Monday, 21 September 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു...... ( 4 )


 അങ്കം കുറിക്കൽ

 “പാഞ്ചുറുപ്പിക ആട്ടണ...!!”
പിന്നെയും സത്താറിക്കായുടെ വാക്കുകൾ എന്നെ നാട്ടിലെത്തിച്ചു. ഉറുപ്പികേം അണയുമൊക്കെ നാട്ടിലല്ലെ ഉണ്ടായിരുന്നത്. ചെറുപ്പത്തിൽ എന്റെ കയ്യിൽ ഒരു ഓട്ടക്കാലണ ഉണ്ടായിരുന്നു.
അത് എന്റെ പെട്ടിക്കുള്ളിൽ ഇപ്പോഴും കാണും. നാട്ടിൽ നിന്നും അതെല്ലാം പോയിട്ടെത്രയോ കാലമായി...

ഇവിടെ ഈ ‘ആട്ടണ‘ എങ്ങനെ വന്നുവെന്നായി എന്റെ ചിന്ത... ?!

എന്റെ സംശയം ഞാൻ ഒന്നുകൂടി ചോദിച്ചു.

“എത്ര ആയെന്നാ പറഞ്ഞത്..?”

“പാഞ്ചുറുപ്പിക ആട്ടണ”
 പിന്നെയും അതു തന്നെ ആവർത്തിച്ചു.

ഞാൻ ദിനാറെടുത്ത് കാണിച്ചിട്ട് പറഞ്ഞു

“എന്റടുത്ത് ദിനാറൊള്ളൂല്ലൊ..”

അതു കേട്ടതും സത്താറിക്ക വലിയ വായിലൊരു ചിരി...

“ഞാൻ മറ്റുള്ളവരോട് പറയുന്നതു പോലെ പറഞ്ഞതാ....” എന്നും പറഞ്ഞ് ദിനാർ വാങ്ങി ബാക്കി തന്നു.
“പാഞ്ചുറുപ്പിക എന്നാൽ അഞ്ചു രൂപ, ആട്ടണ എന്നാൽ 50 പൈസാ...”
സത്താറിക്ക ഒന്നു കൂടി വിശദമാക്കി. എന്നിട്ടും എന്റെ സംശയം തീർന്നില്ല.

“ഈ രൂപയും അണയും മറ്റും ഇവിടെ എങ്ങനെ വന്നു...? അതും ഇപ്പോഴും അണ..!!, അത് നമ്മുടെ നാട്ടിൽ നിന്നും പോയിട്ട് കാലമെത്രയായി....?”

സത്താറിക്ക തന്റെ അറിവു പങ്കു വക്കാൻ തയ്യാറായി.

“ പണ്ട് ഈ അറബികൾക്ക് നമ്മുടെ നാടുമായിട്ടായിരുന്നൂല്ലൊ കച്ചവടങ്ങൾ
ഉണ്ടായിരുന്നത്...? അന്നു മുതൽ നമ്മുടെ കറൻസിയാ ഇവര് ഉപയോഗിച്ചു
കൊണ്ടിരുന്നത്. ദിനാറിന്റേയും ഫിൽ‌സിന്റേയും കണക്കുകൾ ഇപ്പൊഴത്തെ
തലമുറക്കേ മനസ്സിലാകൂ... പഴയ ആളുകൾക്ക് ഉറുപ്പിക,പൈസാ എന്നൊക്കെ
പറഞ്ഞാൽ പെട്ടെന്നു തലയിൽ കേറും.. പിന്നെ ഞാനും ഇവിടെ കുറെ
കാലമായേ...!!”
അതും പറഞ്ഞ് ഇക്ക ചിരിച്ചു.

എനിക്ക് അത്ഭുതമാണ് തോന്നിയത്. സത്താറിക്ക മേശയിൽ നിന്നും ഒരു നൂറു ഫിൽ‌സിന്റെ കോയിൻ എടുത്ത് കാണിച്ചിട്ടു പറഞ്ഞു

“ ഇത് നമ്മൾ ഒരു രൂപയെന്നാ പറയുക. ഇത് പത്തണ്ണം കൂടിയാലെ ഒരു ദിനാർ
ആകുന്നുള്ളു...”  
വിവരം വന്ന ഉടനെ മനസ്സിലാക്കിയിരുന്നു.

അതു കൊണ്ട് ഞാൻ പറഞ്ഞു

“ അതെനിക്കറിയാം.. പക്ഷെ ഈ അണയാണ് മനസ്സിലാകാത്തത്...?

“ അതു ഞാൻ മനസ്സിലാക്കിത്തരാം..” എന്നും പറഞ്ഞ് മേശയിൽ നിന്നും 25 ഫിൽ‌സിന്റേയും
50 ഫിൽ‌സിന്റേയും ഓരൊ കോയിൻ എടുത്തു കാണിച്ചു.

“ ഇതാണ് 25 ഫിൽ‌സ്, അതായത് 25 പൈസ . അണയിൽ പറഞ്ഞാൽ നാലണ.
അൻപതിന്റെ ഫിൽ‌സിന് എട്ടണ..”
“അയ്യൊ.. നേരം വൈകി .. ഞാൻ പോട്ടെ. ബാക്കി പിന്നെ പഠിക്കാം..”
എന്നു പറഞ്ഞ് ഞാൻ പോന്നു.

എന്നും കാലത്ത് പോരുമ്പോൾ കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗിൽ കാലിക്കുപ്പികളും
ബ്രെഡ്ഡിൽ ജാം പുരട്ടിയതും പൊതിഞ്ഞു വച്ചിട്ടുണ്ടാകും.

കുപ്പികൾ എന്തിനാണെന്നറിയാല്ലൊ....?

(അപ്പുറത്തെ ആ വല്ലിപ്പൻ എന്റെ മൂത്രമൊഴിക്കുന്ന സൂത്രപ്പണി കണ്ടു പിടിച്ചില്ലെ..!!)
ഇനീ ഈ കുപ്പികൾ തന്നെ ശരണം. ഇത് പോരുന്ന വഴി ഒന്നു രണ്ടു
ചവറ്റുകൊട്ടകൾ ആരും കാണാതെ തപ്പിയപ്പോൾ കിട്ടിയതാ. അങ്ങനെ ഗൾഫിൽ
വന്ന് ചവറ്റുകൊട്ടയും തപ്പിപ്പെറുക്കേണ്ടി വന്നു.

“ദൈവമെ... ഇതൊന്നും നീ കാണുന്നില്ലെ.....?”
ഇതല്ലാതെ എനിക്ക് എന്തു ചെയ്യാനാകും....?

അന്നവൻ കട പൂട്ടാൻ വന്നത് രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടാണ്. കൂടെ അവന്റെ
രണ്ടു കൂട്ടുകാരും. വന്ന വഴി കാപ്പിയുണ്ടാക്കാൻ പറഞ്ഞു. എന്തൊ ജോലി കഴിഞ്ഞ്
ക്ഷീണിച്ച് വരുന്നതു പോലെയാണ് വരവ്. ഈജിപ്തനും ഒരുത്തനും കൂടി മുകളിലെ
ഓഫീസ് മുറിയിലേക്ക് പോയി.

രണ്ടാമത്തെ കൂട്ടുകാരൻ എന്റടുത്തു വന്നു.

“ എനിക്ക് കാപ്പി വേണ്ട.. ഈ കാപ്പി ഞാൻ കുടിക്കാറില്ല.”  അവൻ പറഞ്ഞു.

അതു കൊണ്ട് രണ്ടു ഗ്ലാസ് വെള്ളമെ അടുപ്പത്തു വച്ചുള്ളു.

അതു കഴിഞ്ഞ് അവന്റെ ആ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

“ നീയെന്തിനാ ഈ പാതിരാത്രി വരെ ഇവനെ കാത്തിരിക്കുന്നത്....?

നിനക്ക് പറഞ്ഞൂടെ ഒൻപത് മണിക്ക് പോകണമെന്ന്.....?”

അവന്റെ മുഖത്തേക്ക് നിർന്നിമേഷനായി, ആശ്ചര്യത്തോടെ നോക്കി നിന്നു കുറച്ചു നേരം.

ഇവനും ഈജിപ്ത്കാരനാണ്. അവന്റെ കൂട്ടുകാരൻ....?

ഇവൻ എന്തിനായിരിക്കും ഇങ്ങനെയൊക്കെ എന്നോട് പറയുന്നത്....?

ഇവനെ എങ്ങനെ വിശ്വസിക്കാം..?


മറുപടിയൊന്നും പറയാതെ രണ്ടു ഗ്ലാസിൽ കാപ്പിയുണ്ടാക്കി.
കാപ്പിയുമായി മുകളിലേക്ക് കയറാൻ തുടങ്ങിയതും പിന്നിൽ നിന്നവൻ വീണ്ടും പറഞ്ഞു.

“കാപ്പി കൊടുത്തിട്ട് പറ, നേരം വൈകി ഞാൻ പോകാണെന്ന്.. എന്നും പറഞ്ഞ് നീ
പൊക്കൊ. ഇതിനൊന്നും അവൻ ഒന്നും ചെയ്യില്ല. നീ പേടിക്കണ്ട. നീ മിണ്ടാതിരുന്നാൽ നിനക്കൊരിക്കലും മോചനമുണ്ടാകില്ല...!?”

ആ വാക്കുകൾ എത്രമാത്രം എന്നെ സ്വാധീനിച്ചുവെന്നറിയില്ല. കാപ്പി കൊടുത്തിട്ട്
ഞാൻ പറഞ്ഞു.

“നേരം വൈകി , ഞാൻ പോകാണ്..” എന്നു പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.

ഓടി സ്റ്റെപ്പുകളിറങ്ങി. അവൻ ‘നിൽക്ക്, നമുക്കൊരിമിച്ച് പോകാം, ഈ കാപ്പി കുടിച്ചാൽ മതി.’ എന്നൊക്കെ പറയുന്നത് കേട്ടു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.


താഴെ വന്നപ്പോൾ എന്നെ ഉപദേശിച്ച ഈജിപ്ത്കാരൻ എന്റെ പുറത്ത് തട്ടി പുറകിലത്തെ വാതിൽ തുറന്ന് തന്ന് പെട്ടെന്നു പൊക്കോളാൻ ആംഗ്യം കാട്ടി.
ഞാൻ പുറത്തിറങ്ങി എന്തും വരട്ടെയെന്നു കരുതി ഓടി.

എവിടന്നാണ് ഇത്ര ധൈര്യം കിട്ടിയതെന്ന് അറിയില്ല...
ആ ഓട്ടം ഞാനെന്റെ വീടുവരെ ഓടുമായിരുന്നു....!!
പക്ഷെ, കടലും വിമാനവും മറ്റുമുള്ള കടമ്പകൾ ഇടക്കുള്ളതു കൊണ്ട് എന്റെ മുറിവരെ ആക്കി. മുറിയിൽ എത്തുമ്പോഴേക്കും കൂട്ടുകാർ നല്ല ഉറക്കത്തിലായിരുന്നു. സമയം പാതിര ആയിരിക്കുന്നു. ശബ്ദമുണ്ടാക്കാതെ ഭക്ഷണം കഴിച്ച് കിടന്നെങ്കിലും ഉറക്കം വന്നില്ല.

ഞാൻ ചെയ്തത് മണ്ടത്തരമായൊ....?

എത്ര പെട്ടെന്നാണ് ഞാനാ ഈജിപ്ത്കാരന്റെ ഉപദേശം സ്വീകരിച്ചത്...?

ഇങ്ങനെ ഒരു ഉപദേശത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നൊ...?

ഇവിടെ എങ്ങനേയും പിടിച്ചു നിൽക്കണമെന്നാണ് തീരുമാനിച്ചിരുന്നത്.

പക്ഷെ, നാളെ എന്താവും.......??

തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ.. ഉറക്കം എന്റെ കണ്ണൂകളെ തഴുകിയതേയില്ല.

പിറ്റെ ദിവസം ഉറക്കമിളച്ച മുഖവുമായിട്ടാണ് ജോലിക്ക് വന്നത്. എന്തും നേരിടാനുള്ള
ഒരു മനസ്സ് ഞാൻ സ്വരൂപിച്ചെടുത്തിരുന്നു.
എന്റെ കടയുടെ മുൻപിൽ ചെറിയ ആൾക്കുട്ടം കണ്ട് ഞാനൊന്നമ്പരന്നു....!!?

ഓടി അടുത്തു ചെന്നതും അടുത്തുള്ള കടക്കാർ എന്നെ പൊതിഞ്ഞു....?

എന്റെ കടയുടെ അകത്തു നിന്നും വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു...!!?
അവൻ കട പൂട്ടിയപ്പോൾ പൈപ്പ് പൂട്ടാതെ പോയിട്ടുണ്ടാകും. അടുത്ത കടയിൽ
കയറി ഞാൻ ഫോൺ ചെയ്തു. അവൻ എടുക്കുന്നുണ്ടായിരുന്നില്ല. പിന്നെയും രണ്ടു
മൂന്നു പ്രാവശ്യം ഡയൽ ചെയ്തെങ്കിലും കിട്ടിയില്ല.

പിന്നെ പുറത്ത് ഇറങ്ങിയപ്പോഴേക്കും അവൻ കാറിൽ വന്നിറങ്ങുന്നത് കണ്ടു.
എല്ലാവരുടെയും മുൻപിൽ വച്ച് അവൻ ഒരു തട്ടിക്കയറൽ നടത്തി.

“ നീ ഇന്നലെ പൈപ്പ് പൂട്ടിയില്ലാ....?”
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അവന്റെ മുഖത്തേക്കു രൂക്ഷമായൊന്നു നോക്കുക മാത്രമെ ചെയ്തുള്ളു. താക്കോൽ വാങ്ങി കട തുറന്ന് അകത്തു കയറി. അകം മുഴുവൻ വെള്ളത്തിൽ മുങ്ങിയിരുന്നു. പൈപ്പ് അപ്പോഴും നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു.

ഞാൻ പൈപ്പ് അടച്ചു. അവൻ എന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു. വാഷ് ബേസിനകത്ത് വെള്ളം പുറത്തേക്ക് പോകാനുള്ള കുഴലിന്റെ ദ്വാരം  ക്ലോസർ വച്ച് അടച്ചിരുന്നു. അതു കൊണ്ടാണ് വെള്ളം ബേസിൻ നിറഞ്ഞ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നത്. ഞാൻ ആ റബ്ബറിന്റെ ക്ലോസർ പുറത്തെടുത്ത് അവന്റെ നേരെ തിരിഞ്ഞു.

എനിക്ക് എല്ലാം മനസ്സിലായിരുന്നു. ഇന്നലെ ഞാൻ കാണിച്ച ധിക്കാരത്തിന് അവൻ എനിക്കിട്ട് വച്ച പാരയായിരുന്നു ഈ പൈപ്പ് തുറന്നു വിടൽ. എനിക്കതു മനസ്സിലായെന്ന് അവനും മനസ്സിലാക്കി. ഞാൻ എന്തെങ്കിലും പറയും മുൻപെ അവൻ ആഞ്ജാപിച്ചു.

“പെട്ടെന്നു ക്ലീനാക്ക്...”  അതും പറഞ്ഞവൻ മുകളിലേക്ക് കയറിപ്പോയി.

താഴെ കാർട്ടണുകളിൽ വച്ചിരുന്ന സാധനങ്ങളെല്ലാം നനഞ്ഞു കുതിർന്നിരുന്നു.
അലമാരകളുടെ അടിവശം നനഞ്ഞിരുന്നത് തുടച്ചു വൃത്തിയാക്കാൻ കുറെ സമയം
എടുത്തു. നനഞ്ഞ കാർട്ടൺ എല്ലാം ഒഴിവാക്കി. എല്ലായിടവും തുടച്ചു വൃത്തിയാക്കി
കഴിഞ്ഞപ്പോഴേക്കും ഏതാണ്ട് ഉച്ചയോടടുത്തു. അപ്പോഴേക്കും കുനിഞ്ഞാൽ പിന്നെ നിവരാൻ കഴിയാത്ത വണ്ണം എന്റെ നടുവും ഒടിഞ്ഞിരുന്നു. ഏസിയുടെ തണുപ്പിലും ഞാൻ വിയർത്തു കുളിച്ചു. അതിലേറെ അവനോടുള്ള ദ്വേഷ്യം എന്റെ മനസ്സിനെ മാത്രമല്ല ശരീരത്തേയും ഒരു പോലെ
പൊള്ളിച്ചിരുന്നു.

ഇനിയൊരു ചായ കുടിക്കണമെന്നു തോന്നി. അവനും കാലത്ത്  വരുമ്പോൾ കാപ്പി കൊടുക്കാറുള്ളതാണ്. ചായയുണ്ടാക്കി ബ്രെഡ് ജാം പുരട്ടി കൊണ്ടു വന്നിരുന്നത് കഴിച്ച് എന്റെ
വിശപ്പിനൊരു അറുതി വരുത്തി. പിന്നെ അവന്റെ കാപ്പിയുമെടുത്ത് മുകളിലേക്കു
കയറാൻ തുടങ്ങിയതും അവൻ താഴേക്കിറങ്ങി വരുന്നതു കണ്ടു. അവന്റെ കാപ്പി
മേശപ്പുറത്തു വച്ചിട്ട് ഞാൻ മാറി നിന്നു.

അവൻ വന്ന് കസേരയിലിരുന്ന് വിറക്കുന്ന കയ്യുയർത്തി കാപ്പിയെടുത്ത് കുടിച്ചു.
ഒന്നു രണ്ടു കവിൾ കാപ്പി പെട്ടെന്നവൻ അകത്താക്കി. അതിനു ശേഷമാണവന്റെ
കൈ വിറയൽ നിന്നുള്ളു. പിന്നെ അവൻ പറഞ്ഞു

” നീ ഇന്നലെ പോകുന്നതിനു മുൻപു പൈപ്പ് പൂട്ടിയിരുന്നില്ല. അതു കൊണ്ടല്ലെ
വെള്ളം മുഴുവൻ പോയത്...”

അവൻ പറയുന്നത് കളവാണെന്ന് എനിക്കറിയാമായിരുന്നു.

ഒരു ഏറ്റുമുട്ടൽ വേണ്ടന്ന് കരുതി ദ്വേഷ്യമടക്കി ഞാൻ ഒന്നും മിണ്ടാതിരുന്നു.

പക്ഷെ, അവൻ എന്നെ വിടാൻ ഭാവമില്ലായിരുന്നു. വീണ്ടും അവൻ അതു തന്നെ
പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

“അങ്ങനെയെങ്കിൽ നീ കിച്ചനിൽ വന്നപ്പോൾ അതങ്ങു അടക്കാമായിരുന്നില്ലെ..?”
“ഞാൻ കിച്ചനിൽ വന്നില്ല..?”
അവൻ ചൂടായി. അപ്പോഴെനിക്ക് ദ്വേഷ്യം വന്നു. ഞാൻ ചോദിച്ചു.

“ പിന്നെ ഇന്നലെ നിനക്കു ഞാൻ മുകളിൽ കൊണ്ടു തന്ന കാപ്പി ഗ്ലാസ് എങ്ങനെ
ഇവിടെയെത്തി...? ബേസിന്റെ ഡ്രെയിൻ പൈപ്പ് ആ ക്ലോസർ വച്ചടച്ചതാര്.? ”

അതിലവൻ കിടുങ്ങിപ്പോയി. ഉത്തരം മുട്ടിയിട്ടും അവൻ വിട്ടു തരാൻ തെയ്യാറായില്ല.
അവന്റെ മുഖം വക്രിച്ചു. ദ്വേഷ്യം അവന്റെ മുഖത്തേക്കിരച്ചു കയറി. മുഖം ചുവന്നു.

“നീ എന്നെ ചോദ്യം ചെയ്യാൻ വളർന്നിട്ടില്ല. നിന്നെ എന്താണ് ചെയ്യേണ്ടതെന്ന്
എനിക്കറിയാം...”

എന്നും പറഞ്ഞവൻ പെട്ടെന്നെഴുന്നേറ്റ്, ഇരുന്ന കസേര പുറകിലേക്ക് ചവിട്ടി നീക്കി
മേശയുടെ മുൻപിലേക്ക് വന്നു.

ഞാനും താഴാൻ തെയ്യാറായില്ല.

“നീ എന്നെ എന്തു ചെയ്യാനാ....? ഒന്നും ചെയ്യില്ല. നീയും എന്നെപ്പോലെ ഒരു
തൊഴിലാളിയാ ഇവിടെ....!!”
അതും പറഞ്ഞ് ഞാൻ നിന്ന് വിറക്കാൻ തുടങ്ങി.

എന്റെ മറുപടിയും താഴ്ന്നു കൊടുക്കാത്ത ഭാവവും അവന്റെ സിരകളെ വല്ലാതെ ചൂടാക്കി.

“ഞാൻ എന്തു ചെയ്യുമെന്നൊ..? ഇപ്പൊ തന്നെ ഞാൻ കാണിച്ചു തരാം...!
പോലീസിനെ വിളിച്ച് , നാളെ നേരം വെളുക്കുമ്പൊ നീ ബോംബെയിലെത്തിയിരിക്കും.... റാ‍സ്ക്കൽ...?”
എന്നു പറയുക മാത്രമല്ല മേശയുടെ മുൻപിൽ നിൽക്കുകയായിരുന്ന എന്നെ പിടിച്ച് ഒറ്റ തള്ളൽ......!!

അതു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

തള്ളലിന്റെ ശക്തിയിൽ പുറകോട്ടു മലച്ച ഞാൻ പുറകിലെ ഷെൽഫിൽ ചെന്നിടിച്ചു നിന്നു. ഷെൽഫ് ആകെ കുലുങ്ങി.

തട്ടു തട്ടായി അടുക്കി വച്ചിരുന്ന സാധനങ്ങൾ താഴെ വീണു ചിന്നിച്ചിതറി....!!

ഗ്ലാസ്സ് കുപ്പികൾ താഴെ വീണുടയുന്ന ശബ്ദം ഞാൻ കേട്ടു..!!

എനിക്കു പിന്നെ കണ്ണു കാണാൻ വയ്യാതായി...

ചെവി കേൾക്കാൻ വയ്യാതായി....

എന്റെ കണ്മുന്നിൽ ‘കോവാട്ടു ഭഗവതി ക്ഷേത്ര‘ത്തിലെ വെളിച്ചപ്പാടിന്റെ
തുള്ളലായിരുന്നു...!

ചെണ്ടയുടെ താളം മുറുകുന്നതിനനുസരിച്ച് നിന്നു വിറച്ച് തുള്ളുന്ന വെളിച്ചപ്പാട്...!
കയ്യിലിരിക്കുന്ന വാള് നാലു വശത്തേക്കും വീശി അമ്പലത്തിനു ചുറ്റും പ്രദക്ഷിണം
വക്കുന്ന വെളിച്ചപ്പാട്...!!

ഭക്തജനങ്ങൾ നാലു വശത്തേക്കും ഒഴിഞ്ഞു മാറുന്നു...!!

ചുവന്ന കണ്ണുകൾ...!!!

ചുവന്ന നാ‍ക്ക്...!!!


എനിക്ക് പിന്നൊന്നും ഓർമ്മിക്കാനായില്ല.
എന്തു വന്നാലും ഇവിടെ പിടിച്ചു നിൽക്കണമെന്ന കാര്യം പോലും ഒരു നിമിഷം മറന്നു പോയി...

ഞാൻ കൈകൾ രണ്ടും മുന്നിലേക്കു നീട്ടി...!

വിടർത്തിയ കൈപ്പത്തിയുമായി ഒരാക്രോശത്തോടെ മുന്നോട്ടു കുതിച്ചു...!!
ഈജിപ്ത്കാരന്റെ നെഞ്ചിൻ കൂടു നോക്കി അതി ശക്തമായ ഒരൊറ്റ തള്ള്...!!!

പുറകിൽ കിടന്ന മേശക്കു മുകളിലൂടെ അവൻ അപ്പുറത്തേക്ക് പറക്കുന്നത് കണ്ണുനീരിൽ കുതിർന്ന ചിതറിയ ഒരു കാഴ്ച ഞാൻ കണ്ടു....!!?

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു......

ബാക്കി അടുത്ത പോസ്റ്റിൽ....

Wednesday, 9 September 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു....( 3)


കഥ തുടരുന്നു....

‘പാഞ്ചുറുപ്പിക ആട്ടണ...’


“മൂട്ട” എന്നു കേട്ടപ്പൊൾ ബിരിയാണി പോലെ വിലകൂടിയ ഭക്ഷണമായിരിക്കുമെന്നു കരുതിയാണ് ഞാൻ ഞെട്ടിയത്. എന്റെ തിരിഞ്ഞു നോട്ടം കണ്ടിട്ടാവും കാഷിലിരിക്കുന്ന പയ്യൻ ചിരിച്ചു കൊണ്ട് ചോദിച്ചത്

“പുഴുക്കലരിയുടെ ചോറല്ലെ..”

“അതെ..” ഞാൻ.

“ഹൊ... അതായിരുന്നൊ കാര്യം..!”  ഞാൻ ആശ്വാസം കൊണ്ടു.


പിന്നീടാണ് അതിന്റെ വേർതിരിവുകൾ മനസ്സിലാകുന്നത്. പച്ചരിച്ചോറിന് ‘ബാരിക്..’ എന്നാണ് പറയുന്നത്. പുഴുക്കലരിക്ക് ‘മോട്ട’ എന്നും. കുറേ ദിവസത്തിനു ശേഷം കഴിക്കുന്നത് കൊണ്ടാവും ഊണിനു നല്ല സ്വാദുണ്ടായിരുന്നു. പക്ഷെ ആ മീൻ കറിയുടെ ഒരു ഉളുപ്പു മണം..!
അതു മാത്രം പറ്റിയില്ല. മീന്റെ കുടൽ വരെ കളഞ്ഞിട്ടില്ലവന്മാര്. വറുത്ത മീൻ മത്തിയായിരുന്നതു കൊണ്ട് വലിയ കുഴപ്പം തോന്നിയില്ല.

ഊണിന്റെ കാശ് കൊടുത്തപ്പോൾ അവരോടു ചോദിച്ചു.
“ഇവിടെ മുറിയെങ്ങാൻ കിട്ടാനുണ്ടോ...?”

അവർ പറഞ്ഞ മുറികൾ രണ്ടു മൂന്നെണ്ണം പോയി നോക്കി. പക്ഷെ നല്ല മുറികളാണെങ്കിലും എനിക്ക് തരാമെന്നു പറഞ്ഞ പതിനഞ്ചു ദിനാറിൽ നിൽക്കില്ല. അതു കൊണ്ട് പിന്നെയും അന്വേഷണം തുടർന്നു.

അപ്പുറത്തെ ബാർബർ ഷാപ്പിൽ കയറി. (ക്ഷമിക്കണം. ബാർബർ ഷാപ്പെന്നു ഇവിടെ ആരും പറയില്ലാട്ടൊ. ഒക്കെ ഇപ്പോൾ ‘സലൂൺ’ ആണ്.)

അവിടെ രണ്ടു മലയാളികളായിരുന്നു ബാർബർമാർ.
(വീണ്ടും ക്ഷമ ചോദിക്കുന്നു. ബാർബർ എന്നു പറഞ്ഞാൽ അവർ ചിലപ്പൊൾ കയ്യിട്ടം വയ്ക്കും. ‘ഹെയർ ഡ്രെസ്സർ’ എന്നാണ് ആധുനിക പേര്.)

നമ്മുടെ നാട്ടിലേപ്പോലെയുള്ള (പണ്ടത്തെ) ബാർബർ ഷാപ്പല്ലാട്ടൊ ഇവിടെ. ആ മലയാളികളെ പരിചയപ്പെട്ടപ്പോഴാണ് അതിലൊരാൾ എന്റെ തൊട്ടടുത്ത നാട്ടുകാരനാണെന്നു മനസ്സിലായത്. അയാളുടെ സഹായത്തോടെ ഒരു മുറി ശരിയാക്കി കിട്ടി.

മുറിയല്ലാട്ടൊ... മുറിയിൽ ഒരു ബെഡ്ഡിടാന്നുള്ള സ്ഥലം മാത്രം...!

മാസം പന്ത്രണ്ട് ദിനാർ വാടക.

മുറി കാണണമെങ്കിൽ വൈകീട്ട് ഏഴു മണിക്ക് വന്നാൽ കാണിച്ചു തരാമെന്നു പറഞ്ഞു.

“ മുറി കാണേണ്ട ആവശ്യമൊന്നുമില്ല...!! അതു ഒരു തൊഴുത്തായാലും കിട്ടിയേ പറ്റൂ....
നാളെ കാലത്ത് ഞാൻ എന്റെ പെട്ടിയുമായി വരികയായി. എത്രയും വേഗം ആ ഈജിപ്തനുമായുള്ള പൊറുതി അവസാനിപ്പിച്ചെ മതിയാകു...”
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു.

അതു കൊണ്ട് അതിലെ തമസക്കാരെ കണ്ട് അതൊന്ന് പറഞ്ഞുറപ്പിച്ചു തരണമെന്നു ഞാൻ എന്റെ നാട്ടുകാരനെ ഏൽ‌പ്പിച്ചു. അങ്ങനെ വലിയ സന്തോഷത്തിലാണ് അന്നു കടയിൽ കയറിയത്. ഈജിപ്തനോട് വിവരം പറഞ്ഞെങ്കിലും പന്ത്രണ്ട് ദിനാറിന്റെ കാര്യം പറഞ്ഞില്ല. അത് പതിനഞ്ച് ദിനാർ തന്നെയെന്ന് നുണ പറഞ്ഞു. (ഗൾഫിൽ കഴിയുമ്പോൾ,  ജീവിക്കാനായി ഒരു നുണയൊക്കെ ആകാമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഇല്ലേ..? ഉണ്ട്.. ഉണ്ട്..!)

അങ്ങനെ പിറ്റെ ദിവസം കാലത്ത് ബാഗും ഞാൻ കിടന്ന കിടക്കയും എടുത്ത് ഈജിപ്ത്കാരന്റെ കൂടെയുള്ള പൊറുതി അവസാനിപ്പിച്ച് പോരാൻ നേരം, അവിടെയുള്ള കോൾഡ് സ്റ്റോറിലെ ആദ്യം പരിചയപ്പെട്ട മലയാളിയോട് വിവരം പറയാനായി ചെന്നപ്പോഴാണ് അയാൾ ഒരു സത്യം വെളിപ്പെടുത്തിയത്.

ദിവസവും എന്നെ കടയിൽ കൊണ്ടാക്കിയതിനു ശേഷം ഈജിപ്തകാരൻ രണ്ടു മൂന്നു കൂട്ടുകാരുമായി മുറിയിൽ കയറിയാൽ പിന്നെ പുറത്തിറങ്ങാറില്ലത്രെ. ഭക്ഷണമെല്ലാം മുറിയിലേക്ക് പാഴ്‌സൽ വരുത്തി കഴിക്കും. രാത്രിയിൽ മാത്രമാണയാൾ കൂട്ടുകാരുമൊത്ത് പോകുന്നത്....!!

ഇതിനാണവൻ മാക്കറ്റ് ചെക്കിങ്ങിനെന്നും പറഞ്ഞ് എന്നെ കടയിൽ പൂട്ടിയിട്ട് മുഴുപ്പട്ടിണിയിൽ തനിച്ചാക്കി പോയിരുന്നത്. എനിക്കത് കേട്ടപ്പോൾ തോന്നിയ ദ്വേഷ്യത്തിന്, എന്താ പറയാ....! ഒന്നും പറയാനില്ല..!! അറിഞ്ഞു കൊണ്ട് അത്ര വലിയ പാപങ്ങളൊന്നും ചെയ്തതായി ഓർമ്മയില്ല. എന്നിട്ടും ദൈവംതമ്പുരാൻ എന്തിനാണാവൊ ഇങ്ങനെ പരീക്ഷിക്കുന്നത്....?

അർബാബ് ഉണ്ടാ‍യിരുന്നപ്പോൾ വാങ്ങിത്തന്ന പൊരിച്ച കോഴിക്കാലുകളിൽ ഒന്നു രണ്ടെണ്ണമെ ഓരൊ പ്രാവശ്യവും എനിക്ക് തിന്നാൻ കഴിഞ്ഞിരുന്നുള്ളു. ബാക്കിയത്രയും ഒരു ദയയുമില്ലാതെ ചവറ്റുകൊട്ടയിൽ തള്ളുകയായിരുന്നു.

‘പാവം, ആ കോഴിക്കാലുകളുടെ ശാപമായിരിക്കും‘ ഇന്നീ പട്ടിണി വരുത്തിയത്....!!

പുതിയ മുറിയിൽ, പുതിയ കൂട്ടുകാർ ജോലിക്ക് പോകുന്നതിനു മുൻപായിത്തന്നെ എത്തി. മുറി എന്നു പറഞ്ഞാൽ ഒരു കൊച്ചു മുറി. മൂന്നു നില കെട്ടിടത്തിന്റെ മുകളിലെ ടെറസ്സിൽ മരപ്പലക കൊണ്ട് അടിച്ചു കൂട്ടിയുണ്ടാക്കിയതാണ്. മൂന്നു ബെഡ്ഡിനുള്ള സ്ഥലമൊന്നുമില്ല. പിന്നെ വേണമെങ്കിൽ ഒരു ബെഡ്ഡു കൂടി ഞെക്കി ഞെരുങ്ങി ഇടാം. അതാണ് എനിക്കു തന്നത്. അത്രയും വാടക ഓരോരുത്തർക്കും കുറഞ്ഞു കിട്ടുമല്ലൊ. കൂടെയുള്ള രണ്ടു പേരും മലയാളികളും അടുത്ത നാട്ടുകാരും. അവരും കുറഞ്ഞ ശമ്പളക്കാർ തന്നെ.

വാടക കൂടാതെ മുറിയുടെ നികുതി, കറണ്ടിനും വെള്ളത്തിനും ഉള്ള ചാർജ്ജ് കൂടി നമ്മൾ അടക്കണം. അതുകൂടി കണക്കാക്കുമ്പോൾ പതിനഞ്ചു ദിനാറിൽ കൂടുതൽ വരും. അതു ശമ്പളത്തിൽ നിന്നും മുടക്കണം.

പുതിയ മുറിയിലെ താമസം നല്ലവരായ രണ്ടു മലയാളികളോടൊപ്പമായതു കൊണ്ട് രസകരമായിരുന്നു. രാത്രിയിൽ മാത്രമാണ് ഞങ്ങൾ കണ്ടു മുട്ടിയിരുന്നത്.

വെളുപ്പിന് അഞ്ചു മണിക്കു തന്നെ അവർ എഴുന്നേറ്റ് കുളിച്ച് റെഡിയാകും. ചോറ് മാത്രം വക്കും. ചോറ് പാത്രത്തിലാക്കി കുറച്ച് അച്ചാറും ഇട്ടാണ് കൊണ്ടു പോകുന്നത്. ആറര മണിക്കു അവരുടെ വണ്ടി വരും.


അവർ പോകുമ്പോഴും ഞാൻ എഴുന്നേറ്റിട്ടുണ്ടാവില്ല. എനിക്ക് ഒൻപത് മണിക്ക് കടയിൽ എത്തിയാൽ മതി. മുറിയിൽ നിന്നും ഒരു മിനിട്ട് നടക്കാനുള്ള ദൂരമേ ഉള്ളു. കടയിലെത്തിയിട്ടും വലിയ കാര്യമൊന്നുമില്ലല്ലൊ...?

‘വെറുതെ പൂട്ടിയിടപ്പെടാനായി മാത്രം ഒരു കടയിൽ പോക്ക്....?!‘

ഈജിപ്ത്കാരനൊരുമിച്ച് വരാൻ കഴിയാത്തതു കൊണ്ട്, വരുന്നത് വരെ പുറത്ത് വെയിലും കൊണ്ട് അവനെ കാത്ത് നിൽക്കേണ്ട ഒരു അവസ്ഥ കൂടി വന്നു ചേർന്നു. ചിലപ്പോളവൻ പോത്തു പോലെ കിടന്നുറങ്ങിക്കളയും. എന്നിട്ട് പത്തിനും പതിനൊന്നിനും ഒക്കെയാവും അവന്റെ വരവ്. അതു വരെയും പുറത്ത് പൊരിയണ വെയിലും കൊണ്ട് വിയർത്തൊലിച്ച് ഞാൻ നിൽക്കും.

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഇതു വരെ ഒരു രൂപ പോലും അയക്കാൻ കഴിഞ്ഞിട്ടില്ല. മാസത്തിൽ ഒരു ഫോൺ വിളി... ആഴ്ചയിൽ ഓരൊ കത്തുകൾ.. ഒരു കത്തയച്ചാൽ ഇരുപതു ദിവസം കൊണ്ടേ നാട്ടിൽ കിട്ടൂ.. അതിനു മറുപടി കിട്ടാൻ പിന്നെയും ദിവസങ്ങൾ..!

ഇവിടത്തെ കാര്യങ്ങളൊന്നും നാട്ടിൽ ആരോടും കത്തിൽ സൂചിപ്പിച്ചില്ല. ഭാര്യയോടു പോലും കടയിൽ കച്ചവടം കുറവായതു കൊണ്ടാണന്നേ പറഞ്ഞുള്ളു.

അന്നു കാലത്ത് കൂട്ടുകാരുടെ വർത്തമാനം കേട്ടാണ് ഞാൻ കണ്ണു തുറന്നത്.

ചോറ് പാത്രത്തിലാക്കിക്കൊണ്ടൊരിക്കയാണ് രണ്ടു പേരും. അച്ചാറു പാത്രം കാലിയായിരുന്നു. ആരുടെ കയ്യിലും ചില്ലറ ഒന്നും തന്നെ ഇല്ല. ഒരാൾ എഴുന്നേറ്റ് ചുമരിൽ തൂക്കിയിരുന്ന തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഒരു ആപ്പിൾ എടുത്ത് പുറത്തു വച്ചു.

“ ഇത് ഇന്നലെ ജോലി സ്ഥലത്ത് വച്ച് കിട്ടിയതാ.. ”
എന്നും പറഞ്ഞ് അവനത് കഴുകി മൂന്നായി മുറിച്ച് ഓരോരുത്തർക്കും കൊടുത്തു. അവർ രണ്ടു പേരും കിട്ടിയ ആപ്പിൾ കഷണം തങ്ങളുടെ ചോറിനുള്ളിൽ പൂഴ്ത്തി പാത്രമടച്ച് പോകാൻ തെയ്യാറായി...!? എനിക്കൊന്നും മനസ്സിലായില്ല.


എന്റെ പങ്ക് ആപ്പിൾ കഷണം നീട്ടി ഞാൻ ചോദിച്ചു
“ ഇത് ..?”

“ ഉച്ചക്ക് ചോറിൽ കുറച്ച് ഉപ്പും, പച്ചവെള്ളവും ചേർത്ത് കുഴച്ച് ഓരൊ ഉരുള വായിലിട്ടിട്ട് ഇതൊരു കടി കടിക്കുക. നല്ല ടേസ്റ്റാ.... !”
“നമ്മൾ ഗൾഫിലല്ലെ....? വില കൂടിയത് മാത്രമെ കഴിക്കാവൂ...!! ”

അവർ അതും പറഞ്ഞ് ചിരിച്ചും കൊണ്ട് മൂറി വിട്ടു.
ഞാൻ ആപ്പിളും കയ്യിൽ പിടിച്ച്, ഉറക്കച്ചടവോടെ ചിരിക്കണൊ കരയണൊ എന്നറിയാതെ ആ ആപ്പിൾ കഷണത്തിലേക്കും നോക്കിയിരുന്നു...
അതെ... ഞാൻ ഗൾഫിലല്ലെ....?

സ്വർണ്ണം വിളയുന്ന ഭൂമി...!

ഏവരുടേയും.... സ്വപ്നഭൂമി...!!!


ദിവസങ്ങൾ കഴിയവെ, ഒരു ദിവസം കടയിലെ പിറകിലെ വാതിലിന്റടുത്ത് കസേരയിട്ടിരിക്കുമ്പോൾ  റോഡിനപ്പുറത്തെ കടയിലെ അറബി വല്ലിപ്പൻ അവിടെയാകെ മണത്തു മണത്തു നടക്കുന്നതു കണ്ടു. ഞാനിരിക്കുന്ന വാതിലിന്റെ വലതു വശത്ത് റോഡ് സൈഡിൽ ഒരു ചെറിയ കുഴിയിൽ കറുത്ത നിറത്തിൽ വെള്ളം കിടക്കുന്നുണ്ടായിരുന്നു. ഞാനും അത് കണ്ടിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.

വല്ലിപ്പൻ വന്ന് അവിടെ മണപ്പിച്ചു കൊണ്ട് ആരോടെന്നില്ലാതെ എന്തൊ പറയുന്നുണ്ടായിരുന്നു. വല്ലിപ്പൻ താഴേക്കും മുകളിലേക്കും ഒക്കെ നോക്കി അവിടെമാകെ പരതി നടക്കുന്നു. അതു കഴിഞ്ഞ് അയാൾ തന്റെ കടയിലേക്ക് കയറിപ്പോയി.

ഞാനും അപ്പോഴാണ് ആ കിടക്കുന്ന വെള്ളം എങ്ങനെ വന്നുവെന്ന് ചിന്തിച്ചത്. ഇവിടെ മഴ പെയ്യുന്ന പതിവേയില്ലത്രെ...! പിന്നെങ്ങനെയാണ് ആ വെള്ളം അവിടെ കെട്ടിക്കിടക്കാൻ ഇടയായി...? ഒരു സംശയ നിവാരണത്തിനെന്നോണം ഞാൻ ചെന്ന് അടുക്കളയിലെ പൈപ്പ് തുറന്നിട്ടു. എന്നിട്ട് വാതിലിന്റടുത്ത് വന്ന് പുറത്തെ കുഴിയിലേക്കു നോക്കി.

അവിടെയതാ വെള്ളത്തിന് ഒരിളക്കം...!!?.

ബക്കറ്റിലെ വെള്ളത്തിന് തിരയില്ലെങ്കിലും, കുഴിയിലെ വെള്ളത്തിന് ഇപ്പോഴൊരു തിരയിളക്കം...!!

ഞാൻ സൂക്ഷിച്ചു നോക്കി..!!

കുഴി നിറഞ്ഞു നിറഞ്ഞ് വരുന്നു..!!!??

എന്റെ നെഞ്ചിലൂടെ ഒരു വെള്ളിടി വെട്ടി...!!!

ഓടിച്ചെന്ന് പൈപ്പടച്ചു. പിന്നെയും വന്നു നോക്കി.

അതെ...!?

അതു തന്നെ..!!!?

എന്റെ മൂത്രത്തിന്റെ കളറും ഈജിപ്ത്കാരന് തിളപ്പിച്ചു കൊടുക്കുന്ന കാപ്പിയുടെ കളറും കൂടി ചേർന്ന ഒരു കറുത്ത കളർ...! അതിന്റെ ദുർഗ്ഗന്ധമാവും വല്ലിപ്പൻ മണപ്പിച്ചു നടന്ന് ഉറവിടം കണ്ടെത്താൻ ശ്രമിച്ചത്.

“എന്റീശ്വരാ.... നീ കാണിച്ചു തന്ന വഴി, നീ തന്നെ അടച്ചു കളഞ്ഞല്ലൊ..”
ഞാൻ തലയിൽ കൈ വച്ചു കരഞ്ഞു പോയി.

“എടാ മണ്ടാ.. അന്നു നിന്റെ വിഷമം കണ്ടിട്ടല്ലെ തൽക്കാലം രക്ഷപ്പെടാനായി ഒരു വഴി കാണിച്ചു തന്നത്.. പക്ഷെ, അത് നീ സ്ഥിരമാക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല...!!!”
എന്റെ മനസ്സിലിരുന്ന് ആരൊ മന്ത്രിക്കുന്നതു പോലെ തോന്നി.

ഇനിയെന്തു വഴി....?

വെള്ളം കുടിച്ചു കഴിഞ്ഞ ഒരു പ്ലാസ്റ്റിക്കിന്റെ കുപ്പി അവിടെയുണ്ടായിരുന്നു.

തൽക്കാലം ഇതിലൊഴിച്ച് കാര്യം സാധിക്കാം..!
നാളെ മുതൽ കുപ്പികൾ സംഘടിപ്പിക്കണം. രാത്രിയിൽ അവൻ കട തുറന്ന് എന്നെ പുറത്തു വിടുമ്പോൾ എടുത്തു ചവറ്റു കൊട്ടയിൽ നിക്ഷേപിക്കാം...

അന്നവൻ എട്ടു മണി ആയപ്പോഴേക്കും എത്തി കട തുറന്നു . അതോടെ ആളുകളും വാങ്ങാനെത്തിയിരുന്നു. ഒന്നു രണ്ടു പേർ വന്നിരുന്ന് അവനോട് സംസാരിച്ചിരിക്കെ അവർക്ക് കാപ്പി കൊടുക്കാൻ പറഞ്ഞു. ഞാൻ കാപ്പി തിളപ്പിക്കാനായി തിരിഞ്ഞതും അവർ വിലക്കി. തണുത്തതെന്തെങ്കിലും മതിയെന്നു പറഞ്ഞു.

ഈജിപ്ത്കാരൻ ഉടനെ മേശയിൽ നിന്നും ഒരു ദിനാർ എടുത്തു തന്നിട്ട് പെപ്സിയും ബിസ്ക്കറ്റും വാങ്ങിക്കൊണ്ടു വരാൻ എന്നെ പറഞ്ഞയച്ചു. പിറകിലെ വാതിൽ തുറന്ന് കുറച്ചപ്പുറത്തുള്ള സത്താറിക്കായുടെ കോൾഡ് സ്റ്റോറിലേക്ക് ചെന്നു.

നാലു പെപ്സിയും രണ്ടു മൂന്നു പാക്കറ്റ് ബിസ്ക്കറ്റും എടുത്തിട്ട് എത്രയെന്നു ചോദിച്ചു. സത്താറിക്ക അതൊന്നു നോക്കിയിട്ട് പറഞ്ഞു

“പാഞ്ചുറുപ്പിക ആട്ടണ...”

എന്റെ ഉള്ളൊന്നു കാളി....?

ഇതേതു നാടാണപ്പാ..? എന്ന മട്ടിൽ ഞാൻ കയ്യിലിരിക്കുന്ന ദിനാറിലേക്കും സത്താറിക്കാന്റെ മുഖത്തേക്കും മാറി മാറി നോക്കി.

‘പാഞ്ചുറുപ്പിക ആട്ടണ....!!?’

ബാക്കി അടുത്ത പോസ്റ്റിൽ.......

Thursday, 20 August 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു...

സ്വപ്നഭൂമിയിലേക്ക് തുടരുന്നു.

വിമാനത്താവളത്തിനു പുറത്തിറങ്ങിയ ഞങ്ങൾ നേരെ ഫ്ലാറ്റിലേക്കാണ് പോയത്. ചെന്ന പാടെ ഞാൻ കുളിക്കാനായി കയറി. കുളി കഴിഞ്ഞിറങ്ങിയപ്പോൾ ഈജിപ്റ്റ്കാരൻ പുറത്ത് പോയിരുന്നു. ലുങ്കിയുടുത്ത് അവൻ വരുന്നതും കാത്ത് ഞാനവിടെ കുത്തിയിരുന്നു. അവൻ വന്നിട്ട് വേണം ഭക്ഷണം കഴിക്കാൻ പോകാൻ.


കാത്ത് കാത്തിരുന്ന ഞാൻ അവിടെക്കിടന്ന് ഉറങ്ങിപ്പോയി. പിന്നെ നേരം വെളുത്തപ്പോഴാണ് കണ്ണു തുറന്നത്. അവൻ എപ്പോഴൊ വന്ന് കിടന്നിരുന്നു. ഞാൻ അവന്റെ കിടപ്പ് നോക്കിയിരുന്നു കുറച്ചു നേരം. എന്നെ ഇന്നലെ അത്താഴപ്പട്ടണിയിട്ടല്ലെ....? ഞാൻ മനസ്സിൽ പറഞ്ഞു.

എഴുന്നേറ്റ് ചായ തിളപ്പിച്ച് കുടിച്ചു. പിന്നെ പ്രാധമിക പരിപാടികൾ കഴിഞ്ഞ് വീണ്ടും ബെഡിൽ വന്നിരുന്നു. വിശപ്പ് കത്തിക്കാളുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തോന്നി ഒന്നു പുറത്തിറങ്ങിയാലൊ...?


വസ്ത്രം മാറ്റി ഞാൻ പുറത്തിറങ്ങി. തൊട്ടു മുൻപിൽ തന്നെ ഒരു ചെറിയ റോഡുണ്ട്. കടകൾ വളരെ കുറവായിരുന്നു. തൊട്ടപ്പുറത്ത് കണ്ട ഒരു ചെറിയ കടയിൽ കയറിയപ്പോഴാണ് അതൊരു പലവ്യഞ്ജനക്കടയാണെന്ന് മനസ്സിലായത്. പക്ഷെ കടയുടെ പേര് കോൾഡ് സ്‌റ്റോർ എന്നായിരുന്നു. കടക്കകത്ത് ഒരു കോഴിക്കോട്ടുകാരൻ മലയാളി.


ഞാൻ ഒരു പാക്കറ്റ് ബ്രഡ് വാങ്ങി. അപ്പോഴാണ് ഒരു ചാക്കിൽ അരി ഇരിക്കുന്നത് കണ്ടത്. ഇവിടെ വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ചോറ് കണി കാണാൻ കഴിഞ്ഞിട്ടില്ല. അടുക്കളയിൽ ഒന്നു രണ്ടു സ്റ്റീൽ പാത്രങ്ങൾ കണ്ടിരുന്നു. ഒരു കിലൊ അരിയും ഒരു കുപ്പി കടുമാങ്ങാ അച്ചാറും ഒരു മോരും വാങ്ങി. അർബാബ് അന്നു തന്നിരുന്ന പൈസ ചിലവാക്കേണ്ടി വന്നിരുന്നില്ല. അതു കൊടുത്താണ് വാങ്ങിയത്.


മുറിയിൽ വന്ന് സ്റ്റീൽ പാത്രത്തിൽ ഒരു പിടി അരിയെടുത്ത് അടുപ്പത്തിട്ടു. പിന്നെ ചായ തിളപ്പിച്ച് ബ്രഡ് ചായയിൽ മുക്കി തിന്ന് തൽക്കാലം വിശപ്പടക്കി. അപ്പൊഴും ഈജിപ്റ്റ്കാരൻ എഴുന്നേറ്റിരുന്നില്ല. എട്ടു മണിയായപ്പോഴാണ് അവൻ എഴുന്നേറ്റു പോയത്.


കഞ്ഞിയിൽ കുറച്ച് മോരും രണ്ടു സ്പൂൺ അച്ചാറും ഒഴിച്ച് ഉപ്പുമിട്ട് ഇളക്കിയപ്പോൾ ഉതിർന്ന മണം വായിൽ വെള്ളമൂറി. ചൂടാറാനായി കുറച്ചു നേരം കൂടി ഇളക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും മനസ്സു നാട്ടിലേക്കു പറന്നു.


സ്കൂളിൽ പോകാൻ നേരം അമ്മ ചോറ്റുപാത്രത്തിൽ ചോറ് നിറച്ച്, സ്പൂണു കൊണ്ട് ചോറിൽ ഒരു കുഴിയുണ്ടാക്കി അതിൽ കുറച്ച് മാങ്ങ അച്ചാറൊഴിച്ചിട്ട് അടുക്കള വാതിലിന്റടുത്ത് തൈരു കടഞ്ഞുകൊണ്ടിരിക്കുന്ന അച്ചന്റെ മുൻപിലേക്ക് നീട്ടും. അച്ചൻ ആ കടഞ്ഞ തൈരിൽ നിന്നും ഒരു ചില്ലു ഗ്ലാസ്സു കൊണ്ട് പുളിയില്ലാത്ത ആ തൈര് ചോറ്റു പാത്രത്തിൽ നിറച്ചൊഴിക്കും. ഉച്ചക്ക് ചോറ്റു പാത്രം തുറക്കുമ്പോൾ തന്നെ എന്തു മണാ...!! അതു തിന്നുമ്പോൾ...വേണ്ട .. ഒന്നും ഓർക്കണ്ട...

കഞ്ഞി ചെറു ചൂടോടെ ഒരു സ്പൂൺ വായിലൊഴിച്ചിട്ട് ഇറക്കാൻ കഴിഞ്ഞില്ല. അതിന് ഒരു പ്രത്യേക സ്വാദുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞിരിക്കുന്നു അരിയാഹാരം കഴിച്ചിട്ട്. എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു. ഇടതു കൈത്തണ്ട കൊണ്ട് കണ്ണു തുടച്ചിട്ട് വേഗം കഞ്ഞി കുടിച്ചു. ഇത്രയും സ്വാദോടെ ഇതിനു മുൻപു കുടിച്ചിട്ടില്ലന്നു തോന്നി.


ഒൻപതു മണിക്ക് ഞങ്ങൾ കടയിലേക്ക് പുറപ്പെട്ടു. കട തുറന്ന് കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു "ഞാൻ പുറത്ത് പോയി മാർക്കറ്റൊക്കെ ഒന്നു കറങ്ങിയിട്ടു വരാം. നീ ഇവിടെ ഇരുന്നൊ. ഒറ്റക്ക് ഒന്നും വിൽക്കണ്ട. ദുബായീന്ന് ആരെങ്കിലും വിളിച്ചാൽ ‘ഇപ്പൊ പുറത്തു പോയി’ എന്നു മാത്രം പറഞ്ഞാ മതി.” അതും പറഞ്ഞ് അവൻ പുറത്തു പോയി. ഞാൻ അവിടെ കസേരയിൽ കുത്തിയിരുന്നു. ഷെൽഫിൽ നിരത്തിയിരുന്ന സാധനങ്ങൾ ഓരോന്നിടത്ത് അതിൽ എഴുതിയിരുന്ന ഉപയോഗക്രമം വായിച്ചുകൊണ്ടിരുന്നു.


അപ്പോഴാണ് ഒരു കസ്റ്റമർ വന്ന് വാതിലിൽ മുട്ടിയത്. ഞാൻ അടുത്ത് ചെന്ന് തുറക്കുന്നില്ല എന്ന് ആംഗ്യം കാണിച്ചു. അയാൾ തുറക്കാൻ നിർബന്ധം പിടിച്ചു. തുറക്കാനായി താക്കോൽ നോക്കിയപ്പോഴാണ് അങ്ങനെയൊന്ന് അവിടെയില്ലന്നറിയുന്നത്. കുറേ നേരം അവിടെയൊക്കെ നോക്കിയെങ്കിലും താക്കോൽ കാണാനായില്ല.

‘ ഇവൻ എന്നെ ഇതിനകത്തിട്ട് പൂട്ടിയിട്ടാണ് പോയിരിക്കുന്നത്! !! ?

അത് ഒരു നടുക്കം തന്നെ എന്നിലുണ്ടാക്കി.!!!


ഞങ്ങളുടെ കടക്ക് മുൻപിലും പിന്നിലും വാതിലുകളുണ്ടായിരുന്നു. ഞാൻ പിന്നിലെ വാതിലിൽ ചെന്നു നോക്കി. അതും പൂട്ടിയിരിക്കുന്നു. ഇവനെന്തിനിങ്ങനെ ചെയ്തു ? ഞാൻ വല്ലതും വിറ്റ് കാശടിച്ചുമാറ്റിയാലോന്ന് വിചാരിച്ചിട്ടാവും..അതിൽ അവനെ കുറ്റം പറയാൻ പറ്റില്ല. ഒരാഴ്ച മുൻപു മാത്രം വിമാനത്താവളത്തിൽ വച്ചു കണ്ടു മുട്ടിയവരാണ് ഞങ്ങൾ . കഴിഞ്ഞ ഒരാഴ്ചയിൽ ഞങ്ങൾ തമ്മിൽ അത്രയധികം സംസാരങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാൻ അർബാബുമായിട്ടാണ് സംസാരിച്ചിരുന്നത്. ഇവൻ അന്നേരം ഒരു മിണ്ടാപ്പൂച്ച പോലെ ആയിരുന്നു. വാസ്ഥവത്തിൽ ഇവൻ ആരായിരിക്കും..?


ഇവനെ ഇതെല്ലാം ഏൽ‌പ്പിച്ചിട്ടു പോകണമെങ്കിൽ ഒന്നുകിൽ മാനേജർ. അല്ലെങ്കിൽ ഈ കടയുടെ മുതലാളിമാരിൽ ഒരാളാവാം. ഞാൻ കടക്കുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഓരൊ സാധനങ്ങൾ കാണുമ്പോൾ അതെടുത്ത് വായിച്ചു മനസ്സിലാക്കും. എന്നിട്ടും സമയം പോകുന്നില്ല. പിറകിലെ വാതിലിൽ പോയി നിന്നു. ഒരു ചെറിയ റോഡാണ് അവിടെ. അതിനപ്പുറത്ത് അടഞ്ഞു കിടക്കുന്ന കടമുറികളാണ്.


വാതിലിന്റെ നേരെ എതിർ വശത്ത് ഒരു മുറി തുറന്നിട്ടുണ്ട്. അതിനകത്ത് ഒരു വല്യപ്പൻ പുറത്തേക്കും നോക്കിയിരുപ്പുണ്ട്. എന്തു ബിസ്സിനസ് ആണെന്ന് മനസ്സിലായില്ല. ആരും അതിനകത്തോട്ട് കയറുന്നതും കാണുകയുണ്ടായില്ല. പിന്നെ വീണ്ടും മുൻ‌വശത്ത് വന്നു. ഇവിടെ രണ്ടു നിരയിലുള്ള ഒരു ഹൈവെ ആണ്. വണ്ടികളും ധാരാളം പോയ്ക്കൊണ്ടിരിക്കുന്നു. ഇത്രയും ദിവസം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.


ഇടക്കിടക്ക് ആൾക്കാർ വാതിലിൽ വന്നു മുട്ടുന്നുണ്ട്. പക്ഷെ തുറക്കാൻ പറ്റില്ലാന്നു പറയുമ്പോൾ അവർ പോകും. ചിലർ ദ്വേഷ്യത്തിൽ വാതിലിൽ ഇടിച്ചിട്ട് പോകും. അപ്പോഴെനിക്കു പേടിയാവും..

സമയം പത്തും പതിനൊന്നും കഴിഞ്ഞു. അവൻ വന്നില്ല. ഷോറൂമിൽ തന്നെ പിറകിലെ വാതിലിന്റടുത്ത് ഒരു ചെറിയ അടുക്കളയുണ്ടായിരുന്നു. ഒരു സ്റ്റീലിന്റെ സിങ്കു മാത്രം അവിടെ ഉറപ്പിച്ചിരുന്നു. അതിനകത്ത് ചായക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നു.


ഞാൻ ഒരു ചായ ഉണ്ടാക്കി കുടിച്ചു. സമയം പിന്നെയും ബാക്കി. ഒരു മണിയായി. കാലത്ത് കഴിച്ച സ്വാദൂറും കഞ്ഞിയിലായിരുന്നു ഇതു വരെ പിടിച്ചു നിന്നത്. ഇപ്പോൾ വിശന്ന് വയറു കത്താൻ തുടങ്ങിയിരിക്കുന്നു.

അവനിതെവിടെ പോയ്....?അന്നത്തെ എന്റെ കാത്തിരിപ്പു മാത്രം വെറുതെയായി. വൈകീട്ട് ആറുമണി കഴിഞ്ഞിട്ടും അവനെ കണ്ടില്ല. ഇതിനിടക്ക് പല പ്രാവശ്യം ഞങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിലെ ഫോണിലേക്ക് വിളിച്ചു. ആരും ഫോണെടുത്തില്ല. അവൻ മുറിയിലും എത്തിയിട്ടില്ല.


ഇതിനിടക്കാണ് മറ്റൊരു ശക്തമായ പ്രശ്‌നം പൊന്തി വന്നത്. കാലത്ത് ഇങ്ങോട്ടു പോരുന്നതിനു മുൻപ് മൂത്രമൊഴിച്ചതാണ്. പിന്നെ ഇതുവരേയും അതിനു കഴിഞ്ഞിട്ടില്ല. പിടിച്ചു നിറുത്തിയാലും എത്ര സമയം വരെ പിടിച്ചു നിറുത്താനാവും....?


ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കൽ തന്നെ ശരണം. എവിടേയും മൂത്രമൊഴിക്കാനുള്ള ഒരു സ്ഥലവും കണ്ടെത്താനായില്ല. മുകളിൽ പോയി നോക്കി. പുറത്തേക്ക് തുറക്കുന്ന ഒരു വഴിയും കാണാനായില്ല. ഒരു ചെറിയ തുളയെങ്കിലും കണ്ടിരുന്നെങ്കിൽ അതിലൂടെ കാര്യം സാധിച്ചേനെ. വീണ്ടും താഴത്ത് വന്നു. നോക്കിയേടത്ത് തന്നെ വീണ്ടും നോക്കി. ഒരു രക്ഷയും ഇല്ല.


ഫ്ലോറാണെങ്കിൽ നല്ല ക്രീം കളറിലുള്ള വിട്രിഫൈഡ് ടൈലാണ് വിരിച്ചിരിക്കുന്നത്. ഇപ്പോഴും കണ്ണാടി പോലെ തിളങ്ങുന്നു. വീണ്ടും ഓരോ മൂലയും അരിച്ചു പെറുക്കി. അവനെ എന്റെ വായിൽ തോന്നിയ തെറിയെല്ലാം സ്വയം വിളിച്ചു പറഞ്ഞു. പക്ഷെ മൂത്രമൊഴിക്കാതെ ഒരു രക്ഷുയുമില്ല. അടിവയറെല്ലാം വല്ലാതെ വേദനിച്ചു തുടങ്ങി. ഞാൻ ഒന്നുകൂടി ഫ്ലാറ്റിലേക്ക് ഫോൺ ചെയ്തു നോക്കി. എടുക്കുന്നില്ല.


പിന്നെയും ക്ഷമ കെട്ട് അടിവയറും തടവിക്കൊണ്ട് അവിടെയെല്ലാം പേപ്പട്ടിയെപ്പോലെ ഓടി നടന്നു. എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു. വിശപ്പും ദാഹവും പിന്നെ മൂത്രമൊഴിക്കാത്തതിലുള്ള വിഷമവും. എല്ലാം കൂടി ഒരു ഉന്മാദാവാസ്ഥയിലേക്ക് എത്തിയിരുന്നു. കുറച്ചു വെള്ളം കുടിക്കണമെന്നുണ്ടെങ്കിലും മൂത്രത്തിന്റെ കാര്യമോർത്തിട്ട് വേണ്ടന്നു വച്ചു.


രാത്രി എട്ടു മണിയായി. എന്നിട്ടും ആ നാറി വന്നിട്ടില്ല. കുറച്ചു വെള്ളമെങ്കിലും കുടിക്കാതെ രക്ഷയില്ലന്നു വന്നപ്പൊ ഒരു അര ഗ്ലാസെങ്കിലും കുടിക്കാമെന്നു കരുതി അടുക്കളയിലേക്കു ചെന്ന് ഗ്ലസെടുത്തു കഴുകി. അപ്പോഴാണ് ആ സാദ്ധ്യത മനസ്സിൽ ഓടിയെത്തിയത്...?!!

എന്തു കൊണ്ടായിക്കൂടാ....??!!!

പിന്നെ വൈകിയില്ല. പക്ഷെ എന്റെ പൊക്കം പോര. പൊട്ടിക്കാത്ത സാധനങ്ങൾ നിറച്ച കാർട്ടൺ രണ്ടെണ്ണം മുകളീൽ നിന്നും ഓടിപ്പോയി എടുത്തു കൊണ്ടു വന്നു. അത് താഴെ അട്ടിയിട്ട് പൊക്കം ശരിയാക്കി.


എന്നിട്ട് അതിന്റെ മുകളിൽ കയറി നിന്നതേയുള്ളു. പാന്റിന്റെ സിബ് ഊരാനുള്ള സമയമൊന്നും കിട്ടിയില്ല. അതിനുമുപെ എല്ലാ നിയത്രണവും വിട്ട് മൂത്രം പുറത്തേക്കു ചാടി. അതിനുള്ളിൽ എങ്ങനെയൊ സിബ് ഊരി. വാഷ് ബേസിനിലെക്ക് പൈപ്പും തുറന്നിട്ടു. പിന്നെ അടുക്കളയുടെ മുകൾത്തട്ടിലേക്ക് മുഖമുയർത്തി കണ്ണൂകളടച്ച് ഒറ്റ നിൽ‌പ്പാണ്.

“ഓഹ്.. ദൈവമെ...!! ഇങ്ങനെ ഒരു വഴിയുണ്ടായിട്ടും നീയെന്തിനെന്നെ ഇത്ര നേരം ശ്വാസം മുട്ടിച്ചെന്റെ ദൈവമെ....!!! “


എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല. അവസാനത്തെ തുള്ളിയും പുറത്തു പോയതിനു ശേഷമെ ഞാൻ കണ്ണു തുറന്നുള്ളു....!!!

മൂത്രമൊഴിക്കുന്നതിന് ഇത്രയും സുഖമുണ്ടെന്ന് ഞാനന്ന് ആദ്യമായി അറിയുകയായിരുന്നു.

പത്തു മണി കഴിഞ്ഞപ്പോഴാണ് അവൻ എത്തിയത്. വന്ന വഴി കട പൂട്ടാൻ പറഞ്ഞ് താക്കോൽ തന്നു. ഞാനൊന്നും മിണ്ടിയില്ല. കാറിലിരിക്കുമ്പോൾ ഞാൻ പറഞ്ഞു

“ ഞാനിന്ന് ഒന്നും കഴിച്ചിട്ടില്ല. നീയെവിടെയായിരുന്നു ഇതുവരെ...?”

“ഞാനും ഒന്നും കഴിച്ചിട്ടില്ല. ഇടക്കു വച്ച് കാറിന്റെ ടയർ പഞ്ചറായി. അടുത്തെങ്ങും കടകളുമുണ്ടായിരുന്നില്ല. പിന്നെ ടാക്സിക്ക് പോയി പഞ്ചറൊട്ടിക്കുന്ന ആളെ വിളിച്ചുകൊണ്ടു വന്നു. അയാൾ ടയറുമായി പോയിട്ട് വൈകുന്നേരമാണ് വന്നത്. ആ നേരം വരെ ഞാൻ കാറിൽ കുത്തിയിരിക്കുകയായിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിക്കാനും പറ്റിയില്ല.” അവന്റെ മറുപടി വിശ്വാസമായി തോന്നിയില്ലെങ്കിലും ഞാൻ പിന്നൊന്നും പറഞ്ഞില്ല. ഒരു വാക്കു തർക്കത്തിനുള്ള ശക്തിയും അപ്പോഴില്ലായിരുന്നു.


എന്നെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു തന്ന് അകത്താക്കിയിട്ട് അവൻ ഫ്ലാറ്റും പൂട്ടി പുറത്തേക്കു പോയി. ആദ്യം തന്നെ ചായ തിളപ്പിച്ച് ബ്രഡ് ചായയിൽ മുക്കിത്തിന്ന് വിശപ്പിനൊരു അറുതി വരുത്തി. പിന്നെ കുറച്ചു നേരം നീണ്ടു നിവർന്നു കിടന്നു. ക്ഷീണം മാറിയെന്നു തോന്നിയപ്പോൾ എഴുന്നേറ്റ് വസ്ത്രം മാറി കുളിക്കാൻ കയറി. വെള്ളം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം തോന്നി. കുറച്ചു നേരം ഷവറിന്റെ അടിയിൽ നിന്നു.


ഇനി ചോറു വയ്ക്കണം. അതിനായി അടുക്കളയിൽ ചെന്നപ്പോഴാണ് ചവറ്റു കൊട്ട നിറഞ്ഞിരിക്കുന്നതു കണ്ടത്. ഇന്നലെ കാലത്ത് അതിലുണ്ടായിരുന്നതെല്ലാം ഞാനെടുത്തു കളഞ്ഞതായിരുന്നു. അത് പരിശോധിച്ചപ്പോഴാണ് മനസ്സിലാകുന്നത് അവൻ പറഞ്ഞതെല്ലാം കളവായിരുന്നുവെന്ന്. മൂന്ന് പേരെങ്കിലും ഭക്ഷണം പുറത്തു നിന്നും പാഴ്സൽ വാങ്ങി കഴിച്ചതിന്റെ അവശിഷ്ടങ്ങളായിരുന്നു അതെല്ലാം.


അവൻ ഇതിനകത്ത് കൂട്ടുകാരുമായി വന്നു ഉണ്ടും ഉറങ്ങിയും കഴിയുകയായിരുന്നു. ഞാനവിടെ ഒന്നു മൂത്രമൊഴിക്കാൻ പോലുമാകാതെ മുഴു പട്ടിണിയിലും. എന്റെ പല്ലുകൾ തമ്മിൽ ഞെരിഞ്ഞമരുന്ന ഒച്ച ഞാൻ കേട്ടു.


ഞാൻ അരി അടുപ്പത്തിട്ടു. അത്താഴത്തിനും കാലത്ത് കഞ്ഞി കുടിക്കാനുള്ളതും കൂടി ഒരുമിച്ചാണ് ഇട്ടത്. ചോറ് വെള്ളം കളയാനായി അടപ്പുള്ള ഒരു സ്റ്റീൽ ചരുവത്തിലാണ് വച്ചത്. അതിന് മാത്രമെ അടപ്പു കണ്ടുള്ളു. അത്താഴത്തിനു അച്ചാറായിരുന്നു കറി. പിന്നെ പച്ച മോരും. ഞാൻ ഉറങ്ങാൻ കിടക്കുമ്പോഴും അവൻ വന്നിരുന്നില്ല.

പിന്നെ മനസ്സു നാട്ടിലേക്കു പറന്നു.... എപ്പോഴൊ ഉറങ്ങിപ്പോയി.....


പിറ്റേന്ന് കാലത്ത് ഇതു തന്നെ ആവർത്തിച്ചു. എന്നെ കടക്കകത്തിട്ട് പൂട്ടിക്കൊണ്ടു പോയി. പോകുന്നതിനു മുൻപു താക്കോൽ ഞാൻ ചോദിച്ചിരുന്നു. അർബാബ് നിന്റെ കയ്യിൽ താക്കോൽ തരാൻ പറഞ്ഞിട്ടില്ലന്ന് പറഞ്ഞ് അവൻ പൊയ്ക്കളഞ്ഞു. പക്ഷെ അന്നവൻ രണ്ടു മണി ആയപ്പോഴേക്കും വന്നു. ഉടനെ കട പൂട്ടി വീട്ടിൽ പോയി. ഞാൻ ചോറുണ്ടാക്കി കഴിച്ചു.


ദിവസങ്ങളങ്ങനെ നീങ്ങി. നേരെ ചൊവ്വെ ഒരു ദിവസം പോലും കടയിൽ വിൽ‌പ്പന നടന്നില്ല. അവന് മറ്റെന്തൊക്കെയൊ സാധിച്ചെടുക്കാനാണ് ഇതെന്ന് എനിക്കു തോന്നിയിരുന്നു. അവൻ എന്നും വരുമ്പോൾ ആദ്യം ചോദിക്കുന്നത് ഫാക്സ് വല്ലതും വന്നോയെന്നാണ്. അതിന്റെ പിന്നിലെ രഹസ്യം കുറച്ചു കഴിഞ്ഞാണ് മനസ്സിലായത്.


അവനെ മാനേജർ ആക്കാമെന്നു പറഞ്ഞാണ് അർബാബ് പോയത്. ഇപ്പോൾ അവൻ വെറുമൊരു സെയിൽ‌സ്മാൻ മാത്രമാണ്. അവൻ സെയിൽ‌സ്മാനാണെന്ന് അറിഞ്ഞതോടെ അവനോടുണ്ടായിരുന്ന പേടി ഒന്നു മാറിക്കിട്ടി. പക്ഷെ മാനേജരായി വന്നാൽ പേടിക്കേണ്ടിവരും. മാനേജരായി അവനെ നിയമിച്ചു കൊണ്ടുള്ള ഓർഡർ ഫാക്സിൽ വരുന്നതും കാത്തിരിക്കയാണവൻ. എന്നിട്ടെ കട തുറക്കൂയെന്ന വാശിയിലും.


അതുകൊണ്ട് ഞാൻ മിക്ക ദിവസങ്ങളിലും തടവിലായിരുന്നു. മൂത്രമൊഴിക്കാനുള്ള സൂത്രം കണ്ടു പിടിച്ചതു കൊണ്ട് ആ ഒരു പ്രശ്നം സോൾവായെങ്കിലും ദിവസവും കിടക്കേണ്ടി വരുന്ന പട്ടിണിക്ക് ഒരു പരിഹാരം കാണാൻ കഴിഞ്ഞില്ല. ചോറു കൊണ്ടു വരാമായിരുന്നു. പക്ഷെ അതിനുള്ള പാത്രം ഉണ്ടായിരുന്നില്ല.


ഇതിനിടക്ക് കയ്യിലുണ്ടായിരുന്ന പൈസ തീർന്നു തുടങ്ങിയിരുന്നു. കടയിലാണെങ്കിൽ വിറ്റുവരവുമില്ല. ഒരു ദിവസം ഞാനവന്റെ അടുത്ത് പൈസ ചോദിച്ചു. അവൻ ഒരു ദിനാറെടുത്ത് തന്നു. ഇതു കൊണ്ട് ഞാനെങ്ങനെ ദിവസങ്ങൾ തള്ളി നീക്കും..?.


അവനില്ലാത്തപ്പോൾ ദുബായിൽ നിന്നും ഫോൺ വരുമ്പോഴൊന്നും ഞാൻ സത്യം പറഞ്ഞില്ല. സത്യം പറഞ്ഞാലുണ്ടാകുന്ന പൊല്ലാപ്പുകൾ എന്താവുമെന്നു ഊഹിക്കാൻ പോലും കഴിയില്ല. അവരെല്ലാവരും അറബികളാണ്. കൂടുമ്പോൾ അവർ ഒന്നിച്ചു കൂടും. ഞാൻ ഒറ്റപ്പെടുകയും ചെയ്യും.


എന്തായാലും നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയില്ല. ഇവിടെ പിടിച്ചു നിന്നെ പറ്റൂ. ഒരു കുഴിക്ക് സമീപം ഒരു കുന്ന് ഇല്ലാതിരിക്കുമോ..?


പിന്നെയും ദിവസങ്ങൾ കടന്നു പോയി. അവന്റെ സ്വഭാവത്തിന് ഒരു മാറ്റവും കണ്ടില്ല. ഒരു മാസം കഴിഞ്ഞു കാണും. ഞങ്ങൾ ഫ്ലാറ്റിൽ രാത്രിയിൽ കിടക്കാനായിട്ടുള്ള വട്ടം കൂട്ടുമ്പോൾ അവൻ പറഞ്ഞു “അടുത്ത തന്നെ നീ മറ്റെവിടേക്കെങ്കിലും താമസം മാറ്റണം. കടയുടെ തൊട്ടടുത്തു തന്നെ എവിടെയെങ്കിലും നോക്ക്. നിന്റെ നാട്ടുകാർ ആരെങ്കിലും കാണും ” അതു കേട്ടപ്പൊൾ വലിയ സന്തോഷമായി.

“ വാടക...?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“പതിനഞ്ചു ദിനാർ തരാം...അതിൽ കൂടുതലുള്ള മുറിയെടുത്താൽ ബാക്കി നീ കയ്യിൽ നിന്നും കൊടുക്കേണ്ടി വരും..” അവൻ പറഞ്ഞു നിറുത്തി.ഞാൻ പിന്നൊന്നും മിണ്ടിയില്ല.


പിറ്റെ ദിവസം കട തുറന്നു. അവൻ എങ്ങും പോയില്ല. നല്ല കച്ചവടവും കിട്ടി. ഉച്ചക്ക് ഞാൻ അവന്റെ കൂടെ പോയില്ല. മുറി കിട്ടുമോന്നറിയാനായി ഒന്നു കറങ്ങാൻ തീരുമാനിച്ചു. ഞങ്ങളുടെ കടയുടെ പിറകു വശത്തായി കുറെ കെട്ടിടങ്ങളും കടകളും മറ്റും ഉണ്ടായിരുന്നു. അവിടെയല്ലാം മലയാളികളും ധാരാളമുണ്ട്.


ഒരു ഹോട്ടലിൽ കയറി എന്തെങ്കിലും കഴുക്കാമെന്നു കരുതി അവിടെയൊക്കെ നടന്നു. ഒരു ജങ്ക്ഷന്റെ തൊട്ടടുത്തുള്ള കടയിലെ അലമാരയിൽ നാട്ടിൽ വാസുനായരുടെ ചായക്കടയിൽ കണ്ടിട്ടുള്ളതു പോലെ ഉണ്ടൻ പൊരിയും പരിപ്പു വടയും ഉഴുന്നു വടയും മറ്റും നിറച്ചു വച്ചിരിക്കുന്നു...!

അതു കണ്ടപ്പോൾ കടയുടെ മുൻപിൽ അറിയാതെ നിന്നു പോയി....

അതും ഒരു ചെറു പുഞ്ചിരിയോടെ...!!


ഞാൻ പതുക്കെ വാതിൽ തുറന്നു അകത്തു കയറി. ഒന്നു രണ്ടു പേർ ഊണു കഴിക്കുന്നു. ചിലർ ബിരിയാണി കഴിക്കുന്നു. അവിടെമാകെ ബിരിയാണിയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. ആ ഗന്ധം വായിൽ വെള്ളമൂറിച്ചു.


നല്ല വിശപ്പുണ്ടായിരുന്നു. എന്നും മോരും അച്ചാറും മാത്രം കഴിച്ച് മടുത്തിരുന്നു. ഇന്ന് ഊണു കഴിക്കാം. നാട്ടിൽ നിന്നും വന്നതിൽപ്പിന്നെ ഊണു കഴിക്കണ പരിപാടിയേ ഇല്ലായിരുന്നു.

എല്ലാ വിഭവങ്ങളും കൂട്ടി ഒരൂണ്..!

അതെത്ര രസകരമാണ്...!!

എത്ര ഊർജ്ജദായകമാണ്....!!!

ഞാൻ അടുത്തു കണ്ട ഒരു കസേരയിൽ ഇരിക്കാനായി തുടങ്ങിയതും പെട്ടെന്നു നിന്നു.

ഊണിന്റെ ചാർജ് എത്രയാവും....?

എന്റെ പോക്കറ്റിന്റെ വലിപ്പം എനിക്കല്ലെ അറിയൂ. വാതിലിന്റടുത്ത് മേശക്കു പിറകിലിരിക്കുന്ന ചെറുപ്പക്കാരന്റെ അടുത്തു ചെന്ന് ശബ്ദം താഴ്ത്തി മറ്റാരും കേൽക്കാതെ ചോദിച്ചു.

“ഊണിന് എത്രയാ...ചാർജ്ജ്...?” അയാൾ എന്നെയൊന്നു നോക്കിയിട്ട് പറഞ്ഞു.

”നാലു രൂപാ...” അതെത്രയെന്നു കഴിഞ്ഞ ഒരു മാസം കൊണ്ട് ഞാൻ മനസ്സിലാക്കിയിരുന്നു. എന്റെ കയ്യിൽ ഒരു ദിനാറിന്റെ നോട്ടുണ്ടായിരുന്നു.


ഞാൻ കസേരയിൽ ചെന്നിരുന്നതും കാഷിലിരുന്ന പയ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു

‘ ഒരു കേരള..... മൂട്ട...!!‘

അതു കേട്ടതും ഞാൻ ഞെട്ടിത്തിരിഞ്ഞ് കാഷിയറെ നോക്കി.....??!!!

“കേരള മൂട്ടയൊ...???


ബാക്കി അടുത്ത പോസ്റ്റിൽ.....

Monday, 3 August 2009

സ്വപ്നഭൂമിയിലേക്ക്..... (1)

[എഴുതാൻ നല്ല വശമില്ല. ഗൂഗിൾ വെറുതെ തന്ന ഈ സംവിധാനം എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു. ഞാൻ പ്രതിനിധാനം ചെയ്യുന്ന പ്രവാസികളുടെ നൊമ്പരങ്ങളെക്കുറിച്ചാണ് ആദ്യം ഓർമ്മയിൽ വന്നത്. എന്നാൽ പിന്നെ അത് എന്റെ കഥയിലൂടെ ആയാലെന്ത് എന്ന ചിന്തയാണ് ഇങ്ങനെ ഒന്നിനെ ഒരുക്കുന്നത്. ഇത് എന്റെ മാത്രം കഥയല്ല. എന്റെ സൌഹൃദ വലയത്തിൽ‌പ്പെട്ടവരും, കണ്ടും കേട്ടും അറിഞ്ഞ കഥകളും ഞാനിവിടെ പകർത്തുവാൻ ശ്രമിക്കുകയാണ്. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നു തന്നെ തുടങ്ങാം. ഇപ്പോഴും ജോലി ചെയ്യുന്ന കമ്പനി ആയതുകൊണ്ട്, ഒരു പക്ഷെ ഇത് മുടങ്ങിപ്പോയേക്കാം. എന്നാലും വായനാശീലം ഉള്ള ഒരു മലയാളിയും എനിക്കിട്ട് പാര വക്കാനായി കമ്പനിയിൽ ഇല്ലായെന്ന തിരിച്ചറിവിലാണ് ധൈര്യപൂർവ്വം ഇതാരംഭിക്കുന്നത്.  നന്ദി.]

 സ്വപ്നഭൂമിയിലേക്ക്...

ലിയ പ്രതീക്ഷയോടെയാണ് ബഹ്‌റീനിലേക്ക് വിമാനം കയറിയത്.

എയർപ്പോർട്ടിൽ ആരെങ്കിലും കാത്തു നിൽക്കുമൊ..?

ആരായിരിക്കും ...?

എങ്ങനെ തിരിച്ചറിയും...?

എന്തു ജോലിയായിരിക്കും കിട്ടുക...?

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. കുറച്ചു വെള്ളം കുടിക്കണമെന്നു തോന്നിയെങ്കിലും ആരോടാ ഒന്നു ചോദിക്കുക....?


വിമാനത്തിൽ കയറി ഇരുന്നപ്പോൾ തന്നെ ഓരൊ മിഠായി കിട്ടിയതാ..
അതു വിമാനം പുറപ്പെടുന്നതിനു മുൻപു തന്നെ കടിച്ചു ചവച്ചു തിന്നിരുന്നു. എയർ ഹോസ്റ്റസ് ഒരു ട്രേയിൽ കുറെ മിഠായിയുമായി വന്നതാണ്. ഞാൻ അതിൽ നിന്നും നമ്മുടെ ദാരിദ്ര്യം ഇപ്പൊഴേ കാട്ടണ്ടല്ലോന്നു കരുതി  വളരെ ഭവ്യത ഭാവിച്ച് ഒരെണ്ണം മാത്രമെ എടുത്തുള്ളു. ഇപ്പോഴാണ് കുറച്ചു കൂടുതൽ എടുക്കാമായിരുന്നുവെന്ന് ചിന്തിച്ചത്.


ആലോചിച്ചിരിക്കെ എയർ ഹോസ്റ്റസ് വന്ന് സീറ്റ് ബൽറ്റ് ഇട്ടത് ശരിക്കാണോന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. എന്റടുത്ത് വന്നപ്പോൾ ഇടതു കയ്യിന്റെ തള്ള വിരൽ പൊക്കി കുടിക്കാൻ വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. അവർ എന്തൊ പറഞ്ഞിട്ടു പോയി. എനിക്കൊന്നും മനസ്സിലായില്ല.


അടുത്തിരുന്നയാൾ പറഞ്ഞു
“ ഇപ്പൊ വെള്ളം കിട്ടില്ല. വിമാനം നീങ്ങാൻ തുടങ്ങാ. പൊങ്ങിക്കഴിഞ്ഞിട്ട് തരാമെന്നാ പറഞ്ഞത്.” വിമാനം റൺ‌വേയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഞാൻ പുറത്തേക്കു നോക്കിയിരുന്നു.


പക്ഷെ, എയർഹോസ്റ്റസ് എനിക്കുള്ള വെള്ളവുമായി വന്നു. എന്റെ തൊണ്ടയിൽ നനവേ ഉണ്ടായിരുന്നില്ല അന്നേരം. ഒരു ചെറിയ ഗ്ലാസ്സിൽ രണ്ടു കവിൾ വെള്ളം. അത്രയേ ഉണ്ടായിരുന്നുള്ളു. എങ്കിലും അപ്പോഴത്തെ ദാഹം മാറാൻ അതു മതിയായിരുന്നു. അതും കുടിച്ച് ആശ്വാസത്തോടെ പുറത്തേക്കും നോക്കിയിരുന്നു.


പിന്നെ താമസമുണ്ടായില്ല. വിമാനം ഉയർന്നു തുടങ്ങിയിരുന്നു. അതോടൊപ്പം എന്റെ നെഞ്ചിടിപ്പും കൂടി. അകാരണമായ ഒരു ഭീതി എന്നെ പൊതിഞ്ഞു. ഞാൻ ശ്വാസം പിടിച്ചിരുന്നു. താഴെ കെട്ടിടങ്ങളും മറ്റും തീപ്പെട്ടിക്കൂടു പോലെ തോന്നിച്ചു. റോഡുകൾ വളഞ്ഞു പുളഞ്ഞു പോകുന്ന വരകളായി മാറി. തെങ്ങിൻ തോപ്പുകൾ നിബിഡ വനങ്ങളായി തോന്നി. കരയിൽ നിന്നും കടലിലേക്കിറങ്ങിയപ്പോൾ ബോട്ടുകളും വഞ്ചികളും ചെറിയ പൊട്ടുകളായും കപ്പലുകൾ തീപ്പെട്ടിക്കൂടു പോലെയും തോന്നിച്ചു. പിന്നെ കാർമേഘ പാളികൾ താഴെക്കാഴ്ചകൾ മറച്ചു. നീലാകാശം തൊട്ടടുത്തെന്ന പോലെ കണ്ടു.
ഇതിനും അപ്പുറത്തായിരിക്കും സ്വർഗ്ഗം..!
അതിനരികിലൂടെ ഈ വിമാനം പോകുമോ...?
അങ്ങകലെ ചക്രപാളം ഇത്ര ഭംഗിയായി കാണുന്നത് ആദ്യമാണ്.


പിന്നെ ഞങ്ങളുടെ വിമാനം മേഘങ്ങക്കൾക്കിടയിലൂ‍ടെയായി യാത്ര. താഴെ നിന്നു നോക്കുമ്പോൾ കാണാറുള്ള മഴ മേഘങ്ങൾ ഇത്ര അടുത്തു കണ്ടപ്പോൾ എന്തൊരു അനുഭൂതിയാണന്ന് പറഞ്ഞറിയിക്കാൻ വയ്യ. മനസ്സിനു നല്ല കുളിർമ്മ തോന്നി. ഞാൻ പുറത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. ഭൂമി കണ്ണിൽ നിന്നും മറഞ്ഞിരുന്നു.


അപ്പോഴാണ് ചെവി അടഞ്ഞതായി തോന്നിയത്. മൂക്ക് അടച്ചു പിടിച്ച് ശ്വാസം വലിച്ചും പുറത്തേക്കും വിട്ടു നോക്കി. ശരിയായില്ല. അന്നേരം ഞാൻ ഒന്നും തന്നെ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ പെടാപ്പാട് കണ്ടിട്ടാവണം അടുത്തിരുന്ന യാത്രക്കാരൻ എനിക്കൊരു മിഠായി തന്നു.

“ഇതു വായിലിട്ടൊ”
എന്നായിരിക്കണം അയാൾ പറഞ്ഞിരിക്കുക.
ഞാൻ ഒന്നും കേട്ടില്ല. മിഠായി വാങ്ങിയിട്ട് ഞാൻ പറഞ്ഞു
“ മിഠായിക്കല്ല. എന്റെ ചെവി അടയുന്നു...”
പക്ഷെ, അയാളത് കേട്ടതായി തോന്നിയില്ല. കാരണം ഞാൻ പറഞ്ഞത് ഞാനും കേട്ടില്ല. എന്തൊ ഒരു മുരൾച്ച മാത്രമെ എനിക്കും തോന്നിയുള്ളു.


പിന്നെ ഞാൻ ആംഗ്യ ഭാഷയിൽ ചെവി തൊട്ടു കാണിച്ചു. അയാളപ്പോൾ തന്റെ കയ്യിലിരുന്ന മറ്റൊരു മിഠായിയുടെ പൊതിഞ്ഞ കടലാസ് മാറ്റി എന്റെ വായിലിട്ടു തന്നു. എന്നിട്ട് ഉമിനീരിറക്കാൻ ആംഗ്യം കാട്ടി. തൊണ്ട വരണ്ടിരുന്ന സമയത്ത് കിട്ടിയ മിഠായി നല്ല ആശ്വാസമാണ് തന്നത്. പെട്ടെന്ന് ഊറിക്കൂടിയ ഉമിനീർ ഇറക്കിയതോടെ ചെവി പെട്ടെന്നു തുറന്നു കിട്ടി. അപ്പോഴാണ് ഞാൻ ശബ്ദം കേട്ടു തുടങ്ങിയത്.


എന്റെ സന്തോഷം കണ്ടിട്ടാകും അടുത്തിരുന്ന മിഠായിച്ചേട്ടൻ പറഞ്ഞത്.

“ അതിനാ അവർ വിമാനം പുറപ്പെടുന്നതിനു മുൻപായി മിഠായി തന്നത്. വിമാനം വിടുന്നതിനു മുൻപു തന്നെ അത് കടിച്ചരച്ച്  അകത്താക്കിയല്ലെ....?”
ഞാൻ ശരിക്കും ഇളിഭ്യനായി എന്നു പറഞ്ഞാ‍ൽ മതിയല്ലൊ.
എന്റെ മുഖഭാവം കണ്ടിട്ടാകും മിഠായിച്ചേട്ടൻ കൂട്ടിച്ചേർത്തു.

“വിഷമിക്കണ്ട..ആദ്യമായിട്ട് വരുമ്പൊ അങ്ങനെയൊക്കെ പറ്റും...”
പിന്നെ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.

കുറച്ചു കഴിഞ്ഞപ്പൊ എയർ ഹോസ്റ്റസ് കഴിക്കാനുള്ള സാധനങ്ങളുമായി വന്നു.


മിഠായിച്ചേട്ടൻ ചോദിച്ചു.
“കുടിക്കുമൊ...?’

‘ഇല്ല‘ ഞാൻ പറഞ്ഞു.
“ ബിയറായാലൊ...?” മിഠായിച്ചേട്ടൻ
“അയ്യൊ വേണ്ട...” എന്തൊ അപരാധം കേട്ടതു പോലെ എന്റെ മറപടി.
അതു കേട്ട് മിഠായിച്ചേട്ടനാണ് ഓർഡർ കൊടുത്തത്.

‘ബീയർ...’
എയർ ഹോസ്റ്റസ് ഈരണ്ട് ബീയർ വീതം ഞങ്ങൾക്ക് തന്നു.

ഞാൻ പറഞ്ഞു
“എനിക്കു വേണ്ട...ഞാൻ കുടിക്കില്ല...”

“താൻ കുടിക്കണ്ടടോ..ഞാൻ കുടിച്ചോളാം..തനിക്കെന്താ കുടിക്കാൻ വേണ്ടത്... വെള്ളം.., ജൂസ്...?”

“ജൂസ് മതി ..” ഞാൻ.
അങ്ങനെ എനിക്കു ജൂസ് വാങ്ങി തന്നു.
നാലു ബീയറും മൂപ്പിലാൻ തന്നെ അടിച്ചു...!


പിന്നെ എയർപ്പോർട്ടിനു പുറത്തിറങ്ങുന്നതു വരെയും മിഠായിച്ചേട്ടന്റെ സഹായം എനിക്കു കിട്ടിയിരുന്നു. എന്റെ പേരെഴുതിയ ഒരു ബോഡും പിടിച്ചു നിന്ന അറബിയുടെ അടുത്തേക്കു ചെന്നു. അറബി എന്റെ പേരു ചൊദിച്ചു. ഞാൻ ‘അതെ ‘ എന്നു പറഞ്ഞു. അതോടെ എന്റെ ചങ്കിടിപ്പ് കൂടി. ഇവൻ തന്നെയാണോ എന്റെ അറബി...?
എന്നെ കാത്ത് നിന്ന അറബിയോടൊപ്പം അദ്ദേഹത്തിന്റെ പിന്നാലെ ഞാനും നടന്നു. അവിടെ വിസിറ്റേഴ്സിന് ഇരിക്കാനുള്ള കസേരയിൽ പോയി അദ്ദേഹം ഇരുന്നു. എന്നോടും ഇരിക്കാൻ പറഞ്ഞു. അദ്ദേഹത്തിന്റെ തൊട്ടടുത്ത കസേരയിൽ ഞാനും ഇരുന്നു. അദ്ദേഹം എന്റെ അർബാബായിരിക്കും...!
അർബാബ് എന്നൊക്കെ പറഞ്ഞാൽ നമ്മൾ പ്രതീക്ഷിക്കുന്നതു പോലുള്ള നല്ല പെരുമാറ്റം...!?


സാധാരണ അറബി വസ്ത്രം ആയിരുന്നില്ല അവൻ ധരിച്ചിരുന്നത്. എന്നെപ്പോലെ തന്നെ പാന്റ്സും ഷർട്ടുമായിരുന്നു വേഷം. എന്റെ ഇരട്ടി പൊക്കവും. ഈജിപ്റ്റിൽ നിന്നും ഒരാൾ കൂടി വരാനുണ്ടെന്നു പറഞ്ഞാണ് അവിടെയെന്നെ ഇരുത്തിയത്. ഏതാണ്ട് അരമണിക്കൂറ് കഴിഞ്ഞു കാണും, അർബാബ് അവിടന്ന് എഴുന്നേറ്റുപോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ കയ്യിൽ എനിക്കായി പെപ്സിയും ഒരു വെളുത്ത കടലാസ്സിന്റെ പൊതിയും എന്നെ ഏൽ‌പ്പിച്ചു.


ഞാൻ പൊതി അഴിച്ചു നോക്കിയപ്പോൾ വട്ടത്തിലുള്ള ബണ്ണ് ആണെന്നു തോന്നി. ഒരു ബണ്ണ് അടിയിലും ഒരു ബണ്ണ് മുകളിലും. ഇടക്ക് എന്തൊക്കെയൊ കാടും പടലും പിന്നെ തക്കാളി അരിഞ്ഞത്. കൂടാതെ കട്ടിയുള്ള എന്തൊ ഒന്ന്...!
ഇതെങ്ങനെ തിന്നുന്നതെന്നറിയാതെ ഞാൻ ചുറ്റുപാടും നോക്കി.


അപ്പോഴാണ് അർബാബ് തന്റെ കയ്യിലിരുന്ന സാധനം പൊതിഞ്ഞ കടലാസ്സിന്റെ ഒരു ഭാഗം മാറ്റിയിട്ട് അടി മുതൽ മുടി വരെ എത്തത്തക്ക വിധത്തിൽ വായ പൊളിച്ച് ഒറ്റക്കടി...!!
ആ കടിയിൽ മുകളിലത്തെ ബണ്ണൂ മുതൽ അടിയിലെ ബണ്ണു വരെ ഒരു ഭാഗം മുഴുവൻ അർബാബിന്റെ വായിൽ...!! അറിയാതെയാണെങ്കിലും “ഹൊ..” എന്നു പറഞ്ഞു പോയി ഞാൻ.


ഞാനും അതു പോലെ വായ പൊളിച്ചു നോക്കിയെങ്കിലും ആ സാധനത്തിന്റെ ഒരു മൂല മാത്രമെ എന്റെ വായിൽ കൊണ്ടുള്ളു. പിന്നെ വിചാരിച്ചു അർബാബ് തിന്നുന്നതു പോലെ തന്നെ വേണമെന്നില്ലല്ലൊ. ഞാൻ കുറേശെ കടിച്ചു തിന്നു. ഇടക്കു പെപ്സിയും കുടിച്ചു. പെപ്സിയും ഒരു ആദ്യാനുഭവമായിരുന്നു. അതങ്ങു ഇറങ്ങിപ്പോകുമ്പോൾ നാക്കിൻ തുമ്പു മുതൽ തൊണ്ട വരെ തണുപ്പു കൊണ്ട് എരിഞ്ഞു തീരുന്നതു പോലെ തോന്നി.


ഒരു മണിക്കൂറ് കഴിഞ്ഞപ്പോഴേക്കും ഈജിപ്റ്റ്കാരനും എത്തി. അർബാബ് ഞങ്ങളെ പരിചയപ്പെടുത്തി. ഞങ്ങൾ ഷേൿഹാന്റ് ചെയ്തു. പിന്നെ അർബാബിന്റെ വണ്ടിയിൽ പുറപ്പെട്ടു. കുറച്ചു സമയത്തിനകം ഒരു കടയുടെ മുൻപിൽ എത്തിച്ചേർന്നു. അർബാബ് താക്കോലെടുത്ത് ഷട്ടർ തുറന്നു. പിന്നെ ഗ്ലാസ് ഡോർ.


കടക്കകത്ത് സധനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഷെൽഫ് കുറച്ച് ശരിയാക്കിയിരുന്നു. ബാക്കിയുള്ളത് ഒരു മൂലയിൽ അടുക്കി വച്ചിട്ടുണ്ടായിരുന്നു. അതെല്ലാം എടുത്ത് ഷെൽഫ് ശരിയാക്കാൻ തുടങ്ങി. ഈജിപ്റ്റ്കാരനും ഞാനും കൂടിയാണ് ഫിറ്റ് ചെയ്തത്. അർബാബ് എല്ലാം അടുത്ത് നിന്ന് നിർദ്ദേശങ്ങൾ തന്നു കൊണ്ടിരുന്നു.


ഇടക്ക് അർബാബ് പോയി ഞങ്ങൾക്ക് കഴിക്കാനുള്ള സാധനങ്ങളുമായി വന്നു. ഓരൊ പാക്കറ്റ് വീതം കിട്ടി. കോഴിക്കാൽ അങ്ങനെ തന്നെ വറുത്തത് ഒരു നാലെണ്ണം, ഒരു കപ്പു നിറയെ ഒരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞ് വറുത്തത്. പിന്നെ ചുവപ്പും വെളുപ്പും നിറങ്ങളിൽ ക്രീമുകൾ കൂടാതെ രണ്ടു ‘കുപ്പൂസ്‘.


വല്ലപ്പോഴും വരുന്ന വിരുന്നുകാർക്കായി മാറ്റിവക്കപ്പെട്ടതായിരുന്നു ഞങ്ങളുടെ വീട്ടിലെ കോഴികൾ. എന്നു പറഞ്ഞാൽ പൂവൻ കോഴികൾ. പിടക്കോഴികൾ അമ്മക്ക് മുട്ടക്കച്ചവടം നടത്താൻ മാത്രവും. അന്നും കറി വച്ചാൽ കോഴിയുടെ കാലുകൾ കണികാണാൻ പോലും കിട്ടുകയില്ല. അതെല്ലാം വിരുന്നുകാർക്കുള്ളത്. ഈ കോഴിക്കാലു കണ്ടപ്പൊ അതാണ് ഓർമ്മ വന്നത്. ഒരു കോഴിക്കാലും പൊക്കിപ്പിടിച്ചു കൊണ്ടാണ് ഞാനാ ദിവാസ്വപ്നത്തിൽ മുഴുകിയത്.


മറ്റുള്ളവർ ഇതൊന്നും ശ്രദ്ധിക്കാതെ ചിരപരിചിതരെപ്പോലെ കോഴിക്കാലിന്റെ എല്ല് ഊരിയെടുത്ത് കടലാസ് പാത്രത്തിൽ നിരത്തി വച്ചു തുടങ്ങി. അവർ തിന്നുന്നതു പോലെ ഞാനും കഴിച്ചു തുടങ്ങി. പക്ഷെ രണ്ടു കോഴിക്കാലിൽ കൂടുതൽ എനിക്കകത്താക്കാനായില്ല. അപ്പോഴേക്കും മടുത്തു തുടങ്ങി. ഞാൻ ബാക്കിയുള്ളത് ആ കവറിൽ തന്നെ മടക്കി പൊതിഞ്ഞു വച്ചു.


രാത്രി പത്തു മണി വരെ ഷെൽഫിന്റെ പണിയായിരുന്നു. അതു കഴിഞ്ഞ് കട പൂട്ടി എല്ലാവരും പുറപ്പെട്ടു. ഒരു വലിയ കടയിൽ കയറി ഓരൊ പ്ലെയ്റ്റ് പിസ്സയും പെപ്സിയും കഴിച്ചു. ഒരു പ്ലെയ്റ്റ് ചോറു കിട്ടിയിരുന്നെങ്കിലെന്ന് ഒരുപാട് ആശിച്ചു. പക്ഷെ അങ്ങനെ ഒരു സാധനം അവിടെങ്ങും ആരും കഴിക്കുന്നതായി കണ്ടില്ല. അതു കൊണ്ട് ചോദിക്കാനും ഒത്തില്ല. പിന്നെ ആ കടയിൽ എല്ലാവരും ഫിലിപ്പൈൻ‌കാരായിരുന്നു.

അതു കഴിഞ്ഞ് ഒരു ഫ്ലാറ്റിൽ വന്നു. അവിടെ ഫർണ്ണീച്ചർകൾ ഒന്നും ഉണ്ടായിരുന്നില്ല. മൂന്നു കിടക്കകൾ മാത്രമെയുള്ളു. തലയിണകളും ഇല്ലായിരുന്നു. വന്ന വഴി ഒന്നു കക്കൂസിൽ പോയി. പിന്നെ കുളിച്ച് വസ്ത്രം മാറി ഞാനും അവരുടെ അടുത്ത് കിടക്കയിൽ കുത്തിയിരുന്നു. അർബാബ് എവിടേക്കൊ കുറെ നേരമായി ഫോൺ ചെയ്യുന്നുണ്ടായിരുന്നു. അവർ കുളിക്കാനൊന്നും താല്പര്യം കാട്ടിയില്ല. വസ്ത്രം മാറുക മാത്രമെ ചെയ്തുള്ളു.


എനിക്കും ഫോൺ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും ഈ രാത്രിയിൽ അതിനു കഴിയില്ല. നാളെ നേരം വെളുത്തിട്ട് അർബാബിനോട് ചോദിക്കാം. അപ്പോഴാണ് നാട്ടിൽ സമയം എത്രയായെന്നറിയാനായി വാച്ചെടുത്ത് നോക്കിയത്. എന്റെ വാച്ചിന്റെ സമയം മാറ്റിയിരുന്നില്ല.

ദൈവമെ രാത്രി രണ്ടു മണി...!!!
അർബാബിന്റെ വാച്ചിൽ നോക്കി ഇവിടത്തെ സമയം 11.30 ആക്കി വച്ചിട്ട് കിടക്കയിൽ കിടന്നു.

തലയിണയില്ലാഞ്ഞിട്ട് കിടപ്പിനൊരു സുഖം തോന്നിയില്ല. കൊണ്ടു വന്ന എയർബാഗ് എടുത്ത് തോർത്ത് മുണ്ട് കൊണ്ട് പൊതിഞ്ഞ് തലയ്ക്കടിയിൽ വച്ച് കിടന്നു.
മനസ്സ് നാട്ടിലായിരുന്നു..
മോൻ എന്നെ കാണാതെ കരയുന്നുണ്ടാവുമൊ....?
അവന്റെ അമ്മ എന്നെക്കുറിച്ചുള്ള വിവരമറിയാതെ വിഷമിക്കുന്നുണ്ടാവുമൊ....?


കാലത്തെ എഴുന്നേറ്റ് പ്രാഥമിക പരിപാടികൾ കഴിഞ്ഞ് അറബി പത്രം വായിച്ചുകൊണ്ടിരുന്ന അർബാബിന്റെ അടുത്തു ചെന്ന് നാട്ടിലേക്ക് ഫോൺ ചെയ്തൊട്ടെയെന്ന് ചോദിച്ചു. വിളിച്ചോളാൻ അനുവാദവും തന്നു. വീട്ടിൽ അന്നു ഫോൺ എടുത്തിട്ടില്ലായിരുന്നു. അതു കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് എന്റെ വീട്ടിൽ നിന്നും ആരെയെങ്കിലും വിളിക്കാനും പത്തു മിനിട്ടു കഴിഞ്ഞ് വീണ്ടും വിളിക്കാമെന്നും പറഞ്ഞിട്ട് ഫോൺ കട്ടാക്കി.


പിന്നെ കാത്തിരിപ്പായി. അർബാബ് ചോദിച്ചു
“ഇത്ര വേഗം കഴിഞ്ഞൊ..?”
ഞാൻ വിവരം പറഞ്ഞു. എന്റെ മുറി ഇംഗ്ലീഷ് കേട്ടിട്ടാവും അവന് ചിരിവന്നത്.  പിന്നെ അർബാബിന്റെ വിളിയായി. അർബാബ് ആരെയൊ വിളിച്ച് നിറുത്താതെ സംസാരിക്കുകയാണ്. അറബിയിലായതു കൊണ്ട് ഒരെത്തും പിടിയും കിട്ടിയില്ലെന്നു മാത്രമല്ല എനിക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നി.


ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞാണ് എനിക്ക് ഫോൺ കിട്ടിയത്. ഉടനെ വിളിച്ചു. ഭാര്യയായിരുന്നു വന്നിരുന്നത്.  ഇതുവരെ കുഴപ്പമൊന്നും ഇല്ലെന്നും നല്ല അർബാബാണെന്നും ഒരു കടയിലാണ് ജോലിയെന്നും മറ്റും പറഞ്ഞതിനോടൊപ്പം ശമ്പളം കിട്ടിയാൽ ഉടനെ അയക്കാമെന്നും അതു വരെ പിടിച്ചു നിൽക്കണമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചിട്ടാണ് ഫോൺ വച്ചത്.


അന്ന് കടയിലേക്ക് ആവശ്യമായ സാധനങ്ങൾ കാർഗോയിൽ വന്നു കിടക്കുന്നത് എടുക്കുന്നതിനായി ഞങ്ങൾ നേരത്തെ വീട്ടിൽ നിന്നും പുറപ്പെട്ടു. അതിന്റെ പണിയെല്ലാം ഒരു ഏജന്റിനെ ഏൽ‌പ്പിച്ചിട്ട് കടയിൽ വന്ന് ബാക്കിയുള്ള പണിയെല്ലാം തീർത്തു. എല്ലാ ഷെൽഫും തുടച്ച് വൃത്തിയാക്കി. സാധനങ്ങൾ വരുന്നതും കാത്ത് ഞങ്ങൾ ഉച്ച ഭക്ഷണമെല്ലാം (കോഴിക്കാൽ)  കഴിഞ്ഞ് കടയിൽ തന്നെയിരുന്നു.


വൈകുന്നേരം സാധനങ്ങൾ വന്നത് അപ്പോൾ തന്നെ ഷെൽഫുകളിൽ നിരത്തി. നിരത്തിത്തുടങ്ങിയതും കസ്റ്റമർ ഓരോരുത്തർ വന്നു തുടങ്ങി.
ആദ്യമായിട്ട് ഒരു കസ്റ്റമർക്ക് ഒരു ക്രീം കൊടുത്ത് കാശു വാങ്ങിയത് അർബാബിന്റെ നിർദ്ദേശപ്രകാരം ഞാനായിരുന്നു...!
കടയുടെ ഉൽഘാടനത്തിനു വേണ്ട സാഹചര്യങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും വേണമെന്നുള്ള താല്പര്യവും അർബാബിനുള്ളതായി തോന്നിയില്ല.


നാട്ടിലായിരുന്നെങ്കിൽ ഉത്ഘാടനത്തിനു സിനിമാതാരങ്ങൾ ഉൾപ്പടെ എന്തെന്തു ബഹളങ്ങൾ ഇപ്പോൾ അരങ്ങേറിയേനെ. രാത്രി പന്ത്രണ്ടു മണിയോടടുത്ത് കടപൂട്ടി ഭക്ഷണവും (പിസ്സ) കഴിഞ്ഞിട്ടാണ് മുറിയിൽ എത്തിയത്.


അന്നെനിക്ക് 20 ദിനാർ അർബാബ് അഡ്വാൻസ് തന്നു...
പിന്നെ ബഹ്‌റീന്റെ ഏറ്റവും വില കൂടിയ നോട്ടാണിതെന്നും ഇതിനു താഴെ പത്തിന്റെയും അഞ്ചിന്റെയും ഒരു ദിനാറിന്റെയും കൂടാതെ അര ദിനാറിന്റെയും നോട്ടുകളാണുള്ളതെന്നും അർബാബ് പഠിപ്പിച്ചു തന്നു. എല്ലാ നോട്ടുകളും ഓരോന്നായി കാണിച്ചു തന്നു. ഞാനതു വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഇതിനു നാട്ടിൽ എന്തു വില കിട്ടുമെന്നു അറിയില്ലായിരുന്നു. ചില്ലറ കൊടുക്കുമ്പോൾ സൂക്ഷിക്കണമെന്നും ഓർമ്മിപ്പിക്കാൻ അർബാബ് മറന്നില്ല.


പിറ്റെ ദിവസം ബാക്കിയുള്ള ഷെൽഫിൽ കൂടി സാധനങ്ങൾ നിറച്ചു. കാർട്ടണുകളിൽ പൊട്ടിക്കാത്തത് മുഴുവൻ കടയുടെ മുകളിലെ മുറിയിൽ കൊണ്ടു പോയി വച്ചു.


ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി...
ഒരാഴ്ച കഴിഞ്ഞതും അർബാബ് പെട്ടിയും മറ്റുമെടുത്ത് പോകാൻ തെയ്യാറായി...
അപ്പൊഴാണ് അദ്ദേഹത്തിന് ഇവിടെയല്ല ജോലിയെന്നും ഇതിന്റെ ഹെഡ്ഡാഫീസുള്ള ദുബായിലാണെന്നും മനസ്സിലായത്. ഇത് അവരുടെ ഒരു ബ്രാഞ്ച് ആയാണ് തുറന്നത്. കാര്യങ്ങളേല്ലാം ഈജിപ്ത്കാരനെ പറഞ്ഞേൽ‌പ്പിച്ചു.


അർബാബിനെ എയർപ്പോട്ടിൽ കൊണ്ടു ചെന്നാക്കാൻ ഞങ്ങളും പോയിരുന്നു. അദ്ദേഹം അകത്തു കടന്നു നടന്നു പോകുന്നത് കുറച്ചു വേദനയോടെയെ എനിക്കു നോക്കി നിൽക്കാനായുള്ളു. ഞാൻ വന്ന ദിവസം മുതൽ ഒരു അർബാബും തൊഴിലാളിയും എന്നതിലുപരി ഒരു നല്ല സഹപ്രവർത്തകൻ എന്ന സ്ഥാനമാണദ്ദേഹം എനിക്കു തന്നിരുന്നത്.


ഞങ്ങൾ മുറിയിൽ ഒരുമിച്ച് താമസിക്കുമ്പോഴും ഒരു ഗ്ലാസ് ചായ തിളപ്പിച്ചു കൊണ്ടു വരാൻ പോലും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. പകരം ചായ കുടിക്കണമെന്നു തോന്നുമ്പോൾ അദ്ദേഹം തന്നെ എല്ലാവർക്കും വേണ്ടി ചായ ഉണ്ടാക്കിക്കൊണ്ടുവരികയാണ് ചെയ്തിരുന്നത്. ആ മനുഷ്യനാണ് ഞങ്ങളോട് യാത്ര പറഞ്ഞു പോയത്.


ഇതെല്ലാം മനസ്സിൽ താലോലിച്ച് എയർപ്പോട്ടിനു പുറത്തേക്കു നടക്കുമ്പോൾ എന്റെ കണ്ണകൾ നിറഞ്ഞിരുന്നു....

പക്ഷെ , വരണ്ടുണങ്ങിയ മരുഭൂമിയിൽ പെയ്ത പുതുമഴയുടെ കുളിർമ്മ മാത്രമായിരുന്നു കഴിഞ്ഞ ഒരാഴ്ച ഞാൻ അനുഭവിച്ചതെന്ന് അപ്പോഴെനിക്കു മനസ്സിലായതേയില്ല.....!!!??.

വരാനിരിക്കുന്ന നാളുകൾ, ‘വിധി ’ എനിക്കായി കാത്തു വച്ചിരുന്നത് മറ്റൊന്നായിരുന്നു......!!?

അത് അടുത്ത പോസ്റ്റിൽ.........

Sunday, 5 July 2009

ഗ്രാമവഴി -- 5 vaazhakkula

നെൽകൃഷി ചെയ്തു ചെയ്ത് വരവും ചിലവും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോഴാണ് ഗ്രാമവാസികളിൽ ചിലർ ചേർന്ന് ഒരു തീരുമാനം എടുത്തത്.

“ഇതിനൊരു മാറ്റം വേണം, അതിന് എന്തു ചെയ്യാം”

പല ആലോചനകളും നടന്നു. ഒടുവിൽ ശശി മാഷ്ടെ നിർദ്ദേശമാണ് എല്ലാവർക്കും സ്വീകാര്യമായി തോന്നിയത്

“ അതെ, നമ്മൾക്ക് ഏത്തവാഴകൃഷി നടത്തിക്കളയാം.“

“എന്റെ ഭൂമി ഞാൻ വിട്ടു തരാം. കൃഷി നടത്തി ലാഭത്തിൽ ഒരംശം എനിക്കു തന്നാ മതി.” വിശ്വനാഥൻ മാഷ് പറഞ്ഞു.

“അങ്ങനെ ലാഭം മാത്രം എടുക്കണ പരിപാടി വേണ്ട..” ശശിമാഷ് തീർത്തു പറഞ്ഞു.

"ചിലവെല്ലാം എല്ലാവരും ഒരുമിച്ചെടുക്കണം. നഷ്ടമായാലും ലാഭമായാലും എല്ലാവരും ഒത്തൊരുമിച്ച്...എന്താ..?” ശശി മാഷ്.

“എന്നാപ്പിന്നെ അങ്ങനെ തന്നെ..”എല്ലാവരും സമ്മതിച്ചു.

അങ്ങനെയാണ് വർഷങ്ങളായി നെൽകൃഷി മാത്രം ചെയ്തിരുന്ന ഞങ്ങളുടെ കൃഷിസ്ഥലങ്ങൾക്ക് ഉൾപ്പുളകമേകിക്കൊണ്ട് ഒരു വ്യത്യസ്ത കൃഷി ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലായതു കൊണ്ട് അഞ്ചാറ് കൃഷിക്കാരുടെ സ്ഥലങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. എല്ലാവരും ചെറുകിട കൃഷിക്കാരായിരുന്നു. എല്ലാം കൂടി രണ്ടേക്കറോളം സ്ഥലത്ത് വാഴകൃഷി തുടങ്ങി.

വെള്ളത്തിന് തൊട്ടടുത്തുകൂടി ഒഴുകുന്ന ഇറിഗേഷൻ കനാലിൽ നിന്നും ആവശ്യത്തിന് എടുക്കാൻ കഴിയുമായിരുന്നു. ഒരേ കൃഷി രീതി കൊണ്ട് മടുത്തു തുടങ്ങിയിരുന്ന മണ്ണിന് പുതിയ കൃഷി ഉന്മേഷമേകി. വാഴകൾ എല്ലാം തഴച്ചു വളർന്നു. വേണ്ടസമയത്ത് വളമിടാനും വെള്ളം തിരിച്ചു വിടാനും മറ്റും ഞങ്ങൾ സദാ സമയം വാഴത്തോട്ടത്തിൽ ഉണ്ടായിരുന്നു.

സമയം കടന്നു പോകവെ ഓരോന്നായി കുലച്ചു തുടങ്ങി. അതോടൊപ്പം ഓരോന്നിനും താങ്ങു കൊടുക്കാനായി മുളയും അടക്കാമരവും മറ്റും കൊണ്ട് താങ്ങു കൊടുത്തു. മാത്രമല്ല കാറ്റത്ത് ഉലയാതിരിക്കാൻ വാഴകൾ തമ്മിൽ പരസ്പരം കയറു കൊണ്ട് ബന്ധിപ്പിച്ച് കെട്ടുകയും ചെയ്തു. കുലകൾ എല്ലാം പുറത്തു വന്നതോടെ കർഷകരുടെ മുഖം പ്രകാശമാനമായി.

എല്ലാം നല്ല വലുപ്പമുള്ള കുലകൾ. ഓണത്തിനു മുൻപായിത്തന്നെ വെട്ടാൻ പാകമാകും. അതോടൊപ്പം ഈ കുലകളെല്ലാം ഓണം വരെ ഇങ്ങനെ നിൽക്കുമൊ...?

ഏതെങ്കിലും കള്ളന്മാർ..?

ഇവിടെങ്ങും അടുത്ത് ആളുകൾ താമസിക്കുന്നുമില്ല.അതിനെന്താണൊരു വഴി..?

കാവൽ അത്യാവശ്യമാണ്.

ആരു കാവൽ നിൽക്കും...?

അത് പിന്നെ പറയേണ്ടല്ലൊ...ഞങ്ങളുടെ തലയിൽ തന്നെ വന്നു പെട്ടു. ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ജോലിയൊന്നുമില്ലാതെ വായനശാലയും മറ്റു പരിപാടികളുമായി തേരാപാരാ നടക്കുകയായിരുന്നു. ലീഡറായി ശശിമാഷും കൂടെയുള്ളപ്പോൾ പിന്നെന്തിനു മടിക്കണം.

അങ്ങനെ ഞങ്ങൾക്കു ഇരിക്കാനും കിടക്കാനും പാകത്തിൽ അടക്കാമരം ഊപയോഗിച്ച് ഒരു സ്‌റ്റേജ് ഉണ്ടാക്കി. അതിനു മുകളിലാണ് മഞ്ഞും വെയിലും കൊള്ളാതിരിക്കാൻ ഓലകൊണ്ട് മേഞ്ഞത്. കിഴക്കോട്ട് ദർശനം കിട്ടത്തക്കവിധത്തിലാണ് നിർമ്മിതി.


വൈകുന്നേരമായാൽ ഊണെല്ലാം കഴിഞ്ഞ് ഞങ്ങൾ ഈ മാടത്തിൽ കൂടും. വെളിച്ചത്തിനായി ഒരു പെട്രോമാക്സും രണ്ടു അരിക്കലാമ്പും ഒരു ടോർച്ചും.

സിനിമ മാറുന്ന ദിവസങ്ങളിൽ സെക്കന്റ് ഷൊ കാണാൻ ഞങ്ങൾ മുങ്ങും.(ഞങ്ങളുടെ ഈ കാവൽ ദൌത്യത്തിനു പിന്നിലെ രഹസ്യവും അതായിരുന്നു.) ഞങ്ങളുടെ ഗ്രാമത്തിനു ചുറ്റും മൂന്ന് തീയറ്ററുകൾ ഉണ്ട്. ഒറ്റ തീയറ്ററിലും മാറുന്ന പടങ്ങൾ വിടാറില്ല. കാവൽ മാടത്തിൽ കാവൽ കിടക്കുന്നതു കൊണ്ട് കാർന്നോന്മാരുടെ യാതൊരു ശല്യവും ഉണ്ടായിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് വരുമ്പോഴേക്കും പാതിര കഴിഞ്ഞിരിക്കും. അതു കഴിഞ്ഞെ കള്ളന്മാരും കക്കാനായി ഇറങ്ങിയിരുന്നുള്ളു.

സിനിമയില്ലാത്ത ദിവസങ്ങളിൽ കുടവും പിച്ചളപ്പാത്രങ്ങളും മറ്റും കയ്യിലേന്തി ഞങ്ങളുടെ വക കലാപരിപാടികളായിരിക്കും. ‘നെല്ല്’ എന്ന സിനിമയിലെ പാട്ടുകളാണ് അധികവും പാടിയിരുന്നത്. ‘ഹോയ്നാ...ഹോയ്...‘

‘കാവലംചുണ്ടനിലെ‘ വഞ്ചിപ്പാട്ടും ആവേശം ജനിപ്പിക്കുന്നതായിരുന്നു. കൂട്ടത്തിൽ നാട്ടിൽ കിട്ടുന്ന ‘പട്ട‘യും ചിലപ്പോഴൊക്കെ മിലിട്ടറി കോട്ടയായ ‘റമ്മും‘ മറ്റും ഞങ്ങളുടെ സിരകളെ ഉത്തേജിപ്പിച്ചിരുന്നു. നേരം രണ്ടു മണിയോടടുത്ത് ഉറങ്ങാ‍നായി, ഇരുന്നിടത്ത് തന്നെ തോന്നിയ പോലെ കിടക്കും. നേരം വെളുക്കുന്നതു വരെ ബോധം കെട്ടുറങ്ങും.

നേരത്ത് കായക്കൊലയല്ല, ഞങ്ങളെ തന്നെ പൊക്കിക്കൊണ്ടു പോയാലും അറിയുമായിരുന്നില്ല. അങ്ങനെ സർവ്വ സ്വതന്ത്രമായ ഞങ്ങളുടെ ദിവസങ്ങൾ പാട്ടും കൂത്തും സിനിമാ കാണലും മറ്റുമായി പിന്നെയും കടന്നു പോയി.
ഓണം വന്നടുത്തു.
കായക്കുലകളെല്ലാം വെട്ടാൻ പാകമായി. ഓരോരുത്തർ വന്നു നോക്കിയിട്ട് വില പറയുന്നുണ്ട്. ഞങ്ങൾ അതിൽ കൂടുതൽ കിട്ടണമെന്നു വാശി പിടിക്കും. കച്ചവടം നടക്കാതെ ദിവസങ്ങൾ നീണ്ടു പോയി.

പതിവുപോലെ അന്നും പാട്ടും കൂത്തുമായി കഴിച്ചുകൂട്ടി.

“ഓ തിത്തിത്താരാ തിത്തിത്താരാ തിത്തൈ തിത്തൈതകതോം” ഒക്കെ പാടി അവസനിപ്പിച്ച് രാത്രിയുടെ അന്ത്യയാമത്തിലാണ് ഒന്നുറങ്ങാൻ കിടന്നത്. പെട്രൊമാക്സ് കെടുത്തി. ഒരു അരിക്കലാമ്പ് മാത്രം കത്തിച്ച് തിരി താഴ്ത്തി വച്ച് കിടന്നു. വയറ്റിൽ കിടക്കുന്ന റമ്മിന്റെ പിരിമുറക്കത്തിൽ കിടന്ന ഞങ്ങൾ പിന്നെ അവിടെ നടന്നതൊന്നും അറിഞ്ഞതേയില്ല...?!!

നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. ശശിമാഷ് എന്തൊ ശബ്ദം കേട്ടിട്ടാണ് കണ്ണു തുറന്നത്. കിടന്ന കിടപ്പിൽ തന്നെ ചുറ്റും നോക്കിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടില്ല. വീണ്ടും ഒന്നു തിരിഞ്ഞ് കിടക്കാൻ ശ്രമിക്കുമ്പോഴാണ് കാവൽ മാടത്തിന്റെ തെക്കെ മൂലക്കലെ വാഴ നടുവൊടിഞ്ഞു കിടക്കുന്നത് കണ്ണിൽ പെട്ടത്.

കയ്യെത്തിച്ച് തൂക്കിയിട്ടിരുന്ന അരിക്കലാമ്പിന്റെ തിരി പൊക്കിവച്ച് ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് തലയിലൂടെ ഒരു വെള്ളിടി ഇടിച്ചിറങ്ങിയത്. പെട്ടന്ന് അർബാന്റെ തലക്കൽ നിന്നും ടോർച്ചെടുത്ത് അടിച്ചതും, അതോടൊപ്പം ഒരാർത്ത നാദവും മാഷറിയാതെ പുറത്ത് ചാടി.

ശബ്ദം കേട്ടിട്ടാണ് ഞങ്ങൾ കണ്ണു തുറന്നത്. മാഷ് നോക്കുന്നിടത്തേക്ക് ഞങ്ങളും നോക്കി.”അയ്യൊ” എന്ന് ഞങ്ങളും നിലവിളിച്ചു. അതോടൊപ്പം മുറ്റത്തേക്ക് ചാടിയിറങ്ങി. ഒടിഞ്ഞ് കിടന്ന വാഴയുടെ ‘കുല‘ കാണാനില്ലായിരുന്നു !!.

ആരൊ വാഴയുടെ നടുക്ക് വെട്ടിയിരിക്കുന്നു.

ഞങ്ങൾ ചുറ്റും നോക്കി. വടക്കു വശത്തൊരെണ്ണം അതു പോലെ കുല വെട്ടിയെടുത്തിരിക്കുന്നു...!! പിന്നെയും ഞങ്ങൾ പരതി നടന്നു നോക്കി. കനാൽ ബണ്ടിനോട് ചേർന്ന് നിന്ന ഒരെണ്ണം കൂടി നഷ്ടപ്പെട്ടിരിക്കുന്നു.!!!

ആകെ മൂന്നെണ്ണം വളരെ വിദഗ്ദ്ധമായി ആരൊ അടിച്ചുമാറ്റിയിരിക്കുന്നു. എല്ലാത്തിന്റേയും നടുക്കാണ് വെട്ടേറ്റിരിക്കുന്നത്. ഈ വെളുപ്പാൻ കാലത്തെ ഇതാര് അടിച്ചുമാറ്റി..?

ഒരൂഹവും കിട്ടിയില്ല. ഞങ്ങൾ മൂന്നാലു പേരുണ്ടായിട്ടും ഇതെങ്ങനെ കള്ളന്മാർ വെട്ടിയെടുത്തു..?. വെട്ടിയ ഒച്ച പോലും കേൾപ്പിക്കാതെ എത്ര വിദഗ്ദ്ധമായാണ് അവർ കാര്യം സാധിച്ചത്..?

“നല്ല മൂർച്ചയുള്ള അരിവാളാണെങ്കിൽ വെട്ടേണ്ട ആവശ്യമില്ല. ആഴത്തിൽ ഒന്നു വരഞ്ഞാൽ മതി. വാഴ തല താഴ്ത്തിക്കൊടുക്കും, കുല വെട്ടിയെടുക്കാൻ പാകത്തിൽ. എന്നാലൊട്ടു താഴെ വീഴുകയുമില്ല ശബ്ദമുണ്ടാകുകയുമില്ല.“ അർബാൻ എന്നു വിളിക്കുന്ന അരവിന്ദൻ ആസ്തമ കാരണം ശ്വാസം മുട്ടുന്നതിനിടക്ക് നെഞ്ചും തടവിക്കൊണ്ട് പറഞ്ഞത് ഞങ്ങളിൽ ചിരിയുണർത്തി.

നടന്ന സംഭവങ്ങൾ ഞങ്ങളിൽ വല്ലാത്ത കുറ്റബോധമുണ്ടാക്കി. അതിനിടക്കു ഞാനും രാജുവും രവിയും കൂടി കുടിൽ‌പ്പടിയിലും വള്ളനാറെ കലുങ്കിനടുത്തും പോയി നോക്കി. ആരെങ്കിലും വാഴക്കുലയുമായി പോകുന്നുണ്ടോന്നറിയാൻ. എങ്ങും ആരെയും കണ്ടില്ല.

കാവൽമാടത്തിലിരുന്ന് ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കെ കനാൽ ബണ്ടിൽ കൂടി ടോർച്ചും തെളിച്ച് ഒരാൾ വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ മാടത്തിനു അടുത്തു വന്നതും അദ്ദേഹം നിന്നു. അപ്പോഴാണ് ഞങ്ങളുടെ അമ്പലത്തിലെ ശാന്തിക്കാരൻ ഡോക്റ്ററാണെന്നു മനസ്സിലായത്. അദ്ദേഹം ഒരു ഹോമിയൊ ഡോക്റ്റർ കൂടിയാണ്.

പതിവിനു വിരുദ്ധമായി കാവൽ മാടത്തിൽ വെളിച്ചവും ആളനക്കവും മറ്റും കണ്ടതു കൊണ്ടാണ് നിന്നത്. അപ്പോഴേക്കും ഞങ്ങളെല്ലാവരും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. നടന്ന സംഭവങ്ങൾ പറഞ്ഞു. ഡോക്റ്റർ കാവൽ മാടത്തിന്റെ മുറ്റത്ത് വന്ന് വെട്ടിയ വാഴയെല്ലാം കണ്ടു.

“എന്നാലും ഇതൊരു അതിശയമായിപോയല്ലൊ...ഈ വെളിപ്പിനിതു കൊണ്ടു പോയപ്പൊ അത് പുറത്ത് നിന്നുള്ളവർ ആവില്ല. ഇവിടെ അടുത്തുള്ളവർ തന്നെയാകും.”

ഇവിടെ അടുത്തുള്ളവർ ....എന്നു പറഞ്ഞാൽ ആരാ..പ്പൊ അതിനു പറ്റിയത്...?‘ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ഒരു പിടുത്തവും കിട്ടിയില്ല.

അപ്പൊഴേക്കും “കോവാട്ട് ഭഗവതി ക്ഷേത്ര ‘ത്തിൽ നിന്നും കാലത്തെയുള്ള പാട്ടു കേട്ടു. അവിടത്തെ

ശാന്തിക്കാരനാണ് ഡോക്റ്റർ ലക്ഷ്മണൻ. അദ്ദേഹം പറഞ്ഞു

“ഞാൻ പോട്ടെ നേരായി. നിങ്ങളൊരു കാര്യം ചെയ്യ്... പ്രഭാത പൂജ കഴിഞ്ഞ് നട തുറന്നതിനു ശേഷം നിങ്ങളെല്ലാവരും അമ്പലത്തിലേക്കു വരു. വരുമ്പോൾ ഈ വാഴയുടെ കുറച്ചു ഇലയും പട്ടയും എടുത്തോണ്ടു പോരെ.. നമുക്കൊന്നു ‘മൂടിച്ചു‘ കളയാം.”

“ മൂടിക്കെ...?” ഞങ്ങൾ അത്ഭുതം കൂറി.

“ങാ..അങ്ങനെ ചില ക്രിയകളൊക്കെയുണ്ട്..നിങ്ങൾ കുളിച്ചിട്ട് അമ്പലത്തിലേക്ക് വാ...” ഡോക്റ്റർ നടന്നു.

ഞങ്ങൾ വാസു നായരുടെ കടയിൽ പോയി ഓരൊ ചായയും കുടിച്ചിട്ട് ഡോക്ടർ പറഞ്ഞതു പോലെ അമ്പലത്തിലേക്ക് നടന്നു. അമ്പലക്കടവിൽ പോയി കൂളിച്ച് ഈറനോടെ അമ്പല നടയിൽ നട തുറക്കുന്നതും കാത്ത് നിന്നു. നട തുറന്ന് പ്രാർത്ഥിച്ചിട്ട് പ്രസാദവും വാങ്ങി മാറി നിന്നു. ഡോക്റ്റർക്ക് കുറച്ചു പൂജകൾകൂടി ചെയ്യാനുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ കൊണ്ടു വന്ന വാഴയുടെ ഭാഗങ്ങൾ വാങ്ങി അകത്തേക്ക് കയറിപ്പോയി.

വാതിൽ അടഞ്ഞു. അകത്ത് എന്തൊക്കെയൊ മന്ത്രം ചൊല്ലലിന്റേയും മണിയടിയുടെയും ഒച്ചകൾ കേൾക്കാമായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് ഡോക്റ്റർ പുറത്തു വന്നു. കുറച്ചു അരിയും പൂവും മറ്റും ഞങ്ങളെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു

“ ഇതു കൊണ്ടോയി നിങ്ങളുടെ വാഴത്തോട്ടത്തിന്റെ നാലരികിലും കുഴിച്ചിട്. വാഴക്കുല അടിച്ചു മാറ്റിയവൻ എന്തു ചെയ്യുമെന്ന് നമുക്കു നോക്കാം...”
ഞങ്ങൾ അതും വാങ്ങി തിരിഞ്ഞ് നടന്നതും ഡോക്റ്റർ വിളിച്ചു

“പിന്നേയ്...പോണവഴി ഈ വിവരം വഴിയിൽ കാണുന്നവരോടോക്കെ പറഞ്ഞു പരത്തിക്കൊ. ഗ്രാമം മുഴുവനറിയട്ടെ...” ഡോക്റ്റർ പറഞ്ഞതു പോലെ തന്നെ എല്ലാം ചെയ്തു.

അന്നു മുതൽ ഞങ്ങൾ ശരിക്കുള്ള കാവൽ ആരംഭിച്ചു. രാത്രിയിൽ ഉറക്കം ഈരണ്ടു പേർ വീതം പങ്കു വച്ചു. ബാക്കിയുള്ളവർ ടോർച്ചുമായി കാവൽ മാടത്തിനു ചുറ്റും ഉലാത്തിക്കൊണ്ടിരിക്കും.

ദിവസം ഒന്നും രണ്ടും കഴിഞ്ഞു.

പിന്നെ കളവൊന്നും നടന്നില്ല.

കള്ളനെ ഇതുവരെയും കിട്ടിയില്ല.

കൊണ്ടുപോയ വാഴക്കുലകളെക്കുറിച്ചും ഒരു വിവരവുമില്ല.
മൂന്നാം ദിവസവും പിറന്നു. ഒരു വിവരവുമില്ലാത്തതിനാൽ ഞങ്ങളാകെ നിരാശരായി.


നാലാം ദിവസവും രണ്ടു മണി കഴിഞ്ഞിട്ടാണ് ഞങ്ങൾ കിടന്നത്. നേരിയ മയക്കത്തിൽ കോഴി കൂവുന്ന ഒച്ച കേട്ടു. നേരം വെളുക്കാറായിട്ടുണ്ടാകും. ഇനി കള്ളന്മാർ വരികയില്ലന്നുള്ള ധാരണയിൽ എല്ലാവരും നല്ല ഉറക്കത്തിലേക്കു വീണു.

ശശി മാഷാണ് ആദ്യം കണ്ണു തുറന്നത്. മാഷിന് സ്കൂളിൽ പോകാനുള്ളതാണ്. മുറ്റത്തിറങ്ങി ഒന്നു മൂത്രമൊഴിച്ച് തിരിച്ചു വന്നിരിക്കുമ്പോഴാണ് തെക്കു വശത്തെ കള്ളൻ കൊണ്ടു പോയ ഒടിഞ്ഞു തൂങ്ങിയ വാഴക്കടക്കൽ കണ്ണൂ പതിഞ്ഞതും ഞെട്ടിപ്പോയി...!!
”ദേ ഒരു കുല..” മാഷുടെ ഉറക്കെയുള്ള ശബ്ദം കേട്ടതും മറ്റുള്ളവരും കണ്ണു തുറന്നു. വീണ്ടും കള്ളൻ കൊണ്ടു പോയൊയെന്ന ധാരണയിൽ ചാടിയെഴുന്നേറ്റ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ശശിമാഷ് തെക്കേ മൂലയിലേക്ക് ഓടുന്നതാണ്.

ചാടിയിറങ്ങി ഉറക്കച്ചടവോടെ ഞങ്ങളും പിന്നാലെ വിട്ടു. വാഴക്കടക്കൽ കള്ളൻ വെട്ടിക്കൊണ്ടു പോയ വാഴക്കുല തിരികെ കൊണ്ടുവന്നു ചാരി വച്ചിരിക്കുന്നു....!!!

ഞങ്ങളുടെ കണ്ണു തള്ളിപ്പോയി...!!!
അപ്പൊഴേക്കും രാജുവും അർബാനും മറ്റുള്ള രണ്ടു വാഴക്കടക്കലും ചെന്നു നോക്കി.

അവിടേയും അതേ പടി കുലകൾ ചാരി വച്ചിരിക്കുന്നു..!!!!

കുലകളെല്ലാം വലിയ നല്ല തുടമുള്ളതായിരുന്നു. കാർന്നോമ്മാരുടെ നിർദ്ദേശപ്രകാരം ഉണങ്ങിയ വാഴയിലത്തണ്ടു കൊണ്ട് പുറമെ ആരും കണ്ട് ‘കണ്ണു കെട്ടാതിരിക്കാൻ‘ മുൻപെ തന്നെ പൊതിഞ്ഞു കെട്ടി വച്ചിരുന്നതാണ്. ആ പൊതിയൽ പോലും മാറ്റിയിട്ടില്ലായിരുന്നു കുല അടിച്ചു മാറ്റിയ കള്ളന്മാർ.

‘എന്നാലും ഇതാരടാ..‘ എന്ന ചോദ്യത്തിന് ഒരു മറുപടിയും കിട്ടിയില്ല.ഞങ്ങൾ കുലകളെല്ലാം എടുത്തു കൊണ്ടു വന്ന് കാവൽ മാടത്തിൽ പ്രദർശനത്തിനു വച്ചു. കനാൽ ബണ്ടിൽ കൂടി പോകുന്നവർ വിവരമറിഞ്ഞെത്തി. എല്ലാവർക്കും അത്ഭുതമാണ്.

കുല എങ്ങനെ ഇവിടെയെത്തി..?

അപ്പൊഴേക്കും ഡോക്റ്ററുമെത്തി.
“ദേ..കണ്ടൊ...അപ്പൊ ‘അമ്മ‘യെ പേടിയുള്ളവരാണ് ഇതെടുത്തത്. അതു കൊണ്ടല്ലെ ഒരു പോറലു പോലു മില്ലാതെ തിരികെ കൊണ്ടു വന്നു വച്ചത്..” ഡോക്റ്ററുടെ ആ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.

“ശരിയാ....കോവാട്ടമ്മയുടെ അടുത്ത് കളി വേണ്ടാ...”അർബാനും അതു ശരി വച്ചു.
ഞങ്ങൾ ആ കുലകളെല്ലാം എടുത്ത് ഡോക്റ്ററുടെ പിന്നാലെ നടന്നു.

“ഇതെവിടേക്കാ..?” കാണാൻ വന്നവരിൽ ഒരാൾ ചോദിച്ചു.

“ഇതിന്റെ ഉടമാവകാശം ഇനി കോവാട്ടമ്മക്കാ...”

ഞങ്ങൾ ആ മൂന്നു കുലകളും കൊണ്ടു വന്ന് നടക്കൽ വച്ചു തൊഴുതു........

Sunday, 7 June 2009

ഗ്രാമവഴി -- 4

കുടിൽ‌പ്പടിയിലെ വാസുനായരുടെ ചായക്കട...

മാതൃഭൂമി, മലയാള മനോരമ, കേരള കൌമുദി ഇത്യാദി പത്രങ്ങൾ എല്ലാം ഒറ്റയടിക്ക് ഇരുന്നു വായിച്ചു തീർക്കാൻ പറ്റുന്ന ഒരേ ഒരു സ്ഥലം.

അവിടെയിരുന്നു വായിക്കുന്നതിന് പ്രത്യേകം പണമൊന്നും കൊടുക്കേണ്ടങ്കിലും ഒരു ചായയെങ്കിലും കുടിക്കേണ്ടത് ഒരു സാമാന്യ മര്യാദ. അതിനപ്പുറത്തേക്ക് പൂട്ടിന്റെയും കടലക്കറിയുടേയും മണം മൂക്കിലടിച്ചു കേറുമ്പോൾ പത്രം വായന അറിയാതെ നിന്നു പോകും. കണ്ണ് കണ്ണാടിക്കൂട്ടിൽ കറങ്ങി നടക്കുന്നതോടൊപ്പം വായിലൂറുന്ന വെള്ളത്തിൽ കപ്പലോടിക്കാം. ചില്ലറ ഇല്ലന്നറിയാമെങ്കിലും പോക്കറ്റിൽ അറിയാതെ ഒന്നു തപ്പിപ്പോകും.

പത്രം ഓരോന്നായി അരച്ചു കലക്കി കുടിച്ചിരിക്കെ പുറകിൽ നിന്നാരൊ തോണ്ടിയതായി തോന്നി. തിരിഞ്ഞപ്പോൾ പടനായരാണ്. ഞാൻ പേപ്പർ അവിടെയിട്ട് ചായ ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന ഒരിറ്റു ചായ കൂടി വായിലേക്ക് കമഴ്തി എഴുന്നേറ്റപ്പോൾ വാസു നായരെ ഒന്നു നോക്കാതിരുന്നില്ല.

ചായക്കുള്ള കാശിന് പോക്കറ്റിൽ ഒന്നും ഉണ്ടായിരുന്നില്ല. കാശ് കയ്യിലില്ലെങ്കിൽ അതാണ് പതിവ്. വാസു നായരെ ഒന്നു നോക്കും. മറ്റാർക്കൊ ചായ എടുത്തു കൊണ്ടിരിക്കുന്നതിനിടയിലായതു കൊണ്ട് ആ ചായ ഗ്ലാസ് മേശപ്പുറത്ത് ഒരു കുത്തു കുത്തും. ആ ശബ്ദം കേട്ടാലറിയാം അത്ര ഇഷ്ടമായിട്ടില്ലാന്ന്. എന്നാലും ഒന്നും ചോദിക്കില്ല. അടുത്ത ദിവസം വരുമ്പോൾ ഇന്നലത്തെ കാശ് തന്നിട്ടില്ലാന്ന് പറയാതെ പറയാൻ ചായ കൊണ്ടുവക്കുമ്പോൾ മേശപ്പുറത്ത് ഇത്തിരി ശബ്ദത്തിൽ ഒരു കുത്ത്.
എന്നാലും വളരെ നല്ല മനുഷ്യനായിരുന്നു. ഞാൻ ജനിക്കുന്നതിനു മുൻപും വാസു നായർക്ക് അവിടെ ചായക്കടയുണ്ട്. എന്റെ അച്ഛന്റെ നല്ല സുഹൃത്തായിരുന്നു. മാത്രമല്ല ഞങ്ങൾ അയൽവാസികളും.

പുറത്തിറങ്ങി പടനായരെ കണ്ടു. ഞാൻ തല കൊണ്ട് ആംഗ്യത്തിൽ ചോദിച്ചു.

‘എന്താടാ..?’ അവൻ മറ്റാരും കാണാതെ താഴേക്ക് കണ്ണ് കാണിച്ചു. ചായക്കടയുടെ മൂലയിൽ ചാരി വച്ചിരിക്കുന്ന പോസ്റ്ററിലാണ് കണ്ണു ചെന്നത്.

‘ങേ.. ‘ ഞാനുമൊന്നു ഞെട്ടി. ഒരു സിനിമാ നടിയുടെ സെക്സിയായ ഒരു ഫോട്ടൊ. അതെ ഒരു ‘A' പടം തന്നെ. അയിരൂർ തീയറ്ററിൽ ആണ്.

ഞാൻ നിർന്നിമേഷനായി ആ പോസ്റ്ററിൽ തന്നെ നോക്കി നിൽക്കെ വിശ്വനാഥൻ എന്നെയും തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.

“എടാ..ഇന്നു വ്യാഴാഴ്ചയാ. ഇന്നേക്കു മാത്രാ ഈ പടം. നാളെ പടം മാറും. ഇതിനകത്ത് ഒരു ‘മറ്റവൻ‘ ചേർത്തിട്ടുണ്ടെന്നു ആ പോസ്റ്ററൊട്ടിക്കാൻ വന്നവൻ പറഞ്ഞു. അതു കൊണ്ട് ഇന്നു തന്നെ സെക്കന്റ് ഷോക്ക് പോണം....”

"എടാ ഇത്ര പെട്ടന്ന് കാശെങ്ങനെയുണ്ടാക്കും... ആരെല്ലാം വരുന്നുണ്ടന്നറിയില്ലല്ലൊ...?

“മാധവൻ, ശ്രീധരൻ,രവി,വേണു, രാജു പിന്നെ നീയും ഞാനും...ഏഴെട്ടു പേരു വരും... ഏതായാലും ഞാനൊന്നു കറങ്ങീട്ടു വരാം. നിനക്കു പാസ്സുണ്ടല്ലൊ പോസ്റ്ററൊട്ടിക്കുന്നതിന് ?“

പടനായർ അടക്കാമര വാരിയും ചാക്കും കൊണ്ട് ബോർഡുണ്ടാക്കി വക്കും. അടുത്തുള്ള തീയറ്ററിലെ പോസ്റ്ററെല്ലാം അതിൽ ഒട്ടിക്കും. അവർ അതിനു പാസ്സും കൊടുക്കും. എല്ലാ തീയറ്ററിലും അവനു ഫ്രീയാ.

“എന്റെ കാര്യം വിട്..മറ്റുള്ളവരുടെ കാര്യം നോക്കിയാ മതി...”

“എന്നാ പിന്നെ വൈകുന്നേരം കാണാം..” അങ്ങനെ ഞങ്ങൾ പിരിഞ്ഞു.

ഞാൻ നേരെ വീട്ടിലേക്കു വിട്ടു. അച്ഛൻ കാശ് വക്കുന്ന മേശയിൽ തപ്പി. ആകെ ഒരഞ്ചു രൂപാ നോട്ട് മാത്രമെയുള്ളു. അതെടുത്താൽ അറിയും. വേറെ ചില്ലറ ഒന്നും കണ്ടില്ല. അമ്മ കഞ്ഞി കുടിക്കാൻ വിളിച്ചിട്ടും നിൽക്കാതെ തറവാട്ടിലെക്കു വിട്ടു.

അവിടെച്ചെന്ന് രവിയോട് വിവരം പറഞ്ഞു. സെക്കന്റ് ഷോക്ക് പോയാൽ അഛൻ ചീത്ത പറയുമെന്നു പറഞ്ഞ് അവൻ ഒഴിഞ്ഞു. പിന്നെ ഞാൻ കുളിക്കടവിലേക്കു ചെന്നു. കുളിക്കാനായി കടവിൽ ആരും ഉണ്ടായിരുന്നില്ല.


കുളിക്കടവിനു പടിഞ്ഞാറു വശത്ത് പുഴയോരത്ത് നിറഞ്ഞു നിൽക്കുന്ന കൈതക്കാടുകൾക്കിടയിൽ പരതി നടന്നു. അപ്പോൾ കണ്ടു നാളികേരം ഒരെണ്ണം...! അതെടുത്ത് കരക്കിട്ടു.
തെങ്ങു കയറിയപ്പോൾ ഉരുണ്ടു പോയതാണ്. അന്നേരം ഞങ്ങൾ സ്ഥലത്തുണ്ടെങ്കിൽ ആരും കാണാതെ കാലു കൊണ്ട് തട്ടി കൈതക്കാട്ടിലേക്ക് മാറ്റിയിടാറുണ്ട്.


കൈതക്കാട്ടിൽ നല്ല മൂർഖൻ ഉൾപ്പടെയുള്ള പാമ്പുകളുടെ ആവാസസ്ഥലമാണിവിടം. തേങ്ങ പെറുക്കിയിടാൻ വരുന്ന പെണ്ണുങ്ങൾ പാമ്പിനെ പേടിച്ച് ഇതൊന്നും ഇറങ്ങിയെടുക്കില്ല. ആ നാളികേരമായിരുന്നു ഞങ്ങളുടെ ചിലവിനത്തിൽ നല്ലൊരു ഭാഗം തന്നിരുന്നത്.

പുഴയുടെ തീരത്ത് നിന്നും രണ്ടെണ്ണം കൂടി കിട്ടി. ആ പറമ്പിന്റെ പടഞ്ഞാററ്റത്തു നിന്നും വടക്കോട്ട് ഒരു തോടുണ്ട്. ‘കാളത്തി‘ തോട്. അവിടം നിറയെ സർപ്പക്കാടും ഇടതൂർന്ന് വളർന്ന് നിൽക്കുന്ന വന്മരങ്ങളും ഉണ്ട്. അതിനുള്ളിൽ പരതിയപ്പോൾ രണ്ടു മൂന്നെണ്ണം കൂടി കിട്ടി. പിന്നെയും സർപ്പക്കാടിനുള്ളിൽ പരതുമ്പോൾ ഒരു സീൽക്കാരം കേട്ടു തിരിഞ്ഞു നോക്കി.

അതാ നിൽക്കുന്നു ഒരു മൂർഖൻ..!! പത്തിയും വിടർത്തി....!!! ഞാൻ പേടിച്ച് അനങ്ങാതെ നിന്നു. എന്റെ കയ്യിൽ ഒരു തേങ്ങയുമുണ്ട്. വന്നാൽ പമ്പിന്റെ കഥ കഴിക്കാൻ തെയ്യാറായി ഞാനും. എന്റെ കാലിന്റെ അടുത്തു തന്നെ ഉണങ്ങിയ ഒരു തെങ്ങിൻ പട്ടയും ഉണ്ടായിരുന്നു. പത്തി വിടർത്തിയ പാമ്പ് പോകാൻ കൂട്ടാക്കുന്നില്ല.

ഞാൻ‘ ശൂ..ശൂ..‘ന്നൊക്കെ ഒച്ചയെടുത്തിട്ടും മൂപ്പിലാൻ അനങ്ങാൻ കൂട്ടാക്കുന്നില്ല.

‘എന്റെ സാമ്രാജ്യത്തിൽ നുഴഞ്ഞു കയറി ശല്യമുണ്ടാക്കിയ ഇവനാരെടാ...’എന്ന ഭാവം. കൂടുതൽ ശ്രദ്ധിച്ചപ്പോൾ ഇത്തിരി നീളം കൂടിയ ഇനമാണെന്നു തോന്നി. അതോടെ എന്റെ ധൈര്യമെല്ലാം പതുക്കെ ചോർന്നു തുടങ്ങി. ശരീരം വിറക്കാനും തുടങ്ങി.

ഞാൻ തേങ്ങ പതുക്കെ കുനിഞ്ഞ് താഴെയിട്ടിട്ട് അടുത്തു കിടന്ന ഉണക്കമടൽ എടുത്ത് എന്തിനും തെയ്യാറായി നിന്നു. ഉണക്ക മടലിന്റെ അറ്റം പാമ്പിന്റടുത്തേക്കു പതുക്കെ നീട്ടിയതും മൂപ്പിലാൻ പത്തി താഴ്ത്തി. പിന്നെ പതുക്കെ പിന്നോട്ട് വലിഞ്ഞു. എന്റെ ശ്വാസം നേരെ വീണു.

ഇവിടെങ്ങാനും വച്ച് പാമ്പു കടിയേറ്റാൽ ഒരു മനുഷ്യനും അറിയില്ല. അവിടെ കിടന്ന് ചത്തു പോകത്തേയുള്ളു. അടുത്തെങ്ങും ഒരു വീടു പോലുമില്ല. ഇനി തേങ്ങാന്വേഷണം മതിയാക്കാമെന്നു തീരുമാനിച്ചു. ശരീരത്തിന്റെ വിറയൽ ഇതുവരെയും നിലച്ചിട്ടില്ല. കിട്ടിയ തേങ്ങയുമായി കുളിക്കടവിനടുത്ത് വന്നിരുന്നു. ഇനി ഇതെല്ലാം പൊതിച്ചെടുക്കണം.

തറവാടിന്റെ തെക്കെ മുറ്റത്ത് തൊഴുത്തിനോട് ചേർന്ന് കുഴിച്ചിട്ടിരുന്ന തേങ്ങ പൊതിക്കാനുള്ള മരക്കുറ്റി പിഴുതെടുത്ത് കുളിക്കടവിൽ അടിച്ചു താഴ്ത്തി. ഒരു കണക്കിന് തേങ്ങയെല്ലാം പൊതിച്ചെടുത്തു. മരക്കുറ്റി പഴയതു പോലെ ഇരുന്നിടത്ത് തന്നെ കുഴിച്ചിട്ടു.

ഒരു ചാക്കുസഞ്ചിയിൽ തേങ്ങയെല്ലാം അതിനകത്തിട്ട് കാളത്തി തോട്ടിലൂടെ നടന്ന് മനക്കലെ പറമ്പ് കേറിയിറങ്ങി ബണ്ടുങ്ങലെ മാധവൻ ചേട്ടന്റെ കടയിൽ കൊടുത്ത് കാശും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും വയറ് കത്തിക്കാളുന്നുണ്ടായിരുന്നു.

പിന്നെ വൈകുന്നേരമാവാൻ കാത്തിരുന്നു. അത്താഴം നേരത്തെ കഴിച്ച് അഛൻ വരുന്നതിനു മുൻപ് വീട്ടീന്നിറങ്ങി. ഇല്ലങ്കിൽ ചിലപ്പൊ സിനിമക്ക് പൊക്ക് അതോടെ തീരും. കുടിൽ‌പ്പടിയിൽ ചെന്നതും മാധവനും രാജുവും കലങ്കിൽ ഇരുപ്പുണ്ട്. പടനായർ അച്ചൻ ഉറങ്ങുന്നതും കാത്തിരിക്കുന്നു പുറത്തിറങ്ങാൻ. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ശ്രീധരൻ പതുങ്ങി പതുങ്ങി വരുന്നു.

അങ്ങനെ കോറം തികഞ്ഞതും കുടിൽ‌പ്പടിയിൽ നിന്നും നേരെ വടക്കോട്ട് പാട വരമ്പിലൂടെ നടന്നു. ആരുടെ കയ്യിലും ഒരു ടോർച്ച് പോലും ഇല്ല. ഒരു ചെറിയ നാട്ടു വെളിച്ചം മാത്രം. മഴ വരാനുള്ള എല്ലാ ലക്ഷണവുമുണ്ട്. പടിഞ്ഞാറൻ മാനം മൂടിക്കെട്ടിത്തുടങ്ങി.
നെൽ‌പ്പാടത്തിനു നടുവിലൂടെ കുളക്കര തോടു കടന്നു പോകുന്നു. അതിന്റെ ഇരു വശത്തുമായി കൈതക്കാടുകളാണ് .അവിടെത്തിയപ്പോൾ പടനായർ മുങ്ങി.


“ഇവനെവിടെപ്പോയ്..?” ഞങ്ങൾ അവിടെ ചുറ്റുപാടും നോക്കി. അപ്പോഴുണ്ട് തോട്ടിൽ കൂടി നടന്നു വരുന്ന അവന്റെ കയ്യിൽ രണ്ടു താറാമുട്ട. പകൽ ആ തോട്ടിൽ താറാവിനെ ഇറക്കിയിരുന്നു. ഇനിയും നോക്കിയാൽ കിട്ടും . പക്ഷെ സമയമില്ല.

‘കുളക്കര‘ തോടു ചാടിക്കടന്നു ആലിക്കുന്നു കയറിയിറങ്ങി വടക്കെ പാടത്തെ ‘മറുതാ‘ കുളത്തിന്റെ വക്കത്ത് കൂടി അരണ്ട വെളിച്ചത്തിൽ ഞങ്ങൾ വർത്തമാനം പറഞ്ഞ് നടന്നു.
മറുത കുളത്തിന്റെ വക്കത്ത് വന്നപ്പോൾ നടത്തത്തിന്റെ വേഗത ഒന്നു കുറഞ്ഞു. പട്ടാപ്പകൽ പോലും അതിലെ വഴി നടക്കാൻ പേടിയാണ്. മറുതയുണ്ടെന്നു കേട്ടറിവെയുള്ളു.കണ്ടവരില്ല.എങ്കിലും ആ ഭാഗം കടന്നു പോകാൻ ഭയമാണ്. ഈ കുളത്തിന് നല്ല ആഴവും വലിയ മീനുകളും ധാരാളമുണ്ട്.

വീണ്ടും അവിടന്ന് നെൽ‌പ്പാടങ്ങൾക്ക് നടുവിലൂടെ നടന്ന് വടക്കെ അടുവാശേരിയുടെ വടക്കെ അറ്റത്ത് ചാലക്കുടിപ്പുഴയുടെ തീരത്തെത്തി. ഈ പുഴ ഇവിടെ വരുമ്പോൾ ഒരു തോടിന്റത്രയെ വലുപ്പമുള്ളു.മുൻപു നല്ല വീതിയുണ്ടായിരുന്നുവെന്ന് പരിസരം കണ്ടാലറിയാം. എല്ലാവരും നികത്തി നികത്തിയാണ് ഇപ്പോൾ ഇങ്ങനെയായത്.

ആഴം കുറഞ്ഞ വശത്തിറങ്ങി നടന്നു. നടുക്കെത്തിയപ്പോൾ മടക്കി കുത്തിയ മുണ്ടിന്റെ അടിവശം നനഞ്ഞു കുതിർന്നു. നടുക്കലേക്ക് ചെല്ലുന്തോറും വെള്ളം കൂടുതലാണെന്ന് മനസ്സിലായി. എന്നിട്ടും നനഞ്ഞു തന്നെ അക്കരെ ചെന്നു പറ്റി. നനഞ്ഞ മുണ്ട് അവിടെ വച്ച് പിഴിഞ്ഞുടുത്ത് വീണ്ടും നടന്നു. അപ്പോഴേക്കും തീയറ്ററിൽ സെക്കന്റ് ഷൊക്കുള്ള പാട്ടു വച്ചത് കേട്ടു.

തീയറ്ററിൽ എത്തിയിട്ടും റോഡിൽ തന്നെ നിന്നു. മുറ്റത്ത് ആരൊക്കെയുണ്ടെന്ന് നോക്കി. ഞങ്ങളെ പോലെയുള്ള പിള്ളേർ മാത്രമല്ല, ഞങ്ങൾക്ക് പരിചയമുള്ളവരുടെ കൂട്ടത്തിൽ നാട്ടിലെ മാന്യന്മാരും സ്കൂട്ടറിനും മറ്റും വന്ന് നേരത്തെ അകത്തു കയറി സീറ്റ് പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പൊഴെ അകത്തു കയറാൻ പറ്റില്ല.

ലൈറ്റ് ഓഫാക്കിയിട്ട് കയറിയാ മതിയെന്ന് തീരുമാനിച്ചതിനാൽ പടം തുടങ്ങാ‍നായി പുറത്ത് കാത്തിരുന്നു. പടനായരുടെ കയ്യിലുള്ള താറാമുട്ട കൊടുത്ത് കപ്പലണ്ടിയും ഒരു പാട്ടു പുസ്തകവും വാങ്ങി. അപ്പൊഴേക്കും മൂടിക്കെട്ടിയ ആകാശം പതുക്കെ പെയ്തൊഴിയാൻ ആരംഭിച്ചു. തുടക്കത്തിൽ തന്നെ ശക്തിയായ മഴയാണ്. അടുത്തുള്ള പെട്ടിക്കടയുടെ സൈഡിലേക്ക് മാറി നിന്നു. ലൈറ്റ് ഓഫായതും ഞങ്ങൾ ഓടി ബഞ്ചിന്റെ ആദ്യത്തെ നിരയിൽ തന്നെ ഇരുന്നു.

തല കുനിച്ച് പിടിച്ച് തിരിഞ്ഞു നോക്കി. പരിചയക്കാർ ആരെങ്കിലും കണ്ടുവൊ..? ചില മാന്യന്മാർ കച്ചമുണ്ടു കൊണ്ടു മുഖവും തലയും മറച്ചിരുന്നാണ് കാണുന്നത്. മറ്റു ചിലർ തല നന്നെ താത്തിപ്പിടിച്ച് മുൻപിലെ കസേരയിൽ താടി മുട്ടിച്ച് വച്ചാണ് ഇരിക്കുന്നത്. പടം കാണുകയും വേണം, എന്നാൽ തങ്ങളെ മറ്റാരും കാണാനും പാടില്ല. എങ്ങനെ ചിരിക്കും, ചിരിക്കാതിരിക്കും..

പ്രതീക്ഷിച്ചതു പോലെ അവിടവിടയായി ചില സീനുകൾ കാണിച്ചിരുന്നു. അത്തരം സീനുകൾ വരുമ്പോൾ ജനം കൂവി ആർത്തുല്ലസിച്ചു. സിനിമ തീരുന്നതിനും മുൻപു തന്നെ ഞങ്ങൾ എഴുന്നേറ്റു പുറത്തു കടന്നു. അകത്തിരിക്കുന്ന പകൽ മാന്യന്മാർ പുറത്തിറങ്ങി ഞങ്ങളെ കാണുന്നതിനു മുൻപു തന്നെ. അല്ലെങ്കിൽ നാളെ ഞങ്ങളെ കാണുമ്പോൾ അവർ തല കുനിച്ച് പോകേണ്ടി വരുന്നത് ഒഴിവാക്കി കൊടുക്കണമല്ലൊന്നോർത്തിട്ടാണെ...!

സിനിമ തുടങ്ങുന്നതിനു മുൻപു തുടങ്ങിയ മഴ നിന്നിട്ടില്ല. മഴ നനഞ്ഞു തന്നെ ഞങ്ങൾ ഓടി. റോഡിൽ നിന്നും പാട വരമ്പിലേക്കിറങ്ങുന്നതു വരെ ഓട്ടം തുടർന്നു.
പുഴയുടെ തീരത്തെത്തിയപ്പോൾ കണ്ണു തള്ളിപ്പോയി. വെള്ളം ഏറെ പൊങ്ങിയിരിക്കുന്നു. നിറുത്താതെ പെയ്യുന്ന മഴ മലകളിൽ നേരത്തെ തുടങ്ങിയിരിക്കണം. നല്ല ഒഴുക്കുമുണ്ട്. ‘എന്തു ചെയ്യുമടാ...എന്ന ഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. വിശാലമായ നെൽ‌പ്പാടങ്ങളാണ് ചുറ്റിലും. അടുത്തെങ്ങും ഒരു വീടു പോലുമില്ല. ചെറിയൊരു നാട്ടു വെളിച്ചം മാത്രം കൂട്ടിനുണ്ട്. പടനായർ പറഞ്ഞു.

”ദാ..ആ കാണുന്ന മുരിങ്ങ മരത്തിന്റെ ചുവട്ടിൽ എത്തണം.”

“ ശരിയാണ്, ഇങ്ങോട്ടു വന്നപ്പോൾ ആ മരത്തെ ചൂറ്റിപ്പിടിച്ചാണ് താഴേക്കിറങ്ങിയത്..” ഞാൻ പറഞ്ഞു.

” അവിടെ എത്തണമെങ്കിൽ നമ്മൾ കുറച്ചു കൂടി കിഴക്കോട്ട് പോയിട്ട് വേണം നീന്താൻ.. അല്ലെങ്കിൽ ഒഴുക്കു കാരണം അവിടെ എത്തില്ല. വേറെ പടിഞ്ഞാറ് എവിടെയെങ്കിലും ആകും എത്തുക.‘


അങ്ങനെ ഞങ്ങൾ കുറച്ചു കിഴക്കോട്ട് മുട്ടിനു വെള്ളത്തിൽ നടന്നു. കുറച്ചകലെ എത്തിയപ്പോൾ ഞങ്ങൽ പുഴയിലേക്ക് ഇറങ്ങി. മുണ്ടഴിച്ച് എല്ലാവരും തലയിൽ കെട്ടി. രാജു മാത്രം മുണ്ടു മടക്കിക്കുത്തിയതേയുള്ളു. ഞാൻ പറഞ്ഞു.

“ എടാ മുണ്ടഴിച്ച് തലയിൽ കെട്ട്. ഇല്ലെങ്കിൽ നീന്തുന്നതിനിടയിൽ മടക്കി കുത്തിയത് അഴിഞ്ഞു പോയാൽ, നിനക്കു മുണ്ടു തടഞ്ഞിട്ട് നീന്താൻ പറ്റില്ല. മുണ്ടെങ്ങാനും അഴിഞ്ഞു പോയാൽ പിന്നെ വീട്ടിലും തുണിയില്ലാതെ ... അയ്യേ...!!!”
അതു കേട്ടതും ഈ പുഴ നീന്തുന്നതിലെ പരിഭ്രാന്തിയും പേടിയും ഒക്കെ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടെങ്കിലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“എടാ എനിക്കറിയാടാ...അതൊക്കെ...,പക്ഷെ അടിയിലു വല്ലതും വേണ്ടെ.....?” ചിരിക്കിടയിൽ രാജു പറഞ്ഞു തീർന്നതും ചിരി പൊട്ടിച്ചിരിയായി മാറി.

”പിശാശ്.....!! ഒരു സ്ഥലത്തു പോകുമ്പോഴെങ്കിലും ഒരു നിക്കർ ഇട്ടാലെന്താ...” ശ്രീധരൻ.

പിന്നെ ചിരി അവസാനിപ്പിച്ച് ഞങ്ങൾ നീന്താൻ തുടങ്ങി. ശ്രീധരനും രാജുവും ആദ്യം. പിന്നെ പടനായരും മാധവനും അവസാനം ഞാനും. ഒഴിക്കിനൊപ്പം ഞങ്ങളും നീങ്ങി.പതുക്കെ പതുക്കെ തീരത്തോട് അടുത്തു കൊണ്ടിരുന്നു. കൃത്യമായിത്തന്നെ വിചാരിച്ച മുരിങ്ങമരത്തിന്റെ കടക്കൽ തന്നെ എത്തി. എല്ലാവരും ഉണ്ടോന്ന് ഉറപ്പു വരുത്തിയിട്ട് കരക്ക് കയറി മുണ്ടു പിഴിഞ്ഞുടുത്ത് വീണ്ടും നടപ്പു തുടർന്നു.

മഴ അപ്പോഴും തുടരുന്നുണ്ടായിരുന്നു. ശരീരം മുഴുവനും നനഞ്ഞിരിക്കുന്നതിനാൽ തണുത്തു വിറക്കാനും തുടങ്ങിയിരുന്നു.

നടന്നു നടന്ന് പഴയ ‘മറുത‘ കുളത്തിന്റെ അടുത്തെത്തിയതും മുൻപെ പോയ രാജു പെട്ടെന്നു ഒരു അലർച്ചയോടെ പിറകോട്ട് മലച്ചതും കുളത്തിലെക്ക് എന്തൊ ഒന്നു എടുത്തു ചാടിയതും ഒപ്പമായിരുന്നു...!!? എല്ലാവരും പേടിച്ചു വിറച്ചു...!! എങ്ങും ഓടാൻ നിവൃത്തിയില്ലാത്തതു കൊണ്ട് ഞങ്ങൾ അവിടെ തന്നെ നിന്നു. കുളത്തിലെ ഓളം അപ്പോഴും നിലച്ചിട്ടില്ല.
എന്തായിരിക്കും ആ വീണത്...? ആർക്കും ഒരുത്തരവും കിട്ടിയില്ല. ഞങ്ങൾ നിന്നിടത്ത് തന്നെ നിൽക്കുകയാണ്. സ്വകാര്യം പറയുന്നതു പോലെയാണ് സംസാരിക്കുന്നത്.

“ഇനി ‘മറുത‘യായിരിക്കുമൊ...?”

“നീ വല്ലതും കണ്ടൊ..?”

“ ഞാൻ കണ്ടില്ല.. എന്റെ മുൻപിൽ കൂടി എന്തൊ ഒന്നു പൊങ്ങി ചാടിയതാ കണ്ടത്...അപ്പഴാ ഞാൻ ഒച്ചയെടുത്തത്.... ഇരുട്ടത്തായതു കൊണ്ട് വ്യക്തമായി കാണാനും പറ്റിയില്ല.”

“ ഇനി നിൽക്കണ്ട പോകാം..” ഞങ്ങൾ പതുക്കെ അടിവച്ചടിച്ച് നടന്നു. ഓരൊ കാൽ വെപ്പും സൂക്ഷിച്ചാണ് വച്ചത്. കൂടാതെ കൈകൾ തമ്മിൽ പരസ്പരം കൂട്ടിപ്പിടിച്ചാണ് നടന്നിരുന്നത്.


കുളത്തിന്റെ പകുതി കഴിയുന്നതു വരെ ഒരനക്കവും കേട്ടില്ല. മഴ അപ്പോഴും ഇടമുറിയാതെ പെയ്യുന്നുണ്ട്. മുന്നിൽ നടന്ന രാജു കാലെടുത്തു വച്ചതും നെൽച്ചെടികൾക്കിടയിൽ നിന്നും ഒരു അനക്കം കണ്ടു. ഞങ്ങൾ പെട്ടെന്നു നിന്നു. സാവധാനം ഒച്ചയുണ്ടാക്കാതെ നെൽക്കണ്ടത്തിൽ നിന്നും വരമ്പിലേക്ക് കയറി. പിന്നീട് അനക്കമൊന്നും കണ്ടില്ല. എന്നാലും അതെന്താണെന്നറിയാതെ എങ്ങനെ മുന്നോട്ടു പോകും..?

മാധവൻ വരമ്പിൽ നിന്നും കുറച്ചു ചെളി വാരി അനക്കം കണ്ടിടത്തേക്ക് എറിഞ്ഞതും, അവിടെ നിന്നും ചക്ക പോലത്തെ ഒരു തവള പൊങ്ങിച്ചാടിയതും ഒരുമിച്ചായിരുന്നു...! ഒറ്റച്ചാട്ടത്തിനു തന്നെ തവള കുളത്തിലെത്തി. ഒരു കല്ലു കുളത്തിൽ വീണ പോലെ ശബ്ദം കേട്ടു. ഇത്രയും വലിയ തവളയെ അതിനു മുൻപു കണ്ടിട്ടില്ല.

ഞങ്ങളുടെ ശ്വാസം നേരെ വീണു. വിറയൽ മാറി. കുറച്ചു നേരം കൂടി അവിടെ നിന്നു.

“അപ്പോൾ ഇതായിരുന്നല്ലെ മനുഷ്യരെ പേടിപ്പിച്ചിരുന്ന മറുതാ..!!?” രാജുവിന്റെ പറച്ചിൽ കേട്ട് എല്ലാവരും ആശ്വാസത്തോടെ ചിരിച്ചു.

“ആളുകൾ വെറുതെ പറഞ്ഞുണ്ടാക്കുന്നതാ..തീപ്പന്തം പാഞ്ഞുവന്ന് കുളത്തിൽ ചാടുമത്രെ..!?“

” ഇതാരും കണ്ടോരില്ലാതാനും..” അഭിപ്രായങ്ങൽ ഓരോന്നായി പറഞ്ഞ് ഞങ്ങൾ കുടിൽ‌പ്പടിയിൽ എത്തി.

മഴ ചാറലായി മാറിയിരുന്നു. കലുങ്കിൽ കുറച്ചു നേരം കൂടി മറുതയുടെ കഥ പറഞ്ഞിരുന്നു ചിരിച്ചു. പിന്നെ എല്ലാവരും പിരിഞ്ഞു. ഞാനും ശ്രീധരനും കൂടി ഇടവഴിയെ കയറി കൂരിരുട്ടത്ത് തപ്പിത്തടഞ്ഞ്

നടന്നു. ഇരുവശത്തുമുള്ള മുളങ്കാടുകളും വലിയ മരങ്ങളും കാരണം വെളിച്ചം തീരെയില്ലായിരുന്നു.


മുകളിലേക്ക് നോക്കി വൃക്ഷത്തലപ്പുകൾക്ക് മുകളിലെ വിടവിൽ കൂടി കാണുന്ന ആകാശമായിരുന്നു ഞങ്ങളുടെ വഴിത്താര. അതുകൊണ്ട് മുകളിലേക്ക് നോക്കി നടന്നു. എന്റെ വീടിന്റെ പടി എത്തിയതും ഞാൻ യാത്ര പറഞ്ഞു.

ശ്രീധരൻ ഒറ്റക്കു മുന്നോട്ടു നടന്നു. അവൻ പോകുന്നതും നോക്കി പടിക്കലെ മുളങ്കാടുകൾക്കരികെ ഞാൻ മാറി നിന്നു. അടുത്ത വീടിന്റെ പടി വരെയെ പോയുള്ളു. അവൻ പോയ പോലെ തന്നെ പുറകൊട്ട് നടന്നു വന്നു. എനിക്ക് ചിരിയടക്കാനായില്ല.

”എടാ..എന്നെ ഒന്നു കൊണ്ടാക്കടാ...”

“ശരി..നടക്ക്... ദാ. കുഞ്ഞൻ നായരുടെ പടി വരെ വരൂള്ളു. അതു കഴിഞ്ഞാ നീ തന്നെ പൊക്കോളണം..” അതു സമ്മതിച്ചിട്ടാണ് ഞങ്ങൾ നടന്നത്. കുഞ്ഞൻ നയരുടെ പടിയെത്തിയിട്ടും അവൻ പോകാൻ കൂട്ടാക്കിയില്ല.

അവന്റെ വീടിന്റെ പടിയെത്തിയിട്ടും ഇരുളടഞ്ഞ പറമ്പിലെ ഭീകരത അവനെ ഭയപ്പെടുത്തി.എനിക്ക് ചിരിയും സങ്കടവും വന്നു. മുന്നോട്ട് നോക്കിയപ്പോൾ പറമ്പിൽ കണ്ട ഇരുട്ട് എന്നെയും പേടിപ്പിച്ചു. ഞാനും അവനോടൊപ്പം നടന്നു. വീടിന്റെ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ അടുത്തെത്തിയതും ഞങ്ങൾ പെട്ടെന്നു നിന്നു പോയി.

ഇറയത്ത് ആരൊ നിൽക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഉലാത്താൻ തുടങ്ങി. അപ്പോഴാണ് ആളെ പിടിത്തം കിട്ടിയത്. ശ്രീധരന്റെ അഛനാണ്.
ഞാൻ പതുക്കെ മാവിന്റെ മറവിലേക്ക് മാറി. ഇന്നു ശ്രീധരന്റെ തുട പൊട്ടിയതു തന്നെ. ശ്രീധരൻ എന്തും വരട്ടെയെന്നു കരുതി മുറ്റം കടന്ന് ഇറയത്തേക്കു കയറി. അഛൻ ഓടിവന്നു. ഒന്നും മിണ്ടിയില്ല. തലയിലും ഷർട്ടിലും തൊട്ടു നോക്കി. മകനെ കട്ടിപ്പിടിച്ച് അകത്തേക്കു കടന്ന് വാതിൽ വലിച്ചടച്ച് സാക്ഷയിടുന്ന ഒച്ച കേട്ടു. പിന്നെ ശബ്ദമൊന്നും കേട്ടില്ല.

‘എന്തൊരു നല്ല അച്ചൻ..’ ഞാൻ മനസ്സിലോർത്തു. പിന്നെ ആ കൂരിരുട്ടിൽ തിരിഞ്ഞു നടന്നു. പടിക്കലെത്തിയപ്പോഴുണ്ട് ശ്രീധരൻ വിളിക്കുന്ന ഒച്ച കേട്ടു.

‘എടാ..ടോർച്ചു കൊണ്ടോക്കോടാ...” ഞാൻ കൂടെയുണ്ടായിരുന്നെന്നു പറഞ്ഞു കാണും.അതുകൊണ്ട് ടോർച്ചു കൊടുത്തുവിടാൻ അഛൻ പറഞ്ഞിട്ട് പുറത്തിറങ്ങിയതാവും. പക്ഷെ ഞാൻ മിണ്ടിയില്ല. അവൻ അവിടെയൊക്കെ ടോർച്ചടിച്ച് നോക്കുന്നുണ്ടായിരുന്നു. എന്നെ കാണാത്തതു കൊണ്ട് വീട്ടിലേക്ക് കയറിപ്പോയി.

നേരം വെളുക്കാറായിട്ടുണ്ടാകും. മഴ മാറിയിരിക്കുന്നു. വൃക്ഷങ്ങളുടെ ഇലകളിൽ നിന്നുമുള്ള വെള്ളത്തുള്ളികൾ നനഞ്ഞു കുതിർന്ന ഷർട്ടിൽ വീണുടയുന്ന ശബ്ദം കേൾക്കാം. ചീവീടുകൾ ചെവി പൊട്ടും വിധം ശബ്ദമുണ്ടാക്കുന്നു. തവളകൾ ഇനിയും മഴ വരുന്നതായി വിളിച്ചറിയിക്കുന്നു. ഞാൻ മുൻപിലും പുറകിലും നോക്കി. എവിടേയും ഇരുട്ടു തന്നെ.

ഞാൻ ഓടി. വീടെത്തുന്നതു വരെ ഓടി. തിരിഞ്ഞു നോക്കാതെ ഓടി.

നടക്കല്ലിൽ നിന്ന് മുണ്ടും ഷർട്ടും ഊരിപ്പിഴിഞ്ഞിട്ട് മുൻ വാതിൽ ശബ്ദമുണ്ടാക്കാതെ പതുക്കെ തുറന്ന് അകത്തു കയറിയതും അഛന്റെ ചുമ കേട്ടു. അതൊരു ഉണ്ടാക്കിച്ചുമ ആയിരുന്നില്ലെ...?.
‘നീ വന്നത് ഞാനറിഞ്ഞടാ‘എന്നായിരുന്നില്ലെ അതിനർത്ഥം. എന്നും ഞാൻ വൈകി വരുമ്പോൾ കേൾക്കാറുള്ളതാണ് ഈ ചുമ. എന്റഛനും ഉറങ്ങാതെ എന്നെയും കാത്തിരിക്കയായിരുന്നൊ...? മുറിയുടെ വാതിൽ തുറന്നതും ക്ലോക്കിൽ സമയം മൂന്നടിച്ചു..

ഒരു പാതിരാപ്പടം കാണാൻ പെട്ട പാട്....!

ഇന്നിപ്പോൾ കാലമേറെ കടന്നു പോയിരിക്കുന്നു. നാട് ഒരുപാട് പുരോഗമിച്ചിരിക്കുന്നു...

കൊച്ചു കുട്ടികളുടെ കയ്യിലിരിക്കുന്ന മോബൈൽ ഫോണിൽ‌പ്പോലും പാതിരാപ്പടങ്ങൾ ലോഡ് ചെയ്ത് കൊണ്ടു നടന്ന് കണ്ട് രസിക്കുന്നു.....

കാലം പോയ പോക്കെ.......!!!?

നാം ഇത്ര ധൃതി പിടിച്ച് എങ്ങോട്ടാണ്.........?