Friday 18 September 2015

കഥ. തിരക്ക്.

[ജ്വാല ഓൺലൈൻ  മാഗസിനിൽ പ്രസിദ്ധീകരിച്ചത്.]

കഥ.

തിരക്ക്...

കല്യാണിയേട്ടത്തിക്ക് എന്നും തിരക്കാണ്.  
“എവിടേയ്ക്കാ ഇത്ര തിരക്കിട്ട്... നിൽക്കൂ ചായ കുടിച്ചിട്ട് പോകാം...” 
“ഓ.. ഇപ്പോ അതിനൊന്നും നേരമില്ല മക്കളെ... ഞാൻ പിന്നെ വരാം...” 
ഗേറ്റ് തുറന്ന് പുറത്തു കടന്ന്  കല്യാണിയേട്ടത്തി തിരക്കിട്ട് നടന്നു. 

എന്നും അങ്ങനെയാണ്. 
ഞാൻ കാണാൻ തുടങ്ങിയ കാലം മുതൽ കല്യാണിയേട്ടത്തി തിരക്കിലാണ്. ഭർത്താവ് പറക്കമുറ്റാത്ത രണ്ടു പെൺ‌കുഞ്ഞുങ്ങളേയും തന്നെയും തനിച്ചാക്കി പടിയിറങ്ങിപ്പോയതു മുതലാണ് നെട്ടോട്ടമാരംഭിച്ചത്. ഉണ്ടായിരുന്ന പത്തു സെന്റ് പുരയിടം കൈവിട്ടു പോകാതിരിക്കാനും കുഞ്ഞുങ്ങളുടെ സംരക്ഷണവും  മുന്നിൽ മലപോലെ വളർന്നു നിൽക്കുമ്പോൾ ഏതൊരമ്മക്കും ഓടാതിരിക്കാനാവില്ലല്ലൊ. 

ചെറിയ ചെറിയ വീട്ടുപണിയിൽ നിന്നുമാണ് തുടക്കം. കൂടെ കുഞ്ഞുങ്ങളേയും കൂട്ടും. അവരെ മുറ്റത്തോ തൊഴുത്തിലോ  മറ്റോ കളിക്കാൻ വിട്ട് അടുക്കളയിലേക്ക് കയറും. അതുകഴിഞ്ഞ് അടുത്ത വീട്ടിലെ മുറ്റമടി തുടങ്ങും. വൈകുന്നേരമാകുമ്പോഴേക്കും അവശയായി കഴിഞ്ഞിരിക്കും. കുഞ്ഞുങ്ങളുടെ ഭക്ഷണക്കാര്യങ്ങളൊക്കെ നന്നായി നടന്നു പോകുമായിരുന്നു. അതിനപ്പുറം സമ്പാദ്യങ്ങളൊന്നും ശേഖരിക്കാനായില്ല. 

കുട്ടികളെ സ്കൂളിൽ ചേർക്കാൻ അടുത്ത വീട്ടിലെ വാരസ്യാർ നിർബ്ബന്ധിച്ചപ്പോഴാണ് ബോധോദയം ഉണ്ടായത്. മൂത്തവളെ സ്കൂളിലാക്കി. രണ്ടാമത്തവളെ കുറുപ്പാശാന്റെ വീട്ടിലിരുത്തി. 
വീടു പണി നിറുത്തി  ഉച്ചവരെ പുറം‌പണിക്ക് പോയിത്തുടങ്ങി. തേങ്ങ പെറുക്കിയിടാനും മറ്റുമായിരുന്നു കുമാരക്കണക്കന്റെ കൂടെ കൂടിയത്. കുമാരക്കണക്കന്റെ തട്ടാനും മുട്ടാനുമുള്ള സ്വഭാവം തിരിച്ചറിഞ്ഞപ്പോൾ അവിടെ നിറുത്തേണ്ടി വന്നു. 

പിന്നേയും പല പണികളും ചെയ്തെങ്കിലും സ്ഥിരത ഒന്നിലും കൈവന്നില്ല. തന്റെ ചെറുപ്പമാണ് എവിടേയും തടസ്സമായത്. ഇതെല്ലാം കൌസല്യവാരസ്യാരോട് പറഞ്ഞ് സങ്കടപ്പെടും. കൌസല്യവാരസ്യാർ പറഞ്ഞിട്ടാണ് പലവ്യഞ്ജനക്കടയുള്ള തന്റെ ഭർത്താവിന്റെ കടയിലെ തൂപ്പുകാരിയാക്കി മാറ്റിയത്. 

പിന്നെ കുറേക്കാലം അവിടെത്തന്നെ ആയിരുന്നു. മക്കൾ വളർന്ന് വരുന്തോറും ചിലവുകൾ താങ്ങാനാകാതെ വന്നപ്പോഴാണ്, അടഞ്ഞു കിടക്കുന്ന തൊട്ടടുത്ത കടയൊരെണ്ണം തരപ്പെടുത്തിയത്. കൌസല്യ വാരസ്യാരായിരുന്നു അതിനും മുന്നിൽ നിന്നത്. ഭർത്താവിനോടു പറഞ്ഞ് വേണ്ട സഹായങ്ങളൊക്കെ ചെയ്യിപ്പിച്ചു. 

അങ്ങനെയാണ് ആ കുഞ്ഞു ചായക്കടയുടെ ആരംഭം. 
വേറെ ജോലിക്കാർ ആരുമില്ല. പഠിക്കാൻ മണ്ടിയായ മൂത്ത മകൾ ഏഴാം ക്ലാസ്  കഴിഞ്ഞിരുന്നു അപ്പോഴേക്കും. അതിനെപ്പിടിച്ച് അടുക്കളയിൽ നിറുത്തി. കല്യാണിയേട്ടത്തി കടയിൽ ചായ അടിക്കാനും കൊടുക്കാനും നിന്നു. ഒരുവിധം രക്ഷപ്പെട്ടു വരുമ്പോഴാണ് പുറപ്പെട്ടു പോയ ഭർത്താവിന്റെ വരവ്. ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല. വളർന്നു വരുന്ന രണ്ടു  പെണ്മക്കളുടെ ആധി മുഴുവൻ ഒറ്റക്കു ചുമക്കേണ്ടല്ലൊ. ഒരു ആൺ‌തുണ എന്തു കൊണ്ടും നല്ലതാണ്. അതുകൊണ്ടാണ് സന്തോഷത്തോടെ വീട്ടിൽ വിളിച്ചു കയറ്റിയത്. കള്ളുകുടിയും ചീട്ടുകളിയും മറ്റുമായി ചുറ്റിനടന്ന ഭർത്താവിന്റെ സ്വഭാവം  ഇവിടേയും ആവർത്തിച്ചപ്പോൾ സമ്മതിച്ചു കൊടുത്തില്ല. വളർന്നു വരുന്ന പെണ്മക്കളുടെ ഭാവിയായിരുന്നു മുഖ്യം. വീട്ടിലെ വഴക്കു കടയിലേക്കും വ്യാപിച്ചപ്പോൾ നാട്ടുകാരിടപെട്ടു. ശരീരം കേടാവുമെന്നു കണ്ട അവൻ നാട്ടിൽ നിന്നും വീണ്ടും മുങ്ങി.  

കടയിൽ സ്ഥിരമായി വന്നിരുന്ന ചന്ദ്രശേഖരനുമായി മൂത്ത മകൾ വത്സല അടുപ്പത്തിലാണെന്ന തിരിച്ചറിവ്  കല്യാണിയേട്ടത്തിയുടെ ഉറക്കം കെടുത്തി. പകലും രാത്രിയും മകളുടെ പിറകേ ഒരു കണ്ണ് എപ്പോഴും കാവൽ നിന്നു.  വിവരമറിഞ്ഞ വാരസ്യാർ അവനെക്കുറിച്ച് തിരക്കാനാളെ വിട്ടു. ആ നാട്ടുകാരനായിരുന്നില്ല അയാൾ. അതായിരുന്നു  കല്യാണിയേട്ടത്തിയുടെ പേടിയും. പക്ഷേ, അയാൾ കുഴപ്പക്കാരനൊന്നുമായിരുന്നില്ല. അയാളുടെ വീട്ടിൽ നിന്നും പെണ്ണ് ചോദിച്ച് ആളെത്തിയപ്പോഴാണ് കല്യാണിയേട്ടത്തിക്കും ആശ്വാസമായത്.  ഉണ്ടായിരുന്ന പത്തു സെന്റ് ഭൂമിയും ആ പഴയ വീടും അവർക്കായി കൊടുത്ത് കല്യാണം നടത്തി. 

കുറേക്കാലം ആ വീട്ടിൽത്തന്നെയാണ് എല്ലാവരും താമസിച്ചതെങ്കിലും  സ്വന്തം മോളുടെ പെരുമാറ്റം മോശമായതോടെ  അവിടെ നിന്നും ചായക്കടയുടെ അടുക്കളയിലേക്ക് കല്യാണിയേട്ടത്തിയും ഇളയ മകൾ ബീനയും കൂടി താമസം മാറ്റി.  

ഇളയ മകൾ പഠിക്കാൻ മിടുക്കിയായിരുന്നതു കൊണ്ട് കോളേജിൽ ചേർന്നിരുന്നു. ചായക്കടയിൽ നിന്നുമാണ്  കോളേജിൽ പോയി പഠിച്ചതെങ്കിലും, ബീകോം പാസ്സായ ശേഷമാണ് ചായക്കടയിലെ താമസം തന്റെ സ്റ്റാറ്റസ്സിനു ചേർന്നതല്ലെന്നു മനസ്സിലായത്. 

ഒരു വീടും പറമ്പും സ്വന്തമാക്കാൻ അവൾ അമ്മയെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ കല്യാണിയേട്ടത്തി  അറിയാതെ മൂത്ത മകൾ വത്സലയും കെട്ട്യോനും കൂടി അവർക്കു കിട്ടിയ ഭൂമി തേങ്ങാക്കാരൻ വേലായുധൻ കുട്ടിക്ക്  കച്ചോടമാക്കി. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ പഴയ വീടോടെ ഒരഞ്ചു സെന്റ് അതിൽ നിന്നും  വാങ്ങാമായിരുന്നുവെന്ന് കല്യാണിയേട്ടത്തി മനസ്സിൽ വിചാരിച്ചെങ്കിലും, അതിനു മുൻപേ എല്ലാം കഴിഞ്ഞിരുന്നു. 
വത്സല ഭർത്താവ് ചന്ദ്രന്റെ നാട്ടിലേക്ക് മാറിത്താമസിച്ചു. 

കവലയിലെ തോമസ്സ് വൈദ്യന്റെ പിന്നാമ്പുറത്ത് റോഡ് സൈഡിൽ അഞ്ചു സെന്റ് സ്ഥലം അതുവരെയുണ്ടായിരുന്ന  സമ്പാദ്യം മുഴുവൻ കൊടുത്ത് കല്യാണിയേട്ടത്തി വാങ്ങി. തൽക്കാലം ഒരു കൂരകെട്ടി താമസിക്കാമെന്നു പറഞ്ഞെങ്കിലും  പട്ടണപ്പരിഷ്ക്കാരിയായി വളർന്ന ബീക്കോംകാരി ബീനക്ക് ബോധിച്ചില്ല. ബാങ്കിൽ നിന്നും വായ്പ്പയെടുത്ത്  ചെറുതെങ്കിലും വീടൊരെണ്ണം തരപ്പെടുത്തി. അതിനും  വായ്പ്പയെടുക്കാൻ ജാമ്യം നിന്നത് വാരസ്യാരുടെ  ഭർത്താവായിരുന്നു. അടച്ചുറപ്പുള്ള പുതിയ വീട്ടിൽ താമസമാരംഭിച്ചെങ്കിലും കല്യാണിയേട്ടത്തിയുടെ ആധി കൂടിയതല്ലാതെ കുറഞ്ഞില്ല. 

ഈ ജീവിതം മുഴുവൻ ആധിയോടെ ജീവിക്കാനായിരിക്കുമോ തന്റെ വിധി...!

ഇനി ഇവൾക്കു ചേർന്നൊരുത്തനെ കണ്ടു പിടിക്കണമെന്ന ചിന്തയാണ് കല്യാണിയേട്ടത്തിയുടെ ഉറക്കം കെടുത്തിയത്. ഇപ്പോൾ ചായക്കടയിൽ സഹായിക്കാനൊക്കെ പോകാൻ ബീക്കോംകാരിക്ക് കുറച്ചിലാണ്. അവൾ വരാറുമില്ല.  കല്യാണിയേട്ടത്തി വിളിക്കാറുമില്ല. എങ്കിലും വീട്ടിലവളെ തനിച്ചാക്കിപ്പോരാൻ മനസ്സുമില്ല. കട തുറന്നില്ലെങ്കിൽ  ബാങ്കിലെ കടവും തങ്ങളുടെ ചിലവിനും മറ്റൊരു വഴിയുമില്ല. അത്യന്തം വേവലാതിയോടെയാണ് എന്നും  കല്യാണിയേട്ടത്തി കടയിലേക്ക് വരാറ്. 

നാൾക്കുനാൾ ചെല്ലുന്തോറും കല്യാണിയേട്ടത്തിയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. തലമുടിയിൽ വെള്ളിക്കീറുകൾ  പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും കാര്യമാക്കിയിരുന്നില്ല. സുന്ദരിയായ മകൾ ബീനയെ കാണുമ്പോൾ  ഉള്ളു കത്താൻ തുടങ്ങും. അടങ്ങിയൊതുങ്ങി, മറ്റുള്ളവരെക്കൊണ്ട് ഒന്നും പറയിപ്പിക്കാതെ ജീവിക്കണമെന്ന് എന്നും  ഉപദേശിക്കും. കേട്ടുകേട്ട് തഴമ്പിച്ചതായതുകൊണ്ട് ഒരു ഇരുത്തി മൂളലിൽ ബീന അതവഗണിക്കും. എങ്കിലും അവൾ അമ്മയെ ചതിക്കാനൊന്നും മുതിർന്നില്ല.  

മൂന്നാൻ കൊണ്ടു വന്ന ഒരാലോചന കല്യാണിയേട്ടത്തിക്ക് വളരെ ഇഷ്ടമായി. വാരസ്യാരുടെ നിർദ്ദേശപ്രകാരം  അതുമായി മുന്നോട്ടു പോയി. സ്ത്രീധനമായി കൊടുക്കാൻ ഒന്നുമില്ലായിരുന്നു. താമസിക്കുന്ന വീടും സ്ഥലവും അവർക്കായി നൽകി. വീടിന്റെ കടം തീർത്തു കൊടുത്തുകൊള്ളാമെന്ന കരാറിലായിരുന്നു കൊടുത്തത്.  ചായക്കട  ഒരാൾക്ക് ഒഴിഞ്ഞുകൊടുത്ത് കിട്ടിയ കാശുകൊണ്ട് കല്യാണവും നടത്തി. 

അവൾക്ക് ഒരു കുട്ടിയാകുന്നതുവരെ അവിടെത്തന്നെയായിരുന്നു എല്ലാവരും. നാളുകൾ കഴിഞ്ഞപ്പോൾ മകൾ  പെരുമാറ്റത്തിൽ പൊരുത്തക്കേടുകൾ കാട്ടിത്തുടങ്ങി. മൂത്തവളെപ്പോലെ വീടും പൂട്ടി മകളും കുടുംബവും അയാളുടെ വീട്ടിലേക്ക് പോയതോടെയാണ് താൻ നിരാലംബയായതെന്ന് കല്യാണിയേട്ടത്തി തിരിച്ചറിഞ്ഞത്. വീടിന്റെ  ഇറയത്തു  നിന്ന് കണ്ണീരു വാർക്കാനെ കഴിഞ്ഞുള്ളു. 

പിന്നെ വാരസ്യാരുടെ വീട്ടിൽ പണിക്കായി കൂടിയെങ്കിലും കടങ്ങളിനിയും ബാക്കിയാണല്ലൊയെന്ന തിരിച്ചറിവിൽ  പുറത്തിറങ്ങി. പണ്ട് സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നപ്പോഴുള്ള സൌഹൃദമാണ് വാരസ്യാർ ഇന്നും വിടാതെ കല്യാണിയേട്ടത്തിക്ക് താങ്ങും തണലുമായി നിലകൊണ്ടത്. തന്റെ  കടത്തിനു ജാമ്യം നിന്ന കൌസല്യവാരസ്യാരുടെ കുടുംബത്തെ ചതിക്കാൻ പറ്റില്ല.    

കല്യാണിയേട്ടത്തി പലപ്പോഴായി പറഞ്ഞു കേട്ട കഥകൾ ഞാൻ ഓർത്തു നോക്കി. 
പതിനേഴാം വയസ്സിൽ അഛനായിട്ടു കൊണ്ടു വന്ന ആലോചനയായിരുന്നു. തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഒരു വിലയുമില്ലായിരുന്നു. അഛൻ ചന്തയിൽ വച്ച് ചെക്കനെ കണ്ടിഷ്ടപ്പെട്ടു. താൻ കാണുന്നത് കല്യാണത്തിനു താലി കെട്ടാൻ കഴുത്തു നീട്ടി കൊടുക്കുമ്പോഴാണ്. 

നാലേനാലു വർഷം മാത്രം ജീവിച്ചു. 
രണ്ടു കുട്ടികളേയും തന്നു. 
താലിമാല അഴിച്ചെടുക്കാൻ പറ്റാത്തതിന്റെ വാശിയിൽ നാടു വിട്ടതായിരുന്നു അയാൾ. അയാൾക്ക് വേറേയും കുടുംബമുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞിരുന്നു. താനായിട്ട് അന്വേഷിക്കാനൊന്നും പോയിട്ടില്ല. പിന്നെ പറക്കമുറ്റാത്ത രണ്ടു പെണ്മക്കൾക്ക് വേണ്ടിയായി ജീവിതം. 

മൂത്തവൾ കിട്ടിയതും കൈക്കലാക്കി സ്വന്തം കാര്യം നോക്കി പോയി. അവൾക്കും രണ്ടു മക്കളായി. ഇളയവളും മൂത്തവളുടെ അതേ സ്വഭാവം തന്നെ കണിച്ചു. എങ്കിലും താൻ ഏറ്റെടുത്ത വീടിന്റെ കടം തീർത്തു കൊടുത്ത്, വാരസ്യാരെ കടത്തിന്റെ ജാമ്യത്തിൽ നിന്നും മോചിതയാക്കണം.  

അതിനുശേഷമുള്ള തന്റെ ജീവിതം എങ്ങനെ ആയാലെന്ത്...?  
കല്യാണിയേട്ടത്തി അതു പറയുമ്പോൾ ആ കണ്ണുകൾ നനഞ്ഞിരുന്നു. നാളത്തെ ശൂന്യത  ആ കണ്ണുകളിൽ തെളിയുന്നുണ്ട്. 
ഇതിനാണോ ജീവിതമെന്നു പറയുക...? 

രണ്ടു മൂന്നു വീട്ടിലെ മുറ്റമടിയും കുട്ടികളെ സ്കൂളിൽ കൊണ്ടാക്കലും കൊണ്ടു വരലും മറ്റുമായി പിടിപ്പതു പണിയാണ്. അതുകൊണ്ട് നിന്നു തിരിയാൻ സമയമില്ല. ഈ എഴുപതാം വയസ്സിലും കല്യാണിയേടത്തി ഓടുകയാണ്, ഒരു സഞ്ചിയും തൂക്കി. എവിടെയെങ്കിലും വീഴുന്നതിനു മുൻപേ എല്ലാം ഒരു കരയ്ക്കടുപ്പിക്കണം...! 

കല്യാണിയേട്ടത്തിക്ക് എന്നും തിരക്കാണ്.  
“എവിടേയ്ക്കാ ഇത്ര തിരക്കിട്ട്... നിൽക്കൂ ചായ കുടിച്ചിട്ട് പോകാം...” 
“ഓ.. ഇപ്പോ അതിനൊന്നും നേരമില്ല മക്കളെ... ഞാൻ പിന്നെ വരാം...” 
ഗേറ്റ് തുറന്ന് പുറത്തു കടന്ന്  കല്യാണിയേട്ടത്തി തിരക്കിട്ട് നടന്നു. 
ഒരു നെടുവീർപ്പോടെ ഞാനോർത്തത്, ഒരു ജീവിതകാലം മുഴുവൻ ആധിയോടെ അലയാനായി മാത്രം ഒരു ജന്മമോ....!!

                  **********************************