കഥ തുടരുന്നു...
സാലറി സർട്ടിഫിക്കറ്റ്....
ദിവസങ്ങൾ കഴിയവെ ഒരു വീടിന്റെ പ്ലാൻ ഉണ്ടാക്കേണ്ടതെങ്ങനെയെന്ന ചിന്ത കലശലായി. പോരുന്നതിനു മുൻപ് കൊള്ളാവുന്നൊരു കോൺട്രാക്ടറെ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ വീടിന്റെ അടുത്ത് പലരും വീടുകൾ പുതിയതായി നിർമ്മിക്കുകയും പഴയത് പുക്കിപ്പണിയുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. അതിൽ ഒരു കോൺട്രാക്ടറെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞപ്പോൾ അയാളെത്തന്നെ ഞങ്ങളുടെ വീടു പണിയും ഏൽപ്പിക്കാമെന്ന് തീരുമാനിച്ചിരുന്നു.
പക്ഷേ, അയാൾക്ക് പ്ലാൻ ഉണ്ടാക്കിത്തരുവാനുള്ള ആളുകളൊന്നും ഉണ്ടായിരുന്നില്ല. അത്തരം സെറ്റപ്പുള്ള ഒരു കോൺട്രാക്ടറായിരുന്നില്ല. വേണമെങ്കിൽ അതിനു പറ്റിയവരെ ഏൽപ്പിച്ചു തരാമെന്നു പറഞ്ഞെങ്കിലും എനിക്കതത്ര ശരിയായി തോന്നിയില്ല. ആലോചിച്ചപ്പോൾ എന്റെ ഒരു കസിൻ ഈ പണികൾ ചെയ്യുന്നതായി അറിഞ്ഞു. അവന്റെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചു വിവരങ്ങൾ പറഞ്ഞു. അവനത് സന്തോഷത്തോടെ ഏറ്റെടുത്തു. ഈയാഴ്ച തന്നെ അവിടെ പോയി സ്ഥലം കണ്ട് ചേച്ചിയോട് വിവരങ്ങൾ ചോദിച്ചറിയാമെന്നു പറഞ്ഞപ്പോൾ ഇതിൽപ്പരം ഒരു സന്തോഷമില്ലായിരുന്നു.
നമ്മുടെ സ്വന്തം പയ്യനാവുമ്പോൾ അവനത് കണ്ടറിഞ്ഞ് ചെയ്യുമല്ലൊ. മാത്രമല്ല പണി തുടങ്ങിക്കഴിഞ്ഞാൽ അവനെ തന്നെ അതിന്റെ സൂപ്രവൈസിങ്ങും ഏൽപ്പിക്കാൻ കഴിയും. ഞാനില്ലെങ്കിലും നേരെ ചൊവ്വെ പണി നോക്കി നടത്തുമല്ലൊ. പക്ഷെ, മുന്നു മാസം കഴിഞ്ഞിട്ടും അവൻ തിരിഞ്ഞു നോക്കിയില്ല. വീണ്ടും അവനെ ബന്ധപ്പെട്ടു. കുറച്ചു തിരക്കായിപ്പോയി. ഞാൻ ഉടനെ പോകും. എന്തായാലും ചേട്ടൻ വരുന്നതിനു മുൻപു പ്ലാൻ ശരിയായിരിക്കും. അവനെ അവിശ്വസിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് പിന്നെയും കാത്തിരുന്നു. പിന്നെയും ഒരു പ്രാവശ്യം കൂടി അവനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പഴയ മറുപടി തന്നെ.
ഇനി അവനെ കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നു മനസ്സിലായി. പ്ലാൻ ഉണ്ടാക്കിക്കൊടുത്താലും എന്നിൽ നിന്നും കാശു വാങ്ങാൻ കഴിയില്ലെന്നുള്ള തിരിച്ചറിവാകും അവനെ അതിൽ നിന്നും പിൻതിരിപ്പിച്ചതെന്നു തോന്നുന്നു.
മറ്റൊരാളെ നാട്ടിൽ നിന്നും പെങ്കൊച്ചു തന്നെ കണ്ടെത്തി.
ആദ്യം വരച്ച പ്ലാൻ ആകെയുള്ള പത്തു സെന്റ് നിറയെ ഒരു വീട്.
ഗൾഫ്കാരുടെ വീടിന്റെ പ്ലാനൊക്കെ അത്രക്കു വേണോത്രെ...!
ഞാൻ പറഞ്ഞു.
“ എന്റെ പൊന്നു മോനെ, ഞാൻ ഗൾഫുകാരാനാണെങ്കിലും എന്റെ വീട് അത്തരത്തിൽ വേണ്ട. മുന്നു കിടപ്പുമുറി വേണം. പിന്നെ മറ്റ് സൌകര്യങ്ങളും. പക്ഷെ, പരമാവധി അഞ്ചു സെന്റിനുള്ളിൽ ഒതുങ്ങി നിൽക്കണം. ബാക്കി അഞ്ചു സെന്റ് മറ്റാവശ്യങ്ങൾക്കായി ഒരു വശത്ത് മാറ്റിയിടണം. സൌകര്യങ്ങളെന്തൊക്കെയാണ് വേണ്ടതെന്നു വീട്ടുകാരത്തിയുമായി ആലോചിച്ചു ചെയ്യുക.”
പിന്നെ ആലോചിച്ചപ്പോൾ താഴത്തേപ്പോലെ തന്നെ ഒരു നിലയും കൂടി ഉണ്ടാക്കിയാലോ...?
അതൊരു അതി മോഹമാണോ...? അതു വാടകക്കു കൊടുത്താൽ ബാങ്കിലടക്കാനുള്ള തുകയുടെ പകുതിയെങ്കിലും കിട്ടില്ലെ. ബാക്കി പകുതിക്ക് സമാധാനം പറഞ്ഞാൽ മതിയല്ലൊ. അവസാനം ഇവിടെന്നെല്ലാം അവസാനിപ്പിച്ച് തിരിച്ചു വരുമ്പോൾ കഞ്ഞികുടിച്ചു കിടക്കാൻ അതൊരു വകയായെങ്കിലോ...?! എന്റെ മക്കൾക്ക് പ്രായമാകുമ്പോൾ അവർക്ക് ഉപയോഗിക്കുകയും ആവാം. ഇന്നത്തെ കാലത്ത് ഒരു വീടുണ്ടാക്കുക അത്ര എളുപ്പമല്ല. ഞാൻ പണിയാനുദ്ദേശിക്കുന്ന വീട് കടമെല്ലാം തീർന്ന് ഞങ്ങളുടെ സ്വന്തമാവാൻ ബാക്കിയുള്ള ജീവിതകാലം മുഴുവൻ അദ്ധ്വാനിക്കേണ്ടി വരും. എന്റെ മക്കൾക്ക് ഒരു വീടുണ്ടാക്കാൻ അവരുടെ ജീവിതകാലം മതിയാകാതെ വന്നേക്കാം...!
എന്റെ ആ നിർദ്ദേശം പക്ഷെ, വേണ്ടപ്പെട്ടവരിൽ ഒരാളും സമ്മതം തന്നില്ല.
നമ്മുടെ തലയിൽ ഒരു തൊപ്പി കൂടി വക്കുന്നതിന് പ്രത്യേകിച്ച് ചിലവൊന്നുമില്ലല്ലൊ. ആ തൊപ്പിയുടെ കാശല്ലെ വരികയുള്ളു. അതായിരുന്നു എന്റെ ഒരു ന്യായീകരണം.
നല്ലപാതി പറഞ്ഞു.
“ആദ്യം നമുക്ക് കേറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരെണ്ണം ഉണ്ടാക്കാം. പിന്നെ പൈസ ഉണ്ടാവുമ്പോൾ ഒരോ മുറി വീതം പണിത് സാവധാനം ബാക്കി കൂടി തീർക്കാം. അല്ലാതെ ഗൾഫുകാരുടെ മാതിരി ‘പണിതീരാത്ത ഭാർഗ്ഗവീ നിലയം’ പോലെ പണിയണ്ട...!”
ശരിയായിരുന്നു. ഗൾഫുകാരൻ വീടു പണിയുമ്പോൾ എടുത്താൽ പൊങ്ങാത്ത ഒരെണ്ണം ഉണ്ടാക്കും. അതിന്റെ പണി പൂർത്തിയാക്കാൻ കഴിയാതെ പലയിടത്തും കണ്ടിട്ടുണ്ട്. ഞാൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ഞാൻ മുന്നോട്ട് പോയി. അങ്ങനെയൊന്ന് പിന്നീട് വേണമെങ്കിലും അടിത്തറ ഇപ്പൊഴേ വേണമല്ലൊ.
താമസിയാതെ പ്ലാൻ തെയ്യാറായി.
ഒരു വിധം തെറ്റില്ലാത്ത ഒന്നാണെന്നു തോന്നി.
അത്ര വിസ്താരമേറിയ മുറികാളൊന്നുമല്ല.
ആയിരത്തിഒരുന്നൂറ്റൻപത് (1150sq.ft.) സ്ക്വയർ ഫീറ്റ്. ഞാൻ ഓക്കെ അടിച്ചു.
താഴത്തേതിന്റെ ഫോട്ടോ കോപ്പി പോലെ ഒരു നില കൂടിയുണ്ടായിരുന്നു മുകളിൽ.
ഒരേ പോലുള്ള രണ്ടു വീടായിട്ടായിരുന്നു പ്ലാൻ.
രണ്ടു ഫ്ലോറും കൂടി 2300sq.ft.
ഒരു പത്തു വർഷം മറ്റൊന്നും ശ്രദ്ധിക്കാതെ കൊടും തപസ്സ് വേണ്ടി വരും..!!!
അതായിരുന്നു കണക്കു കൂട്ടൽ....
കോൺട്രാക്ടറുമായി ബന്ധപ്പെട്ടു.
കരാർ വാക്കാൽ പറഞ്ഞുറപ്പിച്ചു.
ഞാൻ എത്തുന്നതിനു മുൻപ് പ്ലാൻ അധികാരികളുടെ കയ്യിൽ നിന്നും അനുവാദം വാങ്ങി വക്കാമെന്ന് ഏറ്റു. അങ്ങനെ ഒരു കടമ്പ കടന്നു.
ഇനിയുള്ളത് വായ്പ്പ എടുക്കേണ്ടതിലേക്കായി ആദ്യം ഉണ്ടാക്കേണ്ട എന്റെ
‘സാലറി സർട്ടിഫിക്കറ്റ്’ ആണ്. ഒരു കൊല്ലം തീരാൻ രണ്ടു മാസം ബാക്കിയുള്ളപ്പോൾ അതിനായി ഒരുങ്ങി. ബോസ്സിന്റെ അടുത്തു നിന്നും സാലറി സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ ഞാൻ ഓർമ്മപ്പെടുത്തി.
“ഞാനൊരു വീടുണ്ടാക്കാൻ പോകാണ്. നാട്ടിൽ പോകുമ്പോൾ കുറച്ചു ‘ദിനാർ’ ലോണായിട്ടു നീ തരില്ലേ...?”
ബോസ്സ് അതു കേട്ടു ഞെട്ടിയോ...? എനിക്കങ്ങനെ ഒരു നിമിഷം തോന്നി.
“ഇപ്പോഴത്തെ ലോക സാമ്പത്തിക ക്രൈസ്സിസ് സാഹചര്യത്തിൽ ഒരാൾക്കും ലോൺ കൊടുക്കാൻ പാടില്ലെന്നാ തലസ്ഥാനത്തു നിന്നുള്ള ഓർഡർ. മാക്സിമം ഒരു മാസത്തെ ശമ്പളം കൊടുക്കാം. അത് ആ മാസം തന്നെ പിടിച്ചോളണം.”
ഞാൻ അതു കേട്ട് തല കുനിച്ച് നിന്നു. കണക്കു കൂട്ടലുകൾ തെറ്റുകയാണൊ..?
തറ കെട്ടാനുള്ള കാശ് ബോസ്സിന്റടുത്തു നിന്നും വായ്പ്പയായി വാങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു. അതാവുമ്പോൾ പലിശയൊന്നും കൊടുക്കേണ്ടല്ലൊ....!
പുത്തരിയിൽ തന്നെ കല്ലുകടിച്ചു..!
എന്റെ വിട് എന്ന സ്വപ്നം നടക്കാതെ വരുമോ...?
വല്ലാത്ത മനഃപ്രയാസത്തോടെയാണ് സാലറി സർട്ടിഫിക്കറ്റുമായി അവിടന്നിറങ്ങിയത്.
കമ്പനിയിലെ ഒരു സുഹൃത്തിനോടൊപ്പമാണ് എംബസ്സിയിലേക്ക് പുറപ്പെട്ടത്. അവിടെച്ചെന്നപ്പോൾ തിരക്കോട് തിരക്ക്. ക്യൂവിൽ നിന്ന് കാലു കഴച്ചു. പത്തുമണിയായപ്പോഴേക്കും കൌണ്ടറിൽ എത്തി. അവിടത്തെ ഓഫീസ്സർ ഒരു പുഛരസത്തിലല്ലെ പറഞ്ഞതെന്ന് തോന്നി. തെറ്റ് എന്റേതാണ്. ഇത് എന്റെ നിത്യാഭ്യാസത്തിൽ പെട്ടതൊന്നുമല്ലല്ലൊ.
“എടോ നിങ്ങൾ ചുമ്മാ ഒരു ലെറ്റർ പാഡിൽ ഒരു കത്തും കൊണ്ടു വന്നാൽ അതെങ്ങനെ അറ്റസ്റ്റ് ചെയ്യാനാകും. ഈ കമ്പനിയും ഇതിലെ ഒപ്പും ശരിക്കുള്ളതാണോന്ന് ഞങ്ങളെങ്ങനെ അറിയും. ഇതിനൊക്കെ ഒരു ആധികാരികത വേണം. പോയി ‘ചെംമ്പർ ഓഫ് കോമ്മേഴ്സിന്റേയും, മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സിന്റെ കൌണ്ടർ സൈനും വാങ്ങി, രണ്ടു ഫൊട്ടൊ കോപ്പിയുമായി വന്നാൽ ഒപ്പിട്ടു തരാം..!!”
എന്നും പറഞ്ഞ് ആ കടലാസ് മുൻപിലെ ഗ്ലാസ്സ് മറ കാരണം എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞില്ലെന്നു മാത്രം. അവരുടെ അത്രയും സമയം നഷ്ടപ്പെടുത്തിയതിന് സോറി പറഞ്ഞ് വിയർത്തു കുളിച്ച് പുറത്തിറങ്ങി. ചില സമയത്തങ്ങനെയാണ്.
ഏസി മുറിയിലാണെങ്കിലും വിയർത്തു കുളിക്കും...!
കൂട്ടുകാരനുമായി തിരികെ പോരുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു. വായ്പ്പ തരാൻ ബുദ്ധിമുട്ടാണെന്ന ബോസ്സിന്റെ പറച്ചിലും, എംബസ്സിയിലെ അനുഭവവും ചേർത്ത് വായിക്കുമ്പോൾ വീടു പണിക്ക് തൽക്കാലം വിട പറയാമെന്ന് തോന്നി. വീടു പണിയാനുള്ള സമയം ആയില്ലെന്നു തോന്നുന്നു. ഇന്നാകെ ശകുനപ്പിശകാണ്. ഞാൻ കൂട്ടുകാരനോട് പറഞ്ഞു.
“ഇന്നിനി നമുക്ക് എങ്ങും പോകണ്ട. ഇന്നത്തെ എന്റെ സമയം ശരിയല്ല. നമുക്ക് കമ്പനിയിലേക്ക് തിരിച്ചു പോകാം.”
“അതു വേണ്ടാ.. നമുക്ക് മിനിസ്ട്രിയിലും കൂടി പോകാം. അവിടെയിനി വേറെന്തെങ്കിലും പേപ്പറുകളൂം മറ്റും ആവശ്യപ്പെട്ടാലൊ...? നേരത്തെ അറിഞ്ഞിരിക്കുന്നത് നല്ലതാ... ”
അതു ശരിയാണ്. അല്ലെങ്കിൽ അടുത്ത പ്രാവശ്യം ചെല്ലുമ്പോൾ വീണ്ടും മുടങ്ങും. ഞങ്ങൾ നേരേ ചേമ്പർ ഓഫ് കോമ്മേഴ്സിലേക്ക് ചെന്നു. അവിടെ തിരക്കൊന്നുമില്ല. രണ്ടു മൂന്നു പേർ മാത്രം. പേപ്പർ കൊടുത്ത് കാര്യം പറഞ്ഞു. അദ്ദേഹം അകത്തു പോയി. അവിടെ അപ്പോൾ നിരാശാകാമുകനെപ്പോലെ ഒരു മലയാളി നിൽക്കുന്നുണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ അയാൾ തന്റെ സങ്കടം പറഞ്ഞു. അയാളും സാലറി സർട്ടിഫിക്കറ്റിന്റെ കാര്യത്തിനായി വന്നതാണ്. പക്ഷേ, അയാൾക്ക് ഒപ്പിട്ടു കൊടുത്തില്ല. കാരണമായി പറഞ്ഞത് അവരുടെ കമ്പനി തൊഴിലാളികളുടെ ഇൻഷുറൻസും മറ്റും കൃത്യമായി അടക്കുന്ന കൂട്ടത്തിൽ പെട്ടതല്ല. അതെല്ലാം ശരിയാക്കിയാലെ ഒപ്പിട്ടു തരൂ. അതിനി ഇപ്പോഴെങ്ങും നടക്കില്ലെന്നറിഞ്ഞാണ് പാവം വിഷമിച്ച് പിന്നെയും നിന്നത്. ആ പാവത്തിന്റെ വീടെന്ന സ്വപ്നം അവിടെ തകർന്നടിയുകയാണ്...!
ബോസ്സ് അതെല്ലാം കൃത്യമായി അടക്കുന്ന കൂട്ടത്തിലാണോ...?
അയാളുടെ നിരാശ തീർച്ചയായും എന്നിലേക്കും ബാധിച്ചു. അല്ലെങ്കിലും എനിക്കറിയാമായിരുന്നു ഇന്നൊന്നും നടക്കില്ലെന്ന്. എന്റെ പേപ്പറും വാങ്ങി പോയ ആൾ പത്തു മിനിറ്റിനുള്ളിൽ തിരിച്ചു വന്നു. ഞാൻ കൊടുത്ത സർട്ടിഫിക്കറ്റും തിരിച്ചു തന്നു. അദ്ദേഹം ഒന്നും പറഞ്ഞില്ല.
പേപ്പറിൽ ഒപ്പും സീലും വച്ചിരിക്കുന്നു...!!
എന്റെ കണ്ണു തള്ളിപ്പോയി....
ഞാൻ എന്റെ സുഹൃത്തിനെ കെട്ടിപ്പിടിച്ചു.
അവിടെ ചെറിയൊരു ഫീസ് ഉണ്ടായിരുന്നു ഒപ്പുകാശായി. അതു കൊടുത്ത് അവിടന്നിറങ്ങി.
അവിടത്തെ ഒപ്പു കിട്ടിയതോടെ മനസ്സിലൂറിയ മാറാലകൾ മാറിത്തുടങ്ങിയിരുന്നു. നേരെ എക്റ്റേണൽ അഫയേഴ്സിലെത്തി. അരമണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞു. പേപ്പറും അവർക്കുള്ള ഫീസും കൊടുത്തേൽപ്പിച്ച് പുറത്തിറങ്ങി. കാലത്ത് കാര്യമായൊന്നും കഴിക്കാതെയാണ് ഇറങ്ങിത്തിരിച്ചത്. ഒരു മലയാളി ഹോട്ടൽ കണ്ടെത്തി പ്രാതൽ കഴിച്ചു. അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തിയപ്പോൾ അവിടെ പേപ്പർ ഒപ്പും സീലും വച്ച് റെഡിയായിരിക്കുന്നു...!!
അതും വാങ്ങി എംബസ്സിയിലേക്ക് വിട്ടു.
നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ഈ മിനിസ്ട്രിയുടെ പടിയൊക്കെ നേരെയങ്ങു കേറിച്ചെല്ലാൻ ഒക്കുമോ...?
എത്ര പിണിയാളുകളെ കൂട്ടുപിടിക്കണം...?
എത്ര കാശ് കൈക്കൂലി കൊടുക്കണം...?
എത്ര ദിവസം പിടിക്കും..?
ഇതാ.. ഇവിടെ ഒരു മണികൂറിനുള്ളിൽ തങ്ങൾക്കു തന്നെ ഒരു കാശും കൈക്കൂലി കൊടുക്കാതെ, ഒരു പിണിയാളിന്റേയും സഹായമില്ലാതെ ചെയ്യാൻ കഴിഞ്ഞിരിക്കുന്നു.
മനുഷ്യർക്കു വേണ്ടി തുറന്നു വച്ചിരിക്കുന്ന മനുഷ്യരുടെ ഓഫീസ്സ്...!!
സർക്കാർ ഓഫീസ്സായാൽ ഇങ്ങനെ വേണം.
എംബസ്സിയിലെത്തിയപ്പോൾ പഴയതു പോലുള്ള തിരക്കില്ല. എങ്കിലും കുറച്ചു നേരത്തെ നിൽപ്പിനു ശേഷം അതും നേടിയെടുത്തു. നമ്മുടെ സർക്കാർ ഓഫീസ് ഗൾഫിലായതു കൊണ്ടാകും അന്നു തന്നെ ഒപ്പു വച്ചു കിട്ടിയത്. ചെറിയൊരു ഫീസും അടക്കേണ്ടതുണ്ടായിരുന്നു. അതും കൂടി കിട്ടിയതോടെ എന്റെ ആത്മവിശ്വാസം വർദ്ധിച്ചു.
ഇത്തവണ എന്തായാലും ഞാൻ വിട് പണിയും...!!!
എനിക്കവിടെയൊക്കെ തുള്ളിച്ചാടണമെന്നു തോന്നി.
ഒരു മാസം മുൻപേ അവധിക്ക് അപേക്ഷിച്ചു. ഒരേ ഒരു മാസം മാത്രം. അവധി കിട്ടിയെങ്കിലും കൂടെ കൊടുത്ത ലോൺ അപേക്ഷ പാസ്സായില്ല. പകരം ഒരു മാസത്തെ ശമ്പളം മാത്രം തന്നു. വിഷമമുണ്ടായെങ്കിലും പ്രതികരിച്ചില്ല. കാര്യമായ ലഗ്ഗേജുകളൊന്നുമില്ലാതെ നാട്ടിലേക്കൊരു യാത്ര.
ഒരു ജീവിതകാല സ്വപ്നവും പേറി...!
ഇതിനുള്ളിൽ ആവശ്യമുള്ള ലോണിന്റെ പതിനഞ്ചു ശതമാനത്തിനു തുല്യമായ തുക ബാങ്കിൽ എത്തിച്ചിരുന്നു കെട്ടൊ. ഇപ്പോൾ കയ്യിലുള്ള കാശ് തറകെട്ടിത്തുടങ്ങുന്നതു വരെയുള്ള കാര്യങ്ങൾക്ക് ‘കൈക്കൂലി’ കൊടുക്കാനായി മാത്രമുള്ളതാണ്...!?
പരിചയക്കാരായ കൂട്ടുകാർ മുന്നറിയിപ്പു തന്നിരുന്നു.
അതു മറ്റാവശ്യങ്ങൾക്ക് ചിലവാക്കിയാൽ ഒരു മാസം കൊണ്ട് ഓടിപ്പിടഞ്ഞുണ്ടാക്കേണ്ട മറ്റു സർട്ടിഫിക്കറ്റുകൾ ഒന്നും ഉണ്ടാക്കാനാവില്ല.
ലോണും പാസ്സാവില്ല...!
നാട്ടിലെത്തിയതും ആദ്യത്തെ കൈക്കൂലിക്കായി കോൺട്രാക്ടർ കൈ നീട്ടി...?!!
ബാക്കി അടുത്ത പോസ്റ്റിൽ...
19 comments:
സാധാരണക്കാരന്റെ ഗതികേട്, അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ... അസ്വസ്ഥമാക്കുന്നു.
നല്ല എഴുത്ത്.
സ്വന്തമായി പുരയും,പുരയിടവും ഉണ്ടാക്കുക എന്നത് ഏവരേയും സന്തോഷത്തിൽ ആറാടിക്കുന്ന ഉത്തമ കാര്യങ്ങളാണല്ലോ...!
ആയത് എത്തിപ്പിടിക്കുവാനുള്ള ദുരിത പർവ്വത്തിന്റെ നേരനുഭവങ്ങൾ....
അതും ഒരു അശോകൻ ടച്ചിലൂടെ...
"നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ഈ മിനിസ്ട്രിയുടെ പടിയൊക്കെ കേറിച്ചെല്ലാൻ ഒക്കുമോ ? എത്രയാളുകളെ കൂട്ടുപിടിക്കണം?
എത്ര കാശ് കൈക്കൂലി കൊടുക്കണം?
എത്ര ദിവസം പിടിക്കും?" എത്ര ശരിയാ...!
സ്വന്തം വീടെന്ന സാധാരണക്കാരന്റെ സ്വപ്നം നിറവേറ്റാനുള്ള പെടാപാടുകള്‍...അവിടെ ആയതു നന്നായി നാട്ടിലായിരുന്നെങ്കില്‍ ഒന്ന് രണ്ടു ഉദ്യോഗസ്തരെയെങ്കിലും തല്ലി കൊന്നേനെ .
>>ഒരു പത്തു വർഷം മറ്റൊന്നും ശ്രദ്ധിക്കാതെ കൊടും തപസ്സ് വേണ്ടി വരും<<<
സത്യം!
അതെ അതെ വീടൊരു വലിയ സ്വപ്നമാണ് എല്ലാവര്ക്കും. എത്രയും വേഗ്ഗം വീടു പണിതീരട്ടെ. പത്തുകൊല്ലം പെട്ടെന്നു കഴിയട്ടെ എന്ന് :)
അനിൽ കുമാർ സി.പി. : ഒരു വീടു പണിയുകയെന്നു പറഞ്ഞാൽ സാധാരണക്കാരെ സംബന്തിചിടത്തോളം ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒരു കാര്യമാണ്. അതു കൊണ്ടു തന്നെ അതൊരു മഹാ കാര്യമാണ്. തീർച്ചയായും അതിന്റേതായ ബുദ്ധിമുട്ടുകളും സ്വാഭാവികം. വരവിനും അഭിപ്രായത്തിനും നന്ദി.
ബിലാത്തിച്ചേട്ടൻ: സ്വന്തമായി ഒരു വീടുണ്ടാക്കുകയെന്നു പറഞ്ഞാൽ സ്വർഗ്ഗരാജ്യം നേടിയതു പോലെയാണ്. അതിനുവേണ്ടിയുള്ള ഏതു ദുരിതവും സന്തോഷം തരും..!നന്ദി മാഷെ.
ലിപി രഞ്ജു.: എത്രയാളുകൾ എന്നു ഞാൻ ഉദ്ദേശിച്ചത് MLA,MP എന്നിവരെയാണ്. അവരെ കാണണമെങ്കിൽ ശിങ്കിടികൾ വേറെയും. എന്നാലെ നമ്മൾക്ക് അവിടെ എത്താൻ പറ്റൂ. നന്ദി വക്കീലെ.
ആഫ്രിക്കൻ മല്ലു.: വന്നതിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
വില്ലേജ്മാൻ.: അതൊരു ചെറിയ കാലയളവാണ്. എന്റെ ആരോഗ്യമൊക്കെ നന്നായിരിക്കുമെന്നും പണിയെടുത്തു വീട്ടാൻ കഴിയുമെന്നും അതിനുള്ളീൽ ബോസ് എന്നെ പറഞ്ഞു വിടില്ലെന്നും ഉള്ള വിശ്വാസത്തിൽ ഞാൻ കണക്കു കൂട്ടിയെടുത്തതാണ് ആ പത്തു വർഷം. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
എംകേരളം.: ആദ്യമായ ഈ വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി പറയുന്നു.
അവിടുത്തെ ഓഫീസ് കാര്യങ്ങള്‍ ശരിക്കും ഞെട്ടല്‍ ഉണ്ടാക്കി
അവിടത്തെ പ്പോലെ ഇവിടേയും ആയെങ്കില്‍ ..................
ബാക്കി കാത്തിരിക്കുന്നു !
എത്രയും വേഗം വീടു പണി പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെ...
അല്ലാതെ ഗൾഫുകാരുടെ മാതിരി ‘പണിതീരാത്ത ഭാർഗ്ഗവീ നിലയം’ പോലെ പണിയണ്ട...!”ഭാര്യ
നല്ല വണ്ണം ച്ന്തിക്കുന്ന കൂട്ടത്തിലാണല്ലേ. അഭിനന്ദനങ്ങള്‍
നമുക്ക് വേണ്ട വീട് പണിയാന്‍ , നമ്മുടെ ആവശ്യങ്ങള്‍ക്കായി മാത്രം വീട് പണിയാന്‍ പറഞ്ഞ ഭാര്യക്ക് അഭിനന്ദനങ്ങള്‍... സാധാരണയായി കണ്ടു വരുന്നത്, ഭാര്യമാര്‍ക്ക് പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി എടുത്താല്‍ പൊങ്ങാത്ത ഭാരം തലയിലേറ്റുന്നവരെയാണ്...
വീടുപണി എത്രയും വേഗം തീരട്ടെ എന്നാശംസിക്കുന്നു.
വീട് പണിഞ്ഞു പണിഞ്ഞു ഒടുവില്‍ വിടു പണി ചെയ്യേണ്ട ഗതികെടിലാകും ")
രമണിക: ഇവിടത്തെപ്പൊലെ അവിടെ ആവണമെങ്കിൽ ഇത്തിരി പുളിക്കും മാഷെ. സർക്കാർ ജനങ്ങളുടെ യജമാനന്മാർ ആകാതെ സേവകരാവണം...!
കൃഷ്ണകുമാർ513: വളരെ നന്ദി.
കുസുമം ആർ പുന്നപ്ര: അവരാണല്ലൊ ഞങ്ങളുടെ ജനറൽ മാനേജർ. മാനേജ്മെന്റ് നല്ലവണ്ണം പ്രവർത്തിച്ചില്ലെങ്കിൽ...?
നന്ദി.
കുഞ്ഞൂസ്: എന്റെ മാനേജർക്ക് സ്വയം അടിച്ചു തൂത്ത് വൃത്തിയാക്കിയിടാൻ മാത്രം വലിപ്പമേ പാടുള്ളു വീടിന്. അതായിരുന്നു ഞങ്ങളുടെ ആദ്യ കാഴ്ചപ്പാട്. നന്ദി
രമേശ് അരൂർ: ‘വീട് പണിഞ്ഞു പണിഞ്ഞു ഒടുവില്‍ വിടു പണി ചെയ്യേണ്ട ഗതികെടിലാകും...’
റിപ്പോയും റിവേഴ്സ് റിപ്പോയും മറ്റും ചേർന്ന് മാഷ് പറഞ്ഞത് പോലെ ആയിപ്പോയേനേ.
പക്ഷേ ചില നിമിത്തങ്ങൾ കാണിച്ചു തരുന്ന വഴികളിൽ ചിലപ്പോൾ മാണിക്യം പതുങ്ങിയിരിക്കും..?
നന്ദി.
എല്ലാവരുടെയും സ്വപ്നമാണ് സ്വന്തം വീട്.. പക്ഷെ നമ്മുടെ ജീവിതം മുഴുവന്‍ ആ വീടിനു വേണ്ടി ചിലവഴിക്കുന്നതാണ് നമുക്ക് പറ്റുന്ന അബദ്ധം..
ഒരു ശരാശരി പ്രവാസിയുടെ വേവലാതികള്‍ ഇവിടെ വരച്ച് കാട്ടിയിരിക്കുന്നു.. പിന്നെ നമ്മുടെ നാട്ടിലെ ഓഫീസുകളുടെയും ഇവിടുത്തെ ഒഫിസിലെയും കാര്യം അത്.. കരക്റ്റ്
വീട് പണിയുടെ കാര്യത്തിൽ ഇത്രയൊന്നും അനുഭവിക്കേണ്ടി വന്നില്ല അശോകൻ മാഷേ ഞങ്ങൾക്ക്... നമ്മുടെ ശങ്കർജിയുടെ ഹാബിറ്റാറ്റ് ഗ്രൂപ്പിനെയാണ് ഏൽപ്പിച്ചത്... ആത്മാർത്ഥതയോടെ അവർ അത് ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു...
നാട്ടിലെ പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും ഇലക്ട്രിസിറ്റ് ഓഫീസും കയറിയിറങ്ങി ഓരോ കാര്യങ്ങൾ സാധിക്കുന്ന നേരം കൊണ്ട് നമുക്ക് വേണമെങ്കിൽ ഓസ്ട്രേലിയ വരെ പോയി വരാം...
ഒരു വീടുണ്ടാക്കുക എന്ന സ്വപ്നം സാക്ഷാല്കരിക്കാന് എത്ര കടമ്പകള്‍ കടക്കണം.
ആശംസകള്‍
വായിയ്ക്കുന്നുണ്ട്
ബഷീർ പീ.ബി.വെള്ളറക്കാട്: പലരും ഇന്നും അതു തന്നെ ചെയ്തു കൊണ്ടിരിക്കുന്നു. ഇവിടെയുള്ള എന്റെ സുഹൃത്ത് കഴിഞ്ഞ എട്ടു പത്തു വർഷമായിട്ട് ഒരു വീട് പണീഞ്ഞുകൊണ്ടിരിക്കുന്നു. ഇന്നും തീർന്നിട്ടില്ല. ആ ഗ്രാമത്തിലെ ഏറ്റവും വലുത്’ എന്റെ വീടായിരിക്കണമത്രെ...! പണീ തീരാത്ത ആ വീട്ടിൽ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മാത്രം.
ഇനി എന്നാ നമ്മൾ പഠിക്കുക.
നന്ദി.
വിനുവേട്ടൻ: ശരിയാണ്.കുറേ അലച്ചിൽ ഇക്കാര്യത്തിൽ ഉണ്ട്. സ്വന്തം കാര്യമാകുമ്പോൾ അലയാതെ പറ്റില്ലല്ലൊ. അവസാനം ചിന്തിക്കുമ്പോൾ വളരെ സന്തോഷമാണ് കിട്ടുന്നത്.
നന്ദി.
ജ്യൊ: അന്നതൊരു ബുദ്ധിമുട്ടായിരുന്നെങ്കിലും എല്ലാം കഴിഞ്ഞു താമസം ആരംഭിക്കുമ്പോൾ എല്ലാമൊരു തമാശയായി തോന്നും.
നന്ദി.
ശ്രീ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ഇനിയും ഇതിലേ കയറിയിറങ്ങി പോയിട്ടും ഒന്നും മിണ്ടാൻ മനസ്സു കാണിക്കാത്തവർക്കും എന്റെ ഹൃദയംഗമമായ നന്ദിയും സന്തോഷവും അറിയിക്കുന്നു.
ഇന്നാണ് നഷ്ടപ്പെട്ടുപോയ അദ്ധ്യായങ്ങള്‍ വായിക്കുന്നത്.
Post a Comment