നു പറയണമെന്ന് തോന്നിയെങ്കിലും പറഞ്ഞില്ല.  നടക്കാൻ തുടങ്ങിയ മാധവനെ ഒരു അസ്വസ്തത പൊതിഞ്ഞു.
ഉള്ളിൽ ഒരു പരപരപ്പ്...
ഒരു ശ്വാസം മുട്ടൽ പോലെ...
വീണ്ടും തിരിഞ്ഞ്  ലക്ഷ്മിയെ നോക്കി.
അത് മനസ്സിലാക്കിയ ലക്ഷ്മി മാധവന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.
“ഞാൻ പിടിക്കാം....”

മാധവന്റെ കൈകളുടെ വിറയൽ ലക്ഷ്മിയെ പരിഭ്രാന്തിയിലാക്കി...!
നടക്കാൻ ശേഷിയില്ലാത്ത ഒരാളെ താങ്ങിപ്പിടിച്ച് കൊണ്ടു പോവുന്നതു പോലെയാണ് മാധവനെ ലക്ഷ്മി ഗൌരിയുടെ മുറിവാതിൽക്കൽ എത്തിച്ചത്.  ഗൌരിയുടെ വാതിൽക്കലെത്തിയ മാധവൻ തിരിഞ്ഞു നിന്ന് ലക്ഷ്മിയുടെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ഇടത്തെ കൈ കൊണ്ട് ലക്ഷ്മിയെ ചുറ്റിപ്പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു നിറുത്തി. മാധവന്റെ കണ്ണിൽ ഉരുണ്ടു കൂടിയ  കണ്ണു നീർ ഒലിച്ചിറങ്ങിയത് ലക്ഷ്മിയുടെ മേൽ വീണ് പൊട്ടിച്ചിതറി...
അതു കണ്ട് ലക്ഷ്മി തെല്ലൊരു ഗദ്ഗദത്തോടെ ആശ്വസിപ്പിച്ചു.
“അങ്ങ് തെറ്റൊന്നും ചെയ്യുന്നില്ല. അങ്ങ് താലി കെട്ടിയ പെണ്ണിന്റെ അരികിലേക്കാണ് പോകുന്നത്. അവളോട് നീതി മാത്രമേ കാണിക്കുന്നുള്ളു. അത് അങ്ങയുടെ കടമയാണ്...!!”

മാധവൻ തലകുലുക്കിയതേയുള്ളു...
മറ്റൊന്നും സംസാരിക്കാൻ മാധവന് കഴിഞ്ഞില്ല...
മാധവനെ വാതിലിന്റെ നേരെ തിരിച്ചു നിറുത്തിയിട്ട് പറഞ്ഞു.
“വാതിൽ അകത്തു നിന്നും കുറ്റിയിടണ്ട. ചേർത്തടച്ചാൽ മതി. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ  ‘ലക്ഷ്മീ..’ എന്നൊരു വിളി മതിയാകും. ഞാൻ ഓടി വന്നിരിക്കും... ഈ വാതിൽക്കൽ തന്നെ ഞാൻ ഇരിപ്പുണ്ടാകും...”
അതിനും മാധവൻ തലകുലുക്കിയതേയുള്ളു...
ലക്ഷ്മി വാതിൽ തള്ളിത്തുറന്നു...

അകത്ത്, കട്ടിലിനോട് ചേർന്ന് തന്റെ വണ്ടിയിൽ ചാരിക്കിടക്കുന്ന ഗൌരിയെ ഒരു നിമിഷം മാധവൻ നോക്കി നിന്നു....!
മുല്ലപ്പൂ ചൂടി,  ചന്ദനക്കുറിയും ചാർത്തി,  ചിരിക്കുന്ന മുഖത്തോടെ തന്നേയും കാത്തിരിക്കുന്ന ഗൌരിയുടെ പ്രതീക്ഷ നിറഞ്ഞ മുഖം പ്രകാശമാനമായിരുന്നു.
ഉള്ളിലെവിടെയോ ഒരു കുഞ്ഞു സങ്കടം വന്നു നിറയുന്നത് മാധവനറിയുന്നുണ്ടായിരുന്നു.
മാധവനെ കണ്ടതും ബഹുമാനപൂർവ്വം ഗൌരി നിവർന്നിരുന്നു....
അകത്തേക്കു നോക്കി ലക്ഷ്മി പറഞ്ഞു.
“ഗൌരി മോളെ.. അമ്മ വാക്കു പറഞ്ഞതു പോലെ മാമനെ എത്തിച്ചിരിക്കുന്നു....!”
അകത്തു കടന്ന മാധവൻ തിരിഞ്ഞ് ലക്ഷ്മിയെ ഒന്നു നോക്കിയപ്പോഴേക്കും ലക്ഷ്മി വാതിൽ ചേർത്തടച്ചു കളഞ്ഞു.

പിന്നെ നേരെ നടന്ന്, സെറ്റ് സാരിയിൽ പൊതിഞ്ഞ്, ആഭരണങ്ങൾ അണിഞ്ഞ് തങ്കവിഗ്രഹം പോലിരിക്കുന്ന ഗൌരിയുടെ മുന്നിലെത്തി.
മുന്നിലെത്തിയതും അവൾ കുനിഞ്ഞ് മാധവന്റെ കാലിൽ തൊട്ടു വണങ്ങി...
മാധവൻ അവളെ തോളിൽ പിടിച്ച് നിവർത്തി...
മാധവന്റെ കൈകൾ കൂട്ടിപ്പിടിച്ച്  ഒരു മുത്തം കൊടുത്തിട്ട്  പറഞ്ഞു.
“എനിക്ക് സന്തോഷമായി... ! സന്തോഷമായി..!
ഇനിയെന്നെ എഴുന്നേൽ‌പ്പിച്ച് നിറുത്തണം. മാമന്റെ കാലിന്റെ ബലത്തിൽ എനിക്ക് ആ നെഞ്ചിൽ  കെട്ടിപ്പിടിച്ച് നിൽക്കണം. എന്റെ നെഞ്ചിന്റെ വിങ്ങൾ മാറുന്നതുവരെ...!
എന്റെ സങ്കടങ്ങൾ ഒഴുകിത്തീരുന്നതു വരെ....!!”
സന്തോഷത്തിരതല്ലലിൽ ഗൌരിയുടെ കണ്ണുകൾ നിറഞ്ഞു.
മാധവന് ഒന്നും ശബ്ദിക്കാനാവുന്നില്ല.

അവളുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാൻ തെയ്യാറായിരുന്നു.
അവളെ എങ്ങനെ എടുത്തു പൊക്കുമെന്ന് ഓർക്കുകയായിരുന്നു മാധവൻ.
അതു മനസ്സിലാക്കിയെട്ടെന്നോണം ഗൌരി പറഞ്ഞു.
“മാമൻ കുനിഞ്ഞ് എന്നെ വട്ടം പിടിച്ചാൽ മതി. ഞാൻ മാമന്റെ കഴുത്തിൽ മുറുക്കി പിടിച്ചോളാം. എന്നിട്ട്  മാമൻ സാവധാനം നിവർന്നാൽ മതി...”
അങ്ങനെയാണ് നിമ്മി പൊക്കുന്നതെന്ന് പല പ്രാവശ്യം കണ്ടിട്ടുണ്ട്.
അതുപോലെ തന്നെ മാധവൻ കുനിഞ്ഞ് ഗൌരിയുടെ കക്ഷത്തിനു താഴെക്കൂടി കൈകൾ കടത്തി കോർത്തു പിടിച്ചു. നിമ്മി മാധവന്റെ കഴുത്തിൽ കൈകൾ ചുറ്റി  വരിഞ്ഞു മുറുക്കിപ്പിടിച്ചു.
എന്നിട്ട് പറഞ്ഞു.
“ഇനി സാവധാനം നിവർന്നാൽ മതി മാമാ...”
മാധവൻ സാവധാനം നിവരാൻ ശ്രമിച്ചെങ്കിലും അതത്ര എളുപ്പമല്ലെന്ന് ബോദ്ധ്യപ്പെട്ടു. ഗൌരിയുടെ  ഭാരം താങ്ങാൻ തനിക്ക് കഴിയില്ലെന്നൊരു തോന്നൽ...
എങ്കിലും ഒന്നു കൂടി ശ്രമിച്ചു. ഗൌരി ഒരു കയ്യ് കഴുത്തിൽ ചുറ്റിപ്പിടിച്ച് മറ്റെ കൈ കസേരക്കയ്യിൽ ബലം കൊടുത്ത് തന്റെ ശരീരം മുകളിലേക്ക് ഉയർത്തി. അന്നേരം കുറച്ച് എളുപ്പം കിട്ടിയതോടെ മാധവൻ സർവ്വ ശക്തിയുമെടുത്ത് പൊക്കി. നടു നിവർന്നതും ഗൌരി മാധവന്റെ കഴുത്തിൽ ഇറുക്കിപ്പിടിച്ചു.
അണച്ചു പോയ മാധവന്റെ കണ്ണിൽ പെട്ടെന്ന് ഇരുട്ടു കയറുന്നതു പോലെ...!
കണ്ണുകൾ അടച്ചും തുറന്നും നോക്കിയിട്ടും കണ്ണുകളുടെ കാഴ്ച കിട്ടുന്നില്ല...!

നിവർന്നു നിന്നതോടെ ഗൌരി മാധവന്റെ കവിളത്തും കഴുത്തിലും ഒക്കെ വർദ്ധിച്ച സന്തോഷത്തോടെ ഉമ്മ വയ്ക്കാൻ തുടങ്ങി. മാധവൻ പല പ്രാവശ്യം തല വെട്ടിച്ച് തന്റെ കാഴ്ച വീണ്ടു കിട്ടാൻ നോക്കിയെങ്കിലും, കണ്ണു തുറന്നിട്ടുണ്ടോന്ന് പോലും അറിയാൻ വയ്യാത്ത ഒരവസ്ഥയിലെത്തി. അതോടെപ്പം  വീഴാതിരിക്കാൻ ഗൌരിയെ മുറുക്കി പിടിക്കുകയും വേണമായിരുന്നു.
ശബ്ദമെടുത്ത് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിലും അതെപ്പോഴേ നഷ്ടമായിരുന്നു...!

അടിവയറ്റിൽ എന്തൊക്കെയോ ഉരുണ്ടു കൂടുന്നതും കോളിളക്കമുണ്ടാക്കി ഒരിരമ്പലോടെ  മുകളിലേക്ക് കയറി വരുന്നതും  തിരിച്ചറിയുന്നുണ്ടായിരുന്നു. അത് തൊണ്ടയിലേക്ക് കടന്നതും  വളഞ്ഞു കുത്തിപ്പോയ മാധവൻ ‘ഓ...’ എന്നൊരു ശബ്ദം അറിയാതെ വന്നതോർമ്മയുണ്ട്. വായിൽ നിന്നും നിറഞ്ഞു ചാടിയത് കസേരയിലും ചുറ്റുപാടിലും രക്തപ്രളയമാക്കിയത് ആരും  കണ്ടില്ല. തൊട്ട നിമിഷം പച്ചച്ചോരയുടെ മണം അവിടെയാകെ പരന്നു. ആ മണം കിട്ടിയ നിമിഷം ഗൌരി പരിഭ്രാന്തിയോടെ ചോദിച്ചു.
“മാമാ... എന്താത്... എന്താ ഒരു മണം.. ചോരേടെ...?!”
മറുപടി പറയാൻ മാധവൻ അത് കേട്ടില്ല...
അതോടൊപ്പം മാധവന്റെ പിടി അയയുന്നുവെന്ന് തോന്നിയ നിമിഷം ഗൌരി ഭയപ്പാടോടെ  പറഞ്ഞു.
“മാമാ പിടിവിടല്ലെ.... എന്നെ മുറുക്കിപ്പിടിയ്ക്ക്... മുറുക്കിപ്പിടിയ്ക്ക്...!”
മാധവന്റെ കഴുത്തിൽ ഇറുക്കിപ്പിടിച്ച് വീഴാതിരിക്കാൻ ഗൌരി ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടക്ക് തല തിരിച്ച് മാമന്റെ മുഖത്ത് നോക്കാൻ ഗൌരിക്ക് കഴിയുമായിരുന്നില്ല...

മാധവന്റെ ഉൾക്കണ്ണിൽ അപ്പോൾ സന്തോഷപ്രദമായ ഒരു കാഴ്ചയുണ്ടായിരുന്നു...
തന്റെ എല്ലാമെല്ലാമായിരുന്ന ദേവു അങ്ങകലെ നിന്ന് കയ്യാട്ടി വിളിക്കുന്ന കഴ്ച...!
“പോന്നോളു... ഇങ്ങോട്ടു പോന്നോളു... ഉള്ളതെല്ലം ആ കുട്ടിക്ക് കൊടുത്തിട്ട് വെറും കയ്യോടെ പോന്നോളു...!!!”
അതു കണ്ട് മാധവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു....
ആ പുഞ്ചിരിക്കിടയിലാണ് രണ്ടാമത്തെ ഉരുണ്ടു കയറ്റം...
ഉള്ളിലുള്ള സകലതും കടപുഴക്കി ഇളക്കി മറിച്ചു കൊണ്ട് മുകളിലേക്ക് ഇരച്ചു കയറിയതോടെ ശക്തമായി വളഞ്ഞു കുത്തിപ്പോയ മാധവനെ മുറുക്കെ പിടിച്ച് ഗൌരി പേടിച്ചു വിറച്ചു...!
 പെട്ടെന്ന് മാമന്റെ പിടി അയയുന്നുവെന്ന് തോന്നിയ ഒരു നിമിഷം, ആ ശർദ്ദിലിനിടയിൽ തല വെട്ടിച്ചു പിന്നിലേക്ക് നോക്കിയ ഗൌരി, താനിരുന്ന കസേരയും ചുറ്റുപാടും രക്തപ്രളയമായി കിടക്കുന്നതു കണ്ട് ഞെട്ടി വിറച്ചു...!!
പെട്ടെന്ന് മാധവനെ ഒന്നുകൂടെ മുറുക്കിപ്പിടിച്ചു.
എങ്കിലും മാധവന്റെ പിടി അയയുന്നുവെന്ന് തോന്നിയ, തങ്ങൾ രണ്ടു പേരും താഴെ വീഴുമെന്നു തോന്നിയ ഒരു നിമിഷം, പേടിച്ചു വിറച്ച് സർവ്വ ശക്തിയുമെടുത്തവൾ വിളിച്ചു.
“അമ്മേ........!!?”

മുറി മാത്രമല്ല, കോരിച്ചൊരിയുന്ന മഴയത്തും ആ കെട്ടിടം കുലുങ്ങിയോ...
വാതിക്കൽ, മാധവന്റെ ‘ലക്ഷ്മീ..’ എന്ന വിളിക്കായി കാത്തിരുന്ന ലക്ഷ്മി, ഗൌരിയുടെ ചങ്കു തകർന്നുള്ള  വിളി കേട്ട് വാതിൽ തള്ളിത്തുറക്കുകയായിരുന്നില്ല, തന്റെ ഒരം കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു വാതിൽ...
അകത്തു കടന്നതും, ഗൌരിയുടെ കസേരയിലും ചുറ്റുവട്ടത്തും രക്തപ്രളയവും കുടൽ മാലകളും കണ്ട്  ഞെട്ടി വിറച്ചു നിന്നു പോയ ലക്ഷ്മിക്ക് പെട്ടെന്ന് തല പെരുക്കുന്നതായി തോന്നി. ഒരു നിമിഷം കണ്ണുകളിൽ ഇരുട്ടു കയറിയെങ്കിലും,  ഗൌരിയുടെ  വിറച്ചു വിറച്ചുള്ള വാക്കുകൾ കേട്ട് പെട്ടെന്ന് സമനില വീണ്ടെടുത്തു.
“അമ്മേ..മാ..മ..ൻ..  മാ..മനെ പിടിക്ക്....!!”
മരവിപ്പിൽ നിന്നും മോചിതയായ ലക്ഷ്മി ഓടിച്ചെന്ന് മാധവനെ താങ്ങി...
ചേർന്നു കിടന്ന കട്ടിലിൽ  ഇരുത്തിയെങ്കിലും തളർന്നുപോയ മാധവനെ അവിടെത്തന്നെ കിടത്തി. മാധവന്റെ അരക്ക് കീഴ്പ്പോട്ട് കട്ടിലിനു താഴേക്ക് തൂങ്ങിക്കിടന്നിരുന്നു...
മാധവന്റെ  ഇടതു കയ്യിൽ പിടിച്ചിരുന്ന ലക്ഷ്മിയുടെ കൈ വിടുവിച്ചില്ല...
ആ മുഖത്തേക്ക് നോക്കിയിരിക്കെ പാതി തുറന്നിരിക്കുന്ന മാധവന്റെ കണ്ണുകൾ തന്നെത്തന്നെ നോക്കുന്നതായി തോന്നി...
ആ കണ്ണുകൾ ചലിക്കുന്നുണ്ടോ..?
വായയ്ക്ക് ചുറ്റും രക്തം ഒലിച്ചിറങ്ങിയതിന്റെ പാടുകൾ സാരിത്തലപ്പു കൊണ്ട് ലക്ഷ്മി തുടച്ചു മാറ്റി. അന്നേരം പാതി തുറന്നിരുന്ന വായ അടഞ്ഞു പോയത് ലക്ഷ്മി കണ്ടു...
മാമന്റെ കയ്യിലെ ചൂട് കുറഞ്ഞു വരുന്നത്,  മാമൻ തങ്ങളെ വിട്ടു പോയിയെന്നു മനസ്സിലായി ലക്ഷ്മിക്ക്...!
എന്നിട്ടും ലക്ഷ്മി കരഞ്ഞില്ല...!
ആ മുഖത്തേക്കു തന്നെ കണ്ണെടുക്കാതെ  നോക്കിയിരുന്നു ലക്ഷ്മി....
എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല....
‘അമ്മേ...’യെന്ന വിളിയോടെയുള്ള ഒരു വലിയ നിലവിളി കേട്ടു കൊണ്ടാണ് ലക്ഷ്മിക്ക് പരിസരബോധമുണ്ടാകുന്നത്...
തിരിഞ്ഞു നോക്കുമ്പോൾ  ഒരു കൈ മാമന്റെ കയ്യിലും മറ്റെ കൈ വായുവിൽ നിവർത്തിപ്പിടിച്ച്,  കൊച്ചു കുഞ്ഞുങ്ങൾ പിച്ചവച്ചു നടക്കാൻ പഠിക്കുന്നതു പോലെ ഗൌരി സ്വയം ഒന്നു രണ്ടടി മുന്നോട്ടും പിന്നോട്ടും വിറച്ചു വിറച്ച് നടക്കാൻ ശ്രമിക്കുന്നു...!!!
ഒന്നു പതറിപ്പോയ ലക്ഷ്മി, മാധവന്റെ കയ്യിലെ പിടി വിടാതെ തന്നെ എഴുന്നേറ്റ്  ഗൌരിയെ പിടിച്ചു. അവൾ വിക്കിവിക്കി പറഞ്ഞു.
“അമ്മെ..എ..എനിക്ക്.. ന..നടക്കാൻ...!!”
അത്രയുമേ കേൾക്കാനായി ലക്ഷ്മി നിന്നുള്ളു...
ഗൌരിയെ വിട്ട് മാധവന്റെ നെഞ്ചിൽ വീണ് എണ്ണിപ്പെറുക്കിക്കരയാൻ തുടങ്ങി...
“എന്റെ മോളുടെ ജാതകദോഷവും തീർത്ത്, ആ കാലുകളും കൂടി കൊടുത്തിട്ടാണല്ലെ പോയത്...!!! എന്നാലും, എന്നോട്  ഒരു വാക്കു പോലും പറയാതെ.....!!”
അത്രയുമേ പറയാനായുള്ളു...
സങ്കടത്തിരത്തല്ലലിൽ സഹിക്കാൻ കഴിയാതെ ലക്ഷ്മിയുടെ ബോധം മറഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞു...
അമ്മയുടെ വാക്കുകളിലൂടെ സത്യം തിരിച്ചറിഞ്ഞ ഗൌരിയും വന്ന് മാധവന്റെ നെഞ്ചിൽ വീണ് തല തല്ലിക്കരഞ്ഞു...!
അതിനും എത്രയോ മുന്നേ മാധവനേയും കൊണ്ട് ദേവു പറന്നകന്നിരുന്നു....!!!

“പെരുമഴയത്തൊരു വിരുന്നുകാരൻ” 
എന്ന നോവൽ ഇവിടെ അവസാനിക്കുന്നു.

 സ്നേഹപൂർവ്വം വീകെ. 





No comments: