Thursday, 22 March 2018

വിനുവേട്ടനോടൊപ്പം ചേരാനായിട്ടാണ് ഞാൻ കാലത്തെ തന്നെ യാത്ര തിരിക്കുന്നത്. വേണ്ടിവന്നാൽ ഒന്നു രണ്ടു ദിവസം തങ്ങേണ്ടി വന്നാൽ ആവശ്യമായ വസ്ത്രങ്ങളും കരുതിയിരുന്നു. തൃശ്ശൂർ ചെന്നിട്ട് വിനുവേട്ടനോടൊപ്പം മുരളിച്ചേട്ടനേയും കൂട്ടി കേരളേട്ടനെ കാണണം. അതിനായി അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണാമെന്നാണ് എല്ലാവരും കൂടി വാട്ട്സ്പ്പ് കൂട്ടായ്മയിലൂടെ തീരുമാനിച്ചിരുന്നത്. പത്തു മണിക്കെങ്കിലും തൃശ്ശൂർ സ്റ്റാന്റിൽ എത്താമെന്ന ചിന്തയിലാണ് ഞാൻ യാത്ര തിരിക്കുന്നത്.

കഥ.

(കഥക്ക് പേര് ഇട്ടിട്ടില്ല. സാവകാശം ആകാം ല്ലെ.
ഏതാണ്ട് രണ്ടു വർഷത്തിന് ശേഷമാണ് ഇവിടെ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത്. പലരും മറന്നു കാണുമായിരിക്കും. ഞാനിവിടെയുണ്ട് എന്നറിയിക്കാൻ...)

അതൊരു മഴക്കാലമൊന്നുമായിരുന്നില്ലെങ്കിലും അങ്കമാലി കഴിഞ്ഞപ്പോൾ മുതൽ അന്തരീക്ഷം മേഘാവൃതമാകുന്നതായി തോന്നി. കാലാവസ്ഥാ പ്രവചനക്കാരു പറയുന്നതുപോലെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്. കുടയൊരെണ്ണമെടുത്ത് ബാഗിൽ വക്കാമായിരുന്നുവെന്ന് ചിന്തിച്ചു.

 ചാലക്കുടിയെത്തിയപ്പോൾ പെട്ടെന്ന് കലാഭവൻ മണിയെ ഓർമ്മ വന്നു. പരസ്യബോർഡുകളിൽ അധികവും നിഷ്ക്കളങ്കമായ മണിയുടെ നുണക്കുഴിയുള്ള ചിരിക്കുന്ന മുഖമാണ്. ഞാനും അറിയാതെ പുഞ്ചിരിച്ചു പോയി. ആ ചിരിക്കുന്ന മുഖം കാണുമ്പോൾത്തന്നെ ഒരു പോസിറ്റീവ് എനർജി നമ്മുടെ മനസ്സിൽ കയറിക്കൂടുന്നുണ്ട്. എന്നാലും പാവം പോയല്ലോന്നോർത്ത് പെട്ടെന്ന് സങ്കടം മനസ്സിൽ നിറഞ്ഞു. കൊടകര എത്തിയപ്പോഴാണ് പഴയൊരു ബ്ലോഗറെ ഓർമ്മ വന്നത്. എഴുത്തുകാരി എന്ന ബ്ലോഗറായിരുന്നില്ലെ അത്. ഓർമ്മയിൽ പരതിയെങ്കിലും ഒരു വ്യക്തത വന്നില്ല. ഇപ്പോൾ ബ്ലോഗ് ഒന്നും വായിക്കാറേയില്ല. എഴുത്തുകാരിയും , മിനി ടീച്ചറും, സഞ്ചാര സാഹിത്യത്തിൽ വായനക്കാരെ ഏറെ അസൂയപ്പെടുത്തിയിട്ടുള്ള ജ്യോ ച്ചേച്ചിയും മറ്റും ഇപ്പോൾ എവിടെയാണാവൊ. അവരൊക്കെ ഇപ്പഴും ബ്ലോഗിൽ എഴുതുന്നുണ്ടാവുമോ...?
എന്റെ കമ്പ്യൂട്ടർ കേടായതിനു ശേഷം ഒന്നിനും കഴിഞ്ഞിട്ടില്ല.

ഏറെ നാളുകൾക്കു ശേഷമാണ് വിനുവേട്ടൻ തിരിച്ചു നാട്ടിലെത്തിയപ്പോൾ പഴയ ബ്ലോഗെഴുത്തുകാരെയൊക്കെ ഒന്നു പോയി കണ്ടാലൊയെന്ന് ചിന്ത തന്നെ ഉണ്ടായത്. കേട്ടപ്പോൾ സന്തോഷമായിരുന്നു. ഇനിയൊരിക്കലും ബ്ലോഗെഴുതുമെന്നോ വായിക്കുമെന്നോ ചിന്ത തന്നെ ഇല്ലാതിരുന്ന സമയത്ത് ,അപ്രതീക്ഷിതമായി പഴയ എഴുത്തുകാരെത്തേടി ഒരു യാത്ര. അത് വളരെ രസകരമായിരിക്കുമല്ലൊ. ആ ഒരു ത്രില്ലിലാണ് ഈ യാത്ര.

തൃശ്ശൂരെത്തിയത് അറിഞ്ഞതേയില്ല. സ്റ്റാന്റിൽ ബസ്സ് നിന്നപ്പോൾ അവിടെയിരുന്നു കൊണ്ടു തന്നെ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. വർഷങ്ങൾക്കു ശേഷമാണ് ഇവിടെ വരുന്നത്. സ്റ്റാന്റിന് പറയത്തക്ക മാറ്റമൊന്നുമില്ല. ഗേറ്റിന് സമീപം വിനുവേട്ടന്റെ തല കണ്ടു. ഞാൻ കൈ വീശി ശ്രദ്ധ ക്ഷണിച്ചു. വിനുവേട്ടൻ എന്നെ കണ്ടതും പുറത്തേക്ക്  വരാൻ കൈ വീശിക്കാണിച്ചു. അവസാനത്തെ യാത്രക്കാരനായി ബസ്സിൽ നിന്ന് ഞാനുമിറങ്ങി. വിനുവേട്ടന്റടുത്തേക്ക് നടക്കാൻ തുടങ്ങുകയായിരുന്നു ഞാൻ, പെട്ടെന്ന് എന്റെ കൈത്തണ്ടയിൽ ഒരാൾ കടന്നുപിടിച്ചു.
" ഒരു ചായക്കാശ് തന്നിട്ടു പോ സാറെ... "
ബലമില്ലാത്ത ആ കയ്യിന്റെ പിടുത്തം എനിക്കിഷ്ടപ്പെട്ടില്ലെങ്കിലും, മുഖം മറഞ്ഞെന്നോണം കിടക്കുന്ന ചുരുണ്ട മുടിയും കറുത്തിരുണ്ട് മുഷിഞ്ഞു നാറിയ ഷർട്ടും വളരെ ദൈന്യതയാർന്ന മുഖവും കുഴിയിലാണ്ട കണ്ണുകളും എന്നെ മറുത്തൊന്നും പറയാൻ തോന്നിപ്പിച്ചില്ല. അയാളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ചില്ലറ നോട്ടെടുക്കുമ്പോൾ, പെട്ടെന്ന് ഞാൻ അറിയാതൊന്നു ഞട്ടി. എന്റെ മനസ്സിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. അതേ നിമിഷം തന്നെ അയാളും ഒന്ന് ഞെട്ടിയതായി തോന്നി. ഈ മുഖം നല്ല പരിചയമുണ്ടല്ലോന്ന് ചിന്തിച്ച നേരത്താണ് അയാൾ എന്റെ കൈത്തണ്ടയിലെ പിടിവിട്ട് പിന്തിരിഞ്ഞ് ഒറ്റപ്പോക്ക്.
"ഹേ ... നിൽക്കു.... നിൽക്കൂ..... " എന്നും പറഞ്ഞ് ഞാൻ പിന്നിൽ നിന്നും വിളിച്ചെങ്കിലും അയാൾ നിന്നില്ല. അയാൾ ഗേറ്റിനരികിലേക്ക് ഓടുകയാണ്. ഈ കാഴ്ച കണ്ടു കൊണ്ടു വിനുവേട്ടനും മുരളിച്ചേട്ടനും അകത്തേക്കു വരുന്നുണ്ടായിരുന്നു. ഞാൻ വിളിച്ചു പറഞ്ഞു.
" അയാളെ തടുത്തു നിറുത്ത്, വിടല്ലെ..." അപ്പോഴേക്കും അയാൾ ഗേറ്റിലെത്തിയിരുന്നു.

മുരളിച്ചേട്ടൻ ഇത്തിരി തടിയുള്ള കൂട്ടത്തിലാണ്. പുള്ളിക്കാരൻ മുന്നിൽക്കയറി നെഞ്ചു വിരിച്ചു നിന്നു. തൊട്ടടുത്തു തന്നെ വിനുവേട്ടനും. അടുത്തെത്തിയതും മുരളിച്ചേട്ടൻ അയാളുടെ കോളറിൽ കയറിപ്പിടിച്ചു. അവർ വിചാരിച്ചത് എന്റെ കയ്യിൽ നിന്നും പൈസയും തട്ടിപ്പറിച്ച് ഓടിയതായിരിക്കുമെന്നാണ്.

ഞാൻ ഓടിയെത്തിയതും അയാളുടെ മുഖത്തു നിന്നും മുടി ഒരു വശത്തേക്ക് ഒതുക്കി വയ്ക്കാൻ ശ്രമിച്ചതും അയാൾ അത് തടഞ്ഞ് മുഖം തിരിച്ചതും ഒപ്പമായിരുന്നു.
"എന്താ സംഭവം... കാര്യം പറ ..."
വിനുവേട്ടന്റെ ചോദ്യത്തിന് പെട്ടെന്നുരത്തരം പറയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ പറഞ്ഞു.
" ഇയാളുടെ മുഖം കണ്ടതും എനിക്ക്  ആകെയൊരു ഞട്ടൽ. അതോടൊപ്പം ഞാൻ വല്ലാതെ വിറകൊള്ളുകയും ചെയ്തു. എവിടെയോ കണ്ടു മറന്ന ഒരു ഓർമ്മ വിനുവേട്ടാ..."
അത് പറയുമ്പോഴും ഞാൻ വല്ലാതെ അണക്കുന്നുണ്ടായിരുന്നു. ഇയാളൊരു പിച്ചക്കാരനായിട്ടല്ല ഞാൻ കാണുന്നതെന്ന് തോന്നിയ മുരളിച്ചേട്ടൻ ദ്വേഷ്യമെല്ലാം കളഞ്ഞ് അയാളുടെ മുഖം ബലമായി തിരിച്ച് മുഖത്തു നിന്നും മുടി മാടിയൊതുക്കി. ഞാൻ നിർന്നിമേഷനായി അയാളുടെ മുഖത്തു തന്നെ നോക്കിക്കൊണ്ടിരുന്നു. അയാൾ എന്റെ മുഖത്തു നോക്കിയ ആ നോട്ടം. ശരിക്കും ഭീതിപൂണ്ട മുഖമായിരുന്നു. പിടിക്കപ്പെട്ടതിലെ നിരാശയാലൊ മറ്റോ ചുവന്നു കലങ്ങിയ കണ്ണകളിൽ കണ്ണുനീർ ചൂടുറവകളായി പൊട്ടിയൊലിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയതും ഞാൻ ഭീതിയോടെ വിളിച്ചു.
" ശേഖരേട്ടാ.... !"
അതുകേട്ടതും അയാൾ മുഖം പൊത്തിക്കരയാൻ തുടങ്ങി. അതോടെ മുരളിച്ചേട്ടനും വിനുവേട്ടനും പിടി വിട്ടു. അയാൾ കുറച്ചു കരഞ്ഞതിനു ശേഷം പറഞ്ഞു. "എന്നെ തൊടണ്ട. ഇതു മുഴോൻ അഴുക്കാ...'' എന്നും പറഞ്ഞ് എന്റെ പിടുത്തം ബലമായിട്ട് വിടുവിച്ചു.

മുരളിച്ചേട്ടനും വിനുവേട്ടനും എന്താ കാര്യമെന്നറിയാതെ എന്റെ മുഖത്തേക്ക് നോക്കി കണ്ണൂ മിഴിച്ചു.
"എനിക്ക് വേണ്ടപ്പെട്ടൊരാളാ... എന്റെ നാട്ടുകാരൻ മാത്രമല്ല നിങ്ങളറിയും എന്നോടൊപ്പം ഗൾഫിൽ ജീവിച്ച ഒരു ശേഖരേട്ടനെ....''
ഒരു നിമിഷം കഴിഞ്ഞ് ഞാൻ പറഞ്ഞു.
" അതൊക്കെ പിന്നെപ്പറയാം ... ഇപ്പോൾ ഇദ്ദേഹത്തെ ഒരു മനുഷ്യനാക്കണം. അതിനെന്താ ഒരു വഴി....?"

തൃശ്ശൂർക്കാരായ വിനുവേട്ടനും മുരളിച്ചേട്ടനും അതൊരു ബുദ്ധിമുട്ടേ ആയിരുന്നില്ല. നേരെ ഒരു കംഫർട്ട് സ്റ്റേഷനിൽ കയറ്റി കുളിപ്പിച്ച് കുട്ടപ്പനാക്കി, ബാർബർഷാപ്പിൽ (ക്ഷമിക്കണം, ബാർബർഷാപ്പല്ലാട്ടൊ യൂണിസെക്സ് ബ്യൂട്ടി പാർലർ ) കയറ്റി മുടിയൊക്കെ വെട്ടിയൊതുക്കി, നരകയറിയ താടിയെല്ലാം വടിച്ചു കളഞ്ഞ്, പഴയതുപോലെ ഒരു മീശയും വയ്പ്പിച്ച് ഞാൻ കൊടുത്ത ഷർട്ടും മുണ്ടും ഇട്ട് പുറത്തിറങ്ങുമ്പോൾ ആ പഴയ ആളായിരുന്നില്ല. ചുറുചുറുക്കുള്ള ഒരു പുതിയ മനുഷ്യനായിരുന്നു. ആ കോലത്തിൽ പുറത്തിറങ്ങാൻ വലിയ നാണമായിരുന്നു. പിന്നെ പുതിയ കോലത്തിൽ ആരും തിരിച്ചറിയുന്നില്ലെന്ന് സ്വയം മനസ്സിലായപ്പോഴാണ് ആ ചളിപ്പ് മാറിക്കിട്ടിയത്.

പിന്നെ ഞങ്ങളെല്ലാവരും കൂടി മുരളിച്ചേട്ടന്റെ സ്വന്തക്കാരന്റെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഇന്നിനി കേരളേട്ടന്റെ അടുത്തേക്കുള്ള പോക്ക് ശരിയാവില്ലാന്ന് തോന്നിയതുകൊണ്ട് ഒരു ലോഡ്ജിൽ മുറിയെടുത്തു. ശേഖരേട്ടന്റെ മൂടൊന്നു ശരിയായിട്ട് വേണം ആ കഥകൾ ചോദിച്ചറിയാൻ...


തുടരും.....

17 comments:

വീകെ. said...

ഏറെ നാളുകക്ക് ശേഷമാണ് ഒരു കഥ എന്റെ ബ്ലോഗിൽ ഇടുന്നത്. പഴയ സുഹൃത്തുക്കളൊക്കെ ഇവിടെ കാണുമോ ആവൊ....?

© Mubi said...

അത്ഭുതത്തോടെയാണ് ഇങ്ങോട്ട് കയറി വന്നത്... ശേഖരേട്ടനെ അങ്ങിനെയൊരു അവസ്ഥയില്‍ കണ്ടപ്പോള്‍ ഉണ്ടായ ഞെട്ടല്‍! വായിച്ച എനിക്കും അതെ ഞെട്ടലും ഒപ്പം ആകാംഷയും... എന്തായിരിക്കും?

വിനുവേട്ടന്‍ said...

ഗൾഫ്കാരൻ എന്നാൽ പണത്തിന്റെ അക്ഷയപാത്രം എന്നാണല്ലോ ഭൂരിഭാഗം ആൾക്കാരുടെയും ധാരണ... ഗൾഫ്കാരന്റെ കഷ്ടപ്പാടുകൾ മറ്റൊരു ഗൾഫ്കാരനേ അതിന്റെ എല്ലാ തീവ്രതയോടും കൂടി മനസ്സിലാവൂ...

അശോകേട്ടനെപ്പോലെ തന്നെ മുരളിഭായിയെയും എന്നെയും ഒരുപോലെ ഞെട്ടിച്ചുകളഞ്ഞു ശേഖരേട്ടൻ... ശേഖരേട്ടൻ എങ്ങനെ ഈ അവസ്ഥയിലെത്തി എന്നറിയാൻ കാത്തിരിക്കുന്ന വായനക്കാരെ ഇത്തിരി മുൾമുനയിൽ നിർത്തിക്കോളൂട്ടോ അശോകേട്ടാ...

ഉണ്ടാപ്രി said...

ശ്ശോ...വല്ലാത്ത ഒരു വിഷമം ആയല്ലോ...

Sukanya said...

പ്രവാസിയായ ശേഖരേട്ടന്റെ അവസ്ഥ വായിച്ച്‌
സങ്കടമായി. മനുഷത്വം മറന്നിട്ടില്ലാത്ത വീകെ വീണ്ടും പൊള്ളുന്ന ജീവിതകഥയുമായി എത്തിയല്ലൊ ഇവിടെ

സുധി അറയ്ക്കൽ said...

സങ്കടമായല്ലോ അക്കൊസേട്ടാ.അടുത്ത ഭാഗം വേഗം വരട്ടെ.

Bipin said...

ഗൾഫിൽ എത്തുമ്പോൾ ഒരു ഏകാന്തത. വീട്ടുകാർ കൂടെയില്ലാത്ത അവസ്ഥ. കൂട്ടുകാർ അത് നല്ലൊരു പരിധി വരെ തീർക്കും. എന്നാലും.... അപ്പോൾ വീട്ടുകാരെ പരിധി വിട്ട് സ്നേഹിക്കും സഹായിക്കും.'' ..

ശേഖരേട്ടന്റെ കഥ വരട്ടെ

Punaluran(പുനലൂരാൻ) said...

പ്രവാസികളുടെ ജീവിതം.. അത് എത്ര എഴുതിയാലും തീരുകയില്ല ..നല്ല ഒരു വായാനുഭവം ...ബാക്കി കൂടെ വരട്ടെ ..ആശംസകൾ

Cv Thankappan said...

അപ്പൊ തൃശ്ശൂര് വന്നൂല്ലേ?!
ബസ്സിറങ്ങീപ്പോത്തന്നെ ഒര്ഞഞെട്ടലാകീട്ടീത്!
ഗള്‍ഫീന്ന് പൊഴിഞ്ഞുപോണോര്ടെ പങ്കപ്പാടുകള്.രക്ഷപ്പെട്ടോരും ധാരാളം...
ശേഖരേട്ടന്‍റെ കഥയറിയാനുള്ള ആകാംക്ഷയില്‍......
ആശംസകള്‍

Unknown said...

തുടക്കം കൊള്ളാം.

Unknown said...

Bdf.

Unknown said...

തുടക്കം കൊള്ളാം bdf.

Unknown said...

തുടക്കം കൊള്ളാം.bdf

Muralee Mukundan , ബിലാത്തിപട്ടണം said...

കഥയും നോവലുമൊന്നുമല്ല കേട്ടൊ ഇത് .
യഥാർത്ഥ ജീവിതത്തിന്റെ ആവിഷ്കാരങ്ങളാണ്...
ശേഖരേട്ടന്റെ ജീവിത കഥയിൽ കഥാപാത്രങ്ങളായി ഞാനും ,വിനുവേട്ടനുമൊക്കെ ഒരു നിമിത്തം പോലെ വന്നുപ്പെട്ടതാണ് .. !
ഇനി ഫ്ലാഷ് ബാക്കിൽ എന്നും സസ്പെൻസ് വായനക്കാർക്ക് സമ്മാനിച്ചുകൊണ്ട് തുടരുക ..

വീകെ. said...

ആദ്യമായി വന്നതിന് വളരെ നന്ദീ ട്ടോ.

keraladasanunni said...

ശേഖരേട്ടന്‍റെ കഥ ചുരുള്‍ നിവരുന്നു. അതറിയാന്‍ ഒരുങ്ങുകയാണ്

keraladasanunni said...

ഒരു വഴിക്ക് പുറപ്പെട്ടു. വേറൊരിടത്ത് തങ്ങി