Monday, 15 November 2010

സ്വപ്നഭുമിയിലേക്ക്.....(29)

തുടരുന്നു...


വാതിലിൽ ശക്തമായ മുട്ടു കേട്ടാണു ദ്വേഷ്യത്തോടെയാണെങ്കിലും കണ്ണു തുറന്നത്.
“എന്തോന്നാടാ... ആരാ ....?” ദ്വേഷ്യത്തോടെയാ ചൊദിച്ചത്.
“തുറന്നേടാ വാതിൽ...” ശബ്ദം കേട്ടപ്പോൾ രാജേട്ടനാണെന്നു തോന്നി.

വേഗം എഴുന്നേറ്റ് ലൈറ്റിട്ടിട്ട് വാതിൽ തുറന്നു നോക്കി. അസമയത്ത് വിളിച്ചുണർത്തിയതിലെ ഇഷ്ടക്കേടു പ്രകടമാക്കിക്കൊണ്ടു തന്നെ ചോദിച്ചു.
“ എന്താ.... ഇത്ര കാലത്തെ.....” കുറച്ചു ദ്വേഷ്യത്തിലായിരുന്നു ഞാൻ. അതു കണ്ട് രാജേട്ടനു ചിരിയാണു വന്നത്. ഒന്നും പറയാതെ നിന്നുള്ള ആ ചിരി കണ്ടിട്ട് എനിക്കു പിന്നെയും ദ്വേഷ്യം വന്നു.
“ എന്താന്നു വച്ചാ വേഗം പറഞ്ഞു തുലക്ക്...!!” ഉറക്കച്ചടവുള്ള കണ്ണുകൾ തിരുമ്മി ഞാൻ അലറി എന്നു തന്നെ പറയാം.

ഇന്നലെ തോമസ്സച്ചായന്റെ ഫ്ലാറ്റിൽ നിന്നും വന്നതു തന്നെ പാതിരാ കഴിഞ്ഞിട്ടാണ്. ഇന്നു വെള്ളിയാഴ്ചയായതു കൊണ്ട് സുഖമായുറങ്ങാനുള്ള ഒരു മൂടിലായിരുന്നു വന്നു കിടന്നത്. അതിനിടക്കാണ് ഈ വിളിച്ചുണർത്തൽ..!! എങ്ങെനെയാ ദ്വേഷ്യം വരാണ്ടിരിക്കാ...

രാജേട്ടൻ ശാന്തനായി പറഞ്ഞു.
“ സമയം എന്തായീന്നു വിചാരിച്ചാ..... ആ ലൈറ്റ് ഓഫ് ചെയ്തെ....”
ഞാൻ അകത്തേക്കു തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. ‘ദൈവമേ സമയം പത്തു കഴിഞ്ഞൊ...?’ തെല്ലു ജാള്യതയോടെ രാജേട്ടനെ നോക്കിയിട്ട് ലൈറ്റ് ഓഫ് ചെയ്തു. പിന്നെ ഏസിയും ഓഫാക്കി.

“ഇന്ന് എക്സ്‌ചേഞ്ചിൽ പോകണ്ടെ...” രാജേട്ടന്റെ ചോദ്യം ഒരു ഞെട്ടലുണ്ടാക്കി.
“അയ്യൊ.. ഞാ‍നതു മറന്നു... ഇപ്പൊ തന്നെ പോകാം. വൈകുന്നേരമായാൽ തിരക്കായിരിക്കും... പിന്നെ ക്യൂ നിൽക്കേണ്ടിയും വരും...!!”
“എങ്കിൽ ഇപ്പൊത്തന്നെ പോകാം... ഡ്യൂട്ടിക്കു പോയ രണ്ടു പേര് കാശു തന്നിട്ടു പോയിട്ടുണ്ട്... ബാക്കിയുള്ളവരുടെ കാര്യം അറിയില്ല. ഞാൻ ചോദിച്ചു നൊക്കട്ടെ.... താൻ പോയി കുളിച്ച് റെഡിയാക്...”

ഇന്നെങ്കിലും കാശയക്കണം. പത്താം തീയതി കഴിഞ്ഞാലെ ശമ്പളം കിട്ടൂ. അന്നു തന്നെ അയച്ചാലും നാട്ടിൽ കിട്ടുമ്പോൾ ഒരാഴ്ചയെങ്കിലും കഴിയും. പിന്നെ ബാങ്കുകാര് കളക്ഷനയച്ചു കുറേ സമയം കളയും. അതും കഴിഞ്ഞു കാശു കയ്യിൽ കിട്ടുമ്പോഴേക്കും അത്യാവശ്യങ്ങളൊക്കെ കടം വാങ്ങി നടത്തിയിട്ടുണ്ടാകും. അതുകൊണ്ട് എന്നും കടമാണ് ബാക്കി....!!

ഞാൻ ഒരു ചായ കുടിച്ച് പ്രാധമിക പരിപാടികളും, കുളിയും കഴിഞ്ഞ് വന്നപ്പോഴേക്കും രാജേട്ടൻ ചായയും ഉപ്പുമാവും റെഡിയാക്കി മേശപ്പുറത്ത് വച്ചിരുന്നു. പിന്നെ ഞങ്ങൾ രണ്ടാളും കൂടി അത് കഴിച്ച് , ഡ്രെസ്സ് ചെയ്ത് പുറത്തിറങ്ങി.

ആ നേരത്താണ് വർഗ്ഗീസേട്ടൻ പുറത്തു നിന്നും വന്നത്. പുള്ളിക്കാരന് വെള്ളിയാഴ്ചകളിൽ ആവശ്യമില്ലെങ്കിലും ഓഫീസിൽ പോയിരിക്കും. എന്നിട്ടു ഉച്ചവരെയുള്ള ഓവർടൈം എഴുതിയെടുക്കും. സാധാരണ ഡ്യൂട്ടിക്കു പോയില്ലെങ്കിലും ഓവർടൈം ഉള്ള ദിവസം, പനി പിടിച്ച് എഴുന്നേൽക്കാൻ വയ്യാതെ കിടക്കാണെങ്കിലും അന്നു പോയിരിക്കും...! എന്നിട്ട് ആ വകയിൽ കിട്ടുന്ന കാശ് ഇവിടെ വന്ന് കൂട്ടുകാരുമായി ഇഷ്ട്ടം പോലെ കുടിയും തീറ്റയും.

“നിങ്ങൾ എവിടേക്കാ.....?” അകത്തേക്കു കയറിയ വർഗ്ഗീസേട്ടൻതിരിഞ്ഞുനിന്നു ചൊദിച്ചു.
രാജേട്ടൻ പറഞ്ഞു. “ ഞങ്ങൾ ഡ്രാഫ്റ്റ് എടുത്തയക്കാൻ പോകാ.... ചേട്ടനയച്ചൊ...?”
“ഞാനത് എന്നേ അയച്ചു.. ശമ്പളം വാങ്ങിയാൽ പിന്നെ ഒരു നിമിഷം പോലും കയ്യിൽ വച്ചുകൊണ്ടിരിക്കില്ലാ മോനെ... അത് അപ്പോൾ തന്നെ നാട്ടിലയച്ചിട്ടെ മറ്റു പരിപാടിയുള്ളു...!! പിന്നെ കിമ്പളം, ഓട്ടി അതൊക്കെ ഇവിടത്തെ ചിലവിനും നമ്മൾക്ക് അടിച്ചുപൊളിക്കാനും... ഹാ ഹാ .....”
അതാണ് വർഗ്ഗീസേട്ടൻ....!!

“ശരി..., ഞങ്ങൾ പോയി വരട്ടെ...” ഞങ്ങൾ ഇറങ്ങാൻ നേരം വർഗ്ഗീസേട്ടൻ വിളിച്ചു.
‘ എടാ... ഒരു ഷേവറ് തന്നേടാ ... എന്റെ കയ്യിലുള്ളത് തീർന്നു. ഇപ്പൊൾ വരുമ്പോൾ വാങ്ങണമെന്നു വിചാരിച്ചതാ... അത് മറന്നു...” ഞാൻ അകത്തു പോയി ഒരു റഡിമേഡ് റേസർ (ഷേവർ) എടുത്ത് വർഗ്ഗീസേട്ടന് കൊടുത്തു.

“ഇതു തന്നെയാ ഞാനും വാങ്ങണെ... വില കൂടിയതൊന്നും ഞാൻ വാങ്ങാറില്ല. ഇത് ഒരു ദിനാറിന് മുപ്പതെണ്ണം കിട്ടും...! കൂടാതെ ഒരു പേസ്റ്റ് ഫ്രീയും..!!” വർഗ്ഗീസേട്ടൻ പറഞ്ഞു.
“ചേട്ടൻ ഇതൊരെണ്ണം എത്ര പ്രാവശ്യം ഷേവു ചെയ്യാൻ ഉപയോഗിക്കും....?” ഞാൻ ചോദിച്ചു.
വർഗ്ഗീസേട്ടൻ പറഞ്ഞു.
“ ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചിട്ട് കളയാനാ കമ്പനിക്കാരു ഉണ്ടാക്കുന്നത്...! ഞാനത് നാലു ഷേവിങ് നടത്തിയിട്ടേ കളയാറുള്ളു...”
അതും പറഞ്ഞ് വർഗ്ഗീസേട്ടൻ കമ്പനിക്കാരെ പറ്റിച്ചതു പോലെ വലിയ വായിൽ ചിരിച്ചു.

ഞാൻ പറഞ്ഞു “ ചേട്ടൻ ‘നാലു പ്രാവശ്യം’ ഉപയോഗിക്കുമ്പോൾ ഞാൻ ‘നാൽ‌പ്പതു പ്രാവശ്യം’ ഉപയോഗിക്കും. എന്നിട്ടെ കളയാറുള്ളു.....!!” അതും പറഞ്ഞ് ഞാനൊന്നു ഞെളിഞ്ഞു നിന്നു. ‘അപ്പൊഴൊ..’ എന്ന ഭാവത്തിൽ....

അതു കേട്ട് കണ്ണു തള്ളിയ വർഗ്ഗീസേട്ടൻ, ഞാൻ കൊടുത്ത ഷേവറും പൊക്കിപ്പിടിച്ച് ചോദിച്ചു.
“ ഈയൊരു സാധനം കൊണ്ട് നീ നാൽ‌പ്പതു പ്രാവശ്യം ഷേവു ചെയ്യുമെന്നൊ...?!!”
“ങാ...!!” ഞാൻ.
“ അപ്പൊ.. നീ എവ്ടത്തെ ഷേവിങ്ങാ നടത്തണെ....?!!”

ആ പറച്ചിൽ കേട്ടു നിന്നവരിൽ ചിരിയുണർത്തി...
വർഗ്ഗീസേട്ടൻ മറ്റുള്ളവരോടായി പറഞ്ഞു.
“എടാ... ഇതു കൊണ്ട് ഞാൻ നാലാമത്തെ ഷേവു ചെയ്യുമ്പോഴേക്കും ‘കറമുറാ’ന്നു ശബ്ദം വരും... ആ സാധനാ അവൻ നാൽ‌പ്പതു പ്രാവശ്യം ചെയ്യണേന്ന്... ഹാ ഹാ ഹാ‍....”

ചിരി അടക്കാൻ വയ്യാതെ വർഗ്ഗീസേട്ടൻ വയറു പൊത്തിപ്പിടിച്ച് കുനിഞ്ഞു കിടന്നു ചിരിച്ചു. അതും കഴിഞ്ഞ് എന്നെ നോക്കി ഒരു കളിയാക്കിച്ചിരിയും...!!
ആ കളിയാക്കിച്ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നതോടെ അവിടെ ഒരു കൂട്ടച്ചിരിയായി....!!

എല്ലാവരും എന്നെ നോക്കി കളിയാക്കിച്ചിരിക്കുമ്പൊൾ കൂടെ ചിരിക്കണൊ കരയണൊ എന്നറിയാതെ ഞാൻ മാത്രം ഒരു വിഡ്ഡിയേപ്പോലെ വിഷണ്ണനായി നിന്നു....!!

എല്ലാം കഴിഞ്ഞപ്പോൾ വർഗ്ഗീസേട്ടൻ ചോദിച്ചു.
“അതെങ്ങനേടാ.... ആ ഷേവിങ്...?!”
ഞാൻ പറഞ്ഞു. “ അതൊരു സൂത്രപ്പണിയാ...!!”
“ എന്തു സൂത്രം...?”

കൂട്ടുകാരെ അറിയണൊ ആ സൂത്രം.....?!!
എങ്കിൽ ഈ ചുവന്ന ‘സൂത്ര’ത്തിൽഒന്നു ക്ലിക്കിയാൽ മതി......

(ആ ‘സൂത്രം’ ആയിരുന്നു രണ്ടു വർഷം മുൻപു, ബ്ലോഗ് തുടങ്ങിയ കാലത്ത് എന്റെ ആദ്യ പോസ്റ്റ്.
അന്ന് അധികമാരും അത് വായിച്ചില്ല. ആ സൂത്രം കൂട്ടുകാരിൽ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെട്ടേക്കും....)

ബാക്കി അടുത്ത പോസ്റ്റിൽ....

Monday, 1 November 2010

സ്വപ്നഭുമിയിലേക്ക്... (28)

തുടരുന്നു.....

നല്ല മനുഷ്യരും ഉണ്ടിവിടെ...

ഏറെ കഴിഞ്ഞിട്ടാണ് അവരുടെ സങ്കടം ഒന്നു കുറഞ്ഞു കിട്ടിയത്...
ബന്ധുമിത്രാദികളാരുമില്ലാതെ ഒറ്റക്ക് കഴിയുന്നതിൽ നിന്നുള്ള ഒരു മോചനമായിട്ടെ അനിയന്റെ വരവ് അവർ കണ്ടുള്ളു. സ്വന്തം ഒരു കൂടപ്പിറപ്പ്, ഒന്നു വിളിച്ചാൽ വരാനുള്ള ദൂരത്തിൽ ഉണ്ടെന്നുള്ള തിരിച്ചറിവ്, ഒരു സഹായം ആവശ്യമായി വന്നാൽ സന്തോഷത്തോടെ ചെയ്തു തരാൻ ഒരാളുണ്ടെന്നുള്ള തിരിച്ചറിവ് വലിയ സമാധാനമല്ലെ...?

അതുകൊണ്ടാണ് ആ രീതിയിൽ തന്നെ അവനോട് ഇടപെട്ടതും. അതു കൊണ്ടു തന്നെ ഇനി കൊടും ചൂടിൽ പണിക്കു പോകുന്നില്ലന്നും, ചേച്ചി ഈ ഹോട്ടലിൽ ഒരു ജോലി സംഘടിപ്പിച്ചു തരാനും പറഞ്ഞപ്പോഴും അതിൽ ദുരുദ്ദേശമുണ്ടെന്നു തോന്നിയില്ല. പക്ഷെ, അവന്റെ നോട്ടവും പെരുമാറ്റവും പന്തിയല്ലെന്നു തോന്നിത്തുടങ്ങിയത് ഈയിടെയാണ്. തന്റെ പെരുമാറ്റം മറ്റൊരു രീതിയിലാണവൻ എടുത്തതെന്നു തിരിച്ചറിയാൻ വൈകിപ്പോയിരുന്നു.

ഇവിടെ വരുന്നവർ ആദ്യം ഇടപെടുന്നതു പോലെയല്ല രണ്ടു പെഗ്ഗകത്തു ചെന്നാൽ. പിന്നെ അവരുടെ നോട്ടത്തിനും സംഭാഷണങ്ങൾക്കും വ്യത്യാസം കാണാം. എങ്കിലും ആരും മര്യാദ കേടു കാണിച്ചിട്ടില്ല. ആദ്യമാദ്യം കുറച്ചു പ്രയാസമൊക്കെ തോന്നിയിരുന്നെങ്കിലും, മറ്റു സുഹൃത്തുക്കളുടെ ഉപദേശവും ഇടപെടലും കൂടുതൽ ധൈര്യം തന്നിരുന്നു.

പക്ഷെ, അനിയൻ രണ്ടു പെഗ്ഗ് തന്റെ കയ്യിൽ നിന്നും വാങ്ങിക്കുടിച്ചിട്ട് പറഞ്ഞ വാക്കുകൾ എല്ലാ പ്രതീക്ഷയും തകിടം മറിച്ചു കളഞ്ഞു.
“ഞാനിനി അവിടെ ജോലിക്കു പോകുന്നില്ല. പറ്റുമെങ്കിൽ ഇവിടെ ഒരു ജോലി ശരിയാക്കി താ.. ഇല്ലെങ്കിൽ എന്നെ കേറ്റിവിട്ടേരെ....!! ഇവിടെ ഇങ്ങനെ ഒറ്റക്കു ജീവിച്ചു മടുത്തു....!?”
“ അനിയൻ എന്താ ഈ പറേണെ.... ജോലി വേണ്ടാന്നു വച്ചു പോകേ...?”
“അല്ലെങ്കിൽ ഇതിനകത്ത് ഒരു ജോലി വാങ്ങിച്ചു താ... ചേച്ചി വിചാരിച്ചാൽ നടക്കും....! എന്നിട്ട് പുറത്തൊരു ഫ്ലാറ്റെടുത്ത് നമുക്ക് ഒരുമിച്ച് താമസിക്കാം....!!”

അവസാന വാചകം പറയുമ്പോൾ അവൻ ചേച്ചിയുടെ മുഖത്ത് നോക്കിയില്ല. യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞ വാക്കുകൾ കേട്ട് ചേച്ചി ഞെട്ടിത്തെറിച്ചു നിന്നു പോയി....!!?.

പിന്നെ അവനോട് ഒന്നും സംസാരിക്കാനായില്ല....
ചങ്കു പൊട്ടിപ്പോകുമെന്ന് ഭയന്ന് ഓടി വിശ്രമ മുറിയിൽ വന്നു വീണു കരഞ്ഞു. അനിയൻ എപ്പോഴൊ പോയിരിക്കും. അവൾ പിന്നെ അവനെ ശ്രദ്ധിച്ചില്ല.

പിന്നെയും പല ദിവസങ്ങളിൽ ഇതു തുടർന്നപ്പോളാണ് ഞാൻ വിവരം അറിയുന്നത്. ഞാനപ്പോൾ തന്നെ പറഞ്ഞു.
“എത്രയും പെട്ടെന്ന് കേറ്റിവിട്ടേക്കുക. അതേ ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴിയുള്ളു.”

അറബിയുടെ കയ്യിൽ നിന്നും പാസ്പ്പോർട്ട് വാങ്ങിക്കൊടുത്തത് ഞാനായിരുന്നു. കൂടാതെ പോകാനുള്ള ടിക്കറ്റും അവളാണ് എടുത്തു കൊടുത്തത്. അതു കൊടുത്തപ്പോൾ അവൻ ചേച്ചിക്കെതിരെ ഭീഷണി മുഴക്കാനും മടിച്ചില്ല. കാരണം കേറ്റി വിടുമെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അന്നേരമാണ് എനിക്ക് കുറച്ചു പരുഷമായി അവനോട് ഇടപെടേണ്ടി വന്നത്.

അവന്റെ അടവുകൾ ഒന്നും നടക്കില്ലെന്നു വന്നപ്പോഴാണ് ടിക്കറ്റും വാങ്ങി കേറിപ്പോയത്. നാട്ടിലെത്തിയ അനിയൻ വെറുതെയിരുന്നില്ല. നാട്ടിൽ ആർക്കും അറിയുമായിരുന്നില്ല ചേച്ചിയുടെ ഇവിടത്തെ ജോലിയുടെ സ്വഭാവം.

അനിയൻ ചെന്നതും കഥകൾ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു നടക്കാൻ വലിയ ഉത്സാഹമായിരുന്നു. നാട്ടുകാർ മാത്രമല്ല സ്വന്തക്കാരും ആലോചിച്ചു തലപുണ്ണാക്കി. അവരുടെ സ്വന്തം കാര്യങ്ങൾ ഒരുപാടുണ്ടെങ്കിലും അതിലൊന്നും താല്പര്യം കാണിക്കാതെ, അവളെങ്ങനെ കാശുണ്ടാക്കിയെന്ന് കഥകൾ മെനയുകയായിരുന്നു. നമ്മുടെ നാട്ടുകാർ അങ്ങനെയാണല്ലൊ...!
മന്തുള്ള രണ്ടു കാലും മണ്ണിൽ പൂഴ്ത്തിവച്ചിട്ട്, ഒറ്റക്കാലിൽ മന്തുള്ളവനെ കുറ്റം പറയാനുള്ള വാസന നമ്മളെ കഴിഞ്ഞിട്ടെ മറ്റാർക്കുമുള്ളു...!!

ഓരോരുത്തർ അവരവരുടെ ഭാവനക്കനുസരിച്ച് കഥകൾ മെനഞ്ഞു. ഓരോ കഥക്കും ചൂടും ചൂരും പകർന്നത് അനിയൻ തന്നെ. കേട്ടത് വിശ്വസിക്കാതിരിക്കാനും നാട്ടുകാർക്കും വീട്ടുകാർക്കും ആയില്ല.

എത്രയോ പേർ ഗൾഫിൽ പണിയെടുക്കുന്നു. അവരാരും ഇതുപോലെ അല്ല. അവരുടെ കടങ്ങളും തീരുന്നില്ല. ഇവൾ പോയിട്ടു രണ്ടുമൂന്നു കൊല്ലം കഴിഞ്ഞതേയുള്ളു. അതിനുള്ളിൽ കടങ്ങളെല്ലാം വീട്ടി. വീട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ഒരനിയത്തിയെ കെട്ടിച്ചും വിട്ടു...!!
പോരേ പൂരം...!!

നാട്ടുകാരോടൊപ്പം വീട്ടുകാരും വെറുത്തപ്പോൾ, ചേച്ചിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വീട്ടുകാർ വെറുത്തത് അവളെ മാത്രമായിരുന്നു. അവളയക്കുന്ന ‘ഡ്രാഫ്റ്റ്‘ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. അതിൽ നിന്നുള്ള വിഹിതം ഭാര്യ വഴി കൈപ്പറ്റി, കുടിയും കഴിഞ്ഞ് നാട്ടുകാരോടൊപ്പം കൂടി തന്റെ വൈരാഗ്യം മുഴുവൻ അനിയൻ തീർത്തുകൊണ്ടിരുന്നു.”

അച്ചായൻ പറഞ്ഞു നിറുത്തിയിട്ട് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയി. ഞങ്ങൾക്കും അവനോടുള്ള ദ്വേഷ്യം സിരകളിലേക്ക് ബീയറിന്റെ രൂപത്തിൽ ഇരച്ചു കയറി. ഗ്ലാസ്സുകൾ ഒന്നൊന്നായി നിറഞ്ഞു. ഞാൻ പറഞ്ഞു.
“അവനെയൊന്നും ജീവനോടെ വച്ചേക്കരുത്.. പട്ടീടെ മോൻ... തട്ടിക്കളയണം...!”
“അവനെ ഏതെങ്കിലും കൊട്ടേഷൻ സംഘത്തെ ഏൽ‌പ്പിച്ചു കൊടുക്കണം..”
അതും പറഞ്ഞ് രജേട്ടൻ തന്റെ ദ്വേഷ്യം മുഴുവൻ ഒരു ഗ്ലാസ്സിലേക്ക് പകർന്ന് ഒറ്റവലിക്ക് അകത്താക്കിയിട്ട്,  ഗ്ലാസ്സ് മേശമേൽ ഒറ്റ കുത്ത്...!!

അപ്പോഴേക്കും അച്ചായൻ വെള്ളവുമായെത്തി. ഗ്ലാസ്സിലേക്ക് പകർന്ന ഷിവാസ് റീഗൽ വെള്ളമൊഴിച്ച് നിറച്ചു വച്ചു. പുള്ളിക്കാരൻ ഒറ്റ വലിക്ക് കുടിക്കില്ല. ഇടക്കിടക്ക് ഓരോ കവിൾ അകത്താക്കുന്നതാണ് രീതി.
“എന്നിട്ട്...?”
എന്റെ അക്ഷമ ഞാൻ പ്രകടിപ്പിച്ചു. സമയം കടന്നു പോകുകയാണ്. ഇപ്പോൾ മുഴുവൻ പറഞ്ഞില്ലെങ്കിൽ പിന്നെ അച്ചായനെ കിട്ടിയെന്നു വരില്ല.
“പറയാം.. പറയാം...”
അതും പറഞ്ഞ് അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് അച്ചാറിന്റെ ഒരു കഷണം എടുത്ത് നാക്കിന്റെ നടുക്കലേച്ച് വച്ച്, അച്ചാറു കഷണം വായിൽ നിന്നും ചാടിപ്പോകാതിരിക്കാനെന്നോണം പെട്ടെന്ന് വായടച്ചു പിടിച്ചു. ഷിവാസ് റീഗലിന്റെ ചവർപ്പും, അച്ചാറിന്റെ ഉപ്പും പുളിയും എരിവും ചേർന്ന ഒരു പ്രത്യേക സ്വാദ് നാക്കിനെ കീഴടക്കിയതിനാൽ കുറച്ചു നേരത്തേക്ക് അച്ചായൻ ഒന്നും സംസാരിക്കാതെ നാക്കിൽ ഊറിക്കൂടുന്ന ആ പ്രത്യേക രസം കുറേശ്ശെ കുറേശ്ശെ ആസ്വദിച്ച് നുണഞ്ഞിറക്കിക്കൊണ്ടിരുന്നു.

ഞങ്ങളുടെ അക്ഷമ കണ്ട് പുള്ളിക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.
“അവന്റ പാര കാരണം അവൾക്ക് നാട്ടിലേക്ക് ചെല്ലാൻ കഴിയാത്ത ഒരു സ്ഥിതിയായി. ഇളയ അനിയത്തിയേ കൂടി മാന്യമായി പറഞ്ഞയച്ചിട്ടേ നാട്ടിലേക്കുള്ളുവെന്നവളും തീരുമാനിച്ചിരുന്നു. എങ്കിലും ഇളയ അനിയത്തിയുടെ കല്യാണക്കാര്യം വന്നപ്പോൾ, ഇതെങ്കിലും ഒന്നു കാണണമെന്നും പങ്കെടുക്കണമെന്നും അവളാഗ്രഹിച്ചു.

പക്ഷെ, ഇവൾ നാട്ടിലെത്തിയാൽ കല്യാണം നടത്തിക്കില്ലെന്നുള്ള അനിയന്റെ ഭീഷണിക്കു മുൻപിൽ അവൾ നിശ്ശബ്ദയായി. മാത്രമല്ല വീട്ടിലുള്ളവരും അവൾ വരുന്നതിനോട് യോജിച്ചില്ല. അവളെ അത്രയധികം വെറുക്കപ്പെട്ടവളായി മാറ്റിക്കഴിഞ്ഞിരുന്നു.

ഒരു മാസം മുൻപായിരുന്നു അവരുടെ വിവാഹം. അപ്പോൾ ഞാൻ നാട്ടിലുണ്ടായിരുന്നു.”

ഒന്നു നിറുത്തി ഒരു കവിൾ അകത്താക്കുന്ന നേരം ഞാൻ ചോദിച്ചു.
“ അച്ചായൻ പോയിരുന്നൊ കല്യാണത്തിന്..?”
“ഹേയ്.. ഞാൻ പോയില്ല. ഞാനെങ്ങാനും ചെന്നാൽ അവൻ, അനിയൻ എന്തായിരിക്കും പറഞ്ഞുണ്ടാക്കുകയെന്നറിയില്ലല്ലൊ. അതുതന്നെയുമല്ല, അവനെ ഇവിടന്നു കേറ്റിവിടാൻ നേരം ഞാനും കുറച്ചു ഭീഷണിപ്പെടുത്തിയിരുന്നു.

ഞാൻ നാട്ടിൽ പോകുന്നതിനു മുൻപ് രണ്ടു പവന്റെ വളകൾ വാങ്ങി എന്റെ ഒരു ഗിഫ്റ്റ് ആയി അനിയത്തിക്കു കൊടുക്കാൻ അവളെ ഏൽ‌പ്പിച്ചിരുന്നു. അന്നേരം അവൾ അനിയന്റെ ദു:ഷ്പ്രവർത്തികളുടെ കാര്യം പറഞ്ഞ് ഒരുപാട് കരഞ്ഞു.
നമുക്ക് എന്തു ചെയ്യാനാകും...?”
അച്ചായൻ ഞങ്ങളെ നോക്കി കൈ മലർത്തി.

പിന്നെ തുടർന്നു..

“എന്തായാലും കല്യാണത്തിന് അനിയൻ പങ്കെടുത്തില്ല....!
അതിനു മുൻപു തന്നെ അവൻ മുംബാക്ക് വണ്ടി കയറിയിരുന്നു.”
“ അതെങ്ങനെ...?”
രാജേട്ടൻ ചാടിക്കയറി ചോദിച്ചു.
“എങ്ങനെയെന്ന് ചോദിച്ചാൽ.....”
അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് പറഞ്ഞു തുടങ്ങി.
“ഞങ്ങളുടെ എഞ്ചിനീയർ ആ സമയം നാട്ടിലുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു ദിവസം കൂടിയിരുന്നു. അന്ന് ഇവളുടെ അനിയന്റെ കാര്യം ചർച്ചാവിഷയമായി. ഇവിടെ അവൻ കാണിച്ചകൂട്ടിയതൊക്കെ ഞാൻ പറഞ്ഞു. അതിന്റെ പരിണതഫലമായിരുന്നു അവന്റെ അനിയത്തിയുടെ കല്യാണത്തിനു മുൻപേ തന്നെ മുംബായിലേക്കുള്ള മുങ്ങൽ....!

എഞ്ചിനീയർ സാർ അതെങ്ങനെയാണ് കൈകാര്യം ചെയ്തതെന്നറിയില്ല...!!
അവന്റെ ശല്യം തൽക്കാലം ഒഴിവാക്കിയിട്ടുണ്ടെന്നു മാത്രമെ എന്നോട് ഫോണിൽ പറഞ്ഞുള്ളു.

എന്റെ അവധി കഴിഞ്ഞ് കഴിഞ്ഞയാഴ്ച തിരിച്ചെത്തിയതല്ലെയുള്ളു. നാട്ടിൽ പോയി വന്നതിനു ശേഷം ആദ്യമായിട്ടാണ് അന്ന് നിങ്ങളൊരുമിച്ച് ആ ഹോട്ടലിൽ പോയത്.
അനിയൻ മുടക്കും, നടത്തിക്കില്ലെന്നൊക്കെ പറഞ്ഞ കല്യാണം ഭംഗിയായി നടന്നതിന്റെ സന്തോഷമായിരുന്നു അവളുടെ കെട്ടിപ്പിടിച്ചുള്ള ആ പ്രകടനം....!”

ഞങ്ങൾ അവസാനത്തെ ബീയർ കുപ്പിയും കാലിയാക്കിയിട്ടാണ് അച്ചായനോട് യാത്ര പറഞ്ഞത്. അപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു.....
നാളെ വെള്ളിയാഴ്ചയല്ലെ...
പോത്തുപോലെ കിടന്നുറങ്ങാമല്ലൊ.......!!

ബാക്കി അടുത്ത പോസ്റ്റിൽ...

Friday, 15 October 2010

സ്വപ്നഭുമിയിലേക്ക്... (27)


കഥ തുടരുന്നു...

ചേച്ചിയുടെ കൂടെ...

പിറ്റെ ദിവസം തോമസ്സച്ചായൻ വൈകിയാണു വന്നത്. അതിനാൽ ഞങ്ങൾ തമ്മിൽ കണ്ടില്ല. പിന്നെ മൂന്നു ദിവസത്തോളം രാജേട്ടനു നൈറ്റ് ഡ്യൂട്ടി ആയതിനാൽ ഞാൻ ഒറ്റക്കായതു കൊണ്ട്  പോയി കണ്ടില്ല. അത്, പിന്നെ രാജേട്ടനും കൂടി ഉള്ളപ്പോഴെ അച്ചായന്റടുത്ത് പോകൂന്നു ഞാൻ വാക്കു പറഞ്ഞതു കൊണ്ടാ ഒറ്റക്ക് പോകാതിരുന്നത്..

ചേച്ചിയുടെയും അച്ചായന്റേയും കഥ എന്തെന്നറിയാനുള്ള ആകാംക്ഷ മനസ്സിലിട്ട് നാലഞ്ചു ദിവസം കടന്നു പോയി.
ഒരു ദിവസം ഫോൺ ചെയ്ത് ചോദിച്ചു.
“അച്ചായാ ഇന്നു ഞങ്ങൾ വരട്ടെ....?”
കേട്ടതും അച്ചായൻ ‘ഹാ.. ഹാ..ഹാ..’ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നിട്ടൊരു ചോദ്യവും..
“ നിങ്ങളതു മനസ്സീന്നു കളഞ്ഞില്ലെ.....?”
“അതെങ്ങനെ പോകാനാണച്ചായാ...!! അതു പോലത്തെ സീനല്ലെ, തിരിഞ്ഞും മറിഞ്ഞും മനസ്സിൽ
കിടന്നു ഉത്തരം കിട്ടാതെ അലയുന്നത്...!!”
“ ഇപ്പോഴെനിക്ക് ഇത്തിരി ജോലി കൂടുതലാ.. നേരം വൈകിയേ വരാൻ കഴിയുന്നുള്ളു. എന്തായാലും വെള്ളിയാഴ്ച നമുക്ക് എന്റെ റൂമിൽ കൂടിക്കളയാം.. എന്താ...?”

ഞാൻ “ഓക്കെ” പറഞ്ഞ് ഫോൺ വച്ചു.

വെള്ളിയാഴ്ച ഞാനും രാജേട്ടനും കൂടി, വരുന്ന കാര്യം വിളിച്ചു പറയാനൊന്നും നിൽ‌ക്കാതെ വൈകീട്ട് ഏഴു മണി കഴിഞ്ഞപ്പൊഴേ അച്ചായന്റെ മുറിയുടെ വാതിൽക്കൽ ചെന്നു ബല്ലടിച്ചു.

വെറുതെയല്ല...! അച്ചായനു മൂടു വരാനുള്ളതും ഞങ്ങൾ കയ്യിൽ കരുതിയിരുന്നു....!!
വാതിൽ തുറന്ന അച്ചായൻ ഞങ്ങളെ കണ്ടതും ചിരിച്ചു കൊണ്ട് തലയിൽ കൈ വച്ചിട്ട് പറഞ്ഞു.
“ നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു...!”

അകത്തു കയറിയിരുന്ന് ചെറിയൊരു കുശലപ്രശ്നങ്ങൾക്കു ശേഷം വീണ്ടും ചേച്ചിയുടെ വിഷയം പൊന്തിവന്നു. ഞാൻ പറഞ്ഞു.
“അച്ചായാ... അച്ചായനെപ്പോലുള്ള ഒരാൾ ഏതെങ്കിലും ഒരു പെൺ വിഷയത്തിൽ ആകൃഷ്ടനായെന്നു പറഞ്ഞാൽ, അതു അത്ര പെട്ടെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അപ്പൊൾ പിന്നെ ഞങ്ങൾ കൺ‌മുന്നിൽ കണ്ടത്...!!? അതിനു ഞങ്ങൾക്കുത്തരമില്ല...”
“ശരിയാ.. അങ്ങനെ ഒരു സീൻ കാണുന്നവർ തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യതയുണ്ട്..
ഞാൻ ഇല്ലെന്നു പറയുന്നില്ല... അതിനു ശേഷം ഇന്നലെയാണ് അവരെ ഫോണിൽ
കിട്ടിയത്. ഞാൻ ചോദിക്കുകയും ചെയ്തു അത്....!”

ഞങ്ങൾ ഒന്നും ഉരിയാടാതെ, അച്ചായന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ചെവിയും  കൂർപ്പിച്ചിരിക്കുകയാണ്. അച്ചായൻ ഒന്നു നിറുത്തിയിട്ട് വീണ്ടും തുടർന്നു.
“ അവർ പറഞ്ഞ മറുപടി പറയുന്നതിനു മുൻപ്, അവരെക്കുറിച്ച് നിങ്ങൾ അറിയണം....”
അതും പറഞ്ഞ് അച്ചായൻ “ ഞാൻ ഇപ്പൊ വരാം...” എന്നും പറഞ്ഞ് എഴുന്നേറ്റു....!

അതെന്തിനാണെന്നു മനസ്സിലായ ഞങ്ങൾ കയ്യിൽ കരുതിയിരുന്ന കുപ്പിയെടുത്ത്
മേശപ്പുറത്തു വച്ചു...!
അച്ചായൻ ശരിക്കും ഞെട്ടി...!!
“ഹാ.. ഹാ.. ഹാ.. നിങ്ങൾ സകല സെറ്റപ്പിലാണല്ലെ വന്നത്...”
കുപ്പി നോക്കിയ അച്ചായൻ പറഞ്ഞു.
“ ഇത് നാട്ടിൽ പോകുമ്പൊൾ വാങ്ങിക്കൊണ്ടു പോകുന്നതാ... ഇവിടെ ആരും അങ്ങനെ കഴിക്കാറില്ല..” “ അച്ചായന്റെ ബ്രാന്റ് ഏതാണെന്ന് ഞങ്ങൾക്കും വലിയ പിടിയില്ലായിരുന്നു... എന്നാൽ പിന്നെ കൊള്ളാവുന്നത് തന്നെ ആയിക്കോട്ടേന്നു വിചാരിച്ചു വാങ്ങിയതാ ഈ ‘ഷിവാസ് റീഗൽ..’

അച്ചായൻ എഴുന്നേറ്റു പോയി ഗ്ലാസ്സുകളും ഞങ്ങൾക്ക് രണ്ടു ബീയറും പിന്നെ കുറച്ച് മിക്സറും, നാട്ടിൽ നിന്നും കൊണ്ടു വന്ന അച്ചാറും മറ്റുമായി വന്നിരുന്നു. ഞങ്ങൾക്ക് ഓരോ ഗ്ലാസ്സ് ബീയർ പകർന്നു
തന്നിട്ട്, അച്ചായൻ ഷിവാസ് റീഗൽ പൊട്ടിച്ച് രണ്ടു പെഗ്ഗൊഴിച്ച് വെള്ളവും ചേർത്ത് ഗ്ലാസ് പൊക്കി ചിയേഴ്സ് പറഞ്ഞ് ഒരു കവിൾ അകത്താക്കി. പിന്നെ മിക്സർ നുള്ളിയെടുത്ത് ഒന്നു വായിലിട്ടു.

ഞങ്ങളും ഓരോ കവിൾ അകത്താക്കി. അച്ചാർ ഒന്നു തൊട്ടു നാക്കത്തു വച്ചു. ‘നാട്ടിന്റെ ഒരു സ്വാദ് പെട്ടെന്നു നാവിൽ നിറഞ്ഞു...!’ ഞങ്ങൾ അച്ചായന്റെ മുഖത്ത് നോക്കിയിരുന്നു. പിന്നെ അച്ചായൻ പറഞ്ഞു തുടങ്ങി.

“ ഞാൻ അവരെ ആദ്യം കാണുന്നത് എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലാണ്. സുഹൃത്ത് എന്നു
പറഞ്ഞാൽ ഞങ്ങളുടെ കമ്പനിയിലെ എഞ്ചിനീയറാ.. അദ്ദേഹത്തിന്റെ മകന്റെ ജന്മ ദിനത്തിനു ചെന്നപ്പോഴാണു കണ്ടത്. അവരുടെ കുട്ടിയെ നോക്കാനായിട്ട് കൊണ്ടു വന്നതാ‍യിരുന്നു ഈ സ്ത്രീയെ. അവരുടെ നാട്ടിൽ തന്നെയുള്ളതും പരസ്പരം അറിയുന്നവരുമായിരുന്നു. അവരുടെ വീട്ടിലെ കഷ്ടപ്പാടു കാരണമായിരുന്നു എഞ്ചിനീയർ ഇതിനു തുനിഞ്ഞത്.

പക്ഷെ, എഞ്ചിനീയർക്കു രണ്ടു കൊല്ലമെ ഇവിടെ നിൽക്കാനായുള്ളു. അതിനു ശേഷം ഞങ്ങളുടെ സൌദി ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടി. അന്നേരം ഇവരെ അങ്ങോട്ടു കൊണ്ടു പോകാൻ കഴിയാതായി. ഇവർക്ക് തിരിച്ചു പോകാനും താല്പര്യമില്ല. എവിടെയെങ്കിലും ഒരു ജോലി ആക്കിക്കൊടുക്കണമെന്നു പറഞ്ഞവർ കരയാൻ തുടങ്ങി.

ഇവിടെ നിന്നെപ്പോലെ ഒരു പെണ്ണിനു ജോലി ചെയ്യാൻ പറ്റിയ ഇടമല്ലന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അവർക്കു തിരിച്ചു പോകണ്ടെന്നു തന്നെ വാശി പിടിച്ചു.

അച്ചായൻ ഒരിറക്കു കൂടി അകത്താകിയിട്ട്, അച്ചാറിന്റെ ഒരു കഷണമെടുത്ത് നാക്കിൽ വച്ചു. കമ്പനിയിൽ വച്ച് കണ്ടപ്പോൾ എഞ്ചിനീയർ എന്നോട് ഇക്കാര്യം പറഞ്ഞു. ഞാനും അതിനോട് യോജിച്ചില്ല.
ഞാൻ സാറിന്റടുത്ത് പറഞ്ഞു.
‘സാറ് കൊണ്ടു വന്ന ആളെ സാറു തന്നെ സുരക്ഷിതമായി അവരുടെ വീട്ടിൽ തിരിച്ചേൽ‌പ്പിക്കകയെന്ന ദൌത്യം കൂടി ഇക്കാര്യത്തിൽ സാറിനുണ്ട്. ഇല്ലെങ്കിൽ എത്ര കൊല്ലം കഴിഞ്ഞാലും ഇതു സാറിന്റെ കഴുത്തിൽ നിന്നും പോകില്ല..’
‘ സംഗതി ശരിയാ.... ഇവളുടെ താഴെ രണ്ട് അനിയത്തിമാർ കൂടിയുണ്ട്. ഇവളാണെങ്കിൽ കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്നു. അനിയത്തിമാരും പുര നിറഞ്ഞു നിൽക്കാ... ഇളയവനാണെങ്കിൽ സ്കൂളിൽ പഠിക്കുന്നതേയുള്ളു.... ഈ സാഹചര്യത്തിൽ അവൾ പറയുന്നതിലും കാര്യമില്ലെ...?”

അച്ചായൻ ഷിവാസ് റീഗൽ ഒന്നു കൂടി ഒഴിച്ച് വെള്ളം ചേർത്ത് ഒന്നു സ്വിപ്പ് ചെയ്തിട്ട് വീണ്ടും പറഞ്ഞു.
‘അതു കേട്ടതോടെ എനിക്കും വിഷമമായി... ഇതു പോലെ നൂറുകണക്കിനു കുടുംബങ്ങൾ നാട്ടിലുണ്ട്.... അവരെയൊക്കെ സഹായിക്കുന്നതിനും ഒരു പരിധിയില്ലെ....? ഒരു വിസയെടുത്തു കൊടുത്ത് ഒരാളെ കൊണ്ടുവരാനുള്ള സാഹചര്യം എന്തായാലും ഇല്ല. ഒരു വീട്ടു ജോലിക്കു നിന്നാൽ എന്തു കിട്ടാനാ...? ഇവിടത്തെ വീട്ടു ജോലിക്കാരുടെ അവസ്ഥ വച്ചു പറഞ്ഞാൽ, പകലന്തിയോളം പണിയെടുത്താലും ശമ്പളം പോയിട്ട് ഒരു നേരത്തെ ഭക്ഷണം പോലും നേരെ ചൊവ്വെ ആരും കൊടുക്കില്ല. കൂടാതെ എന്തു സുരക്ഷിതത്വമാ ഉള്ളത്....? നമ്മൾ ഇടക്കിടക്ക് കേൾക്കുന്നതല്ലെ ഓരോരൊ കഥകൾ...! ഞാൻ ഒട്ടും സമ്മതിച്ചില്ല. എനിക്കീ കാര്യത്തിൽ സഹായിക്കാൻ ബുദ്ധിമുട്ടാ സാറെ. അതും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞതാ... പക്ഷെ, ഫലമൊന്നുമുണ്ടായില്ല. പിറ്റെ ദിവസവും എഞ്ചിനീയർ എന്നെ പിടികൂടി. പിന്നെ ഞാനും വിചാരിച്ചു. ഒന്നു ശ്രമിച്ചു നോക്കാമെന്ന്.

അങ്ങനെയൊരു ദിവസം ഞാനും ഒരു കൂട്ടുകാരനും കൂടി അന്നു നമ്മൾ പോയ ഹോട്ടലിൽ പോയിരുന്നു. ഈ പെൺകുട്ടിയുടെ കാര്യങ്ങളും സംസാരത്തിനിടക്ക് പരാമർശന വിഷയമായി. കാര്യങ്ങളറിഞ്ഞ എന്റെ കൂട്ടുകാരൻ ഉടനെ ഒരു ചോദ്യം.
‘ ഈ ഹോട്ടലിൽ ഒരു ജോലി വാങ്ങിച്ചു കൊടുത്താൽ മതിയൊ...?’
‘ഹോട്ടലിലൊ...!!? ഇവിടെ എന്തു ജോലി..?’
‘ഇപ്പോൾ തന്നെ ഇവിടെ നമ്മളെ സർവ്വ് ചെയ്യാൻ വന്ന സ്ത്രീയെ കണ്ടില്ലെ....? നമ്മുടെ കാര്യങ്ങൾ കഴിഞ്ഞ അവർ അടുത്ത റൂമിലേക്ക് പോയി... ഈ ജോലി ആയാലൊ...?’
ഞാനും അതു തന്നെ ആലോചിച്ചിരുന്നു...
ഈ ജോലി ആയാലെന്താ കുഴപ്പം...?
പക്ഷെ, ഒരു ഹോട്ടൽ എന്നൊക്കെ പറയുമ്പോൾ...?
പലരും വരികയും പോകുകയും ചെയ്യുന്ന സ്ഥലം...?
എത്രമാത്രം സുരക്ഷിതത്വം കിട്ടും... ?

എന്റെ ആലോചനയുടെ പൊരുൾ കൂട്ടുകാരനു മനസ്സിലായി. അദ്ദേഹം പറഞ്ഞു.
‘ ഇവിടെ ആകുമ്പോൾ ശമ്പളം വളരെ കുറവായിരിക്കും. പക്ഷെ, ‘കിമ്പളം’ എന്നു പറഞ്ഞാൽ ‘ടിപ്പ്’ ധാരാളം കിട്ടും. എനിക്കു തോന്നുന്നത് മറ്റേതൊരു ജോലിയേക്കാളും ഈ ജോലി ആയിരിക്കും അവർക്ക്  ഏറ്റവും ഗുണം ചെയ്യുക. അവരുടെ പ്രശ്നങ്ങളെല്ലാം വളരെ ചെറിയ കാലയളവിൽ പരിഹരിക്കാൻ കഴിയും...’

ഞാൻ പറഞ്ഞു. ‘സംഗതി കൊള്ളാം... ഇവരെ ഏതോ ഒരു സ്ത്രീക്കു ജോലി വാങ്ങിക്കൊടുക്കുന്നതു പോലെ കൊടുത്തിട്ട്, എനിക്കു രക്ഷപ്പെടാൻ ആവില്ല. ഇവിടെ എത്രമാത്രം സേഫ് ആണവർ..?’
 ‘ഇതിന്റെ മാനേജർ എന്റെ സുഹൃത്താ.. നമുക്ക് അയാളെ പോയി കാണാം...’

അന്നു തന്നെ മാനേജരെ കണ്ടു. കാര്യങ്ങൾ വിവരിച്ചു. മാനേജർ പറഞ്ഞു.
‘ ആദ്യം തന്നെ അവർ ഈ ജോലി ചെയ്യാൻ തെയ്യാറുണ്ടോന്നു ചോദിക്കു.. സാധാരണ ഗതിയിൽ പെണ്ണുങ്ങൾ തയാറാവുകയില്ല. ഇവിടെ ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു അലോഹ്യവും
ഒരു സ്ത്രീക്കും ഉണ്ടാവില്ല. അവരായിട്ട് ഒന്നും ഉണ്ടാക്കാതിരുന്നാൽ മതി. പിന്നെ അവർക്കിവിടെ ഒരു ‘ലോക്കൽ ഗാഡിയൻ’ വേണ്ടി വരും. എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൈകാര്യം ചെയ്യാൻ ഇവിടെ ആളു വേണം. അല്ലാത്തവർക്ക് ഞങ്ങൾ ജോലി കൊടുക്കാറില്ല..’

‘സാർ, ലോക്കൽ ഗാഡിയൻ .. എന്നു പറയുമ്പോൾ....?’
‘അവരുടെ തൊട്ടടുത്ത ബന്ധു തന്നെ വേണം. ഇവിടത്തെ രണ്ടു സ്ത്രീകൾ, ഞങ്ങളുടെ തന്നെ സ്റ്റാഫിന്റെ ഭാര്യമാരാണ്. ക്യാഷിലിരിക്കുന്നത് എന്റെ ഭാര്യയാണ്. ബാക്കിയുള്ളവരും അതു പോലെ തന്നെ, അച്ചനും സഹോദരനും ഒക്കെ ഇവിടെ ഹോട്ടലിൽ ജോലി ചെയ്യുന്നില്ലെങ്കിലും ഈ നാട്ടിൽ ജോലിയുള്ളവരാണ്. താമസ സൌകര്യം ഞങ്ങൾ തന്നെ കൊടുക്കും...’

കേട്ടപ്പോൾ വളരെ നല്ല ജോലിയും സൌകര്യവുമായിട്ടാണ് തോന്നിയത്.
‘സാർ, അവരോട് പറഞ്ഞിട്ട് സമ്മതമാണെങ്കിൽ ലോക്കൽ ഗാഡിയനേയും കൂട്ടി വരാം..’

അതിനു ശേഷം ഞാൻ എഞ്ചിനീയറോടും, അവരോടും ഈ ജോലിയേക്കുറിച്ച് പറഞ്ഞു.
‘മാനം നഷ്ടപ്പെടുത്തേണ്ടാത്ത എന്തു ജോലിയും ഞാൻ ചെയ്തോളാം...’
അതായിരുന്നു അവരുടെ മറുപടി.

അവസാനം ലോക്കൽ ഗാഡിയന്റെ പ്രശ്നം വന്നു. എഞ്ചിനീയരും കുടുംബവും സൌദിയിലേക്ക് പോകുന്നതു കൊണ്ട് അദ്ദേഹം വളരെ പെട്ടെന്നു തന്നെ അതിനു പരിഹാരം കണ്ടെത്തി.
എന്റെ തലയിൽ വച്ചു കെട്ടി...!!

ഞങ്ങളുടെ തന്നെ എഞ്ചിനീയർ ആയതു കൊണ്ടും, അദ്ദേഹത്തിന് വീണ്ടും ഇവിടേക്ക് തന്നെ മാറ്റം കിട്ടാൻ സാദ്ധ്യത ഉള്ളതു കൊണ്ടും എനിക്ക് ഒഴിഞ്ഞു മാറാനായില്ല.

അവർ അവിടെ ജോലിക്കു ചേർന്നു. ചില വെള്ളിയാഴ്ചകളിൽ ഞാൻ ചെല്ലുമ്പോൾ എന്നെ സർവ്വ് ചെയ്യാൻ വരും. ചോദിക്കുമ്പോൾ യാതൊരു പ്രശ്നങ്ങളും ഇല്ലാന്നു പറയും. അത് എനിക്കും ആശ്വാസം പകർന്നു. ഇതൊരു വല്ലാത്ത കുരിശാണെന്നു നന്നായിട്ടറിയാം...!

മാസങ്ങൾ കുറച്ചു കഴിഞ്ഞപ്പോഴേക്കും അവരുടെ കടങ്ങളെല്ലാം വീട്ടി.
തൊട്ടടുത്ത അനിയത്തിയുടെ കല്യാണത്തിനു വേണ്ട സാമഗ്രികളൊക്കെ ഒപ്പിച്ചു തുടങ്ങി.”

അച്ചായന്റെ ഒഴിഞ്ഞ ഗ്ലാസ്സിൽ ഷിവാസ് റീഗൽ പകർന്ന് വെള്ളവും ചെർത്ത് വച്ചു. അച്ചായൻ അച്ചാർ എടുക്കാനായി അകത്തേക്കു പോയി. വീണ്ടും വന്നിരുന്ന് ഒരു കവിൾ വലിച്ചു കുടിച്ചിട്ട്, അച്ചാർ തൊട്ടു നാക്കിൽ വച്ചിട്ട് പറഞ്ഞു.“ വെള്ളത്തിന്റെ കൂടെ തൊട്ടു നക്കാൻ പറ്റിയ അച്ചാർ...” ഞങ്ങളും അതു ശരിവച്ചു.
“അന്നൊക്കെ ‘ഗൾഫ്കാരൻ’ എന്നു പറഞ്ഞാൽ നാട്ടിൽ നിലയും വിലയും ഉണ്ടായിരുന്ന കാലമായിരുന്നു. വീട്ടിൽ ഒരു ഗൾഫ്കാരെനെങ്കിലും വേണമെന്നു പറഞ്ഞു വാശി പിടിക്കുന്ന കാർന്നോന്മാർ....! ഗൽഫ്കാരനാണെങ്കിൽ ‘സ്ത്രീധനം’ വാരിക്കോരി കൊടുക്കും. പിന്നെ ഒരു കാറും...!!

അതു പോലെ തന്നെ, ഗൾഫ്കാരന്റെ സഹോദരിമാരെ കെട്ടാൻ വരുന്നവരുടെ ഒരേ ഒരു ഡിമാന്റ് ‘സ്ത്രീധനം ഇത്തിരി കൂടിയാലും കുഴപ്പമില്ല, ‘വിസ’ ഒരെണ്ണം തീർച്ചയായും വേണം...!’

അതുപോലൊരു വിസ ഇവളുടെ അനിയത്തിയെ കെട്ടാൻ വരുന്നവനും അയച്ചു കൊടുത്തു, സ്ത്രീധനമായി..! അല്ലെങ്കിൽ കെട്ടു നടക്കില്ല. മാത്രമല്ല കെട്ടുപ്രായം കഴിഞ്ഞും പോയിരുന്നല്ലൊ.

അവന്റെ വിസ ഒരു കടയിലെ ആയിരുന്നു. രാത്രി ഒൻപതു കഴിയാതെ അവിടന്നു പുറത്തിറങ്ങാൻ കഴിയില്ല. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് ചേച്ചിയെ കാണാൻ ഹോട്ടലിൽ വരും.

ചേച്ചി ആദ്യമാദ്യം ഭക്ഷണം മാത്രം കൊടുത്തു പറഞ്ഞുവിടും. പിന്നെപ്പിന്നെ വെള്ളവും കൊടുക്കേണ്ടി വന്നു.
അഞ്ചാറു മാസങ്ങൾ ഇങ്ങനെ കടന്നു പോയി...
ഞാൻ വിചാരിച്ചു, എന്റെ ഈ ‘ലോക്കൽ ഗാഡിയന്റെ’ സ്ഥാനം അവളുടെ അനിയന്റെ തലയിലേക്ക് കൈമാറമല്ലോന്നു. അവർ സ്വന്തക്കാരാണല്ലൊ....

അതു ഞാൻ ഒന്നു സൂചിപ്പിച്ചു...
അവളതു കേട്ടതും മുഖം പൊത്തി ഒരു കരച്ചിൽ....!!?
അടുത്ത മുറിയിലൊക്കെ ആളുകളുള്ളതാണ്...
ഞാൻ കാര്യമെന്തെന്നറിയാതെ ഒന്നു പകച്ചു...!!
‘എന്തു പറ്റി...?’
എന്റെ ചോദ്യത്തിന് ഉത്തരം പറയാതെ, തൊണ്ടയിൽ കുടുങ്ങിയ സങ്കടം കാരണം വിമ്മിഷ്ടം മുട്ടിയ അവൾ ഒന്നും പറയാതെ വായ പൊത്തിക്കൊണ്ടു തന്നെ തിരിച്ചു പോയി.....!

എന്തു പറ്റിയെന്നറിയാതെ ഞാനും എഴുന്നേറ്റ് അവരുടെ വെയ്റ്റിങ് റൂമിലേക്ക് ചെന്നു.
എന്നെ കണ്ടതും അവിടെയുണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകൾ എഴുന്നേറ്റ് പുറത്തേക്കു പോയി.
ഞാൻ വീണ്ടും ചോദിച്ചു.
‘എന്താ പറ്റിയത്...?’
‘ അച്ചായാ....’ വാക്കുകൾ പിന്നെയും തൊണ്ടയിൽ കുടുങ്ങി......
ഒരു നിമിഷത്തെ ശ്വ്വാസമെടുക്കലിനു ശേഷം അവർ സാവധാനം പറയാൻ തുടങ്ങി.
‘അച്ചായാ... ഞാൻ എന്താ പറയാ...? എങ്ങനെയാ പറയാ....? എനിക്കു സഹിക്കാൻ പറ്റുന്നില്ലച്ചായാ......’

പറഞ്ഞു തീരുന്നതിനു മുൻപെ വീണ്ടും അവർ വിങ്ങിപ്പൊട്ടി....
പിന്നെ കുറേ നേരത്തേക്കു കരച്ചിൽ തന്നെ....
ഞാൻ നിർബ്ബന്ധിക്കാൻ പോയില്ല...
കാര്യമായ എന്തോ പാളിച്ചകൾ എവിടേയോ സംഭവിച്ചിരിക്കുന്നു...!?

അപ്പോഴേക്കും പുറത്തു പോയ കൂട്ടുകാരികളിൽ ഒരാൾ തിരിച്ചെത്തി.
വിവരമറിഞ്ഞ കൂട്ടുകാരി പറഞ്ഞു.
‘ ഞാൻ പറയാം അച്ചായാ...’
അതു കഴിഞ്ഞവർ വെട്ടിത്തുറന്നു തന്നെ പറഞ്ഞു.
‘ ഇവളുടെ അനിയനെന്നു പറയുന്നവനുണ്ടല്ലൊ... അവനിപ്പോൾ ചേച്ചിയുടെ
കൂടെക്കിടക്കണമെന്ന്...!!!  അവന് ഒറ്റക്കു ജീവിക്കാൻ വയ്യെന്നു....!!!’

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ വാപൊളിച്ചിരുന്നു പോയി....!!”
ഞെട്ടിത്തെറിച്ച് ഞങ്ങളും...!!


ബാക്കി അടുത്ത പോസ്റ്റിൽ......

Friday, 1 October 2010

സ്വപ്നഭുമിയിലേക്ക്... ( 26 )


കഥ തുടരുന്നു...

അച്ചായന്റെ ലീലാവിലാസങ്ങൾ...

അതെ..!
അവനെ, അതായത് ‘പാര ഈജിപ്ഷ്യനെ’ പിരിച്ചു വിടാൻ നിർദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ഫാക്സ്...!!!
ഞാൻ സാവധാനം താഴേക്കിറങ്ങി.. ശരിക്കും പറഞ്ഞാൽ വല്ലാതെ അസ്വസ്തമായിരുന്നു മനസ്സ്.... ഇങ്ങനെയൊക്കെ സംഭവിക്കണമായിരുന്നോ...?

അവനെ ഒന്നും ചെയ്യാനായില്ലല്ലൊ എന്നോർത്ത് സങ്കടം തോന്നിയിരുന്നുവെന്നത് ശരിയാണ്.
പക്ഷെ, ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല....!
ഞാൻ കാരണം ഒരാളുടെ ജോലി നഷ്ടപ്പെടുകയെന്നു വച്ചാൽ...!
അവൻ തെറ്റു ചെയ്തവനാണെങ്കിൽ കൂടിയും ഇത്രയും കഠിനമായൊരു ശിക്ഷ വേണ്ടായിരുന്നുവെന്നാണ് അപ്പോൾ മനസ്സു പറഞ്ഞത്....

പക്ഷെ, അതിന്റെ മറുവശം ആലോചിച്ചാൽ ആശ്വാസത്തിന്നു വകയുണ്ടായിരുന്നു.
അവനെ പിരിച്ചു വിടാനല്ലെ പറഞ്ഞുള്ളു.... ! കയറ്റിവിടാൻ പറഞ്ഞില്ലല്ലൊ...?!
അതൊരുപക്ഷെ എന്നെ ആയിരുന്നെങ്കിലൊ...?
തീർച്ചയായും പിരിച്ചു വിടൽ മാത്രമായിരിക്കില്ല...!!
അതൊരു കയറ്റി വിടൽ കൂടി ആയിരിക്കും....!!!
എങ്കിലും...! ഞാൻ കാരണം....!!

ആർക്കും ഒരു സഹായവും ചെയ്തില്ലെങ്കിലും ആരേയും ഉപദ്രപിക്കാൻ ഇടവരരുതേ എന്ന
പ്രാർത്ഥനയായിരുന്നു എന്നും ദൈവത്തിന്റെ മുൻ‌പിൽ സമർപ്പിച്ചിരുന്നത്. എന്നിട്ടും അറിഞ്ഞൊ അറിയാതേയോ ഒരുത്തനെ പിരിച്ചു വിടുന്നതിനു ഞാനുമൊരു കാരണക്കാരനായിരിക്കുന്നു...!!

അതൊന്നും ഇനി ആലോചിച്ചിട്ടു കാര്യമില്ല. അവൻ ചെയ്ത തെറ്റിന്റെ ശിക്ഷ, ഒരു ‘ബൂമറാങ്’ പോലെ അവനിലേക്കു തന്നെ തിരിച്ചെത്തിയിരിക്കുന്നു....

അവനെ ഒന്നു നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, അവൻ പിന്നെ കടയിൽ വരികയുണ്ടായില്ല. അവൻ നേരത്തെ തന്നെ ഈ വിവരം അറിഞ്ഞിരിക്കും....

എന്റെ സഹ പ്രവർത്തകർക്കെല്ലാം വലിയ സന്തോഷമാണുണ്ടായത്.
പ്രത്യേകിച്ച് മലയാളികൾക്ക്..!!
കമ്പനിയുടെ ഒരു ശാപമാണ് പുറത്തു പോയത്...!!

അന്നു രാത്രി മുറിയിലെത്തിയപ്പോൾ ജോലി തിരിച്ചു കിട്ടിയതിനു മാത്രമല്ല, നാട്ടിൽ കയറ്റി വിടാതിരുന്നതിനും, പാര ഈജിപ്ഷ്യനെ കെട്ടു കെട്ടിച്ചതിനും കൂടിയുള്ള പാർട്ടി എന്റെ പേരിൽ അരങ്ങേറി...!!
എന്തിനും വർഗ്ഗീസേട്ടൻ തന്നെ മുൻപന്തിയിൽ...
എന്നും കുടിക്കുന്ന വർഗ്ഗീസേട്ടന്, ഇതു പോലൊരു കേസു കിട്ടിയാൽ പിന്നെ ആഘോഷിക്കാൻ മറ്റൊന്നും വേണ്ടല്ലൊ....
ഈ ആഘോഷത്തിന് ഞാനും പൂർണ്ണമായി യോജിച്ചു...
കുറെ ദിവസത്തെ ഉറക്കമില്ലാത്ത രാത്രികൾക്കു ശേഷം കിട്ടിയ ഈ സന്തോഷം ഞാനും
ആഘോഷിക്കാതിരിക്കുന്നതെങ്ങനെ......?!!
ആ രാത്രി പതിവുപോലെ പൂർവ്വാധികം ഭംഗിയോടെ തന്നെ ആഘോഷിച്ചു.
കോഴിയും ബീഫും ഒക്കെ കൂട്ടിനുണ്ടായിരുന്നു.....

പിറ്റെ ദിവസം കാലത്ത് കടയിലേക്കു പോകുമ്പോഴാണു വഴിയിൽ വച്ച് തൊട്ടു പുറകിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന തോമസ്സച്ചായന്റെ പരിഭവം പറച്ചിൽ... ഇന്നലത്തെ പാർട്ടിക്ക് ക്ഷണിച്ചില്ലെന്നു പറഞ്ഞ്. എന്റെ വിവരം പുള്ളിക്കാരനും അറിഞ്ഞിരിക്കുന്നു. ഒഴിഞ്ഞു മാറാൻ ആവുകയില്ല.

ഇനി ഒരു പാർട്ടി കൂടി ഫ്ലാറ്റിൽ നടത്താൻ പറ്റില്ല. എന്റെ അടപ്പു തെറിക്കും...!!
തോമസ്സച്ചായനേയും കൊണ്ട്, വർഗ്ഗീസേട്ടനറിയാതെ മറ്റെവിടേക്കെങ്കിലും പോണം..
ഫ്ലാറ്റിലെ എന്റെ ഉറ്റ സുഹൃത്തായ രാജേട്ടൻ ഇന്നലത്തെ പാർട്ടിയിൽ പങ്കെടുത്തിരുന്നില്ല. പുള്ളിക്കാരനേയും കൂട്ടണം. ഉടനെ തന്നെ അതു ചെയ്തില്ലെങ്കിൽ പിന്നെ അതൊരു കടമായി കിടക്കും.

“ശരി നമുക്ക് ഇന്നു തന്നെ നടത്തിക്കളയാം ചിലവ്. രാജേട്ടനേം വിളിക്കാം. പുള്ളിക്കാരന് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു....”

അങ്ങനെ അന്നു രാത്രി ഞാനും രാജേട്ടനും തോമസ്സച്ചായനും കൂടി അച്ചായന്റെ കാറിൽ ഒരു ബാർ ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി. അച്ചായനു നല്ല പരിചയം ഉള്ള ബാറിലേക്കാണു പോയത്. അടുത്തെങ്ങും കെട്ടിടങ്ങളില്ലാത്ത വിജനമായ ഒരു സ്ഥലത്താണ് കാർ നിറുത്തി ഇറങ്ങിയത്. അവിടെ ധാരാളം കാറുകൾ നിറുത്തിയിട്ടിരുന്നു.

ഞാൻ ചോദിച്ചു.
“ അച്ചായാ.. എന്തിനാ ഇത്ര ദൂരെ ഇറങ്ങിയത്...? ഹോട്ടലെവിടെ...?”
“ഹോട്ടൽ അങ്ങു ദൂരെ കാണുന്നതാ....”
അച്ചായൻ കൈ ചൂണ്ടി പറഞ്ഞു.
“അതിന്റടുത്തേക്കു പോയാൽ പാർക്കിങ് കിട്ടില്ല.
പാർക്കിങ് അന്വേഷിച്ച് കറങ്ങി തിരിഞ്ഞ് വീണ്ടും ഇവിടെത്തന്നെ വരേണ്ടി വരും...”


രാത്രി എട്ടു മണി കഴിഞ്ഞിരുന്നെങ്കിലും ചൂട് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഒരു കൊച്ചു കാറ്റു പോലും എങ്ങും വീശുന്നില്ല. ഈന്തപ്പന മരങ്ങൾ നിശ്ചലം നിൽക്കുന്നു. സ്വർണ്ണ നിറം തൂകി തെരുവു വിളക്കുകൾ നിര നിരയായി നിൽക്കുന്നതു കാണാൻ നല്ല ചന്തം.
സ്വർണ്ണനിറത്തിൽ കുളിച്ചു നിൽക്കുന്ന തെരുവീഥിയിലൂടെ സ്വർണ്ണനിറത്തിൽ ഞങ്ങളും വിയർത്തു കുളിച്ച് മുന്നോട്ടു നീങ്ങി.

ഹോട്ടലിനോട് അടുക്കുന്തോറും അച്ചായൻ പറഞ്ഞത് സത്യമല്ലെന്നു തോന്നി. ഇടക്ക് ഇഷ്ടം പോലെ കാർ പാർക്കിങ്ങിനുള്ള സൌകര്യങ്ങൾ ഉണ്ടായിരുന്നു. പിന്നെന്തിനായിരുന്നു വിയർത്തു കുളിച്ചുള്ള ഈ നടത്തം...?
അച്ചായനോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും എത്രയും പെട്ടെന്ന് ഹോട്ടലിനകത്തു കയറിപ്പറ്റാനുള്ള ധൃതിയിൽ ഞാനും അവരോടൊപ്പം നടന്നു. ഹോട്ടലിന്റെ പ്രധാനവാതിൽ കടന്നതും ഏസിയുടെ തണുത്ത അന്തരീക്ഷം വല്ലാത്ത ഒരു കുളിർമ്മയാണു തന്നത്.. കുറച്ചു നേരം
അവിടെത്തന്നെ നിന്നുപോയി....!

വിയർപ്പെല്ലാം ടൌവ്വൽ എടുത്ത് തുടച്ച് ശരീരം ഒന്നു തണുത്തതിനു ശേഷമാണ് സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയത്. അതൊരു ഇടത്തരം ഹോട്ടലായിരുന്നു. അച്ചായന്റെ പിന്നാലെയാണ് ഞങ്ങൾ രണ്ടു പേരും.

ഞാനും രാജേട്ടനും ആദ്യമായിട്ടാണ് ഇവിടെ ഒരു ബാർ ഹോട്ടലിൽ കയറുന്നത്.
ഇവിടത്തെ ബാർ മര്യാദകളെ കുറിച്ച് ഒരു പിടിത്തവുമില്ല. അറബി നാട്ടിൽ അറബി സ്റ്റൈൽ ആയിരിക്കുമല്ലൊ. അതു കൊണ്ടാണ് ഒരു അങ്കലാപ്പ്.

അകത്തേക്കു ചെല്ലുന്തോറും ജീവനക്കാർ മുഴുവൻ ഇൻഡ്യൻ മയമെന്നു തോന്നി....!
അതിലേറെയും സാരിയുടുത്ത മലയാളി മങ്കമാരെപ്പോലെ....!!
മങ്കമാരെ കണ്ടാലറിയാം ഇവിടത്തെ ഭക്ഷണത്തിന്റെ ഗുണം...!!
ആദ്യമായിട്ടായതു കൊണ്ടാകും അതൊരു വിസ്മയക്കാഴ്ചയായിരുന്നു...!!!

ജീവനക്കാരിൽ പലരും അച്ചായനെ കാണുമ്പോൾ വിഷ് ചെയ്യുന്നുണ്ട്. അച്ചായൻ അതിനനുസരിച്ച് തലയാട്ടുന്നുമുണ്ട്. ഒരു മൂലയിൽ കണ്ട വാതിലില്ലാത്ത കുഞ്ഞ് മുറിയിലേക്കാണ് അച്ചായൻ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്.

അവിടെ ഒരു വട്ട മേശയും അതിനു ചുറ്റുമായി നാലു കസേരകളും. ആദ്യം കണ്ട കസേര പുറകിലേക്ക് വലിച്ച് ഇരിക്കാൻ തുടങ്ങിയ അച്ചായൻ എതിർ വശത്തെ കസേര ചൂണ്ടി ഞങ്ങളോടും ഇരിക്കാൻ പറഞ്ഞു. ഞങ്ങളും വട്ടമേശക്കപ്പുറത്ത് ചുവരിനോട് ചേർന്ന ഓരൊ കസേര വലിച്ചിട്ടിരിക്കാൻ  തുടങ്ങിയതും പുറത്തുനിന്നും സാരിയുടുത്ത ഒരു ‘ചേച്ചി‘ ധൃതിയിൽ ചിരിച്ചു കൊണ്ടു  ഞങ്ങളുടെ നേരെ നടന്നു വരുന്നതു കണ്ടു.

“അച്ചായാ...” എന്ന വിളി കേട്ട് അച്ചായൻ തിരിഞ്ഞു നോക്കി. അച്ചായൻ ബഹുമാനപുരസരമൊ, സ്നേഹപുരസരമൊ എന്നറിയില്ല കസേരയിൽ നിന്നെഴുന്നേറ്റ് ചിരിച്ചു കൊണ്ട് വലതു കൈ അവരുടെ മുന്നിലേക്ക് നീട്ടി.

അവർ ആ കൈ പിടിക്കുക മാത്രമല്ല, മറ്റെ കൈ കൊണ്ട് അച്ചായനെ തടിച്ചു കൊഴുത്ത തന്റെ ശരീരത്തോട് ചേർത്തങ്ങു കെട്ടിപ്പിടിച്ചു....!!
ഇതെന്തിനുള്ള പുറപ്പാടാണെന്ന് മനസ്സിലാകാതെ കണ്ണും തള്ളി നിന്ന അച്ചായന്റെ വലത്തെ
കവിളത്ത് അവളുടെ വക ഒരു ചുംബനവും...!!!
എന്തോ കാണാത്ത കാഴ്ച കണ്ടതു പോലെ ഞെട്ടിത്തെറിച്ച ഞങ്ങൾ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് കണ്ണും തള്ളി നിന്നു....!

വിളറി വെളുത്ത അച്ചായന്റെ മുഖത്തു നോക്കി വലിയ സന്തോഷത്തോടെ അവൾ പറഞ്ഞു. “അച്ചായാ... അനിയത്തിയുടെ കല്യാണം കഴിഞ്ഞു... എല്ലാം ഭംഗിയായി നടന്നു...”
അവൾ ഇതുവരെ അനുഭവിക്കാത്ത ഒരു സന്തോഷം അനുഭവിക്കുന്നതായി
തോന്നി...!!
സന്തോഷക്കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു....
പിന്നെ കണ്ണുകൾ തുടച്ച് അവൾ ഞങ്ങളുടെ നേരെ കൈ ചൂണ്ടി അച്ചായനോട് ചോദിച്ചു. “ഇതാരൊക്കെയാ...?”
അച്ചായൻ ഞങ്ങളെ പരിചയപ്പെടുത്തി. അവൾ ഞങ്ങൾക്കും കൈ തന്നു.
അപ്രതീക്ഷിതമായ കാഴ്ച തന്ന എന്റെ വിറയൽ അപ്പോഴും മാറിയിരുന്നില്ല...!

അന്തരീക്ഷം ഒന്നു ശാന്തമായതോടെ ഞങ്ങൾ കസേരയിൽ ഇരുന്നു. അവൾ ചോദിച്ചു.
“ ആദ്യം ഭക്ഷണം വേണോ.. അതോ...?”
ഞങ്ങൾ ഉണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്. അച്ചായൻ പറഞ്ഞു.
“ആദ്യം പതിവു പോലെ തന്നെ ആയിക്കോട്ടെ.. അവർക്ക് ഓരോ ബിയർ, ഫോസ്റ്റർ മതി. എനിക്ക് ഒരു ഡബിൾ ലാർജ്.. പിന്നെ നട്സൊ, കശുവണ്ടിയോ കൂടി എടുത്തോ...”

അവർ പോയപ്പോൾ ഞങ്ങൾ അച്ചായനെ പൊരിച്ചു.
“എന്താ അച്ചയാ ഈ കണ്ടെ...?” ഞാൻ.
“ അച്ചായൻ ഇവിടത്തെ സ്ഥിരം കുറ്റിയാ അല്ലെ..? രാജേട്ടൻ.
“ഹ ഹ ഹ ..” അച്ചായൻ ഒന്നും പറയാതെ വെറുതെ ചിരിച്ചതേയുള്ളു. ഞങ്ങൾ പിന്നെയും ചോദ്യങ്ങൾ കൊണ്ടു പൊതിഞ്ഞു. അച്ചായൻ പറഞ്ഞു
“ നിങ്ങൾ വിചാരിക്കുന്നതു പോലല്ല കാര്യങ്ങൾ. ഇപ്പോൾ നിങ്ങൾ കണ്ടത് ഞാനും പ്രതീക്ഷിച്ചതല്ല.. അതു മറ്റു ചില കാര്യങ്ങൾ കാരണമാണ്. ഞാനത് പോകുമ്പോൾ പറയാം...”

അപ്പോഴേക്കും ഞങ്ങൾക്കുള്ള വെള്ളവുമായി അവർ എത്തിക്കഴിഞ്ഞിരുന്നു. അതോടെ സംഭാഷണം നിലച്ചു. അവർ ഞങ്ങൾക്ക് ബീയർ പൊട്ടിച്ച് ഗ്ലാസ്സിലൊഴിച്ചു തരാനും, അച്ചായന്റെ ഗ്ലാസ്സിൽ സോഡ ഒഴിച്ചു കൊടുക്കാനും നട്സ് പൊട്ടിച്ച് പാത്രത്തിൽ ഇട്ടു തരാനും അവൾ വലിയ ഉത്സാഹം കാണിച്ചു.

അതെല്ലാം അവരുടെ ജോലിയുടെ ഭാഗമായിരിക്കാം. പക്ഷേ, അതിലേറെ എന്തോ ഒരു അടുപ്പം അച്ചായനോടവർ കാണിക്കുന്നുണ്ട്...!

അച്ചായനെ ഞങ്ങൾക്ക് ഒരുപാടു കാലമായിട്ടറിയാവുന്നതാണ്. പെൺ വിഷയങ്ങളിൽ ഒന്നും ചെന്നു പെടുന്ന ആളല്ല. ദിവസവും കുടിക്കും. അതും മുറിയിലിരുന്നെ കുടിക്കാറുള്ളു. വെള്ളിയാഴ്ചകളിൽ മാത്രമാണ് ഒരു ചെയ്ഞ്ച് എന്ന രീതിയിൽ പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത്. എന്തായാലും അച്ചായൻ പിന്നെ പറയാമെന്നല്ലെ പറഞ്ഞത്. പോകുന്ന വഴി ചോദിക്കാം.

ഭക്ഷണം നല്ല സ്വാദുള്ളതായിരുന്നു. വലിയ വിലയുള്ളതൊന്നും ആയിരുന്നില്ല. കപ്പയും മീൻ‌കറിയുമായിരുന്നു. നാട്ടിൽ നിന്നും പോന്നതിനു ശേഷം ഈ വകയൊന്നും
ഉണ്ടാക്കാനൊ വാങ്ങിക്കഴിക്കാനൊ ശ്രമിച്ചിട്ടില്ല.
അതെങ്ങനെയാ.. മനസ്സമാധാനത്തോടെ ഒന്നു നിലത്തു നിന്നിട്ടു വേണ്ടെ....!!

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങാനായി മുൻ‌വാതിലിന്റെ അടുത്ത് എത്തിയപ്പോഴേക്കും അച്ചായൻ കൈ  നീട്ടി ഞങ്ങളെ തടഞ്ഞു.
“ഒരു മിനിട്ട്..... നിങ്ങൾ നേരെ പുറത്തിറങ്ങിയിട്ട് നമ്മുടെ കാറ് പാർക്ക് ചെയ്ത സ്ഥലമുണ്ടല്ലൊ. അതും കഴിഞ്ഞ് നിങ്ങൾ പതുക്കെ നടന്നൊ... നിങ്ങൾ ഹൈവേയിൽ എത്തുന്നതിനു മുൻ‌പേ ഞാൻ കാറുമായി എത്തിക്കോളാം.. ഞാൻ ഇപ്പോൾ നിങ്ങളോടൊപ്പം വരുന്നില്ല.... ശരി പൊക്കൊ...”

അതും പറഞ്ഞ് അച്ചായൻ അവിടെ നിന്നു. ഞങ്ങൾക്കാകെ പരിഭ്രമമായി... ഞാൻ ചോദിച്ചു
“ എന്താ അച്ചായാ.. എന്തെങ്കിലും കുഴപ്പമുണ്ടൊ.....?”
“ഹേയ് കുഴപ്പമൊന്നും ഉണ്ടായിട്ടല്ല..... നിങ്ങൾ നടന്നൊ... ഞാൻ വണ്ടിയിൽ വച്ച് എല്ലാം പറയാം...”

അതും പറഞ്ഞ് അച്ചായൻ ഞങ്ങളെ ഉന്തി തള്ളി പുരത്തേക്കു വിട്ടു. ഞങ്ങൾ പൊരിയണ ചൂടിൽ
ഇറങ്ങി നടന്നു. പുറത്തിറങ്ങിയതും വിയർത്തൊഴുകാൻ തുടങ്ങി. നടന്നു തുടങ്ങിയ ഞാൻ പതുക്കെ തിരിഞ്ഞു നോക്കി. അച്ചായൻ ഇനി ആ ചേച്ചിയെ കാണാനാണൊ അവിടെ നിന്നത് എന്നായിരുന്നു എന്റെ അപക്വമായ മനസ്സ് ചിന്തിച്ചത്.

അന്നേരം അച്ചായൻ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി ഞങ്ങൾക്കെതിരായി എതിർ വശത്തേക്കു നടന്നു പോകുന്നത് കണ്ടു. ഞങ്ങൾ അവിടെ നിന്ന് അച്ചായന്റെ പോക്ക് ശ്രദ്ധിച്ചു. അച്ചായൻ നടന്ന് അപ്പുറത്ത് ഒരു കെട്ടിടത്തിന്റെ വളവിൽ മറഞ്ഞു.
“ഈ അച്ചായൻ ആകെ ഒരു ദുരൂഹതയാണല്ലൊ തരുന്നത്...!!”
രാജേട്ടന്റെ വാക്കുകൾ ഞാനും ഏറ്റു പിടിച്ചു.
“എന്തായാലും നമുക്ക് നടക്കാം....” ഞങ്ങൾ വേഗം നടന്നു. അച്ചായന്റെ കാറ് കിടന്ന സ്ഥലവും കടന്ന് ഞങ്ങൾ മുന്നോട്ട് നീങ്ങി. നടന്നു നടന്ന് ഹൈവേയിൽ എത്തി. ചൂടു കാരണം ഞങ്ങൾ നിന്നില്ല. വീണ്ടും നടന്നു കൊണ്ടിരിക്കെ ഒരു വണ്ടിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
അച്ചായനായിരുന്നു....

വണ്ടി ഞങ്ങളുടെ അടുത്ത് കൊണ്ടു വന്നു നിറുത്തി. അകത്തു കയറിയ ഞങ്ങൾ അച്ചായന്റടുത്ത്, ഈ ചൂടത്ത് നടത്തിച്ചതിന് ചൂടായി. അതു കേട്ട് അച്ചായൻ ചിരിച്ചതേയുള്ളു. പിന്നെ പറഞ്ഞു.

“ നിങ്ങൾ ചൂടാവണ്ട... അതിനു കാരണമുണ്ട്. ആദ്യമായതു കൊണ്ട് നിങ്ങളത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
നമ്മൾ പുറത്തിറങ്ങാനായി വന്നപ്പോൾ ഗ്ലാസ്സ് ഡോറിനുള്ളിൽ കൂടി ഞാൻ കണ്ടിരുന്നു, രണ്ടു പേർ അവിടെ പുറത്ത് ഉലാത്തിക്കൊണ്ടിരിക്കുന്നത്. അവന്മാർ നമ്മളെപ്പോലെ കുടിക്കാൻ വന്നവരല്ല.
ഇവിടത്തെ രഹസ്യപ്പോലീസ്സാ....!!”

ഞാൻ പറഞ്ഞു. “ ബാ‍റിൽ വരുന്നത് കുടിക്കാനല്ലെ. അതിനു ലൈസൻസുള്ളതല്ലെ. പിന്നെ അവന്മാരെന്തിനാ പതുങ്ങി നിൽക്കണെ...?”
“ കുടിക്കാനുള്ള അനുമതിയുണ്ട്. പക്ഷെ, കുടിച്ചിട്ട് വണ്ടി ഓടിക്കാൻ ലൈസൻസുണ്ടൊ....?”
അതു കേട്ടതും ഞങ്ങൾക്കുത്തരം മുട്ടിപ്പോയി. അച്ചായൻ തുടർന്നു.

“ ബാറിൽ നിന്നിറങ്ങുന്നവർ വണ്ടിയെടുത്താൽ അവന്മാർ നമ്മുടെ പിന്നാലെ വരും. നമ്മുടെ ഡ്രൈവിങ്ങിൽ ചെറിയൊരു പാളിച്ച കണ്ടാൽ അവർ നമ്മളെ തടയും. പിന്നെ ഊതിക്കലായി, പിടിക്കലായി, കേസായി.. ഒന്നും പറയണ്ട.. അഞ്ഞൂറു ദിനാറാ മക്കളെ ഫൈൻ...!!”

അതോടെ അച്ചായനോട് തോന്നിയിരുന്ന ദ്വേഷ്യമെല്ലാം ആവിയായിപ്പോയി. എന്നിട്ടും എന്റെ സംശയം തീർന്നില്ല. അതുമായി അച്ചായന്റടുത്തെത്തി.

“ അങ്ങനെയെങ്കിൽ ഇപ്പോൾ അച്ചായൻ വണ്ടി ഓടിക്കുന്നതോ....?”
“അതിനല്ലെ ആ തട്ടിപ്പു നടത്തിയത്. ഞാൻ അങ്ങോട്ടും, നിങ്ങൾ ഇങ്ങോട്ടുമൊക്കെ നടന്നത്...! കാറ് അകലെ പാർക്കു ചെയ്തത്....! അവരുടെ കണ്ണു വെട്ടിക്കാൻ....!!”

‘അമ്പടാ വില്ലാ...’ അച്ചായന്റെ ബുദ്ധിയെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ...!!
വീടിനടുത്ത് കാറു നിറുത്തി ഇറങ്ങാൻ നേരം രാജേട്ടൻ ഓർമ്മപ്പെടുത്തി

“ അച്ചായാ... ആ ചേച്ചിയുമായുള്ള ഇടപാടു പറഞ്ഞില്ല...!!”

“ഹ ഹ ഹാ...” അച്ചായൻ ചിരിക്കിടെ പറഞ്ഞു.
“ഇപ്പോൾ പാതിര കഴിഞ്ഞു. കാലത്ത് ജോലിക്കു പോകണ്ടെ. ഇനി നാളെ പറയാം..”
“ അച്ചായാ... ചേച്ചിയുടെ ആ പിടുത്തം മനസ്സിൽ നിന്നും മായുന്നില്ലച്ചായാ....!!”
അതും പറഞ്ഞ് ഞങ്ങൾ ചിരിച്ചു മറിഞ്ഞു.

മുറിയിൽ വന്നു കിടന്നിട്ടും ഉറക്കം നാലയലത്തു പോലും വന്നില്ല....
കണ്ണൊന്നടച്ചാൽ അപ്രതീക്ഷിതമായ ആ രംഗം സ്ലോമോഷനിലെന്നോണം ഓടി വരും...!!
അച്ചായന്റെ ശരീരത്തിലമരുന്ന നിമ്‌നോന്നതങ്ങൾ ആ രാത്രിയിലെ ഞങ്ങളുടെ ഉറക്കം കെടുത്തി....!!


ബാക്കി അടുത്ത പോസ്റ്റിൽ.....

Wednesday, 15 September 2010

സ്വപ്നഭുമിയിലേക്ക്... ( 25 )


കഥ തുടരുന്നു...
മല പോലെ വന്നത് എലി പോലെ....

പിറ്റേന്നു കാലത്ത് നല്ല പ്രസന്നതയോടെയാണ് എഴുന്നേറ്റത്.
മനസ്സിൽ വലിയ ഭാരങ്ങളൊന്നും ഉണ്ടായിരുന്നില്ല...
ഇന്ന് എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയാണ്...!
അവരോട് ഒരു മാപ്പു പറഞ്ഞാൽ തീരാവുന്ന പ്രശ്നം വെറുതെ നീട്ടിക്കൊണ്ടു പോയത് ഞാനാണ്. ആവശ്യമില്ലാത്ത എന്റെ ഒരു പിടിവാശി...!!
അങ്ങനെ ചിന്തിക്കാനാണ് അപ്പോൾ തോന്നിയത്. എന്തായാലും കുടുംബത്തെ കൊണ്ടുവരാൻ കഴിയുകയെന്നാൽ, ഇനിയെന്തു നോക്കാ‍നാണ്. ഇത്തിരി താന്നു കൊടുത്തേക്കാം..

എന്നാലും ആ ‘പാര ഈജിപ്ഷ്യന്റെ’ മുൻപിൽ എങ്ങനെ തല ഉയർത്തി നിൽക്കും...?!!
അവന്റെ തലക്കനം ഇനി എന്തായിരിക്കും...!!?
അതൊരു ചോദ്യച്ചിഹ്നമായി മുൻപിൽ ഉയർന്നു നിന്നു...!!?

അവൻ എനിക്ക് മുൻപിൽ ബോസ്സിനെ നിയന്ത്രിക്കത്തക്ക ശക്തിയോടെ നിൽക്കുന്നിടത്തോളം ഇവിടെ എനിക്കൊരു വിലയും ഉണ്ടാവില്ല....
പക്ഷെ, ശാന്തിക്കാരന്റെ മധുരമുള്ള വാക്കുകൾ തള്ളിക്കളയാനും ഒരു മടി....!!
വീട്ടുകാരത്തിയാണെങ്കിൽ , ശാന്തിക്കാരന്റെ വാക്കുകൾ സത്യമാവണെയെന്ന പ്രാർത്ഥനയിലും....!! എന്തായാലും വരുന്നതു വരട്ടെ....!!
തീരുമാനിച്ചതു പോലെ തന്നെ നടക്കട്ടെ...!!
ബാക്കി വരുന്നിടത്തു വച്ചു കാണാം....!!

കട തുറന്ന് അരമണിക്കൂർ കഴിഞ്ഞിട്ടാണ് ഞാൻ എത്തിയത്. ബോസ്സ് ഉണ്ടായിരുന്നു കടയിൽ. ഞാൻ അകത്തു കടന്ന് ബോസ്സിന്റെ മുൻപിൽ ചെന്നു നിന്ന് ഒരു ‘ഗുഡ്മോണിങ്’ പറഞ്ഞു. ബോസ്സ് എന്റെ മുഖത്തേക്കു നോക്കിയിട്ട് കസേരയിൽ നിന്നും എഴുന്നേറ്റു. പിന്നെ എന്റെ അടുത്ത് വന്ന് തോളത്ത് പിടിച്ച് പറഞ്ഞു
“അവിടെ ഒരുപാട് പണി ബാക്കി കിടക്കുന്നു. പോയി ആ പണി തീർക്ക്...!!”
ഞാൻ ഒരു നിമിഷം ഒന്നു പകച്ചു.‘അപ്പൊൾ സോറി പറയണ്ടെ..’ എന്നു ചോദിക്കാനായി ‘ഞാൻ..’ എന്നു പറഞ്ഞതേയുള്ളു.
വീണ്ടും എന്റെ തോളത്തു പിടിച്ച് മുന്നോട്ട് തള്ളിയിട്ട് പറഞ്ഞു.
“ചെല്ല്... ങൂം.... ചെല്ല്...” എന്നു പറഞ്ഞെന്നെ തള്ളി മുകളിലേക്കുള്ള സ്റ്റെപ്പിന്റെ അടുത്തെത്തിച്ചു.

ഞാൻ ബോസ്സിനെ നോക്കിക്കൊണ്ടു തന്നെ സ്റ്റെപ്പുകൾ കയറി....!!
അവനോടുള്ള നന്ദി മുഴുവൻ ഞാനെന്റെ നോട്ടത്തിൽ ഒതുക്കിയിരുന്നു....
സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു....
‘മല പോലെ വന്നത് എലി പോലെ പോയതിൽ’ ആശ്വാസം കൊണ്ടു.

മുകളിലെത്തി കണ്ണുകൾ തുടച്ച് നോക്കുമ്പോഴുണ്ട് ‘പാര ഈജിപ്ഷ്യൻ’ അവന്റെ ക്യാബിനിൽ നിന്നും പുറത്തേക്കു വരുന്നു. എന്നെ കണ്ടതും അവനൊന്നു ഞെട്ടിയോന്നൊരു സംശയം തോന്നി. ഞാനവന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു തന്നെ നോക്കി.

ഇവനാണല്ലൊ കുറച്ചു ദിവസമായിട്ട് ഉറക്കമില്ലാത്ത രാത്രികൾ എനിക്ക് സമ്മാനിച്ചത്. അവന്റെ നോട്ടത്തിന്റെ അർത്ഥം പെട്ടെന്നു പിടി കിട്ടിയില്ല.
ദ്വേഷ്യമില്ലായിരുന്നു...!
ഒരു പക്ഷെ, ഈ തോൽ‌വി അവൻ പ്രതീക്ഷിച്ചിരുന്നോ....!!?

അവൻ സ്റ്റെപ്പുകളിറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു...
അവൻ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയതേയില്ല....!!

ഞാൻ എന്റെ ക്യാബിനിൽ കയറി ജോലി തുടങ്ങി....
ഒരു ‘സോറി’ പോലും പറയാതെ , ഒപ്പിട്ടു കൊടുക്കാതെ കാര്യം നടന്നതിൽ ഞാൻ ദൈവങ്ങളോടെല്ലാം നന്ദി പറഞ്ഞു.

അന്നു വൈകുന്നേരം കട പൂട്ടാൻ നേരം, തിരിച്ചു കൊടുത്ത കടയുടെ താക്കോലുകളെല്ലാം എന്നെ തിരികെ ഏൽ‌പ്പിച്ചു. ബോസ്സിനെന്നോട് ദ്വേഷ്യമോ വിശ്വാസക്കുറവോ ഇല്ലെന്ന് അതിലൂടെ ഞാൻ ഉറപ്പിച്ചു.

പക്ഷെ, ബോസ്സിന്റെ തലയിൽ കയ്യറിയിരുന്ന് ചെവി തിന്നുന്ന ‘പാര ഈജിപ്ഷ്യന്റെ’ ഒരു രോമം പോലും പറിക്കാനായില്ലല്ലോന്നോർത്ത് വല്ലാത്ത സങ്കടം തോന്നി. അവൻ ഇനിയും വേഷം കെട്ടെടുക്കാൻ വന്നാൽ എന്തു ചെയ്യുമെന്നൊരു ചിന്തയും തലയിൽ കിടന്നു പുകഞ്ഞു.

പക്ഷെ, അവനിൽ നിന്നും അങ്ങനെയൊരു നീക്കം പിന്നെ കണ്ടില്ല. ഞങ്ങൾ നേർക്കുനേർ വരുമ്പോൾ പരസ്പരം നോക്കുമെന്നല്ലാതെ പിന്നീടൊന്നും സംസാരിക്കുകയുണ്ടായില്ല. എങ്കിലും അവനെ കാണുമ്പോഴൊക്കെ എന്റെ പല്ലുകൾ കൂട്ടിയുരുമ്മിയിരുന്നു. കാരണം അവൻ കാരണം നഷ്ടമായ എന്റെ അധിക വേതനം പിന്നീട് തിരിച്ചു തരികയുണ്ടായില്ല.

ഇവനെന്താണ് ഇത്രയും ശാന്തനായതെന്ന് ഞാൻ ചിലപ്പോഴൊക്കെ ചിന്തിച്ചിരുന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഞാൻ നടത്തിയ ഒറ്റയാൻ സമരം അവിടം കൊണ്ടും തീർന്നിരുന്നില്ലാന്ന് അറിഞ്ഞത്....!

ബോസ്സൊ,  മറ്റാരെങ്കിലുമോ അതിനെക്കുറിച്ച് പിന്നീട് ചോദിക്കുകയുമുണ്ടായില്ല....

പക്ഷെ, ഏതോ ഒരു പാര ഇവിടെ നടന്ന സംഭവങ്ങൾ അതേപടി ഞങ്ങളുടെ തലസ്ഥാനത്തേക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
അതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നിരിക്കും.....
അതറിഞ്ഞതോടെ എന്റെ ചങ്ക് പിടച്ചു തുടങ്ങി....!
കാരണം അവർ എല്ലാവരും ഒരു കാര്യത്തിൽ ഒന്നാണ്.
എല്ലാവരും ‘അറബികൾ..!!’
അപ്പോൾ അവരുടെ തീരുമാനം എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളു.....!!

എന്റെ എല്ലാ സ്വപ്നങ്ങളും അതോടെ അവസാനിച്ചതായി തോന്നി...!
ഏതായാലും തിരിച്ചു പോകാൻ കരുതിത്തന്നെയാണ് ഈ സമരത്തിനിറങ്ങിയത്....
ഇപ്പോഴിതാ അത് സത്യമാവാൻ പോകുന്നു....!!

ശാന്തിക്കാരന്റെ വാക്കുകൾ സത്യമാവാൻ കാത്തിരിക്കുന്ന സഹധർമ്മിണിയുടെ നിരാശ നിറഞ്ഞ മുഖം എന്റെ കൺകളിൽ നിറഞ്ഞു നിന്നു....!

വീണ്ടും രണ്ടാഴ്ചയോളം കടന്നു പോയി....
വല്ലാത്ത ഒരു ശ്വാസം മുട്ടലായിരുന്നു ആ ദിവസങ്ങളത്രയും....

അന്നും പതിവു പോലെ ഞാൻ കട തുറന്നു. ഓഫീസ്സിൽ കയറി ഫാക്സ് വല്ലതും വന്നിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനിടെ ഒരു പേപ്പർ പ്രത്യേകം ശ്രദ്ധിച്ചു. അത് തലസ്ഥാനത്ത് നിന്നും ഉള്ളതായിരുന്നു.

ഞാനതെടുത്ത് ഒന്നോടിച്ചു വായിച്ചു.....!?
ആ പേപ്പർ എന്റെ കയ്യിലിരുന്നു വിറച്ചു.....!!
കണ്ണുകളിൽ ഇരുട്ടു കയറി...!!
നീരണിഞ്ഞ കണ്ണുകളിൽ പിന്നെ അക്ഷരങ്ങൾ ഒന്നും കാണാനായില്ല....!!

അതിൽ എഴുതിയിരുന്നതിന്റെ ചുരുക്കം ഇതായിരുന്നു..
“ഇനി അവനെ വച്ചുകൊണ്ടിരിക്കണ്ട. എത്രയും വേഗം പിരിച്ചു വിടുക...!!?”
ഞാനാ കടലാസ്സ് കൈ പൊള്ളിയതു പോലെ ആ ട്രേയിലേക്ക് തന്നെ ഇട്ടു....!!!
തല കറക്കം പോലെ തോന്നിയതു കൊണ്ട് തൊട്ടടുത്ത വാതിലിൽ പിടിച്ച് പുറത്തു കടന്നു...
ചിരിക്കണോ കരയണൊ എന്നറിയാതെ, ശക്തമായ ശ്വാസം മുട്ടലിൽ ഒരു നിമിഷം കണ്ണുകളിറുക്കി അടച്ചു...

ബാക്കി അടുത്ത പോസ്റ്റിൽ.....

Wednesday, 1 September 2010

സ്വപ്നഭുമിയിലേക്ക്... (24)


കഥ തുടരുന്നു...


ചിക്കുവിന്റെ കാർട്ടൂൺ...


“അമ്മേ... അഛൻ വിളിച്ചോമ്മേ.....”
മോൻ അതും ചോദിച്ചു കൊണ്ടാണ് കാലത്ത് എഴുന്നേറ്റതു തന്നെ.
“ ഇല്ലടാ കുട്ടാ... അതിന് നേരം വെളുത്തതല്ലേള്ളൂ.....! അഛൻ വൈകുന്നേരല്ലേ വിളിക്കൂള്ളൂ.....” അമ്മ.
“ ഞാൻ ഉറങ്ങീപ്പൊ അഛൻ വിളിച്ചൂന്നു വിചാരിച്ചാ...”
“അഛൻ വിളിച്ചാ ...കുട്ടനെ വിളിക്കാണ്ടിരിക്കോ....?”
“ അപ്പൊന്നാള് ഒരൂസം എന്നെ വിളിച്ചില്യാല്ലൊ...!”
“ അത് അന്ന് നീ സ്കൂളിൽ പോയിരിക്കല്ലാർന്നൊ... ?”
“ഞാൻ ല്യാത്തപ്പൊന്തിനാ അഛൻ വിളിച്ചെ.....?”
“ദേ ചെറുക്കാ... നീ എഴുന്നേറ്റ് പോണുണ്ടൊ....? കാലത്തെന്നെ അവന്റെ ഒരു കിന്നാരം.... പോയി പല്ലൊക്കെ തേച്ചിട്ടു വന്നെ.....”

അവസാനം അമ്മ ദ്വേഷ്യപ്പെട്ടെങ്കിലും, കട്ടിലിൽ എഴുന്നേറ്റ് നിന്ന് കൈ രണ്ടും മുന്നോട്ട് നീട്ടിപ്പിടിച്ച് പല്ലിളിച്ചു നിന്നു. അമ്മ എടുത്തു കൊണ്ടു പോയി പല്ലു തേപ്പിക്കുമെന്നും, സാമ്പാറിൽ കുളിപ്പിച്ച ദോശ വായിൽ വച്ചു തരുമെന്നും കുട്ടന് നന്നായറിയാം. മൂന്നാം ക്ലാസ്സിലാണു പഠിക്കുന്നതെങ്കിലും വീട്ടിലെ ‘ചെല്ലക്കുട്ടി‘ തന്നെ കുട്ടൻ. കുട്ടന് ‘ചിക്കു’എന്നൊരു പേരു കൂടിയുണ്ട്. അതു പക്ഷെ, പുറത്തുള്ളവരാണ് അങ്ങനെ വിളിക്കുക.

കാലത്തെയുള്ള ബഹളങ്ങളൊക്കെ കഴിഞ്ഞ് ചിക്കു കളിക്കാനായി പുറത്തിറങ്ങുമ്പോൾ അമ്മയുടെ മുന്നറിയിപ്പ് കേട്ടു.
“മോനെ കുട്ടാ, പടിക്കലോട്ടു പോകല്ലെ....!?”
“ ഇല്യ..”
“കുട്ടാ കിണറ്റിന്റടുത്തേക്ക് പോകല്ലെ...?!”
“ ഇല്യ..!!”
നിമിഷങ്ങൾ കഴിഞ്ഞില്ല, അതിനു മുൻപെ അമ്മയുടെ വിളി വീണ്ടും.
“ കുട്ടാ...?”
“എന്ത്യേ....?” കുട്ടന്റെ മറുപടിയിൽ സ്വല്പം അസഹിഷ്ണതയുടെ മേമ്പൊടി...
“എവിട്യാ നീയ്യ്...?”
“ ഞാൻ ദേ ഈ ചാമ്പക്ക്യാടെ ചോട്ടിലാ.....?”
“ങാ... അവ്ടെന്നെങ്ങും പോകരുതെട്ടോ....”
“ഇല്യാ...”
“ദേ അമ്മ ഈ അടുക്കളേടെ ജനാല തുറന്നിട്ടുണ്ട് ട്ടൊ....”

കുട്ടൻ അതു കേട്ടതും അടുക്കളയുടെ ജനാലയിലേക്ക് നോക്കി. ജനലഴികൾക്കപ്പുറത്ത് അമ്മയുടെ ചിരിക്കുന്ന മുഖം കണ്ടതോടെ ചിക്കുവിന്റെ പൂമൊട്ടുകൾ വിടർന്നു. നിലത്തു നിന്നും പൂഴി മണലെടുത്ത് മറ്റെ കയ്യിലേക്ക് പറത്തിവിട്ട് കളിച്ച് കൊണ്ടിരിക്കെ അമ്മയുടെ അടുത്ത വിളി വന്നു.

“കുട്ടാ... മണ്ണീ കളിക്കല്ലെ.... ചൊറി പിടിക്കും....!!” അന്നേരം കുട്ടനു ദ്വേഷ്യം വന്നു.
“പിന്നെ ഞാൻന്താ കളിക്കാ...?” കയ്യിൽ നിന്നും മണ്ണ് താഴെയിട്ടിട്ട് എഴുന്നേറ്റ് നിക്കറിൽ തുടക്കുന്നതിനിടെ അമ്മയോട് ചോദിച്ചു.

എന്നിട്ട് അടുക്കളയുടെ ജനാലയിലേക്ക് നോക്കി. അവിടെ അമ്മയില്ല....?
കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇടക്കിടക്ക് അമ്മയുടെ മുഖം കാണണം ചിക്കുവിന്. ഇല്ലെങ്കിൽ വല്ലാത്ത സങ്കടമാണ്.
“അമ്മേ.....” ചിക്കു നീട്ടി വിളിച്ചു.
മറുപടി കിട്ടാതായപ്പോൾ ചിക്കു അകത്തേക്കോടി. അടുക്കളയിൽ ചെന്നപ്പോൾ അവിടെയില്ല. അടുക്കളപ്പുറത്ത് ചെന്നു നോക്കുമ്പോഴുണ്ട് അമ്മ കറിക്ക് അരച്ചുകൊണ്ടിരിക്കാണ്.

അമ്മയെ കണ്ടതും ചിക്കുവിന്റെ ആന്തൽ മാറി പൂ വിരിഞ്ഞു.
“ങ്‌ഹാ.... അമ്മ ഇവിടെ നിക്കാ...” അമ്മയെ കെട്ടിപ്പിടിച്ചിട്ട്, കയ്യെത്തും ദൂരത്തിരിക്കുന്ന പാത്രത്തിൽ നിന്നും ചിരവി വച്ചിരിക്കുന്ന ഒരു പിടി തേങ്ങാപ്പീരയും വാരിയെടുത്തും കൊണ്ട് ഒറ്റ ഓട്ടം....!

ചിക്കുവിനറിയാം ഇക്കാര്യത്തിൽ അമ്മ പിണങ്ങുമെന്ന്. അമ്മയെ പറ്റിച്ച സന്തോഷത്തിൽ വീണ്ടും മുറ്റത്തിറങ്ങി ചാമ്പക്ക മരത്തിന്റെ ചുവട്ടിൽ വന്നിരുന്ന് തേങ്ങാപ്പീര നക്കിത്തിന്നുകൊണ്ടിരുന്നു. അതു കഴിഞ്ഞ് കൈ നിക്കറിൽ തുടച്ച് ചാമ്പക്ക മരത്തിന്റെ കൊമ്പിലേക്ക് നോക്കി.

പഴുത്തുചുവന്ന് നിറഞ്ഞു കിടക്കുന്നു ചാമ്പക്ക. മരത്തിന്റെ മുകളിലേക്ക് നോക്കിത്തന്നെ പതുക്കെ എഴുന്നേറ്റ്, ഇതേലൊന്നു കേറിപ്പറിച്ചാലോന്ന് ഒരു നിമിഷം ചിന്തിച്ചതേയുള്ളു......!
അപ്പോഴേക്കും അടുക്കളയിൽ നിന്നും അമ്മയുടെ വിളി വന്നു.
“കുട്ടാ... മരത്തെ കേറല്ലെ...!!”
മരത്തെ തൊട്ട കൈ തന്നെ പെട്ടെന്നു പിൻ‌വലിച്ചു കുട്ടൻ. ഈ അമ്മ എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല. കുട്ടന്റെ മുഖം വാടി. വെറുതെ മരത്തിനു ചുറ്റും കുറച്ചു നേരം നടന്നു. അപ്പോഴേക്കും അകത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ട് കുട്ടൻ അകത്തേക്കോടി.

“അഛനാരിക്കും” ഓടുന്നതിനിടെ കുട്ടൻ വിളിച്ചു പറഞ്ഞു. അകത്തു ചെന്നപ്പോഴേക്കും അമ്മ ഫോണിനടുത്തെത്തിയിരുന്നെങ്കിലും,എടുത്തില്ല. അത് കുട്ടന്റെ അവകാശമാണ്. ആദ്യം ഫോൺ കുട്ടനെടുക്കാൻ സമ്മതിച്ചില്ലെങ്കിൽ പിന്നവിടെ ഭൂകമ്പം നടക്കും.....!

അത് അഛന്റെ ഫോണല്ലെന്നറിഞ്ഞ കുട്ടന് നിരാശയായി.
അഛനായിരുന്നെങ്കിൽ ആ ‘ഹമ്മർ’ വാങ്ങിയോന്നു ചോദിക്കായിരുന്നു.
കുട്ടന് വണ്ടികളോടാണ് ഏറെ പ്രിയം. ടെലിവിഷനിൽ കാണുന്ന ഏതു പുതിയ വണ്ടി കണ്ടാലും അതുടനെ അഛനെ അറിയിക്കും.

അവസാനം കുട്ടൻ ആവശ്യപ്പെട്ടത് ‘ഹമ്മർ’ വേണമെന്നാണ്. അതും മഞ്ഞക്കളർ തന്നെ വേണം. കഴിഞ്ഞാഴ്ച അഛൻ വിളിച്ചപ്പോൾ വാങ്ങി അയക്കാമെന്നു പറഞ്ഞതാണ്.
അത് വാങ്ങിയോന്നറിയാഞ്ഞിട്ട് കുട്ടന് ഇരിക്കപ്പൊറുതിയില്ല. ടെലഫോണിന്റെ മണിയടി കേട്ടാൽ കുട്ടൻ ഓടുന്നതതിനാ‍ണ്. അഛന്റെ വായിൽ നിന്നു തന്നെ നേരിട്ടു കേൾക്കണം. കുട്ടന്റ് നിരാ‍ശ കണ്ട് അമ്മ സമാധാനിപ്പിച്ചു.
“ഇന്ന് വെള്ളിയാഴ്ചയല്ലെ... അഛൻ വൈകുന്നേരം വിളിക്കൂല്ലൊ.. അപ്പൊ ചോദിച്ചാ പോരെ. വൈകീട്ട് നമ്മൾ അമ്പലത്തിൽ പോയിട്ട് വരുമ്പോഴേക്കും അഛൻ വിളിക്കും....”

തൊട്ടടുത്തുള്ള അമ്പലത്തിൽ പോകുന്നത് കുട്ടന് ഇഷ്ടമല്ല. കാരണം നടന്നു പോകണം. ഓട്ടോയിൽ കയറി പോകണ അമ്പലത്തിൽ പോകണതാ കുട്ടനിഷ്ടം. അതു കൊണ്ട് അതൊന്നു ക്ലിയറാക്കാൻ വേണ്ടി ചോദിച്ചു
“നമ്മൾ ഏതമ്പലത്തിലാമ്മേ... പോണത്...?”
കുട്ടന്റെ ചോദ്യത്തിന്റെ പൊരുൾ പിടി കിട്ടിയ അമ്മ ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു.
“നമ്മൾക്ക് അയ്യപ്പന്റെ അമ്പലത്തിൽ പോകാം പോരെ....!?”

അതു കേട്ടതും കുട്ടന്റെ മുഖം വിടർന്നു.
“ഹായ്...! ഓട്ടോയിൽ കേറി പോകാല്ലൊ....!!”
കുട്ടൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി....
ഉടനെ തന്നെ പതിവു പോലെ സന്തോഷത്തിനിടക്ക് അമ്മയുടെ കുശുമ്പു ചോദ്യം വന്നു.

“ഇങ്ങനെ കളിച്ചു നടന്നാ മത്യോ... ഒന്നും പഠിക്കണ്ടെ....?”
അതു കേട്ടതും കുട്ടന്റെ മുഖം കയ്പ്പക്ക കടിച്ചതു പോലെ വക്രിച്ചു.
“അതിന് ഇനി മൂന്നു ദിവസം അവധിയല്ലെ... നാളെ പഠിച്ചാമതി....!” കുട്ടൻ ചിണുങ്ങി..
ഒരു വാക്കു തർക്കത്തിനു നിൽക്കാതെ അമ്മ സമ്മതിച്ചു.

“ശരി...നാളെ പഠിക്കണം... അന്നേരം ഇനീം നാളേന്നു പറയരുത്... കേട്ടല്ലൊ....”
അന്നേരം തെളിഞ്ഞ മുഖത്തോടെ കുട്ടൻ മുറ്റത്തേക്കിറങ്ങി.
“കുട്ടാ അകലേക്കെങ്ങും പോകല്ലേ...!”
അതു കേട്ടതും കുട്ടനു ദ്വേഷ്യം വന്നു.
“ഓ... ഈ അമ്മേക്കൊണ്ടു തോറ്റൂ.....! എന്നെ എങ്ങും വിടൂല്യാ... മണ്ണീ കളിക്കാൻ പാടില്ല്യ.. മരത്തിൽ കേറാൻ പാടില്യാ.... വെള്ളത്തിൽ കളിക്കാൻ പാടില്യാ.... ഓടാൻ പാടില്യാ... ചാടാൻ പാടില്യാ... ടീവീം കാണാൻ പാടില്ല....!!! പിന്നെന്താ ഞാൻ കളിക്യാ....?!!”

ചിക്കൂനു വല്ലാത്ത സങ്കടം വന്നു.... കുട്ടന്റെ സങ്കടം കണ്ട് അമ്മക്കു ചിരി വന്നു.
“ ടീവി കാണണ്ടാന്നു പറഞ്ഞില്യാല്ലൊ... ഉവ്വൊ...? കാർട്ടൂൺ കാണരുതെന്നല്ലെ പറഞ്ഞുള്ളു.....”

കുട്ടൻ മുഖം വെട്ടിച്ച് ഇറയത്തു തന്നെ കുത്തിയിരുന്നു...
താടിക്കു കൈ കൊടുത്ത് മുട്ടു കാലിൽ കൈ മുട്ടൂന്നി പടിക്കലേക്ക് നോക്കിയിരുന്നു. മുൻ‌പിലേ റോഡിൽ കൂടി പോകുന്ന ഓട്ടോറൊക്ഷകളും നോക്കി.....

കർട്ടൂൺ കാണരുതെന്നു പറയാൻ ഒരു കാരണമുണ്ടായിരുന്നു..
ഒരു ദിവസം അമ്മ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ചിക്കുവിന്റെ കണ്ണുകൾ രണ്ടും പതിവില്ലാത്ത വിധം അടഞ്ഞു പോകുന്നതു കണ്ടു. ഉടനെ തന്നെ തുറക്കുകയും ചെയ്യും.
പക്ഷെ, അതൊരു സാധാരണ പ്രക്രിയ ആയിരുന്നില്ല. എന്തോ ഒരു പ്രത്യേകത അതിനുണ്ടായിരുന്നു.

കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് ആദ്യം കൃഷ്ണമണി രണ്ടും മേലോട്ടു പോകും. അതോടൊപ്പം കൺപീലികൾ രണ്ടും സാവധാനം വന്നടയും. അതു കഴിഞ്ഞ് പെട്ടെന്നു തന്നെ കണ്ണുകൾ തുറക്കുകയും ചെയ്യും. വീണ്ടും കുറച്ചു കഴിയുമ്പോൾ ഇതാവർത്തിക്കും.

‘നീയെന്തിനാ ഇങ്ങനെ കണ്ണടക്കണെ’യെന്നു ചോദിച്ചാൽ, ഞാനങ്ങനെയൊന്നും ചെയ്യുന്നില്ലാന്നായിരിക്കും കുട്ടൻ പറയുക. കുട്ടൻ മന:പ്പൂർവ്വമല്ല ഇതു ചെയ്യുന്നതെന്നറിഞ്ഞതോടെ അമ്മക്കാധിയായി...! ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോന്നായി പിന്നെ സംശയം. മൂന്നാലു ദിവസം ഭീഷണിയും, അടിയും മറ്റും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും ഫലിച്ചില്ല. അവസാനം ഗൾഫിലിരിക്കുന്ന അഛനോട് വിവരം പറയുന്നതിനു മുൻപെ ഡോക്ടറെ കാണിക്കാൻ അമ്മ കുട്ടനെയും എടുത്ത് ആധിയുമായി ഓടി.

പരിശോധനക്കു ശേഷം കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. പിന്നെ അവനെ ചോദ്യം ചെയ്തതിനു ശേഷം ഡോക്ടർ ഒരു നിഗമനത്തിലെത്തി....
ദിവസവും കാണുന്ന ടീവി കാർട്ടൂണിലെ ഏതോ ഒരു കഥാപാത്രത്തിനെ അനുകരിക്കുന്നതിനാണ് ഈ കണ്ണടയത്രെ....!!!
ഡോക്ടറുടെ നിർദ്ദേശപ്രകാരം ടീവിയിൽ നിന്നും ആ കാർട്ടൂൺ ചാനൽ കുട്ടനറിയാതെ എടുത്തുകളഞ്ഞു. പിന്നീടത് കാണാതിരുന്നപ്പോൾ ആ കഥാപാത്രത്തെ മറക്കുകയും അതോടെ ആ ‘കണ്ണടരോഗം’ മാറിക്കിട്ടുകയും ചെയ്തു....!!!
കാർട്ടൂണില്ലെങ്കിൽ കുട്ടന് പിന്നെന്തു ടീവി...!!!

വൈകുന്നേരം അമ്മയൊരുമിച്ച് ഓട്ടോയിൽ കയറി അമ്പലത്തിൽ പോയപ്പോഴാണ് ചിക്കുവിന്റെ പിണക്കം മാറിയത്. ടൌണിലെത്തിയപ്പോഴേക്കും ഏതോ വണ്ടി അപകടത്തെ തുടർന്ന് റോഡ് ബ്ലോക്കായി.

മുന്നോട്ടും, തിരിച്ചു പോകാനും വയ്യാതെ റോഡിന്റെ നടുവിൽ കിടന്നു നട്ടം തിരിഞ്ഞു. നടന്നു പോകാൻ ചിക്കു സമ്മതിച്ചില്ല. ഇരുന്നു മുഷിഞ്ഞപ്പോൾ ബലമായി പിടിച്ചിറക്കി ചിക്കുവിനേയും കൊണ്ടു നടന്നു. കുറച്ചു നടന്നപ്പോഴാണ് ദേവീ ക്ഷേത്രത്തിന്റെ തൊട്ടു മുൻപിലാണ് അപകടം നടന്നതെന്നു മനസ്സിലായത്.
പോലീസ്സുകാർ വാഹനങ്ങൾ വഴി തിരിച്ചു വിടാനുള്ള ശ്രമത്തിലാണ്. ദേവീ ക്ഷേത്രത്തിന്റെ മുൻപിലെത്തിയപ്പോൾ, ചിക്കുവും അമ്മയും ഒന്നു നിന്നു.....
“ഇന്നു നമ്മൾക്ക് ഈ അമ്പലത്തിൽ പോയി തൊഴാം കുട്ടാ.....”

ഓട്ടോറിക്ഷ മുന്നോട്ടു നീങ്ങാത്തതു കൊണ്ട് ചിക്കുവിനും അതു സമ്മതമായിരുന്നു....
ടൌണിനപ്പുറത്തുള്ള അയ്യപ്പന്റെ അമ്പലത്തിലാണ് മിക്കവാറും പോകാറുള്ളത്. ഇവിടെ ഉത്സവം പോലുള്ള ഏതെങ്കിലും വിശേഷാവസരങ്ങളിൽ മാത്രമേ വരാറുള്ളു.

തൊഴുത് പുറത്തിറങ്ങാൻ നേരത്താണ് ഇവിടത്തെ ശാന്തിക്കാരൻ പേരും നാളും പറഞ്ഞാൽ ഭാവി ഫലം പറയുന്ന ആളാണെന്ന് ഓർമ്മ വന്നത്. ഒന്നു നോക്കിയിട്ടു പോയാലോന്നു ചിന്തിച്ചു നോക്കുമ്പോൾ, ശാന്തിക്കാരന്റടുത്ത് ഒന്നു രണ്ടു പേർ നിൽക്കുന്നു.. അവർ ഫലമറിയാൻ നിൽക്കുകയായിരിക്കും..... അവരുടെ കഴിഞ്ഞിട്ടു പോയി കാണാമെന്നു കരുതി സ്വല്പം മാറി നിന്നു.

അവർ പോയതും ശാന്തിക്കാരനെ കണ്ട് വിവരം പറഞ്ഞു.
“ ഈയാളിപ്പൊ നാട്ടിലില്ലാല്ലെ....?” ശാന്തിക്കാരൻ മൌനത്തിൽ നിന്നുണർന്ന് മുഖമുയർത്തി ചോദിച്ചു.
“ ഇല്യാ.. അവിടെത്തന്ന്യാ..”
മുൻപരിചയമുള്ളതുകൊണ്ടായിരിക്കാം ശാന്തിക്കാരൻ അങ്ങനെ പറഞ്ഞത്. പിന്നെ അയാൾ ഗഹനമായ ചിന്തയിൽ മുഴുകി.
“അയാളിപ്പോൾ വല്ലാത്തൊരു പ്രതി സന്ധിയിൽ അകപ്പെട്ടിരിക്കുകയാണല്ലൊ...!” അതും പറഞ്ഞ് ശാന്തിക്കാരൻ മുഖമുയർത്തി വീണ്ടും പറഞ്ഞു.
“ ഒരു പക്ഷെ, തിരിച്ചു വരാനുള്ള സാദ്ധ്യത കൂടി കാണുന്നുണ്ട്...!!”

അമ്മയും മോനും ശാന്തിക്കാരനെത്തന്നെ ഉറ്റു നോക്കി നിന്നു. ചിക്കുവിനൊന്നും മനസ്സിലായില്ലെങ്കിലും അമ്മ പറഞ്ഞു
“ഹേയ്.. അങ്ങനെ വരാൻ വഴിയില്ല. മുൻപൊക്കെ കുറച്ചു വെഷ്‌മായിരുന്നു. ഇപ്പൊ പുതിയ മാനേജർ വന്നതിനു ശേഷം അതൊന്നൂല്ല്യ. ഇപ്പൊ ശമ്പളമൊക്കെ കൃത്യായിട്ട് കിട്ടൺണ്ട്...”

ശാന്തിക്കാരൻ വീണ്ടും തന്റെ ചിന്തകളുമായി മുന്നോട്ടു പോയി...
“ശരി.. ഞാൻ എന്റെ മനസ്സിൽ തോന്നിയതാണ് പറഞ്ഞത്. എന്തായാലും പുള്ളിക്കാരനോട് ഒന്നു ശ്രദ്ധിച്ചോളാൻ പറയാ.... കുറച്ചൊരു ക്ഷമാശീലം കാണിച്ചാൽ മതി....!! നിങ്ങൾക്കും കൂടി അങ്ങോട്ടേക്ക് പോകാനുള്ള യോഗമുള്ളതായിട്ടാ ഞാൻ കാണണേ....!!!”

ശാന്തിക്കാരന് ദക്ഷിണയും കൊടുത്ത് പുറത്തിറങ്ങുമ്പോൾ ഉള്ള ശാന്തി കൂടി നഷ്ടപ്പെട്ടിരുന്നു.....!! പടിക്കലെത്തി ഓട്ടോയിൽ നിന്നിറങ്ങിയതും ചിക്കു വീട്ടിലേക്കോടി. അകത്തുകയറിയ ഉടൻ ഫോൺ ബെല്ലടിച്ചു. ചിക്കു ഓടിച്ചെന്നു ഫോണെടുത്തു..

“ഹലോ...” അപ്പുറത്തെ ശബ്ദം കേട്ടതും ആളെ മനസ്സിലായ ചിക്കുവിന്റെ മുഖം വിടർന്നു..
“അ..ഛാ.....” മറുപടി വരുന്നതിനു മുൻപെ ആദ്യ ചോദ്യം പുറത്തു വിട്ടു
“ അഛാ... ഹമ്മർ വാങ്ങ്യോ.... എല്ലൊ കളർ...?”

ഞാൻ അക്കാര്യം മറന്നു പോയിരുന്നു. ഇവിടത്തെ നിലനിൽ‌പ്പ് തന്നെ അവതാളത്തിൽ കിടക്കുന്നതിനിടക്ക്, അമ്മയേയും മോനേയും കുറച്ചു ദിവസമായിട്ട് മറന്ന് കിടക്കുകയായിരുന്നു. ഇനി അത് വാങ്ങാൻ സമയം കിട്ടുമോന്നറിയില്ല. കുട്ടനെ നിരാശപ്പെടുത്താതെ എന്തു മറുപടി പറയുമെന്നറിയാതെ ഒന്നു നിന്നു. പെട്ടെന്നാണ് മഞ്ഞക്കളറിന്റെ കാര്യം ഓർമ്മ വന്നത്.

“കുട്ടാ... അഛൻ ഒരുപാടന്വേഷിച്ചൂട്ടൊ ആ വണ്ടി.. പക്ഷെ, മഞ്ഞക്കളർ ഇല്യാട കുട്ടാ.... ഇനി വേറെ സ്ഥലത്ത് നോക്കട്ടേട്ടൊ....”
ആ നുണ ചിക്കു വിശ്വസിച്ചുവെന്നു തോന്നുന്നു. ഒരു ഉമ്മ തന്ന് അമ്മക്ക് ഫോൺ കൈമാറി.

“എന്താ മോളെ വിശേഷം....?”
“ഹേയ് വിശേഷോന്നൂല്യ...” ശാന്തിക്കാരൻ പറഞ്ഞത് തൽക്കാലം അറിയിക്കണ്ടാന്നു വിചാരിച്ച് പറഞ്ഞില്ല... അവിടെ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ, പിന്നെ ഇതറിയിച്ച് വെറുതെ എന്തിന് ഒരു മനോവിഷമം ഉണ്ടാക്കണം....!!

പക്ഷെ, പിന്നീട്  “ഞാൻ നാളെ ഇവിടെ നിന്നും തിരിക്കുമെന്നും മറ്റെന്നാൾ അവിടെയെത്തുമെന്നും ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ടെന്നും” പറഞ്ഞ വാക്കുകൾ കേട്ട് ശ്രീമതി ഇടിവെട്ടേറ്റതു പോലെ  ഞെട്ടിത്തെറിച്ചു നിന്നു പോയി....!!!
കുറച്ച് നേരത്തേക്ക് ശാന്തിക്കാരന്റെ വാക്കുകൾ തലച്ചോറിനുള്ളിൽ കിടന്നു ചൂളം വിളിച്ചു. റസീവർ കൈവിട്ടു പോയതു പോലും അറിഞ്ഞില്ല....!!

കുറച്ചു കഴിഞ്ഞ് വീണ്ടും ഡയൽ ചെയ്ത് കിട്ടിയതിനു ശേഷമാണ് ശാന്തിക്കാരൻ പറഞ്ഞ അവിശ്വസനീയമായ വാക്കുകൾ കേട്ട് ഞാനും സ്തംഭിച്ചു നിന്നു പോയത്.....!!!
ശരിക്കും പറഞ്ഞാൽ വിയർത്തു പോയി.....!!

അതോടെ എന്റെ പിടിവാശിയെല്ലാം ആ നിമിഷം ഉപേക്ഷിച്ചു.....!
ബോസ്സിനോട് നാളെ കാലത്ത് പോയി ‘സോറി’ പറയാം....
അല്ലെങ്കിൽ എഴുതി ഒപ്പിട്ടു കൊടുക്കാം.....!!
കുടും‌ബത്തെ കൊണ്ടു വരാൻ കഴിയുന്ന ഒരു ജോലിയാണെന്നല്ലെ ശാന്തിക്കാരന്റെ പ്രവചനം...!!! അങ്ങനെയെങ്കിൽ അതിൽ‌പ്പരം ഒരു മഹാഭാഗ്യമെന്തുണ്ട്.....!!!

ഭൂരിഭാഗം പ്രവാസികൾക്കും ഒരു സ്വപ്നമായി മാത്രം കൊണ്ടു നടക്കാൻ കഴിയുന്ന കാര്യം....!!
അതിനു വേണ്ടി എന്തു ചെയ്യാനും ഞാൻ തെയ്യാറാണ്....!!!

ഇതുവരെ കാണാത്ത പുതു സ്വപ്നങ്ങളുമായി , കുറേ ദിവസത്തെ മന:സംഘർഷങ്ങൾക്കു ശേഷം അന്നു ഞാൻ സുഖമായി, സമാധാനത്തോടെ കിടന്നുറങ്ങി......!!!

ബാക്കി അടുത്ത പോസ്റ്റിൽ....

Thursday, 1 July 2010

സ്വപ്നഭുമിയിലേക്ക്... ( 23 )



കഥ തുടരുന്നു.....


ഹലോ...ഹലോ....

അന്നു വ്യാഴാഴ്ചയായിരുന്നു.....
അന്നും പിറ്റെ ദിവസവും സർക്കാർ സ്ഥാപനങ്ങൾക്ക് മുടക്കമാണ്....
എന്റെ പാസ്പ്പോർട്ടിൽ ‘എക്സിറ്റ് വിസ‘ അടിക്കാൻ കഴിയുമായിരുന്നില്ല...

വൈകുന്നേരം വരെ കാത്തിരുന്നിട്ടും ഒരു വിളിയും വരാതായപ്പോൾ ഞാൻ കണക്കപ്പിള്ളയെ വിളിച്ചു. അദ്ദേഹമാണ് ഇനി വിസ ശനിയാഴ്ച മാത്രമെ അടിക്കാൻ കഴിയൂ എന്നു പറഞ്ഞത്.

എനിക്ക് വല്ലാത്ത നിരാശയാണു തോന്നിയത്. പോകാൻ തീരുമാനിച്ചാൽ പിന്നെ എത്രയും നേരത്തെ ആകണം....

അന്നും വർഗ്ഗീസേട്ടന്റെ ഉപദേശവും, ആശ്വസിപ്പിക്കലും....
‘ഏതായാലും പോകാൻ തീരുമാനിച്ചില്ലെ, എന്നാൽ പിന്നെ ഇതൊക്കെ ഒന്നു തീർത്തിട്ടു പോടാ’ എന്ന മട്ടിലുള്ള സൽക്കാരങ്ങളും വീണ്ടും അരങ്ങേറി....!!

പിറ്റെ ദിവസം വെള്ളിയാഴ്ച. പതിവു പോലെ കിടന്നുറങ്ങാൻ ഇഷ്ടം പോലെ സമയം.
മതി വരുവോളം കിടന്നുറങ്ങി. ഉച്ചക്ക് രാജേട്ടൻ വിളിക്കുമ്പോഴാണ് കണ്ണു തുറന്നത്.
ഊണു കഴിഞ്ഞിരിക്കുമ്പോളാണ് കണക്കപ്പിള്ളയുടെ ഫോൺ വന്നത്.
”അഞ്ചു മണിക്ക് കടയിൽ വരണം. ബോസ്സ് വരും. ഒരു കൂടിക്കാഴ്ച അറേഞ്ച് ചെയ്തിട്ടുണ്ട്....!!?”
“ ശരി...” ഞാൻ വീണ്ടും ചോദിച്ചു.
“വന്നിട്ടെന്തിനാ....?”
“ വാ.. ബോസ്സുമായി നേരിട്ടൊരു കൂടിക്കാഴ്ച നല്ലതല്ലെ...?”
“ശരിയാണ്, ഒന്നുമില്ലെങ്കിലും നേരിട്ടൊരു യാത്ര പറച്ചിൽ ആകാല്ലൊ...!!“
ഞാൻ വീണ്ടും ചോദിച്ചു.
“ ആ പാര ഈജിപ്ഷ്യനും വരുമോ...?”
“ഹേയ് അവൻ വരാൻ വഴിയില്ല. ഇതു ബോസ്സ് ഇപ്പോൾ എന്നെ വിളിച്ചു പറഞ്ഞതാ. വെള്ളിയാഴ്ച ആയതു കൊണ്ട് അവൻ വരാൻ വഴിയില്ല...”
“ ശരി ഞാൻ എത്തിക്കോളാം... ചേട്ടനും വരുമോ...? ”
“ ഞാനും വരുന്നുണ്ട്...” ചെറിയൊരു ആശ്വസം ആ ഫോൺ കാളിനു തരാനായി...!
ചിലപ്പോൾ ബോസ്സിന് എന്നെ മനസ്സിലാകും....!?
പിന്നെ അഞ്ചു മണി ആകാൻ കാത്തിരുന്നു.....

വെള്ളിയാഴ്ച ആയതു കൊണ്ട് അന്നു എല്ലാവരും വീട്ടിലേക്ക് വിളിക്കേണ്ട ദിവസമായിരുന്നു.
എന്റെ ഡിസ്മിസൽ വിവരങ്ങളൊന്നും ഇതു വരെ വീട്ടിലേക്ക് അറിയിച്ചിരുന്നില്ല.
അതു കേൾക്കുമ്പോൾ എന്താകും ‘നല്ലപാതി‘യുടെ പ്രതികരണമെന്ന് നിശ്ചയമില്ല...
അറബിയുമായി ഒരു വഴക്കാണെന്നു തെറ്റിദ്ധരിച്ചാൽ പേടിക്കുമെന്നുറപ്പ്....!
ഇതു അറബി നാടല്ലെ....? അവർക്ക് നമ്മളെ എന്തും ചെയ്യാനാകും എന്നു കരുതുന്നവരാണ് നാട്ടിലുള്ളവരിൽ അധികം പേരും....!!

അതു കൊണ്ടാണ് വിവരങ്ങളൊന്നും പറയാതിരുന്നത്. പറയാതെ ചെന്നാൽ, പെട്ടെന്നു കാണുമ്പോൾ  ഒന്ന് അന്ധാളിക്കുമെന്നല്ലെ ഉള്ളു... ഇന്നത്തെ വിളി, ഈ കൂടിക്കാഴ്ചയുടെ വിവരം കൂടി അറിഞ്ഞിട്ട് മതിയെന്നു തീരുമാനിച്ചു.

കൂട്ടുകാർ ഒരോരുത്തരായി നാട്ടിലേക്ക് വിളിക്കുന്നുണ്ട്. ഭാര്യമാരോട് സംസാരിക്കുന്നവർ, മുറിയിൽ നിന്നും കൂട്ടുകാരെ പുറത്താക്കി, വാതിലടച്ചിട്ട് സംസാരിക്കും. ഞങ്ങളുടെ ഫ്ലാറ്റിൽ ഒരു ലാന്റ് ഫോൺ ആണ് ഉള്ളത്. അന്നൊന്നും മോബൈൽ ഇത്ര വ്യാപകമായിരുന്നില്ല.

ഉള്ളതു തന്നെ നല്ല കാശുള്ള ഷേഖുമാരുടെ കയ്യിലേ ഉള്ളു. അതും ഒരു പുട്ടുകുറ്റി പോലത്തെ ഒരു
സാധനം. എടുത്താലൊന്നും പൊങ്ങാത്തത്ര കനം. ചിലപ്പോൾ ഷേഖുമാർ കടയിൽ വന്നിരിക്കുമ്പോൾ, മോബൈലെടുത്ത് മേശപ്പുറത്തു വക്കും. ഇന്നത്തെപ്പോലെ പൊക്കറ്റിൽ ഒതുങ്ങുന്നതായിരുന്നില്ല അതിന്റെ വലിപ്പം. അപ്പോഴാണ് ഞങ്ങൾക്ക് അതൊന്നു കാണാൻ കിട്ടുന്നതു തന്നെ.

ഫോൺ വന്നു കഴിഞ്ഞാൽ, ആദ്യം അതിന്റെ ഏരിയൽ വലിച്ചു പൊക്കി വക്കും. എന്നിട്ടു ചെവിയിൽ വച്ച് ‘ഹല്ലൊ’ പറയുന്നതിനൊപ്പം എഴുന്നേറ്റ് കടക്ക് പുറത്തു കടക്കും. പിന്നെ പുറത്തു നിന്നാണ് സംസാരം. അതു കഴിഞ്ഞ് വീണ്ടും അതിന്റെ ഏരിയൽ താഴ്ത്തി വച്ച് മേശപ്പുറത്ത് കൊണ്ടു  വക്കും.

അപ്പോഴാണ് ഞാനതിൽ തൊട്ടു നോക്കുന്നത്. ചില നല്ല അറബികൾ എന്റെ ആകാംക്ഷ കണ്ടിട്ടു പറയും “വീട്ടിലേക്കു വിളിച്ചൊ... കുഴപ്പമില്ല..” ഞാനത് ഭവ്യതയോടെ നിരസിക്കും.
കാരണം, ഇതു പട്ടിക്കു മുഴുവൻ തേങ്ങ കിട്ടിയതു പോലെയാണ്...!!?
ഇതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നറിയില്ല്ലല്ലൊ. ഇതിന്റെ ഉടമസ്തനായ അറബിയോടു ഡയൽ ചെയ്തു തരാൻ പറയാൻ പറ്റുമോ....?

ഞാൻ പറഞ്ഞു വന്നത് ഞങ്ങളുടെ ഫ്ലാറ്റിലെ ലാന്റ് ഫോണിന്റെ കാര്യമാണ്.
ഞങ്ങൾ പത്തു പേർ മാത്രമല്ല, ഞങ്ങളുടെ കൂട്ടുകാരും ഇതുവഴി നാട്ടിലേക്ക് വിളിച്ചിരുന്നു. ഓരോരുത്തർക്കും നല്ലൊരു തുക ഓരോ മാസവും വേണ്ടി വരും.

ഏതാണ്ട് അൻപതിനായിരം രൂപയിൽ കൂടുതൽ തുക ഓരോ മാസവും ഫോൺ കമ്പനിക്ക് അടക്കാനുണ്ടാകും. ഇതെല്ലാം പിരിച്ചെടുത്ത് അടക്കുകയെന്നത് കുറച്ചു ശ്രമകരമായ കാര്യമാണ്. കാരണം ഫോൺ വിളിക്കാൻ എല്ലാവർക്കും ഉത്സാഹമാണ്....!!
പക്ഷെ ബില്ലു വരുമ്പോൾ, സ്വന്തം നമ്പർ പോലും ഓർമ്മിയില്ലാത്തവരാകും ചിലർ.... !!

പിന്നെ പഴയ ബില്ലുകൾ നോക്കി അതിന്റെ ഉടമസ്തനെ കണ്ടെത്തേണ്ടത് ഫോണിന്റെ ഉടമസ്തന്റെ ജോലിയാണ്. കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അവരുമായി വഴക്കിടണം....

ചില നമ്പറുകൾ അതിനു മുൻപൊരിക്കലും വിളിച്ചിട്ടുള്ളതായിരിക്കില്ല. അങ്ങനെയുള്ള നമ്പറിൽ വിളിച്ചവനെ കണ്ടെത്തുക അത്ര എളുപ്പമല്ല. അതിന് ഞങ്ങൾ ഒന്നുകൂടി ആ നമ്പറിൽ ഡയൽ ചെയ്യും. അവിടന്നു മറുപടി കിട്ടുമ്പോൾ ചോദിച്ചറിയും, ഇവിടെ നിന്നും ആരാണ് ആ ദിവസം
വിളിച്ചതെന്ന്. അങ്ങനെ വിളിച്ചവനെ കിട്ടും....!!

പക്ഷെ, വിളിച്ചവൻ ഞങ്ങളുടെ ഫ്ലാറ്റിലെ താമസക്കാരനല്ലെങ്കിൽ വീണ്ടും കുഴങ്ങും.
പിന്നെ ആ പേരുകാരനെക്കുറിച്ച് ഫ്ലാറ്റിലെ എല്ലാവരുമായി ചർച്ച ചെയ്യും. ഞങ്ങളുടെ ഫ്ലാറ്റിലെ ഏതെങ്കിലും താമസക്കാരുടെ കൂടെ വന്നവനാകണം ഇയാൾ എന്ന കാര്യം ഞങ്ങൾക്കുറപ്പുണ്ട്.

അങ്ങനെ വന്നയാളെ കിട്ടിയാലും അയാൾ അതു സമ്മതിക്കണമെന്നില്ല. അയാൾ കാശും തരികയില്ല. അതിനു പകരം ആരുടെ കൂടെയാണൊ അയാൾ വന്നത്, അയാൾക്കാണ് ആ കാശ് അടക്കാനുള്ള ചുമതല.

അങ്ങനെ ഈ ടെലഫോൺ കാരണം എത്രയോ സുഹൃത്തുക്കളുമായി വഴക്കിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എഴുത്തുകൾ അയച്ചാൽ ഇരുപതു ദിവസമെങ്കിലും പിടിക്കും നാട്ടിൽ കിട്ടാൻ. അതു പോലെ തിരിച്ചും. അതു കാരണം ഞങ്ങൾ അധികവും, നാട്ടിൽ സ്വന്തമായിട്ട് ഫോൺ ഇല്ലെങ്കിലും അയൽക്കാരുടേയും മറ്റും ഫോൺ വഴിയാണ് സംസാരിച്ചിരുന്നത്.

ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെ വിവരങ്ങളറിയാനായി വെള്ളിയാഴ്ചകളാണ് തിരഞ്ഞെടുക്കുക.
ലൈൻ കിട്ടിയാൽ വയറു നിറച്ചു സംസാരിക്കും....! അന്നേരം പൈസയൊന്നും കൊടുക്കേണ്ടല്ലൊ....!! ബില്ലു വരുമ്പോഴാണ് ഓരോരുത്തരുടേയും കണ്ണു തള്ളുന്നത്....!

ഒരു വർഷം ടെലഫോണിനായി ഞങ്ങൾ ഓരോരുത്തരും ചിലവഴിക്കുന്നത് ഏതാണ്ട്
അൻപതിനായിരത്തിൽപ്പരം രൂപയോളമോ അതിൽ കൂടുതലൊ വരുമായിരുന്നു.....!!!
അത്രയും കാശ് ഒരു വർഷം കൊണ്ട് ഞങ്ങളിൽ പലർക്കും നാട്ടിലയക്കാൻ കിട്ടുമായിരുന്നില്ല....!!!! എന്നിട്ടും ഫോണിനായി ചിലവഴിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല.
വീടും നാടും വിട്ട് പ്രവാസിയായി ജീവിക്കുമ്പോൾ, ആകെ ആശ്വാസം ഈ ഫോൺ വിളി മാത്രമാണ്....!! ഉറ്റവരുടെ ശബ്ദം നേരിട്ടു കേൾക്കുമ്പോഴുള്ള ഒരു സുഖം അതൊന്നു വേറെ തന്നെ..!!... അതു കഴിഞ്ഞാൽ ഒരാഴ്ച കഴിച്ചു കൂട്ടാൻ വലിയ ബുദ്ധിമുട്ടില്ല. വീണ്ടും അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരിക്കും......

വൈകുന്നേരം അഞ്ചു മണിക്ക് ഞാൻ കടയിലേക്കു ചെന്നു. കണക്കപ്പിള്ളയും ബോസ്സും വന്നിട്ടുണ്ട്. കണക്കപ്പിള്ളച്ചേട്ടൻ സ്വകാര്യമായി ചെവിയിൽ പറഞ്ഞു.
“ പാര ഈജിപ്ഷ്യനും വന്നിട്ടുണ്ട്. അവന്റെ ക്യാബിനിൽ കയറി ഇരുപ്പുണ്ട്...”
അതു കേട്ടതും എന്റെ ശരീരം വിറഞ്ഞു കയറാൻ തുടങ്ങി. അവനെ മുന്നിലിരുത്തി, ബോസ്സ് എന്തു പറഞ്ഞാലും ഞാൻ സമ്മതിക്കാൻ പോകുന്നില്ലാന്ന് മുകളിലേക്കുള്ള സ്റ്റെപ്പു കേറുമ്പോഴേ തീരുമാനിച്ചിട്ടാണ് ഓഫീസ്സ് മുറിയിലേക്കു ചെന്നത്.

പോകുന്ന വഴി പാര ഈജിപ്ഷ്യന്റെ ക്യാബിന്റെ അടുത്തു കൂടി പോയപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു. അവൻ അതിനകത്തിരുപ്പുണ്ട്. തൊട്ടടുത്ത മുറിയാണ് ബോസ്സിന്റെ.

ഞാൻ ഒരു നമസ്കാരം പറഞ്ഞ് ബോസ്സിന്റെ എതിർ വശത്തിരുന്നു. എന്റെ വലതു വശത്ത്
കണക്കപ്പിള്ളയും. ഇവിടെ ഒരു സൂചി വീണാൽ തൊട്ടപ്പുറത്തിരിക്കുന്ന പാരക്ക് കേൾക്കാം.

തുടക്കം ബോസ്സിന്റേതായിരുന്നു.... ചിരിച്ചു കൊണ്ടായിരുന്നു ചോദിച്ചത്.
“നീയെന്തിനാ ആവശ്യമില്ലാതെ സ്റ്റാഫിന്റെ അടുത്ത് വഴക്കിനു പോകുന്നത്....?”
“ഞാനാരുടെ അടുത്തും വഴക്കിനു പോയില്ല.. ഇങ്ങോട്ടു വന്നാൽ സമ്മതിക്കുകയുമില്ല....”
“അതൊക്കെ പോകട്ടെ... നീ ജോലി ചെയ്യാൻ തെയ്യാറുണ്ടൊ..?”
“ഞാൻ ജോലി ചെയ്യാൻ തെയ്യാറാണ്. പക്ഷെ, എന്റെ ജോലി അല്ലാതെ മറ്റു വല്ല പണികളും
ബലമായി എടുപ്പിക്കാൻ ശ്രമിച്ചാൽ സമ്മതിക്കില്ല...”
“അതൊന്നുമില്ല, ഞാൻ പറയണ ജോലി നീ ചെയ്താൽ മതി...”
“അതിനു ഞാൻ തെയ്യാർ....”

ഉടനെ ഒരു കടലാസ് എടുത്തു എന്റെ മുൻപിലേക്കിട്ടിട്ട് ബോസ് പറഞ്ഞു.
“ ഇതിലൊരു ഒപ്പിട്...?!”

ഞാനതെടുത്ത് വായിച്ചു നോക്കി. ചെയ്തുപോയ സർവ്വ തെറ്റിനും മാപ്പു പറഞ്ഞു കൊണ്ടുള്ള കത്താണിത്. പെട്ടെന്നെന്റെ രക്തം തിളച്ചു....!!
ദ്വേഷ്യത്തോടെ തന്നെ ഞാൻ ചോദിച്ചു.
“ എന്താത്...?”
“ നീ അതിനകത്തൊരു ഒപ്പിട്ടാ മതി... വേറെ പ്രശ്നമൊന്നുമില്ല....!!”
“ പ്രശ്നമുണ്ട്...!! ഇംഗ്ലീഷു വായിച്ചാൽ കുറച്ചൊക്കെ എനിക്കും മനസ്സിലാകും... ഞാൻ ചെയ്ത തെറ്റിനു  മാപ്പിരക്കുന്ന കത്താണിത്....!! ശരി, ഞാൻ ഒപ്പിടാം... ആദ്യം തന്നെ ഞാൻ ചെയ്ത തെറ്റെന്താണെന്നു പറ....?”
ബോസ്സ് ഒന്നും മിണ്ടുന്നില്ല. ഞാൻ തന്നെ തുടർന്നു.
“എന്റെ ജോലിയിൽ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടൊ..?
ഏതെങ്കിലും കസ്റ്റമർ എന്നെക്കുറിച്ച് ഒരു പരാതി പറഞ്ഞിട്ടുണ്ടൊ.....?”
“അതൊന്നുമില്ല..” ബോസ്സ്.
“പിന്നെ ഇതെന്താണ്...? എന്റേതല്ലാത്ത ജോലികൾ ഞാനിവിടെ ചെയ്തിട്ടുണ്ട്. അന്നു, പക്ഷെ ഞാൻ ഒരാളെ ഉണ്ടായിരുന്നുള്ളു സ്റ്റാഫായിട്ട്. അതു പോലെയല്ല ഇന്ന്. എന്റെ അത്തരം ജോലികൾ കണ്ടിട്ടാണല്ലൊ നീ എനിക്ക് ഈയടുത്ത കാലത്തായി അധികവേതനവും തന്നിരുന്നത്. പുതിയ
സെയിൽ‌സ് മാനേജർ വന്നപ്പോൾ അവനത് കട്ടാക്കി... എന്നിട്ട്, നീ അത് നിറുത്തലാക്കിയത് എന്തു കൊണ്ടാണെന്നു എന്നോട് പറഞ്ഞൊ...? അവനോട് ചോദിച്ചൊ...? ഇല്ലല്ലൊ..? അപ്പോപ്പിന്നെ എന്റേതല്ലാത്ത ജോലികൾ ചെയ്യാൻ ഞാൻ തെയ്യാറുമല്ല...അന്ന് ഞാൻ ചെയ്ത ജോലികളൊക്കെ എന്റെ ജോലിയുടെ ഭാഗമാക്കാനുള്ള ഈ ശ്രമം സമ്മതിക്കാൻ പറ്റില്ല. ഈ കടലാസ്സിൽ ഒപ്പിടാൻ ഞാനൊരുക്കവുമല്ല....” ഞാൻ തറപ്പിച്ചു തന്നെ പറഞ്ഞു.

കുറച്ചു നേരം നിശബ്ദമായിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. കുറച്ചു കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് രണ്ടു പേരേയും മാറി മാറി നോക്കി.എന്നിട്ടു പറഞ്ഞു.

“ ബോസ് ആദ്യം പറഞ്ഞതു പോലെ ആണെങ്കിൽ ഞാൻ തുടരാൻ തെയ്യാറാണ്. അതല്ല ഇതിൽ ഒപ്പിട്ടിട്ടാണെങ്കിൽ, ഞാൻ ഇറങ്ങുന്നു. എനിക്ക് ജോലി വേണ്ട. ടിക്കറ്റ് മതി. തന്നെയുമല്ല, എടുത്തപടി ഒരു കാരണം പോലും ചോദിക്കാതെ നാട്ടിലേക്ക് കയറ്റി വിടുമെന്നു ഭീഷണിപ്പെടുത്തി പണിയെടുപ്പിക്കാൻ ശ്രമിക്കുന്ന ഒരു കമ്പനിയിൽ തുടരാൻ എനിക്കു താല്‍പ്പര്യമില്ല...!!”

ഇതെല്ലാം ‘പാര ഈജിപ്ഷ്യൻ’കേൾക്കാനായി ഉറക്കെ തന്നെയാണ് പറഞ്ഞത്. പിന്നെ, ബോസ്സിനോട് യാത്ര പറഞ്ഞ് ഞാൻ മുറിക്കു പുറത്തിറങ്ങി. നാളെ ഉച്ച കഴിയുമ്പോഴേക്കും
പാസ്പ്പോർട്ടിൽ എക്സിറ്റ് അടിച്ചു കിട്ടുമെന്നും അതിനുള്ളിൽ ടിക്കറ്റ് ശരിയാക്കാമെന്നും, ബാക്കിയുള്ള ശമ്പള ബാക്കിയും ഒരുമിച്ച് വന്നു വാങ്ങിക്കോളാൻ കണക്കപ്പിള്ളച്ചേട്ടൻ ഉറപ്പു പറഞ്ഞു.

ബോസ്സിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരിയാണുണ്ടായിരുന്നത്....!!?
അതിന്റെ അർത്ഥം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.

ഈജിപ്ഷ്യന്റെ മുറിയുടെ വാതിൽക്കൽ വന്നപ്പോൽ ഞാൻ ഒന്നു നിന്നു. അകത്തിരുന്നാൽ എന്റെ കാല്‍പ്പാദം വാതിലിന്നടിയിലൂടെ അവനു കാണാൻ കഴിയും. ഞാൻ മനസ്സിൽ പറഞ്ഞു.
‘ നീയാടാ..ദുഷ്ടാ... ഇതിനൊക്കെ കാരണം.... എന്നെ പെരു വഴിയിലാക്കിയത് നീയാണ്. ഇതിനുള്ള ശിക്ഷ തരാൻ എനിക്കു കഴിഞ്ഞില്ലെങ്കിലും മുകളിലൊരാളുണ്ടെന്നു നീ ഓർത്തോ...!!’
നാളെ നാട്ടിൽ പോകാൻ തീരുമാനിച്ചു തന്നെ അവിടന്നിറങ്ങി....!!!

ഫ്ലാറ്റിൽ വരുമ്പോൾ എല്ലാവരും കാത്തിരിക്കുകയായിരുന്നു. വിവരമെല്ലാം പറഞ്ഞു. എല്ലാവരിലും ഒരു നിശ്ശബ്ദത പരന്നു. എന്റെ ഉറ്റ കൂട്ടുകാരും ഞാനും കൂടി എന്റെ മുറിയിൽ കയറി വാതിലടച്ചിരുന്ന് ഭാവി പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. പുതിയ വിസ കണ്ടെത്തി എന്നെ തിരിച്ചു കൊണ്ടു വരുന്ന കാര്യം അവർ ഏറ്റു. അതിന്റെ ചിലവ്, ഞാൻ തിരിച്ചു വന്നിട്ട് കൊടുത്താൽ മതി. അതോടെ തൽക്കാലം ഇവിടം വിട്ടു പോകുന്നതിലുള്ള വിഷമം മാറിയെന്നു മാത്രമല്ല, ഈ കമ്പനിയോട് പൊരുതി നിൽക്കാനുള്ള ചങ്കൂറ്റവും കൈ വന്നു.

അന്നു രാത്രിയിൽ എല്ലാവരും കൂടി ഒരു ചെറിയ ‘വിട പറയൽ’ പാർട്ടി എനിക്കു തന്നു. അതിൽ ‘കുടി‘ ഒഴികെ മറ്റു പതിവ് ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ, എല്ലാം തീരുമാനിച്ചുറച്ച സ്ഥിതിക്ക് വീട്ടിൽ വിളിച്ച് വിവരം പറഞ്ഞേക്കാമെന്നു കരുതി എന്റെ നല്ല പാതിയേ വിളിച്ചു. അന്നു വെള്ളിയാഴ്ചയായതു കൊണ്ട് തൊട്ടടുത്ത അമ്പലത്തിൽ പോയി തൊഴുത് വഴിപാടുകളൊക്കെ കഴിച്ചു വന്നതേയുള്ളായിരുന്നു അമ്മയും എന്റെ ഒരേയൊരു മോനും.

ഫോണെടുത്തത് മോനാണ്. ഈ സമയത്ത് അഛന്റെ ഫോണായിരിക്കുമെന്നറിയാവുന്നത് കൊണ്ട് അവനാണ് എന്നും എടുക്കാറ്. അവനോട് കുശല പ്രശ്നങ്ങൾക്കു ശേഷം അമ്മക്കു കൈമാറി.
ഞാൻ ചോദിച്ചു.
“എന്താ മോളെ വിശേഷം...?”
“ ഹേയ് വിശേഷൊന്നൂല്യ.. ഞങ്ങൾ അമ്പലത്തിൽ പോയി വന്നതേള്ളു...”

[‘മോളെ‘ എന്നുള്ള വിളി ഞാൻ എന്റെ ‘നല്ല പാതിയെ‘ വിളിക്കുന്നതാണു കെട്ടൊ. സാധാരണ സ്നേഹ സമ്പന്നരായ(ശൂന്യരൊ..?) ഭർത്താക്കന്മാർ, തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു
കിട്ടാൻ മറ്റുള്ളവർ കേൾക്കേ വിളിക്കുന്ന ‘എടീ, പോടീ, വാടീ’ സം‌മ്പോധനയൊന്നും ഞാൻ കാണിച്ചില്ല. മോളേ എന്ന വിളിയിൽ ‘എന്തോ’ എന്ന മറുപടി ആണെനിക്കിഷ്ടം. അതിന്നും തുടരുന്നു.]

ഞാൻ തുടർന്നു.
“ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം.... വിഷമിക്കയൊന്നും വേണ്ടാ... മിക്കവാറും നാളെ വൈകീട്ടെത്തെ ഫ്ലൈറ്റിൽ ഞാനിവിടന്നു കേറും. മറ്റന്നാൾ കാലത്ത് ഞാൻ വീട്ടിലെത്തും.... കാരണം, ബോസ്സുമായി തെറ്റി.....!!”

അപ്പുറത്തു നിന്നും ‘ങേ...’ എന്നൊരു ശബ്ദം കേട്ടിട്ട് പിന്നെ ഒച്ചയൊന്നുമില്ല....?
ഞാൻ ‘ഹലൊ.. ഹലൊ...’ എന്നു രണ്ടു മൂന്നാവർത്തി വിളിച്ചിട്ടും മറുപടി ഉണ്ടായില്ല...!
പിന്നെയും വിളിച്ചിട്ടും അപ്പുറത്ത് അനക്കമൊന്നുമില്ല....!!
ഞാൻ ഫോൺ കട്ടാക്കിയിട്ട് വീണ്ടും വിളിച്ചു.
അപ്പോൾ എൻ‌ഗേജ്ഡ് ടോൺ ആണു വന്നത്...!!!
മൂപ്പിലാത്തി ഇപ്പോഴും ഫോണും കയ്യിൽ പിടിച്ച് മരവിച്ച് നിൽക്കുകയൊ, അതോ ബോധശൂന്യയായി നിലം പതിക്കുകയൊ ചെയ്തിരിക്കും.....!!?
ഞാനാകെ നിന്ന നില്‍പ്പിൽ വിയർപ്പിൽ കുളിച്ചു....!!
കുടിച്ചതത്രയും ആവിയായിപ്പോയി...!!!

പിന്നേയും കുറച്ചു കഴിഞ്ഞാണ് ഫോണെടുത്തത്....
അപ്പോൾ നല്ലപാതി പരിഭ്രമത്തിൽ പറഞ്ഞ വാർത്ത കേട്ട് ഞാനും ഞെട്ടി....!!?
എന്തു ചെയ്യണമന്നറിയാതെ ഫോണും കയ്യിൽ പിടിച്ച് മരവിച്ചു നിന്നു....!!!?



ബാക്കി അടുത്ത പോസ്റ്റിൽ.......