Sunday, 15 July 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ. (6)




നീണ്ടകഥ...
മഴയിലൊരു വിരുന്നുകാരൻ...(6)

കഥ ഇതുവരെ.


അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു. മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു....
തുടർന്നു വായിക്കുക...




ഭാഗ്യം കെട്ട മക്കൾ..
പക്ഷെ, നടുവേദനയുടെ കാര്യം മക്കളുടെ മുൻപിൽ അവതരിപ്പിക്കേണ്ടി വന്നു.
മക്കളതിന് ഒരെളുപ്പ വഴിയും കണ്ടെത്തി...
എത്രവന്നാലും ഞാനവരുടെ അഛനല്ലാതെ വരില്ലല്ലൊ...?
ആ സ്നേഹം മക്കൾക്കില്ലാതിരിക്കുമോ...?

“അങ്ങനെ മക്കൾ തീരുമാനമെടുക്കാൻ ഒരു കാരണമുണ്ടായിരുന്നു.
അന്നത്തെ നാട്ടുകാരറിഞ്ഞ വഴക്കിനു ശേഷം സ്വന്തക്കാരും അയൽപക്കക്കാരും മറ്റും എന്റെ മക്കളെ വഴിവക്കിലും മറ്റും തടഞ്ഞു നിറുത്തി കാര്യം തിരക്കാനും ചോദ്യം ചെയ്യാനും തുടങ്ങി. അതൊക്കെ വലിയ നാണക്കേടാണ് അവർക്ക് വരുത്തി വച്ചത്. ഏതൊ ഒരു അയൽക്കാരനാണ് മൈസൂറിൽ പോയാൽ നടുവേദന മാറ്റാൻ കഴിയുമെന്ന് ഉപദേശിച്ചത്. ഞാനും അതംഗീകരിച്ചു. കാരണം ഞാനും കേട്ടിരുന്നു ഗൽഫിൽ വച്ച്. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കൾ മൈസൂറിൽ പോയി ആയൂർവേദ വൈദ്യന്റെ അടുത്ത് നിന്നും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അസുഖം ഭേദമായത് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു സിദ്ധനോ മറ്റൊ ആയിരുന്നു. നാട്ടിലെത്തിയാൽ എന്റെ നടുവേദനക്ക് അവിടെ പോകണമെന്ന് തീരുമാനിച്ചിരുന്നതാണ്.

പക്ഷെ, ഓരോ വരവിനും അതൊന്നും നടന്നില്ല. മക്കളുടേയും വീടിന്റേയും ഒരോരൊ കാര്യങ്ങൾക്കായി കാശൊക്കെ ചിലവാകും. എന്റെ കാര്യം അടുത്ത വരവിലേക്ക് മാറ്റിവക്കും.  ഇപ്പോൾ അക്കാര്യം മക്കൾ ഇങ്ങോട്ടു പറയുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. മാത്രമല്ല ഒരു വെടിക്ക് രണ്ട് പക്ഷി എന്നതുപോലെ മറ്റൊരു കാര്യവും അതിലടങ്ങിയിരുന്നു.”
“അതെന്തു കാര്യമാ മാമാ...?”
ഒരു നിമിഷം പോലും വൈകാതെയുള്ള ചോദ്യം നിമ്മിയുടേതായിരുന്നു.
“പറയാം... അവസാന വഴക്കിനു ശേഷം ഞാനൊരു തീരുമാനമെടുത്തിരുന്നു. അത് നടപ്പിലാക്കാൻ പറ്റിയ സന്ദർഭം ഒത്തുവന്നതിലാണ് ആ യാത്ര എനിക്ക് സന്തോഷം തന്നത്.

മക്കളുടെ ഒഴിവുകൾ ഒത്തു വന്ന ഒരു ദിവസം മൂത്തവന്റെ വണ്ടിയിൽ രണ്ടു മക്കളും അവരുടെ ഭാര്യമാരും കൂടി ഒരുച്ച കഴിഞ്ഞ നേരത്ത് പുറപ്പെടാ‍ൻ നേരം  ‘ഞാനിപ്പൊ വരാം..’
എന്നു പറഞ്ഞ് വീടിന്റെ പിറകിലെ ദേവുവിനെ സംസ്കരിച്ച സ്ഥലത്തെ മൺകൂനയ്ക്കടുത്ത് പോയി ഒരു നിമിഷം  കണ്ണടച്ചു നിന്നു. പിന്നെ മനസ്സിൽ പറഞ്ഞു.
‘ദേവു... ഞാനിന്ന് നമ്മുടെ വീട്ടിൽ നിന്നും വിട പറയുകയാണ്. നിനക്കോ ഒരു ജീവിതം തരാൻ എനിക്കായില്ല. നമ്മുടെ മക്കൾക്കും നല്ലൊരു ജീവിതം കൊടുക്കാൻ കഴിയുന്നില്ല. എന്റെ സ്വഭാവം എനിക്ക് തന്നെ മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല ദേവൂ. നാളിതുവരെയായിട്ടും മക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ എനിക്ക് കഴിയുന്നില്ല. അവരോടൊപ്പം ജീവിച്ച് നിനക്കല്ലെ പരിചയം. ഞാനിവിടന്ന് പോയാലെങ്കിലും നമ്മുടെ മക്കൾ  അവരുടെ ഇഷ്ടത്തിനനുസരിച്ച് സന്തോഷമായി ജീവിച്ചോട്ടെ. ഞാനൊന്നിനും ഒരു തടസ്സമാവില്ല. അസുഖം ഭേദമായാലും ഇല്ലെങ്കിലും  ഇനിയൊരു മടക്കയാത്ര ഉണ്ടാവില്ല. പഴയ നെഞ്ചെരിച്ചിലും മറ്റും കൂടെക്കൂടെ വരുന്നതു കൊണ്ട് എത്രയും വേഗം നിന്റടുത്തെത്തും ഞാൻ. ഇനി ഞാൻ പോകട്ടെ...’  പിന്നെ രണ്ടു തുള്ളി കണ്ണുനീർ വീഴ്ത്തി ഞാൻ തിരിഞ്ഞു നടന്നു.”

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് ഗൌരിയും നിമ്മിയും മാധവന്റെ രണ്ടു വശത്തുമായി തോളിൽ പിടിച്ചമർത്തി ഒന്നും മിണ്ടാതെ. നേരെ എതിർ വശത്ത് കട്ടിലിൽ തല വച്ച് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു ലക്ഷ്മി...
കുറച്ചു നേരം നിശ്ശബ്ദമായിരുന്ന മാധവൻ വീണ്ടും തുടർന്നു.
“ അന്ന് ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. ഇടക്ക് വണ്ടി നിറുത്തി ചായ കുടിക്കുകയും മറ്റും ചെയ്തിരുന്നു. ഏതാണ്ട് സന്ധ്യ ആയ നേരത്താണ് ഞങ്ങൾ കേരള അതിർത്തിയിൽ എത്തുന്നത്. രാത്രിയിൽ കാട്ടിനുള്ളിൽ കൂടിയുള്ള യാത്രയിൽ ഭക്ഷണം കിട്ടാൻ വഴിയില്ലെന്നു മനസ്സിലായതോടെ കേരള അതിർത്തിയിൽ തന്നെയുള്ള ഒരു ഇടത്തരം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ടാണ് യാത്ര തുടർന്നത്. നേരം വെളുക്കുമ്പോഴേക്കും മൈസൂറിൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.

സന്ധ്യ കഴിഞ്ഞതുകൊണ്ട് കാട്ടിനുള്ളിൽ ഇരുട്ട് കട്ട പിടിച്ചിരുന്നു. കോടമഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു. അകലേക്കുള്ള കാഴ്ചകൾ  ദൃശ്യമല്ലായിരുന്നു. കാട് പണ്ടും എനിക്ക്  ഒരുപാട് ഇഷ്ടമായിരുന്നു. എന്റെ തറവാട്ടിൽ രണ്ടുമൂന്ന് സർപ്പക്കാട് എങ്കിലും ഉണ്ടായിരുന്നു. അതിനകത്തായിരുന്നു ഞങ്ങളുടെ കളികൾ അധികവും. തൂങ്ങിക്കിടക്കുന്ന വള്ളികളിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നതായിരുന്നു മറ്റൊന്ന്.

ഞാനിങ്ങനെ എന്റെ ചിന്തകളെ സർപ്പക്കാട്ടിൽ അലയാൻ വിട്ട് രസിച്ചിരിക്കുമ്പോഴാണ് എന്റെ മരുമക്കളിൽ ആരോ ഒരു കപ്പ് ഐസ്ക്രീം നീട്ടിയത്. സാധാരണ ഞാനിതൊന്നും കഴിക്കാറില്ല. അപ്പോഴത്തെ ഒരു മൂടിന് ഞാനത് വാങ്ങിക്കഴിച്ചു. വണ്ടിയുടെ വെളിച്ചത്തിൽ വളുവുകൾ തിരിയുമ്പോൾ  റോഡിനോട് ചേർന്നുള്ള വന്മരങ്ങളും കാട്ടു വള്ളികളും മറ്റും കാണാൻ കഴിയുമായിരുന്നു. ചെറിയതായി മയങ്ങിപ്പോകുന്നതിനിടക്കും എന്റെ ചിന്തകൾ പഴയ സർപ്പക്കാട്ടിലെത്തി.

എല്ലാ വർഷവും നൂറും പാലും കൊടുക്കും. അതിനായി പ്രത്യേകം ഒരു നമ്പൂതിരി വരുമായിരുന്നു. ഞങ്ങൾ കളിച്ചു നടക്കണ സ്ഥലമായതുകൊണ്ട് അവിടമാകെ വൃത്തിയായിരുന്നു. അതു കാണുമ്പൊഴേ നമ്പൂതിരി പറയും സർപ്പക്കാവാണ്, അത് അശുദ്ധമാക്കിയിടരുത് ഒരിക്കലും. കാർന്നോന്മാർ ഉടനെ ഞങ്ങളെ ചീത്ത പറയും. അതുകേട്ട് ഞങ്ങൾ ഓടും. എന്നാലും അവർ പോയിക്കഴിഞ്ഞാൽ ഞങ്ങളുടെ കളികൾ അതിനകത്തു തന്നെ.

എത്രയോ തരം കിളികളായിരുന്നുവെന്നോ അതിനകത്ത് കൂടു കൂട്ടി വസിച്ചിരുന്നത്. പാമ്പിൻ പുറ്റുകൾ അനവധി ഉണ്ടായിരുന്നു അതിനകത്ത്. അതിനൊന്നും ഞങ്ങൾ ഒരു ശല്യവും ഉണ്ടാക്കിയിരുന്നില്ല. സർപ്പാക്കാവിലെ പാമ്പുകൾ ഉപദ്രവിക്കില്ലാന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ പാമ്പുകളേയോ പാമ്പ് ഞങ്ങളേയോ ഒരിക്കൽ പോലും ഉപദ്രവിച്ചിട്ടില്ല. എന്നാൽ പലപ്പോഴും തൊട്ടടുത്ത് കണ്ടിട്ടുമുണ്ട്. അപ്പോൾ ഞങ്ങൾ അനങ്ങാതെ നിന്നാൽ മതി. അത് അതിന്റെ വഴിക്ക് പൊക്കോളും...

ഒരിക്കൽ കിളിക്കൂട്ടിൽ നിന്നും മുട്ട എടുക്കാനായി ഞങ്ങൾ വള്ളിയിൽ തൂങ്ങിപ്പിടിച്ച് പിന്നാലെ പിന്നാലെയായി  മുകളിലേക്ക് കയറുകയായിരുന്നു. ഏറ്റവും മുകളിലെത്തിയവൻ വള്ളിയാണെന്നു കരുതി കയറിപ്പിടിച്ചത് ഒരു വലിയ പാമ്പിന്റെ ശരീരത്തിലായിരുന്നു. ‘അയ്യോ.. പാമ്പ്..’ ന്നും പറഞ്ഞവൻ പിടിവിട്ട് താഴേക്ക് ഊർന്നിറങ്ങി. അതോടൊപ്പം തൊട്ടു പിന്നാലെയുണ്ടായിരുന്നവരും പിടിവിട്ടു. ഏറ്റവും ചെറിയവനായ ഞാൻ എറ്റവും പിറകിലായി കയറുന്നതേ ഉണ്ടായിരുന്നുള്ളു. എല്ലാം കൂടി ഇരിക്കക്കുത്തായി മീതേക്കു മീതെയായി താഴെയെത്തിയത് എന്റെ മുകളിലായിരുന്നു...!!
എല്ലാവരും കൂടി എന്നെ എടുത്ത് സർപ്പക്കാവിനു പുറത്തേക്ക് ഓടി.

അതെന്റെ ഓർമ്മയിൽ വന്നതും ഞാനറിയാതെ ചിരിച്ചു പോയി...
പെട്ടെന്നാരൊ വിളിച്ചതു പോലെ....
എന്റെ കണ്ണുകൾക്ക് വല്ലാത്ത ഭാരം തോന്നി...
എന്റെ  ചിരി കണ്ട് മക്കളാരെങ്കിലും വിളിച്ചതായിരിക്കുമെന്നു കരുതി ഞാനെന്തോ പറഞ്ഞു.
പക്ഷെ, ശബ്ദം പുറത്തു വന്നില്ല...
നാക്കിനു വല്ലാത്ത കട്ടിയോ കുഴച്ചിലോ തോന്നി...
പറയുന്നതൊന്നും തിരിയുന്നില്ലെന്ന തോന്നൽ....
ഞാൻ കണ്ണു തുറക്കാനും അനങ്ങാനുമൊക്കെ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒന്നിനും കഴിയുന്നില്ല. പിന്നെയും ഞാനതിനു ശ്രമിച്ചിട്ടും നടക്കാതെ വന്ന നേരത്താണ് പെട്ടെന്ന് മുഖത്ത് തണുത്ത വെള്ളം വന്നു വീണത്...
അതോടെ  ഞാൻ കണ്ണു തുറന്നു...
വെപ്രാളപ്പെട്ടു നോക്കുമ്പോൾ പരിചയമുള്ള മുഖങ്ങൾ ഒന്നും ആയിരുന്നില്ല എന്റെ ചുറ്റും നിന്നിരുന്നത്....
വെറും മണ്ണിലാണ് കിടക്കുന്നതെന്നു മനസ്സിലാക്കാൻ പിന്നെയും കുറച്ചു സമയമെടുത്തു...
ഞാൻ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുമ്പോൾ തല നേരെ നിൽക്കുന്നില്ലെന്നു തോന്നിയിട്ടാവും ആരൊക്കെയോ കൂടി താങ്ങിപ്പിടിച്ചിരുത്തിയത്....
അപ്പോഴാണ് വലിയൊരു മരത്തിന്റെ ചുവട്ടിലാണ് കിടക്കുന്നതെന്നും എന്റെ മക്കളോ, അവരുടെ കാറൊ അവിടെയെങ്ങുമില്ലെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുന്നത്....!!”

അതു കേട്ടതും നിമ്മിയും ഗൌരിയും ‘അയ്യൊ മാമാ..’ന്നു പറഞ്ഞ് കണ്ണൂമിഴിച്ച് സ്വന്തം വായ തന്നെ പൊത്തിപ്പിടിച്ചു. അവരെ സമ്പന്ധിച്ചിടത്തോളം അവിശ്വസിനീയമായ ഒരു വാർത്തയായിരുന്നു അത്. കുറച്ചു നേരത്തേക്ക് മാധവനും കഥ തുടരാൻ കഴിഞ്ഞില്ല. നിറഞ്ഞൊഴുകിയ കണ്ണുകൾ ഷർട്ടിന്റെ അടിവശം പൊക്കി തുടച്ചു കൊണ്ടിരുന്നു. എത്ര തുടച്ചിട്ടും വറ്റുന്നതായിരുന്നില്ല ആ കണ്ണുനീർ. മനസ്സിലെ സംഘർഷം അത്ര ശക്തമായിരുന്നതിന്റെ തെളിവാണാ കണ്ണുനീരെങ്കിലും മാധവൻ പക്ഷെ കരയുന്നുണ്ടായിരുന്നില്ല.
പിടിച്ചിട്ടും നിൽക്കാതെ ഗൌരി വാവിട്ടു കരയാൻ തുടങ്ങി... 
അതുകേട്ട് നിമ്മിയ്ക്കും പിടിച്ചു നിൽക്കാനായില്ല...
“സ്വന്തം മക്കൾ അഛനെ...! അതും ആ കൊടും കാട്ടിൽ...!!?”
അതും പറഞ്ഞ് അവളും ഉറക്കെ കരയാൻ തുടങ്ങിയതോടെ ലക്ഷ്മി എഴുന്നേറ്റ് അകത്തേക്ക് പാഞ്ഞു...
അവർ കട്ടിലിൽ ചെന്നു വീണു... 

എല്ലാം ഒന്നടങ്ങിയതോടെ ഗൌരി പറഞ്ഞു.
“നമ്മുടെ പ്രശ്നങ്ങൾ ഒന്നുമല്ല നിമ്മി.. ”
എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.
“ഈ ലോകത്ത് എന്തൊക്കയാ ഈശ്വരാ നടക്കണത്..!”
മാധവന്റെ തോളിൽ കൈ വച്ചമർത്തി നിമ്മി പതുക്കെ  പറഞ്ഞു.
“പാവം മാമൻ..”

പിന്നെ നിമ്മി എഴുന്നേറ്റിട്ട് പറഞ്ഞു.
“ഞാൻ ചായ ഇട്ടിട്ടു വരാം..”
അവൾ അടുക്കളയിലേക്ക് പോകുന്നതിനു മുൻപ് അകത്തു പോയി അമ്മയെ എഴുന്നേൽ‌പ്പിച്ചിട്ടാണ് പോയത്...
നിമ്മി ചായയുമായി വന്നപ്പോഴേക്കും കോഴി കൂവുന്നതു കേട്ടു...
കരച്ചിലിനൊടുവിൽ എല്ലാവരും  ഫ്രഷായിക്കഴിഞ്ഞിരുന്നു.
ഓരോ ഗ്ലാസ് ചൂടു ചായ കുടിച്ചു കൊണ്ടിരിക്കെ ഗൌരി ചോദിച്ചു.
“എന്നിട്ട് മാമന് നല്ല വെഷമായില്ലെ...? എങ്ങനെ സഹിച്ചു അത്..?”
ഒരു കവിൾ ചായകൂടി ഇറക്കിയിട്ട് മാധവൻ പറഞ്ഞു തുടങ്ങി.
“ചുറ്റും നിൽക്കുന്നവർ പലതും ചോദിക്കുന്നുണ്ടെങ്കിലും ഞാനൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. വളരെ കുറച്ച് ആളുകളെയുള്ളു ചുറ്റിനും.
‘ഇന്നലെ രാത്രിയിൽ എന്തായാലും ഇതുവഴി ആനയും പുലിയുമൊന്നും ഇറങ്ങിയിട്ടില്ല. അല്ലെങ്കിൽ ഈ കാർന്നോരുടെ മുടി മാത്രമെ കാണാൻ കഴിയുമായിരുന്നുള്ളു.’
‘എന്നാലും ന്റെ കാർന്നൊരെ ഇവിടെയല്ലാതെ മറ്റൊരിടവും കണ്ടില്ലെ ചാവാൻ..’
‘ആരാ കണ്ടെ ഇയാളെ...?’
‘ഞങ്ങൾ വെളുപ്പിന് വെളിക്കിരിക്കാനാ ഇവിടെ വണ്ടി നിറുത്തിയത്. ഈ തോടിന്റെ അടുത്തായിട്ട് ഇരിക്കാൻ തുടങ്ങുമ്പോഴാ ഇവൻ പറഞ്ഞത് അവിടെ ഒരാള് കിടക്കുന്നുണ്ടല്ലോന്ന്. ഞങ്ങൾ വന്നു നോക്കുമ്പോൾ ആൾക്ക് ജീവനുണ്ട്. പരിക്കൊന്നും കാണാനില്ല...’

ഇങ്ങനെ അവിടെ കൂടിയവരൊക്കെ ഓരോന്ന് പറയുന്നുണ്ടായിരുന്നു. മോള് ചോദിച്ചില്ലെ.. മാമനു വെഷമായോന്ന്. എനിക്ക് വെഷ്മായത്.. ഒരു ദിവസം കൂടി അവർക്ക് ഈ അഛനെ സഹിക്കാമായിരുന്നു. ആ യാത്രയിൽ അവരോടൊപ്പം ഞാൻ തിരിച്ചു പോകില്ലായിരുന്നു. അഛനെ കൊല്ലിച്ചവർ അല്ലെങ്കിൽ അഛനെ കാട്ടിലുപേക്ഷിച്ചവർ എന്ന ദുഷ്പ്പേരും പേറി ഇനിയുള്ള കാലം ജീവിക്കണമായിരുന്നോ..? ഇതാരും അറിഞ്ഞില്ലെങ്കിൽപ്പോലും അവരുടെ മനസ്സാക്ഷിയുടെ മുൻപിൽ നിന്നും അവർക്ക് രക്ഷപ്പെടാനാവുമോ..? എന്റെ മക്കൾ തീർച്ചയായിട്ടും ഇത്ര ഭാഗ്യം കെട്ടവരായിപ്പോയല്ലൊ..”

ചായ ഗ്ലാസ്സിലെ അവസാന കവിൾ ചായയും വലിച്ചു കുടിച്ച് ഗ്ലാസ് താഴെ വക്കവെ മാധവൻ നിവർന്നിരുന്നിട്ട് പറഞ്ഞു.  “എന്തായാലും ആ അദ്ധ്യായം അവിടെ അവസാനിച്ചു. എന്തെങ്കിലും പണത്തിനാവശ്യം വന്നാൽ ഞാനറിയുന്നതിനു മുൻപു തന്നെ വളയോ മാലയോ ഊരി മക്കൾ പോലുമറിയാതെ പണയം വച്ച് കാര്യം കണ്ട്, നമ്മുടെ കഷ്ടപ്പാടുകളൊന്നും മക്കളെ അറിയിക്കരുതെന്ന എന്റെ നിർബ്ബന്ധത്തിനു വഴങ്ങി അക്ഷരംപ്രതി അനുസരിച്ചു ജീവിച്ച എന്റെ ഭാര്യയോ, ഞാനോ, എന്റെ മക്കളോ തെറ്റുകാരെന്ന് എനിക്കറിയില്ല. ഇന്നലേക്ക് ഒരു വർഷം തികഞ്ഞു.  അതുകൊണ്ട് ഒരു വക കഴിച്ചില്ല. എവിടേയും നിന്നില്ല. നടപ്പോടു നടപ്പ്. എവിടേങ്കിലും തളർന്നു വീഴുന്നെങ്കിൽ വീഴട്ടേന്നു കരുതി. അവസാനം ഇന്നലെ ആ മഴയത്ത് ഈ ഇറയത്ത് ഓടിക്കയറുന്നതുവരെ..”
മാധവൻ എല്ലാവരേയും മാറിമാറി നോക്കി...
ഗൌരി വണ്ടി ഒന്നു കറക്കി മാധവന്റെ തൊട്ടടുത്തു വന്ന് മാധവന്റെ രണ്ടു തോളിലും പിടിച്ചിട്ട് പറഞ്ഞു.
“ഇനി മാമൻ എങ്ങും പോകണ്ട. മാമനെപ്പോലെ ഞങ്ങൾക്കു മുന്നിലും ഒരു ജീവിതമില്ല. മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും നമ്മളൊരുമിച്ച്...!!!”
മാധവന് നിസ്സഹായനായി, നിർവ്വികാരനായി ഇരിക്കാനെ കഴിഞ്ഞുള്ളു...
‘നിങ്ങളെ സഹായിക്കാനുള്ള ആയുസ്സൊ ആരോഗ്യമോ എനിക്കില്ലാതെ പോയല്ലൊ മക്കളെ....’ എന്ന ചിന്ത, ഒരു കൊട്ട സങ്കടങ്ങൾ തളം കെട്ടിയ തൊണ്ടയിൽ നിന്നും ആശ്വാസ വാക്കുകളായി പോലും പുറത്തേക്കു വന്നില്ല.... പകരം ഒരു നെടുവീർപ്പുമാത്രം.

തുടരും....

Sunday, 1 July 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ. (5)


നീണ്ടകഥ...

മഴയിലൊരു വിരുന്നുകാരൻ.... (5)



കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.
തുടർന്നു വായിക്കുക...

അഛനെന്ന  വിരുന്നുകാരൻ...


കാൽ നൂറ്റാണ്ടിലേറെ ഞാൻ ഒറ്റക്കായിരുന്നു ഗൾഫിൽ.
പക്ഷെ, ഒന്നിനും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വന്നിട്ടില്ല.
ഇവിടെ ഞാൻ പണിതുയർത്തിയ ഈ വീട്ടിൽ മക്കളുടെ മുൻ‌പിൽ കൈ നീട്ടി യാചിക്കേണ്ടി വരുന്ന അവസ്ഥ..! 
ഒരിക്കലും ഒരു സ്വപ്നത്തിൽ പോലും അങ്ങനെ ഒന്ന് ഞാൻ കണ്ടിരുന്നില്ല...!!
ജീവിതത്തിൽ പറ്റിയ മണ്ടത്തരങ്ങൾ എന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്നത്  അന്നാദ്യമായി എനിക്ക് ബോദ്ധ്യമാവുകയായിരുന്നു...!!’
  
ദിവസങ്ങൾ കഴിയവെ എന്റെ വീട്ടിൽ ഞാൻ ഒരധികപ്പറ്റായി മാറുകയാണെന്ന് തോന്നി. ഇളയ മകനും ഭാര്യയും കാലത്തെ തന്നെ ജോലിക്കു പോകും. അവർ രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ആ പരിചയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. മൂത്തവനും ജോലിക്കു പോയിക്കഴിഞ്ഞാൽ അവന്റെ ഭാര്യയും ഞാനുമാകും വീട്ടിൽ. അവൾക്ക് ജോലിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും നല്ല കാശൊള്ള വീട്ടിലേതാണ്. അതിന്റെ  കുറച്ച് അഹങ്കാരം കൂടിയുണ്ടായിരുന്നു അവൾക്ക്. 

തുടക്കത്തിൽ എന്നോട് നല്ല രീതിയിലാണ്  പെരുമാറിയതെങ്കിലും പോകെപ്പോകെ അവളിലും അഹങ്കാരം മുളപൊട്ടി.  എന്നും അനിയനും അനിയത്തിക്കും കൂടി രാത്രി ഭക്ഷണം ഉണ്ടാക്കേണ്ടതു കൊണ്ട് അവളെ ഒരു വേലക്കാരിയെപ്പോലെ അനിയത്തി കാണുന്നില്ലേയെന്ന ചിന്തയും, ഞാനെന്തിന് ഈ കിളവന്റെ കാര്യം നോക്കി ഇവിടെ കഴിഞ്ഞു കൂടണമെന്ന ചിന്തയും പല ദിവസങ്ങളിലും എന്നെ പട്ടിണിയാക്കി. ഭർത്താവ് പോയിക്കഴിഞ്ഞാൽ പിന്നാലെ അവളും ഇറങ്ങും ബന്ധുവീടുകൾ കറങ്ങാൻ. അധികവും അനിയത്തിക്കിട്ട് പാരവക്കുകയാണ് ലക്ഷ്യമെങ്കിലും ഫലത്തിൽ എന്നെയാ‍ണത് ബാധിച്ചത്.

കയ്യിൽ ഒരു ചില്ലിക്കാശില്ലാതെ പുറത്തിറങ്ങി നടക്കുമ്പോഴാണ്  ഒരു വീട്ടിൽ പെയിന്റിംഗ് നടക്കുന്നത് കണ്ടത്. വിശന്നു വയറു പൊരിയുമ്പോൾ ചുമ്മാ കുത്തിയിരിക്കുന്നതിൽ കാര്യമിമില്ലല്ലൊ. കിട്ടുന്ന സാദ്ധ്യത ഉപയോഗപ്പെടുത്തുക.
അവർ ജോലി  ചെയ്യാൻ ആളില്ലാതെ വിഷമിച്ചിരിക്കുപ്പോഴാണ് എന്റെ കടന്നു ചെല്ലൽ. പെയിന്റിങ്ങിനൊന്നും പോയി എനിക്ക് പരിചയമില്ലെങ്കിലും ഞാനും കൂടി അവരോടൊപ്പം. താഴെ നിന്നുള്ള ജോലികളൊക്കെ ബുദ്ധിമുട്ടില്ലാതെ ചെയ്യാമെങ്കിലും മുകളിൽ കയറേണ്ടി വന്നപ്പോഴാണ് എന്റെ ശരീരം അതിനു വഴങ്ങുന്നില്ലെന്നു മനസ്സിലായത്.

സാധാരണ പ്രവാസികൾ കൊണ്ടുനടക്കാറുള്ള സ്വന്തമായ ചില സമ്പാദ്യങ്ങൾ എനിക്കുമുണ്ടായിരുന്നു...!
കുറച്ച് കൊളസ്റ്ററോൾ, കുറച്ച് ഷുഗർ, പിന്നെ കുറച്ച് പ്രഷർ കൂടാതെ സാമാന്യം തരക്കേടില്ലാത്ത നടുവേദനയും, പിടിവിടാതെ എന്നേയും കൊണ്ടേ പോകൂ എന്ന വാശിയിൽ കുറച്ച് അൾസറും കൂട്ടത്തിൽ ഉണ്ടായിരുന്നു.”
“അൾസറോ..”  ഗൌരിക്കത് മനസ്സിലായില്ല.
“അതെന്തു രോഗാ...?”
നിമ്മിയുടെ ആ ചോദ്യം ആർക്കും ആ രോഗത്തെക്കുറിച്ച് അറിയില്ലെന്ന് തോന്നിയതിനാൽ മാധവൻ തനിക്കറിയാവുന്നതു പോലെ  വിശദമാക്കി.
“ഭക്ഷണം നേരെ ചൊവ്വെ നേരത്തിനും കാലത്തിനും കഴിക്കാത്തോണ്ട് ഉണ്ടാകുന്ന രോഗമാണത്...”
“ഗൾഫിൽ മാമന് ഭക്ഷണമൊന്നും കഴിക്കാൻ പറ്റുന്നുണ്ടായില്ലെ...?”
ഗൌരിയാണത് ചോദിച്ചത്.
“ഇല്ലാഞ്ഞിട്ടല്ല. കൃത്യ സമയത്ത് കഴിക്കാൻ പല കാരണങ്ങൾ കൊണ്ടും കഴിയാറില്ല. മുറിയിൽ ചോറു വച്ചിട്ട് ഹോട്ടലിൽ നിന്നും കഴിക്കാൻ മനസ്സു വരില്ല. അങ്ങനെ കഴിക്കാൻ പോയാൽ വീട്ടിൽ എന്റെ കൊച്ചുങ്ങ്‌ള് പട്ടിണി കിടക്കേണ്ടി വരും. കുറച്ച് വൈകിയാലും മുറിയിൽ ചെന്നിട്ട് കഴിക്കാമെന്നു വിചാരിച്ച് പച്ചവെള്ളം കുടിച്ച് കഴിച്ചു കൂട്ടും.. അങ്ങനെ കുടൽ ഉണങ്ങും. പിന്നെ വൃണങ്ങൾ  ഉണ്ടാവും.  അൾസറിനും ഷുഗറിനും മരുന്നു കഴിച്ചു കണ്ടിരുന്നതാ.. ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോൾ മരുന്നൊക്കെ തീർന്നു. പിന്നെ ദേവൂന്റെ അസുഖത്തിനിടക്ക് എന്റെ കാര്യം ഞാനും മറന്നു.”  

അതുകേട്ട് മൂവരുടേയും മുഖം മ്ലാനമായി.
"പിന്നെ ആ പണിക്ക് പോയോ...?”
നിമ്മിയുടെ ചോദ്യത്തോടൊപ്പം ലക്ഷ്മിയുടെ വക ഒരു ആത്മഗതം കൂടി പുറത്തുവന്നു.
“ജോലിയുള്ള രണ്ട് ആൺ‌മക്കളുണ്ടായിട്ടും...”
മാധവൻ വീണ്ടും പറഞ്ഞുതുടങ്ങി.
“ഞാൻ നിറുത്തിയില്ല. പിന്നേയും പെയിന്റ് പണി ചെയ്യാൻ പോയി. ആരുടെ മുന്നിലും കൈ നീട്ടി ശീലമില്ല. എന്റെ ഒരാളുടെ കാര്യം മാത്രം നടന്നാൽ മതിയല്ലൊ. ആ വീടിന്റെ പെയിന്റിങ് തീരുവോളം ഞാനുമുണ്ടായിരുന്നു..
അവസാനം നടുവേദന സഹിക്കാൻ വയ്യാതെ ആശുപത്രിയിൽ പോകാതെ തരമില്ലെന്നു വന്നു...

ആശുപത്രിയിൽ ചെന്നപ്പോഴാണ് തിരിച്ചറിയൽ കാർഡ് വേണമെന്നു പറഞ്ഞത്. അങ്ങനെയൊരു സാധനം ഇല്ലായിരുന്നു. ആകെയുണ്ടായിരുന്നത് പാസ്പ്പോർട്ടായിരുന്നു. അത് വീട്ടിലെത്തിയപ്പോൾ ദേവൂന്റെ കയ്യിലേൽ‌പ്പിച്ചതാണ്. പിന്നെ ഞാനത് കണ്ടിട്ടില്ല.
റേഷൻ കാർഡിലെ പേര് എന്നേ വെട്ടിക്കളഞ്ഞിരുന്നു...!
വോട്ടേഴ്സ് ലിസ്റ്റിലും പേരില്ലാതായിട്ട് കാലമെത്രയായി...!
ആ നാട്ടിൽ ആകെയുള്ള തിരിച്ചറിയൽ കാർഡ് എന്നു പറയുന്നത് ‘ദേവൂന്റെ ഭർത്താവ്’ എന്ന ലേബലായിരുന്നു...!
ദേവു പോയതോടെ ആ മേൽവിലാസവും ഇല്ലാതായി.

അങ്ങനെ ആശുപത്രിയിൽ നിന്നും നിരാശനായി പുറത്തിറങ്ങുമ്പോഴാണ് ഗേറ്റിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടുമുട്ടിയത്. അത് ഞാൻ പെയിന്റ് പണി ചെയ്ത വീട്ടിന്റെ ഉടമസ്ഥനായിരുന്നു. അയാളുടെ മകനായിരുന്നു അവിടത്തെ ഡോക്ടർ. അയാളോട് വിവരങ്ങൾ പറഞ്ഞപ്പോൾ സഹായിക്കാമെന്നേറ്റു. അയാളുടെ മകൻ വിശദമായിത്തന്നെ പരിശോധിച്ചു. സർക്കാരാശുപത്രിയല്ലെ. ടെസ്റ്റുകളൊക്കെ നടത്താൻ സൌകര്യമില്ലാതിരുന്നതുകൊണ്ട് പുറത്തേക്കെഴുതിത്തന്നു. എന്റെ രോഗങ്ങളൊക്കെ എനിക്കറിയാവുന്നതു കൊണ്ട് നടുവേദനക്കു മാത്രമുള്ള മരുന്ന് എഴുതിവാങ്ങി.
ഇനിയും ഇങ്ങനെ ജീവിച്ചിരിക്കാൻ എനിക്കാഗ്രഹമില്ലായിരുന്നു...
പക്ഷേ, സ്വയം മരിക്കാനും കഴിയില്ല.
എന്നാൽ വേദനിച്ചെങ്ങനെ കഴിയും...?

പക്ഷെ, ഞാൻ കൂലിപ്പണിക്ക് പോയതും സർക്കാരാശുപത്രിയിൽ പോയതും ഒക്കെ മക്കൾ രണ്ടു പേരുമറിഞ്ഞു. അവർക്കത് നാണക്കേടായത്രെ..! അവരുടെ ചോദ്യങ്ങൾക്കൊന്നും മറപടി പറയാൻ പോയില്ല. ഒരു വഴക്കിന് എന്തായാലും എനിക്ക് താൽ‌പ്പര്യമില്ലായിരുന്നു. 

ഞാൻ പിന്നെയും ജോലിക്കു പോയത് മക്കളുമായി ഒരു  തുറന്ന യുദ്ധത്തിനു കാരണമായി. പെയിന്റു പണിക്കു പോകുന്നത് അവർക്ക് നാണക്കേടാണെന്നു പറഞ്ഞതാണ് എന്നെ  ചൊടിപ്പിച്ചത്. പിന്നെ, എനിക്കു പറയാനുണ്ടായിരുന്നത് മുഴുവൻ ഞാനും പറഞ്ഞു. ശബ്ദം പൊങ്ങിയതോടെ വഴി വക്കിൽ ആളുകൾ കൂടിത്തുടങ്ങി. സഹിക്കാനാവാതെ വന്ന ഒരു സന്ദർഭത്തിൽ ഞാനും പൊട്ടിത്തെറിച്ചു. 
‘ഇതെന്റെ വീടാ.... ഒരു ജീവിതകാലം മുഴുവൻ മരുഭുമിയിൽ അദ്ധ്വാനിച്ചുണ്ടാക്കിയതാടാ ഞാനിത്... ഇവിടെ ഞാനെന്റെ ഇഷ്ടം പോലെ ജീവിക്കും....! നീയൊക്കെ ആരടാ എന്നെ ചോദ്യം ചെയ്യാൻ... മനസ്സില്ലാത്തവർക്ക്   ഈ വീട്ടീന്നു പോകാം...!!’ 
അതും പറഞ്ഞ് ഞാൻ നിന്ന് കിതച്ചു.  ശ്വാസം കിട്ടാതെ  നിലത്തേക്കിരുന്ന് നെഞ്ചുതടവി. പഴയ നെഞ്ചെരിച്ചിൽ ശക്തമായി വരുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു....”
“അങ്ങനെ തന്നെ വേണം...” നിമ്മിയും ഗൌരിയും ഒരേ സ്വരത്തിൽ പറഞ്ഞത് ലക്ഷ്മിയും സപ്പോർട് ചെയ്തെങ്കിലും  മാധവന്റെ തല താണുപോയത് മൂവരും ശ്രദ്ധിച്ചു.

മാധവൻ വീണ്ടും തുടർന്നു. 
“മക്കൾ രണ്ടു പേരും പുലികളായത് അതിനു ശേഷമാണ്.
‘ഈ വിടും പറമ്പും ഞങ്ങ്ടെ അമ്മയുടെ പേരിലാ... അഛന് ഇതിനകത്ത് ഒരവകാശവുമില്ല. ഞങ്ങ്ടെ ജീവിതത്തിലെ ഒരു കാര്യത്തിലും ഈ അഛനെ കണ്ടിട്ടില്ല. എന്നിട്ടിപ്പോൾ അവകാശവും പറഞ്ഞ് വന്നിരിക്കുന്നു...!!’
അതുകേട്ടതും ഞാൻ തളർന്നിരുന്നു പോയി...

അവർ പറഞ്ഞത് വാസ്തവമായിരുന്നു. ഞാനും ദേവൂം ഒരുമിച്ചാണ് ആ വീടും പറമ്പും പോയിക്കണ്ട് അഡ്വാൻസ് കൊടുത്തത്. അന്ന് മൂത്ത മകൻ മാത്രമെ ഉണ്ടായിരുന്നുള്ളു. അവൻ കുഞ്ഞായിരുന്നു താനും. പിന്നീട് ആധാരം ചെയ്യുമ്പോളൊന്നും ഞാനിവിടെയില്ലായിരുന്നു. ദേവൂന്റെ പേരിലാ വാങ്ങിയത്.  പുതിയ വീട് പണിയുമ്പോഴും ഞാനില്ലായിരുന്നു. എന്റെ ഭാര്യ, എന്റെ മക്കൾ എന്നതിനപ്പുറം  എനിക്ക് എന്ന ഒരു ചിന്തക്ക് എന്റെ മനസ്സിൽ സ്ഥാനമുണ്ടായിരുന്നില്ല...
അത് എത്ര മണ്ടത്തരമായിപ്പോയീന്ന് ഇന്നിനി ചിന്തിച്ചിട്ട് കാര്യമില്ലല്ലൊ.
മക്കളൊക്കെ ഇങ്ങനെയായിത്തീരുമെന്ന് അന്നോർക്കാനാവില്ലല്ലൊ.....

പിന്നെ നാട്ടുകാർ ഇടപെട്ട് തൽക്കാലത്തേക്ക് ഞങ്ങളെ  ശാന്തരാക്കിയെങ്കിലും ഞങ്ങളിൽ എരിയാത്ത ഒരു കനലായി അതങ്ങനെ കിടന്നു.  എന്റെ നടുവേദന പിന്നേയും ഇരിക്കപ്പൊറുതി തന്നില്ല. മരുന്ന് കഴിക്കൽ നിറുത്തിയതു കൊണ്ട് വയറ്റിലെ അൾസർ പതുക്കെ തലപൊക്കിത്തുടങ്ങിയതിന്റെ ലക്ഷണമായി ഒരു നെഞ്ചെരിച്ചിൽ കൂടെക്കൂടെ വരുന്നുണ്ടായിരുന്നു. അതു ഞാൻ കാര്യമാക്കിയില്ല.
പക്ഷെ, നടുവേദനയുടെ കാര്യം മക്കളുടെ മുൻപിൽ അവതരിപ്പിക്കേണ്ടി വന്നു.
മക്കളതിന് ഒരെളുപ്പ വഴിയും കണ്ടെത്തി...
ശാശ്വതമായ ആ പരിഹാരം എനിക്കും സമ്മതമായിരുന്നു...
എത്രവന്നാലും ഞാനവരുടെ അഛനല്ലാതെ വരില്ലല്ലൊ...?
ആ സ്നേഹം മക്കൾക്കില്ലാതിരിക്കുമോ...?

തുടരും...

Friday, 15 June 2012

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ (4)

 (4)



കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.
തുടർന്നു വായിക്കുക...
 
                                       ഒറ്റപ്പെടലിന്റെ വേദന...

അപ്പോഴേക്കും പ്രായം ഷഷ്ടിപൂർത്തിയോടടുത്തിരുന്നു...!!
രണ്ടു വ്യാഴവട്ടക്കാലം ഗൾഫിൽ ജീവിച്ചിട്ടും കയ്യിലൊന്നുമില്ലാതെയുള്ള ആ യാത്ര വേണ്ടായിരുന്നുവെന്ന് തോന്നിയപ്പോഴേക്കും ഗൾഫ് കൈവിട്ടു പോയിരുന്നു....!!
“എന്തു പറ്റി അമ്മാവാ..”  
നിമ്മിയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് മറുപടി പറയാതെ ഒരു നിമിഷം മൂകമായിരുന്ന മാധവൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു.
“ഇനി ഇതിവിടെ നിറുത്താം കുട്ടികളെ... എനിക്ക് വയ്യാ...”
“അതു പറ്റില്ല മാമാ... ഞങ്ങടെ ഒള്ള സമാധാനോം കൂടി പോയി....” 
ഒട്ടും സമയം കളയാതെയുള്ള നിമ്മിയുടെ നിർബ്ബന്ധത്തിനെ പിന്താങ്ങിക്കൊണ്ട് ഗൌരിയുടെ
“പ്ലീസ് മാമാ... ബാക്കി കൂടി പറയൂ...” കൂടി ആയതോടെ മാധവൻ ഒന്നിളകിയിരുന്നിട്ട് വീണ്ടും പറയാൻ തുടങ്ങിയതും അമ്മ ലക്ഷ്മി ഇടപെട്ട് തടഞ്ഞു.
“നിൽക്കു.. ഞാൻ പോയി കുറച്ച് കട്ടൻ കാപ്പി ഇട്ടിട്ടു വരാം. എന്നിട്ടു മതി...”

അതും പറഞ്ഞ് ലക്ഷ്മി അടുക്കളയിലേക്ക് പോയി. നിമ്മി എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയിട്ടു വന്നപ്പോഴാണ് ഗൌരിക്ക് ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞത്. നിമ്മി അകത്ത് പോയി ഗൌരിയുടെ വണ്ടിയും തള്ളിക്കൊണ്ടു വന്ന് ഗൌരിയുടെ തൊട്ടടുത്ത് നിറുത്തി. നിമ്മിയേക്കാൾ വണ്ണമുണ്ട് ഗൌരിക്ക്. നിമ്മിയെടുത്താൽ പൊങ്ങില്ലെന്നാണ് മാധവനു തോന്നിയത്. പക്ഷെ, നിമ്മി കവച്ചു നിന്ന് കക്ഷത്തിൽ കൂടി കയ്യിട്ട് ഒറ്റ പൊക്കലിനു തന്നെ ഗൌരിയെ എടുത്ത് കസേരയിൽ ഇരുത്തിയത് മാധവനിൽ അത്ഭുതമായി. നിത്യാഭ്യാസം ആയതുകൊണ്ടായിരിക്കും നിമ്മിക്കത് നിഷ്പ്രയാസം കഴിഞ്ഞതെന്ന് മാധവന് മനസ്സിലായി. അവർ തിരിച്ചു വന്നപ്പോഴേക്കും ലക്ഷ്മി കട്ടൻ കാപ്പിയുമായി എത്തിക്കഴിഞ്ഞിരുന്നു.
 
പുറത്ത് മഴയുടെ ആരവത്തിന് ശമനം വന്നിരുന്നു. ഇടിമിന്നലുകൾ ഇടക്കിടക്ക് അകത്തേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. തവളകൾ അങ്ങിങ്ങ് പേക്രോം പാടുന്നതോടൊപ്പം ചീവീടുകൾ ശക്തമായി ചൂളം വിളിച്ച് പരിസരം ശബ്ദമുഖരിതമാക്കിക്കൊണ്ടിരുന്നു. ചൂടു കാപ്പി ഊതി ഊതിക്കുടിച്ചു കൊണ്ട് മാധവൻ വീണ്ടും പറഞ്ഞു തുടങ്ങി.

“ഞാൻ വന്ന് അടുത്ത് നിന്നതോടെ ദേവൂന്റെ അസുഖമെല്ലാം മാറി. വീട്ടിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയതോടെ ഒരു കാര്യം എനിക്ക് മനസ്സിലായി. ആൺ‌മക്കൾ രണ്ടു പേരും ഒരകൽച്ച എന്നോട് കാണിച്ചിരുന്നു. മുൻ‌പും അവർ എന്തു കാര്യവും അമ്മ വഴിയാണ്  എന്നെ അറിയിച്ചിരുന്നത്. നേരിട്ട് ഒരു കാര്യവും എന്നെ അറിയിക്കില്ലായിരുന്നു.
ദേവു ആശുപത്രിയിൽ കിടന്നപ്പോഴാണ് എനിക്കത് വ്യക്തമായത്.
‘അമ്മ’ ഒരു വികാരമായി അവരുടെ മനസ്സിൽ എത്രമാത്രം പതിഞ്ഞിട്ടുണ്ടൊ അതിന്റെ നാലയലത്ത് പോലും അഛൻ ഇല്ലായെന്ന് എനിക്ക് ബോദ്ധ്യമായി. ഞാൻ എന്ന ഒരു ജീവി ആ കുടുംബത്തിൽ ഉണ്ടെന്നുള്ള ഒരു വിചാരം പോലും മക്കൾക്കില്ലെന്നു തോന്നി...!

എനിക്കത് എത്രമാത്രം മാനസ്സികാഘാതം സമ്മാനിച്ചുവെന്ന് എനിക്കു പോലും അന്നറിയില്ലായിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിൽ വന്നതിനു ശേഷമാണ് മക്കളുമായി ഒരു ഏറ്റുമുട്ടലിന്റെ പാതയിൽ ഞാനെത്തിയത്. വേണമെന്നു വിചാരിച്ചിട്ടല്ല. ഈ അവഗണന കണ്ട് സഹി കെടുമ്പോൾ അറിയാതെ എന്റെ ശബ്ദം പൊങ്ങിപ്പോകുന്നതാണ്.

‘അവരുടെ അമ്മക്ക് ഈ അസുഖം വരാൻ തന്നെ കാരണം ഞാനാണത്രെ...!
അവരുടെ ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണത്രെ  അമ്മ അനുഭവിക്കുന്ന സങ്കടം. എന്നും രാത്രിയിൽ അമ്മയുടെ നിശ്ശബ്ദ കരച്ചിൽ കണ്ടും കേട്ടുമാണ് അവർ ഉറങ്ങാറ്. അഛൻ അമ്മയേയും ഞങ്ങളേയും ഒറ്റക്കാക്കി പോയതിന്റെ മനോവിഷമമാണ് ഈ അവസ്ഥയിൽ അമ്മയെ എത്തിച്ചത്. ഒരു പ്രതിസന്ധി ഘട്ടത്തിലും അഛൻ കൂട്ടിനുണ്ടായിരുന്നില്ല. കുറേ പണം അയച്ചു തരുന്നതു മാത്രമാണൊ കുടുംബ ജീവിതം...!?’
ഇങ്ങനെ പോയി  അവരുടെ കുറ്റപത്രം...!
 
എന്നെ മനസ്സിലാക്കാത്ത മക്കളോടെനിക്ക് വല്ലാത്ത അമർഷം തോന്നി. അന്നെനിക്ക് ശരിക്കും പൊട്ടിത്തെറിക്കേണ്ടി വന്നു. 
‘നിങ്ങൾ അമ്മക്കും മക്കൾക്കും വേണ്ടിയല്ലെ ഞാനവിടെ കഷ്ടപ്പെട്ടത്. അല്ലാതെ ഞാനവിടെ എന്റെ കാര്യം നോക്കി സുഖിക്ക്യായിരുന്നില്ലല്ലൊ.’ എന്റെ വാക്കുകൾക്ക് ദേവുവിന്റെ സപ്പോർട്ടുണ്ടായിരുന്നു. എങ്കിലും ഞങ്ങൾക്കിടയിൽ കിടന്ന് ശ്വാസം മുട്ടുന്നത് ദേവുവാണെന്നതു കൊണ്ടു തന്നെ പലപ്പോഴും ഞാൻ തന്നെ പിൻവാങ്ങി. അവളുടെ സങ്കടം കാണാൻ എനിക്കു വയ്യായിരുന്നു.

പക്ഷെ, എന്നെ മനസ്സിലാക്കാൻ മക്കളിൽ ഒരാളെങ്കിലും ഉണ്ടായത് എനിക്കൊരാശ്വാസമായിരുന്നു.
അത് എന്റെ മോളായിരുന്നു. 

“എനിക്കും തോന്നി. ഞാനത് പറയാൻ തുടങ്ങീതാ...” പെട്ടെന്നുള്ള ഗൌരിയുടെ ശബ്ദം ഒരു നിമിഷത്തേക്ക് അവിടെ നിശ്ശബ്ദത പരത്തി.

മാധവൻ വീണ്ടും തുടർന്നു. 
‘എന്റെ മോൾ പറയും, അമ്മ ഇവിടെ അഛനെ ഓർത്ത് രാത്രി കിടന്ന് കരയാറുണ്ടെങ്കിൽ അഛനും അങ്ങനെയായിരിക്കില്ലെ അവിടെ കഴിഞ്ഞിട്ടുണ്ടാകുക. നമ്മളാരും അതൊന്നും കണ്ടിട്ടില്ലല്ലൊ. അഛനതൊന്നും നമ്മളെ അറിയിച്ചിട്ടുമില്ല. അമ്മക്ക് നമ്മൾ മൂന്നു മക്കളും തൊട്ടടുത്തുണ്ടായിരുന്നു. അഛൻ മാത്രേ ഇല്ലാതിരുന്നുള്ളു. പക്ഷേ, അഛനോ..? അഛന്റടുത്ത് ആരെങ്കിലുമുണ്ടായിരുന്നൊ..?  അതെന്താ നിങ്ങളോർക്കാത്തെ..?’

അത് കേൾക്കുമ്പോൾ എന്റെ കണ്ണു നിറയും. ഞാൻ പറയും, മോളെ അവരു പറയട്ടെ. അവർക്ക് പറയാനുള്ളത് കേൾക്കാൻ ഞാനുണ്ടായില്ലല്ലൊ ഇതുവരെ. അവരുടെ സങ്കടങ്ങളും പരിഭവങ്ങളും പറഞ്ഞോട്ടെ. അതിന്റെ പേരിൽ എന്റെ മക്കൾ പരസ്പ്പരം കുറ്റപ്പെടുത്തരുത്. നിങ്ങൾ എന്നും എപ്പോഴും ഏതുകാര്യത്തിനും ഒരുമിച്ചു തന്നെ നിൽക്കണം.

ഇതൊന്നും കേൾക്കാൻ ആൺ‌മക്കൾ നിൽക്കില്ല. കാരണം മോളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അവളോട് കെറുവിച്ചിട്ടാവും പോവുക. എങ്കിലും പലപ്പോഴും എനിക്ക് പൊട്ടിത്തെറിക്കേണ്ടി വന്നു. ഇതെല്ലാം കണ്ടും കേട്ടും മനസ്സു മരവിച്ച ദേവു വീണ്ടും കിടപ്പിലായി.

അവളുടെ നിർബ്ബന്ധപ്രകാരം ആൺ‌മക്കളുടെ രണ്ടു പേരുടേയും വിവാഹം ഒരേ പന്തലിൽ തന്നെ നടത്തി. അവർ  സ്നേഹിച്ച പെൺകുട്ടികളെ തന്നെയാണ് കല്യാണം കഴിച്ചത്. അവിടേയും അഛനെന്ന നിലയിൽ ഒരഭിപ്രായം പറയാനുള്ള അവസരം മക്കൾ തന്നില്ല...!
അതു കഴിഞ്ഞാണ് ദേവൂന്റെ നില കൂടുതൽ വഷളായത്.

ആശുപത്രിയിൽ നിന്നും മാറാതെ മക്കൾ മൂന്നു പേരും അടുത്തുണ്ടായിരുന്നു. അമ്മയുടെ കാര്യത്തിന് മക്കൾ ഒരു കുറവും വരുത്തിയില്ല.
എങ്കിലും ഞങ്ങളെ വിട്ട് അവൾ യാത്രയായി...!
അല്ല, എന്നെ തനിച്ചാക്കി അവൾ പോയിയെന്നു പറയുകയാവും ശരി...!”
അതു പറയുമ്പോൾ മാധവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

ആ രംഗം മനസ്സിൽ കാണുന്നതു കൊണ്ടാകും എന്തൊക്കെയോ വികാരങ്ങൾ, നിറഞ്ഞു വന്ന കണ്ണുനീർത്തുള്ളികൾ പുറത്തുപോകാതിരിക്കാനെന്നോണം പെട്ടെന്നു കണ്ണുകളടച്ചുപിടിച്ചിരിക്കുന്ന മാധവന്റെ മുഖത്ത് പ്രകടമായിരുന്നു. അതിൽ നിന്നും പരിസരബോധത്തിലേക്ക് തിരിച്ചു വരാൻ കുറച്ചു സമയമെടുത്തു. അത്രയും നേരം ആരും ഒരു ചെറു നിശ്വാസം കൊണ്ടു പോലും മാധവനെ ശല്യപ്പെടുത്തിയില്ല. വല്ലാത്തൊരു നിശ്ശബ്ദത അവിടെ തളം കെട്ടി നിന്നു. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുറന്ന് മാധവൻ എല്ലാവരേയും ഒന്നു നോക്കി.

 ഇട്ടിരുന്ന ഷർട്ടിന്റെ അടിവശം പൊക്കി കണ്ണുകൾ തുടച്ചു കൊണ്ട് മാധവൻ തന്റെ കഥ വീണ്ടും തുടർന്നു.
“അമേരിക്കയിലായിരുന്ന ഭർത്താവിന്റെ അടുത്തേക്ക് മകൾ കൂടി പോയതോടെ ശരിക്കും ഞാൻ ഒറ്റപ്പെട്ടു.  കാൽ നൂറ്റാണ്ടിലേറെ ഞാൻ ഒറ്റക്കായിരുന്നു ഗൾഫിൽ. അമ്മയും മക്കളും കൂടെയില്ലായിരുന്നുവെങ്കിലും എന്റെ മനസ്സിൽ അവർ എന്നോടൊപ്പം തന്നെയുണ്ടായിരുന്നു.

ഇവിടെ ഇപ്പോൾ എന്നോടൊപ്പം ആരുമില്ലാത്ത അവസ്ഥ...!
അവിടെ ഒന്നിനും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വന്നിട്ടില്ല...
ഇവിടെ ഞാൻ പണിതുയർത്തിയ ഈ വീട്ടിൽ അവസാന കാലത്ത് മക്കളുടെ മുൻ‌പിൽ കൈ നീട്ടി യാചിക്കേണ്ടി വരുന്ന അവസ്ഥ..! 
ഒരിക്കലും ഒരു സ്വപ്നത്തിൽ പോലും അങ്ങനെ ഒന്ന് ഞാൻ കണ്ടിരുന്നില്ല...!!
ജീവിതത്തിൽ പറ്റിയ മണ്ടത്തരങ്ങൾ എന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്നത്  അന്നാദ്യമായി എനിക്ക് ബോദ്ധ്യമാവുകയായിരുന്നു...!!  

തുടരും....

Friday, 1 June 2012

മഴയിലൊരു വിരുന്നുകാരൻ... നീണ്ട കഥ. (3)




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
തുടർന്നു വായിക്കുക...


 മാധവൻ ഒരു പ്രവാസി. (3)



                             ന്നും പറയാതെ താടിയിൽ തടവി ചിന്താമഗ്നനായിരിക്കുന്ന മാധവനെ അവർ മൂന്നു പേരുംശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഇടയ്ക്കിടക്ക് അവർ മൂന്നു പേരും പരസ്പ്പരം നോക്കുന്നുമുണ്ട്. അപ്പോഴത്തെ നിശ്ശബ്ദതയെ തോൽ‌പ്പിച്ചു കൊണ്ട് പെട്ടെന്നൊരു  മിന്നലും ഇടിയും ഉണ്ടായത് എല്ലാവരേയും ഒന്നു നടുക്കി. തൊട്ടടുത്തെവിടെയോ ആണ് ഇടിവെട്ടിയതെന്ന് എല്ലാവർക്കും തോന്നി. ആ തോന്നൽ മാധവൻ തുറന്നു പറഞ്ഞു.
“അടുത്ത് എവിടേങ്കിലും ഏറ്റിട്ടുണ്ടാകും...”
അത് മതിയായിരുന്നു ആ നിശ്ശബ്ദതയെ മറി കടക്കാൻ.
ഗൌരി കട്ടിലിൽ പിടിച്ച് ഒന്നു നേരെ ഇരുന്നിട്ട് പറഞ്ഞു.
“ മാമൻ പറഞ്ഞില്ലേ, ഇന്നത്തെ ദിവസം മറക്കാനാവില്ലാന്ന്... ഇന്നെന്താ പ്രത്യേകത...?”
അതു കേട്ട് മാമൻ ഗൌരിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്തൊക്കെയോ ആലോചനയുടെ പുറത്ത് മാധവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. കണ്ണുകളിലെ തിളക്കം ഗൌരിയെ ഭയപ്പെടുത്താൻ തുടങ്ങിയപ്പോൾ അവൾ ‘മാമാ..’ എന്നു വിളിച്ചു. അതു കേട്ട് മാധവൻ ഒന്നു ഞെട്ടുകയും പരിസര ബോധം വീണ്ടെടുക്കുകയും ചെയ്തു. പിന്നെ എല്ലാവരേയും ഒന്നു മാറി മാറി നോക്കിയിട്ട് തല കുനിച്ചിരുന്നു.

വീണ്ടും ആലോചനയിലേക്ക് മാധവൻ വഴുതി വീണത് എല്ലാവർക്കും മനസ്സിലായി. എങ്കിലും ആരും ഒന്നും പറഞ്ഞില്ല. ഇടയ്ക്കെപ്പോഴോ തല ഉയർത്തി മാധവൻ ചോദിച്ചു.
“ഉറങ്ങണ്ടെ നിങ്ങൾക്ക്...?”
ഗൌരി പറഞ്ഞു.
“ഇല്യ മാമാ.. ഇന്നു ഞങ്ങൾക്ക് ഉറക്കമില്ല. ഈ ലോകം മുഴുവൻ ഉറങ്ങിയാലും ഞങ്ങൾക്ക് മാത്രം ഇന്നുറക്കമില്ല. മാമൻ വന്നില്ലായിരുന്നെങ്കിൽ ഇതിനകം ഞങ്ങൾ എല്ലാവരും നിത്യമായ ഉറക്കത്തിലേക്ക് പിടഞ്ഞു പിടഞ്ഞ് വീണിട്ടുണ്ടാകും...!!”
അതും പറഞ്ഞവൾ മൂവരേയും നോക്കി.

അമ്മയുടെ മുഖത്ത് ഒരു കുറ്റബോധം നിഴലിട്ടത് ഗൌരി കണ്ടു പിടിച്ചു...
അമ്മയെ തന്നോട് ചേർത്തു പിടിച്ച്, തികട്ടി വന്ന അമ്മയുടെ ഗദ്ഗതം തന്നിലേക്കു കൂടി ആവാഹിച്ചെടുത്തു ഗൌരി. അതു കണ്ട് നിമ്മി തന്റെ രണ്ടു കൈകളും വിടർത്തി അമ്മയേയും ചേച്ചിയേയും മുറുകെ പിടിച്ചു. അതു കണ്ട് മാധവന്റെ കണ്ണുകൾ ഈറനണിഞ്ഞു...

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം നിമ്മി ചോദിച്ചു.
“മാമാ... എന്തായിരുന്നു ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത..?”
മാമൻ തല ഉയർത്തി നിമ്മിയെ നോക്കി. കണ്ണുകൾ തുടച്ച് ഗൌരിയും നിർബ്ബന്ധിച്ചു.
“പറയൂ.. ഉറക്കമില്ലാത്ത ഈ രാത്രിയിൽ മാമന്റെ കഥ കൂടി കേൾക്കട്ടെ. എങ്ങനെ മാമൻ ഒറ്റപ്പെട്ടു പോയി...?”
മാമൻ എല്ലാവരേയും ഒന്നു കൂടി നോക്കിയിട്ട് പറഞ്ഞു.
“ഞാൻ ഒറ്റപ്പെട്ടൊന്നും പോയവനായിരുന്നില്ല. എല്ലാവരുമുണ്ടായിരുന്നു എനിക്ക്.. ഭാര്യ, മക്കൾ എല്ലാവരും...”
ഒരു നിമിഷം മാധവന്റെ ചുണ്ടുകൾ വിറകൊണ്ടു. കണ്ണുകൾ പെട്ടെന്ന് നിറഞ്ഞുവന്നതുകൊണ്ട് സംഭാഷണം മുറിഞ്ഞു.
പിന്നെ ഒരു നിമിഷം കഴിഞ്ഞ് വീണ്ടും പറഞ്ഞു.
“മക്കളെല്ലാവരും നല്ല നിലയിൽ കഴിയുന്നു...!”
ഗൌരി ഇടക്കു കയറി ചോദിച്ചു.
“പിന്നെന്തു പറ്റി മാമന്...?” 
മാധവൻ ഗൌരിയുടെ മുഖത്ത് പുഛഭാവത്തിൽ നോക്കിച്ചിരിച്ചിട്ട് പറഞ്ഞു.
“നമ്മൾ വിചാരിക്കുന്നതും ചിന്തിക്കുന്നതുപോലൊന്നും ഈ ലോകം തിരിയില്യ മക്കളെ..!!”
അതും പറഞ്ഞ് മൂകമായിപ്പോയ മാധവനെ ഉണർത്താനായി ഗൌരി ചോദിച്ചു.
“എത്ര മക്കളാ മാമന്...?”
മാധവൻ തല ഉയർത്തി പറഞ്ഞു.
“മൂന്നു മക്കൾ.. രണ്ടാണും ഒരു പെണ്ണും. എളേതാ പെണ്ണ്...”

പിന്നെയും ചിന്തയിൽ മുഴുകി മൂകമായിരുന്ന മാധവന്റെ തോളത്ത് കൈ വച്ച് നിമ്മി പറഞ്ഞു.
“പറയൂ മാമാ... ഇനി ഞങ്ങള് കേട്ടാ വെഷ്മാണെങ്കി പറയണ്ടാട്ടോ...”
“അതോണ്ടല്ലാ മോളേ.... ഇതൊന്നും ആരും അറിയരുതെന്നു കരുതി ജീവിക്കുന്നവനാ ഞാൻ. വെറുതെ പല്ലിട കുത്തി നാറ്റിക്കണ്ടല്ലൊ...!”
അതിന്റെ അർത്ഥം മനസ്സിലാകാത്തതു കൊണ്ടോ  മറ്റോ നിമ്മി അമ്മയേയും ഗൌരിയേയും മാറി മാറി നോക്കിയിട്ട് മാമന്റെ മുഖത്തേക്ക് നോക്കിയിരുന്നു. എന്നിട്ട് ചോദിച്ചു.
“പല്ലിട കുത്തി നാറ്റിക്കാന്നു വച്ചാൽ ന്താ..?”
“എന്നു വച്ചാൽ അവനോനു തന്നെ നാറുമെന്ന്..” ആ പറഞ്ഞത് അമ്മയായിരുന്നു.

മാമൻ അമ്മ ലക്ഷ്മിയെ ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി.
“ഞാൻ വളരെ കാലമായിട്ട് ഗൾഫിലായിരുന്നു. എന്നു പറഞ്ഞാൽ പ്രവാസി...
വിവാഹത്തിനു മുൻപേ തന്നെ ഗൾഫിലെത്തി. പിന്നീടാണ് വിവാഹം കഴിച്ചത്. എല്ലാ രണ്ടു വർഷം കൂടുമ്പോഴും ഞാൻ നാട്ടിൽ വരും. അന്നൊക്കെ അതൊരു ഉത്സവമായിരുന്നു. കാലം അതിന്റെ എല്ലാ നിറപ്പകിട്ടോടെയും ആർത്തുല്ലസിച്ചു കടന്നു പോകവേ പൂമ്പാറ്റകളെപ്പോലെ മൂന്നു മക്കളേയും തന്നു. നിറയെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ചോക്ലേറ്റുകളുമായി വരുന്ന എന്റെ വരവും കാത്ത് അമ്മയും മക്കളും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും.

എത്രയും വേഗം രണ്ടു വർഷമാകാനും കൈ നിറയെ സാധനങ്ങൾ വാങ്ങാനും  ഞാനും എല്ലാം മറന്ന് എല്ലു മുറിയെ പണിയെടുക്കും. ഭാര്യക്കും മക്കൾക്കും വേണ്ടിയുള്ള വിശ്രമമില്ലാത്ത ജോലി ഒരു ഹരമായിരുന്നു...!
അതിലൊരു വിഷമമോ, മടുപ്പോ, ക്ഷീണമോ ഒരിക്കലും തോന്നിയിരുന്നില്ല...!
മറിച്ച് അതൊരു സുഖമായിരുന്നു....!! 

എന്റെ ‘ദേവൂ’നേയും മക്കളേയും ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ ദേവു സ്നേഹത്തിന്റെ നിറകുടമായിരുന്നു. തനിക്കും മക്കൾക്കും വേണ്ടിയാണ് ഞാൻ ഗൾഫിൽ ഒറ്റക്കു കിടന്ന് കഷ്ടപ്പെടുന്നതെന്ന് ഓരോ കത്തിലും അവൾ എഴുതും. എന്നിട്ട് ഉപദേശിക്കും.
‘ദേഹം നോക്കണോട്ടോ... ഞാൻ അടുത്തില്ലാത്തോണ്ട് എങ്ങന്യാ അവിടെ കഴിയണേന്ന് ഒരു രൂപോല്യെനിക്ക്..”

അതു വായിക്കുമ്പോൾ എന്റെ കണ്ണുകൾ നിറയും...
ഞാൻ ഒറ്റക്കാണെന്നുള്ള ബോധം എന്നെ അലട്ടാറേയില്ല. ഏതു നേരവും ദേവൂം മക്കളും എന്റെ കൂടെയുണ്ടെന്നുള്ള തോന്നലായിരുന്നു. അതു കൊണ്ട് തന്നെ മറ്റു കൂട്ടുകാരേപ്പോലെ കിട്ടുന്ന സന്ദർഭങ്ങളിൽ പോലും ആർത്തുല്ലസിച്ചു നടക്കാൻ എനിക്ക് കഴിയാറില്ല. യാതൊരു ദുശ്ശീലങ്ങൾക്കും അടിമപ്പെടാതെ എന്റെ മക്കൾക്കു വേണ്ടി ഓരോ പൈസയും ഞാൻ ചിലവാക്കി.
മക്കളുടെ ആഗ്രഹങ്ങളായിരുന്നു ഞങ്ങൾക്കും.

ദേവൂന്റെ ശിക്ഷണത്തിൽ മക്കൾ എല്ലാവരും നല്ല നിലയിൽ തന്നെ വളർന്നു...
മൂത്തവൻ സിവിൽ എഞ്ചിനീയറായപ്പോൾ ഞങ്ങൾ വളരെ ആശ്വസിച്ചു. പെട്ടെന്നു തന്നെ അവന് ജോലിയും ലഭിച്ചു.   അന്ന് ഗൾഫിലെ ജോലി അവസാനിപ്പിച്ച് തിരിച്ചു വരാൻ ദേവു വല്ലാതെ നിർബ്ബന്ധിച്ചിരുന്നു. ഇനി നമ്മളുടെ മക്കൾ നോക്കിക്കോളുമെന്നു പറഞ്ഞായിരുന്നു അത്. എന്നാലും ഞാൻ മടിച്ചു. ഇളയവളുടെ കല്യാണത്തിനുള്ളതു കൂടി സംഘടിപ്പിച്ചിട്ട് വരാമെന്നായിരുന്നു എന്റെ പിടിവാശിയോടെയുള്ള തീരുമാനം...

കാലം കഴിയവേ അവളുടെ കല്യാണവും അതിഗംഭീരമായിത്തന്നെ നടത്തി...
 അതോടെ കാൽ നൂറ്റാണ്ട് ഗൾഫിൽ നിന്ന് സമ്പാദിച്ചത് മുഴുവൻ, മക്കളുടെ വിദ്യാഭ്യാസത്തിനും ബാക്കി മോളുടെ കല്യാണത്തിനും കൂടി ചിലവഴിച്ചതോടെ അസ്തമിച്ചിരുന്നു. രണ്ടാമത്തവൻ കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി കിട്ടിയപ്പോൾ ഞാനും ദേവൂം ഒരുപാടു സന്തോഷിച്ചു. ഗൾഫിൽ കിടന്ന് ഒറ്റക്കു കഷ്ടപ്പെട്ടതിനു ഫലമുണ്ടായല്ലോന്നോർത്ത്,  എന്റെ മക്കളൊന്നും പാഴായിപ്പോയില്ലല്ലോന്നോർത്ത് ദൈവത്തിനു നന്ദി പറഞ്ഞു.

ഇനിയെങ്കിലും തിരിച്ചു വന്ന് ഒരുമിച്ച് ജീവിക്കാമെന്ന ദേവൂന്റെ പരിദേവനങ്ങൾക്ക്  ചെവി കൊടുക്കാനായില്ല...
മോളുടെ കല്യാണത്തിനായി വാങ്ങിയ കുറച്ചു കടം കൂടിയുണ്ടായിരുന്നു വീട്ടിത്തീർക്കാൻ...
അപ്പോഴേക്കും ദേവു കിടപ്പിലായി...
അത് എനിക്ക്  വല്ലാത്തൊരു ഷോക്കായിരുന്നു...
ആയ കാലത്ത് ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല...
ഇനിയുള്ള കാലം നമ്മൾക്കൊരുമിച്ച് ജീവിക്കണമെന്ന എന്റെ ദേവൂന്റെ നിർബ്ബന്ധപ്രകാരം ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി...
അപ്പോഴേക്കും പ്രായം ഷഷ്ടിപൂർത്തിയോടടുത്തിരുന്നു...
രണ്ടു വ്യാഴവട്ടക്കാലം ഗൾഫിൽ ജീവിച്ചിട്ടും കയ്യിലൊന്നുമില്ലാതെയുള്ള ആ യാത്ര വേണ്ടായിരുന്നുവെന്ന് തോന്നിയപ്പോഴേക്കും ഗൾഫ് കൈവിട്ടു പോയിരുന്നു....!!


തുടരും...

Tuesday, 15 May 2012

നീണ്ട കഥ... (2) മഴയിലൊരു വിരുന്നുകാരൻ...




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
തുടർന്നു വായിക്കുക...

പാതിരാവിലെ കഞ്ഞി...

വാതിൽക്കൽ ഓടിയെത്തിയ നിമ്മി വാതിൽ തുറക്കുന്നതിനു മുൻപ് ഒരു നിമിഷം തിരിഞ്ഞു നിന്നു. ആകാംക്ഷയോടെ തന്നെ നോക്കിയിരിക്കുന്ന അമ്മയും ചേച്ചിയും..!
കുറച്ചൊരു പരിഭ്രാന്തിയിൽ തന്നെയാണ് ഇരുവരും...!
വാതിൽ തുറക്കാനുള്ള നിമ്മിയുടെ ശ്രമത്തെ അവർ തടഞ്ഞില്ല.
കാറ്റു പിടിച്ച മഴയുടെ ഇരമ്പൽ ശക്തമായി...
അവൾ ധൈര്യത്തോടെ തന്നെ വാതിൽ തുറന്നു.
ഇരുട്ടിലേക്കവൾ ഒരു നിമിഷം ശ്രദ്ധിച്ചിട്ടാണ് കയ്യെത്തിച്ച് പുറത്തെ വരാന്തയിലെ ലൈറ്റിട്ടത്. ലൈറ്റ് വീണതും നടക്കല്ലിനോട് ചേർന്ന തൂണിൽ ചാരിയിരുന്ന ആൾ പെട്ടെന്നു തിരിഞ്ഞു നോക്കി. നിമ്മിയെ കണ്ടതും അയാൾ എഴുന്നേറ്റു.
“മഴ മാറിയാൽ ഞാൻ പൊയ്ക്കോളാം മോളെ... നിങ്ങൾ കിടന്നോളു...”
അതും പറഞ്ഞയാൾ സാവധാനം അവിടെത്തന്നെ ഇരുന്നു. അയാൾ സ്വൽ‌പ്പം അവശനാണെന്ന് അയാളുടെ പ്രകൃതത്തിൽ നിന്നും നിമ്മി ഊഹിച്ചു.

അവൾ വാതിൽ തുറന്നിട്ടു തന്നെ അമ്മയുടെ അടുത്തേക്കു വന്നു. കുനിഞ്ഞിരുന്നിട്ട് പറഞ്ഞു.
“ അയാളെ അകത്തേക്ക് വിളിക്കട്ടെ അമ്മേ... വയസ്സായ ആളാ...”
അതുവരെ അമ്മയുടെ മടിയിൽ തലവച്ച് കിടന്ന് കരഞ്ഞിരുന്ന നിമ്മിയായിരുന്നില്ല അപ്പോൾ...!
മുഖം പ്രസന്നമായിരുന്നു...!
അമ്മ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും നിമ്മി എഴുന്നേറ്റ് വീണ്ടും വാതിലിനടുത്തെത്തി. തിണ്ണയിൽ തലയും ചാരി പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുന്ന അയാളെ നിമ്മി വിളിച്ചു.
“അമ്മാവാ... അകത്തേക്കു വരൂ... പുറത്തെ കാറ്റടി കൊള്ളണ്ട...”
“വേണ്ട മോളെ.. ഞാൻ വന്നിരുന്ന് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തണ്ട. നിങ്ങൾ കിടന്നോളു... മഴ മാറിയാൽ ഞാനങ്ങു പോകും...”
“ ഇതിലേ എവിടെപ്പോകാനാ...?”
അങ്ങനെയൊരു ചോദ്യം മനസ്സിലുണ്ടായിരുന്നില്ല.
അറിയാതെ ചോദിച്ചു പോയതാണ്. കാരണം അതിലെ ആരും ഇപ്പോൾ വഴി നടക്കാറില്ല. കുറച്ചപ്പുറത്ത് കുളിക്കടവിൽ പാലം‌പണി നടക്കുന്നതുകൊണ്ട് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. പഴയതു പോലെ കടത്തുകാരൻ കണാരേട്ടനും ഈ നേരത്ത് അവിടെ കാണില്ല.

നിമ്മിയുടെ ചോദ്യം ഒരു നിമിഷം അയാളെ സ്തപ്തനാക്കി...!
താൻ എങ്ങോട്ടാണ് പോകുന്നത്...?
നടന്നു നടന്ന് എവിടെയോ എത്തിയിരിക്കുന്നു. അയാളിൽ നിന്നും മറുപടിയില്ലാത്തതുകൊണ്ട് അവൾ വീണ്ടും ക്ഷണിച്ചു.
“വരൂ.. അകത്തേക്കു വരൂ... ഈ കാറ്റടികൊണ്ട് വല്ല പനിയും പിടിക്കണ്ട..”
തന്റെ ആരുമല്ലെങ്കിൽ പോലും ഹൃദയ തന്ത്രികളിൽ എവിടെയോ കൊളുത്തിയിരിക്കുന്നു ആ വാക്കുകൾ...!
ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഇത്ര സ്നേഹത്തോടെയുള്ള നിമ്മിയുടെ ആ വിളി അമ്മയേയും ഗൌരിയേയും ഒരു നിമിഷം പരസ്പ്പരം നോക്കാൻ പ്രേരിപ്പിച്ചു. പരിചയമുള്ളവരോട് പോലും ഒരകലം സൂക്ഷിച്ച് പെരുമാറാറുള്ള നിമ്മിക്കെന്തു പറ്റിയെന്ന് രണ്ടു പേരും ഒരുപോലെ ചിന്തിച്ചു.

അവൾ വീണ്ടും അയാളെ ക്ഷണിച്ചു. ഇത്തവണ അയാൽ എഴുന്നേറ്റ് രണ്ടടി വച്ചിട്ട് ഒന്നു സംശയിച്ചു നിന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം അവൾ വീണ്ടൂം പറഞ്ഞു.
“കാറ്റടി അകത്തേക്കു കേറണു... വേഗം വരൂ....”
അയാൾ സാവധാനം അകത്തേക്കു കയറിയതും നിമ്മി വാതിൽ ചേർത്തടച്ച് സാക്ഷയിട്ടു. പിന്നെ തിരിഞ്ഞു നടന്ന് പഴയ സ്ഥലത്തു വന്നിരുന്നു. അയാൾ പരിസരം ഒന്നു വീക്ഷിച്ചിട്ട് അവരുടെ അടുത്തു വന്ന് അവരോടൊപ്പം നിലത്തിരുന്നു. അപ്പോഴേക്കും മൂക്കിൽ ഒരു വാട അടിച്ചത് അയാളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അയാൾ നാലു പാടും നോക്കിയെങ്കിലും ഒന്നും മനസ്സിലായില്ല. അപ്പോഴേക്കും നിമ്മി അമ്മയേയും ചേച്ചിയേയും ചൂണ്ടി പറഞ്ഞു.
“ ഇത് അമ്മ., ഇത്.. ന്റെ ചേച്ചി..”
അയാൾ രണ്ടു പേരേയും നോക്കി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിക്ക് യാതൊരു തിളക്കവുമില്ലായിരുന്നു.

എല്ലാവരും അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു...
നടന്നു ക്ഷീണിച്ച, ഏറെ നാളായി പട്ടിണി കിടന്ന ഒരു പാവം വയസ്സനെപ്പോലെ തോന്നി. താടി വടിച്ചിട്ട് മാസങ്ങളായിക്കാണും. മുഷിഞ്ഞ വസ്ത്രങ്ങൾ. നല്ല വണ്ണം നനഞ്ഞിരിക്കുന്നു. പത്തറുപത്തഞ്ചു വയസ്സു കാണുമായിരിക്കും. അമ്മ മനസ്സിൽ കണ്ടു. കുറച്ചു കഴിഞ്ഞ് അമ്മ ചോദിച്ചു.
“എവിടേക്കാ പോണേ...? ഇവിടെ ഇതിനു മുൻപൊന്നും കണ്ടിട്ടില്ലല്ലൊ...?”
അയാൾ ഇത്തിരി ഉമിനീരിനായി ഒരു നിമിഷമെടുത്തിട്ട് പറഞ്ഞു.
“ഞാൻ ഇവിടത്തുകാരനല്ല... ജീവിത വഴിയിൽ ഒറ്റപ്പെട്ടു പോയതു കൊണ്ട്...!?”
പിന്നെ അയാൾക്ക് തൊണ്ടയിൽ സങ്കടം വന്നു  മുട്ടിയ പോലെ ഒന്നു നിറുത്തി. സ്വൽ‌പ്പ സമയത്തിനു ശേഷം അയാൾ തുടർന്നു.
“ഇന്ന് ഒത്തിരി നടന്നു. എവിടേക്കെന്നറിയാതെ നടന്നു... പട്ടണത്തിലായിരുന്നു ഇന്നലെവരെ... ഭക്ഷണമൊന്നും കഴിക്കാൻ കിട്ടിയില്ല. വീടുകളിൽ കയറി ചോദിക്കാൻ മെനക്കെട്ടില്ല.
ഇന്നത്തെ ദിവസം എനിക്ക് മറക്കാനാവില്ല....!
എന്തിനെന്നറിയാതെ വല്ലാത്തൊരു ശ്വാസം മുട്ടൽ...!
എന്തിനോടൊക്കെയോ, ആരോടൊക്കെയോ, അതോ എന്നോടു തന്നെയോ   ഉള്ള ദ്വേഷ്യം ഇന്നെന്റെ കൂടെ ഉണ്ടായിരുന്നു...”
പിന്നെ അയാൾ തല കുനിച്ചു പിടിച്ചിരുന്നു....

അയാൾ ഇന്നു ഭക്ഷണം കഴിച്ചിട്ടില്ലെന്ന തിരിച്ചറിവ് മൂന്നു പേർക്കും സങ്കടമായി. അമ്മക്കു പിറകിലെ വിഷച്ചോറ് നിറച്ച പാത്രത്തിലേക്ക് മൂന്നു പേരും നോക്കി. അയാളുടെ കൺ‌വെട്ടത്തു നിന്നും അമ്മ അതെടുത്ത് കട്ടിലിന്റെ അടിയിലേക്ക് മാറ്റിവച്ചു. അയാൾ വീണ്ടും തല ഉയർത്തി മണം പിടിക്കുന്നതു പോലെ അവിടെയാകെ പരുതി. അപ്പോഴാണ് കട്ടിലിന്റെ അടിയിലിരിക്കുന്ന ചോറ് പാത്രം കണ്ണിൽ പെട്ടത്. അയാൾ ചോദിച്ചു.
“നിങ്ങൾ ഊണു കഴിക്കായിരുന്നൂല്ലെ...? ഞാൻ വന്നതു കൊണ്ട് നിറുത്തിയതായിരിക്കും... ” അതും പറഞ്ഞ് അയൾ മൂന്നു പേരേയും മാറി മാറി നോക്കി. പിന്നെ ചോദിച്ചു.
“ഒരു പിടി എനിക്കൂടെ തരോ....? ഇന്ന് ഒരു പിടി ചോറ് കഴിച്ചിട്ടില്ല...! പിന്നെ എവിടേക്കെന്നില്ലാത്ത ധൃതി പിടിച്ച നടപ്പും...!? ”
അതും പറഞ്ഞയാൾ ആ ചോറുപാത്രത്തിലേക്ക് ആർത്തിയോടെ നോക്കി.  ഗൌരി അതെടുത്ത്    തന്റെ പിറകിലേക്ക് മാറ്റി വച്ചത് അയാൾ കണ്ടു. അത് മനസ്സിലാക്കിയ ഗൌരി ഒരു ഭീതിയോടെ എല്ലാവരേയും നോക്കി. പെട്ടെന്ന് അമ്മ എഴുന്നേറ്റിട്ട് പറഞ്ഞു.
“ഞാൻ കുറച്ച് കഞ്ഞിയുണ്ടാക്കാം... ആ ചോറ് കഴിക്കണ്ട...”
അപ്പോഴേക്കും ചോറു പാത്രമെടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു ഗൌരി.

തന്റെ തലക്കു മുകളിലൂടെ ആ ചോറുപാത്രം ഗൌരി അമ്മക്കു കൈമാറിയപ്പോൾ അനുഭവപ്പെട്ട ഗന്ധം അയാൾ തിരിച്ചറിഞ്ഞിട്ടെന്നോണം, പെട്ടെന്ന് ആ പാത്രത്തിൽ കയറിപ്പിടിച്ചു. പാത്രം മൂക്കിന്റെ തുമ്പിൽ കൊണ്ടുവന്ന് മണപ്പിച്ചിട്ട് ഒരു ഭീതിയോടെ മൂന്നു പേരേയും മാറി മാറി നോക്കി. അമ്മയിരുന്നതിന്റെ പിറകിലിരുന്ന വിഷക്കുപ്പി അപ്പോഴാണ് അയാളുടെ കണ്ണിൽ പെട്ടത്. അതെടുത്ത് അതിന്റെ പേരു വായിച്ചിട്ട് അവരെ ഒന്നു കൂടി നോക്കി.  മൂവരും ഒന്നും ശബ്ദിക്കാൻ കഴിയാതെ, എന്തോ കഠിനമായ തെറ്റു ചെയ്ത, ഭീതി നിറഞ്ഞ മുഖത്തോടെ അയാളെ നോക്കിയിരുന്നു....!
എല്ലാം അയാൾ ഊഹിച്ചു കഴിഞ്ഞിരുന്നു....!

അയാൾ ഒന്നും ശബ്ദിച്ചില്ല. എഴുന്നേറ്റ് വാതിൽ തുറന്ന് മുൻ‌വശത്തെ വരാന്തയിലേക്ക് ഇറങ്ങി. എന്നിട്ട് മുറ്റത്തിറങ്ങി  മഴ നനഞ്ഞ് റോഡിന്റെ അപ്പുറത്ത് ചെന്ന് കയ്യിലിരുന്ന പാത്രത്തിലെ ചോറ് നെൽക്കണ്ടത്തിലേക്ക് തൂവിയെറിഞ്ഞു. അതോടോപ്പം വിഷക്കുപ്പിയും കണ്ടത്തിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ച് ഇറയത്ത് കയറി നിന്ന് ഓടിൻ പുറത്തു നിന്നും ഒഴുകി വരുന്ന എറവെള്ളത്തിൽ പാത്രം കഴുകി. അകത്ത് വാതിൽക്കൽ നിമ്മി നിന്നിരുന്നു....
കരയാൻ വിങ്ങി നിന്ന മുഖത്തോടെ നിമ്മി പാത്രം വാങ്ങി തിരിഞ്ഞു നടന്നു.

അയാൾ പഴയ സ്ഥലത്തു തന്നെ പോയി  നിലത്തിരുന്നു.  ഗൌരി അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ അടുക്കളയിലേക്ക് പോയിരുന്നു ഇതിനകം. അയാൾ ചോദിച്ചു.
“മോളുടെ പേരെന്താ..?”
“ഗൌരി..”
അപ്പോഴേക്കും നിമ്മി അടുക്കളയിൽ നിന്നും വന്ന് ഗൌരിയുടെ അടുത്തിരുന്നു. നിമ്മിയോടായി
ചോദിച്ചു.
“മോളുടെ പേരോ..?”
“ഞാൻ  നിമ്മി..”
“അമ്മാവന്റെ പേരോ...?” ഗൌരിയാണത് ചോദിച്ചത്.
“ ഞാൻ മാധവൻ..”
പിന്നെ ആർക്കും ഒന്നും ചോദിക്കാനും പറയാനും ഇല്ലാത്തതു പോലെ നിശ്ശബ്ദമായിരുന്നു. കാലുകൾ നിവർത്തി വച്ച് മുട്ടുകാൽ തടവിക്കൊണ്ടിരുന്നു മാധവൻ. ഇന്നത്തെ നീണ്ട നടപ്പിൽ കാൽ തളർന്നു പോയിരിക്കുന്നു. അപ്പോഴാണ് അയാൾ ധരിച്ചിരിക്കുന്നത് മുഴുവൻ നനഞ്ഞു കുതിർന്നിരിക്കുകയാണല്ലോന്ന് രണ്ടു പേരും ശ്രദ്ധിച്ചത്. അഛന്റെ പഴയ ഷർട്ടും ലുങ്കിയുമെടുത്ത് കൊടുത്തിട്ട് നിമ്മി പറഞ്ഞു.
“ആ ഉടുപ്പൊക്കെ മാറിക്കോളൂ... ദ്  ഞങ്ങടെ അഛന്റെയാ...”

അയാൾ അതും വാങ്ങി ഇറയത്തിറങ്ങി. നനഞ്ഞത് പിഴിഞ്ഞ് വരാന്തയിൽ തന്നെ ഉണങ്ങാനിട്ടു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ കഞ്ഞിയുമായി വന്നു....
നാലു പാത്രങ്ങളും മുന്നിൽ നിരത്തി.... 
തൊട്ടടുത്ത് വന്നിരുന്ന് പാത്രങ്ങളിൽ കഞ്ഞി വിളമ്പി...
കഞ്ഞിയിൽ മോരും അച്ചാറും കലക്കിയിരുന്നു...
ആരും ഒന്നും ശബ്ദിച്ചില്ല. മൂകമായിരുന്ന് എല്ലാവരും കഞ്ഞി കഴിച്ചു. ആ കഞ്ഞിക്ക് അതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്വാദുണ്ടായിരുന്നുവെന്ന് മാധവൻ പറഞ്ഞത് മൂവരും തലകുലുക്കി സമ്മതിച്ചു...!!.

മഴ അപ്പോഴും ശക്തമായി പെയ്യുന്നുണ്ടായിരുന്നു...
പാത്രങ്ങളൊക്കെ കഴുകി വച്ച് നിമ്മിയും അമ്മയും കട്ടിലിന്റെ അടുത്ത് പഴയതു പോലെ വന്നിരുന്നു. ഗൌരിക്ക്  മുഖം കഴുകാനും മറ്റും നിമ്മി സഹായിക്കുന്നതു കണ്ടപ്പോൾ മാധവന് എന്തോ ഒരു സംശയം തോന്നാതിരുന്നില്ല. എങ്കിലും ചോദിച്ചില്ല. എല്ലാവരും വന്ന് വട്ടത്തിലിരിക്കുമ്പോഴാണ് മാധവൻ ഗൌരിയേ ചൂണ്ടി ചോദിക്കുന്നത്.
“ഈ കുട്ടിയ്ക്ക്...?”
അത്രയുമായപ്പോൾ നിറുത്തി. എന്നിട്ട് മറ്റുള്ളവരുടെ മുഖങ്ങളിൽ നിന്നും ഉത്തരം വായിച്ചെടുക്കാൻ ഒരു ശ്രമം നടത്തി. അതു കണ്ട് ഇടക്കു കയറി നിമ്മിയാണ് പറഞ്ഞത്.
“ചേച്ചിക്ക് രണ്ടു കാലിനും സ്വാധീനമില്ല. ഒൻ‌പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തളർന്നതാ....”
അവിടന്നു തുടങ്ങിയ ആ സംഭാഷണം ഇതു വരെയുള്ള അവരുടെ ജീവിതകഥയായിരുന്നു. ആത്മഹത്യയിൽ അഭയം തേടാൻ തുടങ്ങിയിടത്ത് മാധവൻ വന്ന കാരണം, അത്  പരാജയപ്പെട്ടിടം വരെ അമ്മയും നിമ്മിയും ഗൌരിയും കൂടി പറഞ്ഞവസാനിപ്പിച്ചു....

അപ്പോഴേക്കും മുജ്ജന്മ ബന്ധം പോലെ ഒരടുപ്പം മാധവനുമായി അവർക്ക് തോന്നിത്തുടങ്ങിയിരുന്നു...
എല്ലാം തുറന്നു പറയാൻ പറ്റിയ ഒരാളായി മാധവനെ അവർ കണ്ടെങ്കിൽ, മുങ്ങിത്താഴാൻ പോകുന്ന  ഈ വീട്ടിലേക്ക് എത്തിപ്പെടാനായിരുന്നോ താനും ഇന്നത്തെ ദിവസം ഈ നടപ്പത്രയും നടന്നതെന്നത് മാധവനേയും അത്ഭുതപ്പെടുത്തി....!!!
നര കയറിയ തന്റെ താടിയിൽ തടവിക്കൊണ്ടിരുന്ന മാധവന്റെ മനസ്സിൽ അപ്പോൾ എന്തായിരുന്നുവെന്ന് ആർക്കറിയാം.....!!??

തുടരും....

Tuesday, 1 May 2012

നീണ്ട കഥ.



മഴയിലൊരു വിരുന്നുകാരൻ



“എനിക്ക് സങ്കടോന്നൂല്ല അമ്മെ...”
കട്ടിലിന്റെ തലയ്ക്കൽ ചാരിവച്ച തലയിണയിൽ ചാരിയിരുന്നു കൊണ്ട് ഗൌരി അത് പറഞ്ഞത് ധാരയായി ഒഴുകുന്ന കണ്ണീരോടെയാണ്.
“പിന്നെ നീ കരയുന്നതെന്തിന്...?” താഴെ കട്ടിലിൽ ചാരി ഇരുന്നു കൊണ്ട്  കരഞ്ഞു വീർത്ത മുഖവുമായിരിക്കുന്ന അമ്മ അതും പറഞ്ഞ് വിങ്ങിപ്പൊട്ടി.
“ആ പണ്ടാറക്കാലന്മാര് നശിച്ചു പോകത്തേയുള്ളു.” അനിയത്തി നിർമ്മലയുടെ ദ്വേഷ്യം മുഴുവൻ ബാങ്കുകാരോടായിരുന്നു.
“നീ അവരെ എന്തിനാ പറയണെ..? മേടിച്ചാ കൊടുക്കാത്തേന് നമ്മളെത്തന്നെ പറഞ്ഞാ മതി..”
ഗൌരിക്ക് എല്ലാത്തിനോടും ഒരു മിതവാദി സമീപനമാണ്. ശത്രുക്കളോടു പോലും അവൾക്ക് വിദ്വേഷമില്ല. അനിയത്തി നിർമ്മലയെന്ന  ‘നിമ്മി’യെ ജിവനാണ്. വണ്ടിയിലിരുത്തി  മുറ്റത്തൊക്കെ കൊണ്ടു നടക്കുന്നത് അവളാണ്.
“എങ്ങനെ കൊടുത്തുതീർക്കാനാ... ഇക്കാലമത്രയും ചിലവു മാത്രമല്ലെ ഉണ്ടായുള്ളു. കിട്ടുന്നതിനേക്കാൾ കൂടുതൽ ചിലവു ചെയ്തിട്ടും എന്റെ മോള് രക്ഷപ്പെട്ടതുമില്ല.”
ഗൌരിയുടെ  സ്വാധീനമില്ലാത്ത കാലുകൾ തടവിക്കൊണ്ട് അമ്മ ആരോടെന്നില്ലാതെ പറഞ്ഞ്  മൌനം പൂണ്ടു.
ആ മനസ്സ് പഴയ സംഭവങ്ങളെല്ലാം ഒരു സിനിമാക്കഥ പോലെ നേരിൽ ഒന്നു കൂടി കണ്ടു.

പത്തു വർഷം മുൻപ്  ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗൌരിയുടെ  കാലിന് അസുഖം വന്നത്. അന്ന് സ്കൂളിൽ നിന്നും എടുത്താണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. പിന്നീടിന്നുവരെ ആ കാലുകൾ കൊണ്ട് നടക്കാൻ ഗൌരിക്ക് കഴിഞ്ഞില്ല. അവളുടെ അഛൻ ആശുപത്രികളായ ആശുപത്രികൾ മുഴുവൻ മകളേയും കൊണ്ട് നടന്നു. കയ്യിലുണ്ടായിരുന്നതും വിറ്റുപെറുക്കിയും ഒക്കെ ചികിത്സിച്ചിട്ടും മതിയാകാതെയാണ് വീടും പറമ്പും പണയപ്പെടുത്തിയത്. എന്നിട്ടും ഗുണമൊന്നും ഉണ്ടായില്ല. വായ്പ്പയെടുത്തതിനു ശേഷം ഒരു മാസത്തവണ പോലും തിരിച്ചടക്കാൻ കഴിഞ്ഞില്ല. മകളേയും കൊണ്ട് നടന്നതിനാൽ ജോലിക്കു പോകാൻ കഴിയാതെ ഒരു കടയിലെ കണക്കെഴുത്തുകാരനായിരുന്ന അദ്ദേഹത്തിന്റെ ജോലിയും   നഷ്ടപ്പെട്ടിരുന്നു.  നിരാശനായ അദ്ദേഹം അവസാന അഭയമെന്ന നിലയിലാണ് അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ കൊണ്ടു നടന്നത്. പിന്നെ  മന്ത്രവാദം. ഒന്നിനും മോളെ എഴുന്നേറ്റു നടത്തിക്കാനായില്ല. തന്റെ നിർബ്ബന്ധത്തിനു വഴങ്ങിയാണ്  ജ്യോത്സ്യന്റെ അടുത്തു പോയത്. അയാളാണ് ഇന്നത്തെ അവസ്ഥയിലേക്ക് ഞങ്ങളെ തള്ളിയിട്ടത്.

ഗൌരിക്ക് ചൊവ്വാ ദോഷമുണ്ടെന്നും വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ വിധവയാകുമെന്ന ജ്യോത്സ്യവിധി അദ്ദേഹത്തിന്റെ ഹൃദയത്തെ തകർത്തു കളഞ്ഞു. അതിനു ശേഷമാണ് കുനിന്മേൽ കുരുവെന്ന പോലെ ബാങ്കിന്റെ ജപ്തി നോട്ടീസ്സ് വന്നത്. അതോടെ പൂർണ്ണമായും തകർന്നു പോയ അദ്ദേഹം ഒറ്റക്കു രക്ഷപ്പെട്ടത് കുടുംബത്തിന്റെ നട്ടെല്ലു തകർത്തു...!!
അതൊരു ആത്മഹത്യയായിരുന്നില്ല. ഹൃദയ സ്തംഭനമായിരുന്നു. അതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. 

രണ്ടു കാലും തളർന്ന ഗൌരിയേയും, സാമ്പത്തിക പരാധീനത കാരണം പഠിത്തം അവസാനിപ്പിച്ച  നിർമ്മലയേയും  കൊണ്ട്  ഈ അമ്മ എന്തു ചെയ്യാൻ...?
ഒരു തേങ്ങിക്കരച്ചിലിലാണ് ആ ചിന്തകൾ അവസാനിച്ചത്..
അമ്മയെ ആശ്വസിപ്പിക്കാനായി മക്കൾ രണ്ടു പേരും അമ്മയെ ചേർത്തു പിടിച്ചെങ്കിലും, അവർക്കും അമ്മയോടൊപ്പം കൂടാനെ കഴിഞ്ഞുള്ളു.

പട്ടിണി കിടക്കാതിരിക്കാൻ നിമ്മി  ഒരു ജോലിക്ക് ശ്രമിച്ചിരുന്നു. അടുത്ത പട്ടണത്തിലെ തുണിക്കടയിൽ സെയിത്സ് ഗേൾ ആയി പോയിരുന്നു. കിട്ടുന്ന കാശ് വണ്ടിക്കാശിനു പോലും തികയില്ല. പട്ടണത്തിൽ താമസിക്കാൻ അമ്മ സമ്മതിച്ചതുമില്ല. 
പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ  കിടക്കുന്ന ഗൌരിക്ക് ഏതു  കാര്യത്തിനും അമ്മയില്ലാതെ പറ്റില്ല. അതുകൊണ്ട് ആരുടെയെങ്കിലും അടുക്കളപ്പണിക്കു പോലും പോകാൻ അമ്മക്കും കഴിഞ്ഞില്ല.

ബാങ്കിൽ നിന്നും ഉദ്യോഗസ്ഥർ വന്ന് ഒരാഴ്ച്ചുക്കുള്ളിൽ ജപ്തിയുണ്ടാകുമെന്നും, ജപ്തി കൂടാതെ കഴിക്കണമെങ്കിൽ എത്രയും വേഗം കുറച്ചു രൂപ ബാങ്കിലടച്ചേ തീരുവെന്നും ഓർമ്മപ്പെടുത്തിയിരുന്നു. അതിനും നിവർത്തിയില്ലാതെ വന്നപ്പോഴാണ് സ്ഥലം വിൽക്കുന്നതിനെക്കുറിച്ച് അവരോടു തന്നെ ചോദിച്ചത്. ഇതു വിറ്റാലും പലിശയും പലിശയുടെ പലിശയുമായിക്കഴിഞ്ഞ കടം തീർക്കാനുള്ള വക കിട്ടില്ലെന്നു തിർത്തു പറഞ്ഞത് അവരെ  തളർത്തി.

എല്ലാ വഴികളും അടഞ്ഞുവെന്നു തോന്നിയ ആ രാത്രിയിലാണ് അവർ ആ തീരുമാനമെടുത്തത്. അമ്മ പറഞ്ഞു.
“ഇനീപ്പൊ.. ഇതു വിറ്റ് കടം വീട്ടിയാലും നമ്മളെങ്ങോട്ടു പോകും മക്കളെ...?”
“ഇതു വിറ്റാലും കടം തീരില്ലെന്നല്ലെ അവരു പറഞ്ഞത്...?”
നിർമ്മല അമ്മയുടെ മടിയിൽ തലവച്ചു കൊണ്ട് പറഞ്ഞു.
“എന്താമ്മെ നമ്മടെ ജീവിതം ഇങ്ങനെ ആയിപ്പോയത്...?”
കട്ടിലിൽ  ചാരിയിരിക്കുന്ന അമ്മയുടെ തലമുടിയിൽ വിരലുകൾ കോർത്തു കൊണ്ട് ഗൌരി പറഞ്ഞു. അമ്മയുടെ പനങ്കുല പോലത്തെ ഈ മുടി കണ്ടിട്ടാണത്രെ അഛൻ കെട്ടിയതെന്ന് ഒരു നിമിഷം അവളുടെ മനസ്സിലൂടെ കടന്നു പോയി.
“എന്തെങ്കിലും അടുക്കളപ്പണിയെടുത്ത് ജീവിക്കാന്നു വച്ചാലും ഗൌരിമോളെ എന്തു ചെയ്യും...?”
 അത് ഗൌരിക്കും അറിയാം. താൻ കാരണമാണ് കുടുംബത്തിന് ഈ ഗതി വന്നതെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തന്റേത് ഒരു നാശം പിടിച്ച ജന്മമാണ്. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും തന്റെ കുടുംബത്തെ എങ്ങനെ രക്ഷപ്പെടുത്താമെന്നും പലപ്പൊഴും അവൾ ചിന്തിച്ചിട്ടുണ്ട്. അതിനും മറ്റൊരാളുടെ സഹായം വേണ്ടിവരുമെന്ന അവസ്ഥ അവളെ നിസ്സഹായനാക്കി.

അതു കൊണ്ടാണ് അമ്മയുടെ ആ നിർദ്ദേശം വന്നപ്പോൾ രണ്ടും കയ്യും നിട്ടി സ്വീകരിച്ചത്.
“എന്റെ മക്കളെ... അമ്മക്കിനി ജിവിക്കണോന്നില്ല. പക്ഷെ, നിങ്ങളെ തനിച്ചാക്കി അമ്മക്ക് പോകാനും വയ്യ....!” 
ഹൃദയം തകർന്നു പറഞ്ഞ അമ്മയുടെ വാക്കുകൾ നിമ്മിയെ സ്തപ്തയാക്കിയെങ്കിലും  ഗൌരി പറഞ്ഞു.
“ഞാൻ റെഡിയാ അമ്മെ...! എന്നേ ഞാനതിനു തെയ്യാറായതാ.. ഒറ്റക്കു ഒന്നിനും കഴിയാത്തോണ്ടാ.. !!”  
ഗൌരിയുടെ മറുപടി കേട്ട് അമ്മയും ഞെട്ടി. ഒരു മരണം അവളും  ആഗ്രഹിച്ചിരുന്നോ..?
ഗൌരി തുടർന്നു. 
“പക്ഷെ, നിമ്മീനെ വേണ്ടാമ്മെ... അവളെങ്കിലും രക്ഷപ്പെടണം...!”
അതു കേട്ട് ചാടി എഴുന്നേറ്റ നിമ്മി പറഞ്ഞു.
“ വേണ്ടാ... നിങ്ങളില്ലാതെ എനിക്ക് ജീവിക്കണ്ടാ.. എനിക്കു ജീവിക്കണ്ടാ...!”
വളരെ ആവേശത്തോടെ നിമ്മി അതും പറഞ്ഞ് അമ്മയുടെ മടിയിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. അതു കേട്ട് അമ്മ പറഞ്ഞു.
“ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും നമ്മളൊരുമിച്ചെയുള്ളു...! മറ്റുള്ളോർക്ക് കടിച്ചു കീറാനായി എന്റെ മക്കളെ വിട്ടുകൊടുക്കില്ല ഞാൻ..!”
അമ്മയുടെ കൈ പിടിച്ച് മുത്തം കൊടുത്ത് ഗൌരി വിങ്ങിവിങ്ങിക്കരഞ്ഞു. മടിയിൽ കിടക്കുന്ന നിമ്മിയുടെ തലയിൽ വെറുതെ കോതിക്കൊണ്ട് അമ്മ കണ്ണീരൊഴുക്കി....
ആർക്കും ആരേയും സമാധാനിപ്പിക്കാൻ കഴിയാത്ത അവസ്ഥ....
ഒരു രക്ഷാകവചം അവരുടെ മുന്നിൽ തുറന്നില്ല....

പിറ്റേദിവസം അമ്മ നെൽ‌പ്പാടത്തിന്റെ അരികിലെ വരമ്പിലൂടെ അന്വേഷിച്ചു നടന്നു. അമ്മക്കറിയാമായിരുന്നു കർഷകർ നെല്ലിനടിക്കുന്ന മരുന്ന് കൈതക്കാടുകൾക്കിടയിൽ ഒളിപ്പിച്ചു വക്കാറുള്ളത്.  അന്വേഷണത്തിലൊടുവിൽ രണ്ടു കുപ്പികൾ കിട്ടി.  പൊട്ടിക്കാത്ത ഒരു കുപ്പിയും, പൊട്ടിച്ച് വളരെ കുറച്ച് മാത്രമെടുത്ത ഒരു കുപ്പിയും. രണ്ടുമെടുത്ത് സാരിയിൽ ഒളിപ്പിച്ച് വീട്ടിലെത്തി. അടുക്കളയിൽ കൊണ്ടുവച്ച നേരം നിമ്മിയെടുത്ത് നോക്കി. പിന്നെ ഒന്നു മണത്തു നോക്കി മൂക്കു ചുളിച്ചു. 

പിന്നെ രാത്രിയാവാൻ കാത്തിരുന്നു....
സന്ധ്യ ആയതോടെ ആകാശം മേഘാവൃതമായിത്തുടങ്ങി....
ഇരുട്ടു വീണതും പതുക്കെ മഴ ചാറാൻ തുടങ്ങി.  ഇന്ന് തങ്ങളുടെ അവസാനദിവസമാണെന്ന് മൂന്നു പേരും മനസ്സാൽ തന്നെ തീരുമാനമെടുത്തിരുന്നതു കൊണ്ട് ആർക്കും വേവലാതിയൊന്നും ഇല്ലായിരുന്നു....
പോകുന്നതിനു മുൻപ് എന്തെങ്കിലും ചെയ്തുവക്കേണ്ടതുണ്ടോന്ന് മൂന്നു പേരും ആലോചിച്ചു നോക്കി. തങ്ങൾ ജീവിച്ചാലും മരിച്ചാലും ഇതെല്ലാം ബാങ്കുകാരു കൊണ്ടു പോകും. അതുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല. അഛൻ മരിച്ചതിനു ശേഷം ഒന്നു തിരിഞ്ഞു പോലും നോക്കാത്ത ബന്ധുക്കൾക്ക്...? 
അടുത്തു  ഇടപഴകിപ്പോയാൽ എന്തെങ്കിലും സഹായം ചെയ്യേണ്ടി വരുമെന്നു പേടിച്ച് തിരിഞ്ഞു നോക്കാത്തവരെക്കുറിച്ച് എന്തു ചിന്തിക്കാൻ... ?
ഇല്ല ഒരാളു പോലുമില്ല ആശ്വാസത്തോടെ ഒന്നോർക്കാൻ...!

അയൽവക്കത്തെ കുസുമേച്ചിയേയും നാരായണി വല്ലിമ്മയേയും ഒർമ്മ വന്നു നിമ്മിയുടെ മനസ്സിൽ.  വല്ലപ്പോഴും പുറം ലോകവുമായുള്ള ബന്ധം അവരിലൂടെയായിരുന്നു.  തങ്ങളുടെ മരണത്തെക്കുറിച്ച് അറിയുമ്പോൾ നാരായണി വല്ലിമ്മ കുശുമ്പി ആണെങ്കിലും വാവിട്ട് കരഞ്ഞേക്കാം. പക്ഷേ കുസുമേച്ചി കരയില്ല..! ഇതല്ലാതെ മറ്റൊരു വഴി ഞങ്ങളുടെ മുന്നിൽ ഇല്ലാന്ന്, ഗൾഫിൽ ഭർത്താവിനൊപ്പം കഴിയുന്ന കുസുമേച്ചിക്ക് മനസ്സിലാകും.... 
വീണ്ടും മഴ ശക്തമാകാൻ  തുടങ്ങി. ആരും അത്താഴമൊന്നും കഴിച്ചില്ല. വിശപ്പെല്ലാം കെട്ടുപോയിരുന്നു...

അത്താഴത്തിനുള്ള ചോറ് ഒരു പ്ലേറ്റിലാക്കി അമ്മ കട്ടിലിന്റെ അടുത്ത് കൊണ്ടു വച്ചു....
ഗൌരിയെ കട്ടിലിൽ നിന്നും താഴെയിറക്കി കട്ടിലിന്റെ കാലിൽ ചാരിയിരുത്തി....
അമ്മയുടെ മറുവശത്തായി നിമ്മിയും വന്നിരുന്നു..
എന്തൊ.. നിമ്മിയുടെ മുഖം ആ നിമിഷം വരെ സ്വസ്തമായിരുന്നെങ്കിലും ഇപ്പോൾ വല്ലാതെ വലിഞ്ഞു മുറുകിയതു പോലെ.. അമ്മയും ഗൌരിയും അത് ശ്രദ്ധിച്ചതു കൊണ്ട് അവൾ മുഖം തിരിച്ചു കളഞ്ഞു....
അമ്മയും ഗൌരിയും പരസ്പ്പരം നോക്കി....
പിന്നെ അമ്മ നിമ്മിയുടെ മുഖം തന്നിലേക്ക് ബലമായി തിരിച്ചിട്ട് സാവധാനം ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഗൌരി കയറി ചോദിച്ചു.
“നിമ്മി മോളെ... മോൾക്കെന്തെങ്കിലും ധൈര്യക്കുറവുണ്ടോ...?” 
“ഹേയ് ഇല്ല... !” 
“പിന്നെന്താ മോളുടെ മുഖത്തിനൊരു മാറ്റം പോലെ...?” അമ്മയാണ്  ചോദിച്ചത്.
“ഒന്നൂല്ലാമ്മെ... ഒരു നിമിഷം ഞാനൊന്നു പതറീന്നുള്ളത് നേരാ...!
ഈ സുന്ദരഭൂമി കണ്ടു കൊതി തീർന്നില്ല. അതിനു മുൻപേ നമ്മുടെ മുന്നിൽ ആ കാഴ്ചകൾ കൊട്ടി അടക്കപ്പെടുന്നതെന്തെന്നു ഒരു നിമിഷം ചിന്തിച്ചു പോയി...! അതിനും വേണ്ടും എന്തു തെറ്റാ നമ്മളു ചെയ്തേ...!!?” 
അതും പറഞ്ഞ് അമ്മയുടെ തോളിലേക്ക് ചാഞ്ഞ നിമ്മിയെ അമ്മ ചേർത്തു പിടിച്ചു.
ആശ്വസിപ്പിക്കാനായി അമ്മ പറയാൻ തുടങ്ങിയതാ....
“ഇനിയൊരു ജന്മമുണ്ടെങ്കിൽ.....”
“ വേണ്ട.. ഇനി ഇങ്ങനെയൊരു ജന്മം വേണ്ടാ..!!”
ഗൌരിയാണ് പൊട്ടിത്തെറിച്ചത്.... 

അപ്പോഴേക്കും മഴ കനക്കാൻ തുടങ്ങി. അമ്മ രണ്ടു പേരേയും ചേർത്തു പിടിച്ചിട്ട് പറഞ്ഞു.
“ഭക്ഷണം കഴിക്കുന്നതിനു മുൻപ് നമുക്ക് ഒന്നു പ്രാർത്ഥിക്കാം...”
നിമ്മിക്കത് തമാശയായാണ് തോന്നിയത്. അതു കൊണ്ടാണ്. ‘എന്തിനാ...?” എന്ന ചോദ്യം വന്നത്.
അതിനു മറുപടി ആരും പറഞ്ഞില്ല. എല്ലാവരും കണ്ണടച്ച് തൊഴുതു പിടിച്ചു....
ഒരു നിമിഷം കഴിഞ്ഞ് കണ്ണു തുറന്ന് മൂന്നു പേരും പരസ്പ്പരം നോക്കി....
അമ്മ വിഷക്കുപ്പിയിൽ നിന്നും പകുതിയോളം ഒഴിച്ച് ചോറ് കുഴക്കാൻ തുടങ്ങി....
അതോടൊപ്പം രൂക്ഷഗന്ധം മുറിയാകെ നിറഞ്ഞു.
ഗൌരി നിമ്മിയോടായി ചോദിച്ചു.
“നിമ്മീ.. മോളെന്താ പ്രാർത്ഥിച്ചെ...?”
“ ഞാൻ...  ഈ സീരിയലിലൊക്കെ കാണണപോലെ അവസാന നിമിഷം അമ്മേടെ കൃഷ്ണഭഗവാനോ, ചേച്ചീടെ ചോറ്റാനിക്കരമ്മയോ ആരെങ്കിലുമൊക്കെ പ്രത്യക്ഷപ്പെട്ട് നമ്മളെ രക്ഷിക്കണേന്ന്...!!”
അതും പറഞ്ഞ് നിമ്മി അമ്മയുടെ തോളിൽ ചാഞ്ഞ് ഉറക്കെ കരഞ്ഞു.
അവൾക്ക് പിന്നെ ആ കരച്ചിൽ പിടിച്ചു നിർത്താനായില്ല....
അനിയത്തിയുടെ കരച്ചിൽ ചേച്ചിയുടെ ധൈര്യവും ചോർത്തി...
അവളും കരയാൻ തുടങ്ങിയതോടെ അമ്മ ചോറ് കുഴക്കുന്നത് ഒരു നിമിഷം നിറുത്തി രണ്ടു പേരേയും മാറി മാറി നോക്കിയെങ്കിലും ആ മുഖത്തിന് ഭാവമാറ്റം ഒന്നുമുണ്ടായില്ല....
തികച്ചും ഗൌരവം പൂണ്ടിരുന്നു....!

കാറ്റു പിടിച്ച മഴയുടെ ആരവം പുറത്ത് ശക്തി പ്രാപിക്കുന്ന നേരത്ത്, ഉരുട്ടിയ ചോറുരുള രണ്ടു പേരുടേയും കൈകളിൽ പിടിപ്പിച്ച നേരത്ത്, രണ്ടു പേരുടേയും കരച്ചിലിനിടയിൽ അവർ ആ ശബ്ദം വ്യക്തമായി കേട്ടു....!
പുറത്ത് വരാന്തയിൽ ആരോ ഓടിക്കയറിയ പോലെ..! 
"വീട്ടുകാരെ...” എന്നു വിളിച്ച പോലെ...!!
നിമ്മിയും ഗൌരിയും ഞെട്ടി, മുൻ‌വശത്തെ വാതിലിനു നേരെ കണ്ണു നട്ടു....!
വീണ്ടും ആ ശബ്ദം അവർ വ്യക്തമായി കേട്ടു.
“വീട്ടുകാരെ... പേടിക്കണ്ടാട്ടൊ.. ഒരു വഴിപോക്കനാ.... മഴ കാരണം കേറീതാ...!!?”
ആ ശബ്ദം തീരുന്നതിനു മുൻപേ നിമ്മി കയ്യിലെ ചോറ് പാത്രത്തിലേക്ക് ഇട്ട് എഴുന്നേറ്റ് വാതിക്കലേക്ക് ഓടി....!!?
  
തുടരും....

Sunday, 15 April 2012

കഥ...

കാലം തെറ്റിയ മഴ.



മാറൈൻ ഡ്രൈവിലെ ചാരു ബഞ്ചിലിരുന്ന് കായലിലെ ഓളങ്ങളെ ശ്രദ്ധിച്ചിരിക്കാൻ എന്തു രസമാണ്. സമയം പോകുന്നത് അറിയില്ല. യാത്രാ ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ച് കായലിലൂടെ ലക്ഷ്യസ്ഥാനം തേടി അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്നുണ്ടായിരുന്നു. സന്ദർശകരേയും കൊണ്ട് ഒഴുകി നടക്കുന്ന യാനങ്ങൾ വേറേയും മുന്നിൽ കൂടി പോയ്ക്കൊണ്ടിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ധാരാളമായി നടപ്പാതയിലൂടെ അലഞ്ഞു തിരിയുന്നുണ്ട്.

കായൽ മുഖത്തേക്ക് തിരിച്ചിട്ടിരുന്ന ചാരുബെഞ്ചിൽ അമ്മയുടെ മടിയിൽ കയറിയിരുന്ന് ഐസ്ക്രീമിനു വേണ്ടി ബഹളം വക്കുകയാണ് ഇളയവൻ ചിഞ്ചു. അവൻ ഇത്തരം യാത്രകൾക്കു വേണ്ടി ബഹളം വക്കുന്നതും വരുന്നതും തന്നെ വഴിയിൽ കാണുന്ന എന്തും വാങ്ങിക്കഴിക്കാമെന്ന ഉദ്ദേശത്തോടെയാണ്. കാഴ്ചകൾ കാണുന്നതൊന്നും അവനൊരു പ്രശ്നമേയല്ല. മൂത്തവൾ തൊട്ടുമുൻപിൽ തന്നെ കായലിലേക്ക് കാലുമിട്ട് പുറത്തെ കാഴ്ചകൾ കണ്ടിരിക്കുന്നുണ്ട്. അവളേക്കൊണ്ട് യാതൊരു ശല്യങ്ങളുമില്ല. അനിയന്റെ ആവശ്യമില്ലാത്ത തീറ്റഭ്രാന്തിന് തടയിടാൻ അവൾ വിചാരിച്ചാലെ പറ്റു. അനിയന് ചേച്ചിയെ അത്രക്കിഷ്ടമാണ്.

അമ്മയും അച്ഛനും ജോലിക്കു പോയിക്കഴിഞ്ഞാൽ അനിയനെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും സ്കൂൾ വണ്ടിയിൽ കയറ്റി വിടുന്നതും മറ്റും ചേച്ചി ‘ഇച്ചേയി’യുടെ ജോലിയാണ്. അങ്ങനെയാണ് ചിഞ്ചു ചേച്ചിയെ വിളിക്കുക.
‘ഇച്ചേയീ..’ എന്ന അനിയന്റെ ഒറ്റ വിളി മതി, എന്തു മലമറിക്കണ പണിയാണെങ്കിൽ പോലും അതെല്ലാം ഇട്ടെറിഞ്ഞിട്ടോടി വരാൻ. കാരണം ഇച്ചേയിക്ക് അത്രക്കിഷ്ടമാ തന്റെ ഒരേയൊരു പൊന്നനിയനെ.

ഇനി ആരെങ്കിലും അവനെ കളിയാക്കാനായി ‘ഇച്ചേയിയോ.. അതാരാ...?’ എന്നു ചോദിച്ചാൽ ചിഞ്ചു അയാളെ ഒന്നു ക്രൂദ്ധിച്ചു നോക്കും. തൽക്കാലം മറുപടി അർഹിക്കുന്നില്ലെന്ന പോലെ പിന്മാറിക്കളയും. വീണ്ടും ചോദിച്ചാൽ അവൻ പറയും.
“ന്റെ അമ്മ..!!”
തന്റെ ഇച്ചേയിയെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അവന് സഹിക്കില്ല. അത് അഛനോ അമ്മയോ ആയാൽ പോലും.. പുറത്ത് പോകുമ്പോൾ കണ്ണിൽ കാണുന്നതൊക്കെ വാങ്ങാൻ ബഹളം വക്കുമ്പോൾ അഛനൊ അമ്മയൊ ഇച്ചേയിയുടെ നേരെ ഒന്നു കണ്ണു കാണിക്കും. ഉടനെ ശാഢ്യം പിടിച്ചു കരയുന്ന അനിയനെ ചേർത്തു പിടിച്ച് പറയും.
“ഇച്ചേയീടെ കുട്ടായിയല്ലെ... കുട്ടായി കരഞ്ഞാൽ ഇച്ചേയിക്കും കരച്ചിൽ വരും...!”
അതു കേട്ടതും ഒരു ഞെട്ടലാണ് കുട്ടൻ...!
ഉടനെ വാശിയും കരച്ചിലും നിറുത്തി നല്ല കുട്ടിയാകും. പിന്നെ വീട്ടിലെത്തുന്നതു വരെ ഒരു കുഴപ്പവുമില്ലാതെ ഇച്ചേയിയുടെ കയ്യും പിടിച്ച് നടന്നോളും.

രണ്ടു പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. ഇച്ചേയി മറ്റു കൂട്ടുകാരോടൊപ്പം നടന്നാണ് സ്കൂളിൽ പോകുക. ഇച്ചേയി സ്കൂളിൽ എത്തിയിട്ടേ ചിഞ്ചുവിന്റെ സ്കൂൾ വണ്ടി പട്ടണമൊക്കെ കറങ്ങിക്കറങ്ങി എത്തുകയുള്ളു. സ്കൂൾ വിടുമ്പോഴും ചിഞ്ചുവിനെ സ്കൂൾ ബസ്സിൽ കയറ്റിയിരുത്തിയിട്ടെ ഇച്ചേയി നടപ്പു തുടങ്ങു. ഇച്ചേയി വിട്ടിലെത്തി കുളി കഴിയുമ്പോഴേക്കും അനിയനും എത്തും. പിന്നെ അനിയനെ കുളിപ്പിച്ച് ചായയും പലഹാരങ്ങളും കൊടുത്ത്, രണ്ടു പേരുടെയും ഹോം വർക്കും കഴിയുമ്പോഴേക്കും അമ്മയെത്തും. അതു കഴിഞ്ഞിട്ടാണ് രണ്ടു പേരും കൂടി ട്യൂഷനെടുക്കുന്ന ടീച്ചറുടെ വീട്ടിലേക്ക് പോകുക. ഒരേ വീട്ടിൽ തന്നെയാണ് അതും. ട്യൂഷൻ കഴിയുമ്പോഴേക്കും നന്നായി ഇരുട്ടിയിട്ടുണ്ടാവും. പടിക്കൽ അഛൻ കാത്തു നിൽക്കു മെന്നുറപ്പുണ്ട് ‘ഇച്ചേയിയുടെ കുട്ടായി’ക്ക്. അഛനെ കണ്ടു കഴിഞ്ഞാൽ പിന്നെ ചിഞ്ചുവിന് ഒരടി നടക്കാൻ പറ്റില്ല. ചിഞ്ചു കൊഞ്ചിക്കൊണ്ടു പറയും.
“അവ്ടെ കുത്തീരുന്ന് പട്ച്ച് പട്ച്ച് ന്റെ കാലൊക്കെ വേദ്നിക്കനുഛാ...!”
ദിവസവും ഇതു കേൾക്കുന്ന അഛന് ചിരി പൊട്ടും. പിന്നെ താമസമില്ല.
‘അമ്പടാ.. കള്ളക്കുട്ടാ...’ ന്നും പറഞ്ഞ് അവനെ എടുത്ത് തോളത്തിടും. ചിഞ്ചുക്കുട്ടൻ പറഞ്ഞത് ശരിയായിരുന്നുവെന്ന് വീട്ടിൽ ചെല്ലുമ്പൊഴാ അഛനു മനസ്സിലാകുക. ചിഞ്ചു വീട്ടിലെത്തുമ്പോഴേക്കും തോളിൽ കിടന്ന് ഉറങ്ങിയിരിക്കും.

പിന്നെ ഉറക്കത്തിൽ തന്നെ മടിയിൽ ചാരിയിരുത്തി ചോറ് കൊടുക്കേണ്ട ചുമതല ഇച്ചേയിക്കാണ്. അമ്മയാണ് ചോറ് കൊടുക്കുന്നതെങ്കിൽ അന്ന് ഇടിയും ബഹളത്തിലുമായിരിക്കും അവസാനിക്കുക. കാരണം അവന്റെ ടൈംടേബിൾ അനുസരിച്ചായിരിക്കില്ല അമ്മയുടെ ചോറ് കൊടുക്കൽ.

ഉരുളയാക്കിയ ചോറ് കൂട്ടാന്റെ ചാറിൽ നന്നായി മുക്കി വായിൽ വയ്ക്കണം. എന്നാലും ചിഞ്ചു വായ കൂട്ടില്ല. അതിനു പിന്നാലെ വറുത്ത മീൻ ഒരു കഷണം കൂടി അകത്തു വച്ചാലെ ചിഞ്ചു വായടച്ച് തിന്നാൻ തുടങ്ങു. ഈ ടൈംടേബിൾ അമ്മ പാലിക്കില്ല. അന്നേരം ചിഞ്ചൂനു ദ്വേഷ്യം വരും. വായിൽ കിടന്നത് അമ്മയുടെ മേത്തേക്കു തന്നെ തുപ്പും. പിന്നെ വേണ്ടാത്ത പുകിലൊക്കെ ഉണ്ടാക്കും. അടി, ഇടി, ചവിട്ട്, കുത്ത് കൂടാതെ അമ്മയുടേയും മോന്റേയും അത്താഴപ്പട്ടിണിയിലേ അതവസാനിക്കൂ.

ഇച്ചേയി ഇതൊക്കെ കൃത്യമായി പാലിച്ചേ ചോറു കൊടുക്കൂ. അതുകൊണ്ട് ചിഞ്ചുവിന് ഇച്ചേയി ചോറു വായിൽ വച്ചു തരുന്നതാ ഇഷ്ടം. അതിലേറെ ഇഷ്ടമെന്തെന്നാൽ, ഈ നേരത്തൊന്നും ചിഞ്ചുവിനു കണ്ണു തുറക്കേണ്ട ആവശ്യം വരുന്നേയില്ല. വയറു നിറച്ചിട്ടേ ഇച്ചേയി നിറുത്തു. അതു കഴിഞ്ഞാൽ ചിഞ്ചുവിനെ എടുത്തു കിടത്തണം. ഇച്ചേയി എടുത്താൽ പൊങ്ങില്ല. പിന്നെ അഛനാണ് എടുത്തു ബഡ്ഡിൽ കിടത്തുക.

സന്തോഷവും സമാധാനവും നിറഞ്ഞ ദിനങ്ങളായിരുന്നു കടന്നു പൊയ്ക്കോണ്ടിരുന്നത്.
ദുഷ്ടനെ പന പോലെ വളർത്തുമെങ്കിലും സാധാരണക്കാർക്ക് കിട്ടുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും വളരെ നേരത്തെ തന്നെ തല്ലിക്കെടുത്തും...!
അല്ലെങ്കിൽ ആകാശത്ത് ഒരു കഷണം കാർമേഘം പോലും ഇല്ലാത്ത, അതും ചൂടുകൊണ്ട് മനുഷ്യൻ ഉരുകിയൊലിക്കുന്ന ഈ നടു വേനലിന്റെ സമയത്ത് അങ്ങനെ ഒരു മഴ പെയ്യേണ്ട ഒരു സാദ്ധ്യതയുമുണ്ടായിരുന്നില്ല..!
പെട്ടെന്നെഴുന്നെള്ളിയെത്തിയ മഴയത്ത് നനഞ്ഞൊലിച്ച് അയാൾ അവിടെ ഒരു വാഴയില തരുമൊന്ന് ചോദിച്ച് കയറി വരേണ്ട ഒരു കാര്യവുമില്ല. റോഡിൽ നിന്നും കയ്യെത്തിച്ച് ഒടിച്ചെടുക്കാവുന്ന രീതിയിൽ വാഴയില നിന്നിട്ടും, അല്ലെങ്കിൽ പടിക്കൽ തന്നെയുള്ള ഭാസ്ക്കരേട്ടന്റെ മുറുക്കാൻ കടയിൽ കയറി നിൽക്കാമായിരുന്നിട്ടും അവനത് ചെയ്തില്ല. നേരെ ഇറയത്തേക്ക് ഓടിക്കയറി വന്നിട്ടാണ് മഴ നനയാതിരിക്കാൻ ഒരു വാഴയില വെട്ടിയെടുത്തോട്ടേന്ന് ചോദിച്ചത്.

ഇച്ചേയി ഇറങ്ങിച്ചെന്നതും അയാൾ സൂക്ഷിച്ചൊന്നു നോക്കി. പെണ്ണെന്നു പറയാറായിട്ടില്ല. എന്നാലും..?! പിന്നെ അകത്തേക്കും ഒന്നെത്തി നോക്കി. ചിഞ്ചു നിലത്തിരുന്ന് എഴുത്തു പലകയുടെ മുകളിൽ വച്ച ബുക്കിൽ എന്തൊ എഴുതിക്കൊണ്ടിരിക്കുന്നു. അകത്ത് മുതിർന്നവർ ആരുമില്ലെന്ന് ഉറപ്പു വരുത്താനായിരിക്കും അയാൾ ചോദിച്ചത്.
“മോളെ... കുടിക്കാനിത്തിരി വെള്ളം തരാമൊ..”
അവൾ തലയൊന്നാട്ടിയിട്ട് അകത്തേക്ക് തിരിഞ്ഞതും ഒന്നു നിന്നു. പിന്നെ തിരിഞ്ഞ് അയാളോടായി ചോദിച്ചു.
“ഒരു ഗ്ലാസ് പായസം തരട്ടെ, കുടിക്കാമോ...”
“ഇന്നെന്താ വിശേഷം...?” ഒരു പരിചയക്കാരനെന്ന പോലെ അയാൾ വിശേഷം ചോദിച്ചു.
“ ഇന്ന് ചിഞ്ചൂന്റെ പിറന്നാളാ...” ചിഞ്ചുവിനെ ചുണ്ടി അതു പറഞ്ഞപ്പോൾ, കുട്ടായി തല ഉയർത്തി അഭിമാനപൂർവ്വം ഒന്നു പുഞ്ചിരിച്ചു.

ഇച്ചേയി അകത്തേക്കു പോയ തക്കത്തിന് പുറത്തൊക്കെ ഒന്നു നിരീക്ഷിച്ചിട്ട് അയാൾ അകത്തേക്കു കയറി. ചിഞ്ചു തന്റെ എഴുത്തിലേക്ക് തിരിഞ്ഞിരുന്നു. ഇച്ചേയി ഒരു ഗ്ലാസ്സിൽ വെള്ളവും ഒരു ഗ്ലാസ്സിൽ പായസ്സവുമായി വന്നു. ആദ്യം വെള്ളം വാങ്ങിക്കുടിച്ച അയാൾ ആ ഗ്ലാസ് തിരിച്ചു കൊടുത്തിട്ട് പായസ്സ ഗ്ലാസ് വാങ്ങി. പായസ്സം ഒന്നു മൊത്തിയ അയാൾ തിരിച്ചു നടക്കാൻ തുടങ്ങിയ ഇച്ചേയിയുടെ കഴുത്തിൽ തന്നെ കയറിപ്പിടിച്ചു...!
പെട്ടെന്നു തിരിഞ്ഞ ഇച്ചേയി അയാളുടെ വന്യമായ മുഖം കണ്ട് ഞെട്ടി...!
പേടിച്ചു പോയ ഇച്ചേയി “ചിഞ്ചൂ...” എന്നുറക്കെ വിളിച്ചു...
ആ വിളി മുഴുവനാക്കുന്നതിനു മുൻപു തന്നെ അയാൾ പായസ്സ ഗ്ലാസ് താഴെയിട്ടിട്ട് അവളുടെ വായ പൊത്തി. പെട്ടെന്നതു കണ്ട് ഞെട്ടി എഴുന്നേറ്റ ചിഞ്ചു ഓടിച്ചെന്ന് അയാളെ തള്ളിമാറ്റാൻ ഒരു ശ്രമം നടത്തി.
“വിടെടാ.. പട്ടി.. ന്റെ ച്ചേയിയേ...” ന്നൊക്കെ പറഞ്ഞെങ്കിലും അയാൾ അതൊന്നും ഗൌനിക്കാതെ അപ്രതീക്ഷിത ആക്രമണത്തിൽ തളർന്നു പോയ ഇച്ചേയിയുടെ ശരീരം താഴെ കിടത്താനായിരുന്നു നോക്കിയത്.

ശബ്ദിക്കാൻ പോലും കഴിയാതെ കണ്ണു മിഴിച്ച ഇച്ചേയിയെ കണ്ട് ചിഞ്ചുവിന്റെ രക്തം തിളച്ചു. ശരീരം വിറകൊണ്ടു. അവൻ അയാളുടെ കൈത്തണ്ടയിൽ തന്നെ ശക്തമായൊരു കടി കൊടുത്തു. ആരെങ്കിലും വഴക്കിനു വന്നാൽ അവന്റെ അവസാന ആയുധമായിരുന്നു കടി. നന്നായി വേദനിച്ച അയാൾ അവനെ ശക്തമായി കുടഞ്ഞെറിഞ്ഞു. അവൻ അപ്പുറത്തെ ചുമരിലെ ഷോകേസ്സിന്റെ ഗ്ലാസ്സിൽ തലയടിച്ച് താഴെ വീണു...!

കണ്ണിൽക്കൂടി എന്തോക്കെയോ പറക്കുന്നത് ഒരു നിമിഷം ചിഞ്ചു ആദ്യമായി കണ്ടു. ഒരു നിമിഷ നേരത്തെ മന്ദതക്കു ശേഷം വേദനിച്ച തലയിൽ കൈ തടവിയിട്ട്, എവിടെയാണ് തന്റെ തല ഇടിച്ചതെന്നു നോക്കി. അപ്പോഴാണ് ഷോകേസ്സിനകത്ത് വച്ചിരുന്ന ആ കുപ്പി കണ്ണിൽ പെട്ടത്...!

മുമ്പൊരിക്കൽ കന്യാകുമാരിയിൽ പോയപ്പോൾ വാങ്ങിയതാണ്. ആ ചതുരക്കുപ്പിക്കകത്ത് ഒരു ‘പായ്ക്കപ്പൽ’ കടത്തി വച്ചിട്ടുണ്ടായിരുന്നു. അതെങ്ങനെയാണ് ആ പായ്ക്കപ്പൽ ഇത്തിരിപ്പോന്ന വായയിൽകൂടി അകത്തു കടത്തി വച്ചതെന്ന് ഇച്ചേയിക്കു പോലും അറിയില്ല...!

മന്ദത മാറിയതോടെ അവൻ ചാടിയെഴുന്നേറ്റു. ഇച്ചേയിയുടെ ശക്തി കുറഞ്ഞ ഞരക്കം നേർത്തു വരുന്നത് അവൻ കണ്ടു. ഷോകേസ്സിന്റെ ഗ്ലാസ്സ് ഒരു വശത്തേക്കു മാറ്റി ആ കുപ്പി പുറത്തെടുത്തു.
നല്ല കനമുണ്ടായിരുന്നതു കൊണ്ട്, താഴെ വീണ് പൊട്ടിപ്പോകുമെന്നു പറഞ്ഞ് ഇച്ചേയി എടുക്കാൻ സമ്മതിച്ചിരുന്നില്ല. ഇപ്പോഴവനു മനസ്സിലായി ഇച്ചേയി പറഞ്ഞ പോലെ നല്ല കനമുണ്ട്.
കുപ്പിയുടെ കഴുത്തിൽ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് തലക്കു മുകളിൽ പൊക്കി സർവ്വശക്തിയുമെടുത്ത്, ഇച്ചേയിയുടെ വായ പൊത്തിപ്പിടിച്ച് മുകളിൽ കിടക്കാൻ ശ്രമിക്കുന്ന ആ ദുഷ്ടന്റെ തലമണ്ടക്കു തന്നെ ഒറ്റയടി...!
അയാളിൽ നിന്നും ഒരു മുരൾച്ച ഉയർന്നു...
വീണ്ടും കുപ്പി പൊക്കി കുഞ്ചിക്കഴുത്തിനു തന്നെ ഒന്നു കൂടി കൊടുത്തു...!!
ഇത്തവണ ‘ക്ടിം..’ ന്നൊരു ശബ്ദം കേട്ടു...
അതൊടെ ചിഞ്ചുവിന്റെ കയ്യിൽ നിന്നും കുപ്പി തെറിച്ചു പോയി. ഇരിക്കക്കുത്തായി ചിഞ്ചു പിറകിലേക്ക് വീണു...
പേടിച്ചരണ്ട് അനങ്ങാൻ കഴിയാതെ ശ്വാസം മുട്ടിക്കിടന്ന ഇച്ചേയിയുടെ മേലുള്ള അയാളുടെ പിടി അയയുന്നത് അവൾ തിരിച്ചറിഞ്ഞു....
ഒരു കണക്കിന് അയാളെ തള്ളി മറിച്ചിട്ടു...
എഴുത്തു മേശയിലേക്ക് തലയടിച്ചു വീണ അയാൾ അനക്കമില്ലാതെ കിടന്നു...
ചാടി എഴുന്നേറ്റ ചിഞ്ചു ചേച്ചിയെ പിടിച്ചെഴുന്നേൽ‌പ്പിച്ചു.
അയാൾക്ക് അനക്കമൊന്നുമില്ലെന്ന് കണ്ട് അവൾ ആശ്വസിച്ചു...
വേഗം ചിഞ്ചുവിനെ കെട്ടിപ്പിടിച്ച് പരിഭ്രാന്തിയിൽ തന്നെ ചോദിച്ചു.
“കുട്ടനെന്താ ചെയ്തെ അയാളെ...?”
അപ്പുറത്ത് കിടക്കുന്ന കുപ്പി ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു.
“ ആ കുപ്പിക്ക് അവ്ന്റെ തലമണ്ടക്കിട്ട് കൊട്ത്തു ഞാൻ...!”

ഇച്ചേയി ആ കുപ്പിയെടുത്ത് നോക്കി. അതിനു പൊട്ടലൊന്നുമുണ്ടായിരുന്നില്ല. ഉള്ളിലെ പായ്ക്കപ്പലിനു ഒരു കേടും കുടാതെ അതിനകത്തുണ്ടായിരുന്നു. കുപ്പിയെടുത്ത് ഷോകേസ്സിൽ തന്നെ വച്ച നേരത്താണ് അയാൾ ഒന്നു ഞെരങ്ങിയത്...!
അതു കണ്ട് പേടിച്ച ഇച്ചേയി - അതുവരേയും ചിഞ്ചുവിനെ എടുത്തു പൊക്കാൻ കഴിയാതിരുന്ന ഇച്ചേയി, അവനെ പുഷ്പ്പം പോലെ പൊക്കി നെഞ്ചൊട് ചേർത്ത് തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു പാഞ്ഞു....!
പടിക്കലെത്തിയിട്ടേ ചിഞ്ചുവിനെ താഴെ നിറുത്തിയുള്ളു.

ഓടിച്ചെന്ന് പടിക്കൽ തന്നെ മുറുക്കാൻ കടയുള്ള ഭാസ്ക്കരേട്ടനോട് വിവരം പറഞ്ഞു. കേട്ടതും ഭാസ്ക്കരേട്ടൻ ഒരു അഞ്ചു കിലോത്തിന്റെ കട്ടിയും കയ്യിലേന്തി വീട്ടിലേക്കോടി. ആ നേരം ഇച്ചേയി കടയിൽ നിന്നും ഫോൺ ചെയ്ത് അഛനോട് വിവരം പറഞ്ഞു. അഛൻ പിറന്നാളിനുള്ള കേക്ക് വാങ്ങി നേരത്തെ എത്താമെന്ന് പറഞ്ഞിരുന്നതാ. വീട്ടിലേക്കോടിയ ഭാസ്ക്കരേട്ടൻ അതുപോലെ തന്നെ തിരിച്ചോടിയെത്തിയിട്ട് പറഞ്ഞു.
“അയാൾ അനങ്ങുന്നില്ലല്ലൊ മോളെ..!”

ഭാസ്ക്കരേട്ടൻ ഫോൺ ചെയ്യാനായി തുനിഞ്ഞതും “അഛനോട് ഞാൻ പറഞ്ഞു..” എന്ന ഇച്ചേയിയുടെ പറച്ചിലിൽ റസീവർ ക്രാഡിലിൽ വച്ച് കടയിൽ നിന്നും പുറത്തിറങ്ങി. പിന്നെ ഇച്ചേയിയെ അടുത്തു വിളിച്ച് നടന്ന സംഭവങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അവസാനം ചിഞ്ചുവിനെ അടുത്തുവിളിച്ച് കെട്ടിപ്പിടിച്ച് ഒരുമ്മം കൊടുത്തു. പിന്നെ രണ്ടു പേരോടുമായി പറഞ്ഞു.
“അഛൻ വരുന്നതു വരെ ആരോടും ഒന്നും പറയണ്ടാട്ടൊ..” രണ്ടു പേരും തല കുലുക്കി.

കടയിൽ വരുന്നവർ വിവരം അറിഞ്ഞ് വാതിൽക്കൽ വരെ വന്ന് എത്തി നോക്കുന്നുണ്ട്. ഭാസ്ക്കരേട്ടൻ ആരേയും അകത്തു കയറ്റിയില്ല. അഛനും അമ്മയും വന്നതോടെ കാര്യങ്ങൾക്ക് ഒരുശാറായി.
ഉടനെ പോലീസ്സെത്തി. അയാളെ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം അതിന്റെ വഴിക്ക് നടന്നു.
‘പായസ്സം വീണ തറയിൽ കാലു തെന്നി എഴുത്തു പലകയുടെ മുകളിലേക്ക് തലയടിച്ചു വീണാണ് പരിക്കു പറ്റിയത്...!’
ഇടക്ക് ബോധം വീണപ്പോൾ പോലീസ്സിന്റെ ‘എസ് ഓർ നോ’ ചോദ്യത്തിന്റെ ഉത്തരങ്ങൾ കൂട്ടി യോജിപ്പിച്ചപ്പോൾ കിട്ടിയ വലിയ സത്യവും അതിന് അടിവരയിടുന്ന തരത്തിലായത് രണ്ടു കൂട്ടരുടേയും ഭാഗ്യം....!
ആ ദുഷ്ടന് അങ്ങനെ ഒരു ഭാഗ്യം കിട്ടരുതായിരുന്നുവെന്ന് ഭാസ്ക്കരേട്ടനെപ്പോലുള്ളവർ രഹസ്യമായി പറഞ്ഞത് ദൈവം കേട്ടു കാണും..!!

അമ്മയുടെ ജോലി സൌകര്യം കണക്കിലെടുത്താണ് അവിടെ വാടകക്ക് താമസിച്ചു കൊണ്ടിരുന്നത്. മക്കളുടെ മാനസ്സികനില വീണ്ടെടുക്കാനും അവർ ഒറ്റപ്പെടാതിരിക്കാനും അമ്മ ജോലി രാജി വച്ച്, താമസിയാതെ ചിഞ്ചുവിനേയും ഇച്ചേയിയേയും കൊണ്ട് തറവാട്ടിലെത്തി താമസം തുടങ്ങി.
അല്ലെങ്കിലും ഒരു ദുർമ്മരണം നടന്നതു പോലെ നാട്ടുകാർ കരുതുന്ന വീട്ടിൽ എങ്ങനെ സമാധാനത്തോടെ മുന്നോട്ടു പോകും...?