Friday, 6 November 2009

സ്വപ്നഭൂമിയിലേക്ക്....തുടരുന്നു.. ( 7 )

കഥ തുടരുന്നു...

ഔട്ട് പാസ്സ്....

വ്യാഴാഴ്ച വൈകുന്നേരം മുതൽ എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും.
വെള്ളിയാഴ്ച അവധി ആയതു കൊണ്ട് ആർക്കും പോകേണ്ടതില്ല. ഷിഫ്റ്റ് ജോലിക്കാർക്ക് അപ്പോഴും മുടക്കമുണ്ടാകാറില്ല. എന്നാലും പലരും ജോലി മറ്റുള്ളവരെ ഏൽ‌പ്പിച്ച് അന്നു ഹാജരായിരിക്കും.


വർഗ്ഗീസ് ചേട്ടൻ അന്നു നല്ല മൂടിലാവും വരിക. പുള്ളിക്കാരന്റെ കൂടെ ഒന്നു രണ്ടു കൂട്ടുകാർ എന്തായാലും കാണും. . വർഗ്ഗീസേട്ടൻ എന്നും കുടിക്കുമെങ്കിലും ഒരു ലിമിറ്റ് എപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു.  സ്വയം കുടിക്കുന്നതിനേക്കാൾ മറ്റുള്ളവരെ കുടിപ്പിക്കുന്നതിലായിരുന്നു പുള്ളിക്കാരനു സന്തോഷം. പലപ്പോഴും കൂടെ വരുന്ന കൂട്ടുകാരുമായി ചില കശപിശകൾ
ഉണ്ടാകാറുണ്ട്. അന്നേരം പിടിച്ചു മാറ്റാൻ ഞങ്ങളെല്ലാം റെഡിയായിരിക്കും.


പക്ഷെ, കുടിച്ചു കഴിഞ്ഞാൽ ഒരു കാരണവശാലും വണ്ടി ഓടിക്കാൻ ശ്രമിക്കാറില്ല. ചില
സന്ദർഭങ്ങളിൽ തൊട്ടടുത്ത കൂട്ടുകാരെ കുടിപ്പിച്ചു കഴിഞ്ഞു കൊണ്ടു വിടാൻ നോക്കും.
പക്ഷെ അന്നേരം വണ്ടിയുടെ താക്കോൽ കാണാനുണ്ടാകില്ല. ഞങ്ങളത് മുന്നേ
തന്നെ മാറ്റിയിരിക്കും. എന്നിട്ട് റോഡിൽ നിന്നും ടാക്സി വിളിച്ചു കൊടുക്കും.

അങ്ങനെ ഒരു പാർട്ടി സമയത്താണ് സുനിലിനെ പരിചയപ്പെടുന്നത്. വല്ലപ്പോഴും
വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങളുടെ ഫ്ലാറ്റിൽ വന്ന് ഒരു ദിവസം
ഞങ്ങളോടൊപ്പം കഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം തിരിച്ചു പോകും.
എന്തുകൊണ്ടൊ ഞാനുമായിട്ട് കുറച്ചു കൂടുതൽ അടുത്തു. അടുത്ത‘ പൊതുമാപ്പു‘
വരുമ്പോൾ നാട്ടിൽ പോകാൻ നിൽക്കുകയാണ്. ഉടനുണ്ടാകുമെന്ന
പ്രതീക്ഷയിലാണ് മൂപ്പിലാൻ.


ഇവിടെ വന്നിട്ട് അഞ്ചാറു വർഷത്തോളമായി. ഒരു തയ്യൽക്കടയിൽ തയ്യൽക്കാരനായിട്ടാണ് വന്നത്. ഒരു കൊല്ലത്തിൽ കൂടുതൽ ആ കടയിൽ ജോലി ചെയ്തിട്ടും ശമ്പളം മാത്രം കൊടുക്കാൻ അറബി തെയ്യാറായില്ല. കടയുടെ വാടക വരെ അറബി അടച്ചില്ല.


ഒരു ദിവസം കെട്ടിടയുടമസ്ഥൻ വന്ന് എല്ലാവരും ഇറങ്ങിത്തരാൻ പറഞ്ഞു. അന്ന് അവിടന്ന് പോന്നതാണ്. പിന്നീട് അറബിയേയും കണ്ടിട്ടില്ല, പാസ്പ്പോർട്ടും കയ്യിലില്ല. രണ്ടു വർഷം കഴിഞ്ഞിട്ടും വിസ അടിക്കാൻ അറബി തെയ്യാറാവില്ലാന്ന് അറിയാമായിരുന്നതു കൊണ്ട് പിന്നെ
അതിനു ശ്രമിച്ചിട്ടില്ല. ഇപ്പോൾ ഒരു അപ്പോൾസറി കടയിലാണ് ജോലി ചെയ്യുന്നത്.
ജോലിക്കും ശമ്പളത്തിനും വലിയ കുഴപ്പമില്ല. ചില മാസങ്ങളിൽ വൈകിയേ
കിട്ടുകയുള്ളു.


പോലീസ് എപ്പൊൾ വേണമെങ്കിലും പിടിക്കാം. കടയിലായതു കൊണ്ട് എപ്പോൾ വേണമെങ്കിലും അവർ ചെക്കിങ്ങിനു വരാം. ഓരൊ നിമിഷവും പേടിച്ചാണ് പണിയെടുക്കുന്നത്. ഇനിയും ഇങ്ങനെ ജോലിയെടുക്കാൻ വയ്യ.....! അപരിചിതരായ അറബികൾ വരുമ്പോൾ പുറകിലത്തെ വാതിലിൽ കൂടി ഓടി രക്ഷപ്പെടാറാണ് പതിവ്.....!!

ഇങ്ങനെ ശ്വാസം മുട്ടി എത്ര നാൾ മുന്നോട്ട് പോകും..?
ഇതിനകം മുപ്പത്തഞ്ച് വയസ്സ് പ്രായമായി. ഇനിയും ഒരു പെണ്ണു കെട്ടിയില്ലെങ്കിൽ പിന്നെ എന്നു കെട്ടാനാണ്. വീട്ടിൽ എല്ലാവരും ബഹളം. അവനെ കണ്ടിട്ട് തന്നെ നളേറെ ആയെന്ന് പറഞ്ഞ്. ഇതിനിടക്ക് അടുത്ത ബന്ധുക്കളിൽ ചിലർ നാടു നീങ്ങിയിരുന്നു. പക്ഷെ ഇവിടെയിരുന്ന് കണ്ണീർ വാർക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.


പക്ഷെ അമ്മ ആശുപത്രിയിൽ ആണെന്നറിഞ്ഞപ്പോഴാണ് പിടി വിട്ടു പോയത്. അന്നു ലീവെടുത്ത് എന്റടുത്ത് വന്നു. അതും പറഞ്ഞ് ഒത്തിരി സങ്കടപ്പെട്ടു..
അവന്റെ വിഷമം നോക്കിയിരിക്കാനല്ലാതെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും..?
ഉരലു ചെന്ന് മദ്ദളത്തോട് സങ്കടം പറയുന്നത് പോലെ..!!


അന്നവൻ കൂടുതൽ കുടിച്ചു...

ആദ്യ വർഷം ശമ്പളമില്ലാതെ ജോലി ചെയ്തവകയിൽ ഉണ്ടായ കടം വീട്ടാൻ കുറെ സമയം എടുത്തു. പിന്നെ രണ്ടു വർഷത്ത കഠിനാദ്ധ്വാനം വേണ്ടി വന്നു വിസക്ക് കൊടുത്ത കാശ് മുതലാകാൻ. എന്തെങ്കിലും സമ്പാദിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളെ ആയുള്ളു. ഇനി ഒന്നും സമ്പാദിച്ചില്ലെങ്കിലും വേണ്ടില്ല നാട് പിടിക്കുക, അതു മാത്രമാണ് ഇപ്പോഴത്തെ ചിന്ത. അതുകൊണ്ട് ഈ വരുന്ന  പൊതുമാപ്പ് സമയത്ത് നാട്ടിൽ പോകണമെന്ന് കരുതിയിരിക്കയാണ് സുനിൽ.

വലിയ താമസമുണ്ടായില്ല ഏവരും കാത്തിരുന്ന പൊതുമാപ് പ്രഖ്യാപിക്കാൻ. ആദ്യം
പോയി എം‌ബസ്സിയിൽ നിന്നും ‘ഔട്ട് പാസ്സ് ‘ വാങ്ങിയവരിൽ ഒരാളാണ് സുനിൽ.
മൂന്നു മാസം കലാവധിയുണ്ടായിരുന്നു. ഈ മൂന്നു മാസവും കൂടി ജോലി ചെയ്ത് കിട്ടുന്ന
കാശ് കൊണ്ടു വേണം എന്തെങ്കിലും വാങ്ങിക്കൊണ്ടു പോകാൻ.


ഔട്ട് പാസ്സ് കിട്ടിയതു മുതൽ സുനിൽ വളരെ സന്തോഷത്തിലായിരുന്നു. ഒരു മാസത്തെ ശമ്പളം
അറബി കൊടുത്തു. അടുത്ത രണ്ടു മാസത്തെ ശമ്പളം കൊടുക്കാൻ അറബി സ്ഥലത്തുണ്ടായില്ല; അയാൾ ഇതിനകം സൌദിയിലെ അയാളുടെ ബന്ധുക്കളുടെ അടുത്തേക്കെന്നു പറഞ്ഞ് മുങ്ങിയിരുന്നു.


സുനിൽ പോകുന്ന വിവരം നേരത്തെ തന്നെ അയാളെ അറിയിച്ചിരുന്നു. അതു കൊണ്ടായിരിക്കാം അയാൾ മുങ്ങിയത്. കിട്ടിയ ഒരു മാസത്തെ ശമ്പളം ചിലവാക്കിയിരുന്നില്ല. ഒരു മാസത്തെ കൂടി ചേർത്ത് ഒരു ‘താലിമാല‘ വാങ്ങാനായി കരുതി വച്ചിരുന്നതാണ്. ചെന്നാൽ ഉടനെ
കല്യാണമുണ്ടാകും.


പിന്നെ ഒരു തയ്യിൽ മെഷീൻ വാങ്ങണം. വീട്ടിലിരുന്നു തന്നെ ജോലി ചെയ്തു കൊണ്ടിരുന്നതാണ്. കൂടെ രണ്ടു പേരെ വച്ച് ചെറിയ ഒരു തയ്യൽക്കട നടത്തിക്കൊണ്ടിരിയ്ക്കയായിരുന്നു. സുനിൽ തുണി വെട്ടിക്കൊടുക്കും. കൂടെയുള്ളവർ തയ്‌ചു കൊടുക്കും.

അതും കളഞ്ഞിട്ടാണ് ' സ്വർണ്ണം വിളയുന്ന സ്വപ്നഭൂമിയിലേക്ക് ' വിമാനം കയറിയത്. ഇനി ബാക്കി കിട്ടാനുള്ള രണ്ടു മാസത്തെ ശമ്പളം ‘ഗോ പി‘..!!!

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വച്ചിട്ടുണ്ട്. അതു വാങ്ങണമെങ്കിൽ പൈസ വേണം.
താലി മാല വാങ്ങണം. പിന്നെ അല്ലറ ചില്ലറ വേറെ. ആകെയുള്ളത് ഒരു മാസത്തെ
പൈസയും. നിർത്തി പോകുന്നതു കൊണ്ട് ആരും കടം കൊടുക്കുകയില്ല. കയ്യിലുള്ള
ഒരു മാസത്തെ പൈസ ടിക്കറ്റിനു പോലും തികയില്ല.

‘ പിന്നെന്ത്...?’ എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.


കൂട്ടുകാരെല്ലാം ഉണർന്നു. ഇവനെ എങ്ങനെയെങ്കിലും ഒന്നു കയറ്റി വിടണമല്ലൊ. എല്ലാവരും കൂടി ആലോചിച്ച് ഒരു തീരുമാനമെടുത്തു. കയ്യിലുള്ള പൈസക്ക് ചെറുതെങ്കിലും ഒരു താലി മാല
വാങ്ങിയ്ക്കാം. പോകാനുള്ള ടിക്കറ്റിന് കൂട്ടുകാരെല്ലാം കൂടി ഒന്നു സഹകരിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. സുനിൽ ജോലി ചെയ്തിരുന്ന സ്ഥലത്തെ അയാളുടെ കൂട്ടുകാരും കൂടി പങ്കെടുത്തപ്പോൾ കൂടെ കൊണ്ടു പോകാനുള്ള കുറച്ചു സാധനങ്ങൾ കൂടി വാങ്ങാൻ കഴിഞ്ഞു.


ശ്രീലങ്കൻ വിമാനത്തിനാണ് പോകാൻ തീരുമാനിച്ചിരുന്നത്. അതിനായിരുന്നു ചാർജ്ജ് കുറവ്. തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞാൽ, പിന്നെ ടാക്സി വിളിക്കണം. അതിനും പൈസ വേണം. പൊതു മാപ്പിൽ പോകുന്നതായതു കൊണ്ട് വീട്ടുകാരെ വിമാനത്താവളത്തിലേക്ക് വിളിച്ചു വരുത്താൻ മടിയായതു കൊണ്ടാണ് ടാക്സി കാശ് വേണ്ടി വന്നത്.


അങ്ങനെ പോകാനുള്ള ദിവസം ഇങ്ങു വന്നടുത്തു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.

പെട്ടി കെട്ടാണ് തലേ രാത്രി....!
അതൊരു ആഘോഷമാണ്....!!

ചിലവെല്ലാം വർഗ്ഗീസേട്ടന്റെ വക....!!!

ദിവസവും ആഘോഷിക്കാൻ ഓരോ കാരണവും കാത്തിരിക്കുന്ന വർഗ്ഗീസേട്ടൻ ഇതൊരു
ഉത്സവമാക്കിയില്ലെങ്കിലെ അത്ഭുതമുള്ളു.. അന്നെല്ലാവരും കുടിച്ചു മറിഞ്ഞു. കൂടെ ചിക്കനും മട്ടനും കപ്പയും എല്ലാം മേൻപൊടി ആയിട്ടുണ്ട്. അതെല്ലാം ഞങ്ങളുടെ വക. സുനിലിന്റെ കൂട്ടുകാരും ഞങ്ങളും മാത്രമാണ് ഉള്ളത്.


അന്ന് എത്ര കുപ്പി പൊട്ടിയെന്നോ, എത്ര പാട്ട പൊട്ടിച്ചെന്നോ ഒരു കണക്കും ആർക്കുമില്ല...!!!?
പതിവു കലാപരിപാടികളോടെ തന്നെ എല്ലാം സമംഗളം അവസാനിച്ചപ്പോൾ ഹാൾ പടയൊഴിഞ്ഞ പടക്കളം പോലെയായി.

അവിടവടെയായി ശവശരീരങ്ങളെപ്പോലെ പലരും ചലനമറ്റു കിടന്നു....!!!


പിറ്റെ ദിവസം വൈകീട്ടാണ് സുനിലിന്റെ യാത്ര. കൂട്ടുകാർ വണ്ടിയുമായെത്തി. സാധനങ്ങളെല്ലാം കയറ്റി പുറപ്പെട്ടു. അന്നു രാത്രി പന്ത്രണ്ടു മണിവരെയേ ഔട്ട് പാസിന്റെ കാലാവധിയുള്ളു. പന്ത്രണ്ടു
മണിക്കു മുൻപ് തന്നെ ബഹറീൻ വിട്ടിരിക്കണം. പത്തു മണി കഴിഞ്ഞിട്ടാണ് വിമാനം. സുനിൽ അകത്തു കയറി, പ്രശ്നങ്ങളൊന്നും ഉണ്ടായില്ലന്ന സുനിലിന്റെ ഫോൺ കിട്ടിയതിനു ശേഷമാണ് ഞങ്ങൾ വിമാനത്താവളത്തിൽ നിന്നും തിരിച്ചത്.

ഇനി നാളെ വൈകുന്നേരമെ അവൻ വീട്ടിലെത്തുകയുള്ളു. അതു കഴിഞ്ഞിട്ടെ അവൻ
വിളിച്ച് എത്തിയ വിവരം പറയുകയുള്ളു. അങ്ങനെ ഒരു ദിവസവും കൂടി കടന്നു പോയി.

പിറ്റെ ദിവസം വൈകുന്നേരം സുനിലിന്റെ ഫോണിനായി ഞങ്ങൾ കാത്തിരുന്നു.
വന്നില്ല.....

ഞങ്ങൾ കിടക്കുന്നതു വരേയും അവന്റെ ഫോൺ വരികയുണ്ടായില്ല...

എന്താണെന്നറിയാതെ ഞങ്ങളും വിഷമിച്ചു.. വീട്ടിലേക്ക് വിളിച്ചു ചോദിക്കാമെന്നു
വച്ചാൽ അവന്റെ വീട്ടിൽ ഫോണുമില്ല. ഞങ്ങളുടെ കാത്തിരിപ്പു കണ്ട് വർഗ്ഗീസേട്ടൻ
ചീത്ത പറയാൻ തുടങ്ങി.

“ എടാ നിങ്ങളു പോയി കിടന്നെ... അവനെ നമ്മള് മാന്യമായി കേറ്റി വിട്ടില്ലെ...?

ഒരു പ്രശ്നങ്ങളുമില്ലാതെ..! തിരുവനന്തപുരത്തു നിന്നും വീട്ടിലെത്താനുള്ള വണ്ടിക്കാശ് ആയിരം ഇന്ത്യൻ രൂപാ അവന്റെ പോക്കറ്റിലിട്ട് കൊടുത്തില്ലെ..? പിന്നെ അവന്റെ അഛന് ഒരു കുപ്പി ബ്രാണ്ടി ‘ഡ്യൂട്ടി ഫ്രീ‘ന്ന് മേടിക്കാനായി പത്തു ദിനാർ വേറേയും കൊടുത്തില്ലെ....? അതു പിന്നെ നമ്മുടെ കാർന്നോമ്മാരും അങ്ങനെയല്ലേടാ.. അവർക്ക് അതു കിട്ടുമ്പൊ എന്തു സന്തോഷാന്നൊ..?

അപ്പൊ നമ്മ്ടെ ഭാഗത്ത് ഒരു തെറ്റൂല്യാല്ലൊ.. ഇനി അവനായി അവന്റെ പാടായി. നിങ്ങളു പോയി കിടന്നെ... ” അതും പറഞ്ഞ് ഹാളിലെ ടീവിയിൽ കണ്ണും നട്ടിരുന്ന എന്നെ പൊക്കിത്തള്ളി എഴുന്നേൽ‌പ്പിക്കാൻ നോക്കി.

അതോടൊപ്പം തുടർന്നു.
“അല്ലെങ്കിലും എല്ലാവരും ഇങ്ങനാടാ.... ഇവിടന്നു വിടും വരെ എല്ലാവരും വേണം.. എങ്ങനെയെങ്കിലും നാട്ടിലത്തിക്കഴിഞ്ഞാ.. പിന്നെ ആരും വേണ്ടാ... ഞാനിതെത്ര കണ്ടതാ.... നിങ്ങളു പോയി കിടന്നെ.. ഞാൻ പോണു...”
അതും പറഞ്ഞ് പിറുപിറുത്തുകൊണ്ട് വർഗ്ഗീസേട്ടൻ പോയിക്കിടന്നു.

പിന്നെ ഞങ്ങളും ഓരോരുത്തരായി വലിയാൻ തുടങ്ങി. പിറ്റേന്ന് നേരം വെളുത്തിട്ടും അവന്റെ വിളി വന്നില്ല. വർഗ്ഗീസേട്ടൻ പറഞ്ഞതു ശരിയായിരിക്കും.
‘വീട്ടിലെത്തിയില്ലെ... ഇനി എന്തിനു വിളിക്കണമെന്നു ചിന്തിച്ചിട്ടുണ്ടാകും. സാരമില്ല..
പോയി തുലയട്ടെ....!!’
അന്നാദ്യമായി എനിക്കവനോട് ദ്വേഷ്യം തോന്നി.


അന്നു രാത്രിയിലും ഇതു തന്നെയായിരുന്നു ഞങ്ങളുടെ സംഭാഷണ വിഷയം. വീട്ടിൽ
സുഖമായി എത്തിയെന്ന ഒരു വാർത്ത മാത്രം മതി. അതിനു പോലും അവൻ
തുനിഞ്ഞില്ലന്നോർക്കുമ്പോൾ ദ്വേഷ്യവും സങ്കടവും ഒക്കെ തോന്നി.

ഞങ്ങൾ കിടക്കുവോളം അവന്റെ ഫോൺ വരികയുണ്ടായില്ല....


നല്ല ഉറക്കത്തിൽ ഫോണടി കേട്ടാണ് കണ്ണു തുറന്നത്. എങ്കിലും എഴുന്നേറ്റില്ല. അപ്പോൾ സമയം വെളുപ്പിനു രണ്ടു മണി.

ഈ നേരത്ത് ആരാവും..?

എല്ലാവരും അതു തന്നെയാണു ചിന്തിച്ചു കിടന്നത്. സുനിലാവാൻ വഴിയില്ല.
അസമയത്ത് ഉറക്കത്തിൽ ഫോൺ വന്നാൽ ആരും ഓടിച്ചെന്നെടുക്കാൻ ശ്രമിക്കില്ല.

എന്നാൽ എല്ലാവരും ബെല്ലടിയിൽ ഞെട്ടി കണ്ണു തുറന്നു ശ്രദ്ധിച്ച് കിടപ്പുണ്ടാവും....!
ഓരോരുത്തരുടേയും നെഞ്ചിടിപ്പ് കൂടും...
അത് എനിക്കായിരിക്കരുതേയെന്നു മൂകമായി ഓരോരുത്തരും പ്രാർത്ഥിക്കും....!!


അസമയത്ത് നാട്ടിൽ നിന്നാണെങ്കിൽ അതൊരു ശുഭ വാർത്ത ആയിരിക്കില്ലല്ലൊ. അങ്ങനെ ഒന്നു കേൾക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. അരെങ്കിലും എഴുന്നേൽക്കട്ടെയെന്നു ഓരോരുത്തരും വിചാരിക്കും. ഒരാളും എഴുന്നേറ്റില്ല.

രാജേട്ടനാണ് കുറേ കഴിയുമ്പോൾ ഫോൺ എടുക്കാറ്. ഇന്ന് മൂപ്പിലാനും മടി പിടിച്ചു
കിടപ്പാണെന്നു തോന്നുന്നു. അവസാനം ഞാൻ തന്നെ എഴുന്നേറ്റു. അപ്പൊഴും
ഫോൺ നിറുത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഫോണെടുത്ത്
“ഹലൊ..” പറഞ്ഞു. എന്റെ ശബ്ദം തിരിച്ചറിഞ്ഞ അയാൾ പറഞ്ഞു

“ ഹലൊ.. ചേട്ടാ...”

എനിക്കു പെട്ടെന്നു ആളെ പിടി കിട്ടി. അത് സുനിലായിരുന്നു....!!

എനിക്കപ്പോൾ അവനോട് തോന്നിയ ദ്വേഷ്യത്തിന് എന്റെ വായിൽ തോന്നിയ
ചീത്തയെല്ലാം ഒറ്റ ശ്വാസത്തിന് പറഞ്ഞു തീർത്തു. ഈ നേരത്ത് എന്റെ ഉറക്കം കളഞ്ഞതിനുള്ള ദ്വേഷ്യവും കൂടിയുണ്ടായിരുന്നു.

പക്ഷെ, അതിനുള്ള മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു....?!

സംസാരിക്കാൻ വാക്കുകൾ കിട്ടാതെ അവൻ നിന്നു കിതക്കുന്നതായി തോന്നി.

ഞാനും പരിഭ്രാന്തനായി ചോദിച്ചു

“ എന്തു പറ്റിയെടാ.. ? നീ എവിടെന്നാ.. ഇപ്പൊ..? എന്തു പറ്റി..? “


എന്റെ ശബ്ദ വ്യത്യാസം മനസ്സിലാക്കിയ കൂട്ടുകാരും ഒരോരുത്തരായി എഴുന്നേറ്റു വരാൻ തുടങ്ങി. വർഗ്ഗീസേട്ടൻ അവനെ രണ്ടു തെറി പറയാൻ കരുതിയാണ് എഴുന്നേറ്റത്.

അവൻ കരച്ചിലിനിടയിൽ വിക്കി വിക്കി പറഞ്ഞു.

“ ഞാ നി വ്ടെ ന്നാ.. ബ ഹ റീൻ എ യ ർ പോർ ട്ടീ ന്ന് ..”

“ ങേ...” ഞാനും ഞെട്ടി.

“അതെന്താ.. നീ ഇന്നലെ പോയില്ലെ....? ”

“ പോയി....!!?” പിന്നെ അവന് വാക്കുകൾ കിട്ടിയില്ല...

ഞാനും കൂട്ടുകാരും മുഖത്തോടു മുഖം നോക്കി....!!!

വർഗ്ഗീസേട്ടൻ ഓടിവന്ന് ഫോൺ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി......!?

ബാക്കി അടുത്ത പോസ്റ്റിൽ...

25 comments:

ബിന്ദു കെ പി said...

എഴുത്ത് നന്നായി. സസ്പെൻസ് എത്രയും വേഗം അവസാനിപ്പിക്കണേ.....

അരുണ്‍ കരിമുട്ടം said...

പോയിട്ട്??
എന്ത് പറ്റി?
അറിയാന്‍ അതിയായ ആഗ്രഹം

mini//മിനി said...

ഈ രാത്രി വിളിച്ച് ഉണര്‍ത്തി ഒന്ന് ടന്‍ഷന്‍ അടിപ്പിക്കാതെ പറയ്. പിന്നെ ഈ രാത്രി ഫോണ്‍ ബല്ലടിക്കുന്നത് കേട്ടാല്‍ എനിക്ക് എപ്പോഴും പേടിയാ.

Typist | എഴുത്തുകാരി said...

ഇതൊരു വല്ലാത്ത സസ്പെന്‍സ് ആയിപ്പോയി.

വീ കെ. said...

ബിന്ദു കെ.പി.
അരുൺ കായം‌കുളം,
mini//മിനി,
Typist|എഴുത്തുകാരി,
വന്ന്,വായിച്ച് നിങ്ങളുടെ ആകാംക്ഷ അറിയിച്ചതിൽ വളരെ സന്തോഷവും നന്ദിയും അറിയിക്കുന്നു.

suraj::സുരാജ് said...

നന്നായി മാഷേ. ആശംസകള്‍

Umesh Pilicode said...

കൊള്ളാം മാഷെ

വരവൂരാൻ said...

ഈ പോസ്റ്റു വായിച്ച്‌ കഴിഞ്ഞ്‌ ശ്വാസം വിടാം എന്നു കരുതിയിരിക്കുപ്പോഴാണു പകുതി വെച്ചു നിറുത്തിയത്‌.. എന്തായിരിക്കും... കാത്തിരിക്കുന്നു

കുഞ്ഞന്‍ said...

വീകെ മാഷെ...

വീണ്ടും വിളിച്ചുവരുത്തി സദ്യക്ക് ഇലയിട്ടിരുത്തി കറികൾ വിളമ്പിയിട്ട് ചോറ് അടുപ്പത്താണ് കുറച്ചുനേരം കാത്തിരിക്കൂ എന്നു പറയുമ്പോലെയാണ്.

ചിലർ കുടിക്കും എന്നാൽ മറ്റുള്ളവരെ കുടിപ്പിക്കുകയില്ല. ചിലരാകട്ടെ തങ്ങൾ കുടിച്ചില്ലെങ്കിലും മറ്റുള്ളവരെ കുടിപ്പിക്കാൻ താല്പര്യം കാണിക്കുന്നു.മറ്റു ചിലരാകട്ടെ അവർ നന്നായി കുടിക്കുകയും മറ്റുള്ളവരെയും കൂടി കുടിപ്പിക്കുകയും ചെയ്യുന്നു ഈ വിഭാഗങ്ങളിൽ രണ്ടാമത് പറഞ്ഞ കൂട്ടർ അപകടകാരികളാണ്. മറ്റുള്ളവരെ അബോധാവസ്ഥയിലാക്കാനും ആ അവസ്ഥയിലെ അവരുടെ കോപ്രായങ്ങൾ ആസ്വദിക്കുകയും ചെയ്യുന്ന ഇവർ ആടുകളെ തമ്മിലിടിച്ച് ചോരകുടിക്കുന്ന കുറുക്കന്മാരാണ്.

പിന്നെ കഥയിലെ ചോദ്യം..ജോലിയും ശമ്പളവുമില്ലെങ്കിൽ എന്തിനാണ് പൊതുമാപ്പിന്റെ അവസാ‍ന ദിവസംവരെ സുനിൽ ഈ രാജ്യത്ത് തങ്ങിയത്.?... സ്കൂളിൽ പഠിച്ചിരുന്നകാലത്ത് ശനി ഞായർ സുഖമായി കളിച്ചു നടക്കുകയും തിങ്കളാഴ്ച പഠിക്കാൻ പോകണമെന്ന വിചാരവുമില്ലാതെ, തിങ്കളാഴ്ച 9 മണിയാകുമ്പോൾ സ്കൂളിൽ പോകാൻ നേരം പേന, പെൻസിൽ ബുക്ക് എന്നിവയ്ക്കു വേണ്ടി ഒരു പരക്കം പാച്ചിലുണ്ട്...ചുമ്മാ ഇതിവിടെ കൂട്ടിച്ചേർത്തതാണ്..!

SreeDeviNair.ശ്രീരാഗം said...

നന്നായിട്ടുണ്ട്...
ആശംസകള്‍

Ashly said...

waiting for the next post....fasssstt...post it....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അശോകേട്ടാ ഈ കഥകള്‍ നാട്ടിലുള്ളവരാണ് കൂടുതല്‍ വായിക്കേണ്ടതെന്നു തോന്നുന്നു ..
സ്വപ്നങ്ങള്‍ ഉരുക്കി ,യൌവ്വനവും, മോഹങ്ങളും , വികാരങ്ങളും എല്ലാം ചേര്‍ത്ത് ജീവിതം കനലിലെരിച്ചാണ് ഈ നാട്ടില്‍ സ്വര്‍ണ്ണം വിളയിക്കുന്നതെന്ന് വരാനിരിക്കുന്നവര്‍ അറിയട്ടെ .. കാത്തിരിക്കുന്നവരും .
പരിചയമുള്ള കഥാപാത്രങ്ങള്‍ .. ആകാംഷയുടെ മുള്‍ മുനയില്‍ നിന്നിട്ട് കാലു വേദനിക്കുന്നു ...

വീകെ said...

കൂതറ ബ്ലോഗർ,
ഉമേഷ് പീലിക്കോട്,
വരവൂരാൻ,
കുഞ്ഞൻ,
SreeDeviNair.ശ്രീരാഗം,
Captain Haddock,
ശാരദനിലാവ്,
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
കുഞ്ഞേട്ടാ, പൊതു മാപ്പിന്റെ കാലാവധിയല്ല. ഔട്ട് പാസ്സിന്റെ കാലാവധിയാണ് മൂന്നുമാസം.ഏതായാലും വന്നു പെട്ടുപോയി.അവസാന ദിവസം വരെ പണിയെടുക്കാല്ലൊന്ന് ചിന്തിച്ചത് ഒരു തെറ്റല്ലല്ലൊ.സാധാരണ ഗതിയിൽ കുഴപ്പങ്ങളൊന്നും ഉണ്ടാകാറില്ല. അപൂർവ്വമായി ചില കുഴപ്പങ്ങളും ഉണ്ടാകും. പക്ഷെ നമ്മുടെ ആരും ഇങ്ങനെയുള്ള അബദ്ധങ്ങളിൽ പെട്ടിട്ടില്ലാത്തതുകൊണ്ട് ഒരു മുൻ‌വിധി ഇല്ലാതെ പോയി.

കൂട്ടുകാരൻ said...

മാഷേ പ്രവാസി ജീവിതം ഇത്ര പച്ചയായി വരികളില്‍ അപൂര്‍വ്വം ആയെ കാണാന്‍ കിട്ടാറുള്ളൂ..ഞാന്‍ ഇവിടെ എത്താന്‍ വൈകിയതിന് മാപ്പ്. വേഗം ബാക്കി എഴുതി വിടൂ..പാവം സുനിലിന്‌ എന്ത് പറ്റി??

പാവപ്പെട്ടവൻ said...

പക്ഷെ, അതിനുള്ള മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു....?!
അതെ ആരെയും കരയിപ്പിക്കുന്ന ഒരു വിങ്ങല്‍
ഇത് ഒരാളുടെ അനുഭവമല്ല നൂറുകണക്കിന് പ്രാവാസികള്‍ ഇതില്‍ അടയിരിക്കുന്നു

lekshmi. lachu said...

ezhuthu nannayitund..adutha lekkam eppol???

Anonymous said...

ഓരോ തവണയും ഈ ബ്ലോഗ്‌ വായിച്ചിറങ്ങുമ്പോള്‍ വല്ലാത്തൊരു ആകാംക്ഷ വായനക്കാരന്റെ ഉള്ളില്‍ സൃഷ്ടിച്ചെടുക്കാന്‍ വി.കെയ്ക്ക് കഴിയുന്നു..ആശംസകള്‍.

ഗീത said...

ഹോ ഈ സസ്പെന്‍സ് സഹിക്കാന്‍ വയ്യ.

വേഗം പറയൂ പ്ലീസ്.

ശ്രീ said...

വീണ്ടും സസ്പെന്‍സ്!!!

എന്തു പറ്റിയെന്നറിയാന്‍ ഇനിയും കാത്തിരിയ്ക്കണം അല്ലേ?

ramanika said...

സുനിലിന്റെ ബാക്കി അറിയാന്‍ കാത്തിരിക്കുന്നു

Jyothi Sanjeev : said...

ee suspense onnu vegam theerkanam. nalla post

വീകെ said...

കൂട്ടുകാരൻ,
പാവപ്പെട്ടവൻ,
lekshmi,
Bijili,
ഗീത,
ശ്രീ,
remanika,
Jyothi Sanjeev.
ഇവിടെ വന്ന് വായിച്ച് നിങ്ങളുടെ ആകാംക്ഷ അറിയിച്ചതിൽ എന്റെ സ്നേഹം നിറഞ്ഞ സന്തോഷം അറിയിക്കുന്നു.
വളരെ നന്ദി.

vinus said...

ഒരു പ്രവാസി മൂഡില്‍ വയിക്കുവാര്‍ന്നു പക്ഷെ ഇത് ഒരു സീരീസ്‌ ആണ് കരുതിയില്ല വല്ലാത്ത സസ്പെന്‍സ് ആയെ അടുത്തത് പെട്ടന്ന് തന്നെ ആവട്ടെ. മുകുന്ദന്റെ പ്രവാസം ഞാന്‍ ഇവടെ ലുലുവില്‍ നിന്നാ വാങ്ങിയത് 3.5 റിയാലേ അപ്പൊ മനസിലായി പുസ്തക വായന ഇവടെ നടക്കില്ലാന്ന്

Anil cheleri kumaran said...

:(

അഭി said...

:)