Tuesday, 1 February 2011

സ്വപ്നഭുമിയിലേക്ക്... ( 34 )


[ശേഖരേട്ടൻ സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ തെയ്യാറായ പെണ്ണ് ,
‘ഈ വിവാഹത്തിനു സമ്മതമല്ലെന്നു’ പറയുന്നിടത്തു നിന്നും...... ]

തുടരുന്നു....

നല്ല പാതി...

അന്നു തന്നെ ശേഖരേട്ടന്റെ ബന്ധു വിവരമറിയാനായി പുറപ്പെട്ടു. ശേഖരേട്ടൻ ഒരു കാര്യം പ്രത്യേകം പറഞ്ഞയച്ചിരുന്നു.
“എന്റേയൊ, നമ്മുടെ കുടുംബത്തിന്റേയൊ എന്തെങ്കിലും സ്വഭാവദൂഷ്യമോ മറ്റൊ പറഞ്ഞിട്ടാണ് അവർ ഒഴിവാകുന്നതെങ്കിൽ ഇങ്ങു പോരെ. അതു നിഷേധിക്കാനൊന്നും പോകണ്ട. നമുക്ക് മറ്റുള്ളവരെ പോയി കാണാം. അതല്ല മറ്റു വല്ലതുമാണെങ്കിൽ അത് എന്താണെന്നറിയണം...”

ബന്ധു പോയി തിരിച്ചു വരുന്നത് വരെ മുള്ളിന്മേലായിരുന്നു ശേഖരേട്ടന്റെ നിൽ‌പ്പ്. വരാൻ വൈകുന്നതു കൊണ്ട് ഞങ്ങൾ കവലയിലേക്ക് നടന്നു. ഉച്ച കഴിഞ്ഞപ്പോഴാണു ബന്ധു തിരിച്ചെത്തിയത്. വന്നപാടെ വഴിയിൽ വച്ചു തന്നെ കാര്യങ്ങൾ അറിഞ്ഞു.

‘സ്ത്രീധനം’ തന്നെ പ്രശ്നം....!!

സിനിമകളുടെ സ്വാധീനം അത്രക്കുണ്ടായിരുന്നു. അന്നു ഇന്നത്തെപ്പോലെ സീരിയലുകളൊന്നും ഉണ്ടായിരുന്നില്ല. പുതു മണവാട്ടിയുടെ കഴുത്തിലും കാതിലും മറ്റും കിടക്കുന്ന ആഭരണങ്ങൾ, കല്യാണസാരി എന്നിവ പിടിച്ച് നോക്കി പെണ്ണുങ്ങൾ ചോദിക്കുന്നതു കണ്ടിട്ടില്ലെ...
‘ഇതെത്ര പവനാ..?’
‘ഇതെവിടെന്നു വാങ്ങീതാ... ഈ നരുന്ത് മാല....?’
“ഇതിലും വലിയ കസവായിരുന്നു എന്റെ രണ്ടാം സാരിക്ക്...”
‘ കല്യാണത്തിനു വരുന്ന പെണ്ണുങ്ങൾ മാത്രമല്ല, സ്വന്തം നാത്തൂന്മാരും അമ്മായിയമ്മയുമൊക്കെ ഒരു പേടിസ്വപ്നമാണല്ലൊ....!!
അപ്പോൾ ആവശ്യത്തിന് ആഭരണങ്ങൾ കൂടി ഇല്ലാതെ ചെന്നാലൊ...?!!
അതായിരുന്നു പെങ്കൊച്ചിനുണ്ടായ മന:മാറ്റത്തിനു കാരണം.

‘എനിക്കു തരാനുള്ളത് സ്വർണ്ണമായിത്തന്നെ കല്യാണത്തിനു കിട്ടണം. ഇല്ലെങ്കിൽ എനിക്കു കല്യാണം വേണ്ട...!’
പെണ്ണു ഒറ്റക്കാലിൽ നിന്നു. ആരൊക്കെ പറഞ്ഞിട്ടും സമ്മതിച്ചില്ല.
‘അവിടെ ചെന്ന് തലയും താഴ്ത്തി നിൽക്കാൻ എനിക്കാവില്ല...! എനിക്കങ്ങനെ ഒരിടത്തും പോയി പൊറുക്കണ്ട....!!’

ഈ തീരുമാനം മാറ്റാൻ അന്ന് ഉച്ചവരെയുള്ള സമയം മുഴുവൻ ഉപയോഗിക്കേണ്ടി വന്നു. അവസാനം മന:മില്ലാ മനസ്സോടെയാണെങ്കിലും സമ്മതം വാങ്ങിയിട്ടാണ് ബന്ധു തിരിച്ചെത്തിയത്. ഇതറിഞ്ഞതോടെ ഞങ്ങൾക്കെല്ലാം ആശ്വാസമായി....
പിന്നെ താമസമുണ്ടായില്ല. കല്യാണത്തിനുള്ള ഒരുക്കങ്ങൾ പെട്ടെന്നു തന്നെ ആരംഭിച്ചു.

ശേഖരേട്ടൻ വന്നു പെണ്ണു കണ്ടതിന്റെ പത്താം ദിവസം അവളുടെ കഴുത്തിൽ താലി ചാർത്തി സ്വന്തമാക്കി....!!!
ആദ്യത്തെ മൂന്നു ദിവസം പെൺവീട്ടിലാണ്.
ആഭരണങ്ങൾ ഒന്നുമില്ലാതെയൊന്നും അവർ ഇറക്കിവിട്ടില്ല. അത്യാവശ്യം വേണ്ടതൊക്കെ അണിഞ്ഞിരുന്നു. ആദ്യ രാത്രിയിൽ തന്നെ ശേഖരേട്ടൻ വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി.
ചിലതൊക്കെ മനസ്സിൽ കുറിച്ചിട്ടു.

പിറ്റെ ദിവസം കാലത്ത് ശേഖരേട്ടൻ വീട്ടിലേക്കു പോന്നു. കലവറക്കാരനും പന്തലുകാരനും ശേഖരേട്ടനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരെയെല്ലാം സന്തോഷത്തോടെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ പോക്കറ്റ് കാലിയായിക്കഴിഞ്ഞിരുന്നു....!

വൈകുന്നേരം തിരിച്ച് പെൺ‌വീട്ടിലെത്താൻ വണ്ടിക്കാശില്ലായിരുന്നു. പോകാൻ നേരം എന്റെ പോക്കറ്റിൽ കയ്യിട്ട് ഉണ്ടായിരുന്ന നൂറു രൂപയും എടുത്ത് സ്വന്തം പോക്കറ്റിലിട്ടു. എന്നിട്ട് പറഞ്ഞു “പറ്റുമെങ്കിൽ ഒരു പത്തഞ്ഞൂറു രൂപ നാളെ നീ ഉണ്ടാക്കി വക്കണം. എന്റെ കയ്യിൽ കാശൊന്നുമില്ല.....!!”
“എന്തു പറ്റി ശേഖരേട്ടാ.. അവിടെ ജോലി ഒന്നും ഉണ്ടായിരുന്നില്ലെ...?”
വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചു.
“അതു മാത്രമെയുള്ളു....! ശമ്പളം മാത്രമില്ല....!!”
അപ്പോഴേക്കും അങ്ങകലെ നിന്നും ബസ്സു വരുന്നതു കാണാമായിരുന്നു.
“ഉണ്ടാവൊ നിന്റടുത്ത്...?”
“എന്റെ കയ്യിൽ എവിടെന്നാ ശേഖരേട്ടാ...! ഉണ്ടായതും കടം വാങ്ങിയതും പണയം വച്ചതും എല്ലാം കൂടി ആ ഏജന്റിനു പണ്ടാറടങ്ങീട്ട് മാസം എത്രയായി....!! ഇതു വരെ ഒരു വിവരോമില്ല... കടക്കാരു നേരെ വരുമ്പോ... ഞാൻ ഒളിച്ചു നടക്കാ.....!”
“ സാരമില്ലടാ... മറ്റാരുടെ അടുത്തെന്നെങ്കിലും വാങ്ങാം... ദേ ബസ്സു വന്നു.. ഞാൻ പോട്ടെ. എടാ ആരോടും പറയല്ലെ.... കയ്യിൽ കാശില്ലാത്ത കാര്യം എന്റഛനു മാത്രേ അറിയുള്ളു....!”

ശേഖരേട്ടൻ പോയിക്കഴിഞ്ഞപ്പോൾ ഞാനോർത്തത് ‘ഇങ്ങനെയാണെങ്കിൽ എന്തിനാ ഇല്ലാത്ത കാശും ഉണ്ടാക്കി കൊടുത്ത് അങ്ങോട്ടു പോണെ..!!’

സമയക്കുറവു കാരണം ഭാര്യവീട്ടിലെ പൊറുതി രണ്ടു ദിവസമാക്കി ചുരുക്കി.
ഇനി രണ്ടു ദിവസം ശേഖരേട്ടന്റെ വീട്ടിൽ.
ഈ പൊറുതി കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ഒരു ചടങ്ങുണ്ടത്രെ....!?
അവിടെയുള്ളവർക്ക് ആവശ്യമുള്ള ഡ്രെസ്സൊക്കെ എടുത്തു കൊടുക്കണം. പിന്നെ പ്രായമായവരുണ്ടെങ്കിൽ അവർക്ക് ഡ്രെസ്സ് മാത്രം പോരാ.. കൈമടക്കും കൊടുക്കണോത്രെ...!!? അത് ഭാര്യ പറഞ്ഞപ്പഴാ തിരിയുന്നത്.

‘ഈ വക വൃത്തികെട്ട ചടങ്ങൊക്കെ ആരാ ണ്ടാക്കി വച്ചെ ന്റെ ദൈവമേ..!!’
ശേഖരേട്ടൻ തലയിൽ കൈ വച്ചു പോയി.

“നമ്മുടെ കല്യാണത്തിന്റെ അന്നത്തെ ചടങ്ങൊഴികെ മറ്റു പല പരിപാടികളും വേണ്ടാന്നു വച്ചില്ലെ...?”
“അത് സമയം ഇല്യാത്തോണ്ടല്ലെ...? ഇതും അതും തമ്മിൽ എന്തു ബന്ധം...? ”
“ഈ ചടങ്ങും അങ്ങു വേണ്ടന്നു വയ്ക്കരുതോ....?”
“അയ്യടാ മോനെ...! ഇതിനെന്താ ബുദ്ധിമുട്ട്...?”
“എന്നു ചോദിച്ചാൽ....!”
എങ്ങനെയാ അതു പറയുകയെന്നു ഒരു നിമിഷം ചിന്തിച്ചു. ശേഖരേട്ടന്റെ മുഖത്തെ ചമ്മൽ കണ്ട് പെങ്കൊച്ചിനു ചിരി വന്നു.
“എന്താ.. പറയ്... ?”

ഇനിയും ഒളിച്ച് വച്ചിട്ട് കാര്യമില്ലെന്ന് തോന്നി. എന്തായാലും അറിയണം. ശേഖരേട്ടൻ പറഞ്ഞു. “പ്രശ്നം.. കാശിന്റെ കാര്യം തന്നെ. ഗൾഫിലാണെന്നു പറഞ്ഞതു കൊണ്ട് കാര്യമൊന്നുമില്ല. ജോലിയുണ്ട്. പക്ഷെ, ശമ്പളമില്ല. ഇപ്പൊത്തന്നെ ഒൻപതു മാസത്തെ ശമ്പളം കിട്ടാനുണ്ട്. കൃത്യമായ ശമ്പളം കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരു കൊല്ലം മുൻപേ വരുമായിരുന്നു. ശമ്പളം മുഴുവൻ കിട്ടിയിട്ട് നാട്ടിൽ വരാൻ കാത്തിരുന്നാൽ നാട്ടിൽ വരവ് നടക്കില്ലെന്നു ബോദ്ധ്യപ്പെട്ടപ്പൊഴാണ് ടിക്കറ്റ് മാത്രം വാങ്ങി അവിടന്നു തിരിച്ചത്. പോരുമ്പോൾ ആകെ തന്നത് ഒരുമാസത്തെ ശമ്പളമാണ്. കൂടെയുള്ള രണ്ടു പേരും തന്നു അവരുടെ ഒരു മാസത്തെ ശമ്പളം. അതിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങി. പിന്നെ....”
കഴുത്തിലെ താലിമാലയിലെ താലിയുടെ ഭാഗം കയ്യിലെടുത്തിട്ട് പറഞ്ഞു.
“ പിന്നെ.. ഈ താലിമാലയും..! ബാക്കിയുള്ള കാശേ കയ്യിലുണ്ടായിരുന്നുള്ളു. അത് കല്യാണം കഴിഞ്ഞതോടെ കാലിയായി. ഇനി എന്തിനും കടം വാങ്ങണം. അതുകൊണ്ടാണ് ഇത്തരം അനാവശ്യ ചിലവുകൾ ഒഴിവാക്കാമെന്നു പറഞ്ഞത്....!! അല്ലെങ്കിലും കുറച്ചു കാശ് കിട്ടിയാലെ തിരിച്ചു പോകാൻ പറ്റൂ. കൂട്ടുകാർക്ക് രണ്ടു മൂന്നു ജോഡി ‘ബാറ്റ ഷൂ’ വാങ്ങണം. പിന്നെ എല്ലാവർക്കും ഈരണ്ടു തോർത്തും വാങ്ങണം.”

നല്ലപാതി കുറച്ചു നേരം പതിയുടെ മുഖത്തെക്കു തന്നെ നോക്കിയിരുന്നു.
ആ നോട്ടം തിരിച്ചറിഞ്ഞ പതി പതിയെ പറഞ്ഞു.
“ ഗൾഫുകാരനെന്നു കേട്ടപ്പൊ പെട്ടി നിറയെ കാശുമായിട്ടാ വന്നതെന്നു വിചാരിച്ചിട്ടുണ്ടാകും ല്ലെ..?!!”
നല്ലപാതി കുറച്ചു കൂടി ചേർന്നിരുന്നിട്ട് പറഞ്ഞു.
“നാളെ നമ്മൾ പോകുമ്പോൾ അവർക്ക് ഡ്രസ്സൊക്കെ കൊടുക്കണം.... അല്ലെങ്കിൽ അവരൊക്കെ എന്തു വിചാരിക്കും. ചേട്ടനാണതിന്റെ നാണക്കേട്...!”
“അത്രക്കു സീരിയസ്സാണൊ....!? എങ്കിൽ നമുക്ക് വാങ്ങാം. സാരമില്ല ആരോടെങ്കിലും കടം മേടിക്കാം..”
“ആരോട് വാങ്ങാനാ...?”
“സമീറിന്റെ അടുത്ത് കാണും കാശ്.... നാളെ ചോദിച്ചു നോക്കാം”

ഒരു നിമിഷം കഴിഞ്ഞ് നല്ലപാതി പറഞ്ഞു.
“കല്യാണം കഴിഞ്ഞിട്ട് മൂന്നാലു ദിവസേ ആയുള്ളു... അപ്പൊഴേക്കും കടം ചോദിക്കാൻ പോയാൽ.... വേണ്ട... ആരോടും ചോദിക്കണ്ടാ... !”
“ആരോടും ചോദിക്കാതെ പിന്നെ...?”
“അവരൊക്കെ എന്തു വിചാരിക്കും...?! കല്യാണം കഴിഞ്ഞ് പിറ്റേന്ന് ചേട്ടൻ കുത്തുപാള എടുത്തുന്ന് പറയും...!!?”

ശേഖരേട്ടനു ചിരിക്കാനാണ് തോന്നിയത്....
ചിരിയുടെ ശക്തി കൂടിയപ്പോൾ പെങ്കൊച്ച് വായ പൊത്തി....
“എന്തിനാ ഇങ്ങനെ ചിരിക്കണെ....!!?”
“ഇതൊക്കെ എവിടെന്നാ പഠിച്ചെ....? ഒരുപാടു കാലം കുടുംബം നടത്തി പരിചയമുള്ള പോലാണല്ലൊ സംസാരം... ?!”
പെങ്കൊച്ച് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ഇതൊന്നും മനസ്സിലാക്കാൻ അത്ര പരിചയം ഒന്നും വേണ്ടാ.... ഈ നാട്ടിൽ നടക്കണ കാര്യങ്ങൾ നമ്മൾ കേൾക്കുന്നതല്ലെ... !?”
“പിന്നെന്താ ഒരു വഴി...? എന്റെ കൂട്ടുകാരാരും നാട്ടിൽ വന്നിട്ടുമില്ല...”
“ഞാൻ പറയട്ടെ ഒരു കാര്യം...!!”
“ങൂം... പറയ്.. തന്റെ കയ്യിൽ കാശു വല്ലതും...?!”
“ഏയ്... എന്റെ കയ്യിൽ ഒന്നുമില്ല..... ഉണ്ടായിരുന്നത് കല്യാണത്തിനു വന്നപ്പൊ ‘ഒരു ബൊക്കെയും പൂമാലയും‘ തന്നല്ലെ സ്വികരിച്ചെ.... അത് ഞാൻ വാങ്ങിയതാ...! പിന്നെ ഒരു സ്വർണ്ണമാല ചേട്ടന്റെ കഴുത്തിൽ ഇട്ടില്ലെ... അതും ഞാൻ വാങ്ങിയതാ....!!?”

അപ്പൊഴാണ് ശേഖരേട്ടൻ തന്റെ കഴുത്തിൽ തടവിയത്. ശരിയാണല്ലൊ..
താൻ പടിക്കൽ നിന്നും മുറ്റത്തെക്കു കയറുമ്പോൾ ആരൊ ഒരു കുട്ടി തന്റെ കയ്യിൽ ഒരു ബൊക്കെ തന്നു. മറ്റൊരാൾ ഒരു സ്വർണ്ണമാല കഴുത്തിലണിയിക്കുകയും ചെയ്തിരുന്നു....!
ഈ മാല മതിയല്ലൊ.. ഈ പ്രശ്നങ്ങൽക്കൊക്കെ പരിഹാരം കാണാൻ.....!!?

ശേഖരേട്ടന്റെ ചുണ്ടിൽ ഒരു ഗൂഢ മന്ദസ്മിതം വിരിയുന്നത് പെങ്കൊച്ചിന്റെ കണ്ണിൽ പെട്ടു. അതു വായിച്ചറിഞ്ഞ നല്ല പാതി ഉടനെ ചെവിയിൽ പറഞ്ഞു.
“അതു മനസ്സിലിരിക്കട്ടെ മോനേ...!! അതു പണയം വക്കാനൊന്നും ഞാൻ സമ്മതിക്കില്ല.... അത് എപ്പഴും ചേട്ടന്റെ കഴുത്തിൽ തന്നെ കാണണം..!”

പുഞ്ചിരിയോടെ തന്നെ ശേഖരേട്ടൻ പറഞ്ഞു.
“എനിക്ക് മാല കഴുത്തിലിട്ടൊണ്ട് നടക്കുന്നതിനോട് ഒരു താലപര്യവുമില്ല. പണ്ട്, ചെറുപ്രായത്തിൽ ഒരു മാല കഴുത്തിൽ ഉണ്ടായിരുന്നതായി ഓർമ്മേണ്ട്... അഛൻ പുരപണിക്കോ മറ്റോ അത് ഊരി വിറ്റിരുന്നു. പിന്നെ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല... തന്നെയുമല്ല, ഗൾഫിൽ പോണ ഞാൻ ഇതൊന്നും കൊണ്ടു പോകില്ല. ഇനി കൊണ്ടുപോകാമെന്നു വച്ചാലും സൌദിയിൽ ഇതൊക്കെ ആണുങ്ങൾക്കു ഉപയോഗിക്കാൻ പാടില്ല. അവരു പിടിച്ചകത്തിടും...!! ”
“എന്നാലും ഇത് ഒന്നും ചെയ്യണ്ട... ഞാൻ സമ്മതിക്കില്ല...! ഞാൻ പറയാൻ വന്നതു പറയട്ടെ....?” “ങൂം.. പറയ്....!!?”

നല്ലപാതി തിരിഞ്ഞിരുന്ന് തന്റെ കയ്യിലെ വളകളിൽ രണ്ടെണ്ണം ഊരി ശേഖരേട്ടന്റെ കയ്യിൽ വച്ചു കൊടുത്തു....!!
ഒരു നിമിഷം ശേഖരേട്ടൻ ഞെട്ടി...!!
കയ്യിലിരുന്നു വളകൾ വിറകൊള്ളുന്നതായി തോന്നി....!
പെട്ടെന്നു വളകൾ രണ്ടും ചുവന്ന് അഗ്നിവലയം പോലെ ജ്വലിച്ചു....!!
പൊള്ളിയതു പൊലെ കൈ കുടഞ്ഞു...!!
വളകൾ രണ്ടും നിലത്ത് വീണ് കട്ടിലിന്നടിയിലേക്ക് ഉരുണ്ടു പോയി....
എന്തൊ കണ്ടു പേടിച്ച മുഖവുമായി തന്റെ നല്ല പാതിയെ നോക്കി പതുക്കെ തലയാട്ടി.....
“വേണ്ടാ... അതു വേണ്ടാ.....!”
“വേണം...!”
“ പാടില്ല...! ഞാനങ്ങനെ ചെയ്യാൻ പാടില്ല.....!”
“ഇതൊന്നും ആരും അറിയാൻ പോകുന്നില്ല... ഞാനാരോടും പറയില്ല...!”
“മോൾക്ക് ഇട്ടു നടക്കാനായി ഇല്ലാത്ത കാശ് ഉണ്ടാക്കി വാങ്ങിത്തന്നതാ... അത് ഞാൻ ദുരുപയോഗം ചെയ്യാൻ പാടില്ല.....!!”
“ഇതു ദുരുപയോഗമൊന്നുമല്ല.... ഞാനായിട്ട് ഊരിത്തരുന്നതല്ലെ.... എന്നാലും ഇനി ഒരാളോടും കടം വാങ്ങരുത്...!!”
“വേണ്ട.. ഇതിവിടെ നിറുത്താം. നമുക്ക് കിടക്കാം. നേരം ഒരുപാടായി....”
ശേഖരേട്ടൻ ബെഡ്ഡിലേക്ക് ചാഞ്ഞു...

കുളികഴിഞ്ഞ് ഉണങ്ങാത്ത മുടിത്തുമ്പിൽ തുളസിക്കതിരും ചൂടി ആവി പറക്കുന്ന ചായയുമായി നിൽക്കുന്ന നല്ലപാതിയുടെ ചിരിക്കുന്ന മുഖമാണ് കണ്ണു തുറന്നപ്പോൾ കണി കണ്ടത്...!
അപ്പോഴാണ് ശ്രദ്ധിച്ചത്....
താലിമാലയും കാതിലെ തുക്കും, കയ്യിൽ ഓരോ വളകളും മാത്രം....!!
ബാക്കിയെല്ലാം അഴിച്ചുമാറ്റിയിരുന്നു....

ആകാംക്ഷയോടെ ശേഖരേട്ടൻ ചോദിച്ചു.
“ഇതെന്താ ഇങ്ങനെ... കല്യാണം കഴിഞ്ഞിട്ടു ഇത്രേം ദിവസമല്ലെ ആയുള്ളു...?”
“ബാക്കിയെല്ലാം ഊരി പെട്ടിയിൽ വച്ച് പൂട്ടി. ആരു ചോദിച്ചാലും ഞാൻ അങ്ങനെയെ പറയൂ...!!?” “താനിതെന്തിന്റെ പുറപ്പാടാ...?”
“ഇന്നലെ പറഞ്ഞതു തന്നെ....! ഞാനും ചേട്ടനുമല്ലാതെ ഒരാളും അറിയരുത്...!!
ഇവിടെ അടുത്തെങ്ങും കൊടുക്കണ്ട....!! പണയം വച്ചാൽ ആവശ്യത്തിനുള്ള കാശ് കിട്ടില്ല. വിൽക്കാ നല്ലത്....!!”

നല്ലപാതി എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു....!
ആ മുഖം അത് വ്യക്തമാക്കുന്നുണ്ടായിരുന്നു....!
ശേഖരേട്ടൻ നല്ലപാതിയുടെ മുഖത്തേക്കു തന്നെ ഉറ്റുനോക്കിയിരുന്നു....
ഒരു തീരുമാനം എടുക്കാൻ കഴിയാതെ....!
നല്ലപാതിയെ നിഷേധിക്കാനും കഴിയാതെ....!
എന്തു ചെയ്യണം....?!!

ബാക്കി അടുത്ത പോസ്റ്റിൽ....

Saturday, 15 January 2011

സ്വപ്നഭുമിയിലേക്ക്... ( 33 )


തുടരുന്നു....

.പെണ്ണുകാണൽ...

എയർപ്പോർട്ടിനു പുറത്തിറങ്ങുമ്പോൾ ആ പെട്ടിയുടെ ഉടമസ്ഥനും കൂടെയുണ്ടായിരുന്നുവെന്നു പറയുന്നതിനേക്കാൾ, അയാളെ ഞാൻ പിടിവിടാതെ ‘സ്നേഹിച്ചു’ കൂടെ നിറുത്തിയെന്നു പറയുന്നതാവും ഭംഗി. പുറത്തിറങ്ങി അയാൾ ആ പെട്ടിയുമായി പോയതിനു ശേഷമാണ് ഞാൻ അവിടം വിട്ടത്.

‘ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറക്കും’ എന്ന അവസ്ഥയായിരുന്നു എന്റേത്. ആ പെട്ടി എന്റെ ബോഡിങ്പാസ്സിൽ എഴുതിയിരിക്കുന്നിടത്തോളം കാലം എനിക്ക് തലവേദന തന്നെ.

ഗൽഫിനു പോകുകയാണന്നു പറയുമ്പോൾ, ഇതു പോലുള്ള പെട്ടികൾ, ‘ഈ ഷൂ’ എന്റെ അളിയനു കൊടുത്തേരെ, ഒന്നു നീയുമെടുത്തൊ എന്ന മട്ടിൽ വെറുതെ കിട്ടുന്ന ‘ഷൂ’കൾ, നമ്മളെ തേടി വന്നു കൊണ്ടു പൊയ്ക്കോളുമെന്നു പറഞ്ഞ് സുഹൃത്തുക്കൾ തന്നേൽ‌പ്പിക്കുന്ന ചെറിയ ചെറിയ പായ്ക്കറ്റുകൾ, എന്നിവയിലെല്ലാം ഗൾഫിലെത്തിയാൽ തലയറുത്തു മാറ്റാൻ ശക്തിയൂള്ള നിരോധിത ലഹരി പദാർത്ഥങ്ങൾ പതുങ്ങിയിരിക്കുന്ന വിവരം അറിയാതെ ചുമന്ന്, പിടിയിലകപ്പെട്ട് തലയറ്റു വീണ എത്രയെത്ര കഥകൾ നാം കേട്ടിരിക്കുന്നു....!!!

കൂടാതെ ശ്രീലങ്കൻ പുലികളും കൂടി ആയപ്പോൾ എന്റെ പേടി പതിന്മടങ്ങു വർദ്ധിച്ചു.
എങ്ങനെ വിയർത്തു കുളിക്കാതിരിക്കും...?!
എങ്ങനെ തൊണ്ടയിലെ വെള്ളം വറ്റാതിരിക്കും...?!!
എന്തായാലും അതവൻ എയർപ്പോർട്ടിനു പുറത്തു കടത്തിയതോടെ ആ ‘ചേതാമില്ലാ ഉപകാരം’ ഇവിടെ അവസാനിച്ചു.

ഫ്ലാറ്റിലെത്തിയപ്പോൾ എല്ലാവരും എന്നെ കാത്തിരിക്കുന്നു....!
കാരണം മറ്റൊന്നുമല്ല, ഞാൻ ‘ഡ്യൂട്ടി ഫ്രീ’ ഷോപ്പിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന ചൂടൻ
‘ഷിവാസ് റീഗൽ’ കുപ്പിക്കായിട്ട്........!

വന്ന വഴി വർഗ്ഗീസേട്ടൻ എന്റെ കയ്യിൽ നിന്നും അതു കൈക്കലാക്കി. അതിൽ നിന്നും ഒരു പെഗ്ഗ് അകത്താക്കിയിട്ടായിരുന്നു ആദ്യത്തെ ചോദ്യം.
“ഇനി പറയടാ നിന്റെ വിശേഷം.... നാട്ടിലെങ്ങനെ മഴയൊക്കെയുണ്ടൊ...?”
“ ഓ... ഒന്നു രണ്ടു മഴ കിട്ടി... പക്ഷെ, നേരെ ചൊവ്വെ ഒന്നു കാണാൻ പോലും പറ്റിയില്ല. രണ്ടും രാത്രിയിലായിരുന്നു...”
“അപ്പൊ നീ മഴ കണ്ടില്ലെ.....?”
“ഇല്ലന്നേ....! എന്റെ ഏറ്റവും വല്യ സങ്കടായ്പ്പോയ് അത്....!! ഇനി ഒരു മഴ കാണണോങ്കി രണ്ടു വർഷം കാത്തിരിക്കണ്ടെ....!?”
“അപ്പൊ... ചൂടോടാ...?”
“അതിന്റെ കാര്യം പറയാണ്ടിരിക്കാ നല്ലത്.... ഇവിടെ പൊരിഞ്ഞ ചൂടാണെങ്കിലിം ചൂടു കാറ്റുമുണ്ട്. അതു കൊണ്ട് വിയർക്കില്ല....!! അവിടെ ചൂടു മാത്രമേയുള്ളു. കാറ്റേയില്ല.....! അകത്തിരിക്കാനും വയ്യ പുറത്തിരിക്കാനും വയ്യ... എന്റമ്മോ....!!”

“ ങാ... ശരി... ശരി.... നീയാ ഡ്രെസ്സ് മാറി ഒന്നു വേഗം ആ പെട്ടി പൊട്ടിക്കടാ...
എന്നിട്ട് ഇതിന്റെ കൂടെ കൊറിയ്ക്കാനുള്ളതൊ, തൊട്ടു നാക്കത്ത് വയ്ക്കാനുള്ളതോ എന്താന്നു വച്ചാലെടുക്കടാ...!!”
“ അപ്പൊ.. വർഗ്ഗിസേട്ടന്റെ ചൂടൊന്നടങ്ങി... അല്ലെ..?”
അതും പറഞ്ഞ് ഞാൻ മുറിയിൽ കയറി.

കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും എന്റെ പെട്ടി എല്ലാവരും കൂടി പൊട്ടിച്ച് അച്ചാറൊക്കെ എടുത്ത് കള്ളിനോടൊപ്പം തൊട്ടു നാക്കത്ത് വച്ച് എരു വാറ്റിത്തുടങ്ങിയിരുന്നു. എനിക്കായി കരുതി വച്ചിരുന്ന ‘ബിയർ’ കുപ്പിയുമായി വർഗ്ഗീസേട്ടൻ നിൽക്കുന്നു....!
പെട്ടെന്നു ചിരിയാണു വന്നത്..
“ഇതു വഴുതനങ്ങ കൊടുത്ത് ചുണ്ടങ്ങ വാങ്ങണ പരിപാടി ആണല്ലൊ വർഗ്ഗീസേട്ടാ...!!”
‘ഹാ.. ഹാ..’ വർഗ്ഗീസേട്ടന്റെ ചിരിയിൽ എല്ലാവരും പങ്കു ചേർന്നു.

ആഘോഷം ഒരു വിധം മുന്നോട്ട് നീങ്ങുമ്പോഴാണ് വർഗ്ഗീസേട്ടൻ എന്റടുത്ത് വന്നിരുന്ന് ഒരു സ്വകാര്യം പറഞ്ഞത്.
“എടാ... നീ വരുന്നേനു മുൻപ് ഇവിടെ ഒരു രസോണ്ടായടാ....! ഞങ്ങള് ഇങ്ങനെ കൂടിയിരുന്നു വർത്തമാനം പറഞ്ഞോണ്ടിരിക്കായിരുന്നൂട്ടോടാ.... പറഞ്ഞ് പറഞ്ഞ് അവസാനം ഒരോരുത്തരം കല്യാണം കഴിച്ച കഥകളിലേക്ക് കടന്നു. അപ്പേണ്ട് ഒരുത്തൻ എഴുന്നേറ്റ് അകത്തേക്ക് ഒറ്റ ഓട്ടം...!? ആളെ ഞാൻ ഇപ്പൊ പറയ്യൂല്ല... പിന്നെ ഞാൻ പറഞ്ഞു തരാം... ഹാ..ഹ..ഹ്... എന്താ സംഭവോന്നറിയ്യൊ....?”
ഞാൻ പറഞ്ഞു. “ഇല്ല്യ..”

വർഗ്ഗീസേട്ടൻ ഹാളിലാകെ ഒന്നു കണ്ണോടിച്ചിട്ടു സ്വരം താഴ്ത്തി പറഞ്ഞു.
“സ്ത്രീധനം പോരാഞ്ഞെന്ന് പറഞ്ഞ്....”
അത്രയും പറഞ്ഞപ്പോഴേക്കും എനിക്കു ആളെ പിടി കിട്ടി. ആളിന്റെ പേരു ഞാൻ പറഞ്ഞു.
“അവൻ തന്നെ... എടാ.. നിനക്കറിയാർന്നോ ആ കാര്യം...?”
“ഇതു ഞാൻ മുൻപെ കേട്ടിട്ടുണ്ട്. നൂറ്റൊന്നു പവൻ കൊടുക്കാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതെ ഒരു അമ്പാസ്സിഡർ കാറു കൂടി വേണമെന്നു പറഞ്ഞു വാശി പിടിച്ച കഥയല്ലെ...?”
“എടാ നീ ഒന്നാലോചിച്ചു നോക്ക്യേ... അവനെന്തു പണീണ്ടായിട്ടാടാ....”
“അതു പറഞ്ഞിട്ടു കാര്യമുണ്ടൊ ന്റെ വർഗ്ഗീസേട്ടാ.... ഇവിടെ എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും നേരെ ചൊവ്വെ തിരക്കുന്നുണ്ടൊ... ഗൾഫെന്നു കേട്ടാൽ പിന്നെ ഇതിൽ‌പ്പരം ഒരു ബന്ധം കിട്ടാനില്ലാന്നു കരുതുന്ന പെണ്ണുങ്ങളും കുടുംബക്കാരും.. അപ്പൊപ്പിന്നെ അവനെപ്പോലുള്ളവരുടെ അത്യാഗ്രഹങ്ങളും കൂടും...!!”
“ആ കാലമൊക്കെ പോയെടാ മോനേ.... ഇപ്പോ ആരിരിക്കുന്നു അങ്ങനെയൊക്കെ കൊടുക്കാൻ.... സ്വർണ്ണത്തിനൊക്കെ വില ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കാ....!”
“ഇപ്പൊഴും ആളുണ്ട് ചേട്ടാ... അതൊക്കെ നമ്മുടെ ശേഖരേട്ടനേയും സമീറിനേയും കണ്ടു പഠിക്കണം...!!”
“ഞാൻ ചോദിച്ചൂടാ ശേഖരനോട്.... അവൻ പറഞ്ഞതെന്താന്നൊ... എനിക്കങ്ങനെ പറയാൻ പറ്റിയ കഥകളൊന്നും ഇല്ല്യാന്നാ....”
“ശേഖരേട്ടൻ അതാരോടും പറയാറില്ല... വ്യക്തിപരമായ കാര്യങ്ങളൊക്കെ എന്തിനാ മറ്റുള്ളവരെ അറിയിക്കണേന്നു ചോദിക്കും...”
“എടാ നീ ഒന്നു പറയടാ.. ഒന്നു കേൾക്കട്ടെടാ...!”

വർഗ്ഗീസേട്ടൻ ഗ്ലാസ്സിൽ ബിയർ നിറച്ച് എന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
“എടാ നീയിതങ്ങട് പിടിപ്പിച്ചെ... പിടിക്കടാ.... ന്ന്ട്ട് നീയാ പറഞ്ഞെ...”
“ ഞാൻ പറയാം... പക്ഷെ, ശേഖരേട്ടൻ സമ്മതിക്കണം.... ശേഖരേട്ടന്റെ സമ്മതം വാങ്ങിയാൽ ഞാൻ പറയാം... "

വർഗ്ഗീസേട്ടൻ ഒരു ഗ്ലാസ്സിൽ നിറച്ച ബീയറുമായി ഒരു ചെറുപുഞ്ചിരിയോടെ എഴുന്നേറ്റു. എന്നോട് ഏറുകണ്ണൊന്നടച്ച് കാട്ടി ഒറ്റപ്പോക്ക് അകത്തേക്ക്. ശേഖരേട്ടനെ ചാക്കിടാനാണെന്നു പറയേണ്ടല്ലൊ....

മൂപ്പിലാൻ ആരേയും മയക്കി ചാക്കിടാൻ മിടുക്കനാ..!!
എന്നാലും നമ്മൾക്ക് വർഗ്ഗീസേട്ടനോട് ഒരു ചെറിയ ദ്വേഷ്യം പോലും തോന്നുകയില്ല...!
അപൂർവ്വം ചില വ്യക്തിത്വങ്ങൾ ഇതു പോലെ നമ്മുടെ ജീവിത യാത്രയിൽ കണ്ടുമുട്ടിയെന്നു വരാം...! അത്തരക്കാരെ ഒരു പ്രാവശ്യം നാം പരിചയപ്പെട്ടാൽ മതി. പിന്നെ ആ മുഖം മനസ്സിൽ നിന്നും മായുകയില്ല..

ശേഖരെട്ടനെയും കൂട്ടിയാണ് വർഗ്ഗീസേട്ടൻ തിരിച്ചു വന്നത്. വന്നവഴി ശേഖരേട്ടൻ പറഞ്ഞു. “അല്ലെങ്കിലും മറ്റുള്ളവന്റെ പരദൂഷണം പറഞ്ഞു സമയം കളയണതാണല്ലൊ പ്രവാസികളുടെ എറ്റവും വലിയ വിനോദം. ഇനി ഞാനായിട്ട് മുടക്കം വരുത്തുന്നില്ല. ഇന്നിപ്പോ.. എന്നെത്തന്നെയാണ് കിട്ടിയതല്ലെ.. നടക്കട്ടെ... നടക്കട്ടെ....”
“നാളെ ഞാനില്ലാത്തപ്പൊ നീ എന്നെ കുറ്റം പറഞ്ഞോടാ...”
അതും പറഞ്ഞ് വർഗ്ഗീസേട്ടൻ വലിയ വായിൽ ചിരിച്ചു. അതിൽ ഞങ്ങൾക്കും പങ്കു ചേരാതിരിക്കാനായില്ല..
“ഓ.. നിങ്ങളെക്കുറിച്ച് എന്തൊ പറയാനിരിക്കുന്നു..... കുറേ ‘തണ്ണിക്കഥ’യല്ലാതെ.....!”
“ഒന്നു പോ‍യെടാ...... ശവി...” വർഗ്ഗീസേട്ടൻ ശേഖരേട്ടന്റെ നേർക്ക് കൈ വീശി.
ശേഖരേട്ടൻ ചിരിച്ചു കൊണ്ട് അകത്തേക്കു തന്നെ പോയി.

ഹാളിലെ ഊണുമേശക്ക് ചുറ്റുമിരുന്നാണ് ഈ കസർത്തുകളൊക്കെ. അപ്പുറത്ത് പുറത്തെക്കുള്ള വാതിലിനോട് ചേർന്നാണ് ടീവി വച്ചിരിക്കുന്നത്. ഇവിടെ ഇരുന്നാൽ അതും കാണാം. ചിലർ അതിൽ കണ്ണുംനട്ടിരിക്കുന്നു. നാട്ടുകാരനും സുഹൃത്തായ സമീറും തൊട്ടടുത്തു തന്നെ വന്നിരുന്നു. കാരണം ഈ കഥയിലെ ഒരു പ്രധാന കഥാപാത്രമാണ് മൂപ്പിലാൻ.

“ഇനി കല്യാണക്കഥ തുടങ്ങാം അല്ലെ.....?”
കഥയിലെ പോരായ്മകൾ തിരുത്താനാണ് സമീറ്.

ആ കാലത്ത് ഞാൻ ഗൾഫിൽ പോകാൻ തയ്യാറെടുത്ത് പുത്തൻ കുപ്പായവും തയ്പ്പിച്ച്, വടക്കോട്ടും നോക്കി ഇരുപ്പാണ്. കാരണം വിസ തരാമെന്നു പറഞ്ഞ് കാശും വാങ്ങി മുങ്ങിയ ഏജന്റെ അങ്ങു ഡൽഹിയിലെ ‘ഹോളിഫാമിലി’യിലെ ഒരു ലോഡ്ജിൽ ഇരുന്നാണ് തട്ടിപ്പു നടത്തുന്നത്.

ഇവൻ, സമീറ് അബൂദാബിയിൽ നിന്നും വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നതേയുള്ളൂ. ശേഖരേട്ടനും ഈയാഴ്ച എത്തുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു. ശേഖരെട്ടൻ ഇത്തവണ വരുമ്പോൾ പെണ്ണു കെട്ടിയിട്ടേ പോകുന്നുള്ളൂന്ന് വീട്ടുകാരിൽ നിന്നും ഞങ്ങൾ അറിഞ്ഞിരുന്നു. മാത്രമല്ല നേരത്തെ തന്നെ കൊള്ളാവുന്ന പെൺപിള്ളേരെയൊക്കെ കണ്ടു വക്കാനായി ഞങ്ങൾ വീട്ടുകാരോടൊപ്പം പോയി കുറേയെണ്ണത്തിനെ കണ്ടിരുന്നു. അഞ്ചാറെണ്ണത്തിനെ സെലക്ട് ചെയ്ത് വച്ചു.

ഇതിന്റെയൊക്കെ പുറകിൽ ഓരൊ മൂന്നാന്മാരും ഉണ്ട് കെട്ടൊ..
അവർ കാണിച്ചു തരുന്ന പെൺകുട്ടികളെന്നു പറഞ്ഞാൽ എന്തെങ്കിലും കാര്യമായി ‘തടയാനുള്ള’ സംവിധാനത്തിലൂടെ മാത്രമേ പോകുകയുള്ളു.

ശേഖരേട്ടൻ വിളിച്ചു പറഞ്ഞിരുന്നു ‘എതെങ്കിലും വീട്ടിൽ ശ്രീധനത്തിന്റെ കാര്യം മിണ്ടിപ്പോയാൽ പിന്നെ ഞാനാ വീട്ടിൽ പെണ്ണു കാണാൻ പോകില്ലാന്ന്..’
അതാണ് ശേഖരേട്ടൻ....!
വിപ്ലവം തലക്കു പിടിച്ച് ചെങ്കൊടി ഏന്തി നടന്ന നാളുകളിൽ ഒരുപാട് ആദർശങ്ങൾ തലയിൽ ചുമന്നുകൊണ്ട് നടന്നിരുന്നു.
ശ്രീധനം വാങ്ങി കല്യാണം കഴിക്കില്ല.
പാവപ്പെട്ട വീട്ടിൽ നിന്നേ കെട്ടു.
അതും സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ളപ്പൊൾ മാത്രമെ ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കു. ആവുന്നതും ഒരു മിശ്രവിവാഹത്തിനു മുൻതൂക്കം കൊടുക്കും....
അങ്ങനെ.. അങ്ങനെ...!

ജാഥക്കും മതിലെഴുതാനും മുദ്രാവാക്യം വിളിക്കാനും മാത്രമായാൽ പോരല്ലൊ. വയറ്റുപ്പിഴപ്പിനും ഒരു വഴി കണ്ടെത്തണമല്ലൊ. അതിനു വഴി കാണാതായപ്പൊൾ വിപ്ലവം വിട്ടു. നാട്ടിൽ കിട്ടിയ പണിക്കൊന്നും ഒരു ജീവിതമാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടയിൽ ഇവൻ സമീറും ഗൾഫിലേക്ക് പുറപ്പെട്ടതോടെയാണ് ഗൾഫെന്ന സ്വപ്നം പൂവണിയാൻ തുടങ്ങിയത്.
അപ്പോഴേക്കും പ്രായം മുപ്പതിലെത്തിയിരുന്നു.....!
കിട്ടിയത് സൌദിയിലാണ്....!
അവിടന്നുള്ള ആദ്യത്തെ വരവാണ്.

അതുകൊണ്ട് ശ്രീധനക്കാര്യം പറഞ്ഞാൽ അവിടെ പെണ്ണു കാണാൻ പോയില്ലെങ്കിലോയെന്നു ഭയന്ന് മുന്നാന്മാർ അക്കാര്യം മറച്ചു വക്കും. ചോദിക്കാതെ സ്ത്രീധനം തന്നതാണെന്ന് കരുതിക്കോളും. അതോടൊപ്പം തങ്ങളുടെ കാശ് കണക്കു പറഞ്ഞു വാങ്ങുകയും ചെയ്യാം. അതിനു പറ്റിയ വീടുകളിലെ ഞങ്ങളെ കൊണ്ടു പോയുള്ളു.

‘ധർമ്മക്കല്യാണം’ നടത്തിയാൽ ഞങ്ങൾക്കെന്തു കിട്ടാനെന്ന് ഒരുത്തൻ പറയുകയും ചെയ്തു.
ഞങ്ങൾക്കും വീട്ടുകാർക്കും ഇഷ്ടപ്പെട്ട അഞ്ചാറു കേസുകളുടെ അവസാന തീരുമാനം ചെറുക്കൻ വന്നു പരസ്പരം കണ്ടിട്ട് തീരുമാനിക്കട്ടെയെന്നു പറഞ്ഞ് പോന്നു.

ശേഖരേട്ടൻ വരുന്ന ദിവസം ഞങ്ങൾ കൂട്ടുകാർ എല്ലാവരും കൂടി ഒരു ജീപ്പ് വിളിച്ച് വിമാനത്താ‍വളത്തിലേക്ക് പുറപ്പെട്ടു. സൌദിയിൽ നിന്നും ബോബെ വഴിയാണ് വരുന്നത്. ശേഖരേട്ടനെ സ്വീകരിച്ച് മടങ്ങുമ്പോൾ പറഞ്ഞു.
“ആകെ ഒരു മാസത്തെ അവധിയേ കിട്ടിയുള്ളു. നാളെത്തന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റ് ഒന്നു ഓക്കെ ആക്കണം. ബോംബെയിൽ നിന്നുള്ള ഫ്ലൈറ്റിനാണ് ബുദ്ധിമുട്ട്.. സമീറേ... താനത് ഏറ്റോണം...”
“ഓക്കെ... അക്കര്യം ഞാനേറ്റു..”
“താൻ എത്ര നാളുണ്ടെടൊ... ഇവിടെ...?”
“എനിക്കു രണ്ടു മാസമുണ്ട്....”

കുറേ പോന്നു കഴിഞ്ഞപ്പോൾ ഒരിടത്ത് വച്ച് സമീർ പറഞ്ഞു.
“ശേഖരേട്ടാ.. ദേ ഈ വഴിയെ കുറച്ചങ്ങട് ചെല്ലുമ്പോൾ ഒരു വീടുണ്ട്... ആ വീട്ടിലൊരു കിളിയുണ്ട്... ഞാൻ കണ്ടതിൽ ശേഖരേട്ടന് ഏറ്റവും യോജിച്ചത് അതായിരിക്കും...!!”
മറ്റൊരു കൂട്ടുകാരൻ ചോദിച്ചു.
“അതെങ്ങനെ നി ഒറ്റക്കു പോയി പെണ്ണു കണ്ടടാ സമീറെ....?”
“ഹാ..ഹാ... ഞാൻ ഒറ്റക്കു പൊയി കണ്ടതല്ല. ഇന്നലെ ഒരു സ്ഥലത്ത് വച്ച് അപ്രതിക്ഷിതമായി കണ്ടതാ.. ആ കിളിയെ കണ്ടതും എന്റെ മനസ്സിൽ ഓടിവന്ന മുഖം ശേഖരേട്ടന്റെയാ... നമ്മൾ കുറച്ചു ദിവസമായിട്ട് ശേഖരേട്ടനു പെണ്ണന്വേഷിച്ചു നടക്കായിരുന്നല്ലൊ. അതു കൊണ്ടാവും അങ്ങനെ തോന്നിയത്...”
“എന്നിട്ട് നീ ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലൊ ഇതുവരെ...”
“ഞാൻ അനേഷിച്ചപ്പോൾ.... വേണ്ടന്നു തോന്നി....”
“അതെന്താ.. അങ്ങനെ തോന്നാൻ..”
“ഈ ശേഖരേട്ടൻ ‘ഗൾഫ് ശേഖരേട്ടനല്ലെ’ ഇപ്പോൾ...!? പഴയ ആദർശമൊക്കെ
എത്രമാത്രം കയ്യിലുണ്ടെന്നറിയില്ലല്ലൊ....”

അതു കേട്ടതും ശേഖരേട്ടൻ സമീറിനെ തിരിഞ്ഞൊന്നു നോക്കി.
“അല്ല ശേഖരേട്ടാ... അത്രക്ക് ചേരുന്ന പെണ്ണായതു കൊണ്ട് ഞാനതിന്റെ വിശദവിവരം അന്വേഷിച്ചിരുന്നു ഇന്നലെത്തന്നെ...”
“എന്താ വിവരം കേൾക്കട്ടെ...”
“അവർക്ക് ഇപ്പോൾ ഒരു കല്യാണം നടത്താനുള്ള സാഹചര്യമില്ല.”
“ബുദ്ധിമുട്ടെന്താ... ? പെണ്ണിനു പ്രായമായില്ലെ...?”
“അതൊക്കെ ആയി... ഒന്നു രണ്ടു കൊല്ലം കൂടി കഴിഞ്ഞിട്ടെ പറ്റുള്ളു..”

ആ സംഭാഷണം അവിടെ അവസാനിച്ചു.
അന്നു വൈകുന്നേരം ശേഖരേട്ടൻ നാടു കാണാനിറങ്ങി....
പത്തു മുപ്പതു കൊല്ലം ജിവിച്ച കവലക്ക് മാറ്റമൊന്നുമില്ല....
എന്നാലും ആദ്യമായിട്ട് കാണുന്ന ഒരു തോന്നലായിരുന്നു.....
പണ്ടു കണ്ടാൽ മിണ്ടാത്തവരോട് പോലും വലിയ സ്നേഹം തോന്നി. ആരേയും ഒഴിവാക്കിയില്ല. കേറിച്ചെന്നു പരിചയം പുതുക്കി.

മമ്മുദുക്കാന്റെ കടയിൽ സമീറിനെയും കൂട്ടി ചായ കുടിച്ചിരിക്കുമ്പോൾ നാളെ പെണ്ണു കാണാൻ പോകാനുള്ള ഒരു മൂന്നാമൻ അടുത്തെത്തി. മറ്റെന്നാൾ മുതൽ പെണ്ണു കാണൽ തുടങ്ങാമെന്നു തീരുമാനിച്ചു.

തിരിച്ചു പോരുന്ന വഴി സമീറിന്റടുത്ത് ആ പെൺകുട്ടിയൂടെ കാര്യം ചോദിച്ചു. എല്ലാം ഒന്നു കൂടി കേട്ടു കഴിഞ്ഞ ശേഖരേട്ടൻ പെട്ടെന്നു പറഞ്ഞു.
“നാളെ കാലത്ത് അവിടെ പോയി ആ പെൺകുട്ടിയെ ഒന്നു കണ്ടാലൊ..?”
സമിർ ശരിക്കും ഞെട്ടി.
“ങെ....! ഉറപ്പിച്ചൊ...?”
“ങൂം... എന്തായാലും നമുക്ക് പോയി ഒന്നു കാണാം....!”
“പക്ഷെ, പെണ്ണിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ... ഒരു കളിതമാശ ആക്കരുത്....”
“അതൊന്നുമില്ല... കാണാൻ പറ്റിയ ഒരു സന്ദർഭം നാളെ കാലത്തേക്ക് പറ്റുമെങ്കിൽ ശരിയാക്ക്...”
“ഓക്കെ... അത് ഞാൻ ഏർപ്പാട് ചെയ്യാം..”

പിറ്റെ ദിവസം കാലത്ത് തൊട്ടടുത്ത ഒന്നു രണ്ടു ബന്ധുക്കളോടൊപ്പം ഞങ്ങൾ ഒരു പറ്റം ജീപ്പിൽ പുറപ്പെട്ടു. ഒരു ഓട്ടൊറിക്ഷ പോലും പോകാൻ മടിക്കുന്ന പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ വീതി കുറഞ്ഞ വഴിയിൽ ജീപ്പ് ഇട്ടിട്ട്, കുറച്ചിട ഞങ്ങൾ നടന്നു.

ഒരു കൊച്ചു ഓടു മേഞ്ഞ വീടായിരുന്നു.
ചുറ്റുവട്ടത്തും വാർക്ക കെട്ടിടങ്ങൾ...
മതിലിനു പകരം ഓലയും മുള്ളും വച്ചു കെട്ടി മറച്ച വേലിയുടെ നടുക്കായി ഒരു ചെറിയ പടി (ഗേറ്റ്).
മുളംകോലായിരുന്നു പടിയായി ഉപയോഗിച്ചിരുന്നത്....
മുകളിലത്തെ പടി ഒരു വശത്തേക്ക് നീക്കി വച്ചാൽ കവച്ചു കടക്കാം...
ഞങ്ങൾ മുറ്റത്തേക്ക് കടന്നു....

മുറ്റം നിറയെ ചെടിച്ചട്ടിയിൽ വളരുന്നതും അല്ലാത്തതുമായ ചെടികളും നിറയെ പൂക്കളും.
കൂടാതെ നല്ല പൊക്കമുള്ള തെങ്ങുകളും അടയ്ക്കാമരങ്ങളും വീടിനു ഭീഷണീയായി നിൽക്കുന്നു...
പിന്നെ മാവ്, പ്ലാവ് മുതലായവ.

ഞങ്ങളെ വീട്ടിനകത്തേക്ക് ക്ഷണിക്കപ്പെട്ടു. ഒരു കുഞ്ഞിറയം. അതു കഴിഞ്ഞ് കുഞ്ഞു സ്വീകരണമുറി. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാൻ പറ്റുമായിരുന്നില്ല. എങ്കിലും കഷ്ടിച്ച് ഇരുന്നു. ചായ കുടിച്ചിരിക്കുമ്പൊഴാണ് പെണ്ണിനെ കാണിച്ചത്.

പാവാടയും ബ്ലൌസ്സുമായിരുന്നു വേഷം....
ഒരു കുഞ്ഞു പെണ്ണിനെപ്പോലെ തോന്നി.......
ശേഖരേട്ടന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി....!
സമീറിന്റെ കണക്കു കൂട്ടൽ എത്ര ശരിയായിരുന്നുവെന്ന് ഒരു നിമിഷം ഓർത്തു.

കൊച്ചു പെണ്ണിനെപ്പോലെ തോന്നിയതുകൊണ്ട് ഒന്നു സാരി ഉടുത്തു കാണാൻ ബന്ധുക്കളിൽ ഒരാൾ ആഗ്രഹം പ്രകടിപ്പിച്ചു.
സാരി ഉടുത്ത് ഒന്നു കൂടി ഞങ്ങളുടെ മുൻപിൽ വന്നു നിന്നു....!
ഇപ്പോഴാ ഒരു പെണ്ണായതെന്നു തോന്നി.....

പെൺകുട്ടി അകത്തെക്കു പോയതിന്റെ പിറകെ എല്ലാവരും ശേഖരേട്ടന്റെ മുഖത്തേക്കു നോക്കി. എല്ലാവരും കൺപുരികം മുകളിലെക്ക് വെട്ടിച്ചു ചോദിച്ചു മൂകമായി ‘എങ്ങനെണ്ട്...?’
ഞങ്ങൾ എല്ലാവരും മുറ്റത്തിറങ്ങി നിന്നു കുശുകുശുത്തു....!
അവസാന തീരുമാനപ്രകാരം ശേഖരേട്ടന്റെ ബന്ധു പറഞ്ഞു.
“ഞങ്ങൾക്കിഷ്ടമായി.... നിങ്ങളുടെ തിരുമാനം എത്രയും പെട്ടെന്ന് അറിയിക്കണം... പറ്റുമെങ്കിൽ നാളെത്തന്നെ.. കാരണം അവനു ലീവു കുറവാണ്...”

അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ തിരിച്ചുപോരാൻ തുടങ്ങുമ്പോൾ അകത്തു നിന്നും മറുപടി വന്നു.
“നാളേക്കാക്കണ്ട... ഇപ്പൊത്തന്നെ പറയാം.. ഞങ്ങൾക്കിഷ്ടായി...!!!’
എല്ലാവരേടേയും മുഖത്ത് പൂർണ്ണചന്ദ്രൻ തിളങ്ങി.....!!
അതു കേട്ടതും ബന്ധു ഉടനെ തന്നെ പറഞ്ഞു.
“എങ്കിൽ നാളെത്തന്നെ നിങ്ങൾ വേണ്ടപ്പെട്ടവരൊക്കെകൂടി അങ്ങോട്ടു വരൂ... അവിടെ വച്ച് തിരുമാനിക്കാം ബാക്കി...”
“ഇത്ര പെട്ടെന്നായാലെങ്ങനാ.. ഞങ്ങൾ ഒന്നും കരുതിയിട്ടില്ലിതുവരെ. അടുത്ത വരവിനു പോരെ കല്യാണം.... അപ്പൊഴേക്കും ഞങ്ങൾ റെഡിയാക്കാം....”

ഒരു പെൺകുട്ടിയെ ഇറക്കിവിടാനുള്ള ബദ്ധപ്പാട് ആ വാക്കുകളിൽ നിറഞ്ഞിരുന്നു. ബന്ധു പറഞ്ഞു.
 “ഞങ്ങൾക്ക് സമയം കളയാനില്ല.. മറ്റൊന്നും ഞങ്ങൾ ചോദിച്ചില്ലല്ലൊ... പിന്നെന്താ...?”
“എന്നാലും ഒരു പെണ്ണിനെ ഇറക്കിവിടുമ്പോൾ വെറും കയ്യോടെ എങ്ങനാ...?”
“അങ്ങനെയാണെങ്കിൽ നിങ്ങളുടെ കയ്യിലുള്ളത് എന്താന്ന്വച്ചാ അതു കൊടുത്താൽ മതി...!!”
“അതാ ഞങ്ങൾ പറഞ്ഞത്.... ഒരു കൊല്ലം കൂടി കഴിഞ്ഞിട്ടാണെങ്കിൽ.... അപ്പൊ.. ഒന്നു വരാൻ പറ്റില്ലെ....?”
ആ ചോദ്യം ശേഖരേട്ടന്റെ നേരെയായിരുന്നു..

അടുത്തു നിന്ന ഞാൻ ശേഖരേട്ടന്റെ ചെവിയിൽ മന്ത്രിച്ചു.
‘ ആ പരിപാടി വേണ്ട.... അപ്പൊഴേക്കും വയസ്സ് മുപ്പത്തഞ്ചാവും... മൂക്കിൽ പല്ലും വരും.....!!’
ശേഖരേട്ടൻ പറഞ്ഞു.
“പോയാൽ പിന്നെ രണ്ടു വർഷം കഴിയാതെ വരാൻ പറ്റില്ല....”
ബന്ധു പറഞ്ഞു.
“എന്തായാലും നിങ്ങൾ നാളെ അങ്ങോട്ടു വരൂ... ബാക്കി അവിടെ വച്ച് തിരുമാനിക്കാം...”
അതു സമ്മതമെന്ന നിലയിൽ പിന്നെ ആരും ഒന്നും പറഞ്ഞില്ല. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

പിറ്റെ ദിവസം അവർ വന്നു.
സ്ത്രീധനമൊന്നും ആവശ്യപ്പെടാത്തതു കൊണ്ട് കാര്യമായ തർക്കങ്ങളൊന്നും ഉണ്ടായില്ല.
തൊട്ടടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ തിരുമാനിച്ചു.
തിയതി നാളെ കുറിച്ചയക്കാമെന്നു പെൺ വീട്ടുകാരുടെ ഒരു കാർന്നോർ ഏറ്റു.
അതോടൊപ്പം വിരുന്നു പോലുള്ള പരിപാടികൾ സമയ ലാഭത്തിനായി വേണ്ടന്നു വച്ചു.
തൊട്ടടുത്ത ദിവസം തന്നെ തീയതിയുമായി ആളു വന്നു.
ഒരാഴ്ച കഴിഞ്ഞുള്ള ശുഭമുഹൂർത്തം...!!

ഇതിനിടയിൽ മൂന്നാന്മാർ ബഹളം തുടങ്ങി...!
“നിങ്ങൾ കെട്ടണ്ട.... ഒന്നു വന്നു കണ്ടിട്ടു പോ... ഇഷ്ടപ്പെട്ടില്ലാന്നു ഞങ്ങൾ പറഞ്ഞോളാം.”
അതിനൊന്നും ശേഖരേട്ടൻ നിന്നു കൊടുത്തില്ല.....
മറ്റൊരു പെണ്ണൂ കാണലിനു ശേഖരേട്ടൻ പോയില്ല......
വെറൂതെ ഒരു പെണ്ണിന്റെ മനസ്സു വേദനിപ്പിക്കാൻ ശേഖരേട്ടനാവില്ല.
അവർക്ക് വേണമെങ്കിൽ ചായക്കാശു കൊടുത്തു വിടാം.
അപ്പൊഴത്തെ ദ്വേഷ്യത്തിൽ അതിനൊന്നും നിൽക്കാതെ അവർ സ്ഥലം വിട്ടു.

പിറ്റെ ദിവസം കാലത്ത് മുതൽ വിവാഹത്തിന്റെ ക്ഷണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതാണ്.
പക്ഷെ, അന്നു കാലത്ത് കിട്ടിയ വാർത്ത സകലരേയും ഞെട്ടിച്ചു കളഞ്ഞു.... !!?
“ഈ കല്യാണത്തിനു പെണ്ണിനു സമ്മതമല്ലത്രേ...!!?”

വിവരമറിഞ്ഞ് ഞങ്ങളെല്ലാം ശേഖരേട്ടന്റെ വീട്ടിൽ കൂടി.
‘അന്ന് ഇഷ്ടപ്പെട്ടെന്നു പറഞ്ഞതാണല്ലൊ....!’
‘ശ്രീധനമൊന്നും നമ്മൾ ചോദിച്ചിട്ടില്ലല്ലൊ...!!’
‘ഇനി ആരെങ്കിലും നമ്മൾക്കിട്ട് പാര പണിതോ...?!’
‘ചിലപ്പോൾ മൂന്നാന്മാർ ആരെങ്കിലും....!!?’

ബാക്കി അടുത്ത പോസ്റ്റിൽ....

Saturday, 1 January 2011

സ്വപ്നഭുമിയിലേക്ക്... ( 32 )

എല്ലാവർക്കും എന്റെ 
 “പുതുവത്സരാശംസകൾ.....”




തുടരുന്നു....

സ്വത്വം...

വിമാനം പോകേണ്ട സമയം കഴിഞ്ഞിട്ടും വിടാതായപ്പോൾ യാത്രക്കാർ അക്ഷമരായിത്തുടങ്ങി. അതുവരെ മൂന്നാല് അംഗരക്ഷകരുമായുള്ള എന്റെ പ്രകടനം കണ്ട് കൊണ്ടിരുന്ന പലരും
‘എന്താ.. എന്താ..’ ചോദിക്കാൻ തുടങ്ങിയിരുന്നു. അവരോടെല്ലാം ഞാൻ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു.

പക്ഷെ, എന്റെ കൂടെ ആ പെട്ടി തന്ന ആളെ അവരിലാരും കണ്ടവരില്ല.
എന്റെ പേരിലെഴുതിയ ആ പെട്ടി ഞാനും കണ്ടിട്ടില്ല....!!

തിരുവന്തപുരത്ത് കൌണ്ടറിൽ നിന്ന  ഉദ്യോഗസ്ഥനാണ് ആ പെട്ടി എന്റെ പേരിൽ എഴുതിക്കയറ്റിയത്. ഞാൻ ചെല്ലുന്നതിനു മുൻപേ തന്നെ ആ പെട്ടി അകത്തു പോയിരുന്നു.

കൌണ്ടറിലിരിക്കുന്ന ഉദ്യോഗസ്ഥരാണ് സ്വന്തം ബന്ധുക്കളേയും പരിചയക്കാരേയും മറ്റും ഇത്തരത്തിൽ കൂടുതൽ ‘ലഗ്ഗേജ്’ മായി വരുന്നവരെ, അതിന്റെ ‘ലഗ്ഗേജ് ചാർജ്ജ്’ വാങ്ങാതെ ‘അഡ്ജസ്റ്റ്മെന്റ്’ ചെയ്തു വിടുന്നത്. ഈ ലഗ്ഗേജെല്ലാം കൂടെ യാത്ര ചെയ്യുന്ന ഏതെങ്കിലുമൊക്കെ യാത്രക്കാരന്റെ തലയിൽ കെട്ടിവക്കുകയാണ് ചെയ്യുന്നതെന്ന് അന്നാണ് ബോദ്ധ്യമായത്.

സാധാരണ ഗതിയിൽ കുഴപ്പമൊന്നുമില്ല. അവസാനത്തെ വിമാനത്താവളത്തിൽ ചെല്ലുമ്പോൾ ഉടമസ്ഥർ എടുത്തുകൊണ്ടു പൊയ്ക്കോളും. പക്ഷെ, ഇതുപോലെ കൊളംബോ പോലെ ‘തീവ്രവാദ ഭീഷണി’ യുള്ള സ്ഥലങ്ങളിൽ തന്റെ ലഗ്ഗേജുകൾ ഒന്നു കൂടി കാണിച്ചു കൊടുക്കേണ്ട ഒരവസ്ഥ വന്നാൽ ഈ നിരപരാധികളായ യാത്രക്കാർ കുടുങ്ങിയതു തന്നെ. അതു പോലുള്ള ഒരു ദുരന്തമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്.

അവന്റെ പേരൊ നാളൊ ഒക്കെ അറിയാമായിരുന്നെങ്കിൽ, അതു നോക്കി പെട്ടി കാണിച്ചു കൊടുക്കാമയിരുന്നു. അല്ലാതെ ഒരൂഹം വച്ചെങ്ങാനും കാണിച്ചു കൊടുത്താൽ ചിലപ്പോൾ ശ്രീലങ്കൻ ജയിലിൽ നിന്നും ഒരിക്കലും പുറത്തു വരില്ല. ഞാൻ മുന്നാമത്തെ റൌണ്ടും പൂർത്തിയാക്കിയപ്പോഴും അവൻ എന്നെത്തേടി വന്നില്ല. ഞാനായിട്ട് അവനെ കണ്ടെത്താൻ കഴിയില്ലാന്ന് എനിക്ക് ഉറപ്പായിരുന്നു.

നാലാമത്തെ റൌണ്ടിനു പുറപ്പെടുന്നതിനു മുൻപു ഞാൻ അവരോടു പറഞ്ഞു.
“എനിക്കവനെ കണ്ടെത്താൻ കഴിയുമെന്നു തോന്നുന്നില്ല. ആ ലഗ്ഗെജ് ഉപേക്ഷിച്ചിട്ട് പോയാലൊ...? എനിക്കു വേണ്ടാത്...!”
അതു ശരിയാണെന്ന് എന്നെ വട്ടം ചുറ്റി നിന്നവർക്കും തോന്നി.
“അതിന്റെ ഉടമസ്ഥന് ആവശ്യമില്ലാത്തത് തനിക്കെന്തിന്....!” ഒരാൾ.
“ആ ആളില്ലാത്ത ലഗ്ഗേജ് പിന്നെ പ്രശ്നമാവും...!” മറ്റൊരാൾ.
“ അതു ചിലപ്പോൾ ബോംബ് സ്കാഡ് വന്നു പരിശോധിക്കേണ്ടി വരും...!”
“ശരിയാ... അനാഥശവം പൊലെ കിടക്കുമ്പോൾ അതു വല്യ ഗുലുമാലാ..!!”
“ഇനി അതിനകത്ത് വല്ല നിരോധിത സാധനങ്ങൾ വല്ലതുമാണെങ്കിൽ....?!”
“നിങ്ങൾ ഉപേക്ഷിച്ചിട്ടു പോയാലും കുഴപ്പമാ...!!”
“നിങ്ങൾ എവിടെപ്പോയാലും അവിടെ വരും ഇവന്മാർ...!”
എല്ലാം കേട്ടിട്ട് നിന്നു വിയർക്കുകയല്ലാതെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. തൊണ്ട വരണ്ടുണങ്ങിയിരുന്നു.....

എയർഹോസ്റ്റസ് പറഞ്ഞു.
“എല്ലാ യാത്രക്കാരും കയറിയിട്ടുണ്ട്. ഈ ഒരു ലഗ്ഗെജ് മാത്രമേ പ്രശ്നമുള്ളു... ഒന്നു കൂടി നോക്കൂ... നിങ്ങൾ കൂടി ചെന്നൊന്നു സഹായിച്ചു കൊടുക്കൂ... എല്ലാവരോടും ഒന്നു കൂടി പറയൂ....!!”
“ശരി... ഞങ്ങളും വരാം....” എന്നെ വട്ടം ചുറ്റി നിന്നവർ പറഞ്ഞു.

അങ്ങനെ എന്നോടൊപ്പം മലയാളികളുടെ ഒരു പട തന്നെ കൂടി....
‘കാടിളക്കി മറിച്ച് കാട്ടു മൃഗത്തെ പുറത്ത് ചാടിച്ച് വെടി വെച്ചു വീഴ്ത്താൻ തെയ്യാറായി’ നിരന്നു. രണ്ടു വശത്തുള്ളവരോടും തിരുവനന്തപുരത്ത് നടന്ന കാര്യങ്ങൾ വിശദമാക്കിക്കൊണ്ടു മുന്നോട്ടു നീക്കി.
എന്റെ ചങ്കു കിടന്നു പിടയുകയായിരുന്നു. ഇപ്പോഴെങ്കിലും ആ ‘പണ്ടാറക്കാലനെ കാണിച്ചു തരണെ ദൈവമേ...!!’ ഞാൻ ദൈവത്തിന്റെ മുൻപിൽ കൈ കൂപ്പി നിൽക്കുന്നത് പോലെയാണ് എന്റെ നടപ്പ്...!

എനിക്കൊന്നും പറയേണ്ടി വന്നില്ല. എല്ലാം കൂടെയുള്ളവർ ഏറ്റെടുത്തു. സമയം വൈകിയതു കൊണ്ട് കുറച്ചു പേർ മറ്റെ നിരയിലും ചെന്ന് കാടിളക്കാൻ തുടങ്ങി...!
അങ്ങനെ രണ്ടു കൂട്ടരും കൂടി, ഇടക്ക് നിന്നും ഒരുത്തൻ പോലും ചാടിപ്പോകാത്തവിധം ഗ്യാപ്പടച്ചാണ് തിരയൽ...!

ഞാനുമായിട്ട് ഒരു ബന്ധവുമില്ലാത്ത, ഈ വിമാനത്തിനകത്ത് വച്ചു മാത്രം ആദ്യമായി കാണുന്ന, എവിടെയൊക്കെയൊ ഉള്ള കുറേ മലയാളികൾ ഒരുമിച്ച് ചേർന്ന്, ഒരു നേതാവൊ, ഒരു സംഘടനയുടേയൊ പിൻബലമില്ലാതെ സ്വയമെടുത്ത തീരുമാനപ്രകാരമാണീ കാടിളക്കൽ....!!!

ഇതല്ലെ ‘സ്വത്വം...?’
‘മലയാളം’ എന്ന ‘ഭാഷാ സ്വത്വം....!’
അതു കാരണമല്ലെ ഈ മലയാളികളത്രയും ഈ കൂട്ടായ്മയിൽ പങ്കു ചേർന്നത്...!
ഇവിടെ ഞങ്ങൾക്ക് ജാതിയില്ല,
മതമില്ല,
രാഷ്ട്രീയമില്ല,
അവർണ്ണനില്ല,
സവർണ്ണനില്ല.
കറുത്തവനില്ല,
വെളുത്തവനില്ല,
തിരുവനന്തപുരത്ത് കാരനെന്നൊ,
കാണ്ണൂർ കാരനെന്നോയില്ല..
ഒരേ ഒരു സ്വത്വം മാത്രം ഞങ്ങളെ കൂട്ടിയിണക്കുന്നു....!!
‘മലയാളം’ അതെ, ഞങ്ങളുടെ മാതൃഭാഷാ...!!!
ഈ ‘സ്വത്വബോധം’ നമ്മുടെ സ്വന്തം നാട്ടിൽ കാണിച്ചിരുന്നെങ്കിൽ.....!!?

കാടിളക്കി മുന്നോട്ടു നീങ്ങുന്തോറും എന്റെ പ്രതീക്ഷ അസ്തമിച്ചു കൊണ്ടിരുന്നു....!
ഇനി അങ്ങനെയൊരാൾ ഈ വിമാനത്തിൽ കയറിയില്ലേ...?
അതോ അയാൾ ഇവിടെ ഇറങ്ങി തന്റെ ലഗ്ഗേജ്മായി പോയോ..?!

രണ്ടിടത്ത് നിന്നുമുള്ള ഈ കാടിളക്കൽ കണ്ട് മുൻപിൽ ഇരുന്നിരുന്നവരിൽ ചിലരും ഇറങ്ങിവന്ന് ഞങ്ങളോടൊപ്പം കൂടി. മൂത്രപ്പുരയുടെ വശത്തായി രണ്ടു സീറ്റുള്ള ഒരു നിര കസേരകളുണ്ടായിരുന്നു. അവർ മറ്റുള്ളവരെപ്പോലെയല്ല ഇരിക്കുന്നത്. എല്ലാവരും വിമാനത്തിന്റെ മുൻപിലേക്ക് തിരിഞ്ഞിരിക്കുമ്പോൾ അവർ മാത്രം പിറകിലേക്ക് തിരിഞ്ഞാണ് ഇരിക്കുന്നത്. ഞങ്ങളുടെ കാടിളക്കൽ കണ്ട് ആകാംക്ഷ പൂണ്ടിരിക്കുകയായിരുന്നു അവരിരുവരും.

ഞങ്ങൾ അടുത്തു ചെന്നതും അവരിൽ ഒരുത്തൻ എഴുന്നെറ്റ് നിൽക്കുന്നത് കണ്ടു. ഞാൻ വിചാരിച്ചു കാടിളക്കാൻ കൂടാനായിരിക്കുമെന്ന്.
“നിങ്ങളെന്താ നോക്കണെ...?” ഒരു ചോദ്യം.
പെട്ടെന്ന് എന്റെ തലച്ചോറിൽ ഒരു വെള്ളിടി വെട്ടി....!!
ഈ ശബ്ദം എവിടെയോ മുൻപു ഞാൻ കേട്ടിട്ടുണ്ടല്ലൊ...?!
ഒരു ‘താങ്ക്സ്’ന്റെ രൂപത്തിൽ...!!
അതെ..!! ലവൻ തന്നെയല്ലെ ഇവൻ..!!
ഇവന്റെ പെട്ടിയല്ലെ അത്...!!

അപ്പോഴത്തെ മനോനില പോലെ തന്നെ ഒരു പൊട്ടിത്തെറിയായിരുന്നു.....!
ആദ്യം കേറി അവന്റെ കോളറിന് ഒരു പിടിത്തം.. എന്നിട്ടാണ് ചോദ്യം.. അതും ദ്വേഷ്യം കൊണ്ട് ഞാൻ വിറക്കുകയായിരുന്നു.
“തന്റെ ലഗ്ഗേജല്ലെ എന്റെ കൂടെയിട്ടത്...?”
“ആരുടെ കൂടെയാ ഇട്ടതെന്ന് ഞാൻ ഓർക്കുന്നില്ല. നിങ്ങളാണൊ.. അത്..... എന്താ പറ്റിയത്....?” ആ മറുപടി എന്റെ ദ്വേഷ്യമെല്ലാം ആവിയായിപ്പോയി. എന്നെപ്പോലെ അയാളും നിരപരാധി ആണെന്നു തോന്നി.

എന്റെ കൂടെയുണ്ടായിരുന്നവരിൽ ചില നല്ല ചൂടന്മാരും ഉണ്ടായിരുന്നു. അവരുടെ സംഭാഷണങ്ങൾ കൂടിയായപ്പോൾ ആ പാവം പേടിച്ചു വിറക്കാ‍ൻ തുടങ്ങി. കൂടുതൽ പിരിമുറക്കം ആവുന്നതിനു മുൻപുതന്നെ എയർഹോസ്റ്റസ് ഞങ്ങളെ രണ്ടു പേരെയും കൊണ്ട് വിമാനത്തിനു പുറത്തു കടന്നു. താഴെയിറങ്ങി കാത്തുകിടന്ന ബസ്സിൽ കയറി.

ബസ്സിലെ കമ്പിയിൽ പിടിച്ചു നിൽക്കുമ്പോൾ അയാൾ പേടിയില്ലാതെ ചോദിച്ചു.
“എന്താ സംഭവിച്ചത്...? ഞാൻ എന്റെ ലഗ്ഗേജ് രണ്ടും കാണിച്ചു കൊടുത്തതാ...”
എനിക്കയാളോട് ദ്വേഷ്യപ്പടാൻ ആയില്ല.
എനിക്കായിട്ടുള്ളത് ഞാൻ തന്നെ അനുഭവിക്കണം...! ആതിനു മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നല്ലെ പ്രമാണം. ഇവരെല്ലാം ഓരൊ നിമിത്തങ്ങൾ മാത്രം....!
“എന്താണെന്ന് എനിക്കും അറിയില്ല സുഹൃത്തെ... എന്റെ രണ്ടു ലഗ്ഗേജിൽ ഒരെണ്ണം എവിടെയെന്നാ ഇവർ ചോദിക്കുന്നത്... എനിക്ക് ആകെ ഒരു ചെറിയ പെട്ടി മാത്രമെയുള്ളു... പിന്നെവിടെന്നാ രണ്ടെണ്ണം കാണിച്ചു കൊടുക്കാ... !”

ഇനി അവിടെ ചെല്ലുമ്പോൾ അയാൾ കാണിച്ചു കൊടുത്ത രണ്ടു പെട്ടിയും ഇതിനകം അകത്തു പോകുകയും ചെയ്താൽ ഞാനെന്തു ചെയ്യും......!!?
എനിക്കാകെ ഒരു പരവശത തോന്നുന്നുണ്ട്. തൊണ്ടയിലാണെങ്കിൽ ഒരു തുള്ളി വെള്ളമില്ല. കയ്യും കാലുമൊക്കെ വല്ലാതെ തളരുന്നു. കുറച്ചു വെള്ളം കിട്ടിയെങ്കിൽ...!
ഇതെന്താ ഈ ബസ്സ് ഓടിയിട്ടും ഓടിയിട്ടും എത്താത്തത്...?
വിയർപ്പ് തുടച്ച് തുടച്ച് ടവൽ നനഞ്ഞു കുതിർന്നിരുന്നു.

അവിടെ ചെല്ലുമ്പോൾ ധാരാളം പെട്ടികൾ വാരിവലിച്ചിട്ടിരിക്കുന്നു...
ഇതിൽ നിന്നും അത് എങ്ങനെ കണ്ടെത്തും....?
അയാൾ സംശയമുള്ള ഓരൊ പെട്ടിയും അടുത്തു ചെന്ന് നോക്കുന്നുണ്ട്. അയാൾ അതല്ല എന്ന ഭാവത്തിൽ മാറിപ്പോകുമ്പോൾ എന്റെ ചങ്കിടിപ്പ് കൂടും..!
ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിട്ട് കുറെ നേരമായി.....
ആ പെരുമ്പറ ശരിക്കും എന്റെ ചെവിയിൽ കേൾക്കുന്നുണ്ട്...!
തനിയെ നിന്നാൽ വീഴുമെന്ന തോന്നലിൽ ഒരു തൂണിൽ ബലമായി പിടിച്ച് നിന്നു.
അവസാനം അയാൾ ആ പെട്ടി കണ്ടെത്തുക തന്നെ ചെയ്തു...!!! “ഹോ...!!”

ആ പെട്ടിയും തൂക്കി വന്ന് ഞങ്ങളുടെ മുൻപിൽ വച്ചു. അതിലെഴുതിയിരുന്ന നംബർ എന്റേതുമായി ഒത്തു നോക്കി ശരിയാണെന്ന് ഉറപ്പു വരുത്തി. അയാൾ പറഞ്ഞു.
“ഇതു ഞാൻ ആദ്യം കാണിച്ചു കൊടുത്തതാ... പിന്നെന്താ വിമാനത്തിൽ കേറ്റാഞ്ഞത്...?”
അതിനു മറുപടി പറഞ്ഞത് ഞങ്ങളുടെ കൂടെ വന്ന ഉദ്യോഗസ്ഥനായിരുന്നു.
“നിങ്ങളുടെ ബോഡിങ് പാസ്സിൽ ലാഗ്ഗെജ് ഒന്ന് എന്നു മാത്രമേയുള്ളു. നിങ്ങൾ അതിനു പകരം രണ്ടൊ, മൂന്നൊ കാണിച്ചു കൊടുത്താലും അവർ കേറ്റുകയില്ല... അതേ സമയം..”
എന്നെ ചൂണ്ടി പറഞ്ഞു.
“ഇയാളുടെ ബോഡിങ് പാസ്സിൽ ലഗ്ഗേജ് രണ്ടെണ്ണം ഉണ്ട്. അയാൾ ഒന്നേ കാണിച്ചു കൊടുത്തുള്ളു...ആതു കൊണ്ടാ പ്രശ്നമായത്...”

സാധനം കണ്ടെത്തിയതോടെ ആശ്വാസമായി. ഞങ്ങൾ പിന്നെ സുഹൃത്തുക്കളായി....
തിരിച്ചു ബസ്സിലിരിക്കുമ്പൊഴും, പിന്നെ വിമാനത്തിനകത്തിരിക്കുമ്പോഴും വെറുതെ ‘വഴിയേ പോയ വയ്യാവേലിയെടുത്ത് തലയിൽ വച്ചതിന്റെ’ വിഷമം എത്ര ശ്രമിച്ചിട്ടും മാറിയില്ല. ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. എല്ലാം എന്റെ തെറ്റ്....! ആരേയും മുഷിമിപ്പിക്കാതിരിക്കാൻ,
മുന്നും പിന്നും ആലോചിക്കാതെ എടുത്ത തിരുമാനം, ഇത്ര മനോവിഷമം ഉണ്ടാക്കുമെന്ന് കരുതിയില്ല.

ഹൃദയത്തിന്റെ താളവും ശരീരത്തിന്റെ വിറയലും നേരെയാവുന്നില്ല. സത്യത്തിൽ ഞാൻ ശരിക്കും പേടിച്ചിരിക്കുന്നു. ഇത്തരം മനോവിഷമം വരുമ്പോൾ മുൻപൊക്കെ ചെയ്യാറുള്ളതുപോലെ ആരുമില്ലാത്ത സ്ഥലത്ത് പോയിരുന്ന് കുറച്ചു നേരം കരയുമായിരുന്നു....
പെരിയാർ പുഴയിലെ കുഞ്ഞോളങ്ങൾക്കും, തീരത്തെ കൈതക്കാടുകൾക്കും ആ കഥകൾ എത്രയോ പറയാനുണ്ടാകും...!

അതു പോലെ ഒന്നു കരഞ്ഞെങ്കിൽ എന്റെ ഹൃദയതാളം നേരെയാക്കാമായിരുന്നു...!
ഈ മനോവിഷമവും മാറിക്കിട്ടിയേനെ....!
ഇതിനകത്ത് മൂത്രപ്പുരയിൽ പോയാലെ ആരുംകാണാതെ ഒന്നു കരയാൻ പറ്റൂ...

ഇപ്പോൾ തന്നെ എന്റെ ലഗ്ഗേജ് കാരണം അര മണിക്കൂറിലധികം വൈകിയതിനാൽ വിമാനം പറന്നു പൊങ്ങാനായി റൺ‌വേയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. മുൻ‌വശത്തെ സീറ്റിന്റെ പിറകിൽ മടക്കിവച്ചിരുന്ന ‘ടീ സ്റ്റാന്റ്’ വിടർത്തിയിട്ടു. കൈ പിണച്ചു വച്ച് അതിൽ തലമുട്ടിച്ച് കമിഴ്ന്നു കിടന്നു.

പറന്നു പൊങ്ങാനുള്ള എഞ്ചിന്റെ ചെകിടടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾക്കിടക്ക് എന്റെ നിശ്ശബ്ദ കരച്ചിൽ ആരുമറിഞ്ഞില്ല....!! വിമാനം സ്റ്റെഡിയായി, തന്റെ പാതയിൽ നേരെ നിന്നതിനു ശേഷം ‘ഡ്രിംഗ്സുമായി’ എയർഹോസ്റ്റസ് വരുന്നതു വരെ കിടന്നു.

തല ഉയർത്തി കണ്ണുകൾ തുടച്ച് നിവർന്നിരുന്നു...
കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിനു നല്ല ശാന്തത കൈവന്നിരുന്നു....!
ഹൃദയ താളം നേരെയായി.... !
മുഖവും പ്രസന്നമായി.....!

പിന്നെ ഒരു ‘കോലെടുത്ത്’ രണ്ടായി മുറിച്ചിട്ടു....!!
പണ്ട് ഞങ്ങൾ തോലൻ മാവിന്റെ ചുവട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടുകാർ തമ്മിൽ വഴക്കിടും, അപ്പോൾ ഒരു കോലെടുത്ത് വട്ടം ഒടിച്ചിട്ട് പറയും ‘ഈ കോലു മുറി കൂടുന്നതു വരെ നിന്നോടു മിണ്ടില്ല.’ അതാണ് ഓർമ്മ വന്നത്...
‘ഇനി തല പോണെന്നു പറഞ്ഞാലും ഇങ്ങനെയൊരു ചേതമില്ലാത്ത ഉപകാരം ഒരാൾക്കും ചെയ്യില്ലാന്ന് ശപഥവും ചെയ്തു....!!

[ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും, വിമാനത്തിൽ എവിടെന്നാ ‘കോലു’ കിട്ടിയതെന്ന്...!!?.
നമ്മുടെ സ്വന്തം ഭൂമിക്ക് തന്റെ സ്വന്തം ‘സാങ്കല്പിക അച്ചുതണ്ടിൽ’ ഈ കാലമത്രയും കറങ്ങാമെങ്കിൽ, ഒരു സാങ്കൽ‌പ്പിക കോലൊടിച്ചിടാൻ എനിക്കും പറ്റും...!!! എന്നോടാ കളി....!!]

അവർ കൊണ്ടു വന്ന ഡ്രിംഗ്സിൽ ഞാൻ രണ്ടു ബീയറാണു വാങ്ങിയത്. തണുത്തുറഞ്ഞ ബീയർ താഴേക്കിറങ്ങുമ്പോൾ പതിവില്ലാത്ത സുഖം തോന്നി.. പിന്നെ കണ്ണുകളടച്ചിരുന്നു...

ബാക്കി അടുത്ത പോസ്റ്റിൽ....

Wednesday, 15 December 2010

സ്വപ്നഭുമിയിലേക്ക്... ( 31 )


തുടരുന്നു...

പുലിപ്പേടി...

കൊളംബോയിൽ വിമാനമിറങ്ങുമ്പോൾ ഇനി ഏഴെട്ടു മണിക്കൂറെങ്കിലും അവിടെ കുത്തിയിരിക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ഇവിടന്ന് വൈകുന്നേരമാണ് ബഹ്റീനിലേക്കുള്ള വിമാനം. അതു വരേക്കും ഇരുന്നും കിടന്നും നടന്നും കഴിച്ചു കൂട്ടണം.

മറ്റുള്ളവരോടൊപ്പം കുറച്ചു നേരം ഇരുന്നു. പിന്നെ അകത്തെ കടകളും മറ്റും നടന്നു കണ്ടു. വിമാനത്തിന്റെ വരവും പോക്കും നോക്കിയിരുന്നു. ബോറടിച്ചപ്പോൾ ഒരു ചായ കുടിക്കാമെന്നു കരുതി വീണ്ടും എഴുന്നെറ്റു. ഇനി ഭക്ഷണം കിട്ടണമെങ്കിൽ വിമാനത്തിൽ കയറിയാലെ രക്ഷയുള്ളു.

ശ്രീധരന്റെ വീട്ടിൽ നിന്നും കാലത്തെ ഭക്ഷണം കഴിപ്പിച്ചിട്ടാണ് വിട്ടത്. ഇത്ര കാലത്തെ ഇതൊന്നും ഉണ്ടാക്കണ്ടാന്ന് പറഞ്ഞതാണ്. പോകുന്ന വഴിയിൽ എവിടെയെങ്കിലും കയറി കഴിച്ചോളാമെന്നു പറഞ്ഞിട്ടും ശ്രീധരന്റെ ശ്രീമതി സമ്മതിച്ചില്ല. ഇത്ര കാലത്തെ ഒരു കടയും തുറക്കില്ലാന്നും പറഞ്ഞ് നിർബ്ബന്ധിക്കുകയായിരുന്നു.

ശ്രീധരനും ശ്രീമതിക്കും ഒരിടത്താണു ജോലി. രണ്ടു പേർക്കും ജോലിക്കു പോകേണ്ടതു കൊണ്ട് കാലത്തെ എഴുന്നെറ്റ് ഇതൊക്കെ ഉണ്ടാക്കുന്നതു പതിവാണ്. അവിടെ നിന്നും കുറച്ചു ഭക്ഷണം പൊതിഞ്ഞു കെട്ടി കൊണ്ടു വന്നാൽ മതിയായിരുന്നു...
അതെങ്ങനെയാ...!
ഇതുവരെ ഇങ്ങനെ ഒരു ‘പ്രാതൽ’ ഞാൻ കഴിച്ചിട്ടേയില്ലായിരുന്നു....!
അപ്പോൾ തന്നെ ഞാനവനോട് ചോദിക്കുകയും ചെയ്തു.
“ഇതെന്താടാ.. ഇങ്ങനെ ഒരു പ്രാതൽ.....!!?”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എടാ.. ചേരേ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുനുറുക്കു തന്നെ തിന്നണമെന്നു കേട്ടിട്ടില്ലെ...!! ഇതാ ഇപ്പോഴത്തെ ഞങ്ങ്ടെ ഒരു ഇടിവെട്ടു സ്റ്റൈൽ...!!”
“ഇതു തിന്നണമെങ്കിൽ ചാറുള്ള ഒരു കറി വേണം. അല്ലാതെ ഇതെങ്ങനെടാ ഇറങ്ങുകാ...?”
“അതിനാ ചായ.. ഹാ ഹ ഹാ..!!”

അവന്റെ ചിരിയിൽ ഞാനും പങ്കു ചേരുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. ഞാൻ പാത്രത്തിലേക്ക് വീണ്ടും നോക്കി. ‘രണ്ടു വലിയ കഷണം പൂട്ടും, മൂന്നു നാലു മത്തി വറുത്തതും മാത്രം’ പ്ലെയ്റ്റിലിരുന്ന് എന്നെ വെല്ലുവിളിക്കുന്നത് പോലെ തോന്നി....!

ഇതു കുഴച്ചു തിന്നാൻ പറ്റില്ല. അവൻ ഇതു രണ്ടും കുഴച്ച് ഭംഗിയായി വീശുന്നുണ്ട്. അതു പിന്നെ അവന്റെ ദൈനംദിന അഭ്യാസത്തിൽ പെട്ടതാവും...!
ആലോചിച്ചിരിക്കാൻ നേരമില്ല.
ആദ്യം പുട്ടെടുത്ത് ഒരു കടി കടിക്കും, അതു കഴിഞ്ഞ് മത്തിയെടുത്ത് ഒരു കടി, കൂടാതെ ചായ ഒരു കവിൾ.....!? ഇതു മൂന്നും കൂടി ചേർന്ന ഒരു ഫോർമുലയിലെ കാര്യങ്ങൾ മുന്നോട്ടു നീങ്ങിയുള്ളു.

ഈ കോമ്പിനേഷൻ എങ്ങനെയാ കെട്ടിപ്പൊതിഞ്ഞ് ശ്രീലങ്കയിലേക്ക് കൊണ്ടു പോകുക....!? അതുകൊണ്ടാ പൊതിഞ്ഞുകെട്ടൽ നടക്കാതെ പോയത്.

ചായ ചോദിച്ചപ്പോൾ അവർ ആദ്യം തന്നെ പറഞ്ഞൂ ‘ഡോളർ’ വേണോട്ടൊ...!
ഡോളർ ഞാൻ ഒരിക്കലും കൊണ്ടുനടക്കാറില്ല.
ഞാൻ ചോദിച്ചു.
“ഇൻഡ്യൻ രൂപ എടുക്കില്ലെ..?”
“ഇല്ല...!”
എനിക്കതൊരു പുതിയ അറിവായിരുന്നു. മനസ്സിൽ ഒരു തമാശയാണ് തോന്നിയത്.
നമ്മുടെ സ്വന്തം ‘രാവണന്റെ രാജ്യത്ത്’ ഭാരതത്തിന്റെ കാശിനു വിലക്കൊ...?!
 ശിവ ശിവാ..!! അല്ല രാമ രാമാ...!!’
രാമനും ഭരതനും ഒന്നും ഇല്ലാത്തത് ഇവന്റെയൊക്കെ ഭാഗ്യം...!!

അപ്പോഴാണ് ദിനാറിന്റെ കാര്യമോർത്തത്. ഞാൻ വീണ്ടും ചോദിച്ചു.
“ബഹ്‌റീൻ ദിനാറെടുക്കൊ...?”
“ഇല്ല..!!”
ഇവരെന്താ.. അമേരിക്കൻ കോളനിയോ..? ഞാൻ ശരിക്കും വലഞ്ഞു. ഇന്നു പകൽ മുഴുവൻ പട്ടിണി തന്നെയെന്നു മനസ്സിലോർത്തു കൊണ്ട് അവിടന്നിറങ്ങി.

എന്റെ കൂടെ വന്നവരിൽ ചിലരൊക്കെ അവിടവിടെയായി ഇരുന്നു ഭക്ഷണം വെട്ടിവിഴുങ്ങുന്നുണ്ടായിരുന്നു. ഇവരൊക്കെ നടക്കുന്നിടം മുഴുവൻ ഡോളറും കൊണ്ടാണൊ നടക്കുന്നത്...?

ഏതായാലും എന്റെ കൂടെ വന്നവരല്ലെ. ഒന്നു ചോദിച്ചു നോക്കാം. ദിനാറിനു പകരം ഭക്ഷണം കഴിക്കാനുള്ള ഡോളറെങ്കിലും ആരെങ്കിലും തരാതിരിക്കുമോ...?

നാട്ടിലെപ്പോലെ അല്ല, മലയാളി നാടു വിട്ടു കഴിഞ്ഞാൽ പിന്നെ എല്ലാവരുമായി ഭയങ്കര സ്നേഹമാണ്. അവിടെ ജാതിയും മതവുമൊന്നും നോക്കില്ല. മറ്റുള്ളവരുടെ ഏതു വേദനയും തന്റേയും കൂടി വേദനയാണെന്ന് സ്വയം ബോദ്ധ്യപ്പെടുന്നു. കാരണം ഇവിടെ സഹായിക്കാൻ സ്വന്തക്കാരും ബന്ധുക്കളുമൊന്നും ഇല്ലാന്നുള്ള തിരിച്ചറിവു തന്നെ...!

എന്റെ ചോദ്യത്തിന് അവർ ഒരു മറു ചോദ്യമാണു ചോദിച്ചത്.
“ഡോളറെന്തിനാ...?”
“ഭക്ഷണം കഴിക്കാനാ... അവർ ഡോളർ മാത്രമേ എടുക്കുന്നുള്ളൂ...”
“ഭക്ഷണം കഴിക്കാൻ പൈസ വേണ്ടാ...!!!”

‘ങേ...!!’ ശരിക്കും ഞാൻ ഞെട്ടി.
‘ദൈവമേ... രാമന്റെ സ്വന്തം രാജ്യം ആയ രാമരാജ്യം തന്നെയോ ഇത്...?!!
എന്നാലും എന്റെ സംശയം തീർന്നില്ല. ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“പിന്നെങ്ങനെ...?”
“ അവർ ടോക്കൺ തന്നിട്ടുണ്ടാവുല്ലൊ ഭക്ഷണത്തിന്...! പാസ്പ്പോർട്ടിനകത്ത് നോക്കിയേ....?”

ഇവിടെ ഇറങ്ങിയപ്പോൾ പാസ്പ്പോർട്ട് പരിശോധനക്കായി കൊടുത്തിരുന്നു. തിരിച്ചു വാങ്ങിയപ്പോൾ പരിശോധിച്ചിരുന്നില്ല. ഞാൻ കൈത്തണ്ടയിലെ ചെറിയ ബാഗിൽ നിന്നും പാസ്പ്പോർട്ടെടുത്ത് പരിശോധിച്ചു. ശരിയാണ് രണ്ടു ടോക്കൺ ഉണ്ട്. ഞാൻ ചോദിച്ചു.
“ഇതു രണ്ടെണ്ണമുണ്ടല്ലൊ..?”
“ഒന്ന് ഉച്ചക്കും, പിന്നെ വൈകീട്ടത്തെ ചായക്കും...!!”
അതു ശരി. ശ്രീലങ്കക്കാരു കൊള്ളാല്ലൊ....!
‘മന്നവേന്ദ്രാ വിളങ്ങുന്നു, ചന്ദ്രനെപ്പോലെ നിന്മുഖം..’പണ്ടു വ്യാകരണ ക്ലാസ്സിൽ പഠിച്ചത് പോലെ, എന്റെ മുഖം പെട്ടെന്നു തെളിഞ്ഞു.

നമ്മുടെ സ്വന്തം വിമാനക്കമ്പനിക്കാരു വല്ലവരുമാണെങ്കിൽ ഇവിടെ പട്ടിണി കിടന്നു പൊരിഞ്ഞതു തന്നെ. ഇനീപ്പൊ ചായ കുടിക്കുന്നതെന്തിനാ.. ഊണാക്കിക്കളയാം..! ഞാൻ വീണ്ടും കാന്റീനിൽ ചെന്നു. ടോക്കൺ കൊടുത്തു. അവർ ഒരു സ്റ്റീൽ പ്ലേറ്റ് തന്നു. ഞാൻ അതും കയ്യിൽ പിടിച്ച് നിൽ‌പ്പായി...!

എനിക്കു മുൻപെ നിൽക്കുന്നവരെ അപ്പോഴാണ് ശ്രദ്ധിച്ചത്. നിരത്തി വച്ച ഭക്ഷണ പാത്രങ്ങളിൽ നിന്നും ആവശ്യത്തിനെടുത്ത് പാത്രത്തിലിടുന്ന രീതിയാണ്. ‘ഓ..ഹൊ..’ അതു കൊള്ളാല്ലൊ. ഞാനും ഓരോന്നിൽ നിന്നും കുറേശ്ശെ എടുത്ത് പാത്രത്തിലേക്ക് വിളമ്പി. പലതും എന്താ സാധനമെന്നു മനസ്സിലായില്ല. ചിലതൊക്കെ എന്താണിതിലെന്ന് സംശയിച്ചു നിന്നു. എന്തായാലും ഭക്ഷണമല്ലെ. എടുത്തേക്കാം. ‘വെറുതെ കിട്ടുന്ന പശുവിന് പല്ലുണ്ടോന്നു നോക്കണ്ട കാര്യമുണ്ടൊ..’ ഇനി തിന്നുമ്പോൾ അറിയാം.

പക്ഷെ, നല്ല സ്വാദുണ്ടായിരുന്നു. കഴിച്ചിട്ട് മതിയായില്ല. കുറച്ചുകൂടി എടുത്താലൊ എന്നു ചിന്തിച്ചു. ആരും രണ്ടാമതു വന്ന് എടുക്കുന്നതായി കണ്ടില്ല. നിരാശയോടെ രണ്ടാമത് എടുക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചു. അല്ലെങ്കിലും അതൊക്കെ വളരെ മോശമല്ലെ....!
എന്തായാലും കിട്ടിയതു കഴിച്ച് എന്നു പറയാൻ പറ്റില്ല, ഞാൻ സ്വയം വിളമ്പിയെടുത്തത് കഴിച്ച്  വിശപ്പടക്കി....

പിന്നെ പെട്ടിയും തലയ്ക്ക് വച്ച്, രണ്ടു മൂന്നു കസേരകളിൽ ശരീരമുറപ്പിച്ച് നീണ്ടു നിവർന്ന് ഒരു കിടത്തം, പിന്നെ ഒരു മയക്കം..... വൈകുന്നേരമായി....

എല്ലായിടത്തും ലൈറ്റുകൾ തെളിഞ്ഞു. ഞാൻ കിടന്ന സ്ഥലത്തൊക്കെ യാത്രക്കാർ നിറയാൻ തുടങ്ങിയിരുന്നു. ബാത്‌റൂമിൽ പൊയി മുഖമൊക്കെ ഒന്നു കഴുകി ഫ്രെഷ് ആയി. കാന്റ്റീനിൽ പോയി അവസാന ടോക്കണും കൊടുത്ത് ചായയും ഒരു ബ്രഡ്,ബട്ടർ സാൻ‌വിച്ചും കഴിച്ചു.

സമയമായപ്പോൾ ഫ്ലൈറ്റ് റെഡി. വിമാനത്തിനടുത്തേക്ക് ബസ്സിലായിരുന്നു യാത്ര. ബസ്സിൽ കയറുന്നതിനു മുൻപ് എല്ലാവരുടേയും ലഗ്ഗേജ് കാണിച്ചു കൊടുക്കണമായിരുന്നു. കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിനു കെട്ടുകളിൽ നിന്നും എന്റെ ലഗ്ഗെജ് കണ്ടെത്തുക ശ്രമകരമായിരുന്നു. എന്റേതെന്നു തോന്നിയ പെട്ടികളൊന്നും എന്റേതായിരുന്നില്ല. പേരു ഞാൻ എഴുതിയിരുന്നെങ്കിലും അതും പെട്ടെന്നു കണ്ടെത്താനായില്ല. മാത്രമല്ല, എന്റേത് ഒരു കുഞ്ഞു പെട്ടിയായിരുന്നു താനും.

പിന്നെ കുറേ നേരത്തിനു ശേഷം അങ്ങേയറ്റത്ത് ഒരു മൂലയിൽ എന്നെ പറ്റിച്ച് പതുങ്ങിക്കിടക്കുന്നു അവൻ...! അപ്പൊഴാണ് എന്റെ ശ്വാസം നേരെ വീണത്..!
(പെങ്കൊച്ച് രണ്ടു മൂന്നു ദിവസം കൊണ്ട്, ഒരുപാടു സ്നേഹം ചാലിച്ചു ചേർത്ത് ഉണ്ടാക്കി, ഭംഗിയായി പൊതിഞ്ഞു തന്ന സാധനങ്ങളാണെ പെട്ടിക്കുള്ളിൽ...!)

പിന്നെ നേരെ ബസ്സിനകത്തെക്ക്...
അവസാനം ഞങ്ങൾ വിമാനത്തിനകത്തെക്ക് സ്വാഗതം ചെയ്യപ്പെട്ടു. എന്റെ സീറ്റ് കണ്ടു പിടിച്ചു തരാൻ ഒരു എയർ ഹോസ്റ്റസ് സഹായിച്ചു. എന്റെ പെട്ടിയെടുത്ത് മുകളിൽ വക്കാനും അവർ സഹായിച്ചു.

അതു അവരെക്കൊണ്ട് ചെയ്യിപ്പിക്കണ്ടായിരുന്നുവെന്ന് തോന്നി ഒരു നിമിഷം...?
കാരണം കൊലുന്നനെ ഒരു പെൺകുട്ടി...!
കയ്യും കാലുമൊക്കെ അച്ചിങ്ങാപരുവം....!!
ഈ ശരീരത്തിനകത്ത് കുടലും മറ്റു സ്ഥാവരജംഗമ വസ്തുക്കളൊക്കെ അടക്കിയൊതുക്കി എങ്ങനെയാവും വച്ചിട്ടുണ്ടാവുക..?
എന്റെ പെട്ടിയെടുത്ത് പൊക്കാനുള്ള ശേഷിയൊന്നും അതിനില്ലായിരുന്നു. പിന്നെ ഞാനും കൂടി പൊക്കി കൊടുത്തിട്ടാണ് മുകളിലെത്തിയത്.

വിമാനത്താവളത്തിൽ ഇരിക്കുമ്പോഴും ഇതു പോലെ കുറേയെണ്ണം അങ്ങോട്ടും ഇങ്ങോട്ടും തേരാപാരാ നടക്കുന്നത് കണ്ടിരുന്നു. ഒറ്റ എണ്ണത്തിനും ആരോഗ്യം എന്നു പറഞ്ഞ സാധനം ഇല്ലായിരുന്നു. ശ്രീലങ്കൻ സ്ത്രീകളുടെ സൌന്ദര്യബോധം അതായിരിക്കും...!
ഹെ.. ഞാനെന്തിനാ ബേജാറാകണെ...!?

ജനലിനോട് ചേർന്നായിരുന്നു എന്റെ സീറ്റ്. അതിനാൽ പുറത്തെ കാഴ്ചകളൊക്കെ ശരിക്കും കാണാമായിരുന്നു. തൊട്ടു താഴെ ഞങ്ങളുടെ പെട്ടികളെല്ലാം കൊണ്ടു വന്നു കയറ്റുന്നുണ്ടായിരുന്നു. രണ്ടു പേര് രണ്ടു വശത്തും പിടിച്ച് വിമാനത്തിനകത്തേക്ക് ഓരോ കെട്ടും വലിച്ചെറിയുന്നതാണ് കാണുന്നത്....!

ചിലതൊക്കെ മുകളിൽ എത്താത്തത് ഉരുണ്ടുപെരുണ്ട് വീണ്ടും താഴേക്കു തന്നെ വീണു. എന്റെ പെട്ടിക്കകത്ത് അച്ചാറുകൾ ചില്ലുപാത്രത്തിനകത്തായിരുന്നു വച്ചിരുന്നത്. ഈ കോലത്തിനാണെങ്കിൽ അവിടെ എത്തുമ്പോഴേക്കും അത് എല്ലാം കൂടി പൊട്ടിപ്പൊളിഞ്ഞ് ഒരു പരുവത്തിലായിരിക്കും കിട്ടുക.

സൈഡ് സീറ്റിൽ ഇരുന്നിരുന്നവരെല്ലാം ഇതു കാണുന്നുണ്ടായിരുന്നു. ചിലരൊക്കെ പരിസരം മറന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു.
“എടാ.. എടാ..പതുക്കെ എറിയെടാ... !! പെണ്ണൂം‌പിള്ള രാത്രി ഉറക്കമൊഴിച്ചിരുന്ന് ഉണ്ടാക്കി കെട്ടിപ്പൊതിഞ്ഞു തന്നേക്കണതാ..!!”
അതു കേട്ട് ബാക്കിയുള്ളവർ തകർത്ത് ചിരിച്ചു. എനിക്കും ചിരിക്കാതിരിക്കാനായില്ല....

സമയം പിന്നെയും ഇഴഞ്ഞു നീങ്ങി. പറഞ്ഞ സമയത്ത് തന്നെ വിമാനം പുറപ്പെടാൻ തെയ്യാറായി. ഞങ്ങളെല്ലാവരും സിറ്റ് ബൽറ്റ് മുറുക്കി. വിമാനം നീങ്ങുന്നതു കാണാൻ ഞാൻ ജനലിലൂടെ താഴേക്കു നോക്കിയിരുന്നു.

പുറത്ത് അരണ്ട വെളിച്ചത്തിൽ കാഴ്ചകളെല്ലാം മങ്ങിത്തുടങ്ങിയിരുന്നു. ആരൊ എന്നെ തോണ്ടിയതു പോലെ തോന്നി. നോക്കുമ്പോഴുണ്ട് ആദ്യം എന്നെ സഹായിച്ച ആ അച്ചിങ്ങക്കയ്യുള്ള എയർഹോസ്റ്റസ്...
ഞാൻ “എന്താ...?”
“നിങ്ങളുടെ സീറ്റ് ഇതു തന്നെയാണൊ....?”
“അതെ.”
“ബോഡിങ് പാസ് തരൂ....”
ഞാൻ ബോഡിങ് പാസ് കൊടുത്തു.
എന്റെ പാസ് മാത്രം വാങ്ങി നോക്കാൻ എന്താവും കാരണം...?

ആ നിമിഷം മുതൽ എന്തെന്നറിയാത്ത ഒരു അങ്കലാപ്പ് എന്നെ വിഴുങ്ങാൻ തുടങ്ങി..!?
അപ്പോഴെക്കും ഒരു പുരുഷ എയർഹോസ്റ്റസും അവിടെ എത്തി. അവർ രണ്ടു പേരും കൂടി എന്റെ ബോഡിങ് പാസ് പരിശോധിച്ചു. എന്നിട്ട് ചോദിച്ചു.
“ നിങ്ങളുടെ ലഗ്ഗേജ് കാണിച്ചു കൊടുത്തിരുന്നോ....?”
“ ഉവ്വ്.. ഞാൻ കാണിച്ചുകൊടുത്തിരുന്നു...”
“എത്ര എണ്ണം കാണിച്ചു കൊടുത്തു..?”
“എനിക്ക് ആകെ ഒരു പെട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു...”
“പക്ഷെ, നിങ്ങളുടെ പാസ്സിൽ രണ്ടെണ്ണമുണ്ടല്ലൊ...?
അതു കേട്ടതും ഞാൻ ശരിക്കും ഞെട്ടി..!!
‘അതു ലവന്റെയാ.’ ഉള്ളിലിരുന്ന് ആരൊ പറഞ്ഞു. പക്ഷെ, അതിന്റെ ഉടമസ്ഥൻ കാണിച്ചു കൊടുത്തിട്ടുണ്ടാകില്ലെ...?
തിരുവനന്തപുരത്ത് വച്ച് നടന്ന സംഭവം ഞാൻ അവരോട് പറഞ്ഞു.

ഞാനിരുന്നു വിയർക്കാൻ തുടങ്ങി. തല ഉയർത്തി നാലു പാടും നോക്കി. അവനെവിടെയെങ്കിലും ഇരുന്ന് എന്നെ നോക്കുന്നുണ്ടൊ...!?

ഞാൻ കണ്ടാലും അവനെ തിരിച്ചറിയുന്നതെങ്ങനെ....?
“നിങ്ങൾ അയാളെ വിളിക്കൂ.. എന്നിട്ടു പെട്ടി കാണിച്ചു തരാൻ പറയൂ... എന്നാലെ ഫ്ലൈറ്റ് വിടാൻ പറ്റു. വേഗമാകട്ടെ...!!”

എന്റെ സപ്തനാടികളും തളർന്നു....
ബൽറ്റ് അഴിച്ച് ഞാൻ പുറത്തിറങ്ങി....
എങ്ങോട്ടു പോകണം...?
മുന്നോട്ടു പോകണൊ...പിന്നോട്ടു പോകണൊ...?
അതൊരു വലിയ യമകണ്ടൻ ഫ്ലൈറ്റായിരുന്നുവെന്ന് അന്നേരമാണ് അറിയുന്നത്...!
മുന്നിലേക്ക് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം സീറ്റുകളിൽ യാത്രക്കാർ....!
പിന്നിലേയ്ക്ക് നോക്കിയാൽ അവിടേയുമുണ്ട് കുറേ നിരകൾ....

ഞാൻ എന്റെ തൊട്ടടുത്തു തന്നെയുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങി. എനിക്കും അവനും തൊട്ടടുത്ത സീറ്റായിരിക്കണമല്ലൊ ന്യായമായും കിട്ടേണ്ടിയിരുന്നത്...?
അടുത്തെങ്ങും അങ്ങനെ ‘ഒരു മുഖം’ കണ്ടില്ല...!!
ഏതു മുഖം...!?
അവന്റെ മുഖം ഞാൻ ശ്രദ്ധിച്ചിരുന്നൊ...?
ഇല്ല... അവന്റെ നിറം എന്തായിരുന്നു...?
ഇരുനിറമോ...? വെളുത്തതോ..?കറുത്തതോ..?
അവന്റെ ഷർട്ടിന്റെ കളർ ......?

ഈശ്വരാ... അവന്റെ ഒരു രൂപവും എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നില്ലല്ലൊ....!!
ഇനി ഞാൻ അവനെ തിരിച്ചറിഞ്ഞില്ലെങ്കിലും അവന് എന്നെ അറിയാമായിരിക്കുമല്ലൊ...?!
ഞാൻ നടന്നു നടന്ന് ഒരു നിര സീറ്റിന്റെ അങ്ങെ അറ്റത്ത് എത്തിയിരുന്നു. അതിനിടക്കാണ് ഈ ചിന്തകളും മനസ്സിലിട്ടു നീറ്റിയത്.

വാസ്തവത്തിൽ രണ്ടു വശത്തും മാറിമാറി നോക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ ആരെയും കാണുന്നുണ്ടായിരുന്നില്ല. ഞാൻ ഒന്നു തിരിഞ്ഞു നോക്കി...
‘ഞാനാണ് നീ അന്വേഷിക്കുന്നവൻ’ എന്നു പറഞ്ഞ് അയാൾ...!?
ഇല്ല...! ആരും ഒരു കൈ പോലും പൊക്കുന്നില്ല...

അപ്പോഴാണ് എന്റെ പിന്നാലെ രണ്ടു എയർഹോസ്റ്റസ്മാരും കൂടെയുള്ളത് ശ്രദ്ധിച്ചത്. അവർ എന്നെ മുന്നോട്ടു തള്ളി.
“അടുത്ത നിരയിൽ നോക്ക്...വേഗം വേഗം...”

ഞാൻ വളരെ സൂക്ഷ്മതയോടെ ഓരോരുത്തരെയും മാറിമാറി നോക്കാൻ തുടങ്ങി. ഒരു വട്ടം വിമാനം മുഴുവൻ നടന്നു നോക്കിയിട്ടും അങ്ങനെ ഒരു മുഖം എന്റെ കണ്മുന്നിൽ തടഞ്ഞില്ല....!!

തൊണ്ടയിൽ ഒരു തുള്ളി വെള്ളമില്ലങ്കിലും, അകത്തെ സുഖകരമായ തണുപ്പിലും നെറ്റിയിലൂടെ വിയർത്തൊഴുകിയ ചാലുകൾ കണ്ണിലും കണ്ണടക്കുള്ളിലും കടന്നുകയറി കാണുന്ന മുഖങ്ങളത്രയും വികൃതമാക്കി....

ഞാൻ തിരിഞ്ഞു വെള്ളം വെണമെന്ന് ആംഗ്യം കാട്ടി. അവർ തന്ന വെള്ളത്തോടൊപ്പം കുറച്ചു ടിഷ്യു പേപ്പറും ചോദിക്കാതെ തന്നെ കിട്ടി. മുഴുവൻ കുടിച്ചിട്ടും ദാഹം തീരുന്നില്ല. മുഖം മാത്രം തുടച്ച ടിഷ്യു പേപ്പറുകൾ നനഞ്ഞു കുതിർന്നു.

പിന്നെയും എന്റെ ഓർമ്മയുടെ മുകുളങ്ങളിൽ എവിടെയെങ്കിലും, ഏതാനും മണിക്കൂറുകൾ മുൻപു മാത്രം വന്നുപെട്ട ഒരു മുഖം ഞാൻ തപ്പിക്കൊണ്ടിരുന്നു. ഒരാളേയും എനിക്ക് തിരിച്ചറിയാനായില്ല. ചേതമില്ലാത്ത ഉപകാരം ചെയ്യാൻ പോയ എന്നെത്തന്നെ ഞാൻ ശപിച്ചു...!

അങ്ങനെ എല്ലാ സീറ്റുകളും ഒരു വട്ടം കൂടി പൂർത്തിയാക്കി....
എന്റെ പരിഭ്രാന്തി നിറഞ്ഞ മുഖവും, പ്രകടനവും കാണുന്ന ചിലരെങ്കിലും “എന്താ എന്താ..?” എന്നു ചോദിക്കുന്നുണ്ടായിരുന്നു. അവരോടെല്ലാം ഞാൻ കാര്യം പറഞ്ഞു.
പക്ഷെ, അങ്ങനെ ഒരാളെ അവരും കണ്ടിട്ടില്ല.

“അതേ... ഇവിടെ പുലികളുടെ ശല്യം ഉള്ളതുകൊണ്ടാ ഇത്ര കടുത്ത പരിശോധന...!
ഇനി ആ പെട്ടി കാണിച്ചു കൊടുക്കാതെ പറ്റില്ല. ഇല്ലെങ്കിൽ താനും ഇവിടെ ഇറങ്ങേണ്ടിവരും. അതിനകത്ത് വല്ല നിരോധിച്ച സാധനങ്ങളാണെങ്കിലൊ...?
അയാൾ പെട്ടി അയാളുടേതാണെന്ന് സമ്മതിക്കുമോ...!!?”
അതും പറഞ്ഞ് ഒരുത്തൻ തന്റെ സീറ്റിൽ ഒന്നു കൂടി ഞെളിഞ്ഞിരുന്നു.

അതു കേട്ടതും എനിക്കെവിടെയെങ്കിലും ഒന്നിരിക്കണമെന്നു തോന്നി....
എന്റെ ശരീരം തളരാൻ തുടങ്ങി. ഞാനയാളോടു പറഞ്ഞു.
“ചേട്ടാ.. വല്ലതുമൊക്കെ പറഞ്ഞ് എന്നെ പേടിപ്പിക്കല്ലെ...!!”
കൈ നീട്ടി രണ്ടു വശത്തെ സീറ്റിലും പിടിച്ച് ഞാനൊന്നു നിവർന്നു നിന്നു....

ഹൃദയത്തിന്റെ താളപ്പിഴ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അത് ഇടിക്കുകയായിരുന്നില്ല, ഓരോ ഇടിയിലും എന്റെ നെഞ്ചിൻ കൂടു തകർക്കുകയായിരുന്നു.....!!!
നേരത്തെ എന്നെ പേടിപ്പിച്ച ചേട്ടൻ അടുത്ത ഡയലോഗ് എടുത്തിട്ടു. അതു പറയാതെ ആ ചേട്ടന് ഒരു സമാധാനവുമില്ല.
“ ഇനി അവൻ വല്ല പുലിയെങ്ങാനുമാണെങ്കിൽ....!”
അതും പറഞ്ഞ് അയാൾ നാലുപാടിരിക്കുന്നവരേയും ഒന്നു നോക്കിയിട്ടു തുടർന്നു.
“ അവൻ ഇവിടെ വന്നപ്പോൾ ഇറങ്ങിപ്പോയിട്ടുണ്ടെങ്കിലൊ...!!?”
എന്റെ നെഞ്ചിലേക്ക് അവസാനത്തെ ആണിയും അടിച്ച് തന്റെ കസേരയിലേക്ക് ചാഞ്ഞു കിടന്നു ആ ദുഷ്ടൻ....!

നിൽ‌പ്പുറക്കാതെ അടുത്ത സീറ്റിലെ കൈവരിയിൽ ഞാനിരുന്നുപൊയി...!
ഇനി അവൻ ഇറങ്ങിപ്പോയിട്ടുണ്ടാകുമോ...?
എനിക്കും സംശയം ബലപ്പെട്ടു...!
എനിക്കവനെ തിരിച്ചറിയാനായില്ലെങ്കിലും, അവന് എന്നെ കണ്ടാൽ അറിയാതിരിക്കുമോ.....?
എന്നിട്ടും അവനെന്തേ ഈ നേരമായിട്ടും എന്റടുത്ത് വന്നില്ല...!!?

“ഇരിക്കാൻ നേരമില്ല.. ശരിക്കും നൊക്കൂ....”
എയർഹോസ്റ്റസ് എന്നെ കുത്തിപ്പൊക്കി എഴുന്നേൽ‌പ്പിച്ചു. അപ്പോഴേക്കും എന്റെ പിന്നാലെയുള്ള എയർഹോസ്റ്റസ്സിന്റെ എണ്ണം രണ്ടിൽ നിന്നും നാലായി. ഞാൻ ഒന്നു തളർന്നു നിൽക്കാൻ തുടങ്ങുമ്പോൾ എയർഹോസ്റ്റസ് തള്ളിത്തള്ളി മുന്നോട്ടാക്കും.

ഞാൻ തളർച്ച ബാധിച്ച കാലുകളുമായി, ഒരിക്കലും കണ്ട ഒരു ഓർമ്മ പോലുമില്ലാത്ത ഒരാളെ തേടി, ഭിത്തി തകർത്ത് പുറത്ത് വരാൻ വെമ്പുന്ന ഹൃദയത്തിനൊരു തടയിടാനെന്നോണം ഇടതു കൈത്തലം നെഞ്ചിൽ പൊത്തിപ്പിടിച്ച്, വിയർപ്പിൽ കുതിർന്ന കണ്ണടക്കുള്ളിലൂടെ കാണുന്ന ചിതറിയ മുഖങ്ങൾക്കുള്ളിലൂടെ, പേ പിടിച്ചവനെപ്പോലെ തല ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് വെട്ടിച്ച് വീണ്ടും ഞാനറിയാത്ത അവനെ തിരക്കി നടന്നു....!!

ബാക്കി അടുത്ത പോസ്റ്റിൽ......

Wednesday, 1 December 2010

സ്വപ്നഭുമിയിലേക്ക്... (30)

തുടരുന്നു.

പരോൾ

ഇവിടെ വന്നതിനു ശേഷം ഒരു പ്രാവശ്യം പൊലും നാട്ടിൽ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. വർഷങ്ങൾ കടന്നു പോയത് അറിഞ്ഞുമില്ല. ഈജിപ്ഷ്യന്റെ ഭരണകാലത്ത് നാട്ടിൽ പോകാൻ പോയിട്ട് ചിലവിനു പോലും കടം വാങ്ങേണ്ട അവസ്ഥയായിരുന്നുവല്ലൊ.

ബോസ്സ് വന്നതോടു കൂടിയാണ് നാടിന്റെ കാര്യം മനസ്സിൽ കിടന്ന് തത്തിക്കളിക്കാൻ തുടങ്ങിയത്. എങ്കിലും കടങ്ങൾ കുറച്ചു കൂടി ഉണ്ടായിരുന്നു. അതൊക്കെ ഒന്നു വീട്ടിത്തീർക്കാതെ ഇനി നാട്ടിലേക്കില്ലെന്നു തീരുമാനിച്ചാണ് കഴിഞ്ഞു കൂടിയിരുന്നത്.

ബോസ്സ് വന്നതിനു ശേഷം ശമ്പളം കൃത്യമായി കിട്ടാൻ തുടങ്ങിയതോടെ പല കാര്യങ്ങൾക്കും ഒരു നീക്കുപോക്കുണ്ടായി. മുൻപു കടം വാങ്ങിയത് മുഴുവൻ വാടക കൊടുക്കാനും, ഭക്ഷണം കഴിക്കാനുമായിരുന്നെങ്കിലും കൃത്യസമയത്ത് ഒരിക്കലും കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ശമ്പളം, അതു കൃത്യമായി എല്ലാമാ‍സവും കൃത്യസമയത്ത് കിട്ടുമെന്നുള്ള ഉറപ്പ് അല്ലെങ്കിൽ ഒരു വിശ്വാസം നമ്മൾക്ക് പല പ്രശ്നങ്ങളും വലിയ ടെൻഷൻ കൂടാതെ കൈകാര്യം ചെയ്യാൻ കഴിയും.

ചിട്ടിയിൽ ചേർന്ന് ഒരു സമ്പാദ്യം ഉണ്ടാക്കാനാവും. കൂട്ടുകാരോടാണെങ്കിലും ധൈര്യത്തോടെ കാശു കടം വാങ്ങാനാവും. നമ്മൾ പറഞ്ഞ സമയത്ത് തന്നെ തിരിച്ചു കൊടുക്കുമ്പോൾ നമ്മളിലുള്ള വിശ്വാസം വർദ്ധിക്കും. പിന്നീട് കാശിന്റെ പ്രശ്നം വലിയ തലവേദന ഉണ്ടാക്കാറില്ല.

കൂട്ടുകാർ തമ്മിലുള്ള പരസ്പര സഹകരണം നല്ലൊരളവു വരെ താങ്ങും തണലുമാകുന്നത് പ്രതിസന്ധി ഘട്ടങ്ങളിലാണ്. ഈ പ്രവാസ ജീവിതത്തിൽ ഒറ്റക്കാണെങ്കിലും മുന്നോട്ട് പോകാൻ കഴിയുന്നത് ഈ സഹകരണമാണ്. നാട്ടിൽ പോകാൻ നേരം ഒന്നു രണ്ടു പേരെങ്കിലും തങ്ങളുടെ ശമ്പളം കടമായി കൊടുക്കും. സാധാരണഗതിയിൽ അതൊക്കെ മതിയാവും സന്തോഷമായിട്ട് പോയി വരാൻ.

ഫ്ലാറ്റിൽ ഞങ്ങൾ പത്തു പേരുണ്ടായിരുന്നു. എല്ലാവരും ചേർന്ന് ഒരു ചിട്ടി നടത്തി. രണ്ടു മൂന്നു പേർക്ക് ശമ്പളം വളരെ കുറവായിരുന്നതു കൊണ്ട് അവർ ചേർന്നില്ല. പകരം പുറത്തു നിന്നും നല്ല വിശ്വാസമുള്ള കൂട്ടുകാരെ എടുത്ത് പത്താളെ തികച്ചിട്ടാണ് ചിട്ടി തുടങ്ങിയത്. ഒരു പാടു കാലം നീട്ടിക്കൊണ്ടു പോകാതെ പത്തു മാസം കൊണ്ടു തീരണമെന്നു കരുതിയാണ് അംഗങ്ങളുടെ എണ്ണം പത്തിൽ ഒതുക്കിയത്.

നാട്ടിൽ പോകുന്നവർക്ക് വിളിച്ചെടുക്കാനായി മറ്റുള്ളവർ കുറച്ചു വിട്ടു വീഴ്ചകൾ ചെയ്യുമായിരുന്നു. അങ്ങനെ ഞാനും വിളിച്ചെടുത്തിട്ടാണ് ഒരു മാസത്തെ ഒഴിവിന് നാട്ടിൽ പോകാൻ തീരുമാനിച്ചത്.

എന്നാൽ ഞാനായിട്ട് തീരുമാനിച്ചതല്ലാട്ടൊ ഈ അവധി.
അതും ബോസ്സിന്റെ ഒരു ചോദ്യമാണ് ‘എന്റെ നാട്’ എന്ന സ്വപ്നം ആളിക്കത്തിക്കാൻ ഇടയാക്കിയത്.
ഒരു ദിവസം ഞാനും ബോസ്സും കൂടി പുറത്തു പോയിട്ടു വരുമ്പോൾ, കാറിൽ വച്ച് പുള്ളിക്കാരൻ കൂളായിട്ട് ഒരു ചോദ്യം.
“നിനക്ക് നാട്ടിലൊക്കെ പോകണ്ടെ...!?”
കേട്ടതും ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി. ഡ്രൈവിങ്ങിനിടെ എന്റെ നേരെ നോക്കിയിട്ട് പറഞ്ഞു .
“ പോയി എല്ലാവരേയും കണ്ടിട്ട് വരൂ....!!”
ഒരു നിമിഷം കഴിഞ്ഞ് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു.
“ ഒരു മാസം പോരേ....?”
ഞാൻ തല കുലുക്കിയതെയുള്ളു. കാരണം പെട്ടെന്നു കേട്ട സന്തോഷം വായിലെ ഉമിനീർ വറ്റിച്ചിരുന്നു...! ശബ്ദം പുറത്തെക്കു വന്നതേയില്ല....!
ഒരു ‘താങ്ക്സ്‘ പറയണമെന്നുണ്ടായിരുന്നു... കഴിഞ്ഞില്ല....
സന്തോഷവും കണ്ണുകൾ നിറക്കുമല്ലൊ...!
അതു കണ്ടിട്ടാകും അവൻ എന്റെ പുറത്ത് തട്ടി....!

പിന്നെ വലിയ താമസമുണ്ടായില്ല....
‘ഗൾഫ് എയർ’ വിമാനത്തിനു ടിക്കറ്റിനായി തന്ന പൈസക്ക് വില കുറഞ്ഞ ശ്രീലങ്കൻ വിമാനത്തിനാണ് ടിക്കറ്റെടുത്തത്. ബാക്കി പൈസ ഞാൻ സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു. കൂടാതെ രണ്ടു മാസത്തെ ശമ്പളം വായ്പ്പയായി തന്നു. പിന്നെ കൂട്ടുകാരുടെ സഹായം, ചിട്ടിക്കാശ്, എല്ലാം കൂടി നല്ലൊരു സംഖ്യയുമായിട്ടാണ് ആദ്യത്തെ എന്റെ ‘പരോൾ.’

രാത്രിയിലാണ് ശ്രീലങ്കയിലേക്ക് പുറപ്പെട്ടത്. പിറ്റെ ദിവസം കാലത്തു തന്നെ കൊളംബോയിൽ ഇറങ്ങി. ശ്രീലങ്കയിൽ ഒരു മണിക്കൂറിന്റെ താമസമേ ഉണ്ടായുള്ളു. അന്നു പത്തു മണിക്ക് മുൻപെ തന്നെ തിരുവനന്തപുരത്തിറങ്ങി.

അവിടെ എന്നെ സ്വീകരിക്കാനായി വീട്ടിൽ നിന്നും ആരേയും ഏർപ്പാടാക്കിയിരുന്നില്ല. അത് ഞാൻ ആദ്യമേ തന്നെ നിരസിച്ചിരുന്നു. കാരണം എറണാകുളത്ത് നിന്ന് ഒരു വണ്ടി തിരുവനന്തപുരത്ത് വരുന്നതിന്റെ ചിലവ്, പിന്നെ അതിനു വേണ്ടി വരുന്ന കഷ്ടപ്പാട് മാത്രമല്ല, അവർ പുറപ്പെടുമെന്നറിയാവുന്ന ഞാൻ അനുഭവിക്കേണ്ടിവരുന്ന മാനസ്സികവ്യഥ-കാരണം നമ്മുടെ റോഡുകളുടെ അവസ്ഥ നമ്മളേക്കാൾ നന്നായറിയാവുന്നവർ ആരാണുള്ളത്..!!

അല്ലെങ്കിൽ തന്നെ തിരുവനന്തപുരത്തിറങ്ങുമ്പോൾ അനുഭവിക്കേണ്ടി വരുന്ന കസ്റ്റംസുകാരുടെ പീഠനത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. മുൻപു പോയി അനുഭവിച്ചു വന്നിട്ടുള്ള കൂട്ടുകാർ അതൊക്കെ പറഞ്ഞു പേടിപ്പിച്ചാണ് ഇങ്ങോട്ടു കയറ്റിവിട്ടത്.

അതുപോലെ തന്നെ സംഭവിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മുൻപിൽ പലപ്പോഴും പതറിപ്പോയി. ഞാൻ ഉള്ള സത്യം തുറന്നു പറഞ്ഞു. ഒരാൾ മറ്റൊരാളുടെ അടുത്തെക്കു വിട്ടു. അവിടെ മൂന്നാമതൊരാളെ വിളിച്ചു വരുത്തി. ഇലക്ട്രോണിക് സാധനങ്ങൾ കൂടാതെ, എന്റെ കയ്യിൽ മൂന്നു പവന്റെ ഒരു മാല ഉണ്ടെന്നു പറഞ്ഞുപോയി....! അതു കഴുത്തിൽ കിടക്കുകയാണല്ലൊ വെട്ടി വിളങ്ങി...!!
അത്രയും കൊണ്ടു പോകാൻ പറ്റില്ലത്രെ...!?
അതിനു ശേഷമാണീ പുല്ലാപ്പു മുഴുവൻ.

അവസാനം ഒരുത്തൻ എന്നെ മാറ്റി നിറുത്തി പറഞ്ഞു.
“ഒരു അഞ്ഞൂറു റിയാലെടുത്ത്(5000രൂപയോളം) പാസ്പ്പോർട്ടിനകത്ത് വച്ച് ഇങ്ങു താ...”
ഞാൻ പറഞ്ഞു. “ഞങ്ങടെ റിയാലല്ല സാറെ... ദിനാറാ...”
“എങ്കിൽ അതൊരു അഞ്ഞൂറെടുക്ക്..”
“ എന്റമ്മോ....!! അഞ്ഞൂറോ.... ഇതു പോലത്തെ അഞ്ചെട്ടു മാല വാങ്ങാം സാറെ....”
അയാൾ പിന്നെ നാലു വശത്തേക്കും നോക്കിയിട്ടു പറഞ്ഞു.
“എങ്കിൽ കയ്യിലുള്ളത് വേഗം തന്നിട്ടു പോടോ.....!” അയാൾ ധൃതി കൂട്ടി.

ഞാൻ ഒരഞ്ചിന്റെ ദിനാർ (500രൂപയോളം) എടുത്ത് പാസ്പ്പോർട്ടിന്റെ അകത്തു വച്ചിട്ട് കൊടുത്തു. അയാളത് ഉടനെ എടുത്ത് മേശക്കകത്തേക്ക് കുടഞ്ഞിട്ട് വേഗം മേശ അടച്ചു. അതിന്റെ വിലയൊന്നും നോക്കിയില്ല. എന്നിട്ട് പാസ്പ്പോർട്ട് തിരിച്ചു തന്നിട്ട് വേഗം വിട്ടോളാൻ പറഞ്ഞു.

ഞാൻ ലഗ്ഗേജും തള്ളി നേരെ വിട്ടു. പിന്നെ തിരിഞ്ഞു പോലും നോക്കിയില്ല. പുറത്തിറങ്ങിയപ്പോൾ എന്നേയും കാത്ത് ആത്മ സുഹൃത്തും എന്റെ കളിക്കൂട്ടുകാരനുമായ ശ്രീധരൻ നിൽ‌പ്പുണ്ടായിരുന്നു.
അവന് കെൽട്രോണിലാണ് ജോലി. കുടുംബസമേതം തിരുവനന്തപുരത്തു തന്നെ താമസം. ഞാൻ രണ്ടു ദിവസം മുൻപെ അവനെ വിളിച്ച് ചട്ടം കെട്ടിയിരുന്നു. ഒരു ഓട്ടോറിക്ഷയിൽ അവന്റെ വീട്ടിലെത്തി.

അന്ന് ഉച്ചക്ക് അവന്റെ വീട്ടിൽ നിന്നും ഊണു കഴിച്ചു. അവിടെ വച്ച് ഞങ്ങൾ ഒരു കന്യാകുമാരി യാത്ര പ്ലാൻ ചെയ്തു. ഒരാഴ്ചക്കുള്ളിൽ കുടുംബ സമേതം തിരിച്ചെത്താമെന്നു പറഞ്ഞ് പിറ്റേന്നു വെളുപ്പിന് വീട്ടിൽ എത്തത്തക്ക രീതിയിൽ, രാത്രിയിലെ ‘ആന’ വണ്ടിക്ക് എണാകുളത്തേക്ക് പുറപ്പെട്ടു.

തീവണ്ടിയിലും, ബസ്സിലും കാറിലും മറ്റുമായി ധാരാളം യാത്രകൾ....
തിരുവനന്തപുരം, കോവളം, കന്യാകുമാരി കാഴ്ചകൾ.....
ഒരു മാസം എങ്ങനെ കടന്നു പോയെന്നറിയില്ല...!

അച്ചൻ വീട്ടിലില്ലാത്തതിനാൽ പുറത്ത് കറങ്ങാൻ പോകാനും കാഴ്ചകൾ കാണാനും കഴിയാതിരുന്ന
‘ചിക്കു’വിന് ഇതിൽ‌പ്പരം സന്തോഷമില്ലായിരുന്നു...!! വീട്ടിൽ വരുന്ന ബന്ധുക്കൾ മാത്രമല്ല, മീൻ കൊണ്ടുവരുന്ന അരയത്തി, പടിക്കൽ സൈക്കിളിൽ മീൻ കൊണ്ടു വരുന്ന മീൻകാരനെ വരെ വിളിച്ചു നിറുത്തി എന്നെ കാണിച്ച് പറയും.
“ദേ ന്റെ അഛ വന്നു... ദാ ന്റെഛൻ...!”
ആ സമയം അധികാര പൂർവ്വം അവരു കാൺകെ എന്നെ വട്ടം കെട്ടിപ്പിടിക്കും...!!
തന്റെ മാത്രമായ ‘അഛൻ’ എന്ന അവകാശം സാധിച്ചെടുക്കാനെന്നൊണം....
പിന്നെ ആ കുഞ്ഞു മുഖത്ത് വിരിയുന്നത് അഭിമാനത്തിന്റെ കണിക്കൊന്നകൾ.....!!!

അവരൊക്കെ വീട്ടിൽ വരുമ്പോൾ ചിക്കുവിനെ വിളിച്ച് കളിയാക്കും.
‘നിന്റഛൻ വരൂല്ലാടാ.... അവ്ടെ പുള്ളിക്കാരൻ ഒരു അറബിച്ചീനെ കെട്ടി... നീ അറിഞ്ഞൊ...?’
‘ങൂം പിന്നേ... ന്റെഛൻ വരും...’ അതോടൊപ്പം കണ്ണുകൾ നിറയും, സങ്കടം വരും....
ഉടനെ ഓടും അമ്മയുടെ അടുത്തേക്ക്, സംശയം തീർക്കാൻ....!
അതിനു ശേഷം ഇപ്പോഴാണ് അഛനെ എല്ലാവർക്കും കാണിച്ചു കൊടുക്കാൻ പാകത്തിൽ കയ്യിൽ കിട്ടുന്നത്.

ഒരു മാസം മുഴുവനും നിൽക്കാനായില്ല. അതിനു മൂന്നു ദിവസം മുൻപു തന്നെ ടിക്കറ്റ് ശരിയാക്കേണ്ടി വന്നു. അല്ലെങ്കിൽ പിന്നെ അവധി കഴിഞ്ഞിട്ടേ സീറ്റ് കിട്ടുകയുള്ളു.
തീവണ്ടിയിലും, ബസ്സിലും കാറിലും മറ്റുമായി ധാരാളം യാത്രകൾ....
തിരുവനന്തപുരം, കോവളം, കന്യാകുമാരി കാഴ്ചകൾ.....
ദിവസങ്ങൾ എങ്ങനെ കടന്നു പോയെന്നറിയില്ല...!

‘പരോൾ’ എത്ര പെട്ടെന്നാണ് തീർന്നത്....!
അതോടൊപ്പം കയ്യിലെ കാശും തവിടു പൊടി ആയിരുന്നു......!!
അതിൽ സങ്കടം തോന്നിയില്ല....
ചിക്കുവനു കുറച്ചെങ്കിലും സന്തോഷം കൊടുക്കാൻ കഴിഞ്ഞല്ലൊ...!!
എങ്കിലും അവനെ താലോലിച്ച് കൊതി തീർന്നില്ല....!
ഇനിയും അടുത്ത പ്രാവശ്യം വരുമ്പോഴേക്കും ചിക്കു പിന്നെയും വളർന്നിരിക്കും....

രണ്ടു വർഷം കഴിഞ്ഞുള്ള തിരിച്ചു വരവിനായി, വിണ്ടും ഒരു മടങ്ങി പോക്ക്......!
മണലാരണ്യത്തിലെ തുറന്ന ജയിലിലേക്ക്....!!

എറണാകുളം ബസ് സ്റ്റാൻഡ് വരെ എല്ലാവരും വന്നിരുന്നു.
പിന്നെ ഒറ്റക്ക് തിരുവനന്തപുരത്തിന്...
അന്ന് രാത്രി ശ്രീധരന്റെ വീട്ടിൽ കൂടി...
പിറ്റേന്ന് വെളുപ്പിന് വിമാനത്താവളത്തിലെത്തി.

എന്റെ കയ്യിൽ കുറച്ച് അച്ചാറും, ഉപ്പേരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഔട്ട്പാസ്സ് എടുക്കാനായി കൌണ്ടറിന്റെ അടുത്തെത്തിയപ്പൊൾ അവിടെയിരുന്ന ഉദ്യോഗസ്ഥൻ ചോദിച്ചു.
“നിങ്ങൾ ബഹറീനിലേക്കല്ലെ...?”
“അതെ..”
“നിങ്ങൾക്ക് ലഗ്ഗേജ് കുറവല്ലെ... ഒരാളുടെ ലഗ്ഗേജ് കൂടി ഒന്നഡ്ജസ്റ്റ് ചെയ്യോ....?”
“ഓ.. അതിനെന്താ ആയിക്കോട്ടെ....”
ഞാൻ സമ്മതിച്ചു. എനിക്കു മുൻപെ ക്യൂവിൽ നിന്ന യാത്രക്കാരൻ എന്നൊടൊരു ‘താങ്ക്സ്‘ പറയുകയും ചെയ്തു. ഞാനും ഒന്നു വിഷ് ചെയ്തതല്ലാതെ അയാളെ ശ്രദ്ധിക്കുകയുണ്ടായില്ല.

നമ്മൾക്ക് ചേതമില്ലാത്തൊരു ഉപകാരം ചെയ്യുന്നതിന് എന്താ കുഴപ്പം...!! അതിന് അയാളൂടെ നാളും പേരുമൊന്നും ചോദിച്ചറിയേണ്ട കാര്യമൊന്നുമില്ലല്ലൊ. ബഹറീനിലെത്തുമ്പോൾ ആ ലഗ്ഗേജ് എടുത്തു കൊണ്ട് അയാൾ പോകുകയും ചെയ്യും.
പിന്നെ ഞാനത് മറന്നു....

ആ ദിനത്തിനു കുറച്ചു ദിവസം മുൻപാണ് കൊളമ്പൊ വിമാനത്താവളത്തിനടുത്ത് വരെ ശ്രീലങ്കൻ പുലികൾ ബോംബു വർഷിച്ചത്. വിമാനം കയറുമ്പോൾ അതായിരുന്നു മനസ്സിൽ നിറയെ....!
അതു കാരണം ഒരു ചെറിയ പേടി ഉള്ളിൽ കിടന്നു മറിഞ്ഞുകൊണ്ടിരുന്നു...!

ഏതോ ഒരുത്തന്റെ ലഗ്ഗേജ് എന്റെ തലയിൽ കെട്ടിവച്ചത് വരാൻ പോകുന്ന എന്തോ ഒന്നിന്റെ മുന്നോടി ആയിരുന്നെന്ന് അറിയാതെ ഞങ്ങളുടെ വിമാനം ശ്രീലങ്കയിലെ കൊളംബൊ ലക്ഷ്യമാക്കി പൊങ്ങി പറന്നു.... !!?

ബാക്കി അടുത്ത പോസ്റ്റിൽ......

Monday, 15 November 2010

സ്വപ്നഭുമിയിലേക്ക്.....(29)

തുടരുന്നു...


വാതിലിൽ ശക്തമായ മുട്ടു കേട്ടാണു ദ്വേഷ്യത്തോടെയാണെങ്കിലും കണ്ണു തുറന്നത്.
“എന്തോന്നാടാ... ആരാ ....?” ദ്വേഷ്യത്തോടെയാ ചൊദിച്ചത്.
“തുറന്നേടാ വാതിൽ...” ശബ്ദം കേട്ടപ്പോൾ രാജേട്ടനാണെന്നു തോന്നി.

വേഗം എഴുന്നേറ്റ് ലൈറ്റിട്ടിട്ട് വാതിൽ തുറന്നു നോക്കി. അസമയത്ത് വിളിച്ചുണർത്തിയതിലെ ഇഷ്ടക്കേടു പ്രകടമാക്കിക്കൊണ്ടു തന്നെ ചോദിച്ചു.
“ എന്താ.... ഇത്ര കാലത്തെ.....” കുറച്ചു ദ്വേഷ്യത്തിലായിരുന്നു ഞാൻ. അതു കണ്ട് രാജേട്ടനു ചിരിയാണു വന്നത്. ഒന്നും പറയാതെ നിന്നുള്ള ആ ചിരി കണ്ടിട്ട് എനിക്കു പിന്നെയും ദ്വേഷ്യം വന്നു.
“ എന്താന്നു വച്ചാ വേഗം പറഞ്ഞു തുലക്ക്...!!” ഉറക്കച്ചടവുള്ള കണ്ണുകൾ തിരുമ്മി ഞാൻ അലറി എന്നു തന്നെ പറയാം.

ഇന്നലെ തോമസ്സച്ചായന്റെ ഫ്ലാറ്റിൽ നിന്നും വന്നതു തന്നെ പാതിരാ കഴിഞ്ഞിട്ടാണ്. ഇന്നു വെള്ളിയാഴ്ചയായതു കൊണ്ട് സുഖമായുറങ്ങാനുള്ള ഒരു മൂടിലായിരുന്നു വന്നു കിടന്നത്. അതിനിടക്കാണ് ഈ വിളിച്ചുണർത്തൽ..!! എങ്ങെനെയാ ദ്വേഷ്യം വരാണ്ടിരിക്കാ...

രാജേട്ടൻ ശാന്തനായി പറഞ്ഞു.
“ സമയം എന്തായീന്നു വിചാരിച്ചാ..... ആ ലൈറ്റ് ഓഫ് ചെയ്തെ....”
ഞാൻ അകത്തേക്കു തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. ‘ദൈവമേ സമയം പത്തു കഴിഞ്ഞൊ...?’ തെല്ലു ജാള്യതയോടെ രാജേട്ടനെ നോക്കിയിട്ട് ലൈറ്റ് ഓഫ് ചെയ്തു. പിന്നെ ഏസിയും ഓഫാക്കി.

“ഇന്ന് എക്സ്‌ചേഞ്ചിൽ പോകണ്ടെ...” രാജേട്ടന്റെ ചോദ്യം ഒരു ഞെട്ടലുണ്ടാക്കി.
“അയ്യൊ.. ഞാ‍നതു മറന്നു... ഇപ്പൊ തന്നെ പോകാം. വൈകുന്നേരമായാൽ തിരക്കായിരിക്കും... പിന്നെ ക്യൂ നിൽക്കേണ്ടിയും വരും...!!”
“എങ്കിൽ ഇപ്പൊത്തന്നെ പോകാം... ഡ്യൂട്ടിക്കു പോയ രണ്ടു പേര് കാശു തന്നിട്ടു പോയിട്ടുണ്ട്... ബാക്കിയുള്ളവരുടെ കാര്യം അറിയില്ല. ഞാൻ ചോദിച്ചു നൊക്കട്ടെ.... താൻ പോയി കുളിച്ച് റെഡിയാക്...”

ഇന്നെങ്കിലും കാശയക്കണം. പത്താം തീയതി കഴിഞ്ഞാലെ ശമ്പളം കിട്ടൂ. അന്നു തന്നെ അയച്ചാലും നാട്ടിൽ കിട്ടുമ്പോൾ ഒരാഴ്ചയെങ്കിലും കഴിയും. പിന്നെ ബാങ്കുകാര് കളക്ഷനയച്ചു കുറേ സമയം കളയും. അതും കഴിഞ്ഞു കാശു കയ്യിൽ കിട്ടുമ്പോഴേക്കും അത്യാവശ്യങ്ങളൊക്കെ കടം വാങ്ങി നടത്തിയിട്ടുണ്ടാകും. അതുകൊണ്ട് എന്നും കടമാണ് ബാക്കി....!!

ഞാൻ ഒരു ചായ കുടിച്ച് പ്രാധമിക പരിപാടികളും, കുളിയും കഴിഞ്ഞ് വന്നപ്പോഴേക്കും രാജേട്ടൻ ചായയും ഉപ്പുമാവും റെഡിയാക്കി മേശപ്പുറത്ത് വച്ചിരുന്നു. പിന്നെ ഞങ്ങൾ രണ്ടാളും കൂടി അത് കഴിച്ച് , ഡ്രെസ്സ് ചെയ്ത് പുറത്തിറങ്ങി.

ആ നേരത്താണ് വർഗ്ഗീസേട്ടൻ പുറത്തു നിന്നും വന്നത്. പുള്ളിക്കാരന് വെള്ളിയാഴ്ചകളിൽ ആവശ്യമില്ലെങ്കിലും ഓഫീസിൽ പോയിരിക്കും. എന്നിട്ടു ഉച്ചവരെയുള്ള ഓവർടൈം എഴുതിയെടുക്കും. സാധാരണ ഡ്യൂട്ടിക്കു പോയില്ലെങ്കിലും ഓവർടൈം ഉള്ള ദിവസം, പനി പിടിച്ച് എഴുന്നേൽക്കാൻ വയ്യാതെ കിടക്കാണെങ്കിലും അന്നു പോയിരിക്കും...! എന്നിട്ട് ആ വകയിൽ കിട്ടുന്ന കാശ് ഇവിടെ വന്ന് കൂട്ടുകാരുമായി ഇഷ്ട്ടം പോലെ കുടിയും തീറ്റയും.

“നിങ്ങൾ എവിടേക്കാ.....?” അകത്തേക്കു കയറിയ വർഗ്ഗീസേട്ടൻതിരിഞ്ഞുനിന്നു ചൊദിച്ചു.
രാജേട്ടൻ പറഞ്ഞു. “ ഞങ്ങൾ ഡ്രാഫ്റ്റ് എടുത്തയക്കാൻ പോകാ.... ചേട്ടനയച്ചൊ...?”
“ഞാനത് എന്നേ അയച്ചു.. ശമ്പളം വാങ്ങിയാൽ പിന്നെ ഒരു നിമിഷം പോലും കയ്യിൽ വച്ചുകൊണ്ടിരിക്കില്ലാ മോനെ... അത് അപ്പോൾ തന്നെ നാട്ടിലയച്ചിട്ടെ മറ്റു പരിപാടിയുള്ളു...!! പിന്നെ കിമ്പളം, ഓട്ടി അതൊക്കെ ഇവിടത്തെ ചിലവിനും നമ്മൾക്ക് അടിച്ചുപൊളിക്കാനും... ഹാ ഹാ .....”
അതാണ് വർഗ്ഗീസേട്ടൻ....!!

“ശരി..., ഞങ്ങൾ പോയി വരട്ടെ...” ഞങ്ങൾ ഇറങ്ങാൻ നേരം വർഗ്ഗീസേട്ടൻ വിളിച്ചു.
‘ എടാ... ഒരു ഷേവറ് തന്നേടാ ... എന്റെ കയ്യിലുള്ളത് തീർന്നു. ഇപ്പൊൾ വരുമ്പോൾ വാങ്ങണമെന്നു വിചാരിച്ചതാ... അത് മറന്നു...” ഞാൻ അകത്തു പോയി ഒരു റഡിമേഡ് റേസർ (ഷേവർ) എടുത്ത് വർഗ്ഗീസേട്ടന് കൊടുത്തു.

“ഇതു തന്നെയാ ഞാനും വാങ്ങണെ... വില കൂടിയതൊന്നും ഞാൻ വാങ്ങാറില്ല. ഇത് ഒരു ദിനാറിന് മുപ്പതെണ്ണം കിട്ടും...! കൂടാതെ ഒരു പേസ്റ്റ് ഫ്രീയും..!!” വർഗ്ഗീസേട്ടൻ പറഞ്ഞു.
“ചേട്ടൻ ഇതൊരെണ്ണം എത്ര പ്രാവശ്യം ഷേവു ചെയ്യാൻ ഉപയോഗിക്കും....?” ഞാൻ ചോദിച്ചു.
വർഗ്ഗീസേട്ടൻ പറഞ്ഞു.
“ ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചിട്ട് കളയാനാ കമ്പനിക്കാരു ഉണ്ടാക്കുന്നത്...! ഞാനത് നാലു ഷേവിങ് നടത്തിയിട്ടേ കളയാറുള്ളു...”
അതും പറഞ്ഞ് വർഗ്ഗീസേട്ടൻ കമ്പനിക്കാരെ പറ്റിച്ചതു പോലെ വലിയ വായിൽ ചിരിച്ചു.

ഞാൻ പറഞ്ഞു “ ചേട്ടൻ ‘നാലു പ്രാവശ്യം’ ഉപയോഗിക്കുമ്പോൾ ഞാൻ ‘നാൽ‌പ്പതു പ്രാവശ്യം’ ഉപയോഗിക്കും. എന്നിട്ടെ കളയാറുള്ളു.....!!” അതും പറഞ്ഞ് ഞാനൊന്നു ഞെളിഞ്ഞു നിന്നു. ‘അപ്പൊഴൊ..’ എന്ന ഭാവത്തിൽ....

അതു കേട്ട് കണ്ണു തള്ളിയ വർഗ്ഗീസേട്ടൻ, ഞാൻ കൊടുത്ത ഷേവറും പൊക്കിപ്പിടിച്ച് ചോദിച്ചു.
“ ഈയൊരു സാധനം കൊണ്ട് നീ നാൽ‌പ്പതു പ്രാവശ്യം ഷേവു ചെയ്യുമെന്നൊ...?!!”
“ങാ...!!” ഞാൻ.
“ അപ്പൊ.. നീ എവ്ടത്തെ ഷേവിങ്ങാ നടത്തണെ....?!!”

ആ പറച്ചിൽ കേട്ടു നിന്നവരിൽ ചിരിയുണർത്തി...
വർഗ്ഗീസേട്ടൻ മറ്റുള്ളവരോടായി പറഞ്ഞു.
“എടാ... ഇതു കൊണ്ട് ഞാൻ നാലാമത്തെ ഷേവു ചെയ്യുമ്പോഴേക്കും ‘കറമുറാ’ന്നു ശബ്ദം വരും... ആ സാധനാ അവൻ നാൽ‌പ്പതു പ്രാവശ്യം ചെയ്യണേന്ന്... ഹാ ഹാ ഹാ‍....”

ചിരി അടക്കാൻ വയ്യാതെ വർഗ്ഗീസേട്ടൻ വയറു പൊത്തിപ്പിടിച്ച് കുനിഞ്ഞു കിടന്നു ചിരിച്ചു. അതും കഴിഞ്ഞ് എന്നെ നോക്കി ഒരു കളിയാക്കിച്ചിരിയും...!!
ആ കളിയാക്കിച്ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നതോടെ അവിടെ ഒരു കൂട്ടച്ചിരിയായി....!!

എല്ലാവരും എന്നെ നോക്കി കളിയാക്കിച്ചിരിക്കുമ്പൊൾ കൂടെ ചിരിക്കണൊ കരയണൊ എന്നറിയാതെ ഞാൻ മാത്രം ഒരു വിഡ്ഡിയേപ്പോലെ വിഷണ്ണനായി നിന്നു....!!

എല്ലാം കഴിഞ്ഞപ്പോൾ വർഗ്ഗീസേട്ടൻ ചോദിച്ചു.
“അതെങ്ങനേടാ.... ആ ഷേവിങ്...?!”
ഞാൻ പറഞ്ഞു. “ അതൊരു സൂത്രപ്പണിയാ...!!”
“ എന്തു സൂത്രം...?”

കൂട്ടുകാരെ അറിയണൊ ആ സൂത്രം.....?!!
എങ്കിൽ ഈ ചുവന്ന ‘സൂത്ര’ത്തിൽഒന്നു ക്ലിക്കിയാൽ മതി......

(ആ ‘സൂത്രം’ ആയിരുന്നു രണ്ടു വർഷം മുൻപു, ബ്ലോഗ് തുടങ്ങിയ കാലത്ത് എന്റെ ആദ്യ പോസ്റ്റ്.
അന്ന് അധികമാരും അത് വായിച്ചില്ല. ആ സൂത്രം കൂട്ടുകാരിൽ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെട്ടേക്കും....)

ബാക്കി അടുത്ത പോസ്റ്റിൽ....

Monday, 1 November 2010

സ്വപ്നഭുമിയിലേക്ക്... (28)

തുടരുന്നു.....

നല്ല മനുഷ്യരും ഉണ്ടിവിടെ...

ഏറെ കഴിഞ്ഞിട്ടാണ് അവരുടെ സങ്കടം ഒന്നു കുറഞ്ഞു കിട്ടിയത്...
ബന്ധുമിത്രാദികളാരുമില്ലാതെ ഒറ്റക്ക് കഴിയുന്നതിൽ നിന്നുള്ള ഒരു മോചനമായിട്ടെ അനിയന്റെ വരവ് അവർ കണ്ടുള്ളു. സ്വന്തം ഒരു കൂടപ്പിറപ്പ്, ഒന്നു വിളിച്ചാൽ വരാനുള്ള ദൂരത്തിൽ ഉണ്ടെന്നുള്ള തിരിച്ചറിവ്, ഒരു സഹായം ആവശ്യമായി വന്നാൽ സന്തോഷത്തോടെ ചെയ്തു തരാൻ ഒരാളുണ്ടെന്നുള്ള തിരിച്ചറിവ് വലിയ സമാധാനമല്ലെ...?

അതുകൊണ്ടാണ് ആ രീതിയിൽ തന്നെ അവനോട് ഇടപെട്ടതും. അതു കൊണ്ടു തന്നെ ഇനി കൊടും ചൂടിൽ പണിക്കു പോകുന്നില്ലന്നും, ചേച്ചി ഈ ഹോട്ടലിൽ ഒരു ജോലി സംഘടിപ്പിച്ചു തരാനും പറഞ്ഞപ്പോഴും അതിൽ ദുരുദ്ദേശമുണ്ടെന്നു തോന്നിയില്ല. പക്ഷെ, അവന്റെ നോട്ടവും പെരുമാറ്റവും പന്തിയല്ലെന്നു തോന്നിത്തുടങ്ങിയത് ഈയിടെയാണ്. തന്റെ പെരുമാറ്റം മറ്റൊരു രീതിയിലാണവൻ എടുത്തതെന്നു തിരിച്ചറിയാൻ വൈകിപ്പോയിരുന്നു.

ഇവിടെ വരുന്നവർ ആദ്യം ഇടപെടുന്നതു പോലെയല്ല രണ്ടു പെഗ്ഗകത്തു ചെന്നാൽ. പിന്നെ അവരുടെ നോട്ടത്തിനും സംഭാഷണങ്ങൾക്കും വ്യത്യാസം കാണാം. എങ്കിലും ആരും മര്യാദ കേടു കാണിച്ചിട്ടില്ല. ആദ്യമാദ്യം കുറച്ചു പ്രയാസമൊക്കെ തോന്നിയിരുന്നെങ്കിലും, മറ്റു സുഹൃത്തുക്കളുടെ ഉപദേശവും ഇടപെടലും കൂടുതൽ ധൈര്യം തന്നിരുന്നു.

പക്ഷെ, അനിയൻ രണ്ടു പെഗ്ഗ് തന്റെ കയ്യിൽ നിന്നും വാങ്ങിക്കുടിച്ചിട്ട് പറഞ്ഞ വാക്കുകൾ എല്ലാ പ്രതീക്ഷയും തകിടം മറിച്ചു കളഞ്ഞു.
“ഞാനിനി അവിടെ ജോലിക്കു പോകുന്നില്ല. പറ്റുമെങ്കിൽ ഇവിടെ ഒരു ജോലി ശരിയാക്കി താ.. ഇല്ലെങ്കിൽ എന്നെ കേറ്റിവിട്ടേരെ....!! ഇവിടെ ഇങ്ങനെ ഒറ്റക്കു ജീവിച്ചു മടുത്തു....!?”
“ അനിയൻ എന്താ ഈ പറേണെ.... ജോലി വേണ്ടാന്നു വച്ചു പോകേ...?”
“അല്ലെങ്കിൽ ഇതിനകത്ത് ഒരു ജോലി വാങ്ങിച്ചു താ... ചേച്ചി വിചാരിച്ചാൽ നടക്കും....! എന്നിട്ട് പുറത്തൊരു ഫ്ലാറ്റെടുത്ത് നമുക്ക് ഒരുമിച്ച് താമസിക്കാം....!!”

അവസാന വാചകം പറയുമ്പോൾ അവൻ ചേച്ചിയുടെ മുഖത്ത് നോക്കിയില്ല. യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞ വാക്കുകൾ കേട്ട് ചേച്ചി ഞെട്ടിത്തെറിച്ചു നിന്നു പോയി....!!?.

പിന്നെ അവനോട് ഒന്നും സംസാരിക്കാനായില്ല....
ചങ്കു പൊട്ടിപ്പോകുമെന്ന് ഭയന്ന് ഓടി വിശ്രമ മുറിയിൽ വന്നു വീണു കരഞ്ഞു. അനിയൻ എപ്പോഴൊ പോയിരിക്കും. അവൾ പിന്നെ അവനെ ശ്രദ്ധിച്ചില്ല.

പിന്നെയും പല ദിവസങ്ങളിൽ ഇതു തുടർന്നപ്പോളാണ് ഞാൻ വിവരം അറിയുന്നത്. ഞാനപ്പോൾ തന്നെ പറഞ്ഞു.
“എത്രയും പെട്ടെന്ന് കേറ്റിവിട്ടേക്കുക. അതേ ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴിയുള്ളു.”

അറബിയുടെ കയ്യിൽ നിന്നും പാസ്പ്പോർട്ട് വാങ്ങിക്കൊടുത്തത് ഞാനായിരുന്നു. കൂടാതെ പോകാനുള്ള ടിക്കറ്റും അവളാണ് എടുത്തു കൊടുത്തത്. അതു കൊടുത്തപ്പോൾ അവൻ ചേച്ചിക്കെതിരെ ഭീഷണി മുഴക്കാനും മടിച്ചില്ല. കാരണം കേറ്റി വിടുമെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അന്നേരമാണ് എനിക്ക് കുറച്ചു പരുഷമായി അവനോട് ഇടപെടേണ്ടി വന്നത്.

അവന്റെ അടവുകൾ ഒന്നും നടക്കില്ലെന്നു വന്നപ്പോഴാണ് ടിക്കറ്റും വാങ്ങി കേറിപ്പോയത്. നാട്ടിലെത്തിയ അനിയൻ വെറുതെയിരുന്നില്ല. നാട്ടിൽ ആർക്കും അറിയുമായിരുന്നില്ല ചേച്ചിയുടെ ഇവിടത്തെ ജോലിയുടെ സ്വഭാവം.

അനിയൻ ചെന്നതും കഥകൾ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു നടക്കാൻ വലിയ ഉത്സാഹമായിരുന്നു. നാട്ടുകാർ മാത്രമല്ല സ്വന്തക്കാരും ആലോചിച്ചു തലപുണ്ണാക്കി. അവരുടെ സ്വന്തം കാര്യങ്ങൾ ഒരുപാടുണ്ടെങ്കിലും അതിലൊന്നും താല്പര്യം കാണിക്കാതെ, അവളെങ്ങനെ കാശുണ്ടാക്കിയെന്ന് കഥകൾ മെനയുകയായിരുന്നു. നമ്മുടെ നാട്ടുകാർ അങ്ങനെയാണല്ലൊ...!
മന്തുള്ള രണ്ടു കാലും മണ്ണിൽ പൂഴ്ത്തിവച്ചിട്ട്, ഒറ്റക്കാലിൽ മന്തുള്ളവനെ കുറ്റം പറയാനുള്ള വാസന നമ്മളെ കഴിഞ്ഞിട്ടെ മറ്റാർക്കുമുള്ളു...!!

ഓരോരുത്തർ അവരവരുടെ ഭാവനക്കനുസരിച്ച് കഥകൾ മെനഞ്ഞു. ഓരോ കഥക്കും ചൂടും ചൂരും പകർന്നത് അനിയൻ തന്നെ. കേട്ടത് വിശ്വസിക്കാതിരിക്കാനും നാട്ടുകാർക്കും വീട്ടുകാർക്കും ആയില്ല.

എത്രയോ പേർ ഗൾഫിൽ പണിയെടുക്കുന്നു. അവരാരും ഇതുപോലെ അല്ല. അവരുടെ കടങ്ങളും തീരുന്നില്ല. ഇവൾ പോയിട്ടു രണ്ടുമൂന്നു കൊല്ലം കഴിഞ്ഞതേയുള്ളു. അതിനുള്ളിൽ കടങ്ങളെല്ലാം വീട്ടി. വീട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ഒരനിയത്തിയെ കെട്ടിച്ചും വിട്ടു...!!
പോരേ പൂരം...!!

നാട്ടുകാരോടൊപ്പം വീട്ടുകാരും വെറുത്തപ്പോൾ, ചേച്ചിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വീട്ടുകാർ വെറുത്തത് അവളെ മാത്രമായിരുന്നു. അവളയക്കുന്ന ‘ഡ്രാഫ്റ്റ്‘ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. അതിൽ നിന്നുള്ള വിഹിതം ഭാര്യ വഴി കൈപ്പറ്റി, കുടിയും കഴിഞ്ഞ് നാട്ടുകാരോടൊപ്പം കൂടി തന്റെ വൈരാഗ്യം മുഴുവൻ അനിയൻ തീർത്തുകൊണ്ടിരുന്നു.”

അച്ചായൻ പറഞ്ഞു നിറുത്തിയിട്ട് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയി. ഞങ്ങൾക്കും അവനോടുള്ള ദ്വേഷ്യം സിരകളിലേക്ക് ബീയറിന്റെ രൂപത്തിൽ ഇരച്ചു കയറി. ഗ്ലാസ്സുകൾ ഒന്നൊന്നായി നിറഞ്ഞു. ഞാൻ പറഞ്ഞു.
“അവനെയൊന്നും ജീവനോടെ വച്ചേക്കരുത്.. പട്ടീടെ മോൻ... തട്ടിക്കളയണം...!”
“അവനെ ഏതെങ്കിലും കൊട്ടേഷൻ സംഘത്തെ ഏൽ‌പ്പിച്ചു കൊടുക്കണം..”
അതും പറഞ്ഞ് രജേട്ടൻ തന്റെ ദ്വേഷ്യം മുഴുവൻ ഒരു ഗ്ലാസ്സിലേക്ക് പകർന്ന് ഒറ്റവലിക്ക് അകത്താക്കിയിട്ട്,  ഗ്ലാസ്സ് മേശമേൽ ഒറ്റ കുത്ത്...!!

അപ്പോഴേക്കും അച്ചായൻ വെള്ളവുമായെത്തി. ഗ്ലാസ്സിലേക്ക് പകർന്ന ഷിവാസ് റീഗൽ വെള്ളമൊഴിച്ച് നിറച്ചു വച്ചു. പുള്ളിക്കാരൻ ഒറ്റ വലിക്ക് കുടിക്കില്ല. ഇടക്കിടക്ക് ഓരോ കവിൾ അകത്താക്കുന്നതാണ് രീതി.
“എന്നിട്ട്...?”
എന്റെ അക്ഷമ ഞാൻ പ്രകടിപ്പിച്ചു. സമയം കടന്നു പോകുകയാണ്. ഇപ്പോൾ മുഴുവൻ പറഞ്ഞില്ലെങ്കിൽ പിന്നെ അച്ചായനെ കിട്ടിയെന്നു വരില്ല.
“പറയാം.. പറയാം...”
അതും പറഞ്ഞ് അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് അച്ചാറിന്റെ ഒരു കഷണം എടുത്ത് നാക്കിന്റെ നടുക്കലേച്ച് വച്ച്, അച്ചാറു കഷണം വായിൽ നിന്നും ചാടിപ്പോകാതിരിക്കാനെന്നോണം പെട്ടെന്ന് വായടച്ചു പിടിച്ചു. ഷിവാസ് റീഗലിന്റെ ചവർപ്പും, അച്ചാറിന്റെ ഉപ്പും പുളിയും എരിവും ചേർന്ന ഒരു പ്രത്യേക സ്വാദ് നാക്കിനെ കീഴടക്കിയതിനാൽ കുറച്ചു നേരത്തേക്ക് അച്ചായൻ ഒന്നും സംസാരിക്കാതെ നാക്കിൽ ഊറിക്കൂടുന്ന ആ പ്രത്യേക രസം കുറേശ്ശെ കുറേശ്ശെ ആസ്വദിച്ച് നുണഞ്ഞിറക്കിക്കൊണ്ടിരുന്നു.

ഞങ്ങളുടെ അക്ഷമ കണ്ട് പുള്ളിക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.
“അവന്റ പാര കാരണം അവൾക്ക് നാട്ടിലേക്ക് ചെല്ലാൻ കഴിയാത്ത ഒരു സ്ഥിതിയായി. ഇളയ അനിയത്തിയേ കൂടി മാന്യമായി പറഞ്ഞയച്ചിട്ടേ നാട്ടിലേക്കുള്ളുവെന്നവളും തീരുമാനിച്ചിരുന്നു. എങ്കിലും ഇളയ അനിയത്തിയുടെ കല്യാണക്കാര്യം വന്നപ്പോൾ, ഇതെങ്കിലും ഒന്നു കാണണമെന്നും പങ്കെടുക്കണമെന്നും അവളാഗ്രഹിച്ചു.

പക്ഷെ, ഇവൾ നാട്ടിലെത്തിയാൽ കല്യാണം നടത്തിക്കില്ലെന്നുള്ള അനിയന്റെ ഭീഷണിക്കു മുൻപിൽ അവൾ നിശ്ശബ്ദയായി. മാത്രമല്ല വീട്ടിലുള്ളവരും അവൾ വരുന്നതിനോട് യോജിച്ചില്ല. അവളെ അത്രയധികം വെറുക്കപ്പെട്ടവളായി മാറ്റിക്കഴിഞ്ഞിരുന്നു.

ഒരു മാസം മുൻപായിരുന്നു അവരുടെ വിവാഹം. അപ്പോൾ ഞാൻ നാട്ടിലുണ്ടായിരുന്നു.”

ഒന്നു നിറുത്തി ഒരു കവിൾ അകത്താക്കുന്ന നേരം ഞാൻ ചോദിച്ചു.
“ അച്ചായൻ പോയിരുന്നൊ കല്യാണത്തിന്..?”
“ഹേയ്.. ഞാൻ പോയില്ല. ഞാനെങ്ങാനും ചെന്നാൽ അവൻ, അനിയൻ എന്തായിരിക്കും പറഞ്ഞുണ്ടാക്കുകയെന്നറിയില്ലല്ലൊ. അതുതന്നെയുമല്ല, അവനെ ഇവിടന്നു കേറ്റിവിടാൻ നേരം ഞാനും കുറച്ചു ഭീഷണിപ്പെടുത്തിയിരുന്നു.

ഞാൻ നാട്ടിൽ പോകുന്നതിനു മുൻപ് രണ്ടു പവന്റെ വളകൾ വാങ്ങി എന്റെ ഒരു ഗിഫ്റ്റ് ആയി അനിയത്തിക്കു കൊടുക്കാൻ അവളെ ഏൽ‌പ്പിച്ചിരുന്നു. അന്നേരം അവൾ അനിയന്റെ ദു:ഷ്പ്രവർത്തികളുടെ കാര്യം പറഞ്ഞ് ഒരുപാട് കരഞ്ഞു.
നമുക്ക് എന്തു ചെയ്യാനാകും...?”
അച്ചായൻ ഞങ്ങളെ നോക്കി കൈ മലർത്തി.

പിന്നെ തുടർന്നു..

“എന്തായാലും കല്യാണത്തിന് അനിയൻ പങ്കെടുത്തില്ല....!
അതിനു മുൻപു തന്നെ അവൻ മുംബാക്ക് വണ്ടി കയറിയിരുന്നു.”
“ അതെങ്ങനെ...?”
രാജേട്ടൻ ചാടിക്കയറി ചോദിച്ചു.
“എങ്ങനെയെന്ന് ചോദിച്ചാൽ.....”
അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് പറഞ്ഞു തുടങ്ങി.
“ഞങ്ങളുടെ എഞ്ചിനീയർ ആ സമയം നാട്ടിലുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു ദിവസം കൂടിയിരുന്നു. അന്ന് ഇവളുടെ അനിയന്റെ കാര്യം ചർച്ചാവിഷയമായി. ഇവിടെ അവൻ കാണിച്ചകൂട്ടിയതൊക്കെ ഞാൻ പറഞ്ഞു. അതിന്റെ പരിണതഫലമായിരുന്നു അവന്റെ അനിയത്തിയുടെ കല്യാണത്തിനു മുൻപേ തന്നെ മുംബായിലേക്കുള്ള മുങ്ങൽ....!

എഞ്ചിനീയർ സാർ അതെങ്ങനെയാണ് കൈകാര്യം ചെയ്തതെന്നറിയില്ല...!!
അവന്റെ ശല്യം തൽക്കാലം ഒഴിവാക്കിയിട്ടുണ്ടെന്നു മാത്രമെ എന്നോട് ഫോണിൽ പറഞ്ഞുള്ളു.

എന്റെ അവധി കഴിഞ്ഞ് കഴിഞ്ഞയാഴ്ച തിരിച്ചെത്തിയതല്ലെയുള്ളു. നാട്ടിൽ പോയി വന്നതിനു ശേഷം ആദ്യമായിട്ടാണ് അന്ന് നിങ്ങളൊരുമിച്ച് ആ ഹോട്ടലിൽ പോയത്.
അനിയൻ മുടക്കും, നടത്തിക്കില്ലെന്നൊക്കെ പറഞ്ഞ കല്യാണം ഭംഗിയായി നടന്നതിന്റെ സന്തോഷമായിരുന്നു അവളുടെ കെട്ടിപ്പിടിച്ചുള്ള ആ പ്രകടനം....!”

ഞങ്ങൾ അവസാനത്തെ ബീയർ കുപ്പിയും കാലിയാക്കിയിട്ടാണ് അച്ചായനോട് യാത്ര പറഞ്ഞത്. അപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു.....
നാളെ വെള്ളിയാഴ്ചയല്ലെ...
പോത്തുപോലെ കിടന്നുറങ്ങാമല്ലൊ.......!!

ബാക്കി അടുത്ത പോസ്റ്റിൽ...