Friday, 1 May 2015

നോവൽ.മരുഭൂമി.(39)



“എല്ലാ വായനക്കാർക്കും മേയ്ദിനാശംസകൾ...”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓടിക്കലാണ് പണിയെന്ന് ഏജന്റ് പറഞ്ഞത് സത്യമായി ഭവിച്ചു. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തത്, ആശുപത്രിയിൽ ‘കാഫർ’ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളായിരുന്നു. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. ഞങ്ങൾ വല്ലാതെ വിരണ്ടുപോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. സുന്ദരിയായ ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി. ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരി ‘ഹബീബാ‘ക്ക് അരി ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. മുൻപ് കിട്ടിയ അവരുടെ ശമ്പളം ആരൊക്കെയോ അടിച്ചെടുത്തു. പരാതി പറയാൻ പോയ അവരെ ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് ‘തംങ്ളീ’ഷിൽ കത്തെഴുതിക്കൊടുത്തു. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. നന്മയില്ലാത്ത ഈജിപ്ഷ്യൻ നഴ്സിന്റെ ക്രൂരതക്ക് വശംവദയായ ഹബീബാക്ക് ഏഷ്യക്കാരിയായതുകൊണ്ടു മാത്രം നീതിയേ ലഭിച്ചില്ല. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സീക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു. ഭക്ഷണം കിട്ടാതെ വലഞ്ഞ് അവശയായ സീക്കുവിനെ മുറിയിൽ കൊണ്ടു പോയി ഭക്ഷണം കൊടുത്തു. പിന്നെ അവൻ ഞങ്ങളിൽ ഒരാളായി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു  അവന്റെ തനി സ്വഭാവം കാണിച്ചു.  പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. 

സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ എത്തപ്പെട്ടു. അതിനു മുപേ എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി രക്ഷപ്പെടാനുള്ള തത്രപ്പാടിൽ അവിടന്ന് രക്ഷപ്പെട്ട്, ഒരു കണക്കിനു നൂറുകണക്കിനു മൈൽ അകലെ കൂട്ടുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി. ഇവിടേയും ഭക്ഷണക്കാര്യത്തിനായി സച്ചിയുടെ കൂട്ടുകാരൻ ജൂബിയുടെ സവാളക്കടയിൽ സഹായികളായി കൂടി. ശനിദോഷം കൂടപ്പിറപ്പായ ഞാൻ കൂടി ചെന്നതോടെ ജൂബിയുടെ ഉള്ള ജോലി കൂടി അവതാളത്തിലായി. അതിനെ മറികടന്നപ്പോഴേക്കും ദേ വരുന്നു യുദ്ധം. പിന്നെ ഭീതിയുടേയും ഉറക്കമില്ലാത്ത രാത്രിയുടേയും ദിനങ്ങൾ...


തുടർന്നു വായിക്കുക...

യുദ്ധപ്പൂത്തിരികൾ...


ജൂബിയുടെ ആ വാക്കുകൾ കേട്ടതും ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.
“ഇറാക്കിൽ നിന്നും സദ്ദാമിന്റെ സ്കഡ്ഡ് റിയാദിലേക്ക് പാഞ്ഞ് പോകുന്നത് നമ്മുടെ തലക്കു മുകളിൽക്കൂടിയാണ്‌ട്ടാ...!!
“ ഹെന്റെ ദൈവമേ.. ഏതെങ്കിലും ഒരെണ്ണം നമ്മുടെ തലക്കു മുകളിൽ വച്ച് ഒന്നു ചീറ്റിപ്പോയാൽ...?!!”
"എടാ മണ്ടാ.. ചീറ്റിപ്പോയ മിസ്സൈൽ വീണാൽ എന്താകാനാ...?”
“ഓ.. ഇവനെക്കൊണ്ടു തോറ്റു. ചീറ്റിപ്പോയത് മിസ്സൈലിലെ ഇന്ധനമാ.. അതിൽ ഘടിപ്പിച്ചിരിക്കുന്ന ബോംബ് അവിടെത്തന്നെ ഇരിക്കും. ചീറ്റിപ്പോയ മിസ്സൈലിന് പിന്നെ അധികം ദൂരം സഞ്ചരിക്കാൻ പറ്റില്ല. അതവിടെത്തന്നെ തലകുത്തനെ ഇങ്ങ് താഴേക്ക് പോരും. നമ്മുടെ കെട്ടിടത്തിന്റെ മുകളിലെങ്ങാനുമായാലോ...?”
“ഹോ.. ശരിയാണല്ലൊ...?!”
അറിയാതെ കണ്ണുകൾ മുകളിലേക്ക് പാഞ്ഞു.
ഞങ്ങളൊരിത്തിരി ഉമിനീരിനായി പരതി....
ഒന്നൊഴിഞ്ഞു മാറാനുള്ള സമയം പോലും കിട്ടുമോ...?!!

ഒരു നിമിഷ നേരത്തെ നിശ്ശബ്ദതക്ക് ശേഷം ഞാൻ ചോദിച്ചു.
“എന്നിട്ട് മിസ്സൈൽ വീണ  വല്ല വിവരവുമുണ്ടോ... അത് പറ..”
“എങ്ങാണ്ടൊക്കെയോ വീണിട്ടുണ്ട്... പക്ഷേ, കണ്ടോരാരും ഇല്ല...”
“ഓരോ മിസ്സൈലു വരുമ്പോഴും പൂമഴ പോലെയല്ലെ പേട്രിയേറ്റ് മുകളിലേക്ക് പോയിക്കൊണ്ടിരുന്നത്. അതിനിടയിൽക്കൂടി സ്ക്കഡ്ഡ് എങ്ങനെ താഴെ വീണാനാ..?”
ഇന്നു പകൽ മുഴുവൻ ടീവിയിൽ കാണിച്ചു കൊണ്ടിരുന്നത് ഈ പേട്രിയേറ്റ് പൂവാണമഴയായിരുന്നു. അതോർത്തിട്ടാണ് ഞാൻ പറഞ്ഞത്.
“ഇന്നലെ രാത്രിയിലായതു കൊണ്ട് പുതിയ വാർത്തകളൊന്നും ഇങ്ങ് എത്താറായിട്ടില്ല. കാരണം എല്ലാവരും പേടിച്ച് അകത്തു തന്നെ ഇരിക്കുകയായിരുന്നല്ലൊ. നേരം വെളുത്തിട്ടാണ് എല്ലാവരും പുറത്തിറങ്ങിയതു തന്നെ. അതുകൊണ്ട് വേണ്ട വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഈ രാത്രി കൂടി കഴിഞ്ഞാൽ എത്തുമായിരിക്കും...”

ടീവിയിൽ അപ്പോഴും  പേട്രിയേറ്റ് പൂമഴകളൂം സ്റ്റെൽത്ത് അമിട്ടുകളും തകർത്തു പെയ്തുകൊണ്ടിരിക്കുകയായിരുന്നു. നീലരാശിയിൽ വെളുത്ത പ്രകാശവുമായി മിസ്സൈലുകൾ പായുന്നതും ചില പ്രത്യേക കെട്ടിടങ്ങൾ ഉന്നം വച്ച്  തകർക്കുന്നതും വർണ്ണഭംഗിയോടെ ആഘോഷിക്കുകയാണ് ചാനലുകളായ ചാനകളത്രയും.
ഇടയ്ക്ക്, മറുഭാഗത്ത് തിരക്കേറിയ ഒരു പട്ടണത്തിൽ സഖ്യകക്ഷികളുടെ ആക്രമണത്തെ തൃണവൽക്കരിച്ച് തോക്കുയർത്തി ജനങ്ങളോടൊപ്പം നൃത്ത ചെയ്യുന്ന സദ്ദാമിലും ഞങ്ങൾ ആഘോഷം കണ്ടു...!
വികാരം കൊണ്ടു...!
കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു...!

നിലത്ത് മലർന്നു കിടന്ന് ജീവിതം പെരുവഴിയിലായിപ്പോയതിന്റെ മനോവിഷമത്തിൽ മച്ചിലേക്കും നോക്കിക്കിടന്ന ദിവാസ്വപ്നക്കാരൻ പവിത്രൻ ഒന്നു മുരണ്ടു. എന്നിട്ട് പറഞ്ഞു.
“ഈ സീലിങ് ഫാൻ എപ്പോഴെങ്കിലും നമ്മൾ ഓഫാക്കിയിട്ടുണ്ടോ...?
ഞാൻ വന്നതിനു ശേഷം അങ്ങനെയൊരു സംഭവമേ ഇല്ല..!”
 ചോദ്യവും ഉത്തരവും ഒരാളിൽ നിന്നുതന്നെ ഉണ്ടായപ്പോൾ എല്ലാവരും കൂടി ചിരിച്ചതേയുള്ളു. ദിവാസ്വപ്നക്കാരൻ ആത്മഗതമെന്നോണം പറഞ്ഞു.
“ഈ ഫാനും നമ്മളേപ്പോലെ എപ്പോഴും ഓടിക്കൊണ്ടേയിരിക്കണം. നമ്മൾക്ക് വിശ്രമമേയില്ല. ശമ്പളമില്ലെങ്കിലും ജോലിയുണ്ട്. ജോലിയുണ്ടെങ്കിലും ഭക്ഷണത്തിനു വഴിയില്ല. നാളത്തെ കാര്യമോർത്തുള്ള അങ്കലാപ്പ് ഒരിക്കലും മാറില്ലേ..?”
“പിന്നെ, ഏസിമുറിയിൽക്കിടന്നുള്ള അങ്കലാപ്പല്ലെ.. നാട്ടുകാരു ചിരിച്ചു തള്ളും...!!”
ജൂബി പലപ്രാവശ്യം നാട്ടിൽ പോയിട്ടുള്ളതുകൊണ്ട് നാട്ടുകാരുടെ മനസ്സിലിരിപ്പ് അറിയാം.
വീടുകളുടെ ജനാലകൾ പോലെ സാധാരണമായ ഒന്നാണ് ഗൾഫിൽ ‘ഏസി’കളെന്ന് നാട്ടുകാർക്കറിയില്ലല്ലൊ.
“കൂട്ടത്തിൽ ഇപ്പോഴത്തെ ഈ അരക്ഷിതാവസ്ഥയും കൂടിയാവുമ്പോൾ പരമസുഖം...!!”

വാസ്തവത്തിൽ ഞങ്ങളെല്ലാവരും രണ്ടോമൂന്നോ കിലോ വീതം ഇതിനകം കുറഞ്ഞിരുന്നു. അത് കൂടുതലായി പവിത്രന്റെ മുഖത്തു നിന്നും വായിച്ചെടുക്കാം. മുഖത്തിന്റെ അസ്തികൂടവും കുഴിഞ്ഞ കണ്ണുകളും തോളെല്ലും തെളിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളും ഇഷ്ടമില്ലെങ്കിൽ കൂടിയും അറിയാതെ കണ്ണാടിയിൽ നോക്കിപ്പോവും.
“ഈ പോക്കു പോയാൽ എവിടെച്ചെന്നെത്തുമെന്ന് ഒരു പിടിയുമില്ല...!”
പവിത്രൻ കണ്ണുകൾക്കു മീതെ കൈകൾ പിണച്ചു വച്ച് കാഴ്ചയെ മറച്ചു, അടുത്ത സൈറൺ മുഴങ്ങുന്നതു കാത്ത്...

അന്നു രാത്രിയിലും ഉറങ്ങാൻ കഴിഞ്ഞില്ല.
ടീവിയിലെ സൈറൺ ശരിക്കും ഒരു മരണമണിപോലെ  പേടിപ്പെടുത്തിക്കൊണ്ടിരുന്നു.
സൈറൺ മുഴങ്ങുമ്പോൾ എത്ര ഗാഢമായ മയക്കത്തിലാണെങ്കിലും ഞെട്ടിയുണരും.
തലപൊക്കി ടീവിയിലേക്ക് തുറിച്ചു നോക്കും. അന്നേരം വല്ലാത്തൊരു നെഞ്ചിടിപ്പായിരിക്കും.
കുഴപ്പമില്ലെന്ന് അനൌൺസ് വന്നതിനു ശേഷം ആശ്വാസത്തോടെ വീണ്ടും കിടക്കും.
എന്നാലും ഉറങ്ങാൻ കഴിയാറില്ല. കണ്ണടയുമ്പോൾ പേടിയാണ്.
മരണം ഞാനറിയാതെയെങ്ങാൻ കടന്നു വന്നാലോ...?!!

നാളെ കാലത്ത് വീട്ടിലേക്കൊന്നു ഫോൺ ചെയ്യണം.
നാട്ടിനെക്കുറിച്ച് യാതൊരു വിവരവുമില്ല.
ഗ്രാമത്തിൽത്തന്നെ അകലെയുള്ള ഒരു വീട്ടിൽ ഫോണുണ്ട്. അരമണിക്കൂർ മുൻപ് വിളിച്ചു പറഞ്ഞാൽ അവർ എന്റെ വീട്ടിൽ നിന്നും ആരെയെങ്കിലും വിളിച്ചുകൊണ്ടു വരും. ആ വീട്ടുകാരെ ബുദ്ധിമുട്ടിക്കാനുള്ള വിഷമത്തിൽ ആ സാഹസത്തിനു പലപ്പോഴും മുതിരാറില്ല. എങ്കിലും ഈ പ്രത്യേക സാഹചര്യത്തിൽ ഞാൻ എവിടെയെന്നറിയാതെ വിഷമിക്കുന്നുണ്ടാവില്ലെ എല്ലാവരും.
ഇനി ഒരു സ്കഡ്ഡിൽ ഞങ്ങൾ എരിഞ്ഞടങ്ങിയാലും, അതറിയാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരില്ലേ..?!
എന്തായാലും ഇപ്പോൾ ഞാൻ ജീവനോടെ ഉണ്ടെന്നെങ്കിലും അറിയിക്കാമല്ലൊ.

അതിനായി ഒരു റിയാലിന്റെ നാണയം 25 എണ്ണം വാങ്ങാൻ ജൂബിയെ ഏൽ‌പ്പിച്ചിരുന്നു.
അതുമായി വെളുപ്പിനു മൂന്നുമണി നേരത്ത് സെറ്ററും മഫ്ലറും ഒക്കെ ചുറ്റി പുറത്തിറങ്ങി.
നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
മൂഡൽ മഞ്ഞ് മുന്നോട്ടുള്ള കാഴ്ചകളെ മറച്ചിരുന്നു.
റോഡുകൾ വിജനമായിരുന്നു.
യുദ്ധമായതുകൊണ്ടാകും സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇല്ലായിരുന്നു.
തലക്കു മുകളിൽക്കൂടി പാഞ്ഞുപോകുന്ന മിസ്സൈലിന്റെ ചിന്തയുള്ളതു കൊണ്ട് താഴെ നോക്കാതെ മുകളിൽ നോക്കിയാണ് നടപ്പ്.
മിസ്സൈൽ വരുന്നതു കണ്ടാലും ഓടിമാറാനൊന്നുമല്ല. അതുകൊണ്ട് കാര്യവുമില്ലെന്നറിയാം. എങ്കിലും ഒരു മുൻ‌കരുതൽ...!

മരുഭൂമിയിൽ റോഡിനോട് ചേർന്നുതന്നെ മറയൊന്നുമില്ലാത്ത ഒരു ടെലഫോൺ ബൂത്ത് ഉണ്ട്.
ഇത്ര കാലത്തെ ആയതുകൊണ്ട് ആരുമുണ്ടാകില്ലെന്ന ധാരണയിൽ ആണ് മൂന്നുമണിക്ക് പുറത്തിറങ്ങിയത്. മൂടൽമഞ്ഞ് നന്നായിട്ടുണ്ടായിരുന്നു. അടുത്തെത്തുന്നതുവരേക്കും ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.  ബൂത്തിനോട് അടുക്കുന്തോറും ഒരു കാര്യം മനസ്സിലായി.
എന്നേപ്പോലെ ചിന്തിക്കുന്ന ഇന്ത്യാക്കാരും ബംഗ്ലാദേശികളും ഈജിപ്ഷ്യന്മാരും പാക്കിസ്ഥാനികളും എത്യോപ്യക്കാരും ധാരാളം പേരുണ്ടെന്ന്.
ഒരു വലിയ ക്യൂതന്നെ രൂപം കൊണ്ടിട്ടുണ്ട്.
ഏറ്റവും അറ്റത്തായി ഞാനും നിലകൊണ്ടു.

ഒരു ഗുണമുണ്ടായതെന്തെന്നാൽ പലർക്കും ലൈൻ കിട്ടുന്നുണ്ടായിരുന്നില്ല.
അധികനേരം റിങ് ടോൺ കേട്ടു നിൽക്കാനോ രണ്ടാമതൊന്നു ഡയൽ ചെയ്യുവാനോ തൊട്ടു പുറകേയുള്ളവർ സമ്മതിക്കില്ല. അവനെ പിടിച്ചുമാറ്റി അടുത്തവൻ കയറും. പിന്നെ അവിടെ ഒച്ചയും ബഹളവും ഉന്തും തള്ളും. എന്നാലും ആരും അതൊന്നും കാര്യമാക്കുന്നില്ല.

എന്റെ ഊഴം വന്നപ്പോഴേക്കും നാലരമണി കഴിഞ്ഞിരുന്നു. ഫോണുള്ള വീട്ടിൽ ഉള്ളവർ എഴുന്നേറ്റിണ്ടാവും. രണ്ടുപ്രാവശ്യം റിങ് ചെയ്തപ്പോഴേക്കും ആരോയെടുത്തു.
ഞാൻ “ഹലോ..” പറഞ്ഞു. എന്നെ മനസ്സിലായതോടെ അരമണിക്കൂറ് കഴിഞ്ഞ് വിളിക്കാമെന്നും വീട്ടിൽ നിന്നും ആരെയെങ്കിലും വിളിച്ചിട്ടു വരണമെന്നും പറഞ്ഞ് കട്ടാക്കി.

പിന്നേയും ക്യൂവിന്റെ ഏറ്റവും അറ്റത്ത് പോയി നിലയുറപ്പിച്ചു.
നേരം വെളുക്കാറായപ്പോഴേക്കും ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയിരുന്നു.
ക്യൂ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. അരമണിക്കൂറ് കഴിഞ്ഞിട്ടും എനിക്ക് ഫോണിന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല. എന്റെ അങ്കലാപ്പ് കൂടി വന്നു.  ഏതാണ്ട് മുക്കാൽ മണിക്കൂറ് കഴിഞ്ഞപ്പോഴേക്കും ഫോണിന്റെ അറ്റത്തുള്ളവർ വേഗം വേഗം പിരിയാൻ തുടങ്ങി.
“എന്തു പറ്റി...?”
ആരും ഒന്നും പറയുന്നില്ല.
എല്ലാവരും ഫോണിന്റെ റസീവർ എടുത്ത് ചെവിയിൽ വച്ച് ശബ്ദമൊന്നും കേൾക്കാത്തതുകൊണ്ട് അവിടെ വലിച്ചെറിഞ്ഞിട്ട് പോകുന്നു. ബൂത്തിനിട്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്ത് ദ്വേഷ്യം മുഴുവൻ തീർക്കുന്നുണ്ട് ചിലർ.

ഞാനും റസീവർ ചെവിയിൽ വച്ചു നോക്കി. ശബ്ദമൊന്നും വരുന്നില്ല. അതെപ്പോഴോ സ്റ്റക്കായിരിക്കുന്നു. ചിലപ്പോൾ ബൂത്തിൽ കോയിൻ നിറഞ്ഞിട്ട് സ്റ്റക്കായതാവാം. അല്ലെങ്കിൽ ഫോൺ കേടായതാവാം.
ശരിക്കും പറഞ്ഞാൽ ആ തണുപ്പിലും ഞാൻ വിയർത്തുപോയി.
വീട്ടിൽ നിന്നും ആളെ വിളിച്ചു നിറുത്തിയിട്ട്, പിന്നെ ഫോൺ വരാതായാൽ...?
ഇപ്പൊ വരുമെന്നു കരുതി അവരും കാത്തിരിക്കില്ലെ.
ഫോൺ ചെയ്തുകൊണ്ടിരിക്കേ സ്കഡ്ഡ് വീണ് ഞാനും മറ്റുള്ളവരും ചിതറിത്തെറിച്ചു പോയെന്ന് കരുതി ഒരാളെങ്കിലും ബോധം കെട്ടു വീഴില്ലെ...!?
പതിനേഴ് ദിവസം കൊണ്ട് നേരെ ചൊവ്വെ ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല.
ഒന്ന് അടുത്തറിഞ്ഞിട്ടില്ല. ആ മുഖം പോലും ഇപ്പോൾ മനസ്സിൽ തെളിഞ്ഞുവരുന്നില്ല.
ഓർത്തിട്ട് സഹിക്കാനാവുന്നില്ല.
ഒരു കെട്ട് സങ്കടം നെഞ്ചിൽക്കിടന്ന് തിളക്കുന്നുണ്ടായിരുന്നു.
ഞാനാ മണലിൽത്തന്നെ കുത്തിയിരുന്നു.
നേരം വെളുത്തിട്ടും ആരും വന്നില്ല നന്നാക്കാൻ.
എന്നോടൊപ്പം ഒരു പാക്കിസ്ഥാനിയും കൂട്ടിനുണ്ടായിരുന്നു.
അവനും നേരത്തെ വീട്ടുകാരെ വിളിക്കാൻ ഏർപ്പാടാക്കിയതായിരുന്നു.

ഇനി ഈ സാഹസത്തിനില്ലെന്ന് ഞാൻ തീരുമാനിച്ചു. 
പകലൊന്നും ഫോൺ കിട്ടുമായിരുന്നില്ല.  രാത്രിയിൽ മാത്രമാണ് കിട്ടുക. അത് എപ്പോൾ കിട്ടുമെന്നോ എപ്പോൾ പോകുമെന്നോ അറിയില്ല താനും. അതുകൊണ്ടാണ് ഫോണിനായി അത്ര വലിയ ക്യൂ രൂപപ്പെട്ടിരുന്നത്. അവരിൽ ആ പാക്കിസ്ഥാനിയുൾപ്പടെ അധികം പേരും തലേ ദിവസം സന്ധ്യ മുതൽ ക്യൂവിൽ കുത്തിയിരുന്നവരായിരുന്നു...!  

ഏഴുമണിയോടെ ഞങ്ങൾപിരിയാൻ തുടങ്ങിയ നേരത്താണ് ഏതാനും കുവൈറ്റികൾ ഒരു കാറിൽ അവിടെ വന്നിറങ്ങിയത്. ഫോൺ ചെയ്യാനായിരിക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. പക്ഷെ, അവർ കുവൈറ്റികളാണെന്നും ചിലവിനു കാശില്ലെന്നും പറഞ്ഞ് ഞങ്ങളുടെ നേരെ കൈ നീട്ടിയത് സത്യത്തിൽ വിശ്വസിക്കാനായില്ല...!
അവരുടെ നാട്ടിൽ വച്ച് നമ്മളാരെങ്കിലും അവരുടെ കാറിനെ ഓവർടേക്കു ചെയ്താൽ, അവൻ പാഞ്ഞു വന്ന് നമ്മളെ തല്ലുമെന്നു പണ്ടൊരിക്കൽ ഒരു ലുങ്കി ന്യൂസ് കേട്ടിട്ടുണ്ടായിരുന്നു. 
ആ അഹങ്കാരത്തിനു ദൈവം കൊടുത്ത ശിക്ഷയായിരിക്കുമോ ഇത്...!?
ഫോൺ ചെയ്യാൻ വച്ചിരുന്ന കോയിൻസ് ഒരു പ്ലാസ്റ്റിക് കൂട്ടിനകത്തിരുന്നു. അത് ഞാൻ പോക്കറ്റിൽ നിന്നും പുറത്തെടുത്തതും സലാം പറഞ്ഞവർ പിടിച്ചു വാങ്ങി കാറിൽ കയറി മിന്നിമറഞ്ഞു...!!

ഞാൻ മുറിയിൽ വന്നു കിടന്ന് ഉറങ്ങാൻ നോക്കി. 
ഉറക്കം വരുന്നുണ്ടായിരുന്നില്ല. 
വീട്ടുകാരെ വിളിച്ചു വരുത്തിയതിലായിരുന്നു എന്റെ സങ്കടം. 
അതോർത്തിട്ട് ഉറങ്ങാനേ കഴിഞ്ഞില്ല. 
എന്തായാലും ഇതുവരേക്കും എനിക്കൊന്നും പറ്റിയിട്ടില്ലെന്നും ജീവിച്ചിരുപ്പുണ്ടെന്നെങ്കിലും അറിഞ്ഞിരിക്കുമല്ലൊ. അതുമൊരു ആശ്വാസം തന്നെ.

ഉച്ചയൂണിന്റെ സമയത്താണ് പിന്നെ എഴുന്നേറ്റത്. 
വൈകീട്ട് സച്ചിയും ജൂബിയും വരുന്നതുവരെ ടീവിയിലെ യുദ്ധപ്പൂത്തിരി കാണലായിരുന്നു പരിപാടി. അവർ വന്നത് വളരെയേറെ ലുങ്കി ന്യൂസുകളുമായിട്ടായിരുന്നു. 
അതിലൊന്നുരണ്ടെണ്ണം ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു...! 
ബുറൈദയിലും റിയാദിലുമൊക്കെ ആളുകൾ എല്ലാവരും മിസ്സൈൽ വരുന്നതു കാണാൻ ടെറസ്സിന്റെ മുകളിൽ കയറി നിൽക്കുകയാണത്രെ...! 
നമ്മുടെ തൃശ്ശൂർ പൂരത്തിനു വെടിക്കെട്ടു കാണാൻ കെട്ടിടത്തിന്റെ മുകളിലും ബാൽക്കണിയിലും മറ്റും നിൽക്കുന്നതുപോലെ...!! 
ആളുകൾ ഇപ്പോൾ കെട്ടിടത്തിനു മുകളിലാണത്രെ കിടപ്പും ഉറക്കവും...!!

അതിനിടക്ക് ടീവിയിൽ  സൈറൺ മുഴങ്ങി. 
ഞങ്ങളുടെ സംഭാഷണം നിലച്ചു.
നെഞ്ചിടിപ്പിന്റെ കുറേ നിമിഷങ്ങൾ...
പിന്നെ കുഴപ്പമില്ലെന്നറിയിച്ചു. 
ഞങ്ങൾ വീണ്ടു തുടർന്നു. സച്ചിയാണ് പറഞ്ഞത്. 
”ഒരു കാര്യം കേക്കണോ..... ഓ അത് പറയാതിരിക്കാൻ നിവർത്തിയില്ല...” 
ഞങ്ങൾ കാതും കൂർപ്പിച്ച് ഇരുപ്പായി. 
“ഇന്നലത്തെ മിസ്സൈലിൽ ഒരെണ്ണം വീണത്... ഒരു അഞ്ചു നില കെട്ടിടത്തിന്റെ മുകളിലാ...ആ കെട്ടിടം തകർന്നു തരിപ്പണമായി. അടുത്തുള്ള കെട്ടിടങ്ങളുടെ ഗ്ലാസ്സുകളൊക്കെ പൊട്ടിച്ചിതറി.  പേടിച്ചിട്ട് ഒരാളും പുറത്തിറങ്ങിയില്ല. എല്ലാവരും അകത്തുതന്നെ ഇരുന്നു. കുറച്ചു സമയത്തിനകം നൂറുകണക്കിനു ബുൾഡോസറുകൾ ഒരുമിച്ച് ശബ്ദമുണ്ടാക്കുന്നതുപോലെയുള്ള ഇരമ്പലും തട്ടലും മുട്ടലും..! 
നേരം വെളുത്തപ്പോഴല്ലെ എല്ലാവരും കിടുങ്ങിപ്പോയത്...?!“ 

ഞങ്ങൾ എല്ലാവരും സച്ചിക്കും ജൂബിക്കും അടുത്തേക്ക് നീങ്ങിയിരുന്നു. 
ആകാംക്ഷയോടെ ഞാൻ ചോദിച്ചു. 
“അപ്പോൾ ആ വീണത് മിസ്സൈലായിരുന്നില്ലാല്ലേ.... പിന്നെന്താ...?” 
“അത് മിസ്സൈലു തന്നെയായിരുന്നു. പക്ഷേ, ആ അഞ്ചുനില കെട്ടിടം അവിടെയില്ലായിരുന്നുവെന്ന് മാത്രമല്ല അതിന്റെ പൊടിപോലുമില്ലായിരുന്നു കണ്ടു പിടിക്കാൻ...!!?” 
“ങേ.. എന്തുപറ്റി...?” 
തകർന്ന  കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം ആ രാത്രിയിൽത്തന്നെ ബുൾഡോസറുകൾ കൊണ്ടു വന്ന് വാരി ലോറിയിൽ കയറ്റി മരുഭൂമിയിൽ കൊണ്ടുപോയി കുഴിയിലിട്ടു മൂടിയത്രെ...?!! 
നേരം വെളുത്തപ്പോൾ പരിസരവാസികൾ കാണുന്നത് അവിടം ടാറിങ് നടത്തി വെളുത്ത പെയിന്റിൽ കാർപാർക്കിങ്ങിനുള്ള സ്ഥലമാക്കി മാർക്കു ചെയ്തിട്ടിരിക്കുന്നു...!!“  
ഞങ്ങൾ വായും പൊളിച്ചിരുന്നതല്ലാതെ ഒരക്ഷരം ശബ്ദിക്കാനായില്ല.  
എന്നിട്ടും ചോദിക്കാതിരിക്കാനായില്ല പവിത്രന്. 
“അപ്പോൾ അതിലുണ്ടായിരുന്ന ആളുകളോ...?” 
സച്ചിയും ജൂബിയും കൈ മലർത്തിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. 

കുറച്ചു കഴിഞ്ഞ് മരവിപ്പൊന്നു മാറിയപ്പോൾ ഞാൻ പറഞ്ഞു. 
“ഹോ.. ഇതൊരു അപാര ലുങ്കി ന്യൂസായിപ്പോയി...! 
ഒന്നു കിട്ടിയാൽ പത്താക്കണ ആളുകളല്ലെ നമ്മുടെ ആളുകൾ...!!” 
“ഇത് നടന്നതാന്നാ പറയുന്നെ. അവരുടെ ഫ്ലാറ്റിന്റെ ചില്ലും പൊട്ടിപ്പോയിരുന്നത്രെ. അങ്ങനെയൊരു കെട്ടിടം അവിടെയുണ്ടായിരുന്നോയെന്ന് അവിടത്തുകാർക്കു പോലും സംശയമായിയത്രെ... അത്രക്കു തിരിച്ചറിയാത്ത സ്ഥലമാക്കി അത് മാറ്റിമറിച്ചുകളഞ്ഞൂ... അപ്പോൾ മുതൽ അവിടെ പോലീസ്സുകാർ കാവലുണ്ടായിരുന്നു. അവിടെ ആരെങ്കിലും വന്നു സംസാരിക്കാനോ കൂട്ടം കൂടി നിൽക്കാനോ ഒന്നും സമ്മതിച്ചില്ലത്രെ...” 
“സദ്ദാമിന്റെ ബോംബ് വീണ് പൊട്ടി കെട്ടിടം തകർന്നെന്ന് പറയുന്നത് നാണക്കേടല്ലെ. അതുകൊണ്ടാ ഈ പണി ചെയ്തതത്രെ..!“ 
“ഹോ.. എന്നാലും ഇതത്രക്കങ്ങ്ട് ദഹിക്കണില്ല.. ചുമ്മാ പറഞ്ഞ്ണ്ടാക്കണാതാന്നാ എനിക്ക് തോന്നണെ... എന്നാലും ആ ഭാവന അപാരം...!” 
ഞാനെന്റെ സംശയം മറച്ചു വച്ചില്ല. 
അതിനും ആരും മറുപടിയൊന്നും പറഞ്ഞില്ല. 
പിന്നെ ‘ഈ രാജ്യമായതു കൊണ്ട് ഇതല്ലാ ഇതിലപ്പുറവും നടക്കുമെന്ന’ പവിത്രന്റെ ആത്മഗദത്തോടെ ആ സംഭാഷണം അവിടെ നിലച്ചു.

ദിവസങ്ങൾ കഴിയുന്തോറും സ്കഡ്ഡിന്റെ പേടി കുറഞ്ഞുകുറഞ്ഞു വന്നു. 
ഞങ്ങളൊക്കെ ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാൻ തുടങ്ങി. 
‘യുദ്ധമോ.. ഓ.. അതൊക്കെ ഒരു വഴിക്കങ്ങു നടന്നോളും..!’ എന്ന മട്ടിലായി ഞങ്ങൾ.
സദ്ദാമിന്റെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ലെന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മനസ്സിലായി. സദ്ദാമിന്റെ ആ ശൌര്യം മാത്രമായിരുന്നു കൈമുതൽ...! 
ബോംബിടാൻ ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ലാതെ യുദ്ധം അവസാനിപ്പിക്കാറായിട്ടും സദ്ദാമിനെ കണ്ടുകിട്ടിയില്ല...! 
സദ്ദാമിന്റെ യുദ്ധവിമാനങ്ങൾ കണ്ടുകിട്ടിയില്ല...! 
കൊട്ടിഘോഷിച്ച രാസായുധങ്ങൾ കണ്ടുകിട്ടിയില്ല...! 
സദ്ദാമിന്റെ കയ്യിലുണ്ടെന്ന് തെളിവു വരെ നിരത്തിയ മറ്റു മാരകായുധങ്ങളും കണ്ടു കിട്ടിയില്ല...! 
ഇറാക്കിന്റെ എണ്ണപ്പാടങ്ങൾ അത്രയും തീ കൊടുത്തു...!
കുവൈറ്റിൽ നിന്നും ഇറക്കികളെ ഒഴിപ്പിച്ച്, ഇറാക്കിന്റെ എണ്ണപ്പാടങ്ങൾ അത്രയും കയ്യടക്കി...! ഇറാക്കികളെ വർഗ്ഗീയമായി ഭിന്നിപ്പിച്ച് യുദ്ധം അവസാനിപ്പിച്ചു...! 

ദിവസങ്ങളെത്രയാണ് ഉറക്കമില്ലാരാത്രികൾ സമ്മാനിച്ചത്. 
അപ്പോഴും ഞങ്ങളുടെ ഡബിൾ ചങ്കുള്ള ‘ഒറ്റയാൻ സദ്ദാമിനെ’ കണ്ടു കിട്ടാത്തതിലുള്ള സന്തോഷമായിരുന്നു ഞങ്ങൾക്കെല്ലാം. അദ്ദേഹം ഇതിനകം ഏതെങ്കിലും രാജ്യത്തുപോയി രക്ഷപ്പെട്ടിരിക്കാമെന്നു ഞങ്ങൾ സംശയിച്ചു. ഇന്ത്യയിൽ രാഷ്ട്രീയാഭയം തേടിയിരിക്കാമെന്ന് വരെ ഞങ്ങൾ ന്യായമായും വിശ്വസിച്ചു. 
എങ്കിലും, അദ്ദേഹം അഭിമാനിയാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു...!!! 
അങ്ങനെയൊന്നും തോറ്റോടുന്നവനല്ല.


ഒരു വൈകുന്നേരം ഞങ്ങളുടെ മാനേജർ ചിരിച്ച മുഖവുമായി കടന്നുവന്നു. 
കയ്യിൽ മൂന്നുമാസത്തെ ശമ്പളവും...!!! 
കൂട്ടത്തിൽ എനിക്കുമാത്രമായിട്ടൊരു ഇടിവെട്ട് ന്യൂസും...!!!
“എന്റെ ‘എക്സിറ്റ് വിസ’ ശരിയായിരിക്കുന്നു. ഒരുമാസത്തിനുള്ളിൽ റിയാദിൽ നിന്നും നാട്ടിലേക്ക് കയറിപ്പോകാം. ബാക്കിയുള്ള 20 മാസത്തെ ശമ്പളം ഹെഡ്ഡോഫീസിൽ നിന്നും ഒരുമിച്ച് വാങ്ങാം...!!!” 


ബാക്കി മേയ് 15-ന്....

[ അടുത്ത ലക്കത്തോടെ ‘മരുഭൂമി’ അവസാനിക്കുന്നു...]

Wednesday, 15 April 2015

നോവൽ. മരുഭൂമി.(38)


“എല്ലാ വായനക്കാർക്കും വിഷുദിനാശംസകൾ....”



കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ. അവിടന്ന് രക്ഷപ്പെട്ട് ഒരു കണക്കിനു കൂയ്യുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി. ഇവിടേയും ഭക്ഷണക്കാര്യത്തിനായി കൂട്ടുകാരൻ ജൂബിയുടെ സവാളക്കടയിൽ സഹായികളായി കൂടി....


തുടർന്നു വായിക്കുക...

ഉറക്കമില്ലാത്ത രാത്രികൾ...


ഫ്ലൈറ്റുകളൊന്നും നേരെചൊവ്വെ പോകുന്നുണ്ടായിരുന്നില്ല.
പോകുന്നവയിൽ നല്ല വില കൊടുത്താലും ടിക്കറ്റുകൾ കിട്ടുന്നില്ലെന്ന തിരിച്ചറിവ്, ഇവിടെത്തന്നെ അടിഞ്ഞു തീരാനായിരിക്കും വിധിയെന്ന് സ്വയം സമാധാനിച്ചു....
എന്തായാലും മാനേജർ വന്നപ്പോൾ ഞങ്ങൾ എല്ലാവരും ജോലി മതിയാക്കി പോകാനായി എഴുതിക്കൊടുത്തു...
മാനേജർ ചിരിച്ചുകൊണ്ട് അതുവാങ്ങി മടക്കി പോക്കറ്റിലിട്ടു...
അതു കഴിഞ്ഞദ്ദേഹം തലയാട്ടി ഒരു ആക്കിച്ചിരി ചിരിച്ചു. പിന്നെ പുറത്തിറങ്ങി.
മാനേജരുടെ ആ തലയാട്ടലിന്റേയും ആക്കിച്ചിരിയുടേയും അർത്ഥം, ‘നിങ്ങളൊക്കെ നേരെ ചൊവ്വെ പോയതു തന്നെ’ യെന്നല്ലേ...?
ദൈവമേ...!
ഈ കോലത്തിലാണേൽ ശവപ്പെട്ടിയിലെങ്കിലും വീട്ടിലെത്തുമോ ആവോ...!!?
കല്യാണം കഴിഞ്ഞ് പതിനേഴാം ദിവസം ‘ദേ പ്പ വരാട്ടോ’ന്ന് പറഞ്ഞ് പോന്നതാ ഞാൻ....!

പിന്നേയും മാസങ്ങൾ കടന്നു പോയി.
യുദ്ധം തുടങ്ങാനുള്ള കോപ്പുകളെല്ലാം അടുപ്പിക്കുന്നതേ ഉണ്ടായിരുന്നുള്ളു.
അതിനു മുമ്പുള്ള ‘വാക് യുദ്ധ’മായിരുന്നു നടന്നു കൊണ്ടിരുന്നത്.
ബിബിസിയാണ് ഞങ്ങളുടെ പ്രധാന വാർത്താസ്രോദസ്സ്. അവർ എന്നും സദ്ദാമിനെ താഴ്ത്തിക്കെട്ടിയേ പറയാറുള്ളു. പിന്നെയുള്ളത് സൌദി വാർത്തകളാണ്.
അവർ ഒരിക്കലും സത്യം പറയില്ലെന്ന് അറിയാമായിരുന്നു.
പിന്നെ ആകെയൊരു ആശ്വാസം എന്നു പറയുന്നത് ബുറൈദയിൽ നിന്നും കിട്ടുന്ന ‘ലുങ്കിന്യൂസ്’ ആയിരുന്നു...!
അത്രക്കങ്ങ്ട് വിശ്വാസ്യതയില്ലെങ്കിലും ഉള്ളിന്റെയുള്ളിൽ എന്തെങ്കിലും സത്യങ്ങളൊക്കെ കിടപ്പുണ്ടാകും..!
നാട്ടിൽ നിന്നുള്ള പത്രങ്ങളൊന്നും കിട്ടിയിരുന്നില്ല.

 സന്ധ്യ കഴിഞ്ഞാൽ പട്ടണം വിജനമാകും.
പിന്നെ റോഡും പരിസരവും പോലീസ്സും പട്ടാളവും കൈക്കലാക്കും.
ഇടയ്ക്കിടക്ക് അവരുടെ കവചിത വാഹനങ്ങൾകൊണ്ട്  റോഡിനു കുറുകെ തടസ്സം സൃഷ്ടിക്കും. തൊട്ടടുത്ത് മണൽ നിറച്ച ചാക്കുകൾ അട്ടിയിട്ട്, അതിനു പിറകിൽ  ‘ബൊഫോഴ്സ് പീരങ്കികൾ’ പോലെ പലതും തലയുയർത്തി നിൽക്കുന്നതു കാണാം.
ജനത്തിനു പേടിക്കാൻ വേറെ വല്ലതും വേണോ...?
യുദ്ധം ഏതുനിമിഷവും ആരംഭിക്കാമെന്ന ഭീതി നിറഞ്ഞു നിന്ന അന്തരീക്ഷം.
അതുകൊണ്ട് കടകളെല്ലാം നേരത്തെ അടക്കും.
ഞങ്ങളും കട അടച്ച് നേരത്തെ വീട്ടിലെത്തും.

ചൂടു ചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുന്ന വൈകുന്നേരങ്ങളിലാണ്  ഞങ്ങളുടെ കാര്യമാത്ര പ്രസക്തമായ ചർച്ചകൾ നടക്കാറ്.
എന്നത്തേയും പോലെ സച്ചിയാണ്, ബുറൈദയിൽ നിന്നു കിട്ടിയ ‘ലുങ്കി ന്യൂസി’ന്റെ ആധികാര്യതയുമായി അന്നത്തെ ആ  ചർച്ചക്ക് തുടക്കമിട്ടത്.
“ചൂടത്ത് മണരാണ്യത്തിൽ നിന്നും യുദ്ധം ചെയ്താൽ സദ്ദാം ഇരച്ചു കയറി സർവ്വതും ഒറ്റയടിക്ക് തീർക്കുമെന്ന് അമേരിക്കയും സഖ്യ കക്ഷികളും ഭയക്കുന്നുണ്ടാവണം...”
ജൂബി എന്ന കബീറിന് അക്കാര്യത്തിൽ സംശയമൊന്നുമില്ല. അതിനുള്ള തെളിവും നിരത്തി.
“എട്ടുകൊല്ലം ഇറാനുമായി ഘോരയുദ്ധം ചെയ്തിട്ടും തളരാത്തവരാണ് ഇറാക്കികൾ...!” “പൊരിമണലിൽ തളരാതെ യുദ്ധം ചെയ്യാനുള്ള ഇറാക്കികളുടെ കഴിവ് കാണാതിരിക്കാൻ സഖ്യകക്ഷികൾക്കാവുമോ...?”
“കരയുദ്ധത്തിൽ വളരെ പരിശീലനം ലഭിച്ചിട്ടുള്ള ഇറാക്കികളോട് മത്സരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് അമേരിക്കക്കറിയാം...”
“അതുകൊണ്ടായിരിക്കും സദ്ദാമിനെ പേടിപ്പിച്ചു നിറുത്തി കാര്യം സാധിക്കാൻ അമേരിക്ക ശ്രമിക്കുന്നത്...”
“അമേരിക്കയെ സദ്ദാമിനറിയാം... ഈ വിരട്ടലൊന്നും അവിടെ വിലപ്പോവില്ല മോനേ..!”
“ശരിയാ... സദ്ദാമിന്റെ പങ്കാളിയല്ലായിരുന്നോ അമേരിക്കാ..!”
“അതെന്ന്..?”
“ഹാ.. ഇറാൻ ഇറാക്ക് യുദ്ധത്തിൽ അമേരിക്കയല്ലെ ഇറാക്കിനെ സഹായിച്ചു കൊണ്ടിരുന്നേ... അന്ന് ഇറാനെ വീഴ്ത്താൻ അമേരിക്ക കൊടുത്തതല്ലെ ടൺകണക്കിന് രാസായുധ സാമഗ്രികൾ. അതിന്റെ ബാക്കി ഇപ്പോഴും അവിടെ കാണുമെന്ന ഭയമല്ലെ അമേരിക്കയുടെ ഉറക്കം കെടുത്തുന്നത്..!?”
“അവൻ തങ്ങൾക്കിട്ടു തന്നെ അത് തിരിച്ചടിക്കുമെന്ന് ...ചുരുക്കം...  ഹാ  ഹാ  ഹാ..!!”

ചർച്ചയുടെ ആവേശത്തിൽ കട്ടിലിൽ നിന്നും ചാടിയിറങ്ങിയ സച്ചി ഞങ്ങളോടൊപ്പം താഴെയിരുന്നു.
“അതിനിടക്ക് ആകാശത്തു നിന്നും കടലിൽ നിന്നും ആയിരിക്കും ആദ്യ ആക്രമണമെന്ന് ബിബിസി ക്കാരു പറയുന്നതു കേട്ടു...”
“അല്ലാതെ നിലത്തിറങ്ങാൻ സദ്ദാമിന്റെ ചുണക്കുട്ടികള് സമ്മതിച്ചിട്ടുവേണ്ടേ കരയുദ്ധം ചെയ്യാൻ... ഹാ.. ഹാ.. ഹാ..!”
സദ്ദാമിന്റെ ഭാഗത്ത് എന്തിനും ഏതിനും മുൻ‌തൂക്കമുണ്ടെങ്കിൽ ഞങ്ങളെല്ലാവരും ആർത്തു ചിരിക്കുമായിരുന്നു.

“പക്ഷേ, സദ്ദാമിന്റടുത്ത് മാരകായുധങ്ങൾ വേറെയുമുണ്ടെന്നാ സംശയം... ”
“ശരിയാ.. റഷ്യയിൽ നിന്നും മറ്റും വാങ്ങിക്കൂട്ടിയത് അധികമൊന്നും ഇറനെതിരെ ഉപയോഗിച്ചിട്ടില്ലെന്നാ കേൾക്കുന്നത്...”
“റഷ്യ കൊടുത്തത് എന്തൊക്കെയെന്ന് ആരും പറയുന്നില്ല. മൊത്തത്തിൽ സദ്ദാമിന്റെ ആയുധശേഷിയെക്കുറിച്ചുള്ള ആശങ്കയാ യുദ്ധം തുടങ്ങാനുള്ള തടസ്സമെന്നു തോന്നുന്നു...”
 “ ങാ.. പിന്നൊരു കാര്യം... റഷ്യയുടെ ‘സ്കഡ്’  മിസ്സൈലാ മറ്റൊരു പേടി സ്വപ്നം.
അത് അത്യുഗ്രൻ സാധനമാണെന്നാ കേൾക്കുന്നത്...!!”
“പകരം അമേരിക്കയുടെ കയ്യിൽ ‘പേട്രിയേറ്റ്’ മിസ്സൈൽ’ മറുമരുന്നായി ഉണ്ട് കെട്ടോ...!!”
“ഓ.. അതൊന്നും സ്കഡ്ഡിനോളം വരില്ലെന്നേ...!”
“അതവന്മാർ സ്കഡ്ഡിനെ വീഴ്ത്താൻ വേണ്ടി ഉണ്ടാക്കിയതാ... പക്ഷേ, വെറും പടക്കമാന്നാ കേട്ടത്...!”
അമേരിക്കയെ കൊച്ചാക്കാൻ കിട്ടുന്ന ഒരവസരവും ഞങ്ങൾ പാഴാക്കാറില്ല.

ഇടക്കിടക്ക് സദ്ദാം തോക്കുയർത്തി ജനങ്ങളുടെ നടുവിൽ നിന്ന് ജനങ്ങളെ ആവേശം കൊള്ളിക്കുന്നത്  ബിബിസിയിൽ കാണിക്കുമ്പോൾ ഞങ്ങൾക്കും ആവേശമായിരുന്നു.
“നീയാണ്ട മോനേ ചുണക്കുട്ടി. നാലുവശത്തു നിന്നും ശത്രുക്കൾ വളഞ്ഞു നിൽക്കുമ്പോഴും ഓന്റെയൊരു ശൌര്യം നോക്ക്യേ..!!”
അതു കാണുമ്പോൾ ഞങ്ങളുടെ രോമകൂമങ്ങൾ പോലും എഴുന്നു നിൽക്കും...!

പതുക്കെപ്പതുക്കെ രാജ്യം തണുപ്പിലേക്ക് നീങ്ങാൻ തുടങ്ങി.
സഖ്യശക്തികൾ എന്തിനും തെയ്യാറായി നിന്നു.
സദ്ദാമും വെറുതെയിരുന്നില്ല. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന താരിക് അസ്സീസിനെ നാലുപാടും അയച്ച് യുദ്ധം ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. കുവൈറ്റിനെ മോചിപ്പിക്കുകമാത്രമായിരുന്നില്ല, ഇറാക്കിന്റെ എണ്ണ സമ്പത്തിലും കണ്ണു നട്ടായിരുന്നു അമേരിക്കയുടെ നീക്കം. അതുകൊണ്ടു തന്നെ ഏതൊരു സമാധാന നീക്കവും വിജയം കണ്ടില്ല.

ഒരു രാത്രിയുടെ മറവിൽ സഖ്യശക്തികൾ ഭീകരാക്രമണം തുടങ്ങി.
രാത്രിയിൽ സൌദിയുടെ ഇംഗ്ലീഷ് ചാനലിൽ കണ്ണു നട്ടിരുന്ന ഞങ്ങൾക്ക് പെട്ടെന്ന് സ്ക്രീനിൽ നിന്നും  ചിത്രങ്ങൾ അപ്രത്യക്ഷമായി...!
ഏതാനും നിമിഷത്തിനു ശേഷം സഖ്യശക്തികൾ ആക്രമണം ആരംഭിച്ചതായി അറിയിപ്പു കിട്ടി. എന്നിട്ട് ‘ആരും ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരും വീട്ടിനകത്തു തന്നെ ഇരിക്കണമെന്നും’ ഓർമ്മിപ്പിച്ചു....
എഴുതിക്കാണിക്കുകയായിരുന്നു.
ചിത്രങ്ങളൊന്നും വന്നില്ല.
അവതാരകരും ഉണ്ടായിരുന്നില്ല.
ഞങ്ങളും ശ്വാസം പോലും വിടാനാകാതെ, നെഞ്ചിടിപ്പോടെ സ്ക്രീനിൽ തന്നെ നോക്കിയിരുന്നു.
യുദ്ധം തുടങ്ങിയെന്നറിഞ്ഞതോടെ ഞാൻ ചാടിയെഴുന്നേറ്റ് ലൈറ്റെല്ലാം ഓഫാക്കി.
ഇനിയുള്ള രാത്രികളിൽ ഈ വെളിച്ചവും ഞങ്ങളുടെ ശത്രുക്കളാണ്...!
ടീവിയുടെ മങ്ങിയ വെളിച്ചം മാത്രം.
ജനാല വഴി വെളിച്ചം പുറത്തു പോകാതിരിക്കാൻ കറുത്ത പ്ലാസ്റ്റിക് പേപ്പർ കൊണ്ട് എല്ലാം പൊതിഞ്ഞുകെട്ടി ഭദ്രമാക്കിയിരുന്നു.
ബാത്ത്‌റൂമിൽ പോകാനായി ലൈറ്റിടാൻ പോലും പേടിയായി...!
ആ വെളിച്ചം കണ്ട് സ്കഡ് മിസ്സൈൽ ഞങ്ങൾക്കു നേരെ പാഞ്ഞു വന്നാലോ...?
അതിനാൽ തപ്പിത്തടഞ്ഞാണ് പോയിരുന്നത്.

കട്ടൻ ചായ ഊതി ഊതിക്കുടിച്ച് ഞങ്ങൾ ഉറങ്ങാതെ കാത്തിരുന്നു.
ടീവി അന്ന് ഓഫ് ചെയ്തതേയില്ല.
വെളുപ്പിനെപ്പോഴോ ടീവിയിൽ ഒരു സൈറൺ മുഴങ്ങി...!
ഞങ്ങൾ ചാരിയും കിടന്നുമൊക്കെ ടീവിയിലേക്ക് കണ്ണു നട്ടാണിരുന്നിരുന്നത്, എന്നാലും എല്ലാവരും ഒരു അർദ്ധമയക്കത്തിലായിരുന്നു.
എങ്കിലും ആ സൈറൺ മുഴങ്ങിയ സമയം ഞങ്ങളുടെ നല്ല ജീവൻ പോയി.,!!
നെഞ്ചിടിപ്പ് കൂടി....
സ്ക്രീനിൽ ഒന്നുമില്ല.
ഈ സൈറൻ മാത്രം.
അര മിനിട്ടേ ഉണ്ടായുള്ളു.
പിന്നെ ഒരു പുരുഷ വാർത്താ വായനക്കാരൻ പ്രത്യക്ഷപ്പെട്ടു.
‘ഇറാക്കിന്റെ മിസ്സൈൽ പുറപ്പെട്ടതാണ്. കുഴപ്പമൊന്നുമില്ല. മിസ്സൈൽ ആകാശത്തു വച്ചു തന്നെ പൊട്ടിച്ചു കളഞ്ഞു. ഇനി കുഴപ്പമില്ല. നിങ്ങൾ ഭയപ്പെടാതിരിക്കുക...’
ഞങ്ങളുടെ ശ്വാസം നേരെ വീണെങ്കിലും, ആ വാർത്താവായനക്കാരൻ രണ്ടാമതൊന്നു കൂടി പറയാൻ നിന്നില്ല. പെട്ടെന്ന് അപ്രത്യക്ഷമായി.
പിന്നെ സ്ക്രീൻ ശൂന്യം.

വേഗം ഞങ്ങൾ ബിബിസിയിലേക്ക് ചാനൽ മാറ്റി.
അമേരിക്കയുടെ സ്റ്റെൽത്ത് എന്ന യുദ്ധ വിമാനത്തിൽ നിന്നും അയച്ച മിസ്സൈൽ തകർക്കുന്ന ഇറാക്കിന്റെ ഏതോ കെട്ടിടത്തിന്റെ ലൈവ് പ്രക്ഷേപണമായിരുന്നു. അതു തന്നെ വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു.

വീണ്ടും ഞങ്ങൾ സൌദി ഇംഗ്ലീഷ് ചാനലിൽ എത്തി.
അവിടെ അപ്പോഴും സ്ക്രീൻ ശൂന്യമായിരുന്നു.
പെട്ടെന്ന് പഴയതു പോലെ സൈറൻ മുഴങ്ങി.
ഞങ്ങൾ പരിഭ്രാന്തരായി കണ്ണു മിഴിച്ചിരുന്നു.
അരമിനിട്ടു കഴിഞ്ഞപ്പോൾ അത് നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺ അവതാരകയുടെ മുഖം പ്രത്യക്ഷപ്പെട്ടു.
‘നിങ്ങൾ പേടിക്കേണ്ടതില്ല. ശത്രുവിന്റെ സ്കഡ് മിസ്സലിനെ  നമ്മുടെ പേട്രിയേറ്റ് മിസ്സൈൽ മുകളിൽ വച്ചു തന്നെ തകർത്തു തരിപ്പണമാക്കി.  എല്ലാവരും മുറിയിൽ തന്നെ ഇരിക്കുക. ആരും പുറത്തിറങ്ങരുത്.. ഒട്ടും ഭയപ്പെടേണ്ടതില്ല...’
ഇടക്കിടക്ക് അവർ പരിഭ്രാന്തിയോടെ പുറകിലേക്കും സൈഡിലേക്കും മറ്റും നോക്കുന്നുണ്ട്.

അങ്ങനെ  നാലഞ്ച് പ്രാവശ്യം അതാവർത്തിച്ചു കൊണ്ടിരുന്നു.
ആ രാത്രി ഞങ്ങൾക്ക് കാളരാത്രി തന്നെയായിരുന്നു.
ഞങ്ങൾ പരസ്പ്പരം സംസാരിക്കാൻ തന്നെ മറന്നു പോയിരുന്നു.
അഥവാ സംസാരിച്ചതെല്ലാം സ്വകാര്യം പറയുന്നതു പോലെ ആയിരുന്നു.
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു യുദ്ധഭൂമിയോട് ചേർന്ന് താമസിക്കുന്നത്.
അതിന്റേതായ  അങ്കലാപ്പ് ഞങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നു.

 പിറ്റേ ദിവസം നേരം വെളുത്തപ്പോഴാണ് ഞങ്ങൾ ചുറ്റുപാടും നോക്കിയത്.
എല്ലാം പഴയതുപോലെ തന്നെയുണ്ട്.
ആകാശവും വെളുത്തു തന്നെയിരുന്നു.
രാത്രിയിൽ തണുപ്പായിരുന്നെങ്കിലും പകൽ നല്ല ചൂടായിരുന്നു.
ജൂബിയും സച്ചിയും ബുറൈദക്ക് വിട്ടു. കിട്ടാവുന്നത്ര ലുങ്കി ന്യൂസുമായി വരാമെന്നേറ്റു.
ഞങ്ങൾ മുറിയിൽ തന്നെ ഇരുന്നതേയുള്ളു.
മറ്റു വാർത്തകളൊന്നും ലഭ്യമല്ലാത്തതിനാൽ ഞങ്ങൾ തന്നെ വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി. എവിടേക്കായിരിക്കും സദ്ദാം മിസ്സൈൽ അയച്ചത്..?
എവിടേയെങ്കിലും വീണതായി അറിവില്ല. പുറത്തു പോയവർ വന്നാലെ എന്തെങ്കിലും അറിയാൻ പറ്റൂ. മുന്നിലെ മരുഭൂമിയിൽ കണ്ണെത്തുന്നിടത്തോളം ഞങ്ങൾ പരതി നോക്കി. ഈന്തപ്പനകൾക്കപ്പുറം പരന്നു കിടക്കുന്ന മരുഭൂമിയിൽ മിസ്സൈൽ വീണതിന്റെ യാതൊരു ലക്ഷണവും കാണാൻ കഴിഞ്ഞില്ല.

റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു.
പൊതുവേ ഒരു ഭയപ്പാട് ഞങ്ങളുടെ മുഖങ്ങളിൽ തളം കെട്ടി നിന്നിരുന്നു..
മിസ്സൈൽ വീണാൽ എന്തു സംഭവിക്കുമെന്ന്  യാതൊരറിവുമില്ല. പൊട്ടിത്തെറിക്കും. അതുമാത്രമേ കേട്ടിരുന്നുള്ളു. ഞങ്ങൾ എപ്പോഴും ആകാശത്തേക്ക് കണ്ണുകൾ പായിച്ചിരുന്നു. സ്കഡ്ഡ് ഞങ്ങൾക്കു നേരെ വരുന്നുണ്ടോന്ന് ഓരോ നിമിഷവും സംശയിച്ചു.

ഉച്ച കഴിഞ്ഞപ്പോഴേക്കും കൂട്ടുകാർ എത്തി.
വൈകുന്നേരം തുറക്കുന്നില്ല. അവിടെ മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്.
എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കുകയാണത്രെ.
പെട്രോൾ പമ്പിനോട് ചേർന്നുള്ള സൂപ്പർ മാർക്കറ്റുകൾ മാത്രമേ തുറന്നിരുന്നുള്ളു.
അവിടെ നിന്നും അറബികൾ ചാക്കുകണക്കിനാണ് അരിയും സാധനങ്ങളും വാങ്ങിപ്പോകുന്നത്. അതുകണ്ട് ജൂബിയും സച്ചിയും പോരുമ്പോൾ ഒരു അരച്ചാക്ക് അരിയും കുറച്ചു പലവ്യഞ്ജനങ്ങളും വാങ്ങിക്കൊണ്ടു വന്നിരുന്നു.
ആനയോടൊപ്പം അണ്ണാനും വായപൊളിക്കാനാവില്ലല്ലൊ.
ഇനിയുള്ള കാലം എങ്ങനെയാവുമെന്നുമറിയില്ലല്ലൊ.

കൂടുതൽ വാങ്ങിയിട്ടാലും ഫലമൊന്നുമില്ല. സദ്ദാമിന്റെ പട്ടാളക്കാർ ഇരച്ചുകേറി അതെല്ലാം അടിച്ചുമാറ്റി കൊണ്ടു പോകില്ലേ...?
കുവൈറ്റിനെ ആക്രമിച്ചു കീഴടക്കിയപ്പോഴും പട്ടാളക്കാർ കൊള്ള ചെയ്തിരുന്നുവെന്ന് ബിബിസി  റിപ്പോർട്ടുണ്ടായിരുന്നു.
"ഹേയ്.. നമ്മൾ ഇൻഡ്യക്കാരുടെ സാധനങ്ങളൊന്നും കൊള്ളയടിക്കില്ല...”
“ഇൻഡ്യാക്കാരോട് സ്നേഹം സാദ്ദാമിനേയുള്ളു. പട്ടാളക്കാർക്കുണ്ടാവണമെന്നില്ല...!”
“ഒരു പ്രശ്നമുണ്ടാകുമ്പോൾ അതു മുതലെടുത്ത് കൊള്ള ചെയ്യുന്നത് പട്ടാളക്കാരോ പോലീസുകാരോ ആവണമെന്നില്ല..”
“അതുശരിയാ.. അസൂയമൂത്ത തൊട്ടയല്പക്കത്തുകാരനും കൊള്ള ചെയ്തെന്നു വരാം..”

അവർ കൊണ്ടു വന്ന ലുങ്കിന്യൂസ് കേൾക്കാൻ ഞങ്ങൾ വട്ടം കൂടിയിരുന്നു.
ടീവി ഓണാക്കി അല്ല, അതു ഞങ്ങൾ ഓഫാക്കിയിരുന്നേയില്ലല്ലൊ.
ഇംഗ്ലീഷ് ചാനൽ ഇട്ടു വച്ചു.
ബിബിസി ആണെങ്കിൽ മിസ്സൈൽ വരുമ്പോൾ അറിയാൻ പറ്റില്ല.
ചാനലിൽ ഇന്നലത്തെ രാത്രിയിലെ യുദ്ധത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു. അതിനായി കുറച്ച് ‘ചർച്ചാ തൊഴിലാളികൾ’ പങ്കെടുക്കുകയും വാദപ്രതിവാദങ്ങളൊക്കെ നടത്തുകയും ചെയ്യുന്നുണ്ട്. അതിലൊന്നും ഞങ്ങൾക്ക് താൽ‌പ്പര്യമില്ലായിരുന്നു.
ഞങ്ങൾക്ക് താൽ‌പ്പര്യം ലുങ്കിന്യൂസിലായിരുന്നു.

സച്ചി തുടങ്ങിവച്ചു.
“ഇന്നലെ സദ്ദാമിന്റെ സ്കഡ് റിയാദിന്റെ പല ഭാഗത്തും വീണീരുന്നു..!”
“പലതും മരുഭൂമിയിലായിരുന്നെന്നു മാത്രം...!”
“ചിലത് മാത്രമേ പാട്രിയേറ്റിനു പൊട്ടിക്കാനായുള്ളു...”
അപ്പോഴാണ് ഒരു സത്യം ഞങ്ങൾ മനസ്സിലാക്കിയത്.
ജൂബിയുടെ ആ വാക്കുകൾ കേട്ടതും ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.
“ഇറാക്കിൽ നിന്നും സദ്ദാമിന്റെ സ്കഡ്ഡ് റിയാദിലേക്ക് പാഞ്ഞ് പോകുന്നത് നമ്മുടെ തലക്കു മുകളിൽക്കൂടിയാണ്‌ട്ടാ...!!
“ ഹെന്റെ ദൈവമേ.. ഏതെങ്കിലും ഒരെണ്ണം നമ്മുടെ തലക്കു മുകളിൽ വച്ച് ഒന്നു ചീറ്റിപ്പോയാൽ...?!!”


ബാക്കി മേയ് 1-ന്......

Wednesday, 1 April 2015

നോവൽ.മരുഭൂമി.(37)



കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ. അവിടന്ന് രക്ഷപ്പെട്ട് ഒരു കണക്കിനു കൂയ്യുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി. ഇവിടേയും ഭക്ഷണക്കാര്യത്തിനായി കൂട്ടുകാരൻ ജൂബിയുടെ സവാളക്കടയിൽ സഹായികളായി കൂടി....


തുടർന്നു വായിക്കുക...



കടുവയെ പിടിച്ച കിടുവ...


“ഹേയ്.. അങ്ങനെയൊന്നും ഉണ്ടാവുകയില്ല. സദ്ദാമിന് ഇൻഡ്യക്കാരോട് വിരോധമൊന്നുമില്ല. അതുകൊണ്ടവൻ നമ്മളെ ഉപദ്രവിക്കുകയൊന്നും ചെയ്യില്ല...!”
“അതുശരിയാ... പക്ഷേ, സദ്ദാമിന്റെ  രാസായുധത്തിന് ഇൻഡ്യക്കാരേയും സൌദികളേയും തിരിച്ചറിയാൻ കഴിയില്ലല്ലൊ..!”
ഒരു നിമിഷം ഞങ്ങൾ നിശ്ശബ്ദരായി...!!?

ഓരോ ദിവസവും വരുന്ന വാർത്തകൾ ഞങ്ങളുടെ ഭീതി കൂട്ടിക്കൊണ്ടിരുന്നു.
ചില ദിവസങ്ങളിൽ ചൂടു കൂടുതലായിരിക്കും. എന്നാലും ഏസി ഓണാക്കാൻ കഴിയുമായിരുന്നില്ല. അതെല്ലാം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒരു നുള്ളു കാറ്റു പോലും അകത്തു കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഇറാൻ ഇറാക്ക് യുദ്ധകാലത്ത് ഇറാനികളെ തുടച്ചു നീക്കാൻ കൊടുത്ത രാസവിഷത്തിന്റെ ബാക്കി ഇനിയും ടൺ കണക്കിന് സദ്ദാമിന്റെ കൈവശമുണ്ടെന്ന് അമേരിക്ക തന്ന  തിരിച്ചറിവാണ്. അതിൽ നിന്ന് രക്ഷ നേടാനുള്ള വഴികളും പറഞ്ഞു പരത്തിയിരുന്നു.

ജൂബിയുടെ ബിസിനസ്സ് നല്ല രീതിയിൽ പുരോഗമിക്കുകയും ചെയ്തിരുന്നു.
സാഹചര്യം മുതലാ‍ക്കി വില കയറ്റാൻ ചിലരെങ്കിലും ശ്രമിച്ചിരുന്നു.
പക്ഷെ നല്ലവനായ ജൂബിയുടെ കഫീലിന്റെ നിർദ്ദേശപ്രകാരം വില കൂട്ടാതെ പിടിച്ചു നിറുത്താൻ ജൂബിക്കു കഴിഞ്ഞിരുന്നു.

ജൂബിയുടെ ബിസിനസ്സ് നല്ല രീതിയിൽ നടന്നു വരുന്നത് കാരണം ഞങ്ങളുടെ കഞ്ഞികുടിയും സുഭിക്ഷമായിത്തന്നെ നടന്നുവന്നു. പക്ഷെ, ദൈവം തമ്പുരാന് അതത്ര സുഖിച്ചില്ലെന്നു വേണം കരുതാൻ. എവിടേയും ഞങ്ങളുടെ കഞ്ഞി കുടി മുട്ടിക്കുക, ശമ്പളം തരാതെ ബുദ്ധിമുട്ടിക്കുക ഒക്കെ അദ്ദേഹത്തിന് ഒരു ഹോബിയാണല്ലൊ...!

ഈ യുദ്ധഭീതി നിലനിൽക്കുന്ന സമയത്ത്, വിലകൂട്ടി നാലു കാശുണ്ടാക്കേണ്ട നേരത്ത് അതിനു സമ്മതിക്കാത്തവനെ നിലക്കു നിറുത്താൻ തന്നെ ചിലരൊക്കെ തീരുമാനമെടുത്തു. അതും ഒരു അപ്പീലിനു പോലും സാദ്ധ്യമാകാത്തവിധം.

ഒരു ദിവസം കട തുറക്കാൻ ചെന്ന ജൂബിയുടെ കയ്യിൽ ‘മുത്തവ പോലീസി’ന്റെ പിടി വീണു.
“നീയിനിയിവിടെ കച്ചോടം ചെയ്യാൻ പാടില്ല...!!?”
ഉത്തരവ് കല്ലേൽ പിളർക്കുന്നത്...!
മുത്തവ പറഞ്ഞാൽ പിന്നെ അപ്പീലില്ല...!!
ജൂബിയുടെ കഫീലും വിവരമറിഞ്ഞു. അദ്ദേഹത്തിനും ആ ഉത്തരവ് മറികടക്കാനാവില്ല.

ഞങ്ങളും അന്ന് കടയിൽ കയറാനാകാതെ തിരിച്ചു പോന്നു.
ബാക്കിയുള്ളത് അനത്തിക്കുടിച്ച്  നാളേയുടെ ചിന്തയിൽ എങ്ങും പോകാനില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം കളഞ്ഞു.
സദ്ദാം ഇരച്ചു കയറി വന്ന് ഇവിടെയെല്ലാം ഇടിച്ചു നിരത്തിയെങ്കിലെന്ന് ആത്മാർത്ഥമായും ആഗ്രഹിച്ച നിമിഷങ്ങൾ...!

“നീയിനി അവിടെ പോയിരിക്കണ്ട. നമ്മുടെ ട്രൈലറിന്റ് അടുത്ത് വന്നിരുന്നാൽ മതി. കച്ചോടക്കാർ നിന്റടുത്തു നിന്നും വാങ്ങിക്കൊണ്ടുപോയി വിറ്റുകൊള്ളും...!”
കഫീലിന്റെ ആ വാക്കുകളൊന്നും പോരായിരുന്നു ജൂബിക്ക്.
ഇതിനെങ്ങനെ മറികടക്കാമെന്ന് ചിന്തിച്ചു.
അവിടെത്തന്നെ ഇരുന്ന് തനിക്ക് കച്ചോടം ചെയ്യണം.
അതിനെന്താണൊരു വഴി...?

ഇൻഡ്യൻ ഉള്ളിയുടെ വിൽ‌പ്പന തൽക്കാലം നിറുത്തി.
ജൂബി ട്രൈലറിലും ഉള്ളി ആർക്കും കൊടുത്തില്ല.
മറ്റുള്ള രാജ്യങ്ങളുടെ ഉള്ളിക്ക് വിലയേറി.
അതും കിട്ടാനില്ലാതെയായിത്തുടങ്ങി.
മൂന്നാലു ദിവസം ഞങ്ങളും പുറത്തിറങ്ങിയില്ല.

ഒരു ദിവസം ഉച്ചക്ക്  കുറച്ച് അരിയും രണ്ടു കോഴിയുമായി ജൂബി കയറിവന്നു.
ഞങ്ങൾ വാസ്തവത്തിൽ ഒന്നും വച്ചിട്ടുണ്ടായിരുന്നില്ല.
ജൂബി ചിരിച്ചുകൊണ്ടാണ് കയറി വന്നതെങ്കിലും, ഞങ്ങൾ ശരിക്കും കരഞ്ഞുപോയി...!
ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയുള്ള ആ വരവ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഞങ്ങൾ എത്ര ഒളിച്ചുവച്ചാലും വായിച്ചെടുക്കാൻ ജൂബിക്ക് കഴിയുമായിരുന്നു.
ഞങ്ങൾ സ്വന്തം ഗതികേടിൽ മനം നൊന്ത് കിടന്നതേയുള്ളു. ഒന്നിനും ഒരുത്സാഹവും കാണിച്ചില്ല.

ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ ജൂബി അടുക്കളയിൽ കയറി അരി അടുപ്പത്തിടാനും കോഴി വെള്ളത്തിലിടാനും തുടങ്ങിയതോടെ ഞങ്ങളെല്ലാം ചാടിയെഴുന്നേറ്റു.
“ഹേയ് ഇതെല്ലാം കുറച്ചു ദിവസങ്ങൾക്കകം തീരും. രണ്ടു മൂന്നു ദിവസം ഞാനും ഒരു മൂടോഫിലായിപ്പോയി. അതാ വരാതിരുന്നത്. ഇന്നാണ് നിങ്ങളെക്കുറിച്ച് ഓർത്തത്. കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളെ മറന്നുപോയതിന് ഞാൻ മാപ്പു ചോദിക്കുന്നു, എല്ലാവരോടും...!!”
“ഹേയ് അതിന്റെ ആവശ്യമൊന്നുമില്ല. ഞങ്ങളുടെ ഗതികേടോർത്ത് സങ്കടപ്പെട്ടതാ.. ജൂബി അതിൽ  തെറ്റുകാരനല്ല...”
“എന്നാലും നിങ്ങളുടെ അവസ്ഥ അറിയാമായിരുന്നിട്ടും... ഞാനത് ശ്രദ്ധിച്ചില്ലല്ലോ എന്നോർത്താണെന്റെ സങ്കടം...!”
“അതൊക്കെപോട്ടെ.. ആദ്യം ഈ ചായ കുടിക്ക്... എന്നിട്ടാവാം ബാക്കി..”

അതിനിടയിൽ എല്ലാവരും കർമ്മ നിരതരായിക്കഴിഞ്ഞിരുന്നു.
ജൂബിയെ പിടിച്ച് കട്ടിലിലിരുത്തി കുശലപ്രശ്നങ്ങളിലേക്ക് കടന്നു.
ബുറൈദയിൽ സദ്ദാമിന്റെ രാസായുധത്തിൽ നിന്നും രക്ഷപ്പെടാൻ ‘ഫേസ്മാസ്ക്ക്’ കൊടുത്തതും അറബികൾ അതെല്ലാം കൂട്ടത്തോടെ വാങ്ങിക്കൊണ്ടു പോയതും മറ്റും നെഞ്ചിടിപ്പോടെ മാത്രമേ കേട്ടിരിക്കാനായുള്ളു. അറബികൾക്കു മാത്രമേ അതെല്ലാം കിട്ടിയുള്ളു. മറ്റാർക്കും ആദ്യത്തെ വരവിൽ കിട്ടിയില്ല. ഒരു അറബി അവന്റെ വീട്ടിലെ എല്ലാവർക്കുമുള്ളത് വാങ്ങിക്കൊണ്ടു പോയി. പക്ഷേ, അവന്റെ വേലക്കാരൻ മലയാളിക്ക് മാത്രം വാങ്ങിയില്ല. ആ സങ്കടത്തിന്  മലയാളിപ്പയ്യൻ അവിടന്ന് ചാടി. എന്തായാലും യുദ്ധം വരുമെന്നുള്ളത് ഉറപ്പായിയെന്ന് ഞങ്ങൾക്കും ബോദ്ധ്യപ്പെട്ടു.

ഞങ്ങളും ജൂബിയെ നിർബ്ബന്ധിച്ചു, കഫീൽ പറഞ്ഞതുപോലെ ട്രൈലറിന്റെ അടുത്ത് ഹോൾസെയിൽ കച്ചവടം മാത്രം ചെയ്യാൻ. അങ്ങനെയൊക്കെ ചെയ്യാമെന്നേറ്റാണ് അന്ന് പോയത്. പിന്നെ കുറച്ചു ദിവസത്തേക്ക് കണ്ടില്ല.

ഒരു ദിവസം ഞങ്ങളോടു പറഞ്ഞതനുസരിച്ച് ചെല്ലുമ്പോൾ പഴയ കടയിൽ ജൂബിയുണ്ടായിരുന്നു. കുളിച്ച് കുട്ടപ്പനായി, ഒരു അറബി തോപ്പുമണിഞ്ഞ്, ഒരു വെള്ളത്തൊപ്പിയുമായി...!!?
ഇതെന്തു മറിമായം...?
ഞങ്ങളെല്ലാം വായ് പൊളിച്ചു.
“ഇനി ഒരാളും എന്നെ ഇവിടന്ന് ഇറക്കിവിടില്ല. എന്റെ കഫീൽ ഇതുവരെ ഈ തീരുമാനത്തിന് സമ്മതിച്ചിട്ടില്ല. അവസാനം ഞാൻ മുത്തവയെത്തന്നെ ശരണം പ്രാപിച്ചു. അദ്ദേഹം പറഞ്ഞ വഴിയായിത്. അങ്ങനെ ഞാൻ കബീറായി...!!!”
“അങ്ങനെ നിങ്ങളെന്നെ കബീറാക്കി അല്ലേ..!!”
സച്ചിയുടെ ഇടുത്തപടിയുള്ള കമന്റ് കേട്ട് ഞങ്ങളൊക്കെ പൊട്ടിച്ചിരിച്ചുപോയി.
അതോടെ ഞങ്ങളുടെ അമ്പരപ്പിന് ശമനം വന്നു.

ജൂബി കബീറായി വന്നതോടെ ഉള്ളിയുടെ വില പകുതിയിലധികം കുറഞ്ഞു.
പിന്നേയും രണ്ടുമൂന്നു ലോഡും കൂടി കഫീൽ ഇറക്കിക്കൊടുത്തു.
ഇനിയും ഒരു തിരിച്ചു വരവിന് സാദ്ധ്യമാവാത്തവണ്ണം ജൂബിക്കിട്ട് പാര പണിഞ്ഞവർ, വിലകൂടിയ ഉള്ളിയെടുത്ത് സ്റ്റോക്ക് ചെയ്തിരുന്നവർ വിലകുറച്ചു വിൽക്കാൻ കഴിയാതെ നെട്ടോട്ടമായി. ദിവസങ്ങൾ കഴിയവേ കെട്ടിക്കിടന്ന ഉള്ളി ചീയാൻ തുടങ്ങി. നഷ്ടത്തിനു വിറ്റാലും വാങ്ങാൻ ആളില്ലാതായി. ഇൻഡ്യൻ ഉള്ളിയുടെ നാലയലത്തു വരികയില്ല മറ്റുള്ള രാജ്യങ്ങളുടെ ഉള്ളികൾ.  കിട്ടിയ അവസരം പാഴാക്കാതെ നല്ല ലാഭത്തിനു വിൽക്കാൻ കാത്തിരുന്നവർ കുത്തുപാളയെടുത്ത് സ്ഥലം കാലിയാക്കി. പലരും ഒളിച്ചോടി. ഇനിയൊരിക്കലും ബുറൈദയിലേക്ക് തിരിച്ചു വരാൻ കഴിയാത്തവണ്ണം ഒഴിഞ്ഞുപോയവരിൽ അധികവും മലയാളികളായിരുന്നു.

മാസങ്ങൾ കഴിഞ്ഞിട്ടും യുദ്ധഭീതി മാത്രമേ ഉണ്ടായുള്ളു.
യുദ്ധം തുടങ്ങിയില്ല.
ഞങ്ങളുടെ ശമ്പളവും വന്നില്ല.
നാട്ടിൽ നിന്നൊരു കത്തും വന്നില്ല.
എല്ലാം എവിടെയൊക്കെയോ കുടുങ്ങിക്കിടന്നു.
ഇനിയിങ്ങനെ ജീവിക്കുന്നതെന്തിനെന്ന് ചിന്തിക്കാൻ ഞങ്ങൾ പഠിച്ചു തുടങ്ങി.
എങ്ങനേയും നാട്ടിലെത്താൻ എന്താണൊരു വഴിയെന്നായി ചിന്ത.
നാട്ടിലെത്തിയാൽ എങ്ങനേയും ജീവിക്കാൻ കഴിയുമെന്ന ചിന്ത കലശലായി.
ഒന്നുമില്ലെങ്കിലും ഭയമില്ലാതെയെങ്കിലും ജീവിക്കാമല്ലൊ.

ഫ്ലൈറ്റുകളൊന്നും നേരെചൊവ്വെ പോകുന്നുണ്ടായിരുന്നില്ല.
പോകുന്നവയിൽ നല്ല വില കൊടുത്താലും ടിക്കറ്റുകൾ കിട്ടുന്നില്ലെന്ന തിരിച്ചറിവ്, ഇവിടെത്തന്നെ അടിഞ്ഞു തീരാനായിരിക്കും വിധിയെന്ന് സ്വയം സമാധാനിച്ചു....
എന്തായാലും മാനേജർ വന്നപ്പോൾ ഞങ്ങൾ എല്ലാവരും ജോലി മതിയാക്കി പോകാനായി എഴുതിക്കൊടുത്തു...
മാനേജർ ചിരിച്ചുകൊണ്ട് അതുവാങ്ങി മടക്കി പോക്കറ്റിലിട്ടു....



ബാക്കി ഏപ്രിൽ 15-ന്......

Sunday, 15 March 2015

നോവൽ.മരുഭൂമി (36)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ. അവിടന്ന് രക്ഷപ്പെട്ട് ഒരു കണക്കിനു കൂയ്യുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി...


തുടർന്നു വായിക്കുക...

ജൂബിച്ചേട്ടൻ....

ഇവിടേക്ക് വരേണ്ടിയിരുന്നില്ലെന്ന് ഒരു നിമിഷം തോന്നി.
അവിടെ ജിദ്ദയിലായിരുന്നെങ്കിൽ സദ്ദാമിന്റെ രാസായുധം വഹിച്ച മിസ്സൈലൊന്നും അത്ര ദൂരത്തേക്ക് എത്തുമായിരുന്നില്ല.
ഈ കഷ്ടപ്പാടെല്ലാം സഹിച്ച് ഇവിടെയെത്തിയത് ഇതിനായിരുന്നോ..?
സദ്ദാമിന്റെ രാസായുധത്തിൽ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിക്കാനാണോ എന്റെ വിധി.....!!?

അവിടെ എന്നെക്കൂടാതെ മൂന്നുപേർ കൂടിയുണ്ട്.
ഒരാളെ അവിടന്ന് കൊണ്ടു പോകാനായി അടുത്തു തന്നെ ആളുവരും.
മറ്റൊരു സന്തോഷമുള്ളത്, അവിടെ സർക്കാരിന്റെ കറന്റുണ്ട്. അതുകൊണ്ട് ജനറേറ്റർ ഓടിക്കേണ്ട ആവശ്യമില്ല. ഇനി അഥവാ കറന്റ് പോകുകയാണെങ്കിൽ ഒരാഴ്ചമുൻപേ നോട്ടീസു തരും...!

ചെന്നപ്പോൾത്തന്നെ ഞാൻ അടുക്കളയിൽ ഒന്നു പരതി.
ഭക്ഷണമൊക്കെ ഉണ്ട്. സാമ്പാറായിരുന്നു കറി.
“ഈശ്വരാ... സാമ്പാറു കൂട്ടിയ കാലം മറന്നു...!”
അവരെല്ലാം ഊണു കഴിഞ്ഞിരുന്നു. എന്റെ പങ്കായിരുന്നു കലത്തിലുണ്ടായിരുന്നത്. എന്നാലും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഞാൻ ചോദിച്ചു.
“ഭക്ഷണത്തിനെന്താണു വഴി..?”
 കാരണം കമ്പനിക്ക് എല്ലായിടത്തും ഒരേ നയമാണല്ലൊ.
എല്ലാവരും കൂടി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഇതൊരു മരുന്നു ‘സംഭരണശാല’യാണ്.
അതുകൊണ്ട് ഇതിനകത്ത് പുറംപണിയൊന്നും കിട്ടുകയില്ല.
ശരി, ഞാനും വിചാരിച്ചു, പോകെപ്പോകെ അനുഭവിച്ചറിയാൻ കഴിയുമായിരിക്കും.

വൈകുന്നേരം മൂന്നുപേർ ഒന്നിച്ച് ഒരു ടാക്സിയിൽ നഗരത്തിലേക്കിറങ്ങി.
‘ബുറൈദ’ പട്ടണമായിരുന്നു  ലക്ഷ്യം.
സൌദിയിൽ വന്നതിനുശേഷം പട്ടണത്തോടു ചേർന്നു താമസിക്കുന്നത് ഇവിടെയാണ്.
സാമാന്യം ഭേദപ്പെട്ടൊരു നഗരമാണ്.
ധാരാളം എന്നല്ല, എവിടെത്തിരഞ്ഞൊന്നു നോക്കിയാലും മലയാളികൾ മാത്രമായിരുന്നു നഗരത്തിന്റെ മുഖമുദ്ര.
ഒരു അറബിക്ക് അവന്റെ നാട്ടിൽ ആവശ്യമുള്ള സാധനങ്ങൾ കടയിൽ നിന്നും വാങ്ങണമെങ്കിൽ, അവൻ അവശ്യം ‘മലയാളം’ പഠിക്കേണ്ടത് അത്യാവശ്യം തന്നെ. അല്ലെങ്കിൽ അറബി അകത്തു കയറി ആവശ്യമുള്ളത് കയ്യിട്ടെടുക്കേണ്ടി വരും.
ഒരുപക്ഷേ, സൂപ്പർമാർക്കറ്റുകളുടെയൊക്കെ ആവിർഭാവം ഇതുപോലെ ഏതെങ്കിലും അറബിയുടെ തലയിൽ വിരിഞ്ഞതായിരിക്കുമോ...?
അവിടെ സംസാരമോ ചോദ്യമോ, എന്തിന് ഭാഷയുടെ ആവശ്യം പോലും ഇല്ലല്ലൊ.
ഒരു ട്രോളിയുടെ ആവശ്യമേയുള്ളു...!

ഞങ്ങളുടെ കാർ ചെന്നു നിന്നത് ബുറൈദ മാർക്കറ്റിലാണ്.
സകലസാധനങ്ങളും ഇവിടത്തെ ചന്തയിൽ കിട്ടും.
കാറിൽ നിന്നിറങ്ങി ഞങ്ങൾ ഒരു ‘സവാളക്കട’യിലേക്ക് ചെന്നു.
കട അടച്ചുറപ്പുള്ളതൊന്നുമല്ല. നാലു വശവും തുറന്ന ഒരു വലിയ ഹാൾ. അതിൽ ഓരോ കച്ചവടക്കാർക്കും വീതിച്ചു നൽകിയിരിക്കുകയാണ് ആവശ്യമായ സ്ഥലം. ആ കെട്ടിടത്തിൽ സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി പോലുള്ള സാധനങ്ങൾ മാത്രമേയുള്ളു കച്ചവടം. അതിലൊരാളാണ് ഇപ്പോൾ എന്റെ കൂട്ടുകാരുടെ ‘അന്നദാതാവായ’ സാക്ഷാൽ ‘ജൂബിച്ചേട്ടൻ’...!
ഇനി മുതൽ എന്റേയും...!!

എന്റെ കൂട്ടുകാർ ചെന്ന വഴി കടക്കകത്തു കയറി കസ്റ്റമറോട് വിലപേശാനും സവാള വിൽക്കാനും സവാളച്ചാക്ക് അറബിയുടെ വണ്ടിയിൽ കൊണ്ടു പോയി വച്ചു കൊടുക്കാനും മറ്റും തുടങ്ങിയിരുന്നു.
സ്വന്തം കടയിലെന്നപോലെയാണ് വിൽ‌പ്പന...!
കടയെന്നു പറഞ്ഞാൽ, മൂന്നു വശവും സവാള നിറച്ച ചാക്ക് അട്ടിയിട്ടാണ് തിരിച്ചിരിക്കുന്നത്. ഹാളിന്റെ നടുക്കലേക്കാണ് വാതിൽ..!
എന്നു വച്ചാൽ അവിടെ സവാളച്ചാക്ക് അട്ടിയിട്ടിട്ടില്ലെന്ന് ചുരുക്കം...!!
കൂട്ടുകാർ വന്നതോടെ ജൂബിച്ചേട്ടൻ വിശ്രമത്തിലേക്ക് കടന്നു.

ഇതിനിടക്ക് ഞാനും ജൂബിച്ചേട്ടനും പരിചയപ്പെട്ടു.
വർത്തമാനത്തിനിടക്ക് പതുക്കെ നടന്നു നടന്ന് ഒരു ചായക്കടയിലെത്തി ചായകുടിച്ചു.
കൂട്ടുകാർക്കുള്ള ചായ കൊടുത്തു വിട്ടു. ജൂബിച്ചേട്ടൻ സച്ചിയുടെ നാട്ടുകാരനാണ്. പിന്നെ ജൂബിച്ചേട്ടന്റെ പിക്കപ്പിൽ കയറി സവാള കൊണ്ടുവരുന്ന ട്രൈലറിന്റെ അടുത്തേക്ക് ചെന്നു.
ഒരു വണ്ടി ‘ഇൻഡ്യൻ ഉള്ളി’.
ജൂബിച്ചേട്ടന്റെ കഫീലി (അർബാബ്)നാണ്  ഇൻഡ്യൻ ഉള്ളിയുടെ മൊത്തക്കച്ചവടം. കഫീൽ കൊണ്ടു വന്ന് ജൂബിക്ക് കൊടുക്കും. ജൂബിയാണ് മറ്റുള്ളവർക്ക് കൊടുത്ത് കാശാക്കുന്നത്. ബാക്കിയുള്ളതാണ് സ്വന്തം കടയിലിട്ട് വിൽക്കുന്നതും.

അതുകൊണ്ട് തന്നെ മറ്റുചിലർക്ക് കുറച്ചൊരു അസൂയ ഉണ്ടായിരുന്നു.
സൌദിക്കച്ചവടക്കാർക്ക് പ്രത്യേകിച്ച് അസൂയയൊന്നും ഉണ്ടായിരുന്നില്ല. അവരുടെ കടയിലെ ഉള്ളി തീർന്നാൽ സ്വന്തം കടയിൽ നിന്നും ഹോൾസെയിൽ വിലക്ക് ജൂബി ഉള്ളി കൊടുക്കും. അതിനാൽ അവർക്ക് ജൂബിയെ ഇഷ്ടവുമായിരുന്നു.
അസൂയക്കാരിൽ അധികവും നമ്മുടെ സ്വന്തം മലയാളി കച്ചവടക്കാരായിരുന്നു.
ജൂബിയെ ഓടിച്ചാൽ, സൌദികൾക്ക് ഏറെ ഇഷ്ടമുള്ള ‘ഇൻഡ്യൻ ഉള്ളി’യുടെ മൊത്തക്കച്ചവടം കൈക്കലാക്കാമെന്നു ധരിച്ച ചില പാരകളാണ് അസൂയ കെടാതെ സൂക്ഷിച്ചുകൊണ്ടിരുന്നത്.

ജൂബി നിസാരമായ ലാഭം മാത്രമേ എടുക്കുമായിരുന്നുള്ളു. ഒരു ചാക്കിന് 50 ഹലാല കൂട്ടി വിറ്റാൽ‌പ്പോലും ആയിരങ്ങൾ ഒരു ദിവസം കൊണ്ട് ഉണ്ടാക്കാമെന്നതായിരുന്നു ഇൻഡ്യൻ ഉള്ളിയുടെ ഗുണം. എത്ര നാളിരുന്നാലും കേടു വരികയില്ല. മറ്റുള്ള രാജ്യങ്ങളുടെ ഉള്ളികൾ പെട്ടെന്ന് കേടുവരുന്നവയാണ്. പാരകൾ സൌദിക്കച്ചവടക്കാരെ ഇളക്കിവിട്ടാണ് അവസരം കിട്ടുമ്പോഴൊക്കെ  പ്രശ്നം വഴളാക്കിക്കൊണ്ടിരുന്നത്.

ജൂബിയുടെ കഫീലിനും പ്രശ്നം അറിയാമായിരുന്നു.
അവർക്കിടയിൽ നിന്നും കിട്ടുന്ന ഇത്തരം വാർത്തകൾ കഫീൽ തന്നെയായിരുന്നു ജൂബിയുടെ ശ്രദ്ധയിൽ‌പ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ  ഏതുനിമിഷവും കച്ചവടം നഷ്ടപ്പെടാമെന്ന അവസ്ഥയാണുള്ളതെന്ന് ജൂബി കുറച്ചു വേദനയോടെയാണെങ്കിലും ഞാനുമായി പങ്കുവച്ചു.
എനിക്കതിനു മറുപടിയോ ആശ്വാസവാക്കുകളോ ഉണ്ടായിരുന്നില്ല.

അന്നുച്ചക്ക് കട പൂട്ടി (രണ്ടു സവാളച്ചാക്ക് നിരത്തിയിട്ട് ഒരു കാർപ്പറ്റിന്റെ കഷണവും മേലേക്കെടുത്തിട്ട്) ഞങ്ങളെല്ലാവരും കൂടി ജൂബിച്ചേട്ടന്റെ പിക്കപ്പിൽ ഞങ്ങളുടെ മുറിയിൽ എത്തി.
കൂടെ രണ്ടു കോഴിയും മറ്റു സാധനങ്ങളും.
എല്ലാവരും കൂടി കറി വച്ച് ഒരുമിച്ചിരുന്ന് കഴിച്ചു.
ഓരോ ദിവസവും തള്ളിവിട്ടിരുന്നത് ജൂബിയുടെ ചിലവിലായിരുന്നു.
മറ്റൊരു പണിയും അവിടെ കിട്ടുമായിരുന്നില്ല.
ദിവസങ്ങൾ ഉന്തിത്തള്ളിയാണ് നീക്കിയിരുന്നത്.

യുദ്ധസന്നാഹങ്ങൾ മുറുകിക്കൊണ്ടിരിക്കുമ്പോൾ ജൂബിക്ക് ഞങ്ങളുടെ മുറിയിൽ കയറി വരാൻ ബുദ്ധിമുട്ടായി. അന്യരെ അകത്തുകയറ്റാൻ പാടില്ലെന്ന സർക്കാരിന്റെ കർശന നിബന്ധനയായിരുന്നു കാരണം. പക്ഷേ, ഞങ്ങളുടെ അന്നദാതാവിനെ എങ്ങനെ പുറത്തു നിറുത്തും...? അത് ഒരു ചാക്ക് ‘ഇൻഡ്യൻ സവാള’ കാവൽക്കാരനു സമ്മാനം നൽകി സന്തോഷിപ്പിച്ച് അവസാനിപ്പിച്ചു. നമ്മുടെ ഉള്ളിയുടെ വില നോക്കണേ..!!

കാലം തണുപ്പിലേക്ക് നീങ്ങിയിരുന്നു.
അതിനിടക്കാണ് അപ്രതീക്ഷിതമായി രണ്ടുമാസത്തെ ശമ്പളം ഒരുമിച്ച് കിട്ടിയത്...!!
ശരിക്കും കോരിത്തരിച്ചു പോയി....!
കുറേക്കാ‍ലത്തിനു ശേഷമാണ് അങ്ങനെയൊരു സംഭവം.
നാട്ടിൽ‌പ്പോയി വന്നതിനു ശേഷം ആദ്യമായിട്ടാണ്  ശമ്പളം കയ്യിൽ കിട്ടുന്നത്.
“ഇവിടത്തെ കാര്യമൊക്കെ അങ്ങനെയങ്ങു നടന്നോളും. കിട്ടിയതത്രയും നാട്ടിലയച്ചേക്ക്..!”
എന്റെ കാര്യങ്ങളൊക്കെ അറിയാമായിരുന്ന കൂട്ടുകാരുടെ ഉപദേശം അതായിരുന്നെങ്കിലും, അതിൽ നിന്നും ഒരിത്തിരിമാത്രം എടുത്ത് ബാക്കി അയച്ചു.

ഇവിടെ എങ്ങനേയും ജീവിക്കാം. ഉണ്ടാലും ഉണ്ടില്ലെങ്കിലും ആരും അറിയില്ല.
നാട്ടിലുള്ളവർക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ലല്ലൊ.
പെണ്ണുകെട്ടി വന്നതിനുശേഷം ആദ്യമായിട്ടാണ് കാശയക്കുന്നത്.
കൃത്യമായൊരു മേൽ‌വിലാസം ഇല്ലാതിരുന്നതിനാൽ ഒരു കത്തുപോലും നാട്ടിൽ നിന്നും വന്നിരുന്നില്ല. ഞാനെഴുതുന്ന കത്തുകളിലെല്ലാം അവസാനം കുറിച്ചു വക്കും മേൽ‌വിലാസം ശരിയായിട്ടില്ല, ശരിയായതിനുശേഷം മാത്രം മറുപടി എഴുതിയാൽ മതിയെന്ന്.
അതിനാൽ നാട്ടിലെ ഒരു വിശേഷവും അറിഞ്ഞില്ലിതുവരെ.
എത്രയോ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.
കെട്ടിയ പെണ്ണിനെ തിരിഞ്ഞു നോക്കാത്തതുകൊണ്ട്, എന്നെയുപേക്ഷിച്ച് അവൾ തിരിച്ചു പോയിരിക്കുമോ...?
എന്നാലും അവളെ കുറ്റം പറയാൻ കഴിയില്ല.
ഞാനയച്ചുകൊണ്ടിരുന്ന കത്തുകൾക്ക് അവളുടെ വിശപ്പടക്കാൻ കഴിയില്ലല്ലൊ.
എഴുതിയിരുന്ന ആശ്വാസവാക്കുകൾക്ക്  സ്റ്റാമ്പു വാങ്ങാനും കഴിയില്ലല്ലൊ.

ഇത്തവണ ഡ്രാഫ്റ്റിനോടൊപ്പം മേൽവിലാസവും എഴുതിയിരുന്നു.
എന്നാലും കത്തിനുള്ള മറുപടിക്കായി ഇനിയും മാസങ്ങൾ കാത്തിരിക്കണം.
ഒന്നാമത് പതിവുപോലെയുള്ള താമസം.
രണ്ടാമത് യുദ്ധം ഇപ്പം തുടങ്ങും ഇപ്പം തുടങ്ങുമെന്ന ഭീതി.
വിമാനങ്ങളൊന്നും പതിവുപോലെ പോകുന്നില്ല.
ഇനി മറുപടി എത്തുമ്പോഴേക്കും സദ്ദാം ഹുസ്സൈൻ ഇടിച്ചു കയറി ഞങ്ങളെയൊക്കെ  നിലം‌പരിശാക്കിയിരിക്കുമോ...?
“ഹേയ്.. അങ്ങനെയൊന്നും ഉണ്ടാവുകയില്ല. സദ്ദാമിന് ഇൻഡ്യക്കാരോട് വിരോധമൊന്നുമില്ല. അതുകൊണ്ടവൻ നമ്മളെ ഉപദ്രവിക്കുകയൊന്നും ചെയ്യില്ല...!”
“അതുശരിയാ... പക്ഷേ, സദ്ദാമിന്റെ  രാസായുധത്തിന് ഇൻഡ്യക്കാരേയും സൌദികളേയും തിരിച്ചറിയാൻ കഴിയില്ലല്ലൊ..!”
ഒരു നിമിഷം ഞങ്ങൾ നിശ്ശബ്ദരായി...!!?


ബാക്കി ഏപ്രിൽ 1-ന്......

Sunday, 1 March 2015

നോവൽ.മരുഭൂമി.(35)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ...


തുടർന്നു വായിക്കുക...

വീണ്ടും  സീക്കു....


അവർ ജീപ്പിൽ നിന്നിറങ്ങിയതും ഞങ്ങൾ രണ്ടു പേരും അറിയാതെ എഴുന്നേറ്റുപോയി...!?
രണ്ടുപേർ ഞങ്ങൾക്കുനേരെ നടന്നടുത്തു.
വല്ലത്തൊരു വിറയൽ ഞങ്ങളെ പൊതിഞ്ഞു....
ഇതുവരെ കുടിച്ച വെള്ളമത്രയും എവിടെപ്പോയെന്നറിയില്ല...
തൊണ്ട വറ്റി വരണ്ടു....
അടുത്തെത്തിയ പോലീസ്സുകാർ ഞങ്ങളുടെ മുന്നിൽ വന്നു നിന്നു.
അവർ ഞങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
ഞങ്ങളുടെ വിറയൽ പരിധി കടന്നെങ്കിലും, കൈകൾ പരസ്പ്പരം കൂട്ടിപ്പിടിച്ചു നിന്നതിനാൽ ഉള്ള ധൈര്യം കൈവെടിയാതെ നേരെ നോക്കിത്തന്നെ നിന്നു വിറച്ചു.
“നിന്റെ പേരെന്താ...?”
എന്റെ നേരെയുള്ള ചോദ്യമായതുകൊണ്ട് ഞാൻ പേരു പറഞ്ഞു.
അതുകഴിഞ്ഞ് മൊയ്തു ആരും ചോദിക്കാതെ തന്നെ അവന്റെ പേരു പറഞ്ഞു.
“ഇക്കാമ എടുക്ക്..”
ഞങ്ങൾ ചാടിയെടുത്ത് കൊടുത്തു.
എന്റെ ഇക്കാമയുടെ നിറവ്യത്യാസം കണ്ട് രണ്ടു പേരും എന്നെ സൂക്ഷിച്ചൊന്നു നോക്കി.
പക്ഷെ, ഒന്നും ചോദിച്ചില്ല. മൊയ്തുവിനോട് ചോദിച്ചു.
“ഇവൻ നിന്റെ കൂട്ടുകാരനാ....?”
“അല്ല.. അതെ... അല്ല....!!”
“ങൂം...!!?”
“അതേ...!”
ഞങ്ങൾക്ക് രണ്ടു പേർക്കും വിസയുള്ളതുകൊണ്ടാകും കൂടുതൽ വിശേഷങ്ങളൊന്നും ചോദിച്ചില്ല. അറബിയെ വിളിക്കാൻ പറഞ്ഞു.

മൊയ്തു ഓടിച്ചെന്ന് അറബിയുടെ വാതിൽക്കൽ മെല്ല രണ്ടു തട്ടി. അവൻ അങ്ങനെയാ ഞങ്ങളോട് പറഞ്ഞേൽ‌പ്പിച്ചിരുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വാതിലിൽ പതുക്കെ തട്ടിയാൽ മതിയാവും. കുട്ടികൾ ഉറങ്ങുകയാവും, അവരെ ഉണർത്താണ്ടിരിക്കാനാണ്.

അധികം കഴിഞ്ഞില്ല അറബി ഉറക്കച്ചടവോടെ,
“പണി കഴിഞ്ഞോ...?”
എന്നു ചോദിച്ചു കൊണ്ടാണ് വാതിൽ തുറന്നത്.
മുന്നിൽ പോലീസ്സിനെ കണ്ട് അയാളൊന്നു ഞെട്ടി.
ഉടനെ ചിരിച്ചു കൊണ്ട് അവർക്ക് സ്വാഗതമോദി ഷേൿഹാന്റ് കൊടുത്തു. പിന്നെ അവർ തമ്മിൽ അറബിയിൽ സംസാരിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് അവർ പടിക്കലേക്ക് നീങ്ങി. ഞങ്ങളെ ഗൌനിച്ചതേയില്ല. അതോടെ ഞങ്ങളുടെ ശ്വാസം നേരെ വീണു...!

പോലീസ്സ്കാർ ജീപ്പിൽ കയറി പോയതോടെ അറബി ചിരിച്ചുകൊണ്ട് തിരിച്ചെത്തി.
“നിങ്ങൾ അവരെക്കണ്ടപ്പോൾ ഓടാതെ നിന്നതുകൊണ്ടാ രക്ഷപ്പെട്ടത്. ഇനി ഏതായാലും നിർത്തിക്കോ. ബാക്കി നാളെ ചെയ്താൽ മതി...”
അതുകേട്ട് ഞാൻ പറഞ്ഞു.
“അയ്യോടാ മൊയ്തു.. എനിക്ക് ഇന്നു പോണോല്ലോടാ...”
ഉടനെ മൊയ്തു അറബിയോട് പറഞ്ഞു.
“ഇനി കുറച്ചു പണികൂടിയല്ലേ ഉള്ളു. ഇപ്പോൾത്തന്നെ ചെയ്തിട്ട് പൊക്കോളാം.. ഇവന് നിൽക്കാൻ സമയമില്ല...”
“അതു പറ്റില്ല. എനിക്ക് കുഴപ്പമില്ല. പക്ഷേ, അവന്മാർ ഇനിയും വരും. അന്നേരം നിങ്ങളെ ഇവിടെ കാണരുതെന്നാ പറഞ്ഞിരിക്കുന്നേ.. അതുകൊണ്ട് നിങ്ങൾ പൊയ്ക്കോ..!”
കേട്ടതും ഞാൻ സാധനങ്ങളൊക്കെ ധൃതിയിൽ  ഒതുക്കി വക്കാൻ തുടങ്ങി.
മൊയ്തു അവനോട് മുഴുവൻ കാശും ചോദിച്ചു വാങ്ങി എന്റെ കയ്യിൽ തന്നു.
ഞാൻ ചോദിച്ചു.
“ബാക്കി പണി നീ ഒറ്റക്ക് ചെയ്യുമോ...?”
“അതു സാരമില്ലെടാ.. ഇനി രണ്ടു നിരയല്ലെ ഉള്ളു. അതു ഞാൻ തീർത്തോളാം...”
വീട്ടിൽ  വന്ന് കുളിച്ച്  കുറച്ചു നേരം കിടന്നുറങ്ങി.

മൊയ്തു എപ്പോഴോ എഴുന്നേറ്റ് പോയിരുന്നു.
അവന് കാലത്തെ തന്നെ ‘ആടുകൾ’ക്ക് വെള്ളവും മറ്റും കൊടുത്ത് തുറന്നു വിടണം.
അവന്റെ അറബി പത്ത് ആടുകളെ വാങ്ങിക്കൊടുത്തതായിരുന്നു.
ഇന്ന് അത് മുപ്പതോളം ആടുകളായി വളർന്നിരുന്നു.
ആടുകളുടെ പിറകേയൊന്നും പോകേണ്ട ആവശ്യമില്ല.
മേയലെല്ലാം കഴിഞ്ഞ് വൈകുന്നേരമാകുമ്പോൾ  അവയെല്ലാം തനിയെ വന്നോളും.
കാലത്തെ തന്നെ ആട്ടിൻ‌പാലിലാണ് ചായ തന്നത്.

പത്തു പണിക്ക്  ചായക്കു പകരം ആട്ടിൻ‌പാൽ തന്നെ മൊയ്തു നീട്ടി.
അതിൽ കുപ്പൂസ് നനച്ച് സ്വാദോടെ കഴിച്ചിരിക്കുമ്പോഴാണ് സീക്കുവിന്റെ കാര്യം എടുത്തിട്ടത്.
“അല്ല.. മൊയ്തു.. നമ്മുടെ സീക്കു എങ്ങനെ ഇപ്പോൾ...”? കാണാറുണ്ടോ...?”
“നീ അതറിഞ്ഞില്ലാല്ലേ.. അവൻ ഇവിടന്ന് പോയി...?!
നീ ആശുപത്രിയിൽ നിന്നും  പോയിക്കഴിഞ്ഞൊരു ദിവസം അവൻ വിശന്നു വലഞ്ഞ് ഇവിടെ കയറിവന്നു.  അന്നവൻ ഒരുപാട് കരഞ്ഞു. ഞാൻ ഉച്ചക്ക് ചോറൊക്കെ ഉണ്ടാക്കിക്കൊടുത്തു. നിങ്ങൾ അവനോട് മിണ്ടാറോ ഒന്നും ഇല്ലെങ്കിലും, നിങ്ങൾ തൊട്ടടുത്തുള്ളത് അവനൊരു ആശ്വാസമായിരുന്നു. അവസാനം നീ കൂടി പോയതോടെ അവനേതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിൽ, ശരിക്കും ഭ്രാന്തു പിടിച്ചതുപോലായി. കുപ്പൂസ് കഴിച്ച് എത്രനാളു കഴിയാനാ. അങ്ങനെയാണ് എന്റെ അടുത്തു വന്നത്. ഞാൻ പറഞ്ഞു. ‘നീ നിന്റെ കമ്പനിയിൽ പോയി പറയ്. ശമ്പളം തരാതെ ജോലി ചെയ്യാൻ പറ്റില്ലാന്ന്. അല്ലെങ്കിൽ മറ്റെവിടേക്കെങ്കിലും മാറ്റം തരാൻ പറയ്..’

ഒരു ദിവസം അവൻ പള്ളിയിലില്ലെന്ന് പോലീസ് മുഹമ്മദ് എന്നെക്കണ്ടപ്പോൾ പറഞ്ഞു. അങ്ങനെയാ അവൻ പോയിയെന്ന് ഞാൻ അറിഞ്ഞത്.
പിന്നൊരു ദിവസം മക്കയിൽ വച്ച് ഞാനവനെ കണ്ടു.
എന്നെക്കണ്ടതും കരഞ്ഞുകൊണ്ടോടി വന്നു.
അവന്റെ കമ്പനിയെ കണ്ടെത്താനായില്ലത്രെ.
അവരുടെ ഓഫീസ്സ് മറ്റെവിടേക്കൊ മാറ്റിയിരുന്നു.
ജീവിക്കാൻ നിവർത്തിയില്ലാതെ അവൻ കവലകളിൽ വഴിപോക്കരോട് കൈനീട്ടുകയാണ്. പോലീസ്സ്കാരുടെ മുന്നിൽ‌പ്പോലും ചെന്ന് യാജിക്കുമത്രെ...!
എങ്ങനെയെങ്കിലും അവര് പിടിച്ചോണ്ടു പോയി കേറ്റിവിടട്ടേന്ന് കരുതിയാ.
പക്ഷേ അവരു വിസയില്ലാത്തവരെ പിടിച്ചുകൊണ്ടു പോകുമെങ്കിലും ഇവനോട് തെണ്ടി നടക്കാതെ പോയി പണിയെടുത്ത് ജീവിക്കാൻ പറഞ്ഞ് ആട്ടിയോടിക്കുമത്രെ...!
രാത്രിയിൽ ഉറങ്ങാനായി ഏതോ പാലത്തിന്റെ അടിയിൽ പോയിക്കിടക്കും.
അതും ഈ പൊരിയണ ചൂടിൽ.
അന്ന് ഞാനവന് ഭക്ഷണം കഴിക്കാൻ പറഞ്ഞ് ഒരു റിയാൽ കൊടുത്തു പോന്നതാ.. പിന്നവനെ കണ്ടിട്ടില്ല...”

എനിക്ക് താടിക്കു കയ്യും കൊടുത്ത് നിർവ്വികാരനായി ഇരിക്കാനേ കഴിഞ്ഞുള്ളു.
മൊയ്തുവിനോടു പോലും ഒരു വാക്കു പറയാൻ കഴിഞ്ഞില്ല.
അപ്പോഴും മനസ്സിലോർത്തത്, ഇതെല്ലാം അവൻ അനുഭവിച്ചു തീർക്കാനുള്ളതാ...
അത്രയേറെ നിരപരാധികളായ പെൺകുട്ടികളുടെ ജീവിതം അവൻ തല്ലിക്കെടുത്തിയിട്ടുണ്ട്.
അതിൽ നിന്നും ഒളിച്ചോടി ഏതു പുണ്യഭൂമിയിൽ പോയാലും രക്ഷപ്പെടാനാവില്ല.

ഉച്ചക്ക് ഊണു കഴിഞ്ഞ് മൊയ്തുവിനോട് യാത്ര പറഞ്ഞ് കിട്ടിയ കാശുമായി ഓഫീസിലെത്തി. മനേജരോട് വിവരം പറഞ്ഞ് അപ്പോത്തന്നെ അവിടന്നിറങ്ങി.
രണ്ടു മാസം ഭക്ഷണം കഴിച്ച വകയിലുള്ള കാശ് കൊടുത്ത് കൂട്ടുകാരന്റെ കടം വീട്ടി.
ബാക്കിയുള്ള വണ്ടിക്കാശുമായി പിറ്റേ ദിവസം അതികാലത്ത് ജിദ്ദ ബസ് സ്റ്റാന്റിലെത്തി.
അവിടെ നിന്നും ആദ്യത്തെ വണ്ടിക്ക് റിയാദിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
അരമണിക്കൂറ് കഴിഞ്ഞ് ഒരു വണ്ടിയുണ്ട്.
അതിൽ കയറി ഏതാണ്ട് ആയിരം കിലോമീറ്റർ യാത്ര ചെയ്ത് റിയാദിലെത്തണം.
അവിടന്ന് വീണ്ടും അഞ്ഞൂറ് കിലോമീറ്റർ കൂടിപ്പോയാലെ ‘അൽ ഗസ്സീ’മിലെത്തൂ..
പോകുന്ന വഴിയിൽ യുദ്ധ സന്നാഹ സാഹചര്യം ഉള്ളതായി വഴികളിലെ പട്ടാള ക്യാമ്പുകളും ചീറിപ്പായുന്ന കവചിതവാഹനങ്ങളും സൂചന തന്നിരുന്നു.
അൽ ഗസ്സീം എന്ന സ്ഥലം സൌദിയുടെ വടക്കേഅറ്റത്തോടു ചേർന്നാണ് കിടക്കുന്നത്. ‘പടയേപ്പേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കൊളുത്തിപ്പട’ യെന്നു പറഞ്ഞതുപോലെ ഇവിടന്നു രക്ഷപ്പെടാനായി ചെന്നു കയറുന്നത് ‘സദ്ദാമിന്റെ’ വായിലേക്കാകുമോ...?!!
ഉള്ളൊന്നു കിടങ്ങാതിരുന്നില്ല.

അന്നു രാത്രി പത്തു മണിയോടടുത്ത് റിയാദിലിറങ്ങി.
അവിടന്ന് ‘അൽ ഗസ്സീമിലേക്ക്’ പോകുന്ന വണ്ടിയുടെ സമയം നോക്കി.
ഇനി കാലത്ത് അഞ്ചരക്കേയുള്ളു. അതുവരെ ഈ ബസ് സ്റ്റാന്റിൽ കഴിച്ചു കൂട്ടണം. നാട്ടിലേപ്പോലെ ഇവിടെ ഇരിക്കാൻ സമ്മതിക്കുമോന്ന് സംശയമുണ്ടായിരുന്നു.  എന്തായാലും എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി.
ഉച്ചക്കാണെങ്കിൽ ഒന്നും കഴിക്കാൻ ശ്രമിച്ചില്ല. പോക്കറ്റിന്റെ അളവിനെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളതു കൊണ്ട് പട്ടിണിയിരുന്നു.
പിന്നെ ബസ്സുകാരുടെ വക നല്ല തണുത്തവെള്ളം വേണ്ടുവോളം ഉണ്ടായിരുന്നല്ലൊ.
അതുകൊണ്ട് വയറൊട്ടിയില്ല.

നടന്നു നടന്ന് ഒരു മലയാളി ഹോട്ടൽ കണ്ടു പിടിച്ചു.
നമ്മുടെ ചോറ് കിട്ടുമെന്ന് കരുതിയാണ് കയറിയത്.
പക്ഷേ, പച്ചരിച്ചോറേ ഉണ്ടായിരുന്നുള്ളു.
ഒരു വക ഊണായിരുന്നു.
വയറു നിറഞ്ഞെങ്കിലും ആ കാശ് വെറുതെ കളഞ്ഞ- നേർച്ചയിട്ട തൃപ്തിയേ കിട്ടിയുള്ളു.
തിരിച്ചു ബസ് സ്റ്റാന്റിലെത്തി ഒരു ബഞ്ചിൽ ചാരിയിരുന്നു.
സുഡാനികളും പാക്കിസ്ഥാൻ‌കാരും  ഈജിപ്ത്കാരുമായി കുറച്ചുപേർ അവിടെവിടെയായി ഇരുപ്പുണ്ട്.

പാതിരയായപ്പോൾ ഒരു പോലീസ്സുകാരൻ വന്ന് തട്ടിവിളിച്ചു.
ഞാൻ പേടിച്ചു വിറച്ച്  തട്ടിപ്പിടഞ്ഞഴുന്നേറ്റു.
“എന്തിനാ നീ ഇരുന്നുറങ്ങുന്നേ... അവിടെ കിടന്നുറങ്ങിക്കോ...!”
അതും  പറഞ്ഞവൻ അതേ ബഞ്ചിന്റ മറ്റേ അറ്റത്ത് ഇരുന്നുറങ്ങിയിരുന്ന ഒരു സുഡാനിയെ വിളിച്ചെഴുന്നേൽ‌പ്പിച്ച് കാലിയായ മറ്റൊരു ബഞ്ചിലേക്ക് മാറ്റിയിരുത്തി.
എന്നിട്ടവൻ എന്റെ ബെഞ്ചിന്റെ മുകളിലെ ഫാൻ ഓണാക്കിത്തന്നിട്ട്
‘സുഖമായി കിടന്നുറങ്ങിക്കോള്ളാൻ’ അനുവാദവും തന്നു.
ഹോ.. ഞാനത്ഭുതം പൂണ്ടു...!
ഇങ്ങനത്തെ പോലീസ്സുകാരും സൌദിയിലുണ്ടോ...?

ബസ് സ്റ്റാന്റിൽ കിടന്നുറങ്ങുന്നത് പുത്തരിയൊന്നുമല്ലായിരുന്നു.
നാടകഭ്രാന്തും സിനിമാ ഭ്രാന്തുമായി നടന്നിരുന്ന കാലത്ത്, ആലുവ ടാസ് ഹാളിലെ നാടകം കഴിഞ്ഞും, പുത്തൻ സിനിമകൾ ആദ്യദിവസം തന്നെ കാണാനായി എറണാകുളത്ത്  സെക്കന്റ് ഷോ കഴിഞ്ഞും മറ്റും ബസ്സ് കിട്ടാതെ പലപ്രാവശ്യം ആലുവായിലും എറണാകുളത്തും ബസ് സ്റ്റാന്റുകളിൽ കിടന്നുറങ്ങി മൂട്ട കടിയും കൊതുകു കടിയും ധാരാളം കൊണ്ടിട്ടുണ്ട്..

കിടന്നു കൊണ്ടു തന്നെ ബെഞ്ചിന്റെ അടിയിലൊക്കെ വിശദമായി നോക്കി.
വല്ല മൂട്ടയോ മറ്റോ... ?
ഇല്ല. ഒന്നും കാണാൻ കഴിഞ്ഞില്ല.
വെളുക്കാറായപ്പോൾ ആ പോലീസ്സുകാരൻ തന്നെ വിളിച്ചെഴുന്നേൽ‌പ്പിച്ചു.
അഞ്ചു മണിക്ക് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചു.

ഉച്ച കഴിഞ്ഞ നേരത്താണ്  അൽ ഗസ്സീം ബസ് സ്റ്റാന്റിൽ എത്തുന്നത്.
അവിടന്ന് കമ്പനിയുടെ അൽ ഗസ്സീം ബ്രാഞ്ചിലേക്ക് ഫോൺ ചെയ്തു.
അരമണിക്കൂറിനുള്ളിൽ  എത്തുമെന്ന് അറിയിപ്പുകിട്ടി.
പറഞ്ഞതുപോലെ മാനേജർ തന്നെ എന്നെ കൂട്ടിക്കൊണ്ടു പോകാനെത്തി.
എനിക്കഭിമാനം തോന്നി...!
വല്ല ഡ്രൈവറേയും പറഞ്ഞയിക്കുന്നതിനു പകരം മാനേജർ തന്നെ നേരിട്ട് വന്നിരിക്കുന്നു.
മാനേജരും പിയൂണും ഡ്രൈവറും ക്ലാർക്കും എല്ലാം ആ ഈജിപ്ഷ്യൻ തന്നെയായിരുന്നെന്ന് പിന്നീടാണറിഞ്ഞത്.
അവനോട് എന്നെ ‘സച്ചി’യുടെ സൈറ്റിൽ എത്തിക്കണമെന്ന് അപേക്ഷിച്ചു.
കയ്യോടെ തന്നെ  അവൻ അവരുടെ സൈറ്റിൽ എത്തിച്ചു.
സച്ചിയെ കണ്ടതോടെ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു...!!
ഓടി വന്ന അവനെ ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞു.
അവനും.
കുറേ നേരത്തേക്ക് ഞങ്ങൾക്ക് ആ സന്തോഷക്കരച്ചിൽ നിറുത്താനായില്ല.

അവിടെ ചൂടിന് അൽ‌പ്പം ശമനമുണ്ടായിരുന്നു.
നേരിയ തണുപ്പും തോന്നിത്തുടങ്ങിയിരുന്നു.
ജനാലുകളും മറ്റും കറുത്ത പ്ലാസ്റ്റിക് ബാഗുകൊണ്ട്  മൂടപ്പെട്ടിരുന്നു.
ഒരു തുള്ളി വെളിച്ചമോ, ഒരിത്തിരി കാറ്റോ പോലും അകത്തു കടക്കാനാവാത്ത വിധം ബന്ധവസ്സിലായിരുന്നു അവരുടെ മുറി.
ഏസി പോലും പ്ലസ്റ്റിക് കവറിട്ട് അകവും പുറവും മൂടിക്കെട്ടിയിരുന്നു.
ഏതുനേരവും മുറിയിൽ ലൈറ്റ് ഇട്ടാലെ ഇരുട്ട് നീങ്ങിയിരുന്നുള്ളു.
രാത്രിയും  പകലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസ്സൈൻ പൊട്ടിക്കാൻ പോകുന്ന ‘രാസായുധ’ത്തിൽ നിന്നും രക്ഷപ്പെടാനായി അമേരിക്കന്റെ വാക്കു കേട്ട് ഇൻഡ്യൻ എംബസ്സിയുടെ നിർദ്ദേശപ്രകാരം ചെയ്ത മുൻ‌കരുതലായിരുന്നു ഇതൊക്കെ.

ഇവിടേക്ക് വരേണ്ടിയിരുന്നില്ലെന്ന് ഒരു നിമിഷം തോന്നി.
അവിടെ ജിദ്ദയിലായിരുന്നെങ്കിൽ സദ്ദാമിന്റെ രാസായുധം വഹിച്ച മിസ്സൈലൊന്നും അത്ര ദൂരത്തേക്ക് എത്തുമായിരുന്നില്ല.
ഈ കഷ്ടപ്പാടെല്ലാം സഹിച്ച് ഇവിടെയെത്തിയത് ഇതിനായിരുന്നോ..?
സദ്ദാമിന്റെ രാസായുധത്തിൽ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിക്കാനാണോ എന്റെ വിധി.....!!?

ബാക്കി മാർച്ച് 15-ന്......

Sunday, 15 February 2015

നോവൽ. മരുഭൂമി. (34)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു....


തുടർന്നു വായിക്കുക...

 മതങ്ങൾക്കുമുയിരേ...

എങ്കിലും പേപ്പർ കയ്യോടെ വാങ്ങി.
കൂടാതെ പാസ്പ്പോർട്ടും വാങ്ങി പോക്കറ്റിലിട്ടു.
വണ്ടിക്കാശ് തരാമെന്നു പറഞ്ഞതും വാങ്ങി പോക്കറ്റിലാക്കി.
രണ്ടു മൂന്നു ദിവസത്തെ സാവകാശവും ചോദിച്ചു വാങ്ങി.
മുറിയിലെത്തി ഭക്ഷണം കഴിച്ച്, അടുത്ത കൂട്ടുകാരനോട് മാത്രം രണ്ടു മൂന്നു ദിവസം ഇവിടെയുണ്ടാവില്ലെന്ന വിവരം പറഞ്ഞ് പുറത്തിറങ്ങി.
നേരെ എന്റെ പഴയ ലാവണത്തിലേക്ക് പുറപ്പെട്ടു.
അറബിയുടെ വീട്ടിൽ പണിയെടുക്കുന്ന മൊയ്തുവായിരുന്നു ലക്ഷ്യം...!?

ഒരു ടാക്സിയിൽ ജിദ്ദ-റിയാദ് ഹൈവേയിൽ വന്നു നിന്നു.
ഞാൻ ജോലി ചെയ്തിരുന്ന സെയ്മയിലേക്ക് ബസ് സർവീസുകളൊന്നും ഇല്ല.
മക്കയുടെ പുറത്തുകൂടിയേ പോകാനാവൂ. മക്ക ചുറ്റി വളഞ്ഞ് ഏതാണ്ട് മുന്നൂറ്റമ്പത് കിലോമീറ്ററെങ്കീലും സഞ്ചരിക്കണം. മക്കയ്ക്കകത്തു കൂടിയാണെങ്കിൽ ഏതാണ്ട് പതിനഞ്ച് കിലോമീറ്റർ മതി. അതുപക്ഷെ, മുസ്ലീങ്ങൾക്കു മാത്രമേ പ്രവേശനമുള്ളു.
ടാക്സിയിലാണെങ്കിൽ നല്ല കാശ് വേണ്ടി വരും.
പിന്നെയുള്ള ഒരേയൊരു വഴി ഏതെങ്കിലും കണ്ടൈനർ ട്രക്കിന് കൈ കാണിക്കുക.
ഏതെങ്കിലും പരിചയക്കാരോ, അല്ലെങ്കിൽ മലയാളികളൊ ആണെങ്കിൽ കയറ്റിക്കൊണ്ടു പോകും. ആ ഒരു പ്രതീക്ഷയിലാണ് ഞാൻ വരുന്ന ഓരോ ട്രക്കിനും കൈ കാണിക്കുന്നത്.

പെട്ടെന്ന് എന്നെക്കടന്ന് നിറുത്താതെ പോയ ഒരു ട്രക്ക് കുറച്ചകലെയായി നിറുത്തി.
ഞാനത് കണ്ടെങ്കിലും ഗൌനിച്ചില്ല. പിന്നാലെ വരുന്ന ട്രക്കുകൾക്കായി കൈ നീട്ടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആരോ പിറകിൽക്കൂടി വന്നെന്നെ കെട്ടിപ്പിച്ചിട്ട്
“ഭയ്യാജീ..”ന്നൊരു വിളി.
ഞെട്ടിപ്പോയ ഞാൻ ആജാനുബാഹുവായ ആ പാക്കിസ്ഥാനിയെ കണ്ട് ഒരു നിമിഷം തുറിച്ചു നോക്കി.  എന്റെ സംശയാസ്പദമായ നോട്ടം കണ്ടിട്ടാകണം അവൻ പിന്നേയും പറഞ്ഞു. “ഭയ്യാജിക്കെന്നെ മനസ്സിലായില്ലേ.. ഞാൻ.., ”
എന്നു പറയുമ്പോഴേക്കും അവനെ എനിക്ക് ഓർമ്മ വന്നു.
ഞാൻ പറഞ്ഞു.
“ ഹുസ്സൈൻ...?”
അവനെന്നെ കെട്ടിപ്പിടിക്കുകയും എടുത്തു പൊക്കുകയും മറ്റും ചെയ്ത് അവന്റെ സന്തോഷം പ്രകടിപ്പിച്ചു. ആനവായിലമ്പഴങ്ങാന്നു പറയുന്ന പോലെ, ഒരു പുഷ്പം പോലെയാണ് അവനെന്നെ എടുത്തു പൊക്കിയത്.
അതേ. ഹുസ്സൈൻ എന്നായിരുന്നു അവന്റെ പേര്.
പിന്നെ അവനോടൊപ്പം ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.
അല്ല, അവന്റെ നിർബ്ബന്ധത്തിനു വഴങ്ങി എനിക്കത് കഴിക്കേണ്ടി വന്നു.
കാരണം അവിടം വിട്ടാൽ‌പിന്നെ വലിയ പട്ടണങ്ങളൊന്നും ഇല്ല.
‘തായിഫി’ൽ ചെന്നാലെ നല്ല ഹോട്ടലുകളുള്ളു. അതുകൊണ്ട് അവന് ഭക്ഷണം കഴിക്കാതെ പോകാനാവില്ല.

എന്നെ പുറത്തു നിറുത്തി അവന് ഒറ്റയ്ക്കു പോയി കഴിക്കാനുമാവില്ല.
അതിന്റെ പിന്നിലൊരു കഥയുണ്ട്.
മതങ്ങളുടേയും രാജ്യങ്ങളുടെ സ്പർദ്ദയ്ക്കുമൊക്കെ അപ്പുറം മനുഷ്യസ്നേഹത്തിന്റെ,  നിഷ്ക്കളങ്ക മനസ്സുകളുടെ ഒരു കൂടിച്ചേരലിന്റെ കഥ.
ഒന്നൊന്നര വർഷം മുൻപാണെന്നു തോന്നുന്നു.
ഒരു സന്ധ്യാ സമയത്ത് ഒരു ട്രക്കു നിറയെ ഗോതമ്പുമായി ഞങ്ങളുടെ ആശുപത്രിപ്പടിക്കൽ  വണ്ടി നിറുത്തി ആടിയാടിയാണ് അവൻ ഗേറ്റിലെ ബംഗ്ലാദേശികളുടെ മുറിയിൽ തട്ടിവിളിച്ചത്. വാതിൽ തുറന്നപ്പോൾ പാക്കിസ്ഥാനിയാണെന്നു കണ്ട് അവർ ഗൌനിച്ചില്ല.
പാക്കിസ്ഥാനികളെ ആ ബംഗ്ലാദേശികൾക്ക് ഇഷ്ടമല്ലായിരുന്നു.
ബംഗ്ലാദേശിന്റെ വിമോചനകാലത്ത് ബംഗ്ലാദേശിപ്പെണ്ണുങ്ങളെ പാക്കിസ്ഥാനിലേക്ക് പിടിച്ചു കൊണ്ടു പോകുകയും മറ്റുള്ളവരെ മുഴുവൻ  വ്യഭിചരിച്ച് നശിപ്പിച്ചവരാണ് പാക്കിസ്താനികളെന്നാണ് അവരുടെ വിശ്വസം...!

ഗേറ്റ് തുറന്നിട്ടിരുന്നതു കൊണ്ട് അയാൾ നേരെ ഞങ്ങളുടെ വാതിലിൽ വന്നു മുട്ടി.
അയാൾക്ക് നല്ല വിറയൽ പനി ഉണ്ടായിരുന്നു.
രണ്ടു ദിവസമായി പനിപിടിച്ചിട്ട്.
എവിടെയോ ഇറങ്ങി ഒരു ഡോക്ടറെ കണ്ടിരുന്നു.
അവർ മരുന്നൊന്നും കൊടുത്തില്ല.
മരുന്നിനുള്ള ചീട്ടുമായി മരുന്നുകടയിൽ ചെന്നെങ്കിലും അത് വാങ്ങാനുള്ള പണം അയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല.
ആ ചീട്ടുമായിട്ടാണ് ഞങ്ങളുടെ മുറിയിൽ വരുന്നത്.

അവശത കണ്ട് ആദ്യം ഒരു ചായ ഉണ്ടാക്കിക്കൊടുത്തു.
ഒരു ബെഡ് നിലത്തിട്ട് അതിലയാൾ കിടന്നു.
നിൽക്കാനോ ഇരിക്കാനോ ഉള്ള ശേഷി അയാൾക്കില്ലായിരുന്നു.
നേരെ നിൽക്കാൻ കഴിയാത്തത്ര അവശത.
ഞങ്ങൾ ആ ചീട്ടുമായി അസ്സർബായിയെ ചെന്നു കണ്ട് വിവരം പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞതു കൊണ്ട് ഡോക്ടറെ ഒന്നു കാണുന്നത് നന്നായിരിക്കുമെന്ന് അസ്സർബായി പറഞ്ഞു. അയാളെ താങ്ങിപ്പിടിച്ച് ആശുപത്രിയിലെത്തിച്ചു.

അസ്സർബായിയുടെ പിൻബലത്തിൽ ഡോക്ടർ പരിശോധിച്ച് മരുന്നു കുറിച്ചു.
ഇഞ്ചക്‌ഷൻ എടുത്തു. തൽക്കാലം ഡ്രൈവ് ചെയ്യാൻ പാടില്ലെന്ന് ഉപദേശിച്ചു.
അന്ന് ഞങ്ങളോടൊപ്പം കഴിഞ്ഞു.
ഞങ്ങൾ കഞ്ഞിയുണ്ടാക്കി അയാളെക്കൊണ്ടു കഴിപ്പിച്ചു.
കട്ടിലിൽ കിടക്കാനയാൾ സമ്മതിച്ചില്ല.
നിലത്തിട്ട ബെഡ്ഡിൽ കിടന്നയാൾ സുഖമായിട്ടുറങ്ങി.
പിറ്റേന്ന് ഉച്ചയായപ്പോഴേക്കും അയാൾ ഉന്മേഷവാനായി കാണപ്പെട്ടു.
ഉച്ചക്കുള്ള ഭക്ഷണം അസ്സർബായിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നു.
സ്വന്തം നാട്ടിലെ ഭക്ഷണം, അതും ഒരു നേരത്തെയാണെങ്കിൽ പോലും അയാൾക്ക് മൃതസജ്ജീവനി ആയിരുന്നു.

പിന്നീടയാൾ അതിലെ പോകുമ്പോഴെല്ലാം കുറേ പഴവർഗ്ഗങ്ങളുമായി കയറി വരും.
പലപ്പോഴും അബ്ദുവും സച്ചിയും അയാളോടൊപ്പം ജിദ്ദയിൽ കറങ്ങാൻ പോകുമായിരുന്നു.
പിന്നീട് കുറേക്കാലത്തേക്ക് അയാളുടെ വരവുണ്ടായിരുന്നില്ല.
പിന്നീടിപ്പോഴാണ് ഞങ്ങൾ തമ്മിൽ കാണുന്നത്.
ഞങ്ങൾ മൂന്നു പേരും മൂന്നു വഴിക്ക് പിരിഞ്ഞു പോയത് അയാളെ വല്ലാതെ ദുഃഖിപ്പിച്ചു.
അന്ന് ഞങ്ങളുടെ മുറിയിൽ വന്നതും മരുന്നു വാങ്ങിച്ചു കൊടുത്തതും ശുശ്രൂഷിച്ചതും മറ്റും അയാൾക്ക് എടുത്തെടുത്ത് പറയാനുണ്ടായിരുന്നു. വണ്ടിയിലിരിക്കുമ്പോൾ അയാൾക്ക് അത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു. മലബാറികൾ നല്ലവരാണെന്നു കേട്ടിട്ടുണ്ടെങ്കിലും, ഇത്രക്ക് താൻ പ്രതീക്ഷിച്ചില്ലത്രെ...!!

ഇപ്പോൾ അയാൾ റിയാദിലേക്കാണ് പോകുന്നത്.
തിരിച്ചു വന്നാൾ അടുത്തത് ‘അൽഗസ്സീമി’ലേക്കാണ്.
എതായാലും ഒരാഴ്ച പിടിക്കും.
അതുവരെ  കാത്തിരിക്കാമെങ്കിൽ  എന്റെ കൂട്ടുകാരുടെ അടുത്ത് എത്തിക്കാമെന്ന്  അയാൾ ഏറ്റു. പക്ഷേ, അത്രയും ദിവസം കാത്തിരിക്കാനാവില്ല.
ഞാനത് സന്തോഷപൂർവ്വം നിരസിച്ചു.

ഏഴു മണി കഴിഞ്ഞ നേരത്ത് എന്നെ അവൻ അശുപത്രിപ്പടിക്കൽ ഇറക്കി.
ആശുപത്രി അടയ്ക്കാൻ തുടങ്ങുന്നതേയുള്ളു.
എന്നേക്കണ്ടതും അസ്സർബായി ഓടിവന്ന് കെട്ടിപ്പിടിച്ചു.
മാനേജർ ഉമ്മർ നേരത്തെ പോയിക്കഴിഞ്ഞിരുന്നു.
ഫിലിപ്പൈനി നഴ്സ് മെറിലിനും ഓടി വന്നു.

[ഫാർമ്മസിയ്ക്കകത്തായതുകൊണ്ടും, മറ്റാരും കാണാനില്ലാതിരുന്നതു കൊണ്ടും മെറിലിൻ ഓടി വന്ന് കെട്ടിപ്പിടിച്ചതും കവിളിലൊരുമ്മ തന്നതും അസ്സർബായി ഒരു കള്ളച്ചിരിയോടെ കണ്ണടച്ചതും സൌദിയിലായതുകൊണ്ടു മാത്രം ആ അത്ഭുതപ്രവർത്തി ആരോടും പറയാതെ ഞാനൊളിച്ചു വക്കുന്നു.  ചാട്ടവാറടി അത്രയേറെ ഭയാനകം.]
കുറച്ചുനാൾ കാണാതിരുന്നപ്പോഴേക്കും അവളുടെ സ്നേഹം എത്ര തീവ്രമായിരുന്നെന്നു ഞാൻ തിരിച്ചറിയുന്നു.

സച്ചി രണ്ടാഴ്ച മുൻപ് അസ്സർബായിയെ വിളിച്ചിരുന്ന കാര്യം പറഞ്ഞു.
അവനെ തിരിച്ചു വിളിക്കാനുള്ള നമ്പർ തരികയും ചെയ്തു.
അൽഗസ്സീമിൽ ഏതോ മരുന്നു ഗോഡൌണിലാണത്രെ ജോലി ചെയ്യുന്നത്.
സച്ചിയുടെ നമ്പർ കിട്ടിയത് ഭാഗ്യമായി.
ഞാനും അങ്ങോട്ടാണല്ലൊ പോകുന്നത്.
അസ്സർബായി തന്നെ എന്റെ കൂട്ടുകാരൻ മൊയ്തുവിനെ ഫോണിൽ വിളിച്ച് ഞാൻ വരുന്ന കാര്യം പറഞ്ഞു. അസ്സർബായിയുടെ കാറിൽ എന്നെ അവിടെ എത്തിക്കുകയും ചെയ്തു.

വിവരങ്ങളെല്ലാം മൊയ്തുവിനെ ധരിപ്പിച്ചു.
ശമ്പളസമയമല്ലാത്തതു കൊണ്ട് അവന്റെ കയ്യിൽ കാശുണ്ടായിരുന്നില്ല.
മറ്റു മലയാളികളൊന്നും ഇല്ലാതിരുന്നതുകൊണ്ട് കടം കിട്ടാനുള്ള ഒരു വഴിയും മുന്നിൽ തെളിഞ്ഞില്ല.
എന്നിട്ടും “നീ വിഷമിക്കാതെ . നമ്മൾക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം. ഏതായാലും നേരം വെളുക്കട്ടെ..” എന്നു പറഞ്ഞ് ആശ്വസിപ്പിച്ചാണ് എന്നെയവൻ ഉറക്കിയത്.
പിറ്റേന്നും പലവഴി നോക്കിയിട്ടും പണം വരാനുള്ള ഒരു വഴിയും തുറന്നു കിട്ടിയില്ല.
വൈകുന്നേരം മൊയ്തു പറഞ്ഞു.
“നീയിവിടെ ഇരിക്ക്. ഞാനൊന്നു കറങ്ങിയിട്ടു വരാം. ..”

ഞാൻ ഒറ്റയ്ക്കായപ്പോൾ ചിന്തകൾ ഒരു കാടുകയറ്റത്തിനു തെയ്യാറായി.
മാനേജർ ഉമ്മർ പറഞ്ഞതുപോലെ, അവന്റെ കടയിൽ ജോലി ചെയ്യാൻ കയറിയാലൊ...?
ഇപ്പൊൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും ചാടേണ്ടി വരും...!?
പിന്നെ നിയമവിരുദ്ധ തൊഴിലാളിയായി മാറേണ്ടി വരും.
പിന്നെ പോലീസ്സിനെ പേടിക്കണം.
നാട്ടിൽ പോകാനും കഴിയില്ല.
വേണ്ട .. അതൊന്നും വേണ്ട...
മനസ്സ് ഒരിടത്തും ഉറച്ചു നിന്നില്ല. ഉറച്ചൊരു തീരുമാനം എടുക്കാനും കഴിയുന്നില്ല.

കുറച്ചു കഴിഞ്ഞ് മൊയ്തു തിരിച്ചെത്തി.
അവന്റെ മുഖത്തെ സന്തോഷം കണ്ട് എന്റെ മുഖവും പ്രസന്നമായി.
“എടാ... നീ ഇന്നു മുതൽ ആശേരിയാണ്. അതായത് ‘കല്ലാശേരി’...!?”
“കല്ലാശേരിയോ... അതെന്തിന്...?”
“ഇവിടെ അടുത്ത് ഒരു അറബിക്ക് അവന്റെ വീടിനു ചുറ്റും  മതിലു കെട്ടണം.
എന്നോട് പറഞ്ഞിട്ട് കുറേക്കാലമായി. ഒറ്റക്കായതു കൊണ്ട് ഞാൻ മടിച്ചു നിന്നതാ.
ഇപ്പോൾ ഞാൻ ചെന്നു ചോദിച്ചപ്പോൾ  അവൻ സമ്മതിച്ചു. ...”
“അതിന് നിനക്ക്  ആശേരിപ്പണി അറിയാമോ..?”
“ അതിനല്ലേ നീ..!!”
“ഞാനോ...?”
“ങാ... എന്റെ കൂട്ടുകാരൻ ഒരു ആശേരി വന്നിട്ടുണ്ടെന്നും, അവൻ പോകുന്നതിനു മുൻപ് മതിലു കെട്ടാമെന്നും പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു...!!”
“എടാ പഹയാ.. അതിനെനിക്ക് ആശേരിപ്പണി അറിയില്ലാല്ലൊ...”
“ എടാ അതെനിക്കും അറിയൂല്ലാ...!  എന്നാലും നമുക്ക് കെട്ടാം. ഒരുപാടു പൊക്കത്തിലൊന്നും വേണ്ടല്ലൊ.. കൂടിവന്നാ ആറോ ഏഴോ കട്ടപ്പൊക്കം മതീടാ...”
“എടാ.. അതെങ്ങാനും ഇടിഞ്ഞുവീണാൽ, ഇവനെവിടത്തെ ആശേരിയാന്നു ചോദിക്കില്ലേ...?” “അതൊന്നും ഇടിഞ്ഞു വീഴത്തില്ല. അതൊക്കെ ഞാൻ പറഞ്ഞു തരാം. നിനക്ക് കണ്ടു പരിചയമില്ലേ...?”
“അതൊണ്ട്... എന്റെ കൂട്ടുകാരൊക്കെ പണിയുന്നത് കണ്ടിട്ടുണ്ട്...”
“അതുമതി... ആ എക്സ്പ്പീരിയൻസ് മതി...!!
അപ്പോൾ നീയാശേരി. ഞാൻ സിമന്റു കുഴച്ചു തരുന്ന മെയ്ക്കാട്ടുപണിക്കാരൻ....!”
“എടാ... എന്നാലും... അത് ചതിയല്ലേടാ...?”
“നിനക്ക് പോകാൻ പണം വേണ്ടേ... ?”
“വേണം..”
“എങ്കിൽ ഇനിയൊന്നും മിണ്ടണ്ട... നീയാശേരി....!!”
പിന്നൊന്നും മിണ്ടാനായില്ല.
എനിക്ക് ഇവിടന്ന് പോയേ തീരൂ...
“ശരി.. ഞാനാശേരിയെങ്കിൽ ആശേരി...!!”

മൊയ്തുവിന്റെ കയ്യിൽ എവിടെന്നോ സംഘടിപ്പിച്ച കട്ടയും നൂലും, കൊലശേരി, ചട്ടി മുതലായവയൊക്കെ ഉണ്ടായിരുന്നു. ‘കട്ടയും നൂലും’ ഉപയോഗിക്കേണ്ട വിധം മൊയ്തു കണിച്ചു തന്നു. ആ വീടിന്റെ  ഭിത്തിയുടെ കട്ട കെട്ടിയിരിക്കുന്നതിന്റെ എഞ്ചിനീയറിംഗ് ഞങ്ങൾ കൂലംങ്കഷം പരിശോധിച്ചു. മൂലയും മറ്റും കെട്ടുന്നത് എങ്ങനെയെന്നു മനസ്സിലാക്കിവച്ചു.

അന്നു രാത്രിയിൽ തന്നെ ഞങ്ങൾ ആ വീട്ടിലെത്തി.
പകൽ പൊരിയണ ചൂടായതുകൊണ്ടും അറബിക്ക് പകൽ ജോലിക്കു പോകേണ്ടതു കൊണ്ടും രാത്രിയിലാണു നല്ലതെന്നു അറബിയാണ് പറഞ്ഞത്. വീടിന്റെ മുൻ‌വശത്താണ് മതിൽ കെട്ടേണ്ടത്. ഒരു ചെറിയ ഏരിയായേ ഉള്ളു. കട്ടയും സിമന്റുമൊക്കെ  നേരത്തെ ഇറക്കിവച്ചിരുന്നു.

ഞാൻ സകലദൈവങ്ങളേയും (ഇവിടേക്ക് പ്രവേശനമില്ലെങ്കിലും) വിളിച്ച് സിമന്റ് തേച്ച് ആദ്യ കട്ട പ്രതിഷ്ഠിച്ചു.
പിന്നെ അങ്ങേ മൂലയിലെ കല്ല് സ്ഥാപിച്ചു.
രണ്ടും തമ്മിൽ ചരട് വലിച്ച് കെട്ടി.
മൊയ്തു സിമന്റ് കുഴച്ചത് കൊണ്ടു വന്ന്  ചരടിനോട് ചേർന്ന് താഴെ തറയിൽ തേച്ചു പിടിപ്പിച്ചു.
ഞാൻ സിമന്റിഷ്ടിക ചരടിനോട് ചേർന്ന് നിരത്തി വച്ചു. പിന്നെ  ഗ്യാപ്പുകളിൽ സിമന്റ് പൂശി.
ഓരോ ലേയറായിട്ടാണ് പണി പുരോഗമിക്കുന്നത്.
ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്  മലയാളത്തിലായതോണ്ട് അറബിക്കൊന്നും പിടി കിട്ടിയില്ല.
ഇടയ്ക്കിടക്ക് അറബിയുടെ ഭാര്യ കട്ടൻ ചായയും  ബിസ്ക്കറ്റുമൊക്കെയായി വരും.
കുട്ടികളും അതിനകത്ത് ഓടിക്കളിക്കുന്നുണ്ട്.

സമയം പോകുന്തോറും പണി പുരോഗമിച്ചു കൊണ്ടിരുന്നു.
അറബിയുടെ ഭാര്യയും മക്കളും പോയിക്കിടന്നുറങ്ങി.
ഒരു ഫ്ലാസ്ക്കിൽ നിറയെ കട്ടൻചായയും തിളപ്പിച്ച് തന്നിട്ട് അറബിയും ഉറങ്ങാനായി അകത്തേക്ക് പോയി വാതിലടച്ചു.
നേരം ഏതാണ്ട് രണ്ടു മണി കഴിഞ്ഞു കാണും.
രണ്ടു വശം തീർത്ത് മൂന്നാമത്തെ വശം അവസാനത്തോട് അടുത്തു കൊണ്ടിരുന്ന സമയം.
രണ്ടു നിരകൂടി കഴിഞ്ഞാൽ തീരും.

അങ്ങകലേ നീലാകാശം വെള്ള പൂശാനുള്ള ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നു.
വെളുപ്പാൻ കാലമായതു കൊണ്ടാകും ചൂടുകാറ്റിനു പകരം നേരിയ തണുപ്പുകാറ്റ് വീശാൻ തുടങ്ങിയിരുന്നു.
വിശ്രമമില്ലാത്ത പണിയായിരുന്നു അതുവരേക്കും.
വിശ്രമിക്കാനായി മുറ്റത്ത് വിരിച്ചിട്ടിരുന്ന കാർപ്പറ്റിൽ ഇരുന്നു.
അതൊരു സുഖമുള്ള ഇരിപ്പല്ലെന്നു തോന്നി ഞാൻ നീണ്ടു നിവർന്നു കിടന്നു.
അപ്പോൾ നല്ല സുഖം തോന്നി.
കണ്ണുകൾ താനേയടഞ്ഞു...

പെട്ടെന്നൊരു ഇരമ്പൽ കേട്ട് തല പൊക്കിയതും എവിടെന്നോ ഒരു പോലീസ്സ് വണ്ടി വന്ന് വാതിൽക്കൽ നിന്നു...!
ഏതെങ്കിലും മൂലയിലേക്ക് ഓടി ഒളിക്കാനുള്ള സാവകാശം പോലും കിട്ടിയില്ല...!
ഞങ്ങൾ രണ്ടു പേരും പരസ്പ്പരം നോക്കി...!
ഒരു ഭീതി ഞങ്ങളെ പൊതിഞ്ഞു...!
ഒന്നാമത് അസമയത്തുള്ള പണി..
രണ്ടാമത്, ഞങ്ങൾ രണ്ടു പേരും വിസയിൽ പറഞ്ഞ പണിയല്ല ചെയ്യുന്നത്....
മൂന്നാമത്, ഇത് ഞങ്ങളുടെ അർബാബിന്റെ പണിയുമല്ല....
പേടിച്ചു വിറയ്ക്കാൻ ഇതു തന്നെ ധാരാളം..
ഓടി രക്ഷപ്പെടാനാണെങ്കിൽ ഞങ്ങൾ തന്നെ കെട്ടിപ്പൊക്കിയത്, ഒരു വന്മതിൽ കണക്കെ ഞങ്ങൾക്കു മുന്നിൽ...!
പെട്ടെന്ന് തന്നെ മൊയ്തു അവരെ തിരിച്ചറിഞ്ഞു.
മക്കയിൽ നിന്നുമുള്ള  രഹസ്യപ്പോലീസ്സ് വിഭാഗത്തിൽ‌പ്പെട്ടവരാണ് വന്നിരിക്കുന്നത്. ഗ്രാമങ്ങളൊക്കെ അസമയത്ത് ചുറ്റിക്കറങ്ങി പരിശോധിക്കുന്നത് അവരുടെ പതിവാണ്.
ഇവിടത്തെ അമാറയിലെ പോലീസ്സുകാരായിരുന്നെങ്കിൽ പരിചയമുള്ളവരായിരുന്നു.
പക്ഷേ, ഇവർ...?
അവർ ജീപ്പിൽ നിന്നിറങ്ങിയതും ഞങ്ങൾ രണ്ടു പേരും അറിയാതെ എഴുന്നേറ്റുപോയി...!?
രണ്ടുപേർ ഞങ്ങൾക്കുനേരെ നടന്നടുത്തു.
വല്ലത്തൊരു വിറയൽ ഞങ്ങളെ പൊതിഞ്ഞു....
ഇതുവരെ കുടിച്ച വെള്ളമത്രയും എവിടെപ്പോയെന്നറിയില്ല...
തൊണ്ട വറ്റി വരണ്ടു....

ബാക്കി മാർച്ച് 1-ന്......