തുടരുന്നു.....
ചക്രശ്വാസം...
സ്കൂൾ പൂട്ടിയതോടെ അമ്മയും മോനും ഒറ്റക്ക് കേറിപ്പോന്നു. എനിക്ക് കുറച്ച് പേടിയുണ്ടായിരുന്നു. ആദ്യമായിട്ടല്ലെ ഒരു വിമാനയാത്ര. ഓട്ടോറിക്ഷയിൽ കയറാൻ കൊതി പൂണ്ടുനടക്കുന്ന ചിക്കുവിന് വിമാനയാത്ര ഒരു അത്ഭുതയാത്രയായിരുന്നു.
ആകെ ഒരു പേടിയേ ഉണ്ടായിരുന്നുള്ളു ചിക്കുവിന്. അഛന്റടുത്തെത്തുമ്പോൾ അവരു വിമാനം നിറുത്തിത്തരുമോയെന്ന്. വിമാനകത്തിരിക്കുമ്പോഴും അതു തന്നെയായിരുന്നു അമ്മയോട് ചോദിച്ചതും.
“അമ്മേ.. ഇറങ്ങാറായോ....”
“ഇല്ലെടാ കുട്ടാ.... ഈ ആളുകളെല്ലാം അവിടെ ഇറങ്ങാനുള്ളതാ..”
“അതെന്തിനാ ഇവരൊക്കെ അഛന്റടുത്തെറങ്ങണെ...?”
“എടാ പൊട്ടാ.. നമ്മൾ ബസ്സീന്നിറങ്ങുമ്പൊ എന്തോരം പേരാ അവിടെ ഇറങ്ങാറ്.. ന്ന്ച്ച് അവരൊക്കെ നമ്മടെ വീട്ടിലേക്കാ കേറിവരാ...”
“ങ്ഹാ...!” അത് ചിക്കുവിന് വേഗം മനസ്സിലായി.
ജുസ്സ് കിട്ടിയത് രണ്ടെണ്ണം വാങ്ങിക്കുടിച്ചു. വയറു നിറച്ച് തിന്നാൻ കിട്ടിയപ്പോൾ പിന്നെ ക്ഷീണമായി. അതുകാരണം ചോദ്യങ്ങളൊന്നുമില്ലാതെ സുഖമായി കിടന്നുറങ്ങി.
അഛന്റെ വീട്ടിൽ വന്നതും ചിക്കുവിനു ശ്വാസം മുട്ടലായി. ചിക്കു അങ്ങനെയാണ് കരുതിയിരിക്കുന്നത്. ബഹ്റീനിലെ വീട് അഛന്റെ വീടാത്രെ...!
ഇവിടെ മുറ്റമില്ല...!
പടിക്കൽ പോയി നിന്ന് ഓട്ടോറിക്ഷാ കാണാൻ ‘പടി’യുമില്ല...! ഓട്ടോറിക്ഷയുമില്ല....!
എന്തിന് ഒന്നോടിക്കളിക്കാൻ ഒരു കൊച്ച് ഇറയം പോലുമില്ല...!!
ആകെയുള്ളത് ഒരു ബാൽക്കണിയായിരുന്നു...
ഏതു നേരവും അവിടെ പോയി നിന്ന് പുറത്തേക്കു നോക്കലായിരുന്നു. അതവന് ഒത്തിരി ഇഷ്ടപ്പെട്ടു. മുൻപിലുള്ള ഹൈവേയിൽ കൂടി പോകുന്ന വിവിധ തരം കാറുകൾ കാണാം. അവന്റെ ഇഷ്ടപ്പെട്ട ‘ഹമ്മർ‘ അതും ‘എല്ലൊ കളർ’ കണ്ട് തുള്ളിച്ചാടി...!
പക്ഷെ, വിയർത്തൊലിക്കുമ്പോൾ ഓടി അകത്തു കയറും.
ബഹ്റീനിൽ ഞങ്ങൾ ഒരു ജീവിതം തുടങ്ങുകയായിരുന്നു...
സ്കൂൾ തുറക്കുന്നതുവരെ സന്തോഷമായിരുന്നു. സ്കൂൾ തൊട്ടടുത്തു തന്നെ ഒരെണ്ണം ഉണ്ടായിരുന്നു. അവിടത്തെ എഴുത്തു പരീക്ഷയും കുടിക്കാഴ്ചയും കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞു.
“വേണമെങ്കിൽ മൂന്നാം ക്ലാസ്സിലേക്ക് തരാം...!”
“അവൻ നാട്ടിൽ നിന്നും മൂന്നു ജയിച്ചിട്ടല്ലെ ഇങ്ങോട്ടു പോന്നെ... പിന്നെന്തിനാ വീണ്ടും മൂന്നിൽ പഠിക്കണെ...?”
എന്റെ നെറ്റി ചുളിച്ചുള്ള ചോദ്യം അവർക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു. അവർ പരുഷമായിത്തന്നെ പറഞ്ഞു.
“ഇവിടത്തെ കുട്ടികളുടെ അത്ര സ്റ്റാന്റേഡൊന്നുമില്ല ഈ കുട്ടിക്ക്. ഒരു കൊല്ലം കൂടി മൂന്നാം ക്ലാസ്സിൽ ഇരുത്തിയാൽ അടുത്ത കൊല്ലം ശരിയാകും...!”
എനിക്കതു കേട്ടപ്പോൾ വല്ലാത്ത ചൊറിച്ചിൽ വന്നു. ആ മൂഡിൽ തന്നെ ഞാൻ ചോദിച്ചു.
“നിങ്ങളും ഡൽഹി സിലബസ്സ് തന്നെയല്ലെ പഠിപ്പിക്കുന്നത്...?”
“അതെ.. ഡെൽഹി സിലബസ്സാ...”
“ഇവനും ഇതുവരെ പഠിച്ചതും അതുതന്നാ... എല്ലാ വിഷയങ്ങൾക്കും പരീക്ഷക്ക് ഏ പ്ലസ്സും ‘ഗോൾഡൻ സ്റ്റാറും’ വാങ്ങിയാ പാസ്സായത്..”
“അതൊന്നും എനിക്കറിയില്ല. നിങ്ങൾക്കു വേണമെങ്കിൽ മൂന്നാം ക്ലാസ്സിലെക്കു തരാം...!”
“വേണ്ടാ നാലാം ക്ലാസ്സിൽ തന്നെ ചേർക്കാൻ പറ്റുമോന്ന് നോക്കട്ടെ...”
ദ്വേഷ്യപ്പെട്ടു തന്നെ ഞാൻ ഇറങ്ങിപ്പോന്നു. ഒരു കുട്ടിയുടെ ഒരു കൊല്ലമൊക്കെ ചുമ്മാ പാഴാക്കുന്നതിന് ഇവളുമാർക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ല. മൂന്നാം ക്ലാസ്സിലെ കുട്ടികളിൽ ആരെങ്കിലും ടീസി വാങ്ങി നാട്ടിലേക്ക് പോയിട്ടുണ്ടാകും. അതിനു പകരം സീറ്റ് തികക്കാനായിട്ടായിരിക്കും അവർ ആ രീതിയിൽ സംസാരിച്ചതെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് അതിന്റെ ഗുട്ടൻസ് പിടികിട്ടിയത്. ചിലപ്പോൾ ശരിയായിരിക്കാം...
ഇവിടെയാണൊ സ്കൂളുകൾക്ക് പഞ്ഞം...!
പിറ്റെ ദിവസം ഒരു സുഹൃത്തിനേയും കൂട്ടി അദ്ദേഹത്തിന്റെ കാറിൽ തന്നെ കുറച്ചകലെയുള്ള സ്കൂളിൽ പോയി. അവിടേയും എഴുത്തുപരീക്ഷ ഉണ്ടായിരുന്നു...
അവർ അഡ്മിഷൻ തരാൻ തെയ്യാറായി... വലിയ സന്തോഷമായി... ഇനിയും മറ്റൊന്നു അന്വേഷിച്ചു നടക്കണ്ടല്ലൊ.
ആ സന്തോഷം ഒരു നിമുഷം നേരത്തേക്കേ ഉണ്ടായുള്ളു...?
ഓഫീസിൽ നിന്നും പറഞ്ഞ വാക്കുകൾ ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു...!?
ഇതിനേക്കാൾ നല്ലത് അമ്മയും മോനേയും ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചയക്കുന്നതാ നല്ലതെന്നു തോന്നിപ്പോയി...!
മൂപ്പിലാത്തി ഞാൻ മനസ്സിൽ കണ്ടതു തന്നെ പറയുകയും ചെയ്തു....!
“ഞങ്ങൾ തിരിച്ചു പൊക്കോളാം ചേട്ടാ...!? ഇതു നമുക്ക് മുതലാവുകയില്ല....! ഈ ചിലവാക്കുന്ന കാശുണ്ടെങ്കിൽ ചിക്കൂനെ പത്താം ക്ലാസ്സു വരെ പഠിപ്പിക്കാം നാട്ടിൽ....!”
അതുകേട്ട് എനിക്കാകെ പ്രയാസമായി. എത്രയോ കാലത്തെ പ്രാർത്ഥനയുടേയും കാത്തിരിപ്പിന്റേയും ഫലമാണ് ഈ ഗൾഫ് ജീവിതം. അതിന് തുടക്കത്തിൽ തന്നെ കല്ലു കടിച്ചൊരു അനുഭവം. നിരാശ പൂണ്ട ആ മുഖത്തു നോക്കി ഞാൻ പറഞ്ഞു.
“അങ്ങനെ ബേജാറാവല്ലെ മോളെ... ഇപ്പൊഴേ ഇങ്ങനെ ആയാലൊ...? നമ്മുടെ നാട്ടിലേപ്പോലെ അല്ല ഇവിടെ. നമ്മുടെ നാടുമായി ഒരിക്കലും താരതമ്യപ്പെടുത്തരുത്.... നമുക്ക് നോക്കാം. ഇനിയുമില്ലെ ഇവിടെ സ്കൂൾ..”
അവർക്ക് കെട്ടിടഫണ്ടിനത്തിൽ നൂറുദിനാർ, ഡെപ്പോസിറ്റ് നൂറു ദിനാർ (അതു പഠിത്തം കഴിഞ്ഞു പോകുമ്പോൾ തിരിച്ചു തരും), പിന്നെ പലവിധ ഫീസുകൾ, ബസ്സ് ചാർജ്ജ്, പുസ്തകങ്ങൾ, യൂണിഫൊം, ഷൂ മുതലായവക്ക് മറ്റൊരു നൂറു ദിനാറോളം...!!
അവർക്ക് നാട്ടിൽ നിന്നും വരാനുള്ള ടിക്കറ്റിനായി കാശ് ബോസ്സിന്റടുത്തു നിന്നും വാങ്ങിയത് അതിനിയും കൊടുത്തട്ടില്ല. തന്നെയുമല്ല താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ അടുത്തു തന്നെ വരും. അതിനു മുൻപു അവിടന്നു മാറിക്കൊടുക്കണം.
ഒരു പുതിയ ഫ്ലാറ്റ് എടുത്താൽ ‘കറണ്ടു’ കിട്ടണമെങ്കിൽ നൂറു ദിനാർ കെട്ടിവക്കണം. ഒരു ഫോണില്ലാതെ എന്തായാലും പറ്റില്ല. ഭാഷയറിയില്ല, പരിസരവുമറിയില്ലാത്ത ഒരാളെ എങ്ങനെ ഫ്ലാറ്റിൽ പൂട്ടിയിട്ടിട്ടുപോകും...? ഞാൻ ജോലിക്കു പോയിക്കഴിഞ്ഞാൽ പിന്നെ വരുന്നതു വരെ യാതൊരു സമ്പർക്കത്തിനും അവസരമില്ല. അതിനും കെട്ടിവക്കണം മറ്റൊരു നൂറ് ദിനാർ...!
അന്ന് മോബൈൽ ഫോണൊന്നും അത്ര വ്യാപകമായിരുന്നില്ല.
“എന്റെ ദൈവമേ... ഇവിടെ ജീവിച്ചു പോകാൻ നീ സമ്മതിക്കില്ലേ... എവിടെ ചെന്നാലും ഈ നൂറിൽ കുറഞ്ഞ ഒരു പരിപാടിയും ഇല്ലല്ലൊ ന്റീശ്വരാ...!!” മനസ്സിലോർത്ത് വെറുതെ മുകളിലേക്ക് നോക്കി. മുകളിലത്തെ കാഴ്ച കണ്ട് പെട്ടെന്ന് പെങ്കൊച്ചിനെയും പിടിച്ചു വലിച്ച് മാറി നിന്നു. അവിടെ നേരെ തലക്കു മുകളിൽ ഒരു ഫാൻ സ്വന്തം അച്ചുതണ്ടിൽ കിടന്ന് ആടിക്കളിച്ചു കറങ്ങുന്നു. അല്ലെങ്കിൽ തന്നെ കഷ്ടകാലമെന്നു തോന്നുന്നു...!
അതിനിടക്ക് ആ ഫാനും കൂടി പൊട്ടി തലയിലേക്ക് വീഴണ്ട....!
മറ്റൊരു സ്കൂൾ നോക്കാമെന്നു കരുതി അവിടന്ന് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് എന്നോടൊപ്പം വന്ന സുഹൃത്ത് കൂടെ ചെല്ലാൻ വിളിച്ചത്. അദ്ദേഹത്തോടൊപ്പം നേരെ ഓഫീസിലെക്കു നടന്നു. എന്നെ പുറത്തു നിറുത്തി അദ്ദേഹം ഓഫീസിനകത്തു കയറി. കുറച്ചു കഴിഞ്ഞ് ഇറങ്ങി വന്നിട്ടു പറഞ്ഞു.
“പേടിക്കണ്ട... സാവകാശമുണ്ട്.. ഈ കെട്ടിടഫണ്ടും ഡെപ്പോസിറ്റും ഇൻസ്റ്റാൾമെന്റായിട്ട് കൊടുത്താൽ മതി. അതിനുള്ള വകുപ്പൊക്കെയുണ്ട്...”
“അതേയോ... എന്നിട്ടവരതു പറഞ്ഞില്ലല്ലൊ...?”
“ആവശ്യക്കാരൻ ചോദിക്കണം.. ഇല്ലെങ്കിൽ അവർ പറയില്ല... ഉള്ളവൻ ഉടനെ എടുത്തു കൊടുക്കുമല്ലൊ...”
“അപ്പൊ എത്ര വച്ചടക്കണം..?”
“ഈ സ്കൂൾ വർഷം അവസാനിക്കുന്നതിനു മുൻപു തീർക്കണം.. അതായത് പത്തു മാസം കൊണ്ടു തീർക്കണം...”
“ അതായത് ഇരുപത് രൂപ വച്ച് പത്തു മാസം കൊണ്ട് ഡെപ്പോസിറ്റ് തുക കൊടുത്തു തീർക്കണം...”
“അതെ... എന്തു പറയുന്നു...?”
അപ്പൊ ഈ ഇരുപതും പിന്നെ അതാതു മാസത്തെ ഫീസും ബസ്സ് ചാർജ്ജും ഒരുമിച്ച് കൊടുക്കണം. ഞാൻ മനസ്സിലിട്ട് കൂട്ടിയും കുറച്ചുമൊക്കെ നോക്കി. പിന്നെ പറഞ്ഞു.
“ങാ.. കുഴപ്പമില്ല... ഒരു വിധം തട്ടിയും മുട്ടിയുമൊക്കെ മുന്നോട്ടു പോകാം....!”
കുറേശ്ശെ അടച്ചു തീർത്താൽ മതിയെന്നത് വല്ലാത്തൊരു സഹായമായിരുന്നു...
ഇല്ലെങ്കിൽ ഒരുപക്ഷെ, അവരെ തിരിച്ചയക്കേണ്ടി വന്നേനെ..
അപ്പോൾ തന്നെ എല്ലാം കൊടുത്ത് ചിക്കുവിനെ സ്കുളിൽ ചേർത്തിട്ടാണ് മടങ്ങിയത്...
ബോസ്സ് ഫ്ലാറ്റിനുള്ള കാശ് തരാമെന്നു പറഞ്ഞപ്പോൾ, പിന്നൊന്നും ചിന്തിക്കാൻ ശ്രമിച്ചില്ല. വാസ്ഥവത്തിൽ വീണ്ടുവിചാരമില്ലാത്ത ഒരു പ്രവൃത്തി ആയിരുന്നു ഞാൻ കാട്ടിക്കൂട്ടിയത്.
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് കുടുംബത്തെ കൊണ്ടു വരാൻ അവസരം കിട്ടുമ്പോൾ ഇതു പോലെയൊക്കെ തന്നെയായിരിക്കും പെരുമാറുക അല്ലെ....?
അതു കൊണ്ടായിരിക്കും കുടുംബത്തെ കൊണ്ടുവരുന്നവർക്ക് മിനിമം ശമ്പളം ഇത്ര വേണമെന്ന് സർക്കാർ നിബന്ധന വെച്ചത്. അപ്രതീക്ഷിതമായ ഇത്തരം ചിലവുകൾ ഏറുമ്പോൾ തൽക്കാലം ഒന്നു പിടിച്ചു നിൽക്കാൻ അവിടന്നും ഇവിടന്നും ഒക്കെ കടം വാങ്ങും. അതു കൊടുക്കാൻ കഴിയാതെ വരുമ്പോൾ പലിശക്കാരുടെ കയ്യിലകപ്പെടും. കടവും കടത്തിന്റെ കടവും, പലിശയും കൂട്ടുപലിശയും എല്ലാം കൂടി ചേർന്ന് ഇവിടെ കിടന്ന് ചക്രശ്വാസം വലിക്കും....!!
ഞാൻ കടം വാങ്ങിയെങ്കിലും പലിശക്ക് പണമൊന്നും എടുത്തില്ല.
ഫ്ലാറ്റിന്റെ ഉടമസ്ഥൻ നാട്ടിൽ നിന്നും തിരിച്ചു വന്നുവെങ്കിലും അയാൾ ഫ്ലാറ്റ് ആവശ്യപ്പെട്ടില്ല. കുടുംബത്തെ നാട്ടിലാക്കിയിട്ടാണ് വന്നത്. അതുകൊണ്ട് അയാൾ കൂട്ടുകാരുടെ ഒപ്പം മറ്റൊരു ഫ്ലാറ്റിൽ കൂടി.
അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ഈ ഫ്ലാറ്റിൽ നിന്നും മാറാൻ ഞങ്ങൾ തീരുമാനിച്ചു. കാരണം ശമ്പളത്തിൽ മിച്ചമൊന്നുമുണ്ടായിരുന്നില്ല. കടം വാങ്ങിയതൊന്നും തിരിച്ചു കൊടുക്കാനും കഴിഞ്ഞിരുന്നില്ല.
മറ്റൊരു ഫ്ലാറ്റിൽ, ക്ഷമിക്കണം ഫ്ലാറ്റെന്നു പറയാൻ പറ്റില്ല. പഴയ ഒരു കെട്ടിടത്തിന്റെ ടെറസ്സിൽ ഒരു മുറി മാത്രമേയുള്ളു. ടെറസ്സിൽ തന്നെ കുളിമുറിയും ഓപ്പൺ അടുക്കളയും ഉണ്ടായിരുന്നു. ഞങ്ങൾ അവിടേക്ക് താമസം മാറി. അവിടെ താഴത്തെ നിലയിൽ നിന്നും കറണ്ട് തന്നിരുന്നു. വാടകയും കറണ്ടുകാശും മാത്രം കൊടുത്താൽ മതി.
ഒരു വീട്ടിനാവശ്യമുള്ളതെല്ലാം, എന്നു പറഞ്ഞാൽ ഗ്യാസ് സിലിണ്ടർ മുതൽ കട്ടിൽ, പാത്രങ്ങൾ വരെ എല്ലാം പുതിയതായി വേണ്ടി വന്നു. ജോലി മതിയാക്കി നാട്ടിലേക്ക് പോയ ഒരു കുടുംബത്തിന്റെ പഴയ സാധനങ്ങൾ വില കുറച്ച് കിട്ടിയിരുന്നു. തൽക്കാലം പിടിച്ചുനിൽക്കാൻ അങ്ങനെയൊക്കെയേ പറ്റുമായിരുന്നുള്ളു.
സൌകര്യക്കുറവു കാരണം അധികം കൂട്ടുകാരേയൊന്നും വീട്ടിലേക്കു ക്ഷണിച്ചില്ല...
പണ്ടെങ്ങൊ ബഹറീനിലെ ആദിവാസികൾ ഉപയോഗിച്ചിട്ടുപേക്ഷിച്ചു പോയ കെട്ടിടം ആരോ ഒരുത്തൻ ഇപ്പോൾ കിട്ടുന്ന കാശിനു വാടകക്കു കൊടുത്തു കാശുണ്ടാക്കുന്നു. അതായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്....!!
പക്ഷേ, ബോസ്സ് തരുന്ന വാടകകൊണ്ട് ഇവിടത്തെ വാടകയും, ഞങ്ങളുടെ മുന്നു പേരുടെ ഭക്ഷണച്ചിലവും നടന്നു പോവുമായിരുന്നു. അതു കൊണ്ട് കടങ്ങൾ കുറേശ്ശെ തിരിച്ചടക്കാൻ തുടങ്ങി...
പിന്നെ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു...
കുറ്റങ്ങളും കുറവുകളും ധാരാളമുണ്ടായിരുന്നെങ്കിലും ഇവിടെ ഒരുമിച്ച് ജീവിക്കാൻ എന്തു വിട്ടുവീഴ്ചക്കും അവൾ തയ്യാറായിരുന്നു. ഒരു പരിഭവമോ പരാതിയോ പറയാതെ അതുവരെ ഇല്ലാത്ത ഒരു സ്വർഗ്ഗം ഇവിടത്തെ ഇല്ലായ്മയിലും ഞങ്ങൾ പടുത്തുയർത്തുകയായിരുന്നു.
അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ കൊച്ചു സ്വർഗ്ഗത്തിലേക്ക് ഒരു പുതിയ അഥിതിയുടെ രംഗപ്രവേശനത്തിന്റെ മണം കിട്ടിയത്...!!
ബാക്കി അടുത്ത പോസ്റ്റിൽ....
28 comments:
എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാലും ഒരുമിച്ചുള്ള ജീവിതം, അതൊരു അനുഭൂതി തന്നെയാണ്.നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു. ശൈലിയും നല്ലത്.
ചിക്കുവിന്റെ ആദ്യ വിമാനയാത്രയും നിഷ്കളങ്കമായ സംശയങ്ങളും ഒക്കെ ഇഷ്ടപ്പെട്ടു ..എഴുത്ത് കുറച്ചു കൂടി തേച്ചു മിനുക്കി ഈ ഓര്‍മ്മക്കുറിപ്പ് ഒരു പുസ്തകമാകാന്‍ ആശംസിക്കുന്നു ..
happy days are here again.............
ഗള്‍ഫ് സ്കൂളുകള്‍ വീണ്ടും ഫീസ് കൂട്ടി എന്ത് ചെയ്യാന്‍ നമ്മുടെ ജീവിതം നേടിയെടുക്കുമ്പോള്‍ സ്കൂളുകലുറെ ജീവനക്കാരും ഹോസ്പിറ്റലുകാരും കീശ വീര്‍പ്പിക്കുന്നു.
എന്നാലും ..........................
ചില സ്നേഹമുള്ള ‘അർബാബുമാർ’ തങ്ങളുടെ ശമ്പളം കുറഞ്ഞ ജോലിക്കാർക്ക് അവരുടെ സന്തോഷത്തിനായി കനിഞ്ഞു നൽകുന്ന ‘ഫാമിലി വിസ’ യിൽ വരുന്നവർ അഭിമുഖീകരിക്കുന്ന കുറച്ചു കാര്യങ്ങൾ, എന്റെ അനുഭവത്തിലൂടെ വരച്ചു കാണിച്ചതാണ് ഇത്.
========================================
ഷാനവാസ്: തീർച്ചയായും. സത്യമാണു മാഷ് പറഞ്ഞത്. ഞാനും ഇവിടെ വച്ചാണ് ഒരു കുടുംബ ജീവിത്തത്തിന്റെ ആസ്വാദ്യത അനുഭവിച്ചറിഞ്ഞത്. അഭിപ്രായത്തനു വളരെ നന്ദി.
രമേശ് അരൂർ: എഴുത്ത് നന്നായി തേച്ചു മിനുക്കേണ്ടിവരുമന്നറിയാം. കാരണം ഞാനൊന്നും ഒരിക്കലും ഒരെഴുത്തുകാരനായിരുന്നില്ല. ‘ഗൂഗിൾ’ സൌജന്യമായി നൽകിയ ‘ബ്ലോഗ്’ എന്ന മാദ്ധ്യമം ഇല്ലായിരുന്നങ്കിൽ ഇങ്ങനെയൊന്ന് പരീക്ഷിക്കുമായിരുന്നില്ല. അതിന് ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു. ഇതൊക്കെ പുസ്തകമാക്കുന്നതിനെക്കുറിച്ചൊന്നും തലക്കാലം ചിന്തയിലില്ല.
വന്നതിനും വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി.
രമണിക: അതെ.. കുടുംബത്തോടൊപ്പമുള്ള ജീവിതം തന്നെയാണ് ഏറ്റവും സന്തോഷം തരുന്നത്. വന്നതിനു വളരെ നന്ദി.
സാബിബാവ: അവർ അവരുടെ കീശ വീർപ്പിക്കുന്നുവെന്നു പറയുമ്പോഴും ചിലവുകളും നാം കാണണം. പക്ഷെ,ഒറ്റയടിക്ക് ഇതൊക്കെ നമ്മൾ കൊടുക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ താങ്ങാവുന്നതിനും അപ്പുറം എന്നതും ഒരു സത്യം.
ഏറെക്കാലമെത്തിയുള്ള ഈ സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.
മുന്‍പൊക്കെ വിശദമായി എഴിയിരുന്ന ആള് ദാ ഭൈമിയെ കൂടെ കിട്ടിയപ്പോള്‍ തെരക്കു പിടിച്ച് എഴുതുന്നതു കണ്ടോ? ഹ ഹ ഹ :)
രമേശിന്റെ അഭിപ്രായം എനിക്കുമുണ്ട്. ഈ ഓര്‍മ്മക്കുറിപ്പുകള്‍ ബ്ലോഗില്‍ മാത്രം ഒതുങ്ങാതിരുന്നെങ്കില് നന്നായിരുന്നു.
ഹൃദ്യമായ ശൈലി,നന്നായിരിക്കുന്നു വീകെ..
വീകെ നല്ല ഒഴുക്കുള്ള എഴുത്ത്. പുസ്തകമാക്കിയാല്‍
കൊള്ളാം.
ഇത്തവണ ആദ്യ വീമാനയാത്രയെക്കുറിച്ചും മനസ്സിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്ന കൊച്ചു വരുമാനത്തിന്റെ പ്രയാസങ്ങളും അല്ലെ.
തുടരട്ടെ.
ഇൻഡ്യാഹെറിറ്റേജ്: അങ്ങനെ തിരക്കൊന്നും കാട്ടിയില്ലാട്ടൊ മാഷെ. വന്നതിനു വളരെ നന്ദി.
അജിത്: അതൊന്നും തൽക്കാലം ചിന്തയിലില്ല. വന്നതിനും അഭിപ്രായത്തിനും നന്ദി.
കൃഷ്ണകുമാർ513: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
കുസുമം ആർ പുന്നപ്ര: വളരെ നന്ദി.
പട്ടേപ്പാടം റാംജി: വലിയ ശമ്പളമില്ലാത്തവർ അനുഭവിക്കാനിടയുള്ള ഒരവസ്ഥ പറഞ്ഞുവെന്നേയുള്ളു. അഭിപ്രായത്തിനു വളരെ നന്ദി.
അങ്ങിനെ ജീവിതം സുഖകരമായി ഒഴുകിത്തുടങ്ങി!
തനതായ അശോകിന്റെ ശൈലിയിലൂടെ ഒരു സാധാരണക്കാരന്റെ പ്രവാസജീവിതാരംഭത്തിന്റെ ആമുഖം ശരിക്കും എഴുത്തിലൂടെ വരച്ചുകാട്ടിയിരിക്കുന്നൂ...
മൊബൈൽ ഫോൺ വ്യാപകമല്ലാത്ത കാലത്ത് ഹമ്മറോ!!!
എഴുത്ത് നന്നായിട്ടുണ്ട്.
ആശംസകൾ.
അനുഭവങ്ങള്‍ അനുഭവങ്ങള്‍!! വായിച്ചു കൊണ്ടേ ഇരിക്കുന്നു.
ആശംസകള്‍!!
എഴുത്തുകാരി: തീർച്ചയായും.. കുടുംബത്തോടൊപ്പമുള്ള ജീവിതം സന്തോഷം എന്നു തന്നെ പറയാം... വന്നതിനും അഭിപ്രായത്തിനും വളരെ സന്തോഷം.
ബിലാത്തിച്ചേട്ടൻ: ചേട്ടായി.. വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
നികു കേച്ചേരി: മോബൈൽ വ്യാപകമല്ലായിരുന്നുവെന്ന് പറഞ്ഞത്, അന്ന് മൊബൈൽ ഇല്ലായിരുന്നുവെന്ന അർത്ഥത്തിലല്ല. ഒന്നാമത് മോബൈലിന്റെ വില സാധാരണക്കാർക്ക് താങ്ങാവുന്നതായിരുന്നില്ല. മറ്റൊന്ന് ‘സിം കാർഡ്” എടുത്താൽ എല്ലാമാസവും ഒരു നിശ്ചിത തുക അടക്കണമായിരുന്നു. അതും ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു.
ഇന്നിപ്പോൾ വെറും ‘ഒരു ദിനാറി’നു പോലും സിം കാർഡും, അഞ്ചു ദിനാറിനു മോബൈലും കിട്ടുന്ന അവസ്ഥയാണല്ലൊ.
കുറെ കഴിഞ്ഞപ്പോൾ കമ്പനി വെറുതെ തന്ന സിം കാർഡ് കാരണമാണ് ഞാനും ഒരു മോബൈലിന് ഉടമയായത്.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ഞാൻ:ഗന്ധർവ്വൻ: വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷം.
ഗദകാല സ്മരണകള്‍ പോലെയുണ്ടല്ലോ
നല്ല എഴുത്ത് ,തുടരുക ഭാവുഗങ്ങള്‍
പുസ്തകമാക്കുന്നതില്‍ തെറ്റില്ല എന്നാ എന്റെം അഭിപ്ര്രായം
സ്ഥിരമായി എന്റെ ബ്ലോഗ്ഗില്‍ കാണാറുണ്ട് വീകെയെ. അവിടെ നല്കൂന്ന പ്രോത്സാഹനത്തിനു നന്ദിയും ഉണ്ട്. ഇവിടെ ബഹറിനില്‍ ആണ് നമ്മള് എങ്കിലും ഇതുവഴി എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കട്ടെ വീകെ.
സമയം പോലെ എല്ലാം വായിച്ചെടുത്തോളാം. എന്നാലും ഈ പോസ്റ്റ് വായിച്ചു. രചനയിലെ ലാളിത്യവും ആത്മാര്‍ഥതയും ഇഷ്ടായി ട്ടോ.
നല്ല സുഖമായി വായിച്ചു പോകാവുന്ന ശൈലി.
ആശംസകള്‍
വളരെ നന്നയിരിക്കുന്നുവല്ലോ...
പുസ്തകമാക്കി പ്രകാശനം ചെയ്തുടെ..
എല്ലാ ആശംസകളും..
ജി ആർ കവിയൂർ: ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.
ഉമേഷ് പീലിക്കോഡ്: വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷം.
ചെറുവാടി: ആദ്യമായ ഈ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
കോമിക്കോള: ആദ്യമായ ഈ വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷവും നന്ദിയും.
വളരെ ലളിതമായ ശൈലിയില്‍ ഉള്ള എഴുത്ത് ഇഷ്ടപ്പെട്ടു ....വീണ്ടും വരാം
valare aswadhyakaramayi anubhavappettu...... aashamsakal.......
പോസ്റ്റ് പതിവു പോലെ ഇഷ്ടപ്പെട്ടു, മാഷേ
ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഗല്ഫില് ഒറ്റയ്ക്ക് കഴിയുന്ന എത്ര നിര്ഭാഗ്യവാന്മാര്.
ഒരുമിച്ചുള്ള ജീവിതം സന്തോഷകരമാകട്ടെ.
വിഷു ആശംസകള്‍
ഇഷ്ടപ്പെട്ടു!
ആഫ്രിക്കൻ മല്ലൂ: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ജയരാജ്മുരുക്കുംപുഴ: അഭിപ്രായത്തിന് വളരെ നന്ദി.
ശ്രീ: വളരെ നന്ദി മാഷെ..
ജ്യൊ: വന്നതിനു വളരെ നന്ദി.
പ്രണവം രവികുമാർ: ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.
ഇനിയും ഇതിലേ പോയിട്ടും ഒന്നും മിണ്ടാൻ മനസ്സില്ലാതെ പോയ എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു.
“എല്ലാവർക്കും വിഷു ആശംസകൾ.”
ഇവിടെ കെട്ട്യോളും കുട്ട്യോളുമായി പൊറുതി തുടങ്ങിയതൊന്നും ഞാനറിഞ്ഞില്ല.ഒന്നു പറയേണ്ടേ? ചിക്കുവിനെപ്പോലെ എനിക്കുമൊന്നു വിമാനത്തീ കേറണം.
Post a Comment