Tuesday, 1 May 2012

നീണ്ട കഥ.



മഴയിലൊരു വിരുന്നുകാരൻ



“എനിക്ക് സങ്കടോന്നൂല്ല അമ്മെ...”
കട്ടിലിന്റെ തലയ്ക്കൽ ചാരിവച്ച തലയിണയിൽ ചാരിയിരുന്നു കൊണ്ട് ഗൌരി അത് പറഞ്ഞത് ധാരയായി ഒഴുകുന്ന കണ്ണീരോടെയാണ്.
“പിന്നെ നീ കരയുന്നതെന്തിന്...?” താഴെ കട്ടിലിൽ ചാരി ഇരുന്നു കൊണ്ട്  കരഞ്ഞു വീർത്ത മുഖവുമായിരിക്കുന്ന അമ്മ അതും പറഞ്ഞ് വിങ്ങിപ്പൊട്ടി.
“ആ പണ്ടാറക്കാലന്മാര് നശിച്ചു പോകത്തേയുള്ളു.” അനിയത്തി നിർമ്മലയുടെ ദ്വേഷ്യം മുഴുവൻ ബാങ്കുകാരോടായിരുന്നു.
“നീ അവരെ എന്തിനാ പറയണെ..? മേടിച്ചാ കൊടുക്കാത്തേന് നമ്മളെത്തന്നെ പറഞ്ഞാ മതി..”
ഗൌരിക്ക് എല്ലാത്തിനോടും ഒരു മിതവാദി സമീപനമാണ്. ശത്രുക്കളോടു പോലും അവൾക്ക് വിദ്വേഷമില്ല. അനിയത്തി നിർമ്മലയെന്ന  ‘നിമ്മി’യെ ജിവനാണ്. വണ്ടിയിലിരുത്തി  മുറ്റത്തൊക്കെ കൊണ്ടു നടക്കുന്നത് അവളാണ്.
“എങ്ങനെ കൊടുത്തുതീർക്കാനാ... ഇക്കാലമത്രയും ചിലവു മാത്രമല്ലെ ഉണ്ടായുള്ളു. കിട്ടുന്നതിനേക്കാൾ കൂടുതൽ ചിലവു ചെയ്തിട്ടും എന്റെ മോള് രക്ഷപ്പെട്ടതുമില്ല.”
ഗൌരിയുടെ  സ്വാധീനമില്ലാത്ത കാലുകൾ തടവിക്കൊണ്ട് അമ്മ ആരോടെന്നില്ലാതെ പറഞ്ഞ്  മൌനം പൂണ്ടു.
ആ മനസ്സ് പഴയ സംഭവങ്ങളെല്ലാം ഒരു സിനിമാക്കഥ പോലെ നേരിൽ ഒന്നു കൂടി കണ്ടു.

പത്തു വർഷം മുൻപ്  ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗൌരിയുടെ  കാലിന് അസുഖം വന്നത്. അന്ന് സ്കൂളിൽ നിന്നും എടുത്താണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. പിന്നീടിന്നുവരെ ആ കാലുകൾ കൊണ്ട് നടക്കാൻ ഗൌരിക്ക് കഴിഞ്ഞില്ല. അവളുടെ അഛൻ ആശുപത്രികളായ ആശുപത്രികൾ മുഴുവൻ മകളേയും കൊണ്ട് നടന്നു. കയ്യിലുണ്ടായിരുന്നതും വിറ്റുപെറുക്കിയും ഒക്കെ ചികിത്സിച്ചിട്ടും മതിയാകാതെയാണ് വീടും പറമ്പും പണയപ്പെടുത്തിയത്. എന്നിട്ടും ഗുണമൊന്നും ഉണ്ടായില്ല. വായ്പ്പയെടുത്തതിനു ശേഷം ഒരു മാസത്തവണ പോലും തിരിച്ചടക്കാൻ കഴിഞ്ഞില്ല. മകളേയും കൊണ്ട് നടന്നതിനാൽ ജോലിക്കു പോകാൻ കഴിയാതെ ഒരു കടയിലെ കണക്കെഴുത്തുകാരനായിരുന്ന അദ്ദേഹത്തിന്റെ ജോലിയും   നഷ്ടപ്പെട്ടിരുന്നു.  നിരാശനായ അദ്ദേഹം അവസാന അഭയമെന്ന നിലയിലാണ് അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ കൊണ്ടു നടന്നത്. പിന്നെ  മന്ത്രവാദം. ഒന്നിനും മോളെ എഴുന്നേറ്റു നടത്തിക്കാനായില്ല. തന്റെ നിർബ്ബന്ധത്തിനു വഴങ്ങിയാണ്  ജ്യോത്സ്യന്റെ അടുത്തു പോയത്. അയാളാണ് ഇന്നത്തെ അവസ്ഥയിലേക്ക് ഞങ്ങളെ തള്ളിയിട്ടത്.

ഗൌരിക്ക് ചൊവ്വാ ദോഷമുണ്ടെന്നും വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ വിധവയാകുമെന്ന ജ്യോത്സ്യവിധി അദ്ദേഹത്തിന്റെ ഹൃദയത്തെ തകർത്തു കളഞ്ഞു. അതിനു ശേഷമാണ് കുനിന്മേൽ കുരുവെന്ന പോലെ ബാങ്കിന്റെ ജപ്തി നോട്ടീസ്സ് വന്നത്. അതോടെ പൂർണ്ണമായും തകർന്നു പോയ അദ്ദേഹം ഒറ്റക്കു രക്ഷപ്പെട്ടത് കുടുംബത്തിന്റെ നട്ടെല്ലു തകർത്തു...!!
അതൊരു ആത്മഹത്യയായിരുന്നില്ല. ഹൃദയ സ്തംഭനമായിരുന്നു. അതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. 

രണ്ടു കാലും തളർന്ന ഗൌരിയേയും, സാമ്പത്തിക പരാധീനത കാരണം പഠിത്തം അവസാനിപ്പിച്ച  നിർമ്മലയേയും  കൊണ്ട്  ഈ അമ്മ എന്തു ചെയ്യാൻ...?
ഒരു തേങ്ങിക്കരച്ചിലിലാണ് ആ ചിന്തകൾ അവസാനിച്ചത്..
അമ്മയെ ആശ്വസിപ്പിക്കാനായി മക്കൾ രണ്ടു പേരും അമ്മയെ ചേർത്തു പിടിച്ചെങ്കിലും, അവർക്കും അമ്മയോടൊപ്പം കൂടാനെ കഴിഞ്ഞുള്ളു.

പട്ടിണി കിടക്കാതിരിക്കാൻ നിമ്മി  ഒരു ജോലിക്ക് ശ്രമിച്ചിരുന്നു. അടുത്ത പട്ടണത്തിലെ തുണിക്കടയിൽ സെയിത്സ് ഗേൾ ആയി പോയിരുന്നു. കിട്ടുന്ന കാശ് വണ്ടിക്കാശിനു പോലും തികയില്ല. പട്ടണത്തിൽ താമസിക്കാൻ അമ്മ സമ്മതിച്ചതുമില്ല. 
പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ  കിടക്കുന്ന ഗൌരിക്ക് ഏതു  കാര്യത്തിനും അമ്മയില്ലാതെ പറ്റില്ല. അതുകൊണ്ട് ആരുടെയെങ്കിലും അടുക്കളപ്പണിക്കു പോലും പോകാൻ അമ്മക്കും കഴിഞ്ഞില്ല.

ബാങ്കിൽ നിന്നും ഉദ്യോഗസ്ഥർ വന്ന് ഒരാഴ്ച്ചുക്കുള്ളിൽ ജപ്തിയുണ്ടാകുമെന്നും, ജപ്തി കൂടാതെ കഴിക്കണമെങ്കിൽ എത്രയും വേഗം കുറച്ചു രൂപ ബാങ്കിലടച്ചേ തീരുവെന്നും ഓർമ്മപ്പെടുത്തിയിരുന്നു. അതിനും നിവർത്തിയില്ലാതെ വന്നപ്പോഴാണ് സ്ഥലം വിൽക്കുന്നതിനെക്കുറിച്ച് അവരോടു തന്നെ ചോദിച്ചത്. ഇതു വിറ്റാലും പലിശയും പലിശയുടെ പലിശയുമായിക്കഴിഞ്ഞ കടം തീർക്കാനുള്ള വക കിട്ടില്ലെന്നു തിർത്തു പറഞ്ഞത് അവരെ  തളർത്തി.

എല്ലാ വഴികളും അടഞ്ഞുവെന്നു തോന്നിയ ആ രാത്രിയിലാണ് അവർ ആ തീരുമാനമെടുത്തത്. അമ്മ പറഞ്ഞു.
“ഇനീപ്പൊ.. ഇതു വിറ്റ് കടം വീട്ടിയാലും നമ്മളെങ്ങോട്ടു പോകും മക്കളെ...?”
“ഇതു വിറ്റാലും കടം തീരില്ലെന്നല്ലെ അവരു പറഞ്ഞത്...?”
നിർമ്മല അമ്മയുടെ മടിയിൽ തലവച്ചു കൊണ്ട് പറഞ്ഞു.
“എന്താമ്മെ നമ്മടെ ജീവിതം ഇങ്ങനെ ആയിപ്പോയത്...?”
കട്ടിലിൽ  ചാരിയിരിക്കുന്ന അമ്മയുടെ തലമുടിയിൽ വിരലുകൾ കോർത്തു കൊണ്ട് ഗൌരി പറഞ്ഞു. അമ്മയുടെ പനങ്കുല പോലത്തെ ഈ മുടി കണ്ടിട്ടാണത്രെ അഛൻ കെട്ടിയതെന്ന് ഒരു നിമിഷം അവളുടെ മനസ്സിലൂടെ കടന്നു പോയി.
“എന്തെങ്കിലും അടുക്കളപ്പണിയെടുത്ത് ജീവിക്കാന്നു വച്ചാലും ഗൌരിമോളെ എന്തു ചെയ്യും...?”
 അത് ഗൌരിക്കും അറിയാം. താൻ കാരണമാണ് കുടുംബത്തിന് ഈ ഗതി വന്നതെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തന്റേത് ഒരു നാശം പിടിച്ച ജന്മമാണ്. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും തന്റെ കുടുംബത്തെ എങ്ങനെ രക്ഷപ്പെടുത്താമെന്നും പലപ്പൊഴും അവൾ ചിന്തിച്ചിട്ടുണ്ട്. അതിനും മറ്റൊരാളുടെ സഹായം വേണ്ടിവരുമെന്ന അവസ്ഥ അവളെ നിസ്സഹായനാക്കി.

അതു കൊണ്ടാണ് അമ്മയുടെ ആ നിർദ്ദേശം വന്നപ്പോൾ രണ്ടും കയ്യും നിട്ടി സ്വീകരിച്ചത്.
“എന്റെ മക്കളെ... അമ്മക്കിനി ജിവിക്കണോന്നില്ല. പക്ഷെ, നിങ്ങളെ തനിച്ചാക്കി അമ്മക്ക് പോകാനും വയ്യ....!” 
ഹൃദയം തകർന്നു പറഞ്ഞ അമ്മയുടെ വാക്കുകൾ നിമ്മിയെ സ്തപ്തയാക്കിയെങ്കിലും  ഗൌരി പറഞ്ഞു.
“ഞാൻ റെഡിയാ അമ്മെ...! എന്നേ ഞാനതിനു തെയ്യാറായതാ.. ഒറ്റക്കു ഒന്നിനും കഴിയാത്തോണ്ടാ.. !!”  
ഗൌരിയുടെ മറുപടി കേട്ട് അമ്മയും ഞെട്ടി. ഒരു മരണം അവളും  ആഗ്രഹിച്ചിരുന്നോ..?
ഗൌരി തുടർന്നു. 
“പക്ഷെ, നിമ്മീനെ വേണ്ടാമ്മെ... അവളെങ്കിലും രക്ഷപ്പെടണം...!”
അതു കേട്ട് ചാടി എഴുന്നേറ്റ നിമ്മി പറഞ്ഞു.
“ വേണ്ടാ... നിങ്ങളില്ലാതെ എനിക്ക് ജീവിക്കണ്ടാ.. എനിക്കു ജീവിക്കണ്ടാ...!”
വളരെ ആവേശത്തോടെ നിമ്മി അതും പറഞ്ഞ് അമ്മയുടെ മടിയിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. അതു കേട്ട് അമ്മ പറഞ്ഞു.
“ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും നമ്മളൊരുമിച്ചെയുള്ളു...! മറ്റുള്ളോർക്ക് കടിച്ചു കീറാനായി എന്റെ മക്കളെ വിട്ടുകൊടുക്കില്ല ഞാൻ..!”
അമ്മയുടെ കൈ പിടിച്ച് മുത്തം കൊടുത്ത് ഗൌരി വിങ്ങിവിങ്ങിക്കരഞ്ഞു. മടിയിൽ കിടക്കുന്ന നിമ്മിയുടെ തലയിൽ വെറുതെ കോതിക്കൊണ്ട് അമ്മ കണ്ണീരൊഴുക്കി....
ആർക്കും ആരേയും സമാധാനിപ്പിക്കാൻ കഴിയാത്ത അവസ്ഥ....
ഒരു രക്ഷാകവചം അവരുടെ മുന്നിൽ തുറന്നില്ല....

പിറ്റേദിവസം അമ്മ നെൽ‌പ്പാടത്തിന്റെ അരികിലെ വരമ്പിലൂടെ അന്വേഷിച്ചു നടന്നു. അമ്മക്കറിയാമായിരുന്നു കർഷകർ നെല്ലിനടിക്കുന്ന മരുന്ന് കൈതക്കാടുകൾക്കിടയിൽ ഒളിപ്പിച്ചു വക്കാറുള്ളത്.  അന്വേഷണത്തിലൊടുവിൽ രണ്ടു കുപ്പികൾ കിട്ടി.  പൊട്ടിക്കാത്ത ഒരു കുപ്പിയും, പൊട്ടിച്ച് വളരെ കുറച്ച് മാത്രമെടുത്ത ഒരു കുപ്പിയും. രണ്ടുമെടുത്ത് സാരിയിൽ ഒളിപ്പിച്ച് വീട്ടിലെത്തി. അടുക്കളയിൽ കൊണ്ടുവച്ച നേരം നിമ്മിയെടുത്ത് നോക്കി. പിന്നെ ഒന്നു മണത്തു നോക്കി മൂക്കു ചുളിച്ചു. 

പിന്നെ രാത്രിയാവാൻ കാത്തിരുന്നു....
സന്ധ്യ ആയതോടെ ആകാശം മേഘാവൃതമായിത്തുടങ്ങി....
ഇരുട്ടു വീണതും പതുക്കെ മഴ ചാറാൻ തുടങ്ങി.  ഇന്ന് തങ്ങളുടെ അവസാനദിവസമാണെന്ന് മൂന്നു പേരും മനസ്സാൽ തന്നെ തീരുമാനമെടുത്തിരുന്നതു കൊണ്ട് ആർക്കും വേവലാതിയൊന്നും ഇല്ലായിരുന്നു....
പോകുന്നതിനു മുൻപ് എന്തെങ്കിലും ചെയ്തുവക്കേണ്ടതുണ്ടോന്ന് മൂന്നു പേരും ആലോചിച്ചു നോക്കി. തങ്ങൾ ജീവിച്ചാലും മരിച്ചാലും ഇതെല്ലാം ബാങ്കുകാരു കൊണ്ടു പോകും. അതുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല. അഛൻ മരിച്ചതിനു ശേഷം ഒന്നു തിരിഞ്ഞു പോലും നോക്കാത്ത ബന്ധുക്കൾക്ക്...? 
അടുത്തു  ഇടപഴകിപ്പോയാൽ എന്തെങ്കിലും സഹായം ചെയ്യേണ്ടി വരുമെന്നു പേടിച്ച് തിരിഞ്ഞു നോക്കാത്തവരെക്കുറിച്ച് എന്തു ചിന്തിക്കാൻ... ?
ഇല്ല ഒരാളു പോലുമില്ല ആശ്വാസത്തോടെ ഒന്നോർക്കാൻ...!

അയൽവക്കത്തെ കുസുമേച്ചിയേയും നാരായണി വല്ലിമ്മയേയും ഒർമ്മ വന്നു നിമ്മിയുടെ മനസ്സിൽ.  വല്ലപ്പോഴും പുറം ലോകവുമായുള്ള ബന്ധം അവരിലൂടെയായിരുന്നു.  തങ്ങളുടെ മരണത്തെക്കുറിച്ച് അറിയുമ്പോൾ നാരായണി വല്ലിമ്മ കുശുമ്പി ആണെങ്കിലും വാവിട്ട് കരഞ്ഞേക്കാം. പക്ഷേ കുസുമേച്ചി കരയില്ല..! ഇതല്ലാതെ മറ്റൊരു വഴി ഞങ്ങളുടെ മുന്നിൽ ഇല്ലാന്ന്, ഗൾഫിൽ ഭർത്താവിനൊപ്പം കഴിയുന്ന കുസുമേച്ചിക്ക് മനസ്സിലാകും.... 
വീണ്ടും മഴ ശക്തമാകാൻ  തുടങ്ങി. ആരും അത്താഴമൊന്നും കഴിച്ചില്ല. വിശപ്പെല്ലാം കെട്ടുപോയിരുന്നു...

അത്താഴത്തിനുള്ള ചോറ് ഒരു പ്ലേറ്റിലാക്കി അമ്മ കട്ടിലിന്റെ അടുത്ത് കൊണ്ടു വച്ചു....
ഗൌരിയെ കട്ടിലിൽ നിന്നും താഴെയിറക്കി കട്ടിലിന്റെ കാലിൽ ചാരിയിരുത്തി....
അമ്മയുടെ മറുവശത്തായി നിമ്മിയും വന്നിരുന്നു..
എന്തൊ.. നിമ്മിയുടെ മുഖം ആ നിമിഷം വരെ സ്വസ്തമായിരുന്നെങ്കിലും ഇപ്പോൾ വല്ലാതെ വലിഞ്ഞു മുറുകിയതു പോലെ.. അമ്മയും ഗൌരിയും അത് ശ്രദ്ധിച്ചതു കൊണ്ട് അവൾ മുഖം തിരിച്ചു കളഞ്ഞു....
അമ്മയും ഗൌരിയും പരസ്പ്പരം നോക്കി....
പിന്നെ അമ്മ നിമ്മിയുടെ മുഖം തന്നിലേക്ക് ബലമായി തിരിച്ചിട്ട് സാവധാനം ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഗൌരി കയറി ചോദിച്ചു.
“നിമ്മി മോളെ... മോൾക്കെന്തെങ്കിലും ധൈര്യക്കുറവുണ്ടോ...?” 
“ഹേയ് ഇല്ല... !” 
“പിന്നെന്താ മോളുടെ മുഖത്തിനൊരു മാറ്റം പോലെ...?” അമ്മയാണ്  ചോദിച്ചത്.
“ഒന്നൂല്ലാമ്മെ... ഒരു നിമിഷം ഞാനൊന്നു പതറീന്നുള്ളത് നേരാ...!
ഈ സുന്ദരഭൂമി കണ്ടു കൊതി തീർന്നില്ല. അതിനു മുൻപേ നമ്മുടെ മുന്നിൽ ആ കാഴ്ചകൾ കൊട്ടി അടക്കപ്പെടുന്നതെന്തെന്നു ഒരു നിമിഷം ചിന്തിച്ചു പോയി...! അതിനും വേണ്ടും എന്തു തെറ്റാ നമ്മളു ചെയ്തേ...!!?” 
അതും പറഞ്ഞ് അമ്മയുടെ തോളിലേക്ക് ചാഞ്ഞ നിമ്മിയെ അമ്മ ചേർത്തു പിടിച്ചു.
ആശ്വസിപ്പിക്കാനായി അമ്മ പറയാൻ തുടങ്ങിയതാ....
“ഇനിയൊരു ജന്മമുണ്ടെങ്കിൽ.....”
“ വേണ്ട.. ഇനി ഇങ്ങനെയൊരു ജന്മം വേണ്ടാ..!!”
ഗൌരിയാണ് പൊട്ടിത്തെറിച്ചത്.... 

അപ്പോഴേക്കും മഴ കനക്കാൻ തുടങ്ങി. അമ്മ രണ്ടു പേരേയും ചേർത്തു പിടിച്ചിട്ട് പറഞ്ഞു.
“ഭക്ഷണം കഴിക്കുന്നതിനു മുൻപ് നമുക്ക് ഒന്നു പ്രാർത്ഥിക്കാം...”
നിമ്മിക്കത് തമാശയായാണ് തോന്നിയത്. അതു കൊണ്ടാണ്. ‘എന്തിനാ...?” എന്ന ചോദ്യം വന്നത്.
അതിനു മറുപടി ആരും പറഞ്ഞില്ല. എല്ലാവരും കണ്ണടച്ച് തൊഴുതു പിടിച്ചു....
ഒരു നിമിഷം കഴിഞ്ഞ് കണ്ണു തുറന്ന് മൂന്നു പേരും പരസ്പ്പരം നോക്കി....
അമ്മ വിഷക്കുപ്പിയിൽ നിന്നും പകുതിയോളം ഒഴിച്ച് ചോറ് കുഴക്കാൻ തുടങ്ങി....
അതോടൊപ്പം രൂക്ഷഗന്ധം മുറിയാകെ നിറഞ്ഞു.
ഗൌരി നിമ്മിയോടായി ചോദിച്ചു.
“നിമ്മീ.. മോളെന്താ പ്രാർത്ഥിച്ചെ...?”
“ ഞാൻ...  ഈ സീരിയലിലൊക്കെ കാണണപോലെ അവസാന നിമിഷം അമ്മേടെ കൃഷ്ണഭഗവാനോ, ചേച്ചീടെ ചോറ്റാനിക്കരമ്മയോ ആരെങ്കിലുമൊക്കെ പ്രത്യക്ഷപ്പെട്ട് നമ്മളെ രക്ഷിക്കണേന്ന്...!!”
അതും പറഞ്ഞ് നിമ്മി അമ്മയുടെ തോളിൽ ചാഞ്ഞ് ഉറക്കെ കരഞ്ഞു.
അവൾക്ക് പിന്നെ ആ കരച്ചിൽ പിടിച്ചു നിർത്താനായില്ല....
അനിയത്തിയുടെ കരച്ചിൽ ചേച്ചിയുടെ ധൈര്യവും ചോർത്തി...
അവളും കരയാൻ തുടങ്ങിയതോടെ അമ്മ ചോറ് കുഴക്കുന്നത് ഒരു നിമിഷം നിറുത്തി രണ്ടു പേരേയും മാറി മാറി നോക്കിയെങ്കിലും ആ മുഖത്തിന് ഭാവമാറ്റം ഒന്നുമുണ്ടായില്ല....
തികച്ചും ഗൌരവം പൂണ്ടിരുന്നു....!

കാറ്റു പിടിച്ച മഴയുടെ ആരവം പുറത്ത് ശക്തി പ്രാപിക്കുന്ന നേരത്ത്, ഉരുട്ടിയ ചോറുരുള രണ്ടു പേരുടേയും കൈകളിൽ പിടിപ്പിച്ച നേരത്ത്, രണ്ടു പേരുടേയും കരച്ചിലിനിടയിൽ അവർ ആ ശബ്ദം വ്യക്തമായി കേട്ടു....!
പുറത്ത് വരാന്തയിൽ ആരോ ഓടിക്കയറിയ പോലെ..! 
"വീട്ടുകാരെ...” എന്നു വിളിച്ച പോലെ...!!
നിമ്മിയും ഗൌരിയും ഞെട്ടി, മുൻ‌വശത്തെ വാതിലിനു നേരെ കണ്ണു നട്ടു....!
വീണ്ടും ആ ശബ്ദം അവർ വ്യക്തമായി കേട്ടു.
“വീട്ടുകാരെ... പേടിക്കണ്ടാട്ടൊ.. ഒരു വഴിപോക്കനാ.... മഴ കാരണം കേറീതാ...!!?”
ആ ശബ്ദം തീരുന്നതിനു മുൻപേ നിമ്മി കയ്യിലെ ചോറ് പാത്രത്തിലേക്ക് ഇട്ട് എഴുന്നേറ്റ് വാതിക്കലേക്ക് ഓടി....!!?
  
തുടരും....

19 comments:

പഥികൻ said...

മറ്റെന്തോ ആണ് അവസാനം പ്രതീക്ഷിച്ചത്....കഥക്ക് ഒരു പൂർണ്ണതയില്ലാത്ത പോലെ....അതോ എനിക്കു മനസ്സിലാകാത്തതോ ?

പട്ടേപ്പാടം റാംജി said...

അപ്പോള്‍ നീണ്ടകഥ സീരിയല്‍ പോലെ ആകാംക്ഷ വിതറി അടുത്തതിനായി കാത്തിരിക്കാന്‍ പറയുന്നു അല്ലെ. ദരിദ്ര കുടുമ്പത്തിന്റെ ദാരിദ്ര്യം...

Cv Thankappan said...

കടയില്‍ സെയില്‍സ് ഗേളായി
പോയിരുന്നത് ഗൌരിയാണോ?
അല്ലെന്ന് തോന്നുന്നു.ശ്രദ്ധിക്കുക.
ഇനിയും നീണ്ട കഥാപാത്രങ്ങള്‍
രംഗത്ത് വരാനുണ്ടൊ?
കഥയ്ക്ക് പുതുമയില്ലെങ്കിലും
രചനാരീതിയും.ലളിതമായ ഭാഷാശൈലിയും ആകര്‍ഷകമായിരിക്കുന്നു.
ആശംസകള്‍

ajith said...

അശോക് ഹൃദയസ്പര്‍ശിയായ ഒരു കഥ എഴുതുവാന്‍ പോകുന്നു. ആദ്യ അദ്ധ്യായം അത് ഉറപ്പു തരുന്നു. കൂട്ട ആത്മഹത്യാവാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് ആ നിമിഷങ്ങളില്‍ അവര്‍ കടന്നുപോയിരുന്ന അനുഭവങ്ങളും അവിടത്തെ സംസാരവും ചിന്താഗതികളുമൊക്കെ. സ്വപ്നഭൂമിയിലൂടെ എന്ന പരമ്പരയില്‍ കണ്ട ആ ലളിതമായ എഴുത്തുശൈലിയില്‍ തന്നെ ഇതും തുടരുക. ആശംസകള്‍

Unknown said...

പതിവ് പോലെ സസ്പെൻസാണല്ലോ!!
നന്നായി. ബാക്കി കൂടി പോരട്ടെ.
ആശംസകൾ!

വേണുഗോപാല്‍ said...

തുടര്‍ച്ച കൂടി വായിച്ച ശേഷം വിശദമായ അഭിപ്രായം കുറിക്കാം ..

ആശംസകള്‍

krishnakumar513 said...

സസ്പെന്‍സ് ,എപ്പോഴും സസ്പെന്‍സ്.....

ramanika said...

ബാക്കി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

വീകെ said...

njaan ippol naattilaanu.
oru 'PAROL' kitti..!
malayalam computeril varunnilla.
athu kittiyittu marupadi ezhuthaam. sorry.by VK.

keraladasanunni said...

വിരുന്നുകാരന്‍ രക്ഷകനാവട്ടെ.

Najeemudeen K.P said...

Good writing. Congrats.

Please read the below post and share it with your friends for a social cause.

http://najeemudeenkp.blogspot.in/2012/05/blog-post.html

With Regards,
Najeemudeen K.P

Muralee Mukundan , ബിലാത്തിപട്ടണം said...

വായനക്കാരെയെല്ലാം എന്നും
ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തി പൊരിപ്പിക്കുവാൻ വീണ്ടും ജീവിത ഗന്ധിയായ ഒരു കഥാഭാണ്ഡത്തിന്റെ കെട്ട് കൂടി മെല്ലെ അഴിക്കുകയാണല്ലേ അശോക് ഭായ്

വീകെ said...

പഥികൻ:
ഇതിനകത്ത് മനസ്സിലാകാത്തത് ഒന്നുമില്ലല്ലൊ മാഷെ. ഒരു പക്ഷെ, നീണ്ട കഥ എന്നെഴുതിയത് മാഷ് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. നന്ദി മാഷെ.
പട്ടേപ്പാടം റാംജി:
വായനക്ക് വളരെ നന്ദി മാഷെ.
സി വി തങ്കപ്പൻ:
മാഷ് പറഞ്ഞത് നേരായിരുന്നു. ഞാൻ തിരുത്തിയിട്ടുണ്ട്. എന്റെ തെറ്റ് ചൂണ്ടിക്കാണിച്ചതിനും, അതിലുപരി ശ്രദ്ധയോടെ വായിക്കാൻ കാണിച്ച താല്പര്യത്തിനും ഹൃദയംഗമമായ നന്ദി. ഇനിയും അത് തുടരണം.
അജിത്:
ആത്മഹത്യകൾ പലതും നാം കേട്ടറിഞ്ഞിട്ടുണ്ട്. ആ നിമിഷങ്ങളിൽ എന്തു മനോവികാരമായിരിക്കും അത്തരം മനുഷ്യർക്കുണ്ടാകുക എന്നത് ഞാനും ആലോചിച്ചിട്ടുണ്ട്. പലരും സ്വയമറിയാതെ ചെന്നു വീഴുകയാണ്. ഇവിടെ അങ്ങനെയല്ല. അവർ സ്വയം തീച്ചപ്പെടുത്തുകയാണ്. എങ്കിലും അവരുടെ ഉള്ളിന്റെ ഉള്ളിലും ഒരു അവതാരപുരുഷനെ അവർ പ്രതീക്ഷിക്കുന്നു...!
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ഞാൻ ഗന്ധർവ്വൻ:
വായനക്കു വളരെ നന്ദി.
വേണുഗോപാൽ: മതി. വായനക്ക് വളരെ നന്ദി.
കൃഷ്ണകുമാർ513: വായനക്ക് നന്ദി മാഷെ.
രമണിക: വളരെ നന്ദി.
കേരളദാസനുണ്ണി: ആവട്ടെ. നന്ദി.
നജീമുദ്ദീൻ കെ പി: ആദ്യമായ ഈ വരവിനു വളരെ നന്ദി.
ബിലാത്തിച്ചേട്ടൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

സസ്പെന്‍സിലാണ് നിര്‍ത്തിയിരിക്കുന്നത്. വഈട്ടിലെത്തിയ വിരുന്നുകാരനാണോ രക്ഷകന്‍

African Mallu said...

കഥയും പരിസരങ്ങളും ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു .എന്നാല്‍ പുതുമ തോന്നാത്തത് ഇത് എന്നും വാര്‍ത്തകളില്‍ വായിക്കുന്ന സംഭവം ആയതു കൊണ്ടായിരിക്കും. ബാക്കി കൂടി പോരട്ടേ...

Pradeep Kumar said...

താഴെ നിന്നു മേലോട്ട് വായന ആരംഭിച്ചു....
പതിയെ ഓരോന്നായി വായിക്കട്ടെ.....

സുധി അറയ്ക്കൽ said...

ഇതു ഞാൻ കണ്ടില്ലാരുന്നല്ലോ വീകേജി,
വായിക്കാൻ തുടങ്ങി.
നല്ലൊരു വായന ആയിരിക്കുമെന്ന് അറിയാം.

വീകെ said...

വളരെ വൈകി മറുപടിയെഴുതാൻ. ആദ്യം തന്നെ ക്ഷമ ചോദിയ്ക്കട്ടെ ..
വായനയ്ക്ക് നന്ദി'

വീകെ said...

വളരെ വൈകി മറുപടിയെഴുതാൻ. ആദ്യം തന്നെ ക്ഷമ ചോദിയ്ക്കട്ടെ ..
വായനയ്ക്ക് നന്ദി'