Monday 1 November 2010

സ്വപ്നഭുമിയിലേക്ക്... (28)

തുടരുന്നു.....

നല്ല മനുഷ്യരും ഉണ്ടിവിടെ...

ഏറെ കഴിഞ്ഞിട്ടാണ് അവരുടെ സങ്കടം ഒന്നു കുറഞ്ഞു കിട്ടിയത്...
ബന്ധുമിത്രാദികളാരുമില്ലാതെ ഒറ്റക്ക് കഴിയുന്നതിൽ നിന്നുള്ള ഒരു മോചനമായിട്ടെ അനിയന്റെ വരവ് അവർ കണ്ടുള്ളു. സ്വന്തം ഒരു കൂടപ്പിറപ്പ്, ഒന്നു വിളിച്ചാൽ വരാനുള്ള ദൂരത്തിൽ ഉണ്ടെന്നുള്ള തിരിച്ചറിവ്, ഒരു സഹായം ആവശ്യമായി വന്നാൽ സന്തോഷത്തോടെ ചെയ്തു തരാൻ ഒരാളുണ്ടെന്നുള്ള തിരിച്ചറിവ് വലിയ സമാധാനമല്ലെ...?

അതുകൊണ്ടാണ് ആ രീതിയിൽ തന്നെ അവനോട് ഇടപെട്ടതും. അതു കൊണ്ടു തന്നെ ഇനി കൊടും ചൂടിൽ പണിക്കു പോകുന്നില്ലന്നും, ചേച്ചി ഈ ഹോട്ടലിൽ ഒരു ജോലി സംഘടിപ്പിച്ചു തരാനും പറഞ്ഞപ്പോഴും അതിൽ ദുരുദ്ദേശമുണ്ടെന്നു തോന്നിയില്ല. പക്ഷെ, അവന്റെ നോട്ടവും പെരുമാറ്റവും പന്തിയല്ലെന്നു തോന്നിത്തുടങ്ങിയത് ഈയിടെയാണ്. തന്റെ പെരുമാറ്റം മറ്റൊരു രീതിയിലാണവൻ എടുത്തതെന്നു തിരിച്ചറിയാൻ വൈകിപ്പോയിരുന്നു.

ഇവിടെ വരുന്നവർ ആദ്യം ഇടപെടുന്നതു പോലെയല്ല രണ്ടു പെഗ്ഗകത്തു ചെന്നാൽ. പിന്നെ അവരുടെ നോട്ടത്തിനും സംഭാഷണങ്ങൾക്കും വ്യത്യാസം കാണാം. എങ്കിലും ആരും മര്യാദ കേടു കാണിച്ചിട്ടില്ല. ആദ്യമാദ്യം കുറച്ചു പ്രയാസമൊക്കെ തോന്നിയിരുന്നെങ്കിലും, മറ്റു സുഹൃത്തുക്കളുടെ ഉപദേശവും ഇടപെടലും കൂടുതൽ ധൈര്യം തന്നിരുന്നു.

പക്ഷെ, അനിയൻ രണ്ടു പെഗ്ഗ് തന്റെ കയ്യിൽ നിന്നും വാങ്ങിക്കുടിച്ചിട്ട് പറഞ്ഞ വാക്കുകൾ എല്ലാ പ്രതീക്ഷയും തകിടം മറിച്ചു കളഞ്ഞു.
“ഞാനിനി അവിടെ ജോലിക്കു പോകുന്നില്ല. പറ്റുമെങ്കിൽ ഇവിടെ ഒരു ജോലി ശരിയാക്കി താ.. ഇല്ലെങ്കിൽ എന്നെ കേറ്റിവിട്ടേരെ....!! ഇവിടെ ഇങ്ങനെ ഒറ്റക്കു ജീവിച്ചു മടുത്തു....!?”
“ അനിയൻ എന്താ ഈ പറേണെ.... ജോലി വേണ്ടാന്നു വച്ചു പോകേ...?”
“അല്ലെങ്കിൽ ഇതിനകത്ത് ഒരു ജോലി വാങ്ങിച്ചു താ... ചേച്ചി വിചാരിച്ചാൽ നടക്കും....! എന്നിട്ട് പുറത്തൊരു ഫ്ലാറ്റെടുത്ത് നമുക്ക് ഒരുമിച്ച് താമസിക്കാം....!!”

അവസാന വാചകം പറയുമ്പോൾ അവൻ ചേച്ചിയുടെ മുഖത്ത് നോക്കിയില്ല. യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞ വാക്കുകൾ കേട്ട് ചേച്ചി ഞെട്ടിത്തെറിച്ചു നിന്നു പോയി....!!?.

പിന്നെ അവനോട് ഒന്നും സംസാരിക്കാനായില്ല....
ചങ്കു പൊട്ടിപ്പോകുമെന്ന് ഭയന്ന് ഓടി വിശ്രമ മുറിയിൽ വന്നു വീണു കരഞ്ഞു. അനിയൻ എപ്പോഴൊ പോയിരിക്കും. അവൾ പിന്നെ അവനെ ശ്രദ്ധിച്ചില്ല.

പിന്നെയും പല ദിവസങ്ങളിൽ ഇതു തുടർന്നപ്പോളാണ് ഞാൻ വിവരം അറിയുന്നത്. ഞാനപ്പോൾ തന്നെ പറഞ്ഞു.
“എത്രയും പെട്ടെന്ന് കേറ്റിവിട്ടേക്കുക. അതേ ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴിയുള്ളു.”

അറബിയുടെ കയ്യിൽ നിന്നും പാസ്പ്പോർട്ട് വാങ്ങിക്കൊടുത്തത് ഞാനായിരുന്നു. കൂടാതെ പോകാനുള്ള ടിക്കറ്റും അവളാണ് എടുത്തു കൊടുത്തത്. അതു കൊടുത്തപ്പോൾ അവൻ ചേച്ചിക്കെതിരെ ഭീഷണി മുഴക്കാനും മടിച്ചില്ല. കാരണം കേറ്റി വിടുമെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അന്നേരമാണ് എനിക്ക് കുറച്ചു പരുഷമായി അവനോട് ഇടപെടേണ്ടി വന്നത്.

അവന്റെ അടവുകൾ ഒന്നും നടക്കില്ലെന്നു വന്നപ്പോഴാണ് ടിക്കറ്റും വാങ്ങി കേറിപ്പോയത്. നാട്ടിലെത്തിയ അനിയൻ വെറുതെയിരുന്നില്ല. നാട്ടിൽ ആർക്കും അറിയുമായിരുന്നില്ല ചേച്ചിയുടെ ഇവിടത്തെ ജോലിയുടെ സ്വഭാവം.

അനിയൻ ചെന്നതും കഥകൾ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു നടക്കാൻ വലിയ ഉത്സാഹമായിരുന്നു. നാട്ടുകാർ മാത്രമല്ല സ്വന്തക്കാരും ആലോചിച്ചു തലപുണ്ണാക്കി. അവരുടെ സ്വന്തം കാര്യങ്ങൾ ഒരുപാടുണ്ടെങ്കിലും അതിലൊന്നും താല്പര്യം കാണിക്കാതെ, അവളെങ്ങനെ കാശുണ്ടാക്കിയെന്ന് കഥകൾ മെനയുകയായിരുന്നു. നമ്മുടെ നാട്ടുകാർ അങ്ങനെയാണല്ലൊ...!
മന്തുള്ള രണ്ടു കാലും മണ്ണിൽ പൂഴ്ത്തിവച്ചിട്ട്, ഒറ്റക്കാലിൽ മന്തുള്ളവനെ കുറ്റം പറയാനുള്ള വാസന നമ്മളെ കഴിഞ്ഞിട്ടെ മറ്റാർക്കുമുള്ളു...!!

ഓരോരുത്തർ അവരവരുടെ ഭാവനക്കനുസരിച്ച് കഥകൾ മെനഞ്ഞു. ഓരോ കഥക്കും ചൂടും ചൂരും പകർന്നത് അനിയൻ തന്നെ. കേട്ടത് വിശ്വസിക്കാതിരിക്കാനും നാട്ടുകാർക്കും വീട്ടുകാർക്കും ആയില്ല.

എത്രയോ പേർ ഗൾഫിൽ പണിയെടുക്കുന്നു. അവരാരും ഇതുപോലെ അല്ല. അവരുടെ കടങ്ങളും തീരുന്നില്ല. ഇവൾ പോയിട്ടു രണ്ടുമൂന്നു കൊല്ലം കഴിഞ്ഞതേയുള്ളു. അതിനുള്ളിൽ കടങ്ങളെല്ലാം വീട്ടി. വീട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ഒരനിയത്തിയെ കെട്ടിച്ചും വിട്ടു...!!
പോരേ പൂരം...!!

നാട്ടുകാരോടൊപ്പം വീട്ടുകാരും വെറുത്തപ്പോൾ, ചേച്ചിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വീട്ടുകാർ വെറുത്തത് അവളെ മാത്രമായിരുന്നു. അവളയക്കുന്ന ‘ഡ്രാഫ്റ്റ്‘ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. അതിൽ നിന്നുള്ള വിഹിതം ഭാര്യ വഴി കൈപ്പറ്റി, കുടിയും കഴിഞ്ഞ് നാട്ടുകാരോടൊപ്പം കൂടി തന്റെ വൈരാഗ്യം മുഴുവൻ അനിയൻ തീർത്തുകൊണ്ടിരുന്നു.”

അച്ചായൻ പറഞ്ഞു നിറുത്തിയിട്ട് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയി. ഞങ്ങൾക്കും അവനോടുള്ള ദ്വേഷ്യം സിരകളിലേക്ക് ബീയറിന്റെ രൂപത്തിൽ ഇരച്ചു കയറി. ഗ്ലാസ്സുകൾ ഒന്നൊന്നായി നിറഞ്ഞു. ഞാൻ പറഞ്ഞു.
“അവനെയൊന്നും ജീവനോടെ വച്ചേക്കരുത്.. പട്ടീടെ മോൻ... തട്ടിക്കളയണം...!”
“അവനെ ഏതെങ്കിലും കൊട്ടേഷൻ സംഘത്തെ ഏൽ‌പ്പിച്ചു കൊടുക്കണം..”
അതും പറഞ്ഞ് രജേട്ടൻ തന്റെ ദ്വേഷ്യം മുഴുവൻ ഒരു ഗ്ലാസ്സിലേക്ക് പകർന്ന് ഒറ്റവലിക്ക് അകത്താക്കിയിട്ട്,  ഗ്ലാസ്സ് മേശമേൽ ഒറ്റ കുത്ത്...!!

അപ്പോഴേക്കും അച്ചായൻ വെള്ളവുമായെത്തി. ഗ്ലാസ്സിലേക്ക് പകർന്ന ഷിവാസ് റീഗൽ വെള്ളമൊഴിച്ച് നിറച്ചു വച്ചു. പുള്ളിക്കാരൻ ഒറ്റ വലിക്ക് കുടിക്കില്ല. ഇടക്കിടക്ക് ഓരോ കവിൾ അകത്താക്കുന്നതാണ് രീതി.
“എന്നിട്ട്...?”
എന്റെ അക്ഷമ ഞാൻ പ്രകടിപ്പിച്ചു. സമയം കടന്നു പോകുകയാണ്. ഇപ്പോൾ മുഴുവൻ പറഞ്ഞില്ലെങ്കിൽ പിന്നെ അച്ചായനെ കിട്ടിയെന്നു വരില്ല.
“പറയാം.. പറയാം...”
അതും പറഞ്ഞ് അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് അച്ചാറിന്റെ ഒരു കഷണം എടുത്ത് നാക്കിന്റെ നടുക്കലേച്ച് വച്ച്, അച്ചാറു കഷണം വായിൽ നിന്നും ചാടിപ്പോകാതിരിക്കാനെന്നോണം പെട്ടെന്ന് വായടച്ചു പിടിച്ചു. ഷിവാസ് റീഗലിന്റെ ചവർപ്പും, അച്ചാറിന്റെ ഉപ്പും പുളിയും എരിവും ചേർന്ന ഒരു പ്രത്യേക സ്വാദ് നാക്കിനെ കീഴടക്കിയതിനാൽ കുറച്ചു നേരത്തേക്ക് അച്ചായൻ ഒന്നും സംസാരിക്കാതെ നാക്കിൽ ഊറിക്കൂടുന്ന ആ പ്രത്യേക രസം കുറേശ്ശെ കുറേശ്ശെ ആസ്വദിച്ച് നുണഞ്ഞിറക്കിക്കൊണ്ടിരുന്നു.

ഞങ്ങളുടെ അക്ഷമ കണ്ട് പുള്ളിക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.
“അവന്റ പാര കാരണം അവൾക്ക് നാട്ടിലേക്ക് ചെല്ലാൻ കഴിയാത്ത ഒരു സ്ഥിതിയായി. ഇളയ അനിയത്തിയേ കൂടി മാന്യമായി പറഞ്ഞയച്ചിട്ടേ നാട്ടിലേക്കുള്ളുവെന്നവളും തീരുമാനിച്ചിരുന്നു. എങ്കിലും ഇളയ അനിയത്തിയുടെ കല്യാണക്കാര്യം വന്നപ്പോൾ, ഇതെങ്കിലും ഒന്നു കാണണമെന്നും പങ്കെടുക്കണമെന്നും അവളാഗ്രഹിച്ചു.

പക്ഷെ, ഇവൾ നാട്ടിലെത്തിയാൽ കല്യാണം നടത്തിക്കില്ലെന്നുള്ള അനിയന്റെ ഭീഷണിക്കു മുൻപിൽ അവൾ നിശ്ശബ്ദയായി. മാത്രമല്ല വീട്ടിലുള്ളവരും അവൾ വരുന്നതിനോട് യോജിച്ചില്ല. അവളെ അത്രയധികം വെറുക്കപ്പെട്ടവളായി മാറ്റിക്കഴിഞ്ഞിരുന്നു.

ഒരു മാസം മുൻപായിരുന്നു അവരുടെ വിവാഹം. അപ്പോൾ ഞാൻ നാട്ടിലുണ്ടായിരുന്നു.”

ഒന്നു നിറുത്തി ഒരു കവിൾ അകത്താക്കുന്ന നേരം ഞാൻ ചോദിച്ചു.
“ അച്ചായൻ പോയിരുന്നൊ കല്യാണത്തിന്..?”
“ഹേയ്.. ഞാൻ പോയില്ല. ഞാനെങ്ങാനും ചെന്നാൽ അവൻ, അനിയൻ എന്തായിരിക്കും പറഞ്ഞുണ്ടാക്കുകയെന്നറിയില്ലല്ലൊ. അതുതന്നെയുമല്ല, അവനെ ഇവിടന്നു കേറ്റിവിടാൻ നേരം ഞാനും കുറച്ചു ഭീഷണിപ്പെടുത്തിയിരുന്നു.

ഞാൻ നാട്ടിൽ പോകുന്നതിനു മുൻപ് രണ്ടു പവന്റെ വളകൾ വാങ്ങി എന്റെ ഒരു ഗിഫ്റ്റ് ആയി അനിയത്തിക്കു കൊടുക്കാൻ അവളെ ഏൽ‌പ്പിച്ചിരുന്നു. അന്നേരം അവൾ അനിയന്റെ ദു:ഷ്പ്രവർത്തികളുടെ കാര്യം പറഞ്ഞ് ഒരുപാട് കരഞ്ഞു.
നമുക്ക് എന്തു ചെയ്യാനാകും...?”
അച്ചായൻ ഞങ്ങളെ നോക്കി കൈ മലർത്തി.

പിന്നെ തുടർന്നു..

“എന്തായാലും കല്യാണത്തിന് അനിയൻ പങ്കെടുത്തില്ല....!
അതിനു മുൻപു തന്നെ അവൻ മുംബാക്ക് വണ്ടി കയറിയിരുന്നു.”
“ അതെങ്ങനെ...?”
രാജേട്ടൻ ചാടിക്കയറി ചോദിച്ചു.
“എങ്ങനെയെന്ന് ചോദിച്ചാൽ.....”
അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് പറഞ്ഞു തുടങ്ങി.
“ഞങ്ങളുടെ എഞ്ചിനീയർ ആ സമയം നാട്ടിലുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു ദിവസം കൂടിയിരുന്നു. അന്ന് ഇവളുടെ അനിയന്റെ കാര്യം ചർച്ചാവിഷയമായി. ഇവിടെ അവൻ കാണിച്ചകൂട്ടിയതൊക്കെ ഞാൻ പറഞ്ഞു. അതിന്റെ പരിണതഫലമായിരുന്നു അവന്റെ അനിയത്തിയുടെ കല്യാണത്തിനു മുൻപേ തന്നെ മുംബായിലേക്കുള്ള മുങ്ങൽ....!

എഞ്ചിനീയർ സാർ അതെങ്ങനെയാണ് കൈകാര്യം ചെയ്തതെന്നറിയില്ല...!!
അവന്റെ ശല്യം തൽക്കാലം ഒഴിവാക്കിയിട്ടുണ്ടെന്നു മാത്രമെ എന്നോട് ഫോണിൽ പറഞ്ഞുള്ളു.

എന്റെ അവധി കഴിഞ്ഞ് കഴിഞ്ഞയാഴ്ച തിരിച്ചെത്തിയതല്ലെയുള്ളു. നാട്ടിൽ പോയി വന്നതിനു ശേഷം ആദ്യമായിട്ടാണ് അന്ന് നിങ്ങളൊരുമിച്ച് ആ ഹോട്ടലിൽ പോയത്.
അനിയൻ മുടക്കും, നടത്തിക്കില്ലെന്നൊക്കെ പറഞ്ഞ കല്യാണം ഭംഗിയായി നടന്നതിന്റെ സന്തോഷമായിരുന്നു അവളുടെ കെട്ടിപ്പിടിച്ചുള്ള ആ പ്രകടനം....!”

ഞങ്ങൾ അവസാനത്തെ ബീയർ കുപ്പിയും കാലിയാക്കിയിട്ടാണ് അച്ചായനോട് യാത്ര പറഞ്ഞത്. അപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു.....
നാളെ വെള്ളിയാഴ്ചയല്ലെ...
പോത്തുപോലെ കിടന്നുറങ്ങാമല്ലൊ.......!!

ബാക്കി അടുത്ത പോസ്റ്റിൽ...

24 comments:

ramanika said...

“അവനെയൊന്നും ജീവനോടെ വച്ചേക്കരുത്.. പട്ടീടെ മോൻ... തട്ടിക്കളയണം...!
കിറു കൃത്യമായ പ്രതികരണം !!!!1

പട്ടേപ്പാടം റാംജി said...

മന്തുള്ള രണ്ടു കാലും മണ്ണിൽ പൂഴ്ത്തിവച്ചിട്ട്, ഒറ്റക്കാലിൽ മന്തുള്ളവനെ കുറ്റം പറയാനുള്ള വാസന നമ്മളെ കഴിഞ്ഞിട്ടെ മറ്റാർക്കുമുള്ളു...!!

വെള്ളമാടിയിലാണ് എല്ലാ വിവരങ്ങളും പുറത്ത്‌ വരുന്നത് അല്ലെ.
ഓരോ ചെറിയ കഥ പോലെ ഇത്തവണയും നാന്നായി.

krishnakumar513 said...

നാളെ വെള്ളിയാഴ്ചയല്ലെ...
പോത്തുപോലെ കിടന്നുറങ്ങാമല്ലൊ.......!!

അതെങ്ങിനെ സാധിക്കും,അടുത്ത പോസ്റ്റ് എഴുതണ്ടേ?
കൊള്ളാം,ആശംസകള്‍!

ഹംസ said...

നമ്മുടെ നാട്ടുകാർ അങ്ങനെയാണല്ലൊ...!
മന്തുള്ള രണ്ടു കാലും മണ്ണിൽ പൂഴ്ത്തിവച്ചിട്ട്, ഒറ്റക്കാലിൽ മന്തുള്ളവനെ കുറ്റം പറയാനുള്ള വാസന നമ്മളെ കഴിഞ്ഞിട്ടെ മറ്റാർക്കുമുള്ളു...!!


അതെ നമ്മള്‍ മല്ലൂസ് അങ്ങനയാ....സത്യമാ വീ.കെ.
---------------------------------------
വീ.കെയുടെ അനുഭവ കഥ നല്ല ഒരു നോവലായി പുസ്തക രൂപത്തില്‍ ഇറക്കാം ...

Muralee Mukundan , ബിലാത്തിപട്ടണം said...

തനി മലയാളിത്വം തുടിച്ചു നിൽക്കുന്ന അനിയൻ തന്നെ..! ആ ഒറ്റ കഥാപാത്രത്തിൽ തന്നെ ഒരു ശരാശരി മലയാളിയുടെ എല്ലാസ്വഭാവ മഹിമകളും അടങ്ങിയിരിക്കുന്നു...

ഒരിക്കൽ കൂടി എല്ലാവരേയും ഇനിയും വായിക്കാൻ കാത്തിരിപ്പിക്കുന്ന ഈ രചനാവൈഭവത്തിന് നമോവാകം...

sm sadique said...

ബഷീർ വള്ളികുന്നിന്റെ “ഡോട്ട് കോം @ വള്ളികുന്ന് “ എന്ന ബ്ലോഗിൽ ഒരു മനുഷ്യനെ പരിചയപ്പെട്ടിട്ട് ഞാൻ എഴുതി “അദ്ധേഹത്തിന് കൈ കൊടുത്തപ്പോൾ തങ്കളുടെ കൈ വിറച്ചു.
ഞാൻ ഇത് വായിച്ചപ്പോൾ എന്റെ മനസ്സ് വിറച്ചു,കണ്ണുകൾ നിറഞ്ഞു.“ അടുത്ത ബ്ലോഗിൽ കയറിത് ഇതിലാണ്. ഇതിലെ മനുഷ്യന് വെറും വാക്കുകളിലൊതുങ്ങുന്ന മറുപടിയല്ല വേണ്ടത് എന്ന് മാത്രം എഴുതട്ടെ.

ജയരാജ്‌മുരുക്കുംപുഴ said...

assalayi ee aavishkaaram... abhinandanangal.....

കിരണ്‍ said...

ഇത് ഞാന്‍ അറിയുന്ന വി കെ ആണോ ആവൊ . മദര്‍ കെയര്‍ ല്‍ ജോലി ചെയ്യുന്ന, തിരോന്തരം കാരന്‍.

jyo.mds said...

അവളൊരു തുടര്‍ കഥയായി. അനിയത്തികളെ നല്ല നിലയിലാകേണ്ട ബദ്ധപ്പാടില്‍ സ്വയം ജീവിക്കാന്‍ വൈകിയവള്‍.കഷ്ടം.

വീകെ said...

രമണിക:അങ്ങനെയൊക്കെ തട്ടിക്കളയാമായിരുന്നു.ഒരു സിനിമാക്കഥ പോലെ ആയിരുന്നെങ്കിൽ...! പക്ഷെ, ഇതു ജീവിതമല്ലെ...!! പച്ചയായ ജിവിതം...!!
വളരെ നന്ദി.
പട്ടേപാടം റംജീ: ഞാൻ ‘വെള്ള‘മൊന്നും അടിക്കാറില്ലാട്ടൊ റാംജി മാഷെ.
ആകെ കൂടി അടിക്കുക, ചില വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഒരു ‘പാട്ട‘ ബീയർ (550ml.)മാത്രം.സാധാരണ ചായ കുടിക്കുന്ന ഗ്ലാസ്സിലാണെങ്കിൽ ഒരു മൂന്നു ഗ്ലാസ്...!!അത്രയേ ഉള്ളു.

ഈ ബീയർ ഒന്നും വെള്ളമടിയിൽ പെടുത്തിയിട്ടില്യ ഉവ്വൊ...!!?

വന്നതിനു നന്ദിയുണ്ട്.
കൃഷ്ണകുമാർ513:അങ്ങനെയൊന്നും ദിവസവും ബ്ലോഗ് എഴുതാറില്ല.പുതിയ ലക്കം പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ സുഹൃത്തുക്കളുടെ ബ്ലോഗ് സന്ദർശനമായിരിക്കും ഒരാഴ്ച.അതു കഴിഞ്ഞിട്ടേ അടുത്ത പോസ്റ്റിനെക്കുറിച്ച് ചിന്തിക്കൂ....
വന്നതിനു വളരെ നന്ദി.
ഹംസ:ഹംസക്കാ..നമ്മൾ ‘മല്ലൂസ്‘ അങ്ങനെയാ.. എന്നു വച്ചാൽ ‘മലയാളീസ്‘ എന്ന അർത്ഥത്തിലാണൊ ‘മല്ലൂസ്’എന്നു പറഞ്ഞത്.ഈ മല്ലു എന്നത് മറ്റെവിടെയൊക്കെയൊ കേട്ടിട്ടുണ്ട്.
വളരെ നന്ദി.
മുരളിമുകുന്ദൻ:ബിലാത്തിച്ചേട്ടാ..ഈ സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.
സാദിക്കാ:സാദിക്കാ പറഞ്ഞത് ശരിയാണ്.വെറും വാക്കുകളല്ല വേണ്ടിയിരുന്നത്. പക്ഷെ,കഥയല്ലല്ലൊ. ജീവിതത്തിൽ കയ്യൂക്കിനു കാര്യമില്ല.
വന്നതിനു വളരെ നന്ദി.
ജയരാജ് മുരുക്കും‌പുഴ:വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
കിരൺ:ആദ്യമായി ഈ സന്ദർശനത്തിനു നന്ദി പറയട്ടെ.പിന്നെ ഞാൻ,ആ തിരോന്തരംകാരൻ ഞാനല്ല....! ഞാൻ എറണാകുളമാ..

വീകെ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

o...k, o...k

Ashly said...

:) സപെന്‍സ്‌ ബാകി വെയ്ക്കാതെ എഴുതി.... അപ്പൊ എന്നെ പേടി ഉണ്ട്...അല്ലെ...

Gopika said...

അതും പറഞ്ഞ് അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് അച്ചാറിന്റെ ഒരു കഷണം എടുത്ത് നാക്കിന്റെ നടുക്കലേച്ച് വച്ച്, അച്ചാറു കഷണം വായിൽ നിന്നും ചാടിപ്പോകാതിരിക്കാനെന്നോണം പെട്ടെന്ന് വായടച്ചു പിടിച്ചു. ഷിവാസ് റീഗലിന്റെ ചവർപ്പും, അച്ചാറിന്റെ ഉപ്പും പുളിയും എരിവും ചേർന്ന ഒരു പ്രത്യേക സ്വാദ് നാക്കിനെ കീഴടക്കിയതിനാൽ കുറച്ചു നേരത്തേക്ക് അച്ചായൻ ഒന്നും സംസാരിക്കാതെ നാക്കിൽ ഊറിക്കൂടുന്ന ആ പ്രത്യേക രസം കുറേശ്ശെ കുറേശ്ശെ ആസ്വദിച്ച് നുണഞ്ഞിറക്കിക്കൊണ്ടിരുന്നു.



hmm...njn athonnu manassil kanuvayirunnu...kure filmilundakum inganathe scenukal...alle..
post enthayalum nannayittundu..angane aa suspends kadha paranju theerthallo achayan...

വീകെ said...

പാവം ഞാന്‍: o...k o..k
വന്നതിനു വളരെ നന്ദി.
ജ്യൊ:ഇതുപോലെ ഒരുപാടു പേരെ ഇവിടെ കാണാം. വന്നതിനു വളരെ നന്ദി.
ക്യാപ്റ്റന്‍ ഹഡ്ഡോക്:പിന്നെ പേടിക്കാതെ പറ്റുമോ... ആ മുഖം കണ്ടാല്‍ തന്നെ എന്റെ മുട്ടു വിറക്കും. വന്നതിനു നന്ദി.
കുസുമം:ആ സീന്‍ മനസ്സില്‍ കണ്ടിട്ട് വായില്‍ കപ്പലോടിക്കാന്‍ പറ്റിയ കാര്യം പറഞ്ഞില്ലാട്ടൊ..!? വന്നതിനു വളരെ നന്ദി.

Akbar said...

ആദ്യം മുതല്‍ വായിക്കേണ്ടിയിരിക്കുന്നു. തുടരുക. ഞാന്‍ പിറകെ വന്നോളാം.

രമേശ്‌ അരൂര്‍ said...

സ്വാഭാവികമായ എഴുത്ത് ..പച്ചയായ ജീവിതാവിഷ്കാരം ...ആശംസകള്‍

ശ്രീ said...

വായിച്ചു പോകുന്നു മാഷേ. ഓരോരോ ജീവിതത്തെയും പറ്റി പറയുമ്പോള്‍ എന്തഭിപ്രായം പറയാനാണ്...

lekshmi. lachu said...

nannaayirikkunu..aduthathu vegam post ettu koode..engotu varaan marannu pokunnu..

Gopika said...

oh pinneeee..vayyail kappalodikanum mathramonnumillatto athu...hmmm...

ചിന്നവീടര്‍ said...

പച്ചയായ ജീവിതാവിഷ്കാരം.. അഭിനന്ദനങ്ങള്‍...

വീകെ said...

അക്ബർ: മാഷെ, ആദ്യമായിട്ടുള്ള ഈ വരവിന് വളരെ നന്ദി.
രമേശ് അരൂർ: ആദ്യമായ ഈ വരവിനു വളരെ നന്ദി.
ശ്രീ: വന്നല്ലൊ. അതു തന്നെ ഭാഗ്യം.നന്ദി.
ലക്ഷ്മി ലച്ചു: എന്റെ എഴുത്തിന്റെ ഗുണം എത്രക്കുണ്ടെന്നു എനിക്കു നന്നായറിയാം.അതു കൊണ്ട് മുൻപു വന്നിട്ടുള്ളവർ വരാതിരിക്കുന്നതു കൊണ്ട് ഒരു പരിഭവവും ഇല്ലാട്ടൊ.. ഇപ്പോൾ വന്നല്ലൊ.. നന്ദി.
കുസുമം: അന്നേരം ഞാനത് വറുതെ പറഞ്ഞതാണെങ്കിലും,ഇപ്പോൾ ശരിക്കും ബോദ്ധ്യായി....!
ചിന്നവീടർ:ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

ഇതിലെ വന്നിട്ടും,വായിച്ചിട്ടും ഒന്നു പറയാൻ മനസ്സില്ലാതെ നിഷ്ക്കരുണം കടന്നു പോയവർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി..നന്ദി..നന്ദി..

അഭി said...

അങ്ങനെയും കുറെ ആളുകള്‍ അല്ലെ

Vayady said...

വി.കെയുടെ പോസ്റ്റ് വായിക്കുമ്പോള്‍ എത്രയെത്ര മനുഷ്യരെയാണ്‌ പരിചയപ്പെടാന്‍ പറ്റുന്നത്. ലളിതമായ ഭാഷയില്‍ അതിഭാവുകത്വമില്ലാതെ ഒഴുക്കോടെയുള്ള എഴുത്ത്‌. അതിനാല്‍ വായിച്ചു തീരുന്നത് അറിയില്ല.

അതുപോലെ ഒരു കാര്യം കൂടി പറയട്ടെ, താങ്കളുടെ പോസ്റ്റ് വായിച്ചാലും ഇല്ലെങ്കിലും ബ്ലോഗില്‍ പലരുടെയും പോസ്റ്റുകള്‍ മുടങ്ങാതെ വായിച്ച് കമന്റ് ഇടുന്ന വീ.കെയുടെ നല്ല മനസ്സിനെ അഭിനന്ദിക്കാതെ തരമില്ല. കൂടെ നന്ദിയും.