Wednesday 12 June 2019

നോവൽ
പ്രവാസബാക്കി.  (16)


കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു. മദ്യപാനത്തിനിടക്ക് ആരുമറിയാതെ ബാക്കിയുള്ള മദ്യത്തിൽ വിഷം ചേർത്ത് വക്കുന്നു. ബസ്സ് വന്നതിനാൽ ശേഖരേട്ടൻ അവിടം വിടുന്നു. പിറ്റേ ദിവസത്തെ സായാഹ്ന പത്രത്തിൽ ഹോട്ടൽമാനേജരുടെ മരണ വിവരത്തോടൊപ്പം കണ്ട രണ്ടു നിരപരാധികളുടെകൂടി മരണം ശേഖരേട്ടനെ തളർത്തി. തുടർന്ന് സ്വയം ശിക്ഷ ഏറ്റുവാങ്ങി വർഷങ്ങളോളം അലഞ്ഞു നടന്നു. തനിക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങളും മറ്റുള്ളവർക്കായി ചെയ്തു കൊടുത്ത കൂട്ടത്തിൽ താൻ കാരണം മരണപ്പെട്ട ഒരുവന്റെ മകളുടെ വിവാഹവും ഭംഗിയായി നടത്തിക്കൊടുത്തു.

തുടർന്നു വായിക്കുക ..

നന്മയുള്ള മനുഷ്യർ...

"അല്ലാ, കൂട്ടത്തിൽ ആ ടീച്ചറേക്കൂടി കൂട്ടിയാലോ ....?"
ബിലാത്തിച്ചേട്ടന്റെ ആ വാക്കുകൾ ശേഖരേട്ടനിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചപ്പോൾ ഞങ്ങൾക്കതൊരു കൂട്ടച്ചിരിക്കു വക നൽകിയത്, കുറേനേരത്തെ മനഃപ്രയാസത്തിന് നല്ലൊരു റിലാക്സായിരുന്നു.

അന്ന് നേരം കണ്ടമാനം വൈകിയതുകൊണ്ട് ഞങ്ങളാരും ശേഖരേട്ടനെ തനിച്ചാക്കിയില്ല. അതിനിടക്ക് ടീച്ചറുമായിട്ടുള്ള ശേഖരേട്ടന്റെ ഇടപാടെന്തെന്നറിയാനായി ബിലാത്തിച്ചേട്ടൻ ഒരു ചാരപ്പണി നടത്തി നോക്കി. ഉറക്കം നടിച്ച് തൊട്ടടുത്ത് കിടന്ന ഞങ്ങൾ ആ രഹസ്യംപറച്ചിൽ കണ്ടു പിടിച്ചത് വീണ്ടും ഒരു കൂട്ടച്ചിരിക്ക് വകയായി. ഞങ്ങൾ ശേഖരേട്ടന്റെ ചുറ്റും കൂടി, ആ കഥ പറയാൻ പ്രോത്സാഹിപ്പിച്ചു.

"നിങ്ങളുദ്ദേശിക്കുന്നതു പോലെയുള്ള ഒരാളല്ല ടീച്ചർ. അവർ ഹൈസ്ക്കൂളിൽ നിന്നും ഹെഡ്മിസ്ട്രസ് ആയി റിട്ടയർ ചെയ്തതാ. അവർക്ക് ഒരു മകളുണ്ട്. വിവാഹ ശേഷം വിദേശത്താണ്. അയാൾക്ക് അവിടത്തെ പൗരത്വമുള്ളതുകൊണ്ട് ഇങ്ങോട്ട് വരവ് കുറവാണ്. ടീച്ചർക്ക് ഇവിടത്തെ വീടും നാടുമൊന്നും വിട്ടുപോകാൻ മനസ്സില്ല. വാസ്തവത്തിൽ അവരൊറ്റക്കാണ് താമസം... "
ശേഖരേട്ടൻ പറഞ്ഞു നിറുത്തിയിട്ട് ഞങ്ങളെ ഒന്നു നോക്കി. അന്നേരം ബിലാത്തിച്ചേട്ടൻ ചോദിച്ചു.
" നിങ്ങളെങ്ങനെയാ കണ്ടുമുട്ടിയത്... എവിടെ വച്ച്....?"

ഇവരിതെല്ലാം ചോർത്തിയെടുത്തിട്ടേ പിന്മാറുകയുള്ളെന്നു മനസ്സിലായതോടെ ശേഖരേട്ടൻ  മനസ്സ് തുറന്നു.
" അവരുടെ വീടിന്റെ ഗേറ്റിനു മുന്നിൽ ഒരു ബസ്റ്റോപ്പുണ്ട്. അവിടെ ഇരിക്കാനുള്ള ബഞ്ചും മറ്റും ഉണ്ടായാരുന്നു. ആ ബസ്റ്റോപ്പ് ടീച്ചർ തന്നെ പണിയിച്ചതായിരുന്നു, അവരുടെ കുടുംബപ്പേരിൽ ഭർത്താവിന്റെ ഓർമ്മക്കായി. അതുകൊണ്ട് തന്നെ നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നു.

ഞാൻ ഒരു ദിവസം രാത്രിയിൽ അവിടെ കിടന്നുറങ്ങുകയായിരുന്നു. നല്ല ഉറക്കത്തിലായ ഞാൻ ഒരു ശബ്ദം കേട്ടാണ് ഉണർന്നത്. അപ്പോൾ ടീച്ചറുടെ വീടിന്റെ മതിലിൽ ഒരാൾ കയറാൻ ശ്രമിക്കുന്നതു കണ്ടു. ഞാൻ കിടക്കുന്ന ബസ്റ്റോപ്പിന്റെ പുറകിലെ ഭിത്തിയിൽ ചവിട്ടിയാണയാൾ കയറുന്നത്. മറ്റൊരാൾ അയാളെ സഹായിക്കാനായി താഴെ നിൽപ്പുണ്ട്. ഇവന്മാർ കള്ളന്മാരാണെന്നു് പെട്ടെന്ന് തോന്നിയെങ്കിലും പ്രതികരിക്കാൻ പേടി തോന്നി. തന്നെയുമല്ല ഇത്തരക്കാർ ക്രൂരന്മാരുമായിരിക്കുമല്ലൊ. എങ്കിലും ഞാനൊന്നു ചുമച്ചു. അതേറ്റു. മുകളിൽ നിന്നവൻ ചാടിയിറങ്ങി ഓടി.

പിന്നെയെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അന്നവിടെ ആരാണ് താമസിക്കുന്നതെന്ന് അറിയില്ലായിരുന്നു. നേരം വെളുപ്പിനാണ് ഒന്നു മയങ്ങിയത്. എന്നെയാരോ തട്ടിയുണർത്തിയപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്....
അത് ഒരു സ്ത്രീയായിരുന്നു. നല്ല കുലീനത്വമുള്ള, കുടുംബത്തിൽപ്പിറന്ന ഒരു സ്ത്രീയാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകും. കയ്യിലൊരു ചൂലുമുണ്ടായിരുന്നു. അവരെന്തിന് ഈ ബസ്റ്റാന്റൊക്കെ അടിച്ചുവാരാൻ നടക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. പിന്നീടാണ് അവർ പണിതതാണ് അതെന്നും മറ്റും അറിയുന്നത്.

ഇന്നലെ രാത്രിയിൽ നടന്ന സംഭവം ഞാനവരോട് പറഞ്ഞു. അതുകേട്ട് അവർ ഞെട്ടിയതായി തോന്നിയില്ല. എങ്കിലും അവർ കുറച്ചു നേരം മൗനമായി നിന്നിട്ട് പറഞ്ഞു.
" ഞാനിവിടെ ഒറ്റക്കാണെന്ന് അറിയാവുന്നവർ ആയിരിക്കും. അല്ലെങ്കിൽ ഈ 'കോഴിക്കൽ തറവാട്ടിൽ ' അതിക്രമിച്ചു കയറാൻ ആരും ധൈര്യപ്പെടില്ല.'
അന്ന്, വീട്ടിലേക്ക് വന്നാൽ ചായ തരാമെന്നും പോകരുതെന്നും പറഞ്ഞിട്ടാണവർ പോയത്.
ഞാൻ ചെല്ലാതായപ്പോൾ അവർ വീണ്ടും വന്നെന്നെ വിളിച്ചു. പോകാതിരിക്കാനായില്ല. പുറത്തെ ബാത്ത് റൂമിൽ പ്രാധമിക കർമ്മങ്ങൾ മാത്രമല്ല ഒരു കുളിയും കൂടി പാസ്സാക്കിയിട്ടേ പുറത്തിറങ്ങിയുള്ളു. പ്രഭാതഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് അവരുടെ കഥ പറയുന്നത്.

ഒരു മകൾ മാത്രമേയുള്ളു. ഡോക്ടറാണ്. വിവാഹശേഷം ഇംഗ്ലണ്ടിലേക്ക് പോയ അവർ പിന്നെ ഒരു പ്രാവശ്യമേ വന്നിട്ടുള്ളു. ടീച്ചറുടെ ഭർത്താവ് ഒരു ഹാർട്ടറ്റാക്കിൽ തീർന്നത്, മകളുടെ വിവാഹത്തിനും അഞ്ചു വർഷം മുമ്പാണ്. മകളും പോയതോടെ അവർ ഒറ്റക്കാണ് ആ വീട്ടിൽ താമസം. കൂട്ടത്തിൽ നാട്ടുകാരുടെ ഇടയിലെ ചില സാമൂഹിക പ്രവർത്തനങ്ങളും ഉണ്ട്. അതുകൊണ്ട് നാട്ടുകാരുടെയൊക്കെ ലക്ഷ്മിടീച്ചർ എനിക്കും ഒരു ലക്ഷ്മിയായിട്ടാണ് തോന്നിയത്. "

ഒന്നു ശ്വാസമെടുക്കാനെന്നോണം ശേഖരേട്ടൻ ഒന്നു നിറുത്തി. ഞങ്ങൾ പരസ്പരം നോക്കി ഒരു ആക്കിച്ചിരി പാസ്സാക്കി. അതിനിടക്ക് വിനുവേട്ടൻ വലതുകയ്യുടെ ചെറുവിരലുയർത്തിക്കാണിച്ച് ബാത്ത് റൂമിലേക്കോടി. അത്രയും നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ശേഖരേട്ടൻ ആ കണ്ടുമുട്ടലിന്റെ ഓർമ്മകൾ അയവിറക്കുകയാണെന്ന് തോന്നി. ഞങ്ങൾ ശല്യപ്പെടുത്താനും പോയില്ല. പോയതിനേക്കാൾ സ്പീഡിൽ വിനുവേട്ടൻ മടങ്ങിയെത്തിയിട്ട് പറഞ്ഞു.
"ങൂം ... പറ..."
"അന്ന് ചായ മാത്രമല്ല ഉച്ചക്കു ഊണും കഴിപ്പിച്ചിട്ടേ എന്നെ പോകാൻ അനുവദിച്ചുള്ളു. അതിനു കാരണമായി അവർ പറഞ്ഞതും അവരുടെ അപ്പോഴത്തെ സന്തോഷവും എന്നെ അത്ഭുതപ്പെടുത്തി.

വാസ്തവത്തിൽ അവർ നേരെ ചൊവ്വെ ഒന്നും വച്ചുണ്ടാക്കാറില്ല. ഉപ്പും പുളിയുമുള്ള ചോറു തിന്നിട്ട് ദിവസങ്ങളായത്രെ. തനിക്കൊരാൾക്കായി വച്ചുണ്ടാക്കാൻ ഒരു താൽപ്പര്യവും ഇല്ലത്രെ. വിശക്കുമ്പോൾ എന്തെങ്കിലുമുണ്ടാക്കി കഴിക്കുന്ന പ്രകൃതമായിരുന്നു ടീച്ചർക്ക് . അന്ന് ടീച്ചർ എന്നോട് പറഞ്ഞു.
" ഇന്നൊരു ദിവസത്തേക്ക് ഇവിടന്ന് ഭക്ഷണമുണ്ടാക്കിത്തരട്ടേ. വിഭവസമൃദ്ധമായ  സദ്യ ഞാനൊരുക്കാം. ഒരാൾ കൂടി കഴിക്കാനുണ്ടങ്കിൽ എനിക്കും ഒരു പിടി ചോറ് കഴിക്കാം...! അല്ലാതെ എന്നും ഒറ്റക്ക് ... എനിക്ക് മടുത്തു ... അതോണ്ടാ .. നിൽക്കുമോ ഇന്നൊരു ദിവസത്തേക്ക്...!!?"
അതു പറയുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. എന്റെ മുഖത്തേക്ക് നോക്കിയുള്ള ആ ചോദ്യത്തെ എനിക്ക് അവഗണിക്കാനായില്ല. ഞാനും ഏതാണ്ട് അതേ അവസ്ഥയിൽത്തന്നെ ആയിരുന്നുവല്ലൊ. ഉപ്പോ പുളിയോ രുചിയോ നോക്കാറില്ല. കിട്ടുന്നത് കഴിക്കുകയായിരുന്നല്ലൊ ശീലം.
ഞാൻ സമ്മതിച്ചതോടെ ടീച്ചർ അടുക്കളയിലേക്ക് നീങ്ങി.

ഞാൻ കവലയിൽ പോയി മീനും കോഴിയും വാങ്ങിക്കൊണ്ടുവന്ന് നന്നാക്കിക്കൊടുത്തു. അന്നത്തെ ആ ഊണിന്റെ സ്വാദ് ഇന്നും എന്റെ നാവിലുണ്ട്..."
ഏതോ സ്വപ്ന ലോകത്തെന്നോണം ശേഖരേട്ടൻ നിശ്ശബ്ദയായപ്പോൾ, ഞങ്ങളും നിശ്ശബ്ദരായി ശല്യപ്പെടുത്താതെ, അക്ഷമയോടെ
 ബാക്കിക്കായി ശേഖരേട്ടന്റെ മുഖത്തെ ഭാവ ചലനങ്ങൾ മാത്രം ശ്രദ്ധിച്ച് അനങ്ങാതിരുന്നു.....

തുടരും...

13 comments:

വീകെ. said...

ഇതിനിടക്ക് ആയുർവേദ ചികിത്സക്ക് വന്നിരുന്ന ബിലത്തിച്ചേട്ടന് തിരിച്ചുപോകേണ്ട സമയമായതുകൊണ്ട് ടീച്ചറുടെ വീട്ടിൽ എല്ലാവരും കൂടി പോകാമെന്ന തീരുമാനം, രണ്ടു മാസം കഴിഞ്ഞ് ബിലാത്തിച്ചേട്ടൻ വീണ്ടും ചികിത്സക്കായി വരുമെന്നും അന്നേരം ഒരുമിച്ച് പോകാമെന്നും പറഞ്ഞിട്ട് ഒറ്റ പോക്ക് പോയ ബിലാത്തി അവിടെ വഴുതനങ്ങ കൃഷിയും റോസാപ്പൂവും നട്ടുവളർത്തലായിരുന്നുവെന്ന് ഈയിടെയറിഞ്ഞു. ഏതായാലും അടുത്തയാഴ്ച ബിലാത്തിച്ചേട്ടൻ വരുന്നുണ്ട്. കഥയുടെ ബാക്കി അതിനു ശേഷം. അതു കൊണ്ടാണ് ഈ ലക്കം വൈകിയത്. ക്ഷമിക്കുമല്ലൊ...

വിനുവേട്ടന്‍ said...

ശേഖരേട്ടനെയും കൊണ്ട് അശോകേട്ടൻ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണല്ലേ...

Sukanya said...

ശേഖരേട്ടന്റെ മുഖത്തെ ഭാവ ചലനങ്ങള്‍ ശ്രദ്ധിച്ച് .. ആങ്ഹാ ആളുകള്‍ കൊള്ളാമല്ലോ. :)

സുധി അറയ്ക്കൽ said...

അക്കോസേട്ടാ.

കടുത്ത അമർഷം രേഖപ്പെടുത്തുന്നു.ഇതെന്നാ വായിക്കാൻ ആകാംക്ഷയോടെ വരുന്നവർക്ക്‌ നിരാശയാവും.നല്ല കഥയ്ക്കുള്ള സ്കോപ്പ്‌ ഉള്ളതല്ലെ?നല്ല നീളൻ എഴുത്ത്‌ ഓരോ ലക്കവും ഇങ്ങോട്ട്‌ പോരട്ടെന്നേ.


വായിച്ചപ്പോൾ നല്ല സന്തോഷം തോന്നി.ശുഭപര്യവസായി ആകുമോ ആവോ!?!?!!!!?!

വീകെ. said...

ഇതുവരെ ഒന്നു തിരിഞ്ഞു പോലും നോക്കാത്ത ആളാ പ്രതിഷേധിക്കുന്നേ. ഹി...ഹി...ഹീ....

© Mubi said...

നിങ്ങക്കുള്ള പച്ചക്കറിയുമായി മുരളിയേട്ടൻ വരുന്നുണ്ട്... ഇനി സദ്യയൊക്കെ കഴിഞ്ഞേ അടുത്ത ലക്കം പ്രതീക്ഷിക്കേണ്ടൂ :( :(

സുധി അറയ്ക്കൽ said...

എവിടെ തിരിഞ്ഞുനോക്കുന്നില്ലെന്നാ അക്കോസേട്ടൻ പറയുന്നത്‌??

Cv Thankappan said...

കൊച്ചുക്കൊച്ചു സന്തോഷങ്ങൾ .......
ആശംസകൾ

Geetha said...

ടീച്ചർ വലിയ മനസുള്ള നല്ല സ്ത്രീ...

സുധി അറയ്ക്കൽ said...

അക്കോസേട്ടോ...ആറുമാസമായി.

വീകെ. said...

മുരളിച്ചേട്ടൻ ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടെന്ന് വന്നതുകൊണ്ട് കാര്യങ്ങളൊന്നും നടന്നില്ല. അടുത്ത വരവിന് ബാക്കി. താമസിയാതെ ഉണ്ടാകും ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനിതിന് ആ സമയത്ത് 
മൊബൈലിൽ കൂടി ഒരു അഭിപ്രായം
രേഖപ്പെടുത്തിയിരുന്നുവല്ലൊ ..?

വീകെ. said...

ചുമ്മാ..
മടിയാ.. എഴുതാൻ ...!