Saturday 10 November 2018

പ്രവാസ ബാക്കി - (9 )

(പേരില്ലാക്കഥ ഈ ലക്കം മുതൽ 'പ്രവാസ ബാക്കി.. ' എന്ന പേരിൽ തുടരുന്നു.)

[ബ്ലോഗ് ചലഞ്ച് പ്രമാണിച്ച്  me-Too വിൽ ഞാൻ ഈ ലക്കം Nov. 10-ന് പോസ്റ്റ് ചെയ്യുന്നു. നന്ദി.]

കഥ തുടരുന്നു....

മഹാദുരന്തം....


മുരളിച്ചേട്ടന്റെ ചാടിയെഴുന്നേൽക്കലും ആക്രോശവും കേട്ട് ഞങ്ങളും ചാടിയെഴുന്നേറ്റു. തൊട്ടടുത്തു നിന്ന വിനുവേട്ടൻ മുരളിച്ചേട്ടന്റെ കയ്യിൽ നിന്നും  കത്ത് തട്ടിപ്പറിച്ചെടുത്ത് വായിച്ചു. കത്തു പെട്ടെന്ന് വായിച്ചു തീർത്ത വിനുവേട്ടൻ എല്ലാവരേയും മാറി മാറി നോക്കി. കത്തിൽ ഇങ്ങനെ എഴുതിയിരുന്നു.

'എത്രയും പ്രിയപ്പെട്ട എന്റെ ശേഖരേട്ടന്,
ഈ കത്ത് വായിക്കുമ്പോഴേക്കും ഞാൻ പോയിക്കഴിഞ്ഞിരിക്കും. പോലീസിനെ അറിയിക്കുകയോ ആശുപത്രിയിൽ കൊണ്ടു പോകുകയോ ചെയ്യരുത്.

നിങ്ങളോട് ടാറ്റാ പറഞ്ഞ് മുറിയിൽ വന്ന് കിടന്ന ഞാൻ, നിങ്ങൾ വരുമ്പോഴേക്കും ഉറങ്ങിപ്പോയാലോന്ന് പേടിച്ച് വാതിൽ ചേർത്തടച്ചതേയുള്ളു. കുറച്ചു മേക്കാച്ചിൽ തോന്നിയതുകൊണ്ട് തലവഴി മൂടിപ്പുതച്ചാണ് കിടന്നത്. ഇത്തിരി കഴിഞ്ഞപ്പോഴേക്കും ആരോ വന്നെന്നെ കയറിപ്പിടിച്ചു. പെട്ടെന്ന് കണ്ണുതുറന്നതും നിങ്ങളല്ലെന്നറിഞ്ഞതും ഞാൻ ഉറക്കെ കരഞ്ഞു. ഉടനെ അയാളെന്റെ വായ പൊത്തി. റിസപ്ഷനിലുണ്ടായിരുന്ന ആ 'ക്ലീൻഷേവു ' കാരനായിരുന്നു. പേടിച്ചരണ്ട് ശബ്ദം പോലും നഷ്ടപ്പെട്ടു പോയ, പുതപ്പിനകത്ത് അനങ്ങാൻ കഴിയാത്ത വിധം അടക്കിപ്പിടിച്ചെന്നെ നശിപ്പിച്ചു ആ ദുഷ്ടൻ.

പോകാൻ നേരം ഈ വിവരം നിന്റെ ഭർത്താവിനോടൊ മകനോടൊ പറഞ്ഞാൽ അവരുടെ ശവങ്ങൾ ഇവിടത്തെ കൊക്കയിൽ കിടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എനിക്കിനി ജീവിക്കണ്ട ശേഖരേട്ടാ. ഈ കളങ്കപ്പെട്ട ശരീരവുമായി എന്റെ ശേഖരേട്ടനോടൊപ്പം ഇനി ജീവിക്കാൻ വയ്യ. ഞാൻ പോകുന്നു. മക്കളിതൊന്നും അറിയരുത്. മുഴുവൻ ഉറക്കഗുളികയും ഞാൻ കഴിക്കുന്നു. ശേഖരേട്ടൻ എന്നെ വെറുക്കരുത്. എന്റെ ശേഖരേട്ടൻ പ്രതികാരം ചെയ്യാനായി പോയേക്കരുത്. അവരൊക്കെ ദു:ഷ്ടക്കൂട്ടങ്ങളാ. മക്കൾക്ക് തണലായി ശേഖരേട്ടൻ എന്നുമുണ്ടാവണം....'

കത്ത് വായിച്ചു കഴിഞ്ഞതും ഞാൻ മുഖമുയർത്തി എല്ലാവരേയും നോക്കി. ദ്വേഷ്യം കൊണ്ട് ആ കത്തെന്റെ കയ്യിലിരുന്ന് വിറകൊള്ളുന്നുണ്ടായിരുന്നു. ഞാൻ  ശേഖരേട്ടന്റെ താടി പിടിച്ചുയർത്തിയിട്ട് വിറപൂണ്ടശബ്ദത്തിൽ ചോദിച്ചു.
" അവനിപ്പോൾ എവ്ടേണ്ടാവും...?''
"അവനെ തീർത്തിട്ടെ ബാക്കി കാര്യമുള്ളു. " മുരളിയേട്ടൻ വന്നെന്റെ തോളിൽ പിടിച്ചിട്ടു പറഞ്ഞു. അതുകേട്ട് വിനുവേട്ടൻ ചോദിച്ചു.
" ശേഖരേട്ടൻ അവനെതിരെ ഒന്നും ചെയ്തില്ലേ..?"
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെന്നോണം ശേഖരേട്ടൻ ഇരുവശത്തേക്കും തലയാട്ടിയിട്ട് പറഞ്ഞു.
''ആറേഴുവർഷം കടന്നുപോയില്ലേ..."

ഞങ്ങൾ പരസ്പരം നോക്കിയിട്ട് ശേഖരേട്ടന്റെ ചുറ്റുമായി വീണ്ടുമിരുന്നു. മുരളിച്ചേട്ടൻ ചോദിച്ചു.
" ഇപ്പോഴും അവൻ അവിടെത്തന്നെ ഉണ്ടോ...?"
" പറയാം..." എന്നു പറഞ്ഞ് ശേഖരേട്ടൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയി.

അപ്പഴേക്കും ഞാൻ ബിയർ ഒരുകുപ്പി പൊട്ടിച്ച് ഗ്ലാസിലേക്ക് പകർത്തി. ശേഖരേട്ടനായി മുരളിച്ചേട്ടൻ ഗ്ലാസ്സിലേക്ക് ഒരു പെഗ്ഗൊഴിച്ച് വെള്ളം നിറച്ചു വച്ചു. വിനുവേട്ടൻ വറുത്ത കപ്പലണ്ടി ഒരു പിടി വാരിയെടുത്തെങ്കിലും വായിലിട്ടില്ല. എന്തോ ആലോചിച്ച് ആ പാത്രത്തിലേക്ക് തന്നെയിട്ടു. ഞങ്ങളുടെ എല്ലാവരുടേയും മനസ്സ് മരവിച്ചു പോയിരുന്നു. ഞാൻ ഗ്ലാസെടുത്ത്  ഒറ്റയടിക്ക് കുടിച്ചു. ശേഖരേട്ടന്റെ കഥകേട്ട് നേരത്തെ കുടിച്ചതെല്ലാം എപ്പഴോ ആവിയായി പോയിരുന്നു. മുരളിയേട്ടൻ ഗ്ലാസ് കാലിയാക്കി താഴെവച്ചിട്ട് നാരങ്ങ അച്ചാറെടുത്ത് നാക്കിൽ തേച്ച് ചുണ്ടുകോട്ടി.

ശേഖരേട്ടൻ ഇറങ്ങിയപ്പോൾ ഞാൻ കയറി. ഞാൻ ഇറങ്ങി വരുമ്പോഴാണ് മുരളിയേട്ടന്റെ ഫോൺ ശബ്ദിച്ചത്. കുറച്ചു കഴിഞ്ഞ് പറഞ്ഞു.
" അപ്പോ അത് ഓക്കെ. ഏത്...?"
എനിക്ക് പിടികിട്ടിയിരുന്നു. ഞാൻ പറഞ്ഞു.
" ആ പെട്ടിക്കട ...!''
"അതെ. ശേഖരേട്ടന് ഇത്തിരി ഭാഗ്യോണ്ട് ട്ടോ..
ഞങ്ങള് ഒരു പെട്ടിക്കട ശേഖരേട്ടനുവേണ്ടി ശരിയാക്കിയിട്ടുണ്ട്. കാലത്ത് ചെന്നാൽ താക്കോൽ കിട്ടും."
"ഇതുവരെയുള്ള ജീവിതമൊന്നും ഇനി വേണ്ടാട്ടോ ശേഖരേട്ടാ. ചേട്ടന്റെ ഒരാളുടെ ചിലവ് കഴിഞ്ഞു പോണം. അതിന് ഈ കട മതി.. "
ഞാൻ പറഞ്ഞു. അതുകേട്ട് ശേഖരേട്ടൻ പുഞ്ചിരിക്കാനുള്ള ഒരു വിഫലശ്രമം നടത്തിയിട്ട് പറഞ്ഞു.
"എനിക്ക് പണത്തിനു ബുദ്ധിമുട്ടുവന്നിട്ടല്ല ഞാനിങ്ങനെ ജീവിച്ചത്. ഇത് ഞാൻ സ്വയം തിരഞ്ഞെടുത്തതാ. ഞാൻ ചെയ്ത തെറ്റുകൾക്കുള്ള പരിഹാരമായി ഇനിയുള്ള കാലം ഇങ്ങനെ ജീവിക്കാമെന്നു കരുതി, ജീവിതം ഇങ്ങനെ എരിഞ്ഞു തീരട്ടേന്നു കരുതിയിട്ടാ.... !"
'' അതിനു ശേഖരേട്ടൻ എന്തു തെറ്റു ചെയ്തു....? "
വിനുവേട്ടൻ ആകാംക്ഷാപൂർവ്വം ചോദിച്ചു.
" പറയാം..."
ശേഖരേട്ടൻ അതും പറഞ്ഞു ഗ്ലാസ് കാലിയാക്കി താഴെ വച്ചു.

തുടരും...

14 comments:

© Mubi said...

ശേഖരേട്ടൻ ഇങ്ങിനെ ജീവിക്കണമെന്ന് തീരുമാനിക്കാൻ എന്താവും കാരണം... ഓരോ ലക്കവും വിഷമിപ്പിക്കുകയാണല്ലോ :(

Bipin said...

പോകട്ടെ കഥ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിപ്പോൾ വായിക്കുമ്പോൾ
ബാക്കി സംഭവിച്ച അന്നത്തെ കാര്യങ്ങളും
കൂടി പറയുവാൻ മുട്ടീട്ട് വയ്യാ ...
ഇനി ഇങ്ങനെ ഇത്തിരിയിത്തിരി എഴുതിയാൽ
ഞാൻ ഒത്തിരിയൊത്തിരിയായി എല്ലാം പൊട്ടിക്കും കേട്ടോ ഭായ്

വീകെ said...

തോക്കീക്കേറി വെടി വയ്ക്കല്ലെ പഹയാ ...
അതീന്ന് ഒരു പെഗുകൂടി എടുത്തടിച്ച് മുണ്ടാണ്ടിരി..!
ദേ.. വിനുവേട്ടൻ ആ കപ്പലണ്ടി മുഴുവൻ അകത്താക്കി...!!

വിനുവേട്ടന്‍ said...

അതെ... അശോകേട്ടൻ കഥ പറയട്ടെ മുരളിഭായ്... നമ്മളായിട്ട് സസ്പെൻസ് പൊളിക്കണ്ട...

അശോകേട്ടാ, ആഖ്യാനം അസ്സലാവുന്നുണ്ട്‌ട്ടോ.. തുടരൂ...

Sukanya said...

ജീവിതം ഇങ്ങനെ ചവിട്ടിയരയ്ക്കപ്പെടുമ്പോൾ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഓരൊ അധ്യായത്തിലും ആകാംക്ഷ വളർത്തി ഒരു കണ്ണീർക്കടൽ തിരയടിക്കുന്നു...തുടരുക..

Geetha said...

അയ്യോ... കഷ്ടമായല്ലോ... പാവം ശേഖരേട്ടൻ.

ശ്രീ said...

കഷ്ടം തന്നെ...

വീകെ. said...

Geetha ഓമനക്കുട്ടന്റെ സൈറ്റിൽ വന്നിട്ട് കമന്റാൻ പറ്റുന്നില്ല. ഞാൻ Yahoo. അഡ്രസ്സിലാണ് ബ്ലോഗ ഡ്രസ് കൊടുത്തിരിക്കുന്നത്. Name & URL എന്ന ഓപ്ഷൻ കൂടിയുണ്ടങ്കിലേ എനിക്ക് കമന്റാൻ പറ്റുകയുള്ളു.

Typist | എഴുത്തുകാരി said...

ദാ, പിന്നേം ആകാംക്ഷയുടെ മുള്‍മുനയില്‍. ഇത് ശരിയല്ലാട്ടോ.

Geetha said...

അതെന്തു പറ്റി അശോക് ഭായ്. എന്‍റെ ബ്ലോഗിൽ അശോക് ഭായ് നേരത്തെ വായനക്കെത്തിയിരുന്നതാണല്ലോ.
സെറ്റിംഗ്സ് ഒന്നും അറിയില്ല. മോൻ വരട്ടെ. എന്നിട്ടു നോക്കി എന്‍റെ കമന്റ് ബോക്സ് ശരിയാക്കാം.

Cv Thankappan said...

സ്വയം ഉരുകിത്തീരുന്നവർ .....
ആശംസകൾ

സുധി അറയ്ക്കൽ said...

ഞാൻ ഇവിടം മുതൽ പിന്നേം വായിക്കാനെത്തുന്നു.