Sunday 1 April 2012

മറക്കാനാകാതെ...


കഥ


‘തോലാ.... നിനക്ക് മരണമില്ല...’

                          സ്കൂൾ വിട്ടു വന്നാലുടനെ ചായ പോലും കഴിക്കാതെ തറവാട്ടിലേക്കോടും. അഛന്റെ തറവാട്ട് വീടിനു പിന്നിലെ വിശാലമായ തെങ്ങിൻ തോപ്പിനരികിലൂടൊഴുകുന്ന പെരിയാറിന്റെ തീ‍രത്തെ ‘തോലൻ മാവിന്റെ’ ചുവട്ടിലായിരുന്നു ഓട്ടം ചെന്നു നിൽക്കുക. അടക്കാമരത്തോട്ടം, പ്ലാവ്, മാവ് മുതലായ വൃക്ഷലതാതികളെല്ലാം സമൃദ്ധമായി വളരുന്ന പ്രദേശമായിരുന്നു തറവാട് നിന്നിരുന്ന പെരിയാറിന്റെ തീരപ്രദേശം.

ഇടവഴികൾ കഴിഞ്ഞാൽ പിന്നെ പ്രത്യേക വഴികളൊന്നും ഉണ്ടായിരുന്നില്ല. പറമ്പുകളിൽ നിന്നും പറമ്പുകളിലേക്ക് എല്ലാവരും നടന്നു തെളിഞ്ഞ ഒറ്റയടിപ്പാതകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഞങ്ങളൂടെ ഉറ്റ കൂട്ടുകാരൻ ശ്രീധരന്റെ വീടിന്റെ കിഴക്കു വശത്ത് കൂടിയായിരുന്നു ഞങ്ങളുടെ തറവാട്ടിലേക്കുള്ള വഴിത്താര. ശ്രീധരന്റെ കുടുംബത്തിന്റേതായിരുന്നു പുഴയോരവും തോലൻമാവുമെല്ലാം.

ഒറ്റത്തടിയിൽ ശാഖകളൊന്നും ഇല്ലാതെ അങ്ങു ആകാശം മുട്ടെ വളർന്ന് തെങ്ങിൻ തലപ്പുകൾക്ക് മുകളിൽ തലയുയർത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു ഞങ്ങളുടെ തോലൻ മാവ്. നൂറ്റാണ്ടുകൾ പഴക്കമുണ്ടത്രെ തോലന്. ശ്രീധരന്റെ മുത്തശ്ശിയുടെ ചെറുപ്പകാലത്തും തോലൻ‌മാവിൽ നിന്നും പഴമാങ്ങ തോട്ടി കെട്ടി പറിക്കാറുണ്ടായിരുന്നത്രേ.
ഇന്നു പക്ഷെ, ആകാശം മുട്ടണ തോട്ടി വേണ്ടിവരും. അത്രക്കും പൊക്കാ.
തോലന്റെ മാമ്പഴം എന്നു പറഞ്ഞാൽ തേനാണ്. അതോ അമൃതോ..!
കുഞ്ഞ് മാങ്ങയാ. ഞങ്ങളുടെ കുഞ്ഞിക്കൈയ്യിൽ ഒതുങ്ങിയിരിക്കും. അത്രേം ചെറുതാ. നന്നായി പഴുത്ത മാങ്ങ രണ്ടു കയ്യുടേയും ഉള്ളങ്കയ്യിലിട്ട് ങ്നെ ഒന്നു ഞെക്കി ഉരുട്ടി, ഞെട്ടിയൊന്നു കടിച്ചുതുപ്പി ഒന്നു  ഞെക്കിയൽ അതാ ഊറി വരുന്നു, നല്ല മധുരമുള്ള സ്വാദുള്ള അമൃത് സമാനമായ തേൻ....!! ഒറ്റയടിക്കു കുടിച്ചുതീർക്കാൻ കൊതി തോന്നുന്ന പഴച്ചാർ. പക്ഷെ ചെറിയ മാങ്ങയായതു കൊണ്ട് പഴച്ചാർ വേഗം തീർന്നു പോകും.

അതുകൊണ്ട് ഒറ്റയടിക്കു കുടിച്ചു തീർക്കില്ല ഞങ്ങൾ. ഊറി വരുന്ന പഴച്ചാറ് നക്കിയെടുത്ത് പതുക്കെ പതുക്കെ നുണഞ്ഞിറക്കും. അതിനായിരുന്നു കൂടുതൽ രസം. അടുത്ത മാങ്ങ കിട്ടുന്നതു വരെയും ആ ഒരു മാങ്ങ കൊണ്ടു നടന്നു ചപ്പിക്കുടിക്കും. അവസാനം അതിൽ നിന്നും ഒന്നും ഊറിവരാനുണ്ടാകില്ല. എന്നാലും കളയാൻ തോന്നില്ല. പിന്നെ അതിന്റെ തൊണ്ടു തിന്നു തുടങ്ങും. തൊണ്ട് തിന്നാൻ ഒരു രസവുമില്ല. ഭയങ്കര കട്ടിയാ തോലിന്. അതുകൊണ്ടാത്രെ ‘തോലൻ’ന്ന് പേരു വന്നത്. വാസ്തവത്തിൽ നൂറ്റാണ്ടിനപ്പുറം പ്രായമുള്ള മാവിനു തലമുറകളായി വിളിച്ചു വന്ന പേരായിരുന്നു അത്.

ഒരു ചെറു കാറ്റോ, അണ്ണാറക്കണ്ണന്മാരോ ഉന്തിത്തള്ളി താഴെയിടുന്ന മാമ്പഴവും കാത്ത് മുകളിലേക്കും നോക്കി കഴുത്തിന്റെ പിടലി കഴച്ചു നിൽക്കണ നേരത്താവും ആ മുഴക്കമുള്ള ശബ്ദം വരുന്നത്.
“ ആരടാവിടെ..”
“അയ്യോ മുത്തശ്ശി...!
ശ്രീധരന്റെ മുത്തശ്ശിയാ...!
മാറു മറയ്ക്കാതെ വെളുത്ത മുണ്ട് താറായിട്ടുടുക്കുന്ന, അയിത്തം ആചരിക്കുന്ന പഴഞ്ചൻ ജീവിതരീതിയിൽ ജീവിക്കുന്ന മുത്തശ്ശി. ഞങ്ങളെ ഏഴയലത്തുപോലും അടിപ്പിക്കുമായിരുന്നില്ല. ശ്രീധരനെ ഞങ്ങൾ തൊടാൻ പാടില്ല. തൊട്ടാൽ പിന്നെ കുളിച്ചിട്ടെ വീട്ടിനകത്തേക്കു കയറ്റുമായിരുന്നുള്ളു. മുത്തശ്ശി ഒഴിച്ച് മറ്റാർക്കും അയിത്തം ഒന്നും ഉണ്ടായിരുന്നില്ല. അവരെല്ലാവരുമായി ഞങ്ങൾക്ക് നല്ല ബന്ധമായിരുന്നു. മുത്തശ്ശിയുടെ മുൻപിൽ എല്ലാവരും അയിത്തക്കാരാവും.
മുത്തശ്ശിയുടെ ഒച്ച കേൾക്കുമ്പോഴേക്കും ഞങ്ങൾ ഓടി ഒളിക്കും. പിന്നെ മുത്തശ്ശി പോകുന്നതു വരെ ഞങ്ങൾ ഏതെങ്കിലും മരത്തിന്റെ പുറകിലൊ കാട്ടുചെടികൾക്കിടക്കൊ പതുങ്ങിയിരിക്കും. മാങ്ങയൊന്നുംകിട്ടാതെ വരുമ്പോൾ, അതെങ്ങനാ... മാവിൻ‌ചുവട് മുഴുവൻ തുത്തു തുടച്ച് ഒരുണക്കില പോലുമില്ലാതെ വൃത്തിയാക്കി ഞങ്ങളിട്ടിരിക്കയല്ലെ...! പിറുപിറുത്തു കൊണ്ട് (ഞങ്ങളെ പ്‌രാകിയതായിരിക്കും) മുത്തശ്ശി വേഗം തിരിച്ചു പോകും. പതുങ്ങിയിരിക്കുമ്പോൾ ഞങ്ങൾ പ്രാർത്ഥിക്കും.
'ദൈവമേ.. മുത്തശ്ശി പോകുന്നതു വരേക്കും ഒരു കൊച്ചു കാറ്റു പോലും വീശല്ലെ..’

മുത്തശ്ശി ചിലപ്പോൾ പതുങ്ങി വരും. തൊട്ടടുത്തെത്തുമ്പോഴായിരിക്കും അറിയുക. പിന്നെ ഓടി ഒളിക്കാൻ സമയം കിട്ടില്ല. ഉടനെ ഞങ്ങൾ ഓടി പുഴയിൽ ചാടും. പിന്നെ മുത്തശ്ശി പോയതിനു ശേഷമെ പുഴയിൽ നിന്നും കയറുകയുള്ളു. അതുവരേക്കും പുഴയിൽ കിടന്ന് ചാടിത്തിമർക്കും.
വീണ്ടും മാവിൻ ചുവട്ടിൽ എത്തും.
കാറ്റോ വീശുന്നില്ല, ഒരു അണ്ണാറക്കണ്ണനെങ്കിലും വന്നിരുന്നെങ്കിൽ...!
ഞങ്ങൾ പ്രതീക്ഷയോടെ മുകളിലേക്കും നോക്കി നിൽക്കും..
ഏതെങ്കിലും തെങ്ങിന്റെ മണ്ടയിൽ നിന്നും ഒരു അണ്ണാറക്കണ്ണൻ ചാടി വരുന്നുണ്ടൊ...?
അഥവാ അണ്ണാൻ വന്നാൽ... ഞങ്ങൾ അതിനെ നോക്കി നിൽക്കും. ഏതു കൊമ്പിലാ കയറുന്നതെന്നറിയാൻ... കിഴക്കെ കൊമ്പിൽ കയറിയാൽ, അണ്ണാൻ തള്ളി താഴെയിടുന്ന മാങ്ങ എനിക്കുള്ളതാ.. ആ മാങ്ങ മറ്റാരും എടുക്കാൻ പാടില്ല. അതുപോലെ ഓരൊ കൊമ്പിലെ മാങ്ങക്കും ഓരോരുത്തരുണ്ടായിരുന്നു. അങ്ങനെയായിരുന്നു അണ്ണാറക്കണ്ണൻ കയറി മാമ്പഴം താഴെയിട്ടാൽ ഞങ്ങൾ വീതം വച്ചിരുന്നത്.

പക്ഷെ കാറ്റത്ത് വീഴുന്ന മാങ്ങക്ക് ഇതു ബാധകമല്ല. അണ്ണാറക്കണ്ണൻ കയറിയാൽ അതിനെ അവിടന്ന് ഓടിച്ച് തങ്ങളുടെ വശത്തേക്കു മാറ്റാൻ വേണ്ടി ഞങ്ങൾ കല്ലെടുത്തെറിയാൻ ശ്രമിക്കാറുണ്ട്. പക്ഷെ കല്ല് മാവിന്റെ പകുതി പൊക്കം പോലും പൊങ്ങുകയില്ല. അത്രക്കും പൊക്കമായിരുന്നു തോലൻ മാവിന്.

മാങ്ങയൊന്നും കിട്ടാതെ ബോ‍റടിക്കുമ്പോൾ കീശയിൽ നിന്നും കശുവണ്ടി എടുക്കും. പിന്നെ കുഴികുത്തി അതാവും കളി. ‘വക്കനു’ വേണ്ടി ഏറ്റവും വലിയ കശുവണ്ടിയുടെ മൂട് ചെത്തി, ഉള്ളിലെ കാമ്പെല്ലാം കളഞ്ഞിട്ട് അതിൽ ഈയം ഉരുക്കി ഒഴിച്ച് നല്ല കട്ടിയിൽ കീശയിൽ കാണും. വലിയ വക്കനുള്ളവനായിരിക്കും മിക്കവാറും ജയം. കശുവണ്ടി സ്വന്തമായില്ലാത്തവർ രാശിക്കായ കളിക്കും. ഇതൊന്നുമില്ലാത്തവർ എരുക്കിൻ പൂവ് പറിച്ചെടുത്ത്, അത് നിലത്ത് എറിഞ്ഞ് കളിക്കും. നിലത്തിടുമ്പോൾ നിവർന്നു നിൽക്കുന്ന പുവിന്റെ എണ്ണം നോക്കിയാണ് ജയം തീരുമാനിക്കുക. അല്ലെങ്കിൽ ചെറിയ കല്ലുകൾ പെറുക്കിക്കൂട്ടി ‘പാള ’ കളിക്കും. ഇനിയുമുണ്ട് ധാരാളം കളികൾ...

ഒരു ദിവസം ഞങ്ങൾ നോക്കി നിൽക്കേ, തൊട്ടപ്പുറത്തു നിൽക്കുന്ന തെങ്ങിന്റെ പടിഞ്ഞാറേ ഓലമടലിന്റെ തുഞ്ചത്തു നിന്നും ഒരു അണ്ണാങ്കുഞ്ഞ് തോലന്റെ കിഴക്കേ ശിഖരത്തിലേക്ക് ഒറ്റ ചാട്ടം..!
പെട്ടെന്നാണ് അത് ഞങ്ങളുടെ കണ്ണിൽ‌ പെട്ടത്. അതോടെ ഞങ്ങളെല്ലാം ജാഗരൂകരായി...! എങ്കിലും കിഴക്കേ കൊമ്പിലായതു കൊണ്ട് വീഴുന്ന മാമ്പഴം എനിക്കുള്ളതാണെന്നറിയാമായിരുന്നതു കൊണ്ട് കൂട്ടുകാരൊക്കെ വെള്ളമിറക്കി നോക്കിയിരുന്നതേയുള്ളു.
നോക്കി നോക്കിയിരിക്കെ രവിയുടെ കൊതി പുറത്തു ചാടി.
“എടാ.. ഒന്നു ചപ്പാൻ തന്നോട്ടോടാ...”
എന്റെ കൊതി അത് ചുട്ടക്കു സമ്മതിച്ചില്ല.
“ആവ്വുടാ മോനെ... ഞാനെത്ര ദിവസായീന്നറിയ്യോ അതുമ്മെ കണ്ണും നട്ടിരിക്ക്ണു..!”
എങ്കിലും ഞങ്ങളുടെ കണ്ണുകൾ അണ്ണാൻ കുഞ്ഞിൽ നിന്നും മാറ്റിയിരുന്നില്ല.

മാവിന്റെ കൊമ്പിലൂടെ അണ്ണാറക്കണ്ണൻ പോകുന്നതും നോക്കി ഞങ്ങൾ അതിന്റെ പിന്നാലെ നടന്നു. കിഴക്കേ കൊമ്പിൽ തുഞ്ചത്ത് ഒരു മാങ്ങാക്കുലയിൽ ഒരെണ്ണം പഴുത്തു കിടക്കാൻ തുടങ്ങിയിട്ട് കുറെ ദിവസമായി. അതു കാറ്റത്തു വീഴുന്നുമില്ല. അതിനെ നോട്ടമിട്ടായിരുന്നു ഞങ്ങളുടെ കൊതിയും...!

അപ്പോഴാണ് അണ്ണാറക്കുഞ്ഞ് ആ കുടല മാമ്പഴമുള്ള കൊമ്പിലേക്ക് കയറിയത്. ഞങ്ങൾ ശ്വാസം പിടിച്ച് താഴെ നോക്കി നിന്നു. അണ്ണാങ്കുഞ്ഞ് ആ പഴുത്തു തുടുത്ത മാമ്പഴം കണ്ടു കഴിഞ്ഞു...! കണ്ടതും ആ കൊമ്പിലേക്ക് അണ്ണാൻ പാഞ്ഞടുത്തു. സമയം ഏറെ കടന്നു പോയിട്ടും പല വഴി ശ്രമിച്ചിട്ടും അണ്ണാങ്കുഞ്ഞിന് ആ മാങ്ങയുടെ അടുത്തേക്ക് മാത്രം എത്താൻ പറ്റുന്നില്ല. കാരണം പഴുത്തു തുടുത്തു കിടക്കുന്ന മാങ്ങ ഒരു കുടല മാമ്പഴത്തിന്റെ പുറത്തു ഭാഗത്തായിരുന്നു. കൊമ്പിൽ നിന്നും കയ്യെത്തിപ്പിടിക്കാൻ പറ്റുമായിരുന്നില്ല. മറ്റു മാങ്ങകളുടെ പുറത്തു കൂടെ കയറിയിട്ടു വേണമായിരുന്നു കയ്യെത്തിക്കാൻ. അതൊരു ജീവന്മരണ കളിയാണെന്ന് അണ്ണാങ്കുഞ്ഞിന് തോന്നിക്കാണും. അനുഭവമാണല്ലൊ ഗുരു...!

അണ്ണാങ്കുഞ്ഞ് ശ്രമം ഒരുപാടു നടത്തുന്നുണ്ട്. അപ്പുറത്തെക്കു മാറിയും ഇപ്പുറത്തെക്കു മാറിയും ഒക്കെ നോക്കുന്നുണ്ട്. പക്ഷെ മാങ്ങയുടെ പഴുപ്പു നിറം കണ്ടിട്ട് ഉപേക്ഷിച്ചു പോകാനും വയ്യ. ഇതും നോക്കി നിന്ന് നിന്ന് ഞങ്ങളുടെ പിടലി കഴച്ചു വേദനിച്ചു തുടങ്ങി. ഞങ്ങളെപ്പോലെ തന്നെ ക്ഷമ കെട്ട അണ്ണാങ്കുഞ്ഞ് എന്തും വരട്ടെയെന്നു കരുതി, മറ്റു മാങ്ങകളുടെ പുറത്തുകൂടി വന്ന് ഒന്നു നീണ്ടു നിവർന്നു കിടന്ന് കയ്യെത്തിച്ച് ഒറ്റ പിടിത്തം...!
ശ്ശൊ.. ആ പഴമാങ്ങ അണ്ണാങ്കുഞ്ഞിന്റെ കയ്യിൽ.!!

അണ്ണാൻ ഒന്നു തൊട്ടാൽ പഴമാങ്ങ താഴെ പോരുമെന്നു കരുതി കാത്തിരുന്ന ഞങ്ങൾ സത്യത്തിൽ കരഞ്ഞുപോയി..!!
ഈ നേരമത്രയും മേലോട്ടും നോക്കി നിന്നു പിടലി വേദനിച്ചതു മാത്രം മിച്ചം.
പക്ഷെ, അണ്ണാങ്കുഞ്ഞ് പഴുത്ത മാങ്ങ കയ്യെത്തിച്ചു പിടിച്ചെങ്കിലും കാലിന്റെ പിടി വിട്ടുപോയി.!!!
അണ്ണാങ്കുഞ്ഞും മാങ്ങയും കൂടി ദേ.. താഴേക്ക്...!!
ഞങ്ങൾ ‘ഓടിക്കോടാ...’ന്നും പറഞ്ഞ അകലേക്കു മാറി.
രണ്ടും കൂടി പൊത്തോന്ന് താഴെ വീണു.
മാമ്പഴം എവിടേക്കൊ ഉരുണ്ടുപോയി.

ഞങ്ങളുടെ ശ്രദ്ധ താഴെ വീണ് ഓടിപ്പോകാൻ കഴിയാതെ മന്ദിച്ചു കിടക്കുന്ന അണ്ണാറക്കണ്ണനിലായിരുന്നു...
ചെറിയൊരു പേടിയോടെ പതുക്കെ അടുത്തു ചെന്നു. ഞങ്ങൾ നാലു വശവും വളഞ്ഞു നിന്ന് ‘ശ്..ശ് ..ശ് ’ എന്നൊക്കെ ഒച്ച വച്ചു നോക്കി. അണ്ണാങ്കുഞ്ഞ് അനങ്ങുന്ന ലക്ഷണമില്ല. ഞങ്ങൾ അടുത്തിരുന്നു. അപ്പോഴാണ് അതു ശ്രദ്ധിച്ചത്.
അണ്ണാൻ കുഞ്ഞിന്റെ പുറത്തേക്കു ചൂണ്ടി ജോഷി പറഞ്ഞു.
“ഹായ്.. ദേ മൂന്നു വര...!”
“ഹായ്..... ശ്രീരാമൻ തടവിയ വരയാ അത്...!” മുത്തശ്ശി പറഞ്ഞു കൊടുത്ത കഥ ഓർമ്മിച്ചിട്ട് ശ്രീധരൻ പറഞ്ഞു.
ഞങ്ങൾ അണ്ണാറക്കണ്ണന്റെ മുതുകിലെ വരയുടെ മുകളിൽക്കൂടി കൈ വച്ചു നോക്കി.
“ഹൈ ശരിക്കും അതുപോലെ തന്നെ..”
ഞങ്ങൾ അതിന്റെ വാലിൽ പിടിച്ചു പതുക്കെ പൊക്കി നോക്കി.
“ ദേ...പഞ്ഞി പഞ്ഞി പോലെ..ഇതിന്റെ വാല്...”
“അയ്യൊടാ.. എന്തു രസാല്ലെ...”
“പാവം ചത്തു പോയല്ലൊ...”
“നമുക്കാ പാണച്ചെടിയുടെ കടക്കൽ കുഴിച്ചിട്ടാലൊ....”
“നമുക്കു വീട്ടിൽ കൊണ്ടോയി വറുത്തു തിന്നാം...”
“പിന്നെ ഇതിനെ ആരും തിന്നൂല്ല..”
“ഹൌ..ഔസേപ്പുട്ടി ഇന്നാള് ഒരെണ്ണത്തിനെ പിടിച്ചു കൊണ്ടുപോയി വറുത്തു തിന്നതാ...” “ശൊ..ചത്തില്ലായിരുന്നെങ്കിൽ നമുക്ക് ഇതിനെ വീട്ടിൽ കൊണ്ടോയി വളർത്തായിരുന്നു...”
“എന്നിട്ട് ഇതിനെ പഠിപ്പിച്ച് മാവിൽ കയറ്റി, മുത്തശ്ശി വരുന്നേനു മുൻപെ പഴുത്ത മാങ്ങയെല്ലാം പറപ്പിക്കാമായിരുന്നു...!!”
“ഒന്നു പോടാ അണ്ണാങ്കുഞ്ഞിനെയല്ലെ അവൻ മരങ്കേറ്റം പഠിപ്പിക്കണെ..”
“ഹാ.. ഹാ... ഹാ....” അതെല്ലാവരിലും ചിരി പടർത്തി.

അങ്ങനെ അഭിപ്രായങ്ങൾ ഓരോന്നു വന്നു കൊണ്ടിരിക്കെ അണ്ണാറക്കണ്ണൻ പതുക്കെ കണ്ണു തുറന്നു....!
തനിക്കു ചുറ്റും നാലഞ്ചു ഭൂതഗണങ്ങൾ കാവലിരിക്കുന്നതു കണ്ട് ഒന്നു ഞെട്ടിച്ചിലച്ചു....
വാലു പൊക്കി വീണ്ടും ചിലച്ചു. രോമങ്ങൾ മുഴുവൻ എഴുന്നേറ്റു നിന്നു. ഒന്നുരണ്ടു തവണ വട്ടം കറങ്ങി. ആ ഭാവം കണ്ട് ഞങ്ങൾ പേടിച്ച് അകന്നു മാറി....
ആ തക്കം നോക്കി അവൻ ഒറ്റ ചാട്ടം ജോഷിയുടെ തലയിലേക്ക്...!
ജോഷി പേടിച്ച് തലയൊന്നു കുടഞ്ഞു....
പേടിച്ചരണ്ട അണ്ണാങ്കുഞ്ഞ് അവിടന്നു വീണ്ടും ഒറ്റ ചാട്ടത്തിനു തോലൻ മാവിന്റെ തടിയിൽ കയറിപ്പറ്റി...
അവിടെ കയറിപ്പറ്റിയപ്പോൾ അവന്റെ ശൌര്യം കൂടി...
പിന്നെ വാലും പൊക്കിപ്പിടിച്ച് ചിലയൊട് ചില...
ശരീരം മുഴുവൻ ഇളക്കിമറിച്ചുള്ള ചിലക്കൽ..! അതും തല കീഴായി നിന്ന്, ഞങ്ങളേയും നോക്കി...!
അവനെ മുകളിൽ നിന്നും ഞങ്ങളാണ് തള്ളി താഴെയിട്ടതെന്ന മട്ടിൽ ഞങ്ങളെ മുട്ടം ചീത്ത പറയാണന്ന് തോന്നും വിധമായിരുന്നു മൂപ്പിലാന്റെ പ്രകൃതം...
‘ങ്ഹാ...അത്രക്കായൊ.
.’ എന്നു പറഞ്ഞ് ഞങ്ങൾ കല്ലെടുത്തെറിഞ്ഞു. അണ്ണാറക്കണ്ണൻ ജീവനും കൊണ്ട് മാവിന്റെ മുകളിലേക്കു പാഞ്ഞു. പിന്നെ അവനെ കണ്ടില്ല.

അപ്പോഴാണ് അണ്ണാറക്കണ്ണനോടൊപ്പം വീണ മാങ്ങയെക്കുറിച്ചോർത്തത്. പിന്നെ അതിനെ തിരക്കലായി. പക്ഷെ അതു ഏതൊ കാട്ടിനകത്തേക്ക് തെറിച്ചു പോയിരുന്നു. അല്ലെങ്കിൽ തൊട്ടടുത്തു തന്നെയുള്ള കാളത്തി തോട്ടിലൂടെ അതു പെരിയാർ പുഴയിലേക്ക് ഒഴുകി പോയിരിക്കാം.

ദിവസങ്ങൾ അങ്ങനെ മതിവരാതെ കടന്നുപോയി...
മാമ്പഴക്കാലം ആർത്തുല്ലസിക്കാൻ പറ്റിയ കാലമാണ്. (പണ്ട്)
പ്രത്യേകിച്ച് ഒഴിവുകാലം കൂടിയാവുമ്പോൾ....
അങ്ങനെ ഒഴിവുകൾ തീരുകയാണ്...
സ്കൂൾ തുറക്കാനുള്ള സമയമായി..
മഴക്കാറുകൾ ആകാശത്ത് അടിഞ്ഞുകൂടി..
ചിലപ്പോൾ അതു പടിഞ്ഞാറോട്ട് ഓടിയകലുന്നത് കാണാം. ഇപ്പോൾ മഴ പെയ്യും എന്ന തോന്നലുണ്ടാക്കി ആകാശത്ത് മഴക്കാറുകൾ നിറഞ്ഞു വന്നു...
ഇതു കണ്ടിട്ടാകാം, ഇത്തവണ ശക്തമായ മഴയിലായിരിക്കും തുടക്കമെന്നു കരുതി സർക്കാർ, സ്കൂൾ തുറക്കൽ ജൂൺ ഒന്നാം തീയതിയിൽ നിന്നും മൂന്നാം തീയതിയിലേക്കു മാറ്റിയത്.
പക്ഷെ, പ്രകൃതി സർക്കാരിനെ ഒന്നു കളിയാക്കാൻ തന്നെ തീരുമാനിച്ചു.
ഒന്നാം തീയതിയിലെ മഴ മൂന്നാം തീയതിയിലേക്ക് മാറ്റിയത് സർക്കാർ അറിഞ്ഞതേയില്ല...!
പിറ്റെ ദിവസം ശക്തമായ മഴക്കു മുൻപൊന്നു പുണ്യാഹം തളിച്ച പോലെ ഒന്നു ചാറി അത്രതന്നെ.

നാളെ മുതൽ പുതിയ സ്കൂളിൽ പോണം.
ഞാൻ അവസാനമായി പ്രിയ തോലൻ മാവിന്റെ ചുവട്ടിൽ ചെന്നു.
ആകാശം ഇരുളടഞ്ഞു നിന്നിരുന്നു. ഒരു ചെറു കാറ്റു പോലും വീശുന്നുണ്ടായിരുന്നില്ല . ഒറ്റ അണ്ണാറക്കണ്ണനും മാവിൽ കണ്ടില്ല. തോലൻ മാവ് ഒന്നനങ്ങുകപോലും ചെയ്യാതെ നിശ്ചലം നിന്നിരുന്നു. ഞാൻ തോലൻ മാവിനു ചുറ്റും ഒന്നു വട്ടം ചുറ്റി. പിന്നെ മുകളിലേക്കു നോക്കി തോലനെ ചുറ്റിപ്പിടിച്ച് മൂകമായി പറഞ്ഞു.
“തോലാ..ഇനിയെനിക്ക് പഴയതു പോലെ വരാനാവില്ല... എന്നെ പുതിയ സ്കൂളിൽ ചേർത്തു.
നാളെ മുതൽ ഞാൻ പുതിയ സ്കൂളിൽ പോകും. കാലത്തെ പോണം. പിന്നെ വൈകി രാത്രിയാകും വരുമ്പോൾ. ഒരുപാട് ദൂരം നടന്നു വേണം പോകാൻ... അതുകൊണ്ടാ നിന്റടുത്ത് വരാനാവാത്തെ...”
ഞാൻ ഒന്നുകൂടി തോലനെ കെട്ടിപ്പിടിച്ചു.
 “ശരി...ഞാൻ പോട്ടെ.”

ഞാൻ തിരിഞ്ഞുനടന്നു. നടന്നു തുടങ്ങിയതും എന്റെ മുൻപിൽ ഒരു പഴുത്ത മാങ്ങ വന്നു വീണു.
നന്നായി പഴുത്ത ഒരു മാങ്ങ. ഞാനതെടുത്ത് ഒന്നു മണത്തുനോക്കി. നല്ല മണം..!
നിറഞ്ഞ മനസ്സോടെ നന്ദിപുർവ്വം മുകളിലേക്ക് നോക്കുമ്പോൾ ഒന്നു രണ്ടു തുള്ളി വെള്ളം എന്റെ മുഖത്തു വീണു. ഇന്നലെ പെയ്ത ചാറ്റൽ മഴയിൽ തങ്ങി നിന്നതാവാം. അറിയാതെ ഞാനും കണ്ണുകൾ തുടച്ചു. കരയുകയായിരുന്നൊ..!!?

അകലെ ചെന്ന് ഒന്നുകൂടി തിരിഞ്ഞു നോക്കി. ഇരുൾ വീണു തുടങ്ങിയെങ്കിലും ആകാശത്ത് തല ഉയർത്തി പടർന്നു പന്തലിച്ച് നിശ്ശബ്ദം നിൽക്കുന്നു തോലൻമാവ്.


പിന്നെയും കാലമേറെ കടന്നു പോയി. തോലൻ മാവു മായുള്ള എന്റെ ബന്ധം ഏതാണ്ട് അവസാനിച്ചിരുന്നു. ഞായറാഴ്ച മാത്രം കിട്ടുന്ന ഒഴിവിലായിരുന്നു വല്ലപ്പോഴും വന്നിരുന്നത്. ഇതിനിടക്ക് മുത്തശ്ശി കാലയവനികക്കുള്ളിൽ മറഞ്ഞു. പുതിയ തലമുറക്ക് തോലന്റെ ആ തലയെടുപ്പ് അത്രക്കു രസിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ ഒറ്റത്തടിയിൽ ഒരു പോടുപോലുമില്ലാതെ നിന്ന തോലന്റെ വ്യാപാരമൂല്യം തിരിച്ചറിഞ്ഞിരിക്കും.
കുറെ നാളുകൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ കേട്ടു.
“എടാ..മ്മ്ടെ തോലൻ മാവ് വെട്ടി...!!!?”
“ങേ...!!!?” കേട്ടതും ഞെട്ടിത്തെറിച്ചു നിന്നു പോയി. എനിക്കതു പെട്ടെന്നു ഉൾക്കൊള്ളാനായില്ല. ഞാൻ തോലന്റടുത്തേക്ക് പാഞ്ഞു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച...!!!

നൂറ്റാണ്ടുകൾക്കപ്പുറം മുതൽ എത്രയൊ തലമുറകൾക്ക് കളിത്തൊട്ടിലായിരുന്ന ഞങ്ങളുടെ തോലൻ മാവ്, ആ വലിയ പറമ്പു നിറയെ വെട്ടിയിട്ട വലുതും ചെറുതുമായ കഷണങ്ങൾ കൊണ്ട് നിറഞ്ഞു കിടക്കുന്നു. തോലൻ നിന്നിടത്ത് മണ്ണിനടിയിലെ കട മാത്രം ബാക്കി. ഒരു ചെറിയ പോടു പോലുമില്ലാതെ ഉള്ളു മുഴുവൻ കാതലോടെ..
വീണിതല്ലൊ കിടക്കുന്നു ധരണിയിൽ... ഞങ്ങളൂടെ തോലൻ ’

എന്റെ കണ്ണുകൾ നിറഞ്ഞുവന്നു....
ഞാനാ വെട്ടിയിട്ട കടക്കുറ്റിയിൽ തളർന്നിരുന്നു പോയി...
കടക്കുറ്റിയിൽ നിന്നും ഊറി വന്ന പശ, ഹൃദയം ഉരുകിയൊലിച്ചിറിങ്ങിയ രക്തം കട്ട പിടിച്ചതു പോലെ...
ഞാനതിൽ തൊട്ടു നോക്കി.
ഇനിയും ഉണങ്ങാറായിട്ടില്ലാത്ത പശ എന്റെ കയ്യിലും പറ്റിപ്പിടിച്ചു.
തൊണ്ടയിൽ ഒരു കൊട്ട സങ്കടം തളം കെട്ടി നിന്നു. വായ വറ്റി വരണ്ടു. ഞാൻ മുകളിലേക്കു നോക്കി. തോലൻ പടർന്നു പന്തലിച്ചു നിന്നിടം ശൂന്യം. ആകാശം വളരെ വിശാലമായിത്തന്നെ കാണാം. നിറഞ്ഞൊഴുകിയ കണ്ണുകളുമായി ഞാൻ എഴുന്നേറ്റ് തിരിഞ്ഞു .
പുറകിലായി എന്റെ സുഹൃത്തുക്കൾ ശ്രീധരൻ, രവി, ജോഷി, അശോകൻ, നാരായണൻ,ശശി....
എല്ലാവരുടേയും മുഖത്ത് ഒരു വല്ലാത്ത വീർപ്പുമുട്ടൽ....

തൊണ്ടയോളം വന്ന് നിന്നു പോയ സങ്കടവുമായി...
ഞങ്ങൾക്ക് പരസ്പരം ഒന്നും സംസാരിക്കാനാകാതെ...
തിരിഞ്ഞു നടന്നു.
തോലാ നിനക്ക് മരണമില്ല....!
ഞങ്ങളുടെ മനസ്സുകളിൽ നീ ഇന്നും ജീവിക്കുന്നു....!’

[ മുൻപൊരിക്കൽ ഇട്ടതായിരുന്നു ഈ പോസ്റ്റ്. ഒന്നു കൂടി വെട്ടി വെടിപ്പാക്കി വീണ്ടും ഇത് പോസ്റ്റുന്നു. നേരത്തെ വായിച്ചിട്ടുള്ളവർ ക്ഷമിക്കുമല്ലൊ.]

20 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

തലമുറകളോളം ഏവർക്കും മധുരമൂട്ടി,
തണലേകി ആ പഴയ തലമുറ പരിരക്ഷിച്ച ഈ മര മുത്തശ്ശനായ തോലന്മാവന്റെ കഥയിൽ ...
ഒരു ബാല്യകാലം മുഴുവൻ തുടിച്ചുനിൽക്കുന്നത് കണ്ടു..!

ആ മരമുത്തശ്ശന് പ്രണാമം...!

ഞങ്ങളൂടെ തൊടിയിലുണ്ടായിരുന്ന
ഒരു ചകിരി(തോലൻ)മാവിന്റടിയിലെ മാമ്പഴക്കാലത്തേക്കാണ് ഭായ് എന്നെയൊക്കെയിതിലൂടെ കൂട്ടിക്കൊണ്ടുപോയത് കേട്ടൊ അശോക്.

ajith said...

മുമ്പ് വായിച്ചിട്ടുണ്ട്, ഇപ്പോഴും മധുരവുമൂണ്ട്. ജീവിതാനുഭവങ്ങള്‍ സത്യസന്ധമായി പറയുമ്പോള്‍ അവ ഏതെങ്കിലും അനുഭൂതി ഉണര്‍ത്താതിരിക്കില്ലല്ലോ.

പട്ടേപ്പാടം റാംജി said...

ചെറുപ്പത്തില്‍ ചപ്പിക്കുടിയാല്‍ മാങ്ങ ഈമ്പി വലിച്ച് ഗൃഹണി പിടിച്ച വയറിലൂടെ നീര് ഒളിച്ചിരങ്ങുന്നത് ഓര്‍മ്മയില്‍ തെളിഞ്ഞു.

പഥികൻ said...

മാമ്പഴക്കാലത്തിന്റ്റെ ഓർമ്മകൾ...തിരുവനന്തപുരത്ത് വീട്ടിലെ മാവും പൂവണിഞ്ഞു...ഈ സമയത്ത് അവധി ഇല്ലാത്തതു കൊണ്ട് കൊതിയോർത്തിരിക്കാനേ പറ്റൂ ..

Cv Thankappan said...

ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്നു
എന്നിലും ഈ പോസ്റ്റ്. മാമ്പഴവും,അണ്ണാറക്കണ്ണനും,
കാറ്റൂതിയാല്‍ മാവിന്‍ചോട്ടിലേയ്ക്കുളള
ഓട്ടവും,ബഹളവും......ഓര്‍മ്മകള്‍
ഇന്നത്തെ കുട്ടികള്‍ മാങ്ങ വീണുകിടന്നാല്‍
തന്നെ തൊട്ടുനോക്കില്ല!!!
നന്നായിരിക്കുന്നു.
ആശംസകള്‍

വീകെ said...

ബിലാത്തിച്ചേട്ടൻ: അത്രയും പൊക്കമൊ, വണ്ണമൊ ഒക്കെയുള്ള വൃക്ഷങ്ങൾ ഇനിയുള്ള കാലം നാട്ടും‌പ്രദേശങ്ങളിൽ കാണാൻ കിട്ടില്ല.
അതിനു പകരം അതിലേറെ പൊക്കമുള്ള ‘കോൺക്രീറ്റ്’ മണിമന്ദിരങ്ങൾ ധാരാളം കാണാനാകും...! നന്ദി മാഷെ.
--------------------------
അജിത്: എത്ര മറക്കണമെന്നാഗ്രഹിച്ചാലും
ഈ ഓർമ്മകൾ മായുന്നേയില്ല. പുതു തലമുറക്ക് ഇങ്ങനെ ഒരു കാലമില്ല ഓർക്കാൻ. അതിനു കാരണവും നമ്മൾ തന്നെ. നന്ദി മാഷെ.
--------------------------
പട്ടേപ്പാടം റാംജീ: ഹാ.. ഹാ.. ഹാ...
നന്ദി മാഷെ.
------------------------
പഥികൻ: നാട്ടിൽ ചക്കയും മാങ്ങയും പാകമായി വരുന്നതായി വിവരം കിട്ടിയപ്പോഴാണ് പഴയ ഈ പോസ്റ്റ് ഓർമ്മയിൽ വന്നത്. നന്ദി മാഷെ.
------------------------
സി.വി.തങ്കപ്പൻ: ശരിയാണ്. മാങ്ങയുടെ പുറത്ത് ഉണങ്ങി വരണ്ട ചെറമുള്ള മാങ്ങ എന്റെ മക്കളും കൈ കൊണ്ട് തൊടുകില്ല. അമ്മയെടുത്ത് ചെത്തിക്കഴുകി പൂളി കഷണമാക്കി ഒരു പ്ലേറ്റിൽ ഇട്ടു കൊടുത്താൽ പാത്രം കാലിയാക്കണ കാര്യം അവർ ഏറ്റു. നന്ദി മാഷെ.
--------------------------

അനില്‍കുമാര്‍ . സി. പി. said...

ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ അറിയാതെ കണ്ണൊന്നടച്ചു. ഓർമ്മകളുടെ പിന്നമ്പുറങ്ങളിൽ ഒരു മുത്തശ്ശിമാവ്! "നന്നായി പഴുത്ത മാങ്ങ രണ്ടു കയ്യുടേയും ഉള്ളങ്കയ്യിലിട്ട് ങ്നെ ഒന്നു ഞെക്കി ഉരുട്ടി, ഞെട്ടിയൊന്നു കടിച്ചുതുപ്പി ഒന്നു
ഞെക്കിയൽ അതാ ഊറി വരുന്നു, നല്ല മധുരമുള്ള സ്വാദുള്ള അമൃത് സമാനമായ തേൻ....!!" ... ഞാനും എന്റെ വിരല്‍ത്തുമ്പോന്നു ചപ്പിപ്പോകുന്നല്ലോ വീകെ!!
ഒപ്പം ഒരു കുഞ്ഞുനിശ്വാസവും കണ്‍കോണില്‍ ഒരിറ്റു നനവും!!

വേണുഗോപാല്‍ said...

ഇത് പോലെ ചില തോലന്‍ മാവുകള്‍ എല്ലാരുടെയും ജീവിതത്തിന്റെ ഭാഗമാണ്..
ഈ വൃക്ഷ രാജന്റെ കഥ വായിച്ചു ഞാനും എന്റെ ബാല്യത്തിലേക്ക് പോയി ...

തോലന്‍ മാവിനെ ചുറ്റിപറ്റി പറഞ്ഞ ബാല്യകാലാനുഭവങ്ങള്‍ ഇഷ്ട്ടമായി ..

ആശംസകള്‍

Unknown said...

വായിച്ച ഓർമ്മയുണ്ട്. ഒന്നു കൂടി ഭംഗിയായി.
ആശംസകൾ!!!

Typist | എഴുത്തുകാരി said...

വലിയ വലിയ മരങ്ങളും പറമ്പുകളുമൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കയല്ലേ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ
എനിക്കൊരു മാമ്പഴം നിനക്കൊരു തേൻപഴം"

എന്നിങ്ങനെ പാടിയാൽ സന്തൊഷിച്ച് അണ്ണാൻ മാഗ ഇട്ടു തരും എന്നായിരുന്നു ഞങ്ങളുടെ ചെറുപ്പത്തിലെ വിശ്വാസം
എത്രയോ പാടി നടന്നിരിക്കുന്നു

മാവിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ ഇതെപോലെ എനിക്കും ഉണ്ട് എന്തു ചെയ്യാം ഇതല്ലെ ജീവിതം

krishnakumar513 said...

മധുരാനുഭവങ്ങള്‍ കസറി മാഷേ..

Pradeep Kumar said...

വി.കെ യുടെ എഴുത്തില്‍ എപ്പോഴും ഒരു ഗതകാലസ്മരണയുടെ അംശമുണ്ടാവും... അതിന്റെ മധുരതരമായ അയവിറക്കലുണ്ടാവും...

നന്നായി എഴുതി....

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
തോലന്‍ മാവിന്റെ കഥ വായിച്ചപ്പോള്‍, എന്റെ തറവാട്ടിലെ ഉയരത്തില്‍ നിന്നിരുന്ന കൊലോന്‍ മാവ് ഓര്‍മ വന്നു. പക്ഷെ, ചെറിയ ഉരുണ്ട മാങ്ങയാണ്‌,അല്ലെ?അപ്പോള്‍ ശര്‍ക്കരച്ചി മാങ്ങായാകും.
ഒരു മാവ്, ജീവിതത്തിന്റെ ഭാഗമാകുന്നത്......പക്ഷികളോടും മൃഗങ്ങളോടും മരങ്ങളോടും കൂട്ട് കൂടുന്നത് എല്ലാം വളരെ ലളിതമായി പറഞ്ഞ ഈ പോസ്റ്റ്‌ ഇഷ്ടായി.
പക്ഷെ,മാമ്പഴത്തിന്റെ ഒരു ഫോട്ടോ പോലുമില്ലല്ലോ.
ആശംസകള്‍!
സസ്നേഹം,
അനു

വീകെ said...

അനിൽ കുമാർ: ആദ്യം ഊറി വരുന്ന ചുന കൂടി കലർന്ന ആ മാമ്പഴച്ചാറിന്റെ സ്വാദ് നാക്കിൻ തുമ്പിൽ ഇപ്പോഴും അനുഭവസാന്നിദ്ധ്യം..!!
നന്ദി മാഷെ.
-----------------------------------
വേണുഗോപാൽ: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
----------------------------------
ഞാൻ ഗന്ധർവ്വൻ: നന്ദി മാഷെ.
---------------------------------
എഴുത്തുകാരി: ശരിയാണ്. മനുഷ്യൻ അണുകുടുംബവ്യവസ്ഥിതിയിലേക്ക് പോകുമ്പോൾ പ്രകൃതിയും എല്ലാത്തിലും ഒരു ചുരുക്കം കാണിക്കുന്നതു പോലെ തോന്നുന്നു.
നന്ദി ചേച്ചി.
--------------------------------
ഇൻഡ്യാഹെറിറ്റേജ്: ഇത്തരം ഓർമ്മകൾ ഇല്ലാത്ത ഒരു കുഞ്ഞും ഉണ്ടാവില്ല. ഇന്നത്തെ അല്ല, പണ്ടത്തെ കുഞ്ഞുങ്ങൾ..!
നന്ദി മാഷെ.
--------------------------------
കൃഷ്ണകുമാർ: നന്ദി മാഷെ.
---------------------------------
പ്രദീപ്കുമാർ: ഈ വിലയുള്ള വാക്കുകൾക്ക് വളരെ നന്ദി.
--------------------------------
അനുപമ: ഓർമ്മയുടെ തീരങ്ങളിൽ നിന്നും മുങ്ങിത്തപ്പി എടുത്ത തോലന്മാവിനെക്കുറിച്ച് ഒരിക്കലെങ്കിലും എഴുതേണ്ടി വരുമെന്ന് അന്നൊന്നും ഓർത്തിരുന്നില്ല. ഏത് എഴുതാത്തവനേയും എഴുതിക്കുന്ന ഈ ബ്ലോഗോ, അതിന് ജന്മം നൽകിയ ഗൂഗിളമ്മച്ചിയോ പോലും അന്ന് ജനിച്ചിരുന്നില്ലല്ലൊ...!!
വളരെ നന്ദി.
-------------------------------

Echmukutty said...

മാവുകളെയും പ്ലാവുകളെയും എല്ലാം മറന്ന്....എന്നാലും അവർ കായ്ക്കുന്നുണ്ടാവും.ഞാൻ മറക്കുന്നത് അവർക്ക് ഒരു വിഷയമല്ലല്ലോ.

വായിച്ചപ്പോൾ സങ്കടം തോന്നുന്നു.....

Unknown said...

പഴയകാലത്തേക്ക് കൂട്ടി കൊണ്ടു പോയി...

സുധി അറയ്ക്കൽ said...

ഹോ.കൊതിയൂറുന്ന മാമ്പഴക്കാലം..
തോലന്മാവ്‌ വെട്ടിയെന്ന് വായിച്ചപ്പോൾ നല്ല വിഷമം.

വീകെ said...

ഈ മാമ്പഴക്കാലം പഴയ തലമുറയുടെ സ്വന്തം.
പുതു തലമുറയ്ക്ക് നമ്മൾ നിഷേധിച്ചതും അതു തന്നെ....

വീകെ said...

ഈ മാമ്പഴക്കാലം പഴയ തലമുറയുടെ സ്വന്തം.
പുതു തലമുറയ്ക്ക് നമ്മൾ നിഷേധിച്ചതും അതു തന്നെ....