Friday, 18 December 2009

സ്വപ്നഭുമിയിലേക്ക്..... ( 10 )

കഴിഞ്ഞ ഭാഗാന്ത്യം.....

സുനിൽ കേറിപ്പോയതിന്റെ പിറ്റെ ദിവസം ഞാനെന്റെ കടയിലിരിക്കുമ്പോൾ ആക്ടിംഗ് മാനേജർ ഈജിപ്ഷ്യനോടൊപ്പം സുന്ദരിയായ ഒരു മദാമ്മയും കയറി വന്നു. അതിനു മുൻപും അവളിവിടെ വന്നിട്ടുള്ളതാണ്. ഈജിപ്ഷ്യൻ പറഞ്ഞു
“ഇന്നു വൈകുന്നേരം ഇവളോടൊപ്പം പോയി, അന്ന് അവളുടെ സ്ഥാപനത്തിൽ കൊണ്ടു പോയിക്കൊടുത്ത സാധനങ്ങളെല്ലാം അഴിച്ചെടുത്തു കൊണ്ടു പോരണം.. അവളിതുവരെ പണമൊന്നും തന്നിട്ടില്ല. നമ്മളത് തിരിച്ചെടുക്കാണ്. കൂടെ നിന്നെ സഹായിക്കാൻ പുറത്തു നിന്നും
ജോലിക്കാരുണ്ടാകും...”
ഞാൻ തലയാട്ടി. പക്ഷെ, ഈജിപ്ഷ്യനും മദാമ്മയും കൂടി നടത്തിയ ഒരു നാടകമായിരുന്നു അതെന്നു മനസ്സിലാക്കാൻ അപ്പോഴെനിക്കായില്ല...!!?
അതെനിക്കു സമ്മാനിച്ചതോ ഭീതിതമായ ഉറക്കമില്ലാത്ത ഒരു രാത്രിയും...?!!

തുടർന്നു വായിക്കുക.....

ഉരുട്ടൽ

അന്നു വൈകുന്നേരം ഒരു ലോറിയും നാലു പാക്കിസ്ഥാനി ജോലിക്കാരുമായി മദാമ്മ കടയിൽ വന്നു. ഈജിപ്ഷ്യനും അന്ന് കടയിൽ ഉണ്ടായിരുന്നു. ഞങ്ങൾ കടയുടെ പിറകിൽ വല്ലിപ്പന്റെ കടയുടെ തൊട്ടടുത്തുള്ള രണ്ടു മുറിക്കട സ്റ്റോറിന്റെ ആവശ്യത്തിനായി എടുത്തിരുന്നു. ഞാൻ അതിനകത്ത് സാധനങ്ങൾ അടുക്കി വക്കുമ്പോഴാണ് അവരുടെ വരവ്. ഇതു അടുക്കിപ്പറുക്കി വക്കാൻ ഞാൻ ഒരാളെ  കൊണ്ടുത്തരാമെന്നു പറഞ്ഞ് മദാമ്മ തന്റെ വണ്ടിയിൽ തിരിച്ചു പോയി.

അരമണിക്കൂറിനുള്ളിൽ മദാമ്മ ഒരു ബം‌ഗ്ലാദേശിയേയും കൊണ്ട് തിരിച്ചു വന്നു. അവനെ ആ ജോലിയെല്ലാം ഏൽ‌പ്പിച്ചിട്ട് ബാക്കിയുള്ള സാധനങ്ങളുമായി വരാമെന്നു പറഞ്ഞ് എന്നേയും കൂട്ടി അവളുടെ സ്ഥാപനത്തിലേക്ക് പുറപ്പെട്ടു.

അതൊരു രണ്ടു നിലയുള്ള വലിയൊരു വീടായിരുന്നു. പുറമെ നിന്നു കാണുന്നതിനേക്കാൾ ഉള്ളിൽ
അവൾ വരുത്തിയ മാറ്റങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. ആദ്യം ഞാൻ വരുമ്പോഴുള്ളതിനേക്കാൾ ഒരുപാടു മാറ്റങ്ങൾ...

ഏതാണ്ട് ആറു മാസം മുൻപാണ് ഞാനിവിടെ വന്നിട്ടുള്ളത്.. മദാമ്മ ഞങ്ങളുടെ ദുബായിലെ കടയിൽ നിന്നും നേരിട്ടെടുത്ത കുറേ സാധനങ്ങളായിരുന്നു ഞങ്ങളുടേതായി ഉണ്ടായിരുന്നത്. നാലു വശവും നോക്കിക്കൊണ്ട് വാതിൽ തുറന്ന് അകത്തു കടന്ന മദാമ്മ വല്ലാതെ ഭയക്കുന്നതായി തോന്നിയിരുന്നു.

വളരെ പെട്ടെന്ന് എല്ലാം അഴിച്ചെടുക്കാൻ പറഞ്ഞു. ഞാൻ ഞങ്ങളുടെ സാധനങ്ങൾ അഴിച്ചെടുക്കാൻ തുടങ്ങി. അഴിച്ചെടുത്ത സാധനങ്ങൾ അപ്പപ്പോൾ ജോലിക്കാർ എടുത്തുകൊണ്ടുപോയി ലോറിയിൽ കയറ്റി.

ചുമരിൽ ഉറപ്പിച്ചതും നിലത്തുറപ്പിച്ചതുമായ സാമഗ്രികൾ ഉണ്ടായിരുന്നു. ഞാൻ ഓരോന്ന് അഴിച്ചു കൊടുത്തു. ഇതിനിടക്ക് ഉറപ്പിക്കാത്ത സാധനങ്ങൾ ജോലിക്കാർ ധൃതിയിൽ കൊണ്ടുപോയി ലോറിയിൽ കയറ്റി. മദാമ്മയുടെ റോഡിലേക്ക് നോക്കിയുള്ള അക്ഷമയോടെയുള്ള നിൽ‌പ്പും ജോലിക്കാരുടെ ധൃതി പിടിച്ചുള്ള ജോലിയും കണ്ടപ്പോൾ എനിക്കെന്തൊ ഒരു പന്തിയില്ലായ്മ തോന്നി...?

മദാമ്മ ആരെയാണ് നോക്കി നിൽക്കുന്നതെന്നറിയാൻ ഞാൻ പിറകിൽ കൂടിച്ചെന്ന് മുൻപിലെ റോഡിലേക്ക് നോക്കി. അവിടെ ആരേയും കണ്ടില്ല. വല്ലപ്പോഴും മാത്രം വാഹനങ്ങൾ ഓടുന്ന വഴിയാണത്. അതിനാൽ വാഹനങ്ങളും കണ്ടില്ല. എന്റെ ഒളിഞ്ഞു നോട്ടം കണ്ട മദാമ്മ
“ ഹേയ് സമയം കളയല്ലെ.. ബാക്കിയുള്ളതും കൂടി വേഗം അഴിക്ക്...”

വല്ലാതെ പരിഭ്രമിച്ചിരിക്കുന്നു മദാമ്മ. എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ഞാനും സന്ദർഭത്തിനുയർന്നു. പിന്നെ വളരെ പെട്ടെന്നായിരുന്നു. നാലു സ്ക്രു കൊണ്ട് ഉറപ്പിച്ചിരുന്ന ഒരു ഉപകരണം നാലാമത്തെ സ്ക്രു ഊരുന്നതിനു മുൻപു തന്നെ പാക്കിസ്ഥാനി ജോലിക്കാർ അത് പിടിച്ച് വലിച്ച് പറിച്ചെടുത്തും കൊണ്ട് ഓടുന്നു. എന്തൊ ഗുരുതരമായ കുഴപ്പമാണ് ഉണ്ടാകാൻ
പോകുന്നതെന്ന് എനിക്കു തൊന്നി....!!?
അകരണമായ ഒരു ഭയം എന്നെ പിടിമുറുക്കി.
എന്തോ അപകടം ഞാൻ മണത്തു. അതോടെ ഞാൻ നന്നായി വിറക്കാനും തുടങ്ങി. പിന്നെ ഒരു സ്ക്രൂവും നേരെ ചൊവ്വെ അഴിച്ചെടുക്കാനായില്ല. അതൊന്നും നേരെ ചൊവ്വെ അഴിക്കേണ്ടിയും
വന്നില്ല. ഞാൻ പകുതി അഴിച്ചാൽ മതി ബാക്കി ജോലിക്കാർ ചെയ്തോളും..
പെട്ടെന്നാണ് മദാമ്മയുടെ ആക്രോശം.
“ മതി നിറുത്തിക്കൊ.. അതെല്ലാം എടുത്തൊണ്ട് വേഗം വണ്ടിയിൽ കേറിക്കൊ.....”

ഇതു കേട്ടതും കയ്യിൽ കിട്ടിയതുമായി ഞങ്ങൾ വന്ന വഴിയെ ഓടി....
ഞാൻ കൊണ്ടു വന്ന പണിയായുധങ്ങൾ പലതും പലയിടത്തായി കിടക്കുകയായിരുന്നു. അതൊന്നും ആ ഓട്ടത്തിനിടക്ക് എടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ മദാമ്മ തടഞ്ഞു
” ഇതിലേ പോകണ്ട... പിറകിലേ വാതിൽ വഴി പുറത്തു കടന്ന് വണ്ടിയിൽ കേറിക്കൊ...”

എന്നും പറഞ്ഞ് മദാമ്മ നേരെ മുൻ‌വശത്തെ വാതിലിനടുത്തെക്ക് ഓടി. ഞങ്ങൾ ഓടി പിറകിലെ വാതിലും ഗേറ്റും തുറന്ന് പുറത്ത് കടന്ന് മുൻ‌വശത്തിട്ടിരുന്ന ലോറിയിൽ കയറി. ലോറി മുന്നോട്ടെടുത്തതും ഗേറ്റിനു മുൻപിൽ ഞങ്ങളുടെ ലോറി പോകാതിരിക്കാനയി വഴി തടഞ്ഞു കൊണ്ട് ആജാനുബാഹുവായ ഒരു അറബിയും നിൽ‌പ്പൂണ്ടായിരുന്നു. ലോറിയുടെ ഡ്രൈവർ അതവഗണിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു. അപ്പോൾ അറബി ഉറക്കെ വിളിച്ചു പറഞ്ഞു .
“ വണ്ടിയെടുത്താൽ നിങ്ങളെയെല്ലാം ഞാൻ പോലീസിനെക്കൊണ്ട് പിടിപ്പിക്കും....”

ശ്വാസം നിലച്ചു പോയ കാഴ്ചയാണ് പിന്നീട് നടന്നത്...!
അകത്തു നിന്നും ഓടി വന്ന മദാമ്മ, പോലീസിനു ഫോൺ ചെയ്യാനായി തുനിഞ്ഞു നിൽക്കുന്ന അറബിയുടെ ഫോൺ പിടിച്ച കയ്യിൽ ഒറ്റപ്പിടിത്തം...!
അതോടൊപ്പം ആ തടിയൻ അറബിയെ അവിടന്ന് തള്ളി മറ്റാനായി ശ്രമിച്ചെങ്കിലും നടന്നില്ല.

അവൾ ഫോൺ പിടിച്ച കയ്യിൽ നിന്നും പിടി വിടാതെ, അയാളെ പൊതു വഴിയാണെന്നുള്ള കാര്യം പോലും മറന്ന് ഇറുകെ കെട്ടിപ്പിടിച്ചു....!!!

അവന്റെ വീറും വാശിയും ദ്വേഷ്യവും ഒരു നിമിഷത്തെക്ക് എല്ലാം ആവിയായിപ്പോയി. ശരീരം തളർന്നു പോയ അവനെ റോട്ടിൽ നിന്നും പതുക്കെ മാറ്റിയതോടോപ്പം മദാമ്മ കണ്ണു കൊണ്ട് ആം‌ഗ്യം കാണിച്ചു, വിട്ടോളാൻ....!!!

ആ ഒരു നിമിഷം മതിയായിരുന്നു ഡ്രൈവർക്ക് വണ്ടിയെടുക്കാൻ. ധൃതി പിടിച്ച് വണ്ടിയിൽ കയറിയതുകൊണ്ട് ഞാൻ പിറകിലാണ് കയറിയത്. വണ്ടി അവിടന്നു പറന്നു....

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, സമനില വീണ്ടെടുത്ത അറബി വണ്ടി വിട്ടതറിഞ്ഞ് പിന്നെയും
മദാമ്മയുമായി പിടിവലി നടത്തുന്നുണ്ടായിരുന്നു. വണ്ടി ഒരു വളവു തിരിഞ്ഞതൊടെ
പിന്നെ അവരെ കാണാനായില്ല. അവിടം മുതൽ വല്ലാത്ത ഒരു ഭയം എന്നെ പിടികൂടി.. ...!!?
പോലീസ് സ്റ്റേഷൻ കയറേണ്ടി വരുമെന്നുറപ്പായി...!!

എന്റെ നാട്ടിൽ പോലും ഒരു പോലീസ് സ്റ്റേഷന്റെ അകത്തു കയറേണ്ടി വന്നിട്ടില്ല.
ഇതിപ്പോൾ മനസ്സറിയാത്ത ഒരു കാര്യത്തിന്, ഞാനെന്റെ ജോലി ചെയ്തതിന് ഇവിടെ അകത്തു കിടക്കേണ്ടി വരുമോ...?!!

ലോറി വളരെ വേഗം സ്റ്റോറിന്റെ മുൻപിലെത്തി. സാധനങ്ങൾ പെട്ടെന്നു തന്നെ ഇറക്കി ഒരു കൂസലുമില്ലാതെ പാക്കിസ്ഥാനികൾ സ്ഥലം വിട്ടു. അപ്പോഴേക്കും രാത്രിയായിക്കഴിഞ്ഞിരുന്നു.
സ്റ്റോറിൽ അടുക്കിപ്പെറുക്കിക്കൊണ്ടിരുന്ന ആ ബം‌ഗ്ലാദേശിപ്പയ്യനെ ഞാൻ പറഞ്ഞു
വിട്ടു. അവനായിരുന്നു ഞങ്ങൾ പോയ വീട്ടിലെ കാവൽക്കാരൻ. ഒരു പുറം ജോലിയുണ്ടെന്ന് പറഞ്ഞ് മദാമ്മ അവനെ അവിടന്ന് മാറ്റാനായി ഇവിടെ കൊണ്ടു വന്ന് തള്ളുകയായിരുന്നു.

ഇങ്ങനത്തെ ഒരു ജോലിക്ക് എന്നെ പറഞ്ഞയച്ച ഈജിപ്റ്റ്കാരന്റടുത്ത് ഞാൻ ശരിക്കും ചൂടായി. വിവരങ്ങളെല്ലാം അറിഞ്ഞ അവൻ എന്നെ ആശ്വസിപ്പിച്ചു. പക്ഷെ, അവൻ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. ഞങ്ങളിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ പണം അവൾ ഇതുവരെ തന്നിട്ടില്ല. അതുകൊണ്ട് അതു തിരിച്ചെടുക്കുന്നതിൽ ഒരു തെറ്റുമില്ല. നമ്മളവിടെ പോയി ബലമായി എടുത്തതല്ല. വാങ്ങിച്ച ആളു തന്നെ തിരിച്ചു തന്നതാ. അറബിയുമായിട്ടുള്ള പ്രശ്നം വേറെയാ..

വാസ്തവത്തിൽ അവൾ ആ കെട്ടിടം അല്ല ബംഗ്ലാവ് വാടകക്കെടുത്തിട്ട് ഒരു വർഷത്തിന്റടുത്തായി. ആറുമാസത്തിനുള്ളിൽ സ്ഥാപനം തുടങ്ങും. അതു കഴിഞ്ഞിട്ടെ വാടക തരുകയുള്ളുവെന്നവൾ പറഞ്ഞിരുന്നു. പക്ഷെ, ആറു മാസം കഴിഞ്ഞിട്ടും സ്ഥാപനം തുടങ്ങാനായില്ല. അയാൾ വാടകക്കായി നിർബന്ധിച്ചു തുടങ്ങി. അങ്ങനെ അവസാന അവധിയായിരുന്നു ഇന്ന്. വാടക തരുന്നതിനു മുൻപ് ഇവിടന്ന് ഒരു സാധനവും മാറ്റരുതെന്ന് അയാൾ മുന്നറിയിപ്പു കൊടുത്തിരുന്നു.

ഇന്നു രാത്രി മുതൽ അറബി വേറെ താഴിട്ട് പൂട്ടുമായിരുന്നു. അതു കൊണ്ടാണ് അവൾ ഇന്നു തന്നെ ഞങ്ങളുടെ സാധനങ്ങളെങ്കിലും തിരിച്ചു തരാൻ തയ്യാറായത്. പക്ഷെ അറബി ‘തന്റെ വീട്ടിൽ
നിന്നും സാധനങ്ങൾ കളവു പോയി‘യെന്നു പറഞ്ഞാൽ തീർന്നില്ലെ.
കളവു കളവു തന്നെ.

കാര്യം എനിക്ക് മനസ്സിലായെങ്കിലും കളവു ചെയ്ത സാധനം കണ്ടു പിടിക്കാൻ ഓടിവരുന്ന പോലീസ്സുകാർക്ക് മനസ്സിലാകുമോ.. ..?
എന്റെ ചോദ്യത്തിന് അവൻ ‘ നീ പേടിക്കെണ്ടന്ന് പറഞ്ഞെങ്കിലും’ എന്റെ വിറയൽ മാറണ്ടെ....?
എന്തായാലും കട അന്നു നേരത്തെ പൂട്ടി. അപ്പോൾ എനിക്കു കൂടുതൽ സംശയമായി.
ഈജിപ്ഷ്യനും പോലീസിനെ പേടിക്കുന്നുണ്ടൊ...?

ഞാൻ മുറിയിൽ വന്നിട്ടും എന്റെ വിഷമം മാറുന്നില്ല. കൂട്ടുകാരോടൊക്കെ ഈ വിവരം പറഞ്ഞു.
“ അവരു കൊണ്ടുപോയാ എന്താ ചെയ്യാ...?” ഞാൻ എല്ലാവരോടുമായി ചോദിച്ചു.
“ അവരുകൊണ്ടോയാ കളവാണെങ്കി.. കയ്യാ വെട്ടും....!! കൊലയാണെങ്കി.. തലയാ വെട്ടും...!!! ഇതു അറബി നാടാ.... “ വർഗ്ഗീസ് ചേട്ടൻ നിർദ്ദാക്ഷ്യണ്യം പറഞ്ഞു.
“ എന്റെ ദൈവമേ...!!”  ഞാൻ കൈകൾ രണ്ടും തലയിൽ വച്ച് നിലത്തിരുന്നു പോയി.

അതു കണ്ട് എല്ലാവരും കൂടി കളിയാക്കി ചിരിക്കാൻ തുടങ്ങി. അപ്പോൾ ശേഖരേട്ടനും സമീറും കൂടി എന്നെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.
“ എടാ പൊട്ടാ.. അതൊക്കെ കോടതിയിൽ വിചാരണ കഴിഞ്ഞതിനു ശേഷം നടക്കുന്നതാ... നീയിതിനു പേടിക്കെണ്ട കാര്യോന്നുമില്ല... നിന്നെ ഒന്നും അവരു ചെയ്യൂല്ല..”

എന്നിട്ടും എന്റെ പേടി മാറിയില്ല. അന്നു നല്ല ക്ഷീണം തോന്നി. ഞാൻ കുളി കഴിഞ്ഞ് ഭക്ഷണം നേരത്തെ കഴിച്ച് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം നാലയലത്തു പോലും വന്നില്ല.
പോലീസ്സുകാരു കൊണ്ടു പോയാൽ അവർ എന്നെ എന്താ ചെയ്യാ..? അതായിരുന്നു എന്റെ പേടി..

നമ്മുടെ പോലീസ്സുകാരു കൊണ്ടു പോയാൽ എന്താ ചെയ്യാ... ?
ചിലപ്പോൾ ‘ഉരുട്ടുമായിരിക്കും..’
“അയ്യൊ....!!”
പെട്ടെന്നാണ് അങ്ങനെ ഒരു സാദ്ധ്യത എന്റെ മനസ്സിൽ പൊന്തി വന്നത്. ഉരുട്ടുന്ന ചിത്രം മനസ്സിൽ തെളിഞ്ഞു വരവെ കക്കയം ക്യാമ്പിൽ വച്ച് രാജനെ ഉരുട്ടിക്കൊന്ന ഓർമ്മയാണ് വേഗം ഓടിയെത്തിയത്. അതോടെ ഉള്ള സ്വസ്തത കൂടി നഷ്ടമായി. ഇവിടത്തെ പോലീസ്സുകാർക്ക് ഉരുട്ടലൊക്കെ അറിയുമൊ...?

ഉരുട്ടുന്നതിനെക്കുറിച്ച് വർഗ്ഗീസേട്ടന്റടുത്ത് ചോദിച്ചാലോ...?
ഞാൻ എഴുന്നേറ്റ് വാതിൽ തുറക്കാനായി ചെന്നതും പിന്നെ വേണ്ടന്ന് വച്ചു. അവർക്ക് കളിയാക്കി ചിരിക്കാനുള്ള വഴിയാകും തുറന്നു കിട്ടുക.
വീണ്ടും വന്ന് കിടന്നു. നല്ല ചിന്തകളൊന്നും മനസ്സിൽ വന്നില്ല.
പിന്നെപ്പെഴൊ പാതിമയക്കത്തിലേക്ക് ഞാൻ വഴുതി വീണു........

രണ്ടു മൂന്നു പോലീസ്സുകാർ ഒരു ബഞ്ചിന്റെ മുകളിൽ എന്നെ ബലമായി മലർത്തി കിടത്തി. എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല...! കാരണം വായ അടച്ചു കെട്ടിയിരിക്കയായിരുന്നല്ലൊ...!! എന്റെ കാലുകൾ രണ്ടും കൂട്ടിക്കെട്ടി മുട്ടു വളച്ച് ബെഞ്ചിന്റെ ഒരറ്റത്ത് അടിയിൽ കെട്ടി. കൈകൾ രണ്ടും കൂട്ടിക്കെട്ടി പിന്നിലേക്ക് ബഞ്ചിന്റെ അടിയിൽ വലിച്ചു കെട്ടി. ഞാൻ കുതറുന്നുണ്ടെങ്കിലും ശരീരത്തിനൊരനക്കവും ഇല്ലായിരുന്നു... !
ഇങ്ങനെ വലിഞ്ഞു കെട്ടിയാ പിന്നെങ്ങനെ അനങ്ങാനാ...!!
ഇവർക്കെന്നോട് ചോദിച്ചാൽ പോരെ. ഞാൻ തത്ത പറയുമ്പോലെ എല്ലാ സത്യവും പറഞ്ഞേനേല്ലൊ...!!
പക്ഷെ, ഇവരെന്നെ പിടിച്ചതു തന്നെ ഉരുട്ടാനായിട്ടാണെന്നു തൊന്നുന്നു...!!
അവരെന്നോട് ഒന്നും ചോദിച്ചിട്ടില്ല...

പരിഭ്രാന്തിയിൽ ഞാൻ ഉറക്കെ അലറുന്നുണ്ടായിരുന്നു...
എങ്ങനെ ശബ്ദം പുറത്തു വരാൻ...!!?
എന്റെ വായ കൂടി തുണി കുത്തിക്കയറ്റി അടച്ചു കെട്ടിയിരിക്കാല്ലെ ഈ ദുഷ്ടന്മാർ...!!
അപ്പോഴാ‍ണ് രണ്ടു പേർ ഒരു ഇരുമ്പുലക്കയുമായി വരുന്നത്....!!
ഞാൻ അവരെ കണ്ണു തുറിച്ചു നോക്കി...
‘അരുതെന്ന്... ‘ ഉറക്കെ ഉറക്കെ കരഞ്ഞു പറഞ്ഞു.. ആരു കേൾക്കാൻ... !
വായിൽ നിന്നും ശബ്ദം പുറത്തു വന്നാലല്ലെ...?

അവരെന്റെ രണ്ടു വശത്തും നിന്ന് തണുത്ത ആ ഇരുമ്പുലക്ക എന്റെ തുടയിൽ വട്ടം വച്ചു.
ആ തണുപ്പ് ഞാനറിയുന്നുണ്ടായിരുന്നു....!

ഒരാൾ അതിന്റെ മുകളിൽ കയറി നിന്നതും തണുത്തുറഞ്ഞ ആ ഉലക്ക എന്റെ തുടയിൽ ഉരുളാൻ തുടങ്ങിയതും, എന്റെ പ്രാണൻ പോയ വേദനയിൽ വലിയ വായിൽ നിലവിളിച്ചതും, കാലും കയ്യും
കൂട്ടിക്കെട്ടിയ കയറെല്ലാം ഒരു നിമിഷം കൊണ്ട് പൊട്ടിച്ചെറിഞ്ഞ് ഞാൻ ചാടി
എഴുന്നേറ്റതും ഒപ്പമായിരുന്നു....!!!

കണ്ണു തുറന്നു നോക്കുമ്പോഴുണ്ട്, നിറഞ്ഞ ഗ്ലാസ്സിൽ നിന്നും പാതി തുളുമ്പിപ്പോയ ബീയർ ഗ്ലാസ്സുമായി വർഗ്ഗീസ് ചേട്ടൻ തൊട്ടു മുൻപിൽ നിന്നും കിതക്കുന്നു....!!?

എന്റെ ഉള്ളൊന്നു തണുക്കട്ടേന്നും പറഞ്ഞ് ഒരു ഗ്ലാസ് ബിയറുമായി വന്നതായിരുന്നു മൂപ്പിലാൻ. നിറഞ്ഞ ബിയർ ഗ്ലാസ് പിടിച്ച് തണുത്തുപോയ കൈകൊണ്ട് എന്നെ വിളിച്ചുണർത്താനായി എന്റെ തൊടയിൽ തൊട്ടതും സ്വപ്നത്തിൽ നിന്നുമുള്ള എന്റെ ചാടി എഴുന്നേൽക്കലും ഒരുമിച്ചായിരുന്നു...!!!

കയ്യിലിരുന്ന ബീയർ ഗ്ലാസ്സിൽ പകുതിയും തുളുമ്പിപ്പോയിരുന്നു. ഈ ഒച്ചയും ബഹളവും കേട്ട് സഹ മുറിയന്മാർ എല്ലാം ഓടിക്കുടി. പിന്നെ അവിടെ ഒരു തൃശ്ശൂർ പൂരമായിരുന്നു..!!!

പക്ഷെ, ഞാൻ മാത്രം ചിരിക്കാനും കരയാനും കഴിയാത്ത സ്ഥിതിയിലായിരുന്നു.
എല്ലാവരും ആശ്വാസ വാക്കുകൾ പറഞ്ഞെങ്കിലും എന്റെ പേടി മാത്രം മാറിയില്ല....
എന്തിനാ ഞാനിങ്ങനെ പേടിക്കുന്നതെന്ന് അറിയില്ലായിരുന്നു.
“ എടാ.... നീയെന്തിനാ പേടിക്കുന്നെ.. ? അവൻ പോലീസ്സിനെ വിളിച്ചിട്ടുണ്ടെങ്കിൽ എത്രയോ മുൻപെ വന്നേനെ... നിങ്ങൾ ആ ലോറിയും കൊണ്ട് ഇവിടെ എത്തുന്നതിനു മുൻപെ പോലീസ്സെത്തും... എന്തായാലും അതുണ്ടായില്ലല്ലൊ. അവൻ വിളിച്ചിട്ടുണ്ടാവില്ല. ..”
വർഗ്ഗീസ് ചേട്ടൻ എന്റെ പേടിമാറ്റാനുള്ള ശ്രമമായിരുന്നു. പുള്ളിക്കാരൻ വീണ്ടും തുടർന്നു.
“എടാ അവളെങ്ങനാ.. ആ മദാമ്മ..? സുന്ദരിയാ....?”
“പിന്നേ.. നല്ല പൊക്കത്തിൽ വെളുത്തു ചുവന്ന ഒരു സാധനം...” ഞാൻ.
“അവക്കെങ്ങനെ നല്ല തലയും മുലയുമൊക്കെ ഉള്ള കൂട്ടത്തിലാ..”
“അതൊക്കെ ആവശ്യത്തിലധികോണ്ട്...”
“ അപ്പൊപ്പിന്നെ നീ പേടിക്കണ്ടാ.. .. അതൊക്കെ അവള് നോക്കിക്കോളും.. എടാ.. സുന്ദരിയായ ഒരു മദാമ്മ വട്ടം കേറിപ്പിടിച്ചാൽ വീഴാത്ത ഏതു മുതലാളിയാടാ ഈ ദുനിയാവിലുള്ളെ...”
അത് കേട്ട് എല്ലാവരും ഉറഞ്ഞു ചിരിച്ചു.

പിന്നെ ഉറങ്ങാൻ നിൽക്കാതെ ഹാളിൽ വന്നിരുന്നു മറ്റുള്ളവരോടൊപ്പം.
“ എടാ.. നീയിതാ പിടിപ്പിച്ചെ...”
പാതി തുളുമ്പിപ്പോയ ബീയർഗ്ലാസ് നിറച്ചു കൊണ്ടു വന്ന് വർഗ്ഗീസ് ചേട്ടൻ എന്റെ കയ്യിൽ തന്നു.
ഞാനത് ഒറ്റ വലിക്ക് അകത്താക്കി...
ഉള്ള് പെട്ടെന്നു തണുത്തു...

എല്ലാവരുടേയും ആശ്വാസവാക്കുകൾ കേട്ട് എന്റെ പേടിയും മാറി വരികയായിരുന്നു.
അപ്പോഴാണു പുറത്തെ ഹൈവേയിലേക്ക് തുറക്കുന്ന ജനാലയിൽ ചുവപ്പും മഞ്ഞയും പ്രകാശം മാറി മാറി വരുന്നത് കണ്ടത്...!!
എന്റെ ഉള്ളൊന്നു കാളി...!?
പെട്ടെന്നൊരു വിറയലും തരിപ്പും എന്റെ ഉള്ളങ്കാലിൽ നിന്നും മുകളിലേക്കിരച്ചു കയറി...
“അതു പോലീസ്സ് വണ്ടിയുടെ ലൈറ്റല്ലെ...?”
ഞാൻ പരിഭ്രാന്തിയൊടെ ജനാലയിലേക്ക് വിരൽ ചൂണ്ടി...!!?
എല്ലാവരും അങ്ങോട്ടേക്കു നോക്കി...!?
അതു കഴിഞ്ഞ് എല്ലാവരും എന്നെത്തന്നെ തുറിച്ചു നോക്കി....!!
ഞാൻ അറിയാതെ കസേരയിൽ നിന്നും എഴുന്നേറ്റുപോയ്....!!
ഭീതിപൂണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി....!!!
ഒരാശ്രയത്തിനായി വിറയാർന്ന കൈ കൊണ്ട് വർഗ്ഗീസേട്ടനെ മുറുകെ പിടിച്ച് വിളിച്ചു.
“വ ർ ഗ്ഗീ സേ ട്ടാ...!!?”
ചുണ്ടുകൾ വിറകൊണ്ടതേയുള്ളു. ശബ്ദം പുറത്തേക്ക് വന്നില്ല....
വർഗ്ഗീസേട്ടൻ ഉടൻ ജനലിന്റടുത്തേക്ക് ഓടി ജനൽ വിരി പൊക്കി പുറത്തേക്കു നോക്കി...!!?
ചുവപ്പും മഞ്ഞയും പ്രകാശം വർഗ്ഗീസേട്ടന്റെ മുഖത്ത് വർണ്ണങ്ങൾ വിതറുന്നത് കണ്ടു.
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു......!!!

ബാക്കി അടുത്ത പോസ്റ്റിൽ...

Friday, 4 December 2009

സ്വപ്നഭുമിയിലേക്ക്.....തുടരുന്നു... ( 9 )

 കഥ തുടരുന്നു...

പിന്നാം‌മ്പുറം..



അപ്പോഴാണ് ഉദ്യോഗസ്ഥന്റെ വായിൽ നിന്നും ഉണങ്ങിവരണ്ട ആ വാക്കുകൾ ഉതിർന്നു വീണത്.
“ നിങ്ങൾക്കിനി മുന്നോട്ട് യാത്ര ചെയ്യാനാവില്ല....!! നിങ്ങൾ തിരിച്ചു പോണം..!!!?”
രണ്ടു പേരും ഞെട്ടിയെന്നു മാത്രമല്ല, ശ്വ്വാസം നിലച്ച്, കേട്ടതു വിശ്വസിക്കാൻ കഴിയാതെ കണ്ണുകൾ പുറത്തെക്കു തള്ളി....!!!?

ആ ഞെട്ടലിൽ നിന്നും മോചിതനായത് ഉദ്യോഗസ്തന്റെ സാന്ത്വന ശബ്ദം കേട്ടാണ്...
“നിങ്ങൾ വിഷമിക്കേണ്ടാ... ഇവിടെ നിങ്ങളെ പിടിച്ച് അകത്തിടാനൊന്നും പോകുന്നില്ല..”
ഒരു വിധം സമനില വീണ്ടെടുത്ത് സുനിൽ ചോദിച്ചു
“ ഇവിടെ ഞങ്ങളുടെ പേപ്പറിന് എന്താ പറ്റിയത്...? ഇതു പോലെ ഔട്ട് പാസ്സുമായിട്ടാണല്ലൊ
അവരും വന്നത്...?“
“അതു ശരിയാ... പക്ഷെ, നിങ്ങളുടെ കുഴപ്പം മാത്രമല്ല.. നിങ്ങളെ ഇങ്ങോട്ടു കയറ്റി വിട്ട ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. “
രണ്ടു പേരും പരസ്പരം നോക്കിയതല്ലാതെ ഒന്നും മനസ്സിലായില്ല. ആ ഭാവത്തോടെയാണ്
ഉദ്യോഗസ്ഥന്റെ നേരെ തിരിഞ്ഞത്. അദ്ദേഹം കാര്യങ്ങൾ വിശദമായിത്തന്നെ
അവരെ പറഞ്ഞു മനസ്സിലാക്കി.

“ നിങ്ങൾ ഇന്നലെ രാത്രിയിൽ അവിടന്ന് പോന്നു. അതായത് ഈ ഔട്ട് പാസ്സിന്റെ കാലാവധി തീരുന്നതിന് രണ്ടു മണിക്കൂർ മുൻപു തന്നെ. അവിടം വരെ ശരിയായിരുന്നു. പക്ഷെ, നിങ്ങൾ നേരിട്ട് നിങ്ങളുടെ നാട്ടിലേക്കായിരുന്നു പോയിരുന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു. അതിനു പകരം
നിങ്ങൾ വന്നിറങ്ങിയത് മൂന്നാമതൊരു രാജ്യത്താണ്. ഇവിടെ വന്നിറങ്ങുന്നവരുടെ കൈവശം വ്യക്തമായ രേഖകൾ വേണം. എന്നാലെ മുന്നോട്ടുള്ള യാത്രക്ക് സാധിക്കുകയുള്ളു. ഇപ്പോൾ നിങ്ങളൂടെ ഈ പേപ്പറിന് ഒരു കടലാസ്സിന്റെ വില പോലുമില്ല. കാരണം ഇതിന്റെ കാലാവധി ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് തീർന്നിരിക്കുന്നു...”

ഉദ്യോഗസ്ഥൻ ഒന്നു നിറുത്തി. സുനിലും കൂട്ടുകാരനും വിയർത്തു കുളിച്ചു.
“ഇനി ഞങ്ങൾ എന്തു ചെയ്യും...?” തമിഴൻ ഒരു കണക്കിന് ഉമിനീരൊന്നിറക്കിയിട്ട് ചോദിച്ചു.
“ ഇനി നിങ്ങളെ എവിടെന്നാ കൊണ്ടു വന്നെ അവിടെ തിരിച്ചു കൊണ്ടാക്കേണ്ടത് നിങ്ങളെ കൊണ്ടു വന്ന വിമാനക്കമ്പനിക്കാരുടെ ഉത്തരവാദിത്തമാണ്. അവർ നിങ്ങളുടെ പേപ്പർ ശരിക്കും
നോക്കിക്കാണില്ല. ഇന്ന് രാത്രിയിൽ പോകുന്ന വിമാനത്തിൽ സ്ഥലമുണ്ടെങ്കിൽ നിങ്ങളെ കയറ്റി വിടാം. ഇല്ലെങ്കിൽ ഇനിയും കാത്തിരിക്കേണ്ടിവരും...!!?”

അതും പറഞ്ഞ് ഉദ്യോഗസ്ഥൻ എഴുന്നേറ്റു. സുനിലും കൂട്ടുകാരനും തലയിൽ കൈ വച്ചുപോയി...!! ഉദ്യോഗസ്ഥൻ അവരെ ഒരു മുറിയിലേക്ക് മാറ്റിയിരുത്തി.

“ദൈവമേ... ഇന്നു പോകുന്ന വിമാനത്തിൽ ആളുണ്ടാകരുതേ....!!”
എന്നായിരുന്നു തമിഴന്റെ ഉറക്കെയുള്ള പ്രാർത്ഥന.
“ആളില്ലാത്ത വിമാനത്തിൽ എന്തായാലും നമ്മളെ കൊണ്ടു പോവോ...? “
സുനിലിന്റെ മറുപടി കേട്ട് രണ്ടു പേരും മുഖത്തോടു മുഖം നോക്കി.
‘അല്ല.. ഞാ‍ൻ ഉദ്ദേശിച്ചത് ആള് നിറച്ചുണ്ടാകരുതെന്നാ...”
“ എന്നാ അങ്ങനെ പറ.. “

ഇനി രാത്രി വരെ കാത്തിരിക്കണം. നല്ല വിശപ്പുണ്ട്. അപ്പോഴേക്കും തങ്ങളോടൊപ്പം വന്നവരെല്ലാം സമയമായപ്പോൾ പോകാനായി എഴുന്നേൽക്കുന്നത് കണ്ടു. ചില്ലു മറക്കുള്ളിലൂടെ അവരോട് കൈ വീശി യാത്ര പറഞ്ഞപ്പോൾ കണ്ണൂകൾ നിറഞ്ഞു.
ഒരിത്തിരി ദൂരം കൂടിയേ ഉള്ളു നാട്ടിലേക്ക്.. !
ഒരു കടൽ... ഇല്ല്യ.. ഒരു കടലിടുക്ക് മാത്രം...!!

അവർ ആ കസേരയിൽ തന്നെ മലർന്നു കിടന്നു. വയറ് നന്നായി കത്തിക്കാളുന്നുണ്ടായിരുന്നു.. അപ്പോഴാണ് പോക്കറ്റ് കാലിയാണെന്ന വിവരം ഓർമ്മ വന്നത്. രണ്ടു പേരുടേയും കയ്യിൽ ഏതാനും ഇൻഡ്യൻ രൂപ മാത്രമെ ഉള്ളു. അതെടുത്ത് എന്തെങ്കിലും വാങ്ങമെന്ന് വച്ചാൽ ശ്രീലങ്കയിൽ ഇൻഡ്യൻ രൂപ എടുക്കില്ല. അവർക്ക് അമേരിക്കൻ ഡോളർ മാത്രമെ വേണ്ടു. ആ മുറിയിലെ കൂളറിൽ നിന്നും പച്ചവെള്ളം മാത്രം കുടിച്ച് പകൽ കഴിച്ചു കൂട്ടി. ഇപ്പോഴത്തെ വിഷമത്തേക്കാൾ ഏറെ തീ തീറ്റിച്ചത് ബഹ്റീനിൽ തിരിച്ചെത്തിയാൽ പിന്നെന്തു ചെയ്യുമെന്നായിരുന്നു...?

ഒരെത്തും പിടിയും കിട്ടിയില്ല. അലോചിച്ചിട്ട് തല പെരുക്കുന്നു...!!
എങ്ങെനെ ഒന്നു നാട്ടിലെത്തും..? ഇങ്ങനെയൊന്നു ഇതിനു മുൻപു കേട്ടിട്ടില്ലാത്തതു കൊണ്ട്, ഇതെങ്ങനെയൊന്ന് അവസാനിക്കുമെന്ന് രണ്ടു പേർക്കും ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല. അവിടെയിറങ്ങാൻ വിസയില്ലാത്തതുകൊണ്ട് പുറത്തിറങ്ങാനും കഴിയില്ല. ഇനിയവിടെ ജയിലിനകത്ത് കിടക്കേണ്ടി വരുമോ...?

സുനിലിന് തന്റെ സമനില തെറ്റുന്നതായി തോന്നി. തല അങ്ങോട്ടുമിങ്ങോട്ടും കയ്യിലിട്ടുരുട്ടി.
എഴുന്നേറ്റ് കുറച്ച് നേരം നടന്നു. പിന്നെ കുറച്ച് പച്ചവെള്ളം കുടിച്ചു. എന്നിട്ടും മനസ്സിന്റെ വിങ്ങൽ മാറുന്നില്ല. ഇവിടെ നിന്നും ഇന്നു പോകാൻ കഴിഞ്ഞില്ലെങ്കിൽ...!?

എന്റെ ദൈവമേ... ഇവരെങ്ങാനും പിടിച്ച് അകത്തിട്ടാൽ...!!?
അവർക്കതിനു കാരണവും കണ്ടെത്താനാകും... !
ശരിയായ രേഖയില്ലാതെ വന്നിറങ്ങിയെന്ന് പറയാം..
ഹൊ, തലയും ശരീരവും പൊള്ളുന്നത് പോലെ...!!

ഇരുന്നിട്ട് ഇരുപ്പുറക്കാഞ്ഞിട്ട് കുറച്ച് നടക്കും.. പിന്നെ കുറച്ചു നേരം ഇരിക്കും.. അതിനിടക്ക് കത്തിക്കാളുന്ന വിശപ്പും. പുതിയ യാത്രക്കാർ വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു. അതിനിടക്ക് രണ്ടു മൂന്ന് പോലീസ്സുകാർ വന്ന് അവരുടെ ഔട്ട് പാസ്സുകൾ പരിശോധിച്ചിരുന്നു. എന്തൊക്കെയോ എഴിതിയെടുത്തുകൊണ്ടു പോയി.

അപ്പുറത്ത് വന്നിരിക്കുന്നവരെ ഗ്ലാസ് മറക്കുള്ളിലൂടെ കാണാം. വൈകുന്നേരമായപ്പോഴേക്കും സീറ്റുകളെല്ലാം നിറഞ്ഞു കഴിഞ്ഞു... സീറ്റുകളിൽ നിറഞ്ഞിരിക്കുന്ന യാത്രക്കാരെ കാണുമ്പോൾ രണ്ടു പേരുടേയും മനസ്സു മടുത്തു തുടങ്ങി. തമിഴൻ അതും പറഞ്ഞ് യാത്രക്കാരെ പ്‌രാവാൻ തുടങ്ങി. അതുകേട്ട് സുനിലിന് ചിരി വന്നെങ്കിലും ചിരിക്കാനും കരയാനും വയ്യാത്ത അവസ്ഥയിലായിരുന്നു.

അന്നത്തെ വിമാനത്തിന് ആളു കുറവായിരുന്നതു കൊണ്ട് അവരുടെ പ്രാർത്ഥന ഫലിച്ചുവെന്നു പറയാം. ഒരുദ്യോഗസ്ഥനോടൊപ്പം അവർ വിമാനത്തിനടുത്തേക്ക് പോകുന്നതിനുള്ള ബസ്സിൽ കയറുന്നതിനു മുൻപ് അവർ ബഹ്‌റീനിൽ വച്ചേൽ‌പ്പിച്ചിരുന്ന ലഗ്ഗേജുകൾ കാണിച്ചു കൊടുക്കേണ്ടിയിരുന്നു.

അതിനു ശേഷമാണ് അവരെ ബസ്സിൽ കയറ്റിയത്. വിമാനത്തിൽ അവർ അവസാനത്തെ യാത്രക്കാ‍രായിരുന്നു. പിന്നെ താമസമുണ്ടായില്ല. വിമാനം പുറപ്പെട്ടു.

വിമാനത്തിനകത്ത് കയറിയതിനു ശേഷം തമിഴനെ കണ്ടില്ല. രണ്ടു പേർക്കും രണ്ടിടത്തായിരുന്നു സീറ്റ് കിട്ടിയത്.. ഇങ്ങോട്ടു പോന്നപ്പോൾ ചോദിച്ച് വാങ്ങിക്കുടിച്ച പെഗ്ഗും ബീയറും ഒന്നും അങ്ങോട്ടു പോയപ്പോൾ സുനിലിനു വേണ്ടായിരുന്നു. ഭക്ഷണം കിട്ടിയതും നേരെ ചൊവ്വെ കഴിക്കാനായില്ല.
ഒന്നും ഇറങ്ങുന്നില്ലായിരുന്നു...!

*             **                 **                **                           **                    **                 **

സുനിലിന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാർ ഒരു പ്രവാസി സംഘടനയുമായി ബന്ധപെട്ട് സുനിലിന്റെ കാര്യങ്ങൾ ധരിപ്പിച്ചു. അവർ എത്രയും വേഗം വേണ്ടതു ചെയ്യാമെന്നേറ്റു. അവരുടെ നിർദ്ദേശപ്രകാരം ടിക്കറ്റിനുള്ള കാശ് ഞങ്ങളുണ്ടാക്കേണ്ടിയിരുന്നു. സുനിലിന്റെ കൂട്ടുകാർ സംഘടിപ്പിച്ച കാശിൽ കുറവു വന്നത് ഞങ്ങൾ പിരിവെടുത്ത് പ്രവാസി സംഘടനയെ ഏൽ‌പ്പിച്ചു.

ഇത്തരം കാര്യങ്ങൾക്ക് വ്യക്തികൾ കിടന്ന് നെട്ടോട്ടമോടിയതു കൊണ്ട് ഒന്നും നടക്കുകയില്ല.
അതിനുള്ള സമയവും സൌകര്യവും ഞങ്ങൾക്കാർക്കുമില്ല. പൊതുമാപ്പിന്റെ സമയമായതു കൊണ്ട് കാര്യങ്ങൾ പെട്ടെന്നു തന്നെ നടന്നുകിട്ടി.

പ്രവാസി സംഘടന എംബസ്സിയിൽ നിന്നും ഔട്ട് പാസ്സിന്റെ കാലാവധി നീട്ടി വാങ്ങി.
അതോടൊപ്പം എയർ ഇൻഡ്യയുമായി ബന്ധപ്പെട്ട് അന്നു പോകുന്ന വിമാനത്തിൽ ഒരു എമർജൻസി ടിക്കറ്റും ശരിയാക്കി.

ആ ഒരു പകൽ മാത്രം സുനിലിന് വിമാനത്താവളത്തിൽ ഇരിക്കേണ്ടി വന്നുള്ളു..
അന്നു രാത്രിയിൽ മറ്റെങ്ങും ഇറങ്ങി കേറാ‍ൻ നിൽക്കാതെ നേരിട്ട് കൊച്ചിക്ക് പറന്നു...!!!

സുനിൽ കേറിപ്പോയതിന്റെ പിറ്റെ ദിവസം ഞാൻ കടയിലിരിക്കുമ്പോൾ എന്റെ
ആക്ടിംഗ് മാനേജർ ഈജിപ്ഷ്യനോടൊപ്പം സുന്ദരിയായ ഒരു മദാമ്മയും കയറി വന്നു.
അതിനു മുൻപും അവളിവിടെ വന്നിട്ടുള്ളതാണ്. ഈജിപ്ഷ്യൻ പറഞ്ഞു

“ഇന്നു വൈകുന്നേരം ഇവളോടൊപ്പം പോയി, അന്ന് അവളുടെ സ്ഥാപനത്തിൽ കൊണ്ടു പോയിക്കൊടുത്ത സാധനങ്ങളെല്ലാം അഴിച്ചെടുത്തു കൊണ്ടു പോരണം.. അവളിതുവരെ പണമൊന്നും തന്നിട്ടില്ല. നമ്മളത് തിരിച്ചെടുക്കാണ്. കൂടെ നിന്നെ സഹായിക്കാൻ പുറത്തു നിന്നും ജോലിക്കാരുണ്ടാകും...“ ഞാൻ തലയാട്ടി.

പക്ഷെ, ഈജിപ്ഷ്യനും മദാമ്മയും കൂടി നടത്തിയ ഒരു നാടകമായിരുന്നു അതെന്നു മനസ്സിലാക്കാൻ അപ്പോഴെനിക്കായില്ല...!! ?
അതെനിക്കു സമ്മാനിച്ചതോ ഭീതിതമായ ഉറക്കമില്ലാത്ത ഒരു രാത്രിയും...?!!

ബാക്കി അടുത്ത പോസ്റ്റിൽ....
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
***********************************************************************
പിന്നാമ്പുറം


എന്റെ കഴിഞ്ഞ ഒഴിവു കാ‍ലത്ത്...
ഞാനും കുടുംബവും കൂടി പട്ടണത്തിലെ ഒരു ബസ്റ്റോപ്പിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ,
പിറകിലെ ഒരു കട ചൂണ്ടിക്കൊണ്ടു എന്റെ ‘നല്ലപാതി‘ പറഞ്ഞു
“ ദേ.. ചേട്ടാ.. ആ കട കണ്ടൊ......?”
കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാ‍നും ഒന്നു നോക്കി.
ഒരു ചെറിയ തയ്യൽക്കട....
ഒരു കടയുടെ പകുതിയേ ഉള്ളു. മറുപകുതി ഒരു സ്റ്റേഷനറി കടയാണെന്നു തോന്നുന്നു.

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ‘എന്താ..? ‘ എന്ന ഭാവത്തോടെ
നല്ലപാതിയെ നോക്കി കണ്ണുരുട്ടി.
“ അതു ചേട്ടന്റെ കൂട്ടുകാരന്റെ കടയാ.....”
“ എന്റെ കൂട്ടുകാരനോ..? ഏതു കൂട്ടുകാരൻ...” എനിക്കാളെ പിടികിട്ടിയില്ല.
“അയ്യോ... അതിന്റെ പേര് ഞാൻ മറന്നു പോയല്ലൊ......, അതിന്റെ കല്യാണം വിളിച്ചപ്പൊ ചേട്ടൻ പറഞ്ഞില്ലെ പോണം.... പോകാതിരിക്കരുതെന്ന്... “

അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.
“ങേ... നമ്മുടെ സുനിലാണൊ....?”
“ അതു തന്നെ... സുനിൽ...! ആ സുനിലിന്റെ കടയാ.. ഇത്...!!“
“ങേ... “ ഞാനും വാ പൊളിച്ച് നിന്നു പോയി..!!!

പിന്നെ ആ കടയിലേക്ക് കേറിച്ചെന്നു. ഒരു ചെറിയ കട. രണ്ടു പേർ മുൻ‌വശത്തും മറ്റു രണ്ടു പേർ പിന്നിലും ഇരുന്നു തയ്ക്കുന്നുണ്ട്. ഇതിനിടക്കുള്ള സ്ഥലത്ത് ഒരു വലിയ മേശ. അതിൽ പുറം തിരിഞ്ഞ് നിന്ന് തുണി വെട്ടിക്കൊണ്ടിരുന്ന ഒരുത്തൻ. പുറം തിരിഞ്ഞ് നിൽക്കുന്ന ആളെ കണ്ടപ്പോൾ
എനിക്കു തോന്നി ‘ഇവൻ തന്നെയല്ലെ ലവൻ.‘

ഞാൻ പതുക്കെ ചെന്ന് തോളിൽ തോണ്ടി. അവൻ അതു ഗൌനിക്കാതെ വീണ്ടും തന്റെ പണിയിൽ ശ്രദ്ധാലുവായി. ഞാൻ പിന്നെയും തോണ്ടി ഇത്തിരി ബലമായിത്തന്നെ.
അപ്പോഴാണവൻ തല വെട്ടിച്ച് നോക്കിയത്..... ! ?
അവൻ ഞങ്ങളെ മാറി മാറി നോക്കി.....!!
പിന്നെ എന്റെ നല്ലപാതിയെ കണ്ടപ്പോഴാണ് “ങേ...?”
ഒരു സംശയം അവന്റെ കണ്ണുകളിൽ നിഴലിച്ചത്.
അതിനു ശേഷമാണവൻ എന്നെ ശ്രദ്ധിച്ചത്....!
എന്നെ ആകെപ്പാടെ അടി മുതൽ മുടി വരെ അവൻ ചുഴിഞ്ഞു നോക്കി.....!
അപ്രതീക്ഷിതമായി എന്നെ കണ്ടതിലുള്ള അമ്പരപ്പ് ആ കണ്ണുകളിൽ കാണാമായിരുന്നു...!!
വിടർന്ന ചുണ്ടുകളിൽ ഒരു ചിരി......!!
പിന്നെ ഒരു വിളി... “ ചേട്ടാ.....!!”
പിന്നെ ഒരു കെട്ടിപ്പിടിത്തം..!!!

സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു....
വർഷങ്ങൾക്കു ശേഷം ഞങ്ങൾ തമ്മിൽ കാണുകയാണ്. പോയ വർഷങ്ങൾ ഞങ്ങളിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിരുന്നു. ഒരു പക്ഷെ പെട്ടെന്നു കണ്ടാൽ തിരിച്ചറിയാത്തവണ്ണം...!!

അവൻ വിവാഹം കഴിച്ചു. രണ്ടു കുട്ടികൾ. ഒരാണും ഒരു പണ്ണും. സ്വന്തമായി ഒരു കട തുടങ്ങി.
നാല് പേരിരുന്നു തയ്ക്കുന്നു. അവൻ വെട്ടിക്കൊടുക്കും. സ്കൂൾ യൂണിഫോമായിരുന്നു അപ്പോൾ തയ്ച്ചു കൊണ്ടിരുന്നത്. പണി തീരാത്തതു കൊണ്ട് ബാക്കി പണികൾ പല വീടുകളിലായി തയ്യലറിയാവുന്ന പെണ്ണുങ്ങളെ ഏൽ‌പ്പിച്ചിരിക്കുന്നു. ജീവിതം അല്ലലില്ലാതെ മുന്നോട്ടു നീങ്ങുന്നു. സന്തോഷത്തോടെ കഴിയുന്നു....!!

ഞാൻ ചോദിച്ചു.
“ ഇപ്പോൾ പഴയ മാതിരിയല്ല. ഗൾഫ് ആകെ മാറിയിരിക്കുന്നു....പോരുന്നോ ഒരു പ്രാവശ്യം കൂടി ഗൾഫിലേക്ക്...!!?
സുനിൽ രണ്ടും കയ്യും തലക്കു മുകളിൽ പൊക്കി തൊഴുതു കൊണ്ടു പറഞ്ഞു.
“ ചതിക്കല്ലെ ചേട്ടാ..... ! ഞാൻ സന്തോഷമായിട്ട് കഴിയാണിപ്പോൾ...!! എന്റെ കുടുംബത്തോടൊപ്പം ഞാൻ അല്ലലില്ലാതെ കഴിയാണ്.!!! എന്റെ കുഞ്ഞുങ്ങളുടെ കയ്യാണൊ കാലാണൊ വളരുന്നതെന്നു നോക്കി അവരോടൊപ്പം കഴിയുന്നേടത്തോളം സുഖവും സന്തോഷവും എനിക്ക് വേറെയില്ല.....!!!! ഇനി എത്ര തന്നെ നിധി തരാമെന്നു പറഞ്ഞാലും ഞാൻ ഗൾഫിലേക്കില്ല....!!!!!!“

“നീയെങ്കിലും ആ സത്യം മനസ്സിലാക്കിയല്ലൊ...നീ രക്ഷപ്പെട്ടു...” ഞാൻ മനസ്സിലോർത്തു. അപ്പോഴേക്കും ഞങ്ങൾക്ക് പോകാനുള്ള ബസ്സെത്തി. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.......