Thursday, 1 July 2010

സ്വപ്നഭുമിയിലേക്ക്... ( 23 )



കഥ തുടരുന്നു.....


ഹലോ...ഹലോ....

അന്നു വ്യാഴാഴ്ചയായിരുന്നു.....
അന്നും പിറ്റെ ദിവസവും സർക്കാർ സ്ഥാപനങ്ങൾക്ക് മുടക്കമാണ്....
എന്റെ പാസ്പ്പോർട്ടിൽ ‘എക്സിറ്റ് വിസ‘ അടിക്കാൻ കഴിയുമായിരുന്നില്ല...

വൈകുന്നേരം വരെ കാത്തിരുന്നിട്ടും ഒരു വിളിയും വരാതായപ്പോൾ ഞാൻ കണക്കപ്പിള്ളയെ വിളിച്ചു. അദ്ദേഹമാണ് ഇനി വിസ ശനിയാഴ്ച മാത്രമെ അടിക്കാൻ കഴിയൂ എന്നു പറഞ്ഞത്.

എനിക്ക് വല്ലാത്ത നിരാശയാണു തോന്നിയത്. പോകാൻ തീരുമാനിച്ചാൽ പിന്നെ എത്രയും നേരത്തെ ആകണം....

അന്നും വർഗ്ഗീസേട്ടന്റെ ഉപദേശവും, ആശ്വസിപ്പിക്കലും....
‘ഏതായാലും പോകാൻ തീരുമാനിച്ചില്ലെ, എന്നാൽ പിന്നെ ഇതൊക്കെ ഒന്നു തീർത്തിട്ടു പോടാ’ എന്ന മട്ടിലുള്ള സൽക്കാരങ്ങളും വീണ്ടും അരങ്ങേറി....!!

പിറ്റെ ദിവസം വെള്ളിയാഴ്ച. പതിവു പോലെ കിടന്നുറങ്ങാൻ ഇഷ്ടം പോലെ സമയം.
മതി വരുവോളം കിടന്നുറങ്ങി. ഉച്ചക്ക് രാജേട്ടൻ വിളിക്കുമ്പോഴാണ് കണ്ണു തുറന്നത്.
ഊണു കഴിഞ്ഞിരിക്കുമ്പോളാണ് കണക്കപ്പിള്ളയുടെ ഫോൺ വന്നത്.
”അഞ്ചു മണിക്ക് കടയിൽ വരണം. ബോസ്സ് വരും. ഒരു കൂടിക്കാഴ്ച അറേഞ്ച് ചെയ്തിട്ടുണ്ട്....!!?”
“ ശരി...” ഞാൻ വീണ്ടും ചോദിച്ചു.
“വന്നിട്ടെന്തിനാ....?”
“ വാ.. ബോസ്സുമായി നേരിട്ടൊരു കൂടിക്കാഴ്ച നല്ലതല്ലെ...?”
“ശരിയാണ്, ഒന്നുമില്ലെങ്കിലും നേരിട്ടൊരു യാത്ര പറച്ചിൽ ആകാല്ലൊ...!!“
ഞാൻ വീണ്ടും ചോദിച്ചു.
“ ആ പാര ഈജിപ്ഷ്യനും വരുമോ...?”
“ഹേയ് അവൻ വരാൻ വഴിയില്ല. ഇതു ബോസ്സ് ഇപ്പോൾ എന്നെ വിളിച്ചു പറഞ്ഞതാ. വെള്ളിയാഴ്ച ആയതു കൊണ്ട് അവൻ വരാൻ വഴിയില്ല...”
“ ശരി ഞാൻ എത്തിക്കോളാം... ചേട്ടനും വരുമോ...? ”
“ ഞാനും വരുന്നുണ്ട്...” ചെറിയൊരു ആശ്വസം ആ ഫോൺ കാളിനു തരാനായി...!
ചിലപ്പോൾ ബോസ്സിന് എന്നെ മനസ്സിലാകും....!?
പിന്നെ അഞ്ചു മണി ആകാൻ കാത്തിരുന്നു.....

വെള്ളിയാഴ്ച ആയതു കൊണ്ട് അന്നു എല്ലാവരും വീട്ടിലേക്ക് വിളിക്കേണ്ട ദിവസമായിരുന്നു.
എന്റെ ഡിസ്മിസൽ വിവരങ്ങളൊന്നും ഇതു വരെ വീട്ടിലേക്ക് അറിയിച്ചിരുന്നില്ല.
അതു കേൾക്കുമ്പോൾ എന്താകും ‘നല്ലപാതി‘യുടെ പ്രതികരണമെന്ന് നിശ്ചയമില്ല...
അറബിയുമായി ഒരു വഴക്കാണെന്നു തെറ്റിദ്ധരിച്ചാൽ പേടിക്കുമെന്നുറപ്പ്....!
ഇതു അറബി നാടല്ലെ....? അവർക്ക് നമ്മളെ എന്തും ചെയ്യാനാകും എന്നു കരുതുന്നവരാണ് നാട്ടിലുള്ളവരിൽ അധികം പേരും....!!

അതു കൊണ്ടാണ് വിവരങ്ങളൊന്നും പറയാതിരുന്നത്. പറയാതെ ചെന്നാൽ, പെട്ടെന്നു കാണുമ്പോൾ  ഒന്ന് അന്ധാളിക്കുമെന്നല്ലെ ഉള്ളു... ഇന്നത്തെ വിളി, ഈ കൂടിക്കാഴ്ചയുടെ വിവരം കൂടി അറിഞ്ഞിട്ട് മതിയെന്നു തീരുമാനിച്ചു.

കൂട്ടുകാർ ഒരോരുത്തരായി നാട്ടിലേക്ക് വിളിക്കുന്നുണ്ട്. ഭാര്യമാരോട് സംസാരിക്കുന്നവർ, മുറിയിൽ നിന്നും കൂട്ടുകാരെ പുറത്താക്കി, വാതിലടച്ചിട്ട് സംസാരിക്കും. ഞങ്ങളുടെ ഫ്ലാറ്റിൽ ഒരു ലാന്റ് ഫോൺ ആണ് ഉള്ളത്. അന്നൊന്നും മോബൈൽ ഇത്ര വ്യാപകമായിരുന്നില്ല.

ഉള്ളതു തന്നെ നല്ല കാശുള്ള ഷേഖുമാരുടെ കയ്യിലേ ഉള്ളു. അതും ഒരു പുട്ടുകുറ്റി പോലത്തെ ഒരു
സാധനം. എടുത്താലൊന്നും പൊങ്ങാത്തത്ര കനം. ചിലപ്പോൾ ഷേഖുമാർ കടയിൽ വന്നിരിക്കുമ്പോൾ, മോബൈലെടുത്ത് മേശപ്പുറത്തു വക്കും. ഇന്നത്തെപ്പോലെ പൊക്കറ്റിൽ ഒതുങ്ങുന്നതായിരുന്നില്ല അതിന്റെ വലിപ്പം. അപ്പോഴാണ് ഞങ്ങൾക്ക് അതൊന്നു കാണാൻ കിട്ടുന്നതു തന്നെ.

ഫോൺ വന്നു കഴിഞ്ഞാൽ, ആദ്യം അതിന്റെ ഏരിയൽ വലിച്ചു പൊക്കി വക്കും. എന്നിട്ടു ചെവിയിൽ വച്ച് ‘ഹല്ലൊ’ പറയുന്നതിനൊപ്പം എഴുന്നേറ്റ് കടക്ക് പുറത്തു കടക്കും. പിന്നെ പുറത്തു നിന്നാണ് സംസാരം. അതു കഴിഞ്ഞ് വീണ്ടും അതിന്റെ ഏരിയൽ താഴ്ത്തി വച്ച് മേശപ്പുറത്ത് കൊണ്ടു  വക്കും.

അപ്പോഴാണ് ഞാനതിൽ തൊട്ടു നോക്കുന്നത്. ചില നല്ല അറബികൾ എന്റെ ആകാംക്ഷ കണ്ടിട്ടു പറയും “വീട്ടിലേക്കു വിളിച്ചൊ... കുഴപ്പമില്ല..” ഞാനത് ഭവ്യതയോടെ നിരസിക്കും.
കാരണം, ഇതു പട്ടിക്കു മുഴുവൻ തേങ്ങ കിട്ടിയതു പോലെയാണ്...!!?
ഇതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നറിയില്ല്ലല്ലൊ. ഇതിന്റെ ഉടമസ്തനായ അറബിയോടു ഡയൽ ചെയ്തു തരാൻ പറയാൻ പറ്റുമോ....?

ഞാൻ പറഞ്ഞു വന്നത് ഞങ്ങളുടെ ഫ്ലാറ്റിലെ ലാന്റ് ഫോണിന്റെ കാര്യമാണ്.
ഞങ്ങൾ പത്തു പേർ മാത്രമല്ല, ഞങ്ങളുടെ കൂട്ടുകാരും ഇതുവഴി നാട്ടിലേക്ക് വിളിച്ചിരുന്നു. ഓരോരുത്തർക്കും നല്ലൊരു തുക ഓരോ മാസവും വേണ്ടി വരും.

ഏതാണ്ട് അൻപതിനായിരം രൂപയിൽ കൂടുതൽ തുക ഓരോ മാസവും ഫോൺ കമ്പനിക്ക് അടക്കാനുണ്ടാകും. ഇതെല്ലാം പിരിച്ചെടുത്ത് അടക്കുകയെന്നത് കുറച്ചു ശ്രമകരമായ കാര്യമാണ്. കാരണം ഫോൺ വിളിക്കാൻ എല്ലാവർക്കും ഉത്സാഹമാണ്....!!
പക്ഷെ ബില്ലു വരുമ്പോൾ, സ്വന്തം നമ്പർ പോലും ഓർമ്മിയില്ലാത്തവരാകും ചിലർ.... !!

പിന്നെ പഴയ ബില്ലുകൾ നോക്കി അതിന്റെ ഉടമസ്തനെ കണ്ടെത്തേണ്ടത് ഫോണിന്റെ ഉടമസ്തന്റെ ജോലിയാണ്. കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അവരുമായി വഴക്കിടണം....

ചില നമ്പറുകൾ അതിനു മുൻപൊരിക്കലും വിളിച്ചിട്ടുള്ളതായിരിക്കില്ല. അങ്ങനെയുള്ള നമ്പറിൽ വിളിച്ചവനെ കണ്ടെത്തുക അത്ര എളുപ്പമല്ല. അതിന് ഞങ്ങൾ ഒന്നുകൂടി ആ നമ്പറിൽ ഡയൽ ചെയ്യും. അവിടന്നു മറുപടി കിട്ടുമ്പോൾ ചോദിച്ചറിയും, ഇവിടെ നിന്നും ആരാണ് ആ ദിവസം
വിളിച്ചതെന്ന്. അങ്ങനെ വിളിച്ചവനെ കിട്ടും....!!

പക്ഷെ, വിളിച്ചവൻ ഞങ്ങളുടെ ഫ്ലാറ്റിലെ താമസക്കാരനല്ലെങ്കിൽ വീണ്ടും കുഴങ്ങും.
പിന്നെ ആ പേരുകാരനെക്കുറിച്ച് ഫ്ലാറ്റിലെ എല്ലാവരുമായി ചർച്ച ചെയ്യും. ഞങ്ങളുടെ ഫ്ലാറ്റിലെ ഏതെങ്കിലും താമസക്കാരുടെ കൂടെ വന്നവനാകണം ഇയാൾ എന്ന കാര്യം ഞങ്ങൾക്കുറപ്പുണ്ട്.

അങ്ങനെ വന്നയാളെ കിട്ടിയാലും അയാൾ അതു സമ്മതിക്കണമെന്നില്ല. അയാൾ കാശും തരികയില്ല. അതിനു പകരം ആരുടെ കൂടെയാണൊ അയാൾ വന്നത്, അയാൾക്കാണ് ആ കാശ് അടക്കാനുള്ള ചുമതല.

അങ്ങനെ ഈ ടെലഫോൺ കാരണം എത്രയോ സുഹൃത്തുക്കളുമായി വഴക്കിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എഴുത്തുകൾ അയച്ചാൽ ഇരുപതു ദിവസമെങ്കിലും പിടിക്കും നാട്ടിൽ കിട്ടാൻ. അതു പോലെ തിരിച്ചും. അതു കാരണം ഞങ്ങൾ അധികവും, നാട്ടിൽ സ്വന്തമായിട്ട് ഫോൺ ഇല്ലെങ്കിലും അയൽക്കാരുടേയും മറ്റും ഫോൺ വഴിയാണ് സംസാരിച്ചിരുന്നത്.

ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെ വിവരങ്ങളറിയാനായി വെള്ളിയാഴ്ചകളാണ് തിരഞ്ഞെടുക്കുക.
ലൈൻ കിട്ടിയാൽ വയറു നിറച്ചു സംസാരിക്കും....! അന്നേരം പൈസയൊന്നും കൊടുക്കേണ്ടല്ലൊ....!! ബില്ലു വരുമ്പോഴാണ് ഓരോരുത്തരുടേയും കണ്ണു തള്ളുന്നത്....!

ഒരു വർഷം ടെലഫോണിനായി ഞങ്ങൾ ഓരോരുത്തരും ചിലവഴിക്കുന്നത് ഏതാണ്ട്
അൻപതിനായിരത്തിൽപ്പരം രൂപയോളമോ അതിൽ കൂടുതലൊ വരുമായിരുന്നു.....!!!
അത്രയും കാശ് ഒരു വർഷം കൊണ്ട് ഞങ്ങളിൽ പലർക്കും നാട്ടിലയക്കാൻ കിട്ടുമായിരുന്നില്ല....!!!! എന്നിട്ടും ഫോണിനായി ചിലവഴിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല.
വീടും നാടും വിട്ട് പ്രവാസിയായി ജീവിക്കുമ്പോൾ, ആകെ ആശ്വാസം ഈ ഫോൺ വിളി മാത്രമാണ്....!! ഉറ്റവരുടെ ശബ്ദം നേരിട്ടു കേൾക്കുമ്പോഴുള്ള ഒരു സുഖം അതൊന്നു വേറെ തന്നെ..!!... അതു കഴിഞ്ഞാൽ ഒരാഴ്ച കഴിച്ചു കൂട്ടാൻ വലിയ ബുദ്ധിമുട്ടില്ല. വീണ്ടും അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരിക്കും......

വൈകുന്നേരം അഞ്ചു മണിക്ക് ഞാൻ കടയിലേക്കു ചെന്നു. കണക്കപ്പിള്ളയും ബോസ്സും വന്നിട്ടുണ്ട്. കണക്കപ്പിള്ളച്ചേട്ടൻ സ്വകാര്യമായി ചെവിയിൽ പറഞ്ഞു.
“ പാര ഈജിപ്ഷ്യനും വന്നിട്ടുണ്ട്. അവന്റെ ക്യാബിനിൽ കയറി ഇരുപ്പുണ്ട്...”
അതു കേട്ടതും എന്റെ ശരീരം വിറഞ്ഞു കയറാൻ തുടങ്ങി. അവനെ മുന്നിലിരുത്തി, ബോസ്സ് എന്തു പറഞ്ഞാലും ഞാൻ സമ്മതിക്കാൻ പോകുന്നില്ലാന്ന് മുകളിലേക്കുള്ള സ്റ്റെപ്പു കേറുമ്പോഴേ തീരുമാനിച്ചിട്ടാണ് ഓഫീസ്സ് മുറിയിലേക്കു ചെന്നത്.

പോകുന്ന വഴി പാര ഈജിപ്ഷ്യന്റെ ക്യാബിന്റെ അടുത്തു കൂടി പോയപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു. അവൻ അതിനകത്തിരുപ്പുണ്ട്. തൊട്ടടുത്ത മുറിയാണ് ബോസ്സിന്റെ.

ഞാൻ ഒരു നമസ്കാരം പറഞ്ഞ് ബോസ്സിന്റെ എതിർ വശത്തിരുന്നു. എന്റെ വലതു വശത്ത്
കണക്കപ്പിള്ളയും. ഇവിടെ ഒരു സൂചി വീണാൽ തൊട്ടപ്പുറത്തിരിക്കുന്ന പാരക്ക് കേൾക്കാം.

തുടക്കം ബോസ്സിന്റേതായിരുന്നു.... ചിരിച്ചു കൊണ്ടായിരുന്നു ചോദിച്ചത്.
“നീയെന്തിനാ ആവശ്യമില്ലാതെ സ്റ്റാഫിന്റെ അടുത്ത് വഴക്കിനു പോകുന്നത്....?”
“ഞാനാരുടെ അടുത്തും വഴക്കിനു പോയില്ല.. ഇങ്ങോട്ടു വന്നാൽ സമ്മതിക്കുകയുമില്ല....”
“അതൊക്കെ പോകട്ടെ... നീ ജോലി ചെയ്യാൻ തെയ്യാറുണ്ടൊ..?”
“ഞാൻ ജോലി ചെയ്യാൻ തെയ്യാറാണ്. പക്ഷെ, എന്റെ ജോലി അല്ലാതെ മറ്റു വല്ല പണികളും
ബലമായി എടുപ്പിക്കാൻ ശ്രമിച്ചാൽ സമ്മതിക്കില്ല...”
“അതൊന്നുമില്ല, ഞാൻ പറയണ ജോലി നീ ചെയ്താൽ മതി...”
“അതിനു ഞാൻ തെയ്യാർ....”

ഉടനെ ഒരു കടലാസ് എടുത്തു എന്റെ മുൻപിലേക്കിട്ടിട്ട് ബോസ് പറഞ്ഞു.
“ ഇതിലൊരു ഒപ്പിട്...?!”

ഞാനതെടുത്ത് വായിച്ചു നോക്കി. ചെയ്തുപോയ സർവ്വ തെറ്റിനും മാപ്പു പറഞ്ഞു കൊണ്ടുള്ള കത്താണിത്. പെട്ടെന്നെന്റെ രക്തം തിളച്ചു....!!
ദ്വേഷ്യത്തോടെ തന്നെ ഞാൻ ചോദിച്ചു.
“ എന്താത്...?”
“ നീ അതിനകത്തൊരു ഒപ്പിട്ടാ മതി... വേറെ പ്രശ്നമൊന്നുമില്ല....!!”
“ പ്രശ്നമുണ്ട്...!! ഇംഗ്ലീഷു വായിച്ചാൽ കുറച്ചൊക്കെ എനിക്കും മനസ്സിലാകും... ഞാൻ ചെയ്ത തെറ്റിനു  മാപ്പിരക്കുന്ന കത്താണിത്....!! ശരി, ഞാൻ ഒപ്പിടാം... ആദ്യം തന്നെ ഞാൻ ചെയ്ത തെറ്റെന്താണെന്നു പറ....?”
ബോസ്സ് ഒന്നും മിണ്ടുന്നില്ല. ഞാൻ തന്നെ തുടർന്നു.
“എന്റെ ജോലിയിൽ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടൊ..?
ഏതെങ്കിലും കസ്റ്റമർ എന്നെക്കുറിച്ച് ഒരു പരാതി പറഞ്ഞിട്ടുണ്ടൊ.....?”
“അതൊന്നുമില്ല..” ബോസ്സ്.
“പിന്നെ ഇതെന്താണ്...? എന്റേതല്ലാത്ത ജോലികൾ ഞാനിവിടെ ചെയ്തിട്ടുണ്ട്. അന്നു, പക്ഷെ ഞാൻ ഒരാളെ ഉണ്ടായിരുന്നുള്ളു സ്റ്റാഫായിട്ട്. അതു പോലെയല്ല ഇന്ന്. എന്റെ അത്തരം ജോലികൾ കണ്ടിട്ടാണല്ലൊ നീ എനിക്ക് ഈയടുത്ത കാലത്തായി അധികവേതനവും തന്നിരുന്നത്. പുതിയ
സെയിൽ‌സ് മാനേജർ വന്നപ്പോൾ അവനത് കട്ടാക്കി... എന്നിട്ട്, നീ അത് നിറുത്തലാക്കിയത് എന്തു കൊണ്ടാണെന്നു എന്നോട് പറഞ്ഞൊ...? അവനോട് ചോദിച്ചൊ...? ഇല്ലല്ലൊ..? അപ്പോപ്പിന്നെ എന്റേതല്ലാത്ത ജോലികൾ ചെയ്യാൻ ഞാൻ തെയ്യാറുമല്ല...അന്ന് ഞാൻ ചെയ്ത ജോലികളൊക്കെ എന്റെ ജോലിയുടെ ഭാഗമാക്കാനുള്ള ഈ ശ്രമം സമ്മതിക്കാൻ പറ്റില്ല. ഈ കടലാസ്സിൽ ഒപ്പിടാൻ ഞാനൊരുക്കവുമല്ല....” ഞാൻ തറപ്പിച്ചു തന്നെ പറഞ്ഞു.

കുറച്ചു നേരം നിശബ്ദമായിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. കുറച്ചു കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് രണ്ടു പേരേയും മാറി മാറി നോക്കി.എന്നിട്ടു പറഞ്ഞു.

“ ബോസ് ആദ്യം പറഞ്ഞതു പോലെ ആണെങ്കിൽ ഞാൻ തുടരാൻ തെയ്യാറാണ്. അതല്ല ഇതിൽ ഒപ്പിട്ടിട്ടാണെങ്കിൽ, ഞാൻ ഇറങ്ങുന്നു. എനിക്ക് ജോലി വേണ്ട. ടിക്കറ്റ് മതി. തന്നെയുമല്ല, എടുത്തപടി ഒരു കാരണം പോലും ചോദിക്കാതെ നാട്ടിലേക്ക് കയറ്റി വിടുമെന്നു ഭീഷണിപ്പെടുത്തി പണിയെടുപ്പിക്കാൻ ശ്രമിക്കുന്ന ഒരു കമ്പനിയിൽ തുടരാൻ എനിക്കു താല്‍പ്പര്യമില്ല...!!”

ഇതെല്ലാം ‘പാര ഈജിപ്ഷ്യൻ’കേൾക്കാനായി ഉറക്കെ തന്നെയാണ് പറഞ്ഞത്. പിന്നെ, ബോസ്സിനോട് യാത്ര പറഞ്ഞ് ഞാൻ മുറിക്കു പുറത്തിറങ്ങി. നാളെ ഉച്ച കഴിയുമ്പോഴേക്കും
പാസ്പ്പോർട്ടിൽ എക്സിറ്റ് അടിച്ചു കിട്ടുമെന്നും അതിനുള്ളിൽ ടിക്കറ്റ് ശരിയാക്കാമെന്നും, ബാക്കിയുള്ള ശമ്പള ബാക്കിയും ഒരുമിച്ച് വന്നു വാങ്ങിക്കോളാൻ കണക്കപ്പിള്ളച്ചേട്ടൻ ഉറപ്പു പറഞ്ഞു.

ബോസ്സിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരിയാണുണ്ടായിരുന്നത്....!!?
അതിന്റെ അർത്ഥം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.

ഈജിപ്ഷ്യന്റെ മുറിയുടെ വാതിൽക്കൽ വന്നപ്പോൽ ഞാൻ ഒന്നു നിന്നു. അകത്തിരുന്നാൽ എന്റെ കാല്‍പ്പാദം വാതിലിന്നടിയിലൂടെ അവനു കാണാൻ കഴിയും. ഞാൻ മനസ്സിൽ പറഞ്ഞു.
‘ നീയാടാ..ദുഷ്ടാ... ഇതിനൊക്കെ കാരണം.... എന്നെ പെരു വഴിയിലാക്കിയത് നീയാണ്. ഇതിനുള്ള ശിക്ഷ തരാൻ എനിക്കു കഴിഞ്ഞില്ലെങ്കിലും മുകളിലൊരാളുണ്ടെന്നു നീ ഓർത്തോ...!!’
നാളെ നാട്ടിൽ പോകാൻ തീരുമാനിച്ചു തന്നെ അവിടന്നിറങ്ങി....!!!

ഫ്ലാറ്റിൽ വരുമ്പോൾ എല്ലാവരും കാത്തിരിക്കുകയായിരുന്നു. വിവരമെല്ലാം പറഞ്ഞു. എല്ലാവരിലും ഒരു നിശ്ശബ്ദത പരന്നു. എന്റെ ഉറ്റ കൂട്ടുകാരും ഞാനും കൂടി എന്റെ മുറിയിൽ കയറി വാതിലടച്ചിരുന്ന് ഭാവി പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. പുതിയ വിസ കണ്ടെത്തി എന്നെ തിരിച്ചു കൊണ്ടു വരുന്ന കാര്യം അവർ ഏറ്റു. അതിന്റെ ചിലവ്, ഞാൻ തിരിച്ചു വന്നിട്ട് കൊടുത്താൽ മതി. അതോടെ തൽക്കാലം ഇവിടം വിട്ടു പോകുന്നതിലുള്ള വിഷമം മാറിയെന്നു മാത്രമല്ല, ഈ കമ്പനിയോട് പൊരുതി നിൽക്കാനുള്ള ചങ്കൂറ്റവും കൈ വന്നു.

അന്നു രാത്രിയിൽ എല്ലാവരും കൂടി ഒരു ചെറിയ ‘വിട പറയൽ’ പാർട്ടി എനിക്കു തന്നു. അതിൽ ‘കുടി‘ ഒഴികെ മറ്റു പതിവ് ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ, എല്ലാം തീരുമാനിച്ചുറച്ച സ്ഥിതിക്ക് വീട്ടിൽ വിളിച്ച് വിവരം പറഞ്ഞേക്കാമെന്നു കരുതി എന്റെ നല്ല പാതിയേ വിളിച്ചു. അന്നു വെള്ളിയാഴ്ചയായതു കൊണ്ട് തൊട്ടടുത്ത അമ്പലത്തിൽ പോയി തൊഴുത് വഴിപാടുകളൊക്കെ കഴിച്ചു വന്നതേയുള്ളായിരുന്നു അമ്മയും എന്റെ ഒരേയൊരു മോനും.

ഫോണെടുത്തത് മോനാണ്. ഈ സമയത്ത് അഛന്റെ ഫോണായിരിക്കുമെന്നറിയാവുന്നത് കൊണ്ട് അവനാണ് എന്നും എടുക്കാറ്. അവനോട് കുശല പ്രശ്നങ്ങൾക്കു ശേഷം അമ്മക്കു കൈമാറി.
ഞാൻ ചോദിച്ചു.
“എന്താ മോളെ വിശേഷം...?”
“ ഹേയ് വിശേഷൊന്നൂല്യ.. ഞങ്ങൾ അമ്പലത്തിൽ പോയി വന്നതേള്ളു...”

[‘മോളെ‘ എന്നുള്ള വിളി ഞാൻ എന്റെ ‘നല്ല പാതിയെ‘ വിളിക്കുന്നതാണു കെട്ടൊ. സാധാരണ സ്നേഹ സമ്പന്നരായ(ശൂന്യരൊ..?) ഭർത്താക്കന്മാർ, തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു
കിട്ടാൻ മറ്റുള്ളവർ കേൾക്കേ വിളിക്കുന്ന ‘എടീ, പോടീ, വാടീ’ സം‌മ്പോധനയൊന്നും ഞാൻ കാണിച്ചില്ല. മോളേ എന്ന വിളിയിൽ ‘എന്തോ’ എന്ന മറുപടി ആണെനിക്കിഷ്ടം. അതിന്നും തുടരുന്നു.]

ഞാൻ തുടർന്നു.
“ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം.... വിഷമിക്കയൊന്നും വേണ്ടാ... മിക്കവാറും നാളെ വൈകീട്ടെത്തെ ഫ്ലൈറ്റിൽ ഞാനിവിടന്നു കേറും. മറ്റന്നാൾ കാലത്ത് ഞാൻ വീട്ടിലെത്തും.... കാരണം, ബോസ്സുമായി തെറ്റി.....!!”

അപ്പുറത്തു നിന്നും ‘ങേ...’ എന്നൊരു ശബ്ദം കേട്ടിട്ട് പിന്നെ ഒച്ചയൊന്നുമില്ല....?
ഞാൻ ‘ഹലൊ.. ഹലൊ...’ എന്നു രണ്ടു മൂന്നാവർത്തി വിളിച്ചിട്ടും മറുപടി ഉണ്ടായില്ല...!
പിന്നെയും വിളിച്ചിട്ടും അപ്പുറത്ത് അനക്കമൊന്നുമില്ല....!!
ഞാൻ ഫോൺ കട്ടാക്കിയിട്ട് വീണ്ടും വിളിച്ചു.
അപ്പോൾ എൻ‌ഗേജ്ഡ് ടോൺ ആണു വന്നത്...!!!
മൂപ്പിലാത്തി ഇപ്പോഴും ഫോണും കയ്യിൽ പിടിച്ച് മരവിച്ച് നിൽക്കുകയൊ, അതോ ബോധശൂന്യയായി നിലം പതിക്കുകയൊ ചെയ്തിരിക്കും.....!!?
ഞാനാകെ നിന്ന നില്‍പ്പിൽ വിയർപ്പിൽ കുളിച്ചു....!!
കുടിച്ചതത്രയും ആവിയായിപ്പോയി...!!!

പിന്നേയും കുറച്ചു കഴിഞ്ഞാണ് ഫോണെടുത്തത്....
അപ്പോൾ നല്ലപാതി പരിഭ്രമത്തിൽ പറഞ്ഞ വാർത്ത കേട്ട് ഞാനും ഞെട്ടി....!!?
എന്തു ചെയ്യണമന്നറിയാതെ ഫോണും കയ്യിൽ പിടിച്ച് മരവിച്ചു നിന്നു....!!!?



ബാക്കി അടുത്ത പോസ്റ്റിൽ.......

Tuesday, 15 June 2010

സ്വപ്നഭുമിയിലേക്ക്.....( 22 )

തുടരുന്നു.....


ങ്ഹൂം...ഹിന്ദികൾ....

മുറിയിലെത്തിയതും വസ്ത്രമൊന്നും മാറാതെ തന്നെ കട്ടിലിലേക്കു വീണു. എത്ര നേരം അങ്ങനെ കിടന്നുവെന്നറിയില്ല. ആരൊ മുറി തുറക്കണ ശബ്ദം കേട്ടാണു കണ്ണു തുറന്നത്. രാജേട്ടനായിരുന്നു വന്നത്.
“എന്തു പറ്റി..? ഒരിക്കലും ഒഴിവെടുക്കാത്ത ആളെന്താ ഇന്നു നേരത്തെ...?”
“ങേ... ഒന്നുമില്ല..... ഒരു തലവേദന” ഞാനൊരു നുണ പറഞ്ഞിട്ട് എഴുന്നേറ്റ് വസ്ത്രം മാറി.

അടുക്കളയിൽ പോയി ഒരു ചായയുമായി ഹാളിൽ വന്നിരുന്നു. അടുത്തായി രാജേട്ടനും വന്നിരുന്നു. ഫ്ലാറ്റിൽ പത്തു പേരുണ്ടായിരുന്നെങ്കിലും, മെസ്സുകൾ പലതരത്തിലായിരുന്നു. ഓരോ ടീമിന്റെ സമയവും ജോലിയും അനുസരിച്ച് ക്രമപ്പെടുത്തിയിരുന്നു. എന്റെ കൂടെയുള്ള രണ്ടു പേരിൽ ഒരാൾ
രാജേട്ടനായിരുന്നു. എന്റെ മുഖവും, പതിവില്ലാത്ത മൂകതയും മറ്റും ശ്രദ്ധിച്ച രാജേട്ടൻ എന്തോ കുഴപ്പം ഉണ്ടെന്നു കണ്ടെത്തി.

ഞങ്ങൾ തമ്മിൽ എല്ലാം തുറന്നു പറയുന്ന സുഹൃത്തുക്കളായിരുന്നു. അത്തരം സുഹൃത്തുക്കൾ കൂടെയുണ്ടെങ്കിൽ വിഷമം പിടിച്ച പല കാര്യങ്ങളിലും ഒരു മറുപടി കണ്ടെത്തുക വളരെ എളുപ്പമായിരിക്കും. പ്രവാസികൾ അനുഭവിക്കുന്ന ടെൻഷന്റെ മുക്കാൽ പങ്കും ഇത്തരം ആത്മാർത്ഥത നിറഞ്ഞ സുഹൃത്തുക്കൾ ഇല്ലാത്തതു തന്നെ.

എല്ലാം ഒറ്റക്കു തന്നെ മനസ്സിനകത്തിട്ട് കാച്ചിക്കുറിക്കി, അവസാനം ഒരെത്തും പിടിയും കിട്ടാതെ സമനില തെറ്റിയെടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുകയും ചെയ്യും...!!

ഞാനുണ്ടായ സംഭവങ്ങൾ എല്ലാം രാജേട്ടനോട് പറഞ്ഞു. കുറച്ചു നേരം ആലോചിച്ചതിനു ശേഷം രാജേട്ടൻ ചോദിച്ചു
“എന്നിട്ടെന്തു തീരുമാനിച്ചു...”
“എന്തു തീരുമാനിക്കാൻ... ഞാനിങ്ങിറങ്ങിപ്പോന്നു....?”
“നാട്ടിൽ പോയാൽ....?
അതിനുത്തരമില്ലാത്തതു കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
“ജോലി നമ്മൾക്ക് മറ്റൊരെണ്ണം കണ്ടെത്താം... അതിനെക്കുറിച്ചോർത്ത് വിഷമിക്കണ്ട..... നമ്മൾ
ഇത്രയും പേരില്ലെ ഇവിടെ...!!”.

ആ വാക്കുകൾ എത്രയൊ കുളിർമ്മയാണ് തന്നത്. മനസ്സു തണുത്തെങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ലെന്നറിയാമായിരുന്നു. രാജേട്ടൻ വീണ്ടൂം പറഞ്ഞു.
“ ബോസ്സിനെ നേരിട്ടു ഒന്നു കാണാമായിരുന്നില്ലെ......?”
“എന്തിനാ കാണുന്നത്... അവനല്ലെ ഒരു വാക്കു പോലും ചോദിക്കാതെ നാളെ ടിക്കറ്റാണെന്നു മനേജരെ പറഞ്ഞേൽ‌പ്പിച്ചത്...”
“ഞാനത് വിശ്വസിക്കുന്നില്ല...! ഒരു സുപ്രഭാതത്തിൽ കേറ്റിവിടേണ്ട കുറ്റമൊന്നും ഇതിലില്ല...”
“ ഇതാ.. പാര ഈജിപ്ഷ്യന്റെ പണിയാണെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ, ഷോറൂം മാനേജർ പറഞ്ഞതു കൊണ്ടാണ് ഞാൻ കാര്യമായിട്ടെടുത്തത്. അവന് എന്നോട് അങ്ങനെ വിരോധമുണ്ടാകേണ്ട കാര്യമൊന്നുമില്ല. ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു... അതു കൊണ്ടാണ് എനിക്ക് സംശയമായത്...”
“തന്റെ ബോസ്സങ്ങനെ വിടുമോ....? ഞാൻ വിശ്വസിക്കുന്നില്ല... !
“ എനിക്കും തോന്നുന്നില്ല.. പക്ഷെ, ഷോറൂം മാനേജർ ഇതിൽ ഇടപെട്ടതു കൊണ്ടാണ്.
കാരണം, ബോസ്സിന്റെ സ്വന്തക്കാരനാണ് അവൻ..!!?”

അപ്പോഴേക്കും വാതിൽ തുറന്നു വർഗ്ഗീസേട്ടൻ കടന്നു വന്നു. എന്നെ കണ്ടതും ചിരിച്ചു കൊണ്ട് ചോദിച്ചു “ നീ എന്താടാ ഈ നേരത്തിവിടെ.....? കട തുറന്നില്ലെ.....?”

പിന്നെ പറയാനുള്ളത് രാജേട്ടൻ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞിട്ട് ദ്വേഷ്യത്തോടെ വർഗ്ഗീസേട്ടൻ “ആ ഈജിപ്ഷ്യനേണ് കയ്യിൽ കിട്ടണ്ടെ...! പന്നനാറി...!! ബാക്കിയൊള്ളോന്റെ കഞ്ഞിയിൽ പാറ്റയിടാൻ നടക്കണ വർഗ്ഗം....!!”

വർഗ്ഗീസേട്ടൻ അകത്തു പോയി വസ്ത്രം മാറി വന്നിരുന്നു.
“നീ പേടിക്കേണ്ടടാ... അഥവാ നിന്നെ കേറ്റിവിട്ടാൽ തിരിച്ചിവിടെ കൊണ്ടു വരണകാര്യം ഞങ്ങളേറ്റു...”

അതും പറഞ്ഞ് അകത്തു പോയി ഒരു ടിൻ ബീയറും രണ്ടു ഗ്ലാസ്സുമായി വന്നിരുന്നു...!
വാസ്തവത്തിൽ ഇപ്പോൾ കുറച്ചു ബീയർ കിട്ടിയിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചിരുന്നു....

വർഗ്ഗീസേട്ടൻ ഒഴിച്ചു തന്നതും, ഞാൻ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി....!
വീണ്ടും ഒഴിച്ചു.....
അതും കാലിയാക്കി...!!

അപ്പോഴാണ് തണുത്തുറഞ്ഞ ബീയറിന്റെ തണുപ്പിന് ഒരു സുഖമുണ്ടെന്നു തോന്നിയത്. മനസ്സു ശാന്തമായില്ലെങ്കിലും അകെക്കൂടി ഒരു തണുപ്പും പെരുപ്പും തോന്നി. ഞാൻ കുറച്ചു നേരം
പോയിക്കിടന്നു.

സന്ധ്യ ആയപ്പോഴേക്കും കൂട്ടുകാർ ഒരോരുത്തരും എത്തിത്തുടങ്ങി. എല്ലാവരും വിവരമറിഞ്ഞ് മുറിയിലെത്തി. പറഞ്ഞതു തന്നെ വീണ്ടും വീണ്ടും ഒരോരുത്തരോടും പറയേണ്ടി വന്നു. മറ്റുള്ളവർ പറഞ്ഞറിഞ്ഞാലും പോരാ, എന്റെ വായിൽ നിന്നും നേരിട്ടു കേട്ടാലെ അവർക്കു തൃപ്തിയാവുള്ളു.

ചിലർ ഇത്ര കടുത്ത തീരുമാനം എടുക്കേണ്ടായിരുന്നുവെന്ന് ഉപദേശിച്ചു. കാരണം ജോലി വേണ്ടത് നമ്മൾക്കല്ലെ....!
ഒന്നു കൂടി ആലോചിക്കാമായിരുന്നു വെന്നു മറ്റു ചിലർ.....!
ഞാനൊന്നും പറഞ്ഞില്ല...
എന്റെ പ്രവർത്തിക്ക് പൊതുവെ സപ്പോർട്ട് കുറവായിരുന്നു.....!!
എങ്ങനായാലും ഇവിടെത്തന്നെ കെട്ടിത്തൂങ്ങി കിടക്കടാ എന്ന ഭാവമായിരുന്നു മിക്കവർക്കും.
നാട്ടിലെ അവസ്ഥയേക്കാൾ അതാണ് ഭേദമെന്ന് മിക്കവരും...!
രാത്രി ആയപ്പോഴേക്കും എന്റെ ഏറ്റവും അടുത്ത സുഹൃത്തും സെയിൽ‌സ്‌മാനുമായ ഹൈദ്രാബാദുകാരൻ സുൾഫി വന്നു. അവനോടും ഞാൻ ഉണ്ടായ സംഭവങ്ങൾ വള്ളി പുള്ളി വിടതെ പറഞ്ഞു കേൾപ്പിച്ചു.

അവനും അതിറക്കാൻ കൂടെപ്പോയ കൂട്ടത്തിൽ ഉണ്ടായിരുന്നവനാണ്. അവനാണ് വണ്ടിയിൽ
സ്ഥലമില്ലാത്തതു കൊണ്ട് എന്നോട് കൂടെ വരേണ്ടന്നും ഞങ്ങൾ ഇറക്കിക്കോളാമെന്നും പറഞ്ഞത്.

അതു കേട്ടു കഴിഞ്ഞപ്പോൾ കുറച്ചു മുൻപ്, കടയിൽ നടന്ന സംഭവങ്ങളുടെ ഒരു വിവരണം സുൾഫി തന്നു. ബോസ്സിനോട് അവർ വിവരം പറഞ്ഞത് വൈകിയാണ്. ബോസ്സറിഞ്ഞതും എന്നെ ഫോൺ ചെയ്തു വിളിക്കാൻ തെയ്യാറായി.
“ ഞാൻ ഒന്നു വിളിച്ചാൽ അവൻ പറന്നു വരും..” എന്നും പറഞ്ഞ് വിളിക്കാനായി ഫോൺ ഡയൽ ചെയ്യാൻ തുടങ്ങിയതും പാര ഈജിപ്ഷ്യൻ അതിൽ കയറിപ്പിടിച്ചു.

“അങ്ങനെ വിളിച്ചു വരത്തണ്ട. അവൻ ചെയ്ത തെറ്റിനു മാപ്പു പറയിപ്പിച്ചിട്ടു എടുത്താൽ മതി...
ഇന്നിനി വിളിക്കണ്ടാ...! ഈ രാത്രി അവൻ കിടന്നു പൊരിയട്ടെ...!! നാളെ രാവിലെ വിളിച്ചാൽ മതി... മാപ്പല്ല, എന്തു വേണമെങ്കിലും എഴുതിത്തരാൻ അവൻ തെയ്യാറാകും .....!! ഇവിടന്നു ഇതെല്ലാം ഉപേക്ഷിച്ചിട്ടു അങ്ങോട്ടു ചെന്നാലെ... പിന്നെ അവിടെ, അവന്റെ നാട്ടിൽ പട്ടിണി കിടന്നു മരിക്കണം...!!!  ഹൂം.... എനിക്കറിയില്ലെ ഹിന്ദികളെ ...!!!”

അതിൽ വീണു പോയ ബോസ്സ് എന്നെ വിളിച്ചില്ല. തിരുവായക്ക് എതിർവായില്ലല്ലൊ....!!
ഞാനും അന്നു രാത്രി അവന്റെ സ്വപ്നം പോലെ തന്നെ ഉറങ്ങാൻ കഴിയാതെ വെറുതെ കിടന്നു ഞെരിപിരി കൊണ്ടു.

അന്നു വരെ വർഗ്ഗീസേട്ടൻ നിർബ്ബന്ധിച്ചു തരുന്ന ബീയർ അല്ലാതെ ചോദിച്ചു വാങ്ങിക്കഴിച്ചിട്ടില്ലായിരുന്നു.

അന്ന് ഞാൻ അതും ചെയ്തു. അവസാനം വർഗ്ഗീസേട്ടൻ ‘ഇനി തരില്ലാന്നു’ തീർത്തു പറഞ്ഞു. എന്നിട്ടും  ഉറക്കം കണ്ണുകളെ തഴുകിയതേയില്ല....!!

നാളെ ബോസ്സ് വിളിക്കും..
ഞാൻ മാപ്പു പറയണം...?
എന്തിനു മാപ്പു പറയണം...?
ഞാൻ ചെയ്ത തെറ്റെന്ത്...?
മാപ്പു പറഞ്ഞാൽ ഈജിപ്ഷ്യൻ ചെയ്തത് ശരിയാകും....?
അങ്ങനെ അവനെ ജയിപ്പിക്കാൻ പറ്റുമോ...?
അവനോട് പ്രതികാരം ചെയ്യണമെങ്കിൽ ഞാൻ എന്റെ വഴിയിൽ പിടിച്ചു നിന്നേ പറ്റൂ....!!
അതോ,വെറുതെ ഒരു മാപ്പു പറഞ്ഞ് അവസാനിപ്പിക്കണൊ...!!?
ആകെ ധർമ്മ സങ്കടത്തിലായി.....

ഒരു കണക്കിനാണ് നേരം വെളുപ്പിച്ചത്.....
പ്രാധമിക പരിപാടികളെല്ലാം കഴിഞ്ഞ് ബോസ്സിന്റെ വിളിക്കായ് കാതോർത്തിരുന്നു...
സമയം എട്ട്....
ഒൻപത്.....
പത്ത്....
എന്റെ ക്ഷമ കെട്ടു തുടങ്ങി.....!
സത്യത്തിൽ എനിക്കു ദ്വേഷ്യവും സങ്കടവും വന്നു തുടങ്ങിയിരുന്നു.....
കീഴടങ്ങാമെന്നു കരുതിയാണ് നേരം വെളുത്തതു മുതൽ ആലോചിച്ചു കൊണ്ടിരുന്നത്....!!
ഇതും ആ പാരയുടെ പണി ആയിരിക്കും......!!
നേരം വൈകുന്തോറും എന്റെ ടെൻഷൻ കൂടുമല്ലൊ....!!!
അവന്‍ കേട്ടറിഞ്ഞ ദരിദ്രവാസിയായ ഒരു ഇൻഡ്യക്കാരനാണല്ലൊ ഞാനും....!!!


അങ്ങനെയിരിക്കെ ഹാളിലെ ഫോണിൽ മണി കിലുങ്ങി.....
പ്രതീക്ഷിച്ചിരുന്നതായിട്ടും ഞാൻ പെട്ടെന്നു ഞെട്ടി...!!
ക്ഷമകേടെല്ലാം കടിച്ചമർത്തി ഫോണെടുത്ത് ചെവിയിൽ വച്ച് പറഞ്ഞു
“ ഹലൊ....”
പക്ഷെ ശബ്ദം പുറത്തേക്കു വരാൻ വായിൽ ഉമിനീരില്ലായിരുന്നു...!
ഞാൻ ഇല്ലാത്ത ഉമിനീർ ഉണ്ടാക്കിയെടുത്ത് ഒരിറക്ക് ഇറക്കിയിട്ട് വീണ്ടും പറഞ്ഞു
“ഹലൊ...”
ഇത്തവണ ഇത്തിരി പൊങ്ങിയിരുന്നു ശബ്ദം.....
അപ്പോഴേക്കും മറുതലക്കൽ നിന്നും മറുപടി വന്നു....

അതു കടയിലെ എന്റെ സുഹൃത്ത് മലയാളിയായ കണക്കപ്പിള്ള ആയിരുന്നു. അദ്ദേഹം പറഞ്ഞു.
“ ചെയ്തു പോയ തെറ്റിനു മാപ്പ് തരണമെന്ന് ഒരു കടലാസ്സിൽ എഴിതിക്കൊടുത്താൽ, ചേട്ടന് കടയിലേക്ക് വീണ്ടും കയറാം...!!”

ഞങ്ങൾ പരസ്പരം ചേട്ടാന്നാണു വിളിച്ചിരുന്നത്.
ഞാൻ ചോദിച്ചു. “ ഞാൻ ചെയ്ത തെറ്റെന്താണെന്നു പറഞ്ഞില്ല...?”
“അതെനിക്കറിയില്ല..... എന്നോടിങ്ങനെ പറയാൻ പറഞ്ഞു , ഞാൻ പറഞ്ഞു.”
“എന്നാൽ ഞാൻ സാധനങ്ങൾ പാക്കു ചെയ്ത് ടിക്കറ്റിനായിട്ട് കാത്തിരിക്കാണെന്നു പറ...!!?”

ആലോചിച്ചു വച്ചിരുന്നത് മറ്റൊന്നായിരുന്നെങ്കിലും, പറഞ്ഞതിങ്ങനെ ആയിപ്പോയി.....!!
“ എന്റെ ചെങ്ങാതി.. ഒന്നു കൂടി ആലോചിച്ചിട്ടു പറ....” കണക്കപ്പിള്ള.
“ എനിക്കിനി ഒന്നും ആലോചിക്കാനില്ല...”
“ശരി..”
അതോടെ ഫോൺ കട്ടായി.....!
ഞാനും റസീവർ വലിച്ചെറിഞ്ഞു......!!



ബാക്കി അടുത്ത പോസ്റ്റിൽ...........

Tuesday, 1 June 2010

സ്വപ്നഭുമിയിലേക്ക്..... ( 21 )


കഴിഞ്ഞ ലക്കം പറഞ്ഞു നിറുത്തിയത്.....

പാര ഈജിപ്ഷ്യൻ വന്നതിനു ശേഷം ആദ്യം ചെയ്ത പരിഷ്കാരം....
എനിക്കു കിട്ടിക്കൊണ്ടിരുന്ന അധിക വേതനത്തിന്റെ കടക്കൽ കത്തിവക്കലായിരുന്നു.
ആ മാസം തന്നെ അതു നിറുത്തലാക്കി....!!


തുടരുന്നു......

നാളെ ടിക്കറ്റ്

ഞാനൊന്നും മിണ്ടിയില്ല....!!
ബോസ്സ് മറുത്തൊന്നും പറഞ്ഞുമില്ല....!!
ഞാൻ ചോദിച്ചിട്ടൊ, എന്റെ അവകാശമായൊ തന്നതല്ലാത്തതു കൊണ്ട് എനിക്ക് ചോദിക്കാനും കഴിയുമായിരുന്നില്ല....

എന്നിട്ടും ഞാൻ ചെയ്തു കൊണ്ടിരുന്നത് പഴയതു പോലെ തന്നെ തുടർന്നു....
ദിവസങ്ങൾ കടന്നു പോകവെ അവനോടുള്ള പക ഏറിക്കൊണ്ടിരുന്നതല്ലാതെ കുറഞ്ഞില്ല... ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ’ എന്ന കവിതാകലം പോലെ, ഒരവസരം എനിക്കു കിട്ടാതിരിക്കുമൊ...?
ഞാനും അതിനായി കാത്തിരിക്കുകയായിരുന്നു....
അവന് ദിവസവും ചായ ഉണ്ടാക്കി കൊടുക്കുമ്പോഴും സംസാരിക്കുമ്പോഴും അകൽച്ചയൊന്നും കാണിച്ചില്ല. അവനോടുള്ള പക ഓരൊ ദിവസവും വളർന്നു കൊണ്ടേയിരുന്നു....
അവനെ എന്തെങ്കിലും ദേഹോപദ്രവം ചെയ്യാൻ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല.

പക്ഷെ, അതിനേക്കാൾ വലിയ ഒന്നു വേണമെന്നു ഞാനും മനസ്സിൽ കരുതിയിരുന്നു...!!!
ഞങ്ങൾ രണ്ടു പേരും കൂടി ഇനി ഇവിടെ തുടരുന്നത് കൊണ്ട് എനിക്ക് ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല.

എന്റെ ബോസ്സിനെ അവൻ മാറ്റിയെടുത്തിരിക്കുന്നു....
ഇനി അവനാണ് ഇതെല്ലാം നിയന്ത്രിക്കാൻ പോകുന്നത്..
ഒരു പട്ടിയുടെ വില പോലും കിട്ടാൻ പോകുന്നില്ല....
ബോസ്സിനും സ്വന്തമായ ഒരു വ്യക്തിത്വം ഇനിയില്ല.
രക്ഷപ്പെടാൻ കഴിഞ്ഞാൽ ബോസ്സിനെക്കൂടി അവന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷിച്ചെടുക്കണം..
ആ തിരിച്ചറിവ് അവനോട് പൊരുതാനുള്ള ധൈര്യം തന്നു.....!!
അങ്ങനെ ഒരവസരത്തിനായി ഞാനും കരുതലോടെ കാത്തിരുന്നു.....!!!?

വലിയ താമസമുണ്ടായില്ല, അങ്ങിനെ ഒന്നു വീണു കിട്ടാൻ...!!
ഒരു ദിവസം പുതിയതായി തുടങ്ങുന്ന ഒരു സൂപ്പർ മാർക്കറ്റിലേക്ക് കുറെ സാധനങ്ങൾ ശരിയാക്കി വക്കാൻ എന്നെ ഏൽ‌പ്പിച്ചു. ഞാനത് എല്ലാം ശരിയാക്കി ബില്ലു വരെ എഴുതി, ഞങ്ങളുടെ വണ്ടിയിൽ കയറ്റി കൊടുത്തു. ഒരു സെയിൽ‌സ്‌മാൻ തന്നെ ആയിരുന്നു അത് കൊണ്ടു പോയത്. സഹായിക്കാനായി എന്റെ അനിയൻ ഉൾപ്പടെ മൂന്നു പേരും കൂടി കയറി.

പിന്നെ വണ്ടിയിൽ സ്ഥലമില്ലായിരുന്നു എനിക്കു കൂടി കയറാൻ. എന്നാൽ പിന്നെ കടയിൽ ബാക്കിയുള്ള പണി കൂടി തീർക്കാമല്ലോന്ന് വിചാരിച്ച്, സ്റ്റോർ പൂട്ടിയതിനു ശേഷം ഞാൻ കടയിലേക്ക് തിരിച്ചു.

ഇടക്കു വച്ച് ‘പാര ഈജിപ്ഷ്യൻ’ കാറിൽ എന്നെ കടന്നുപോകുന്നതു കണ്ടു. അവൻ അവിടെ നിറുത്തി പുറകോട്ടെടുത്ത് എന്റെ അടുത്തു കൊണ്ടു വന്നു നിറുത്തി.
“ നീ എന്താ അവരുടെ കൂടെ പോകാഞ്ഞെ...?” വല്ലാത്ത ഒരു അധികാര ഭാവമായിരുന്നു ആ സ്വരത്തിൽ. എനിക്കതത്ര പിടിച്ചില്ല. എങ്കിലും ഞാൻ സംയമനം പാലിച്ചു.

“ഇഷ്ടം പോലെ ആളുണ്ടല്ലൊ അതിറക്കാൻ... ഞാനെന്തിനാ പോരുന്നെ... എനിക്കു കുറച്ചു പണികൂടിയുണ്ട്. അതു തീർക്കട്ടെ.....” ഞാൻ വളരെ സൌമ്യമായിട്ടാണത് പറഞ്ഞത്.
“അതു പറ്റില്ല. നീകൂടി വന്നെ പറ്റൂ..., നീ വണ്ടിയിൽ കേറ്..” അവന് ദ്വേഷ്യം വന്നു.
“ഞാൻ വരുന്നില്ല...” അതേ ദ്വേഷ്യത്തിൽ ഞാനും പറഞ്ഞു.
“നിന്നോട് കേറാനാ പറഞ്ഞെ..” അവൻ ആഞ്ജാപിച്ചു.
ഞാൻ അവനെ ഒന്നു രൂക്ഷമായി നോക്കിക്കൊണ്ട് തിരിഞ്ഞു നടന്നു.

അവിടന്ന് ഒരു മിനിട്ട് കഷ്ടിയേ ഉള്ളു കടയിലേക്ക്. ഞാൻ നടന്ന് കടയിൽ വന്നു കയറിയതും ഷോറൂം മാനേജർ ഓടി വന്നു പറഞ്ഞു.
“ നിന്നോട് അവന്റെ കൂടെ പോകാൻ ബോസ്സ് പറഞ്ഞു. ഇല്ലെങ്കിൽ നിന്നെ നാളെ നാട്ടിലേക്ക്  കേറ്റിവിടുമെന്ന് പറയാൻ പറഞ്ഞു....!!!?”
കേട്ടതും ഞാൻ ഞെട്ടിത്തെറിച്ചു നിന്നു പോയി...!!
നിന്ന നിൽ‌പ്പിൽ വിയർത്തു....!!
ഇത്ര നിസ്സാര കാര്യത്തിനൊ...?

ഞാൻ കൂടെപ്പോയ ആളുകളുടെ വിവരങ്ങളും, എനിക്ക് ഇവിടെ ബാക്കി കിടക്കുന്ന പണിയുടെ കാര്യങ്ങളും മറ്റും പറഞ്ഞു നോക്കിയെങ്കിലും മാനേജർ സമ്മതിക്കുന്ന ലക്ഷണമില്ല.
“ നീ ഒന്നും ചെയ്യണ്ട.. വെറുതെ ഒന്ന് അവന്റെ കൂടെ അവിടം വരെ പോയാൽ മതി....”

അങ്ങനെ പറഞ്ഞപ്പോൾ ഇതു പാര ഈജിപ്ഷ്യന്റെ പണി ആണെന്നു എനിക്ക് സംശയമായി. അവന്റെ വാശി തീർക്കാൻ മാനേജരെ കരുവാക്കിയതാണ്. അല്ലെങ്കിൽ മാനേജരും അവന്റെ കൂടെ കൂടിക്കാണും....

എന്തായാലും രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യം....
ഞാനും ശക്തമായ ഒരു തീരുമാനമെടുത്തു.
എന്തു വന്നാലും അവന്റെ കൂടെ പോകുന്ന പ്രശ്നമില്ല. മാത്രമല്ല ഒരു കാരണം പോലും ചോദിക്കാതെ നാളെ ടിക്കറ്റാണെന്നു പറയുന്നത്, ഒരു ചെറിയ കാര്യമല്ല....!!
ബോസ്സ് അങ്ങനെ പറയുമോ...!!?

അങ്ങനെയെങ്കിൽ അവനെന്നെ നേരിട്ടു വിളിച്ചു പറയാമായിരുന്നു. ഒരു പക്ഷെ, ഇത് ബോസ്സറിയാതെയുള്ള ഇവരുടെ രണ്ടു പേരുടേയും കളിയാണ്....!
എങ്കിൽ ഇതു തന്നെ ഞാൻ കാത്തിരുന്ന സമയം....!!
പാര ഈജിപ്ഷ്യനിട്ട് കൊടുക്കാൻ പറ്റിയ സമയം.....!!!

ഞാനത് മനസ്സിൽ ആലോചിച്ചു വരുന്നതേയുള്ളെങ്കിലും വലതു കൈ പാന്റ്സിന്റെ വലത്തെ പോക്കറ്റിലേക്ക് പാഞ്ഞു കഴിഞ്ഞിരുന്നു. പോക്കറ്റിൽ നിന്നും താക്കോൽ കൂട്ടം കയ്യിലെടുത്തു. അതിൽ നിന്നും എന്റെ മുറിയുടെ താക്കോൽ മാത്രം ഊരിയെടുക്കാൻ തുടങ്ങി.

അതിനിടയിൽ ഞാൻ ഓർത്തത്..
ഇതൊരു ജീവൻ‌മരണക്കളിയാണ്....!!!
നാട്ടിൽ പോയാൽ...?
അതിനൊന്നും തൽക്കാലം ഉത്തരമില്ല.
ഇവിടെ തുടർന്നാൽ നാളെ ഞാനവന്റെ ഷൂ വരെ നക്കിത്തുടക്കേണ്ടി വരില്ലെ....?
ഇല്ലെങ്കിൽ കേറ്റിവിടുമെന്നു പറഞ്ഞാൽ..... ചെയ്തു പോകും...!!

കാരണം ഏതൊരു ഇന്ത്യാക്കാരന്റേയും എന്നല്ല, ഏതൊരു ഏഷ്യാക്കാരന്റേയും മർമ്മം നോക്കിയാണ് പാര ഈജിപ്ഷ്യൻ അടിച്ചിരിക്കുന്നത്. അവനറിയാം ഏതൊരു ഏഷ്യക്കാരനേയും നിന്ന നിൽ‌പ്പിൽ വീഴ്ത്താനുള്ള കളികൾ....!!
അതിലൊന്നാണ് ‘നിന്നെ കേറ്റിവിടുമെന്നു’പറയുന്നത്.....
കേൾക്കുന്നവർ വിറച്ചു പോകും....!!!

എന്റെ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.....
ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു...
എന്റെ താക്കോൽ മാത്രം എടുത്തിട്ട് ബാക്കിയുള്ള താക്കോലുകൾ,
ഷോറൂമിന്റെ, പണപ്പെട്ടിയുടെ, ബോസ്സിന്റെ ഓഫീസിന്റെതുൾപ്പടെയുള്ള താക്കോലുകൾ ഞാൻ മാനേജരുടെ നേരെ നീട്ടി. അവൻ വാങ്ങാൻ മടിച്ചു....

ഈജിപ്ഷ്യന്റെ കൂടെ പോകാൻ അവനെന്നെ നിർബ്ബന്ധിച്ചു....
ഞാൻ ബലമായി അവന്റെ കൈ പിടിച്ച് താക്കോൽ കൂട്ടം കയ്യിൽ കൊടുത്തിട്ടു പറഞ്ഞു.
“ ഞാൻ നാളെ പോകാൻ റെഡിയായി കാത്തിരിക്കും. ടിക്കറ്റ് റെഡിയാക്കിക്കോളാൻ പറ ബോസ്സിനോട്...”
എന്റെ ശബ്ദത്തിനപ്പോൾ ചെറിയൊരു വിറയലുണ്ടായിരുന്നു.....

അതും പറഞ്ഞ് പിൻ വാതിൽ വഴി ഞാൻ പുറത്തിറങ്ങുമ്പോൾ മാനേജർ തടഞ്ഞു.
“ നീ പോകരുത്..”
“എനിക്ക് പോണം...” ഞാൻ ധൈര്യപൂർവ്വം നടന്നു....

കുറച്ചു ചെന്നപ്പോഴുണ്ട് പാര ഈജിപ്ഷ്യൻ കാറുമായി എന്നെ കാത്തു കിടക്കുന്നതു കണ്ടു.
ഞാൻ അടുത്തു ചെന്നതും കയ്യെത്തിച്ച് മുൻ‌വാതിൽ അവൻ തുറന്നിട്ടു.......

എനിക്കെതിരെയുള്ള അവന്റെ മർമ്മം നോക്കിയുള്ള പാര ഏറ്റെന്നും, അതു കൊണ്ട് ഞാൻ തോറ്റ് തൊപ്പിയിട്ട് അവന്റെ കൂടെ പോകാൻ ചെല്ലുകയാണെന്നും കരുതിയിരിക്കണം....!!?

അടുത്ത് ചെന്ന് മുൻ‌വാതിലിൽ പിടിച്ച് കുനിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി.
‘നിന്നേക്കാൾ വലിയവനെ വരെ വീഴ്ത്തിയിട്ടുണ്ടെന്ന ഭാവത്തിൽ’ അവൻ.                        “എന്നോടാ കളി..’  എന്നു ഞാൻ.

അവന്റെ മുഖം കണ്ടതും എന്റെ രോഷം ഇരച്ചു കയറി.....!
നിവർന്നു നിന്ന് ആ വാതിൽ അതി ശക്തിയായി വലിച്ചടച്ചു.....!!
വലിയ ശബ്ദത്തോടെ കാറൊന്നു കുലുങ്ങി.....!!!

അതു കഴിഞ്ഞ് തലയും ഉയർത്തിപ്പിടിച്ച്, നെഞ്ചു വിരിച്ച് അവന്റെ മുൻപിലൂടെ വരുന്നതെന്തും നേരിടന്നുള്ള ധൈര്യത്തോടെ ഞാൻ ഉറച്ച കാൽ‌വെപ്പുമായി മുന്നോട്ടു നടന്നു...

കുറച്ചു നടന്ന് എന്റെ ഫ്ലാറ്റിന്റെ വാതിൽക്കൽ ചെന്ന് ഞാൻ തിരിഞ്ഞു നോക്കി...
അപ്പോഴും പാര ഈജിപ്ഷ്യന്റെ കാർ അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു....

ബാക്കി അടുത്ത പോസ്റ്റിൽ......

Tuesday, 18 May 2010

സ്വപ്നഭുമിയിലേക്ക്.... ( 20 )

കഥ തുടരുന്നു....

 പാര ഈജിപ്ഷ്യൻ...

ദിവസങ്ങളങ്ങനെ കൊഴിഞ്ഞു വീണുകൊണ്ടിരിക്കെ മാസങ്ങൾ പിറവിയെടുത്തു.
പിറവിയെടുത്ത മാസങ്ങൾ വർഷത്തെ ഗർഭം ധരിച്ച് ശ്വാസം മുട്ടി നിന്ന നേരം ബോസ്സിനൊരു തോന്നൽ....
‘എനിക്ക് തരുന്ന ശമ്പളം പോരാ...!?’
അതിനായി തലസ്ഥാനത്തുള്ളവരെ ബന്ധപ്പെട്ടു.
അവർ ‘ങേ...ഹെ..’ ചുട്ടക്കു സമ്മതിക്കില്ല.

‘ആ ഇൻഡ്യാക്കാരന് അത്രയൊക്കെ മതിയത്രെ....!!?’
പാവം ഞാൻ....!!
പണിയെടുത്ത്... പണിയെടുത്ത് ആകെ വാടിത്തളർന്ന്... !!?
ബോസ്സിനത് സഹിച്ചില്ല...!
നിങ്ങളു സമ്മതിച്ചില്ലെങ്കിൽ ഞാൻ കൊടുത്തോളാം..!!
അവൻ വളരെ ശക്തമായി തന്നെ മുന്നോട്ടു പോയി...
കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അതിനൊരു വഴി അവൻ തന്നെ കണ്ടെത്തി.

പുറത്തുള്ള സെയിൽ‌സ്‌മാൻ‌മാർക്കും, ഷോറൂമിലെ സെയിൽ‌സിനും കമ്മീഷൻ കൊടുത്തിരുന്നു.. അവരിൽ നിന്നും പത്തു ശതമാനം വീതം പിടിച്ചെടുത്ത് എനിക്കു തരിക. സെയിൽ‌സ്മാൻ‌മാർക്കെല്ലാം അതു സമ്മതമായിരുന്നു. കാരണം അവർക്കു വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനായിരുന്നുവല്ലൊ....

അവർ പോയി ഓർഡർ പിടിക്കുകയും, അത് എല്ലായിടത്തും വിതരണം നടത്തുന്നതും അവരായിരുന്നു. അതിന്റെ ബാക്കി പണികളെല്ലാം എന്റെ വക. കൂടുതൽ സാധനങ്ങൾ വിതരണം ചെയ്യേണ്ടിവരുമ്പോൾ ഞാനും കൂടെ പോയി സഹായിക്കും.

അങ്ങനെ ആ മാസം മുതൽ അതിന്റെ വിഹിതം കിട്ടിത്തുടങ്ങി....
അത് എന്റെ ശമ്പളത്തിന്റെ മുക്കാൽ ഭാഗത്തോളം വരുമായിരുന്നു....!!
നല്ലൊരു ഊർജ്ജമായിരുന്നു അതെനിക്ക് സമ്മാനിച്ചത്....!!

പിന്നെ എല്ലാവരേയും ഏതു നേരത്തും സഹായിക്കാൻ ഞാൻ റെഡിയായിരുന്നു..
എന്റെ സാന്നിദ്ധ്യം എവിടേയും ഉറപ്പു വരുത്തി....
ഞാനില്ലാതെ അതിനകത്തൊന്നും നടക്കാതായി.... !!

ഏറെ മാസങ്ങൾ അങ്ങനെ മുന്നോട്ടു പോകാനായില്ല....!?
ഒരു പക്ഷെ, ദൈവം തമ്പുരാനു തോന്നിക്കാണണം.

“ഇവന്റെ ജോലി കണ്ടിട്ടാണ് കൂടുതൽ കാശ് കിട്ടുന്ന സംവിധാനം ഉണ്ടാക്കിക്കൊടുത്തത്... അപ്പോളവൻ അതിനേക്കാൾ കൂടുതൽ ജോലിയെടുത്താലൊ...?!
ഞാനിതെവിടെന്നുണ്ടാക്കി കൊടുക്കും....?”
അതോ ഞാൻ സ്വൽ‌പ്പം അഹങ്കരിച്ചുവോ...?!!.

എന്തായാലും, അതിനായി മൂപ്പിലാൻ എനിക്കിട്ടൊരു പാരയും പണിതു വച്ച് ഒരവസരത്തിനായി കാത്തിരിക്കുന്ന കാര്യം ഞാനുമറിഞ്ഞില്ല....!!
അദ്ദേഹത്തിന് അവസരം ഉണ്ടാക്കാനാണൊ പാട്...!!

അതെ, അവസരം എനിക്കായി സൃഷ്ടിക്കപ്പെട്ടു.....!!

എന്റെ നെഞ്ചിൽകൂടു തകർത്ത് അപ്പുറം കടന്ന പാരയിൽ നിന്നും ഇറ്റിറ്റു വീഴുന്ന ചോരത്തുള്ളികൾ നക്കിക്കുടിക്കാൻ കാത്തു നിന്നവനെ കണ്ട് ഞാൻ ഞെട്ടി....!!!?
അതെ, അതവൻ തന്നെ...!!
ഒരു ഈജിപ്ഷ്യൻ....!!!

‘ഇല്ല... ഇല്ല... എന്നാലും ഞാൻ കരയില്ല....!!
നിന്റെ മുൻപിൽ ഞാൻ അടിയറവു പറയില്ല...!!
എന്റെ ഒരു തുള്ളി കണ്ണുനീർ കാണാമെന്നു കരുതണ്ട...!!
ഹൃദയം പിളർക്കുന്ന ഈ വേദനയിലും നിന്റെ മുൻപിൽ ഞാൻ തോൽവി സമ്മതിക്കില്ല...
ഞാൻ ഒരു ഇൻഡ്യക്കാ‍രൻ തന്നെയാടാ....!!
ആത്മാഭിമാനമുള്ള ഇൻഡ്യക്കാരൻ....!!

ചാടി എഴുന്നേറ്റപ്പോഴേക്കും വിയർത്തു കുളിച്ചിരുന്നു.....
ലൈറ്റിട്ട് കുറച്ചു നേരം കട്ടിലിൽ തന്നെ ഇരുന്നു. ...
പിന്നെ അടുക്കളയിൽ പോയി കുറച്ചു തണുത്ത വെള്ളം കുടിച്ചപ്പോഴാണ് ഒരാശ്വാസം തോന്നിയത്.

കൂട്ടുകാർ എല്ലാവരും നല്ല ഉറക്കത്തിലാണ്.
ഈ നേരം വെളുക്കുന്ന ഒരേ ഒരു വേള്ളിയാഴ്ച മാത്രമേ ഞാനിനി ഇവിടെയുള്ളു...!!?
ശനിയാഴ്ച നേരം വെളുക്കുന്നത്, എന്നെ നാട്ടിലേക്ക് പറഞ്ഞയക്കാനാണ്.....!!!

‘ഇനി എന്ത് ’ എന്ന ചോദ്യം ഉത്തരമില്ലാതെ എന്നെ വട്ടം ചുറ്റുന്നുണ്ടായിരുന്നു....
ജോലിയില്ലാതെ നാട്ടിൽ പോയാലുള്ള അവസ്ഥ ആലോചിക്കാൻ പോലും വയ്യാ....!?

ഞാൻ മുറിയിൽ കയറി വീണ്ടും കട്ടിലിൽ വന്നു കിടന്നു....
കഴിഞ്ഞു പോയ എന്റെ ഗൾഫ് ജീവിതം മനസ്സിൽ ഒന്നുകൂടി കാണുകയായിരുന്നു...

കോഴിക്കാലുകൾ മാത്രം തിന്ന് വെറുത്തു പോയ നാളുകൾ....!!
പിന്നെ ഈജിപ്ഷ്യന്റെ ഭരണം..
പിന്നീടങ്ങോട്ടു പട്ടിണിയുടെ നാളുകൾ....
ഒരു ജയിൽ‌പ്പുള്ളിയെ പോലെ എന്നെ കടയിൽ പൂട്ടിയിട്ടിട്ടു, വീട്ടിൽ പോയി സുഖമായി ഉറങ്ങുന്ന ഈജിപ്ഷ്യൻ....
ഒന്നു മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാൻ വയ്യാതെ, അടുക്കളയുടെ വാഷ് ബേസിൻ മൂത്രപ്പുര ആക്കേണ്ടി വന്നത്...
ഒന്നു മൂത്രമൊഴിക്കാനുള്ള അവകാശത്തിനായി ഈജിപ്ഷ്യനുമായി വഴക്കിട്ടത്.....
പിന്നെ ശമ്പളത്തിനായി പോരാടിയത്...
കസ്റ്റമർക്ക് വേണ്ടി വാങ്ങിയ ഒരു പെപ്സി കുടിച്ചതിന്, അതിന്റെ വില അടുക്കളച്ചുമരിലെ കണക്കിൽ എഴുതി ചേർത്തത്....
ഭക്ഷണത്തിനും, മുറി വാടകക്കുമായി കാറു കഴുകിക്കൊടുത്ത് ജീവിക്കേണ്ടി വന്നത്....

ബോസ്സിന്റെ വരവോടെ അതിനെല്ലാം ഒരു മോചനം കിട്ടിയതായിരുന്നു...
നല്ലൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയതായിരുന്നു....
എവിടെയാണ് തനിക്ക് പാളിച്ചകൾ പറ്റിയത്...?

അറിഞ്ഞു കൊണ്ട് ഒരാളേയും ദ്രോഹിച്ചിട്ടില്ല...
എല്ലാവരോടും നല്ല രീതിയിൽ മാത്രമെ പെരുമാറിയിട്ടുള്ളു.....

ഈ ഈജിപ്ഷ്യന്മാർ‌ക്കെല്ലാം എന്നോടെന്താണ് ഇത്ര വൈരാഗ്യം....!!?
ഇവരെന്തിനാണ് എന്നെ ശത്രുവായി കാണുന്നത്....?
എന്റെ കഴിവനപ്പുറം ഞാനാ കടയിൽ പണിയെടുത്തിട്ടുണ്ട്.....
എന്നിട്ടും....!!?

വളരെ ശാന്തമായി, സന്തോഷമായി ഒഴുകിക്കൊണ്ടിരുന്ന എന്റെ ജീവിതത്തിൽ വളരെ പെട്ടന്നാണ് കരിനിഴൽ വീണത്....!!
എന്നും വൈകുന്നേരങ്ങളിൽ ചായ കുടിക്കാനും വെടി പറഞ്ഞിരിക്കാനുമായി തൊട്ടപ്പുറത്തെ കടയിലെ ഒരു ഈജിപ്ഷ്യൻ വരുമായിരുന്നു. അവന്റെ കട പൂട്ടിയതിനു ശേഷമാണ് വരവ്. ഞാൻ എന്നും ചായ ഉണ്ടാക്കിക്കൊടുക്കും. അവനും ബോസ്സും കൂടി ലോക കാര്യങ്ങളൊക്കെ സംസാരിക്കും. ആ ദിവസങ്ങളിൽ പത്തു മണി കഴിയാതെ കട പൂട്ടാൻ കഴിയാറില്ല.

അവൻ എന്നെങ്കിലും എനിക്കൊരു പാരയായി തീരുമെന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ദിവസങ്ങൾ കടന്നു പോകവെ, ബോസിന്റെ മുൻപിൽ വാചക കസർത്തുകൾ നടത്തി നടത്തി, അദ്ദേഹത്തെ മയക്കി പോക്കറ്റിലാക്കി.

അങ്ങനേയും ചില ആളുകൾ ഉണ്ടല്ലൊ നമ്മുടെ നാട്ടിൽ...
എത്ര വിദ്യാഭ്യാസവും വിവരവും ഉള്ളവരെ പോലും വാചക കസർത്തിൽ, ചെപ്പടി വിദ്യകളിൽ മയക്കി തലയിൽ കയറിയിരുന്ന് വളയം പിടിക്കുന്നവർ...!!
നമ്മൾ വളരെയേറെ ബഹുമാനിക്കുന്നവർ പോലും ചില ചെപ്പടി വിദ്യകൾ കാട്ടുന്ന കള്ള സ്വാമിമാരുടെ മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നതു കാണുമ്പോൾ മൂക്കത്തു വിരൽ വച്ചു പോകാറില്ലെ.....?

എന്താണവരുടെ അതിനുള്ള യോഗ്യത....?
ചെപ്പടി വിദ്യയോ..?
ആജ്ഞാ ശക്തിയോ...?
ആൾക്കൂട്ടത്തെ ഉണ്ടാക്കാനുള്ള കഴിവോ...?
അതുപോലെ വാചക കസർത്തിൽ ആളുകളെ മയക്കാൻ കഴിവുള്ളവനായിരുന്നു ആ ഈജിപ്ഷ്യൻ......!!

വളരെ സ്വതന്ത്രമായി ചിന്തിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന ആളായിട്ടു പോലും, അവന്റെ വാചക കസർത്തിൽ വീണു പോയ ബോസ് ഒരു സുപ്രഭാതത്തിൽ മറ്റൊരു സ്ഥാപനത്തിൽ വെറും സെയിൽ‌സ്‌മാനായിരുന്ന അവനെ പിടിച്ച് കമ്പനിയുടെ സെയിൽ‌സ്‌ മാനേജരാക്കി.....!!!

കാറും ഫ്ലാറ്റും മറ്റു സൌകര്യങ്ങളും കിട്ടിയപ്പോൾ അവൻ ഒരു സാധാരണക്കാരനല്ലാതായി...
പിന്നെ അവന്റെ താഴെയായി എന്റെ ബോസ്...!!
ബോസ്സിനോട് ചോദിക്കാതെ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി....!!
ബോസ് ആദ്യമൊന്നും ഗൌനിച്ചില്ല....!
അല്ലെങ്കിൽ എന്തെങ്കിലും തിരിച്ചു പറയാൻ കഴിവില്ലാത്തവനായി മാറി...!!

പാര ഈജിപ്ഷ്യൻ വന്നതിനു ശേഷം ആദ്യം ചെയ്ത പരിഷ്കാരം, എനിക്കു കിട്ടിക്കൊണ്ടിരുന്ന അധിക വേതനത്തിന്റെ കടക്കൽ കത്തിവക്കലായിരുന്നു....!!!
ആ മാസം തന്നെ അതു നിറുത്തലാക്കി....!!


ബാക്കി അടുത്ത പോസ്റ്റിൽ.............

Saturday, 1 May 2010

സ്വപ്നഭുമിയിലേക്ക്... (19)


കഥ തുടരുന്നു...
കുഞ്ഞപ്പന്റെ കഥ...


ഫ്രീവിസയെക്കുറിച്ച് പറയുമ്പോൾ എഴുതാതിരിക്കാനാവാത്ത ഒരു കഥയാണ് കുഞ്ഞപ്പന്റേത്....
കുഞ്ഞപ്പൻ ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റിൽ വന്നിട്ട് ഒരു മാസമേ ആയുള്ളു. ബഹ്‌റീനിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളു. ഇതിനിടക്ക് പല ജോലികളും കിട്ടിയെങ്കിലും ഒന്നും ജീവിതം മെച്ചപ്പെടാൻ ഉതുകുന്നതായിരുന്നില്ല.

അങ്ങനെയിരിക്കെ ആണ് ഒരു സൂപ്പർ മാർക്കറ്റിൽ കൊള്ളാവുന്നൊരു ജോലി തരപ്പെട്ടത്.
പക്ഷെ, വിസ അവരുടെ കമ്പനിയിലേക്ക് മാറ്റിയാൽ മാത്രമെ സ്ഥിരമായി ജോലി കൊടുക്കുകയുള്ളു. വിസ മാറ്റണമെങ്കിൽ പാസ്പ്പോർട്ട് കയ്യിൽ വേണം, അർബാബിന്റെ സമ്മതപത്രവും വേണം.

അപ്പോഴാണ് സ്പോൺസറെ കുറിച്ച് ചിന്തിക്കുന്നത്....!
ഇവിടെ വന്നതിനു ശേഷം അങ്ങനെ ഒരാളെ നേരിൽ കണ്ടിട്ടില്ല....!!
അയാളുടെ കയ്യിലാണ് കുഞ്ഞപ്പന്റെ പാസ്പ്പോർട്ട്.....!!

നാട്ടിൽ, ഒരു മലയാളിയുടെ വീട്ടിൽ ഒരു ലക്ഷം രൂപ എത്തിച്ചതിനു ശേഷമാണ് വിസയുടെ കോപ്പിയുമായി കേറിപ്പോന്നത്. മലയാളിയെ ഇവിടെ വന്നതിനു ശേഷം ഒന്നു രണ്ടു പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളു....

ആദ്യം വിമാനത്താവളത്തിൽ വച്ച് സ്വീകരിക്കാനും കൂട്ടിക്കൊണ്ടു പോകാനും വന്നിരുന്നു, അന്നു തന്നെ വിസ അടിക്കാനെന്നും പറഞ്ഞ് പാസ്പ്പോർട്ട് വാങ്ങി പോക്കറ്റിലാക്കി.
പിന്നെ കാണുന്നത്, പാസ്പ്പോർട്ടിൽ വിസ അടിച്ചെന്നു പറയാനും സി.പി.ആർ. (C.P.R ഇവിടത്തെ ഐഡന്റിറ്റി കാർഡ്) കൊടുക്കാനും വന്നപ്പോഴാണ്....

CPR- അത് എപ്പോഴും കയ്യിൽ കൊണ്ടു നടക്കണം....
നമ്മളെക്കുറിച്ചുള്ള വേണ്ടപ്പെട്ട വിവരങ്ങളെല്ലാം അതിൽ ഉണ്ടാകും....
നമ്മുടെ അർബാബിന്റെ പേരും മറ്റും അതിൽ കാണും....
ബാങ്കിൽ അക്കൌണ്ട് തുടങ്ങാൻ, പണമെടുക്കാൻ, ടെലഫോൺ എടുക്കാൻ, ഫ്ലാറ്റ് വാടകക്കെടുക്കാൻ, ആശുപത്രിയിൽ പോകാൻ, എന്നു വേണ്ട എന്തിനും ഏതിനും അതു കൂടിയേ തീരു....
അതില്ലാതെ ഒന്നും നടക്കില്ല.....!!
നമ്മുടെ കയ്യും കാലും പോലെ CPR- നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ്. അതില്ലെങ്കിൽ നമ്മളില്ല....!!
നമ്മൾ ഏതു രാജ്യക്കാരനെന്നു തിരിച്ചറിയുന്നതു പോലും അതു നോക്കിയിട്ടാണ്....!!
ചിലർ ഇവിടെ വന്ന് നാലു കാശായിക്കഴിയുമ്പോൾ സ്വന്തം രാജ്യം പോലും മറന്നു പോകും.....!!
മലയാളം മറക്കുന്ന മലയാളികളെ പോലും കാണാം....!!
മലയാളികളെ പുഛത്തോടെ നോക്കുന്ന മയാളികളേയും കാണാം.... !!
അവരാണ് ഏറ്റവും കൂടുതൽ ദ്രോഹം മലയാളികൾക്ക് വരുത്തുന്നത്.....!!

ശമ്പളം കൊടുക്കാതിരിക്കുക, കൂടുതൽ സമയം പണിയെടുപ്പിക്കുക, ഓവർടൈം കൊടുക്കാതിരിക്കുക, അവസാനം എല്ലാവരേയും പറ്റിച്ച് മുങ്ങുക. ഇത്യാതി കലകൾക്കെള്ളാം ഇവർ മുൻപന്തിയിൽ ആണ്.

കുഞ്ഞപ്പന്റെ CPR- നിന്നുമാണ് അർബാബിന്റെ പേരു കിട്ടിയത്.....
പിന്നെ ഒന്നു രണ്ടാഴ്ചക്കു ശേഷമാണ് അയാളുടെ ടെലഫോൺ നമ്പർ കണ്ടെത്താനായത്...

ബാക്കിയുള്ള കുഞ്ഞപ്പന്റെ കഥ വായിക്കണമെങ്കിൽ ഇതിലേ പോയാൽമതി.......


ബാക്കി അടുത്ത പോസ്റ്റിൽ....

Thursday, 15 April 2010

സ്വപ്നഭുമിയിലേക്ക്..... (18)


"എല്ലാ വായനക്കാർക്കും എന്റേയും കുടും‌ബത്തിന്റേയും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ...”

കഥ തുടരുന്നു....
എന്റെ പ്രാർത്ഥനകളിൽ.....

അങ്ങനെ അനിയൻ ഒരു മാസത്തിനുള്ളിൽ ലാന്റ് ചെയ്തു....!
ഒരു മാസത്തിനുള്ളിൽ വീണ്ടും ഒരു ചിലവ് കൂടി ഫ്ലാറ്റിൽ അരങ്ങേറി..!!
എനിക്കു സന്തോഷമായിരുന്നു...!!
ഒരിക്കലും നടക്കില്ലന്നു കരുതിയിരുന്ന കാര്യമാണ് നടന്നത്...!!

അനിയനെ ബോസിന്റെ മുൻപിൽ ഹാജരാക്കി. വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞപ്പോൾ ബോസിന് എന്നോടൊരു സോഫ്റ്റ് കോർണർ....!!
അദ്ദേഹം പറഞ്ഞു.
“ വിസക്കും ടിക്കറ്റിനും ഉള്ള കാശ്, ഇപ്പോൾ നീ എന്റെ കയ്യിൽ നിന്നും ലോണായിട്ടല്ലെ എടുത്തത്.” “അതെ... അതു ഞാൻ പെട്ടെന്നു തീർത്തോളാം...” ഞാൻ.
“അതല്ല.. അതു നീ എടുക്കണ്ട...! ഞാനെടുത്തോളാം... ?!”
“ വേണ്ട ബോസ്സ്... എന്റെ അനിയനു വേണ്ടിയല്ലെ.... അതു ഞാനെടുത്തോളാം...” “ഞാനെടുത്തോളാമെന്നു പറഞ്ഞത്, എന്റെ കയ്യിൽ നിന്നല്ല. കമ്പനിയിൽ നിന്നും നമുക്കത് എഴുതിക്കളയാം...!!!”

ഞാൻ ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ ഇരുന്നുപോയി...
അവൻ തുടർന്നു..
“ അപ്പൊ, നീയെടുത്ത ലോൺ അതങ്ങനെ തന്നെ 10 ദിനാർ വച്ച് അടച്ചു തീർത്തൊ....!!
നീ ചിലവാക്കിയ കാശ് ഞാനിപ്പോൾ തന്നെ തരാം...!! ഇതു ചിലവാക്കാതെ സൂക്ഷിച്ചു വക്ക്. നിന്റെ വീടെന്ന സ്വപ്നത്തിന് ഇതൊരു തുടക്കമാവട്ടെ...!!! ”

അദ്ദേഹം മേശയിൽ നിന്നും ആ തുക എണ്ണിയെടുത്തു തന്നു.... !!
സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെയാണ് ഞാനത് കൈ നീട്ടി വാങ്ങിയത്...!!
എന്താണ് സംഭവിക്കുന്നതറിയാതെ കണ്ണും തള്ളിയിരുന്ന എന്റെ അനിയനും അതിനു സാക്ഷിയായിരുന്നു....!
അദ്ദേഹത്തോട് നന്ദി പറയാൻ ഞാൻ മറന്നില്ല.....
ഇനിയുള്ള എന്റെ പ്രാർത്ഥനകളിൽ നിനക്കുവേണ്ടിയും ഒരു വരിയുണ്ടാകും....

അനിയന് ജോലികളെല്ലാം സാവധാനം പഠിപ്പിച്ചു കൊടുത്തു..
ഞാൻ ചെയ്തു കൊണ്ടിരുന്ന ജോലികളിൽ ആയാസം കുറഞ്ഞതാണ് അവനെ ഏൽ‌പ്പിച്ചത്.....
എന്റെ മുറിയിൽ ഒരു കട്ടിലു കൂടി ഇട്ട്, എന്നോടൊപ്പം തന്നെ താമസവും ശരിയാക്കി.

ഭാഗ്യത്തിന് അവൻ കുടിക്കുമായിരുന്നില്ല...
അതു കൊണ്ട് വർഗ്ഗീസേട്ടന്റെ തമാശകളിൽ നിന്നും രക്ഷപ്പെട്ടു....!!!

ദിവസങ്ങൾ കൊഴിഞ്ഞു വീഴവേ...
അപ്രതീക്ഷിതമായി ഒരു ഫോൺകാൾ.....!!?
പരിഭ്രാന്തിയിൽ പതറിപ്പോയ വാക്കുകൾ.....!!
അതു ‘ബോബി‘യുടേതായിരുന്നു......!?
ബോബിയെ അറിയില്ലെ. കറിക്കു പകരം ആപ്പിൾ കൂട്ടിത്തിന്നാൻ പഠിപ്പിച്ച ബോബിയെ.
ബോബിയുടെ ആ കഥ മുൻപു ഞാൻ എഴുതിയിരുന്നു...
നിങ്ങളിൽ ചിലരെങ്കിലും അത് വായിച്ചിരിക്കും...
ഒന്നു കൂടി അടുക്കിപ്പറുക്കി വച്ചിട്ടുണ്ട്....
ഇനിയും വായിക്കാത്തവർ -" ഇതിലേ പോയാൽ " വായിച്ചു മടങ്ങാം...

ബാക്കി അടുത്ത പോസ്റ്റിൽ.....

Thursday, 1 April 2010

സ്വപ്നഭുമിയിലേക്ക്.... ( 17 ) തുടരുന്നു...

കഥ തുടരുന്നു....
ഫ്രീ വിസ....

ദിവസങ്ങൾ പിന്നെയും കടന്നു പോയി...
ബോസ്സുള്ളതു കൊണ്ട് ദിവസങ്ങൾക്ക് ജീവനുണ്ടായിരുന്നു...!
നല്ല ബിസിനസ്സും കിട്ടിത്തുടങ്ങിയിരുന്നു. ജോലി ഭാരം കൂടി വന്നപ്പോൾ പുതിയ ജീവനക്കാരെ ആവശ്യമായി വന്നു. വെറുതെയിരിക്കുമ്പോഴുള്ള സൌഹൃദ സംഭാഷണങ്ങളിൽ ഞങ്ങളുടെ നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ പരസ്പരം കൈമാറിയിരുന്നു.

അന്നൊരു ദിവസം ഞാൻ എന്നെക്കുറിച്ച് പറയുമ്പോൾ അവൻ ഉറപ്പു തന്നിരുന്നതാണ്. എന്റെ അനിയനെ കടയിലേക്ക് കൊണ്ടു വരാനുള്ള വിസ തരാമെന്ന്...! ഞാൻ പറഞ്ഞു.
“ അനിയൻ വന്നാൽ പിന്നെ വീട്ടിലെ കാര്യങ്ങൾ അവനെ ഏൽ‌പ്പിക്കാം. അതു കഴിഞ്ഞിട്ടു
വേണം ഇവിടന്നു പോകുന്നതിനു മുൻപ് എനിക്ക് സ്വന്തമായിട്ടൊരു കൂര തീർക്കാൻ...!”
“എല്ലാം നിനക്കുണ്ടാകും. ഞാനില്ലെ നിന്റെ കൂടെ....! കുറച്ചു കഴിയട്ടെ. നമ്മുടെ ബിസിനസ്സ് കുറച്ചു കൂടി മെച്ചപ്പെടട്ടെ...”
അവന്റെ വാക്കുകൾ പകർന്നു തന്ന കുളിർമ്മ ചില്ലറയല്ല.

പിന്നെയും കുറെ കഴിഞ്ഞിട്ടാണ് വിസ ചോദിക്കാനുള്ള സന്ദർഭം ഒത്തു വന്നത്.
കാരണം, ഇവിടെ നിന്നു തന്നെ ഡ്രൈവിങ് ലൈസൻസുള്ള രണ്ടു പേരെ വിസ മാറ്റി
എടുത്താണ് സെയിൽ‌സുമാന്മാരായി നിയമിച്ചത്. രണ്ടു പേരും ഇന്ത്യക്കാരായിരുന്നു.

അതു കഴിഞ്ഞപ്പോഴാണ് ഞാൻ അനിയന്റെ വിസയുടെ കാര്യം പറഞ്ഞത്. അവൻ ഒരെതിർപ്പും പറയാതെ പാസ്പ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടു. അതിനു ശേഷമാണ് നാട്ടിൽ നിന്നും കോപ്പി വരുത്തിയത്.

പിന്നെ അധികം താമസമുണ്ടായില്ല....
പത്തേപത്തു ദിവസം മാത്രം....!!
വിസ കയ്യിൽ കിട്ടി....!!!
സത്യം പറയാമല്ലൊ, ഒരു ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു എനിക്ക്....!!!!

കൂട്ടുകാർ പലരും അവരുടെ സഹോദരങ്ങളെ കൊണ്ടുവരാൻ ചിട്ടി പിടിച്ചും ബാക്കിയുള്ളത് കടം വാങ്ങിയും മറ്റും വിസ കാശു കൊടുത്തു വാങ്ങുമ്പോൾ, എനിക്ക് സർക്കാരിലേക്ക് അടക്കേണ്ട ചെറിയ തുക മാത്രം അടച്ച് അനിയന്റെ വിസ കിട്ടിയതിലുള്ള സന്തോഷം എഴുതി അറിയിക്കാൻ എനിക്കറിയില്ല....!

കാശു കൊടുത്തൊരു വിസ വാങ്ങാൻ ഒരിക്കലും കഴിയുമായിരുന്നില്ല. അങ്ങനെ വാങ്ങിയാൽ തന്നെയും ഏതെങ്കിലും അറബിയുടെ ആട്ടും തൂപ്പും കൊള്ളാനായി അവനെ വിട്ടുകൊടുക്കാൻ ഞാൻ തെയ്യാറല്ലായിരുന്നു. എന്റെ അനുഭവം തന്നെ കാരണം.

സുഹൃത്തുക്കൾ പലരും സഹോദരങ്ങളെ കൊണ്ടു വന്ന് ഈ ഗൾഫിന്റെ തെരുവീഥിയിൽ ഇറക്കി വിടും. കാരണം ‘ഫ്രീ വിസ’ എന്ന പേരിൽ അറിയപ്പെടുന്ന വിസയായിരിക്കും മിക്കവരും സംഘടിപ്പിക്കുന്നത്. ആ വിസ ‘ഫ്രീ’ ആയിട്ടു കിട്ടുന്നതോ, ഇവിടെ വന്ന് തോന്നിയതു പോലെ ജോലിയെടുത്ത് ജീവിക്കാൻ  കഴിയുന്നതോ അല്ല.

അതിലൊരു ജോലി പറഞ്ഞിട്ടുണ്ടാകും. ആ ജോലി, അതേ അറബിയുടെ കീഴിൽ ചെയ്യാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്. പക്ഷെ, കാശിനു ദാരിദ്ര്യമുള്ള അറബികൾ തന്റെ വീട്ടിൽ പുറം‌ പണിക്ക് ആളെ ആവശ്യമുണ്ടെന്നു പറഞ്ഞ് സർക്കാരിൽ നിന്നും വിസ സംഘടിപ്പിക്കും. വാസ്തവത്തിൽ
അങ്ങനെയൊരു ജോലിക്കാരനെ നിറുത്തി ശമ്പളം കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി അവനുണ്ടാകില്ല. അതു കൊണ്ട് ആ വിസ കാശു തരുന്ന ആർക്കെങ്കിലും സർക്കാരറിയാതെ വിൽക്കും.

ആ വിസയിൽ വരുന്നവന് രണ്ടു വർഷം ഇവിടെ താമസിക്കുന്നതിനുള്ള അനുവാദവും വാങ്ങിക്കൊടുത്തു കഴിഞ്ഞാൽ അറബിയുടെ ജോലി തീർന്നു. പിന്നെ അവനായി അവന്റെ പാടായി....!?
പോലീസ്സു പിടിക്കാതെ നോക്കണമെന്നു മാത്രം. ..!!

കാരണം നിയമപരമായ വിസ ഉണ്ടെങ്കിലും അതിൽ പറഞ്ഞിരിക്കുന്ന ജോലിയൊ, അതേ അറബിയുടെ കീഴിലൊ അല്ലാത്തതിനാൽ നാം മറ്റെന്തു ജോലി ചെയ്താലും തെറ്റുകാർ തന്നെ....!
ഈ വിസയിൽ വരുന്നവർ അന്നു മുതൽ നിയമവിരുദ്ധ തൊഴിലാളികളായി മാറുകയാണ്.

കുറച്ചു മനുഷ്യപ്പറ്റുള്ള അറബികളാണെങ്കിൽ അവനെ അങ്ങനെ വിട്ടേക്കും. എവിടെയെങ്കിലും പോയി പിഴച്ചോട്ടേന്നു വക്കും....!


പക്ഷെ, ഒരു വിഭാഗം കുറച്ചു ക്രൂരന്മാരാണ്. വിസക്കാരനെ പുറത്തു വിട്ട് അധികം കഴിയുന്നതിനു മുൻപു തന്നെ അവന്റെ പാസ്പ്പോർട്ട് കൊണ്ടു പോയി പോലീസ് സ്റ്റേഷനിൽ കൊടുക്കും. എന്നിട്ട് പറയും.
“ എന്റെ ജോലിക്കാരൻ ചാടിപ്പോയിയെന്ന്...?!”

പിന്നെ അവനെ കണ്ടെത്തേണ്ടത് പോലീസിന്റെ ചുമതലയായി. അങ്ങനെ ചെയ്താൽ അറബിക്ക് വിസക്കാരന്റെ പേരിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ശമ്പളം കൊടുക്കണ്ട. ഒരു വിധ ആനുകൂല്യങ്ങളും കൊടുക്കണ്ട. നാട്ടിൽ പോകാൻ ടിക്കറ്റ് കൊടുക്കണ്ട. മാത്രമല്ല, പോലീസ്സുകാർ അവനെ കണ്ടെത്തിയാൽ നല്ലൊരു തുക പിഴയും പിന്നെ ജയിൽ ശിക്ഷയും കഴിഞ്ഞ്, ടിക്കറ്റിനുള്ള കാശ് കയ്യിലുണ്ടെങ്കിൽ നാട്ടിലേക്ക് കയറ്റി വിടും. ഇല്ലെങ്കിൽ സന്മനസ്സുള്ളവരുടെ സഹായം തേടേണ്ടിവരും നാട്ടിലെത്താൻ.....!!

കെട്ടു താലി വരെ പണയം വച്ച് വിസ വാങ്ങി ഗൾഫിലെത്തി ജോലി ചെയ്തു കുടുംബം പോറ്റാം എന്നു കരുതി വരുന്ന പാവങ്ങളാണ് ഇതിൽ ബലിയാടുകളാകുന്നത്....!!

എന്തെങ്കിലും തൊഴിൽ അറിയാവുന്നവർ ഒരു പക്ഷെ, രക്ഷപ്പെട്ടേക്കും. പറ്റിയൊരു ജോലി കണ്ടെത്തി, ശമ്പളവും മറ്റു കാര്യങ്ങളും പറഞ്ഞുറപ്പിച്ചിട്ട് ആ കമ്പനിയിലെക്ക് വിസ മാറ്റണം. അതിനു കഴിയാത്തവർ  തെറ്റുകാരായിത്തന്നെ ജോലി ചെയ്യേണ്ടി വരും....!!

ഇനി എങ്ങനെയെങ്കിലും രണ്ടു വർഷം തള്ളി നീക്കിയാലൊ, പിന്നെ നിൽക്കണമെങ്കിൽ വീണ്ടും വിസ അടിക്കണം. അതിനായി അറബിയെ സമീപിച്ചാൽ അവൻ ഒരു പുതിയ വിസക്കുള്ള കാശാവും  ചോദിക്കുക ...!!

പിന്നെ അവന്റെ കാലും കയ്യും പിടിച്ച് കരഞ്ഞു പറയുമ്പോൾ മനസ്സലിയും. നൂറോ ഇരുന്നൂറോ കുറച്ചു തരും. അത്ര തന്നെ....!?

പറഞ്ഞുറപ്പിച്ച കാശ് ഉടനെ എത്തിച്ചാൽ വീണ്ടും വിസ അടിക്കും. അതിനു കഴിയാത്തവൻ പിന്നെ അറബിയെ  കാണാൻ വരില്ല. അവൻ എന്നും നിയമവിരുദ്ധ തൊഴിലാളി ആയി കാലം കഴിക്കണം. പിന്നെ കേരളം അങ്ങ് അറബിക്കടലിൽ ഒലിച്ചു പോയീന്നറിഞ്ഞാലും അവനിവിടന്ന് പെട്ടെന്നൊന്നും രക്ഷപ്പെടാനാവില്ല....!!!

എന്നെങ്കിലും ഒരു ‘ പൊതു മാപ്പു’ സർക്കാർ പ്രഖ്യാപിക്കുന്നതു വരെ കാത്തിരുന്നേ പറ്റൂ.
അതു കൊണ്ട് അത്തരം ഒരു വിസയെടുത്ത് ആരെയെങ്കിലും കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടില്ല.

ഇവിടെ, ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലാണ് അനിയൻ വരുന്നത്. അവന്റെ ഏതൊരു
കാര്യത്തിനും എന്റെ സഹായം ഉണ്ടാകും. അതു കൊണ്ടാണ് ഒരു ലോകം പിടിച്ചടക്കിയ സന്തോഷം തോന്നിയത്.

വിസ കിട്ടിയതു കൊണ്ട് മാത്രം കാര്യമായില്ലല്ലൊ. വിമാന ടിക്കറ്റും വേണ്ടെ....?
അതിനായി ബോസിനെ തന്നെ സമീപിച്ചു. ബോസ് മറുത്തൊന്നും പറയാതെ ടിക്കറ്റിനുള്ള പണവും ലോണായിട്ടു തന്നു.

ആ മാസത്തെ ശമ്പളം മുതൽ പത്ത് ദിനാർ വച്ചു പിടിച്ചോളാൻ ഞാൻ സമ്മതിച്ചു.

വൈകുന്നേരം കട പൂട്ടി വിസയുമായി ഞാൻ റൂമിലേക്ക് തിരിച്ചു....
ഫ്ലാറ്റിന്റെ വാതിൽക്കൽ എത്തിയതും ഒരു നിമിഷം നിന്നു....!
ഇതുമായി ഇപ്പോൾ കേറിച്ചെന്നാൽ ഉണ്ടാകുന്ന പുകിൽ ഓർത്തായിരുന്നു നിന്നത്....!!
അതോ അനിയൻ വന്നിട്ട് പറഞ്ഞാൽ മതിയോ...?

എന്തായാലും കൂട്ടുകാർക്ക് ചിലവു ചെയ്യാതിരിക്കാൻ ആവില്ല.
വിസ കിട്ടിയതിനും അനിയൻ വരുമ്പോഴും ചിലവു ചെയ്യണം. രണ്ടും കൂടി ഒന്നാക്കിയാൽ ചിലവു കുറയുമല്ലൊ....?
അല്ലെങ്കിൽ വേണ്ട....
ഇതു വരെ ഞാൻ അവരോടൊപ്പം കൂടിയിട്ടേയുള്ളു. എന്റേതായിട്ട് കാര്യമായ ഒരു ചിലവും ഇതുവരെ നടത്തിയിട്ടില്ല...
അതു തന്നയാണ് നല്ലത്....!
എന്റെ ഈ സന്തോഷത്തിൽ അവരും പങ്കു ചേരട്ടെ....!!

ഞാൻ വാതിൽ തുറന്ന്, ചിരിക്കുന്ന മുഖത്തോടെ വിസയും പൊക്കിപ്പിടിച്ച് അകത്തു കയറിയതും ടീവിയിൽ കണ്ണും നട്ടിരുന്ന സുഹൃത്തുക്കളിൽ ചിലർ ചാടി എഴുന്നേറ്റ് കടലാസ്സിൽ പിടികൂടി.
കൂട്ടത്തിൽ പൊക്കം കൂടിയ വർഗ്ഗീസേട്ടനാണത് കിട്ടിയത്.
“ എടാ.. നീയെങ്ങനെ ഒപ്പിച്ചടാ.. ഇത്...?”
അത് വായിച്ച ശേഷം വർഗ്ഗീസേട്ടന്റെ ചോദ്യം കേട്ട് മറ്റുള്ളവരും മാറി മാറി വായിച്ചു നോക്കാ‍ൻ തുടങ്ങി.  ഞാനവരോട് വിവരം പറഞ്ഞു കൊണ്ടിരിക്കെ, വർഗ്ഗീസേട്ടന്റെ ഫോണിൽ കൂടിയുള്ള സംസാരം കേട്ട് എന്റെ ശബ്ദം നിലച്ചു.
“ എടാ.. ശ്രീലങ്കെ.. നീ എവിടാടാ... നീയിങ്ട് വന്നെ.. ഒരു കാർട്ടൺ ഫോസ്റ്ററും (ബിയർ) ഒരു കുപ്പിയും.. വേഗം വേണം... ഓക്കെ.. ഓക്കെ..”

അക്കാലത്ത് വർഗ്ഗീസേട്ടന്റെ വെള്ളത്തിന്റെ പറ്റുപടി അവരുമായിട്ടായിരുന്നു. ‘ശ്രീലങ്ക’ എന്നത് ഒരു കോഡ് പേരാണ്. ഇരുട്ടിന്റെ മറവിലാണാ ബിസിനസ്സ് ചെയ്തിരുന്നത്. ഞങ്ങളാരെങ്കിലും വിളിച്ചു പറഞ്ഞാൽ അവർ വരികയില്ല.

ഞാൻ ചോദിച്ചു.
“വർഗ്ഗീസേട്ടാ.. ഒരു കാർട്ടൺ ബിയറോ...!!?”
“ നീ പോയി വേഗം കുളിച്ചെ.. ബാക്കി ഞാൻ നോക്കിക്കോളാം. എന്റെ കയ്യിലിരുന്ന ബീഫ് ഞാൻ ഫ്രൈ  ആക്കി വച്ചിട്ടുണ്ട്. കുറച്ച് ചിക്കൻ സോസേജ് കൂടി വാങ്ങി വറുക്കാം. അപ്പോഴേക്കും നീ പോയി കുളിച്ചേച്ചു വാ...”
എന്നു പറയലും വർഗ്ഗീസേട്ടൻ ചിക്കൻ സോസേജിനു ഓർഡർ കൊടുക്കാനായി ഫോണിന്റടുത്തേക്കു വീണ്ടും തിരിഞ്ഞു.

കുടിക്കാൻ ഒരു കാരണവും കാത്തിരിക്കുന്ന വർഗ്ഗീസേട്ടനത് ഉത്സവമാക്കി മാറ്റി അന്ന്.

വർഗ്ഗീസേട്ടൻ അങ്ങിനെയാണ്. മറ്റുള്ളവരുടെ സന്തോഷവും തന്റേതായി കാണുന്ന ഒരു പ്രകൃതം.
പിന്നെ പറയേണ്ടല്ലൊ.... പൂരം...!!

ഞാൻ കുളി കഴിഞ്ഞെത്തിയതും ‘ഠപ്പ്’ ബിയർ പാട്ടകൾ ഒന്നൊന്നായി പൊട്ടിത്തുടങ്ങി....!!
പിന്നെ പതിവു പരിപാടികൾ കുടി, തീറ്റ, പാട്ട്, ആട്ടം....!!!
വർഗ്ഗീസ്സേട്ടൻ ഒഴിയുന്ന ഗ്ലാസ്സുകൾ നിറച്ചു കൊടുക്കാനായി ഓടി നടന്നു. ഒന്നിനും ഒരു കുറവും വരുത്തിയില്ല.  എല്ലാം കഴിഞ്ഞ്, ആടിയതിന്റേയും പാടിയതിന്റേയും പിന്നെ കുടിയുടേയും ക്ഷീണം കാരണം  എല്ലാവരും തോന്നിയ പോലെ തോന്നിയേടത്ത് കിടന്ന് ബോധം കെട്ടുറങ്ങി.....!!!!
ഞങ്ങളുടെ സാമാന്യം വലിയ ഹാൾ, പൂരം കഴിഞ്ഞ അമ്പലപ്പറമ്പു പോലെയായി.....

ബാക്കി അടുത്ത പോസ്റ്റിൽ....